ജനുവരി 15ന് സംസ്ഥാന ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് സംസ്ഥാനത്തിന്റെ സാമ്പത്തിക യാഥാർത്ഥ്യങ്ങളെ തരിമ്പും അഭിസംബോധനം ചെയ്യാത്ത കപടരേഖയാണെന്ന് എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) സംസ്ഥാനക്കമ്മിറ്റി അഭിപ്രായപ്പെട്ടു. ആസന്നമായിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുൻനിർത്തി ജനങ്ങളെ കബളിപ്പിക്കുന്നതിനായി പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും കുത്തിനിറച്ച് ഒരു നാലാംകിട തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ എല്ലാ ചേരുവകളോടെയുമാണ് ബജറ്റ് എന്ന പേരിലുള്ള രേഖ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. തൊട്ടുമുമ്പ് അവതരിപ്പിച്ച ബജറ്റിലെ ഉൾപ്പടെ മുൻ ബജറ്റുകളിലെ ഏതാണ്ട് പതിനെട്ടോളം പദ്ധതികളാണ് ഈ ബജറ്റിലും ആവർത്തിച്ചിട്ടുള്ളത്. പെരുമഴപോലെ പെയ്ത പ്രഖ്യാപനങ്ങളുടെയും പദ്ധതികളുടെയും നടത്തിപ്പിനായുള്ള ധനസമാഹരണത്തിന്റെ മാർഗ്ഗങ്ങളെ സംബന്ധിച്ച് ഒന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടില്ല എന്നതിൽ നിന്നും ഇവയൊന്നും തന്നെ നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് പകൽ പോലെ വ്യക്തം. അതുമാത്രവുമല്ല, തെരഞ്ഞെടുപ്പിനുശേഷം തങ്ങളുടെ തന്നെ സർക്കാർ അധികാരത്തിൽ വന്നാൽ പുതിയ ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇനി ഇപ്രകാരമല്ല, ഇപ്പോൾ പ്രതിപക്ഷ ത്തിരിക്കു ന്നവരാണ് അധികാരത്തിൽ വരുന്നതെങ്കിൽ അവർ ഈ ബജറ്റിനെ തള്ളി മറ്റൊന്ന്കൊണ്ടുവരുമെന്ന് ഉറപ്പാണ്. അ ങ്ങിനെയെങ്കിൽ ബജറ്റ് എന്ന പേരിലുള്ള അഭ്യാസം എന്തിനാണ്? നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ലക്ഷ്യമാക്കി നടത്തുന്ന ഒരു രാഷ്ട്രീയ തട്ടിക്കൂട്ടു മാത്രമാണ് ഇതെങ്കിൽ അതു ബജറ്റ് പ്രക്രിയയുടെ ഗൗരവം ചോർത്തിക്കളയുന്ന ഒന്നായി മാറുകയാണ്. ജനാധിപത്യക്രമത്തിലെ ധനസമാഹരണത്തിന്റെയും വിനിയോഗത്തിന്റെയും സുതാര്യതയെയും അതിന്റെ മേലുള്ള ജനകീയ പരിശോധനയെയും തുടർ ജാഗ്രതയെയും എല്ലാം നിരാകരിക്കുകയാണ് ബജറ്റ് അവതരണമെന്ന ഈ ഏർപ്പാട്.സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തികസ്ഥിതിയെ സംബന്ധിക്കുന്ന ഒരു വിവരവും ബജറ്റ് രേഖകളിൽ നമുക്ക് കാണാൻ കഴിയില്ല. കേരളം അതീവഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെയാണ് യഥാർത്ഥത്തിൽ അഭിമുഖീകരിക്കുന്നത്. സംസ്ഥാനത്തിന്റെ കടബാധ്യത ഭീമമായി വർദ്ധിച്ച് 2.6 ലക്ഷം കോടിയായിരിക്കുന്നു. ആഭ്യന്തരകടമാകട്ടെ 1.65 ലക്ഷം കോടിയായി ഉയർന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ വരുമാനത്തെ മറികടക്കുകയാണ് കടബാധ്യതയുടെ പലിശ.
