കേരളസർക്കാർ നൽകുന്ന ക്ഷേമപെൻഷൻ അനർഹർ തട്ടിയെടുക്കുന്നു എന്ന തരത്തിലുള്ള ആസൂത്രിതമായ ഒരു പ്രചാരവേല ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ധനകാര്യ വകുപ്പിൽനിന്നു കിട്ടിയ വിവരം എന്നനിലയിൽ ആദ്യം നടന്ന പ്രചാരണം, സർക്കാർ ജീവനക്കാർ ക്ഷേമപെൻഷൻ ചോർത്തിക്കൊണ്ടു പോകുന്നു എന്നതരത്തിലുള്ളതായിരുന്നു. പിന്നീടത് ബിഎംഡബ്ല്യു കാറുള്ളവർവരെ ക്ഷേമപെൻഷൻ കൈപ്പറ്റുന്നു എന്ന തരത്തിലായി. ഇത്തരത്തിൽ നടക്കുന്ന പ്രചാരണത്തിന്റെ ലക്ഷ്യം എന്താണ്? യാഥാർത്ഥ്യമെന്താണ്?
1458 ജീവനക്കാർ ക്ഷേമപെൻഷൻ വാങ്ങുന്നുവെന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വാർത്ത വ്യക്തമാക്കുന്നത്. അതായത് 5 ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാരിൽ വെറും 0.29 ശതമാനം പേർ അനർഹമായി പെൻഷൻ വാങ്ങുന്നുവെന്നാണ് വാർത്ത തന്നെ സ്ഥിരീകരിക്കുന്നത്. എന്നാൽ വാർത്തയുടെ വമ്പിച്ച മാനം സൃഷ്ടിക്കുന്ന പ്രതീതി, സർക്കാർ ജീവനക്കാരിൽ വലിയൊരുവിഭാഗം പെൻഷൻ തട്ടിയെടുക്കുന്നു എന്നതരത്തിലാണ്.
സാമൂഹ്യ സുരക്ഷാ പെൻഷൻ, സംസ്ഥാന ക്ഷേമപെൻഷൻ എന്നിങ്ങനെ സംസ്ഥാനത്ത് രണ്ടുതരം പെൻഷൻ നിലവിലുണ്ടെന്ന് ആദ്യം മനസ്സിലാക്കണം. ഇതിൽ സാമൂഹ്യസുരക്ഷാ പെൻഷൻ, പ്രായപരിഗണനയില്ലാതെ അവശതയനുഭവിക്കുന്ന വിഭാഗങ്ങൾക്ക് – പ്രധാനമായും അംഗപരിമിതർക്കും വിധവകൾക്കും-നൽകുന്ന പെൻഷനാണ്. അതായത് കേരളത്തിൽ ആർക്കെങ്കിലും 60 വയസ്സിനുമുമ്പ് പെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ അത് വിധവകൾക്കും അംഗപരിമിതർക്കും മാത്രമാണ്. അതായത്, സർക്കാർ ജീവനക്കാർ ആരെങ്കിലും അനർഹമായി പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ അത് വികലാംഗ പെൻഷനോ വിധവാ പെൻഷനോ മറ്റ് ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്കുള്ള പെൻഷനോ ഉൾപ്പെട്ട സാമൂഹ്യസുരക്ഷാ പെൻഷൻ മാത്രമാണ്. ജോലി ലഭിക്കുന്നിടംവരെ ഈ പെൻഷൻ ലഭിക്കാൻ ഏറ്റവും അർഹതയുള്ളവരായിരുന്നു അവർ. സമൂഹത്തിന്റെ കരുതലും കാരുണ്യവുമില്ലാതെ ജീവിക്കാൻ ഗതിയില്ലാത്തവരായിരുന്നു അവർ. ജോലി ലഭിച്ചതിനുശേഷവും ഈ സാധാരണക്കാർ പെൻഷൻ കൈപ്പറ്റിയെങ്കിൽ അത് ചട്ടവിരുദ്ധമാണെന്നതിൽ ഒരു തർക്കവുമില്ല. എന്നാൽ അതിന്റെ പേരിൽ ആക്ഷേപിക്കപ്പെടേണ്ടവരോ നിന്ദിക്കപ്പെടേണ്ടവരോ അല്ല അവർ. സമൂഹത്തിന്റെ മുമ്പിൽ കുറ്റവാളികളായി വിചാരണ ചെയ്യപ്പെടേണ്ടവരുമല്ല. ഒരു വാർത്തപോലുമാക്കാതെ അവരെ വിളിച്ചുവരുത്തി ഈ ചട്ടലംഘനം തിരുത്താൻ, അനർഹമായി കൈപ്പറ്റിയ തുക തിരികെ വാങ്ങാൻ നടപടി സ്വീകരിക്കാതെ, ബിഎംഡബ്ല്യു കാറുള്ള സമ്പന്നർവരെ പെൻഷൻ വാങ്ങുന്നു എന്നതരത്തിൽ പ്രചാരണം നടത്തുന്നതെന്തുകൊണ്ടാണ്?
ചട്ടവിരുദ്ധമായി പെൻഷൻ കൈപ്പറ്റിയ 1458 ജീവനക്കാരുടെ സ്ഥിതി മനസ്സിലാക്കാൻ സഹായകരമായ ഒരു ഉദാഹരണം വേദനയോടെ ഇവിടെ സൂചിപ്പിക്കാം. ജീവനക്കാർ പെൻഷൻ തട്ടിയെടുക്കുന്നു എന്ന സ്തോഭജനകമായ വാർത്ത വന്നതിനെത്തുടർന്ന്, സർക്കാർ ഉണർന്നു പ്രവർത്തിക്കു കയാണെന്ന് നാട്ടുകാരെ ബോദ്ധ്യപ്പെടുത്താൻ ഡിസംബർ എട്ടാം തീയതി കാസർകോഡ് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിലെ അറ്റൻഡന്റ് സാജിത കെ.എ.യെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്യുകയുണ്ടായി. മൂന്ന് പെൺകുട്ടികളുടെ മാതാവായ ഈ ജീവനക്കാരിയുടെ രണ്ടാമത്തെ മകൾ പത്തുവയസ്സുകാരി നഫീസത്ത് റിംഷ സെറിബ്രൽ പാൾസി ബാധിച്ച് രോഗശയ്യയിലാണ്. സാജിത ജോലിയിൽ പ്രവേശിക്കു ന്നതിനു മുമ്പേതന്നെ ഈ കുട്ടിക്ക് സാമൂഹ്യ സുരക്ഷാ പെൻഷനായ 1100 രൂപ പ്രതിമാസം ലഭിക്കുന്നുണ്ടായിരുന്നു. ഒപ്പിടാനോ വിരലടയാളം പതിപ്പിക്കാനോ സാധ്യമല്ലാത്ത വിധം ശാരീരിക വൈകല്യമുള്ള മകളുടെ പെൻഷൻ, മാതാവായ സാജിതയുടെ ബാങ്ക് അക്കൗണ്ടിലാണ് വന്നുകൊണ്ടിരുന്നത്. ജോലി ലഭിച്ചതിനുശേഷവും കുട്ടിയുടെ പെൻഷൻ തുകയായ 7800 രൂപ സാജിത കൈപ്പറ്റി എന്ന പേരിലാണ് ഇപ്പോൾ സസ്പെൻഷൻ നടപടി ഉണ്ടായിരിക്കുന്നത്. പിതാവാകട്ടെ കൂലിപ്പണിക്കുപോലും പോകാനാകാതെ ഈ കുട്ടിയെ പരിചരിക്കുന്ന ജോലിയിൽ മുഴുകേണ്ടി വന്നിരിക്കുന്നു. പരമദരിദ്രമായ ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ജോലിയിൽ നിന്നാണ് ഇപ്പോൾ പുറത്താക്കപ്പെട്ടിരിക്കുന്നത്. സാമൂഹ്യ സുരക്ഷാ പെൻഷൻ ചട്ടവിരുദ്ധമായി കൈപ്പറ്റിയിട്ടുള്ള ഒരു ഗതിയുമില്ലാത്ത ജീവനക്കാരുടെ യഥാർത്ഥ പ്രതിനിധിയാണ് കാസർകോട്ടെ സാജിത.
