മാനവരാശിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന കാലാവസ്ഥാ വ്യതിയാനം

Climate-Change-2.jpg
Share

ഏതാനും വർഷങ്ങളായി ലോകമെമ്പാടുമുള്ള ജനങ്ങൾ കാലാവസ്ഥയിലുണ്ടായിക്കൊണ്ടിരിക്കുന്ന ഭീഷണമായ മാറ്റങ്ങൾ നേരിട്ടനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ ദിവസമായിരുന്നു 2022 ജൂലൈ 19. 40.3 ഡിഗ്രി സെൽഷ്യസാണ് ലിങ്കൺഷെയറിൽ അന്നേദിവസം രേഖപ്പെടുത്തിയത്. പാരീസിൽ 2019ൽ പകൽസമയം ചൂട് 45.9 ഡിഗ്രി വരെപോയി. കഴിഞ്ഞമാസമാണ് ഡൽഹിയിൽ 50.5ഡിഗ്രി രേഖപ്പെടുത്തിയത്. രാജസ്ഥാനിലെ ചുറുവിലും ഇേത ചൂട് രേഖപ്പെടുത്തുകയുണ്ടായി. ഉത്തരേന്ത്യമുഴുവൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഉഷ്ണവാതത്തിൽ വേവുകയാണ്. ഹിമാചൽപ്രദേശിലെ മലനിരകളിൽ, ഉനയിൽ 44 ഡിഗ്രി രേഖപ്പെടുത്തിയത് നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.

സമാനമായ ഉഷ്ണവാതങ്ങൾ ബംഗ്ലാദേശിലും മ്യാൻമറിലും ദുരിതം വിതച്ചുകൊണ്ടിരിക്കുന്നു. ആഫ്രിക്കയിലെ ഉഷ്ണവാതം ഒട്ടനവധി മരണങ്ങൾക്ക് കാരണമായി. അതേസമയം മരുപ്രദേശമായ ദുബായിയിൽ ഏപ്രിൽ 19ന് അപ്രതീക്ഷിതമായി എത്തിയ മഴ വെള്ളപ്പൊക്കത്തിന് കാരണമായി. ഒമാനിലും മഴയും വെള്ളപ്പൊക്കവും മൂലം ഇരുപതുപേരോളം മരിച്ചു. ഇത്തരം വെള്ളപ്പൊക്കങ്ങൾ ചെന്നൈയിലും മുംബൈയിലും കേരളത്തിലും നാം കാണുകയുണ്ടായി.
സമുദ്രത്തിന്റെ ഉപരിതല ഊഷ്മാവ് വളരെ പെട്ടെന്ന് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഭൂഗോളത്തിലെ സമുദ്രത്തിന്റെ ഉപരിതല ഊഷ്മാവ് നില, വ്യവസായവത്ക്കരണത്തിന് മുമ്പുണ്ടായിരുന്ന ശരാശരിയെക്കാൾ 0.6 ഡിഗ്രി മുതൽ 1.01ഡിഗ്രി വരെ വർദ്ധിച്ചിരിക്കുന്നു. ഉപരിതല ഊഷ്മാവ് വർദ്ധിക്കുന്നത് വെള്ളം നീരാവിയാകുന്നതിന്റെ നിരക്ക് വർദ്ധിപ്പിക്കുകയും വായുവിലെ നീരാവിയുടെ അളവ് ക്രമാതീതമായി കൂട്ടുകയും ചെയ്യും. അന്തരീക്ഷത്തിൽ ചൂട് കൂടുമ്പോൾ അവിടെ കൂടുതൽ നീരാവി ശേഖരിക്കപ്പെടും. അറബിക്കടലിന്റെ ഓരങ്ങളിൽ അനിതരസാധാരണമായ മഴയ്ക്കും ചുഴലിക്കാറ്റിനും കാരണമാകുന്നത് ഇങ്ങനെ ശേഖരിക്കപ്പെടുന്ന നീരാവിയാണ്.


ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഏപ്രിൽ മുതൽ ജൂൺവരെയുള്ള കാലയളവിൽ അത്യുഷ്ണമുള്ള ദിവസങ്ങളുടെ എണ്ണം പതിവിലും കൂടുതലാണ്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവാണ് ഇതിന്റെ ഒരു കാരണം. അത്യുഷ്ണ സാധ്യതയുള്ള പ്രദേശങ്ങളുടെ വിസ്തീർണത്തിൽ കഴിഞ്ഞ എഴുപത് വർഷത്തിനിടയിൽ 30-40% വർദ്ധനയുണ്ടായിട്ടുണ്ട്. വരുംനാളുകളിൽ ഉഷ്ണവാതത്തിന്റെ തീക്ഷ്ണതയും ഇനിയും കൂടുമെന്ന് കരുതപ്പെടുന്നു. ഇതിന്റെ ദുരിതഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കാൻ പോകുന്നത് സാധാരണക്കാരാണ്. ഉഷ്ണവും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും സമൂഹത്തിലെ അരികുവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും ചേരിനിവാസികളെയും ദുരിതത്തിലാക്കും. അത്യുഷ്ണംമൂലം പടരുന്ന കാട്ടുതീയെക്കുറിച്ചുള്ള വാർത്തകൾ കാനഡ, ആസ്ത്രേലിയ, അമേരിക്ക, സ്പെയിൻ, പോർച്ചുഗൽ, ഗ്രീസ് എന്നിവിടങ്ങളിൽനിന്നൊക്കെ നാം കേൾക്കുന്നു. ഇന്ത്യയുടെ പലഭാഗങ്ങളിലും കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നത്തെ നിർണായകമായ പ്രശ്നങ്ങളിൽ ഒന്നാണ് കാലാവസ്ഥാ വ്യതിയാനം എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.


അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കാനുള്ള പ്രധാന കാരണം അന്തരീക്ഷത്തിലേയ്ക്ക് പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങളാണ് എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. കാർബൺ ഡൈഓക്സൈഡ്, മീഥേൻ, ഹൈഡ്രോക്ലോറോ കാർബണുകൾ തുടങ്ങിയവ ചൂടിനെ പുറത്തുവിടാതെ ഭൗമാന്തരീക്ഷത്തിൽത്തന്നെ പിടിച്ചുവയ്ക്കുന്നു. ഇക്കാര്യം പകൽപ്പോലെ വ്യക്തമാണെങ്കിലും ചില സംശയാലുക്കൾ -മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെപ്പോലെയുള്ളവർ- ഇത് നിഷേധിക്കുന്നുണ്ട്. നീണ്ട കാലയളവിൽ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെയാണ് നാം കാലാവസ്ഥാ വ്യതിയാനം എന്നു പറയുന്നത്. മുപ്പത് വർഷത്തെ കാലയളവാണ് സാധാരണയായി ഇതിന് കണക്കാക്കുന്നത്. ഭൗമാന്തരീക്ഷത്തിലെ ഊർജ ചംക്രമണമാണ് കാലാവസ്ഥ നിശ്ചയിക്കുന്നത്. അന്തരീക്ഷ ഊർജ്ജത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂചിക താപനിലയാണ്. അതുകൊണ്ടാണ് കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുളള ചർച്ചകളിലെല്ലാം അന്തരീക്ഷോഷ്മാവ് പ്രധാനവിഷയമായി കടന്നുവരുന്നത്. അതുകൊണ്ടാണ് കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും ഏതാണ്ട് ഒരേ അർത്ഥത്തിൽ ആളുകൾ ഉപയോഗിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു വശം മാത്രമാണ് ആഗോളതാപനം. കാലാവസ്ഥാവ്യതിയാനം കൃത്യമായി തിരിച്ചറിയുന്നതിനുള്ള തടസ്സം കാലാവസ്ഥയിൽ സ്വാഭാവികമായി ഉണ്ടാകാറുള്ള മാറ്റങ്ങളാണ്. ദിനരാത്രങ്ങൾ മാറുന്നതിന് അനുസരിച്ചും, ഋതുക്കൾക്ക് അനുസരിച്ചും വർഷങ്ങളുടെ ഇടവേളയിലും കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. ചില വർഷങ്ങളിൽ വേനൽക്കാലം വളരെ രൂക്ഷമായിരിക്കും. മറ്റ് ചില വർഷങ്ങളിൽ അത് വളരെ സൗമ്യമായിരിക്കും. ആയതിനാൽത്തന്നെ കാലാവസ്ഥയിൽ സ്ഥായിയായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നോ എന്ന് തിട്ടപ്പെടുത്താനും അതിന്റെ പ്രകൃതം വിലയിരുത്താനും അത്ര എളുപ്പമല്ല.


ആഗോളതാപനത്തെക്കുറിച്ച് ഒരു അടിസ്ഥാന ധാരണയില്ലാതെ കാലാവസ്ഥാവ്യതിയാനത്തെ മനസ്സിലാക്കാനാകില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് വിശ്വാസയോഗ്യമായ രീതിയിൽ ഊഷ്മാവും ഈർപ്പനിലയും മറ്റ് അന്തരീക്ഷസൂചികകളും വ്യാപകമായി അളക്കാനും രേഖപ്പെടുത്താനും തുടങ്ങിയത്. ഇന്ന് ലോകമെമ്പാടുംപടർന്നു കിടക്കുന്ന ആയിരക്കണക്കിന് കാലാവസ്ഥാ കേന്ദ്രങ്ങൾ സദാ സമയവും അന്തീക്ഷ ഊഷ്മാവും മർദ്ദവും ഈർപ്പനിലയുമെല്ലാം സ്വയം അളന്ന് അത് ഒരു കേന്ദ്രീകൃത സംവിധാനത്തിലേയ്ക്ക് സംപ്രേഷണം ചെയ്യുന്നു. ഈ ബൃഹത്തായ വസ്തുതാ ശേഖരത്തെ സ്റ്റാറ്റിസ്റ്റിക്കലായി വിശകലനംചെയ്തുകൊണ്ട് ലോകത്തിന്റെ മൊത്തമായോ ഓരോ പ്രദേശത്തിന്റെയും പ്രത്യേകമായോ ശരാശരി താപനില കണ്ടെത്താൻ സാധിക്കും. താപനില എപ്രകാരം മാറിക്കൊണ്ടിരിക്കുന്നു എന്നത് ഇങ്ങനെ മനസ്സിലാക്കാം. ഈ മാറ്റം പഠിക്കുമ്പോൾ മനസ്സിലാകുന്നത് 1850-1900 കാലത്തെ ശരാശരി താപനിലയുമായി തട്ടിച്ചുനോക്കുമ്പോൾ 2011-20കാലത്തെ ശരാശരി താപനിലയിൽ 1.09ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവ് ഉണ്ട് എന്നാണ്. ഈ കാലയളവിലെല്ലാം ചൂട് സാവധാനം വർദ്ധിക്കുന്നതായി ഈ വിശകലനത്തിൽനിന്നും മനസ്സിലാക്കാം. 1876 മുതൽ 1900വരെയുള്ള കാലത്ത് ചെറിയ കുറവ് ഉണ്ടായെങ്കിലും പൊതുവേ ചൂട്(താപനില) വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നുമാത്രമല്ല, വർദ്ധനവിന്റെ തോത് കഴിഞ്ഞ മുപ്പതുവർഷങ്ങൾക്കിടയിൽ വല്ലാതെ കൂടിയിരിക്കുന്നു. ഭൂമിക്ക് ചൂടുപിടിക്കുന്നു എന്നുമാത്രമല്ല, അത് മറ്റെല്ലാ കാലത്തെ അപേക്ഷിച്ചും വല്ലാതെ കൂടിയിരിക്കുന്നു, ഇത് വളരെ ആശങ്ക ഉളവാക്കുന്നതാണ്.
കഴിഞ്ഞ രണ്ടായിരം വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടിയ ആഗോള ശരാശരി താപനിലയായിരുന്നു 2023ലേത്. അത് വ്യവസായവത്ക്കരണത്തിന് മുമ്പുണ്ടാ യിരുന്നതിനെക്കാൾ(1859-1900) 1.4 ഡിഗ്രി സെൽഷ്യസ് കൂടുതലും ഇരുപതാം നൂറ്റാണ്ടിലെ ശരാശരി താപനിലയെക്കാൾ 1.18 ഡിഗ്രി കൂടുതലുമാണ്. 2023 ജൂൺ മുതൽ ഡിസംബർവരെയുളള ഓരോ മാസവും മുൻ വർഷങ്ങളിലെ സമാന സമയത്തെക്കാൾ ചൂട് കൂടുതലായിരുന്നു. ഉപകരണങ്ങളിൽ രേഖപ്പെടുത്തിയ ഡാറ്റ അനുസരിച്ച് കഴിഞ്ഞ 9 വർഷങ്ങൾ ഏറ്റവും ചൂട് കൂടിയ 9 വർഷങ്ങൾ എന്ന നിലയിൽ വേറിട്ടുനിൽക്കുന്നു. 2024ലെ ആഗോള ശരാശരി താപനില 2023നെക്കാൾ കൂടുതലായിരിക്കാനുള്ള സാധ്യത പകുതിയിലധികമാണ്. ഇന്ത്യയിലാകട്ടെ 2023ലെ ശരാശരി താപനില 1850കളെ അപേക്ഷിച്ച് 1.18 ഡിഗ്രി കൂടുതലാണ്. ചൂട് കൂടുന്നത് ലോകത്തെല്ലായിടത്തും ഒരുപോലെയല്ല. കരഭാഗങ്ങളിൽ കടലിെനക്കാൾ വേഗത്തിൽ ചൂട് കൂടിക്കൊണ്ടിരിക്കുന്നു. ആർട്ടിക്കും മറ്റ് ഉയർന്ന ഭൂപ്രദേശങ്ങളും മറ്റ് ഭാഗങ്ങളെക്കാൾ വേഗത്തിൽ ചൂടായിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം ലോകകാലാവസ്ഥയെ കാതലായി ബാധിക്കാൻ പോകുകയാണ്. നമ്മുടെ കൈവശമുള്ള വസ്തുതകൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത് ആഗോളതാപനമെന്നത് ഒരു യാഥാർത്ഥ്യമാണ് എന്നതാണ്. അത് ശാസ്ത്രീയമായി നിഷേധിക്കാനാവില്ല.


കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. അക്കാലത്ത് മനുഷ്യരുണ്ടായിരുന്നില്ല. മനുഷ്യരുണ്ടായിരുന്നില്ല എന്നതിനാൽ പ്രകൃത്യാ ഉണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾ ആയിരുന്നു അവ എന്നത് വ്യക്തമാണ്. ലക്ഷക്കണക്കിനോ ദശലക്ഷക്കണക്കിനോ വർഷങ്ങൾ കൊണ്ടായിരുന്നു ആ വ്യതിയാനങ്ങൾ സംഭവിച്ചത്. എന്നാൽ ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുന്നത് ഒന്നോ രണ്ടോ നൂറ്റാണ്ടുകൾക്കുള്ളിലാണ്. മനുഷ്യരുണ്ടാക്കുന്ന മാറ്റങ്ങൾ, പ്രകൃത്യാ ഉണ്ടാകുന്ന മാറ്റങ്ങളെക്കാൾ വളരെ ദ്രുതഗതിയിലാണ്. ശാസ്ത്രജ്ഞരുടെ സുചിന്തിതമായ അഭിപ്രായം മനുഷ്യനിർമ്മിതമായ ഹരിതഗൃഹവാതകങ്ങളാണ് ഈ കാലാവസ്ഥാവ്യതിയാനത്തിന് കാരണം എന്നാണ്. കൽക്കരി, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ കത്തിക്കുന്നതിലൂടെയാണ് പ്രധാനമായും ഈ വാതകങ്ങൾ ഉണ്ടാകുന്നത്. സൂര്യനിൽനിന്നുവരുന്ന ചൂട് ഭൂമിയിൽതന്നെ തടഞ്ഞു നിർത്തുന്നത് ഈ ഹരിതഗൃഹവാതകങ്ങളാണ്. നമ്മുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള ഹരിതഗൃഹവാതകം കാർബൺ ഡൈഓക്സൈഡ് ആണ്(76%). തൊട്ടുപിന്നിൽ മീഥേനും(16%), നൈട്രസ് ഓക്സൈഡും(6%). ഹാലോകാർബൺ ഇനത്തിൽപെട്ട വാതകങ്ങൾ രണ്ടുശതമാനം വരും. ഇക്കൂട്ടത്തിൽത്തന്നെ ചൂട് തടഞ്ഞുനിർത്താനുള്ള വാതകങ്ങളുടെ കഴിവുനോക്കുകയാണെങ്കിൽ മീഥേൻ, കാർബൺ ഡൈഓക്സൈഡിനെക്കാൾ മുപ്പത് മടങ്ങ് കൂടുതൽ അപകടകാരിയാണ്. നൈട്രസ് ഓക്സൈഡ് ആകട്ടെ 270മടങ്ങ് അപകടകാരിയാണ്.


കാർബൺ ഡൈഓക്സൈഡ് പ്രധാനമായും വരുന്നത് ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതുവഴിയാണ്. ഗതാഗതത്തിനും വൈദ്യുതോൽപ്പാദനത്തിനും ഉൽപ്പാദന പ്രക്രിയയിലും വ്യാപകമായി ജൈവ ഇന്ധനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതുവഴി കാർബൺ ഡൈഓക്സൈഡിന്റെ അളവ് അന്തരീക്ഷത്തിൽ വർദ്ധിക്കുന്നു. കന്നുകാലികളും മലിനജലവുമാണ് മീഥേൻ പുറത്തുവിടുന്നത്. കൽക്കരി ഖനനം, നെല്ലുൽപാദനം, മാലിന്യം എന്നിവയിൽനിന്നും മീഥേൻ വരും. വ്യവസായശാലകൾ പുറത്തുവിടുന്ന സൂക്ഷ്മകണികകൾക്ക് അന്തരീക്ഷ ഊഷ്മാവിനെ സ്വാധീനിക്കാൻ കഴിയും. കാർബൺ ഡൈഓക്സൈഡിന്റെ അളവ് പ്രകാശസംശ്ലേഷണത്തിലൂടെ കുറയ്ക്കാൻ മരങ്ങൾക്ക് കഴിയും. വനങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നത് കാർബൺ ഡൈഓക്സൈഡിന്റെ അളവ് വർദ്ധിക്കാൻ ഇടവരുത്തുന്നു. ഭൂമിയിലേയ്ക്ക് വരുന്ന സൂര്യകിരണങ്ങളിൽ വലിയൊരു ഭാഗം ഐസ് പാളികളിൽത്തട്ടി പ്രതിഫലിച്ച് പോകുമായിരുന്നു. എന്നാൽ ഐസ് പാളികൾ ഉരുകുന്നതോടെ ഈ സാധ്യതയും കുറയുന്നു. ഫാക്ടറികളിൽനിന്ന് പുറത്തുവിടുന്ന വിഷവാതകങ്ങൾ അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കാൻ ഇടവരുത്തുന്നു. മാത്രവുമല്ല, വ്യവസായശാലകൾ മാലിന്യം സംസ്കരിക്കാതെ പുറത്തുവിടുന്നതും ആഗോള താപനത്തിന് ആക്കം വർദ്ധിപ്പിക്കും. ചെലവ് കുറച്ച് പരമാവധി ലാഭം ഉറപ്പാക്കാൻ വേണ്ടി മാലിന്യസംസ്കരണ പ്രക്രിയയിൽ വെള്ളം ചേർക്കുന്ന വൻ വ്യവസായികളും അവർക്ക് മൗനാനുവാദം നൽകുന്ന സർക്കാരുകളുമാണ് ഇവിെട കുറ്റവാളികൾ. അനിയന്ത്രിതമായ വനനശീകരണം, യാതൊരു ആസൂത്രണവുമില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും നടക്കുന്ന നഗരവത്ക്കരണം, അതുവഴി ജലാശയങ്ങളും കണ്ടൽക്കാടുകളും ഇല്ലാതെയാകുന്നത്, ദുർവ്യയം നിറഞ്ഞ ടുറിസം തുടങ്ങി വൻമുതലാളിമാരും ബൂർഷ്വാ ഗവൺമെന്റുകളും ലാഭംമാത്രം ലാക്കാക്കി നടത്തുന്ന പ്രോജക്ടുകളെല്ലാം തന്നെ കാലാവസ്ഥയെ ഹാനികരമായി ബാധിക്കുന്നതാണ്. ഉയർന്ന പ്രദേശങ്ങളിൽ നടക്കുന്ന ലക്കും ലഗാനുമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ പ്രദേശത്തെ ലോലമായ പരിസ്ഥിതി സന്തുലിതാവസ്ഥയെ ആകെ തകിടം മറിക്കുന്നു. കാലവസ്ഥാവ്യതിയാനംമൂലം മഴയുടെ അളവ് കൂടുന്നത് മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണമാകും. ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നാം ഈയിടെ കണ്ടത് ഇതാണ്.


ലോകമെമ്പാടും സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന്, താപനില വർദ്ധിക്കുന്നതിനനുസരിച്ച് വെള്ളം അൽപ്പം വികസിക്കുന്നു. രണ്ട്, മലമ്പ്രദേശങ്ങളിലും അന്റാർട്ടിക്കയിലും ഗ്രീൻലാൻഡിലും മഞ്ഞു പാളികൾ ഉരുകി ആ വെള്ളം കടലിൽ ചേരുന്നു. 1980നുശേഷം ലോകമെമ്പാടും സമുദ്രനിരപ്പ് ശരാശരി 250മില്ലീമീറ്റർ വർദ്ധിച്ചിരിക്കുന്നു. ഏഷ്യയിലെ വർദ്ധന ആഗോളശരാശരിയിലും കൂടുതലാണ്. ചില ചെറിയ ദ്വീപുരാഷ്ട്രങ്ങൾ പൂർണമായും കടലിന് അടിയിലാകാൻ പോകുന്നു. ഇന്ത്യയിലെ കടൽത്തീര പ്രദേശങ്ങളിൽ, പ്രത്യേകിച്ച് സുന്ദർബനും കിഴക്കൻ കടൽത്തീരവും ഇതുമൂലം വലിയ ഭീഷണിയിലാണ്. കടൽ സാവധാനം കര കൈയേറിക്കൊണ്ടിരിക്കുന്നു. കൃഷിെയ ഇത് സാരമായി ബാധിച്ചിരിക്കുന്നു. ഒട്ടനവധി ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.


