മോദി ഭരണത്തിന്റെ അവകാശവാദങ്ങളും യാഥാര്‍ത്ഥ്യവും

1.jpg
Share

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമാഗതമായിരിക്കേ ആര്‍എസ്എസ്-ബിജെപി സംഘപരിവാര്‍ ശക്തികള്‍ കഴിഞ്ഞ 9 വര്‍ഷക്കാലത്തെ നരേന്ദ്രമോദിയുടെ ഭരണത്തില്‍ നേടാനായതെന്ന് അവര്‍ കരുതുന്ന ‘അത്ഭുതാവഹമായ പുരോഗതി’യെക്കുറിച്ച് ഊറ്റം കൊള്ളുകയാണ്. വ്യാജവാര്‍ത്തകളും കൃത്രിമ ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച്, യാഥാര്‍ത്ഥ്യത്തെ ഹീനമായ രീതിയില്‍ വളച്ചൊടിക്കുന്നതില്‍ കുപ്രസിദ്ധമായ ബിജെപി ഐടി സെല്ലുകള്‍ അടക്കം മുഴുവന്‍ പ്രചാരണോപാധികളും പ്രവര്‍ത്തന നിരതമായിക്കഴിഞ്ഞു.

2023 മെയ് മാസം മുപ്പതാം തീയതി ദേശീയ മുഖ്യധാര അച്ചടി മാധ്യമങ്ങളിൽ ” ഒമ്പത് സേവ, സുശാൻ, ഗരീബ് കല്യാൺ വർഷങ്ങൾ”, “പാവങ്ങൾക്ക് ക്ഷേമം ഉറപ്പുവരുത്തുന്ന ഭാരതം നിർമ്മിക്കപ്പെടുന്നു” തുടങ്ങിയ തലക്കെട്ടുകളോടെ മുഴുവൻ പേജ് പരസ്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ഭാരത സർക്കാർ മോഡിയുടെ ബഹുവർണ്ണ ചിത്രങ്ങളോടുകൂടിയ 156 പേജ് വരുന്ന വർണ്ണാഭമായ പുസ്തകമാണ് മോഡിക്കാലത്തെ ‘നേട്ടങ്ങൾ’ ഉയർത്തിക്കാണിക്കാനായി ഇറക്കിയിരിക്കുന്നത്. ഇന്ത്യൻ ജനത ചരിത്രത്തിൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധം അഭിവൃദ്ധിയിലും സുഭിക്ഷതയിലും സന്തോഷത്തിലും അഭിരമിക്കുകയാണെന്നുതോന്നും ഈ കോലാഹലങ്ങള്‍ കണ്ടാല്‍. പക്ഷേ യാഥാർത്ഥ്യം ഇതിന് കടകവിരുദ്ധമാണ്.


മോദിയുടെ പൊങ്ങച്ചം നിറഞ്ഞ കപട അവകാശവാദങ്ങളും യാഥാർത്ഥ്യവും


76-ാമത് സ്വാതന്ത്ര്യദിന ആഘോഷവേളയിൽ 2022 ആഗസ്റ്റ് പതിനഞ്ചാം തീയതി ചെങ്കോട്ടയിൽ വച്ച് മോദി പ്രഖ്യാപിച്ചത് 2022 മുതൽ 2047 വരെയുള്ള 25 വർഷക്കാലം ഇന്ത്യയുടെ വികസനത്തിന്റെ അമൃതകാലമായിരിക്കും എന്നാണ്. അക്കാലം വരെയുള്ള നേട്ടങ്ങളുടെ ഒരു വലിയ പട്ടികതന്നെ മോദി നിരത്തി. പക്ഷേ ദൗർഭാഗ്യകരം എന്നുതന്നെ പറയട്ടെ മോദിയുടെ പൊങ്ങച്ചം നിറഞ്ഞ പ്രസ്താവനകൾ ഒന്നും യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ല. ഇവിടെ മോദിയുടെ ചില പ്രധാനപ്പെട്ട അവകാശവാദങ്ങളും അവയിലെ യാഥാർത്ഥ്യങ്ങളുമാണ് പരിശോധനാ വിധേയമാക്കുന്നത്.

അവകാശവാദം


2014ല്‍ ബിജെപി അധികാരത്തിൽ എത്തുമ്പോൾ ഇന്ത്യ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയിരുന്നു. 2030 ഓടുകൂടി ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും.


യാഥാർത്ഥ്യം


ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുകയാണെങ്കിൽ എപ്രകാരമായിരിക്കും അത് രാജ്യത്തിലെ പാവപ്പെട്ടവരും പാർശ്വവൽകൃതരും അവകാശ രഹിതരുമായ ദശലക്ഷങ്ങൾക്ക് പ്രയോജനകരമാകുവാൻ പോകുന്നത് ? സമ്പത്ത് വിതരണത്തിലെ അതിതീവ്രമായ അസമത്വം ഇപ്പോൾ തന്നെ അനുഭവവേദ്യമാണ്. ജിഡിപിയോ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയോ ഉത്പാദിപ്പിക്കപ്പെടുന്ന സമ്പത്തിന്റെ വിതരണക്രമം വെളിപ്പെടുത്തുന്നില്ല.
രാജ്യത്തെ 5% സമ്പന്നർ രാജ്യത്തിന്റെ 60% സമ്പത്തും കൈയാളുന്നു. അതേസമയം രാജ്യത്തെ 50 ശതമാനത്തോളം സാധാരണക്കാർ ആകെ 3 ശതമാനം ദേശീയസമ്പത്ത് മാത്രമാണ് കൈയാളുന്നത്. മുകേഷ് അംബാനി എന്ന വ്യവസായി 23000 രൂപ ഒരു സെക്കൻഡിൽ നേടുന്നു. അതായത് ഒരു ദിവസം 1987 കോടി രൂപ. ഗൗതം അദാനി എന്ന കുത്തക ദിനംതോറും 1002 കോടി രൂപ വരുമാനം നേടുന്നു. മറുവശത്ത് 68 ശതമാനം ഇന്ത്യക്കാരും ദിനംപ്രതി കേവലം 146 രൂപയും. ഏകദേശം 30% ത്തോളം വരുന്ന ദരിദ്രർ ദിനംപ്രതി കേവലം 83 രൂപ മാത്രവുമാണ് വരുമാനം നേടുന്നത്. ഈ വിവരങ്ങൾ കൃത്യമായും സൂചിപ്പിക്കുന്നത് ഇന്ത്യ സമ്പത്ത് പദവിയുടെ അഞ്ചാം സ്ഥാനത്തേക്ക് കുതിക്കുമ്പോൾ സമ്പന്നരെ മാത്രം വളർത്തുകയും അധ്വാനിക്കുന്ന ദശലക്ഷങ്ങളെ പാപ്പരീകരിക്കുകയും ചെയ്യുന്ന വികൃത വളർച്ചയാണ് ദൃശ്യമാകുന്നത് എന്നതാണ്. ഇപ്പോൾതന്നെ ലോകത്തിലെ ഏറ്റവും വലിയ ദരിദ്ര ജനസഞ്ചയം ഇന്ത്യയിലാണ്. 228.9 മില്യൺ. സാമ്പത്തിക അസമത്വം മൂലം 70% ഇന്ത്യക്കാർക്കും അടിസ്ഥാന ആവശ്യമായ ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം ആർജിക്കാനാകുന്നില്ല. ഓരോ വർഷവും 17 ലക്ഷം മരണങ്ങൾ ഭക്ഷ്യ അപര്യാപ്തത മൂലമുള്ള രോഗങ്ങൾകൊണ്ട് സംഭവിക്കുന്നു. ഭൂരിപക്ഷത്തിന്റെയും ശരാശരി വരുമാനം കൊണ്ട് ഏറ്റവും അടിസ്ഥാനപരമായ ജീവിതാവശ്യങ്ങൾ കഷ്ടിച്ചു മാത്രമാണ് നിർവഹിച്ച് പോകാന്‍ കഴിയുന്നത്. ഇതാണ് ഒരു ട്രില്യൻ സമ്പദ് വ്യവസ്ഥയുടെ ‘അത്ഭുതകരമായ പ്രഭാവം’. ഈ പ്രക്രിയ തടസ്സമില്ലാതെ മുൻപോട്ടു പോയാൽ ഭാവിയിലെ ‘അത്ഭുതങ്ങൾ’ എന്തൊക്കെയാകുമെന്ന് ഭയത്തോടെ മാത്രമേ നമുക്ക് ചിന്തിക്കാനാകു.


അവകാശവാദം


80 കോടിയോളം ഇന്ത്യക്കാർക്ക് സൗജന്യ ഭക്ഷ്യ ധാന്യങ്ങൾ ലഭിക്കുന്നു.


യാഥാർത്ഥ്യം


80 കോടി ഇന്ത്യക്കാർക്കുള്ള സൗജന്യ റേഷൻ കോവിഡ് കാലത്ത് മാത്രമാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഇതിനുവേണ്ടി വരുന്നതെന്ന് പറയപ്പെടുന്ന രണ്ടുലക്ഷം കോടി രൂപ സർക്കാരിന്റെ ഖജനാവിൽ നിന്നും എടുക്കുന്നില്ല. മറിച്ച് അധ്വാനിക്കുന്ന ദശലക്ഷങ്ങളിൽ നിന്നും പ്രത്യക്ഷ പരോക്ഷ നികുതിയിലെ വർദ്ധനവായി ഇത് നേടിയെടുക്കുന്നു. പക്ഷേ നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് (NFSA) പ്രകാരം 80 കോടി ഗുണഭോക്താക്കൾക്ക് അഞ്ച് കിലോഗ്രാം റേഷൻ മാസംതോറും നൽകുന്നത് സൗജന്യ റേഷൻ പദ്ധതിയായ പ്രധാനമന്ത്രി അന്ന യോജന (PMGKAY) പ്രകാരം ആയിരിക്കുകയില്ല എന്നും പ്രസ്തുത പദ്ധതി 2022 ഡിസംബർ 31 ന് അവസാനിപ്പിക്കും എന്നും ഡിസംബർ അവസാനം സർക്കാർ പ്രഖ്യാപിക്കുന്നു അതിനർത്ഥം നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് പ്രകാരമുള്ള പരിരക്ഷ മാത്രമായിരിക്കും തുടർന്ന് ലഭ്യമാകുക എന്നാണ്.
ഈ മേളോത്സവങ്ങൾക്ക് ശേഷവും 19 കോടി ഇന്ത്യക്കാർ ഓരോ രാത്രിയിലും വിശക്കുന്ന വയറുമായി ഉറങ്ങുന്നു. ആഗോള പട്ടിണി സൂചിക 2022 പ്രകാരം 121 രാജ്യങ്ങളിൽ ഉയർന്ന പട്ടിണിയുടെ സൂചകമായ 107 റാങ്ക് നേടുന്നു. അതായത് വളരെ കുറച്ച് ദരിദ്ര രാജ്യങ്ങളിൽ മാത്രമാണ് ഇന്ത്യയെക്കാൾ പട്ടിണി നിലനിൽക്കുന്നത്. സബ്സിഡിയോടുകൂടിയ റേഷൻ ദശകങ്ങളായി ജനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതാണ്. ഒരു വർഷം നൽകി എന്നു പറയപ്പെടുന്ന സൗജന്യറേഷൻ മോഡി സർക്കാരിന്റെ തിരഞ്ഞെടുപ്പ് കുരുക്ക് മാത്രമാണ്.
എല്ലാ നിത്യോപയോഗ സാധനങ്ങൾക്കും ജിഎസ്‌ടി അടിച്ചേൽപ്പിച്ച് സാധാരണ ജനങ്ങളിൽ നിന്നും ആയിരക്കണക്കിന് കോടി രൂപ കവർന്നെടുത്തത് ഈ ഗവൺമെന്റ് തന്നെയാണെന്നത് എടുത്ത് പറയേണ്ട വിഷയമാണ്. ആഗോള വിപണിയിലെ എണ്ണവില 35 ശതമാനത്തോളം കുറഞ്ഞുനിന്ന സമയത്തും അമിതമായ പരോക്ഷ നികുതി പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തി വഴി 38 ലക്ഷം കോടി രൂപ ഈ സർക്കാർ കവർന്നെടുത്തു എന്നത് വിസ്മരിക്കാവുന്ന കാര്യമല്ല. വളരെ ചെറിയ കാലയളവിൽ ജനങ്ങൾക്ക് ചെയ്യുന്നു എന്ന് പറയപ്പെടുന്ന ചെറിയ സൗജന്യങ്ങൾക്ക് വേണ്ടിവരുന്ന ചിലവിനേക്കാൾ എത്രയോ അധികം ഇരട്ടി ജനങ്ങളിൽനിന്നും നികുതിയിനത്തിൽ കവർന്നെടുക്കപ്പെടുന്നു എന്നത് വളരെ വ്യക്തമായി മനസ്സിലാകുന്ന കാര്യമാണ്.