ജോലിഭാരംകൊണ്ടും ഡിഎയും മറ്റ് ആനുകൂല്യങ്ങള് നിഷേധിക്കപ്പെട്ടും വലിയ പ്രതിസന്ധിയിലായ ജീവനക്കാരെ, അനർഹമായി ആനുകൂല്യങ്ങൾ പറ്റുന്നവർ എന്ന നിലയിൽ അപമാനിച്ച്, ശമ്പളപരിഷ്ക്കരണവും ഡിഎയും നൽകുന്നതിനെതിരെ പൊതുജനാഭിപ്രായം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യം സർക്കാരിനുണ്ട്. അതോടൊപ്പം സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന നാമമാത്രമായ ക്ഷേമപെൻഷനുകൾ പരിമിതപ്പെടുത്തുക എന്നുള്ള മറ്റൊരു ലക്ഷ്യവും ഈ പ്രചാരണത്തിനു
പിന്നിലുണ്ട്
1458 ജീവനക്കാർ ചട്ടവിരുദ്ധമായി വാങ്ങിയ പെൻഷൻ സംസ്ഥാന ക്ഷേമ പെൻഷനല്ല. ക്ഷേമനിധി ബോർഡുകളിൽ നിന്നും 60 വയസ്സ് കഴിഞ്ഞവർക്കു മാത്രമുള്ളതാണ്സംസ്ഥാന ക്ഷേമ പെൻഷൻ എന്നതിനാൽ, സംസ്ഥാന ക്ഷേമ പെൻഷൻ വാങ്ങുന്ന ഒരു സർക്കാർ ജീവനക്കാരൻ പോലും നിലവിലില്ല. 60 വയസ്സിനു മുകളിലുള്ള ഒരാളുപോലും സർക്കാർ സർവ്വീസിൽ ഇല്ലല്ലോ. ഈ യാഥാർത്ഥ്യം മറച്ചുെവച്ചുകൊണ്ട് സാമൂഹ്യ സുരക്ഷാ പെൻഷനെന്നു പറയാതെ, ജീവനക്കാർ ക്ഷേമപെൻഷൻ തട്ടിയെടുക്കുന്നു എന്ന് കൊട്ടത്താപ്പിൽ പ്രചാരണം നടത്തുന്നതിന്റെ പിറകിൽ നീചമായ ലക്ഷ്യമുണ്ട്.
ജനങ്ങളുടെ ദൃഷ്ടിയിൽ ക്ഷേമപെൻഷൻ എന്ന് പറഞ്ഞാൽ വാർദ്ധക്യ പെൻഷനും ക്ഷേമനിധികളിൽനിന്ന് കിട്ടുന്ന പെൻഷനുമൊക്കെയാണ്. ഇത് വികലാംഗ പെൻഷനും വിധവാപെൻഷനും ആണെന്ന് പറഞ്ഞാൽ ജനങ്ങളിൽ തെറ്റിദ്ധാരണയും പ്രതിഷേധവും ഉണ്ടാക്കാൻ കഴിയില്ല. അതിനാലാണ് ഇക്കാര്യം മറച്ചുവയ്ക്കുന്നത്. ജീവനക്കാർ ഏതോ നിയമവിരുദ്ധ മാർഗ്ഗത്തിൽ ക്ഷേമപെൻഷൻ തട്ടിയെടുക്കുന്നു എന്ന് പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് ലക്ഷ്യം.
