എഡിഎം നവീൻ ബാബു : സിപിഐ(എം) പ്രതിനിധാനംചെയ്യുന്ന അധികാരഗർവ്വിന്റെയും ജനാധിപത്യവിരുദ്ധതയുടെയും ഇര

thenewsminute_2024-10-16_jtcqi22g_Naveen-Babu-1.avif
Share

പി.പി.ദിവ്യ ഒറ്റപ്പെട്ട വ്യക്തിയോ പ്രതിഭാസമോ അല്ല. ഇടതു മേലങ്കി മാത്രമുള്ള, ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയശരീരത്തിന്റെ സ്വാഭാവിക സൃഷ്ടിയാണ്. മഹനീയമായ മാർക്സിസ്റ്റ് നൈതികതയെ മുറുകെപ്പിടിച്ചുള്ള ബഹുജന മുന്നേറ്റം വളർത്തിയെടുത്തുകൊണ്ടേ ഈ ജീർണ്ണതയെ നമുക്ക് മറികടക്കാനാകൂ.

ക്രൗര്യം നിറഞ്ഞ മനസ്സോടെ, അനവസരത്തിൽ അനുചിതമായി വ്യക്തിഹത്യ നടത്തിയ കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയുടെ പരാമർശത്തിൽ മുറിവേറ്റാണ് കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു ജീവനൊടുക്കിയത്. ഇക്കാലമത്രയും താൻ കാത്തുസൂക്ഷിച്ച ആത്മാഭിമാനം ചവിട്ടിയരക്കപ്പെട്ട മനോവേദനയിലാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ഈ ദുരന്തം കേരളത്തെ ആകെ ഉലച്ചുകളഞ്ഞിരിക്കുന്നു.അദ്ദേഹത്തിന്റെ വിയോഗത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന കുടുംബാംഗങ്ങളുടെയും ബന്ധുജനങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖം ഈ നാടിന്റെയാകെ ദുഃഖമാണ്.
കേരളമൊന്നാകെ ഉരുണ്ടുകൂടിയ പ്രതിഷേധത്തെയും പ്രത്യേകിച്ച്, പത്തനംതിട്ടയിലെ പാർട്ടി പ്രവർത്തകരുടെ വികാരത്തെയും വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളെയും കണക്കിലെടുത്താണ് പി.പി.ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നീക്കിയത്. സംഭവം നടന്ന് രണ്ടുദിവസത്തിനു ശേഷം ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കുകയും ചെയ്തു. പ്രത്യക്ഷത്തിൽ നവീൻ ബാബുവിനൊപ്പമെന്നു ഭാവിക്കുന്നെങ്കിലും പിന്നണിയിൽ ദിവ്യക്ക് സംരക്ഷണമൊരുക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഐ(എം). ജീവനക്കാരുടെ ഒരു സ്വകാര്യ യാത്രയയപ്പുയോഗത്തിൽ ക്ഷണമില്ലാതെ, വീഡിയോഗ്രാഫറെ കൂട്ടി ഇടിച്ചുകയറിച്ചെന്ന്, യാതൊരു തെളിവുമില്ലാതെ എഡിഎമ്മിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് വൈരാഗ്യം തീർത്ത ദിവ്യയുടെ പ്രസംഗം, സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ അഭിപ്രായത്തിൽ ‘സദുദ്ദേശ്യപരമായ ആപ്തവാക്യങ്ങളാ’ണ്. അങ്ങനെയെങ്കിൽ ആ ആദർശവാക്യങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്നു പറയുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. ദിവ്യയെ അവിശ്വസിക്കേണ്ടതില്ല എന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായം. 98,500 രൂപ കൈക്കൂലി കൊടുത്തിട്ടാണ് പെട്രോൾ പമ്പിനുള്ള നിരാക്ഷേപപത്രം എഡിഎം തന്നതെന്ന്, സംരംഭകനെന്നു പറയപ്പെടുന്ന ആളെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യുന്നു! അപ്പോൾ ഈ നാട്ടിൽ അഴിമതി ഉണ്ടോ അതോ ഇല്ലയോ? നാട്ടുകാരും അരിയാഹാരം തന്നെയാണു കഴിക്കുന്നത് എന്ന് ഓർമ്മിക്കണ്ടേ?
