സഖാവ് സി.കെ.ലൂക്കോസ്: സഖാക്കൾ ഹൃദയത്തിൽ പ്രതിഷ്ഠിച്ച നേതാവ്

CKL-Foto.jpg
Share

എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗവും, മുൻ കേരള സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് സി.കെ.ലൂക്കോസ്, 2019 ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത് അന്തരിച്ചു. പാർട്ടി കേന്ദ്രക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഖാവിനെ അനുസ്മരിച്ചുകൊണ്ടുള്ള ഒരു യോഗം, പശ്ചിമബംഗാളിലെ ഹൗറ ശരത് സദനിൽവച്ച് ഫെബ്രുവരി 25 ന് നടക്കുകയുണ്ടായി. അനുസ്മരണയോഗത്തിൽ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം സഖാവ് കെ.രാധാകൃഷ്ണ അധ്യക്ഷനായിരുന്നു. പാർട്ടി കേന്ദ്രക്കമ്മിറ്റി അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായ സഖാവ് വി.വേണുഗോപാൽ, ഹൃദയത്തിൽ തൊട്ടുള്ള ഒരു പ്രസംഗത്തിലൂടെ സഖാവ് ലൂക്കോസിന് തന്റെ ആദരമർപ്പിച്ചു. പാർട്ടി ജനറൽ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് മുഖ്യപ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ പ്രസംഗം ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.

മഹാനായ മാർക്‌സിസ്റ്റ് ചിന്തകൻ സഖാവ് ശിബ്ദാസ് ഘോഷിന്റെ വിദ്യാർത്ഥികൾ ആയ നമ്മൾ, വിട പറഞ്ഞ നേതാവിന്റെയോ സഖാവിന്റെയോ ജീവിതസമരത്തെക്കുറിച്ച് ഓർമ്മിക്കുന്നത്, ആ സമരത്തിൽനിന്നും ആവശ്യമായ പാഠങ്ങൾ ഉൾക്കൊള്ളുക എന്ന ലക്ഷ്യത്തോടെയാണ്. നമ്മുടേത് വെറുമൊരു രാഷ്ട്രീയകക്ഷി മാത്രമല്ലെന്നും നിങ്ങൾക്ക് ബോധ്യമുണ്ട്. ഇത് കുടുംബത്തിന്റെ പുതിയ മാതൃകയാണ്. മുതലാളിത്തസമൂഹത്തിന്റെ കൊടിയ അധഃപതനം സൃഷ്ടിച്ച, ദുഷിച്ച ചുറ്റുപാടും മൂല്യങ്ങളുടെ പ്രതിസന്ധിയും മൂലം, സാമൂഹ്യ-കുടുംബ ജീവിതങ്ങൾ തകർന്നു കൊണ്ടിരിക്കുന്നു. അപ്പോൾ, സഖാവ് ശിബ്ദാസ് ഘോഷ് നൽകിയ പാഠങ്ങൾ പ്രകാരം, ഉയർന്ന കമ്മ്യൂണിസ്റ്റ് നൈതികതയിലും ധാർമ്മികതയിലും അധിഷ്ഠിതമായ ഈ കുടുംബത്തെ നിർമ്മിക്കുവാനുള്ള പോരാട്ടത്തിൽ മുഴുകുന്നവരാണ് നാം. ചുമതലകൾ നൽകി പ്രവർത്തനഫലം പരിശോധിക്കുന്നതുമാത്രമല്ല നമ്മുടെ പരസ്പരബന്ധം. അത്, ഉയർന്ന വിപ്ലവപ്രത്യയശാസ്ത്രത്തിലും, നൈതിക-ധാർമ്മിക മൂല്യങ്ങളിലും അടിസ്ഥാനമുറച്ച, ഉന്നതമായ ഹൃദയവികാരം പ്രചോദിപ്പിക്കുന്ന ബന്ധമാണ്. അതുകൊണ്ട്, ഈ കുടുംബത്തിലെ ഒരു അംഗത്തെ നമുക്ക് നഷ്ടപ്പെടുമ്പോൾ, പ്രത്യേകിച്ചും ഏതെങ്കിലും പ്രധാന അംഗം വിടപറയുമ്പോൾ, നമ്മൾ ഏറെ വേദനിക്കുന്നു4 ഇവിടെ കൂടിയിരിക്കുന്ന നിങ്ങളേവർക്കും, വിട പറഞ്ഞ നമ്മുടെ പൊളിറ്റ് ബ്യൂറോ അംഗം സഖാവ് സി.കെ. ലൂക്കോസിനെ പേരുകൊണ്ട് അറിയാം. സമ്മേളനങ്ങളിലുംമറ്റും അൽപ്പം അകലത്തിൽ നിന്ന് നിങ്ങളിൽ ചിലർ അദ്ദേഹത്തെ കണ്ടിട്ടുമുണ്ടാകാം. എന്നാൽ കേരളത്തിനുപുറത്തുള്ള സഖാക്കൾക്ക് അദ്ദേഹത്തിന്റെ മാതൃകായോഗ്യമായ വിപ്ലവസമരത്തെക്കുറിച്ചും, കേരളത്തിൽ പാർട്ടി കെട്ടിപ്പടുത്തതിൽ അദ്ദേഹം നിർവഹിച്ച നിർണ്ണായകപങ്കിനെക്കുറിച്ചും അത്ര അറിവുണ്ടാകണമെന്നില്ല. ഇത് നമ്മുടെ പരാജയമാണ്. ഇതുവരെയും നമ്മുടെ കേന്ദ്രനേതാക്കളെല്ലാം ചില പ്രത്യേകമേഖലകളിൽ ഒതുങ്ങി പ്രവർത്തിക്കുകയും അവിടെ മാത്രം അറിയപ്പെടുകയും ചെയ്തുപോന്നു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള സഖാക്കൾക്ക്, അവരുടെ പങ്കിനെക്കുറിച്ചോ പോരാട്ടങ്ങളെക്കുറിച്ചോ അറിയാനുള്ള അവസരങ്ങൾ കുറവായിരുന്നു. അടുത്തിടെ സമാപിച്ച മൂന്നാം പാർട്ടി കോൺഗ്രസിനുശേഷം ഈ രീതിക്ക് മാറ്റം വരുത്തിയിട്ടുണ്ട്. അതിലൂടെ കേന്ദ്രക്കമ്മിറ്റിയിലുള്ള നേതാക്കൾക്ക് രാജ്യമൊട്ടാകെയുള്ള സഖാക്കളെ അറിയുവാനും, സഖാക്കൾക്ക് അവരെ പരിചയപ്പെടുവാനും സാധിക്കും. അതുകൊണ്ട്, ഇവിടെ പ്രസക്തമായ ചില കാര്യങ്ങൾ പ്രാരംഭമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങളുടെ അടിസ്ഥാനത്തിൽ, ഇവിടെ നിന്നും വളരെ ദൂരെ അറബിക്കടലിന്റെ തീരത്ത്, എങ്ങനെയാണ് സഖാവ് ലൂക്കോസിന്റേതുപോലെയൊരു വ്യക്തിത്വം, വികസിച്ചത് എന്ന് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ നമ്മുടെ പാർട്ടിയുടെ പ്രവർത്തനം 1968-69 കാലഘട്ടത്തിലാണ് ആരംഭിച്ചത്. പശ്ചിമബംഗാളിലെ ഒരു എഞ്ചിനീയറിങ്ങ് കോളേജിൽനിന്നും പഠനം പൂർത്തിയാക്കിയിറങ്ങിയ, പാർട്ടി അനുഭാവിയായ ഒരു എഐഡിഎസ്ഒ പ്രവർത്തകൻ, കേരളത്തിൽ കൊല്ലം(ടികെഎം) എഞ്ചിനീയറിങ്ങ് കോളേജിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അവിടെ എന്തെങ്കിലും പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്നതിനായി പാർട്ടിയുടെ ഏതാനും പ്രസിദ്ധീകരണങ്ങളും, ശിബ്ദാസ് ഘോഷ് കൃതികളും കൈയിൽ കരുതുവാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പ്രയത്‌നങ്ങളിലൂടെ ചില വിദ്യാർത്ഥികൾ പാർട്ടിയിലേക്ക് ആകർഷിക്കപ്പെട്ടു. സഖാവ് ലൂക്കോസ് അതിലൊരാളായിരുന്നു. ആ സമയത്ത് സഖാവ് കൃഷ്ണ ചക്രവർത്തിയെ കേരളത്തിലേക്ക് അയക്കുകയും അദ്ദേഹം സുപ്രധാനമായ പങ്ക് അവിടെ നിർവഹിക്കുകയും ചെയ്തു. എന്നാൽ ആ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളിൽ ഏറ്റവും പ്രതീക്ഷയുണർത്തിയ സഖാവ് നടരാജൻ ആകസ്മികമായി അന്തരിച്ചു. അദ്ദേഹം വരച്ച സഖാവ് ശിബ്ദാസ് ഘോഷിന്റെ ചിത്രം കൊൽക്കത്തയിലെ കേന്ദ്ര പാർട്ടി ഓഫീസിലുണ്ട്. സഖാവ് നടരാജനുമായി സഖാവ് ലൂക്കോസിന് വളരെ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. ഇങ്ങനെ ഏതാനും സഖാക്കളാണ് കേരളത്തിലെ പാർട്ടി പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. സഖാവ് നടരാജന്റെ പെട്ടെന്നുള്ള ഈ അകാലനിര്യാണം സഖാവ് ലൂക്കോസിനെ വളരെയധികം ദുഃഖിതനാക്കി. പക്ഷേ സ്വന്തം ദുഃഖത്തെ മറികടന്നുകൊണ്ട്, എല്ലാ ശങ്കകൾക്കും മീതേ ഉയർന്ന്, പാർട്ടി കെട്ടിപ്പടുക്കുവാനുള്ള കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാൻ തയ്യാറായി സഖാവ് ലൂക്കോസ് മുന്നോട്ടുവന്നു. ഇവിടെ മറ്റൊരു കാര്യം കൂടി ഞാൻ പരാമർശിക്കേണ്ടതുണ്ട്. കേരളത്തിൽ നമ്മുടെ പാർട്ടി പ്രവർത്തനം ആരംഭിച്ച സമയത്ത്, രാജ്യത്തുതന്നെ നമ്മുടെ പാർട്ടി അറിയപ്പെട്ട് തുടങ്ങിയിട്ടില്ല. നിങ്ങളിന്ന് കാണുന്നപോലെ ആയിരുന്നില്ല അന്ന്. