ആർഎസ്എസ് – ബിജെപി സംഘത്തിന്റെ വാക്കിലും പ്രവൃത്തിയിലും ഫാസിസത്തിന്റെ കാലൊച്ച മുഴങ്ങുന്നു

Share

കോടിക്കണക്കായ സാധാരണക്കാർക്കുമേൽ, ദുരിതത്തിന്റെ നിഴൽ വീഴുമ്പോൾ ഒരുപിടി അതിസമ്പന്നർ മദിച്ചുവാഴുകയാണ്. മുതലാളിത്ത ജനാധിപത്യത്തിന്റെ ഏറ്റവും പരിപാവനമായ നിയമം തന്നെ, ജനങ്ങളാൽ, ജനങ്ങൾക്കുവേണ്ടിയുള്ള, ജനങ്ങളുടെ – എന്ന വചനമാണ്. രാജ്യത്തിന്റെ വിശാലമായ കമ്പോളം ലാക്കാക്കി സാമ്രാജ്യത്വലോകം ഇന്ത്യയെ വിശേഷിപ്പിക്കുന്നതുതന്നെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം എന്നാണ്. ഇന്ത്യയിലെ കണ്ണുകൾ തുറന്നിരിക്കുന്ന പൗരന്മാർക്ക്, കുറഞ്ഞപക്ഷം ഇപ്പോഴും മനുഷ്യന്റെ ഹൃദയവും തലച്ചോറും ഉൾക്കൊള്ളുന്നവർക്ക്, ചുറ്റും കണ്ണോടിച്ചാൽ കാണാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. അന്തമില്ലാത്ത വിവേചനം എങ്ങനെയാണ് സമത്വത്തെ ഇല്ലായ്മ ചെയ്യുന്നത്; മനുഷ്യത്വരഹിതമായ സാഹചര്യങ്ങളുടെ പടുകുഴിയിലേയ്ക്ക് നിലനിൽപ്പിനായി സാധാരണക്കാരനെ ദാരിദ്ര്യം എടുത്തെറിയുന്നതിന്റെ വ്യാപ്തി; എന്തുമാത്രം ഭീകരമായ അളവിൽ അസഹിഷ്ണുതയും യുക്തിരാഹിത്യവും വളർന്ന് ജനങ്ങളുടെ ജീവിതത്തെ അനൈക്യത്താൽ തകർത്ത് ശിഥിലമാക്കാം, ഇതെല്ലാം അവർക്കു കാണാൻ സാധിക്കും.
ദേശവിരുദ്ധ വർഗ്ഗീയ ചായ്‌വോടെയാണ്
ആർഎസ്എസ് ഉയർന്നുവന്നത്

ഒരൊറ്റ അസ്തമയം കൊണ്ട് ഇങ്ങനെ ദുഃഖകരമായ സാഹചര്യം ഉണ്ടാകില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഇതിന് വർഷങ്ങൾതന്നെ വേണം. ഇക്കാലയളവിനിടയിൽ, ജീവിതത്തിന്റെ എല്ലാ തുറകളിലും കൂടുതൽ കൂടുതൽ ദുരിതങ്ങളിലേയ്ക്ക് ജനങ്ങൾ വലിച്ചിഴയ്ക്കപ്പെട്ടു. ഇതിനെല്ലാം ഉപരിയായി രാജ്യമൊട്ടാകെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ദേശീയ സ്വാതന്ത്ര്യത്തിനായി പൊരുതുമ്പോഴാണ് തങ്ങളുടെ തീവ്രവർഗ്ഗീയതയുടെ പ്രവർത്തനങ്ങളുമായി ആർഎസ്എസ് എന്ന മാരകമായ ഈ സംഘടന നിലവിൽ വന്നത്. ”ഈ രാജ്യത്തിന്റെ പൗരന്മാരാകാൻ ഹിന്ദുക്കൾക്കു മാത്രമേ അവകാശമുള്ളൂ”,”ഇന്ത്യയ്ക്കുള്ളിൽ താമസിക്കുന്ന, പരസ്പരം എതിരാളികളായ രണ്ടു ദേശീയതകളാണ് ഹിന്ദുക്കളും മുസ്ലീങ്ങളും”.- ആർഎസ്എസ്, വീരനായി വാഴ്ത്തുന്ന സവർക്കറുടെ ഇത്തരം വിഭാഗീയ ചിന്തകൾ അടിസ്ഥാനമാക്കിക്കൊണ്ട് ആർഎസ്എസ് ആചാര്യൻ എം.എസ്.ഗോൾവാൾക്കർ കൃത്യമായി അവരുടെ നിലപാട് നിർവ്വചിച്ചിട്ടുണ്ട്. ഗോൾവാൾക്കർ പറഞ്ഞിട്ടുണ്ട്, ”ബ്രിട്ടീഷ് വിരുദ്ധത…..അത് ദേശസ്‌നേഹവും ദേശീയതയുമായി തുലനം ചെയ്യുന്നത് പിന്തിരിപ്പനാണ്”. ”ഹിന്ദുസ്ഥാനിലെ വിദേശവംശങ്ങൾ… ഹിന്ദുരാഷ്ട്രത്തിന്റെ മഹത്വവൽക്കരണമല്ലാതെ മറ്റ് യാതൊരാശയവും വച്ചുപുലർത്താൻ പാടില്ല. അവരുടെ വ്യത്യസ്തമായ നിലനിൽപ്പ് ഉപേക്ഷിക്കണം… അവർക്ക് ഈ രാജ്യത്ത് തുടരാം. പക്ഷേ അത് ഈ ഹിന്ദുരാഷ്ട്രത്തോട് പൂർണ്ണമായും അടിപ്പെട്ടുകൊണ്ട്, പൗരാവകാശങ്ങൾ പോലും അവകാശപ്പെടാതെയയാകണം”. ”വംശത്തിന്റെയും സംസ്‌കാരത്തിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കാൻ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ജർമ്മനി ഉന്മൂലനം നടപ്പാക്കി… ഏറ്റവും ഉയർന്ന വംശാഭിമാനം. ഹിന്ദുസ്ഥാനിൽ പഠിക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്യേണ്ടപാഠം”. ഇതു പറയുന്ന ഗോൾവാൾക്കർ നാസിതലവൻ ഹിറ്റ്‌ലറിൽനിന്നും ഏറെ അകലെയല്ല എന്നു നമുക്കുകാണാം.

ഇത്തരം ദേശവിരുദ്ധ, ഫാസിസ്റ്റ്, വർഗ്ഗീയ ചിന്താപദ്ധതിയിൽ അടിയുറച്ച ആർഎസ്എസും ഹിന്ദുമഹാസഭയും അവരുടെ കൂട്ടാളികളും ദേശീയ സ്വാതന്ത്ര്യസമരത്തിലോ, വിശേഷിച്ചും, 1942-ൽ രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച് ബ്രിട്ടീഷ് ഭരണത്തെ ഉലച്ച ക്വിറ്റ് ഇന്ത്യാ സമരത്തിലോ പങ്കെടുക്കുകയുണ്ടായില്ല. പകരം അവിടെയും ഇവിടെയും വർഗ്ഗീയകലാപങ്ങൾ സൃഷ്ടിച്ച ആർഎസ്എസിനെ സ്വാതന്ത്ര്യാനന്തരം നിരോധിക്കുകയുണ്ടായി. നെഹ്‌റുവിന്റെ കീഴിലുള്ള അന്നത്തെ കോൺഗ്രസ്സ് സർക്കാർ നിരോധനം നീക്കി അധികം കഴിയുന്നതിനുമുമ്പുതന്നെ, ഗോവധം, ഉർദ്ദുഭാഷ തുടങ്ങിയവയ്‌ക്കെതിരെ അവർ പ്രചാരണത്തിനിറങ്ങുകയും, താമസംവിനാ മുസ്ലീംവിരുദ്ധ കലാപങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ഇടർച്ചയില്ലാതെ തങ്ങളുടെ ദോഷകരമായ പ്രവർത്തനങ്ങൾക്കും വീക്ഷണങ്ങൾക്കും രൂപം കൊടുത്തുകൊണ്ടിരുന്ന വർഗ്ഗീയ ശക്തിയായ ആർഎസ്എസ് നിശ്ശബ്ദമായി ചിറകുകൾ ഒതുക്കി കാത്തിരിക്കുകയായിരുന്നു. തങ്ങളുടെ രാഷ്ട്രീയ ഉപകരണങ്ങൾ- നേരത്തേ ജനസംഘം, ഇപ്പോൾ ബിജെപി-ഉപയോഗിച്ചുകൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ ഉയർന്നുവരാനുള്ള എല്ലാ മാർഗ്ഗവും അവർ ഉപയോഗിച്ചു. അവസാനം, അന്നത്തെ കോൺഗ്രസ്സ് സർക്കാരിന്റെ മൃദുഹിന്ദുത്വ നടപടികളും, സിപിഐ-സിപിഐ(എം) അടക്കമുള്ള വോട്ട് -അധിഷ്ഠിത അനുരഞ്ജന രാഷ്ട്രീയം കളിക്കുന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളും മൂലം ബിജെപി അധികാരത്തിലെത്തി. 1998 മുതൽ 2004 വരെ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ കൂട്ടുകക്ഷി ഭരണത്തിലൂടെയും പിന്നീട് 2014-ൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിക്കൊണ്ടും ബിജെപി അധികാരത്തിലെത്തി.