എഡിഎമ്മിന്റെ മരണത്തെ തുടർന്നുള്ള കേസന്വേഷണങ്ങൾ അടിമുടി ദുരൂഹതകൾ നിറഞ്ഞതായി മാറി. ബന്ധുക്കൾ എത്തുന്നതിനു മുൻപ് നടത്തിയ പോസ്റ്റുമോർട്ടവും സംശയത്തിന്റെ നിലയിലാണ്. ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം ആവുന്നതു വരെ അറസ്റ്റ് ചെയ്യാതെ പോലീസും പാർട്ടിയും ചേർന്ന് നടത്തുന്ന ഒത്തുകളി ഏറ്റവും അപഹാസ്യമായ ഒരു പ്രഹസനമായി ജനങ്ങളുടെ മുന്നിലുണ്ട്. പോലീസ് നടത്തുന്ന പ്രാഥമികമായ അന്വേഷണങ്ങളാകെ തെളിവ് നശിപ്പിക്കുവാൻ വേണ്ടി നടത്തുന്നവയാണ് എന്ന് ആക്ഷേപമുണ്ട്. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണമുയർത്തി പരാതിപ്പെട്ടു എന്നവകാശപ്പെടുന്ന പ്രശാന്തൻ എന്ന വ്യക്തി പരിയാരം മെഡിക്കൽ കോളേജിൽ ഇലക്ട്രീഷ്യനായി ജോലിചെയ്യുന്ന ആളാണ്. നിവൃത്തിയില്ലാതെയാണ് ഇയാളെ ഒടുവിൽ സസ്പെൻഡ് ചെയ്യുന്നത്.
സർക്കാരിൽനിന്നു ശമ്പളം വാങ്ങുന്ന ഒരു ജീവനക്കാരൻ ഒരു ബിസിനസ് സംരംഭം തുടങ്ങുന്നത് ഏതു ചട്ടപ്രകാരം? അതിനയാളുടെ വരുമാനത്തിന്റെ ഉറവിടമെന്ത്? തുടങ്ങിയ അനേകം ചോദ്യങ്ങൾക്കുത്തരം ഇതുവരെ ലഭിച്ചിട്ടില്ല. കൈക്കൂലി പ്രതീക്ഷിച്ച് അയാളുടെ അപേക്ഷ, എഡിഎം പരിഗണിക്കാതെ നീട്ടിക്കൊണ്ടു പോയി എന്നാണു പരാതിയെങ്കിൽ വിജിലൻസിൽ പരാതി നൽകാൻ എന്തുകൊണ്ട് ദിവ്യ പറഞ്ഞില്ല എന്നതും വിശദീകരിക്കപ്പെട്ടിട്ടില്ല. ദുരന്തത്തിനു ശേഷം മുഖ്യമന്ത്രിയ്ക്കു പരാതി അയച്ചുവെന്നു പരാതിക്കാരൻ പറയുന്നുണ്ടെങ്കിലും അതു സ്വീകരിച്ചതായി അറിയിക്കുന്ന ഡോക്കറ്റ് നമ്പർ കിട്ടിയിട്ടില്ല; മറ്റു തെളിവുകളുമില്ല. കൈക്കൂലി കൊടുത്തു എന്നു പൊതു ഇടത്ത് സമ്മതിച്ച അയാളുടെ പേരിൽ അഴിമതി നിരോധന നിയമമനുസരിച്ച് ഇതുവരെ കേസെടുത്തിട്ടുമില്ല.