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്), സഖാവ് ശിബ്ദാസ് ഘോഷ് എന്നീ പേരുകൾതന്നെ ദക്ഷിണേന്ത്യയിൽ എത്തിച്ചേർന്നിരുന്നില്ല. പശ്ചിമബംഗാളിലേതു പോലെ അന്ന് കേരളത്തിലും അവിഭക്ത സിപിഐ ഒരു പ്രബലമായ ശക്തിതന്നെയായിരുന്നു. പാർട്ടി രൂപീകരണത്തിന്റെ തുടക്കകാലത്തെ സിപിഐ നേതാക്കൾ വളരെ ആത്മാർത്ഥതയുള്ളവരും സമരോത്സുകരുമായിരുന്നു. കേരളത്തിൽ, ജന്മിത്ത നാടുവാഴികൾക്കെതിരേ സിപിഐ പോരാട്ടങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. അവരുടെ നേതാക്കൾ വളരെ ജനപ്രിയരുമായിരുന്നു. 1957-ൽ തങ്ങളുടെ ആദ്യസർക്കാർ സിപിഐക്ക് രൂപീകരിക്കാൻ കഴിഞ്ഞത് കേരളത്തിലാണ്. അത്രയ്ക്കുണ്ടായിരുന്നു അവരുടെ സ്ഥാനവും ശക്തിയും. 1964ലെ പിളർപ്പിലൂടെ സിപിഐ(എം) രൂപം കൊണ്ടപ്പോൾ, അവിഭക്ത സിപിഐയുടെ നേതാക്കളിൽ വലിയൊരുപങ്കും അതിന്റെ ഭാഗമായി. ആ കാലത്ത് അവർക്കൊരു സമരസ്വഭാവം ഉണ്ടായിരുന്നു. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിന്തുണയും അവർ ആർജ്ജിച്ചിരുന്നു. അതുകൊണ്ട് അവരാണ് കമ്മ്യൂണിസ്റ്റുകളെന്ന് ജനം സങ്കൽപ്പിച്ചിരുന്നു. സിപിഐഎമ്മും സിപിഐയും നിലനിൽക്കുകയും, പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും, സോവിയറ്റ്-ചൈനീസ് പാർട്ടികളുടെ പിന്തുണ അവർക്ക് ഉണ്ടാവുകയും ചെയ്യുമ്പോൾ, നമ്മൾക്ക് എങ്ങനെ സ്വയം യഥാർത്ഥ കമ്മ്യൂണിസ്റ്റുകളെന്ന അവകാശവാദം ഉയർത്താൻ സാധിക്കുന്നു എന്ന,് ജനങ്ങൾ നമ്മളെ ചോദ്യം ചെയ്തിരുന്നു. 1948 മുതൽ 52 വരെയുള്ള നമ്മുടെ രൂപീകരണ കാലയളവിൽ പശ്ചിമബംഗാളിലും നമ്മൾ സമാനമായ ചോദ്യങ്ങൾ നേരിട്ടിരുന്നു. കേരളത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. സഖാവ് ലൂക്കോസിനെപ്പോലെയുള്ള നേതാക്കൾക്ക് ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വരികയും, അവയെ തരണം ചെയ്യേണ്ടിവരികയും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ പാർട്ടി സംഘടനയുടെ വികാസത്തിന്റെ ഈ ചരിത്രം നിങ്ങൾ അറിയേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തിൽ വളരെക്കുറച്ച് സഖാക്കൾ മാത്രമേ പാർട്ടി കെട്ടിപ്പടുക്കുവാനുള്ള ശ്രമം ഏറ്റെടുത്തിരുന്നുള്ളു. എന്നാൽ അതിൽ ചിലർക്ക് ഈ കടുത്ത സമരവുമായി മുന്നോട്ടു പോകാൻ കഴിയാതിരിക്കുകയും അവർ പിന്തിരിയുകയും ചെയ്തു. ഇതിനു ശേഷം, പാർട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറി മാർക്‌സിസം-ലെനിനിസം-ശിബ്ദാസ് ഘോഷ് ചിന്തയിൽ നിന്നും വ്യതിചലിച്ചപ്പോൾ, കേരളാ പാർട്ടി ഒരു കടുത്ത പ്രതിസന്ധികൂടി നേരിട്ടു. സഖാവ് വേണുഗോപാലും മറ്റുള്ളവരുമൊക്കെ ആ കാലത്ത് വിദ്യാർത്ഥികളായിരുന്നു. പാർട്ടിയുടെ ആ നിർണായകഘട്ടത്തിലാണ് സഖാവ് ലൂക്കോസ് മുന്നോട്ടു വന്ന് പാർട്ടിയെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇതിനുശേഷം ഒരിക്കലും അദ്ദേഹം പിന്തിരിഞ്ഞു നോക്കിയിട്ടില്ല. സഖാവ് ലൂക്കോസിന്റെ പോരാട്ടത്തിന്റെ ഈ വശം ഞാൻ ഊന്നിപ്പറയുകയാണ്.

മറ്റൊരു വശത്തെക്കുറിച്ചുകൂടി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഈ വേദിയിലിരിക്കുന്ന ഞങ്ങളിൽ ഭൂരിഭാഗം പേർക്കും സഖാവ് ശിബ്ദാസ് ഘോഷുമായി ഏറിയും കുറഞ്ഞും ഒരു ജൈവബന്ധം ഉണ്ടായിട്ടുണ്ട്. ഞങ്ങളിൽ പലരും അദ്ദേഹത്തെ വളരെ അടുത്തുകാണുകയും അദ്ദേഹത്തോട് വളരെ അടുത്ത ബന്ധം പുലർത്തുകയും ചെയ്തു. മറുവശത്ത് സഖാവ് ലൂക്കോസ്, സഖാവ് ശിബ്ദാസ് ഘോഷിനെ സമ്മേളനങ്ങളിൽവച്ച് കണ്ടിട്ടുണ്ട്. പരമാവധി, അദ്ദേഹത്തോട് ഏതാനും വാക്കുകൾ സംസാരിച്ചിട്ടുണ്ടാകാം. പക്ഷേ, സഖാവ് ശിബ്ദാസ് ഘോഷുമായി അടുത്ത ബന്ധമുണ്ടാക്കുവാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചില്ല. എന്നിട്ടും, സഖാവ് ശിബ്ദാസ് ഘോഷിന്റെ അമൂല്യമായ വിപ്ലവപാഠങ്ങളുടെ സത്ത, അദ്ദേഹത്തിന്റെ കൃതികളിലൂടെ കടന്നുപോയി നേടിയെടുക്കുന്നതിൽ സഖാവ് ലൂക്കോസ് വിജയിച്ചു. ഒരു വശത്ത് കേരളാ പാർട്ടിയിലെ പ്രതിസന്ധിയും, പുതിയ സഖാക്കളുടെ ആത്മവിശ്വാസവും ആത്മധൈര്യവും ഭദ്രമായി നിലനിർത്തേണ്ട ദൗത്യവും, മറുവശത്ത്, അർഹനായ കമ്മ്യൂണിസ്റ്റായി സ്വയം പുരോഗമിക്കാനുള്ള കഠിനവും സർവാശ്ലേഷിയുമായ സമരവും നടത്തി. നിശ്ശബ്ദമായി, കഠിനവും വിഷമകരവുമായ ഈ സമരം നടത്തി അദ്ദേഹം മുന്നോട്ടു പോവുകയും, അതുവഴി സ്വയം അടിമുടി മാറി തന്റെ പോരാട്ടത്തിൽ കൂടുതൽ മുന്നേറുകയും ചെയ്തു. തന്റെ കുടുംബത്തെ അദ്ദേഹം എങ്ങനെയാണ് സ്വാധീനിച്ചത് എന്ന് ഇപ്പോൾ സഖാവ് വേണുഗോപാലിൽനിന്നും നിങ്ങൾ കേട്ടു. അപ്പോൾ, ജീവിതത്തിന്റെ എല്ലാ വശങ്ങളുമായി ബന്ധപ്പെട്ട് കുടുംബത്തിനകത്തും പുറത്തും അദ്ദേഹം പോരാടിയിരുന്നു. ഒരിടത്തും ഒരിക്കലും അദ്ദേഹം വിട്ടുവീഴ്ച്ച ചെയ്തില്ല. മാർക്‌സിസ്റ്റ് തത്വശാസ്ത്രം നൽകുന്ന അമൂല്യമായ ഒരു പാഠത്തിന്റെ യഥാർത്ഥ പ്രതിഫലനമാണ് ഇവിടെ നിങ്ങൾ ദർശിക്കുന്നത്. മാർക്‌സിസ്റ്റ് വിജ്ഞാന സിദ്ധാന്തം കാണിച്ച് തരുന്നതുപോലെ, ബാഹ്യവൈരുദ്ധ്യമെന്നത് മാറ്റത്തിന്റെ ഒരു നിബന്ധനയും, ആന്തരികവൈരുദ്ധ്യം മാറ്റത്തിന്റെ അടിസ്ഥാനകാരണവുമാണ്. മാറ്റത്തിനുള്ള അനുപേക്ഷണീയതയും ആഗ്രഹവും ഉള്ളിൽനിന്നുതന്നെ ഉണ്ടാകുമ്പോൾ മാത്രമേ ബാഹ്യസ്വാധീനങ്ങൾ പ്രവർത്തനക്ഷമമാകൂ. മുൻനിര നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിട്ടും, പാർട്ടി സാഹിത്യം പലവുരു വായിച്ചിട്ടും, പല സഖാക്കളും സ്വയം മാറുന്നതിൽ പരാജയപ്പെടുന്നു. മറുവശത്ത്, ഉയർന്ന നേതൃത്വവുമായി അടുപ്പം പുലർത്താൻ അവസരമില്ലാതിരുന്നിട്ടും, ഏറെ ദൂരെ പ്രവർത്തിച്ചിട്ടും, വിപ്ലവപാഠങ്ങൾ ഗ്രഹിക്കുന്നതിൽ വിജയിച്ച സഖാക്കളുണ്ട്. അവർ സ്വയം മാറുന്നു, നിരന്തരം സ്വന്തം നിലവാരം ഉയരങ്ങളിൽനിന്നും കൂടുതൽ ഉയരത്തിലേക്ക് മെച്ചപ്പെടുത്തി അവർ മുന്നോട്ടു പോകുന്നു. ഇതെങ്ങനെ സാധ്യമാകുന്നു എന്നതിന്റെ തിളങ്ങുന്ന ഉദാഹരണമായിരുന്നു സഖാവ് ലൂക്കോസ്.

