ഹേമ കമ്മിറ്റി റിപ്പോർട്ട് : സർക്കാരിന്റെ അപമാനകരമായ വഞ്ചനയ്ക്കെതിരെ നിലകൊള്ളുക

1724749094-9709.avif
Share

സഹസ്രകോടികൾ ഒഴുകുന്ന വലിയ മൂലധന ക്രയവിക്രയ മേഖലയാണ് സിനിമ. കമ്പോളത്തിൽ സിനിമയെന്ന ഉൽപ്പന്നം വിറ്റഴിച്ച് ലാഭമുണ്ടാക്കുന്നതിനുമാത്രം പ്രാമുഖ്യം നൽകുന്ന വ്യവസായമാണ് സിനിമയെങ്കിലും, മറ്റു വ്യവസായങ്ങളിലെപ്പോലെ തൊഴിൽനിയമങ്ങളോ തൊഴിലവകാശങ്ങളോ ഈ മേഖലയിൽ അംഗീകരിക്കപ്പെടുകയുണ്ടായില്ല. സാങ്കേതികവിദ്യ ഏറെ മുന്നോട്ടുപോയെങ്കിലും, അടിമുടി പുരുഷകേന്ദ്രിതവും, ഈ മേഖലയെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ താത്പര്യാർത്ഥം തികഞ്ഞ ഫ്യൂഡൽ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതും, തൊഴിലാളിവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ രീതികളാണ് ഇന്ത്യയിലെ ചലച്ചിത്രമേഖലയിൽ പൊതുവിലും മലയാളസിനിമയിലും നിലനിന്നുപോകുന്നത്.

സാങ്കേതികവിദ്യ മനുഷ്യനു നൽകിയ കലയാണ് സിനിമ. സിനിമയുടെ വളർച്ചയുടെ ഗതിയിൽ ഇത് ഒരേസമയം കലയും നിരവധിയാളുകൾക്ക് തൊഴിൽ നൽകുന്ന വ്യവസായവുമായാണ് പരിണമിച്ചത്. ഇന്ത്യയിൽ സിനിമയ്ക്കും സിനിമാതാരങ്ങൾക്കും ലഭിച്ച സ്വീകാര്യത, മറ്റേതൊരു രാജ്യത്തേക്കാളും ആഴത്തിലുള്ളതായിരുന്നു. എന്നാൽ, വളരെയധികം ചൂഷണവും കൊള്ളരുതായ്മകളും ഈ മേഖലയിൽ പണ്ടുതൊട്ടേ നടമാടിയിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. പക്ഷേ വെള്ളിത്തിരയിലെ താരങ്ങളുടെ പ്രഭയിൽ ഇതൊന്നും പരസ്യമായി ആരും അംഗീകരിക്കാനോ ചർച്ച ചെയ്യാനോ മുതിർന്നിരുന്നില്ല എന്നു മാത്രം. പ്രതിഷേധത്തിന്റെയും മാറ്റത്തിന്റെയും ഒറ്റപ്പെട്ട ശബ്ദങ്ങളെ അടിച്ചമർത്തിയും പുറത്താക്കിയുമാണ് ഈ മേഖലയുടെ മേലാളരായി സ്വയം കരുതുന്ന ശക്തികൾ മുന്നോട്ടുപോയത്. എന്നാൽ, ഈ മേഖലയിൽ ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നവരായ വനിതകൾ, തങ്ങളിലൊരാൾക്കു സംഭവിച്ച ഹീനമായ അനുഭവത്തെ തുടർന്ന്, നിശ്ചയദാർഢ്യത്തോടെയും സംഘടിതരായും പ്രതിഷേധ സ്വരമുയർത്തിയതിന്റെ ഫലമായി ഈ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാരിന് ഒരു കമ്മിറ്റിയെ നിയോഗിക്കേണ്ടിവന്നു. ഏറെ അപ്രിയസത്യങ്ങൾ വിളിച്ചുപറയുന്ന ഈ കമ്മിറ്റി റിപ്പോർട്ട് ഏറെക്കാലം പൂഴ്ത്തിവെച്ച് ചൂഷകർക്ക് തണലൊരുക്കുകയായിരുന്നു കേരളത്തിലെ ഇടതെന്നവകാശപ്പെടുന്ന സർക്കാർ. അതെന്തുകൊണ്ടെന്നും ആരെ സംരക്ഷിക്കാനാണെന്നും, സമ്പൂർണ്ണമല്ലാതെ റിപ്പോർട്ട് പുറത്ത് ലഭ്യമായപ്പോൾ തന്നെ ജനത്തിനു മനസ്സിലായി.


