ശാസ്ത്ര ബോധവും ശാസ്ത്രീയ വീക്ഷണവും മുറുകെപ്പിടിക്കുക : ജനകീയശാസ്ത്രപ്രസ്ഥാനം വളർത്തിയെടുക്കുക

science_3920108.png
Share

‘‘എന്തൊരു ദുരന്തം’’, രണ്ടാംലോകയുദ്ധത്തിൽ ജപ്പാൻ ഏതാണ്ട് കീഴടങ്ങിയ ഘട്ടത്തിൽ 1945 ആഗസ്റ്റ് 6നും 9നും ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അതിമാരകമായ ആറ്റോമിക് ബോംബ് വർഷിച്ച്, സാധാരണക്കാരായ ജനലക്ഷങ്ങളെ കൊന്നൊടുക്കിയ സംഭവത്തെക്കുറിച്ച് വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. ന്യൂക്ലിയർ വിഭജനത്തിലൂടെ ഉണ്ടാക്കാവുന്ന അതിഭീമമായ അളവിലുള്ള ഊർജ്ജത്തിന്റെയും ആറ്റോമിക് ബോംബിന്റെയും സാങ്കേതികവിദ്യയിലേക്ക് ശാസ്ത്രലോകം അടുത്തുകൊണ്ടിരിക്കുകയാണെന്നു മനസ്സിലാക്കിയ ഐൻസ്റ്റീൻ, ഹിറ്റ്ലർക്ക് ഈ സാങ്കേതികവിദ്യ ലഭിക്കുന്നതിനുമുമ്പ് സഖ്യകക്ഷികൾ അതു വികസിപ്പിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് 1939ൽ മറ്റു ശാസ്ത്രജ്ഞരോടു ചേർന്ന് അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റിന് കത്തെഴുതിയിരുന്നു എന്നതു വാസ്തവമാണ്. ആക്രമണത്തെ നിരുത്സാഹപ്പെടുത്തുന്ന ഒരു പ്രതിരോധം (deterrence) എന്ന നിലയിൽ അത് പ്രയോജനംചെയ്യും എന്നു മാത്രമായിരുന്നു ഐൻസ്റ്റീന്റെ പ്രതീക്ഷ. നാസി ജർമ്മനി അണുബോംബുണ്ടാക്കാനുള്ള സാധ്യത കുറവാണ് എന്നു മനസ്സിലാക്കിയിരുന്നെങ്കിൽ താനൊരിക്കലും ആ കത്തെഴുതുകയില്ലായിരുന്നു എന്നും ആൽബർട്ട് ഐൻസ്റ്റീൻ പിന്നീട് ഖിന്നനായി അഭിപ്രായപ്പെടുന്നുണ്ട്. പക്ഷേ, അതിനുശേഷം യുദ്ധത്തിനെതിരെയും പ്രത്യേകിച്ച് ആണവായുധത്തിനെതിരെയും ശാസ്ത്രജ്ഞരുടെ ഒരു ലോകപ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതായി അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. തങ്ങളുടെ കണ്ടുപിടുത്തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകണമെന്ന് ശാസ്ത്രജ്ഞരോടഭ്യർത്ഥിക്കുന്ന ഒരു മെമ്മോറാണ്ടം ബർട്രാന്റ് റസ്സലിനോടൊപ്പം ചേർന്ന് അദ്ദേഹം തയ്യാറാക്കി. ‘പഗ്‌വാഷ് പ്രസ്ഥാനം’ എന്ന ശാസ്ത്രജ്ഞരുടെ വലിയൊരു ശാസ്ത്രപ്രസ്ഥാനമായി അത് വികസിച്ചുവന്നു. പിന്നീട് ആണവായുധങ്ങൾക്കെതിരെയുള്ള ലോക ബഹുജനപ്രസ്ഥാനത്തിനും ആണവായുധ നിർവ്യാപനകരാറിലേക്കും വഴിതെളിക്കുന്നതിൽ ഈ പ്രസ്ഥാനം ഗണ്യമായ പങ്കുവഹിച്ചു. ശാസ്ത്രജ്ഞരും ബഹുജനങ്ങളും ഒത്തുചേർന്നുകൊണ്ടുള്ള ഒരു ജനകീയപ്രസ്ഥാനത്തിന് എന്തുചെയ്യാൻ കഴിയും എന്ന് ബോധ്യപ്പെടുത്തിയ കഴിഞ്ഞ നൂറ്റാണ്ടിലെ സുപ്രധാന ചരിത്രസംഭവമായിരുന്നു അത്.
