ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടി : നീതി നിഷേധത്തിന്റെ ഭീകര മുഖം

Share

മനുഷ്യത്വം തരിമ്പെങ്കിലും അവശേഷിക്കുന്ന ഒരാള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല ബില്‍ക്കിസ് ബാനു എന്ന ഇരുപത്തൊന്നുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന പെണ്‍കുട്ടി നേരിട്ട ക്രൂരതകള്‍. വര്‍ഗ്ഗീയതയുടെ പേ ബാധിച്ച ഒരു പറ്റം നരാധമര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ പിച്ചിച്ചീന്തി. മൂന്നുവയസ്സുകാരിയായ മകളെ തലക്കടിച്ചു കൊന്നു. സ്ത്രീകളായ കുടുംബാംഗങ്ങളെ മാനഭംഗപ്പെടുത്തി. ഏഴു കുടുംബാംഗങ്ങളെ അരുംകൊല ചെയ്തു. മരിച്ചുവെന്നു കരുതി ബില്‍ക്കിസ് ബാനുവിനെ കുറ്റിക്കാട്ടിലെറിഞ്ഞ്, അടുത്ത ഇരകളെത്തേടി ആര്‍ത്തലച്ച് അവര്‍ കടന്നുപോയി. മരവിച്ച മനസ്സോടെ മാത്രം നമുക്കോര്‍ക്കാന്‍ കഴിയുന്ന, സ്വതന്ത്ര ഭാരതത്തിലെ കുപ്രസിദ്ധമായ വംശഹത്യകളിലൊന്നായ ഗുജറാത്തിലെ മുസ്ലീംവിരുദ്ധ കലാപത്തിലെ അനേകം സംഭവങ്ങളിലൊന്നു മാത്രമായിരുന്നു ഇത്.

ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളോടെ 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലീം വംശഹത്യയിലെ നൂറുകണക്കിനു കേസുകളില്‍, വിചാരണയിലേക്കെങ്കിലുമെത്തിക്കാന്‍ അവസരം കിട്ടിയ അപൂര്‍വ്വങ്ങളിലൊന്നിലെ ഇരയും സാക്ഷിയുമാണ് ബിൽക്കീസ് ബാനു. സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷം ഒരു ദുരിതാശ്വാസ ക്യാമ്പില്‍ നിന്നാണ് ബില്‍ക്കിസ് ബാനുവിനെ ഭര്‍ത്താവ് യാക്കൂബ് റസൂല്‍ കണ്ടെത്തുന്നത്. അതിജീവനത്തിന്റെ യാതനാഭരിതമായ നാളുകളിലൂടെ അവര്‍ കടന്നുപോയി. സമാഹരിക്കാന്‍ കഴിയുന്ന ശക്തി ചേര്‍ത്തുവച്ച് നിയമനടപടികളുടെ അനന്തര യാതനകളിലേക്കു കടന്നു. അങ്ങനെ ദീര്‍ഘകാലത്തെ നിയമനടപടികള്‍ക്കു ശേഷം, ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥയാല്‍ ശിക്ഷിക്കപ്പെട്ട കൊടുംകുറ്റവാളികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ഒറ്റയടിക്ക് ശിക്ഷയിളവു നല്‍കി വിട്ടയച്ചിരിക്കുന്നത്. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ജനറല്‍ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് അതിനിശിതമായി ഈ നടപടിയെ അപലപിച്ചു.


മനഃസാക്ഷിയുള്ള ഏതൊരാളെയും അമ്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന ഈ ശിക്ഷയിളവിനെതിരെ രാജ്യമെമ്പാടും നീതിബോധമുള്ള ജനങ്ങള്‍ രംഗത്തുവന്നിരിക്കുന്നു. നിയമപരമായ നിരവധി ചോദ്യങ്ങള്‍ ഈ ശിക്ഷയിളവില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. പക്ഷേ നമ്മുടെ രാഷ്ട്രീയ, നൈതിക ഘടനയില്‍ അതു സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ് അതിലും ഗുരുതരം.