ഹേമ കമ്മിറ്റി: പശ്ചാത്തലം


2017ലാണ് നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയുംചെയ്ത സംഭവമുണ്ടായത്. ഗൂഢാലോചന നടത്തിയതിന്റെ പേരിൽ നടൻ ദിലീപിനെതിരെ ഈ സംഭവത്തിൽ കേരള പോലീസ് കേസെടുത്തു. തുടർന്ന്, സിനിമാമേഖലയിൽ നിലനിൽക്കുന്ന ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവന്നു. പ്രസ്തുത സംഭവത്തിനുശേഷം പൊതുസമൂഹത്തിൽ ഉയർന്നുവന്ന ശക്തമായ സമ്മർദ്ദത്തിന്റെ ഫലമായും സിനിമ മേഖലയിൽ രൂപംകൊണ്ട വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരവും സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് സമഗ്രമായ പഠനം നടത്താനാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ, ചലച്ചിത്രനടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവർ അടങ്ങുന്നതാണ് ഹേമ കമ്മിറ്റി. 300 പേജുകളോളം വരുന്ന ഒരു റിപ്പോർട്ട്, 2019 ഡിസംബറിൽ, ഹേമകമ്മിറ്റി സർക്കാരിന് സമർപ്പിക്കുകയുണ്ടായി. പൊതുഖജനാവിൽനിന്ന് ഒരു കോടി ആറുലക്ഷത്തിൽപരം രൂപ കമ്മിറ്റിക്കായി ചെലവിടുകയും ചെയ്തു. എന്നാൽ, സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർക്കാർ, ഈ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുകയോ അതിന്മേൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല.
സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന വരും പ്രമുഖരായ മറ്റനേകം വ്യക്തികളും സാമൂഹ്യസംഘടനകളും വനിതാസംഘടനകളുമൊക്കെ ഈ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്നും അതിന്മേൽ ആവശ്യമായ, ശക്തമായ തുടർനടപടികൾ സ്വീകരിക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ സർക്കാർ അതൊന്നും ചെവിക്കൊണ്ടില്ല. തുടർന്ന് മാധ്യമപ്രവർത്തകരുൾപ്പെടെ ഏതാനും വ്യക്തികൾ വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ചു. കേരള ഹൈക്കോടതിയും അത്തരത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടതോടെ, കോടതി നിർദ്ദേശിച്ചതുപ്രകാരം, ഇതിൽ പേരുവന്നിട്ടുള്ള വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനെന്ന പേരിൽ വെട്ടിച്ചുരുക്കിയും പേജുകൾ മാറ്റിയും അപൂർണ്ണമായ രൂപത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുവാൻ സർക്കാർ നിർബന്ധിതമാവുകയാണ് ഉണ്ടായത്. അങ്ങനെയാണ് 2024 ഓഗസ്റ്റ് 20ന് റിപ്പോർട്ട്‌ വെളിച്ചം കണ്ടത്. 110 പേജുകളോളം ഇപ്പോഴും മറയ്ക്കപ്പെട്ടിരിക്കുകയാണ്. പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ അങ്ങേയറ്റം ആശങ്ക ഉണർത്തുന്നതാണ്. ഒരു പരിഷ്കൃതസമൂഹത്തിൽ ഒരു കാരണവശാലും ഉണ്ടാവാൻ പാടില്ലാത്ത തരത്തിലുള്ള നികൃഷ്ടമായ ലൈംഗികചൂഷണങ്ങളും തൊഴിൽചൂഷണങ്ങളും സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌.
റിപ്പോർട്ട്‌ പ്രസിദ്ധപ്പെടുത്തിയതിനു പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സിനിമാമേഖലയിൽനിന്നുതന്നെ നിരവധി സ്ത്രീകൾ മുന്നോട്ടുവന്നു. നടീനടന്മാരുടെ സംഘടനയായ എഎംഎംഎയുടെ ജനറൽ സെക്രട്ടിയായിരുന്ന നടൻ സിദ്ദിഖ് അടക്കമുള്ളവർ ലൈംഗിക അതിക്രമങ്ങൾ നടത്തിയെന്ന് പലരും തുറന്നുപറഞ്ഞു. തനിക്കുനേരെ ഉയർന്ന ആരോപണത്തെ തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് രാജി വെയ്ക്കേണ്ടിവന്നു. സിനിമാമേഖലയിൽ നടമാടുന്ന ജീർണ്ണതയുടെ ആഴം ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ മറനീക്കി പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയം ഗൗരവമായി പരിഗണിക്കപ്പെടേതുണ്ട്. അഭിനയരംഗത്തേയ്ക്കു മാത്രമല്ല, മറ്റു വിവിധ മേഖലകളിലേക്കും ധാരാളം സ്ത്രീകൾ കടന്നുവരുന്നുണ്ട്. സ്ത്രീകൾക്ക് നിർഭയം ഈ മേഖലയിൽ പണിയെടുക്കാൻ കഴിയുന്നില്ലെന്നും കടുത്ത ലൈംഗികചൂഷണങ്ങളെ നേരിടേണ്ടി വരുന്നുവെന്നും പല വനിതകളും കമ്മിറ്റിയുടെ മുൻപിൽ തെളിവുകൾ നൽകിയിട്ടുണ്ട്. അവസരങ്ങൾക്കുവേണ്ടി സംവിധായകരുടെയും നിർമ്മാതാക്കളുടെയും സഹപ്രവർത്തകരായ നടന്മാരുടെയും ഒക്കെ ലൈംഗികമായ താല്പര്യങ്ങൾക്ക് വിധേയമാകേണ്ടുന്ന ഗതികേടിലാണ് തങ്ങളെന്ന് പലരും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അത്തരം സമീപനങ്ങളെ ധീരതയോടുകൂടി ചെറുത്തുനിൽക്കുന്ന സ്ത്രീകൾക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നതായും അവർക്ക് തൊഴിൽ തന്നെ നഷ്ടപ്പെടുന്നതായും വെളിവാക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിൽ സിനിമാമേഖലയിൽ നടമാടുന്ന ദുഷ്‌പ്രവണതകളെ നയിക്കുന്നത്, അതിനെ നിലനിർത്തുന്നത് ശക്തമായ ഒരു ‘പവർ ഗ്രൂപ്പ്’ ആണെന്നും ഹേമ കമ്മിറ്റി മുൻപാകെ പല ആളുകളും മൊഴികൾ നൽകിയിരുന്നു.