സഖാവ് ലൂക്കോസിന്റെ നേതൃത്വത്തിൽ, കേരളാ പാർട്ടി സിപിഐ(എം) പോലെയൊരു പ്രബലശക്തിയോട് ഓരോ ചുവടിലും വിജയകരമായി പൊരുതി. സിപിഐ(എം) നമുക്കെതിരെ തിരിച്ചുവിട്ട എല്ലാ കുപ്രചാരണങ്ങളെയും കേരളാ പാർട്ടി ധീരമായി നേരിട്ട് മറികടക്കുകയും, എല്ലാ ആക്രമണങ്ങളെയും പ്രതിരോധിക്കുകയും, ദുരാരോപണങ്ങളെയും ചെളിവാരിയെറിയലിനെയും ഖണ്ഡിക്കുകയും ചെയ്തു. അങ്ങനെയുള്ള സ്തുത്യർഹമായ പോരാട്ടത്തിലൂടെ, നമ്മുടെ പാർട്ടി സംഘടന സംസ്ഥാനമെമ്പാടും പരന്നു. അവിടെ നിന്നുള്ള ഏറ്റവും പുതിയ സംഘടനാ റിപ്പോർട്ടിൽ നിന്നുള്ള ഒരു ഭാഗം ഞാൻ വായിക്കാം. കേരളത്തിലെ 14 ജില്ലകളിൽ പതിനൊന്നിലും പാർട്ടിക്ക് തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റികളുണ്ട്. രണ്ട് ജില്ലകളിൽ സംഘാടക കമ്മിറ്റികളുണ്ട്. അവശേഷിക്കുന്ന ജില്ലയിലും പാർട്ടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും കമ്മിറ്റി രൂപീകരണം ഇനിയും നടന്നിട്ടില്ല. ആയിരത്തിലധികം പാർട്ടി അംഗങ്ങളും അപേക്ഷകാംഗങ്ങളും ഇന്ന് കേരളത്തിൽ പാർട്ടിക്കുണ്ട്. ഇതിനുപുറമെ, ആയിരക്കണക്കിന് പാർട്ടി അനുഭാവികളുമുണ്ട്. ഈ സംസ്ഥാനത്ത്, എഐയുടിയുസി, എഐഡിഎസ്ഒ, എഐഡിവൈഒ, എഐഎംഎസ്എസ് – എന്നിങ്ങനെ എല്ലാ വർഗ-ബഹുജന സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. എഐയുടിയുസിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 26 രജിസ്റ്റേർഡ് യൂണിയനുകളുണ്ട്. ശാസ്ത്ര, മെഡിക്കൽ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. സഖാവ് വേണുഗോപാൽ തന്റെ പ്രസംഗത്തിൽ പറഞ്ഞതുപോലെ, സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ, ജനകീയ പ്രതിരോധ സമിതി എന്ന ജനങ്ങളുടെ സ്ഥിരം സമരക്കമ്മിറ്റിക്ക് രൂപം നൽകുന്നതിൽ അവർ വിജയിച്ചു. ഇതിന്റെ ഖ്യാതി അവരുടേതാണ്. നാളിതുവരെ വേറൊരു സംസ്ഥാനവും അത്തരത്തിലൊരു കമ്മിറ്റി ഉണ്ടാക്കുന്നതിൽ വിജയിച്ചിട്ടില്ല. ശ്രേഷ്ഠ ന്യായാധിപനായിരുന്ന ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ, അദ്ദേഹത്തിന്റെ മരണം വരെ ഈ ജനകീയ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനവധി മുന്നേറ്റങ്ങൾ നടത്തുകയുണ്ടായി. ഈ കമ്മിറ്റി ഇന്നും സജീവമാണ്. ഈ കമ്മിറ്റിയിലൂടെ ജസ്റ്റിസ് കൃഷ്ണയ്യരുമായി പാർട്ടിക്ക് ആഴമാർന്ന ബന്ധം സ്ഥാപിച്ചെടുക്കാൻ സാധിച്ചു. അതുവഴി കൊൽക്കത്തയിലെ നമ്മുടെ നിരവധി പരിപാടികളിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. ഇത് ചെയ്യുന്നതിൽ കേരളാ പാർട്ടി വിജയിച്ചു. പ്രഗൽഭ വിദ്യാഭ്യാസ വിചക്ഷണനും, മുൻ പ്രൊ-വൈസ് ചാൻസലറുമായിരുന്ന ഡോ. എൻ.എ.കരീമിനെ സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയുമായി അടുപ്പിക്കുന്നതിലും പാർട്ടി വിജയിച്ചു. തുടർന്ന്, ഡോ. കരീം പാർട്ടിയെ പിന്തുണയ്ക്കുകയും ചെയ്തു. അങ്ങനെ, കേരളത്തിലെ നിരവധി പണ്ഡിതരെ ഒരുമിച്ചു കൂട്ടുന്നതിൽ കേരളത്തിലെ പാർട്ടി വിജയം വരിച്ചു. സഖാവ് ലൂക്കോസിന്, ഈ പണ്ഡിതലോകത്തെയും അതേപോലെതന്നെ, അധ്വാനിക്കുന്ന ജനങ്ങളെയും ഒരേപോലെ ആകർഷിക്കുന്നതിനുള്ള കഴിവുണ്ടായിരുന്നു. കേരളത്തിലെ പാർട്ടിയുടെ മറ്റൊരു വലിയ നേട്ടമാണ്, ദരിദ്രജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ താങ്ങാവുന്ന ആതുരശുശ്രൂഷ വർഷങ്ങളായി നൽകിക്കൊണ്ടിരിക്കുന്ന ഒരു ആശുപത്രി സ്ഥാപിച്ചത്. പാർട്ടിയുടെ മുഴുവൻസമയ പ്രവർത്തകനും, സംസ്ഥാനക്കമ്മിറ്റി അംഗവുമായ ഒരു ഡോക്ടർ സഖാവ് തന്റെ മുഴുവൻസമയ സേവനവും ഈ ആശുപത്രിക്കായി നൽകിക്കൊണ്ടിരിക്കുന്നു. ഇതിനുപുറമെ, മദ്യം, സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ എന്നിവയ്‌ക്കെതിരെയും, കർഷകതാത്പര്യം സംരക്ഷിക്കുന്നതിനായും മറ്റുമൊക്കെയായി നിരവധി പ്രക്ഷോഭങ്ങൾ നയിക്കുന്നതിനായി ജനകീയക്കമ്മിറ്റികൾ വിജയകരമായി വികസിപ്പിച്ചിരിക്കുന്നു. സംസ്ഥാനതലത്തിൽ ഒരു ആന്റി ഇംപീരീയലിസ്റ്റ് ഫോറത്തിനും രൂപം നൽകിയിരിക്കുന്നു. സംസ്ഥാനത്ത് മതിയായ തൊഴിലവസരങ്ങൾ ഇല്ലാത്തതു മൂലം, വിദേശരാജ്യങ്ങളടക്കം കേരളത്തിന് പുറത്തുപോയി നഴ്‌സായി ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന നിരവധി സത്രീകളുണ്ട് അവിടെ. ഈ നഴ്‌സുമാർക്ക് തങ്ങളുടെ ജോലിസ്ഥലത്ത് നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. അത് അവരുടെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും നിരന്തരം വിഷമത്തിലും ഭയപ്പാടിലുമാഴ്ത്തുന്നു. ഏറ്റെടുത്ത് ആത്മാർത്ഥമായി അഭിമുഖീകരിക്കേണ്ട ഒരു പ്രശ്‌നമായി ഇതിനെ കണ്ടുകൊണ്ട്, സംസ്ഥാനത്തെ പാർട്ടിയുടെ മുൻകയ്യിൽ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷൻ രൂപീകരിച്ചു. ജനജീവിതത്തിന്റെ നീറുന്ന വിവിധ പ്രശ്‌നങ്ങളിൽ, സാധാരണക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് കേരളത്തിലെ പാർട്ടി നിരന്തരം മുന്നേറ്റങ്ങൾ സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഫലമായി നമ്മുടെ പാർട്ടിക്ക് ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുവാനും, ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഒപ്പം നിന്നു പോരാടുന്ന ഒരേയൊരു പാർട്ടി എന്ന അംഗീകാരം നേടിയെടുക്കുവാനും സാധിച്ചു. അടുത്തകാലത്ത് കേരളത്തിൽ വിനാശം വിതച്ച പ്രളയകാലത്തും, ഉടനടി മുന്നിട്ടിറങ്ങി ദുരന്തബാധിതരെ സർവശക്തിയും സമാഹരിച്ച് സഹായിക്കുവാനും വ്യാപകമായി ആശ്വാസമെത്തിക്കുവാനും, നമ്മുടെ പാർട്ടിയായിരുന്നു മുന്നിലുണ്ടായിരുന്നത്. നമ്മുടെ പാർട്ടിയുടെ എല്ലാ സഖാക്കളും അനുഭാവികളും ഈ ദുരിതാശ്വാസ-രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. എല്ലാ തുറയിലുംപെട്ട ബഹുജനങ്ങൾക്കിടയിൽ നിന്നും അകമഴിഞ്ഞ പ്രശംസയാണ് ഇത് നേടിയെടുത്തത്. ഈ പ്രവർത്തനങ്ങൾക്കും മുന്നേറ്റങ്ങൾക്കുമെല്ലാമുള്ള പ്രചോദനത്തിന്റെ ഉറവിടം സഖാവ് ലൂക്കോസായിരുന്നു. കേരളത്തിൽ കോംസമോൾ ഘടകം എങ്ങനെയാണ് രൂപീകരിച്ചെടുത്തത് എന്ന് ഇപ്പോൾ സഖാവ് വേണുഗോപാലിൽ നിന്നു നിങ്ങൾ കേട്ടിരുന്നു.
