പലസ്തീന്റെ മണ്ണിലെ അന്തമില്ലാത്ത കൂട്ടക്കശാപ്പ് : പശ്ചിമേഷ്യയിലേക്കും ഇസ്രയേൽ യുദ്ധം വ്യാപിപ്പിക്കുന്നു

106882005-16208373092021-05-12t161651z_716140507_up1eh5c1981j5_rtrmadp_0_israel-palestinians.webp
Share

ഇസ്രയേൽ ഗാസയ്ക്കുമേൽ നടത്തുന്ന ആക്രമണം ഒരു വർഷം പിന്നിടുമ്പോൾ പശ്ചിമേഷ്യ ഒന്നാകെ കൂടുതൽ ഭീഷണമായ ഒരു യുദ്ധഭീതിയിലേക്ക് കടന്നിരിക്കുകയാണ്. ലബനനിലും സിറിയയിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഹമാസ്, ഹിസ്ബുള്ള നേതാക്കൾ വധിക്കപ്പെടുകയും ഡമാസ്കസിലെ ഇറാന്‍ നയതന്ത്ര കാര്യാലയം തകർക്കപ്പെടുകയുംചെയ്ത സാഹചര്യം, ഇതിന് തിരിച്ചടിയായി ഇറാൻ ഇസ്രയേലിന്റെമേൽ നടത്തിയ മിസൈൽ ആക്രമണം എല്ലാംചേർന്ന് ഈ മേഖലയിലെ ജനങ്ങളെ മാത്രമല്ല ലോകമാകെയുള്ള ജനങ്ങളെ അങ്ങേയറ്റം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനുമേൽ നടത്തിയ ആക്രമണത്തെ തുടർന്ന് ഇസ്രയേൽ ഗാസയ്ക്കുമേൽ നടത്തുന്ന നീചമായ ആക്രമണം എല്ലാ യുദ്ധം മര്യാദകളും ലംഘിക്കുന്നു. എന്നല്ല ഏറ്റവും പ്രാകൃതമായ ഒന്നായി മാറിയിരിക്കുന്നു.മനുഷ്യന്റെ നീതിബോധത്തിനുമേൽ വലി യ ചോദ്യമുയർത്തുന്നവ കൂടിയാണ്. 41,000ത്തിലധികം സാധാരണ ജനങ്ങൾഇതിനോടകം കൊല്ലപ്പെട്ടു കഴിഞ്ഞു. അതിൽ 11000 ത്തിലധികം കുട്ടികളാണ്. 134 മാധ്യമപ്രവർത്തകർക്കും 224 യുഎൻ സന്നദ്ധ പ്രവർത്തകർക്കും ജീവൻ നഷ്ടപ്പെട്ടു. 68 ശതമാനം കെട്ടിടങ്ങൾ തകർക്കപ്പെട്ടു. ഗാസയിൽ 75 ശതമാനം പേരും പട്ടിണിയിലാണ്. 36 ആശുപത്രികളിൽ 17എണ്ണം മാത്രമാണ്പ്രവർത്തിക്കുന്നത്. ആശുപത്രികൾക്കു നേരെ 500 ലധികം ആക്രമണങ്ങൾ നടന്നു. ഭക്ഷണം, കുടിവെള്ളം, ഇന്ധനം ഇവയൊന്നും ലഭ്യമല്ല. യുഎൻ കണക്കു പ്രകാരം 12000 പേരെ അടിയന്തര ചികിൽസക്കായി ഒഴിപ്പിച്ചേ മതിയാകൂ. അതിനായി ഇസ്രയേൽ അനുമതിക്കായി കാക്കുന്നു. തുടച്ചുനീക്കപ്പെട്ട പോളിയോ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നു. 17 ലക്ഷം ആളുകൾ അതായത് ജനസംഖ്യയുടെ 90 ശതമാനം അഭയാർത്ഥികൾ ആയി മാറി. 212 സ്കൂളുകൾ തകർക്കപ്പെട്ടു. യുദ്ധത്തിന്റെ നേർചിത്രങ്ങൾ ഇതൊക്കെയാണ് ‘അനാഥരാക്കപ്പെട്ട, അംഗഭംഗം സംഭവിച്ച കുട്ടികളുടെ ചിത്രങ്ങൾ ആരുടെയും ഉറക്കം കെടുത്തുന്നവയാണ്.


