ഡിസാസ്റ്റർ ക്യാപ്പിറ്റലിസം : മുതലാളിത്ത ജീർണ്ണതയുടെ പാരമ്യം

Disaster-Capitalism-e1731289670929.jpg
Share

പുനർനിർമ്മാണം മൂലധനനിക്ഷേപത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മേഖലയായി മാറിയിരിക്കുന്നു. പ്രകൃതിദുരന്തങ്ങളെ മുതലാക്കുക മാത്രമല്ല, ആവശ്യകതയ്ക്കനുസരിച്ച് യുദ്ധങ്ങളും കടന്നാക്രമണങ്ങളും സൃഷ്ടിച്ച് എല്ലായിപ്പോഴും ഈ കമ്പോളം ഉണ്ടാക്കിയെടുക്കാം എന്നത് ഇതിനൊരു കാരണമാണ്. ‘ഡിസാസ്റ്റർ ക്യാപ്പിറ്റലിസം’ അഥവാ ‘ദുരന്തകാല മുതലാളിത്തം’ മനുഷ്യന്റെ ഏറ്റവും നിസ്സഹായമായ അവസ്ഥയെയും ചൂഷണംചെയ്ത് കമ്പോളമുറപ്പാക്കുന്നു.

നിത്യജീവിതത്തിന്റെ അനുക്രമമായ ഗതിയെ പൊടുന്നനെ ഇളക്കിമറിച്ചു കൊണ്ടാണ് ദുരന്തങ്ങൾ പ്രത്യക്ഷപ്പെടുക. ചിലത് വ്യക്തികളിൽ ഒതുങ്ങും. ചിലത് വലിയൊരു ജനസമൂഹത്തെയാകെ പിഴുതെറിയും. സഹജീവി സ്നേഹമുള്ള ജനതയും ജനക്ഷേമം മുഖ്യകടമയായി കരുതുന്ന സർക്കാരുമുണ്ടെങ്കിൽ ഏതൊരു ദുരന്തത്തിൽനിന്നും ക്രമേണ കരകയറാനാവും. അടിയന്തര രക്ഷാപ്രവർത്തനവും ദുരിതാശ്വാസവും പുനരധിവാസവും പോലെ പ്രധാനപ്പെട്ടതാണ്, ദുരന്തസാധ്യതകളെ തടയാനും ദുരന്തമുണ്ടായാൽ നേരിടാനുള്ള മുൻകൂർ തയ്യാറെടുപ്പും യഥാസമയം മുന്നറിയിപ്പ് നൽകാനുള്ള സംവിധാനങ്ങളും. പ്രകൃതി നിയമങ്ങളെപ്പറ്റി മനുഷ്യരാശി ഇതഃപര്യന്തം ആർജ്ജിച്ചിട്ടുള്ള വിജ്ഞാനവും സാങ്കേതികവിദ്യകളും പ്രകൃതിയുടെ ക്ഷോഭങ്ങളെ മെരുക്കാൻ ഒരു പരിധിവരെ പ്രാപ്തമാണ്.
മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ ആരംഭം മുതൽ പ്രകൃതി സൃഷ്ടിക്കുന്ന കെടുതികളെ കൂട്ടായി നേരിട്ടാണ് അതിജീവിച്ചതും മുന്നോട്ടുപോയതും. മാനവസാഹോദര്യത്തിന്റെ ഉദാത്തമായ ഏടുകളാണ് നമുക്കവിടെ കാണാനാവുക. സ്വാർത്ഥലാഭത്തിനുവേണ്ടി ദുരന്തങ്ങളെ ഉപയോഗിക്കുക എന്നത് മാനുഷിക ഗുണങ്ങളുള്ളവർക്ക് സങ്കൽപ്പിക്കാനാവാത്തതാണ്. പക്ഷേ, മുതലാളിത്തം ഒരു വ്യവസ്ഥിതി എന്ന നിലയിൽ അത്യന്തം ജീർണ്ണിച്ച ഈ ഘട്ടത്തിൽ നാം കാണുന്നത് ദുരന്തങ്ങളെ ലാഭലക്ഷ്യങ്ങളാക്കി മാറ്റുന്ന പൈശാചികതയാണ്.


യുദ്ധദുരന്തങ്ങൾ സാമ്രാജ്യത്വത്തിന്റെ സൃഷ്ടി


പ്രകൃതിദുരന്തങ്ങൾക്ക് സമാനമായ ഭീകരമായ കെടുതികളാണ് ആഗോളതലത്തിൽ യുദ്ധങ്ങൾ സൃഷ്ടിക്കുന്നത്. യുദ്ധങ്ങൾ പ്രത്യക്ഷത്തിലും പ്രകൃതിദുരന്തങ്ങൾ പരോക്ഷമായും മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്. സ്വന്തം രാജ്യത്തെ കമ്പോളത്തിന്റെ സീമകളെ കവച്ചുവയ്ക്കുന്ന ഉൽപാദനശേഷി കൈവരുന്നതോടെ അന്യരാജ്യത്തെ കമ്പോളങ്ങൾ ബലാൽക്കാരേണ പിടിച്ചെടുക്കുന്നതിനും പുനർവിഭജനം നടത്തുന്നതിനും വേണ്ടിയുള്ളതാണ് സാമ്രാജ്യത്വ കടന്നാക്രമണയുദ്ധങ്ങൾ. തൊഴിലാളിയുടെ അധ്വാനം വഴി സൃഷ്ടിക്കുന്ന മൂല്യത്തിന്റെ വലിയൊരു ഭാഗം മുതലാളി കവർന്നെടുക്കുന്നതു കാരണം വാങ്ങൽശേഷി കുറയുന്നതോടെ ഉണ്ടാവുന്ന അമിതോൽപാദനം എന്ന പ്രതിഭാസം കമ്പോള പ്രതിസന്ധിയിലേക്ക് നയിക്കുന്നു. അതിൽനിന്ന് കരകയറാൻ സ്വീകരിക്കുന്ന കുറുക്കുവഴിയാണ് സമ്പദ്‌വ്യവസ്ഥയുടെ സൈനികവൽക്കരണം എന്നത്. അവിടെ സർക്കാർ തന്നെ ഉപഭോക്താവാകുന്നു. സാധാരണ ജനങ്ങളിൽനിന്ന് സമാഹരിക്കുന്ന നികുതിപ്പണത്തിന്റെ വലിയൊരു പങ്ക് ജനക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാതെ, സൈനിക സാമഗ്രികൾ വാങ്ങാൻ ഉപയോഗിക്കുന്നു. ഇങ്ങനെ കൃത്രിമമായി സൃഷ്ടിക്കുന്ന കമ്പോളം വഴി വൻകിട കുത്തകമുതലാളിമാർ ലാഭക്കൊയ്ത്ത് നടത്തുന്നു. കുന്നുകൂടുന്ന യുദ്ധോപകരണങ്ങൾ പ്രയോഗിച്ചു തീർക്കാനും കാര്യക്ഷമത കാട്ടി അവ മറ്റു രാജ്യങ്ങൾക്ക് വിറ്റഴിക്കാനും ഇടയ്ക്കിടെ യുദ്ധങ്ങൾ ആവശ്യമായി വരുന്നു. ക്രിമിനൽ മൂലധനശക്തികളുടെ ഇച്ഛാനുസരണം യുദ്ധം സൃഷ്ടിക്കാനായി, രാഷ്ട്രീയ വൈരങ്ങൾ ഇളക്കി വിടാനുള്ള വൈഭവം ഈ രാഷ്ട്രങ്ങൾക്കുണ്ട്. ചരിത്രവും പുരാണവും വംശീയതയും അടക്കമുള്ള കാര്യങ്ങൾ ഉപയോഗപ്പെടുത്തി ഏതൊരു നിമിഷവും യുദ്ധം സൃഷ്ടിക്കുവാൻ പോന്ന നയതന്ത്രസംവിധാനങ്ങളും ചാരപ്രവർത്തനങ്ങളും സങ്കുചിത ദേശീയഭ്രാന്ത് സൃഷ്ടിക്കാനുള്ള പ്രചാരണോപാധികളും സദാ സജ്ജമാണ്. ഭ്രാന്തമായ, സർവ്വനാശം വിതയ്ക്കുന്ന യുദ്ധക്കെടുതികൾ സൃഷ്ടിക്കപ്പെടുന്നത് ഇവ്വിധമാണ്. സാമ്രാജ്യത്വം യുദ്ധം സൃഷ്ടിക്കുമെന്ന ലെനിന്റെ പാഠം ഇവിടെ നാം ഓർക്കണം.