ഭരണഘടനാപരമായ ഒരു പദവിയിലിരിക്കുന്ന, ഇടതുപക്ഷമെന്നവകാശപ്പെടുന്ന ഒരു പാർട്ടിയുടെ യുവനേതാവ് ഇത്രമാത്രം വൈരാഗ്യത്തോടെയും ധാർഷ്ഠ്യത്തോടെയും ഒരു പൊതുവേദിയിൽ പെരുമാറുന്നുവെങ്കിൽ അവർക്ക് ആ സംസ്കാരം നൽകിയ പ്രസ്ഥാനത്തിന്റെ സാംസ്കാരിക-നൈതിക നിലവാരത്തെ നമ്മൾ ഭയപ്പെടണം; ആ പ്രസ്ഥാനം നയിക്കുന്ന സർക്കാരിന്റെ നയസമീപനങ്ങളെയും. “ഒരു നിമിഷം മതി സിവിൽ ഡെത്ത് സംഭവിക്കാൻ” എന്ന ദിവ്യയുടെ പ്രസംഗത്തിലെ അത്യന്തം മാരകമായ ഭീഷണി അക്ഷരാർത്ഥത്തിൽ ആത്മഹത്യയിലേക്കു നയിക്കുന്നതാണ്.
അധികാരസ്ഥാനങ്ങളിലിരിക്കുന്ന ജനപ്രതിനിധികളും പാർട്ടി നേതാക്കളും ഭരണസംവിധാനങ്ങളെ ഉപയോഗപ്പെടുത്തി നേരിട്ടും ബിനാമി ഏർപ്പാടുകളിലൂടെയും ബിസിനസ് സംരംഭങ്ങളിലേക്ക് കടക്കുന്നതും അതിനെ തുടർന്നുള്ള ആഭ്യന്തര സംഘർഷങ്ങളും എല്ലാം ഇന്ന് മറനീക്കി പുറത്തുവരികയാണ്. ഓരോ ഫയലിലും ഓരോ ജീവിതമുണ്ട് എന്ന പിണറായി വിജയന്റെ മഹദ്‌വചനമാണ് താൻ അനുവർത്തിക്കാൻ ശ്രമിക്കുന്നതെന്ന് ദിവ്യ പറയുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റയുടനെ മന്ത്രിസഭയുടെ മുഖ്യ ഊന്നലായി മുഖ്യമന്ത്രി അവതരിപ്പിച്ച ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്’ ആണ് യഥാർത്ഥത്തിൽ ദിവ്യയടക്കമുള്ള നേതാക്കളുടെ തലയ്ക്കു പിടിച്ചിരിക്കുന്നത് എന്നു നാം മനസ്സിലാക്കണം.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കരാറിലൊപ്പിട്ട വിഴിഞ്ഞം തുറമുഖപദ്ധതി അന്ന് സിപിഐ(എം)ന്റെ അഭിപ്രായത്തിൽ 6000 കോടി രൂപയുടെ കടൽക്കൊള്ളയായിരുന്നു. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഗൗതം അദാനി എകെജി സെന്ററിൽ നടത്തിയ സന്ദർശനത്തിനുശേഷം അത് കേരളത്തിന്റെ ‘വികസന കിരീടത്തിലെ പൊൻതൂവലാ’യി മാറിയ മായാജാലം നമ്മൾ കണ്ടതാണ്. ചങ്ങാത്തമുതലാളിത്തത്തിന്റെ ക്രിമിനൽ മൂലധനമെന്ന് പാർട്ടി ദേശീയനേതാക്കൾ പ്രസംഗങ്ങളിലും ലേഖനങ്ങളിലുമെങ്കിലും വിശദീകരിക്കുന്ന അദാനി സാമ്രാജ്യം ഇപ്പോൾ കേരള നേതാക്കളുടെ സഖ്യകക്ഷിയായിരിക്കുന്നു. ഭരണം കിട്ടിയ സംസ്ഥാനങ്ങളിലെല്ലാം ഇത്തരം സംഘങ്ങളുമായാണ് അവരുടെ ബാന്ധവം.