ഇത്രയേറെ വിനാശം വിതയ്ക്കുന്ന, സാമ്പത്തികമായോ സൈനികമായോ ചെറുത്തുനില്ക്കാൻ കഴിയാത്ത ദുർബലരും നിസ്സഹായരുമായഒരു ജനത ക്കുമേൽ നടത്തുന്ന ഈ കിരാതമായ ആക്രമണത്തിന് ഇസ്രയേൽ-അമേരിക്കൻ യുദ്ധവെറിയൻ ഭരണകൂടങ്ങൾക്ക് എന്ത് ന്യായീകരണമാണുള്ളത് ? ലോകം മുഴുവൻ വളർന്നു വരുന്ന പ്രതിഷേധങ്ങളെ അവഗണിച്ചുകൊണ്ടാണ് ഇസ്രയേൽ ആക്രമണം തുടരുന്നത്. പലസ്തീൻ ജനതയെ ഉന്മൂലനം ചെയ്യുക എന്ന ഹീന ലക്ഷ്യമാണ് അവർക്കുള്ളത്. അത് ഗാസയിൽ മാത്രം ഒതുങ്ങുന്നില്ല. വെസ്റ്റ് ബാങ്കിലും പലസ്തീൻ പൗരന്മാർ നിരന്തര ആക്രമണങ്ങൾക്കിരയാകുന്നു.
ഹമാസ്, ഹിസ്ബുള്ള സംഘടനകളെ തകർക്കാൻ എന്ന പേരിൽ ലെബനോൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുന്നത്, ഇസ്രയേലിന് മറുപടിനല്കാൻ ഒരു ശക്തിയുമില്ല എന്ന ധാർഷ്ട്യത്തിന്റെ പ്രകടനമാണ്. യുഎൻ സെക്രട്ടറി ജനറൽ ഇസ്രയേലിൽ പ്രവേശിക്കരുത് എന്ന ഉത്തരവിറക്കുന്നതിലേക്കുവരെ ഇതെത്തി നില്ക്കുന്നു. അടിയന്തര വെടി നിർത്തൽ ആവശ്യപ്പെട്ട് യുഎന്നിൽ വന്ന നിരവധി പ്രമേയങ്ങൾക്ക്ഇസ്രയേൽ പുല്ലുവിലപോലും കൽപ്പിക്കുന്നില്ല. അന്താരാഷ്ട്ര കോടതിയിൽ ദക്ഷിണാഫ്രിക്ക, ഇസ്രയേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വിശദമായി തുറന്നുകാട്ടുകയുണ്ടായി. പക്ഷേ ഇത്തരം അന്താരാഷ്ട്ര വേദികളും അവരുടെ നിർദ്ദേശങ്ങളും യുദ്ധവെറിയന്മാരായ സാമ്രാജ്യത്യ ശക്തികൾ പരിഹാസ്യമാക്കി മാറ്റുന്ന കാഴ്ച അതിദയനീയമാണ്.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനു നേരെനടത്തിയ റോക്കറ്റ് ആക്രമണമാണ് ഇപ്പോഴത്തെ ആക്രമണത്തിന് തുടക്കമായത്. ഇത്തരമൊരു ആക്രമണത്തിന് ഹമാസിനെ നിർബന്ധിതമാക്കിത്തീർത്ത സാഹചര്യം, ഇസ്രയേൽ പലസ്തീൻ സംഘർഷത്തിന്റെ ചരിത്രം അറിയുന്ന ഏവർക്കും മനസ്സിലാക്കാൻ കഴിയും. 1948 ൽ രൂപീകരിക്കപ്പെട്ടതിനുശേഷം നിരന്തരം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം നടത്തുന്ന സയണിസ്റ്റ് ഭീകര രാഷ്ട്രമാണ് ഇസ്രയേൽ. ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ സംഘടനകളെ ഇസ്ലാമിക ഭീകരവാദ സംഘടനകളെന്നു മുദ്രകുത്തിയും അവ സമാധാനത്തിന് ഭീഷണിയാണെന്ന് സ്ഥാപിച്ചു കൊണ്ടുമാണ് ഇസ്രയേൽ -അമേരിക്കൻ സഖ്യം നിരന്തരം വിവിധ പശ്ചിമേഷ്യൻ രാജ്യങ്ങളുടെമേൽ ആക്രമണം നടത്തുകയും അവിടങ്ങളിൽ സംഘർഷവും അനിശ്ചിതാവസ്ഥയും സൃഷ്ടിക്കുകയും ജനങ്ങളെ ദുരിതങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നത്. ജനാധിപത്യം സ്ഥാപിക്കൽ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ സയണിസ്റ്റ് വംശീയ വെറിയന്മാരായ ഇസ്രയേൽ ഭരണാധികാരികൾ തങ്ങളുടെ പ്രാചീന വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ വാഗ്ദത്ത ഭൂമി എന്നുപറഞ്ഞ് തദ്ദേശീയരെ കൊന്നൊടുക്കി വിശാല ഇസ്രയേൽ രൂപീകരിക്കാൻ നടത്തുന്ന കൊടിയ അതിക്രമങ്ങൾക്ക് ഇതേ ജനാധിപത്യവാദികൾ നൽകുന്നപിന്തുണ ഇവരുടെ തനി നിറം വെളിവാക്കുന്നതാണ്.