ആർഎസ്എസിനും ബിജെപിക്കുമായി രാജ്യം തുറന്നുകൊടുത്തിരിക്കുന്നു

ബിജെപി അധികാരത്തിലെത്തിയതോടുകൂടി, പരമ്പരാഗതമായി എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടെങ്കിലും ഒരു മതേതര ജനാധിപത്യരാജ്യമായി അറിയപ്പെട്ടിരുന്ന ഈ വിശാല ഭൂവിഭാഗം ആർഎസ്എസിനായി തുറന്നിട്ടിരിക്കുന്നു. അവരുടെ അജൻഡകൾ ഇനി ഒളിച്ചുവെയ്‌ക്കേണ്ട ആവശ്യമില്ലാതായിരിക്കുന്നു. അവർക്കിപ്പോൾ കേന്ദ്രത്തിലും, പല സംസ്ഥാനങ്ങളിലും അധികാരമുള്ളതുകൊണ്ടുതന്നെ, തങ്ങളുടെ അജൻഡകൾ സംരക്ഷിക്കുവാനും വളർത്തുവാനും മൊത്തം ഭരണകൂട സംവിധാനംതന്നെ സ്വന്തമായിരിക്കുന്നു. തങ്ങളുടെ അജൻഡകൾക്കുമേൽ തീവ്രമായി പ്രവർത്തിക്കുവാൻ അവർ ആരംഭിച്ചിരിക്കുന്നു. തങ്ങളുടെ ലക്ഷ്യങ്ങളെ -അത് പലപ്പോഴും ന്യൂനപക്ഷ സമുദായങ്ങളാകും- ഒറ്റപ്പെടുത്തി, അന്യവൽക്കരിച്ച്, ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്യുക, വേണ്ടിവന്നാൽ കൊലപാതകങ്ങൾ തന്നെ നടത്തുക എന്നതാണ് അവരുടെ മാർഗ്ഗം. എന്നാൽ കുറച്ചുസമയത്തിനുശേഷം സ്ഥിരമായ അക്രമം ഒരു പക്ഷേ വേണ്ടിവന്നേക്കില്ല. അക്രമത്തിനുള്ള സാധ്യതതന്നെ ഒരു പ്രദേശത്ത് ലക്ഷ്യം വയ്ക്കുന്ന സമുദായത്തിന്റെ പാർശ്വവൽക്കരണത്തിനും അന്യവൽക്കരണത്തിനും ആക്കംകൂട്ടി അവസാനം അവരുടെ സമ്പൂർണ്ണ വിധേയത്വത്തിനോ കൂട്ട പാലായനത്തിനോ തന്നെ വഴിവെച്ചേക്കാം.
ബിജെപി നേതൃത്വത്തിലുള്ള വാജ്‌പേയ് സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്ന സമയത്താണ് ഈ അജൻഡയ്ക്ക് ഗുജറാത്തിൽ രൂപംകൊടുത്ത് നടപ്പാക്കുന്നത്. ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രി. അവിടെ, 2002-ൽ ബീഭൽസമായ, മുസ്ലീം വിരുദ്ധ ഗുജറാത്ത് വംശഹത്യ, അതിശ്രദ്ധയോടെ ആസൂത്രണം ചെയ്ത്, ഗുജറാത്തിലും കേന്ദ്രത്തിലുമുള്ള അന്നത്തെ സർക്കാരുകളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയോടെയാണ് നടപ്പാക്കിയത്. അന്നത്തെ ഗുജറാത്ത് സർക്കാരിന്റെ ഭാഗമായിരുന്ന, ഈ കൂട്ടക്കുരുതിയെ പിന്തുണക്കാതിരുന്ന, ചില ഉന്നതോദ്യോഗസ്ഥരും ചില മന്ത്രിമാരും ഇത് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ലക്ഷ്യംവച്ച ന്യൂനപക്ഷ സമുദായത്തിന്റെ വേരറുത്ത്, ക്രൂരമായി കൊലപ്പെടുത്തി, പൂർണ്ണമായും ഭയപ്പെടുത്തി അനങ്ങാൻ പറ്റാത്ത അവസ്ഥയിലെത്തിച്ച ശേഷമാണ് അന്നത്തെ കേന്ദ്രസർക്കാരും അതിന്റെ തലവൻ വാജ്‌പേയിയും സംസ്ഥാന സർക്കാരിനെ പേരിന് ഒന്നു വിമർശിച്ചത്. അന്ന് വാജ്‌പേയ് അവരെ ‘രാജധർമ്മത്തെ’ക്കുറിച്ച്, അതായത് സർക്കാർ നിയമത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത് കേവലം കൈയടികിട്ടാൻ വേണ്ടി മാത്രമായിരുന്നു.
ഇന്ന്, ഇന്ത്യൻ മുതലാളിത്തത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ സാമ്രാജ്യത്വമോഹംകൂടി വഹിക്കുന്ന ഭരിക്കുന്ന കുത്തകകൾക്ക് അവരുടെ വിശ്വസ്തരായിരുന്ന കോൺഗ്രസ്സ് പാർട്ടിയിൽ- ദുർഭരണവും, അഴിമതിയും മൂലം ജനങ്ങളെ കബളിപ്പിക്കാനുള്ള അവരുടെ കഴിവിൽ- വിശ്വാസം നഷ്ടപ്പെടുകയും മറ്റൊരു വിശ്വസ്ത രാഷ്ട്രീയമുഖമായ ബിജെപിയിലേയ്ക്ക് വിശ്വാസം അർപ്പിക്കുകയും ചെയ്തു. ഇന്ത്യൻ കുത്തകകളിലേയും കോർപ്പറേറ്റുകളിലെയും ഗണ്യമായ ഒരു വിഭാഗം തങ്ങളുടെ വർഗ്ഗതാൽപ്പര്യങ്ങളെ സേവിക്കുവാനും അതിനെ പറഞ്ഞു ഫലിപ്പിക്കുവാനുമുള്ള മോദിയുടെ കഴിവിനെ ശ്രദ്ധിക്കുകയുണ്ടായി. അതുപോലെതന്നെ കപടവാഗ്ദാനങ്ങളിലൂടെയും മധുരവാക്കുകളിലൂടെയും ജനത്തെ തെറ്റിദ്ധരിപ്പിക്കുവാനും, ആർഎസ്എസിന്റെ വിഷമയമായ തന്ത്രങ്ങളിലൂടെ വർഗ്ഗീയമായി ജനങ്ങളെ ധ്രുവീകരിച്ച് നിലനിർത്തുന്നതിനുമുള്ള മോദിയുടെ കഴിവിനേയും അവർ കണക്കിലെടുത്തു. തങ്ങളുടെ കൈവശമുള്ള മാധ്യമങ്ങളെയും പരസ്യസംവിധാനങ്ങളേയും ശ്രദ്ധയോടും കൗശലത്തോടും ഉപയോഗിച്ചുകൊണ്ട്, ‘ഒരു ശക്തനായ ഭരണാധികാരി’, ‘വികസനത്തിന്റെ പ്രതിപുരുഷനായി മാറാൻ കഴിവുള്ളയാൾ’, ദീർഘവീക്ഷണമുള്ള രാഷ്ട്രശിൽപ്പി തുടങ്ങിയ കൃത്രിമമായ പ്രതിച്ഛായ അവർ മോദിക്കായി സൃഷ്ടിച്ചു. ഇതിന്റെ യഥാർത്ഥലക്ഷ്യമാകട്ടെ യാതൊരു തടസ്സവുമില്ലാതെ തങ്ങളുടെ ഹീനമായ വർഗ്ഗതാൽപ്പര്യങ്ങൾ നടപ്പാക്കുന്നതിന് സംരക്ഷണവും ‘അച്ഛേദിൻ’ എന്ന കാപട്യപ്രചാരണത്തിലൂടെ ദരിദ്രരേ വഞ്ചിക്കുക, വർഗ്ഗീയ വികാരം ആളിക്കത്തിച്ച് അവരുടെ ഐക്യത്തിനു തുരങ്കംവെയ്ക്കുക ഇതൊക്കെയായിരുന്നു ലക്ഷ്യങ്ങൾ എന്ന് എടുത്തുപറയേണ്ടതില്ല. ഇതോടൊപ്പം, ഉയർന്നുവരുന്ന മധ്യവർഗ്ഗത്തെ ആകർഷിച്ച് ഹിന്ദുത്വ അധിഷ്ഠിത സാമൂഹികാശയങ്ങൾ സ്വീകരിക്കുന്നതിലേയ്ക്ക് പതുക്കെ അവരെ പരുവപ്പെടുത്താനുമുള്ള പദ്ധതിയും വിഭാവനം ചെയ്യപ്പെട്ടു. ഈ രീതിയിൽ, ചായക്കച്ചവടക്കാരനായുള്ള മോദിയുടെ എളിയതുടക്കത്തെ മഹത്വവൽക്കരിച്ച്, സാധാരണക്കാർക്ക് തങ്ങളിലൊരാളെന്ന തോന്നൽ ഉണ്ടാക്കിയതും എന്നാൽ കടുത്ത ആർഎസ്എസ് പ്രവർത്തകൻ എന്ന നിലയിലുള്ള തീവ്രപരിശീലനവും വിശ്വസ്തതയും ഈ പദ്ധതിയോട് വളരെയധികം യോജിച്ചു. അതിനുശേഷം പ്രതിസന്ധിഗ്രസ്തമായ മുതലാളിത്തഭരണത്തിന് ആയുസ് നീട്ടിക്കൊടുക്കുവാനും, ജനങ്ങളെ കൂടുതൽ ചൂഷണം ചെയ്യുവാനുമുള്ള ദ്വിമുഖമായപ്രയത്‌നം ആരംഭിച്ചു. ഒരു വശത്ത്, ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ദൃഢമായ പിന്തുടരലിനുള്ള തങ്ങളുടെ ആശയങ്ങൾ ഏതുവിധേനയും നടപ്പാക്കാനുള്ള സംഘപരിവാറിന്റെ പ്രചാരണം ആരംഭിച്ചു. ഇതിലൂടെ അങ്ങേയറ്റം മോശമായ സാമൂഹികസാഹചര്യമാണ് സൃഷ്ടിക്കപ്പെടുക. മറുവശത്ത്, ജനങ്ങൾക്ക് അനുകൂലമായ നയങ്ങൾ നടപ്പാക്കുന്ന വികസന പ്രതിപുരുഷനായി മോദിയെ അവതരിപ്പിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ ദയയില്ലാതെ ചൂഷണം ചെയ്യുന്ന മുതലാളിത്തത്തിന്റെയും ഭരണകുത്തകകളുടെയും ആകമാന താൽപ്പര്യങ്ങളുടെ പ്രതിനിധിയാണ് അയാൾ.

