എസ്യുസിഐ(കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയും, ഈ യുഗം ദര്‍ശിച്ച സമുന്നത മാര്‍ക്സിസ്റ്റ് ചിന്തകനും, തൊഴിലാളിവര്‍ഗത്തിന്റെ മഹാനായ നേതാവും, ഗുരുവും വഴികാട്ടിയുമായ സഖാവ് ശിബ്ദാസ് ഘോഷിന്റെ ജന്മശതാബ്ദി ആചരണത്തിന്റെ ഈ ആരംഭവേളയില്‍, അടുത്തിടെ ബംഗാളിയില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ, ബിപ്ലബി ജിബോണി സര്ബപേക്ഷ മര്യാദമോയ് (വിപ്ലവകാരിയുടെ ജീവിതമാണ് ഏറ്റവും മഹോന്നതം) എന്ന കൃതിയില്‍ നിന്നുള്ള ഒരു ഖണ്ഡികയുടെ സ്വതന്ത്ര പരിഭാഷയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. 1974ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഒരു സ്കൂള്‍ ഓഫ് പൊളിറ്റിക്സില്‍ അദ്ദേഹം നടത്തിയ ചര്‍ച്ചയാണ് ഈ കൃതിക്ക് ആധാരം. പരിഭാഷയില്‍ എന്തെങ്കിലും തെറ്റുകളോ പോരായ്മകളോ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം യൂണിറ്റി എഡിറ്റോറിയല്‍ ബോര്‍ഡിനായിരിക്കും.
പാർട്ടിയുടെ തുടക്കകാലം തൊട്ടുതന്നെ നാം ഏറ്റവുമധികം പ്രാധാന്യം നൽകിയിരുന്നത്, നേതാക്കളുടെയും സഖാക്കളുടെയും സ്വഭാവഗുണവികാസത്തിനാണ്. കമ്മ്യൂണിസ്റ്റ് സ്വഭാവത്തിന്റെ നൈതികമായ വശത്തിനാണ് നാം പ്രത്യേക ഊന്നൽ നൽകിയത്. അതില്ലാതെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉറച്ച അടിത്തറ രൂപപ്പെടുകയില്ല. ഇപ്പോൾ എനിക്ക് തോന്നുന്നത്, സ്വഭാവഗുണത്തിന് പ്രാധാന്യം നൽകിയത് ശരിയായിരുന്നു. പക്ഷേ അതിന്റെ ഊന്നൽ ഏകപക്ഷീയമായിരുന്നു. ഇന്ന് നമ്മൾ നിരീക്ഷിക്കുന്നത്, പാർട്ടിയിൽ ഭൂരിഭാഗം പേരും ഇതിനു മാത്രം ഊന്നൽ നൽകാനാണ് ആഗ്രഹിക്കുന്നത് എന്നതാണ്. പക്ഷേ ഇക്കാര്യത്തിൽ ഞാൻ എന്താണ് ചിന്തിച്ചു കൊണ്ടിരിക്കുന്നതെന്ന് നിങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കട്ടെ. എന്റെ വീക്ഷണത്തിൽ സ്വഭാവരൂപീകരണത്തിന്റെ അനിവാര്യതയ്ക്ക് യാതൊരു അയവും ഉണ്ടാകാൻ പാടില്ല. പക്ഷേ, ഇപ്പോൾ നമ്മൾ പ്രാരംഭദശയിൽ അല്ല. ഉയർന്ന തലത്തിലേക്ക് കടക്കേണ്ട സമയമായിരിക്കുന്നു. നേരത്തെ നമ്മുടെ പാർട്ടി ഒരു ആശയ പ്രചാരണ കേന്ദ്രമോ യൂണിറ്റോ ആയിരുന്നു. ആ സമയത്ത്, പാർട്ടി പ്രവർത്തകരുടെ കർത്തവ്യം, ഒരു ആശയം മുന്നോട്ടുവച്ച് തങ്ങളുടെ സർവ്വശക്തിയുമെടുത്ത് അങ്ങേയറ്റത്തെ അർപ്പണത്തോടെ അതിനെ പ്രചരിപ്പിക്കുക