എസ്.‌യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടി: ഒരു ആമുഖം (‘എന്താണ് എസ്‌യുസിഐ(സി)’ എന്ന കൃതിയില്‍നിന്ന്)

1920px-SUCI_flag.svg_.png
Share

1948 ഏപ്രിൽ 24ന് പശ്ചിമബംഗാളിലെ ദക്ഷിണ 24 പർഗാന ജില്ലയിലെ ഒരു ചെറു പട്ടണമായ ജോയ്‌നഗറിൽവച്ചാണ് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ അഥവാ എസ്‌യുസിഐ ജന്മംകൊണ്ടത്. 2009 നവംബറിൽ ന്യൂഡൽഹിയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസ്, പാർട്ടിയുടെ പേര് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) അഥവാ എസ്‌യുസിഐ(സി) എന്ന് മാറ്റി.

എന്നാൽ, 1948നും എത്രയോ മുമ്പേ ആരംഭിച്ച തീക്ഷ്ണമായ ഒരു സത്യാന്വേഷണ സപര്യയുടെയും, കണ്ടെത്തപ്പെട്ട സത്യത്തെ വിട്ടുവീഴ്ചയില്ലാതെ മുറുകെപ്പിടിച്ചുകൊ ണ്ടുള്ള ജീവിത സമരത്തിന്റെയും അനിവാര്യമായ പരിണതിയായിരുന്നു എസ്‌യുസിഐ(സി). ക്വിറ്റ് ഇന്ത്യ സമരത്തിന് മുമ്പുതന്നെ ദേശീയ സ്വാതന്ത്ര്യ സമരധാരയിലേയ്ക്ക് കടന്നുവന്ന്, അതിൽ സമ്പൂർണ്ണമായും മുഴുകിയവരായി രുന്നു എസ്‌യുസിഐ(സി)യുടെ സ്ഥാപകനേതാക്കൾ എല്ലാവരും. വിദേശ മേൽക്കോയ്മയ്‌ക്കെതിരെ സന്ധിയില്ലാത്ത സമരത്തിന്റെ മാർഗ്ഗം അവലംബിച്ച വിപ്ലവ ഗ്രൂപ്പുകളിൽ ഏതെങ്കിലുമൊന്നിൽ അംഗമായിരുന്നു അവരിൽ മിക്കപേരും. പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറി സഖാവ് ശിബ്ദാസ്‌ഘോഷ് അനുശീലൻ സമിതിയിൽ സജീവ പ്രവർത്തകനാ യിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് മൂന്ന് പതിറ്റാണ്ടിലേറെക്കാലം പാർട്ടിയെ നയിച്ച സഖാവ് നിഹാർ മുഖർജിയും അനുശീലൻ സമിതിയിലൂടെയാണ് വിപ്ലവരാഷ്ട്രീയ പ്രവർത്തന രംഗത്തെത്തിയത്. ക്വിറ്റ് ഇന്ത്യ സമരത്തെത്തുടർന്ന് ഇവരെല്ലാവരുംതന്നെ ബ്രിട്ടീഷ് ജയിലറയ്ക്കുള്ളിൽ അടയ്ക്കപ്പെട്ടു.
കഠിനമായ ഒരു പ്രത്യയശാസ്ത്ര സമരത്തിന്റെ നാളുകളായിരുന്നു അവരെ സംബന്ധിച്ചിടത്തോളം തടവറയ്ക്കുള്ളിലെ ജീവിതകാലയളവ്. ജാഗ്രത്തായ പഠന വിശകലനങ്ങളിൽ അവർ സമ്പൂർണ്ണമായും മുഴുകി. സ്വാഭാവികമായും അവരുടെ മുന്നിൽ ഉയർന്നുനിന്നിരുന്ന പരമപ്രധാനമായ ചോദ്യം, അവരെ സദാ അലട്ടിക്കൊണ്ടിരുന്ന ചോദ്യം, രാജ്യത്തിന്റെയും ജനങ്ങളുടെയും മോചനത്തെ സംബന്ധിച്ചുള്ളതായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കൈവരുന്ന സ്വാതന്ത്ര്യം, ജനതയുടെ ആഗ്രഹാഭിലാഷങ്ങളെയം സുദീർഘവും ത്യാഗനിർഭരവുമായ സ്വാതന്ത്ര്യപ്പോരാട്ടങ്ങളെയും ആകെ വഞ്ചിച്ചുകൊണ്ട് ദേശീയ മുതലാളിവർഗ്ഗത്തിന്റെ അധികാരം ഇന്നാട്ടിൽ സ്ഥാപിച്ചുറപ്പിക്കുന്ന തിനേ ഉതകൂ എന്ന് അവർ ആരംഭത്തിൽത്തന്നെ മനസ്സിലാക്കി. തുടർന്ന്, ചരിത്രത്തിന്റെ അനിഷേദ്ധ്യങ്ങളായ പാഠങ്ങളിൽനിന്ന് അവർ എത്തിച്ചേർന്ന സുദൃഢമായ നിഗമനം ഇതായിരുന്നു: മാർക്‌സിസം-ലെനിനിസം എന്ന തത്വചിന്തയ്ക്കുമാത്രമേ ജനങ്ങളെ എല്ലാവിധ ചൂഷണങ്ങളിൽനിന്നും പാരതന്ത്ര്യങ്ങളിൽനിന്നും ആത്യന്തികമായി മോചിപ്പിക്കാനാവു.
മാർക്‌സിസം-ലെനിനിസം അടിസ്ഥാന തത്വസംഹിതയായി സ്വീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെട്ടിരുന്ന ഇന്ത്യയിലെ വിവിധങ്ങളായ പാർട്ടികളെയെല്ലാം നിഷ്‌കർഷയോടെ പഠിക്കുകയും ആഴത്തിൽ പരിശോധിക്കുകയും ചെയ്യുക എന്നതായിരുന്നു, തീർച്ചയായും പിന്നീട് അവരുടെ മുന്നിലുണ്ടായിരുന്ന അതിപ്രധാനമായ കർത്തവ്യം.
എല്ലാ ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയുമുള്ള ആ പരിശോധനയിൽ അവർക്ക് കിട്ടിയ ഉത്തരം, നിരവധിയായ പോരാട്ടങ്ങളുടെയും ആത്മത്യാഗങ്ങളുടെയും ആദരണീയമായ ചരിത്രം കമ്മ്യൂണിസ്റ്റ് എന്ന് പേരുവഹിക്കുന്ന ഈ പ്രസ്ഥാനങ്ങളുടെ ആരംഭകാല നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ടെങ്കിൽ പോലും കമ്മ്യൂണിസത്തിന്റെ അഥവാ മാർക്‌സിസം-ലെനിനിസത്തിന്റെ സാരാംശം ഗ്രഹിക്കാനും സ്വാംശീകരിക്കാനും അവയ്‌ക്കൊന്നിനും കഴിഞ്ഞിട്ടില്ല എന്നതായിരുന്നു. മനുഷ്യരാശിക്ക് കൈവരിക്കാൻ കഴിഞ്ഞതിലേക്കുംവച്ച് ഏറ്റവും ശ്രേഷ്ഠമായ ആ ദർശനത്തെ ഇന്ത്യയുടെ മണ്ണിൽ മൂർത്തമാക്കിത്തീർക്കാൻ അവർക്കായിട്ടില്ല. ഫലമോ, കമ്മ്യൂണിസ്റ്റ് ലേബലിൽ പെറ്റിബൂർഷ്വാ പ്രസ്ഥാനങ്ങൾ വാർത്തെടുക്കുന്നതിൽചെന്ന് കലാശിക്കുക എന്നതും. ”ഇന്ത്യയിലെ ഒരേയൊരു കമ്മ്യൂണിസ്റ്റ് പാർട്ടി എസ്‌യുസിഐ ആണ്, എന്തുകൊണ്ട്?” എന്ന ഗ്രന്ഥത്തിൽ അങ്ങേയറ്റം സൂക്ഷ്മതയോടെ, ശാസ്ത്രീയ വെളിച്ചത്തിൽ സഖാവ് ശിബ്ദാസ്‌ഘോഷ് ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്.