അവകാശവാദം


പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലുമായി മൂന്ന് കോടിയിലധികം വീടുകൾ നിർമ്മിച്ചു.


യാഥാർത്ഥ്യം


2022 ജൂലൈ 21-ാം തീയതി യൂണിയൻ ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് മിനിസ്റ്റർ ലോക്‌സഭയെ അറിയിച്ചത് പ്രകാരം പ്രധാനമന്ത്രി ആവാസ് യോജന അർബൻ( PMRY-U) ഹൗസിംഗ് ഫോർ ഓൾ മിഷൻ പ്രകാരം അനുവദിക്കപ്പെട്ട 1.22 കോടി വീടുകളിൽ 61.5ലക്ഷം സ്ഥിരം വീടുകൾ ഗുണഭോക്താക്കൾക്കായി നിർമ്മിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയോ ചെയ്തിരിക്കുന്നു എന്നാണ്. ഇത് സൂചിപ്പിക്കുന്നത് പ്രകാരം പ്രഖ്യാപിക്കപ്പെട്ടതിൽ പകുതിയിൽ താഴെ മാത്രമാണ് മാർച്ച് 22ന് മുൻപ് പൂർത്തീകരിച്ചിട്ടുള്ളത്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ 5 (2019-21) പ്രകാരം നഗരങ്ങളിലെ 15% ജനങ്ങൾക്കും ഗ്രാമീണ മേഖലയിലെ 52% ജനങ്ങൾക്കും ഇന്ത്യയിൽ ഇപ്പോഴും സ്ഥിരം സ്വഭാവമുള്ള വീടുകളില്ല.
അതേപോലെ നഗരങ്ങളിൽ ഓരോ കുടുംബങ്ങൾക്കും വീടുകൾ ഉണ്ട് എന്ന് പറയുമ്പോഴും നഗരപ്രാന്തങ്ങളിലെ ജീർണിച്ച പഴയ വീടുകളിലെ ഒറ്റമുറി സൗകര്യങ്ങളിൽ ഞെങ്ങി ഞെരുങ്ങി മനുഷ്യോചിതമല്ലാത്ത സാഹചര്യങ്ങളിലാണ് നഗരങ്ങളിലെ അധ്വാനിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളും ജീവിച്ചു പോരുന്നത് എന്നത് യാഥാർത്ഥ്യമാണ്.


അവകാശവാദം


11.2 കോടി ശുചിമുറികൾ സ്വച്ഛഭാരത് മിഷൻ പദ്ധതിയിൽ നിർമ്മിക്കപ്പെട്ടു.


യാഥാർത്ഥ്യം


സ്വച്ച് ഭാരത് മിഷൻ(SBM-Urban-Gramin) വെബ്സൈറ്റിൽ 30% കൃത്രിമമായി വിവരങ്ങൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014 നും 2020 ഇടയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്ന് അവകാശപ്പെടുന്ന 12 ലക്ഷം ടോയ്‌ലറ്റുകൾ നിർമ്മിക്കപ്പെട്ടിട്ടില്ല. അവരുടെയൊക്കെ വീടുകളോട് അനുബന്ധിച്ച് ഇവ നിർമ്മിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന വീട്ടുകാർക്ക് ഇത് സംബന്ധമായ യാതൊരു അറിവുമില്ല. നടത്തപ്പെടാതെ രേഖപ്പെടുത്തപ്പെട്ട ആയിരക്കണക്കിന് ഗ്രാമീണ സ്ഥല പരിശോധനകളും ഗുണഭോക്താക്കളുടെ ഫോട്ടോകളും ടോയ്‌ലറ്റുകളുടെ നിർമിതി നടന്നു എന്ന പ്രതീതി സൃഷ്ടിക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്. എന്നാൽ ടോയ്‌ലറ്റുകൾ നിർമ്മിക്കപ്പെട്ടിട്ടില്ല. അവ ഏട്ടിൽ മാത്രമാണ് നിലനിൽക്കുന്നത്.
3.2ലക്ഷം ഗുണഭോക്താക്കൾക്ക് സ്വച്ഛഭാരത് വഴി അവരുടെ പേരിൽ ടോയ്‌ലറ്റുകൾ നിർമ്മിക്കപ്പെട്ടതായി അറിവില്ല. അതിലെ വിവരങ്ങൾ പ്രകാരം Open defecation free സ്റ്റാറ്റസ് നേടിയ അനവധി ജില്ലകളിലെ ഗ്രാമീണ മേഖലകളിൽ 20 ദശലക്ഷം മനുഷ്യർ ഇപ്പോഴും തുറന്ന ഇടങ്ങളിലെ വിസർജനം തുടരുന്നു. അതിലുപരി 20% പ്രദേശങ്ങളിലും അവിടങ്ങളിലെ പുതു ടോയ്‌ലറ്റുകളിലും ജലവിതരണം നടക്കുന്നില്ല എന്നതും ടോയ്‌ലറ്റുകളെ ഉപയോഗശൂന്യമാക്കുന്നു.


അവകാശവാദം


12 കോടി വീടുകളിൽ ശുദ്ധജലം വാട്ടർ കണക്ഷനുകൾ വഴി ലഭ്യമാക്കി.


യാഥാർത്ഥ്യം


ഇന്ത്യയിലെ ജനങ്ങളിൽ 67 ശതമാനം (ഏകദേശം 92 കോടി) ആളുകൾ ഗ്രാമീണ മേഖലകളിലും പ്രാന്ത പ്രദേശങ്ങളിലുമാണ് അധിവസിക്കുന്നത്. പക്ഷേ ജല്‍ശക്തി മിഷൻ 19.22കോടി ജനങ്ങളിലേക്ക് മാത്രമാണ് 2024 ഓടുകൂടി ജലലഭ്യത എത്തിക്കാൻ ആസൂത്രണം നടത്തിയിട്ടുള്ളത്. മറ്റുള്ള ജനങ്ങളെ കുറിച്ച് എന്ത് ? കണക്കെടുത്തിരിക്കുന്നതിൽ കേവലം 38% വീടുകൾക്കും മാത്രമാണ് പ്രവർത്തനക്ഷമമായ രീതിയിൽ, പ്രധാനപ്പെട്ട മാനദണ്ഡങ്ങൾ (പര്യാപ്തമായ അളവ്, കൃത്യത, കുടിവെള്ളത്തിന്റെ ഗുണമേന്മ) പാലിച്ചുള്ള ജലലഭ്യത സാധ്യമായിരിക്കുന്നത്.
നഗരങ്ങളിൽ രണ്ട് ശതമാനം ഇന്ത്യക്കാർക്ക് മാത്രമാണ് കുടിക്കാൻ യോഗ്യമായ ജലം തങ്ങളുടെ വാട്ടർ ടാപ്പുകൾ വഴി ലഭ്യമാകുന്നത്. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവർ ചിലവേറിയ വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റവും മറ്റും ഉപയോഗപ്പെടുത്തി ശുദ്ധജലം നേടുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൽ ബഹുഭൂരിപക്ഷം ജനങ്ങൾക്കും സുരക്ഷിതമായ കുടിവെള്ളം ഇന്നും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഓരോ വർഷവും 37.7 ദശലക്ഷം ഇന്ത്യക്കാർ ജലജന്യ രോഗങ്ങൾക്ക് വിധേയരാകുന്ന തായും 15 ലക്ഷം കുട്ടികൾ ജലജന്യ വയറിളക്ക രോഗങ്ങൾ മൂലം മരണപ്പെടുന്നതായ കണക്കുകൾ കാണിക്കുന്നു.


അവകാശവാദം


9.6 കോടി ഗ്യാസ് കണക്ഷനുകൾ ഉജ്ജ്വല യോജന വഴി നൽകുവാൻ കഴിഞ്ഞു.


യാഥാർത്ഥ്യം


8.9 കോടി നൽകപ്പെട്ട എൽപിജി കണക്ഷനുകളിൽ 90 ലക്ഷം ഗുണഭോക്താക്കൾ ഒരിക്കൽപോലും അവരുടെ ശൂന്യമായ സിലിണ്ടറുകൾ മാറ്റിയെടുത്തില്ല. അതായത് ഒരു സിലിണ്ടർ ഗ്യാസ് പോലും വാങ്ങിയില്ല. 1.08 കോടി ഗുണഭോക്താക്കൾക്ക് ഗ്യാസിന്റെ ക്രമാതീതമായ വിലവർധന കൊണ്ടുതന്നെ ഒരൊറ്റ പ്രാവശ്യം മാത്രമാണ് ഗ്യാസ് റീഫിൽ ചെയ്യുവാൻ കഴിഞ്ഞത്. 2014 മാർച്ച് ഒന്നിന് 410 രൂപ വിലയുണ്ടായിരുന്ന ഗ്യാസിന് 2023 ജൂൺ 28-ാം തീയതി എത്തുമ്പോൾ 1105 രൂപയാണ് വില. ദേശീയ കുടുംബാരോഗ്യ സർവ്വേ 5 (2019-21) പ്രകാരം നഗരം മേഖലകളിലെ 88.6 %കുടുംബങ്ങളും ഗ്രാമീണ മേഖലകളിൽ 42.3% കുടുംബങ്ങളും മാത്രമാണ് എൽപിജി ഉപയോഗിക്കുന്നത്. അതിലുപരി ഏകദേശം 57.7 ശതമാനം ജനങ്ങൾ മാത്രമാണ് അവരുടെ പാചക മാധ്യമമായി എൽപിജിയോ പിഎൻജിയോ ഉപയോഗിക്കുന്നത്. അതിനർത്ഥം ഇന്ത്യയിലെ 42.3% ജനങ്ങളും ഇപ്പോഴും പാചകത്തിനായി ഉപയോഗിക്കുന്നത് വിറകും കൽക്കരിയും പശു ചാണകവും ആണെന്നതാണ്. സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ഉജ്ജ്വല യോജനയുടെ കപടതയും ഉപയോഗ രാഹിത്യവും ഇവിടെ അനാവൃതമാകുന്നു.