അന്നത്തേതിനേക്കാൾ പതിന്മടങ്ങു ശക്തിയോടെ ഒരു ബഹുജന ശാസ്ത്രപ്രസ്ഥാനം പ്രവർത്തിക്കേണ്ട സമകാലീനസാഹചര്യത്തിൽ സാർവ്വദേശീയതലത്തിലാകട്ടെ, ദേശീയതലത്തിലാകട്ടെ ആവശ്യമായ ശക്തിയോടെ അത്തരമൊരു ചലനം കാണുന്നുണ്ടോ എന്നു നാം പരിശോധിക്കണം. ഈ സ്ഥിതി എങ്ങനെ മറികടക്കും എന്ന ഗൗരവതരമായ ചോദ്യം ശാസ്ത്രജ്ഞരുടേതു മാത്രമല്ല, സാമാന്യജനങ്ങളുടേതും കൂടിയാണ്. കാരണം, ശാസ്ത്രത്തിന്റെ ദുരുപയോഗം നശിപ്പിക്കുന്നത് സാധാരണക്കാരുടെ ജീവിതമാണ്.
നടുവൊടിക്കുന്ന മനുഷ്യാധ്വാനത്തെ ലഘൂകരിക്കുക എന്നതാണ് ശാസ്ത്രത്തിന്റെ പ്രാഥമികമായ നേട്ടങ്ങളിലൊന്ന്. എന്നിട്ടും അഭ്യസ്തവിദ്യയായ, യൗവനത്തിലേക്കു കാലെടുത്തു വയ്ക്കുക മാത്രം ചെയ്ത അന്ന സെബാസ്റ്റ്യൻ എന്ന യുവതി കുഴഞ്ഞു വീണു മരിച്ചത് അമിതാധ്വാനം മൂലമാണ്.
ലക്ഷക്കണക്കിന് യുവാക്കൾ തൊഴിലില്ലാതെ പുറത്തുനില്ക്കുമ്പോഴാണ് നാലു പേരുടെ അധ്വാനം ഒറ്റയ്ക്കു ചെയ്യിച്ച് ആ യുവതിയെ ഏണസ്റ്റ് ആന്റ് യംഗ് എന്ന ബഹുരാഷ്ട്ര കമ്പനി കൊലയ്ക്കുകൊടുത്തത്. ബഹുരാഷ്ട്ര കമ്പനികളുടെ മാത്രം സ്ഥിതിയല്ല ഇത്. മുഴുവൻ തൊഴിൽമേഖലയിലെയും സ്ഥിതിയാണിത്. വിനോദത്തിനും വിശ്രമത്തിനും കൂടുതൽ സമയം നൽകി, കുറഞ്ഞ സമയം മാത്രം അധ്വാനിക്കുന്ന തരത്തിൽ കൂടുതലാളുകൾക്ക് ജോലി നൽകാൻ ശാസ്ത്രവും സാങ്കേതികവിദ്യകളും സഹായിക്കുമ്പോൾ കോർപ്പറേറ്റ് നയങ്ങൾ നേർവിപരീത ദിശയിലാണു ചലിക്കുന്നത്. പരമാവധി കുറച്ചുപേർക്കു മാത്രം ജോലി നൽകി, എല്ലുമുറിയെ പണിയെടുപ്പിക്കുക എന്നതാണ് കോർപ്പറേറ്റ് രംഗത്തെ നാട്ടുനടപ്പ്. അതു സാധ്യമാകണമെങ്കിൽ തൊഴിൽരഹിതരുടെ ഒരു കാവൽപ്പട പുറത്തുണ്ടാകണം. എങ്കിലേ തൊഴിലന്വേഷകരുടെ വിലപേശൽ ശേഷി കുറഞ്ഞിരിക്കൂ. എങ്കിലേ ഏറ്റവും കുറഞ്ഞ കൂലിക്ക് ഒരാളെ നിയമിക്കാനാകൂ. എന്തുകൊണ്ടാണ് ഈ വൈരുദ്ധ്യം പരിഹരിക്കപ്പെടാതിരിക്കുന്നത്?