ആർഎസ്എസിന്റെ ഉയർച്ചയെന്നാൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും യുക്തിചിന്തയുടെയും സാഹോദര്യത്തിന്റെയും വിനാശമെന്നാണ് അർത്ഥം

ഇത് ആർഎസ്എസിന്റെ സുവർണ്ണകാലമാണെന്നത് വളരെ വ്യക്തമായി. മോദി അധികാരത്തിലേറുന്നതിന് മുമ്പ്, യുപിയിലെ മുസഫർനഗറിൽ വളരെ വ്യക്തമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ക്രൂരമായ വർഗ്ഗീയകലാപത്തിലൂടെ ന്യൂനപക്ഷ സമുദായത്തെ ഭയപ്പെടുത്തുകയും ഭൂരിപക്ഷത്തിന്റെയുള്ളിൽ വർഗ്ഗീയ വിഷം കുത്തിവയ്ക്കുകയും ചെയ്തു. അത് ഇരകളെ തകർത്തുതരിപ്പണമാക്കുകയും ബിജെപിയെ വിജയിയാക്കുകയും ചെയ്തു. തടയണകൾ അപ്രത്യക്ഷമായി. ന്യൂനപക്ഷ പീഡനത്തിന്റെ പുതിയ പുതിയ വഴികൾ ഓരോ സംഭവത്തിനുശേഷവും കണ്ടുപിടിക്കപ്പെട്ടു. ഗോമാംസത്തിന്റെയും ഗോവധത്തിന്റെയും പേരിൽ ദളിതരേയും മുസ്ലീങ്ങളേയും പരസ്യമായി ആക്രമിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്നതിന്റെ വാർത്തകൾ പലസ്ഥലങ്ങളിൽനിന്നും നാം കേട്ടുതുടങ്ങി. വർഗ്ഗീയ കലാപങ്ങൾക്കു തിരികൊളുത്താനായി ബുർഖധരിച്ചെത്തി ക്ഷേത്രങ്ങളിലേയ്ക്ക് ഗോമാംസം വലിച്ചെറിഞ്ഞ ആർഎസ്എസുകാരെ കൈയോടെ പിടികൂടുന്ന സംഭവങ്ങളും ഉണ്ടായി. ഹിന്ദുപെൺകുട്ടികളെ മുസ്ലീംയുവാക്കൾ വശീകരിച്ചുകൊണ്ടുപോകുന്നു എന്ന കുറ്റാരോപണവും ന്യൂനപക്ഷ സമുദായത്തിനുമേൽ ”ലൗജിഹാദ്” എന്ന പേരിൽ ഹിന്ദുത്വസംഘടനകൾ നടത്തിയിരുന്നു. രാജ്യത്തിന്റെ ജനസംഖ്യ ക്രമാതീതമായി വർദ്ധിപ്പിച്ച് ജനങ്ങളുടെ ദുരിതം കൂട്ടുന്നുവെന്ന യുക്തിരഹിതമായ വ്യാജ ആരോപണം മുസ്ലീംസമുദായത്തിനുമേൽ ചാർത്തുന്നു. സാക്ഷി മഹാരാജിനെപോലെയുള്ള ബിജെപി എംപിമാർ പരസ്യമായിതന്നെ, യാതൊരു ഭയവുമില്ലാതെ ഇത്തരം മുസ്ലീം വിരുദ്ധ പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നു. ഒരു പ്രദേശത്തു താമസിക്കുന്ന മുസ്ലീങ്ങൾ ഭീകരപ്രവർത്തകർക്കു സംരക്ഷണം കൊടുക്കുന്നതായുള്ള കിംവദന്തികൾ പരക്കുന്നു. ക്ഷേത്രങ്ങൾക്കുമേൽ പലയിടത്തും ആക്രമണങ്ങൾ നടന്നു എന്ന വ്യാജവാർത്തകൾ പരത്തിയും ഹിന്ദുക്കളുടെ സ്വത്തുക്കൾ ന്യൂനപക്ഷങ്ങൾ തട്ടിയെടുക്കുന്നതായി പ്രചരിപ്പിച്ചും, അത് മറയാക്കിക്കൊണ്ട് മുസ്ലീം-ക്രിസ്ത്യൻ ആരാധനാലയങ്ങൾ തകർക്കുന്നു. അഹിന്ദുക്കളായ വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ചില ഗ്രാമങ്ങളിൽ കടക്കുന്നതിനുതന്നെ വിലക്ക് ഏർപ്പെടുത്തുന്നു. ഹിന്ദുമതവിശ്വാസികൾ ആണെങ്കിൽ കൂടി ചില ഗ്രാമങ്ങളിൽ ദളിതരെ ക്രൂരമായി ഭ്രഷ്ട് കൽപ്പിച്ചു മാറ്റിനിർത്തുന്നു. മറ്റു മതങ്ങളിലേയ്ക്ക് നിർബന്ധിത മതപരിവർത്തനം നടത്തുന്നതായി, വസ്തുതകളുമായി യാതൊരു ബന്ധവുമില്ലെങ്കിലും, കൃത്യമായി ആസൂത്രണം ചെയ്ത മുറവിളികൾ ഉയർത്തുന്നു. പിന്നീട് അതു കാരണമാക്കിക്കൊണ്ട്, ന്യൂനപക്ഷ സമുദായാംഗങ്ങളെ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ ‘ശുദ്ധീകരണത്തിനും’ ‘ഘർവാപ്പസി'(വീട്ടിലേയ്ക്കുള്ള തിരിച്ചുവരവ്)ക്കും വിധേയരാക്കുന്നു. സ്‌കൂളിൽ ഹിന്ദു ആചാരങ്ങൾ നിർബന്ധിതമാക്കുന്നു. കോളേജുകളിലാകട്ടെ, മുസ്ലീങ്ങൾ കാരണമാണ് ഹിന്ദുയുവാക്കൾക്ക് തൊഴിൽ ലഭിക്കാത്തതെന്ന് പ്രചരണം നടത്തുന്നു. സർവ്വകലാശാല വിദ്യാർത്ഥികളിൽ, ചിലപ്പോൾ ദളിതരോ, ചിലയിടത്ത് ഇടതുപക്ഷ ആശയംപേറുന്നവരോ ആയവരെ, സർക്കാരിനെതിരെ വിമർശനപരമായ വീക്ഷണം വച്ചുപുലർത്തുന്നതിന്റെ പേരിൽ നിരന്തരമായി പീഡിപ്പിക്കുന്നു. ഇത് ബിജെപിയുടെ വിദ്യാർത്ഥിവിഭാഗം മാത്രമല്ല ചെയ്യുന്നത്; അധികാരികളും, എന്തിന് ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രാദേശിക നേതാക്കളും കേന്ദ്രമന്ത്രിമാരുംവരെ. ഹൈദരാബാദ് സർവ്വകലാശാലയിലെ ദളിത് വിദ്യാർത്ഥി, രോഹിത് വെമുലയെ വേട്ടയാടി, പീഡിപ്പിച്ച്, വിവേചനം കാട്ടി ആത്മഹത്യ ചെയ്യാൻ പ്രകോപിപ്പിച്ചതുതന്നെ ഇതിന്റെ പ്രകടമായ ഉദാഹരണം. ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽനിന്നും ഒരു മുസ്ലീംവിദ്യാർത്ഥിയുടെ ദുരൂഹമായ തിരോധാനം മറ്റൊരു ഉദാഹരണം. ഒന്നിനുപിറകേ ഒന്നായി സ്വതന്ത്രപുരോഗമനവാദികളായ ചിന്തകരും സാമൂഹ്യപ്രവർത്തകരും ഒറ്റപ്പെടുത്തപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നു. അടുത്തകാലത്ത്, സവർക്കറും ഗോൾവാൾക്കറും സ്ഥാപിച്ച ആശയപരിസരങ്ങളിൽനിന്നുകൊണ്ട് ഇപ്പോഴത്തെ ആർഎസ്എസ് തലവൻ മോഹൻഭഗവത്, അൽപ്പംപോലും മര്യാദയോ നിയന്ത്രമണോ ഇല്ലാതെ ആഹ്വാനം ചെയ്തത്, രാജ്യമൊട്ടാകെയുള്ള ഹിന്ദുക്കൾ ഒരു ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി ശക്തി സ്വരൂപിക്കണമെന്നാണ്. മുസ്ലീങ്ങൾക്കെതിരായ വെറുപ്പിലും വിദ്വേഷത്തിലും അധിഷ്ഠിതമാണ് താൻ പ്രചരിപ്പിക്കുന്ന സിദ്ധാന്തമെന്ന സത്യം, അദ്ദേഹം മറച്ചുവെച്ചു. വിദ്യാഭ്യാസരംഗത്ത്, ഇന്ന് വ്യാപകമായി സ്വകാര്യവൽക്കരണവും കച്ചവടവൽക്കരണവും നടത്തുന്നതുവഴി പാവപ്പെട്ട കുട്ടികൾക്ക്‌വിദ്യാഭ്യാസ അവകാശംതന്നെ നിഷേധിക്കപ്പെടുന്നു. ആർഎസ്എസ് -ബിജെപി കൂട്ടുകെട്ട് നഗ്നമായിത്തന്നെ വിദ്യാഭ്യാസ-സാംസ്‌ക്കാരിക സ്ഥാപനങ്ങളുടെ സ്വയംഭരണം പരിമിതപ്പെടുത്തുന്നു, ചരിത്രത്തെ വളച്ചൊടിക്കുന്നു. ശാസ്ത്രീയവും മതേതരവും ജനാധിപത്യപരവുമായ വിദ്യാഭ്യാസത്തിന്റെ സ്ഥാനത്ത്, പാഠപുസ്തകത്തിലും പാഠ്യപദ്ധതിയിലും വർഗ്ഗീയചിന്തകൾ കുത്തിനിറക്കുന്നു. അങ്ങനെ, രാജ്യത്ത് അസഹിഷ്ണുതയും യുക്തിരാഹിത്യവും ദുർഗന്ധം വമിപ്പിക്കുന്നവർഗ്ഗീയതയും നിർബാധം ആളിപടർത്താനുള്ള തീവ്രശ്രമങ്ങൾ നടത്തുന്നു. ദീർഘകാലത്തെ നിരന്തരപ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത യുക്തിപരവും മതേതരവുമായ വീക്ഷണം, സാമുദായിക സൗഹാർദ്ദം, ജനാധിപത്യരീതികളും അവകാശങ്ങളു,ം ആവിഷ്‌ക്കാരസ്വാതന്ത്ര്യം എന്നിവയെല്ലാം കൂടുതൽ കൂടുതൽ പരിമിതപ്പെടുന്നു. അൽപ്പമെങ്കിലും യുക്തിചിന്തബാക്കിയുള്ളവർക്ക് ഇത് ഞെട്ടലുണ്ടാക്കേണ്ടതാണ്. സാധാരണക്കാരെയും ഇത് പരിഭ്രാന്തരാക്കുന്നു. അനീതിക്കെതിരെ വമ്പിച്ച തോതിൽ ജനം പ്രക്ഷോഭത്തിനിറങ്ങിയ നാടാണിത്. ജനങ്ങളെ അതിശക്തമായ പ്രക്ഷോഭരംഗത്തേയ്ക്കിറക്കിയിരുന്ന, ഇടതുപക്ഷ മൂല്യങ്ങൾ പ്രസംഗിക്കുന്ന അതിശക്തരായ രാഷ്ട്രീയ ശക്തികൾക്ക് പിന്നെ എന്തുപറ്റി? ഇടതുപക്ഷ മേലങ്കിയണിഞ്ഞ വമ്പൻപ്രസ്ഥാനങ്ങൾ യഥാർത്ഥത്തിൽ വെറും സോഷ്യൽ ഡെമോക്രാറ്റിക് ശക്തികൾ മാത്രമാണെന്നും ജനങ്ങളുടെ അമർഷത്തെ മുതലെടുത്ത് അവർ സമരങ്ങൾ സംഘടിപ്പിക്കുമെങ്കിലും അതെല്ലാം ബാലറ്റ്‌പെട്ടിയിൽ വോട്ടുകൾ നേടാനുള്ള യുദ്ധത്തിൽ അവസാനിക്കുകയാണ് പതിവെന്നും കുറച്ചു സമയമെടുത്തെങ്കിലും ജനങ്ങൾ മനസ്സിലാക്കിക്കൊണ്ടേയിരിക്കുന്നു. പാർലമെന്ററി അധികാരത്തിനും അതിന്റെ സുഖസൗകര്യങ്ങൾക്കുമായുള്ള മോഹത്തിൽ അവരുടെ എല്ലാ വിപ്ലവവീര്യവും തണുക്കുകയാണ് പതിവ്. ഇതേ പാർലമെന്ററി സംവിധാനം തന്നെയാണ് ഇന്ന് ജനത്തെ ഇരുട്ടറകളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത്. അനിവാര്യമായ മുതലാളിത്ത പ്രതിസന്ധിയുടെ ഈ കാലത്തിലും പാർലമെന്ററി അധികാരത്തിലെ തങ്ങളുടെ സ്ഥാനത്തിനായി അവർ കൂടുതൽ ഓടിനടക്കുമ്പോൾ, ഈ സംവിധാനത്തിന്റെ സേവകരായി ഭരണമുതലാളിത്തത്തിന്റെ സേവകരായി അവർ കൂടുതലായി പരിവർത്തനപ്പെടുന്നു. ഭരണകൂടത്തിനും കുത്തകകൾക്കും മുതലാളിത്തത്തിനും എതിരായ ജനകീയ മുന്നേറ്റങ്ങളുടെ പാതയിൽനിന്നും അവർ ക്രമമായി പിൻവാങ്ങുന്നു എന്നതാണ് ഇതിന്റെ പ്രത്യക്ഷത്തിലുള്ള ഫലം. അടിച്ചമർത്തൽ, ജനങ്ങളുടെ താൽപ്പര്യമില്ലായ്മ; അങ്ങനെ വാദപ്രതിവാദങ്ങൾക്ക് യാതൊരു കുറവുമല്ല. എന്നാൽ പൊള്ളുന്ന യാഥാർത്ഥ്യമെന്തെന്നാൽ, തങ്ങളുടെ യജമാനന്മാരുടെ അപ്രീതി ഒരുതരത്തിലും പിടിച്ചുപറ്റാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് അവർ ജനകീയ സമരങ്ങളുടെ വേദി വിടുന്നത്. അങ്ങനെ വരുമ്പോൾ, ഈ വിശാലമായ രാജ്യമൊന്നാകെ കടുത്ത പിന്തിരിപ്പൻ ശക്തികൾക്ക് കടന്നുവരാനും തങ്ങളുടെ കളികൾ നിർബാധം നടത്താനുമായി തുറന്നിടുകയാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷ മേലങ്കിയണിയുന്നവരുടെ വിധേയത്വവും നിഷ്‌ക്രിയത്വവും സംഘപരിവാർ ശക്തികൾക്ക് അനുഗ്രഹമായിത്തീർന്നു.