ഭൗമാന്തരീക്ഷത്തിലും കടലിലും വലിയ തോതിൽ ഊർജ്ജം സംഭരിക്കപ്പെടാൻ ആഗോളതാപനം ഇടയാക്കുന്നുണ്ട്. പൊടുന്നനെ ഉണ്ടാകുന്ന പ്രകൃതിക്ഷോഭം, ചുഴലിക്കാറ്റുകൾ, ഉഷ്ണവാതം, മേഘവിസ്ഫോടനം, വെള്ളപ്പൊക്കം, വരൾച്ച എന്നിവയിലേയ്ക്ക് നയിക്കുന്നത് ഈ അധികഊർജ്ജമാണ്. സമുദ്രത്തിൽ ചൂട് കൂടുമ്പോഴാണ് ഉഷ്ണമേഖലാപ്രദേശങ്ങളിലെ ചുഴലിക്കാറ്റു കളുടെ ശക്തിയും എണ്ണവും വർദ്ധിക്കുന്നത്. ബംഗാൾ ഉൾക്കടൽ ചുഴലിക്കാറ്റുകൾക്ക് കുപ്രസിദ്ധമാണ്. അടുത്തകാലത്തായി അവിടെനിന്നുള്ള ചുഴലിക്കാറ്റുകളുടെ എണ്ണവും നശീകരണശക്തിയും വർദ്ധിച്ചിരിക്കുന്നതായി കാണാൻ കഴിയും. 1999ലെ ഒഡീഷ സൂപ്പർ സൈക്ലോൺ, 2008ലെ നർഗീസ് ചുഴലിക്കാറ്റ്, 2009ലെ അയ്‌ല, 2019ലെ ഫാനി, 2020ലെ ആംഫൻ എന്നിവ അവിടെനിന്നായിരുന്നു.
അന്തരീക്ഷത്തിൽ കാർബൺ ഡൈഓക്സൈഡിന്റ അളവ് കൂടിയാൽ കടലിന് അമ്ലസ്വഭാവം വരും. ആഗോളതാപനം വർദ്ധിക്കുമ്പോൾ സമുദ്രത്തിന്റെ വലിയൊരു ഭാഗത്ത് ഓക്സിജന്റെ അളവ് കുറയാനും സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. സമുദ്രങ്ങളുടെ അടിത്തട്ടിലുള്ള മീഥേൻ ഹൈഡ്രേറ്റുകൾ ചൂടുകാരണം വിഘടിക്കാനും അതിൽനിന്നും മീഥേൻ അന്തരീക്ഷത്തിൽ എത്താനും സാധ്യതയുണ്ട്. ഇത് ചൂട് വീണ്ടും കൂടാൻ ഇടയാക്കും. ഇങ്ങനെ ചൂടും തത്ഫലമായുണ്ടാകുന്ന രാസമാറ്റങ്ങളും സമുദ്രങ്ങളിലെ ആവാസവ്യവസ്ഥയെയും കടലിന്റെ ചംക്രമണത്തെയും ആഗോളകാലാവസ്ഥാ ഘടനയെയും അപ്പാടെ തകിടം മറിക്കും.
വായുവിൽ ഈർപ്പം കൂടുന്നതിനനുസരിച്ച് അന്തരീക്ഷത്തിലെ ജലാംശം വർദ്ധിക്കുകയാണ്. ഇത് കടുത്ത മഴയ്ക്ക് കാരണമാകും. ലോകത്തിന്റെ പലഭാഗങ്ങളിലും ഇങ്ങനെ ചുരുങ്ങിയ ദിവസങ്ങൾകൊണ്ടുള്ള കനത്ത മഴ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുമൂലം വീടുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ കേടുപാടുകൾ വരികയും ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. മറ്റ് പ്രദേശങ്ങളിൽ നീണ്ടുനിൽക്കുന്ന വരൾച്ചയും ജലദൗർലഭ്യവും അനുഭവപ്പെടുന്നു. ഇത്തരം അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങൾ കൃഷി നശിക്കാനും കന്നുകാലികൾ വെള്ളവും തീറ്റയും ലഭിക്കാതെ ചത്തുപോകുന്നതിനും ഇടയാക്കുന്നു. ചെറുകിട കർഷകരെ ഇത് സമ്പൂർണമായി തകർക്കും.
മനുഷ്യരുടെ ആരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കും. ഉഷ്ണവാതം അതോടനുബന്ധിച്ച രോഗങ്ങൾക്കുംസൂര്യാഘാതത്തിനും ഇടയാക്കുന്നു. ഒട്ടനവധി ആളുകൾ ഇങ്ങനെ മരിക്കുന്നു. ഒരുവശത്ത് വെള്ളപ്പൊക്കം ജലജന്യമായ പകർച്ചവ്യാധികൾ പടർത്തുമ്പോൾ മറുവശത്ത് വരൾച്ച പോഷകാഹാരക്കുറവിനും ജന്തുജന്യമായ രോഗങ്ങൾ പടരാനും കാരണമാകുന്നു. ഇങ്ങനെ പൊതുജനാരോഗ്യം തകരാനും കാലാവസ്ഥാ വ്യതിയാനം ഇടവരുത്തും.
ജൈവ ആവാസവ്യവസ്ഥയെ ഒന്നാകെ കാലാവസ്ഥാവ്യതിയാനം തകിടം മറിക്കും. ഋതുക്കളുടെ സമയംതെറ്റുന്നത് ചെടികളിൽ ഇലവളരുന്നതിനെയും പക്ഷികളുടെ ദേശാടനം, പ്രജനനം എന്നിവയും അവതാളത്തിലാക്കും. ചെടികളും മൃഗങ്ങളും മുമ്പ് വളരാതിരുന്ന ധ്രുവമേഖലകളിലേയ്ക്ക് പടരാൻ തുടങ്ങും. ഒട്ടനവധി ജീവിവർഗ്ഗങ്ങൾ നശിക്കാനും പുതിയതരം ജീവികൾ ഉടലെടുക്കാനും വഴിയൊരുക്കും. സാവധാനമുള്ള ആഗോളതാപനംപോലും പൊടുന്നനെയുള്ള വലിയ കാലാവസ്ഥാമാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകത്തിന്റെ ചിലഭാഗങ്ങൾ ഏതാനും വർഷങ്ങളുടെ ഇടവേളയിൽ വല്ലാതെ ചൂടുപിടിക്കാനും മറ്റ് ഭാഗങ്ങൾ വല്ലാതെ തണുക്കാനും സാധ്യതയുണ്ട്. വിഭവസമാഹരണത്തെയും ഉൽപ്പാദനക്ഷമതയെയും അതുവഴി രാജ്യങ്ങളുടെ സമ്പദ്ഘടനയെയും ബാധിക്കും. ഇന്ത്യയിൽ നടന്ന ഒരു പഠനപ്രകാരം, ‘‘താപനിലയിലുണ്ടായിട്ടുള്ള ഓരോ ഡിഗ്രിവ്യത്യാസവും സംസ്ഥാനങ്ങളുടെ സാമ്പത്തിക വളർച്ചയിൽ ശരാശരി 3.89ശതമാനം കുറവുണ്ടാക്കിയിട്ടുണ്ട്’’.