സ്വാതന്ത്ര്യസമരത്തില്‍ ഒരു ഘട്ടത്തിലും പങ്കെടുക്കാതിരുന്ന ഹിന്ദു മഹാസഭയുടെയും ആര്‍എസ്സ്എസ്സിന്റെയും പൈതൃകവും അനുഗ്രഹാശിസ്സുകളും പേറുന്നവരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. എങ്കിലും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരില്‍ ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുന്നു അവര്‍. സ്വാതന്ത്ര്യസമരത്തെ പിന്നില്‍ നിന്നു കുത്തിയവരുടെ പിന്‍ഗാമികള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ ആജ്ഞാപിക്കുമ്പോള്‍ ആര്‍ക്കാണു സ്വാതന്ത്ര്യം? കൊലപാതകികള്‍ക്കും സ്ത്രീകളെയും കുഞ്ഞുങ്ങളെയും മാനഭംഗപ്പെടുത്തിയവര്‍ക്കും! ആരാണു തടവറയില്‍? ആനന്ദ് തെല്‍തുംബെ, ഹാനിബാബു, സുധ ഭരദ്വാജ്, റോണ വില്‍സണ്‍, വരവരറാവു, ആര്‍.ബി.ശ്രീകുമാര്‍ തുടങ്ങിയ അനേകമനേകം ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും!
ഇരുനൂറോളം വര്‍ഷത്തെ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ കൊടുത്തു നേടിയ സ്വാതന്ത്ര്യം പുലര്‍ന്നപ്പോള്‍ത്തന്നെ, ഭരണത്തിലേറിയ ബൂര്‍ഷ്വാസിയുടെ താല്പര്യാര്‍ത്ഥം രാജ്യം വിഭജിക്കപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ ഒരു രാത്രി കൊണ്ട് അഭയാര്‍ത്ഥികളായി മാറുകയും ചെയ്തിരുന്നു. തീവ്രമായ നിരാശയില്‍പ്പെട്ട ആ ജനത ആരുടെയൊക്കെയോ പ്രേരണയാല്‍ ഒരു വര്‍ഗ്ഗീയ കലാപത്തിലേക്കെടുത്തെറിയപ്പെട്ടു. സ്വതന്ത്ര ഭാരതം പിറന്നു വീണതു തന്നെ അങ്ങനെ ഒരു വര്‍ഗ്ഗീയ കലാപത്തിലേക്കായിരുന്നു. വിഭജനത്തിന്റെ മുറിവുകള്‍ ഉണങ്ങാതെ വ്രണമായി ഇന്ത്യന്‍ മനസ്സുകളില്‍ ഇന്നും നിലകൊള്ളുന്നുണ്ട്. പിന്നീട് 1984ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനു ശേഷം ഡല്‍ഹിയില്‍ സിക്കുകാര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം നടന്നു. അത്, പക്ഷേ വര്‍ഗ്ഗീയ കലാപമായിരുന്നില്ല. ഒരു മതവിഭാഗത്തിനെതിരെ, കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ നേരിട്ടാസൂത്രണം ചെയ്ത വംശഹത്യ തന്നെയായിരുന്നു. എന്നാല്‍ 2002ലെ ഗോധ്ര തീവണ്ടി തീവെപ്പിനെത്തുടര്‍ന്ന് മുസ്ലിങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ശക്തികള്‍ പോലീസിന്റെയും ഭരണ സംവിധാനത്തിന്റെയും മൗനാനുവാദത്തോടെ നടത്തിയ വംശഹത്യ, ക്രൂരതയുടെ കാര്യത്തില്‍ നാസി ജര്‍മ്മനിയിലെ ജൂതവേട്ടയുടെ ഒരു ലഘുപതിപ്പായിരുന്നു.


മുസ്ലീംവിരുദ്ധവികാരം ആളിക്കത്തിച്ച്, അതുവഴി ഹിന്ദു ഭൂരിപക്ഷ വികാരത്തെ ഉത്തേജിപ്പിക്കുകയും സമൂഹത്തെ വര്‍ഗ്ഗീയമായി ധ്രുവീകരിക്കുകയും ചെയ്തു കൊണ്ട് തെരഞ്ഞെടുപ്പു നേട്ടമുണ്ടാക്കാനുള്ള പദ്ധതികള്‍ 1980 കളില്‍ത്തന്നെ ബിജെപി ആരംഭിച്ചിരുന്നു. അക്രമോത്സുകമായ രഥയാത്രയിലൂടെ എല്‍.കെ. അദ്വാനി ഉത്തരേന്ത്യയില്‍ ഈ ധ്രുവീകരണം സൃഷ്ടിക്കുകയും ഇന്ത്യന്‍ മതേതര മനഃസാക്ഷിയെ കീറിമുറിച്ചുകൊണ്ട് 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കുകയും ചെയ്തു. ബിജെപി പിന്നീട് കേന്ദ്രഭരണം പിടിച്ചെടുക്കുന്നതിന് അടിത്തറയായി ഇത് മാറി. എന്നാല്‍ ഫാസിസ്റ്റു മനോഘടന സമൂഹത്തില്‍ വ്യാപിപ്പിക്കുന്നതിന്റെയും ഫാസിസത്തിന്റെ അടിത്തറയൊരുക്കുന്നതിന്റെയും പരീക്ഷണശാലയായി നരേന്ദ്ര മോദി ഭരിക്കുന്ന ഗുജറാത്ത് പിന്നീടു മാറുന്നതാണു നാം കാണുന്നത്. 