മോദിയും രണ്ടുവർഷത്തെ ഭരണവും

എന്നാൽ ജനങ്ങൾക്ക് ഇതൊരു അവസാനമാകുന്നില്ല. നിർദയമായ മുതലാളിത്ത ചൂഷണം അവരുടെ തൊലിയുരിക്കുകയാണ്. അവരുടെ അമർഷവും വെറുപ്പും വളർന്ന് പൊട്ടിത്തെറിയുടെ വക്കിലെത്തുന്നു. ഇതിലൊക്കെ ഉപരിയായി, സംഘപരിവാറിന്റെ ഹിന്ദുത്വ അജൻഡയുടെ ശല്ല്യം തിരികൊളുത്തുന്ന, യുക്തിരാഹിത്യത്തിന്റെയും, അസഹിഷ്ണുതയുടെയും, വർഗ്ഗീയതയുടെയും ദുഷിച്ച പശ്ചാത്തലത്തിൽനിന്നും ഉരുത്തിരിയുന്ന ഭയവും അവിശ്വാസവും. ജനങ്ങളുടെ കണ്ണിൽ പൊടിയിടുക എന്ന കൗശലപൂർവ്വമായ തന്ത്രമാണ് മോദി ഭരണം സ്വീകരിച്ചിരിക്കുന്നത്. വളരെ വാചാലനായ പ്രധാനമന്ത്രി, എന്തെങ്കിലും വർഗ്ഗീയസംഭവം ഉണ്ടായാൽ ഒന്നുകിൽ നിശ്ശബ്ദത പാലിക്കും, അല്ലെങ്കിൽ ആ മുറിവ് ആഴും കൂടുന്നതുവരെ കാത്തിരിക്കും. അതിനുശേഷമേ അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളും സഹിഷ്ണുതയ്ക്കായി ആവശ്യപ്പെടൂ. അപ്പോഴും മറ്റുചിലർ പ്രശ്‌നങ്ങൾ മുന്നോട്ടുകൊണ്ടുേപാകുന്നുണ്ടാകും. കുത്തകകളുടെ ഓമനയായ നരേന്ദ്രമോദി അധികാരത്തിൽ ഏറാൻവേണ്ടി ഉപയോഗിച്ച വികസനമുദ്രാവാക്യത്തിനൊപ്പിച്ച് അവർ ഇതിനൊപ്പം താളം പിടിക്കാനും ആരംഭിക്കും. പക്ഷേ, അടിത്തട്ടിൽ ഒളിഞ്ഞുകിടക്കുന്നതെന്തെന്ന് കാണിച്ചുതരാൻ ഈ രണ്ടുവർഷത്തെ ബിജെപി ഭരണം തന്നെ ധാരാളമാണ്.

