നിശ്ചയദാര്‍ഢ്യത്തിന്റെ നെറുകയില്‍ കര്‍ഷക പ്രക്ഷോഭം

IMG_20210219_000043.jpg
Share

മുതലാളിത്തം കനത്ത ആക്രമണങ്ങളുമായി മുന്നേറുമ്പോൾ സംഘടിത ചെറുത്തുനിൽപ്പല്ലാതെ ജനങ്ങൾക്ക് മറ്റ് മാർഗ്ഗമില്ല. നിലനിൽപ്പിനായി പരിശ്രമിക്കുന്ന മുഴുവൻ ജനവിഭാഗങ്ങൾക്കും പിടിച്ചുനിൽക്കാൻ മാത്രമല്ല മുന്നേറാനുമുള്ള ഉദാത്തമായ മാതൃക തീർത്തുകൊണ്ടാണ് ഐതിഹാസികമായ കർഷക സമരം ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇവ്വിധമൊന്ന് ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. നിക്ഷിപ്തതാൽപര്യക്കാരായ ഒരു ചെറു ന്യൂനപക്ഷത്തെ ഒഴിച്ചുനിർത്തിയാൽ രാജ്യത്തിനകത്തും പുറത്തുമുള്ള സമസ്ത വിഭാഗം ജനങ്ങളുടെയും അനുഭാവവും പിന്തുണയും നേടിയാണ് കർഷക സമരം മുന്നോട്ടുപോകുന്നത്. എന്നാൽ തുടക്കത്തിൽ അവഗണിച്ചും തുടർന്ന് ആക്രമണങ്ങൾ അഴിച്ചുവിട്ടും നാനാപ്രകാരേണ കർഷകസമരത്തെ ഇല്ലായ്മചെയ്യാൻ ശ്രമിച്ച മോദി ഭരണകൂടം ജനുവരി 26ന് ഏറ്റവും തരംതാണ നടപടിയാണ് സമരക്കാർക്ക് നേരെ പ്രയോഗിച്ചത്. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി എന്ന സംഘടനയെയും ബിജെപി ബന്ധമുള്ള പഞ്ചാബി നടൻ ദീപ് സിദ്ദുവിനെയും ചേർത്ത് നടത്തിയ ഗൂഢാലോചനയാണ് 26ന് നടന്ന ‘അനിഷ്ട’ സംഭവങ്ങളായി പര്യവസാനിച്ചത്. റെഡ് ഫോർട്ടിൽ നടന്ന സംഭവങ്ങളുമായി കോ ഓർഡിനേഷൻ കമ്മിറ്റിക്ക് യാതൊരു ബന്ധവുമില്ല എന്ന് കർഷകർ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ‘അനിഷ്ട’ സംഭവങ്ങൾ ആസൂത്രിതമായിരുന്നു എന്നും ആസൂത്രണം ഭരണകൂടം വകയായിരുന്നു എന്നതും വളരെ വ്യക്തമായിരുന്നിട്ടും അക്രമത്തിന്റെ മറവിൽ കർഷകരെ വളഞ്ഞിട്ട് ആക്രമിക്കുകയും സമരം ഖാലിസ്ഥാൻ വാദികളുടേതാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയുമാണ് നരേന്ദ്രമോദിയും കൂട്ടാളികളും ചെയ്തുകൊണ്ടിരിക്കുന്നത്. പിറ്റേന്ന് നടന്ന ‘മൻ കി ബാതി’ൽ റിപ്പബ്‌ളിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചത് വളരെ വേദനിപ്പിച്ചു എന്നും പറഞ്ഞു നരേന്ദ്രമോദി. ദേശീയ പതാക വലിച്ചെറിഞ്ഞതും ചവിട്ടിത്തേച്ചതും കർഷകരെ നേരിടാൻ മോദി നിയോഗിച്ച പോലീസുകാരും സിആർപിഎഫുകാരും ഗുഢാലോചനയിൽ പങ്കുപറ്റിയവരുമാണെന്നത് ദൃശ്യങ്ങളിൽനിന്ന് വളരെ വ്യക്തമാണ്. എന്താണ് നടപടിയെടുക്കാത്തത്? റെഡ്ഫോർട്ടും പരിസരവും ഇ പ്പോൾ ഡാൽമിയയുടെ കൈകളിലാണ് എന്നത് പ്രത്യേകം പ്രസ്താവ്യം. ലക്ഷണമൊത്ത