അവകാശവാദം


7 പുതിയ ഐഐഎമ്മുകളും 8 പുതിയ ഐഐടികളും സ്ഥാപിക്കപ്പെട്ടു. കഴിഞ്ഞ അമേരിക്കൻ സന്ദർശനത്തിൽ മോഡി പറഞ്ഞത് ഭരണത്തിന്റെ ഓരോ വർഷവും ഓരോ ഐഐടികളും ഐഐഎമ്മുകളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട് എന്നാണ്.


യാഥാർത്ഥ്യം


2014 നും 19 നും ഇടയിൽ 8 ഐഐടികൾ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി മൂലം ലഭ്യമായ സീറ്റുകളിലും കുറവ് വിദ്യാർത്ഥികൾക്കു മാത്രമേ പ്രവേശനം നൽകിയിട്ടുള്ളൂ. ഐഐടികളിൽ അധ്യാപക വിദ്യാർത്ഥി അനുപാതം അപര്യാപ്തമായിരുന്നു. വിദ്യാർത്ഥികളെ തിരഞ്ഞെടുത്തതിൽ സംവരണ തത്വങ്ങൾ പാലിക്കപ്പെട്ടില്ല. ഗവേഷണ പ്രബന്ധങ്ങളുടെ കാര്യത്തിൽ കാലതാമസവും അപര്യാപ്തതകളും നേരിട്ടു.
2022 ഡിസംബർ 15-ാം തീയതി പാർലമെന്റിൽ നടന്ന പ്രതികരണത്തിൽ നിന്നും മനസ്സിലാകുന്നത് 2014 ന് ശേഷംസ്ഥാപിക്കപ്പെട്ട ഐഐടികൾ ഏഴു വർഷങ്ങൾക്ക് ശേഷവും താൽക്കാലിക ക്യാമ്പസുകളിലും അസ്ഥിരമായ ഇടങ്ങളിലും ആയാണ് പ്രവർത്തിച്ചു വരുന്നത് എന്നാണ്. ജൂലൈ 27ന് പാർലമെന്റിൽ വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവന പ്രകാരം കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കുള്ളിൽ ഒരു ഐഐടിയോ ഐഐഎമ്മോ പ്രവർത്തന സജ്ജമായിട്ടില്ല എന്നാണ്. ഇത് മോദി അമേരിക്കയിൽ ഉന്നയിച്ച അവകാശവാദങ്ങൾക്ക് കടകവിരുദ്ധമാണ്. 18,880 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന 23 ഐഐടികളിൽ സമീപവർഷങ്ങളിൽ അടിസ്ഥാന സൗകര്യ പരിമിതികൾ മൂലം കേവലം 6224 വിദ്യാർത്ഥികൾ മാത്രമാണ് പ്രവേശിപ്പിക്കപ്പെട്ടത് എന്നതാണ് രാജ്യസഭയിൽ വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവനയിൽ നിന്നും മനസ്സിലാകുന്നത്. ഐഐഎമ്മിലെ സുപ്രധാന സ്കീം ആയ മാനേജ്മെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമിന് 11.75 ലക്ഷം രൂപ മുതൽ 32 ലക്ഷം രൂപ വരെയാണ് ഫീസായി ഈടാക്കുന്നത്. കോമൺ അഡ്മിഷൻ ടെസ്റ്റ്(CAT) വഴിവരുന്ന എംബിഎ കോഴ്സിന്റെ പുതിയ ഫീസ് 16 ലക്ഷത്തിന് അടുത്താണ്. അപ്പോൾ ഐഐടികളിലെയും ഐഐഎമ്മുകളിലെയും വിദ്യാഭ്യാസ അവസരങ്ങൾ ആരെയാണ് ലക്ഷ്യമിടുന്നത്. സമ്പന്നരെയും സ്വാധീനമുള്ളവരെയും മാത്രം. ഉയർന്ന മെറിറ്റ് നേടാനായിട്ടുപോലും സാമ്പത്തിക പരാധീനതയുള്ളവർ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിൽനിന്നും പുറന്തള്ളപ്പെടുന്ന കാഴ്ചയാണ് പേരുകേട്ട സ്ഥാപനങ്ങളിൽ മുഴുവൻ കാണാനാകുന്നത്.


അവകാശവാദം


9 വർഷങ്ങൾ കൊണ്ട് രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 387ൽ നിന്നും 693 ആയി വർധിച്ചു.


യാഥാർത്ഥ്യം


മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധന ആരോഗ്യ പരിചരണ സംവിധാനങ്ങളിൽ ഉണ്ടായ വളർച്ചയ്ക്കോ കൂടുതൽ പ്രഗത്ഭരായ മെഡിക്കൽ പ്രൊഫഷനലുകളുടെ സൃഷ്ടിക്കോ മെറിറ്റുള്ളവരെങ്കിലും സാമ്പത്തിക പരാധീനത അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് എളുപ്പം മെഡിക്കൽ വിദ്യാഭ്യാസത്തെ ലഭ്യമാക്കി തീർക്കുന്നതിനോ ലക്ഷ്യം വെക്കുന്നില്ല. തുറക്കപ്പെട്ട മെഡിക്കൽ കോളേജുകളിൽ സിംഹഭാഗവും ഒന്നുകിൽ സ്വകാര്യമേഖലയിലോ അല്ലെങ്കിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയോ ആണ്. ആ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ ചെലവ് ക്രമാതീതമാണ്. മെഡിക്കൽ കോളേജുകളിലെ ഫീസുകൾ ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെയാണ്. അഡ്മിഷനുവേണ്ടി തലവരി പണം ചോദിക്കുന്നു എന്ന ആക്ഷേപങ്ങൾ സർവ്വസാധാരണമാണ്. സ്വകാര്യ മെഡിക്കൽ കോളേജുകൾ സീറ്റുകൾ പിടിച്ചു വയ്ക്കുകയും അത് ഒരുകോടി മുതൽ രണ്ടു കോടി വരെയുള്ള തുകയ്ക്ക് വിറ്റുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നും ആരോപണങ്ങൾ ഉയരുന്നു. അതുകൊണ്ട് ശരാശരിക്കാരനായ ഒരു വിദ്യാർത്ഥിക്കുപോലും ഉയർന്ന തുക തലവരി നൽകിക്കൊണ്ട് സീറ്റുകൾ കരസ്ഥമാക്കാൻ കഴിയുന്നു. ഇത്തരം ഡോക്ടർമാരാണ് ഇതുവഴി പുറത്തുവരിക എന്നത് ആശങ്ക ഉണർത്തുന്ന കാര്യമാണ്. നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങൾ എത്രമാത്രം ശോചനീയമായ അവസ്ഥയിലാണ് എന്ന് തീക്ഷ്ണമായ രീതിയിൽ നമ്മെ ബോധ്യപ്പെടുത്തിയത് കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട കാലമാണ്. രോഗാതുരമായ സാഹചര്യങ്ങളിൽ ജനങ്ങൾക്ക് സേവനങ്ങൾക്കായി സമീപിക്കാവുന്ന പ്രൈമറി ഹെൽത്ത് സെൻററുകളും കമ്മ്യൂണിറ്റി ഹെൽത്ത് സെൻററുകളും കേവലം പേരിനുമാത്രം നിലനിൽക്കുന്ന സ്ഥാപനങ്ങളായി മാറി. പ്രൈമറി ഹെൽത്ത് സെന്ററുകളിൽ 88 ശതമാനവും കമ്മ്യൂണിറ്റി മെഡിക്കൽ സെന്ററുകളിൽ 87 ശതമാനവും ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ് നിഷ്കർഷിച്ചിരിക്കുന്ന നിലവാരമില്ലാതെ പ്രവർത്തിക്കുന്നവയാണ്. സർക്കാർ ആശുപത്രികളിൽ 10,926 രോഗികൾക്ക് ഒരു ഡോക്ടർ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 130 കോടിവരുന്ന ജനതയ്ക്ക് രാജ്യത്താകെ 25,778 സർക്കാർ ആശുപത്രികളും 7,13,986 കിടക്കകളും മാത്രമാണ് ഉള്ളത്. മൊത്തം ദേശീയ ഉത്പാദനത്തിന്റെ കേവലം 1.15 ശതമാനം മാത്രമായി പൊതുജനാരോഗ്യ ചിലവുകൾ പരിമിതപ്പെടുത്തുക വഴി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കണക്കുകൾ പ്രകാരം ജിഡിപിക്ക് ആനുപാതികമായി പൊതുജനാരോഗ്യ ചെലവ് ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ട് 191 രാജ്യങ്ങളിൽ 184 എന്ന താഴ്ന്ന റാങ്കിങ്ങിൽ ആണ് ഇന്ത്യ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.


അവകാശവാദം


എഐഐഎംഎസ്(ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്)കളുടെ എണ്ണം കഴിഞ്ഞ 9 കൊല്ലങ്ങൾകൊണ്ട് എട്ടിൽ നിന്നും 23 ആയി ഉയർന്നു.


യാഥാർത്ഥ്യം


ഒരൊറ്റ എഐഐഎംഎസ് പോലും സമ്പൂർണ്ണമായി പ്രവർത്തനക്ഷമമായതായി പ്രഖ്യാപിക്കാൻ ഇന്നേവരെ പ്രധാനമന്ത്രി മോദിക്ക് കഴിഞ്ഞിട്ടില്ല. എഐഐഎംഎസുകളിൽ പര്യാപ്തമായ തോതിൽ മാനവികശേഷിയോ അധ്യാപകരോ റസിഡന്റ് ഡോക്ടർമാരോ നഴ്സുമാരോ ഇല്ലാതെ തുടരുന്നു. 2023 ഫെബ്രുവരി 31ന് ലോക്‌സഭയിൽ തുറന്ന് സമ്മതിച്ചത് പ്രകാരം 16 എഐഐഎംഎസുകളും പ്രവർത്തനക്ഷമത നേടുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. പരിമിതമായ ഔട്ട് പേഷ്യന്റ് ഇൻ പേഷ്യന്റ് സൗകര്യങ്ങൾ മാത്രമാണ് അവിടെ നൽകാനാവുക. രണ്ടാമതായി സ്വകാര്യ ഹോസ്പിറ്റലുകളെക്കാൾ ഫീസുകൾ കുറവാണെങ്കിൽ പോലും സാധാരണക്കാരായ രോഗികൾക്ക് എഐഐഎംഎസിൽ ചികിത്സ നേടുക എന്നത് അവരുടെ കഴിവുകൾക്ക് അപ്പുറത്താണ്.
സാർവത്രികമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി ദേശീയ ആരോഗ്യ നയം 2007 പ്രകാരം ആഘോഷങ്ങളുടെ അവതരിപ്പിക്കപ്പെട്ട ഫ്ലാഗ്ഷിപ്പ് പദ്ധതിയായിരുന്നു ആയുഷ്മാൻ ഭാരത് . അത് ഇപ്പോൾ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന അഥവാ PM -JAY എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഓരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ വാർഷിക ഇൻഷ്വറൻസ് ദ്വിതീയവും ത്രിതീയവുമായ വൈദ്യസേവനങ്ങൾക്കുവേണ്ടിയുള്ള ആശുപത്രി പ്രവേശനങ്ങൾക്ക് ഇത് ലക്ഷ്യം വയ്ക്കുന്നു. പക്ഷേ ഈ ഇൻഷ്വറൻസ് സ്കീമിന്റെ പരിധി വളരെ പരിമിതവും ദീർഘകാല രോഗങ്ങളുടെ ചികിത്സയ്ക്ക് അപര്യാപ്തവും ആയതുകൊണ്ട് ലക്ഷ്യം നേടുന്നതിന് ഉതകുന്നില്ല. വിവിധ ഗവേഷണങ്ങളിലെ ഫലങ്ങൾ സൂചിപ്പിക്കുന്നത് പാവപ്പെട്ടവർക്കുവേണ്ടിയുള്ള ഇന്ത്യയിലെ ഇൻഷ്വറൻസ് സ്കീമുകൾ അത്യന്താപേക്ഷിതമായ സഹായങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു എന്നാണ്. പ്രയോജനപ്രദമായ സ്കീമുകൾ ഏറെയും താങ്ങാൻ ആവാത്ത തുക സ്വന്തം പോക്കറ്റിൽ നിന്നും(out of pocket) കണ്ടെത്തേണ്ടവയുമാണ്. പ്രഖ്യാപിക്കപ്പെട്ടവ വലിയ തോതിലുള്ള അഴിമതിയിൽ ആടിയുലയുകയാണ്. 45,846 ക്ലെയിം കേസുകളിൽ ഹോസ്പിറ്റലുകളിൽ പ്രവേശനം നേടുന്നതിന് മുൻപുള്ള തീയതികളിൽ ഡിസ്ചാർജ് നടന്നതായാണ് സൂചിപ്പിക്കപ്പെടുന്നത്. മരിച്ചുകഴിഞ്ഞ ആളുടെ ക്ലെയിമുകൾക്ക് പ്രാധാന്യം നൽകുന്നു. തട്ടിപ്പുകളുടെ ശതമാനം ആകെ ക്ലെയിമുകളിൽ 35 ശതമാനത്തിൽ അധികമാണ്.