2002ലെ മുസ്ലീം വംശഹത്യ അങ്ങനെ ആസൂത്രണം ചെയ്യപ്പെട്ട ഒന്നായിരുന്നു. കലാപത്തിനാധാരമായി പറയപ്പെടുന്ന ഗോധ്ര തീവണ്ടി തീവെപ്പു സംഭവത്തില്‍ ആരാണ് തീവച്ചതെന്നോ എങ്ങനെയാണതു നടന്നതെന്നോ ഇന്നും ദുരൂഹമാണ്. ഇപ്പോള്‍ ജയിലിലടക്കപ്പെട്ടിരിക്കുന്ന, കലാപകാലത്ത് അഹമ്മദാബാദിലെ എഡിജിപി ആയിരുന്ന ആര്‍.ബി. ശ്രീകുമാര്‍, ” ഗുജറാത്ത് തിരശ്ശീലയ്ക്കു പിന്നിൽ” എന്ന പുസ്തകത്തിലുടെ കലാപത്തിന്റെ നിരവധി ഉള്‍പ്പിരിവുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഗോധ്ര സംഭവത്തില്‍, മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു കൈമാറുക എന്നതാണു നിയമമെങ്കിലും അതു ലംഘിച്ച് വിഎച്ച്പി നേതാക്കള്‍ക്കു കൈമാറുകയും, അഹമ്മദാബാദ് നഗരത്തിലൂടെ പ്രദര്‍ശനം നടത്തി, കലാപാഹ്വാനം നല്‍കുന്ന വിധത്തില്‍ വികാരത്തെ ആളിക്കത്തിക്കാനവസരം നല്‍കുകയും ചെയ്തു ഗുജറാത്ത് പോലീസ്. തുടര്‍ന്നു നടന്നത് മനുഷ്യത്വം മരവിച്ചു പോകുന്ന കലാപമായിരുന്നു. ഭരണസംവിധാനം കലാപം വ്യാപിപ്പിക്കുന്നതിനു ചൂട്ടുപിടിക്കുകയോ മൗനാനുവാദം നല്‍കുകയോ ചെയ്തു എന്നതിന് ഉപോദ്ബലകമായി നിരവധി തെളിവുകള്‍ ശ്രീകുമാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ പിന്നീട് അന്വേഷണം നടത്തിയ പ്രത്യേകാന്വേഷണ സംഘം ശ്രീകുമാറിനെ സാക്ഷിയാക്കുകയോ മൊഴിയെടുക്കുകയോ ചെയ്തില്ല. അങ്ങനെ ആ തെളിവുകളൊന്നും വിചാരണക്കോടതിയിലെത്തിയില്ല.
ഇരയായവര്‍ക്കു പരാതി കൊടുക്കാനോ നിയമ നടപടികളുമായി മുന്നോട്ടു പോകാനോ കഴിയാത്ത സാഹചര്യം സംഘപരിവാറും പോലീസും ചേര്‍ന്ന് പിന്നീടു സൃഷ്ടിച്ചു. സകല പ്രതിബന്ധങ്ങ ളെയും കടന്നു കോടതിയിലെത്തിയ കേസുകളില്‍ ഭൂരിഭാഗം പരാതിക്കാരെയും സാക്ഷികളെയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. ഗുജറാത്തില്‍ നീതിപൂര്‍വ്വമായ വിചാരണ നടക്കില്ല എന്ന ബോധ്യത്തില്‍ ബിൽക്കീസ് ബാനു കേസിന്റെ വിചാരണ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം മഹാരാഷ്ട്രയിലാണു നടന്നത്. മാനഭംഗപ്പെടുന്ന ജാതി-മത ന്യൂനപക്ഷങ്ങളിലെ ഇരകളെ സംബന്ധിച്ചിടത്തോളം ഈ നിയമനടപടികളിലേക്കു പോകുക എന്നത് നമ്മുടെ നാട്ടിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തില്‍ യാതനാപൂര്‍ണ്ണമായ അഗ്‌നിപരീക്ഷയാണ്. ബലാല്‍സംഗം എന്നത് സാമൂഹികമായ അടിച്ചമര്‍ത്തലിന്റെ ആയുധമാണ് എന്നതുതന്നെ കാരണം. വര്‍ണ്ണ-വര്‍ഗ്ഗ-ആണത്ത അധികാരം അടിച്ചേല്പിക്കുന്ന, കൊലയ്ക്കു തുല്യമായ പ്രകടനമാണത്. തന്റെ ജീവനുനേരേ പലവട്ടം ഭീഷണി നേരിട്ട ബിൽക്കീസ് ബാനുവിന് സ്വരക്ഷയ്ക്കായി വാസസ്ഥലം നിരന്തരം മാറി അലയേണ്ടിവന്നു. അജ്ഞാതവാസത്തില്‍ പലനാള്‍ കഴിഞ്ഞു. അങ്ങനെ അങ്ങേയറ്റത്തെ പ്രതിസന്ധികള്‍ മറികടന്നാണ് വിചാരണ പൂര്‍ത്തിയായതും ഈ പ്രതികളെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചതും.