ഫാസിസ്റ്റ് നടപടികളാണ് മോദിയും സംഘവും പയറ്റുന്നത്. ജർമ്മനിയിലെ റീഷ്ടാഗ് ആക്രമണത്തോട് സംഭവങ്ങൾക്ക് സാദൃശ്യമുണ്ടെങ്കിൽ അത് കേവലം യാദൃശ്ചികമല്ല. ചൈനയുടെയോ പാകിസ്ഥാന്റെയോ അതിർത്തികളിൽ കാണാത്ത സുരക്ഷാ സന്നാഹങ്ങൾ ഒരുക്കിയാണ് രാജ്യതലസ്ഥാനം കർഷകരെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. കിടങ്ങുകൾ തീർത്തും മുള്ളുവേലികൾ സ്ഥാപിച്ചും അള്ളുകൾ പാകിയുമാണ് തലസ്ഥാനത്തിന് ‘സംരക്ഷണം’ ഒരുക്കുന്നത്. പത്തുമീറ്ററാണ് സിംഘുവിൽ റോഡിലെ കിടങ്ങിന് ദൈർഘ്യം. പോരാഞ്ഞിട്ട് ഇരുമ്പു ബാരിക്കേഡും ഉയർത്തിയിട്ടുണ്ട്. ബാരിക്കേഡിനുമുന്നിൽ മുള്ളുവേലിയും തറയിൽ ആണികളും പാകിയിരിക്കുന്നു. പോലീസിന് ഇരുമ്പ് ലാത്തിയും നല്‍കിയിട്ടുണ്ട്. തിക്രിയിലും ഗാസിപ്പൂരിലും മറിച്ചല്ല അവസ്ഥ. സിംഘുവിൽ സമരക്കാരെ ഒഴിപ്പിക്കാനെത്തിയത് അന്നാട്ടുകാരല്ല, പുറം നാട്ടുകാരാണ് എന്നത് വ്യക്തമായിക്കഴിഞ്ഞു. ഒഴിപ്പിക്കാനെത്തിയവരോട് വളരെ സഹകരണാത്മകമായി വർത്തിച്ച പോലീസ് അവരുമായി ചേർന്ന് കർഷകരെ വളഞ്ഞിട്ട് തല്ലുകയും തറയിലിട്ട് ചവിട്ടിയരയ്ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ലോകംമുഴുവൻ കണ്ടു. കടുത്ത പോലീസ് ബന്തവസ്സിലായിരുന്ന പ്രദേശത്ത് ആയുധധാരികളായ മുന്നൂറോളം ആളുകൾ വാഹനങ്ങളിൽ എങ്ങനെ എത്തപ്പെട്ടു എന്നതിന് ഉത്തരം പറയാൻ പോലീസിനെ കഴിയൂ. പരിസ്ഥിത പ്രവർത്തക ഗ്രേറ്റാ തുൻബർഗ്, അമേരിക്കൻ നടിയും ഗായികയുമായ റിയാന തുടങ്ങി ലോകത്തിന്റെ നാനാകോണുകളിൽനിന്നും പിന്തുണയുടെ പ്രവാഹമാണ് പിന്നീട് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കർഷകനേതാക്കൾക്കെതിരെ യുഎപിഎ, രാജ്യദ്രോഹക്കുറ്റങ്ങൾ നിരത്തി കേസെടുത്തിരിക്കുന്നു, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നു, ഇരുനൂറിലെറെ കർഷകരെ കസ്റ്റഡിയിലെടുത്തിരിക്കുന്നു, നൂറിലേറെ കർഷകരെ കാണ്മാനില്ല, കുടിവെള്ളം, വൈദ്യുതി, ഇന്റർനെറ്റ് എല്ലാം വിച്ഛേദിച്ചിരിക്കുന്നു. പ്രദേശത്തേയ്ക്ക് മാധ്യമപ്രവർത്തകരെപ്പോലും കടത്തിവിടുന്നില്ല. സമരത്തെ പിന്തുണയ്ക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുന്നു. അങ്ങനെയും പോകുന്നു കാര്യങ്ങൾ. ഇപ്രകാരമൊക്കെ ചെയ്യുന്നതിൽ അപഹാസ്യത തോന്നാനുംമാത്രം മനുഷ്യത്വമോ വിവേകമോ ഇല്ല ഭരണകൂടത്തിന്. ഇതൊക്കെ ആർക്കുവേണ്ടി ചെയ്യുന്നു. അദാനി, അംബാനിമാർക്കും ഏതാനും കുത്തകകൾക്കും വേണ്ടി.

