തൊഴില്‍ തരൂ… പിണറായി സര്‍ക്കാരിന്റെ ബധിരകര്‍ണ്ണങ്ങളില്‍ യുവജന രോഷം പ്രകമ്പനം സൃഷ്ടിക്കുന്നു. ഉദ്യോഗാര്‍ത്ഥി പ്രക്ഷോഭം പുതിയ ചരിത്രം രചിക്കുന്നു.

CPO-3.jpg
Share

തലസ്ഥാന നഗരിയിൽ കഴിഞ്ഞ ഒന്നരമാസമായി നടന്നു വരുന്ന ഉദ്യോഗാർത്ഥികളുടെ പ്രക്ഷോഭം തൊഴിലില്ലായ്മ എന്ന ഗുരുതരമായ സാമൂഹ്യപ്രശ്‌നത്തെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തെ കേരളം അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. എല്ലാ കുടുംബങ്ങളിലും അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർ ഉണ്ടെന്നതാണ് ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഇത്രമേൽ സാമൂഹിക പിന്തുണ ഉണ്ടായി വരുവാൻ കാരണം.
എന്നാൽ, എൽഡിഎഫ് സർക്കാരാവട്ടെ, റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം പ്രതിപക്ഷം ഇളക്കി വിട്ടതാണെന്ന് പറഞ്ഞുകൊണ്ട് പ്രശ്‌നത്തെ കക്ഷിരാഷ്ട്രീയത്തിന്റെ കള്ളികളിലേക്ക് ഒതുക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും ഡിവൈഎഫ്‌ഐ നേതാക്കളും ഉദ്യോ ഗാർഥികളുടെ സമരത്തെ നിരന്തരം ആക്ഷേപിച്ചു കൊണ്ട് അതിന്റെ വീര്യം കെടുത്താൻ ആവത് പരിശ്രമിച്ചു. എന്നാൽ, എല്ലാ നുണപ്രചാരണങ്ങളെയും അതിജീവിച്ചുകൊണ്ട് ഉദ്യോഗാർത്ഥികൾ വീറുറ്റ പ്രകടനങ്ങളാലും നൂതന സമര മാർഗങ്ങൾകൊണ്ടും സെക്രട്ടറിയേറ്റിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കുന്നു.

സിപിഒ സമരം വിട്ടുവീഴ്ചയില്ലാതെ മുന്നേറുന്നു.