ചികിത്സയ്ക്കു വേണ്ടിവരുന്ന ചിലവുകൾ സൃഷ്ടിക്കുന്ന ദാരിദ്ര്യം കഴിഞ്ഞ 15 വർഷങ്ങൾകൊണ്ട് ഇന്ത്യയിൽ ഇരട്ടിയായി. വ്യക്തികളുടെ കൈയിൽ നിന്നും നടത്തുന്ന വൈദ്യസഹായത്തിനു വേണ്ടിയുള്ള ചെലവ് ചെയ്യൽ(out of pocket expenditure) ആകെ ഗാർഹിക വിഭവങ്ങളുടെ 70% എന്ന അതിശയകരമായ നിലയിലേക്ക് എത്തുകയും ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന ഒപി ചെലവായി മാറുകയും ചെയ്തിരിക്കുന്നു. സാധാരണ ഇന്ത്യക്കാർക്ക് ലഭ്യമാക്കേണ്ട അടിസ്ഥാനപരവും അനിവാര്യവുമായ സേവനങ്ങൾ നൽകുന്ന കാര്യത്തിൽ നിരുത്തരവാദപരവും കുറ്റകരവുമായ അവഗണനയാണ് സർക്കാർ പുലർത്തുന്നത്. അവശ്യ സാഹചര്യങ്ങളിൽ ജനങ്ങൾക്ക് സമീപിക്കേണ്ടിവരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളും കേവലം നാമം മാത്രവും 90% കേസുകളിലും ഒരു ഡോക്ടര്‍പോലും ഇല്ലാത്തതുമാണ്. ഇപ്രകാരം ഏറ്റവും അടിസ്ഥാന മനുഷ്യാവകാശമായ വൈദ്യസഹായത്തിന്റെ ലഭ്യത നിഷേധിക്കപ്പെടുന്നതുവഴി എണ്ണമറ്റ നിസ്സഹായരായ സാധാരണക്കാർ ആരാലും ശ്രദ്ധിക്കപ്പെടാതെ മാധ്യമങ്ങളുടെ പരിലാളനകൾ ഇല്ലാതെ ആശ്വാസവാക്കുകൾ പോലും കേൾക്കാതെ മരിക്കുന്നു.


അവകാശവാദം


50 കോടി ജനങ്ങൾക്ക് ആയുഷ്മാൻ ഭാരത് പദ്ധതി വഴി വർഷംതോറും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കി.


യാഥാർത്ഥ്യം


ഒരു പഠനപ്രകാരം ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഏറ്റവും വലിയ അപര്യാപ്തത അതിന് 31 ശതമാനം രോഗങ്ങളെ മാത്രമാണ് ഇൻഷ്വറൻസ് കവറേജിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നത്. സ്കീമിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ള പല ആശുപത്രികളും കൃത്രിമ ക്ലെയിമുകളും മറ്റും സൃഷ്ടിക്കുന്ന തട്ടിപ്പുകളിൽ അഭിരമിക്കുന്നതും ഇൻഷ്വറൻസ് കമ്പനികൾ അവർക്കെതിരെ നടപടികൾ എടുക്കുവാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഉദാഹരണമായി ലക്നൗ കേന്ദ്രമാക്കിയ യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് 18 എടിഎം കാർഡുകളും കുറേയധികം വ്യാജ തിരിച്ചറിയൽ രേഖകളും വ്യത്യസ്ത ഡോക്ടർമാരുടെതായ 96 സീലുകളും വ്യത്യസ്ത ആശുപത്രികളുടെതായ 4500 ലെറ്റർ ഹെഡുകളും മറ്റു വസ്തുക്കളും പിടിച്ചെടുത്തു. രണ്ടുകോടിയിൽ അധികം തട്ടിപ്പ് നടത്തിയ പാൻ എൻസിആർ ആരോഗ്യ ഇൻഷ്വറൻസ് തട്ടിപ്പിന്റെ സൂത്രധാരനായ ഒരാൾ അടക്കം നാലു പേരെ രണ്ടുവർഷംമുമ്പ് നോയിഡയിൽ നിന്ന് അറസ്റ്റ് ചെയ്തു.
അതിലുപരി ദുർബലമായ ആരോഗ്യ പരിചരണ സംവിധാനത്തിന് ശരിയായ പരിഹാരം ഇൻഷ്വറൻസ് സ്കീമുകൾ ആണോ എന്നത് പ്രധാനപ്പെട്ട ചോദ്യം ആവേണ്ടതാണ്. മുൻപ് രാഷ്ട്രീയ സ്വാസ്ത്യ ഭീമ യോജന എന്ന ഒരു പദ്ധതി ഉണ്ടായിരുന്നു. ആ പദ്ധതിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട പിഎച്ച്‌സികളിൽ രോഗികളെ പ്രവേശിപ്പിച്ച് ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്വകാര്യവൽക്കരണത്തിന്റെ ഉന്മാദകാലത്ത് അധികം ആരോഗ്യപരിപാലന കേന്ദ്രങ്ങളും സ്വകാര്യമേഖലയിൽ ഉള്ളതും ആരോഗ്യ പരിചരണ സേവനങ്ങൾ വാണിജ്യ സ്വഭാവത്തിൽ വിറ്റഴിക്കപ്പെടുന്ന ഇടങ്ങളുമാണ്. അപ്പോൾ പ്രാഥമിക ആരോഗ്യ പരിചരണം പോലും ലഭ്യമല്ലാത്ത സാധാരണക്കാർ പോളിസിയെടുത്ത് സ്വന്തം ചെലവിൽ യാത്ര ചെയ്തു ലിസ്റ്റ് ചെയ്യപ്പെട്ട ആശുപത്രികളിൽ എത്തുകയും തങ്ങളുടെ കൈയിലുള്ള ഇൻഷ്വറൻസ് പോളിസി മുഖേന അത്തരം ആശുപത്രികളിൽ ആവശ്യമായ ചികിത്സ ലഭ്യമാകുമോ ഇല്ലയോ എന്ന് അന്വേഷിച്ച് ഉറപ്പുവരുത്തി കൊള്ളും എന്നതാണോ? ആയുഷ്മാൻ ഭാരതിന്റെ കീഴിൽ ലിസ്റ്റ് ചെയ്യപ്പെട്ട ചിലവേറിയ സ്വകാര്യ ആശുപത്രികളിൽ തീവ്ര ദാരിദ്ര്യം കശക്കി എറിയുന്ന സാധാരണക്കാർക്ക് ആവശ്യമായ ആരോഗ്യ പരിചരണം ലഭ്യമാകും എന്നതാണോ യാഥാർത്ഥ്യം? ക്രമേണ ഇൻഷ്വറൻസ് മേഖല കൈയടക്കുന്ന സ്വകാര്യ കമ്പനികളുടെ ധനസ്ഥിതി, പൊതുപണം ഒഴുക്കിക്കൊണ്ട് കൊഴിപ്പിച്ചെടുക്കുന്നതിനുവേണ്ടിയുള്ള ഒരു സൗകര്യപ്രദമായ ഉപാധി മാത്രമാണ്പൊതു ആരോഗ്യ പരിരക്ഷയ്ക്കായി സർക്കാർ ഏർപ്പെടുത്തുന്ന ഇൻഷ്വറൻസ് സംവിധാനങ്ങൾ.


അവകാശവാദം


ജന ഔഷധി കേന്ദ്രങ്ങൾ വഴി ഗുണമേന്മയുള്ള ഔഷധങ്ങൾ 50ശതമാനുംമുതൽ 90 ശതമാനംവരെ വിലക്കുറവിൽ ലഭിക്കുന്നു, വർഷംതോറും ഇരുപതിനായിരംകോടി രൂപ രോഗികളായ ജനങ്ങൾക്ക് ലാഭിക്കാന്‍ സാധിക്കുന്നു.


യാഥാർത്ഥ്യം


സംസ്ഥാന ഗവൺമെന്റുകളുടെ സൗജന്യ മരുന്നുവിതരണത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അവബോധക്കുറവും, ജനഔഷധി സ്കീമിനുള്ള പിന്തുണയുടെ കുറവുകളും, വിതരണത്തിലെ കൃത്യതയില്ലായ്മയും ജനറിക് മെഡിസിനുകൾ എഴുതുവാനുള്ള ഡോക്ടർമാരുടെ വൈമുഖ്യവും മറ്റും ആണ് ജനഔഷധി സ്കീം നേരിടുന്ന പ്രധാന വെല്ലുവിളിയും ഫലത്തിലുള്ള പരാജയകാരണവും. അതോടൊപ്പം വലിയ തോതിലുള്ള അഴിമതി ആരോപണങ്ങളും ഈ പദ്ധതിയെ ചൂഴ്ന്നു നിൽക്കുന്നു. ഭൂരിഭാഗം ആശുപത്രികളിലും ഈ മരുന്നുകളുടെ വിതരണത്തിന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്ന കൗണ്ടറുകളിൽ കുറിക്കപ്പെടുന്ന മരുന്നുകൾ സ്റ്റോക്കില്ല. ജൂലൈ 28ന് അവതരിപ്പിക്കപ്പെട്ട ജനവിശ്വാസ് ബിൽ വഴിയുള്ള നിയമനിർമ്മാണം, നിഷ്കർഷിക്കപ്പെട്ടിട്ടുള്ള ഗുണനിലവാരം പുലർത്താതെ മരുന്ന് നിർമ്മിക്കുന്ന കമ്പനികളുടെ ശിക്ഷാബാധ്യത കേവലം ഫൈനുകളിലേയ്ക്ക് മാത്രമായി ചുരുക്കുന്നതായി മനസ്സിലാക്കാൻ കഴിയുന്നു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വ്യാജമരുന്നുകളുടെ നിർമ്മാണം, ചെറുകിട കുറ്റകൃത്യങ്ങൾ എന്നാണ് സർക്കാർ വിവക്ഷിക്കുന്നത്. ഇപ്പോൾ സർക്കാർ നിലവാരം കുറഞ്ഞ മരുന്ന് നിർമ്മിക്കുന്ന കമ്പനികളോട് മൃദുസമീപനം സ്വീകരിക്കുകയും അവർക്ക് നൽകപ്പെട്ടിരുന്ന ജയിൽ ശിക്ഷ കേവലം പിഴകളിലേയ്ക്ക് നിജപ്പെടുത്തുകയും ചെയ്തിരിക്കുന്നു.