എന്നുള്ളതായിരുന്നു. ബഹുജനങ്ങൾക്കിടയിൽ ഒരു പ്രത്യേക ചിന്തയോ ആശയമോ പ്രചരിപ്പിക്കാൻ അവർ കഠിനമായി പരിശ്രമിച്ചുകൊണ്ടിരുന്നു. ആ ഘട്ടം നമ്മൾ കടന്നിരിക്കുന്നു. ഇപ്പോൾ രണ്ടാം ഘട്ടത്തിന്റെ ചർച്ചയിലാണ്. ഈ രണ്ടാം ഘട്ടത്തിൽ, ചില തെരഞ്ഞെടുത്ത മേഖലകളിൽ കുറച്ച് സംഘടിത ബെൽറ്റുകൾ സൃഷ്ടിക്കുന്നതിൽ ചുരുങ്ങി നിൽക്കുന്നത് മതിയാകില്ല. വ്യാപകമായി ബഹുജന മുന്നേറ്റങ്ങളെ വളർത്തിയെടുക്കാനും നമ്മുടെ സംഘടനയെ ബൃഹത്തായ അളവിൽ വിപുലപ്പെടുത്താനും നമ്മൾ മുൻകൈയെടുക്കേണ്ട ഘട്ടമാണ് ഇത്. പാർട്ടിയെ ഒരു ബഹുജന പാർട്ടിയായി പരിവർത്തനപ്പെടുത്തേണ്ട സമയമെത്തിയിരിക്കുന്നു. ഈ ഘട്ടത്തിൽ സ്വഭാവഗുണ രൂപീകരണത്തിനായി പരമാവധി സമയം നീക്കിവെക്കുന്നത്ഉ ചിതമാവില്ല. ഇപ്പോൾ നമുക്ക് മറ്റൊരു ഉയർന്ന ചുമതല ഏറ്റെടുക്കേണ്ടതുണ്ട്. അത് കൂടാതെ നമുക്ക് സ്വഭാവ ഗുണം സംരക്ഷിച്ചെടുക്കാനുമാവില്ല . ബഹുജനങ്ങളെ സംഘടിപ്പിക്കുന്നില്ല എങ്കിൽ, നമ്മുടെ സ്വഭാവത്തിന്റെ ചൈതന്യവും നിലനിൽക്കില്ല. രാഷ്ട്രീയ സംരംഭങ്ങൾ വർദ്ധിപ്പിക്കുക, ജനങ്ങളോടൊപ്പം നിൽക്കുക, ജനങ്ങളുടെ ഏതൊരു പ്രശ്നത്തിലും ആരുടെയും ആഹ്വാനത്തിനു കാത്തുനിൽക്കാതെ തന്നെ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുക, അങ്ങനെ കൃത്യസമയത്തുള്ള നമ്മുടെ വ്യക്തിപരമായ മുൻകൈയുടെയും പ്രവർത്തനത്തിന്റെയും ബലത്തിൽ മുൻനിരയിൽ ഉണ്ടാവുക, എന്നിവയാണ് ഇന്ന് നമുക്ക് പ്രധാനം.
നമ്മുടെ പ്രവർത്തകർക്ക് സ്വഭാവഗുണമുണ്ടാകാം. പക്ഷേ ഈ കഴിവ് അവർക്ക് താരതമ്യത്തിൽ തീരെ കുറവാണ്. ഇതാണ് പ്രധാന പരിമിതി. ശരിയായ നിശ്ചയത്തോടെ ഈ പരിമിതിയെ പരിഹരിക്കുകയാണെങ്കിൽ നമ്മുടെ 75 ശതമാനം പ്രശ്നങ്ങളും പരിഹരിക്കപ്പെടും. വെറുതെ പഠനക്ലാസുകൾ നടത്തുന്നതുകൊണ്ട് മാത്രം രാഷ്ട്രീയവും സംഘടനാപരവുമായ നേതൃത്വം നൽകാൻ പര്യാപ്തരായ, വിവിധ മേഖലകളിൽ സംഘടന കെട്ടിപ്പടുക്കാനുള്ള ചുമതല വഹിക്കാൻ ശേഷിയുള്ള ഭാരവാഹികളെ സൃഷ്ടിക്കാനാകുമോ? ഇന്നത്തെ ഭാരവാഹികളും ഒരു പ്രക്ഷോഭത്തിന്റെ ഉൽപ്പന്നമാണ്. പക്ഷേ ആ സമയത്ത് പ്രക്ഷോഭം എന്നത് പ്രധാനമായും ആശയപ്രചാരണത്തിന്റെ രൂപത്തിലായിരുന്നു. അതുകൊണ്ട് അത്തരം ഭാരവാഹികളെ പഠനക്ലാസുകളിലൂടെയും വ്യക്തിപരമായ അടുപ്പത്തിലൂടെയും സൃഷ്ടിക്കാനാകും. പക്ഷേ ഇന്ന് അതു മതിയാകില്ല. ജനങ്ങൾക്കൊപ്പവും അവർക്കിടയിലും എങ്ങനെ പ്രവർത്തിക്കണമെന്നും, ഒരു പ്രക്ഷോഭത്തിലേക്കിറങ്ങാനുള്ള മുൻകൈ എങ്ങനെയെടുക്കണം എന്നും, നമ്മുടെ വ്യതിരിക്തമായ വ്യക്തിത്വവും സ്വഭാവവും രാഷ്ട്രീയ പ്രത്യയശാസ്ത്രവും , എതിർശക്തികളുടെ പ്രതിലോമ വിമർശനങ്ങൾക്ക് അതീതമായി സംരക്ഷിച്ചുകൊണ്ട് എങ്ങനെ പ്രവർത്തിക്കാമെന്നും ഇന്ന് നമ്മൾ പഠിക്കണം. ഈ രീതിയിൽ കാര്യശേഷി വികസിപ്പിക്കുന്നില്ലെങ്കിൽ ബഹുജനസമരങ്ങൾക്ക് പര്യാപ്തമാംവണ്ണം നേതൃത്വം കൊടുക്കാൻ പാർട്ടിയെ പരിവർത്തനപ്പെടുത്തുന്ന പ്രക്രിയയെ നയിക്കാൻ ആവശ്യമായ ഭാരവാഹികളും സഖാക്കളും സൃഷ്ടിക്കപ്പെടുകയില്ല. ഇപ്പോൾ പാർട്ടി വലുതായിരിക്കുന്നു. നിരവധി പ്രക്ഷോഭങ്ങളിൽ അത് പങ്കുകൊള്ളുന്നു. വിവിധ ബഹുജന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവുന്നു. അതുകൊണ്ട്, അതുപോലെ കൃത്യമായി പരിശീലിപ്പിക്കപ്പെടുകയും വികസിക്കുകയും ചെയ്ത നേതാക്കളുമായി അടുത്ത ബന്ധം പുലർത്താനുള്ള അവസരം ഭൂരിഭാഗം സഖാക്കൾക്കും മുൻ കാലങ്ങളെക്കാൾ കുറവാണ്. അല്ലെങ്കിൽ തീർത്തും ഇല്ല എന്ന് തന്നെയും പറയാം. ഇതാണ് ആദ്യത്തെ വിഷയം.
കുറച്ച് സഖാക്കൾ എപ്പോഴും സൃഷ്ടിക്കപ്പെടും. ഈ സഖാക്കൾ സ്വഭാവഗുണം കൊണ്ട് ഉൽകൃഷ്ടരായിരിക്കുമെങ്കിലും രാഷ്ട്രീയ മുന്‍കൈയുടെ കാര്യം വരുമ്പോൾ അവർ ആ ശേഷി ആർജിച്ചിട്ടുണ്ടാകില്ല. പാർട്ടിയുടെ അടിയന്തര അവശ്യകത നിർവ്വഹിക്കുന്നതിന് അവർക്ക് ശേഷിയുണ്ടാകില്ല. ഒരു അളവുകോൽ വെച്ച് നമ്മൾ വിലയിരുത്തുമ്പോൾ, വിപ്ലവത്തിനായുള്ള വീക്ഷണവും പൊരുതാനുള്ള തീക്ഷ്ണതയും ത്യാഗത്തിനുള്ള ശേഷിയും ഉള്ള സമർപ്പിതരും നിസ്വാർത്ഥരുമാണ് അവർ എന്ന് കാണാം. ആ മനോഭാവം അവർക്കുണ്ട്. പക്ഷേ അവർക്ക് ജനങ്ങൾക്കൊപ്പം നിൽക്കാൻ ആകുന്നില്ല. നിന്നാൽ തന്നെ അവർക്ക് തർക്കിക്കാനോ അല്ലെങ്കിൽ പ്രഭാഷണം നടത്താനോ മാത്രമേ സാധിക്കുന്നുള്ളൂ. അവർ അധികമായി പഠിപ്പിക്കാൻ ശ്രമിക്കുന്നു എന്നതുകൊണ്ട് ജനങ്ങൾ അവരെ ഒഴിവാക്കുന്നു. അത്തരം താർക്കികരായ സഖാക്കളെ കണ്ടുമുട്ടുമ്പോൾ ജനങ്ങൾ കരുതുക, അവരോട് പ്രഭാഷണം നടത്താൻ ഒരു പുരോഹിതൻ എത്തിയിരിക്കുന്നു എന്നാണ്. ഇന്നത്തെ തലമുറയ്ക്ക് അങ്ങനെ ഒരുപാട് കാര്യങ്ങൾ കേൾക്കുന്നതിന് താല്പര്യമില്ല. അതുകൊണ്ട് അവർക്ക്എന്താണ് വേണ്ടതെന്നും അവരോടൊപ്പം എങ്ങനെ നിലകൊള്ളാമെന്നും, എപ്പോൾ എങ്ങനെ അവരോട് കാര്യങ്ങൾ വിശദീകരിക്കാമെന്നും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. ജനങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കണം എന്നതുകൊണ്ട്, സോഷ്യലിസം എന്താണ് എന്നതിൽ തുടങ്ങി ജീവിതത്തിന്റെ മൂല്യം എന്താണ്, സ്വഭാവഗുണം എന്നാൽ എന്താണ് എന്ന് വരെയുള്ള കാര്യങ്ങൾ എല്ലാം ഒറ്റയടിക്ക് നമ്മൾ വിശദീകരിക്കുകയും ജനങ്ങൾ അപ്പോൾ തല ചൊറിഞ്ഞു പ്രതികരണമി ല്ലാതെ നിൽക്കുകയും ചെയ്യുക എന്നല്ല വേണ്ടത്. അങ്ങനെയാണെങ്കിൽ പിന്നീട് എന്ത് സംഭവിക്കും? നമ്മളെ എപ്പോൾ ദൂരെനിന്ന് കണ്ടാലും, നമ്മുടെ പ്രഭാഷണത്തെ ഭയന്ന് ജനങ്ങൾ എതിർദിശയിലേക്ക് ഓടി രക്ഷപ്പെടും. രണ്ടു മൂന്നു ദിവസം അങ്ങനെ പ്രഭാഷണം നടത്തിക്കഴിഞ്ഞാൽ തന്നെ ജനങ്ങൾ നമ്മളെ ഒഴിവാക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. അതുകൊണ്ട് ജനങ്ങളിൽ ധാരണ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുക എന്നത് നിരർത്ഥകമാണെന്ന് നമുക്ക് അനുമാനിക്കാം.
നമ്മൾ വളരെയധികം പരിശ്രമിക്കുന്നു, പക്ഷേ ആരും നമുക്ക് ചെവി തരുന്നില്ല. ആർക്കും പഠിക്കാനുള്ള മനസ്സില്ല. ജനങ്ങളെക്കൊണ്ട് ഒരുപാട് കാര്യങ്ങൾ ഒരേസമയം മനസ്സിലാക്കിക്കാൻ ശ്രമിക്കുന്നത് കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത് എന്നാണ് ഞാൻ ചോദിക്കുന്നത്. അവരോടൊപ്പം ജീവിക്കുക, അവരോടൊപ്പം നിലനിൽക്കുക, നിങ്ങൾ സ്വയംതന്നെ ഉലച്ചിൽ തട്ടാതെ നിലകൊള്ളുക. അവർ പതിയെ മനസ്സിലാക്കിക്കൊള്ളും. അതുകൊണ്ട് നിങ്ങൾക്ക് ക്ഷമ ഉണ്ടാകണം. നിങ്ങൾ പറയുന്നത് അവർക്ക് ഗ്രഹിക്കാൻ സാധിക്കുന്നത് പോലെ മെല്ലെ അവർക്ക് വിശദീകരിച്ചു കൊടുക്കുക. ഒരു പഴയ പഴഞ്ചൊല്ലുണ്ട്. ക്ഷമ കയ്പ്പേറിയതാകാം, പക്ഷേ അതിന്റെ ഫലം മധുരമുള്ളതാവും. ഇത് ഓർക്കുകയാണെങ്കിൽ നമുക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കും. ഈ സാഹചര്യത്തിൽ നമ്മൾ മറ്റൊരു കാര്യം കൂടി അറിയേണ്ടതുണ്ട്. അല്ലെങ്കിൽ എല്ലാ കാര്യങ്ങളും സങ്കീർണമാകാം. നമ്മുടെ ധാരണയും ശരിയാവുകയില്ല. ഒരു വിപ്ലവപ്രവർത്തകൻ ഒരു വിപ്ലവകാരിയെ പോലെ സംസാരിക്കുകയും വിപ്ലവ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തിട്ട്, വിപ്ലവകാരിയുടേതല്ലാത്ത രീതിയിൽ പെരുമാറുന്നത് ഉചിതമല്ല. അനുചിതവും അനീതിയുമായ ഒന്നിന് അനുകൂലമായി ഒരു പ്രവാഹം ഉണ്ടാകും. അത്തരം ഒരു സാഹചര്യത്തിൽ ഒരു വിപ്ലവകാരി ഒറ്റയ്ക്കാണെങ്കിൽ കൂടി ആ പ്രവാഹത്തിനെതിരെ നീങ്ങും. ഒഴുക്കിനെതിരെ പോകുവാൻ ആയിരിക്കും അയാളുടെ മനോഭാവം. മനുഷ്യർക്ക് രണ്ട് വ്യത്യസ്ത മനോഭാവങ്ങളുണ്ട്. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും പ്രവണത, കാറ്റ് വീശുന്ന ദിശയിലേക്ക് നീങ്ങുക, അല്ലെങ്കിൽ മുന്നിട്ടുനിൽക്കുന്നത് എന്തോ അതിനു പിന്നിൽ അണിചേരുക എന്നതാണ്. ഈ രീതിയിലാണ് ആൺകുട്ടികളും പെൺകുട്ടികളുമൊക്കെ ഫാഷന്റെ ഇരകളാകുന്നത്. അനുകരിക്കാനുള്ള ഈ പ്രവണത ദോഷകരമാണ്. കാരണം അതൊരു പകർപ്പെടുക്കൽ സംസ്കാരത്തിന് നുഴഞ്ഞുകയറാൻ അവസരം നൽകുകയാണ്. ആ സാഹചര്യത്തിൽ ജനങ്ങൾക്ക് ദുഷിക്കാതിരിക്കാനാ വില്ല. അനുകരണശീലത്തിൽ ജനങ്ങൾ മുങ്ങിക്കുളിച്ചുകൊണ്ടി രിക്കുകയാണെങ്കിൽ അവർക്ക് സ്വന്തമായി എന്ത് വിലയാണ് ഉണ്ടാവുക? അതുകൊണ്ടാണ്, രണ്ടു തരത്തിലുള്ള ജനങ്ങൾ ഉണ്ടെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അവരുടെപത്താം കോൺഗ്രസ്സിൽ അഭിപ്രായപ്പെട്ടത്. ഒരു വിഭാഗത്തിൽപ്പെട്ടവർ, ഉയർന്നുവരുന്ന ഒരു പ്രവണതകളുടെയും പിന്നാലെ അന്ധമായി പോകാതെ, ശരിയായ ധാരണയുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ മുന്നോട്ടു നീങ്ങുന്നു. പൊതുവിലുള്ള മാനസികശേഷിയും മനോഭാവവും പ്രവർത്തന രീതിയും ഒഴുക്കിനെതിരെ നീങ്ങുന്നതിനാകും എന്ന് കരുതി, അർഹമായ ഒരു പ്രവാഹം ഉയർന്നു വന്നാൽ അതിനെതിരെയും പോകും എന്നല്ല. ഇല്ല, രണ്ടിന്റെയും ഇടയിൽ നമ്മൾ ആശയക്കുഴപ്പത്തിലായാൽ ഗുണപരമായ ഒന്നിനെയും സ്വീകരിക്കാൻ നമുക്കാവില്ല. സിപിസിയുടെ പത്താം കോൺഗ്രസ്സിൽ ഈ വിഷയം പരാമർശിച്ചത് പൊതുവായ ഒരു ശേഷിയെ വിശദീകരിക്കാനാണ്. പക്ഷേ യോജിക്കാത്ത അവതരണം മൂലം ഏതൊരു സാഹചര്യത്തിലും ആ മനോഭാവം കൈക്കൊള്ളുന്നതിന് അടിവരയിടുന്നത് പോലെയാണ് തോന്നുക. ഉയർന്നുവരുന്ന ഒരു പ്രവണത, സ്വീകരിക്കാൻ അർഹവും വിപ്ലവത്തിന് അനുഗുണവും ആണെങ്കിൽ, എന്തിന് അതിനെ എതിർക്കണം? തീർച്ചയായും പാടില്ല. അങ്ങനെ സിപിസിയും പറയാൻ ഉദ്ദേശിച്ചിട്ടില്ല. ഒഴുക്കിനെതിരെ പോവുകയെന്നത് ഒരു മാർക്സിസ്റ്റ്-ലെനിനിസ്റ്റ് തത്ത്വമായി പത്താം കോൺഗ്രസ് പ്രസ്താവിക്കുന്നു. അതൊരു മാർക്സിസ്റ്റ്-ലെനിനിസ്റ്റ് തത്ത്വം മാത്രമല്ല. എല്ലാ കാലഘട്ടങ്ങളിലുമുള്ള മഹാന്മാരായ മനുഷ്യരുടെയെല്ലാം മനോഭാവം ഒഴുക്കിനെതിരെ പോവുക എന്നത് തന്നെയായിരുന്നു.