സിവിൽ പോലീസ് ഓഫീസർ (സിപിഒ) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രക്ഷോഭം ഡിമാൻഡിൽ അടിയുറച്ച്, വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു പോകുകയാണ്. 2019 ജൂലൈ 1ന് നിലവിൽ വന്ന റാങ്ക് ലിസ്റ്റിന്റെ സ്വാഭാവിക കാലാവധി 2020 ജൂൺ 30ന് അവസാനിച്ചു. ആ റാങ്ക് പട്ടിക നീട്ടി നൽകണമെന്ന ഉദ്യോഗാർഥികളുടെ നിരന്തരമായ ആവശ്യത്തെ സർക്കാർ തികഞ്ഞ ധാർഷ്ട്യത്തോടെ അവഗണിക്കുകയാണ് ചെയ്തത്. ആകെ ഒരു വർഷം മാത്രം കാലാവധിയുള്ള ലിസ്റ്റില്‍ എട്ടുമാസം നിയമനം മരവിപ്പിക്കപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കൾ, ശിവരഞ്ജിത്തും പ്രണവും നസീമും സി പി ഒ പരീക്ഷ കോപ്പിയടിച്ച് യഥാക്രമം 1, 2, 28 റാങ്കുകളിൽ എത്തിയതിനെത്തുടർന്ന്, കോടതി ഉത്തരവ് പ്രകാരമാണ് നാലുമാസം ലിസ്റ്റ് മരവിപ്പിക്കപ്പെട്ടത്.
പിന്നീട് നാല് മാസം നിയമനം നടന്നെങ്കിലും കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യം ലോക്ഡൗണിൽ ആയതോടെ അടുത്ത 3 മാസത്തേക്ക് ലിസ്റ്റ് വീണ്ടും മരവിപ്പിക്കപ്പെട്ടു. ശേഷം അവസാനത്തെ ഒരു മാസം കൂടി മാത്രമാണ് ലിസ്റ്റിന് കാലാവധി ലഭിച്ചത്. കാലാവധി ഒരു വർഷമായിരുന്നെങ്കിലും ഫലത്തിൽ 5 മാസം മാത്രമാണ് സിപിഒ ലിസ്റ്റിൽ നിന്നും നിയമനം നടന്നത്. വസ്തുതകൾ ഇതായിരുന്നിട്ടും സിപിഒ ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകിക്കൊണ്ട് നിയമനങ്ങൾ നടത്തുവാൻ സർക്കാർ തയ്യാറായില്ല. ലിസ്റ്റ് നിലവിലുണ്ടായിരുന്നപ്പോൾ പോലീസ് സേനയിലേക്ക് 3400 പേരെ നിയമിക്കണമെന്ന് കാണിച്ചുകൊണ്ട് രണ്ട് ഉത്തരവുകൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു. 2020 ജൂൺ 18(G. O (MS) No.130/2020/ HOME) ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്, 1200 വേക്കൻസികൾ പുരുഷ പോലീസിനും 200 വേക്കൻസികൾ വനിതാ പോലീസിനും വേണ്ടി പി എസ് സി യിൽ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു. സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലേക്ക് 2000പേരെ നിയമിക്കണമെന്നതായിരുന്നു ജൂൺ 9ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ (G.O (MS) 07/2020/ HOME) പറയുന്നത്. എന്നാൽ, ഗവൺമെന്റ് ഉത്തരവ് പ്രകാരം സിപിഒ ഉദ്യോ ഗാർത്ഥികൾക്ക് ലഭിക്കേണ്ട 3200 ഒഴിവുകൾ നികത്തുവാൻ ഒരു നടപടിയും സർക്കാർ ഇതുവരെയും കൈക്കൊണ്ടിട്ടില്ല. പുതിയ ലിസ്റ്റ് നിലവിൽ വരാത്ത കാലത്തോളമോ, പരമാവധി മൂന്നുവർഷത്തേക്കോ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകാൻ സർക്കാരിന് അവകാശമുണ്ടെന്ന് പി എസ് സിയുടെ റൂൾ 13/5 വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടും പോലീസ് കോൺസ്റ്റബിൾ ഉദ്യോഗാർഥികളുടെ കാര്യത്തിൽ സർക്കാർ കടുംപിടുത്തം തുടരുന്നത് തികച്ചും ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണ്.
ലാസ്റ്റ് ഗ്രേഡ് സെർവന്റ് (എൽജിഎസ് ) ഉദ്യോഗാർത്ഥികളുടെ സമരം 35 ദിവസം പിന്നിട്ടു കഴിഞ്ഞപ്പോഴാണ് സർക്കാർ ഒരു മന്ത്രിതല ചർച്ചയ്ക്കുപോലും തയ്യാറായത്. നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം 16 മണിക്കൂറിൽനിന്നും 8 മണിക്കൂറായി കുറച്ചുകൊണ്ട് അവിടെ വരുന്ന ഒഴിവുകളിൽ എൽജിഎസ് ലിസ്റ്റിൽനിന്നും ഇലക്ഷൻ കമ്മീഷന്റെ അനുമതിയോടെ നിയമനം നടത്താം എന്ന നിയമമന്ത്രി എ.കെ ബാലന്റെ ഉറപ്പിലാണ് ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ, ‘പിഎസ് സിക്ക് നിയമ നടപടികൾ നടത്തുന്നതിനും വിവിധ സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതിനും തടസ്സമില്ലെന്ന് ‘ ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കുകയുണ്ടായി.