സുരക്ഷിതമായ താമസസൗകര്യങ്ങളോ പ്രാഥമികാവശ്യങ്ങൾക്ക് അവശ്യം ഉണ്ടായിരിക്കേണ്ട സംവിധാനങ്ങളോ വസ്ത്രങ്ങൾ മാറുവാനുള്ള സൗകര്യങ്ങളോ പോലും ഈ മേഖലയിൽ സ്ത്രീകൾക്ക് ഉറപ്പാക്കപ്പെടുന്നില്ല. വേതനത്തിന്റെ കാര്യത്തിലാവട്ടെ ഗുരുതരമായ വിവേചനമാണ് സ്ത്രീകൾ നേരിടുന്നത്. പലപ്പോഴും വ്യവസ്ഥപ്പെടുത്തുന്ന വേതനം കിട്ടാതിരിക്കുക, ഘട്ടംഘട്ടമായി മാത്രം ലഭിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടിവരുന്നു. ഏതൊരു തൊഴിൽരംഗത്തും നിലനിൽക്കുന്ന സേവന-വേതന വ്യവസ്ഥകൾ തൊഴിൽനിയമങ്ങളുടെയും ജനാധിപത്യമൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ ക്രമപ്പെടുത്തിയതാവണം. എന്നാൽ സിനിമാരംഗത്ത് സ്ഥിതി മറ്റൊന്നാണ് എന്നാണ് ഇപ്പോൾ വെളിവാക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും താഴെത്തലത്തിലുള്ള തൊഴിലാളികൾ മുതൽ നടീനടന്മാരും സംവിധായകരും വരെയുള്ള ഒരു വലിയ സംഘത്തിന്റെ കൂട്ടായ പ്രവർത്തനഫലമാണ് ഓരോ സിനിമയും. അതിലൂടെ സൃഷ്ടിക്കപ്പെടുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കൈയടക്കുന്നത് ഒരു ‘പവർ ഗ്രൂപ്പ്‌’ ആണെന്നും എല്ലാ വിഷയങ്ങളിലും അവരുടെ നിയന്ത്രണമുണ്ടെന്നും പലരും മൊഴി നൽകിയിട്ടുണ്ട്.
മറ്റൊരു കാര്യം, മദ്യവും മയക്കുമരുന്നും വൻതോതിൽ ഈ രംഗത്ത് പിടിമുറുക്കിയിരിക്കുന്നു എന്നതാണ്. പലരും അവയുടെ ഉപഭോക്താക്കളും വാഹകരുമാണ് എന്നും മുമ്പുതന്നെ വാർത്തയായിട്ടുണ്ട്. സ്വാഭാവികമായും ഇതിലൂടെയും സ്ത്രീസുരക്ഷ വെല്ലുവിളിക്കപ്പെടും എന്നതിന് തർക്കമില്ല. ധാരാളം സ്ത്രീകൾ പ്രവർത്തിക്കുന്ന ഒരു രംഗമായിരുന്നിട്ടുകൂടി സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അവരുടെ പരാതികൾ പരിഹരിക്കുവാനും ഐസിസി(ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റി) പോലെയുള്ള ജനാധിപത്യ സംവിധാനങ്ങളൊന്നും സിനിമാമേഖലയിൽ ഇല്ല. താരസംഘടനകളെയും സാങ്കേതികപ്രവർത്തകരുടെ സംഘടനകളെയും ഒക്കെത്തന്നെ നയിക്കുന്നത് കടുത്ത പുരുഷാധിപത്യ വീക്ഷണങ്ങളാണ്.