പ്രകൃതിദുരന്തങ്ങളും സൃഷ്ടിക്കപ്പെടുന്നത്


പ്രകൃതിദുരന്തങ്ങൾ(natural disasters) സ്വാഭാവികം(natural) എന്ന് പറയാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഭൂഗോളത്തിലുള്ള ഒരു പ്രദേശവും കടുത്ത പ്രകൃതിക്ഷോഭങ്ങളിൽനിന്ന് മുക്തമല്ല. ഇക്കാര്യത്തിൽ രാജ്യാതിർത്തികൾക്ക് പ്രസക്തിയില്ലാതായി. വിനാശകാരികളായ ചുഴലിക്കാറ്റുകൾ, ഇതുവരെ കാണാത്ത വിധത്തിലുള്ള വരൾച്ച, വൻകെടുതികൾ സൃഷ്ടിക്കുന്ന വെള്ളപ്പൊക്കം, വിശാലമായ വനങ്ങളെ വിഴുങ്ങുന്ന കാട്ടുതീ എന്നിവയൊക്കെ നിരന്തരം ലോകത്തിന്റെ ഏതെങ്കിലുമൊക്കെ ഭാഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ ജീവനും ജീവിതവും ഞൊടിയിടകൊണ്ട് കശക്കിയെറിയപ്പെടുന്നു.
കോടിക്കണക്കിന് വർഷങ്ങൾകൊണ്ട് താരതമ്യേന സന്തുലിതാവസ്ഥ കൈവരിച്ച ഭൂമി പൊടുന്നനെയെന്നവണ്ണം കോപാകുലമായത് എന്തുകൊണ്ട് എന്നതിന് കൃത്യമായ കാരണങ്ങൾ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴുണ്ടാവുന്ന 90% പ്രകൃതി ദുരന്തങ്ങളും ആഗോളതാപനം വഴിയുള്ള കാലാവസ്ഥാവ്യതിയാനങ്ങൾ കാരണമാണെന്നും, അതാവട്ടെ, പ്രധാനമായും വികസിത സാമ്രാജ്യത്വ രാജ്യങ്ങളിൽനിന്ന് പുറന്തള്ളപ്പെടുന്ന ഹരിതഗൃഹവാതകങ്ങൾ വഴിയാണെന്നും കണ്ടെത്തിയിട്ട് ദശാബ്ദങ്ങളായി. താൽക്കാലിക നേട്ടങ്ങൾക്കായി മനുഷ്യന്റെ ഭാവിജീവിതത്തെ പരിഗണിക്കാതെ വൻകിട മുതലാളിമാർ അതിലാഭത്തിനുവേണ്ടി നടത്തുന്ന ഭ്രാന്തമായ പാച്ചിലിൽ സൃഷ്ടിക്കപ്പെടുന്നതാണ് ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനംമൂലമുള്ള ദുരന്തങ്ങൾ. അവയുടെ വ്യാപ്തി കുറയ്ക്കാൻ മാർഗം ഇല്ലാഞ്ഞിട്ടല്ല. ഇക്കാര്യത്തെ മുൻനിർത്തി നടന്ന നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളുടെ തീരുമാനങ്ങൾ മുൻനിര രാഷ്ട്രങ്ങൾ നടപ്പിലാക്കുന്നില്ല എന്നതാണ് കാരണം. പ്രതികളായ കുത്തക മുതലാളിമാരുടെ ലാഭത്തിന്റെ ഒരു വിഹിതം ചെലവഴിക്കേണ്ടിവരും എന്നതാണ് അവരെ തടയുന്നത്. ആഗോള മുതലാളിത്തത്തിന്റെ ക്രിമിനൽ ലാഭതാൽപര്യങ്ങളാണ് മനുഷ്യരാശിയെപ്പോലും നശിപ്പിക്കാനിടയുള്ള കാലാവസ്ഥാ വ്യതിയാനത്തിന് കാരണം എന്ന് നിസ്സംശയം പറയാം.’ നമ്മൾ പ്രകൃതിദുരന്തങ്ങളുടെ ഒരു ടൈംബോംബിന് മുകളിലാണ് ഇരിക്കുന്നത്’ എന്ന് പറഞ്ഞത് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലാണ്.