എന്നാൽ, എൽജിഎസ് ലിസ്റ്റിലെ നിയമനക്കാര്യത്തിൽ ഇപ്പോഴും നടപടിയുണ്ടായിട്ടില്ല. നൈറ്റ് വാച്ചർമാരുടെ തസ്തികകൾ സൃഷ്ടിക്കപ്പെട്ടാൽ തന്നെ പുരുഷ ഉദ്യോഗാർത്ഥികൾക്കായിരിക്കും ജോലി ലഭിക്കുക. അപ്പോഴും ലിസ്റ്റിലെ ബഹുഭൂരിപക്ഷം വരുന്ന വനിതകളുടെ നിയമനത്തിലെ അനിശ്ചിതത്വം തുടരുക തന്നെ ചെയ്യും. എച്ച്എസ്എസ്‌ടി, എല്‍പിഎസ്‌എ, യുപിഎസ്‌എ, കെഎസ്‌ആര്‍ടിസി മെക്കാനിക്, ഡ്രൈവർ, ഫോറസ്റ്റ് വാച്ചർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ തുടങ്ങിയ നിരവധി റാങ്ക് ലിസ്റ്റിലുള്ള ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് സമരം നടത്തുന്നത്. സിപിഒ റാങ്ക് ഹോൾഡേഴ്‌സ് നൂറുകണക്കിന് ഉദ്യോഗാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മഹാസംഗമം വരെ നടത്തി. അത് ഉദ്ഘാടനം ചെയ്തു കൊണ്ട് ജസ്റ്റിസ് കമാൽ പാഷാ പറഞ്ഞു: ‘ഇത്രയും ന്യായമായ ഡിമാൻഡ് മുൻനിർത്തിയുള്ള ഒരു സമരം സെക്രട്ടറിയേറ്റിന് മുന്നിൽ നടന്നിട്ടില്ല .തൊഴിൽ എന്നത് ഏതൊരാളുടെയും അവകാശമാണ്. അതിനുവേണ്ടി നിങ്ങൾ ആരുടെ മുന്നിലും യാചിക്കരുത്. നിയമനം ലഭിക്കും വരെ സമരം ചെയ്യുക’. ജസ്റ്റിസ് കമാൽ പാഷയെപ്പോലുള്ള അനേകം പേരുടെ പിന്തുണയോടെയാണ് ഉദ്യോഗാർത്ഥികളുടെ സമരം മുന്നോട്ടു പോകുന്നത്.

സ്വന്തക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ, മെറിറ്റ് കുഴിച്ചുമൂടുന്നു.

എൽഡിഎഫ് സർക്കാർ 5 വർഷക്കാലവും, മന്ത്രിമാർക്കും നേതാക്കൾക്കും വേണ്ടപ്പെട്ടവരെ വിവിധ സർക്കാർ വകുപ്പുകളിൽ പിൻവാതിലിലൂടെ താൽക്കാലികക്കാരായി പ്രവേശിപ്പിച്ചു കൊണ്ടിരുന്നു.അഡ്വ. പ്രാണകുമാറിന് ധനവകുപ്പ് നൽകിയ വിവരാവകാശ രേഖ പ്രകാരം സർക്കാർ ഡിപ്പാർട്ട്‌മെന്റുകളിൽ 1,17,267 താൽക്കാലിക, കരാർ ജീവനക്കാരെ പിണറായി സർക്കാർ നിയമിച്ചിട്ടുണ്ട്. എന്നാൽ, എൽഡി എഫ് ഗവൺമെന്റിന്റെ കാലത്തെ സർക്കാർ ഡിപ്പാർട്ട്‌മെന്റുകളിലെ സ്ഥിരനിയമനം വെറും 95,196 മാത്രമാണെന്ന് എം.ഷാജർഖാന് ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഓരോ വർഷത്തെയും റിട്ടയർമെന്റ് വേക്കൻസികളിൽപോലും സ്ഥിര നിയമനം നടത്താൻ സർക്കാർ തയ്യാറായിട്ടില്ലെന്നാണ് ഈ കണക്കുകളിലൂടെ മനസ്സിലാകുന്നത്. സർക്കാർ വകുപ്പുകളിൽനിന്നും ശരാശരി 20,000 പേരാണ് പ്രതിവർഷം വിരമിക്കുന്നത്. വിരമിച്ചവരുടെ ഒഴിവുകളിൽ നിയമനം നടത്തിയാൽ തന്നെ 5 വർഷം കൊണ്ട് 1 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ കൊടുക്കണം. എന്നാൽ, റിട്ടയർമെന്റ് വേക്കൻസികളിൽ സമ്പൂർണമായി നിയമനം നടത്തുവാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. സ്വാഭാവിക വേക്കൻസികളിൽ പോലും നിയമനം നടത്താത്ത സർക്കാറാണ് ആയിരക്കണക്കിന് പുതിയ വേക്കൻസികൾ സൃഷ്ടിച്ചു എന്ന പ്രചാരണം നടത്തുന്നത്. ഇത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് മേൽപ്പറഞ്ഞ വിവരാവകാശരേഖയിലെ കണക്കുകൾ.


സ്ഥിര നിയമനങ്ങൾ പരമാവധി കുറച്ചെങ്കിലും കരാർ, കൺസൾട്ടൻസി നിയമനങ്ങൾ യഥേഷ്ടം നടത്തിയെന്ന ‘ഖ്യാതി’യോടെയാകും പിണറായി സർക്കാർ ഭരണം അവസാനിപ്പിക്കുന്നത്.നിയമനം ആവശ്യപ്പെട്ടുകൊണ്ട് ഉദ്യോഗാർത്ഥികൾ ജീവന്മരണ സമരം നടത്തുമ്പോൾ മന്ത്രിസഭായോഗം ചേർന്ന് വിവിധ വകുപ്പുകളിലെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുകയുണ്ടായി. സ്ഥിരപ്പെടുത്തിയത് 10 വർഷം സർവീസുള്ള താൽക്കാലികക്കാരെയാണെന്ന ന്യായമാണ് മുഖ്യമന്ത്രി അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ന്യായീകരണത്തിന് നിയമപരമായ എന്ത് പിൻബലമാണുള്ളത്. എംപ്ലോയ്‌മെൻറ് റൂൾ പ്രകാരം താൽക്കാലിക ജീവനക്കാർക്ക് 179 ദിവസത്തിൽ കൂടുതൽ ജോലി കൊടുക്കുവാൻ പാടില്ല. ശേഷം ആവശ്യമെങ്കിൽ, മറ്റൊരാളെ തൽസ്ഥാനത്ത് ജോലിക്ക് വയ്ക്കാം. എന്നാൽ,പിഎസ്‌സിലിസ്റ്റ് വന്നാലുടൻ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിൽനിന്നും സ്ഥിര നിയമനം നടത്തണം. സംസ്ഥാന സർക്കാരിന്റെ എംപ്ലോയ്‌മെന്റ് റൂൾ ഇതായിരിക്കവേ, 10 വർഷം താൽക്കാലിക ,കരാർ, ദിവസ വേതന ജീവനക്കാർ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തതെങ്ങനെയാണ്.അങ്ങനെ ആരെങ്കിലും ജോലി ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമ വിരുദ്ധമാണ്.നിയമ വിരുദ്ധമായ ഒരു കാര്യം നടത്തുകയും പിന്നീടത് ഒരവകാശമായി ഉയർത്തുകയും ചെയ്യുന്നത് മറ്റാരുമല്ല, കേരളത്തിന്റെ മുഖ്യ മന്ത്രി തന്നെയാണെന്നത് പ്രശ്‌നത്തിന്റെ ഗൌരവം വർദ്ധിപ്പിക്കുന്നു.
10 വർഷമായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താമെന്ന സുപ്രീം കോടതി വിധിയെയാണ് സർക്കാർ അവലംബമാക്കിയതെന്ന് സി.പി.ഐ (എം) നേതാക്കൾ ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയ കാമ്പയിനുകളിലും ന്യായീകരിക്കുന്നുണ്ട്. എന്നാൽ, കർണാടക സർക്കാരും ഉമാദേവിയും തമ്മിലുള്ള കേസിലെ വിഖ്യാതമായ സുപ്രീം കോടതി വിധി താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് തടയുകയാണുണ്ടായത്. 2006 ഏപ്രിൽ 10ന് വന്ന സുപ്രീം കോടതി വിധിയിൽ പറയുന്നു: ‘പൊതു സ്ഥാപനങ്ങളുടെ കീഴിൽ ഉടലെടുക്കുന്ന അവസരങ്ങളിൽ തുല്യത എന്നത് ഭരണഘടനയുടെ അടിസ്ഥാനമാണ്… അടുക്കും ചിട്ടയുമില്ലാത്ത വിധത്തിലും പ്രത്യേകതരം പരിഗണനകൾ നൽകിയും നികത്തേണ്ടതല്ല താൽക്കാലിക ഒഴിവുകൾ…ഭരണഘടനയുടെ 309-ാം വകുപ്പ് പ്രകാരം മാത്രം നിയമനങ്ങൾ നടത്തേണ്ട തൊഴിൽ ദാതാവാണ് സർക്കാർ…ഏറെക്കാലമായി താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു എന്നത് അയാൾക്ക് ആ തസ്തികയിലേക്കുള്ള അവകാശമായി മാറുന്നില്ല… പരസ്യം നൽകി, എല്ലാ തൊഴിലന്വേഷകർക്കും അവസരം നൽകി, കൃത്യമായ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിച്ച് നിയമനം നടത്തണം… അല്ലെങ്കിൽ അത് ഭരണഘടനയുടെ ലംഘനമാണ്…കരാർ ജോലിയാണെങ്കിൽ, അതിന്റെ സാധുത കരാർ തീരുന്നതോടെ അവസാനിക്കും… അവസാന അവസരമായി നിലവിൽ 10 വർഷം പൂർത്തിയാക്കിയവരെ മാത്രം സ്ഥിരപ്പെടുത്താം. ഈ ഉത്തരവിനു ശേഷം ഒരു തരത്തിലും സ്ഥിരപ്പെടുത്തൽ അനുവദിക്കാനാവില്ല…’
10.4.2006ലെ കോടതി വിധിക്കു ശേഷം താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് അനുവദിക്കില്ല എന്ന സുപ്രീം കോടതി വിധി നിലനിൽക്കെയാണ് പിണറായി സർക്കാർ സ്വന്തക്കാരെയും പാർട്ടിക്കാരെയും സ്ഥിരപ്പെടുത്തുന്ന തീരുമാനം കൈക്കൊണ്ടത്.ഇതിനെതിരെ ബി.ടെക് ബിരുദധാരിയും സി.പി.ഒ റാങ്ക് ഹോൾഡറുമായ എം.വിഷ്ണു, ഫെറ സംസ്ഥാന വർക്കിംഗ് സെക്രട്ടറി ജ്യോതി ലക്ഷ്മി, പ്രവീൺ തുടങ്ങിയ 6 ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയിൽ കേസ് കൊടുക്കുകയുണ്ടായി. ആ കേസ് പരിഗണിച്ചുകൊണ്ട്, 10 സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള മന്ത്രിസഭായോഗ തീരുമാനം ഏപ്രിൽ 8 വരെ കോടതി സ്റ്റേ ചെയ്യുകയുണ്ടായി. എന്നിട്ടുപോലും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്, അടുത്ത തവണ അധികാരത്തിലെത്തിയാൽ ബാക്കിയുള്ള താൽക്കാലികക്കാരെക്കൂടി സ്ഥിരപ്പെടുത്തും എന്നായിരുന്നു. തികഞ്ഞ ധാർഷ്ട്യത്തോടെ, നിയമ വ്യവസ്ഥയെപ്പോലും വെല്ലുവിളിച്ചു കൊണ്ട്, മെറിറ്റിനെ സമ്പൂർണമായി അട്ടിമറിക്കുന്ന പിണറായി സർക്കാരിന്റെ നടപടികൾക്കെതിരെ ശക്തമായ യുവജന രോഷം ഉയരണം.