സിനിമ: അങ്ങേയറ്റം ചൂഷണം നടക്കുന്ന തൊഴിൽമേഖല


സിനിമ ഒരു വ്യവസായം കൂടിയാണ് എന്നതുകൊണ്ടുതന്നെ ഒരു തൊഴിൽമേഖല കൂടിയാണ്. എഴുത്തുകാരും അഭിനേതാക്കളും സംവിധായകരും മാത്രമല്ല, ക്യാമറ, ലൈറ്റിംഗ്, സെറ്റ് നിർമ്മാണപ്രവർത്തകർ, പ്രൊഡക്ഷൻ സഹായികൾ, സംവിധായകസഹായികൾ തുടങ്ങി ചെറുതും വലുതുമായ എണ്ണമറ്റ തൊഴിലുകൾ എടുക്കുന്ന നൂറുകണക്കിനുപേർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അറിയപ്പെടുന്ന നടീനടന്മാർക്കു പുറമേ, ജൂനിയർ ആർട്ടിസ്റ്റുകളായി എത്രയോ പേർ ക്യാമറയ്ക്കു മുന്നിലും പണിയെടുക്കുന്നു. പലരും പ്രതിഫലം കിട്ടാതെയോ തുച്ഛമായ പ്രതിഫലത്തിനോ ആണ് പണിയെടുക്കുന്നത്. മറ്റുമേഖലകളിൽ നിന്ന് സിനിമമേഖലയെ വ്യത്യസ്തമാക്കുന്നത്, ഇവിടത്തെ തൊഴിലിന്റെ അസ്ഥിരസ്വഭാവമാണ്. തികച്ചും ‘ഹയർ ആൻഡ് ഫയ‍‍‍ർ’ ആണ് തൊഴിലുകൾ. ഒരു സിനിമയ്ക്കു വേണ്ടി വിളിക്കുന്നു, അതുകഴിയുമ്പോൾ ആ തൊഴിൽ അവസാനിക്കുന്നു. തുടർന്ന് വീണ്ടും തൊഴിൽ കിട്ടണമെങ്കിൽ സിനിമയുടെ മൂലധനനിക്ഷേപത്തെ നിയന്ത്രിക്കുന്നയാളുകളെ പ്രീതിപ്പെടുത്തേണ്ടിയിരി ക്കുന്നു. നേരത്തെ ഇന്ത്യൻ സിനിമയിലും, ഇപ്പോഴും ഹോളിവുഡിലും പ്രൊഡക്ഷൻ സ്റ്റുഡിയോകൾ അല്ലെങ്കിൽ വമ്പൻ പ്രൊഡക്ഷൻ കമ്പനികൾ ഇത് നിയന്ത്രിക്കുന്നു. ഇന്ത്യയിൽ പ്രൊഡക്ഷൻ സ്ഥാപനങ്ങളും പണം മുടക്കുന്ന നിർമ്മാതാക്കളും തന്നെയാണ് മൂലധനം കൊണ്ടുവരുന്നതെങ്കിലും അതിന്റെ നിക്ഷേപത്തെ നിയന്ത്രിക്കുന്നത് സൂപ്പർതാരങ്ങൾ എന്നു വിളിക്കപ്പെടുന്ന ഒരു കൂട്ടം നടന്മാരും കുറച്ച് സംവിധായകരും ഒക്കെ അടങ്ങുന്ന ഒരു കോക്കസാണ് എന്നതാണ് യാഥാർത്ഥ്യം. മൂലധന നിക്ഷേപകരും നിക്ഷേപം നിയന്ത്രിക്കുന്ന കോക്കസുകളുമാണ് എല്ലാ ഭാഷകളിലും സിനിമയിലെ ചൂഷകരായി മാറുന്നത്. ഇവരുടെ അപ്രീതി സമ്പാദിക്കുന്നവർക്ക് തൊഴിൽ നിഷേധിക്കപ്പെടുന്നു. ഈ മേഖലയിൽ തൊഴിലെടുക്കുന്നവരെല്ലാം പല രീതിയിൽ ചൂഷണം നേരിടുന്നവരാണ്. സ്വയം തിരിച്ചറിഞ്ഞില്ലെങ്കിൽക്കൂടിയും അവരെല്ലാം തൊഴിലാളികൾ തന്നെയാണ്, തൊഴിലവകാശങ്ങൾ ഉള്ളവരാണ്. അതിൽതന്നെ ഏറ്റവും ചൂഷണം നേരിടേണ്ടിവരുന്നത് വനിതകളാണ്. ചൂഷകരുടെ ലൈംഗികതാത്പര്യത്തിനു കൂടി അവർ വിധേയരാകുന്നു. അതാകട്ടെ, തൊഴിലിടത്തിൽ മാത്രമല്ല, തൊഴിൽ കിട്ടാൻകൂടിയാണ്. കാസ്റ്റിങ്ങ് കൗച്ച്, അഡ്ജസ്റ്റ്മെന്റ്സ് എന്നിങ്ങനെയൊക്കെയുള്ള പേരുകളിൽ സിനിമയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ ലൈംഗികചൂഷണത്തിനു വിധേയരാക്കുന്നു. അന്താരാഷ്ട്രതലത്തിൽ തന്നെ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ഇത്തരം ചൂഷകരെ പൊതുമധ്യത്തിൽ തുറന്നുകാട്ടുന്ന ‘മീ ടൂ മൂവ്മെന്റ്’ ഉണ്ടായി. തൊഴിൽസുരക്ഷയെ വകവെയ്ക്കാതെ ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്താനും, യാതൊരു ലൈംഗികചൂഷണത്തിനും ഇനി വഴങ്ങിക്കൊടുക്കില്ലായെന്ന് പ്രഖ്യാപിച്ചും സിനിമയിൽ ഇത്തരം ചൂഷകർ ബോധപൂർവ്വം നിലനിർത്തുന്ന പുരുഷകേന്ദ്രിത സമീപനത്തെ പൊളിച്ചെഴുതി ആത്മാഭിമാനത്തോടെ ഏതൊരു വനിതയ്ക്കും ഇവിടെ പ്രവർത്തിക്കാനാകുമെന്ന് ഉറപ്പാക്കുന്ന തരത്തിലുമുള്ള പ്രവർത്തനമാണ് കുറച്ചു വർഷങ്ങളായി ഡബ്ല്യുസിസി എന്ന, മലയാളസിനിമയിലെ വനിതാകൂട്ടായ്മ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പോരാട്ടത്തെ പിന്തുണയ്ക്കേണ്ടതും ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകേണ്ടതും ഇന്ന് പൊതുസമൂഹത്തിന്റെ കടമയാണ്.