ഈ വികസന കൊട്ടിഘോഷങ്ങളുടെ എല്ലാ വശങ്ങളും അസത്യവും വ്യാജവുമായ സാമഗ്രികളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കൗശലത്തോടെ മെനഞ്ഞെടുക്കുന്നതാണ്. മോദി ജനങ്ങൾക്ക് ‘അച്ഛേദിൻ’-നല്ലദിനങ്ങളാണ് വാഗ്ദാനം ചെയ്തത്. എന്നാൽ കഴിഞ്ഞ രണ്ടുവർഷത്തെ ഭരണത്തിനിടയ്ക്ക് മോദി നൽകിയ സമ്മാനങ്ങളെന്തെന്ന്, എന്തുമാത്രം നല്ലതാണ് ഈ ദിവസങ്ങളെന്ന് ജനത്തിന് മനസ്സിലാക്കാവുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ ന്യൂനപക്ഷകാര്യമന്ത്രി അവകാശപ്പെടുന്നത്, മോദിഭരണത്തിനുകീഴിൽ സാമുദായിക സംഘർഷങ്ങൾ കുറഞ്ഞു എന്നാണ്. എന്നാൽ 2016 ഫെബ്രുവരി 24 ന് പാർലമെന്റിൽ ഉന്നയിച്ചചോദ്യത്തിന് കേന്ദ്രസർക്കാർ നൽകിയ മറുപടി മറിച്ചാണ് കാണിക്കുന്നത്. വർഗ്ഗീയ സംഘർഷങ്ങൾ വർദ്ധിക്കുന്നു. (2014 -ലെ 644-ൽ നിന്നും 2015-ൽ 17% വർദ്ധന) വർഗ്ഗീയ സംഘട്ടനങ്ങളിൽ കൊല്ലപ്പെടുകയോ, പരിക്കേൽക്കുകയോ ചെയ്യുന്നവരുടെ എണ്ണം കൂടുന്നു എന്നുതന്നെയാണ് അത് വെളിപ്പെടുത്തിയത്. പതിറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്ലീങ്ങളും സാമുദായിക മൈത്രിയിൽ കഴിഞ്ഞിരുന്ന മുസഫർനഗറിലെ 2013 സെപ്തംബറിൽനടന്ന കലാപമടക്കം 50 ഓളം ചെറുതുംവലുതുമായ വർഗ്ഗീയ കലാപങ്ങളിലൂടെയാണ് മോദിക്ക് ഡൽഹിയിൽ ചുവന്ന പരവതാനി വിരിക്കപ്പെട്ടത്. ഇനി സാമ്പത്തികമേഖലയിലോ? ട്രെയിൻ യാത്രാക്കൂലിയും ചരക്കുകൂലിയും വർദ്ധിപ്പിച്ചതിലൂടെ സമസ്ത സാധനങ്ങൾക്കും വില കൂടി. അവശ്യമരുന്നുകളുടെ പോലും വിലനിയന്ത്രണം നീക്കിയതിലൂടെ ആരോഗ്യ ബജറ്റ് താളംതെറ്റി. ആതുരസേവനത്തെ ചരക്കായി പ്രഖ്യാപിച്ചതിലൂടെ ജനത്തെ ദുരിതത്തിലേയ്ക്കും കോർപ്പറേറ്റ് മരുന്നുകമ്പനികളെ ലാഭത്തിലേയ്ക്കും നയിച്ചു. സേവനനികുതി എല്ലായിടത്തും വ്യാപിപ്പിച്ച്, പണം നൽകി വാങ്ങുന്ന എല്ലാ സേവനങ്ങളുടെയും വില വീണ്ടും കൂട്ടി. രാജ്യത്തെ ശുചിയാക്കാനെന്ന പേരിൽ സ്വച്ഛഭാരത് സെസ്സ് അടിച്ചേൽപ്പിച്ചു. എന്നാൽ കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്നും 25 ശതമാനമാക്കി കുറച്ചു. സാധാരണക്കാരനായി എത്ര നല്ല തീരുമാനം! വ്യാവസായികമേഖലയിൽ നിയമങ്ങൾ പൊളിച്ചെഴുതിയും പുതിയതുകൊണ്ടുവന്നും തൊഴിലാളികളെ ചൂഷണം ചെയ്യാൻ തൊഴിലുടമയ്ക്ക് അനന്തമായ അവസരം നൽകുന്ന തരത്തിൽ തൊഴിൽനിയമങ്ങൾ വളച്ചൊടിച്ചു. തൊഴിൽ നിയമവും ഫാക്ടറി നിയമവുമൊക്കെ സംരക്ഷിച്ചിരുന്ന തൊഴിൽ അവകാശങ്ങൾ വെട്ടിച്ചുരുക്കി, ആരേയും എപ്പോഴും പിരിച്ചുവിടാമെന്ന അവസ്ഥ സംജാതമാക്കി. ഭൂമി ഏറ്റെടുക്കാൻ കർഷകരുടെ അംഗീകാരം ആവശ്യമാണെന്ന വ്യവസ്ഥ വേണ്ടെന്നുവച്ചു. ഭൂവുടമകൾക്കുമാത്രം ചുരുങ്ങിയ നഷ്ടപരിഹാരം വ്യവസ്ഥ ചെയ്ത്, ഭൂമിയിൽ ആശ്രയമർപ്പിക്കുന്ന കൂട്ടുകൃഷിക്കാരെയും കർഷകത്തൊഴിലാളികളെയും ഒഴിവാക്കി കുടിയൊഴിപ്പിക്കൽ, ഗ്രാമീണതൊഴിലില്ലായ്മ, അനുബന്ധമായ ദുരവസ്ഥ ഇതെല്ലാം അന്തമില്ലാത്തതായിത്തീർന്നു. വനത്തിൽ താമസിക്കുന്ന ആദിവാസികളുടെ ഗ്രാമസഭകളുടെ അംഗീകാരമില്ലാതെതന്നെ വനഭൂമി ഏറ്റെടുക്കാൻ സഹായിക്കുന്നതരത്തിൽ സർക്കാർ നിയമങ്ങൾ ഉദാരമാക്കി. ഇത് രാജ്യത്തെ 21.05 ശതമാനം സ്ഥലത്തെ ജീവിതങ്ങളെ അപകടത്തിലാക്കി. എന്നാൽ അതേസമയംതന്നെ ഏറ്റെടുത്തുകൊടുത്ത ഭൂമി എത്രകാലം വേണമെങ്കിലും ഉപയോഗിക്കാതെ കൈവശംവെക്കാൻ വ്യവസായികളെ സർക്കാർ അനുവദിക്കുന്നു. സർക്കാർ സ്ഥാപനങ്ങളുടെ താഴേത്തട്ടിൽ പുതിയ നിയമനങ്ങൾ നടത്താതിരിക്കുന്നതും, തസ്തികകൾ സൃഷ്ടിക്കാതെ വെട്ടിച്ചുരുക്കുന്നതും തൊഴിലില്ലായ്മയുടെ പ്രശ്‌നത്തെ രൂക്ഷമാക്കാൻ സഹായിക്കുന്നു.
അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധക്കാരെന്നാണ് മോദി തന്നേയും തന്റെ സംഘപരിവാർ കൂട്ടുകെട്ടിനേയും കുറിച്ച് അവകാശപ്പെടുന്നത്. കുറച്ചുദിവസങ്ങൾക്കുമുമ്പാണ് മേഘാലയയിലും അരുണാചലിലും ഗവർണറായി അവരോധിച്ച മുതിർന്ന സംഘപരിവാർ ഭാരവാഹിക്ക്, രാജ്ഭവന്റെ അന്തസ്സുകെടുത്തുന്ന തരത്തിൽ പ്രവർത്തിച്ചതിന്റെ പേരിൽ മറ്റു നിർവ്വാഹമില്ലാതെ നാണംകെട്ട് രാജിവയ്‌ക്കേണ്ടിവന്നത്. കള്ളപ്പണവും അഴിമതിയും പുറത്തുകൊണ്ടുവരുമെന്ന് വീമ്പിളക്കുന്ന മോദി തന്നെ, കിട്ടാക്കടമായി ബാങ്കുകളിൽ നിലനിൽക്കുന്ന 7.5 ലക്ഷം കോടിയോളംവരുന്ന വമ്പൻ കോർപ്പറേറ്റുകളുടെ വായ്പയെക്കുറിച്ച് മൗനം ഭജിക്കുന്നു. അതേസമയം തന്നെ ചില്ലറവിൽപ്പനമേഖലയിലടക്കം നിരവധിയായ പ്രത്യക്ഷ വിദേശനിക്ഷേപ സാധ്യതകൾ ഉദാരമാക്കി കൊടുക്കുന്നു.

ഇതിന്റെ ഫലം പ്രതീക്ഷിച്ചതുപോലെതന്നെ ഇന്ന് ലോകത്തെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളിൽ ഏഴാമത്തേതാണ് ഇന്ത്യ. 2000 മുതൽ ഇന്ത്യയിലെ അതിസമ്പന്നരിലെ 10 ശതമാനം സുസ്ഥിരമായി തങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കുന്നു. ഇന്നവർ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ മുക്കാൽപങ്കും കൈയ്യടക്കി വച്ചിരിക്കുന്നു. ഒരു ശതമാനം വരുന്ന അതിസമ്പന്നർ അതിലും വേഗത്തിൽ വളരുന്നു. മറുവശത്ത്, ആധുനിക അടിമത്തക്കെണിയിൽപ്പെടുന്ന ഏറ്റവും അധികം ആളുകൾ നമ്മുടെ രാജ്യത്താണ്. 18.35 ദശലക്ഷം ആളുകളാണ് വേശ്യാവൃത്തിയും ഭിക്ഷാടനവുമടക്കമുള്ള നിർബന്ധിത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നത്. ഒരു ദിവസം 20 രൂപ പോലും വരുമാനമില്ലാതെ, ദാരിദ്ര്യരേഖയ്ക്കു കീഴിൽ 77% ഇന്ത്യക്കാരാണുള്ളത്. സ്വാതന്ത്ര്യാനന്തരം നടന്നുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. വ്യവസ്ഥിതിയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായപ്പോൾ അഴിമതിയും വഞ്ചനയും കൂടുതൽ ആഴത്തിൽ വേരിറക്കുന്നു. ജനത്തിന്റെ കാഴ്ചയിൽനിന്നും ചിന്തയിൽനിന്നും ഇക്കാര്യം മറച്ചുപിടിക്കാൻ എന്തുപ്രതിഷേധത്തെയും നിഷ്‌ക്കരുണം അടിച്ചമർത്താനുള്ള ധാർഷ്ഠ്യമായി അത് വളർന്നിരിക്കുന്നു.