നിയമന സമരത്തിൽ യുവാക്കൾക്കൊപ്പം
എഐഡിവൈഒ മാത്രം.

രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹ്യ പ്രശ്‌നങ്ങളിലൊന്ന് അതിരൂക്ഷമായ തൊഴിലില്ലായ്മയാണ്. ആൾ ഇന്ത്യാ ഡെമോക്രാറ്റിക് യൂത്ത് ഓർഗ്ഗനൈസേഷൻ (എഐഡിവൈഒ) തൊഴിലില്ലായ്മയ്‌ക്കെതിരെ രാജ്യവ്യാപകമായി യുവാക്കളുടെ വീറുറ്റ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുകയാണ്. കേരളത്തിലും തൊഴിൽരഹിതരായ യുവാക്കളോടൊപ്പം ശരിയായ കാഴ്ചപ്പാടുയർത്തിപ്പിടിച്ച്, തികഞ്ഞ ആത്മാർത്ഥതയോടെ എഐഡിവൈഒ സഖാക്കൾ സമരമുഖത്തുണ്ട്. കോവിഡിന്റെ കാലഘട്ടത്തിൽ, തൊഴിലില്ലായ്മ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഓൺലൈനിലൂടെ സംസ്ഥാന കൺവൻഷനും 10 ജില്ലാകളില്‍ കണ്‍വൻഷനുകളും സംഘടിപ്പിച്ചു. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രഗത്ഭർ പങ്കെടുത്ത കൺവൻഷനുകളിൽ പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് പങ്കാളികളായത്.
ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രക്ഷോഭം ആരംഭിക്കുമ്പോൾതന്നെ അവരോടൊപ്പം ഏതൊരു സഹായത്തിനും എഐഡിവൈഒ പ്രവർത്തകരു മുണ്ടായിരുന്നു. 2015ലെ ദേശീയ ഗെയിംസ് ജേതാക്കൾക്ക് വാഗ്‌ദാനം ചെയ്ത ജോലി ലഭിക്കാത്തതിനെ തുടർന്ന്, 45 ദിവസം അവർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തി. ആ സമരത്തിൽ അവരുടെ കൂടെനിന്ന ഏക സംഘടന എഐഡിവൈഒ ആയിരുന്നു. തലമുണ്ഡനം ചെയ്തും ശയനപ്രദക്ഷിണം നടത്തിയും കായികതാരങ്ങൾ സർക്കാരിനു മേൽ കടുത്ത സമ്മർദ്ദം ചെലുത്തി. അവസാനം 45-ാം ദിവസമാണ് നിയമന ഉത്തരവ് ലഭിച്ച് കായിക താരങ്ങൾ ജോലിയിൽ പ്രവേശിച്ചത്.എന്നാൽ, സമരം കഴിഞ്ഞപ്പോൾ എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സമര വിജയത്തിന്റെ പിതൃത്വം അവകാശപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. സമരം നടന്ന നാളുകളിൽ ഉദ്യോഗാർത്ഥികളെ നിരന്തരം ആക്ഷേപിക്കുകയും സമരത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്ത ഡിവൈഎഫ്ഐ നേതാക്കളിൽ പ്രമുഖനാണ് എ.എ.റഹിം. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭത്തിന് വിജയം വരിക്കാനാകും എന്ന ശക്തമായ സന്ദേശമാണ് കായിക താരങ്ങളുടെ സമര വിജയം നൽകുന്നത്. അത് ജനാധിപത്യ പ്രക്ഷോഭത്തിന്റെ വിജയം മാത്രമാണ്.