ഭൂമിക്ക് ചൂടേറി കൊണ്ടിരിക്കുകയും അതുമൂലം കാലാവസ്ഥാ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെയുള്ള ശാസ്ത്രീയ തെളിവുകൾ പറയുന്നത് വ്യാവസായിക വിപ്ലവത്തിനുശേഷമാണ് ഇന്നത്തെ രീതിയിൽ ഭൗമാന്തരീക്ഷത്തിന് ചൂടുപിടിക്കാൻ തുടങ്ങിയത് എന്നാണ്. മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായി കൂടുതൽ ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ എത്തിയതാണ് ഇതിന് കാരണമെന്നും നാം കണ്ടു. ഇതിൽനിന്നും ശരിയായ പാഠമുൾക്കൊണ്ട് എന്തുപരിഹാര നടപടികളാണ് ത്വരിതഗതിയിൽ നാം കൈക്കൊള്ളാൻ പോകുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ ഭാവി നിർണയിക്കപ്പെടുക. ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നത് തടയാൻ യുദ്ധകാലാ ടിസ്ഥാനത്തിൽ നടപടികൾ കൈക്കൊണ്ടേ തീരൂ. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള അന്തർദ്ദേശീയ പാനൽ ഹരിതഗൃഹവാതകങ്ങൾ എത്രമാത്രം നമുക്ക് നിയന്ത്രിക്കാൻ കഴിയും എന്നതിന്റെ തോതനുസരിച്ച് 2100 എഡിയിൽ എന്ത് സംഭവിക്കാം എന്നതിന്റെ വ്യത്യസ്തമായ സാധ്യതകൾ പഠിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ പട്ടികപ്രകാരം, നാം ഒന്നും ചെയ്യാതെ ഇന്നത്തെ സ്ഥിതിയിൽ തുടരുകയാണെങ്കിൽ 2100എഡിയിൽ ആഗോള താപനില ശരാശരി 4ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. അങ്ങനെയെങ്കിൽ മനുഷ്യവംശത്തിന്റെതന്നെ അതിജീവനം ദുഷ്ക്കരമായിരിക്കും. 1.5ഡിഗ്രി മുതൽ 2ഡിഗ്രിവരെയാണ് നമുക്ക് സഹിക്കാവുന്നതിന്റെ പരിധി. ശരാശരി താപനിലയിൽ 1.5ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവുണ്ടായാൽത്തന്നെ നിലനിൽപ്പ് വളരെയേറെ അനിശ്ചിതത്വത്തിലാകും. തീവ്രമായ പ്രകൃതിക്ഷോഭങ്ങൾ, വരൾച്ച, കടുത്ത ഉഷ്ണവാതം, കാട്ടുതീ, ചുഴലിക്കാറ്റുകൾ എന്നിവ പെരുകും. ആർട്ടിക് മഞ്ഞുപാളികൾ ഉരുകും, സമുദ്രനിരപ്പ് ഉയരും. കാലാവസ്ഥ അനിയന്ത്രിതമായി മാറുന്നത് ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനം അവതാളത്തിലാക്കും. പ്രകൃതിയുടെ സന്തുലിതാവസ്ഥ ആകെ തകിടം മറിയും. ആവാസവ്യവസ്ഥകൾ നശിക്കും.
ആഗോളതാപനം 1.5 ഡിഗ്രി-2ഡിഗ്രി സെൽഷ്യസിനകത്ത് നിർത്തണമെങ്കിൽ ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നത് 2010ലേതിനെ അപേക്ഷിച്ച് പകുതിയോളം കുറയ്ക്കേണ്ടതുണ്ട്. 2030നകം അത് സാധിക്കണം. 2050ആകുമ്പോഴേയ്ക്കും മൊത്തം ഹരിതഗൃഹവാതകങ്ങൾ നാം പുറത്തുവിടുന്നത്, മരങ്ങൾ വഴിയും മറ്റും ആഗീരണം ചെയ്യുന്നതിന് തുല്യമായി മാറണം. നാം ബഹിർഗമനം നിർത്തിയാലും ഭൗമാന്തരീക്ഷത്തിൽ നിലവിലുള്ള ഹരിതഗൃഹവാതകങ്ങൾ അവിടെത്തന്നെ നിലനിൽക്കും എന്നോർക്കണം. അതുകൊണ്ടുതന്നെ താപനില കുറെക്കാലത്തേയ്ക്ക് ഉയർന്നുകൊണ്ടിരിക്കും.