അവകാശവാദം


തൊണ്ണൂറ്റിയേഴായിരത്തിലധികം സ്റ്റാർട്ട് അപ് ബിസിനസ്സുകൾ രൂപപ്പെടുത്തുക യും പ്രവർത്തനക്ഷമമാക്കുകയും ചെയ്തിരിക്കുന്നു.


യാഥാർത്ഥ്യം


ജനങ്ങളുടെ ക്രയശേഷി ഗണ്യമായി കുറയുകവഴി വിപണി ശോഷിച്ച് നിലനിൽക്കുന്ന വ്യവസായങ്ങൾതന്നെ അടച്ചുപൂട്ടലിന്റെ വക്കിൽ നിൽക്കുമ്പോൾ എപ്രകാരമാണ് പുതിയ വ്യാവസായിക ശ്രമങ്ങൾ വിജയിക്കുന്നത്.
സത്യത്തിൽ സ്റ്റാർട്ട് അപ്പുകൾ ഉയർത്തിക്കാട്ടപ്പെടുന്നത് വളർന്നുവരുന്ന തൊഴിലില്ലായ്മയെ മറച്ചുപിടിക്കാൻവേണ്ടിയാണ്. മാത്രമല്ല, ആർക്കൊക്കെയാണ് തങ്ങളുടെ മേഖലയായി സ്റ്റാർട്ട് അപ്പുകളെ തെരഞ്ഞെടുക്കാനാകുക. ഫണ്ടിംഗ് സംവിധാനങ്ങളിൽ സ്വാധീനം ചെലുത്താനാകുന്നവരും ബിസിനസ് നടത്തിപ്പിൽ പരിചയമുള്ളവരുമായ സാമ്പത്തികവും സാമൂഹ്യവുമായ കഴിവുകൾ കൂടുതലായുള്ള ഒരു ചെറിയ വിഭാഗത്തിനുമാത്രമാണ് അത് സാധ്യമാകുക. ഡിപിഐഐറ്റി കണക്കുകൾ പ്രകാരം 88395 സ്റ്റാർട്ട് അപ്പുകൾ 2023 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതിൽ 58000ടെക്നിക്കൽ സ്റ്റാർട്ട് അപ്പുകളാണ്. കണക്കുകൾ കാണിക്കുന്നത് 2023ന്റെ ആദ്യപകുതിയിൽ ഇന്ത്യൻ സ്റ്റാർട്ട് അപ്പുകൾക്കുള്ള ഫണ്ടിംഗ് 72ശതമാനംവരെയാണ് കുറഞ്ഞത്. ഫണ്ടിംഗ് ഞെരുക്കംവഴി എത്തിച്ചേരുന്ന ലേഓഫുവഴിയും അടച്ചിടൽവഴിയും 72000പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.


അവകാശവാദം


സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്ക് 10ശതമാനം സംവരണവും പാവപ്പെട്ട കുടുംബങ്ങൾക്ക് പിന്തുണയും.


യാഥാർത്ഥ്യം


തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നില്ലെങ്കിൽ സംവരണം ഉറപ്പുവരുത്തുന്നതിൽ എന്താണ് സാംഗത്യം. അടുത്തിടെവന്ന റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നത് സാമ്പത്തിക വളർച്ച ഫലത്തിൽ യാതൊരുവിധ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുന്നില്ല എന്നതാണ്. അതിനെയാണ് തൊഴിൽരഹിത സമ്പദ് വളർച്ച എന്നു വിളിക്കുന്നത്. സംവരണം നിലവിലുണ്ടായിട്ടും പിന്നാക്ക വിഭാഗങ്ങളുടെയും ഏറ്റവും താഴേക്കിടയിലുള്ളവരുടെയും സ്ഥിതി കഴിഞ്ഞ 76 വർഷങ്ങൾക്കൊണ്ട് മെച്ചപ്പെടുകയല്ല മറിച്ച് കൂടുതൽ ദയനീയമായ മാറുകയാണ് ഉണ്ടായിട്ടുള്ളത്.
അപ്പോൾ പിന്നെ എന്താണ് സംവരണം. അധികാരം കൈയാളുന്ന ബൂർഷ്വാസിയുടെ ആജ്ഞാനുവർത്തികളായ പാർട്ടികൾ പിന്നാക്ക, കീഴാള സമുദായങ്ങളെ പ്രീണിപ്പിച്ച് വോട്ടുബാങ്കുകളായി കൂടെ നിർത്താനും പ്രധാനമായും തൊഴിൽ അവസരങ്ങളെച്ചൊല്ലി സംവരണീയ സമൂദായങ്ങളും അല്ലാത്തവരും തമ്മിലുള്ള ശത്രുത നിലനിർത്തുന്നതിനും സംവരണം ഉപയോഗപ്പെടുത്തുന്നു, സംവരണത്തിന്റെ യഥാര്‍ത്ഥ്യലക്ഷ്യം വിസ്മരിക്കപ്പെടുന്നു. സത്യത്തിൽ ജാതി, വംശം, മതം, ലിംഗം എന്നിവയുെട അടിസ്ഥാനത്തിൽ ജോലിയിലും പ്രൊമോഷനിലും വിദ്യാഭ്യാസ അവസരങ്ങളിലും ക്വോട്ടകൾക്കുവേണ്ടി വിവിധ വിഭാഗങ്ങളിൽനിന്നുയർന്നുവരുന്ന കലഹങ്ങൾ ബൂർഷ്വാ രാഷ്ട്രീയ മണ്ഡലത്തിന്റെ ഉത്സവാഘോഷങ്ങളായി മാറുകയാണ് ചെയ്യുന്നത്. ഇപ്പോൾ മണിപ്പൂരിനെ കശക്കിയെറിയുന്ന ഭ്രാതൃഹന്താക്കളുടെ ആക്രമണ പരമ്പരകളും ഊർജം കണ്ടെടുത്തത് അടുത്തകാലംവരെ പൊതുവിഭാഗങ്ങളിൽപ്പെട്ടിരുന്ന സമുദായങ്ങളെ പട്ടികവിഭാഗത്തിൽപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽനിന്നാണ്. അത് ഗോത്രവിഭാഗങ്ങളിൽ നിലവിൽ അനുഭവിച്ചുവരുന്ന സംവരണ ആനുകൂല്യങ്ങൾപോലും നഷ്ടപ്പെടും എന്ന ഭീതിയും വ്യാപകമായ രീതിയിൽ സൃഷ്ടിക്കപ്പെട്ടു. അപ്രകാരം സാധാരണ ജനങ്ങളുടെ ഇടയിൽ ശത്രുതയും സാഹോദര്യ ശൂന്യതയും സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള സ്ഥാപിത താൽപര്യം നിറഞ്ഞ ഭരണവർഗ്ഗങ്ങളുടെ ഉപജാപങ്ങളുടെ ഉപകരണം മാത്രമായി സംവരണം മാറി.


അവകാശവാദം


11 കോടിയിലധികം കർഷകർക്ക് പ്രതിവർഷം പിഎം കിസാൻ വഴി 6000 രൂപ ധനസഹായമായി ലഭിക്കുന്നു.


യാഥാർത്ഥ്യം


ശരിയാണ്, വർഷംതോറും 6000 രൂപ പലതവണയായി കർഷകർക്ക് എറിഞ്ഞുകൊടുക്കുന്നുണ്ട്. അതേസമയം കൃഷിക്കുവേണ്ട വിത്തുകളുടെയും വളത്തിന്റെയും കീടനാശിനികളുടെയും ഡീസലിന്റെയും മറ്റു കാർഷിക സാമഗ്രികളുടെയും ക്രമാതീതമായ വിലവർദ്ധനവിൽ കർഷകർ നട്ടംതിരിയുന്നു എന്നത് പൊള്ളുന്ന യാഥാർത്ഥ്യമല്ലേ. ഉദാഹരണത്തിന് ഡിഎപി ഫെർട്ടിലൈസർ 50 കിലോഗ്രാമിന് 2014 മെയ് മാസത്തിൽ 1125 രൂപയായിരുന്നത് ഇപ്പോൾ 1572 രൂപയാണ്. 2014ൽ ഡീസൽ ലിറ്ററിന് 50 രൂപയായിരുന്നുവെങ്കിൽ ഇപ്പോൾ ഇരട്ടിയിലധികമാണ്. രണ്ടാമതായി പ്രയോജനപ്രദമായ വില വിളകൾക്ക് വളരെ അപൂർവ്വമായാണ് ലഭിക്കുന്നത്. അഴിമതി നിറഞ്ഞതും നീതിപൂർവകമല്ലാത്തതുമായ വിള സമാഹരണ സംവിധാനങ്ങൾ സർക്കാർ പിന്തുണയോടെ ഇടനിലക്കാരും സ്വകാര്യ സംരംഭകരും കൗശലപൂർവം നിയന്ത്രിക്കുന്നു എന്നതാണ്.
അതിലുപരി പലപ്പോഴും കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ വളർന്നുകൊണ്ടിരിക്കുന്ന വിളകൾക്കുമേൽ പ്രകൃതിക്ഷോഭങ്ങളുടെ രൂപത്തിൽ നാശം അഴിച്ചുവിടുന്നു. അതിന്റെ ഫലമായി മെച്ചപ്പെട്ട വിളകൾ ലഭിക്കുന്ന സന്ദർഭത്തിൽപ്പോലും മുതലാളിത്ത ഉപാധികളിൽ നഷ്ടം സഹിച്ചുകൊണ്ട് കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിറ്റുതുലയ്ക്കുവാൻ നിർബന്ധിതരാകുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഒരു ദിവസം 15 കർഷകർ ആത്മഹത്യ ചെയ്യുന്നു. ഇന്ത്യയിൽ ഇന്നുവരെ 4.75ലക്ഷം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. അപ്പോൾ പിന്നെ പിഎം കിസാൻ പദ്ധതി പബ്ലിസിറ്റി സ്റ്റണ്ടല്ലാതെ മറ്റെന്താണ്.


അവകാശവാദം


പിഎം ഫസൽ ഭീമ യോജനപ്രകാരം 1.35ലക്ഷം കോടി രൂപയിലേറെ ക്ലയിമുകൾ തീർപ്പാക്കിയിട്ടുണ്ട്.


യാഥാർത്ഥ്യം


ഈ വിള ഇൻഷ്വറൻസ് സ്കീം തെറ്റായ ഉള്ളടക്കംകൊണ്ടും അപകടകരമായ പ്രക്രിയകൾ കടന്നുപോകേണ്ടതുകൊണ്ടും നടത്തിപ്പിലെ തീവ്രമായ അഴിമതികൾകൊണ്ടും കർഷകരെ സഹായിക്കുന്നതിനുള്ള സർക്കാരിന്റെ വൈമനസ്യംകൊണ്ടുംതീർത്തും പരാജയമാണ്. റിപ്പോർട്ടുകൾ പ്രകാരം കേവലം 6.61ശതമാനം ക്ലയിമുകൾ മാത്രമാണ് തീർപ്പാക്കപ്പെട്ടിട്ടുള്ളത്. വിളപരാജയം നേരിടുന്ന പാട്ട കർഷകരുടെ പ്രശ്നങ്ങൾ നേരിടുവാൻ ഈ പദ്ധതിയിൽ സവിശേഷ വ്യവസ്ഥകളില്ല. ഈ പുതിയ വിള ഇൻഷ്വറൻസ് സ്കീമിൽ ഇൻഷ്വറൻസ് പരിരക്ഷയിലേക്ക് കൊണ്ടുവരേണ്ട കൃഷിക്കാരെ രേഖപ്പെടുത്തുന്നതിനും കൊണ്ടുവരുന്നതിനും കൃത്യമായ വ്യവസ്ഥകൾ ഇല്ല. മറിച്ച് ഇൻഷ്വറൻസ് കമ്പനികൾക്ക് വലിയ അനുഗ്രഹമായി മാറുന്നതാണ് ഈ സ്കീം. ഈ സ്കീം പ്രഖ്യാപിക്കപ്പെ ട്ടതിനുശേഷമുള്ള അഞ്ചുവർഷംകൊണ്ട് ഒരു ലക്ഷത്തി ഇരുപത്തിയാറായിരത്തി അഞ്ഞൂറ്റി ഇരുപത്തിയൊന്ന് കോടി രൂപ ഇൻഷ്വറൻസ് കമ്പനികൾക്ക് പ്രീമിയമായി ലഭിച്ചിട്ടുണ്ട്.
അതേസമയം കേവലം 87320 കോടി രൂപ മാത്രമാണ് നഷ്ടപരിഹാരമായി നൽകപ്പെട്ടിട്ടുള്ളത്. പ്രീമിയത്തിന്റെ ഏകദേശം 31 ശതമാനം ഇൻഷുറൻസ് കമ്പനികൾ ലാഭമായി കൈക്കലാക്കുന്നു. ഈ സ്കീമിൽ നിന്നും റിലയൻസ് ജനറൽ ഇൻഷ്വറൻസ് കോർപ്പറേഷൻ ലിമിറ്റഡിന് 59% പ്രീമിയവും ലാഭമാക്കി മാറ്റുവാൻ കഴിഞ്ഞു. അതേപോലെതന്നെ ഫ്യൂച്ചർ ജനറൽ ഇന്ത്യ ഇൻഷ്വറൻസ്, ഐഎഫ്എഫ്‌സിഒ, എച്ച്‌ഡിഎഫ്‌സി-അഗ്രോ എന്നീ കമ്പനികൾ പ്രീമിയത്തിന്റെ യഥാക്രമം 60.91%, 52%, 32% വീതം നേടിയെടുത്തു. ഫസൽ ഭീമ യോജനക്കുള്ള ബജറ്റ് വിഹിതമാകട്ടെ അവസാന ബജറ്റിൽ കേവലം 2000 കോടിയായി ചുരുക്കപ്പെട്ടു.


അവകാശവാദം


ആദിവാസി മേഖലകളിലെ കുട്ടികൾക്ക് പ്രയോജനകരമാകുന്ന ഏകലവ്യ വിദ്യാലയങ്ങൾ ആരംഭിച്ചു.


യാഥാർത്ഥ്യം


സർക്കാർ കണക്കുകൾ പ്രകാരം തന്നെ ആവശ്യമായതിന്റെ കേവലം 58% അധ്യാപകർ മാത്രമാണ് ഏകലവ്യ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിക്കുന്നത്. ആദിവാസി ക്ഷേമ മന്ത്രി രാജ്യസഭയിൽ അറിയിച്ചത് 394 ഏകലവ്യ വിദ്യാലയങ്ങൾക്ക് ആവശ്യമുള്ള 7030 അധ്യാപകർക്ക് പകരം 4138 അധ്യാപകർ മാത്രമാണ് ലഭ്യമായിട്ടുള്ളത് എന്നാണ്. ഉദ്യോഗസ്ഥർ പറയുന്നത് അനുവദിക്കപ്പെട്ട 688 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ സ്ഥാനത്ത് നവംബർ 2022 വരെ 392 വിദ്യാലയങ്ങളാണ് പ്രവർത്തനക്ഷമം ആയിട്ടുള്ളതെന്നാണ്.


അവകാശവാദം


18 അർദ്ധ അതിവേഗ വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങി.


യാഥാർത്ഥ്യം


വന്ദേ ഭാരത് സമ്പന്നർക്കും പ്രമാണിമാർക്കും വേണ്ടിയുള്ള ചിലവേറിയ ട്രെയിനുകളാണ്. എസി ചെയർ കാറിലെ യാത്രക്കൂലി അതേ ദൂരം യാത്ര ചെയ്യുന്ന ജനശതാബ്ദി ട്രെയിനുകളുടെ നിരക്കിന്റെ 1.5 ഇരട്ടിയും എക്സിക്യൂട്ടീവ് ക്ലാസിന്റെത് മുന്തിയ ട്രെയിനുകളുടെ എസി ഫസ്റ്റ് ക്ലാസിന്റെ 1.4 ഇരട്ടിയും ആണ്. സാധാരണക്കാർ യാതൊരു സൗകര്യങ്ങളും ഇല്ലാത്ത അൺ റിസർവ്ഡ് കമ്പാർട്ട്മെന്റുകളിൽ എത്രയോ യാതനകൾ സഹിച്ചു കൊണ്ടാണ് യാത്ര ചെയ്യുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും യാത്രചെയ്യുന്ന സാധാരണ എക്സ്പ്രസ് ട്രെയിനുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് വേണ്ടത്. റെയിൽവേ വരുമാനത്തിന്റെ പകുതി ഭാഗവും വരുന്നത് സെക്കൻഡ് ക്ലാസ് സ്ലീപ്പർ ക്ലാസ് യാത്രക്കാരിൽ നിന്നുമാണ്. എസി യാത്രക്കാർ ആകെ യാത്രക്കാരുടെ ഒന്നര ശതമാനമേ വരൂ. പക്ഷേ മോഡി സർക്കാരിന് വലിയ വിഭാഗം സാധാരണക്കാരിൽ താല്പര്യമില്ല മറിച്ച് ഏതാനും സമ്പന്നരുടെയും ഉയർന്നശേഷിയുള്ളവരുടെയും സൗകര്യങ്ങളിൽ മാത്രമാണ് താല്പര്യം. വന്ദേ ഭാരത ട്രെയിനുകൾ ആകട്ടെ സാങ്കേതിക വീഴ്ചകളും വേഗതക്കുറവും പ്രകടിപ്പിച്ചു തുടങ്ങി. പലതവണ അഗ്നിബാധയ്ക്ക് ഇരയായി, എയർകണ്ടീഷനുകൾ ശരിയായി പ്രവർത്തിക്കാതിരിക്കുന്നതായും നിലവാരം ഇല്ലാത്ത ഭക്ഷണം നൽകപ്പെടുന്നതായും ആക്ഷേപങ്ങൾ ഉയർന്നു. നരേന്ദ്രമോദിയുടെ പൊങ്ങച്ച നേട്ടങ്ങൾക്കായി ഉയർത്തിക്കാണിക്കാനുള്ള ഒരു ടെക്നിക്കൽ ഷോക്കേസ് ഐറ്റം മാത്രമായി വന്ദേ ഭാരത് മാറി.


അവകാശവാദം


വിമാനത്താവളങ്ങളുടെ എണ്ണം 9 വർഷം കൊണ്ട് 74ൽ നിന്നും 148 ആയി ഉയർന്നു.


യാഥാർത്ഥ്യം


ഇന്ത്യയിലെ മുഴുവൻ വിമാനത്താവളങ്ങളും പൊതു ധനം ഉപയോഗിച്ച് ആണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോൾ ഓരോന്നോരോന്നായി സ്വകാര്യ സംരംഭകർക്ക് 50 വർഷ കണക്കിൽ വാടകയ്ക്ക് നൽകുന്നു. സ്വകാര്യ നിയന്ത്രണത്തിൽ വന്നതിനുശേഷം യാത്രക്കാരിൽ നിന്നും ഈടാക്കുന്ന യൂസർ ഫീസും എയർപോർട്ട് ചാർജുകളും പലതവണ വർദ്ധിപ്പിക്കപ്പെട്ടു. സ്വകാര്യവൽക്കരണം, തൊഴിൽ സുരക്ഷിതത്വം നഷ്ടപ്പെട്ട് കരാർ തൊഴിലുകളിൽ അടിഞ്ഞു കൂടാൻ എയർപോർട്ട് ജോലിക്കാരെ നിർബന്ധിതരാക്കി. അതിലുപരി ഈ വിമാനത്താവളങ്ങളിൽ സിംഹഭാഗവും കൈമാറിയത് അദാനി ഗ്രൂപ്പിനാണ്. മോദിയുടെ പ്രിയങ്കരനായ കോർപ്പറേറ്റിന് ഇതെല്ലാം നൽകിയത് അവശ്യം വേണ്ട നിയമപരമായ പ്രക്രിയകൾ മുഴുവൻ ഉപേക്ഷിച്ചു കൊണ്ടാണ്. സത്യത്തിൽ അദാനിയുടെ ഉടമസ്ഥതയിലുള്ള എയർപോർട്ടുകൾ ലാൻഡിങ് ചാർജുകളിലും പാർക്കിംഗ് ചാർജുകളിലും ലക്ഷ്യമിടുന്ന വർദ്ധനവിനെക്കുറിച്ച് മറ്റ് വിമാന കമ്പനികൾ ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിക്ക് മുൻപിൽ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.


അവകാശവാദം


53,000 കിലോമീറ്റർ ഹൈവേകൾ നിർമ്മിച്ചു.


യാഥാർത്ഥ്യം


ഹൈവേകളും എക്സ്പ്രസ് വേകളും നിർമ്മിക്കുന്നത് ജനങ്ങൾക്കുള്ള പ്രയോജനം ലക്ഷ്യം വെച്ചല്ല. മറിച്ച് രാഷ്ട്രീയ അധികാരികളുടെ കയ്യിലേക്ക് കമ്മീഷനായി എത്തിക്കുന്നതിനുള്ള വഴികൾ തന്നെയാണ്. നിർമ്മിതമായ ഹൈവേകളിലും എക്സ്പ്രസ് വേകളിലും ഗുണമേന്മയും രാത്രാ സുരക്ഷിതത്വവും ഇല്ല. രൂപകല്പനയിലെ വീഴ്ചകളും ഗുണമേന്മ കുറവുള്ള സാമഗ്രികൾ ഉപയോഗിച്ചുള്ള നിർമ്മാണവും അപകടങ്ങൾക്ക് കാരണമാകുന്നു എന്ന് വിലയിരുത്തലുകൾ വെളിവാക്കുന്നു. എക്സ്പ്രസ് വേകളും ഹൈവേകളും നിർമ്മിക്കുന്ന കമ്പനിയിൽ അടിപ്പാതകളും സർവീസ് റോഡുകളും നിർമിക്കാതെ സമീപസ്ഥരായ ഗ്രാമീണ അടക്കം എക്സ്പ്രസ്സ് വേകളിലൂടെ സഞ്ചരിക്കുവാൻ നിർബന്ധിതരാക്കുന്നു. ഓരോ വർഷവും ഒന്നരലക്ഷം ആളുകൾ റോഡ് അപകടങ്ങളിൽ മരിക്കുന്നു. ശരാശരി ഒരു ദിവസം 1130 അപകടങ്ങളും 422 മരണങ്ങളും. ഓരോ എക്സ്പ്രസ് വേകളിലും പലയിടങ്ങളിലും ടോൾ ബൂത്തുകൾ സ്ഥാപിച്ചുകൊണ്ട് ഭീമമായ ടോൾ ഈടാക്കുന്നു. പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേറ്ററി വ്യവസ്ഥയിൽ നിർമ്മാണങ്ങൾ നടത്തിയിരിക്കുന്ന സ്വകാര്യ കമ്പനികൾ നിർമ്മാണത്തിനുവേണ്ടി ചിലവഴിച്ചതിനേക്കാൾ വളരെയധികം തുക കൂടുതൽ ഇതിനോടകം ഈടാക്കിയിട്ടും തുടർന്നും ടോൾ ചാർജ് പിരിച്ചുകൊണ്ടേയിരിക്കുന്നു.