പാർട്ടി സംഘടനയിലെ ഒരു സവിശേഷവും പ്രധാനവുമായ ഭാഗമാണ് നമ്മുടെ സഖാക്കൾ ഒരുമിച്ച് താമസിക്കുന്ന പാർട്ടി സെന്ററുകൾ. കൃത്യമായ ഒരു സമരപ്രക്രിയയിലൂടെ പാർട്ടി കമ്മ്യൂണുകളായി ഉയർത്തപ്പെടാവുന്നതിന്റെ പ്രാരംഭഘട്ട സംഘടനയായാണ് ഈ പാർട്ടി സെന്ററുകളെ കാണുന്നത്. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഇങ്ങനെയൊരു ആശയം നേരത്തേയുണ്ടായിരുന്നില്ല. സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങളുടെ അടിസ്ഥാനത്തിൽ, കൂട്ടായ ജീവിതം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടുകൂടിയുള്ള ഒരു പ്രത്യേക സംഘടനാരൂപമാണിത്. സ്ഥിരമായ പൊതുസംസർഗം, സ്ഥിരമായ പൊതുചർച്ചകളിലൂടെ നയിക്കപ്പെടുന്ന സ്ഥിരമായ പൊതു പ്രവർത്തനങ്ങൾ, അത് കൂടുതൽ വികസിക്കുന്നതിലൂടെയുണ്ടാകുന്ന സ്ഥിരമായ പൊതുജീവിതം – ഇതാണ് പാർട്ടി സെന്ററുകളിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇത് വളരെ പ്രയാസമേറിയ ഒരു സമരമാണ്. ഈ സമരത്തിൽ വൈരുദ്ധ്യങ്ങളും സംഘർഷങ്ങളുമുണ്ടാകാം. തെറ്റിദ്ധാരണകൾക്കും വിദ്വേഷത്തിനുംവരെ സാധ്യതയുമുണ്ട്. നമ്മുടെ സഖാക്കളിലും ബൂർഷ്വാ സംസ്‌ക്കാരത്തിന്റെ സ്വാധീനമുണ്ട്. ബൂർഷ്വാ സംസ്‌ക്കാരത്താൽ അവരും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാർട്ടി സെന്ററുകളേയും ഇത് ബാധിക്കാം. ഇതോടൊപ്പം ഈ സെന്ററുകളിൽ, സഖാവ് ശിബ്ദാസ് ഘോഷ് ചിന്തയുടെ അടിസ്ഥാനത്തിൽ ഉയർന്ന തൊഴിലാളിവർഗ സംസ്‌കാരം ആർജ്ജിക്കുവാനുള്ള സമരവും നടക്കുന്നു. സഖാവ് ശിബ്ദാസ് ഘോഷ് ചിന്തയുടെ അടിസ്ഥാനത്തിലാണ് നമ്മൾ ഈ സെന്ററുകൾ നടത്തുന്നത്. കേരളത്തിൽ 26 പാർട്ടി സെന്ററുകളാണുള്ളത്. ഈ സെന്ററുകളെല്ലാം തന്നെ സഖാവ് ലൂക്കോസിനാൽ നയിക്കപ്പെട്ടവയാണ്. ഒരു പ്രസംഗം നടത്തുവാനോ, ഒരു കുറിപ്പെഴുതുവാനോ, ഒരു പ്രക്ഷോഭം സംഘടിപ്പിക്കുവാനോ താരതമ്യേന എളുപ്പമായിരിക്കും. എന്നാൽ, ഒരു സംഘം വ്യക്തികളിൽ, ഓരോരുത്തർക്കായി ഒരു പുതിയ ആശയസംഹിത പകർന്നു നൽകി, തൊഴിൽവ്യഗ്രത, പരമ്പരാഗത കുടുംബജീവിതം, ബൂർഷ്വാ തിന്മകളുടെ മറ്റ് പലവിധത്തിലുള്ള ആക്രമണങ്ങൾ, എന്നിവയിൽ നിന്നെല്ലാം അവരെ സ്വതന്ത്രരാക്കി, ആ പ്രക്രിയയിലൂടെ അവരെ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരാക്കി വളർത്തിയെടുക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സഖാവ് ലൂക്കോസ്, ഈ രീതിയിൽ നൂറുകണക്കായ നമ്മുടെ സഖാക്കളെ വളർത്തിയെടുക്കുന്നതിൽ വിജയിച്ചിരിക്കുന്നു. നൂറിലധികം മുഴുവൻ സമയ പ്രവർത്തകർ കേരളത്തിൽ നമുക്കുണ്ട്. ഈ സഖാക്കൾ തങ്ങളുടെ കുടുംബങ്ങളെ ഉപേക്ഷിച്ചും, എല്ലാവിധ വ്യക്തിതാൽപ്പര്യങ്ങളേയും ത്യജിച്ചും, പൂർണ്ണമനസ്സോടെ പാർട്ടിക്കായി സ്വയം സമർപ്പിച്ചിരിക്കുന്നു. ആരാണ് അവരെ പ്രചോദിപ്പിച്ചത്? ആരായിരുന്നു ആ നേതാവ്? അതായിരുന്നു സഖാവ് ലൂക്കോസ്, സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങൾ ഉൾക്കൊള്ളാൻ സാധിച്ച ഒരു നേതാവ്.

എല്ലാം പിന്നിൽ ഉപേക്ഷിച്ച് മുന്നോട്ടു വരുന്ന, വ്യക്തിജീവിതത്തിന്റെ എല്ലാ വശങ്ങളിലും, പെരുമാറ്റത്തിലും സംസ്‌കാരത്തിലും പ്രവൃത്തിയിലും, വാക്കും പ്രവൃത്തിയും യോജിക്കുന്ന നേതാക്കളുടെ ആഹ്വാനങ്ങൾക്കു മാത്രമേ സഖാക്കൾ ചെവികൊടുക്കുകയുള്ളൂ. കുറഞ്ഞപക്ഷം, പ്രസംഗിക്കുന്നത് പ്രവൃത്തിയിൽ കൊണ്ടുവരാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്നവർ പോലും മറ്റ് സഖാക്കളെ ആകർഷിക്കും. ഈ നിലവാരത്തിലുള്ള നേതാവായിരുന്നു സഖാവ് ലൂക്കോസ്. അതുകൊണ്ടു മാത്രമാണ് മറ്റു സഖാക്കളെ പ്രചോദിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. 1988-ലെ ഒന്നാം കേരള സംസ്ഥാനസമ്മേളനത്തിലാണ് അദ്ദേഹം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ അതിന് മുന്നേതന്നെ അദ്ദേഹം ഒരു നേതാവായി ഉയർന്ന് വന്നുകഴിഞ്ഞു. നേതാക്കൾ രണ്ടുതരത്തിലുണ്ടെന്ന് സഖാവ് ശിബ്ദാസ്‌ഘോഷ് പറയുമായിരുന്നു. ഒന്ന്, ഒരു സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന നേതാവ്. പക്ഷേ മറ്റൊരു തരത്തിലുള്ള നേതാവുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാലും ഇല്ലെങ്കിലും സഖാക്കളുടെ സ്‌നേഹവും ബഹുമാനവും വിശ്വാസവും നേടിയെടുക്കുകയും, അവർ അവരുടെ ഹൃദയത്തിനുള്ളംകൊണ്ട് സ്വീകരിക്കുകയും ചെയ്യുന്ന നേതാവ്. ഈ രണ്ടാമത്തെ തരത്തിലുള്ള നേതാവിന്റെ നിലവാരം സഖാവ് ലൂക്കോസ് നേടിയെടുത്തിരുന്നു. ഓരോ സഖാവിന്റെയും പ്രശ്‌നങ്ങൾ അദ്ദേഹം വളരെ ക്ഷമയോടെ കേൾക്കുകയും, അഗാധമായ സ്‌നേഹവും വാൽസല്യവും ശ്രദ്ധയും നൽകി അവരെ സഹായിക്കാൻ ശ്രമിക്കുകയും ചെയ്തു. അദ്ദേഹം പറയുന്നതു കുറവും കേൾക്കുന്നത് കൂടുതലുമാണെന്ന് ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. വളരെക്കുറച്ച് വാക്കുകൾ കൊണ്ടു തന്നെ സഖാക്കളെയും മറ്റുള്ളവരെയും കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, എപ്പോൾ എന്ത് അദ്ദേഹം സംസാരിച്ചാലും, അത് കൃത്യമായ വാദങ്ങളിലൂടെയും, മറ്റുള്ളവരുടെ ഹൃദയത്തിൽ തൊടുന്ന രീതിയിലും ആയിരുന്നു. പ്രായഭേദമന്യേ എല്ലാവരും സ്വതന്ത്രമായി അദ്ദേഹത്തോട് ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ നടപടികളോ പെരുമാറ്റമോ മനോഭാവമോ, അത്രയും ഉയർന്ന നിലയിലുള്ള ഒരു നേതാവാണ് അദ്ദേഹം എന്നത് വെളിപ്പെടുത്തിയിരുന്നില്ല. സഖാക്കളോടൊപ്പം സുഹൃത്തും സഹപ്രവർത്തകനുമെന്ന നിലയിൽ അദ്ദേഹം ഇടപഴകിയിരുന്നു. മറ്റു സഖാക്കളുടെ വിമർശനങ്ങൾ അദ്ദേഹത്തിന് വളരെയെളുപ്പം സ്വീകരിക്കാൻ സാധിക്കുമായിരുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസിനു മുമ്പായി സംഘടിപ്പിച്ച, വിമർശനം-സ്വയം വിമർശനം എന്ന സെഷനെ പരാമർശിച്ചു കൊണ്ട്, അദ്ദേഹം എനിക്കെഴുതിയത്, ഞാൻ വിമർശിക്കപ്പെട്ടിരിക്കുന്നു, ഞാനതിൽ സന്തോഷവാനാണ്.’അദ്ദേഹത്തോട് എന്തു പറയുന്നതിനും അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നതിനും സഖാക്കൾക്ക് യാതൊരു മടിയും തടസ്സവും അനുഭവപ്പെട്ടിരുന്നില്ല. എപ്പോഴും അദ്ദേഹം സഖാക്കളെ പഠിപ്പിച്ചിരുന്നു. സഖാക്കളിൽ നിന്നും പഠിക്കുവാനും അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു. മറ്റ് നേതാക്കളും സഖാക്കളും, സഖാവ് ശിബ്ദാസ് ഘോഷിന്റെ ഉത്സാഹിയായ വിദ്യാർത്ഥി എന്ന നിലയിൽ അദ്ദേഹം നേടിയെടുത്ത ഉയർന്ന ഗുണങ്ങളിൽ നിന്നും ആവശ്യമായ പാഠങ്ങളും വിദ്യാഭ്യാസവും സ്വന്തമാക്കണം. സഖാവ് ശിബ്ദാസ് ഘോഷിന്റെ പ്രസംഗങ്ങളും കൃതികളും പാർട്ടിയുടെ മറ്റ് പ്രസിദ്ധീകരണങ്ങളും അടക്കമുള്ള മാർക്‌സിസ്റ്റ് ക്ലാസിക്കുകളിലൂടെ അതീവശ്രദ്ധയോടെ അദ്ദേഹം കടന്നുപോകുമായിരുന്നു. അതു കൂടാതെ, സാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വിവിധ വശങ്ങളിൽ അദ്ദേഹം താത്പര്യം വളർത്തിയിരുന്നു. നമ്മുടെ രാജ്യത്തേയും വിദേശങ്ങളിലേയും സാഹിത്യവും പുരാണങ്ങളും അദ്ദേഹം വായിക്കുമായിരുന്നു. കുട്ടികളുടെ മനസ്സിന്റെ വികാസത്തിനായി അദ്ദേഹം മഹാന്മാരുടെ ജീവിതത്തിൽനിന്നുള്ള കഥകൾ പറഞ്ഞുകൊടുക്കുമായിരുന്നു. ഇതിലൂടെ, നൂറുകണക്കിനു കുട്ടികളെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു. അവർക്ക് അദ്ദേഹം പിതാവിലും വലിയ സ്ഥാനത്തായിരുന്നു.