ദുരന്തകാലത്തെ മുതലാളിത്തം പ്രയോജനപ്പെടുത്തുന്നു


അങ്ങനെ, ഇക്കാലത്തെ ദുരന്തങ്ങൾ, -അവ പ്രകൃതിദുരന്തങ്ങളാവട്ടെ, യുദ്ധമാവട്ടെ- സൃഷ്ടിക്കുന്നത് എങ്ങനെയാണോ അതേ കൗശലത്തോടെ തന്നെയാണ് ഈ ദുരന്തങ്ങളുണ്ടാക്കുന്ന കെടുതികളെയും തങ്ങളുടെ ലാഭാര്‍ത്തിയെ താൽക്കാലികമായി ശമിപ്പിക്കുന്നതിന് മുതലാളിത്തം പ്രയോജനപ്പെടുത്തുന്നത്. സാധാരണ അവസ്ഥയിൽ നിക്ഷേപസാധ്യതയില്ലാത്ത വൻകിട മൂലധനത്തിന് ഒരു ദുരന്താനന്തര സാഹചര്യത്തിൽ വൻതോതിൽ നിക്ഷേപം നടത്താനുള്ള അവസരം തുറന്നു കൊടുക്കുന്ന തരത്തിൽ നയങ്ങൾ ആവിഷ്കരിക്കപ്പെടുകയാണ്. മനുഷ്യന്റെ ദൈന്യതയെ വിറ്റു കാശാക്കുന്ന ഈ വന്യമായ കൊള്ള ‘ദുരന്തകാല മുതലാളിത്തം(ഡിസാസ്റ്റർ ക്യാപ്പിറ്റലിസം) എന്ന് വിളിക്കപ്പെടുന്നു. ലോകപ്രശസ്ത പത്രപ്രവർത്തകയും എഴുത്തുകാരിയുമായ നവോമി ക്ലെയ്ൻ 2007ൽ പ്രസിദ്ധീകരിച്ച “ഷോക്ക് ഡോക്ട്രിൻ” എന്ന ഗ്രന്ഥത്തിൽ ഈ പ്രതിഭാസത്തെ ഇഴകീറി പരിശോധിക്കുന്നു.
“അത്യാപത്തു വരുത്തുന്ന ദാരുണസംഭവങ്ങളുണ്ടാകുമ്പോൾ പൊതുജീവിതത്തിനുമേൽ നടത്തുന്ന ആസൂത്രിതമായ മിന്നലാക്രമണങ്ങളും, ദുരന്തങ്ങളെ മികച്ച കമ്പോളാവസരങ്ങളാക്കി മാറ്റുന്ന രീതിയും സംയോജിക്കുന്നതാണ് ദുരന്ത മുതലാളിത്തം” എന്നാണ് നവോമി ക്ലെയ്ൻ നിർവ്വചിക്കുന്നത്.
1950കളിൽ ഷിക്കാഗോ സർവ്വകലാശാലയിൽ സാമ്പത്തികശാസ്ത്ര പ്രൊഫസറായിരുന്ന മിൽട്ടൺ ഫ്രീഡ്‌മാനാണ് ദുരന്ത മുതലാളിത്തമെന്ന് ഇന്നു വിളിക്കപ്പെടുന്ന പ്രതിഭാസത്തിന്റെ താത്വിക അടിത്തറ നിർവചിച്ചത്. ‘പുതിയ സ്വതന്ത്രമത്സരം’ എന്നതാണ് ഇതിന്റെ കാതൽ. വിപണിയെ എല്ലാത്തരം നിയന്ത്രണങ്ങളിൽ നിന്നും മോചിപ്പിച്ചാൽ അത് ഒരു സമ്പദ്‌വ്യവസ്ഥയുടെ സ്വാഭാവിക സന്തുലനം കണ്ടെത്തും. ഉല്പാദനവും തൊഴിലവസരങ്ങളും ക്രയവിക്രയവുമെല്ലാം ഇതിനനുസരിച്ച് ക്രമീകരിക്കപ്പെടും. വില കുറയ്ക്കാനോ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനോ വിപണിയെ നിയന്ത്രിക്കാനോ ഒക്കെയുള്ള ഭരണകൂടത്തിന്റെ ഇടപെടൽ ഈ സന്തുലനത്തെ താളം തെറ്റിക്കും. അത് സമ്പദ്‌വ്യവസ്ഥയ്ക്കു നല്ലതല്ല. ഇതാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. ഗണിതശാസ്ത്രമോഡലുകളിലൂടെ ശാസ്ത്രീയപദാവലികളോടെയാണ് അവതരിപ്പിച്ചത് എന്നതിനാൽ അതിനൊരു അക്കാദമികസ്വഭാവവും ലഭിച്ചു. അതിവേഗതയിൽ ജനജീവിതത്തിനുമേൽ വന്നുപതിക്കുന്ന ദുരന്തങ്ങൾ ഈ നിയന്ത്രണങ്ങളെ തൂത്തെറിയാനായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലവകാശങ്ങൾ വെട്ടിച്ചുരുക്കുക, പൊതുസേവനങ്ങൾക്കായുള്ള സർക്കാർ ചെലവുകൾ നിർത്തലാക്കുക, പൊതു സേവനങ്ങൾ പുറംകരാറുകളിലൂടെ നടപ്പാക്കുക, പൊതുമുതലിന്റെ തിരോധാനം, സ്വകാര്യമൂലധനത്തിന് എല്ലാ മേഖലകളിലും നിക്ഷേപാവസരം നൽകുക എന്നിങ്ങനെ ആഗോളീകരണത്തിന്റെ മന്ത്രങ്ങളായി ഇന്ന് സ്വീകരിക്കപ്പെടുന്ന കാര്യങ്ങളെല്ലാം ഫ്രീഡ്‌മാന്റെ ഷിക്കാഗോ സ്കൂളിന്റെ മാനസസന്തതികളാണ്.
സിഐഎയുടെ സഹായത്തോടെ മാക്ഗിൽ യൂണിവേഴ്സിറ്റിയിൽ ഡോ. ഇവെൻ കാമറൂണിന്റെ നേതൃത്വത്തിൽ, തടവുകാരെ ചോദ്യം ചെയ്യുന്നതിനുള്ള നൂതന വിദ്യകൾ ആവിഷ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ, ചില രോഗികളുടെ മേൽ നടത്തിയ മനുഷ്യത്വരഹിതമായ പരീക്ഷണമാണ് ഷോക് ചികിത്സ. ഇലക്ട്രിക് ഷോക്കുകളും എൽഎസ്‌ഡി പോലുള്ള സൈക്കഡലിക് മരുന്നുകളും പരിധിവിട്ട് രോഗിയിലേൽപ്പിച്ച് അവരുടെ മനസ്സിനെ ശൂന്യമാക്കുകയും പിന്നീട് ആവശ്യാനുസരണം പരുവപ്പെടുത്തിയെടുക്കുകയും ചെയ്യാമെന്നാണ് അവർ കരുതിയത്.


സമ്പദ്‌വ്യവസ്ഥയെ മെരുക്കിയെടുക്കാനും ഇതുപോലുള്ള ഷോക്ക് ചികിത്സ ആവശ്യമാണെന്ന് ഫ്രീഡ്‌മാൻ വാദിച്ചു . ഇത്തരത്തിലുള്ള ഷോക്ക് ചികിത്സയ്ക്ക് സാഹചര്യം ഒരുക്കുംവിധം യുദ്ധമോ യുദ്ധസമാനമായ ദുരന്തസാഹചര്യമോ സൃഷ്ടിക്കാനായി കൃത്യമായ ആസൂത്രണം നടത്താനും അത് നടത്തിയെടുക്കാനുമുള്ള ഏജൻസികളുണ്ട്. സിഐഎയും പെന്റഗണും ആണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. അവർ ഓരോ രാജ്യത്തെയും മൂലധനശക്തികളുമായി ഒത്തുചേർന്ന് വ്യവസ്ഥാപിതമായി ജനങ്ങൾ തിരഞ്ഞെടുക്കുന്ന പുരോഗമന സർക്കാരുകളെ അട്ടിമറിക്കാൻ കുത്തിത്തിരിപ്പ് ഉണ്ടാക്കുകയും പട്ടാള അട്ടിമറികൾ സംഘടിപ്പിക്കുകയും ചെയ്യും. എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും വഴക്കങ്ങളെയും ഇല്ലാതാക്കുകയും പ്രതിഷേധങ്ങളെ നിഷ്ഠുരമായി അടിച്ചമർത്തുകയും ചെയ്യും. അങ്ങനെ ജനങ്ങൾക്ക് ഷോക്ക് നൽകി അസ്തപ്രജ്ഞരാക്കി അരങ്ങൊരുക്കിയതിനുശേഷമാണ് മൂലധനശക്തികൾ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാനുള്ള തേർവാഴ്ച ആരംഭിക്കുന്നത്. ജനങ്ങൾക്ക് അനുകൂലമായ എല്ലാ പുരോഗമന നയങ്ങളും പിൻവലിക്കപ്പെടും. പൊതുമുതൽ സ്വകാര്യവൽക്കരിക്കും. ജനക്ഷേമ പ്രവർത്തനങ്ങളിൽനിന്ന് സർക്കാർ പിന്തിരിയും.തൊഴിലാളികളെ വൻതോതിൽ പിരിച്ചുവിടും. വിലക്കയറ്റം ഭീകരമായി വർദ്ധിപ്പിക്കും. തങ്ങളുടെ വാഴ്ചയ്ക്ക് തടസ്സമെന്നു കരുതുന്ന സർവ്വരേയും വകവരുത്തുകയോ തടവറകളിൽ നിഷ്ഠുരമായ പീഡനങ്ങൾക്ക് ഇരയാക്കുകയോ ചെയ്യും. ജനങ്ങൾ പാപ്പരാവുകയും ജനങ്ങളെ പിഴിഞ്ഞൂറ്റി ഏതാനും കുത്തക മുതലാളിമാർ തടിച്ചു കൊഴുക്കുകയും ചെയ്യും. ഇതിനെല്ലാം കാവലാളായി ലോകസാമ്രാജ്യത്വത്തിന്റെ പൈശാചിക ശക്തിയുടെ തലവൻ എന്ന നിലയിൽ യുഎസ് സാമ്രാജ്യത്വം ഉണ്ടാവും.