അവകാശവാദം


2019 ഒക്ടോബർ രണ്ടാം തീയതി ഇന്ത്യ തുറന്ന ഇടങ്ങളിൽ ഉള്ള വിസർജനത്തിൽ നിന്നും പൂർണമായും വിമുക്തമായി എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.


യാഥാർത്ഥ്യം


ദേശീയ കുടുംബ ആരോഗ്യ സർവേ 5 (എൻ എഫ് എച്ച് എസ് 5)2019- 21 വിവരങ്ങൾ പ്രകാരം 24ശതമാനം ഗ്രാമീണ ഭവനങ്ങൾക്ക് ടോയ്ലറ്റ് സൗകര്യം ഇല്ല. അതിനർത്ഥം അവർ തുറന്ന സ്ഥലത്ത് മലമൂത്ര വിസർജനം നടത്തുന്നു എന്നു തന്നെയാണ്. റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് നിർമ്മാണത്തിലെ പിഴവുകൾ നിമിത്തവും ജലലഭ്യതയുടെ അഭാവം മൂലവും ആളുകൾ ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നില്ല എന്നാണ്.


അവകാശവാദം


രാമക്ഷേത്രം അയോധ്യയിൽ നിർമ്മാണം പൂർത്തിയാക്കി വരുന്നു, അപ്രകാരം സാംസ്കാരിക ആത്മീയ പാരമ്പര്യ കേന്ദ്രങ്ങൾ പുനഃനിർമ്മിക്കുന്നതു വഴി ജനങ്ങളുടെ വിശ്വാസത്തോട് ആദരവ് പുലർത്തുന്നു.


യാഥാർത്ഥ്യം


മതാന്ധത ബാധിച്ച ആർഎസ്എസ്, ബിജെപി, സംഘപരിവാർ കാലാൾപട, ചരിത്രസ്മാരകമായിരുന്ന ബാബറി മസ്ജിദ് തകർത്തു കളഞ്ഞു. കുറ്റകരമായ ആ പ്രവൃത്തിയെ ജുഡീഷ്യറി ന്യായീകരിക്കുകയാണ് ഉണ്ടായത്. ചരിത്രം കണ്ട ഭയാനകമായ ആ നീതി നിഷേധം, നിയമത്തിന്റെയും പ്രാമാണികമായ രീതികളുടെയും നീതിബോധത്തിന്റെയും തമസ്കരണം കൂടിയായിരുന്നു. പതിനെണ്ണായിരം കോടിയിൽ അധികം ചിലവഴിച്ചുകൊണ്ട് രാം മന്ദിർ നിർമ്മിക്കുവാൻ മദോന്മാദംപൂണ്ട ബിജെപി ഗവൺമെന്റ് ഇപ്പോള്‍ തുനിയുന്നത് അന്ധമായ ഹിന്ദുത്വ വികാരത്തെ ഊട്ടി വളർത്തുന്നതിനും സാമുദായിക സാമൂഹ്യ വിഭജനം ശക്തിപ്പെടുത്തുന്നതിനും അതുവഴി തെരഞ്ഞെടുപ്പിൽ നേട്ടങ്ങൾ കൈക്കലാക്കുന്നതിനുംവേണ്ടി മാത്രമാണ്. ഇന്ത്യയിലെ പൗരന്മാരുടെ എല്ലാത്തരം ദുരിതങ്ങളെയും ലഘൂകരിക്കുവാൻ ഇത് പര്യാപ്തമാകുമെന്ന് പ്രധാനമന്ത്രി മോദിക്ക് പറയാനാകുമോ. തീവ്ര ഹിന്ദുത്വവാദത്തെ തഴുകാൻ അല്ലാതെ മറ്റൊന്നിനും വേണ്ടിയുള്ളതല്ല ഈ വീമ്പ് പറച്ചിൽ. 2023 ഡിസംബറിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതിനെക്കുറിച്ചുള്ള ബിജെപിയുടെ മുഴുവൻ മുന്നൊരുക്കങ്ങളും 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ളതാണ്.


അവകാശവാദം


മൊത്തം കയറ്റുമതി 750 ബില്യൺ ഡോളർ കടന്നു. (75,000 കോടി ഡോളർ)


യാഥാർത്ഥ്യം


ഇന്ത്യയുടെ കയറ്റുമതിൽ 2023 ജൂൺ മാസത്തിൽ 32.97 ഡോളർ ആയി ചുരുങ്ങി. അതായത് കഴിഞ്ഞ മൂന്നു വർഷങ്ങളായി 22% വരുന്ന കയറ്റുമതി ഇടിവ് തുടർന്നുവരുന്നു.


അവകാശവാദം


ജി-20 അധ്യക്ഷപദവി പ്രയോജനപ്പെ ടുത്തിക്കൊണ്ട് ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി.


യാഥാർത്ഥ്യം


അപ്രകാരം ഏത് ആഗോള പ്രശ്നമാണ് പരിഹരിക്കപ്പെട്ടിട്ടുള്ളത്? റഷ്യക്കും ഉക്രൈനുമിടയിൽ സമാധാനത്തെ കുറിച്ച് അധ്യാപനം നടത്താൻ ഇന്ത്യ ശ്രമിച്ചു, എന്തെങ്കിലും അനുകൂലഫലം നേടുന്നതിൽ പരാജയപ്പെട്ടു. സത്യത്തിൽ ഇന്ത്യയുടെ യുദ്ധത്തിൽ നിന്നുള്ള പരമാവധി നേട്ടം റഷ്യൻ പെട്രോളിയം കുറഞ്ഞ വിലയ്ക്ക് കവർന്നെടുക്കാനായി എന്നതാണ്. ലോകത്തെ, സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ചയിലേക്ക് നയിക്കുന്നതിനുള്ള അവസരം എന്ന അന്തസാര ശൂന്യമായ മുദ്രാവാക്യമുയർത്തി ശാക്തീകരണത്തെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും വെറുതെ ചർച്ചകൾ മാത്രം നടത്തുകയും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ തുടരുകയും ചെയ്യുന്നു.’ ലോകമിന്ന് കാലാവസ്ഥ പ്രതിസന്ധി, ഊർജ്ജ പ്രതിസന്ധി, പട്ടിണി മുതലായ ഗുരുതരമായ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. റഷ്യ -ഉക്രൈൻ യുദ്ധം, അമേരിക്കക്കും ചൈനയ്ക്കും ഇടയിൽ വർദ്ധിച്ചുവരുന്ന ഭൗമ രാഷ്ട്രീയ സംഘർഷം ഈ വിഷയങ്ങളിൽ ഇന്ത്യ കൃത്യമായ എന്തെങ്കിലും നിലപാട് വ്യക്തമാക്കിയിട്ടുണ്ടോ? ജി 20 പ്രസിഡൻസി തങ്ങളുടെ ദേശീയ രാഷ്ട്രീയത്തെ വെള്ളിവെളിച്ചത്തിൽ നിലനിർത്തുന്നതിനും വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേട്ടങ്ങൾ ഉണ്ടാകുന്നതിന് മാത്രമാണ് ഗവൺമെന്റ് ഉപയോഗിക്കുന്നത്.


അവകാശവാദം


സ്ത്രീശാക്തീകരണത്തിൽ അഭിമാനാർഹമായ ഉയർച്ചയുണ്ടായി.


യാഥാർത്ഥ്യം


സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ ഭയാനകമായി വർദ്ധിച്ചു. 2022 ൽ ദേശീയ വനിതാ കമ്മീഷന് ഇത് സംബന്ധിച്ച 31000 പരാതികൾ ലഭിച്ചു. ഇത് 2014 മുതലുള്ള പരാതികളിലെ ഉയർന്ന സംഖ്യയാണ്. ദിനംതോറും 86 ബലാത്സംഗ കേസുകളും ഓരോ മണിക്കൂറിലും സ്ത്രീകൾക്കെതിരായ 49 കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. കുക്കി ഗോത്ര വിഭാഗത്തിൽപ്പെട്ട രണ്ടു വനിതകളെ നഗ്നരാക്കി നടത്തിയതും ഗുസ്തി താരങ്ങൾക്ക് എതിരായി നടന്ന ലൈംഗിക അതിക്രമങ്ങളും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായി.

ആത്മപ്രശംസയിൽ അഭിരമിക്കുന്ന പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളുടെ പട്ടിക ഇവിടെയൊന്നും അവസാനിക്കുന്നില്ല. ഓരോ വാദഗതികളും പരിശോധനയ്ക്ക് വിധേയമാക്കുക എന്നത് അതീവ ദുഷ്കരമാണ്. അവകാശവാദങ്ങളാകട്ടെ വിവരങ്ങളെ തെറ്റായി വളച്ചൊടി ക്കുകയും തെറ്റിദ്ധാരണ ജനകമായ ആഖ്യാനങ്ങൾ അവതരിപ്പിച്ചു രൂപീകരിക്കപ്പെട്ടവയുമാണ്. വിലക്കയറ്റം, വർദ്ധിച്ചുവരുന്ന തൊഴിൽരഹിത്യം, തൊഴിൽ നഷ്ടങ്ങൾ, ദാരിദ്ര്യം, അസമത്വം, വിവേചനങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും ദുർബല സമൂഹങ്ങൾക്കും നേരെയുള്ള കുറ്റകൃത്യങ്ങൾ ഇവയെക്കുറിച്ചെല്ലാം മൗനം അവലംബിക്കുകയും രാജ്യത്തിന്റെ വളർച്ചയെ ട്രില്ല്യൺ കണക്കിന് രൂപയുടെ മാനദണ്ഡത്തിൽ വിലയിരുത്തുകയും അതേസമയം സാധാരണ ഇന്ത്യക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി യാതൊരു നടപടികളും കൈക്കൊള്ളാതിരിക്കുകയും ചെയ്യുന്നു എന്നതാണ് മോഡിയുടെ രീതികൾ. അടിമുടി നുണകളും വസ്തുതാ വിരുദ്ധമായ ആഖ്യാനങ്ങളും വഴി ജനങ്ങളെ കബളിപ്പിച്ച് കൂടെനിർത്തുന്ന ഫാസിസ്റ്റ് സ്വച്ഛാധിപത്യത്തിൻറെ ഉത്തമ ഉദാഹരണമാണ് മോഡിയുടെ ഭരണം. മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ നടത്തിയ പ്രസംഗം നിഷ്പക്ഷമായി ശ്രദ്ധിച്ചാൽ അതെല്ലാം ഏകപക്ഷീയമായ നുണകളുടെ ആഖ്യാനമായിരുന്നുവെന്ന് തിരിച്ചറിയാൻ ഏതൊരാൾക്കും സാധിക്കും. “ലോകത്തിലെ എല്ലാ വിശ്വാസ ധാരകളും നമ്മുടെ മാതൃഭൂമിയിൽ നിന്നുമാണ്, ലോകത്തിലെ എല്ലാ വിശ്വാസ ധാരകളെയും നാം ആഘോഷിക്കുകയും ചെയ്യുന്നു”. ഇതിൽ ആദ്യത്തെ ഭാഗം ശരിയാണ്. രണ്ടാമത്തെ നാം മോദിയും, മോദിയുടെ പാർട്ടിയായ ബിജെപിയും, ബിജെപിയുടെ മാതൃസംഘടനയായ ആർഎസ്എസും ആണെങ്കിൽ ഈ പറയുന്നത് പച്ചനുണ മാത്രമാണ്.