നിങ്ങൾക്കറിയാം, മാർക്‌സിസം-ലെനിനിസം-കമ്മ്യൂണിസത്തിന്റെ പ്രതിച്ഛായയെ കേരളത്തിന്റെ മണ്ണിൽ സിപിഐഎം വളരെയധികം കളങ്കിതമാക്കിയിരിക്കുന്നു. പക്ഷേ അതേമണ്ണിൽ തന്നെ, സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങളുടെ അടിസ്ഥാനത്തിലും, സഖാവ് ലൂക്കോസിന്റെ കഴിവുറ്റ നേതൃത്വത്തിനു കീഴിലും കേരളത്തിലെ പാർട്ടിക്ക്, മാർക്‌സിസം-ലെനിനിസത്തിന്റെ കുലീനതയും മേൽക്കോയ്മയും ഉയർത്തിപ്പിടിക്കുവാൻ കഴിഞ്ഞു. സഖാവ് ശിബ്ദാസ് ഘോഷ് ചിന്തയുടെ അടിസ്ഥാനത്തിൽ വികസിച്ച മികച്ച കമ്മ്യൂണിസ്റ്റ് സ്വഭാവം കേരളത്തിലെ നമ്മുടെ പാർട്ടി സഖാക്കളുടെ പ്രവർത്തനത്തിലും പെരുമാറ്റത്തിലും പ്രതിഫലിക്കുന്നതുകൊണ്ട്, ഈ സംസ്ഥാനത്തെ ജനങ്ങളിൽ പ്രബുദ്ധരായ വിഭാഗം നമ്മുടെ പാർട്ടിയിലേക്ക് നിരന്തരം അടുക്കുകയാണ്. കേരളത്തിൽ ഒരു മാതൃകാ കമ്മ്യൂണിസ്റ്റ് വ്യക്തിത്വമായി സഖാവ് ലൂക്കോസ് ഉയർന്നുവന്നിരിക്കുന്നു. ഈ കാരണംകൊണ്ടാണ് പാർട്ടിക്കു പുറത്തുള്ളവരടക്കം നിരവധി ആളുകൾ അദ്ദേഹത്തെ ബഹുമാനിക്കുന്നത്. എന്നിട്ടു പോലും വഞ്ചനയുടേതോ, താൻപോരിമയുടേതോ, ആത്മപ്രശംസയുടേതോ ആയ ഒരു കണിക പോലും അദ്ദേഹത്തിൽ ഉണ്ടായിരുന്നില്ല.’ഞാനാണിത് ചെയ്തത്,’ഞാൻ മൂലമാണിത് സംഭവിച്ചത് – ഇങ്ങനെയൊക്കെ പറയുന്ന ശീലം അദ്ദേഹത്തിനില്ലായിരുന്നു. ഞങ്ങളോട് ചർച്ചകൾ നടത്തുമ്പോൾ, കൂടുതൽ വിജ്ഞാനം കാംക്ഷിക്കുന്ന തുറന്ന മനസ്സുള്ള ഒരു വിദ്യാർത്ഥിയെ പോലെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. ഒരു വശത്ത് അദ്ദേഹം വളരെ മൃദുഭാഷിയും, വിനീതവും സൗമ്യവുമായ പ്രകൃതത്തോടു കൂടിയവനുമായിരുന്നു. അതേസമയം തന്നെ മറുവശത്ത്, ആദർശത്തിന്റെ കാര്യത്തിൽ അദ്ദേഹം വളരെ ഉറച്ച, വിട്ടുവീഴ്ച്ചയില്ലാത്ത ആളുമായിരുന്നു.

തന്റെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കകാലത്ത് അദ്ദേഹം ബന്ധപ്പെട്ട നേതാവ്, അദ്ദേഹം വളരെയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത, അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ആ നേതാവ്, ധാർമികമായ അധഃപതനം നേരിട്ടതറിഞ്ഞപ്പോൾ അദ്ദേഹം വളരെയധികം ദുഃഖിതനായിരുന്നു. ആ സമയത്ത് അദ്ദേഹം വളരെ രോഗപീഡിതനും ശയ്യാവലംബിയുമായിരുന്നു. പക്ഷേ, എന്നിട്ടും ആ നേതാവിന്റെ തെറ്റിനെതിരെ കടുത്ത വിമർശനമുയർത്താൻ അദ്ദേഹം മടിച്ചില്ല. ആ നേതാവ് തന്നെ അനുകൂലിക്കാനായി നിരവധി തവണ അദ്ദേഹത്തോട് അപേക്ഷിച്ചിരുന്നു. പക്ഷേ ഒരു ക്ഷണം പോലും അദ്ദേഹം ചഞ്ചലപ്പെട്ടില്ല. അചഞ്ചലനായി അദ്ദേഹം പാർട്ടി തീരുമാനത്തോടൊപ്പം നിന്നു. ഒരിക്കൽ മുസാഫർപൂരിൽ വച്ചു നടന്ന ഒരു സ്‌ക്കൂൾ ഓഫ് പൊളിറ്റിക്‌സിൽ വച്ച് സഖാവ് ശിബ്ദാസ് ഘോഷ് പറഞ്ഞിട്ടുണ്ട്, നൈതികതയേയും ധാർമികതയേയും കുറിച്ച് സംസാരിക്കുന്ന ശിബ്ദാസ് ഘോഷ് എന്ന ഞാൻ തന്നെ അതിൽ നിന്നും അണുവിട വ്യതിചലിക്കുന്നതായി നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, എന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിക്കൊള്ളുക.’സഖാവ് ശിബ്ദാസ് ഘോഷിന്റെ ഈ പാഠം സഖാവ് ലൂക്കോസ് ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. സഖാവ് ശിബ്ദാസ് ഘോഷ് നമുക്ക് മുന്നറിയിപ്പ് തന്നിട്ടുണ്ട്, കമ്മ്യൂണിസ്റ്റ് സ്വഭാവം ആർജ്ജിക്കുവാനുള്ള സമരം ഏറെ വിഷമകരമാണെന്ന്. നമ്മളെല്ലാവരും ഈ ബൂർഷ്വാ സമൂഹത്തിൽ നിന്നു തന്നെയാണ് വരുന്നതെന്നും, ഈ ബൂർഷ്വാ സമൂഹം 19-ാം നൂറ്റാണ്ടിലെയോ 20-ാം നൂറ്റാണ്ടിലെയോ ബൂർഷ്വാ സമൂഹമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്നത്തെ ബൂർഷ്വാ സമൂഹം മലിനവും വിരൂപവും ദുഷിച്ചതുമാണ്. ഇങ്ങനെ ദുഷിച്ച ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് ഏറ്റവും ഉന്നതനായ നേതാവു തൊട്ട് എല്ലാ സഖാക്കളും ഈ ദുഷിച്ച ചുറ്റുപാടിനാൽ നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോ നിമിഷവും ഈ ആക്രമണത്തിനെതിരെ നാം ജാഗരൂകരാകുകയും പൊരുതുകയും വേണം. അല്ലെങ്കിൽ, സ്‌നേഹ-വാൽസല്യങ്ങളുടെ പേരിലൊ, പേരിനും പ്രശസ്തിക്കുമുള്ള അഭിലാഷമായോ, വിനാശകരമായ ബൂർഷ്വാ തിന്മകൾ നമുക്കുള്ളിലേക്ക് കടന്നുവരും. നമ്മൾ ജാഗ്രത കാണിച്ചില്ലെങ്കിൽ ഒളിയാക്രമണമുണ്ടാകാം. ചിതലിനെപ്പോലെ നമുക്കുള്ളിൽ നിന്നും വിപ്ലവസ്വഭാവത്തിന്റെ ജീവചൈതന്യത്തെ തിന്നുതീർക്കാം. ഏറ്റവും ഉന്നതനായ നേതാവിനു പോലും ഇത്തരം ആക്രമണം നേരിട്ടേക്കാം. സഖാവ് ഘോഷ് തുടർന്ന് പറഞ്ഞു, ഒരു നേതാവിനോടും അന്ധമായ വിധേയത്വം കാണിക്കരുത്. പാർട്ടിയുടേയും വിപ്ലവത്തിന്റെയും താത്പര്യമാണ് പരമപ്രധാനം. അതുകൊണ്ട് ഏതെങ്കിലും നേതാവിൽ എന്തെങ്കിലും തകരാറോ വ്യതിചലനമോ നിങ്ങൾ കാണുകയാണെങ്കിൽ, പാർട്ടിയുടേയും വിപ്ലവത്തിന്റെയും താത്പര്യാർത്ഥം ധീരരായി എഴുന്നേറ്റ് അതിനെതിരെ പോരാടുക.’ഇന്നെനിക്ക് മടികൂടാതെ പരസ്യമായി പറയാം, സഖാവ് ശിബ്ദാസ് ഘോഷിന്റെ അർഹനായ ശിഷ്യനാണ് താനെന്ന് സഖാവ് സി.കെ.ലൂക്കോസ് തെളിയിച്ചിരിക്കുന്നു. ഒരു നിമിഷം പോലും മടിക്കാതെ, തന്റെ പഴയ നേതാവിന്റെ തകരാറുകളേയും വ്യതിചലനങ്ങളേയും തീക്ഷ്ണമായും വിട്ടുവീഴ്ച്ചയില്ലാതെയും അദ്ദേഹം വിമർശിച്ചു. ഇതും നമുക്കെല്ലാവർക്കും മാതൃകാപരമായ പാഠമാണ്.