തടവുകാരിലാെരാളായ രാധേശ്യാം ഭഗവന്‍ദാസ് ഷാ എന്നയാള്‍ തനിക്കു ശിക്ഷയിളവ് നല്‍കണമെന്നപേക്ഷിച്ചു കൊണ്ട് സുപ്രീം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ മെയ് 13ന് സുപ്രീം കോടതി അതു പരിഗണിക്കണമെന്നു ഗുജറാത്ത് സര്‍ക്കാരിനോടാവശ്യപ്പെടുന്നത്. തടവുകാരെ കാലാവധിക്കുമുമ്പേ വിട്ടയയ്ക്കുന്നതിനായി ഗുജറാത്തില്‍ 1992ല്‍ നിലവില്‍ വന്ന നയത്തിനനുസരിച്ച് രണ്ടു മാസത്തിനുള്ളില്‍ ഈ അപേക്ഷ പരിഗണിക്കണമെന്നും തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു. അങ്ങനെയാണിവരെ വിട്ടയയ്ക്കാന്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
ജയില്‍ ഒരു സംസ്ഥാന വിഷയമായതിനാല്‍ തടവുകാരെ വിട്ടയയ്ക്കുന്നതിനുള്ള നയം രൂപീകരിക്കേണ്ടതും സംസ്ഥാന സര്‍ക്കാരാണ്. തടവുകാര്‍ക്കു ശിക്ഷയിളവു നല്‍കുന്നതിനായുള്ള നയം ഗുജറാത്ത് സര്‍ക്കാര്‍ 2014ല്‍ പരിഷ്‌കരിച്ചിരുന്നു. മാറിയ നിബന്ധനകള്‍ പ്രകാരം കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കു ശിക്ഷയിളവ് ലഭിക്കാനര്‍ഹതയില്ല. എന്നാലിതു പരിഗണിക്കാതെ, കുറ്റകൃത്യം നടന്ന സമയത്ത് ബാധകമായത് 1992ലെ നിയമമാണെന്ന സാങ്കേതികത ഉയര്‍ത്തി നിര്‍ദ്ദേശം നല്‍കിയ സുപ്രീംകോടതിയാണ് ഈ വിട്ടയയ്ക്കല്‍ നാടകത്തിലെ ആദ്യ പ്രതി. ഗുജറാത്ത് സര്‍ക്കാരാകട്ടെ, ഒരാളുടെ മാത്രം അപേക്ഷ പരിഗണിച്ച് പതിനൊന്ന് പേരെയും വിട്ടയച്ചു. ‘സംസ്‌കാരസമ്പന്നരായ ബ്രാഹ്മണരാണവര്‍’ എന്ന ബിജെപി നേതാക്കളുടെ സ്വഭാവസര്‍ട്ടിഫിക്കറ്റുംകൂടെ കൊടുത്തുവിട്ടു.


ജയില്‍ എന്നത് കുറ്റവാളികളുടെ നവീകരണത്തിനും പരിവർത്തനത്തിനുമുള്ള സ്ഥാപനമാണ് എന്നതാണ് സങ്കല്പം. അതുകൊണ്ട് ശിക്ഷയിളവു ലഭിക്കുക എന്നത് തടവുകാരുടെ അവകാശമായിട്ടു തന്നെയാണു നിയമജ്ഞര്‍ വ്യാഖ്യാനിക്കുന്നത്. പക്ഷേ ഈ കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍, കുറ്റവാളികള്‍ക്ക് എന്തെങ്കിലും നവീകരണം സംഭവിച്ചോ എന്ന കാര്യം പരിഗണിച്ചതായ സൂചനകളൊന്നു മില്ല. മാത്രമല്ല ഗുരുതരമായ വിവേചനവും സര്‍ക്കാര്‍ കാണിച്ചിരിക്കുന്നു. 1992ലെ നയമനുസരിച്ച് ഇവരുടെ കുറ്റകൃത്യം ശിക്ഷയിളവു ലഭിക്കുന്നതിനു തടസ്സമല്ലെന്നു വാദിക്കാമെങ്കിലും സമാന കുറ്റകൃത്യ ത്തില്‍ ശിക്ഷിക്കപ്പെട്ട മറ്റൊരാളെപ്പോലും ഇവരുടെ കൂടെ വിട്ടയച്ചിട്ടില്ല എന്നത് സര്‍ക്കാരിന്റെ കുറ്റകരമായ പക്ഷപാതിത്വത്തെയാണ് വ്യക്തമാക്കുന്നത്.