അത്തരം കുത്തകകൾ തൊട്ട്, അനധികൃതക്വാറി നടത്തിയും വനംകൊള്ള നടത്തിയും സ്വർണ്ണക്കള്ളക്കടത്ത് ‘പൊട്ടിക്കൽ’ പോലുള്ള പുതിയതരം പാർട്ടി സംരംഭങ്ങളിലേർപ്പെട്ടും തൊഴിലാളി യൂണിയനുകളുടെ പേരുപറഞ്ഞ് കങ്കാണിപ്പണി ചെയ്തും കൊള്ളമുതൽ സംഭരിക്കുന്നവരൊക്കെ ഇപ്പോൾ ‘സംരംഭകരാ’യി മാറിയിരിക്കുകയാണ്. അവരുടെ നിക്ഷേപസാധ്യതകൾക്ക് ഒരു തടസ്സവും ഉണ്ടാകാതെ നോക്കുക എന്നതാണ്, വൻകിട മൂലധനശക്തികൾക്ക് പരവതാനി വിരിക്കുന്നതോടൊപ്പം, ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ‘ എന്നതിനർത്ഥം. യഥാർത്ഥത്തിൽ ദിവ്യ ചെയ്തതും ഇതുതന്നെയാണ്. അത്തരക്കാരുടെ സംരംഭങ്ങൾ ആറു ദിവസം പോലും വൈകാൻ പാടില്ല!


പഞ്ചായത്ത് ഭരണസംവിധാനത്തിനു കീഴിലാണ് ആശുപത്രികളും വിദ്യാലയങ്ങളുമൊക്കെ. തന്റെ അധികാരപരിധിയിലുള്ള പിഎച്ച്സികളിലും താലൂക്ക്, ജില്ലാ ആശുപത്രികളിലും മതിയായ എണ്ണം ഡോക്ടർമാരോ നഴ്സിംഗ് സ്റ്റാഫോ മറ്റ് അവശ്യം ജീവനക്കാരോ ഇല്ലാതെ, നിലവിലുള്ള ജീവനക്കാരും രോഗികളും നട്ടം തിരിയുകയാണ് എന്ന വസ്തുത ഇവരെ അലോസരപ്പെടുത്തുന്നില്ല. സ്‌കൂളുകളിൽ ഉച്ചഭക്ഷണവിതരണം തടസ്സമില്ലാതെ നടക്കണമെങ്കിൽ ഹെഡ്‌മാസ്റ്റർമാർ സ്വർണ്ണം പണയം വയ്ക്കുകയോ പലിശയ്ക്കു കടമെടുക്കുകയോ ചെയ്യേണ്ട ഗതികേടിലാണെന്ന് ദിവ്യ അറിഞ്ഞ ഭാവമില്ല. കോടതി വിധിയുണ്ടായിട്ടും സർക്കാർ പണമനുവദിക്കുന്നില്ല. ഈ ഫയലുകളിലെ ജീവിതപ്രശ്നം പരിഹരിക്കാതെ കിടക്കുന്നതിലെ ധാർമ്മികരോഷം ദിവ്യ പ്രകടിപ്പിച്ചു കണ്ടിട്ടില്ല. മറിച്ച്, ഒരു പെട്രോൾ പമ്പിന്, അതും വഴിവിട്ട് അനുമതി നൽകിയില്ല എന്നതാണ് അവരെ പ്രകോപിപ്പിച്ചത്. പോലീസ് റിപ്പോർട്ട് പ്രതികൂലമായിരുന്നതു കൊണ്ടാണ് അനുമതി വൈകിയതെന്ന് പിന്നീട് വ്യക്തമായി. മൂലധനശക്തികൾക്ക് വിടുപണി ചെയ്യാൻ തുടങ്ങിയാൽ ജനാധിപത്യത്തിന്റെ ശീലങ്ങളും വഴക്കങ്ങളും അപ്രത്യക്ഷമാകും. അത്തരക്കാരിൽ പിണറായി വിജയൻ ആവേശിക്കും.