ചിലിയിലെ പരീക്ഷണം


രാജ്യത്തെ സമ്പത്ത് കൊള്ളയടിക്കാൻ ദുരന്തസമാനമായ ഷോക്ക് കൃത്രിമമായി സൃഷ്ടിച്ച ചിലിയിലാണ് മേൽപ്പറഞ്ഞ ഷിക്കാഗോ സ്കൂളിന്റെ സാമ്പത്തിക -രാഷ്ട്രീയ പദ്ധതിയുടെ ലക്ഷണയുക്തമായ ആവിഷ്കാരം നടന്നത്. ജനാധിപത്യ-സോഷ്യലിസ്റ്റ് സ്വഭാവമുള്ള നടപടികൾ സ്വീകരിക്കുകയും പ്രധാന വ്യവസായങ്ങൾ ദേശസാൽക്കരിക്കുകയും സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ഏർപ്പെടുത്തുകയും ഭൂപരിഷ്കരണം നടപ്പിലാക്കുകയും ചെയ്ത സാൽവദോർ അലൻഡെയുടെ സർക്കാർ മൂലധനശക്തികളുടെ കണ്ണിലെ കരടായി മാറി. 1973ല്‍, സിഐഎയുടെ പങ്കാളിത്തത്തോടെ നടന്ന പട്ടാള അട്ടിമറിയിലൂടെ അലൻഡെയെ വധിക്കുകയും ജനറൽ പിനാ ഷെ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് നടന്ന നരനായാട്ട് ചിലിയിൽ ദുരന്തകാല മുതലാളിത്ത നയങ്ങൾ നടപ്പിലാക്കാൻ ആവശ്യമായ ഷോക്ക് ചികിത്സയായി മാറി. ഷോക്കിന്റെ ആഘാതം വിട്ടുമാറും മുമ്പുതന്നെ ചിക്കാഗോ സംഘം പറന്നിറങ്ങി. സ്വകാര്യവൽക്കരണവും സാമൂഹ്യക്ഷേമ കാര്യങ്ങൾക്കുള്ള ചെലവ് വെട്ടിക്കുറക്കലും ആരംഭിച്ചു. ഒരു വർഷംകൊണ്ട് വിലക്കയറ്റം 375 ശതമാനത്തിൽ എത്തി. രാജ്യത്തെ ബഹുഭൂരിപക്ഷം പേരുടെയും സാമ്പത്തിക ജീവിതം തകർന്നു. വിദേശ കമ്പനികളും ‘പിരാനകൾ’ എന്നറിയപ്പെട്ട ചില ചിലിയൻ കമ്പനികളും നാടിന്റെ സമ്പത്ത് മുഴുവൻ കൊള്ളയടിച്ചു.
അർജന്റീനയിലും ഇതേ മാതൃകയിൽ 1976ൽ പട്ടാള അട്ടിമറിയും ചിക്കാഗോ സംഘത്തിന്റെ നേതൃത്വത്തിൽ സാമ്പത്തിക കൊള്ളയും നടത്തി. കൂട്ടക്കൊലകളും ഭീകരതകളും അരങ്ങേറി. തുടർന്ന് ഉറുഗ്വേയിലും ബ്രസീലിലും ഇതേ തന്ത്രം പരീക്ഷിക്കപ്പെട്ടു, ഇതേ ഫലപ്രാപ്തിയോടെ.


ഇന്തോനേഷ്യയിൽ ഏല്പിച്ച ഷോക്ക്


1965ലാണ് ഇന്തോനേഷ്യയിൽ ഷോക്ക് ചികിത്സ ആരംഭിച്ചത്. ഇന്തോനേഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ, സുക്കാർണോയുടെ നേതൃത്വത്തിൽ പുരോഗമന സോഷ്യലിസ്റ്റ് സ്വഭാവത്തിലുള്ള പരിഷ്കാരങ്ങളാണ് അവിടെ നടന്നുവന്നത്. ഒരു പട്ടാള അട്ടിമറിയിലൂടെ, സിഐഎയുടെയും ബ്രിട്ടീഷ് ചാരസംഘടനയുടെയും സഹായത്തോടെ ജനറൽ സുഹാർത്തോ അധികാരം പിടിച്ചെടുത്തു. തുടർന്ന്, ചുരുങ്ങിയ കാലത്തിനുള്ളിൽ 5 ലക്ഷം കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെയും പത്ത് ലക്ഷത്തോളം ജനങ്ങളെയുമാണ് കൊന്നൊടുക്കിയത്. ആ ഷോക്കിന് പിന്നാലെ മിൽട്ടൺ ഫ്രീഡ്‌മാന്റെ നേതൃത്വത്തിലുള്ള ‘ബർക്ക്‌ലി മാഫിയ’ എന്നറിയപ്പെട്ട ചിക്കാഗോ സംഘം അവരുടെ പണി ആരംഭിച്ചു. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാനുള്ള സ്വകാര്യവൽക്കരണ പരിഷ്കാരങ്ങൾ ആരംഭിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വ്യാധികളോടെ ദുരന്തകാല മുതലാളിത്തം മുന്നേറി.