മോദിയുടെ സ്വന്തം പ്രസംഗം തന്നെ രണ്ടാമത്തെ വാദം തെറ്റാണെന്ന് സാക്ഷ്യം പറയുന്നു. ഇന്ത്യയുടെ 75 വർഷത്തെ സ്വാതന്ത്ര്യത്തെ അദ്ദേഹം എതിർ താരതമ്യം ചെയ്യുന്നത് ആയിരം വർഷത്തെ വിദേശ ഭരണവുമായാണ്. ഇത് സംഘപരിവാറിന്റെ കാലഗണനാ കണക്കുപ്രകാരം 750 വർഷത്തെ മുസ്ലിം ഭരണവും 250 വർഷത്തെ ബ്രിട്ടീഷ് ഭരണവും ഒന്നുപോലെ ആയിരം വർഷത്തെ വിദേശഭരണമായി വിലയിരുത്തുന്നു. ഈ ഒരു സഹസ്രാബ്ദത്തിലെ മർദ്ദകഭരണം എന്ന രൂപകം ഉപയോഗിച്ചുകൊണ്ടാണ് സംഘപരിവാർ സൃഷ്ടിക്കുന്ന കപട ഭാവനയിൽ മുസ്ലിം ജനസാമാന്യം ഇനി ഒരിക്കലും തിരിച്ചെടുക്കാൻ ആവാത്ത വിധം അപരവൽക്കരിക്കപ്പെടുന്നു. ആയിരം വർഷത്തെ അടിമത്തം പോലെയുള്ള ആഖ്യാനങ്ങൾ എഴുതപ്പെടാനിരിക്കുന്നു. സംഘപരിവാർ സൈദ്ധാന്തികർ നിരന്തരം ഊന്നി പറയുന്ന കാര്യമാണ് യഥാർത്ഥ ഇന്ത്യൻ പൗരരായി പരിഗണിക്കപ്പെടണമെങ്കിൽ സമൂഹം അവരുടെ ഹിന്ദുത്വ പൈതൃകം തെളിയിക്കാൻ തയ്യാറാകണം എന്നത്. ആര്‍ആർഎസ്എസ് പറയുന്ന വൈവിധ്യങ്ങളുടെ ഇന്ത്യയിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുമതത്തിലേക്ക് പരിവർത്തനപ്പെടുന്നത് ബലപ്രയോഗം മൂലമല്ല, മറിച്ച്, അവരുടെ യഥാർത്ഥ സ്വത്വത്തിലേക്ക് മടങ്ങിയെത്തുന്നതിനുള്ള ത്വരമൂലമാണ്. അവരുടെ മതപരിവർത്തനം സ്വന്തം വീടുകളിലേക്കുള്ള മടങ്ങി വരവാണ്(ഖര്‍ വാപസി) അനഭിമതങ്ങളായ ചോദ്യങ്ങളെ മറയ്ക്കുന്നതിനുവേണ്ടിയാണ് മോദി, ജനാധിപത്യം, ജനാധിപത്യം എന്നിങ്ങനെ വാഴ്ത്തുപാട്ടുകൾ പാടുന്നത്. ജനാധിപത്യം നമ്മുടെ ആത്മാവാണ്, ജനാധിപത്യം നമ്മുടെ സിരകളിലാണ് ഓടുന്നത്, നമ്മൾ ജനാധിപത്യത്തിൽ ജീവിക്കുന്നു, നമ്മുടെ പൂർവികരാണ് ആ പരികല്പനയ്ക്ക് അർത്ഥവും ദേഹവും പകർന്നത്, ഞാൻ ജനാധിപത്യം എന്ന് പറയുമ്പോൾ അത്, ജാതി, മതം,ലിംഗം, വംശം തുടങ്ങിയ പരിഗണനകളെയെല്ലാം അപ്രസക്തമാക്കുന്നതാണ്, അവിടെ യാതൊരുവിധ വിവേചനങ്ങൾക്കും ഇടമില്ല. നിങ്ങൾ ജനാധിപത്യത്തെക്കുറിച്ച് പറയുമ്പോൾ മാനുഷിക മൂല്യങ്ങൾ ഇല്ലെങ്കിൽ, മാനവികത ഇല്ലെങ്കിൽ, മനുഷ്യാവകാശങ്ങൾ ഇല്ലെങ്കിൽ അപ്പോൾ അത് ജനാധിപത്യം അല്ല… ഇങ്ങനെയാണ് വാചകമടി.


ഒരു അമേരിക്കൻ മാധ്യമപ്രവർത്തകൻ, നിങ്ങളുടെ രാജ്യത്ത് മുസ്ലീങ്ങളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും അഭിപ്രായസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിനും എന്തെങ്കിലും ചെയ്യാൻ ആകുമോ എന്ന് ചോദിച്ചപ്പോൾ നരേന്ദ്രമോദി പറഞ്ഞത് അവർക്ക് മെച്ചപ്പെടേണ്ട ആവശ്യമില്ല എന്നാണ്. ഞങ്ങളുടെ ഭരണഘടനയും ഞങ്ങളുടെ ഗവൺമെന്റുംജനാധിപത്യത്തോട് പ്രതിജ്ഞാബദ്ധരാണ്. യാതൊരുവിധ വിവേചനങ്ങൾക്കും എന്റെ ഗവൺമെന്റില്‍ സ്ഥാനമില്ല. കൗശല പൂർവ്വം ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനയുടെ പിന്നിൽ അഭയം തേടിക്കൊണ്ട്, തന്റെ ഗവൺമെന്റ് ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനങ്ങളെയും അഭിപ്രായങ്ങളുടെമേൽ ഏർപ്പെടുത്തുന്ന അടിച്ചമർത്തലുകളെയും മറച്ചുവെച്ച് മനുഷ്യാവകാശങ്ങൾ ഇല്ലാതെ ജനാധിപത്യം ഇല്ല എന്ന വിണ്‍വാക്കിലൂടെയും ജനാധിപത്യത്തിന്റെ സത്ഫലങ്ങൾ മത, ജാതി, ലിംഗം, വംശ വ്യത്യാസം ഇല്ലാതെ വിതരണം ചെയ്യപ്പെടുന്നു എന്ന പച്ചക്കള്ളത്തിലൂടെയും കാര്യമാത്ര പ്രസക്തമായ ആരോപണങ്ങളെ മറികടന്നു. ഇതെല്ലാം തികഞ്ഞ കാപട്യം അല്ലാതെ മറ്റെന്താണ്? ആർഎസ്എസ്, ബിജെപി, സംഘപരിവാർ ശക്തികൾ ന്യൂനപക്ഷങ്ങൾക്കെതിരായി വെറുപ്പിനെ തീവ്രതരമാക്കുന്നത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ജാതി, സമുദായ, വംശീയ, കലാപങ്ങളും അക്രമങ്ങളും രൂപപ്പെടുന്നു, സംശയത്തിന്റെ പേരിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മനുഷ്യരെ തല്ലിക്കൊല്ലാൻ ആൾക്കൂട്ടങ്ങളെ അനുവദിക്കുന്നു, പശുസംരക്ഷകരെന്ന പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, ലവ് ജിഹാദുപോലെയുള്ള പദാവലികൾ ഉപയോഗപ്പെടുത്തിക്കൊണ്ട്ന്യൂനപക്ഷങ്ങളെ അവമതിക്കുന്നു. ന്യൂനപക്ഷങ്ങളെ, അനധികൃത കുടിയേറ്റക്കാർ, പാക്കിസ്ഥാൻ ചാരന്മാർ എന്നിങ്ങനെ ബ്രാൻഡ് ചെയ്തുകൊണ്ട് കൂട്ടക്കൊലകൾ നടത്താൻ സോഷ്യൽ മീഡിയകൾ വഴി ആഹ്വാനങ്ങൾ ഉയർത്തുന്നു. റിപ്പോർട്ടേഴ്സ് വിത്തൌട്ട് ബോർഡേഴ്സ് സമാനമായ കാര്യങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മറുവശത്ത് കുത്തക കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങൾ മര്യാദയുടെയും സത്യസന്ധതയുടെയും എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് പ്രധാനമന്ത്രി മോദിയെ കാര്യപ്രാപ്തിയുള്ള രാഷ്ട്രതന്ത്രജ്ഞനായി വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ അതിശക്തമായ പങ്കുവഹിക്കുന്ന കുപ്രസിദ്ധമായ ബിജെപിയുടെ ഐടി സെൽ കൃത്രിമവും പ്രകോപന ജനകവുമായ വിവരങ്ങൾ സൃഷ്ടിച്ചുകൊണ്ട്, കൃത്രിമ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചുകൊണ്ട് എതിർക്കുന്നവരെ അപകീർത്തിപ്പെടുത്തിക്കൊണ്ടും അക്രമങ്ങൾ ആഹ്വാനം ചെയ്തുകൊണ്ടും പ്രധാനമന്ത്രി മോദിയെയും സർക്കാരിനെയും ഒരു മഹത് പ്രതിഭാസമായി അവതരിപ്പിക്കുന്നു. രാജ്യത്തെ കടുത്ത യാതനങ്ങളിലൂടെ കടന്നുപോകുന്ന ജനങ്ങൾ സത്യ ഉൾക്കൊള്ളേണ്ട സമയം വന്നുചേർന്നിരിക്കുന്നു. സത്യത്തെയും തന്ത്രങ്ങളെയും കള്ള ലക്ഷ്യങ്ങളെയും അതിനനുസരിച്ചുള്ള തിന്മയുടെ ആസൂത്രണങ്ങളെയും തിരിച്ചറിയുവാൻ ജനങ്ങള്‍ തയ്യാറാകണം. ജനങ്ങളുടെ ജീവിതം കൊണ്ട് കള്ളക്കളികൾ കളിക്കുവാൻ തയ്യാറാക്കുന്ന തട്ടിപ്പുകാരായ നേതാക്കന്മാരെയും ജനങ്ങളുടെ ജീവിതത്തെ അഴിമതി നിറഞ്ഞ മർദ്ദക മനുഷ്യത്വരഹിത മുതലാളിത്തത്തിന്റെ ചങ്ങലക്കെട്ടുകള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന, രാജ്യത്തെ അടിയുലയുന്ന അവസ്ഥയിലേക്ക് തള്ളിവിടുന്ന അധികാര ശക്തികളെയും തിരിച്ചറിയണം.

Share this post

scroll to top