ആഗോള ശരാശരി താപനിലയും അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ അളവും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുകയാണ്. കാർബൺഡൈഓക്സൈഡിന്റെ ശരാശരി സാന്ദ്രത 507പിപിഎം ആണെങ്കിൽ താപനിലയിൽ ശരാശരി 1.5ഡിഗ്രിയുടെ വർദ്ധനയുണ്ടാകും. അത് 608 പിപിഎം ആകുന്നതോടെ വർദ്ധന 2 ഡിഗ്രിയാകും. 2023ലെ കണക്കുപ്രകാരം അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ സാന്ദ്രത 420 പിപിഎം ആണ്. അതായത് അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡിന്റെ അളവ് ഇപ്പോഴുള്ളതിൽനിന്നും വർദ്ധിച്ച് 507 പിപിഎംന്റെ മുകളിൽ പോകാതെ നോക്കിയാൽ താപനില 1.5ഡിഗ്രിയിൽ കൂടുതൽ ഉയരുന്നത് തടയാൻ സാധിക്കും.
നിലവിലുളള താപനില കുറയ്ക്കാൻ പരിശ്രമിക്കുക, കാലാവസ്ഥാവ്യതിയാനത്തോട് സമരസപ്പെട്ടുപോകുന്ന രീതിയിൽ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുക എന്ന ഒരു ദ്വിമുഖ പദ്ധതിയാണ് നാ സ്വീകരിക്കേണ്ടത്. പുറത്തുവിടുന്ന കാർബൺ ഡൈഓക്സൈഡിന്റെ അളവ് കുറയ്ക്കുക വളരെ പ്രധാനമാണ്. ഇന്ന് ഏറ്റവും കൂടുതൽ കാർബൺ ഡൈഓക്സൈഡ് പുറത്തുവിടുന്നത് വൈദ്യുതി ഉൽപാദിപ്പിക്കുമ്പോഴും പെട്രോളിയം ഉൽപ്പന്നങ്ങൾ കത്തിക്കുമ്പോഴും ആണ്. കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം പൂർണമായും ഒഴിവാക്കി ചെറിയ ജലവൈദ്യുതി നിലയങ്ങൾ, സൗരോർജ്ജം, കാറ്റിൽനിന്നുള്ള വൈദ്യുതി എന്നിവ കൂടുതലായി ഉപയോഗിക്കണം. വൈദ്യുതി ഉപഭോഗം കുറയ്ക്കന്ന രീതിയിൽ കെട്ടിടങ്ങളും ഉപകരണങ്ങളും രൂപകൽപ്പന ചെയ്യണം. യാത്ര കുറയ്ക്കുന്ന തരത്തിൽ നഗരങ്ങൾ ആസൂത്രണം ചെയ്യണം. നിലവിലുള്ള കാർബൺ ഡൈഓക്സൈഡിന്റെ അളവ് കുറയ്ക്കാൻ വനവിസ്തൃതി വർദ്ധിപ്പിക്കണം. ഇത്തരം നടപടികൾ പ്രോത്സാഹിപ്പിക്കാൻ ഒരു കാർബൺ നികുതി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഈ വരുമാനം കൂടുതൽ പരിസ്ഥിതി സൗഹൃദ നയങ്ങൾ സ്വീകരിക്കാൻ കുറഞ്ഞ വരുമാനക്കാരെ സഹായിക്കാൻ ഉപയോഗിക്കണം എന്നായിരുന്നു നിർദ്ദേശം.
കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന കേടുപാടുകള്‍ മറികടക്കാനുതകുന്ന സാമൂഹ്യ-സാമ്പത്തിക-പാരിസ്ഥിതിക നയങ്ങൾ രൂപപ്പെടുത്തുകയാണ് ഇതിന്റെ രണ്ടാമത്തെ വശം. തീവ്രമായ കാലാവസ്ഥാവ്യതിയാനം മുൻകൂട്ടി കണ്ടുകൊണ്ട് കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആസൂത്രണം ചെയ്യുക, പ്രകൃതിക്ഷോഭങ്ങൾ നേരത്തെ അറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുക, സമുദ്രനിരപ്പ് ഉയരുന്നതിനനുസരിച്ച് കാര്യങ്ങൾ ആസൂത്രണം ചെയ്യുക, ഊർജ്ജക്ഷമതയുള്ളതും വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ കഴിയുന്നതുമായ തരത്തിൽ കെട്ടിടനയം മാറ്റുക, പ്രകൃതി ദുരന്തങ്ങൾ നേരിടാനുള്ള സാമ്പത്തിക സ്രോതസ്സ് ഉണ്ടാക്കിയെടുക്കുക, പുതിയകൃഷിരീതികൾ സ്വീകരിക്കുക, കാലാവസ്ഥാവ്യതിയാനത്തെ നേരിടാനുതകുന്ന ഗവേഷണം പ്രോത്സാഹിപ്പിക്കുക-ഇതൊക്കെയാണ് നമുക്ക് ചെയ്യാനുള്ളത്. കോൺക്രീറ്റ് സമുച്ചയങ്ങളും ടാർ റോഡുകളും പെട്ടെന്ന് ചൂട് പിടിക്കുന്നവയാണ്. എന്നുമാത്രമവുമല്ല, തണുക്കാനും സമയമെടുക്കും. ഇതുകൊണ്ടാണ് നഗരപ്രദേശങ്ങളിൽ ചൂട് കൂടുന്നത്. അവിടെ പാർക്കുകൾ, കുട്ടിവനങ്ങൾ, ധാരാളം മരങ്ങൾ എന്നിവ ഉണ്ടാകണം. ആകെ വിസ്തൃതിയുടെ ഇരുപത് ശതമാനമെങ്കിലും മരങ്ങൾ നിറഞ്ഞതായിരിക്കണം. നഗരത്തിനുള്ളിലെ ജലാശങ്ങൾ സംരക്ഷിക്കുകയും വിസ്തൃമാക്കുകയും ചെയ്യണം. കെട്ടിടങ്ങളെ ചൂടിൽനിന്ന് സംരക്ഷിക്കണം, ഊർജ്ജക്ഷമതയുള്ള ശീതീകരണ സംവിധാനങ്ങൾ കണ്ടെത്തണം.


കാലാവസ്ഥാവ്യതിയാനം ഒരു ആഗോള പ്രശ്നമാണ്. അതിനെ ചെറുക്കാനുള്ള നടപടികളും ആഗോളമായിരിക്കണം. അതിനായുള്ള അന്താരാഷ്ട്ര പരിശ്രമങ്ങൾക്ക് നേതൃത്വം നൽകാനാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക് കൺവൻഷൻ ഫോർ ക്ലൈമറ്റ് ചേഞ്ച്(യുഎൻഎഫ് സിസിസി) സംഘടിപ്പിച്ചത്. ഇതിന്റെ വാർഷിക സമ്മേളനം- ആനുവൽ കോൺഫറൻസ് ഓഫ് പാർട്ടീസ്- സിഒപി ആണ് അന്താരാഷ്ട്രതലത്തിൽ കാലാവസ്ഥാവ്യതിയാനത്തിനെതിരെ നടപടികളെടുക്കുന്ന പരമോന്നത സമിതി.
കാലങ്ങളായി വൻതോതിൽ ജൈവ ഇന്ധനങ്ങൾ ഉപയോഗിക്കുന്നവരും വൻ വ്യവസായങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവരും എന്ന നിലയിൽ അന്തരീക്ഷത്തിൽ സമാഹരിച്ചിരിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ വലിയൊരു പങ്കും വികസിത രാജ്യങ്ങളുടേതാണ്. എന്നാൽ കാലാവസ്ഥാവ്യതിയാനത്തിന്റെ തിക്തഫലങ്ങൾ കൂടുതലായി അനുഭവിക്കുന്നത് താരതമ്യേന കുറഞ്ഞ ഉപഭോഗങ്ങളുള്ള വികസ്വര രാജ്യങ്ങളാണുതാനും. വികസ്വരരാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻവേണ്ടി കൂടുതൽ വ്യവസായവത്ക്കരണത്തിന് മുതിരുമ്പോൾ അതും ഹരിതഗൃഹവാതകങ്ങൾ വർദ്ധിക്കാൻ ഇടവരുത്തുന്നുണ്ട്. ഈ വസ്തുതകൾ കണക്കിലെടുത്ത് കാലാവസ്ഥാവ്യതിയാനത്തിന്റെ പൊതുവായതെങ്കിലും ഏറ്റക്കുറച്ചിലോടെ ഉത്തരവാദിത്തങ്ങൾ രാജ്യങ്ങൾക്ക് വീതിക്കാൻ 1992ലെ റിയോ ഉച്ചകോടിയിൽ ധാരണയായിരുന്നു. ഇതുപ്രകാരം കാർബൺ ബഹിർഗമനം കുറയ്ക്കേണ്ടതിന്റെ പ്രധാന ഉത്തരവാദിത്തം വികസിത രാജ്യങ്ങൾക്കായിരിക്കും. മാത്രവുമല്ല, കാർബൺ ബഹിർഗമനം കുറയ്ക്കാനാവശ്യമായ സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവും വികസ്വര രാജ്യങ്ങൾക്ക് നൽകാനും അവർ ബാദ്ധ്യസ്ഥരാണ്. എന്നാൽ തങ്ങളുടെ ഉപഭോഗം കുറയ്ക്കാനോ വികസ്വരരാജ്യങ്ങളെ സഹായിക്കാനോ ഒന്നും തന്നെ വികസിത രാജ്യങ്ങൾ ഇതുവരെ ചെയ്തിട്ടില്ല.