സപിഒ റാങ്ക് ഹോൾഡേഴ്‌സിന്റ സമരത്തെ സർവ്വാർത്ഥത്തിലും സഹായിച്ചുകൊണ്ട് എഐഡിവൈഒ അവരോടൊപ്പം അടിയുറച്ച് നിലകൊള്ളുന്നു. എഐഡിവൈഒ സംസ്ഥാന സെക്രട്ടറി സഖാവ് ഇ.വി.പ്രകാശിന്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സഖാക്കൾ റ്റി. ഷിജിൻ, എസ്.ശ്രീകുമാർ, ശ്രീകാന്ത് വേണുഗോപാൽ, വി.സുജിത്, കോട്ടയം ജില്ലാ സെക്രട്ടറി അനില ബോസ്, ആശാ രാജ്, എ.ഷൈജു, നിലീന മോഹൻകുമാർ, ഗോവിന്ദ് ശശി, അജിത് മാത്യു, അഞ്ജലി സുരേന്ദ്രൻ എന്നിവർ സമര സംഘാടകരായി പ്രവർത്തിക്കുന്നു. കഴിഞ്ഞ ഒന്നര മാസത്തിലേറെയായി തുടരുന്ന പ്രക്ഷോഭത്തിലൂടെ എഐഡിവൈഒ സഖാക്കളും ഉദ്യോഗാർത്ഥികളും തമ്മിൽ ശക്തമായ സമര സാഹോദര്യം രൂപപ്പെട്ടു വന്നിരിക്കുന്നു. അത് വരുംനാളുകളിലെ യുവജന പ്രക്ഷോഭങ്ങൾക്ക് ശക്തി പകരും.

നിയമന നിരോധനത്തിൽ കേന്ദ്ര-സംസ്ഥാന
സർക്കാരുകൾക്ക് ഒരേ നയം.