ഇപ്പോള്‍ ഈ പതിനൊന്ന് തടവുകാരെ വിട്ടയച്ചത്, സുപ്രീം കോടതിയുടെ തന്നെ മുന്‍കാലത്തെ വിധികളുടെ അന്തഃസത്തയ്‌ക്കെതിരാണെന്നും നിയമവിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നു. 2022 ഏപ്രിലില്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഒരു ബഞ്ച് വിധിച്ചത് തടവുകാരെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തോന്നിയപോലെ വിട്ടയയ്ക്കാന്‍ പറ്റില്ല എന്നാണ്. ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവത്തെ അട്ടിമറിക്കുന്നതാകരുത് ശിക്ഷയിളവ് എന്ന് വേറൊരു കേസില്‍(രാജനും തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിയും തമ്മിലുള്ള കേസ്) സുപ്രീം കോടതി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ലക്ഷ്മണ്‍ നാസ്‌കര്‍ യൂണിയന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ നടത്തിയ വ്യവഹാരത്തില്‍ വിധിപറഞ്ഞുകൊണ്ട്, തടവുകാരെ വിട്ടയക്കുന്നതിനു മുമ്പ് അഞ്ചു കാര്യങ്ങള്‍ പരിശോധിക്കണം എന്നു സുപ്രീം കോടതി പറയുന്നുണ്ട്. സമൂഹത്തെ ബാധിക്കാത്ത വ്യക്തിഗതമായ ഒന്നാണോ പ്രസ്തുത കുറ്റകൃത്യം എന്നത്, ഭാവിയില്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടോ എന്നത്, കുറ്റം വീണ്ടും ചെയ്യാനുള്ള ശേഷി കുറ്റവാളിക്കുണ്ടോ എന്നത്, കുറ്റവാളിയെ ജയിലിലിടുന്നതു വഴി ലഭിക്കുമെന്നു കരുതിയ എന്തെങ്കിലും ലക്ഷ്യങ്ങള്‍ നേടിയോ എന്നത്, കുറ്റവാളിയുടെ കുടുംബത്തിന്റെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവയാണ് അവ. ഗുജറാത്ത് സര്‍ക്കാര്‍ ഇവയിലൊന്നുപോലും പരിശോധിച്ചതിനു തെളിവു നല്‍കിയിട്ടില്ല. വിട്ടയക്കപ്പെട്ട കുറ്റവാളികള്‍ക്കു പൂമാലകളും മധുരവും നല്‍കി സ്വീകരിച്ച സംഘപരിവാര്‍ അനുയായികള്‍, ഈ കുറ്റകൃത്യം തങ്ങളുടെ അനുഗ്രഹാശിസ്സുകളോടെയാണു നടന്നതെന്നും ഇനിയുമതു നടത്താനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നുമാണ് പ്രഖ്യാപിക്കുന്നത്.


താന്‍ ഭയചകിതയായിരിക്കുന്നു എന്ന ബിൽക്കീസ് ബാനുവിന്റെ നേര്‍ത്ത ശബ്ദം അസ്വാസ്ഥ്യജനകമായി നമുക്കനുഭവപ്പെടുന്നില്ലേ? അതൊരു വ്യക്തിയുടെ മാത്രം രോദനമല്ല; ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും അധഃസ്ഥിതരുടെയും കൂടിയാണ്. രാജ്യത്തിനകത്ത് ഒന്നിന് പുറകെ ഒന്നായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണവും ഒറ്റപ്പെടുത്തലും നടക്കുന്നതെന്തുകൊണ്ടാണ്? മുസ്ലീം വിരുദ്ധവികാരത്തിന്റെയടിസ്ഥാനത്തിലുള്ള ഹിന്ദു മതഭ്രാന്തിന്റെ ഏകീകരണം അതിന്റെ അടിയന്തര ലക്ഷ്യമാണ്. എന്നാല്‍ അതിനുമപ്പുറമാണ് അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം.