ബ്രിട്ടനിൽ താച്ചറിസം


മിൽട്ടൺ ഫ്രീഡ്‌മാന്റെ സാമ്പത്തിക കാഴ്ചപ്പാടുകളോട് കടുത്ത ആരാധനയുള്ള മാർഗരറ്റ് താച്ചർ 1979ൽ ബ്രിട്ടനിൽ അധികാരത്തിലെത്തി. ഫോക്ക്‌ലാൻഡ് യുദ്ധത്തെയാണ് താച്ചർ ഷോക്ക് ചികിത്സയ്ക്കായി ഉപയോഗിച്ചത്. സങ്കുചിത ദേശഭ്രാന്ത് ജ്വലിപ്പിക്കപ്പെട്ടു. പത്തുവർഷംകൊണ്ട് ബ്രിട്ടന്റെ സാമ്പത്തിക ഘടനയെയാകെ ഇളക്കിമറിച്ചു. ലോകത്തെയാകെ കൊളോണിയൽ ചൂഷണം നടത്തി സമാഹരിച്ച സമ്പത്തിന്റെ ഒരു വിഹിതം അതുവരെ ബ്രിട്ടനിലെ ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കു വേണ്ടി സർക്കാർ വിനിയോഗിക്കുമായിരുന്നു. താച്ചർ അതെല്ലാം അടിമുടി മാറ്റി. ലോകം കണ്ട ഏറ്റവും വലിയ പണിമുടക്കുകളിൽ ഒന്നായി മാറിയ ബ്രിട്ടനിലെ ഖനിത്തൊഴിലാളികളുടെ സമരത്തെ മൃഗീയമായി അടിച്ചമർത്തി. രാഷ്ട്രത്തിന്റെ പൊതുസ്വത്തായിരുന്ന വ്യവസായങ്ങളെ മുഴുവൻ സ്വകാര്യവൽക്കരിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള തുക വൻതോതിൽ വെട്ടിക്കുറച്ചു. ട്രേഡ് യൂണിയനുകളുടെ പ്രവർത്തന സ്വാതന്ത്ര്യം എടുത്തു കളഞ്ഞു. ഇതിന്റെയെല്ലാം ഫലമായി അസമത്വവും തൊഴിലില്ലായ്മയും ദാരിദ്ര്യവും ഈ സമ്പന്ന രാജ്യത്ത് ഭീമമായി വർദ്ധിച്ചു. സമ്പത്ത് ഒരുപിടി കുത്തക മുതലാളികളുടെ കൈകളിലേക്ക് ഒഴുകിയെത്തി.


യുഎസ്സിൽ റീഗണോമിക്സ്


ഏതാണ്ട് ഒരേ കാലയളവിലാണ് ബ്രിട്ടനിൽ താച്ചറും യു എസിൽ റീഗനും അധികാരത്തിലെത്തിയത്. ബ്രിട്ടനിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ മാതൃക തന്നെയാണ് യുഎസിൽ പിന്തുടർന്നത്. മിൽട്ടൺ ഫ്രീഡ്‌മാനെ സാമ്പത്തിക ഉപദേശകനായി നിയമിച്ചു. അതോടെ പുതിയ നയങ്ങളുടെ നടത്തിപ്പിലൂടെ മറ്റെല്ലാ രാജ്യങ്ങളിലും സംഭവിച്ച മാറ്റങ്ങൾ യുഎസിലും പ്രത്യക്ഷപ്പെട്ടു. രണ്ടാം ലോകയുദ്ധാനന്തര കാലഘട്ടത്തിലെ മുതലാളിത്ത പ്രതിസന്ധികളെ അതിജീവിക്കാനായി ആവിഷ്കരിച്ച സാമ്പത്തിക നയങ്ങൾക്ക് ആഗോളവൽക്കരണ നയങ്ങളിലൂടെ മൂർത്തരൂപം കൈവന്നു.


സോഷ്യലിസ്റ്റ് ചേരിയുടെ തകർച്ച സൃഷ്ടിച്ച ദുരന്തം


തുടർന്ന്, ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണമായ ഏടുകൾക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. താച്ചറും റീഗനും ജോൺപോൾ രണ്ടാമൻ മാർപാപ്പയും ചേർന്ന അവിശുദ്ധ സഖ്യത്തിന്റെ നേതൃത്വത്തിൽ, സാമ്രാജ്യത്വ ചേരിക്ക് ബദലായി നിലയുറപ്പിച്ചിരുന്ന സോഷ്യലിസ്റ്റ് ചേരിയെ തകർക്കാനുള്ള ശ്രമം ആരംഭിച്ചു. സഖാവ് സ്റ്റാലിന്റെ മരണത്തോടെ നേതൃത്വത്തിൽ പിടിമുറുക്കിയ ആധുനിക തിരുത്തൽ വാദം സോവിയറ്റ് സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും ക്രമേണ മുതലാളിത്ത ആശയങ്ങൾ ഒളിച്ചു കടത്തി. അതിന്റെ ദീർഘകാലത്തെ പ്രയോഗം ഗോർബച്ചേവിന്റെ കാലം എത്തിയപ്പോഴേക്കും പ്രതിവിപ്ലവം പൂർത്തീകരിക്കാനുതകും വിധം സോഷ്യലിസ്റ്റ് ചേരിയെയാകെ പരുവപ്പെടുത്തി. ഗ്ലാസ്‌നോസ്റ്റ്, പെരിസ്ട്രോയിക്ക പദ്ധതി പ്രതിവിപ്ലവത്തിന്റെ രൂപരേഖയായി മാറി. പോളണ്ടിൽ പോപ്പിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ സോളിഡാരിറ്റി എന്ന യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച അട്ടിമറി പ്രക്ഷോഭത്തിലൂടെ പോളണ്ടിൽ മുതലാളിത്തം പുനഃസ്ഥാപിക്കപ്പെട്ടു.
സിഐഎയുടെയും സാമ്രാജ്യത്വ ശക്തികളുടെയും ഗോർബച്ചേവിന്റെയും പിന്തുണയോടെ നടന്ന പ്രതിവിപ്ലവ പ്രവർത്തനങ്ങൾ കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് രാജ്യങ്ങളെയാകെ കടപുഴക്കി. ഒടുവിൽ സോവിയറ്റ് യൂണിയനിലും പ്രതിവിപ്ലവം പൂർത്തിയാക്കി. ലോക തൊഴിലാളി വർഗ്ഗത്തിന്റെ കാവൽദുർഗ്ഗമെന്നവണ്ണം നിലകൊണ്ട സോഷ്യലിസ്റ്റ് ഭരണകൂടത്തെ മുതലാളിവർഗ്ഗം പിടിച്ചെടുത്തു. പ്രതിവിപ്ലവം ഈ രാജ്യങ്ങളിലെ സാമൂഹിക ജീവിതത്തിലുണ്ടാക്കിയ ദുരന്തം ചരിത്രത്തിലെ വേദനാകരമായ ഒരു ഏടാണ്. തിരുത്തൽവാദത്തിന്റെ ദീർഘകാലത്തെ പ്രയോഗത്തിനു ശേഷവും ജനങ്ങളുടെ ജീവിത സുരക്ഷയിൽ ലോകജനതയ്ക്ക് മാതൃകയായി നിലനിന്ന സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ തകർന്നടിഞ്ഞു. സമ്പൂർണ്ണമായ അരാജകത്വവും കൊള്ളയും കൊലപാതകവും അരങ്ങേറി. അതിന് വഴിയൊരുക്കിയും പ്രോത്സാഹിപ്പിച്ചുകൊണ്ടും പുതിയ അധികാരികൾ നിലകൊണ്ടു. വൈകിയാണെങ്കിൽ പോലും ഉയർന്നുവന്ന ദുർബലമായ പ്രതിരോധത്തെ, ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയുംപറ്റി വായ്‌ത്താരി മുഴക്കിയവർ തന്നെ നിഷ്ഠുരം അടിച്ചമർത്തി. ഈ പൊളിച്ചടുക്കലിനെ വൻ ഭൂരിപക്ഷത്തോടെ എതിർത്ത റഷ്യൻ പാർലമെന്റിനെ യൽസിൻ എന്ന ഭ്രാന്തൻ പ്രതിവിപ്ലവകാരിയുടെ നേതൃത്വത്തിൽ പരാജയപ്പെടുത്തി. പാർലമെന്റ് കെട്ടിടത്തെ ബോംബിട്ട് തകർത്തു. അംഗങ്ങളെ കൊലചെയ്തു. തുടർന്നുണ്ടായ കൂട്ടക്കുഴപ്പത്തെയാണ് ഇവിടങ്ങളിൽ ദുരന്തകാലമുതലാളിത്ത ആക്രമണത്തിനു വേണ്ടിയുള്ള ഷോക്ക് ചികിത്സക്കായി ഉപയോഗപ്പെടുത്തിയത്.
ലോകത്തെ ഏറ്റവും പ്രബലമായ സാമ്പത്തിക ശക്തിയായി മാറുകയും മൂന്നാം ലോകരാജ്യങ്ങളുടെ സഹായിയായി നിലകൊള്ളുകയും ചെയ്ത ഈ രാജ്യം നോക്കിനിൽക്കെ പാപ്പരായി. രാജ്യങ്ങളുടെ സമ്പത്താകെ ഒരുകൂട്ടം ക്രിമിനൽ സംഘങ്ങൾ കൈക്കലാക്കി, ചൂഷകരായ പുത്തൻ മുതലാളിമാരായി മാറി. കേവലം ഒരു വർഷംകൊണ്ട് റഷ്യക്കാരുടെ ഉപഭോഗം 40% കുറഞ്ഞു. ദാരിദ്ര്യം കഴിഞ്ഞകാല ചരിത്രമായി മാറിയ അവിടെ മുക്കാൽ ഭാഗം ജനങ്ങളും പട്ടിണിപാവങ്ങളായി മാറി. ലോകത്തിലെ ഏറ്റവും ഉന്നത പദവിയും അംഗീകാരവും നേടിയ റഷ്യയിലെ വനിതകൾ ജീവിക്കാൻ വേണ്ടി വ്യഭിചാരം തിരഞ്ഞെടുത്ത് യൂറോപ്പിലെ തെരുവുകളിൽ അലഞ്ഞു.
അത്യന്തം കലുഷിതമായ സാഹചര്യത്തിൽ ചിക്കാഗോ സ്കൂൾ മുന്നോട്ടുവച്ച മുതലാളിത്ത ഉടച്ചു വാർക്കൽ നയങ്ങൾ യൽസിൻ നിഷ്‌ക്കരുണം നടപ്പിലാക്കി.


