ജനരോഷത്തിന് മുന്നിൽ പിൻവലിക്കേണ്ടി വന്നുവെങ്കിലും, ഒരു അമേരിക്കൻ കമ്പനിക്ക് കേരളതീരത്തെ മത്സ്യസമ്പത്ത് വാരിയെടുത്തു കൊണ്ടു പോകാൻ അനുവാദം നൽകിയ കേരള സർക്കാരിന്റെയും, “ബ്ലൂ ഇക്കോണമി” എന്ന പേരിലുള്ള നയരേഖയുമായി നീങ്ങുന്ന കേന്ദ്രസർക്കാരിന്റെയും നീക്കം ഈ ദിശയിലായിരുന്നു.
പ്രതിസന്ധികളിൽനിന്നും കരകയറാൻ പാടുപെടുന്ന കേരളത്തിലെ മത്സ്യബന്ധന മേഖലയെ കൂടുതൽ അപകടത്തിലാക്കുന്ന ഒരു പദ്ധതിയുടെ ഗൂഢനീക്കങ്ങളാണ് അടുത്തിടെ പുറത്തുവന്നത്.
ആഴക്കടൽ മത്സ്യബന്ധനത്തിനും മത്സ്യ സംസ്കരണത്തിനും വിപണനത്തിനുംവേണ്ടി ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം എന്ന അമേരിക്കൻ കമ്പനിയുടെ ഉപ കമ്പനിയായ ഇഎംസിസി ഇന്റർനാഷണൽ(ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡുമായി കേരള സർക്കാരിന്റെ വ്യവസായ വികസന കോർപ്പറേഷനും കേരള ഷിപ്പിങ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്.
ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള പുതിയ 400 അത്യാധുനിക ട്രോളറുകൾ നിർമ്മിച്ച്, നമ്മുടെ കടലിലെ മത്സ്യങ്ങളെ അരിച്ചുപെറുക്കിയെടുത്ത്, അത് സംസ്കരിച്ച്, സ്വദേശത്തും വിദേശത്തും വിറ്റഴിച്ച് ആയിരക്കണക്കിന് കോടികൾ സമ്പാദിക്കാനുള്ള ഒരു ബൃഹത്പദ്ധതിയാണ് കേരള സർക്കാരിന്റെ മുന്നിൽ ഇഎംസിസി കമ്പനി സമർപ്പിച്ചത്.
ഈ കമ്പനിയുമായി ഒരു ചർച്ചയും കരാറും ഉണ്ടാക്കിയിട്ടില്ലെന്നും അസംബന്ധമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നുമായിരുന്നു സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രിയുടെയും വ്യവസായ വകുപ്പ് മന്ത്രിയുടെയും ഇതിനെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങൾ.എന്നാൽ, കുത്തക കമ്പനിയുമായി നടത്തിയ ചർച്ചകളും ധാരണാപത്രവും വ്യവസ്ഥകളും തെളിവു സഹിതം പുറത്തായതോടെ മന്ത്രിമാരും അധികാര കേന്ദ്രങ്ങളും പ്രതിസന്ധിയിലായി. കമ്പനിക്ക് ചേർത്തല പള്ളിപ്പുറത്ത് സർക്കാർ നാലേക്കർ ഭൂമി അനുവദിച്ചത് വ്യവസായ മന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു.