രണ്ടുതരത്തിലുള്ള മനുഷ്യരുണ്ട്. ഒരു കൂട്ടർ വെറുതെ അനുകരിക്കുന്നു. അതേസമയം, രണ്ടാമത്തെ കൂട്ടർ പുതുതായി ചിലത് സൃഷ്ടിക്കുന്നു. ഒരു കൂട്ടർ സമൂഹത്തിൽ നിന്നും എടുക്കുക മാത്രം ചെയ്യുന്നു. മറുകൂട്ടർ, സമൂഹത്തിന് തിരികെ എന്തെങ്കിലും നൽകുന്നു. ഈ രണ്ടു തരത്തിലുള്ള ജനങ്ങളും സമൂഹത്തിൽ നിലനിൽക്കുന്നു. സമൂഹത്തിന് എന്തെങ്കിലും നൽകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒഴുക്കിനെതിരെ പോകാനുള്ള ഒരു മാനസിക പ്രവണതയും മനോഭാവവും ആണുള്ളത്. അവർ ഒഴുക്കിന്റെ ഇരകളായി മാറാറില്ല. ഇതാണ് സിപിസിയുടെ പത്താം കോൺഗ്രസ് മനോഹരമായി പറഞ്ഞത്. വിപ്ലവത്തിന്റെയോ പ്രക്ഷോഭത്തിന്റെയോ ഒരു വേലിയേറ്റം ഉയർന്നുവന്നാലും അതിനെതിരെ പോവുകയെന്നതാണ് മാർക്സിസ്റ്റ് – ലെനിനിസ്റ്റ് തത്ത്വമെന്നോ, ആ പ്രവാഹത്തിൽ നിന്നും നമ്മൾ പിന്തിരിയണമെന്നോ, ഇതിൽ നിന്നും ആരും നിർണയിക്കരുത് അതൊരു തെറ്റായ ധാരണയാണ്. ഒരു വിപ്ലവ വേലിയേറ്റമുണ്ടാകുമ്പോൾ ജനങ്ങൾ നിരനിരയായി അതിലേക്ക് എടുത്തുചാടുന്നു. അതുകൊണ്ട് അതിൽ പലരുംരക്തസാക്ഷികളാകുന്നു. ആ പ്രക്ഷോഭത്തിന്റെ ഗതിയിൽ ചിലർ നേതാക്കളായും ഉയർന്നുവരുന്നു. ഈ ഘട്ടത്തിൽ, നേതൃത്വം നൽകുന്ന പാർട്ടി ഓരോ തലത്തിലുമുള്ള അന്ധതയോടു പൊരുതിയില്ലെങ്കിൽ, ബഹുജനങ്ങൾക്ക് ശിക്ഷണം നൽകുന്നതിൽ പരാജയപ്പെട്ടാൽ, പല മോശപ്പെട്ട പ്രവണതകളും ആ വേലിയേറ്റത്തിനുള്ളിൽ മറഞ്ഞിരിക്കുന്നുണ്ടാക്കാം. അങ്ങനെ വന്നാൽ, വിപ്ലവം വിജയിച്ചാൽ പോലും പിന്നീട് പല ബുദ്ധിമുട്ടുകളും ഉയർന്നു വരും. പക്ഷേ ഒന്നും പേടിക്കേണ്ടതില്ല, അത്തരം പ്രവണതകളെ മുൻകൂട്ടി തന്നെ തിരിച്ചറിയുന്നതിൽ ജാഗരൂകരായിരിക്കുന്ന നേതൃത്വം ആണ് ശരിയായ വിപ്ലവ നേതൃത്വം.