സ്വതന്ത്ര ഭാരതത്തിന്റെ 75 വര്‍ഷങ്ങള്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളൊന്നും പരിഹരിച്ചിട്ടില്ല എന്നത് നമ്മുടെ പ്രത്യക്ഷാനുഭവമാണ്. 1990കളില്‍ ആവിഷ്‌ക്കരിച്ചതും പിന്നീടുവന്ന എല്ലാ സര്‍ക്കാരുകളും അത്യുത്സാഹത്തോടെ നടപ്പാക്കുകയും ചെയ്യുന്ന ആഗോളവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നടപടികള്‍ ജനജീവിതത്തിന്റെ എല്ലാരംഗങ്ങളെയും പ്രതിസന്ധിയിലാഴ്ത്തി യിരിക്കുന്നു. ഉദാരവല്‍ക്കരണ നയങ്ങള്‍ ഏറ്റവുമധികം ബാധിച്ച ഒരു വിഭാഗം കര്‍ഷകരായിരുന്നു. വിവിധ അന്താരാഷ്ട്ര ഉടമ്പടികളുടെ ഫലമായി കര്‍ഷകരുടെ ഉല്പന്നങ്ങള്‍ ന്യായമായ വിലയ്ക്കു വില്‍ക്കാന്‍ കഴിയാതെ വന്നു. സബ്‌സിഡി വെട്ടിക്കുറച്ചു. വൈദ്യുതി നിയമം പരിഷ്‌ക്കരിച്ചതിലൂടെ ചെലവു പലമടങ്ങായി. കുറഞ്ഞ വിലയ്ക്ക് വിദേശത്തുനിന്നുള്ള ഉല്പന്നങ്ങള്‍ കമ്പോളം കീഴടക്കി. തങ്ങളുടെ അവസാന വരുമാനവും കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതാനുളള മൂന്നു കാര്‍ഷികബില്ലുകള്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്നതോടെ കര്‍ഷകര്‍ രണ്ടും കല്‍പ്പിച്ചുള്ള സമരത്തില്‍ അണിചേര്‍ന്നു. അഭ്യസ്തവിദ്യരും അല്ലാത്തവരുമായ യുവാക്കള്‍ തൊഴിലില്ലാതെ അക്ഷരാര്‍ത്ഥത്തില്‍ അലയുകയാണ്. ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന തരത്തില്‍ അവരില്‍ അസംതൃപ്തി ഉറഞ്ഞു കൂടിയിരിക്കുന്നു. സൈനിക നിയമനത്തിന്റെ കാര്യത്തില്‍ റിക്രൂട്ട്‌മെന്റ് പ്രതീക്ഷിച്ചിരുന്ന യുവാക്കളെ അപഹസിക്കും വിധം അഗ്‌നിപഥ് എന്ന കരാര്‍ നിയമനം ആവിഷ്‌ക്കരിച്ചതിനെതിരെ രാജ്യമെമ്പാടും സ്വമേധയാ യുവാക്കള്‍ തെരുവിലിറങ്ങിയത് ഈ അസംതൃപ്തിയുടെ ലക്ഷണമായിരുന്നു. രാജ്യത്ത് വിവിധയിടങ്ങളിലായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളും കൊറോണ മഹാമാരിയും ജനജീവിതത്തെ തകര്‍ത്തു കളഞ്ഞിരിക്കുന്നു. എന്നാല്‍ ഇക്കാലയളവില്‍ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 2020ലെ 102ല്‍ നിന്ന് 2021 എത്തുമ്പോഴേയ്ക്കും142ലേക്ക് ഉയര്‍ന്നിരിക്കുന്നു. വരുമാന ശ്രേണിയിലെ താഴത്തെ 50% ജനങ്ങളുടെ വരുമാനം മൊത്തവരുമാനത്തിന്റെ 6 ശതമാനമായി കുറയുകയും ചെയ്തിരിക്കുന്നു (ഓക്സ്ഫാംറിപ്പോര്‍ട്ട്). ദുരന്തങ്ങളെ നേട്ടങ്ങളാക്കി മാറ്റാന്‍ ചങ്ങാത്ത മുതലാളിത്ത ശക്തികള്‍ക്ക് അവസരമൊരുക്കിക്കൊടുക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനരോഷം പുകയുകയാണ്. വിവിധയിടങ്ങളില്‍ ജനങ്ങളുടെ പ്രതിഷേധ സമരങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് മുതലാളിത്ത ശക്തികളും സര്‍ക്കാരും അസ്വസ്ഥതയോടെയാണു കാണുന്നത്. അതുകൊണ്ടുതന്നെ ജനാധിപത്യാവകാശങ്ങളുടെമേല്‍ മുന്‍പെങ്ങുമില്ലാത്ത വിധം ആക്രമണങ്ങള്‍ നടത്തുകയാണു സര്‍ക്കാര്‍. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും അധികാരികളെ വിമര്‍ശിക്കാനുമുള്ള ഭരണഘടനാസിദ്ധമായ അവകാശം ഉപയോഗിക്കുന്ന ബുദ്ധിജീവികളെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയുമെല്ലാം കരിനിയമങ്ങള്‍ പ്രകാരം ജയിലിലടക്കുന്നു.