സ്ത്രീസുരക്ഷയും സർക്കാരുകളുടെ കാപട്യവും


മേല്പറഞ്ഞവിധത്തിൽ ഗൗരവതരവും അടിയന്തരപ്രാധാന്യം അർഹിക്കുന്നതുമായ വസ്തുതകളാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം. എന്നാൽ സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർക്കാരിന്റെ ഈ വിഷയത്തിലെ സമീപനം അങ്ങേയറ്റം നിരുത്തരവാദപരവും കുറ്റകരവുമാണ്. ഏകദേശം 5 വർഷത്തോളം റിപ്പോർട്ട്‌ പൂഴ്ത്തിവച്ചുകൊണ്ട് സർക്കാർ വേട്ടക്കാരോടൊപ്പം നിലയുറപ്പിച്ചു. മാത്രമല്ല റിപ്പോർട്ട്‌ പൂഴ്ത്തുക വഴി നിലവിലുണ്ടായിരുന്ന ലൈംഗിക, തൊഴിൽ ചൂഷണങ്ങൾ അനുസ്യൂതം തുടരുവാൻ കുറ്റവാളികൾക്ക് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ തികഞ്ഞ പരാജയമാണ് പിണറായി സർക്കാർ എന്നു കാണാൻ കഴിയും. വ്യക്തികളുടെ സ്വകാര്യതയുടെ പേരിലാണ് റിപ്പോർട്ട്‌ പൂർണമായി പ്രസിദ്ധപ്പെടു ത്താത്തത് എന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ഇരകളുടെയല്ല, മറിച്ചു കുറ്റാരോപിതരായ വമ്പൻമാരുടെ സ്വകാര്യതയാണ് സർക്കാരിന്റെ പരിഗണനാവിഷയം എന്ന് വ്യക്തമാണ്. അതുകൊണ്ടാണ്, കമ്മിറ്റിക്ക് മുൻപിൽ ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനു പകരം സിനിമാ കോൺക്ലേവ് വിളിക്കുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചത്. ഇരകളെ വഞ്ചിച്ച് വേട്ടക്കാർക്കൊപ്പം നിൽക്കുന്ന സർക്കാർ നിലപാട് സിനിമയ്ക്കകത്തും പുറത്തും ശക്തമായി വിമർശിക്കപ്പെട്ടു. പവർ ഗ്രൂപ്പുകൾ എല്ലാ മേഖലയിലുമുണ്ടെന്നും അവരെ നിലക്കുനിർത്താൻ കഴിയില്ല എന്നും മറ്റുമുള്ള സാംസ്‌കാരിക വകുപ്പുമന്ത്രിയുടെ പരിഹാസ്യമായ പരാമർശങ്ങൾ സർക്കാരിന്റെയും സിപിഐ(എം)ന്റെയും നിലപാടുകളാണ്. നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായിട്ട് ഏഴു വർഷങ്ങൾ കഴിഞ്ഞു. ഇന്നും അതിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ അതിലെ മുഖ്യപ്രതിയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അന്ന് പ്രതികരിച്ചത് യാതൊരു ഗൂഢാലോചനയും ഈ വിഷയത്തിൽ നടന്നിട്ടില്ല എന്നായിരുന്നു എന്നതും നമ്മൾ ഓർക്കണം. സമാനമായി, ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ എങ്ങനെയാണ് ചൂഷകർക്കൊപ്പം നിലകൊണ്ട്, സ്ത്രീവിരുദ്ധ നിലപാട് വ്യക്തമാക്കിയത് എന്ന് ബ്രിജ്ഭൂഷൺ വിഷയത്തിൽ നമ്മൾ കണ്ടതാണ്. സിനിമയിലും മറ്റ് മേഖലകളിലും തികച്ചും പുരുഷകേന്ദ്രിതമാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രനിലപാടെന്നും നമുക്കറിയാം. ഇതേ നിലപാട് തന്നെയാണ് സിപിഐ(എം) നേതൃത്വം കൊടുക്കുന്ന കേരളത്തിലെ സർക്കാരിന്റേതെന്നത് പുരോഗമനചിന്താഗതിക്കാരെയും ജനാധിപത്യബോധമുള്ളവരെയും വേദനിപ്പിക്കുന്ന വസ്തുതയാണ്.
ഒരു വ്യവസായമേഖല കൂടിയായ സിനിമയിൽ മാത്രമല്ല, കലാ, കായിക തൊഴിൽരംഗങ്ങളിലെല്ലാം സ്ത്രീകൾക്ക് നിർഭയം കടന്നുവരാനും നിലനിൽക്കുവാനുമുള്ള അവസരങ്ങളും അവസ്ഥയും ഉണ്ടാവണം. ജനാധിപത്യധാരണകളുടെ അടിസ്ഥാനത്തിലുള്ള തൊഴിൽനിയമങ്ങളും സുരക്ഷാസംവിധാനങ്ങളും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ ബാധ്യത നിറവേറ്റാത്ത ഒരു ഗവണ്മെന്റിന് നിലനിൽക്കുവാൻ അർഹതയില്ല. സിനിമയിൽ മാത്രമല്ല, എല്ലാ തൊഴിൽമേഖലകളിലും കടുത്ത ലൈംഗികചൂഷണങ്ങൾ സ്ത്രീകൾ നേരിടുന്നുണ്ട്. ഇത് സമൂഹത്തിന്റെ അപചയത്തിന്റെ സൂചനയാണ്. അടിയന്തരമായി പരിഹാരം കാണേണ്ട വിഷയമാണിത്.