ഫാസിസവൽക്കരണത്തിന്റെ കാലടികൾ വാതിൽക്കലെത്തിയിരിക്കുന്നു

ഈ സാഹചര്യത്തെ നമുക്കെങ്ങിനെ സംഗ്രഹിക്കാം. ഒരു യഥാർത്ഥ പ്രതിപക്ഷമില്ലാത്തയിടത്ത്, ആർഎസ്എസിന്റെയും ബിജെപിയുടെയും വിഷമയമായ വർഗ്ഗീയ രാഷ്ട്രീയം ജനമനസ്സുകളിൽ അത്യധികമായി വെറുപ്പും വിദ്വേഷവും യുക്തിരാഹിത്യവും അന്ധവിശ്വാസവും പിന്തിരിപ്പൻ ആശയങ്ങളും വളർത്തുന്നു. മറുവശത്ത്, മാധ്യമങ്ങളെ പൂർണ്ണമായും ഉപയോഗപ്പെടുത്തിക്കൊണ്ട്, രാജ്യത്തിന്റെ വികസനമെന്ന ആകർഷകമായ മുദ്രാവാക്യത്തിലൂടെ ജനങ്ങളെ വഞ്ചിക്കുകയും അതിമാനുഷിക പരിവേഷം അതുചെയ്യുന്ന നേതാവിൽ ചാർത്തപ്പെടുകയുമാണ്. എന്നാൽ ഇത് ഇവിടുത്തെ കുത്തകകൾക്കും അവരുടെ കോർപ്പറേറ്റുകൾക്കുമായി നടപ്പാക്കുന്നതാണ്. കാരണം സാധാരണ ജനങ്ങൾ ഏതാണ്ട് ഉന്മൂലനത്തിന്റെ അവസ്ഥയിലാണ്. മുതലാളിത്ത സമ്പദ്‌വ്യവസ്ഥ ഏകീകരിക്കപ്പെട്ട് സാമ്പത്തിക അധികാരം ഏതാനും കുത്തകകളുടെ കൈകളിലേയ്ക്ക് ചുരുങ്ങുകയാണ്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരും, നിറത്തിൽ മാത്രമുള്ള വ്യത്യാസത്തോടെ വിവിധ സംസ്ഥാനങ്ങളിൽ അധികാരം കൈയ്യാളുന്നവരും തങ്ങളുടെ യഥാർത്ഥ യജമാനന്മാരായ ഭരണകുത്തകകൾക്കുവേണ്ടി ഏറ്റവും വിശസ്തരായ രാഷ്ട്രീയ ദാസൻ എന്ന നിലയിൽ ഏതൊരു പ്രതിഷേധത്തേയും അടിച്ചമർത്താനുള്ള മുതലാളിത്തത്തിന്റെ രാഷ്ട്രീയ ശക്തിയായി പ്രവർത്തിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഫാസിസത്തിന്റെ കാലടികൾ നമ്മുടെ പടിവാതിൽക്കലെത്തിയിരിക്കുന്നു.

എന്നാൽ സമൂഹത്തിന് അതിന്റേതായ പ്രക്രിയകളും നിയമങ്ങളുമുണ്ട്. സ്വേച്ഛാധിപതികളായ ഭരണകർത്താക്കൾ കൂടുതൽ അഹങ്കാരികളാകുമ്പോൾ, എങ്ങനേയും അധികാരം സ്വന്തം പ്രതിരോധത്തിനായി നിലനിർത്തണമെന്നു വരുമ്പോൾ അവർ കൂടുതൽ കുബുദ്ധികളും വഞ്ചകരുമാകുന്നു. മോദി സർക്കാരും ഈ ചരിത്രപരമായ പാതയിലൂടെ തന്നെയാണ് മുന്നോട്ടുപോകുന്നത്. രണ്ടുവർഷത്തെ സമയം കൊണ്ടുതന്നെ, പാർലമെന്റ് എന്ന ‘ജനാധിപത്യത്തിന്റെ പുണ്യക്ഷേത്ര’ ത്തോടുള്ള അവരുടെ ഭക്തിയൊക്കെ പോയി മറഞ്ഞു. ഓരോ ചുവടും പിഴയ്ക്കുമ്പോൾ പരിഭ്രാന്തരായി കൂടുതൽ വിവാദപരമായ ഒന്ന് അവർ സ്വീകരിക്കുന്നു. ജനങ്ങൾ തന്റെ, അഴിമതിക്കെതിരായ പ്രതിജ്ഞകളെ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ, വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുപിടിക്കാത്തത്തിലും, വെളിപ്പെടുത്താനാകാത്ത കേന്ദ്രങ്ങളിൽനിന്നു ലഭിച്ച തന്റെ പാർട്ടിയുടെ 65 ശതമാനം വരുമാനത്തെക്കുറിച്ചുമൊക്കെ ചോദ്യങ്ങൾ ഉയർന്നപ്പോൾ, നേതാവായ മോദിയാകട്ടെ ടെലിവിഷൻ സ്‌ക്രീനിലൂടെ നാടകീയമായി നോട്ടുനിരോധനം പ്രഖ്യാപിക്കുന്നു. രാജ്യത്തെ ചെറുകിട വാണിജ്യമേഖലയാകെ പ്രതിസന്ധിയിലായി. പണമില്ല, വാങ്ങാനാളില്ല, കച്ചവടമില്ല, പണിയില്ല, ശമ്പളമോ കൂലിയോ ഇല്ല. വീട്ടുചെലവുകൾ നടത്താനുള്ള തുച്ഛമായ തുകയ്ക്കുപോലും സാധാരണക്കാരന് ബാങ്കുകൾക്കുമുന്നിൽ ക്യൂ നിൽക്കേണ്ടിവന്നു. അതിൽ നൂറിലധികം പേർക്ക് ജീവൻതന്നെ നഷ്ടമായി. ഇക്കാലയളവിനുള്ളിൽ നരേന്ദ്രമോദിയും, ഭാരതീയ റിസർവ്വ് ബാങ്കും ഒക്കെ പെട്ടെന്നുള്ള ആശ്വാസം ജനത്തിനു വാഗ്ദാനം ചെയ്തുകൊണ്ടിരുന്നു. എന്നാൽ ജനത്തിന്റെ ക്ഷമയെ പരീക്ഷിച്ചുകൊണ്ട് ആദ്യ 42 ദിവസത്തിനിടയിൽ 54 മാറ്റങ്ങളാണ് നിയമത്തിലും ചട്ടത്തിലും വരുത്തിയത്. ചില ചെറുമത്സ്യങ്ങളെ ഒഴിച്ചുനിർത്തിയാൽ, ഒറ്റ വമ്പൻ കള്ളപ്പണക്കാരനേയോ വിദേശ ബാങ്ക് അക്കൗണ്ട് ഉള്ളതായി പറയുന്ന ആളിനേയോ പിടിച്ചതായി നമ്മൾ കേട്ടിട്ടില്ല. അതേ സമയം കള്ളപ്പണവും അഴിമതിയും സൃഷ്ടിക്കുന്ന മുതലാളിത്ത സംവിധാനമാകട്ടെ പുതുതായി അവതരിപ്പിച്ച നോട്ടുകളുടെ വ്യാജകറൻസികൾ കെട്ടുകണക്കിന് പുറത്തുവിടാനുള്ള മാർഗ്ഗങ്ങൾ വളരെ വേഗംതന്നെ കണ്ടുപിടിച്ചു. പരാജയം മണത്ത മോദിയാകട്ടെ അഴിമതിക്കുപകരം നാടകീയമായി, കറൻസി രഹിത പണമിടപാട്, ഡിജിറ്റൽവൽക്കരണം എന്നീ ‘ലക്ഷ്യ’ങ്ങളിലേയ്ക്ക് ചുവടുമാറ്റി. പണമില്ലാത്ത ദരിദ്രർ ഇനി കറൻസിരഹിത ഇടപാടുകൾ നടത്തണം-അതും ആ സേവനം നൽകുന്ന കോർപ്പറേറ്റ് ഭീമന് അതിനുള്ള ചാർജ്ജ് കൂടി നൽകിക്കൊണ്ട്. വൈദ്യുതിപോലും എല്ലായിടത്തും എത്താത്ത രാജ്യത്ത്, നിലവിലുള്ള കോർബാങ്കിംഗ് സംവിധാനം തന്നെ പലപ്പോഴും തകരാർ നേരിടുമ്പോൾ, സൈബർ കുറ്റകൃത്യങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ പെരുകുമ്പോൾ, എന്തിന്, ഫോൺ ഇല്ലാത്ത പോലീസ് സ്റ്റേഷനുകളുള്ളപ്പോൾ, ഒരു ഡിജിറ്റിൽ സ്വപ്നം ഇപ്പോൾ പൂർത്തിയാകുമെന്ന് ജനം വിശ്വസിക്കണം! ആരു ശ്രദ്ധിക്കുന്നു! പ്രധാനമന്ത്രിയും ധനമന്ത്രിയും അതുപോലെ ബിജെപി-ആർഎസ്എസ്സും ഇനി ജിഎസ്ടി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കോർപ്പറേറ്റുകൾക്ക് കൊള്ളലാഭവും സാധാരണക്കാരന് സർവ്വതിന്റെയും അന്തമില്ലാത്ത വിലക്കയറ്റത്തിലൂടെ കൂടുതൽ ബുദ്ധിമുട്ടും സമ്മാനിക്കുന്ന മറ്റൊരു ‘സർജിക്കൽ സ്‌ട്രൈക്ക്’ ആവുമിത്. മുമ്പ് മുഴുവനായും മോദി സ്തുതി മാത്രം നടത്തിയിരുന്ന ചില മാധ്യമങ്ങളും സാമ്പത്തികവിദഗ്ധരും പോലും മോദിസർക്കാരിന്റെ ഈ നടപടികളെക്കുറിച്ച് കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾ ഉയർത്തുന്നു. മുമ്പ് കരുത്തൻ എന്ന വിശേഷണം തന്റെ മേലാളന്മാരിൽനിന്നും മോദിക്കു നേടിക്കൊടുത്ത ധാർഷ്ട്യം ഇന്ന് അധികാരക്കൊതിയനും തൻകാര്യപ്രസക്തനുമായ, യാഥാർത്ഥ്യത്തിൽനിന്നും അന്യനായ ഒരാളുടേതാണ് എന്നുവരെ അവർ പറയുന്നു. യാഥാർത്ഥ്യങ്ങളുടെ ആവശ്യകതകൾ വിസ്മരിക്കുകയും ജനത്തെ സേവിക്കുകയെന്നത് വിസ്മൃതിയിലാവുകയും ആണ് ഇവിടെ. പേടിപ്പെടുത്തുന്ന കാലൊച്ചകൾ ഇവിടെയും പിന്തുടരുന്നു.