ജീവിതത്തിന്റെ ഒരു മേഖലയെയും ഒഴിവാക്കാതെ, സമസ്ത മണ്ഡലങ്ങളെയും ആശ്ലേഷിച്ചുകൊണ്ടുള്ള കഠിനവും യാതനാനിർഭരവുമെങ്കിലും ചരിത്രപരവും മഹനീയവുമായ ഒരു സമരത്തിന് സഖാവ് ശിബ്ദാസ്‌ഘോഷിന്റെ മുൻകൈയോടെ ജയിലിനുള്ളിൽവച്ചുതന്നെ ആരംഭം കുറിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റായിത്തീരുന്നതിന് പുതിയ ഒരു പ്രക്രിയ തുടങ്ങേണ്ടതായിട്ടുണ്ട് എന്ന് സഖാവ് ഘോഷ് ചൂണ്ടിക്കാട്ടി. കാരണം, ചരിത്രപരമായി കടന്നുവന്ന് സമൂഹത്തിൽ ഇന്ന് മേധാവിത്വം പുലർത്തി നിലകൊള്ളുന്ന പ്രക്രിയ ബൂർഷ്വാവ്യക്തിവാദത്തിന്റേതാണ്. വ്യക്തിഗത നേട്ടങ്ങൾക്ക് പ്രാമുഖ്യം കൽപ്പിക്കുന്ന പ്രക്രിയയാണത്. ഏതൊരാളും ഇന്ന് പിറന്നുവീഴുന്നതും സ്വാഭാവികമായും വാർത്തെടുക്കപ്പെടുന്നതും ഈ മൂശയിലാണ്. തൽസ്ഥാനത്ത് യഥാർത്ഥ തൊഴിലാളിവർഗ്ഗ സംസ്‌കാരം-സാമൂഹികത-എല്ലാ അംശത്തിലും ആർജ്ജിച്ചെടുക്കുന്നതിനുവേണ്ടി വ്യക്തി ജീവിതത്തിൽ നടത്തുന്ന ബോധപൂർവ്വമായ സമരമാണ് കമ്മ്യൂണിസ്റ്റ് ആകാൻവേണ്ട സമരം. എന്നുവച്ചാൽ, ഇന്നത്തെ ചരിത്രഘട്ടത്തിൽ, സാമൂഹ്യ താല്പര്യവുമായി താദാത്മ്യപ്പെടുന്നതിന് ഒരാൾ അഴിച്ചുവിടേണ്ട സർവ്വാശ്ലേഷിയായ ജീവിതസമരമാണത്. സഖാവ് ശിബ്ദാസ്‌ഘോഷ് ചൂണ്ടിക്കാണിച്ചു: ”ശരിയായ ഒരു തൊഴിലാളിവർഗ്ഗ വിപ്ലവപ്പാർട്ടിയില്ലാതെ മർദ്ദിതരും ചൂഷിതരുമായ ജനങ്ങളുടെ മോചനം അസാദ്ധ്യമാണ്….ആ പുതിയപാർട്ടി കെട്ടിപ്പടുക്കാൻവേണ്ടി മുന്നോട്ടുവരുന്നവർ, മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് ആദർശത്തിനനുസരിച്ച് തങ്ങളെത്തന്നെ ഉടച്ചുവാർക്കുവാനുള്ള സമരം ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കത്തക്കവിധം നടത്താൻ തയ്യാറായിരിക്കണം…. തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയുടെ അടിസ്ഥാനത്തിൽ ഒരു പുതിയ പാർട്ടി കെട്ടിപ്പടുക്കണമെങ്കിൽ നാം ആദ്യം തീക്ഷ്ണമായ സമരത്തിലൂടെ തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയ്ക്കുചേർന്ന മനോഘടനയുണ്ടാക്കണം. അല്ലെങ്കിൽ, മാർക്‌സിസം-ലെനിനിസത്തോട് കൂറ് പ്രഖ്യാപിച്ചാലും, ഒരു ശരിയായ മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കണമെന്ന് സത്യസന്ധമായി ആഗ്രഹിച്ചാലും തെറ്റായ പദ്ധതി പിന്തുടരുന്നു എന്നതിനാൽ നാം ഉണ്ടാക്കുന്നത് ഒരു പെറ്റിബൂർഷ്വാ പാർട്ടിയായിരിക്കും.”


1945ൽ ജയിൽമോചിതനായതിനെ തുടർന്ന് സഖാവ് ശിബ്ദാസ്‌ഘോഷിന്റെ മുൻകൈയോടെയുള്ള ആ സപര്യ പൂർവ്വാധികം ശക്തിയോടെ മുന്നേറി. ആ സമരത്തിലൂടെ തൊഴിലാളിവർഗ്ഗ വിപ്ലവത്തിനുവേണ്ടി ജീവിതം സമർപ്പിച്ച പൂർണ്ണസമയ പ്രവർത്തകരുടെ ഒരു ദളം ഉയർന്നുവന്നു.