ഏകീകൃതമായ ഒരു നേതൃത്വത്തിനു കീഴില്‍ ഈ സമരങ്ങളെല്ലാം കോര്‍ത്തിണക്കപ്പെട്ടാല്‍ തങ്ങളുടെ നിലനില്പുതന്നെ അപകടത്തിലാകുമെന്ന് മുതലാളിത്ത ശക്തികള്‍ ഭയക്കുന്നു. നമ്മുടെ പാര്‍ട്ടിയുടെ സ്ഥാപകനും മഹാനായ മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ സഖാവ് ശിബ്‌ദാസ് ഘോഷ് ചൂണ്ടിക്കാട്ടിയതുപോലെ വരാനിരിക്കുന്ന ഒരു തൊഴിലാളിവര്‍ഗ്ഗവിപ്ലവത്തെ മുന്‍കൂറായി തടയാന്‍ മുതലാളിത്തം ഫാസിസത്തില്‍ അഭയം പ്രാപിക്കുകയാണ്. യോജിച്ച ജനാധിപത്യസമരങ്ങള്‍ വളര്‍ന്നു വരാന്‍ പറ്റാത്തവിധം ജനൈക്യം തകര്‍ക്കുക എന്നതാണ് ഒരു മാര്‍ഗ്ഗം. ഊതിക്കത്തിച്ച ഭൂരിപക്ഷവികാരത്തിനടിപ്പെട്ട് യുക്തിചിന്ത വെടിഞ്ഞ, സാമൂഹിക വികാസത്തിന്റെ നിയമങ്ങളെ മറന്ന് ഒരു രക്ഷകനില്‍ വിശ്വസിക്കുന്ന ജനതയാണ് ഫാസിസത്തിന്റെ അടിത്തറ. സാമ്പത്തികമായ കേന്ദ്രീകരണം, ഭരണപരമായ കാര്‍ക്കശ്യം, സാംസ്‌കാരികമായ ചിട്ടപ്പെടുത്തല്‍, കുത്തകകളുടെയും ഭരണകൂടത്തിന്റെയും താല്പര്യങ്ങളുടെ തദാത്മ്യം ഇങ്ങനെ ഫാസിസത്തിന്റെ മുന്നുപാധികള്‍ ഒന്നൊന്നായി ഒരുങ്ങുകയാണ്. കൃത്രിമമായ പ്രശ്‌നങ്ങളുടെപേരില്‍ ന്യൂനപക്ഷങ്ങളെ രാജ്യദ്രോഹികളായി ചിത്രീകരിച്ചുകൊണ്ട് ഭൂരിപക്ഷ വികാരം ജ്വലിപ്പിക്കാന്‍ ഭരണവര്‍ഗ്ഗശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ഈ ലക്ഷ്യം നേടിയെടുക്കാനാണ്. സാധാരണക്കാരായ ഹിന്ദുക്കളുടെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ സര്‍ക്കാരിനു കഴിയില്ല എന്നും നാം മനസ്സിലാക്കണം. അതവരുടെ ലക്ഷ്യവുമല്ല. ജനങ്ങളെ ഇളക്കാന്‍ പറ്റിയ ഒന്നാണ് മതവും വിശ്വാസവും എന്നവര്‍ക്കറിയാം. അതുകൊണ്ടാണതിനെ ഊതിക്കത്തിക്കുന്നത്. കുത്തകകളുടെ ചൂഷണം നിര്‍ബാധം തുടര്‍ന്നുകൊണ്ടുപോകുന്നതിന് അവസരമൊരുക്കുക എന്നതു മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഹിന്ദുത്വം എന്നത് അതിനൊരു ഉപകരണം മാത്രം.