ഫാസിസവും പാർലമെന്ററി  ജനാധിപത്യവും

നരേന്ദ്രമോദി പാർലമെന്ററി ജനാധിപത്യത്തെയാണ് ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യയെന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണെന്നും ഏറ്റവും വലിയ നിയമനിർമ്മാണ സഭകളിൽ ഒന്നായ പാർലമെന്റ് ഇവിടെയുണ്ടെന്നുമൊക്കെ ലോകത്തെ ഓർമ്മപ്പെടുത്താൻ അദ്ദേഹം ഒരിക്കലും മറക്കാറില്ല. വളരെ ആവേശത്തോടെ അദ്ദേഹം തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നു. അതിൽ വിജയിക്കാൻ സാഹചര്യം ആവശ്യപ്പെടുന്ന ഏതടവും പ്രയോഗിക്കാൻ അദ്ദേഹം മടിക്കാറില്ല. സ്വന്തം പാർട്ടി വിജയിച്ചാൽ ജനപിന്തുണയെക്കുറിച്ച് വീമ്പിളക്കും. എന്നാൽ അദ്ദേഹത്തിന്റെ വിജയത്തിനുപിന്നിലെ പണം-മാധ്യമം-മാഫിയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ സഹായത്തോടെയുള്ള തിരിമറികൾ അദ്ദേഹത്തിന്റെ പാർട്ടിക്കുതന്നെ സങ്കൽപ്പിക്കാൻ കഴിയില്ല. അതേസമയം തന്നെ റേഡിയോ വഴി ‘മൻകിബാത്ത്'(മനസ്സുപറയുന്നത് -എന്ന പ്രതിമാസ പ്രക്ഷേപണ പരമ്പര) നടത്തുന്ന പ്രധാനമന്ത്രി എതിരാളികളോടാകട്ടെ, കൂടെയുള്ളവരോടാകട്ടെ നയമപരമായ കാര്യങ്ങളിൽ ചർച്ചപോലും നടത്താറില്ല എന്നാണ് റിപ്പോർട്ടുകൾ. എല്ലാം അദ്ദേഹം സ്വയംതീരുമാനിച്ചു നടപ്പാക്കുമത്രേ! ഇക്കാലയളവിനുള്ളിൽ അദ്ദേഹമൊരു പത്രസമ്മേളനം നടത്തുകയോ പാർലമെന്റിലെ ഏതെങ്കിലും ചർച്ചകളിൽ പങ്കെടുക്കുകയോ ഉണ്ടായിട്ടില്ല. എന്താണ് ഇതെല്ലാം അർത്ഥമാക്കുന്നത്? ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പാർലമെന്റിനെ ഉപയോഗിക്കുകയല്ലേ? ഫാസിസവൽക്കരണത്തിന്റെ രൂപരേഖ നടപ്പാക്കുന്നതിന്റെ മറയായി അതിനെ മാറ്റുകയല്ലേ? ഒരിക്കൽ മുതലാളിത്ത പാർലമെന്ററി സംവിധാനം പ്രവർത്തിച്ചിരുന്നത്, പാർലമെന്റിന്റെ അനുവാദമില്ലാതെ ഒറ്റ രൂപപോലും ചിലവാക്കാനോ ഒരു തീരുമാനംപോലും എടുക്കാനോ പാടില്ല എന്ന തത്വത്തിന്റെ പുറത്തായിരുന്നു. ഇപ്പോഴോ? വ്യവസ്ഥാപിതമായ പാർലമെന്ററി ജനാധിപത്യ രീതികൾക്കുപകരം നയപരമായ പ്രധാനതീരുമാനങ്ങളും നിയമങ്ങളും ചട്ടങ്ങളുമൊക്കെ ഓർഡിനൻസുകൾ വഴിയല്ലേ നടപ്പാക്കുന്നത്? മോദിഭരണത്തെ എന്തുകൊണ്ടാണ് ഓർഡിനൻസ് ഭരണമായി വിശേഷിപ്പിക്കുന്നത്? (ഇന്ദിരാഗാന്ധിയുടെ കാലത്തെ ഓർഡിനൻസ് ഭരണത്തിനുസമാനമായി) കൽക്കരിലേലം, ഇൻഷൂറൻസ് മേഖലയിലെ വിദേശനിക്ഷേപം, ഭൂമിയേറ്റെടുക്കൽ തുടങ്ങി എല്ലാ വിഷയങ്ങളിലും, ഏകദേശം ഒരു മാസത്തിൽ ഒന്നെന്നകണക്കിൽ (225 ദിവസങ്ങൾക്കിടയിൽ 8 ഓർഡിനൻസുകൾ) ഓർഡിനൻസ് ഇറക്കുന്നു. പിന്നെ ജനത്തിന്റെ പൊതുപണത്തിൽനിന്ന് ഭീമമായ തുകകൾ ചെലവഴിച്ച് ഈ സഭകൾ നിലനിർത്തേണ്ട ആവശ്യമെ ന്താണ്? മോദിയുടേയും ബിജെപി-ആർഎസ്എസ് സംഘത്തിന്റെയും മറുപടി ഊഹിക്കാവുന്നതേയുള്ളൂ..”എന്തുകൊണ്ടെന്ന് പോയി പ്രതിപക്ഷത്തോടു ചോദിക്കൂ, അവരാണ് രാഷ്ട്രീയനേട്ടത്തിനായി സഭ തടസ്സപ്പെടുത്തി സമ്മേളനത്തെ തടയുന്നത്”.
ഇതാണ് പവിത്രമായ ബൂർഷ്വാ പാർലമെന്ററി ജനാധിപത്യം നമ്മുടെ നാട്ടിൽ കൈവരിച്ചിരിക്കുന്ന രൂപം. (മറ്റു മുതലാളിത്ത രാജ്യങ്ങളിലും അടിസ്ഥാനപരമായി വലിയ വ്യത്യാസമില്ല) ഭരിക്കുന്ന പാർട്ടിയോ പാർട്ടികളോ ജിഎസ്ടി പോലെയുള്ള ജനവിരുദ്ധ നടപടികൾക്കായി പ്രതിപക്ഷവുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇടപാടുകളിലൂടെ സമവായത്തിലെത്താൻ സമ്മേളനത്തെ ഉപയോഗപ്പെടുത്തുന്നു. ഇനി പിന്തുണ നേടാൻ കഴിയില്ലെന്നു തോന്നിയാലോ, എതിർപ്പ് ശക്തമായാലോ പാർലമെന്ററി നടപടികൾ ഒഴിവാക്കി ഓർഡിനൻസിന്റെ വഴിതേടുന്നത് സ്ഥിരം സംഭവമാകുന്നു. സിപിഐ, സിപിഐ (എം) അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ഇക്കാര്യത്തിൽ പിന്നിലല്ല. ഭരണവർഗ്ഗത്തിന്റെ വിശ്വസ്ത സേവകരായി, വ്യവസ്ഥിതിയിലെ അധികാരവും മറ്റു ഗുണങ്ങളും നേടിയെടുക്കാൻ പരസ്പരം മത്സരിക്കുന്ന ഒരേ തൂവൽപക്ഷികളാണല്ലോ ഇവരെല്ലാവരും. അപ്പോൾ, ഈ പാർലമെന്ററി പാർട്ടികളെല്ലാം തന്നെ, ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനുള്ള അർത്ഥപൂർണ്ണമായ സംവാദങ്ങൾക്കല്ല പാർലമെന്ററിനെ ഉപയോഗപ്പെടുത്തുന്നത്. പകരം, കാടും പടപ്പുംതല്ലുന്ന വിഷയങ്ങൾ എടുത്ത് പരസ്പരം ചെളി വാരിയെറിയാൻ ശ്രമിക്കുന്നു. സഭയിൽ ബഹളമുണ്ടാക്കി സമ്മേളനം തടസ്സപ്പെടുത്തി, ജനാധിപത്യത്തിന്റെ ചാമ്പ്യന്മാരായി നടിച്ച് വാക്കൗട്ട് നടത്തുന്നു. ഇതിന്റെ അന്തിമഫലമോ മറ്റൊരു ഓർഡിനൻസ് ഇറക്കാൻ ഭരണകക്ഷിയെ ഇത് അനുവദിക്കുന്നു. സമ്പദ്ഘടന ഉലഞ്ഞിരിക്കുന്നു, രാജ്യത്തിന്റെ പലകോണുകളിലും വേദനിപ്പിക്കുന്ന കൂട്ടബലാൽസംഗങ്ങൾ നടക്കുന്നു, കുട്ടികളുടെയും സ്ത്രീകളുടെയും മേലുള്ള മനുഷ്യക്കടത്തും അനവധി, തൊഴിൽരഹിതരായ യുവാക്കൾ തൊഴിലിനായി ഭ്രാന്തമായി പലായനം ചെയ്യുന്നു. ഇത്രയധികം പ്രശ്‌നങ്ങൾ രാജ്യത്തുള്ളപ്പോഴും എംപിമാർ പാർലമെന്ററി ജനാധിപത്യത്തിന്റെ സുഖസൗകര്യങ്ങൾ അനുഭവിച്ച് കൃത്യമായ ഇടവേളകളിൽ തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ മുറവിളി കൂട്ടുന്നു. ലെനിൻ പാർലമെന്റിനെ പന്നിക്കൂടെന്ന് വിശേഷിപ്പിച്ചിരുന്നു. തങ്ങളുടെ ഭക്ഷണം വർദ്ധിപ്പിക്കുന്നതിനായി ആചാരം പോലെ ഇന്ത്യയിൽ പന്നികൾ കരയുമോ എന്ന് ഒരാൾക്ക് സംശയം തോന്നാം.