കോടതിയെ മുൻനിർത്തി നീക്കുപോക്കുണ്ടാക്കാൻനടത്തിയ ശ്രമങ്ങൾ

ജനുവരി 26 ആയപ്പോഴേയ്ക്കും കർഷകസമരം രണ്ടുമാസം പിന്നിട്ടുകഴിഞ്ഞിരുന്നു. അതിനകം പതിനൊന്നുവട്ടം നടന്ന ചർച്ചകളും സർക്കാരിന്റെ പിടിവാശികൊണ്ട് തീരുമാനമാകാതെ പിരിഞ്ഞു. നിയമത്തിലെ വ്യവസ്ഥകളിൽ ചില മിനുക്കുപണികൾ നിർദ്ദേശിച്ചതല്ലാതെ നിയമം റദ്ദാക്കാൻ സർക്കാർ വിസമ്മതിച്ചു, കോടതിയെ മുൻനിർത്തി നീക്കുപോക്കുണ്ടാക്കാനും ശ്രമിച്ചു. എന്നാൽ നിയമപരമായ ഒരു പ്രശ്‌നത്തിനുംവേണ്ടിയല്ല പോരാടുന്നത് എന്നുവ്യക്തമാക്കിക്കൊണ്ട് കർഷകർ കോടതിയുടെ വാതിലിൽ മുട്ടുകയോ ജുഡീഷ്യൽ ഇടപെടൽ തേടുകയോ ചെയ്തില്ല. നിയമങ്ങൾ നിരുപാധികം പിൻവലിക്കണം എന്ന ആവശ്യത്തിൽ അവർ ഉറച്ചുനിന്നു. എന്നാൽ ചീഫ് ജസ്റ്റിസ് നയിക്കുന്ന സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ച് മൂന്ന് കാർഷിക നിയമങ്ങളുടെയും ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു പൊതുതാൽപര്യ ഹർജി പുനസ്ഥാപിച്ചു. അതേ പൊതുതാൽപര്യ ഹർജി, കൃഷി സംസ്ഥാന വിഷയമാകയാൽ ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്താൻ പാർലമെന്റിന് അധികാരമില്ലെന്ന കാരണത്താൽ സുപ്രീംകോടതി നവംബറിൽ തള്ളിക്കളഞ്ഞിരുന്നു. കർഷകരുടെ പ്രതിനിധികളുമായി യാതൊരു കൂടിയാലോചനയുമില്ലാതെ സുപ്രീംകോടതി ഏകപക്ഷീയമായി നാലംഗകമ്മിറ്റിയെ പ്രഖ്യാപിച്ചു. കമ്മിറ്റിയംഗങ്ങൾ നാലുപേരും കാർഷികനിയമത്തിനുള്ള പിന്തുണ പരസ്യമായി പ്രഖ്യാപി ച്ചവരാണ്. സുപ്രീംകോടതിയുടെ മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ല എന്നതിനാൽ കർഷകർ സ്വാഭാവികമായും അത്തരമൊരു വിധിയിൽ അസംതൃപ്തി പ്രകടിപ്പിക്കുകയും കമ്മിറ്റിക്കുമുമ്പിൽ ഹാജരാകുവാൻ വിസമ്മതിക്കുകയും നിയമങ്ങൾ റദ്ദാക്കുന്നതുവരെ സമരംതുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

കാർഷിക നിയമങ്ങൾ ആർക്കുവേണ്ടി

പുതിയ കാർഷിക നിയമങ്ങൾമൂലം കർഷകർക്ക് ഉണ്ടാകാൻ പോകുന്ന സമൃദ്ധിയെക്കുറിച്ച് സർക്കാർ പക്ഷം പ്രകീർത്തനങ്ങൾ ആവർത്തിക്കുമ്പോഴും വാസ്തവം എന്താണ്? ആവശ്യസാധനനിയമം 1955 അട്ടിമറിക്കപ്പെടുന്നതിലൂടെ അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ പരിധിയില്ലാതെ സംഭരിക്കുവാൻ കുത്തകകൾക്ക് അവസരമൊരുക്കുന്നു. ഇത് കൃത്രിമക്ഷാമത്തിനും തുടർന്ന് വിലക്കയറ്റത്തിനും ഇടവരുത്തുമെന്നത് നിസ്തർക്കമാണ്. നിലവിലുള്ള എപിഎംസിആക്ട് സംഭരണത്തിനുമേലുള്ള സ്വകാര്യവത്ക്കരണത്തിന് വിഘാതം സൃഷ്ടിക്കുന്നതാണ്. 