കേന്ദ്ര സർക്കാർ വകുപ്പുകളിൽ 8 ലക്ഷം ഒഴിവുകളാണ് നിയമനമില്ലാതെ കിടക്കുന്നത്. അഞ്ചിൽ ഒന്നു വീതം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ 24 ശതമാനമായി ഉയർന്നിരിക്കെയാണ് മോദി സർക്കാർ നിയമനങ്ങൾ മരവിപ്പിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചത് 2018 മാർച്ച് 1ലെ കണക്കു പ്രകാരം 6.83 ലക്ഷം ഒഴിവുകൾ സർക്കാർ വകുപ്പുകളിൽ ഉണ്ടന്നാണ്. 2019, 20 വർഷങ്ങളിൽ ഒരു ലക്ഷത്തിലേറെപ്പേർ വിരമിച്ചിട്ടുണ്ട്. ഇതിലൊന്നും നിയമനം നടത്തിയിട്ടില്ല. മറുവശത്ത്, കരാർ, താൽക്കാലിക നിയമനങ്ങൾ വ്യാപകമായി നടക്കുന്നുമുണ്ട്. മൂന്നു ലക്ഷം കരാർ ജീവനക്കാരാണ് കേന്ദ്ര സർക്കാർ വകുപ്പുകളിൽ മാത്രം ജോലി ചെയ്യുന്നത്. വിരമിച്ചവരെ ദിവസക്കൂലിക്ക് അതേ വകുപ്പുകളിൽ നിയമിക്കാനും കേന്ദ്ര സർക്കാർ അനുമതി നൽകുകയുണ്ടായി.പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണ നടപടികളിലൂടെ വലിയ തോതിൽ തൊഴിലവസരങ്ങൾ ഇല്ലാതാക്കപ്പെട്ടിട്ടുണ്ട്. പ്രതിവർഷം 2 കോടി പുതിയ തൊഴിലുകൾ വാഗ്‌ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സർക്കാർ, ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാക്കിക്കൊണ്ട് യുവജനങ്ങളുടെ ഭാവി ഇരുളടഞ്ഞതാക്കിയിരിക്കുന്നു.
കേന്ദ്ര മോദി സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന യുവജനദ്രോഹനയങ്ങൾ തന്നെയാണ് എല്‍ഡിഎഫ് ഗവൺമെന്റും നടപ്പിലാക്കുന്നത്. 1991 മുതൽ കോൺഗ്രസ് ആവിഷ്‌ക്കരിച്ച ആഗോളവത്ക്കരണ നയങ്ങളുടെ തുടർച്ചയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീവ്രമായി പിന്തുടരുന്നത്. സ്ഥിരം തൊഴിൽ ഇല്ലാതാക്കുക എന്ന കേന്ദ്ര സർക്കാർ നയം, വിട്ടുവീഴ്ചയില്ലാതെ അനുവർത്തിക്കുകയാണ് പിണറായി സർക്കാരും. സേവന-വേതന വ്യവസ്ഥകളോടു കൂടിയ സ്ഥിരം തൊഴിലിനു പകരം ‘ഹയർ ആന്റ് ഫയർ ‘ സമ്പ്രദായം അടിച്ചേൽപ്പിക്കുന്നു. സർക്കാർ വകുപ്പുകളിൽ പരമാവധി കരാർ, താൽക്കാലിക നിയമനങ്ങൾ നടത്തുക എന്നതാണ് കേന്ദ്ര-സം സ്ഥാന സർക്കാരുകളുടെ നയം. പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതോടെ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കപ്പെടുകയും സ്ഥിരം തൊഴിൽ എന്ന അവകാശം അസ്തമിക്കുകയും ചെയ്യും.

തൊഴിലില്ലായ്മ: മുതലാളിത്ത വ്യവസ്ഥയുടെ സൃഷ്ടി.