ഏകധ്രുവ ലോകത്ത് മുതലാളിത്ത പ്രതിസന്ധി വർദ്ധിച്ചു


സോവിയറ്റ് ചേരിയുടെയും സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെയും തകർച്ചയോടെ, ലോകമൊന്നാകെ സാമ്രാജ്യത്വ മുതലാളിത്ത കമ്പോളമായി മാറുകയും, ഇനിമേൽ ലോകം ഏകധ്രുവം എന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. പക്ഷേ മഹാനായ കാൾ മാർക്സ് കണ്ടെത്തിയതും മുതലാളിത്ത സമ്പദ്‌വ്യവസ്ഥയെ ഭരിക്കുന്നതുമായ അടിസ്ഥാന നിയമങ്ങൾ അലംഘനീയമാണെന്ന് അടിയുറപ്പിച്ചു കൊണ്ടാണ് കാലം കടന്നുപോയത്. മൂലധനത്തിന്റെ അവിരാമമായ കേന്ദ്രീകരണത്തിന്റെയും അമിതോൽപാദനത്തിന്റെയും കമ്പോളത്തിലെ മത്സരത്തിന്റെയും ചൂഷണത്തിന്റെയും നിയമങ്ങൾ ഒരു ഷോക്ക് ചികിത്സയ്ക്കും റദ്ദ് ചെയ്യാനാവില്ല. അതുകൊണ്ടുതന്നെ മുതലാളിത്തത്തിന്റെ ഒരിക്കലുമടങ്ങാത്ത ലാഭാർത്തി പുതിയ മേച്ചിൽപുറങ്ങൾ തേടാൻ സാമ്രാജ്യത്വത്തെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും.
2001 സെപ്റ്റംബർ 11ന് വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ടത് ഒരു ഷോക്ക് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തിക്കൊണ്ട് “ഭീകരതയ്ക്കെതിരെയുള്ള യുദ്ധം” എന്ന പേരിൽ യുഎസ് സാമ്രാജ്യത്വം അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും ലിബിയയെയും ആക്രമിച്ചു. ഈ രാജ്യങ്ങളെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ സംഘത്തിൽപ്പെട്ട യുഎസ് വൈസ് പ്രസിഡണ്ട് ഡിക്ക് ചെനി, ഡിഫൻസ് സെക്രട്ടറി റൊണാൾഡ് റാംസ്ഫെൽഡ് എന്നിവരടക്കമുള്ള പ്രമുഖരുടെകൂടി ഉടമസ്ഥതയിലുള്ള ഹാലിബർട്ടൺ കമ്പനികൾക്കാണ് യുദ്ധം തകർത്ത ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും ലിബിയയിലെയും എണ്ണ വ്യവസായവും പുനർനിർമ്മാണ കരാറുകളും ലഭിച്ചത്. കോർപ്പറേറ്റ് കമ്പനികൾ സ്വന്തം ലാഭ നേട്ടങ്ങൾക്കായി യുദ്ധദുരന്തം സൃഷ്ടിക്കുകയും ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തശേഷം അവിടുത്തെ വിഭവങ്ങൾ കൊള്ളയടിക്കുകയും ചെയ്യുന്നതിന്റെ ഭീകരമായ ഉദാഹരണമാണ് ഈ സംഭവങ്ങൾ.
എണ്ണയുടെയും മറ്റു വിഭവങ്ങളുടെയും കൊള്ളയ്ക്കും ആയുധ വ്യാപാരത്തിനും വേണ്ടി സൃഷ്ടിക്കപ്പെടുന്ന യുദ്ധങ്ങൾ ഇന്നും തുടരുന്നു. യുക്രൈനിലും ഗാസയിലും നടന്നുവരുന്ന ഭീകരമായ യുദ്ധദുരന്തങ്ങൾ സാമ്രാജ്യത്വ താല്പര്യങ്ങളുടെ സൃഷ്ടികളാണ്.