7500ളം വരുന്ന മണ്ഡികളിലാണ് 30-32ശതമാനം വരുന്ന കാർഷികഉൽപ്പന്നങ്ങൾ താങ്ങുവിലനൽകി സർക്കാർ സംഭരിക്കുന്നത്. മണ്ഡികൾ നിലനിൽക്കുന്നത് സ്വകാര്യവത്ക്കരണത്തിന് തടസ്സമാണ്. അതുകൊണ്ടാണ് ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്‌സ് ആക്ടിൽ സ്വകാര്യസംഭരണത്തിന് അനുമതി നൽകിയിരിക്കുന്നത്. ഒരിക്കൽ സ്വകാര്യമണ്ഡികൾ സ്ഥാപിക്കപ്പെട്ടാൽ സർക്കാർ സംവിധാനം അട്ടിമറിക്കപ്പെടും എന്നതിന് ആഗോളവത്ക്കരണകാലത്ത് ഉദാഹരണങ്ങൾക്കും അനുഭവങ്ങൾക്കും പഞ്ഞമില്ല. കാർഷിക നിയമം 2020 പാസ്സാക്കപ്പെട്ടതിന് പിന്നാലെ മധ്യപ്രദേശിൽ 247 മണ്ഡികൾ പൂട്ടിയതായിവന്ന റിപ്പോർട്ടുകളും കർണാടകയിൽ റിലയൻസ് ധാന്യം സംഭരിച്ചുതുടങ്ങിതായി വന്ന വാർത്തകളും കർഷകരുടെ ആശങ്കൾ ശരിവയ്ക്കുന്നു. എപിഎംസി മണ്ഡികൾ പൂട്ടപ്പെട്ടാൽ സർക്കാരിന്റെ അധീനതയിൽ ധാന്യങ്ങൾ ഉണ്ടാകില്ല എന്നത് റേഷൻ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കും മരണമണിമുഴങ്ങും. പ്രൈസ് അഷ്വറൻസ് ആന്റ് ഫാം ആക്ട് കരാർ കൃഷിയിലേയ്ക്കുള്ള വഴിയൊരുക്കലാണ്. വിളവാങ്ങുന്നവന് വിളയുടെ ഗുണനിലവാര പരിശോധയ്ക്കുള്ള അവകാശവും ഉറപ്പാക്കുന്നുണ്ട്. തുണ്ടുഭൂമികളിൽ കൃഷിചെയ്യുന്ന കർഷകനെ സംബന്ധിച്ചിടത്തോളം പിടിച്ചുനിൽക്കുക വളരെ പ്രയാസമേറിയതാകും. ആഗോളവത്ക്കരണനയങ്ങളുടെ തുടക്കംമുതൽ ഓരോ നയങ്ങളും കർഷകർക്ക് അനുകൂലമാണ് എന്ന പല്ലവിയോടെയാണ് നടപ്പിലാക്കിത്തുടങ്ങിയത്. ഗാട്ടുകരാർ മുതൽ ആസിയാൻ, ആർസിഇപി കരാറുകളിലെത്തിനില്‍ക്കുന്ന മൂന്നുപതിറ്റാണ്ടുകൊണ്ട് നാലരലക്ഷം കർഷകരാണ് ആത്മഹത്യചെയ്തത്. ഓരോ പന്ത്രണ്ടുമിനിട്ടിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്നു ഇന്ത്യയിൽ. ഈ അനുഭവങ്ങളാണ് സമരഭൂമിയിൽ അടിയുറച്ചുനിൽക്കാൻ കർഷകനെ നിർബന്ധിതനാക്കുന്നത്. ഭരണാധികാരികളുടെ മുഷ്‌ക്കുകൊണ്ട് ജനങ്ങളുടെ മുന്നേറ്റത്തിന് തടയിടാനാകില്ല എന്ന് ഒരിക്കൽക്കൂടെ തെളിയിക്കപ്പെടുന്നു. രണ്ടുമാസമായി ഭരണകൂടം ആസൂത്രിതമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കുത്തിത്തിരിപ്പുകളെ മറികടന്ന്, മോദിയുടെ കുതന്ത്രത്തിൽ പതറാതെ കർഷകർ ശക്തമായി മുന്നോട്ടുതന്നെ. ഗാസിപ്പൂർ ബോർഡറിലെ ഒഴിപ്പിക്കൽ ഭീഷണയിൽ നിന്ന് സർക്കാരിന് പിന്നോട്ടുപോകേണ്ടിവന്നു. ഒഴിഞ്ഞുപോയില്ലെന്നുമാത്രമല്ല, രായ്ക്കുരാമാനം ആയിരക്കണക്കിന് കർഷകർ സമരകേന്ദ്രങ്ങളിൽ ഒഴുകിയെത്തി. കുടിവെള്ളവും ജനറേറ്ററുകളും ഗ്രാമങ്ങളിൽനിന്നെത്തിച്ചു. ടയറിന് പകരം ട്രാക്ടറിന് ഇരുമ്പുചക്രങ്ങൾ പണിതുംതുടങ്ങി കർഷകർ. കാർഷിക നിയമങ്ങൾ നിരുപാധികം പിൻവലിക്കുക, കസ്റ്റഡിയിലെടുത്ത കർഷകരെ വിട്ടയയ്ക്കുക, കള്ളക്കേസുകൾ പിൻവലിക്കുക, വെള്ളം, വൈദ്യുതി, ഇന്റർനെറ്റ് എന്നിവ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളെ മുൻനിർത്തി, റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളോടെ, ഫെബ്രുവരി 6ന് ദേശവ്യാപകമായ പ്രക്ഷോഭം പ്രഖ്യാപിച്ച് സമരം മുന്നോട്ടുതന്നെ. തെരുവിൽ പിന്തുണയ്ക്കുക, ഐതിഹാസികമായ ഈ പ്രക്ഷോഭത്തെ. അതാണ് ഇന്ന് ഇന്ത്യയിൽ ഏതൊരാളുടെയും കർത്തവ്യം.