മാർക്‌സിസ്റ്റുകൾ എന്ന നിലയിൽ നമുക്കറിയാം, വ്യക്തിത്വം, നേതൃത്വം, ഒരു പ്രത്യേക കഴിവ് ഇവയൊന്നും ജനനം കൊണ്ടു നേടുന്നതല്ല. ആത്മാർത്ഥമായ പ്രയത്‌നം കൊണ്ടു മാത്രം ഇവയൊന്നും നേടാനുമാകില്ല. തന്നെയുമല്ല, ഒരു സാധാരണ വ്യക്തിക്കു പോലും ഉയർന്ന നിലവാരത്തിലേക്ക് സ്വയം ഉയർത്താനുമാകും. അത് ആശ്രയിക്കുന്നത്, ഒരാൾ തന്റെ ജീവിതകാലഘട്ടത്തിലെ ഏറ്റവും ഉന്നതമായ പ്രത്യയശാസ്ത്രത്തേയും ഏറ്റവും ഉന്നതമായ സംസ്‌കാരത്തേയും എങ്ങനെ മനസ്സിലാക്കുന്നു, ആ പ്രത്യയശാസ്ത്രത്തെ സ്വീകരിച്ചു കൊണ്ട് ജീവിതത്തിന്റെ സമസ്തമേഖലകളിലും അത് പ്രയോഗിക്കാൻ അയാൾ എങ്ങനെ പൊരുതുന്നു, അതുവഴി എങ്ങനെ മുന്നേറുന്നു എന്നീ കാര്യങ്ങളെയാണ്. ഒരുകൂട്ടം പ്രശ്‌നങ്ങൾ ഉയർന്നുവരാം, വഴിയിൽ അനവധി തടസ്സങ്ങളുണ്ടാകാം. പൊടുന്നനെയുള്ള ആക്രമണങ്ങൾ പോലുമുണ്ടാകാം. ഏറ്റവും അടുത്ത സഹപ്രവർത്തകരാകാം വിട്ടുപോകുന്നത്, സുഹൃത്തുക്കൾ ശത്രുക്കളാകാം, സഹയാത്രികർ ശത്രുപക്ഷത്തു ചേരാം. ഞാനൊരിക്കൽ സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്തയാൾ വളരെ താണ നിലവാരത്തിലേക്ക് കൂപ്പുകുത്താം, അധഃപതിക്കാം. സഖാവ് ഘോഷ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്, അങ്ങനെയുണ്ടായാൽ നമ്മൾ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യരുതെന്നാണ്. വേർപിരിയൽ ഉണ്ടാകട്ടെ. ഇക്കാര്യത്തിൽ സമാധാനപരമായ സഹവർത്തിത്വം എന്ന ചോദ്യമേ ഉദിക്കുന്നില്ല. വെടിയുണ്ടകളെ ധീരനായി നേരിട്ട ഒരു വ്യക്തി പോലും, സ്‌നേഹത്തിന്റെയും വാൽസല്യത്തിന്റെയും കാര്യം വരുമ്പോൾ ദുർബലനാകാം, കാലിടറാം. ഇക്കാര്യത്തിലും സഖാവ് ശിബ്ദാസ് ഘോഷിൽ നിന്നും മുന്നറിയിപ്പുണ്ട്.
നമ്മുടെ പാർട്ടിയിൽ, സഖാവ് ശിബ്ദാസ് ഘോഷിന്റെ മാർഗനിർദേശം അനുസരിച്ച് പുതിയ മനുഷ്യരെ സൃഷ്ടിക്കുവാനുള്ള സമരം നടന്നുകൊണ്ടിരിക്കുന്നു. അദ്ദേഹം സ്വയം തന്നെ അങ്ങനെ ചില വ്യക്തിത്വങ്ങളെ സൃഷ്ടിച്ചു. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് പ്രതിസന്ധിയിലാണ്. ഇന്നത്തെ സാഹചര്യത്തിൽ ഒരു കമ്മ്യൂണിസ്റ്റാകുന്നത് അത്യധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. 1940- കളിലും 50-കളിലും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മഹത്വമാർന്ന മുന്നോട്ടുള്ള പ്രയാണത്തിന്റെ അനുകൂല സാഹചര്യത്തിൽ, അനവധിയാളുകൾ മുന്നോട്ടു വന്ന് കമ്മ്യൂണിസത്തെ സ്വീകരിച്ചു. അന്ന് മഹാനായ സ്റ്റാലിന്റെ നേതൃത്വത്തിൽ സോവിയറ്റ് സോഷ്യലിസവും ക്രമമായി പുരോഗമിക്കുകയായിരുന്നു. ചൈനീസ് വിപ്ലവവും തിളക്കമാർന്ന വിജയം കരസ്ഥമാക്കി. അതിബൃഹത്തായ വിമോചനസമരം വിയറ്റ്‌നാമിൽ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ അന്താരാഷ്ട്ര സംഭവവികാസങ്ങളൊക്കെ കമ്മ്യൂണിസത്തിന് അനുകൂലമായ ഒരു സാഹചര്യം സൃഷ്ടിച്ചു. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ കമ്മ്യൂണിസ്റ്റുകളായി മാറാനുള്ള ആത്മാർത്ഥമായ ആഗ്രഹം ഉണ്ടായിരുന്നു. ഇന്നൊരു പിന്തിരിപ്പൻ തരംഗം ലോകമൊട്ടാകെ വ്യാപിക്കുന്നു. ബഹുജനങ്ങൾക്കിടയിൽ കമ്മ്യൂണിസത്തെക്കുറിച്ച് കൊടിയ ആശയക്കുഴപ്പവും നിരാശയുമുണ്ട്. ഈ പ്രതികൂലസാഹചര്യത്തിൽ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേരുന്നതും, കമ്മ്യൂണിസ്റ്റ് സ്വഭാവം ആർജ്ജിച്ച് നിലനിർത്തുന്നതും തീർച്ചയായും ബുദ്ധിമുട്ടേറിയ സമരമാണ്. പക്ഷേ, ഇങ്ങനെ ബുദ്ധിമുട്ടുള്ള ഒരു സാഹചര്യത്തിൽ എങ്ങനെയാണ് ഒരു കമ്മ്യൂണിസ്റ്റ് തന്റെ അവസാനശ്വാസംവരേയും കമ്മ്യൂണിസ്റ്റ് സ്വഭാവം നിലനിർത്താനുള്ള പോരാട്ടം നടത്തേണ്ടതെന്ന് സഖാവ് ലൂക്കോസ് മാതൃക കാട്ടിയിരിക്കുന്നു. അസുഖം വന്ന് തകരുന്ന ആരോഗ്യത്തെ വകവെയ്ക്കാതെ, തന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ സഖാവ് ലൂക്കോസ് നടത്തിയ പ്രശംസനീയമായ പോരാട്ടത്തെക്കുറിച്ച് സഖാവ് രാധാകൃഷ്ണ നിങ്ങളോട് പറഞ്ഞു. അതിന്റെ ചിലവശങ്ങൾ ഞാനും നിരീക്ഷിച്ചിട്ടുണ്ട്. ആരോഗ്യം മോശമായിക്കൊണ്ടിരുന്നിട്ടും അദ്ദേഹം ഒരു കേന്ദ്രക്കമ്മിറ്റി യോഗംപോലും ഒഴിവാക്കിയിരുന്നില്ല. ആരോഗ്യകാരണം പറഞ്ഞ് ഒരിക്കലും അദ്ദേഹം വിട്ടുനിന്നിട്ടില്ല. ശിബ്പൂർ സെന്ററിൽ താമസിക്കുമ്പോൾ, അദ്ദേഹം പല സൈദ്ധാന്തികചോദ്യങ്ങളും ചർച്ച ചെയ്തിരുന്നു. അദ്ദേഹം പൂർണ്ണമായും ദുർബലനായശേഷം ഞാൻ രണ്ടുവട്ടം കേരളത്തിൽ പോയിരുന്നു. ഒരു സ്റ്റഡി ക്ലാസ്സിൽ, അദ്ദേഹത്തിന് ക്ലാസ് കേൾക്കുന്നതിനായി സഖാക്കൾ അദ്ദേഹത്തെ ഒരു കസേരയിൽ എടുത്തുയർത്തി വേദിയിലെത്തിക്കുന്നത് ഞാൻ കണ്ടു. ആ കസേരയിൽ അധികനേരം ഇരിക്കാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തെ അടുത്ത മുറിയിലേക്ക് കൊണ്ടുപോയി. ഞാൻ കരുതിയത്, അദ്ദേഹം അവിടെ പോയി വിശ്രമിക്കുകയാണെന്നാണ്. പിന്നീട് ഞാനറിഞ്ഞു, അദ്ദേഹം ആ മുറിയിലെ കട്ടിലിൽ കിടന്ന് കൊണ്ട് ക്ലാസ് കേൾക്കുകയായിരുന്നു എന്ന്. അതായിരുന്നു വിജ്ഞാനത്തിനുള്ള അദ്ദേഹത്തിന്റെ ദാഹവും പഠിക്കുവാനുള്ള അദ്ദേഹത്തിന്റെ ആവേശവും. അടുത്ത തവണയും ഞാൻ ഇതേ കാര്യം തന്നെ കണ്ടു. രോഗം മൂലം ഏതെങ്കിലും മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് നടക്കുവാനോ സംസാരിക്കുവാനോ സാധിക്കുമായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ തലച്ചോർ സജീവമായിരുന്നു, കൂടുതൽ അറിയുവാനുള്ള ആഗ്രഹവും ഏറെയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് അസുഖത്തിന്റെതായ യാതൊരു ഭാവവും ഞാൻ കണ്ടില്ല. അദ്ദേഹത്തിന് സ്വന്തമായി കൈകാലുകൾ ചലിപ്പിക്കുവാനോ, ഭക്ഷണം കഴിക്കുവാനോ, നടക്കുവാനോ, കട്ടിലിൽ കിടക്കുവാനോ പോലും പറ്റാതിരുന്നപ്പോഴും, ഞങ്ങളേയോ സഖാക്കളേയോ കാണുമ്പോൾ അങ്ങനെ ഗുരുതരമായ ഒരു അസുഖത്തിന്റെ ലാഞ്ചന പോലും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. അദ്ദേഹത്തിന് എപ്പോഴും പുഞ്ചിരിക്കുന്ന മുഖമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ എപ്പോഴും തിളക്കം നിലനിർത്തിയിരുന്നു. ഞാൻ അവസാനമായി അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ, തീരെ പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം എന്നോട് അഭ്യർത്ഥിച്ചത്, കേരളത്തിലെ പാർട്ടിയെ ശ്രദ്ധിക്കണമെന്നും, ഞാൻ എന്റെ ആരോഗ്യം സൂക്ഷിക്കണമെന്നുമായിരുന്നു. ഇത്രയും പറയാൻ തന്നെ അദ്ദേഹത്തിന്, തന്റെ ചുണ്ടനക്കം മനസ്സിലാവുന്ന മറ്റു സഖാക്കളുടെ സഹായം ആവശ്യമായിരുന്നു. എനിക്കത് നല്ല ഓർമ്മയുണ്ട്. തന്റെ മരണം അടുത്തെത്തിയിരിക്കുന്നു എന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു. അതുകൊണ്ട്, കേരളത്തിലെ പാർട്ടിയെ നോക്കിനടത്തേണ്ട ചുമതല കേന്ദ്രക്കമ്മിറ്റിയുടേതാണ്. അതു മാത്രമല്ല. കേരളത്തിന്റെ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിൽനിന്നും തന്നെ നീക്കണമെന്നും, കേന്ദ്രക്കമ്മിറ്റിയിൽ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം എന്നോട് അഭ്യർത്ഥിച്ചു. ഇവിടെ എനിക്ക് അദ്ദേഹത്തോട് വിയോജിക്കേണ്ടി വന്നു. ഞാൻ പറഞ്ഞു: താങ്കൾ തീർച്ചയായും കേന്ദ്രക്കമ്മിറ്റിയിൽ തുടരും, കാരണം ഞങ്ങൾക്ക് താങ്കളുടെ അഭിപ്രായങ്ങളും കാഴ്ച്ചപ്പാടുകളും ആവശ്യമുണ്ട്. അദ്ദേഹം അത് സമ്മതിച്ചു. കഴിഞ്ഞ നവംബറിൽ ഘാട്ട്‌സിലയിൽ നടന്ന മൂന്നാം പാർട്ടി കോൺഗ്രസിന്റെ സെഷനുകൾക്കിടയിൽ, പല സഖാക്കളും തങ്ങളുടെ കാമറകളിൽ ചിത്രങ്ങളെടുക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഇന്ന് ഇതൊക്കെ ഒരു സാധാരണ കാര്യമായിരിക്കുന്നു. അവസാനം ഞാനും സഖാവ് ഹൈദറും വേദിയിൽനിന്ന് ഇറങ്ങുമ്പോൾ, കേരളത്തിൽ നിന്നുള്ള ഒരു സഖാവ് ഞങ്ങളുടെ അടുത്തെത്തി പറഞ്ഞു, സഖാവ് ലൂക്കോസ് ഞങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന്. അപ്പോളാണ് ഞാൻ അറിഞ്ഞത്, സഖാവ് ലൂക്കോസ്, ചിലപ്പോൾ ഇരുന്നും ചിലപ്പോൾ കട്ടിലിൽ കിടന്നുകൊണ്ടും, വീഡിയോ വഴി പാർട്ടി കോൺഗ്രസിന്റെ മുഴുവൻ നടപടികളും കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്ന്. പാർട്ടി കോൺഗ്രസും അതിന്റെ ചർച്ചകളും ഉടനീളം അദ്ദേഹം പിന്തുടർന്നു. തീർത്തും വയ്യാത്ത ആ അവസ്ഥയിലും അദ്ദേഹത്തിന്റെ ഔത്സുക്യം എത്ര തീക്ഷ്ണമായിരുന്നുവെന്ന് നോക്കൂ. അദ്ദേഹം ഞങ്ങളെ നോക്കി, പുഞ്ചിരിച്ച് റെഡ് സല്യൂട്ട് തന്നു. ഞങ്ങളും അദ്ദേഹത്തിന് റെഡ് സല്യൂട്ട് നൽകി. അദ്ദേഹം ഞങ്ങൾക്കു നൽകിയ അവസാന റെഡ് സല്യൂട്ട് ആയിരുന്നു അതെന്ന് എനിക്ക് തോന്നുന്നു.