പശ്ചിമേഷ്യയിൽ ഇസ്ലാമിക മതമൗലികവാദ സംഘടനകളുടെവളർച്ചയ്ക്ക് കാരണമായത് സാമ്രാജ്യത്തെ ശക്തികൾഎണ്ണയ്ക്കും മേഖലയിലെ സൈനിക ആധിപത്യത്തിനുവേണ്ടി നടത്തിയ ഹീനമായ ഇടപെടലുകളാണ്. അവിടങ്ങളിൽ ജനാധിപത്യ മുന്നേറ്റങ്ങളോ ജനാധിപത്യ ഗവൺമെന്റുകളോ ഉണ്ടാകാതിരിക്കാൻ നടത്തിയ നിരവധി കുൽസിത നീക്കങ്ങളും അട്ടിമറികളും എല്ലാം ചേർന്നാണ് ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നത്. സാമ്രാജ്യത്വ കടന്നുകയറ്റങ്ങൾക്കെതിരെ ജനങ്ങൾക്കുണ്ടായിരുന്ന പ്രതിഷേധമാണ് ഈ സംഘടനകൾക്കുള്ള ജനപിന്തുണയായി മാറിയത്. സാർവദേശീയമായി സോഷ്യലിസ്റ്റ് ചേരിക്കുണ്ടായ തിരിച്ചടി ശരിയായ മതേതര ജനാധിപത്യ പ്രക്ഷോഭങ്ങൾ ദുർബലമായി മാറുന്നതിനും കാരണമായി. പലസ്തീന്റെ മോചനത്തിനുവേണ്ടി ശക്തമായി നിലകൊണ്ട മതേതര ജനാധിപത്യ പ്രസ്ഥാനത്തെ അമേരിക്കയുടെ പിന്തുണയോടെ തകർക്കാൻ ഇസ്രയേലിന് കഴിഞ്ഞപ്പോഴാണ് ഹമാസിനെ പോലെയുള്ള സംഘടനകൾ അവിടെ ഉയർന്നുവന്നത്. ആദ്യഘട്ടത്തിൽ തീവ്രനിലപാടുകൾ ഉണ്ടായിരുന്ന ഹമാസ് ഇന്ന് ദ്വിരാഷ്ട്ര രൂപീകരണം അടക്കമുള്ള ഒത്തുതീർപ്പുകൾക്ക് സന്നദ്ധമാകുകയുംമിതവാദ നിലപാടുകളിലേക്ക് വരികയും ചെയ്തിരിക്കുന്നുഎന്നതും ശ്രദ്ധേയമാണ്. എന്നാൽ വിശാല ഇസ്രയേൽ രൂപീകരണം എന്ന തീവ്രനിലപാട് സ്വീകരിക്കുന്നത് ഭീകര രാഷ്ട്രമായ ഇസ്രയേലിന്റെ സയണിസ്റ്റ് രാഷ്ട്രീയ നേതൃത്വമാണ്. പക്ഷേ സാമ്രാജ്യത്വ ശക്തികളും മാധ്യമങ്ങളും ഹമാസിനെയാണ് തീവ്രവാദ സംഘടനയായി ചിത്രീകരിക്കുന്നത് ഇന്നത്തെ അടിയന്തരമായ സാഹചര്യം ആവശ്യപ്പെടുന്നത് ഉടനടിയുള്ള യുദ്ധവിരാമമാണ്. ഇനിയും പലസ്തീൻ, കുഞ്ഞുങ്ങളുടെ കുരുതിക്കളമായി തുടരാൻ അനുവദിച്ചു കൂടാ. ആത്യന്തികമായ പ്രശ്നപരിഹാരത്തിന് സ്വതന്ത്ര പലസ്തീൻ രൂപീകരണം അനിവാര്യമാണ്. ലോകമെമ്പാടും സമാധാനകാംക്ഷികളായ ജനങ്ങൾ ഉയർത്തുന്ന ആവശ്യം ഇതാണ്. പക്ഷേ , ഇത്തരം ഒരു പ്രശ്നപരിഹാരത്തിലേക്ക് യുഎസ്- ഇസ്രയേൽ സഖ്യത്തെ എത്തിക്കാൻ അതിശക്തമായ സാമ്രാജ്യത്വ വിരുദ്ധ ജനകീയ പ്രക്ഷോഭം ലോകമെമ്പാടും വളർന്നു വരേണ്ടതുണ്ട്. ഐക്യരാഷ്ട്ര സംഘടന പോലുള്ള വേദികൾക്ക്ഈ ഗുണ്ടാ രാഷ്ട്രങ്ങളോട് അപേക്ഷിക്കാൻ മാത്രമേ കഴിയൂ. ഒരു വർഷം പിന്നിടുന്ന ഈ യുദ്ധം വെറും വംശീയ ലക്ഷ്യങ്ങൾ മാത്രം മുൻനിർത്തിയുള്ളതല്ല എന്ന യാഥാർത്ഥ്യംഏവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. സാമ്രാജ്യത്വം സൃഷ്ടിക്കുന്ന യുദ്ധങ്ങളെല്ലാം മുതലാളി വർഗ്ഗത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാനുള്ളവയാണ്. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം മാത്രമല്ല രണ്ടുവർഷമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിനു പിന്നിലും ഇതേ താൽപര്യങ്ങളാണ്.


ലോകത്തെ കുത്തകളുടെ ആയുധ കച്ചവടത്തെ കൊഴുപ്പിക്കുവാൻ യുദ്ധം കൂടിയേ തീരൂ. പലസ്തീൻ ജനതയെ കൊന്നൊടുക്കാൻ ആയുധങ്ങളും മറ്റുവസ്തുക്കളും കച്ചവടം ചെയ്യുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളാണ്. ആത്യന്തികമായി യുദ്ധത്തിലൂടെ ഈ രാജ്യങ്ങളിലെ കുത്തകകളുടെ താല്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്. അതിനാൽ ഈ മരണവ്യാപാരികൾ എല്ലാം യഥാർത്ഥത്തിൽ കുറ്റവാളികളാണ്. സമാധാനത്തെക്കുറിച്ച് അന്താരാഷ്ട്ര വേദികളിൽ നിരന്തരം വാചാലമായി സംസാരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ നമുക്ക് കാണാം. എന്നാൽ ഇസ്രയേലിനെതിരെ യുഎന്നിൽ വരുന്ന പ്രമേയങ്ങളിൽ വോട്ട് ചെയ്യാതെ പച്ചയായി ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടും സ്വീകരിക്കുന്നതിന് യാതൊരു മടിയും അദ്ദേഹത്തിന് ഇല്ല. സാമ്രാജ്യത്വം അനിവാര്യമായും യുദ്ധം സൃഷ്ടിക്കുമെന്ന ലെനിന്റെ പാഠങ്ങൾ വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആത്യന്തികമായി സമാധാന പ്രസ്ഥാനം സാമ്രാജ്യത്വത്തിനെതിരായ തൊഴിലാളിവർഗ്ഗ മുന്നേറ്റത്തിലൂടെ മാത്രമേ സാധ്യമാകൂ.

Share this post

scroll to top