പ്രത്യയശാസ്ത്ര കേന്ദ്രീയതയുടെ ഉറച്ച അടിത്തറയിന്മേൽ സാമൂഹിക നേതൃത്വം വ്യക്തിവൽകൃത രൂപത്തിൽ പ്രകാശിതമാകുമ്പോഴേ ഒരു ശരിയായ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംഘടനാ കേന്ദ്രീയത കൈവരിക്കാനാവു എന്നും സഖാവ് ശിബ്ദാസ്‌ഘോഷ് വ്യക്തമാക്കുകയുണ്ടായി. അപ്പോൾ മാത്രമേ ഗ്രൂപ്പിസവും വ്യക്തിവാദവും തീർത്തും അന്യമായ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി ജന്മമെടുക്കൂ; യാന്ത്രിക കേന്ദ്രീയതയുടെ സ്ഥാനത്ത് ജനാധിപത്യ കേന്ദ്രീയത പ്രാവർത്തികമാക്കി ജീവചൈതന്യമായി അതിനെ പരിപാലിക്കുന്ന ഒരു പാർട്ടി രൂപം കൊള്ളൂ. അങ്ങനെ പാർട്ടിയുടെ രൂപീകരണത്തിലേയ്ക്ക് നീങ്ങുംമുമ്പുതന്നെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും തുറന്നുവിട്ട സർവ്വതലസ്പർശിയായ ഒരു സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്ര സമരത്തിന്റെ പരിണതിയാണ് എസ്‌യുസിഐ(സി) എന്ന പാർട്ടി. അതിന്റെ പേരുതന്നെ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ എന്നായതും ഇതുകൊണ്ടാണ്.
കമ്മ്യൂണിസ്റ്റുകൾ ആകാശത്തുനിന്നും പൊട്ടിവീണവരല്ല. നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തിൽ സബോധമായി പങ്കെടുത്തതിലൂടെ നേടിയ ശാസ്ത്രീയാനുഭവങ്ങളാണ്, ജനങ്ങളുടെ മോചനം അവരുടെ തനതായ വർഗ്ഗോപകരണത്തിലൂടെയല്ലാതെ(തൊഴിലാളിവർഗ്ഗ പാർട്ടിയിലൂടെയല്ലാതെ) നേടാൻ കഴിയില്ലെന്ന ഉറച്ച നിഗമനത്തിലേയ്ക്ക് സഖാവ് ശിബ്ദാസ്‌ഘോഷിനെ കൊണ്ടുചെന്നെത്തിച്ചത്. മാർക്‌സിസം-ലെനിനിസം വൈദേശികമാണെന്ന കപടഭാഷണത്തിനുള്ള മറുപടികൂടിയാണിത്. മനുഷ്യവിജ്ഞാനത്തിന് രാജ്യസീമകളില്ല. ലോകമെമ്പാടും മനുഷ്യനാർജ്ജിച്ച് വികസിപ്പിച്ചെടുത്ത അമൂല്യമായ അനുഭവസമ്പത്തിനും അതിരുകളില്ല. അതിന്റെ സാർവ്വദേശീയമായ ഉദ്ഗ്രഥനത്തിന്, നൈസർഗ്ഗികമായ കൊടുക്കൽ വാങ്ങലുകൾക്ക്, ദേശപരിധിയുടെ വേലിക്കെട്ടുകൾകൊണ്ട് ഇന്ന് തടസ്സങ്ങൾതീർക്കുന്നവർ നിശ്ചയമായും മാനവപുരോഗതിയുടെ പാതയിലെ വമ്പിച്ച പ്രതിബന്ധങ്ങളാണ്.