ജനങ്ങളുടെ നെഞ്ചത്തുകയറുന്ന പോലീസിന്റെ അമിതാധികാരപ്രയോഗം ഒന്നാം പിണറായിസർക്കാരിന്റെ കാലം മുതൽ ജനങ്ങൾ കാണുന്നതാണ്. അതിനെതിരെയുള്ള പരാതികളെ “പോലീസിന്റെ മനോവീര്യം തകർക്കാൻ സമ്മതിക്കില്ല” എന്ന പരിചകൊണ്ടാണ് മുഖ്യമന്ത്രി തടയുന്നത്. എന്നാൽ പോലീസും എക്സൈസും പോലുള്ള ‘ഏമാൻമാർ’ ഒഴികെയുള്ള ജീവനക്കാരുടെ മനോവീര്യം ചവിട്ടിയരയ്ക്കുക എന്നതാണ് സർക്കാരിന്റെയും പാർട്ടി നേതാക്കളുടെയും പൊതുരീതി. മൂന്നു വർഷത്തിലേറെയായി വർദ്ധനയില്ലാതെ ഡിഎ കുടിശ്ശിക 19 ശതമാനമാണ്. ശമ്പള പരിഷ്കരണത്തിന്റെ മൂന്നു ഗഡുവും കുടിശ്ശികയാണ്. ഏതാണ്ട് 40,000 കോടി രൂപ ജീവനക്കാരിൽ നിന്നു പിടിച്ചു വച്ചിരിക്കുകയാണ് സർക്കാർ. ഇതൊന്നും നേരേനിന്ന് ചോദിക്കാൻ പറ്റാത്തവിധം ഭരണവിലാസം സംഘടനകളുടെ നടുവൊടിച്ചിട്ടിരിക്കുകയാണ്. ഇതൊന്നും പോരാഞ്ഞ്, ജില്ലയിലെ വികസനപ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ മാസം തോറും നടക്കുന്ന ജില്ലാ വികസനസമിതി യോഗങ്ങളിൽ എംഎൽഎമാർ വന്ന് ജില്ലാതല ഓഫീസർമാരുടെ മനോവീര്യത്തിന് പിഴിച്ചിൽ ചികിത്സ കൊടുക്കുകയും ചെയ്യും. പ്രോട്ടോക്കോളിൽ മേലെയാണെന്ന ആനുകൂല്യത്തിൽ, അഴിമതിക്കാരായ ഒരു വിഭാഗം ജീവനക്കാരെ കൂട്ടുപിടിച്ച് തങ്ങളുടെ ചില ഇംഗിതങ്ങൾക്കനുസരിച്ച് ഉദ്യോഗസ്ഥരെ പരുവപ്പെടുത്താൻ പല ജനപ്രതിനിധികളും ഈ വേദികളെ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നത് ഉദ്യോഗസ്ഥരുടെ അനുഭവമാണ്. ഭരണപക്ഷത്തെ യുവപ്രതിനിധികൾ ഇതിൽ മുമ്പിലുമാണ്. ഈ മാതൃക തന്നെയാണ് ദിവ്യയും പിന്തുടർന്നത്.
ഇനി, ഇവരുടെ പ്രസ്ഥാനം കാണിച്ചു കൊടുക്കുന്ന മാതൃകയെന്താണ്? മൈക്കിനു സാങ്കേതികതടസ്സമുണ്ടാകുമ്പോൾ ഓപ്പറേറ്റർമാരെ പൊതുവേദിയിൽ ശകാരിക്കുന്ന, പത്രക്കാരുടെ അസുഖകരമായ ചോദ്യങ്ങളെ ചെറ്റത്തരം എന്നു വിശേഷിപ്പിക്കുന്ന, നല്ല വേഷമിട്ട് ലിപ്സ്റ്റിക്കിട്ടു വരുന്ന പത്രപ്രവർത്തകർ കൂടുതൽ കളളം പറയുന്നവരാണെന്ന അശ്ലീലമായ സ്ത്രീവിരുദ്ധത പറയുന്ന, മാധ്യമപ്രവർത്തകരെ ഇറച്ചിക്കടയ്ക്ക് മുമ്പിൽനിൽക്കുന്ന പട്ടികളോട് ഉപമിക്കുന്ന ഉന്നത നേതാക്കളിൽനിന്ന് മറ്റെന്താണിവർക്കു പഠിക്കാനുള്ളത്?