രണ്ടാമത്തെ വിഷയം, സ്പാർക്ക് സോഫ്റ്റ്വെയറിലും പെൻഷൻ നൽകുന്ന സേവന സോഫ്റ്റ്വെയറിലും ആധാർ സാമ്യപ്പെടുത്തിയപ്പോൾ ആണ് ഈ കുഴപ്പം കണ്ടുപിടിച്ചത്. എന്നാൽ ഇതിനോടകം എത്ര പേർ, എത്ര രൂപ അനർഹമായി പെൻഷൻ കൈപ്പറ്റിയിട്ടുണ്ട് എന്ന വിവരം ഈ നിമിഷംവരെയും സർക്കാർ പ്രസിദ്ധീകരിച്ചി ട്ടില്ല. അപ്പോൾ വാർത്ത അർദ്ധസത്യമാണ്, കൃത്യമായ തെളിവോടെയുള്ളതല്ല. അനർഹമായി പെൻഷൻ പറ്റുന്ന ജീവനക്കാർ ആരെങ്കിലുമുണ്ടെങ്കിൽ അവർക്കെതിരെ ചട്ടപ്രകാരമുള്ള നടപടി കൈക്കൊള്ളണം. പക്ഷേ അത് അങ്ങേയറ്റം മാനുഷിക പരിഗണനകൾ മാനദണ്ഡമാക്കിക്കൊണ്ടാവണം. എന്നാൽ ഈ സമീപനമല്ല, സർക്കാർ സ്വീകരിക്കുന്നത്. ജീവനക്കാർ ക്ഷേമപെൻഷൻ തട്ടിയെടുക്കുന്നു എന്നതരത്തിൽ വലിയൊരു പ്രചാരണമാക്കി മാറ്റാൻ സർക്കാർ ഉൽസാഹപൂർവ്വം ശ്രമിക്കുന്നതാണ് നാം കാണുന്നത്.
എന്താണ് യാഥാർത്ഥ്യം
അംഗപരിമിതർക്കും വിധവകൾക്കും ജോലി സംവരണം നിലനിൽക്കുന്നുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി താൽക്കാലികമായി ദിവസവേതനക്കാരായി ജോലിയിൽ പ്രവേശിക്കുന്നവരാണ് അവരിൽ ഏറെപ്പേരും. കുറച്ചുനാളത്തേക്ക് മാത്രമുള്ള ജോലിയായതിനാൽ ഇവരിൽ പലരും ക്ഷേമപെൻഷൻ ഉപേക്ഷിച്ചിട്ടുണ്ടാവില്ല. ഇതിനുപുറമേ, സ്ഥിരജോലിയിൽ പ്രവേശനം ലഭിച്ചവരിൽ ബോധപൂർവ്വം പെൻഷൻ നിലനിർത്തിയവരും ഉണ്ടാകാം. ഇവരുടെ അടക്കം ശമ്പളം ഇപ്പോൾ സ്പാർക്ക് മുഖേനെയാണ് നൽകുന്നത് എന്നതിനാൽ രണ്ട് സോഫ്റ്റ് വെയറിലും ഇവരുടെ പേരും ആധാർ നമ്പരും ഉണ്ടാവും. എന്നാൽ പെൻഷൻ ലഭിക്കണമെങ്കിൽ വർഷംതോറുമുള്ള മസ്റ്ററിംഗ് എന്ന കടമ്പയുണ്ടല്ലോ. അവിടെയും അത് കണ്ടെത്താതെ പോയിട്ടുണ്ടെങ്കിൽ ഭരണാധികാരതലത്തിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. മുകളിൽ സൂചിപ്പിച്ച ഘടകങ്ങളാൽ സംഭവിച്ച ഈ സാഹചര്യത്തെ, അസ്വാഭാവികമായ നിലയിൽ പെരുപ്പിക്കുകയും ഒരു വലിയ പ്രചാരവേലയാക്കി മാറ്റുന്നതിന്റെയും പിറകിൽ സർക്കാരിനു വ്യക്തമായ അജണ്ടയുണ്ട്.