സംസ്ഥാന സർക്കാരിന്റെ മദ്യനയം അങ്ങേയറ്റം ജനവിരുദ്ധവും സ്ത്രീവിരുദ്ധവു മാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം സമൂഹത്തിൽ കുറ്റവാളികളെ സൃഷ്ടിക്കുന്നു. കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു സാമൂഹ്യ അന്തരീക്ഷമാണ് ഇതിലൂടെ സംജാതമാകുന്നത്. സ്ത്രീസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഇതുയർത്തുന്നത്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികരായ സ്ത്രീകൾവരെ അതിക്രമങ്ങൾക്ക് ഇരയാകുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പലപ്പോഴും സർക്കാർ കൈക്കൊള്ളുന്നത്. മറുവശത്ത് കുറ്റകൃത്യങ്ങൾ അനുസ്യൂതം തുടർന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം മാറേണ്ടതുണ്ട്.
അതിശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ മാത്രമേ അധികാരികളെയും അവരുടെ തണലിൽ തഴയ്ക്കുന്ന ചൂഷകരേയും നിലയ്ക്കുനിർത്താൻ കഴിയൂ. സിനിമാരംഗത്തുനിന്നുതന്നെ ധൈര്യത്തോടെ വനിതകൾ മുന്നോട്ടുവരുന്നു എന്നത് ആശാവഹമാണ്. തൊഴിലും വരുമാനവും ജീവിതംപോലും അപകടപ്പെടുത്തിക്കൊണ്ടാണ് അവർ പോരാടുന്നത്. ഡബ്ല്യുസിസി അംഗങ്ങളുടെ പോരാട്ടങ്ങൾക്ക് പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടാകണം. സമൂഹത്തിൽ വളരേയേറെ സ്വാധീനമുള്ള ശക്തമായ ഒരു കലാരൂപമാണ് സിനിമ. ആ മേഖലയിൽ കഴിവു തെളിയിച്ചുകൊണ്ട് സ്ത്രീകൾക്കും പങ്കാളികളാകാൻ കഴിയുമാറുള്ള മാറ്റങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. സമൂഹത്തിൽ ഉയർന്ന ജനാധിപത്യ, സദാചാര മൂല്യങ്ങൾ പുലരുമ്പോൾ മാത്രമേ വ്യക്തികൾ എന്ന നിലയിൽ സ്ത്രീകൾ പരിഗണിക്കപ്പെടുകയുള്ളൂ; അവരുടെ കഴിവുകളുടെ അടിസ്ഥാനത്തിൽ ആദരിക്കപ്പെടുകയുള്ളൂ. അത്തരത്തിലുള്ള ഒരു സമൂഹസൃഷ്ടിക്കായി ഒരു സാംസ്‌കാരിക പ്രതിപ്രവാഹം സൃഷ്ടിക്കാൻ നമുക്ക് കൈകോർക്കാം.

Share this post

scroll to top