സഖാക്കളേ, ഇങ്ങനെയൊരു സഖാവിനെ എനിക്കെങ്ങനെ മറക്കാൻ സാധിക്കും? എന്താ ഒരു വ്യക്തിത്വം! സഖാവ് ശിബ്ദാസ് ഘോഷ് ചിന്തയുടെ സൃഷ്ടിയാണിത്. അദ്ദേഹം നമുക്കേവർക്കുമുള്ള മാതൃകയാണ്. അദ്ദേഹത്തിലെ വിപ്ലവകാരിയുടെ മനോദാർഢ്യത്തിനും ദൃഢനിശ്ചയത്തിനും മുന്നിൽ രോഗത്തിനും തോൽവി സമ്മതിക്കേണ്ടി വന്നു. രോഗവുമായി ബന്ധപ്പെട്ട എല്ലാ വേദനകളേയും അദ്ദേഹം പരാജയപ്പെടുത്തി. മരണത്തെപ്പോലും അദ്ദേഹം തോൽപ്പിച്ചു. തലമുറകളോളം കേരളത്തിലെ സഖാക്കളുടെ ഹൃദയങ്ങളിൽ, ദക്ഷിണേന്ത്യയിൽ തന്നെ ആദ്യമായി, സംസ്ഥാനത്ത് എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയെ കെട്ടിപ്പടുത്ത ആളെന്ന നിലയിൽ അദ്ദേഹമുണ്ടാകും. ഇന്ത്യയെമ്പാടുമുള്ള സഖാക്കളുടെ ഹൃദയങ്ങളിലും അദ്ദേഹം എന്നും ജീവിക്കും. ഈ വ്യക്തിത്വത്തെ ഒരിക്കലും മറക്കാൻ സാധിക്കില്ല. സഖാവ് ശിബ്ദാസ് ഘോഷിന്റെ പാഠങ്ങളുടെ അടിസ്ഥാനത്തിലും, ജനാധിപത്യ കേന്ദ്രീയത നിലനിർത്തിക്കൊണ്ടും, എങ്ങനെയാണ് കൂട്ടായ പ്രവർത്തനം നടത്തേണ്ടത് എന്ന് ഒരു സംഘം സഖാക്കളെ അദ്ദേഹം പഠിപ്പിച്ചു. സഖാവ് ലൂക്കോസിന്റെ ദുഃഖകരമായ വിടവാങ്ങൽ സൃഷ്ടിച്ച വിടവ് നികത്തുന്നതിനും, അദ്ദേഹം ബാക്കിവെച്ച കർത്തവ്യങ്ങൾ പൂർത്തീകരിച്ചുകൊണ്ടും, ഒരൊറ്റ മനുഷ്യനെപോലെ ആ സഖാക്കൾ നിൽക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെയാവണം അദ്ദേഹത്തോടുള്ള ശരിയായ ആദരം കാണിക്കേണ്ടത്.

സഖാക്കളേ, ഒരു കാര്യം കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മറ്റ് യോഗങ്ങളിലും ഞാൻ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. രാഷ്ട്രീയ വിഷയങ്ങളിലേക്കൊന്നും ഇന്ന് ഞാൻ കടക്കുന്നില്ല. നമ്മുടെ പാർട്ടിയുടെ ശക്തി വർധിക്കുകയാണെന്നത് യാഥാർത്ഥ്യമാണ്. എവിടെയെല്ലാം പരിശ്രമമുണ്ടാകുന്നുവോ, എവിടെയെല്ലാം സഖാവ് ശിബ്ദാസ് ഘോഷ് ചിന്തയെ ജനങ്ങളിലേക്ക് എത്തിക്കാൻ നമുക്ക് സാധിക്കുന്നുവോ, അവിടെയെല്ലാം നമുക്ക് പ്രതികരണം ലഭിക്കുന്നുണ്ട്. ഇന്ന് മറ്റ് രാഷ്ട്രീയകക്ഷികളൊക്കെതന്നെ വിശ്വാസയോഗ്യമല്ലാതായിരിക്കുന്നു, ആദർശത്തിന്റെ കാര്യത്തിൽ ദരിദ്രരായിരിക്കുന്നു. ഒരിക്കൽ നമ്മുടെ മുന്നേറ്റത്തിന് വലിയ തടസ്സം സൃഷ്ടിച്ചു കൊണ്ടിരുന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളായ അവിഭക്ത സിപിഐയും, സിപിഐഎമ്മും ഇന്ന് സ്വന്തം കുഴി കുഴിച്ചു കൊണ്ടിരിക്കുന്നു. കുറച്ച് പാർലമെന്ററി സീറ്റുകൾക്കായി വിവിധ ബൂർഷ്വാ കക്ഷികളുടെ വാതിൽക്കൽ പോയി യാചിക്കുകയാണ് ഇന്ന് സിപിഐ(എം). അതാണിപ്പോൾ സിപിഐഎമ്മിന്റെ അവസ്ഥ. വരുംദിനങ്ങൾ നമ്മുടെ പാർട്ടിക്ക് കൂടുതൽ സാധ്യതകളും അവസരങ്ങളും കൊണ്ടുവരും. എന്നാൽ ഇക്കാര്യത്തിൽ ഒരു അപായമുന്നറിയിപ്പുമുണ്ട്. മഹാനായ ലെനിൻ ഒരിക്കൽ പറഞ്ഞിരുന്നു, മാർക്‌സിസത്തിന്റെ വ്യാപനം ആശയസമരം താഴേക്കു പോകുന്നതുമായി ചേർന്നിരിക്കുന്നു. ഒഴിവാക്കാനാകാത്തപോലെ അത് സംഭവിക്കും എന്നല്ല. പക്ഷേ, അങ്ങനെയൊരു ആശങ്ക നിലനിൽക്കുന്നു. ഏതാനും ചിലർ മാത്രമുള്ളപ്പോൾ, അവർക്ക് കഠിനമായി സമരം ചെയ്യേണ്ടി വരുന്നു, കഠിനമായ തടസ്സങ്ങൾ മറികടക്കേണ്ടി വരുന്നു, അനവധി പ്രതികൂലസാഹചര്യങ്ങൾക്കെതിരെ പൊരുതേണ്ടി വരുന്നു. ഈ പ്രക്രിയയിൽ, വിപ്ലവചിന്തയാൽ അവർ ഉരുക്കു പോലെ ഉറയ്ക്കുന്നു, ശക്തരാകുന്നു. പക്ഷേ, ബുദ്ധിമുട്ടുകളും തടസ്സങ്ങളും താരതമ്യേന കുറവായിരിക്കുകയും, വിജയം കൈവരിക്കുന്നത് എളുപ്പമാവുകയും ചെയ്യുമ്പോൾ, ഉയർന്ന സൈദ്ധാന്തിക നിലവാരവും സ്വഭാവവും ആർജ്ജിക്കുവാനുള്ള സമരം ഉദാസീനമാകാൻ സാധ്യതയുണ്ട്. ഇതിനെക്കുറിച്ചാണ് മഹാനായ ലെനിൻ മുന്നറിയിപ്പ് തന്നത്. നമ്മുടെ സഖാക്കൾ, നേതാക്കൾ, പുതിയ കേന്ദ്രക്കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന സെക്രട്ടറിമാർ, ജില്ലാ സെക്രട്ടറിമാർ, അങ്ങനെ എല്ലാവരും തങ്ങളുടെ സൈദ്ധാന്തികവും സാംസ്‌കാരികവുമായ നിലവാരം ഉയർത്തുന്നതിനുള്ള നിരന്തരസമരം നടത്തേണ്ടതുണ്ട്. മുതിർന്നവരെക്കുറിച്ച്, ഇളമുറക്കാർ അന്ധരാകാൻ പാടില്ല. നേതാക്കളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റ് അവരുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ, അവരത് ധൈര്യമായി ചൂണ്ടിക്കാട്ടണം. തങ്ങളുടെ പങ്കാളികൾ തെറ്റുവരുത്തുന്നതായി കണ്ടാൽ, വിവാഹിതരായ സഖാക്കൾ അതിനെതിരെ പൊരുതണം. മക്കളോടുള്ള സമീപനത്തിന്റെ കാര്യത്തിലും അവർ പൊരുതണം. ഓർക്കുക, ഇന്നത്തെ ലോകത്തിൽ മാർക്‌സിസം-ലെനിനിസം-ശിബ്ദാസ് ഘോഷ് ചിന്ത മാത്രമാണ് ഒരേയൊരു ഉൽകൃഷ്ട മാതൃക, പ്രതീക്ഷയുടെ ഒരേയൊരു രശ്മി. മാനവസംസ്‌കാരം ഒന്നാകെ ഇന്ന് അഗാധമായ പ്രതിസന്ധിയിലാണ്. സാമ്പത്തികപ്രതിസന്ധി മാത്രമല്ല, മാനവമൂല്യങ്ങളുടെയും, മനുഷ്യന്റെ സത്തയുടേയും സദാചാരത്തിന്റെയും പ്രതിസന്ധി. മനുഷ്യൻ എന്നു വിളിക്കപ്പെടാൻ അർഹരായ ആരുംതന്നെ ഉണ്ടാകില്ല. ഇതാണിന്ന് മനുഷ്യകുലത്തിന്റെ അവസ്ഥ. പടരുന്ന ഈ ഇരുട്ടിനുനടുവിൽ നിന്നുകൊണ്ട്, നമുക്ക് നമ്മുടെ പാർട്ടിയെ സംരക്ഷിച്ച് പരിപാലിക്കുകയും, മാർക്‌സിസം-ലെനിനിസം-ശിബ്ദാസ് ഘോഷ് ചിന്തയുടെ ശ്രേഷ്ഠമായ കൊടിക്കൂറ ഉയർത്തിപ്പിടിക്കുകയും വേണം. പാർട്ടിയെ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. കേവലം എണ്ണത്തിലുള്ള വർധനകൊണ്ടുമാത്രം കാര്യമില്ല. നമുക്കു വേണ്ടത് ഗുണമാണ്. ഗുണം നിലനിർത്തുന്നതിനായി, നമ്മുടെ സൈദ്ധാന്തിക-സാംസ്‌കാരിക നിലവാരം ഉയർത്തുന്നതിനുള്ള സമരം അവിശ്രമം നടത്തേണ്ടത് അങ്ങേയറ്റം അത്യാവശ്യമാണ്. സഖാവ് ശിബ്ദാസ് ഘോഷ് പഠിപ്പിച്ചതു പോലെ, പാർട്ടിയെ രക്ഷിക്കുവാനായി ആരേയും ഒഴിവാക്കരുത്, ജനറൽ സെക്രട്ടറിയേപ്പോലും. ഇത്രയും പറഞ്ഞുകൊണ്ട്, ഇന്നും പ്രസക്തമായ, സഖാവ് ശിബ്ദാസ് ഘോഷിന്റെ ഒരു അഭ്യർത്ഥന വായിക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്. സഖാവ് സുബോധ് ബാനർജിയുടെ അനുസ്മരണ സമ്മേളനത്തിൽ വെച്ച് അദ്ദേഹം പറഞ്ഞു: ‘ഞാൻ പറഞ്ഞത്, വരുംദിനങ്ങൾ നമുക്ക് ഏറെ പ്രധാനപ്പെട്ടതാണ്. അതിവേഗത്തിൽ, വളരെ കുറഞ്ഞ സമയം കൊണ്ട്, വിപ്ലവത്തിനാവശ്യമായ രാഷ്ട്രീയവും സംഘടനാപരവുമായ കരുത്ത് നേതൃത്വത്തിനു നൽകുന്ന തരത്തിൽ, നിങ്ങളീ പാർട്ടിയെ നിർമ്മിച്ചെടുക്കേണ്ടതുണ്ട്. പണ്ട് നമ്മൾ ആലോചിച്ചാൽ കൂടി ഈ കർത്തവ്യം നമുക്ക് സാധിക്കുമായിരുന്നില്ല. പക്ഷേ ഇപ്പോൾ, നമുക്കുള്ള ആൾബലം കൊണ്ട്, നമ്മളോരോരുത്തരും – ഓരോ നേതാവും കേഡറും – ഇതിനെ യാഥാർത്ഥ്യമാക്കുന്നതിന് പരിശ്രമിച്ചാൽ, മതിയായ ആലോചനകളോടു കൂടി, ഇത് നേടുന്നതിൽ നമ്മൾ വിജയിക്കും. ആ ലക്ഷ്യത്തിലേക്കായി, ഇവിടെ സന്നിഹിതനായിരിക്കുന്ന ഓരോ പ്രവർത്തകനും, തന്താങ്ങളുടെ കർത്തവ്യങ്ങളിൽനിന്നും പിന്തിരിയാതെ, വ്യക്തിപരമായ മുൻകൈയ്യിലും ധിഷണയിലും അവ ചെയ്തുതീർക്കുക – അത് നിങ്ങൾക്ക് നേടാൻ സാധിച്ചാലും ഇല്ലെങ്കിലും, അതിൽ വിജയിച്ചാലും ഇല്ലെങ്കിലും. ഇതിന്റെ രീതി എന്തെന്നാൽ, ഒരുവശത്ത് പാർട്ടിയുടെ രാഷ്ട്രീയം നിങ്ങൾ പഠിക്കും. മറുവശത്ത്, ഈ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ മേഖലകളിലുമുള്ള ജനങ്ങളെ സംഘടിപ്പിക്കാൻ നിങ്ങൾ എല്ലാ പ്രയത്‌നവും നടത്തും… അതുകൊണ്ട്, അടിസ്ഥാനവസ്തുത ഗ്രഹിക്കുക – ഇന്ത്യൻ വിപ്ലവം ഉദയത്തിന്റെ പ്രാരംഭത്തിലാണ്, ഒപ്പം ഈ സമൂഹത്തിൽ മൂല്യവത്തായ ഒന്നും അവശേഷിക്കുന്നില്ല. – ഇത് നിങ്ങൾ തിരിച്ചറിയണം. ഇതിന് എന്തെങ്കിലും വേദനാസംഹാരി നൽകി ജീവൻ നിലനിർത്താൻ ഭരണവർഗത്തിന് ഇനി കഴിയില്ല. ഇന്ത്യൻ സമൂഹം അതിന്റെ പ്രസവവേദനയിലാണ്. പക്ഷേ, ജനങ്ങളുടെ സുസംഘടിതവും സചേതനവുമായ രാഷ്ട്രീയ മുന്നേറ്റത്തിന്റെ അഭാവം അത് അനുഭവിക്കുന്നു. ജനങ്ങളുടെ വിപ്ലവത്തെ ഇളക്കിവിടുവാൻ പര്യാപ്തമായ ഏറ്റവും ചുരുങ്ങിയ ശക്തിയെങ്കിലുമുള്ള ഒരു യഥാർത്ഥ വിപ്ലവപാർട്ടിയുടെ അഭാവം അത് അനുഭവിക്കുന്നു. വിപ്ലവത്തിനു പാകമായ ഈ സാഹചര്യത്തെ, വിപ്ലവത്തിനായുള്ള സുസംഘടിതവും സുദീർഘവുമായ ഒരു ശക്തമായ യുദ്ധത്തിലേക്ക് നയിക്കാനാകും. ആകെത്തുകയിൽ, വിപ്ലവത്തിനുള്ള വസ്തുനിഷ്ഠ സാഹചര്യം, അതിന് അവശ്യം വേണ്ടതായ എല്ലാ ആയുധങ്ങളുമായി പാകപ്പെട്ടിരിക്കുന്നു. ജനം മാറ്റത്തിനായി കൊതിക്കുന്നു. ഈ പഴയ വ്യവസ്ഥയുടെ സൈനികശക്തിയല്ലാതെ മറ്റൊന്നും ഭരണവർഗത്തിന് ആശ്രയിക്കാനില്ല. ജനങ്ങളുടെ അജ്ഞതയേയും രാഷ്ട്രീയ ആശയക്കുഴപ്പങ്ങളേയും അവർ കണക്കിലെടുക്കുമെങ്കിലും, അതിലൊന്നും വലിയ കാര്യവുമില്ല. ജനങ്ങൾക്കുമേൽ യാഥാർത്ഥ്യം വളരെയധികം സമ്മർദ്ദം ചെലുത്തുമ്പോൾ, ആശയക്കുഴപ്പമുണ്ടാക്കുന്ന ചിന്തകൾക്കോ, മതം നൽകുന്ന മിഥ്യാബോധത്തിനോ അവരെ തടഞ്ഞുനിർത്താനാകില്ല. വിപ്ലവത്തിന്റെ വേലിയേറ്റം പൊട്ടിപ്പുറപ്പെടുമ്പോൾ, ബഹുജനങ്ങളുടെ കുത്തൊഴുക്കിനെ തടഞ്ഞുനിർത്തുന്നതിൽ ഒരു വാദത്തിനും വിജയിക്കാനാകില്ല. പക്ഷേ, എന്താണ് കുറവുള്ളത്? അത്, ശരിയായ വിപ്ലവ രാഷ്ട്രീയലൈനിലും, പ്രത്യയശാസ്ത്രത്തിലും, സമഗ്രമായ വിപ്ലവസിദ്ധാന്തത്തിലും അധിഷ്ഠിതമായ, മതിയായ ശക്തിയുള്ള യഥാർത്ഥ വിപ്ലവപാർട്ടിയാണ്. അങ്ങനെയൊരു പാർട്ടിയുണ്ട്, അത് വളർന്നു വന്നിട്ടുണ്ട്. ശരിയായ ദിശയിൽ കൃത്യമായ വിപ്ലവലൈനിലുള്ള സുദീർഘപോരാട്ടങ്ങളിലേക്ക്, ജനകീയ പ്രക്ഷോഭങ്ങളുടെ പൊട്ടിത്തെറികളെ വഴിതിരിച്ചു വിടാനുള്ള ശക്തിയാണ് അതിനില്ലാത്തത്. ജീവൻ കൊടുത്തിട്ടാണെങ്കിൽ പോലും എങ്ങനെയെങ്കിലും ഈ കരുത്ത് വേഗം തന്നെ നിങ്ങൾ നേടിയെടുത്തേ പറ്റൂ.’

ഇതാണ് സഖാവ് ശിബ്ദാസ് ഘോഷിന്റെ അഭ്യർത്ഥന. ഇനി, സഖാവ് ലൂക്കോസിന്റേതു പോലെ അനുകരണീയമായ ഒരു അപൂർവ കമ്മ്യൂണിസ്റ്റ് വ്യക്തിത്വത്തിൽ നിന്നും ആവശ്യമായ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടും, നമ്മുടെ മഹാനായ നേതാവും ആചാര്യനുമായ സഖാവ് ശിബ്ദാസ് ഘോഷിന്റെ അഭ്യർത്ഥന ഹൃദയത്തിലേറ്റിക്കൊണ്ടും നിങ്ങൾ ഈ യോഗത്തിൽ നിന്നും മടങ്ങിപ്പോവുക. ഇത്രയും പറഞ്ഞ്, ഞാൻ ഇവിടെ ഉപസംഹരിക്കുന്നു.
സഖാവ് സി.കെ.ലൂക്കോസിന് ലാൽസലാം!
നമ്മുടെ നേതാവും ആചാര്യനും മാർഗദർശിയുമായ സഖാവ് ശിബ്ദാസ് ഘോഷിന് ലാൽസലാം!

Share this post

scroll to top