സർക്കാർ ജീവനക്കാരെ, സാധാരണ ജനങ്ങളുടെ ശത്രുക്കളായി ചിത്രീകരിക്കാൻ നവലിബറൽ കാലഘട്ടത്തിലെ എല്ലാ സർക്കാരുകളും കിണഞ്ഞ് പരിശ്രമിക്കുന്നത് നമുക്ക് കാണാൻ കഴിയും. എ.കെ.ആന്റണി സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച്, ഇപ്പോൾ തീവ്രമായ നിലയിലെത്തിയിരിക്കുന്ന ഈ പ്രചാരണം കൃത്യമായ നവലിബറൽ അജണ്ടയോടെ നടപ്പാക്കുന്ന ഒന്നാണ്. ‘ആത്മാർത്ഥതയും സത്യസന്ധതയുമില്ലാത്ത, പണിയെടുക്കാത്ത ജീവനക്കാരെ എന്തിനു നിലനിർത്തണം’ എന്ന ചോദ്യമാണ് പരോക്ഷമായി സർക്കാർ ഉയർത്തുന്നത്. സർക്കാർ സർവ്വീസിനെ മെലിയിപ്പിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കലാണ് അത്. അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരെന്ന നിലയിൽ ജീവനക്കാരെ ആസൂത്രിതമായി അവതരിപ്പിക്കുന്നു. ശമ്പളവും ആനുകൂല്യങ്ങളും തൊഴിലവകാശങ്ങളുമില്ലാത്ത ഒരു വിഭാഗമായി സർക്കാർ ജീവനക്കാരെ മാറ്റിയാൽ, അസംഘടിത േമഖലയിൽ എല്ലാത്തരം അവകാശങ്ങളും നിഷേധിച്ചുകൊണ്ട് നിർദ്ദയമായ ചൂഷണത്തിന് ആയാസരഹിതമായ വഴി തുറക്കാമെന്ന് അവർ കണക്കുകൂട്ടുന്നു.
ജോലി ഭാരംകൊണ്ടും ഡിഎയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടും വലിയ പ്രതിസന്ധിയിലായ ജീവനക്കാരെ, അനർഹമായി ആനുകൂല്യങ്ങൾ പറ്റുന്നവർ എന്ന നിലയിൽ അപമാനിച്ച്, ശമ്പളപരിഷ്ക്കരണവും ഡിഎയും നൽകുന്നതിനെതിരെ പൊതുജനാഭിപ്രായം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യം സർക്കാരിനുണ്ട് എന്നത് വ്യക്തമാണ്. പക്ഷേ അതിനുമപ്പുറം സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന ക്ഷേമപെൻഷനുകൾ പരിമിതപ്പെടുത്തുക എന്നുള്ള മറ്റൊരു ലക്ഷ്യവും ഈ പ്രചാരണത്തിനു പുറകിൽ ഉണ്ട്. പലതരത്തിലുള്ള സർട്ടിഫിക്കറ്റുകളും നിയന്ത്രണങ്ങളും കൊണ്ടുവന്ന് സാധാരണക്കാർക്ക് ക്ഷേമ പെൻഷൻ നിഷേധിക്കുക എന്നുള്ളത് പിണറായി സർക്കാരിന്റെ നയമാണ്.