കര്‍ഷക പ്രക്ഷോഭ ഐക്യദാര്‍ഢ്യജാഥ

രാജ്യം ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും ഐതിഹാസികമായ കർഷക സമരത്തിന്റെ സന്ദേശം കേരളത്തിന്റെ മണ്ണിൽ അങ്ങോളം ഇങ്ങോളം ഹൃദയത്തിൽ സ്പർശിക്കുംവിധം വിളിച്ചറിയിച്ച, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെയും അഖിലേന്ത്യാ കി സാന്‍ ഖേത് മ സ്ദൂര്‍ സംഘടനയുടെയും(എഐകെകെഎംഎസ്)സംയുക്താഭിമുഖ്യത്തില്‍ ജനുവരി 11ന് കാസര്‍ഗോഡുനിന്ന് ആരംഭിച്ച കർഷക സമര ഐക്യദാര്‍ഢ്യ ജാഥ 14 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കി ജനുവരി 26ന് തിരുവനന്തപുരത്ത് സമാപിച്ചു. നിരവധി ബൈക്കുകളിലും മറ്റുവാഹനങ്ങളിലുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജാഥയില്‍ അംഗങ്ങളായി. കാര്‍ഷിക മേഖലയിലെ ഉല്പാദനവും വിതരണവും കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന, വിലക്കയറ്റം രൂക്ഷമാക്കുന്ന, ചെറുകിട-ചില്ലറ വ്യാപാര രംഗത്തെ സമ്പൂര്‍ണമായും തകർക്കുന്ന ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി ബില്‍ 2020 പിൻവലിക്കുക തുടങ്ങിയ ഡിമാൻറുകൾ ഉന്നയിച്ചുകൊണ്ടാണ് ഐക്യദാർഢ്യജാഥ സംഘടിപ്പിച്ചത്. ജനുവരി 11ന് കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ആദ്യ സമ്മേളനം എസ്‌യുസിഐ(സി)സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എഐയുറ്റിയുസി സംസ്ഥാന പ്രസിഡന്റുമായ സഖാവ് ആർ.കുമാർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ജനകീയ സമര നേതാവുമായ ഡോക്ടർ ഡി. സുരേന്ദ്രനാഥ് ഫ്ളാഗ് ഓഫ് ചെയ്തു. എസ്‌യുസിഐ(സി) സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ.കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥാക്യാപ്റ്റനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ സഖാവ് ടി.കെ.സുധീർകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ.സദാനന്ദൻ(ജാഥാ മാനേജര്‍), ജ്യോതി കൃഷ്ണൻ എന്നിവർ സംസാരിച്ചു. സഖാവ് അനൂപ് ജോൺ സ്വാഗതവും സഖാവ് അകിൽ മുരളി കൃതജ്ഞതയും പറഞ്ഞു.അതിശൈത്യത്തെയും മോദി സർക്കാരിന്റെ അപവാദ പ്രചാര രണങ്ങളെയും അടിച്ചമർത്തലുകളെയും മറികടന്ന് കർഷകർ നടത്തുന്ന ഐതിഹാസികമായ സമരത്തോടൊപ്പം മുഴുവൻ ജനങ്ങളും നിലകൊള്ളണമെന്ന ജാഥയുടെ ആഹ്വാനം ആയിരക്കണക്കിന് ജനങ്ങൾ, വിശേഷിച്ചും ഇടതുപക്ഷ പ്രവർത്തകർ ഹൃദയപൂർവ്വം ഏറ്റുവാങ്ങി. ഐക്യദാർഢ്യജാഥയ്ക്ക് വിവിധ ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളിലാണ് ജനങ്ങൾ സ്വീകരണം നൽകിയത്. കക്ഷി രാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറം വിവിധ വിഭാഗം ജനങ്ങൾ എല്ലാ ജില്ലകളിലും ജാഥക്ക് സ്വീകരണം നൽകാൻ മുന്നോട്ടു വന്നുവെന്നത് എസ്‍യുസിഐ(സി)യുടെ ഇടതുപക്ഷ സമരരാഷ്ട്രീയത്തിനുള്ള അംഗീകാരമാണ്.