കോവിഡ് മഹാമാരി: കുത്തക മൂലധനത്തിന്റെ കൊയ്ത്തുകാലം


മുകളിൽ പറഞ്ഞവയെല്ലാം ചില രാജ്യങ്ങളെ പ്രത്യേകമായി കണ്ടു കൊണ്ടുള്ള ദുരന്തകാല മുതലാളിത്തത്തിന്റെ ഷോക്ക് ചികിത്സയിലൂടെയുള്ള കൊള്ള ആയിരുന്നുവെങ്കിൽ കോവിഡ് മഹാമാരി അത് ലോകത്തിലാകെ ഒറ്റയടിക്ക് വ്യാപിപ്പിക്കുവാനുള്ള അവസരം മുതലാളിത്ത ശക്തികൾക്ക് നൽകി. ലോകമാകെ, ഔദ്യോഗിക കണക്കു പ്രകാരം 70 ലക്ഷംപേർ മരിച്ച (യഥാർത്ഥ കണക്ക് ഇതിലും എത്രയോ കൂടുതലാണ്) കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങളാകെ പൂട്ടിയിടപ്പെട്ട അവസ്ഥയിലാവുകയും എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളിൽപ്പെട്ടുഴലുകയും തൊഴിലുകൾ നഷ്ടപ്പെടുകയും ചെയ്തപ്പോൾ ഒരു ചെറു ന്യൂനപക്ഷം കോർപ്പറേറ്റ് കമ്പനികൾ ലാഭക്കൊയ്ത്ത് നടത്തുകയായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് കോവിഡ് വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞർ ചെയ്തത് മനുഷ്യരാശിയോടു ചെയ്ത മഹാസേവനമായിരുന്നു. ഈ വാക്സിനുകൾ വികസിപ്പിച്ചെടുക്കാൻ വൻതോതിൽ പൊതുഫണ്ട് നൽകപ്പെട്ടിരുന്നു. പക്ഷേ ആ വാക്സിനുകൾ വിപണനം ചെയ്തുകൊണ്ട് അന്തംവിട്ട ലാഭക്കൊയ്ത്ത് നടത്തിയത് വാക്സിൻ കമ്പനികൾ ആയിരുന്നു. ഇന്ത്യൻ കമ്പനികൾ ഉൾപ്പെടെ വൻകിട കമ്പനികൾ 100 ബില്യൺ ഡോളറിന് മുകളിലാണ് ലാഭമുണ്ടാക്കിയത്. ആദ്യം കമ്പോളം പിടിക്കാനുള്ള മത്സരത്തിൽ ചില കമ്പനികൾ മതിയായ പരീക്ഷണംപോലും നടത്താതെയാണ് വാക്സിൻ മാർക്കറ്റിൽ ഇറക്കിയത് എന്ന് ആരോപണമുയർന്നു. ഓൺലൈൻ വ്യാപാരവും ഐടി മേഖലയും ഉപയോഗപ്പെടുത്തി ആമസോൺ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ടെസ്‌ല, ഫേസ്ബുക്ക്, അദാനി, അംബാനി തുടങ്ങിയ ഭീമൻ കമ്പനികൾ കണ്ണഞ്ചിപ്പിക്കുന്ന നിരക്കിലാണ് ലാഭമുണ്ടാക്കിയത്.


ജനങ്ങളുടെ ദുരിതം : മുതലാളിമാരുടെ അവസരം


ജനങ്ങളാകെ ദുരന്തത്തിൽ നടുങ്ങിയിരിക്കുന്ന സാഹചര്യത്തെ മുതലാളിമാരും അവരുടെ കാര്യസ്ഥന്മാരായ സർക്കാരുകളും അസുലഭാവസരമായി ഉപയോഗിച്ചു. സാധാരണ കാലത്ത് വലിയ പ്രതിഷേധങ്ങളും പ്രതിരോധവും ഉണ്ടാക്കുമായിരുന്ന പല അജണ്ടകളും ഈ കെട്ടിയിടപ്പെട്ട കാലയളവിൽ അവർ നടപ്പിലാക്കി. കമ്പനികൾക്ക് തൊഴിലാളികളുടെ ജോലിസ്ഥിരത ഇല്ലാതാക്കിക്കൊണ്ട് യഥേഷ്ടം നിയമിക്കാനും എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാനും പറ്റുന്ന നിയമങ്ങൾ ഇന്ത്യ, ബ്രസീൽ, അമേരിക്ക തുടങ്ങിയ മിക്കവാറുമെല്ലാ രാജ്യങ്ങളും ഏർപ്പെടുത്തി. കൂലി കുറച്ചു, തൊഴിൽ സമയം കൂട്ടി. തൊഴിലാളികൾക്ക് ചെയ്ത ജോലിക്ക് കൂലി നൽകാതെ കൂലിക്കൊള്ള നടത്തി. മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും കൂലിക്കുംവേണ്ടി കൂട്ടായി വിലപേശാനുള്ള ട്രേഡ് യൂണിയൻ അവകാശങ്ങൾ എടുത്തു കളഞ്ഞു. യൂണിയൻ പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. തൊഴിലിടങ്ങളിലെ സുരക്ഷാസംവിധാനങ്ങൾ ഉറപ്പാക്കാതെ തൊഴിലപകടങ്ങൾ വർദ്ധിച്ചു. വൻതോതിൽ തൊഴിലാളികളെ പിരിച്ചുവിട്ടു. തൊഴിലാളികളെ പുറന്തള്ളുന്ന സാങ്കേതികവിദ്യ ഏർപ്പെടുത്തി. ‘വർക്ക് ഫ്രം ഹോം’ എന്ന തന്ത്രത്തിലൂടെ മൂലധന ചെലവ് കുറയ്ക്കുകയും ജോലിഭാരം കൂട്ടുകയും ചെയ്തു. തൊഴിലാളികളുടെ മേലുള്ള നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തി. ഇതുവഴിയെല്ലാം തൊഴിലാളികൾക്കുമേലുള്ള ചൂഷണം വൻതോതിൽ വർദ്ധിച്ചു. മുതലാളിമാരുടെ ലാഭം കൂടി. അസമത്വം വർദ്ധിച്ചു. അമിതമായി പണിയെടുപ്പിക്കുന്നതുമൂലം മരിക്കുന്നവരുടെയും തൊഴിലില്ലാതെ ആത്മഹത്യ ചെയ്യുന്നവരുടെയും എണ്ണം വർദ്ധിച്ചു.


ഏതൊരു പ്രകൃതിദുരന്തത്തെയും മുതലാളിത്തം പ്രയോജനപ്പെടുത്തുന്നു


വൻതോതിലുള്ള പ്രകൃതിദുരന്തങ്ങളെയും ഇതേ രീതിയിലാണ് സർക്കാരും മുതലാളിമാരും പ്രയോജനപ്പെടുത്തുന്നത്. അമേരിക്കയിലെ ‘കത്രീന’ ചുഴലിക്കാറ്റ് ദുരന്തം, സുനാമി ദുരന്തം തുടങ്ങി കേരളത്തിൽ 2018ലുണ്ടായ പ്രകൃതിദുരന്തം വരെ ഇതേ കണ്ണോടെയാണ് മൂലധനശക്തികൾ കാണുന്നത്. ദുരന്താനന്തരം സർക്കാരുകൾ ശ്രദ്ധ വയ്ക്കുന്നത് നിർമ്മാണ പ്രവൃത്തികളിലാണ്. യുദ്ധവും പ്രകൃതിദുരന്തങ്ങളും തകർത്തു തരിപ്പണമാക്കുന്ന ഭൂതലം അവരുടെ ലാഭം വർദ്ധിപ്പിക്കാൻ പറ്റിയ ഇടങ്ങളാണ്. ദുരന്തത്തിൽ പെട്ടവരുടെ സാമ്പത്തിക ജീവിതം തിരികെ കൊണ്ടുവരുന്നതിനല്ല ഊന്നൽ. വൻതോതിൽ നിർമ്മാണ വ്യവസായത്തെ പുഷ്ടിപ്പെടുത്താനാണ് ഈ അവസരം ഉപയോഗപ്പെടുത്തുന്നത്. സൈനിക വ്യവസായം എന്നതു പോലെ തന്നെ നിക്ഷേപമൂലധനം പ്രവർത്തിക്കുന്ന മേഖലയാണ് നിർമ്മാണ വ്യവസായ മേഖല. യുദ്ധസാമഗ്രികളുടെ കാര്യത്തിൽ എന്നപോലെ വൻകിട നിർമ്മാണ സാമഗ്രികൾക്കും നിഷ്ക്രിയമായിരിക്കാൻ പറ്റില്ല. പുതിയ നിർമ്മാണ മേഖലകൾ അവർക്ക് കണ്ടെത്തിയേ മതിയാവു.
സൈനിക വ്യവസായത്തിന്റെ കാര്യത്തിലെന്നപോലെ ഈ മേഖലയിലും സർക്കാർ തന്നെയാണ് ഉപഭോക്താവ്. പൊതുഫണ്ട് യഥേഷ്ടം, വൻതോതിൽ ഉപയോഗിക്കുന്നു. പലപ്പോഴും അടിയന്തരസ്വഭാവം പറഞ്ഞ് സാധാരണ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെ സ്വന്തക്കാർക്കും വേണ്ടപ്പെട്ടവർക്കും കരാർ നൽകുന്നു. വൻതോതിൽ അഴിമതി നടക്കുന്ന ഇടം കൂടിയാണിത്. ആഗോളതലത്തിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി 2020ലെ കണക്കനുസരിച്ച് 1.4 ട്രില്യൻ ഡോളർ ചെലവഴിച്ചു. ഇതേ സ്ഥാനത്ത്, 2023ൽ ആഗോളതലത്തിലെ സൈനിക ചെലവ് 2.43 ട്രില്യൻ ഡോളർ ആയിരുന്നു എന്നത് കാണുമ്പോഴാണ് ഈ വ്യവസായത്തിന്റെ പ്രാധാന്യം മനസ്സിലാവുന്നത്.