വ്യവസായവല്ക്കരണത്തിന്റെ എല്ലാ ഗുണഫലങ്ങളും അനുഭവിച്ചത് വികസിത രാജ്യങ്ങളാണെന്ന് അവർ ഓർക്കേണ്ടതാണ്. അവരുടെ ആഡംബരം നിറഞ്ഞ ജീവിത ശൈലിയാണ് അന്തരീക്ഷത്തിലെ ഹരിത ഗ്രഹവാതകങ്ങളുടെ അളവ് ഇത്രമേൽ വർദ്ധിക്കാനിടയാക്കിയത്. ഇതിൽ അവകസിത രാജ്യങ്ങളുടെ പങ്ക് നിസ്സാരമാണ്. എന്നിട്ടും കാലാവസ്ഥാ വ്യതിയാനത്തിന് വലിയ വില കൊടുക്കേണ്ടിവരിക ഈ നാടുകളിലെ സാധാരണക്കാരാണ്. എല്ലാ രാജ്യങ്ങളിലെയും ദരിദ്രരും അരികുവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾ കലാവാസ്ഥാ വ്യതിയാനത്തിന് ഉത്തരവാദികളല്ല. എന്നാൽ ഉഷ്ണവാതവും വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഇവരെത്തന്നെയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ എടുക്കുന്ന ഏതു നയവും ഈ വിവേചനം കണക്കിലെടുക്കുകയും നീതിയും ന്യായവും ഉറപ്പുവരുത്തുകയും വേണം.
പിന്നീട് 1997 ൽ ജപ്പാനിലെ ക്യോട്ടോയിൽ നടന്ന ഉച്ചകോടിയിൽ വികസിത രാജ്യങ്ങൾ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനാവശ്യമായ ചില നടപടികൾ കൈക്കൊള്ളണമെന്ന് നിഷ്കർഷിക്കുകയുണ്ടായി. എന്നാൽ ഇതൊക്കെ നിസ്സാര ഫലമേ ഉളവാക്കുമായിരുന്നുള്ളൂ. എന്നിട്ടുപോലും ഈ മാനദണ്ഡങ്ങൾ അംഗീകരിക്കാൻ അമേരിക്ക തയ്യാറായില്ല. ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകങ്ങൾ പുറംതള്ളുന്നവരാണ് അവർ. തുടർന്നും നിരവധി ഉച്ചകോടികൾ നടന്നെങ്കിലും ധാരണകളൊന്നുമുണ്ടാകുന്നില്ല. ഇവകൊണ്ട് പ്രയോജനമില്ലെന്നായിട്ടുണ്ട്. ബഹിർഗമനം കുറയ്ക്കുന്ന കാര്യത്തിൽ വികസിത രാജ്യങ്ങൾ ഒട്ടും വഴങ്ങുന്നില്ല എന്നുമാത്രവുമല്ല, അമേരിക്ക, കാനഡ, ആസ്ട്രേലിയ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ബഹിർഗമനം 1990 മുതൽ കൂടിക്കൊണ്ടിരിക്കുകയാണ്. കാർബൺഡൈഓക്സൈഡ് പുറം തള്ളുന്നതിന്റെ അളവ് 1990 ല് 22 ഗിഗാ ടൺ ആയിരുന്നത് 2023 ൽ 33.55 ആയി. കാലാവസ്ഥാവ്യതിയാനത്തിന് തടയിടുന്നതിന്റെ കാര്യത്തിലും പിന്നാക്ക രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നല്കുന്നതിന്റെ കാര്യത്തിലും വലിയ തർക്കം നടക്കുകയാണ്. ഇന്ത്യയ്ക്കും ചൈനയ്ക്കും തങ്ങളുടെ വ്യവസായങ്ങൾ വികസിപ്പിക്കണമെന്നുണ്ട്. അവയെല്ലാം കല്ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പ്പാദനത്തെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയുടെയും ചൈനയുടെയും കാർബൺബഹിർഗമനത്തിൽ വലിയ വർദ്ധനയുണ്ട്. എന്നിട്ടും ഈ രാജ്യങ്ങൾ അമേരിക്കയ്ക്കും കാനഡയ്ക്കും വളരെ പിറകിലാണ്. 2009 ലെ കോപ്പൻ ഹേഗൻ ഉച്ചകോടിയായപ്പോഴേയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം, നീതി, തുല്യത എന്നീ അടിസ്ഥാന മൂല്യങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടു. 2015 ലെ കോപ്പൻ ഹേഗൻ ഉച്ചകോടി ചൂടുകൂടുന്നത് 1.5 ഡിഗ്രി C താഴെയാകണമെന്ന ഉദ്ദേശത്തോടെ ത്വരിതഗതിയിൽ നടപടികളെടുക്കണമെന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. കാർബൺ ബഹിർഗമനത്തൽ 2030 ഓടെ 45 ശതമാനം കുറവ് വരുത്തുക, 2050 ആകുമ്പോഴേയ്ക്ക് ബഹിർഗമനം(പുറത്തേയ്ക്ക് വിടുന്നതിൽ നിന്ന് വനവൽക്കരണം വഴി ആഗിരണം ചെയ്യുന്നത് കുറച്ചാൽ കിട്ടുന്നത്) പൂജ്യമാക്കണം എന്നുമായിരുന്നു നിലപാട്. ഓരോ രാജ്യവും സ്വമേധയാ തന്നെ ബഹിർഗമനത്തിന്റെ അളവ് മുൻകൂട്ടി പ്രഖ്യാപിക്കണമെന്ന് പാരീസ് ഉച്ചകോടിയിൽ തീരുമാനമെടുത്തു. എന്നാൽ ഇതെല്ലാം ഇപ്പോഴും കടലാസ്സിൽ ഓതുങ്ങുന്നു. വൻസാമ്രാജ്യത്വ ശക്തികൾ ഈ തീരുമാനങ്ങൾക്കൊക്കെ പുല്ലുവിലയാണ് കല്പ്പിക്കുന്നത്. അന്താരാഷ്ട്ര സമ്മേളനങ്ങൾ കാലാവസ്ഥാ വ്യതിയാനം തടയാൻ മൂർത്തമായ നടപടികൾ കൈക്കൊള്ളുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നുവ്യക്തം. ന്യായമായും നീതിയുക്തമായും മാനദണ്ഡങ്ങൾക്ക് രൂപം കൊടുക്കാൻ സാധിച്ചിട്ടില്ല. അവികസിത രാജ്യങ്ങൾക്ക് കാർബൺ മുക്ത വ്യവസായത്തിലേയ്ക്ക് മാറാനാവശ്യമായ സാമ്പത്തിക സഹായത്തിന്റെ കാര്യത്തിലും ഒരു നടപടിയുമില്ല.