പാലക്കാട്, തൊടുപുഴ, ആലപ്പുഴ ജില്ലയിലെ രാമങ്കരി തുടങ്ങിയ സ്ഥലങ്ങളിൽ നടന്നുവരുന്ന കർഷക സമര ഐക്യദാർഢ്യ അനിശ്ചിതകാല സത്യഗ്രഹ പന്തലുകളിലും കോഴിക്കോട് കാട്ടിലപ്പീടികയിലെ കെ.റെയിൽ വിരുദ്ധ സമരപ്പന്തലിലും ജാഥ ക്യാപ്റ്റൻ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.നിരവധി സാമൂഹിക വ്യക്തിത്വങ്ങൾ ജാഥയുടെ ഭാഗമായി. പ്രമുഖ കർഷക നേതാവ് പി.ടി.ജോൺ, ഡോ. വിൻസന്റ് മാളിയേക്കൽ, ജോർജ്ജ് മുല്ലക്കര, അഡ്വക്കേറ്റ് മാത്യു വേളങ്ങാടൻ, ജോർജ്ജ് മാത്യു കൊടുമൺ(പ്രസിഡന്റ്, കേരള സംസ്ഥാന കർഷക പ്രതിരോധ സമിതി), ഫാദർ എബ്രഹാം ജോസഫ്, പ്രൊഫ. കുസുമം ജോസഫ്, മോഹന്‍ദാസ് (പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍) തോമസ് ജേക്കബ് (ഒറ്റപ്പാലം കർഷക സമര ഐക്യദാർഢ്യ സമിതി വൈസ് ചെയര്‍മാന്‍), പി. മുഹമ്മദ് കുട്ടി (ചേംബർ ഓഫ് കൊമേഴ്സ്), മുസ്തഫ ഹാജി (ആൾ കേരള ഹയർ ഗുഡ്സ് ഓണേഴ്‌സ് അസോസിയേഷന്‍) എന്നിവരും എറണാകുളത്ത് പ്രൊഫ. ജോർജ്ജ് ജോസഫ് (തൃപ്പൂണിത്തുറ ഐക്യദാർഢ്യ സമിതി ചെയര്‍മാന്‍), ടി. രവീന്ദ്രന്‍ (നവോത്ഥാന ശക്തി), അബ്ദുള്‍ ജബ്ബാര്‍ മേത്തര്‍ (ജനകീയ പ്രതിരോധ സമിതി, ആലുവ ), ഇരുമ്പനം ഭാസി(ജെആര്‍എസ്), പി.സി.ജോസഫ്(ജനകീയ പ്രതിരോധ സമി തി, മുവാറ്റുപുഴ), ഇ.എം.മക്കാരുപിളള, കുഞ്ഞമ്മ (സ്ത്രീ സുരക്ഷ സമിതി), സോണി.ടി.മാത്യു(മദ്യ വിരുദ്ധ ജനകീയ സമര സമിതി), ടി.സി.യോഹന്നാന്‍ (യുക്തിവാദി സംഘം), ശങ്കര്‍ എ.സി.(ആം ആദ്മി പാര്‍ട്ടി), ടി. ഡി. സ്റ്റീഫന്‍, കെ.പി.ഗോവിന്ദന്‍ (എഐകെഎഫ്) എന്നിവരും പ്രൊഫ. എൻ.ജെ. ജേക്കബ് (ചെയർമാൻ, ‍ കർഷക സമര ഐക്യദാർഢ്യ സമിതി, തൊടുപുഴ), ടി. ജെ. പീറ്റര്‍ (വൈസ് ചെയര്‍മാന്‍), നിഷ സോമൻ(കൺവീനർ), മനോഹർ നടുവിലേത്ത്, നെല്ലിപ്പാറ ബേബി, പി.സി. ജോളി എന്നിവർ ഇടുക്കിയിലും ഡോ. സൈമൺ ജോണ്‍(സിഎസ്ഐ സെക്രട്ടറി), ടി.എം.സത്യൻ(പശ്ചിമഘട്ട സംരക്ഷണ സമിതി), എൻ.രാമചന്ദ്രന്‍ നായര്‍ (പൗരസമിതി) പത്തനംതിട്ടയിലും, അഡ്വ. ഒ. ഹാരിസ്, റ്റി. ബി. വിശ്വനാഥന്‍, ബി. ദിലീപൻ ആലപ്പുഴയിലും, നൗഷാദ് എസ്. മുഹമ്മദ്(ജനകീയ പ്രതിരോധ സമിതി), ഗോവിന്ദന്‍ (ഐഎന്‍പിഎ) എന്നിവര്‍ കോട്ടയത്തും എ.ജയിംസ്(ജനകീയ പ്രതിരോധ സമിതി), മോഹൻലാൽ (എംസിപിഐ), മോനച്ചന്‍ (സിഎംപി), കോശി പണിക്കര്‍(ഐക്യദാർഢ്യ സമിതി, കുണ്ടറ) എ. റ്റി. ജോസഫ് (ഐക്യദാർഢ്യ സമിതി, പുനലൂര്‍), സുകുമാരന്‍ എടമുളയ്ക്കൽ(ജനകീയ പ്രതിരോധ സമിതി, അഞ്ചൽ), പി. കെ. ഉണ്ണികൃഷ്ണന്‍ (ചെയർമാൻ, ഐക്യദാർഢ്യ സമിതി, അഞ്ചൽ) എന്നിവർ കൊല്ലത്തും സ്വീകരണം നൽകിയവരിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം പള്ളിപ്പുറത്ത് പാഠശേഖര സമിതിയുടെ ചെയർമാൻ ഷറഫുദ്ദീന്‍, ബി.