വൻതോതിലുള്ള ഏതൊരു ദുരന്തവും സംഭവിച്ചാൽ അതിന്റെ പിന്നാലെ ലോക ബാങ്ക് വായ്പാസഹായ വാഗ്ദാനവുമായി പ്രത്യക്ഷപ്പെടും. അതിലൂടെ അവർ നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുന്ന നയങ്ങൾ ഉറപ്പുവരുത്തുന്നു. പ്രകൃതിദുരന്തങ്ങൾ സൃഷ്ടിക്കുന്ന ദൈന്യതയെ ഉപയോഗപ്പെടുത്തി അവ നേരിട്ട് ബാധിക്കാത്ത സാധാരണ ജനങ്ങളിൽ നിന്ന് വൻതോതിൽ ദുരിതാശ്വാസ ഫണ്ട് ശേഖരിച്ച് മേൽപ്പറഞ്ഞ നയങ്ങൾ നടപ്പിലാക്കുന്ന പുതിയതരം ക്രൗഡ് ഫണ്ടിങ്ങും നമ്മൾ കാണുന്നു.
ലോകത്തെ മേൽത്തട്ടിലുള്ള ഒരു ശതമാനം ധനികർ ആകെ സമ്പത്തിന്റെ 45.8 ശതമാനവും കൈയാളുന്നു. താഴെയുള്ള 50 ശതമാനത്തിന് വെറും 1.3 ശതമാനം മാത്രം. ഈ വിടവ് അതിവേഗം വർദ്ധിക്കുമ്പോൾ ലോകത്തിന്റെ ഭാവി എന്താണ്? വാങ്ങൽശേഷി ഇല്ലാതായിക്കൊണ്ടിരിക്കുന്നതുമൂലം സ്വാഭാവിക കമ്പോളം ഇല്ലാതാവുമ്പോൾ മുതലാളിത്തം നശീകരണത്തിലൂടെ പുതിയ കമ്പോളം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അതാണ് ദുരന്തകാല മുതലാളിത്തം. യുദ്ധം സൃഷ്ടിച്ചും പ്രകൃതിദുരന്തങ്ങൾക്ക് കാരണമുണ്ടാക്കിയും സൃഷ്ടിക്കുന്ന വിനാശങ്ങളിൽ ലാഭം തേടുന്ന തരത്തിൽ മുതലാളിവർഗ്ഗവും മുതലാളിത്ത ഭരണകൂടങ്ങളും പൈശാചിക സ്വഭാവം ആർജ്ജിച്ചിരിക്കുന്നു. മാനുഷിക ഗുണങ്ങളെ ഇല്ലാതാക്കി ചിന്തയെയും സംസ്കാരത്തെയും ചിട്ടപ്പെടുത്തി, ജനാധിപത്യത്തിന്റെ അവസാന കണികപോലും നശിപ്പിച്ച്, ആത്മീയതയെയും ശാസ്ത്രത്തിന്റെ സാങ്കേതികവശങ്ങളെയും തമ്മിൽ സവിശേഷമായി ലയിപ്പിച്ച്, ഒരു ഫാസിസ്റ്റ് പദ്ധതി നടപ്പിലാക്കിയാണ് മുതലാളിത്തം നിലനിൽപ്പിന് ശ്രമിക്കുന്നത്. മുതലാളിത്തത്തിന്റെ മരണാസന്ന കാലത്തെ ജീർണ്ണത മനുഷ്യരാശിയെത്തന്നെ നശിപ്പിക്കാൻ പോന്നതാണെന്ന് മനസ്സിലാക്കുകയാണ് മനുഷ്യന്റെ നല്ല ഭാവി ഉറപ്പിക്കാൻ ശ്രമിക്കുന്നവരുടെ ആദ്യകടമ. മുതലാളിത്ത സമ്പദ്‌വ്യവസ്ഥ തുടരുവോളം ഈ രൗദ്രത വർദ്ധിച്ചുകൊണ്ടിരിക്കും.
പക്ഷേ, മുതലാളിത്തത്തെ ഭരിക്കുന്ന ആന്തരിക നിയമങ്ങൾമൂലം കമ്പോള പ്രതിസന്ധിയെ മറികടക്കാനെടുക്കുന്ന ഒരു പദ്ധതിക്കും മുതലാളിത്തത്തെ രക്ഷിക്കാനാവുന്നില്ല. ആഗോളവൽക്കരണ നയങ്ങളുടെയും ദുരന്തകാല മുതലാളിത്ത കൊള്ളയുടെയും ചിത്രം അതാണ് വ്യക്തമാക്കുന്നത്. സാമൂഹിക വികാസത്തിന്റെ ശാസ്ത്രീയ നിയമങ്ങൾ പ്രവർത്തിക്കുന്നതു കൊണ്ടു തന്നെ ആത്യന്തികമായി ഈ വ്യവസ്ഥയുടെ അന്ത്യം കുറിക്കപ്പെടുകയും മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യാത്ത പുതിയ വ്യവസ്ഥിതിയിലേക്ക് സമൂഹം മുന്നേറുകയും ചെയ്യും.
സമൂഹം എത്രതന്നെ ദുരന്തങ്ങളിലൂടെ കടന്നുപോയാലും മുതലാളിത്തം സ്വയമേവ ഇല്ലാതാവുകയില്ല. അധ്വാനിക്കുന്നവന്റെ ചോരയൂറ്റിക്കുടിച്ച് അത് നിലകൊള്ളും. പുതിയ സമൂഹത്തിന്റെ സൃഷ്ടിക്കായി തൊഴിലാളിവർഗ്ഗം മാർക്സിസം – ലെനിനിസം എന്ന അജയ്യ പ്രത്യയശാസ്ത്രം സ്വീകരിച്ചുകൊണ്ട് മുന്നേറുമ്പോഴേ മുതലാളിത്ത വ്യവസ്ഥയുടെ സർവ്വനാശം ഉറപ്പാക്കാനാകൂ.

Share this post

scroll to top