തീർച്ചയായും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. കോൺഗ്രസ്സ് പോയി ബിജെപി കടന്നുവന്നു. എന്നിട്ട് എന്തുണ്ടായി? വളരെ ശ്രദ്ധാപൂർവ്വം നോക്കിയാൽ ഒരാൾക്കു കാണാൻ സാധിക്കും തെരഞ്ഞെടുപ്പുകൾപോലും മോദിയുടെ ഡിജിറ്റൽ ഇന്ത്യയുടെ അനുകരണമാണ്. അതിന്റെ ക്രമം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണ്. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത്, മുതലാളിത്തത്തിന്റെ താൽപ്പര്യങ്ങളെ പ്രതിനിധീകരിച്ച് അവരെ സേവിക്കുന്ന കക്ഷികൾക്ക് മാധ്യമങ്ങളിൽ വൻശ്രദ്ധ നൽകുന്നു. പരസ്പരമുള്ള അവരുടെ വാഗ്വാദങ്ങൾ ചർച്ചകളായി അവതരിപ്പിക്കപ്പെടുന്നു-അതിന് ജനങ്ങളുടെ പ്രശ്‌നങ്ങളുമായി പുലബന്ധംപോലും ഇല്ലാഞ്ഞിട്ടുകൂടി. ഈ കക്ഷികൾക്കു മാത്രമേ തങ്ങളെ സഹായിക്കാൻ കഴിയൂ എന്ന് ജനങ്ങളെ അവർ വിശ്വസിപ്പിച്ചെടുക്കുന്നു- തെരഞ്ഞെടുപ്പുകൾ തുല്യവും സത്യസന്ധവുമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുകയേ ഉള്ളൂ. മാധ്യമങ്ങളിൽ അഭിപ്രായ സർവ്വേകൾ ഉണ്ട്; സൗജന്യങ്ങളുടെ വിതരണം നടക്കാറുണ്ട്; അങ്ങനെ പലതും. അങ്ങനെ തെരഞ്ഞെടുപ്പ് ദിനം വന്നെത്തുന്നു. ഇവിടെ അടിസ്ഥാന കാര്യങ്ങളൊന്നും മാറുന്നില്ല, എന്നാൽ അന്തിമഫലം വരുമ്പോൾ മുതലാളിത്ത യജമാനന്മാർ പണം, മാധ്യമം, മാഫിയ, ഭരണകൂടം മുതലായ സംവിധാനങ്ങളുപയോഗിച്ച് ആസൂത്രണം ചെയ്ത് തീരുമാനിക്കുന്ന ഫലമാകും പുറത്തുവരിക. ആ സമയത്ത് മുതലാളിത്തത്തിന്റെ ഏറ്റവും വിശ്വാസം ആർജ്ജിക്കുന്നവർ വിജയിക്കുന്നു.

സംഘപരിവാറിനെ തുറന്നുകാട്ടുന്ന  ജനകീയമുന്നേറ്റം അനിവാര്യം

ഉപരിപ്ലവമായി, പാർലമെന്ററി ജനാധിപത്യം, ഭരണവർഗ്ഗം തങ്ങളുടെ വിശ്വസ്ത രാഷ്ട്രീയ കാര്യദർശികളായി തെരഞ്ഞെടുക്കുന്നവർ നയിക്കുന്നു. അവരെ ജനത്തെക്കൊണ്ട് അംഗീകരിപ്പിച്ച് ഭരണത്തിന്റെ ചുമതലയേൽപ്പിക്കുന്നു. ഈ ‘പവിത്ര’ സംവിധാനം പക്ഷേ ദുരിതക്കയത്തിലാർന്ന, നിരാശരായ ജനങ്ങൾക്ക് യാതൊന്നും നൽകുന്നില്ല. മറിച്ച്, ദിനംപ്രതി അവർക്ക് ഉപജീവനമാർഗ്ഗങ്ങൾ നഷ്ടപ്പെടുന്നു. അവകാശങ്ങളും എന്തിന് ജീവിതത്തിന്റെ സുരക്ഷതന്നെ നഷ്ടപ്പെടുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ മറവിൽ, എല്ലാ സാമ്പത്തിക രാഷ്ട്രീയ അധികാരവും ഭരണവർഗ്ഗമായ കുത്തകകളിലേയ്ക്ക് കേന്ദ്രീകരിക്കപ്പെടുന്നു. ഇങ്ങനെയാണ് ക്രമാനുഗതമായി ഉദ്യോഗസ്ഥ-ഭരണഫാസിസം കടന്നുവരുന്നത്. ഫാസിസമെന്നത് എപ്പോഴും സൈനിക ഏകാധിപത്യമല്ലെന്ന് ഇവിടെ എടുത്തുപറയേണ്ടതുണ്ട്. ജനാധിപത്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടുതന്നെ, തങ്ങളുടെ പദ്ധതികൾക്കായി ഫാസിസ്റ്റുകൾ ജനപിന്തുണ നേടിയെടുത്ത്, പൊതുമനസ്സിനെ തങ്ങൾക്കനുകൂലമാക്കുന്നു-ഇവിടെ ഇരുതലമൂർച്ചയുള്ള ആയുധമാണ് ഭരണകുത്തകവർഗ്ഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കാനായി പ്രവർത്തിക്കുന്നത്. ഒരു വശത്ത് സംഘപരിവാർ അതിന്റെ എല്ലാ ഘടങ്ങളോടുംകൂടി നിരന്തരമായി തങ്ങളുടെ വർഗ്ഗീയ രാഷ്ട്രീയം പരത്താനും ജനമനസ്സുകളിൽ കുത്തിനിറയ്ക്കാനും ശ്രമിക്കുന്നു. പൊതുമനസ്സിൽ അന്ധവിശ്വാസവും യുക്തിരഹിത പിന്തിരിപ്പൻ ചിന്തകൾ, എല്ലാതരത്തിലുമുള്ള മൗലികവാദം എന്നിവയൊക്കെ കയറ്റി, ഒരു അരാഷ്ട്രീയ, വിമർശനരഹിതമായ മനസ്സുണ്ടാക്കുന്നു. മറുവശത്ത്, മോദി സർക്കാരാകട്ടെ, വികസനത്തിന്റെ തെറ്റിദ്ധരിപ്പിക്കുന്ന മുദ്രാവാക്യങ്ങളുയർത്തി ജനങ്ങളെ വഞ്ചിക്കുന്നു. നരേന്ദ്രമോദിക്ക് അതിമാനുഷ പരിവേഷം നൽകി ആ പ്രതിച്ഛായയുടെ മറവിൽ ഫാസിസ്റ്റു ഭരണകൂടം കൗശലപൂർവ്വം നിർമ്മിക്കുന്ന കഴുമരങ്ങളിലേയ്ക്ക് യാതൊരു എതിർപ്പും ഉയർത്താതെ ജനങ്ങളെ നയിക്കുന്നു.

അതുകൊണ്ട്, ജനാധിപത്യമനസ്സുള്ള ഓരോരുത്തരും മുന്നോട്ടിറങ്ങി, ഈ വഞ്ചനയുടെ രൂപകൽപ്പന തിരിച്ചറിയാൻ ജനങ്ങളെ സഹായിക്കണം. ഭരിക്കുന്ന മുതലാളിത്തത്തിനും അത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾക്കുമെതിരെ നിരന്തരവും സുസംഘടിതവുമായ ജനകീയ പ്രക്ഷോഭമാണ് ഈ സാഹചര്യം ആവശ്യപ്പെടുന്നത്. പാർലമെന്ററി ജനാധിപത്യത്തിന്റെ മായാജാലത്തിനു വശംവദരാകാതെ വിപ്ലവത്തിലൂടെ ജനങ്ങളെ ചൂഷണത്തിലും അടിച്ചമർത്തലിലും നിന്നു മോചിപ്പിക്കുവാൻ ശ്രമിക്കുന്ന ഒരു ശരിയായ നേതൃത്വം ഉണ്ടെങ്കിലേ ഇങ്ങനെയൊരു ജനകീയ പ്രക്ഷോഭം സാധ്യമാകൂ. അത്തരമൊരു ദൗത്യത്തിനായി ഇന്ന് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടി മാത്രമാണുള്ളതെന്ന് ജനങ്ങൾ തിരിച്ചറിയണം. അതേ സമയം തന്നെ, സംഘപരിവാറിന്റെ വിഷമയമായ വർഗ്ഗീയരാഷ്ട്രീയത്തെയും ശരിയായി തിരിച്ചറിയേണ്ടതുണ്ട്. അതിന്റെ എല്ലാ വശങ്ങളും ശരിയായി തിരിച്ചറിയപ്പെടുന്നില്ലെങ്കിൽ അത് ജീവനുകൾ മാത്രമല്ല അപകടത്തിലാക്കുക, മനുഷ്യരാശിയെ മുഴുവനുമാണ്. ഇവിടെയും ആർഎസ്എസ്-ബിജെപി ഭീഷണിയെ പുറത്തുകൊണ്ടുവരുവാൻ നിരന്തരം ശ്രമിക്കുന്നത് എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പാർട്ടിയാണ്. ഭാരതത്തിലെ ജനങ്ങൾക്ക് ഈ പ്രതിസന്ധി ഘട്ടത്തിൽ രണ്ട് ലക്ഷ്യങ്ങളാണ് നേടിയെടുക്കേണ്ടത്- അപകടത്തെ തിരിച്ചറിയുക, തങ്ങളുടെ നന്മയ്ക്കായി ആരാണ് യഥാർത്ഥത്തിൽ നിലകൊള്ളുന്നതെന്ന് മനസ്സിലാക്കുക.

Share this post

scroll to top