രണ്ടാഴ്ചക്കാലം നിയമപരമായ യാതൊരു തടസ്സവുമില്ലാതിരുന്നിട്ടും പി.പി.ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്തില്ല. മനഃസാക്ഷിയുള്ള മുഴുവനാളുകളും വെറുത്ത, പാര്‍ട്ടി പ്രവര്‍ത്തകര്‍പോലും തള്ളിപ്പറഞ്ഞ ഒരു കുറ്റവാളിയെ പാര്‍ട്ടി ഗ്രാമത്തില്‍ ഒരു പോറല്‍പോലുമേല്‍ക്കാതെ സംരക്ഷിച്ചു. പത്രക്കാരുടെ കണ്ണുവെട്ടിച്ച് മജിസ്ട്രേറ്റിനുമുന്നില്‍ എത്തിച്ചു. പോലീസ് കസ്റ്റഡി ആവശ്യപ്പെടാതെ സുരക്ഷിതയായി ജയിലിലുമെത്തിച്ചു. എതിർപ്പുയർത്തിയ പത്തനംതിട്ട ജില്ലാ സെക്രട്ടറി അടക്കമുള്ളവരെ നിശ്ശബ്ദരാക്കി. ഉപതിരഞ്ഞെടുപ്പും സിപിഐപോലുള്ള ഘടകകക്ഷികളുടെ എതിര്‍പ്പും ശക്തമായ ജനവികാരവും കാരണം കേസ് ഒഴിവാക്കിയില്ല എന്നുമാത്രം. ഉപതിരഞ്ഞെടുപ്പിനുശേഷം പ്രതിയെ മോചിപ്പിക്കാന്‍ കരുക്കള്‍ നീക്കാം. കൊലപാതകക്കേസിൽ പ്രതികളായ പ്രവർത്തകരെ ആനയിക്കുന്ന പതിവിന്‍പടി ജയിലില്‍നിന്ന് മാലയിട്ട് സ്വീകരിച്ച് താലപ്പൊലിയുടെ അകമ്പടിയോടെ നഗരപ്രദക്ഷിണം നടത്താം. വേണമെങ്കില്‍ കേസ് തേച്ചുമായ്ച്ചുകളഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് വീണ്ടും അവരോധിക്കുകയുമാവാം.
പി.പി.ദിവ്യ ഒറ്റപ്പെട്ട വ്യക്തിയോ പ്രതിഭാസമോ അല്ല. ഇടതു മേലങ്കിയണിഞ്ഞ, ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയശരീരത്തിന്റെ സ്വാഭാവിക സൃഷ്ടിയാണ്. “ഏതൊരു പ്രത്യയശാസ്ത്രത്തിന്റെയും കാതലും പ്രാണനും അതിന്റെ സാംസ്കാരിക നൈതിക ധാരണകളിൽ നിഹിതമായിരിക്കുന്നു” എന്ന സഖാവ് ശിബ്‌ദാസ് ഘോഷിന്റെ പാഠം മനസ്സിലുറപ്പിച്ച് ഒരു സാംസ്കാരിക പ്രതിപ്രവാഹം സൃഷ്ടിക്കുക എന്നതാണ് ജനങ്ങളുടെ കടമ; നവീൻ ബാബുവിന്റെ മരണത്തിനു കാരണമായ മുഴുവൻ സംഭവങ്ങളെയും പറ്റി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുക എന്നത് സർക്കാരിന്റെയും.

Share this post

scroll to top