രവി, സൈനുലാബ്ദീൻ, മുഹമ്മദ് അലി, സലിം (ഷഹിൻ ബാഗ് ഐക്യ ദാർഢ്യ സമിതി)സഖാവ് രവി (സിഐറ്റിയു), കുന്നുംപുറം അഷ്‌റഫ്‌ (കർഷക ഐക്യ ദാർഢ്യ സമിതി) നെടുമങ്ങാട് ഐക്യ ദാർഢ്യ സമിതി നേതാക്കളായ എസ്. ശ്രീകുമാർ, എ. ആൽബർട്ട്, മുഹമ്മദ്‌ ഷിബു, ശാർങ്ഗധരൻ, വിദ്യാധരൻ, തുടങ്ങിയ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ സ്വീകരണയോഗങ്ങളിൽ പങ്കെടുത്ത് ജാഥയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയും സ്വീകരണം നൽകുകയും ചെയ്തു.സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കർഷക സമര ഐക്യദാർഢ്യ സമിതികൾ, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി, അഖിലേന്ത്യാ കിസാന്‍ ഖേത് മസ്ദൂര്‍ സംഘടൻ, കേരള സംസ്ഥാന കർഷക പ്രതിരോധ സമിതി, കേരള സംസ്ഥാന സ്ത്രീ സുരക്ഷ സമിതി, കേരള സംസ്ഥാന മദ്യവിരുദ്ധ ജനകീയ സമര സമിതി, നവോത്ഥാന ശക്തി, ഷഹീൻബാഗ് ഐക്യദാർഢ്യ സമിതി, ബാനർ സാംസ്കാരിക സമിതി, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ വിവിധ ജില്ലാ-പ്രാദേശിക കമ്മിറ്റികൾ, യുവകമ്മ്യൂണിസ്റ്റ് ദളം കോംസമോൾ, കുട്ടികളുടെ പ്രസ്ഥാനം പ്രചോദന, മുന്നണി സംഘടനകളായ അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന, ആൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ, ആൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ, ട്രേഡ് യൂണിയന്‍ സംഘടന ആൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍, വിവിധ തൊഴില്‍ മേഖലകളിലെ യൂണിയനുകളായ കേരളാ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ, കേരളാ തയ്യൽ തൊഴിലാളി സെന്റർ, പ്ലാന്റേഷൻ വർക്കേഴ്സ് സെന്റർ, കേരളാ ഷോപ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് വർക്കേഴ്സ് സെന്റർ, കെഎസ്ആര്‍ടിസി വർക്കേഴ്സ് ഫെഡറേഷൻ, ടിമ്പർ വർക്കേഴ്സ് സെന്റർ, ഹെഡ് ലോഡ് വർക്കേഴ്സ് സെന്റർ, കെഎസ്ഇബി വർക്കേഴ്‌ യൂണിയൻ, കെഎസ്ഇബി പിസിസി ലൈൻ വർക്കേഴ്സ് യൂണിയൻ, കശുവണ്ടി തൊഴിലാളി സെന്റർ തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ചും ജാഥയ്ക്ക് സ്വീകരണം നൽകി.എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ വനിതാ വിദ്യാര്‍ഥി യുവജന കലാസംഘം അവതരിപ്പിച്ച ‘ഉണരുന്ന കർഷകർ’ എന്ന തെരുവ് നാടകം അവതരിപ്പിച്ചിടങ്ങളിലെല്ലാം കാണികളുടെ കണ്ണുകളെ ഈറനണിയിച്ചു. കർഷകരുടെ നീറുന്ന പ്രശ്നങ്ങളെ രാഷ്ട്രീയവും സാമൂഹ്യവുമായ മാനത്തിൽ ജീവൽഗന്ധിയായി അവതരിപ്പിച്ച തെരുവ് നാടകത്തിന്റെ രചനയും സംവിധാനവും എഐഡിവൈഒ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശ് ആണ് നിർവ്വഹിച്ചത്. എഐഡിഎസ്ഒ സ്ട്രീറ്റ് ബാന്‍ഡ് അവതരിപ്പിച്ച ഗാനങ്ങൾ പ്രേക്ഷക ഹൃദയങ്ങളില്‍ സമര താളമായി അലയടിച്ചു.ഡൽഹിയിൽ കർഷക ലക്ഷങ്ങൾ സമാന്തര റിപ്പബ്ലിക്ദിന പരേഡ് നടത്തിയ ജനുവരി 26ന് ജാഥ അതി ഗംഭീര റാലിയോടെ തിരുവനന്തപുരത്ത് സമാപിച്ചു. പുത്തരിക്കണ്ടത്ത് നടന്ന സമാപന സമ്മേളനം എസ്‌യുസിഐ(സി) സംസ്ഥാന സെക്രട്ടറി ഡോ.വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗവും ജില്ലാ സെക്രട്ടറിയുമായ സഖാവ് ആര്‍. കുമാര്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യന്‍ കോ-ഓർഡിനേറ്റർ പി.റ്റി.ജോൺ മുഖ്യപ്രസംഗം നടത്തി. കേന്ദ്ര സർക്കാർ എന്തെല്ലാം കുതന്ത്രങ്ങൾ പ്രയോഗിച്ച് സമരത്തെ തകർക്കാൻ ശ്രമിച്ചാലും വിജയം കാണാതെ കർഷകർ മടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെ നിലനിൽപ്പിന്റെ സമരം വിജയിപ്പിക്കാൻ ദേശീയ ട്രേഡ് യൂണിയനുകൾ എത്രയും വേഗം അനിശ്ചിതകാല സമരം പ്രഖ്യാപി ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കേരളത്തിന്റെ മണ്ണിൽ ഈ സമരത്തിന്റെ സന്ദേശം കൊെണ്ടത്തിക്കാൻ ആത്മാർഥമായി പ്രവർത്തിക്കുന്ന എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) പാർട്ടിയുടെ സമർപ്പണത്തെ ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ജാഥ ക്യാപ്റ്റൻ സഖാവ് ടി കെ സുധീർ കുമാറിന് വിവിധ മുന്നണി സംഘടനാ നേതാക്കളും ജനകീയ സമര നേതാക്കളും സ്വീകരണം നൽകി. കർഷകസമരത്തിന് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു കൊണ്ടുളള പ്രമേയം പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം മിനി കെ. ഫിലിപ്പ് അവതരിപ്പിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സഖാക്കൾ ജയ്സൺ ജോസഫ്, എസ്.രാജീവന്‍, ഡോ. പി.എസ്. ബാബു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സഖാക്കൾ വി കെ.സദാനന്ദൻ, ഷൈല കെ.ജോൺ, എസ്. സീതിലാൽ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ട്രാക്ടറുകളുടെയും ബൈക്കുകളുടെയും അകമ്പടിയോടെ പട്ടത്തു നിന്നാരംഭിച്ച ആവേശകരമായ പ്രകടനം പുത്തരിക്കണ്ടത്ത് സമാപിച്ചതിന് ശേഷമാണ് സമ്മേളനം ചേർന്നത്. കർഷക പ്രക്ഷോഭത്തെ ചരിത്ര വിജയമാക്കുവാൻ കൂടുതൽ സമർപ്പിതമായി പൊരുതുവാൻ ഏവർക്കും വമ്പിച്ച പ്രചോദനമായി സംസ്ഥാനതല ഐക്യദാർഢ്യ ജാഥയും സമാപന സമ്മേളനവും.എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്‌) പാർട്ടി മുൻകൈ എടുത്ത് സംസ്ഥാനത്ത് നിരവധി ഐക്യദാർഢ്യ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. അവയുടെ ആഭിമുഖ്യത്തിൽ തുടര്‍ച്ചയായ പ്രചാരണപരിപാടികൾ നടന്നുവരുന്നു. ആലപ്പുഴ രാമങ്കരിയിലെയും തൊടുപുഴയിലെയും സ്ഥിരം സമരപന്തലുകളിൽ കക്ഷി-രാഷ്ട്രീയത്തിന് അതീതമായി നിരവധിപേര്‍ പങ്കെടുക്കുന്നണ്ട്. ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ പങ്കാളിത്തം ജനങ്ങളില്‍ സമരത്തോട് ശക്തമായ ആഭിമുഖ്യം സൃഷ്ടിച്ചിട്ടുണ്ട്. കേരളം സമരത്തോടൊപ്പമാണെന്ന ശക്തമായ സന്ദേശമാണ് ഐക്യദാര്‍ഢ്യ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.

Share this post

scroll to top