മാനവചരിത്രത്തിൽ മുതലാളിത്ത വ്യവസ്ഥ ഉദയം ചെയ്തതിനുശേഷം പ്രത്യക്ഷപ്പെട്ട ഒരു പ്രതിഭാസമാണ് തൊഴിലില്ലായ്മ. അധ്വാനശക്തി മാത്രം കൈമുതലായുള്ള തികച്ചും സ്വതന്ത്രനായ തൊഴിലാളി ആവിർഭവിച്ചത് മുതലാളിത്ത സാമൂഹ്യ ക്രമത്തോടൊപ്പമാണ്. തൊഴിലാളികളുടെ അധ്വാനഫലം മുതലാളി കവർന്നെടുക്കുന്നതാണ് ലാഭം അഥവാ മിച്ചമൂല്യം. ആ മിച്ച മൂല്യമാണ് മൂലധനം ആയി മാറുന്നത്. തൊഴിലാളിയ്ക്ക് ലഭിക്കേണ്ട കൂലി മുതലാളി കവർന്നെടുക്കുമ്പോൾ തൊഴിലാളിയുടെ വാങ്ങൽ ശേഷി കുറയുകയും മാർക്കറ്റിൽ ഉൽപ്പന്നങ്ങൾ കെട്ടിക്കിടക്കുകയും ചെയ്യും. ഇതിന്റെ ഫലമായി മുതലാളിത്ത – സാമ്രാജ്യത്വ ശക്തികൾ ഗുരുതരമായ കമ്പോള പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും തങ്ങളുടെ ഉൽപാദനം വെട്ടിക്കുറയ്ക്കാൻ അവർ നിർബന്ധിതരായിത്തീരുകയും ചെയ്യുന്നു. ഉൽപാദനം കുറയ്ക്കുമ്പോൾ സ്വാഭാവികമായി തൊഴിലാളികളെ പിരിച്ചു വിടേണ്ടിവരും.അങ്ങനെ ചരിത്രത്തിലാദ്യമായി ഒരു തൊഴിലില്ലാപ്പട സൃഷ്ടിക്കപ്പെട്ടു. എല്ലാ മുതലാളിത്ത- സാമ്രാജ്യത്വ രാജ്യങ്ങളിലും തൊഴിലില്ലാത്ത കോടാനുകോടി യുവാക്കൾ അതിജീവനത്തിനുവേണ്ടി പൊരുതേണ്ട ഗതികേടിലാണ്. രൂക്ഷമായ കമ്പോള പ്രതിസന്ധിമൂലം മരണാസന്നമായ മുതലാളിത്ത സാമ്രാജ്യത്വത്തിന് പുതിയ തൊഴിലുകളൊന്നും സൃഷ്ടിക്കാനാവില്ല. എന്നു മാത്രമല്ല, നിലവിലുണ്ടായിരുന്ന തൊഴിലുകൾകൂടി കവർന്നെടുത്ത് ആയുസ്സ് നീട്ടി എടുക്കുവാനുള്ള തത്രപ്പാടിലാണ് മുതലാളിത്ത വ്യവസ്ഥിതി.
കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരിന്റെ നയനടപടികൾ പരിശോധിച്ചാൽ മേൽപ്പറഞ്ഞ കാര്യങ്ങൾ വസ്തുതയാണെന്ന് ബോധ്യമാകും. പ്രതിവർഷം രണ്ട് കോടി പുതിയ തൊഴിലുകൾ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാർ ഒരു തൊഴിലുപോലും പുതുതായി സൃഷ്ടിക്കാതെ ഉണ്ടായിരുന്ന തൊഴിൽ പോലും ഇല്ലാതാക്കുന്നു. 2018ൽ നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ പറഞ്ഞത്, 45 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നാണ്. ഓരോ മണിക്കൂറിലും ഒരു തൊഴിൽ രഹിതൻ ആത്മഹത്യ ചെയ്യുന്നു എന്ന ഞെട്ടിക്കുന്ന കണക്ക് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഈ അടുത്ത കാലത്ത് പുറത്തുവിടുകയും ചെയ്തു. ഭയാനകമായ നിലയിൽ തൊഴിലില്ലായ്മ വർദ്ധിക്കുമ്പോഴും കാലങ്ങളായി തൊഴിൽ നൽകിപ്പോരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണ് മോദി സർക്കാർ. ഇന്ത്യൻ റെയിൽവേ,ബി.എസ്.എൻ.എൽ, ബി.പി.സി.എൽ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ കുത്തകകൾക്ക് തീറെഴുതുന്നതിലൂടെ തൊഴിൽനഷ്ടമെന്നത് അതിഗുരുതരമായ നിലയിൽ വർദ്ധിക്കും.


ലാഭാധിഷ്ഠിത ഉൽപാദന സമ്പ്രദായമാണ് തൊഴിലില്ലായ്മ അടക്കമുള്ള സാമൂഹിക പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം.മുതലാളിത്ത സാമൂഹ്യക്രമം അവസാനിപ്പിച്ച സോവിയറ്റ് യൂണിയനിൽ എല്ലാവർക്കും തൊഴിൽ നൽകിയിരുന്നു എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. എല്ലാവർക്കും തൊഴിൽ നൽകിക്കൊണ്ട് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് അടച്ചുപൂട്ടിയ ഏക രാജ്യം സോവിയറ്റ് യൂണിയൻ ആയിരുന്നു. തൊഴിലില്ലായ്മക്കെതിരായ ഏതൊരു പ്രക്ഷോഭവും ഉള്ളടക്കത്തിൽ തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന മുതലാളിത്ത സാമൂഹ്യ ക്രമത്തിനെതിരായ പോരാട്ടമായി മാറണം. സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുള്ള യുവജന പ്രക്ഷോഭത്തിന് ആ ദിശയിൽ മുന്നേറാൻ സാധിക്കും.

Share this post

scroll to top