കുറഞ്ഞുകൊണ്ടിരിക്കുന്ന ക്ഷേമ പെൻഷൻ വിഹിതം
2023 ജൂണിൽ പെൻഷൻ ലഭിച്ചവരെ അപേക്ഷിച്ച്, ജൂലൈയിൽ പെൻഷൻ ലഭിച്ചവരുടെ എണ്ണം 5,92,596 കുറവായിരുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സേവന പോർട്ടൽ എന്ന സർക്കാരിന്റെ പെൻഷൻ വിതരണ സൈറ്റിൽനിന്ന് ലഭ്യമായ 2021 മുതൽ 2023 വരെയുള്ള വിവരപ്രകാരം, വിതരണംചെയ്ത പെൻഷൻ തുക വർഷം തോറും ക്രമമായി കുറഞ്ഞുവരുന്നതായി കാണാൻ കഴിയും.
കർഷകതൊഴിലാളി പെൻഷനിൽ 44,23,00,400 രൂപയുടെ കുറവും വാർദ്ധക്യ പെൻഷനിൽ 583,57,78,100 രൂപയുടെ കുറവും കാണാൻ കഴിയും. എന്താണ് ഈ കുറവിന്റെ കാരണം എന്നത് പരിശോധിക്കുമ്പോൾ സേവന പോർട്ടലിൽ തന്നെ ഉത്തരവും ലഭിക്കും. ഈ സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന 2020 സെപ്റ്റംബർ 23ന് ഇറങ്ങിയ ധനകാര്യ വകുപ്പിന്റെ 97/2020 ഉത്തരവ് പ്രകാരം, ക്ഷേമനിധി ബോർഡുകളിൽനിന്ന് പെൻഷനുകൾ കൈപ്പറ്റുന്നവർക്ക് സാമൂഹിക ക്ഷേമപെൻഷൻ പരിമിതപ്പെടുത്തികൊണ്ട് വ്യവസ്ഥകൾ ഏർപ്പെടുത്തി. 22/09/2022 ലെ 162/2022, 03/10/2022 ലെ 170/2022 തുടങ്ങി പിന്നീടുവന്ന നിരവധി ഉത്തരവുകളിലൂടെ ഇത്തരം നിയന്ത്രണങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പലകാരണങ്ങളാൽ കുടിശ്ശികയാകുന്ന പെൻഷൻ പിന്നീട് നൽകാതിരിക്കുക, മരണമടയുമ്പോൾ കുടിശ്ശിക പെൻഷൻ അവകാശികൾക്ക് നിഷേധിക്കുക തുടങ്ങി പല ക്രൂരവിദ്യകളും കാട്ടി പെൻഷൻ നൽകാതിരിക്കുന്നതിനായുള്ള ഗവേഷണമാണ് മുന്നേറുന്നത്. അതിന്റെ ഭാഗമാണ് ക്ഷേമപെൻഷനെ മുൻനിർത്തിയുള്ള ഇപ്പോൾ നടക്കുന്ന പ്രചാരണം.
ഇനി ഏതുവിഭാഗത്തെ ഒഴിവാക്കും എന്ന അന്വേഷണത്തിലാണ് സർക്കാർ. ഉദാഹരണത്തിന്, പെതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് എക്സിക്യൂട്ടീവ് കേഡറിൽ വിരമിച്ച, 4000 രൂപക്ക് താഴെ ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് ഇപ്പോൾ 600 രൂപ ക്ഷേമനിധിബോർഡ് പെൻഷൻ നൽകാമെന്നു വ്യവസ്ഥയുണ്ട്. അത് ഇല്ലാതാക്കാൻ ഏതാണ്ട് തീരുമാനമായിട്ടുണ്ട്. കൂടാതെ 600 രൂപ വച്ച് അധികപെൻഷൻ വാങ്ങുന്ന എൻപിഎസ് പെൻഷൻകാരെയും ഒഴിവാക്കുന്നതും സർക്കാർ ലക്ഷ്യംവയ്ക്കുന്നു. ഫലത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷനും സംസ്ഥാന ക്ഷേമ പെൻഷനും പരമാവധി നിഷേധിക്കുക എന്നതാണ് ഈ നടപടികളുടെയെല്ലാം ലക്ഷ്യം.