കാലാവസ്ഥാവ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളിൽ 7-ാം സ്ഥാനത്താണ് ഇന്ത്യ. കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാൻ ഒരു ദേശീയ പദ്ധതി 2008 ജൂണ് 30 ന് പ്രഖ്യാപിച്ചിരുന്നു. ദേശീയ സൗരോർജ്ജ പദ്ധതി, ദേശീയ ജലപദ്ധതി, ഹരിതഭാരതത്തിനായുള്ള ദേശീയ പദ്ധതി, സുസ്ഥിര ആവാസവ്യവസ്ഥയ്ക്കായുള്ള ദേശീയ പദ്ധതി തുടങ്ങിയവ ഇതിന്റെ ഭാഗമായി വന്നതാണ്. തുടർന്ന് 2020 ൽ ഗ്ലാസ്ഗോയില്‍ നടന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇവ പ്രഖ്യാപിക്കുകയുണ്ടായി. 2030 ആകുമ്പോഴേയ്ക്കും കാർബൺ ബഹിർഗമനം പകുതിയായി കുറയ്ക്കുക, ഊര്‍ജ്ജാവശ്യത്തിന്റെ പകുതിയും, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്ത്രോതസ്സുകളിൽനിന്ന് കണ്ടെത്തുക, ആഭ്യന്തരമായി ഉപയോഗിക്കുന്ന കാർബണിന്റെ അളവ് 45 ശതമാനമെങ്കിലും കുറയ്ക്കുക, 2070ൽ പൂജ്യത്തിലെത്തിക്കുക എന്നൊക്കെയായിരുന്നു പ്രഖ്യാപനം. യാഥാർത്ഥ്യവുമായി ഇവയ്ക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇതേ കാലയളവിൽ കല്ക്കരിയുടെ ഇറക്കുമതി 209 MTയിൽ നിന്നും 261 MT ആയി വർദ്ധിക്കുകയാണുണ്ടായത്. സൗരോർജ്ജത്തിലേയ്ക്കുള്ള മാറ്റവും വെറും വാചക കസർത്തായിരുന്നു.
മൊത്തം കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കണമെങ്കിൽ വനങ്ങൾ സംരക്ഷിക്കുകയും അവയുടെ വിസ്തൃതി വർദ്ധിപ്പിക്കുകയും വേണം. അതിന് വ്യാപകമായി മരങ്ങൾ വെച്ചുപിടിപ്പിക്കുയും വനവൽക്കരണം നടത്തുകയും വേണം. എന്നാൽ ഇതേ ഗവണ്മെന്റുതന്നെ 2023ൽ കൊണ്ടുവന്ന വനനിയമം വാണിജ്യ ആവശ്യങ്ങൾക്കായി വനങ്ങൾ ഉപയോഗിക്കാൻ അനുമതി നല്കുന്നതാണ്. വ്യാപകമായ വനനശീകരണത്തിനാണ് ഇത് ഇടവരുത്തുക. അനവധി നിർമ്മാണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി സർട്ടിഫിക്കറ്റ് ഒഴിവാക്കിക്കൊടുക്കുന്നതും മൃഗശാലകൾ, ഇക്കോ ടൂറിസം പദ്ധതികൾ എന്നിവ വനത്തിനുള്ളിൽ നടപ്പാക്കാൻ അനുമതി കൊടുക്കുന്നതുമാണ് ഈ നിയമം. ഗവണ്മെന്റിന്റെ ചെയ്തികൾ ഗ്ലാസ്ഗോ പ്രഖ്യാപനത്തിന് ഘടകവിരുദ്ധമാണെന്നർത്ഥം.


ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബൂർഷ്വാ-പെറ്റിബൂർഷ്വാ പാർട്ടികൾ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് മൗനം പാലിച്ചു. എവ്വിധവും വോട്ട് നേടാൻ കഴിയുന്ന വിഷയങ്ങൾ മാത്രമാണ് അവർ ഉയർത്തിയത്. ജനങ്ങളെ വിഭജിക്കുന്ന രാംമന്ദിർ പോലുള്ള വിഷയങ്ങളായിരുന്നു ബിജെപി ക്ക് പ്രധാനം. എന്നാൽ ഈ യുഗത്തിലെ മഹാനായ മാർക്സിസ്റ്റ് ദാർശനികന്‍ സഖാവ് ശിബ് ദാസ് ഘോഷിന്റെ ചിന്തകളാൽ നയിക്കപ്പെടുന്ന നമ്മുടെ പാർട്ടി, എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ഈ വിഷയം വളരെ ഗൗരവമായി ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് തയ്യാറാക്കിയ പുസ്തകത്തിൽ ഇപ്രകാരം പറയുന്നു: ‘‘എന്തുകൊണ്ടാണ് കാലാവസഥയിൽ വലിയ മാറ്റങ്ങൾ കാണുന്നത്? ചുഴലിക്കാറ്റുകളും പ്രകൃതിക്ഷോഭങ്ങളും പതിവായിരിക്കുന്നു. ആഗോളതാപനം മൂലമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങളായ കാർബൺഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നിവ വർദ്ധിക്കുന്നതായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഇതാണ് ആഗോള താപനത്തിന് കാരണം. ഇതുമൂലം ധ്രുവപ്രദേശങ്ങളിലും മഞ്ഞുപാളികൾ ഉരുകിക്കൊണ്ടിരിക്കുന്നു. സമുദ്രനിരപ്പ് ഉയരാൻ ഇടയാക്കുന്നു. ഒട്ടനവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായിക്കൊണ്ടിരിക്കുന്നു. ലോകമെങ്ങും കാലാവസ്ഥ മാറുകയാണ്. ചിലടിയങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുന്നു, മറ്റുചിലയിടങ്ങളിൽ മഴ പെയ്യുന്നതേയില്ല, വരൾച്ചയാണ്. ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നത് നിയന്ത്രിക്കാൻ മുതലാളിമാർ തയ്യാറല്ല. വികസനത്തിന്റെ പേരിൽ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെയും ഉത്തരാഖണ്ഡിലെയും കാശ്മീരിലെയും ലോലമായ സംതുലിതാവസ്ഥ തകിടം മറിക്കുകയാണ്. മരങ്ങൾ വെട്ടി നശിപ്പിക്കുന്നു. ആദിവാസികളെ ആവാസവ്യവസ്ഥയിൽനിന്ന് ആട്ടിയോടിക്കുന്നു. ആൻഡമാനിലാകട്ടെ, സുന്ദർബനിലാകട്ടെ എവിടെയും ജൈവവൈവിധ്യം നശിപ്പിച്ച് പ്രകൃതിയുടെ സംതുലിതാവസ്ഥ തകർക്കുകയാണ്. വനമേഖലകളിലാണ് റോഡുകളും വ്യവസായങ്ങളും ഖനികളും നിർമ്മിക്കുന്നത്. മുതലാളിമാർക്ക് ലാഭം വർദ്ധിപ്പിക്കാനാണ് ഇതെല്ലാം. ലോകമാകെ നശിച്ചാലും മനുഷ്യസംസ്കൃതിതന്നെ തകർന്നാലും വേണ്ടില്ല, മുതലാളിമാർക്ക് പരമാവധി ലാഭംകിട്ടണം.’’
എല്ലാ രാജ്യങ്ങളിലും ജനങ്ങൾ കാലാവസ്ഥാവ്യതിയാനത്തിനെതിരെ ഫലപ്രദമായ നടപടികൾ കൈക്കൊള്ളാൻ ഗവണ്മെന്റുകളെ നിർബന്ധിക്കുന്ന തരത്തിൽ ഒരു കരുത്തുറ്റ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കണം. നമ്മുടെ രാജ്യത്തും ഇത്തരമൊരു പ്രസ്ഥാനം താഴേത്തട്ടിൽനിന്നും വളർത്തിയെടുക്കണം. മനുഷ്യരാശി നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന നിലയില്‍ കാലാവസ്ഥാവ്യതിയാനത്തിന് തടയിടുന്ന മൂർത്തമായ നടപടികൾ കൈക്കൊള്ളണമെങ്കിൽ ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ.

Share this post

scroll to top