ഏതൊരു മഹത്തായ ദർശനത്തിന്റെയും കാതലും പ്രാണനും കുടികൊള്ളുന്നത് അതിന്റെ നൈതിക-സദാചാര-സൗന്ദര്യ ധാരണകളിലാണെന്നും മാർക്‌സിസം-ലെനിനിസം സർവ്വശ്രേഷ്ഠമായിരിക്കുന്നത്, ബൂർഷ്വാ മാനവവാദത്തിന്റെ എല്ലാ നന്മകളെയും ആഗിരണംചെയ്ത് അതിനേക്കാൾ ഉന്നതമായ നൈതിക-സദാചാര-സൗന്ദര്യ ധാരണകളിലേക്കത് മുന്നേറിയിരിക്കുന്നു എന്നതിനാലാണെന്നും സഖാവ് ഘോഷ് ചൂണ്ടിക്കാണിക്കുകയുണ്ടായി. ”ബൂർഷ്വാസിക്ക് സൃഷ്ടിക്കാൻ കഴിഞ്ഞ ഏറ്റവും സൗരഭ്യപൂർണ്ണമായ ചിന്ത മാനവവാദത്തിന്റേതാണ്. എന്നാൽ ചരിത്രവീഥികളിൽ മാനവവാദം അവസാന വാക്കല്ല; ആവുക സാദ്ധ്യവുമല്ല. ബൂർഷ്വാ മാനവവാദത്തിൽനിന്നും മുന്നോട്ടുനീങ്ങി, അതിന്റെ തുടർച്ചയിലും വിപ്ലവകരമായ തുടർച്ചയില്ലായ്മയിലുമാണ് കമ്മ്യൂണിസം പിറന്നുവീണത്. മാനവവാദം അവസാനിക്കുന്നിടത്ത് കമ്മ്യൂണിസം ആരംഭിക്കുന്നു….”
മാർക്‌സിസം-ലെനിനിസത്തെ അങ്ങനെ ഇന്ത്യൻ മണ്ണിൽ മൂർത്തമാക്കിക്കൊണ്ടും അതിന്റെ ധാരണകളെ കൂടുതൽ സമ്പന്നവും കാലികവുമാക്കിക്കൊണ്ടും സാമൂഹ്യ നേതൃത്വത്തെ മൂർത്തരൂപത്തിൽ പ്രകാശിപ്പിച്ചുകൊണ്ടുമാണ് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) ആവിർഭവിച്ചത്. ഇന്ത്യയെമ്പാടും ജനാധിപത്യ ബഹുജന പ്രക്ഷോഭണങ്ങളുടെ വേലിയേറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തെ അതിന്റെ വിജയപരിസമാപ്തിയിലേക്ക് നയിക്കുന്നതിനുള്ള അക്ഷീണമായ പ്രവർത്തനം അത് തുടർന്നുകൊണ്ടേ യിരിക്കുന്നു.
ഇന്ന് നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റെന്ന് അവകാശപ്പെടുന്ന പാർട്ടികൾ ആന്തരികമായ ദുഷിപ്പുമൂലം ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. മരണാസന്ന മുതലാളിത്തത്തിന്റെ കാലഘട്ടത്തിലെ ബൂർഷ്വാ രാഷ്ട്രീയത്തിന്റെ മുഖമുദ്രകളായ അഴിമതി, തൊഴുത്തിൽകുത്ത്, സ്വാർത്ഥത, സ്വജനപക്ഷപാതം, അധോലാക ബന്ധം തുടങ്ങിയ തിന്മകൾ കമ്മ്യൂണിസ്റ്റ് ലേബൽ ധരിച്ച പാർട്ടികളെയും ബാധിച്ചുകൊണ്ടിരിക്കുന്നു. ജീർണ്ണമായ ബൂർഷ്വാ സംസ്‌കാരത്തിന്റെ സ്വാധീനം അവയുടെ പല നേതാക്കളുടെയും സ്വകാര്യ-പൊതു ജീവിതങ്ങളിൽ പ്രതിഫലിച്ചു കാണുന്നു. ഇതെല്ലാം കമ്മ്യൂണിസമെന്ന ശ്രേഷ്ഠമായ ആദർശത്തെപ്പറ്റി ജനങ്ങളുടെ മനസ്സിൽ തെറ്റിദ്ധാരണ വളർത്തുകയാണ്. അദ്ധ്വാനിക്കുന്ന ജനങ്ങളെ കമ്മ്യൂണിസത്തിൽനിന്ന് അകറ്റുന്ന ഈ സാഹചര്യം മുതലെടുത്ത് കേരളത്തിൽ വേരുറപ്പിക്കാൻ വർഗ്ഗീയ-പിന്തിരിപ്പൻ ശക്തികൾ ശ്രമിക്കുകയാണ്. ഈ അവസരത്തിൽ ജനങ്ങളോടുള്ള ഞങ്ങളുടെ അഭ്യർത്ഥന, പേരിൽ മാത്രം കമ്മ്യൂണിസ്റ്റുകളായിരിക്കുന്ന ഈ പാർട്ടികളുടെ ചെയ്തികൾ കണ്ടിട്ട് നിങ്ങൾ കമ്മ്യൂണിസത്തിൽനിന്ന് മുഖംതിരിക്കരുത് എന്നാണ്. കാരണം അവർ പ്രതിനിധാനം ചെയ്യുന്നത് കമ്മ്യൂണിസത്തെയല്ല.