ലക്ഷക്കണക്കിന് പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ടുകളിൽ പണിയെടുക്കുന്ന ആയിരങ്ങളും പതിനായിരക്കണക്കിന് അനുബന്ധ തൊഴിലാളികളും തങ്ങളുടെ ഉപജീവനം കണ്ടെത്തുന്ന, കേരളത്തിലെ മത്സ്യമേഖലയുടെ സമ്പൂർണ്ണ കുത്തകവൽക്കരണമാണ് യഥാർത്ഥത്തിൽ ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ബിൽഡ്, ഓൺ, ഓപ്പറേറ്റ് ആന്റ് ട്രാൻസ്‌ഫർ (ബൂട്ട്) എന്ന വ്യവസ്ഥയിലാണ് ഈ കമ്പനിയെ കേരളതീരത്തേക്ക് കൊണ്ടുവന്നത്. ഇതേ പോലുള്ള വ്യവസ്ഥകൾ മുന്നോട്ട് വച്ചുകൊണ്ടാണ് വിഴിഞ്ഞത്ത് അദാനി വന്നത്. മത്സ്യതൊഴിലാളികളെ ഒഴിപ്പിച്ച് ആ പ്രദേശമാകെ വികസിപ്പിച്ചെന്നാണ് ഈ സർക്കാരുകൾ നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. തിരുവനന്തപുരം അന്തർദ്ദേശീയ വിമാനത്താവളവും ഇവർ ‘വികസിപ്പിച്ചത്’ ഇതേ തന്ത്രത്തിലൂടെ തന്നെയായിരുന്നു.
ആഴക്കടൽ മത്സ്യസമ്പത്ത് കൊള്ളയടിക്കാൻ കുത്തക കമ്പനികളെ ആനയിച്ച് ഇപ്പോൾ നടക്കുന്ന നീക്കങ്ങൾക്ക് “കേരളത്തിന്റെ മത്സ്യമേഖലാ വികസനം” എന്നുതന്നെയാണ് സർക്കാർ പേരിട്ടിരിക്കുന്നതും !
വിദേശ ഫാക്ടറികപ്പലുകളെ ഇന്ത്യൻ സമുദ്രത്തിൽ മീൻ പിടിക്കാൻ അനുവദിച്ചുകൊണ്ടുള്ള പല പദ്ധതികളും കേന്ദ്ര ഗവണ്മെന്റ് ആസൂത്രണം ചെയ്തുകൊണ്ടുവന്നപ്പോഴെല്ലാം മത്സ്യത്തൊഴിലാളികളും സംഘടനകളും ഉയർത്തിയ ശക്തമായ എതിർപ്പിനോടൊപ്പം നിലകൊള്ളേണ്ടി വന്നിട്ടുണ്ട് നമ്മുടെ സർക്കാരുകൾക്ക്. കേന്ദ്ര സർക്കാർ നിയോഗിച്ച ഡോ.മീനാകുമാരി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം 270 വിദേശ കപ്പലുകൾക്ക് നമ്മുടെ സമുദ്രാതിർത്തിക്കുള്ളിൽ മത്സ്യബന്ധനത്തിന് പെർമിറ്റ് നൽകാൻ തീരുമാനിച്ചപ്പോൾ കേരളത്തിൽ ഉയർന്നുവന്ന അതിശക്തമായ പ്രതിഷേധം ഈ സർക്കാർ മറക്കുന്നത് ആർക്കു വേണ്ടിയാണ് ?
വൻകിട കപ്പലുകൾ വഴിയുള്ള അമിതമായ മത്സ്യചൂഷണം കാരണം രൂക്ഷമായ മത്സ്യക്ഷാമം നേരിടുന്ന കടലിലേക്കാണ് വീണ്ടും ഈ നീക്കം നടത്തിയത്.വൻകിട കമ്പനികളുമായി കരാറുണ്ടാക്കി അവരെ അഴിച്ചുവിട്ടാൽ ആഴക്കടൽ മാത്രമല്ല തീരക്കടലും കാലിയാകുമെന്നതല്ലേ നമ്മുടെ അനുഭവം.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സ്ഥിരം സംരക്ഷകരായി നമ്മുടെ മുന്നിൽ കയറി നിൽക്കുന്നവർ യഥാർത്ഥത്തിൽ, മത്സ്യതൊഴിലാളികളെ അടിയോടെ വാരി തകർക്കുന്ന നീക്കങ്ങളാണ് നടത്തുന്നത്.
തൊഴിലാളികൾക്ക് ദോഷകരമായതൊന്നും നടപ്പാക്കില്ലെന്ന് ഇവർ ആണയിടും. തെളിവുകളോടെ പിടിക്കപ്പെടുമ്പോൾ മാത്രം പറയുന്ന പതിവ് പല്ലവികളായി അതു മാറി.
കടലിന്റെ സമ്പത്താകെ സമാഹരിച്ചെടുക്കാനെന്ന ലക്ഷ്യത്തോടെ 2018ല്‍ ആരംഭിച്ച പ്രക്രിയയുടെ സമാപനം എന്ന നിലയിലാണ് “ബ്ലൂ ഇക്കോണമി” നയം വരുന്നത്. നയരേഖ 2021 ഫെബ്രുവരി 17ന് പ്രസിദ്ധീകരിച്ചതായി അറിയിപ്പ് വരുന്നതിനുമുമ്പ് ലോകബാങ്ക്, വ്യവസായ പ്രമുഖർ, ഉദ്യോഗസ്ഥ സാങ്കേതിക മേധാവികൾ തുടങ്ങി ഉന്നത ശ്രേണികളിലുള്ള വരുമായി സർക്കാർ വിശദമായ ചർച്ച നടത്തിയിരുന്നു.പക്ഷേ ഈ മേഖലയെ ആശ്രയിച്ച് ജീവസന്ധാരണം നടത്തുന്ന 10 കോടി മനുഷ്യരുടെ പ്രതിനിധികളെ ആരെയും സർക്കാർ കണ്ടില്ല. ഇംഗ്ലീഷിൽ ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ച രേഖ പഠിച്ച് അഭിപ്രായം പറയാൻ അവർക്ക് നൽകിയത് വെറും പത്തുദിവസം. തീരക്കടലിന്റെ, ആഴക്കടലിന്റെ സമ്പത്ത് അപ്പാടെ ദേശത്തെയും വിദേശത്തെയും കുത്തക കമ്പനികൾക്ക് ദാനംചെയ്യാൻ അണിയിച്ചൊരുക്കി ആവിഷ്കരിച്ചതാണ് ഈ നയം. ഇപ്പോൾതന്നെ മത്സ്യസമ്പത്തിന്റെ ദൗർലഭ്യവും പ്രകൃതി ക്ഷോഭങ്ങളും കാരണം ഈ തൊഴിലാളികൾ കൊടിയ ദാരിദ്ര്യത്തിലാണ് ജീവിതം തള്ളിനീക്കുന്നത്. കഴിഞ്ഞകാലങ്ങളിൽ കോൺഗ്രസ് സർക്കാരും തുടർന്ന് ബിജെപി സർക്കാരും പിന്തുടർന്ന നയങ്ങളെല്ലാം അങ്ങേയറ്റം ജനദ്രോഹകരമായിരുന്നു. തീരദേശ പരിപാലന നിയമം, വള്ളം അടുപ്പിക്കുന്നതിന് കൊണ്ടുവന്ന നിയന്ത്രണങ്ങൾ, വിദേശ ഫാക്ടറി കപ്പലുകൾക്ക് ആഴക്കടലിൽനിന്ന് നമ്മുടെ മത്സ്യസമ്പത്ത് ഒന്നാകെ വാരി കൊണ്ടുപോകാൻ നൽകിയ അനുവാദങ്ങൾ, മീനാകുമാരി കമ്മീഷൻ റിപ്പോർട്ട് എന്നിവയെല്ലാം മത്സ്യമേഖലയിലെ ചെറുകിട ജീവിതങ്ങളെ തകർക്കുന്നതായിരുന്നു. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ നയം ഈ തകർച്ചയ്ക്ക് ആക്കം കൂട്ടുകയേ ഉള്ളൂ. എന്ന് മാത്രമല്ല, മത്സ്യം, ധാതുക്കൾ, ഇന്ധനം തുടങ്ങിയവയെല്ലാം അപ്പാടെ വലിച്ചെടുത്തു പോകാൻ കുത്തക വ്യവസായികൾക്ക് അവസരമൊരുക്കുക എന്നതും ഇത് ലക്ഷ്യമാക്കുന്നു. വമ്പിച്ച പാരിസ്ഥിതിക പ്രത്യാഘാതങ്ങളു ണ്ടാക്കുന്ന നീക്കങ്ങളാണ് ഈ നയത്തിലുള്ളത്. ചെറുകിട മത്സ്യബന്ധനത്തിനും വിപണനത്തിനും വിവിധ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്യും. ഈ നയത്തിന്റെ പരിധിയിൽപ്പെടുന്ന മേഖലകളെല്ലാംതന്നെ വലിയ മുതൽമുടക്ക് വേണ്ടവയാണ്. സാധാരണക്കാരന് അവിടേക്ക് പ്രവേശനം ഇല്ലതന്നെ. ഈ നയം നടപ്പിലാക്കുന്നതു വഴി തുറമുഖങ്ങളുടെ എണ്ണത്തിലെ വർദ്ധന, വൻതോതിലുള്ള നിർമ്മാണ പ്രവർത്തികൾ എന്നിവമൂലം കടലാക്രമണം രൂക്ഷമാവും. തീരങ്ങൾ കടലെടുത്തു പോകും. തീരദേശജനത കൂടുതൽ പാർശ്വവൽക്കരിക്കപ്പെടും. വിഴിഞ്ഞം തുറമുഖം നിർമാണദശയിൽതന്നെ സൃഷ്ടിച്ചുകൊണ്ടിരി ക്കുന്ന കെടുതികൾക്ക് തീരദേശ ജനത ഇരയാവുന്നത് നീറുന്ന ഉദാഹരണമാണ്. ഇത്രയും ദോഷകരമായി ബാധിക്കുന്ന ഒരു നയത്തിന്റെ ചർച്ചാവേളയിൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ എതിർപ്പ് രേഖപ്പെടുത്തുകയോ കേരളജനതയെ ഇതിനെതിരെ ഉണർത്തുകയോ ചെയ്തില്ല എന്നകാര്യം ശ്രദ്ധിക്കേണ്ടതാണ്. എന്നുമാത്രമല്ല, കേരള സർക്കാരും സമാനമായ രീതിയിൽതന്നെ പ്രവർത്തിക്കുന്നു എന്നതിന് തെളിവാണ്, ഇഎംസിസി യുമായി നടന്ന രഹസ്യ ഇടപാടുകൾ സൂചിപ്പിക്കുന്നത്.
കുത്തകകൾക്കായി കാർഷിക മേഖലയിലെ ജീവിതത്തെ തകർക്കുന്ന തരത്തിൽ കൊണ്ടുവന്ന മൂന്ന് നിയമങ്ങളെ പോലെതന്നെ മാരകമാണ് ബ്ലൂ ഇക്കോണമി എന്ന നയവും. കടലും തീരവും അതിനെ ആശ്രയിച്ചുള്ള ജീവിതവും സംരക്ഷിക്കാൻ തീരദേശ ജനത ഒറ്റക്കെട്ടായി കർഷക സമരത്തിന്റെ മാതൃകയില്‍ സംഘടിച്ച് പ്രതിരോധനിര സൃഷ്ടിക്കുക എന്ന ഒരേ ഒരു രക്ഷാമാർഗ്ഗം മാത്രമേ അവശേഷിക്കുന്നുള്ളൂ.മത്സ്യമേഖലയിലെ തൊഴിലാളികളും ബഹുജനങ്ങളും സ്വന്തം ജനകീയ സമരസമിതികൾക്ക് രൂപം നൽകി സംഘടിച്ചു കൊണ്ട്, ജാഗ്രതയോടെ നിലകൊള്ളണമെന്നാണ് ഓരോ നിമിഷവും നമ്മെ ഇക്കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നത്.