ബിഒടി ചുങ്കപ്പാതയ്ക്കായി പിണറായി-ഗഡ്കരി അവിശുദ്ധ സഖ്യം

IMG_20210218_234718.jpg
Share

2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമംപൂര്‍ണമായും ലംഘിച്ചുകൊണ്ട് സ്വകാര്യ ടോൾ പാതക്കുവേണ്ടി നിർബന്ധിത കുടിയൊഴിപ്പിക്കലു മായി മുന്നോട്ടു പോവുകയാണ് സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർക്കാർ. കേന്ദ്ര ബിജെപി മന്ത്രി നിതിൻ ഗഡ്കരി എല്ലാവിധ പിന്തുണയും ആശീർവാദവുമായി ഒപ്പമുണ്ട്. പ്രബുദ്ധ കേരളത്തിന് അറപ്പുളവാക്കുന്ന വിധത്തിലാണ് ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന വേളയിൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും കേരള മുഖ്യൻ മിസ്റ്റർ പിണറായി വിജയനും അന്യോന്യം പ്രശംസ ചൊരിഞ്ഞത്.

ബിഒടി (ബിൽഡ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ) പദ്ധതി പ്രകാരം കേരളത്തിലെ മുഴുവൻ ദേശീയ പാതകളും ക്രമേണ സംസ്ഥാന, ജില്ലാ റോഡുകളും നിർമ്മിക്കാനാണ് സർക്കാർ തീരുമാനം. ഒരു ദിവസം ഒരു കോടി 25 ലക്ഷം രൂപ മിനിമം വരുമാനമുള്ള തൃശ്ശൂർ പാലിയേക്കരയിലെ ടോൾ പ്ലാസപോലെ മറ്റ് ഇരുപതിലേറെ ടോൾ പ്ലാസകളാണ് ഹൈവേ വികസനത്തിലൂടെ യഥാർത്ഥത്തിൽ ലക്ഷ്യമാക്കുന്നതു്. ക്രമേണ റോഡുകൾ സ്വകാര്യവൽക്കരിച്ച് കോർപ്പറേറ്റുകൾക്ക് കൈമാറ്റം ചെയ്യപ്പെടും. കേരളത്തിലാകമാനം നടപ്പിലാക്കാനുദ്ദേശിക്കുന്ന ദേശീയപാത സ്വകാര്യവൽക്കരണത്തിന് എതിരെയുള്ള ജനരോഷം വളരെ ശക്തമാണ്. ഭൂമി വില വളരെ കൂടുതലായതിനാൽ കേരളത്തിലെ ഭൂമിയേറ്റെടുക്കൽ മറ്റു സംസ്ഥാനങ്ങളെപ്പോലെ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ ഹൈവേ അതോറിറ്റി 2015ൽ പദ്ധതിയിൽനിന്നും പിൻവാങ്ങിയതാണ്. എന്നുമാത്രമല്ല സാമ്പത്തിക പ്രതിസന്ധിമൂലം കേരളത്തിലെ ദേശീയപാത വികസനം 2022 ശേഷം മതിയെന്നായിരുന്നു കേന്ദ്ര നിർദ്ദേശം. എന്നാൽ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയപാത വികസനത്തിന് നിർമാണച്ചെലവിന്റെ 25% സംസ്ഥാനം വഹിക്കുവാൻ തീരുമാനിക്കുകയും 4500 കോടി ബജറ്റിൽ വക കൊള്ളിക്കുകയും ചെയ്തുകൊണ്ട് പദ്ധതി എവ്വിധവും നടപ്പിലാക്കുവാൻ സംസ്ഥാന സർക്കാർ പച്ചക്കൊടി കാണിച്ചു. ഇത് ജനതാല്പര്യം നിറവേറ്റുവാനോ റോഡപകടങ്ങൾ കുറയ്ക്കുന്നതിന് വേണ്ടിയോ ആയിരുന്നില്ല. ദേശീയപാതയിൽ ഉടനീളം നിർമ്മിക്കാൻ പോകുന്ന 20 ലേറെ ടോൾ ബൂത്ത് കളിലൂടെ ഓരോ ദിവസവും വാരിക്കൂട്ടാൻ പോകുന്ന കോടികളുടെ വരുമാനം കണ്ടുകൊണ്ടുമാത്രമാണ്. ദേശീയപാത നിർമ്മാണ ടെണ്ടർ ഏറ്റെടുത്തുകൊണ്ട് അദാനി കടന്നുവന്നതും ഈ കോള് കണ്ടിട്ടാണ്.30 വർഷത്തിലേറെയായി ജനങ്ങൾ വിട്ടുകൊടുത്ത ഭൂമി ഉപയോഗിച്ചുകൊണ്ട് യാത്രാസൗകര്യം ഉണ്ടാക്കാതെ കേരളത്തിന്റെ ദേശീയ പാത വികസനം എന്ന യഥാർത്ഥ സ്വപ്‌നത്തെ മുരടിപ്പിച്ചതും ഇതേ ഭരണക്കാർ തന്നെയാണ്. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമവും സുപ്രീം കോടതി വിധിയും ഹൈക്കോടതിയുടെ നിർദ്ദേശവും ഹരിതട്രൈബ്യൂണൽ നിലപാടുകളും പരിപൂർണ്ണമായി ലംഘിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകുന്നത്. ഇരകൾ കൊടുത്ത ക്ലെയിം പെറ്റീഷനുകളും, ഇതര പരാതികളും പരിപൂർണമായും അവഗണിച്ചുകൊണ്ട് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭൂമി ഏറ്റെടുത്തു എന്ന് വരുത്തിത്തീർക്കാനുള്ള തത്രപ്പാടിലാണ് പിണറായി സർക്കാർ. ബിഒടി കോർപ്പറേറ്റ് മുതലാളിമാര്‍ക്കുവേണ്ടി നീതിയും നിയമവും ജനങ്ങളുടെ സ്വത്തും മാത്രമല്ല, അടിസ്ഥാനപരമായ പൗരാവകാശവും സർക്കാർ നിഷേധിക്കുകയാണ്. സമാറ സ്വകാര്യ കൺസൽട്ടൻസി ഉദ്യോഗസ്ഥര്‍ എൻഎച്ച് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സഹായത്തോടെ വീടുവീടാന്തരം കയറി ഇറങ്ങുകയാണ്. അതായത് മുതലാളിമാർ പോലീസ് സഹായത്തോടെ ഭൂമിപിടിച്ചെടുക്കാൻ കേരളത്തിൽ രംഗത്തിറങ്ങിയിരിക്കുന്നു. ദേശീയ പാത സമരത്തെ അപകീർത്തിപ്പെടുത്തുന്ന നുണക്കഥകൾ പ്രചരിപ്പിച്ചും ഭൂമി ഏറ്റെടുക്കുന്നതിന് ഒത്താശ ചെയ്തും മാർക്‌സിസ്റ്റ് പാർട്ടിയും സമാന്തരമായി രംഗത്തുണ്ട്.കോവിഡ് വ്യാപനം ഇത്രയും രൂക്ഷമായിരിക്കുന്ന പശ്ചാത്തത്തിൽപോലും സർവ്വേ നടപടികളോ ഹിയറിങ്ങോ താൽക്കാലികമായി നിർത്തിവയ്ക്കുവാൻ സർക്കാർ തയ്യാറായിട്ടില്ല. നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടും അതൊന്നും മാനിക്കാതെ തികച്ചും ഏകപക്ഷീയമായി, ബലം പ്രയോഗിച്ചുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ എൻഎച്ച് ഓഫീസുമായിട്ടുള്ള ഒരു ഉടമ്പടിയിലും ഇരകളാക്കപ്പെടുന്ന ഒരു കുടുംബവും ഏർപ്പെടരുതെന്ന് എന്‍എച്ച് ആക്ഷൻ കൗൺസിൽ സമരപ്രവർത്തകർക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.ദേശീയപാത വികസനത്തിന്റെ പേരിൽ 45 മീറ്റർ ബിഒടി ചുങ്കപ്പാതക്കുവേണ്ടി, നീതിക്കും നിയമത്തിനും നിരക്കാത്ത നടപടികൾ സർക്കാർ അനുവർത്തിക്കുന്നതിനെതിരെ ശക്തമായ സമര പരിപാടികളുമായി ആക്ഷൻ കൗൺസിൽ മുന്നോട്ടു പോവുകയാണ്. തൃശ്ശൂർ, എറണാകുളം ജില്ലകളിൽ പ്രതിഷേധ റാലിയും സംഗമവും നടന്നു.ചാവക്കാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധ സമ്മേളനം ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി.മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.സിദ്ദിഖ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ സി.കെ.ശിവദാസൻ മുഖ്യ പ്രസംഗം നടത്തി. പിണറായി വിജയൻ സർക്കാർ തികച്ചും ഏകപക്ഷീയമായും ബലംപ്രയോഗിച്ചും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭൂമിയേറ്റെടുക്കൽ നടപടികൾ പരിപൂർണ്ണമായും നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമ്മേളനത്തിൽ ദേശീയപാത സംരക്ഷണ സമിതിയിലെ വിവിധ ഘടക സംഘടനകളുെട അടക്കം നേതാക്കൾ സംസാരിച്ചു. സി.എച്ച്.റഷീദ് (മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി), കെ.വി.