മറ്റൊരു കാര്യം ഇവിടെ ശ്രദ്ധിക്കാം. വിഖ്യാത എഴുത്തുകാരന്‍ സൽമാന്‍ റുഷ്ദിക്കെതിരെ ഒരു ഇസ്ലാമിക തീവ്രവാദിയില്‍ നിന്നുണ്ടായ ആക്രമണത്തെ ഇതുവരെ ബിജെപി അപലപിച്ചിട്ടില്ല. ‘ലോകം മുഴുവനും ശ്രദ്ധിച്ചതും പ്രതികരിച്ചതുമാണ് ഈ സംഭവം’ എന്ന് വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ പറഞ്ഞതു മാത്രമാണ് ഈ വിഷയത്തിലെ പ്രതികരണം. ബിജെപിയുടെ മുന്‍ വക്താവ് നൂപൂര്‍ ശര്‍മ, മുഹമ്മദ് നബിയെക്കുറിച്ചു നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നു നേരിട്ട കടുത്ത പ്രതിഷേധമണ് ഈ മൗനത്തിനു കാരണമെന്ന് മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്. ആ ഇസ്ലാമികരാജ്യങ്ങളുമായുളള വ്യാപാരബന്ധത്തെപ്പോലും ആ അഭിപ്രായപ്രകടനം ബാധിക്കുമെന്നു വന്നിരുന്നു. അപ്പോള്‍, കച്ചവടത്തെ ബാധിക്കുമെന്നു തോന്നിയാല്‍ ഇസ്ലാമിക മൗലികവാദത്തെക്കുറിച്ചും ഒരക്ഷരം മിണ്ടില്ല. ഇന്ത്യയിലെ മുസ്ലീം വിരോധ പ്രകടനങ്ങള്‍ ഹിന്ദു ഭൂരിപക്ഷ വികാരത്തെ ജ്വലിപ്പിക്കാന്‍ മാത്രമാണ്.


ഈ കൊടുംകുറ്റവാളികളെ വിട്ടയച്ചതിന്റെ ഒരു ലക്ഷ്യം മുസ്ലീങ്ങളില്‍ അരക്ഷിത ബോധം വളര്‍ത്തിയെടുക്കുകയും നൈരാശ്യത്തില്‍ നിന്നുടലെടുക്കുന്ന തീവ്രപ്രതികരണങ്ങളിലേയ്ക്കവരെ നയിക്കുകയുമാണ്. എന്നാല്‍ മുസ്ലീം സ്വത്വത്തിന്റെയടിസ്ഥാനത്തിലുള്ള ഒരു പ്രതികരണവും ചൂഷിതരായ ജനലക്ഷങ്ങളുടെ താല്പര്യത്തെ സംരക്ഷിക്കില്ല എന്നു നാം മനസ്സിലാക്കണം. ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളെ ആധാരമാക്കി, കഷ്ടപ്പെടുന്ന ജനങ്ങളൊന്നാകെ ജാതി-മത-പ്രദേശ വ്യത്യാസങ്ങളൊന്നും പരിഗണിക്കാതെ ജനാധിപത്യ സമരങ്ങളിലണിചേരുക മാത്രമാണ് നമുക്കു മുന്നിലുള്ള മാര്‍ഗ്ഗം. കര്‍ഷക സമരം ഉജ്വലമായ മാതൃകയായി നമ്മുടെ മുമ്പിലുണ്ട്.
തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട കുറ്റവാളിയുടെ കഴുത്തിനു പാകമാകുന്നില്ല കൊലക്കുരുക്ക് എന്നതിനാല്‍ കുടുക്കിനു ചേരുന്ന കഴുത്തുള്ള ഒരാളെ കണ്ടെത്തി തൂക്കിലേറ്റാന്‍ ഒരു രാജാവ് വിധിക്കുന്ന ഒരു പ്രഹസനത്തെക്കുറിച്ച് ആനന്ദ് ‘ഗോവര്‍ദ്ധന്റെ യാത്രകള്‍’ എന്ന നോവലില്‍ പറയുന്നുണ്ട്. ബിജെപി., സംഘപരിവാര്‍ ശക്തികള്‍ ഭരണരംഗം കൈയടക്കിയിരിക്കുമ്പോള്‍ അവരുടെ കൊലക്കുരുക്ക് കൊലപാതകികള്‍ക്കും ബലാല്‍സംഗ പ്രതികള്‍ക്കും പാകമാകുന്നില്ല. അതു പാകമാകുന്നത് ഇരകളായ ന്യൂനപക്ഷങ്ങള്‍ക്കും വിമര്‍ശകരായ ബുദ്ധിജീവികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു മൊക്കെയാണ്. ഓര്‍ക്കുക, ഒരു പോരാട്ടത്തില്‍ നാമൊന്നിച്ചണിനിരക്കുന്നില്ലെങ്കില്‍ ആ കൊലക്കുരുക്കുകള്‍ നാളെ നമ്മുടെ കഴുത്തിനു നേരെയും വരും.

Share this post

scroll to top