കടക്കെണി എന്നു വിളിക്കുന്ന് ഈ സാഹചര്യത്തെയാണ്. നമ്മുടെ സംസ്ഥാനം ഇപ്രകാരം കടക്കെണിയിൽ അകപ്പെട്ടതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഇപ്പോൾ അധികാരത്തിലിരിക്കുന്നവർക്കും മുമ്പ് ഭരിച്ചവർക്കും ഒഴിഞ്ഞുമാറാനാവില്ല. അങ്ങേയറ്റം പിടിപ്പുകെട്ട ധനകാര്യ മാനേജുമെന്റിലൂടെയും അഴിമതി, ധൂർത്ത്, സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയവയിലൂടെയും സർക്കാർ ഖജനാവ് കുത്തിച്ചോർത്ത പ്പെടുകയാണ്. എന്നാൽ ഇപ്രകാരം അപഹരിക്കപ്പെടുന്ന തുകയേക്കാളും വളരെ ഭീമമാണ് സ്വകാര്യമൂലധനശക്തികൾക്ക് നൽകുന്ന ഇളവുകളും ആനുകൂല്യങ്ങളും. ഇവയുടെ ഒന്നിന്റെയും ഒരു വസ്തുതയും കഴിഞ്ഞ നിരവധി വർഷങ്ങളായി ബജറ്റ് രേഖകളിൽ നമുക്ക് കാണാനേ കഴിയുന്നില്ല. സംസ്ഥാനത്തിന്റെ ഏറ്റവും ഗുരുതരമായ പ്രശ്‌നം തൊഴിലില്ലായ്മയാണ്. വിദ്യാസമ്പന്നരായ യുവാക്കളുടെ തൊഴിലില്ലായ്മയുടെ പ്രശ്‌നം ഒരു വശത്ത് അന്തമില്ലാതെ രൂക്ഷമാകുന്ന വേളയിൽത്തന്നെയാണ് ലക്ഷക്കണക്കിനു പ്രവാസികൾ പണി നഷ്ടപ്പെട്ട് രാജ്യത്തേക്കു വെറുംകൈയോടെ മടങ്ങിവരുന്നതിന്റെ പ്രതിസന്ധിയും ഉടലെടുക്കുന്നത്. പ്രയോഗത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു മാർഗ്ഗവും ബജറ്റിൽ നമുക്ക് കാണാനാവില്ല.
ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ അഞ്ച് വർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റുഫോം വഴി 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇത് എങ്ങിനെയാണ് സാധ്യമാവുക എന്നതിന്റെ സൂചന പോലും ബജറ്റിലില്ല. ഇതു തീർത്തും ഒരു കൊട്ടത്താപ്പു പ്രഖ്യാപനം മാത്രമാണ്. ബാക്കിയെല്ലാ മേഖലയെ സംബന്ധിച്ചും ഇതേ സ്വഭാവത്തിലുള്ള കാര്യങ്ങൾ ആവർത്തിച്ചിരിക്കുന്നതു കാണാം. മൂലധനനിക്ഷേപം വർദ്ധിപ്പിക്കുന്നതിനായുള്ള നവലിബറൽ ആശയമാണ് കിഫ്ബി എന്ന ധനകാര്യസ്ഥാപനത്തിന്റെ പിറകിലുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ പേരിൽ സർക്കാർ ഗ്യാരന്റിയിൽ വൻതോതിൽ ബജറ്റിനു പുറത്ത് കടമെടുത്ത് മൂലധനം സമാഹരിച്ച്, സ്വകാര്യ കമ്പിനികൾക്ക് കൂറ്റൻ ഓര്‍ഡറുകൾ സംഘടിപ്പിച്ചു നൽകുന്ന ഏർപ്പാടിന്റെ പേരാണ് കിഫ്ബി. നിർമ്മാണ മേഖലയിലുൾപ്പടെ എല്ലാ തുറയിലും വൻതോതിലുള്ള സ്വകാര്യ മൂലധനനിക്ഷേപത്തിനു വഴിയൊരുക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ നാലു വർഷവും എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ബജറ്റുകളുടെ ഏറ്റവും പ്രമുഖമായ ഉള്ളടക്കവും ഊന്നലും കിഫ്ബി പദ്ധതികളായിരുന്നു. ഈ ബജറ്റിലും 15,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി വഴി അടുത്ത വർഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികളിൽ ഏറിയ പങ്കും നടപ്പാക്കുന്നത് പിഡബ്ലിയുഡി അല്ല, വൻകിട സ്വകാര്യ കമ്പിനികളാണ്. കിഫ്ബിക്കു വേണ്ടിയുള്ള കടമെടുപ്പ് മുഴുവൻ നടത്തുന്നത് ബജറ്റിനു വെളിയിലാണ്. ഒരു സമാന്തര സർക്കാർ സംവിധാനം പോലെ പ്രവർത്തിക്കുന്ന കിഫ്ബിയുടെ കടമെടുപ്പ് നടത്തുന്നതാകട്ടെ സർക്കാർ ഗ്യാരന്റിയിലും. തിരിച്ചടയ്ക്കുന്നില്ലെങ്കിൽ കിഫ്ബിയുടെ കടബാധ്യത മുഴുവൻ സർക്കാരിന്റെ – അതായത് ജനങ്ങളുടെ തലയിൽ എന്നു ചരുക്കം. 