ഷാനവാസ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡന്റ്), കെ.കെ.ഹംസകുട്ടി (പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ), എം.കുമാർ(ജനകീയ പ്രതിരോധ സമിതി), സി.വി.പ്രേംരാജ് (എസ്‌യുസിഐ(സി)), തോമസ് ചിറമ്മൽ (കേരള കോൺഗ്രസ് ജോസഫ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്), അശ്‌റഫ് വടക്കൂട്ട് (എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം), അഹമ്മദ് ഖാൻ (പിഡി പി ജില്ലാസെക്രട്ടറി), എന്നിവർ പ്രസംഗിച്ചു. ടി.എം. നിസാബ് കൈപ്പമംഗലം, സി.ആർ ഉണ്ണികൃഷ്ണൻ, കമറുദീൻ പട്ടാളം, കെ.എ.സുകുമാരൻ, പി.കെ.നൂറുദ്ദീൻ, സി.ഷറഫുദ്ദീൻ, ഉസ്മാൻ അണ്ടത്തോട് എന്നിവർ റാലിക്ക് നേതൃത്വം കൊടുത്തു.എറണാകുളം ജില്ലയിൽ ഇടപ്പള്ളി മുതൽ മൂത്തകുന്നംവരെയുള്ള പ്രദേശങ്ങളിൽ ഈ പദ്ധതിക്കുവേണ്ടി ഒരിക്കൽ കുടിയൊഴിപ്പി ക്കപ്പെട്ടവരാണ് വീണ്ടും ഇരകളാവുന്നത്. അവരെ ബിഒടി ചുങ്കപ്പാതക്കുവേണ്ടി വീണ്ടും കുടിയൊഴിപ്പിക്കുന്നതിനെതിരെ ദേശീയപാത സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടക്കുന്ന കുന്നുംപുറം എൻഎസ്എസ് കരയോഗം ഹാളിന് മുമ്പിൽ ഭൂമിയേറ്റെടുപ്പ് വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു. പദ്ധതിയിലെ തട്ടിപ്പ്, അഴിമതി, എലവേറ്റഡ് ഹൈവെ, മുൻകൂർ പരിസ്ഥിതി അനുമതിയുടെ അഭാവം എന്നീ വിഷയങ്ങൾ ഉന്നയിച്ച് ഹൈക്കോടതിയിൽ നൽകിയ കേസുകളിൽ അന്തിമവാദം തുടങ്ങിയിരിക്കെ ദ്രുതഗതിയിൽ നടപടികൾ തീർക്കാൻ ശ്രമിക്കുന്നത് ദുരൂഹമാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി. ആർ. നീലകണ്ഠൻ പറഞ്ഞു. എല്ലാ നടപടികളും നിർത്തിവെച്ച് സർക്കാർ ചർച്ചക്ക് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിർദ്ദിഷ്ട 45മീറ്റർ പദ്ധതിക്കായി ചെലവിടുന്നതിനേക്കാൾ 500 കോടിയോളം രൂപ കുറവിൽ എലവേറ്റഡ് ഹൈവെ നിർമ്മിക്കാനാവും. അരൂർ-തുറവൂർ ഭാഗത്ത് നിലവിലുള്ള 30 മീറ്റർ ഉപയോഗിച്ച് ആറുവരി എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്ന മാതൃകയിൽ ഇടപ്പള്ളി-മൂത്തകുന്നം ഭാഗത്തും നിർമിക്കണം. 45 മീറ്റർ പദ്ധതി അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്, കെ.ജി. രാജേഷ്, വൈസ് പ്രസിഡന്റ,് ആരിഫ മുഹമ്മദ്, സംയുക്തസമരസമിതി സംസ്ഥാന കൺവീനർ ഹാഷിം ചേന്ദാംപളളി, രാജൻ ആൻറണി, ഷംസുദ്ദീൻ (വെൽഫെയർ പാർട്ടി), തമ്പി മേനാച്ചേരി (വ്യാപാരി വ്യവസായി ഏകോപന സമിതി) ടോമി ചന്ദനപ്പറമ്പിൽ (എൽസിഎംഎസ്), പ്രൊഫസർ കെ.എൻ.നാണപ്പൻപിള്ള, ജസ്റ്റിൻ ഇലഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.ജാഫർ മംഗലശ്ശേരി, കെ.എസ്.സക്കരിയ, പി.എ.ലത്തീഫ്, അഷ്‌റഫ്, വി.കെ.സുബൈർ, ടോ മി അറക്കൽ, എ.ബി.നിയാസ്, പി.വി.സുഗതൻ, രാജേഷ് കാട്ടിൽ, അഭിലാഷ്, സലീം, ഷുക്കൂർ, മുഹമ്മദ് അസ്ലം, കെ.ഡി.ലോറൻസ് എന്നിവർ നേതൃത്വം നൽകി.

Share this post

scroll to top