ഇന്ത്യയിൽ ശ്രേഷ്ഠമായ കമ്മ്യൂണിസ്റ്റ് ദർശനത്തെ പ്രതിനിധാനം ചെയ്യുന്നത് മഹാനായ തൊഴിലാളിവർഗ്ഗ നേതാവ് സഖാവ് ശിബ്ദാസ്‌ഘോഷ് സ്ഥാപിച്ച എസ്‌യുസിഐ(സി) ആണ്. മാനുഷികമൂല്യങ്ങൾക്കും സംസ്‌കാരത്തിനും ഏറ്റവുമധികം വിലകൽപ്പിച്ച നേതാവാണ് സഖാവ് ഘോഷ്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ഉയർന്ന സാംസ്‌കാരിക-നൈതികബോധം ഉള്ളടങ്ങിയിരുന്നില്ലെങ്കിൽ താൻ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് ആകുമായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരാൾ മാർക്‌സിസം-ലെനിനിസം ശരിയായി സ്വാംശീകരിച്ചിട്ടുണ്ടോ എന്നതിന്റെ ഉരകല്ല് അയാൾ സ്വന്തം ജീവിതത്തിൽ ഉയർന്ന സാംസ്‌കാരിക-നൈതിക നിലവാരം പ്രദർശിപ്പിക്കുന്നുണ്ടോ എന്നതാണ് എന്നും ഉന്നതവും മഹനീയവുമായ മാനുഷിക മൂല്യങ്ങളുടെയും ഭാവങ്ങളുടെയും ഉപാസനയാണ് വിപ്ലവരാഷ്ട്രീയമെന്നും അദ്ദേഹം പഠിപ്പിച്ചു. ഹൃദയവിശാലത, മനുഷ്യത്വം, ആർദ്രത, വാത്സല്യം, വിവേകം തുടങ്ങിയ ശ്രേഷ്ഠങ്ങളായ മാനുഷിക ഗുണങ്ങൾ ആർജ്ജിക്കാതെ യഥാർത്ഥ സ്‌നേഹത്തെ കണ്ടെത്താൻ കഴിയില്ലെന്നും, തൊഴിലാളിവർഗ്ഗ വിപ്ലവ സമരങ്ങളിലൂടെ മാത്രമേ ഈ യുഗത്തിൽ ഇവയ്ക്ക് വളരാൻ കഴിയു എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.


മാർക്‌സിസം-ലെനിനിസത്തിന് സഖാവ് ശിബ്ദാസ്‌ഘോഷ് തന്റെ പ്രവാചക സമാനമായ ജീവിത സമരത്തിലൂടെ രചിച്ച ഈ ഭാഷ്യമാണ് സർവ്വശ്രേഷ്ഠമായ ആ ദർശനത്തെപ്പറ്റിയുള്ള ഇന്നത്തെ ശരിയായ ധാരണ. മാർക്‌സിസത്തെപ്പറ്റി വിലയിരുത്തൽ നടത്തുന്നതിനുമുമ്പ് മാർക്‌സിസം-ലെനിനിസം-ശിബ്ദാസ്‌ഘോഷ് ചിന്ത പരിശോധനാ വിഷയമാക്കാൻ ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. മുൻവിധികളേതുമില്ലാതെ അത്തരമൊരു പരിശോധനയ്ക്ക് തയ്യാറാവുന്ന ഏതൊരു പുരോഗമന വിശ്വാസിയും ആ മഹനീയ ദർശനത്തെ ജീവിതാദർശമായി സ്വീകരിക്കാതിരിക്കില്ല.

Share this post

scroll to top