2016ൽ നിയമസഭയിൽ നടന്ന ചർച്ചയിൽ കിഫ്ബി പദ്ധതികളെ യൂസർ ഫീയിൽ നിന്നും ടോളിൽനിന്നും ഒഴിവാക്കിയിട്ടില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ട് കണ്ടെത്താനായി പെട്രോൾ നികുതിയും റോഡ് നികുതിയുടെ ഒരു ഭാഗവും കിഫ്ബിക്കു നൽകിയിട്ടുണ്ട്. എന്നാൽ സർക്കാർ പണം വരുമാനമായിട്ടുള്ള കിഫ്ബിയാകട്ടെ ഓഡിറ്റിംഗിനു പുറത്താണുതാനും. ഇപ്രകാരം രാജ്യത്തും സംസ്ഥാനത്തും നിലനിൽക്കുന്ന ധനകാര്യ നിർവ്വഹണത്തിന്റെ എല്ലാ നിയമങ്ങളും ലംഘിക്കുന്ന വിചിത്രമായ ഈ സംവിധാനത്തെയാണ് ഇടതെന്നപേരിലുള്ള സർക്കാർ മാതൃകാ പദ്ധതിയെന്നു വിശേഷിപ്പിക്കുന്നത്. ചുരുക്കത്തിൽ ജനങ്ങളുടെ ചെലവിൽ വൻകിട സ്വകാര്യ മൂലധന നിക്ഷേപത്തിനു അവസരം ഒരുക്കുകയും ബാധ്യതകളെല്ലാം ജനങ്ങളുടെ ശിരസ്സിൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന വഞ്ചനാപരമായ പദ്ധതിയാണ് കിഫ്ബി. നവലിബറൽ സാമ്പത്തിക നയങ്ങളുടെ അടിയുറച്ച പരിപാടികളിലൊന്നായതിനാലാണ് കേന്ദ്ര സർക്കാരും ഇതര സംസ്ഥാന സർക്കാരുകളും കിഫ്ബിയുടെ മാർഗ്ഗം തന്നെ സ്വീകരിക്കുന്നത്. അതിനെ തങ്ങളുടെ നേട്ടമായി ചിത്രീകരിക്കുകയാണ് വഞ്ചനയുടെ പ്രതിരൂപങ്ങളായി മാറിക്കഴിഞ്ഞ ഇക്കൂട്ടർ. 50,000 കോടി രൂപയുടെ ഒരു വ്യവസായ ഇടനാഴിയുടെ പ്രഖ്യാപനം ബജറ്റിലുണ്ട്. കഴിഞ്ഞ നിരവധി ബജറ്റുകളിൽ ഈ പ്രഖ്യാപനം ഇടംപിടിച്ചിരുന്നു. ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ബജറ്റിൽ വ്യക്തമേയല്ല.
പ്രയോഗത്തിൽ നാം കാണുന്നത് വ്യവസായ അഭിവൃദ്ധിക്കെന്നു വ്യാഖ്യാനിച്ചുകൊണ്ട് സർക്കാർ ഭൂമിയും വിഭവങ്ങളും സ്വകാര്യമുതലാളിമാർക്ക് സൗജന്യമായി നൽകുന്ന നടപടിയാണ്. പരിമിതമായ ചില ആനുകൂല്യങ്ങളും സർക്കാർ സഹായങ്ങളും സൗജന്യ കിറ്റും പ്രഖ്യാപിച്ച് ഉപകാരസ്മരണയുടെ പേരിൽ വോട്ടു തേടുന്ന അല്പത്തരത്തിന്റെ രാഷ്ട്രീയമാണ് സിപിഐ(എം) ഈ ബജറ്റിലൂടെയും പയറ്റുന്നത്. സർക്കാർ സഹായങ്ങൾ ഔദാര്യമല്ല, പൗരന്റെ അവകാശമാണെന്ന് ജനങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടവർ, ജനങ്ങളിൽ വിധേയമനോഭാവം വളർത്താൻ ശ്രമിക്കുകയാണ്. ജനാധിപത്യ പ്രബുദ്ധതയുടെ സ്ഥാനത്ത് സൃഷ്ടിക്കുന്നത് ഈ ദാസ്യമനോഭാവമാണെങ്കിൽ, നാളെ കൂടുതൽ പാരിതോഷികങ്ങൾ നൽകുന്നവരുടെ പിറകെ പോകുന്നവരായി ജനങ്ങൾ മാറുമെന്നു മനസ്സിലാക്കണം. ഇടതു രാഷ്ട്രീയം നൽകുന്ന ആത്മാഭിമാനത്തിന്റെ മനോഘടന ഈ പാരിതോഷിക രാഷ്ട്രീയത്തിനെതിരാണെന്നു തിരിച്ചറിയണമെന്നും എസ്‌യുസിഐ(സി) ഏവരോടും അഭ്യർത്ഥിക്കുന്നു.