30.4 കോടി ടൺ ഭക്ഷ്യധാന്യങ്ങളാണ് 2023-24ൽ ഇന്ത്യയിൽ ഉല്പാദിപ്പിക്കപ്പെട്ടത്. ഇന്ത്യയിലെ ജനങ്ങളെ തീറ്റിപ്പോറ്റാൻ വേണ്ടതിലധികമാണിതെന്നു പറയുമെങ്കിലും ലോക പട്ടിണിസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 105 ആണ്. മിക്ക വികസിത രാജ്യങ്ങളിലും ധാന്യോല്പാദനം കൂടുതലാണെങ്കിലും അവിടങ്ങളിലുൾപ്പെടെ, ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലെയും വലിയൊരു വിഭാഗം ജനങ്ങൾ(ഏതാണ്ട് 73 കോടി പേർ അഥവാ 11 പേരിലൊരാൾ) അരവയറോടെയാണ് നിത്യേന ഉറങ്ങാൻ പോകുന്നത്. കാർഷിക ശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും വലിയ വളർച്ചയുണ്ടായിട്ടും ഉല്പാദനം കൂടിയിട്ടും കുഞ്ഞുങ്ങളുൾപ്പെടെ ജനങ്ങൾ പട്ടിണി കിടക്കുന്നതെന്തുകൊണ്ട്?
ഭക്ഷണം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാനാണ് ശാസ്ത്രവും സാങ്കേതിക വിദ്യകളും ഉപയോഗിക്കേണ്ടതെന്നാണ് നമ്മുടെ ധാരണയും പ്രതീക്ഷയും. എന്നാൽ അത്യന്തം സങ്കീർണ്ണമായ യുദ്ധോപകരണങ്ങളുടെ നിർമിതിയിലാണ് ഇന്ന് മിക്കവാറും എല്ലാ രാജ്യങ്ങളുടെയും ഗവേഷണം കേന്ദ്രീകരിക്കുന്നത്. ആയുധവ്യവസായമാണ് ലോകസാമ്പത്തികരംഗത്തെ ചലിപ്പിക്കുന്നത്. കുന്നുകൂട്ടിക്കൊണ്ടിരിക്കുന്ന ആയുധങ്ങൾ വിനാശത്തിനു മാത്രമാണുപകരിക്കുക എന്നറിയാമെങ്കിലും ആ ഗവേഷണവും വ്യവസായവും പ്രോത്സാഹിപ്പിക്കപ്പെടുന്നതെന്തുകൊണ്ട്?
വൈദ്യശാസ്ത്രഗവേഷണവും ലാഭം ഉറപ്പാക്കുന്ന മേഖലകളിലാണ് പ്രധാനമായും നടക്കുന്നത്. ആന്റിബയോട്ടിക് പ്രതിരോധം നേടിയ രോഗാണുക്കളുടെ വ്യാപനമായിരിക്കും അടുത്ത ഗൗരവതരമായ ആരോഗ്യപ്രശ്നം എന്ന് ലോകാരോഗ്യസംഘടനയടക്കം മുന്നറിയിപ്പു നൽകിയിട്ടും ഒരാൾ ജീവിതകാലം മുഴുവൻ ഉപയോഗിക്കേണ്ടിവരുന്ന, ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകളുടെ മേഖലയിലാണ് ഗവേഷണം കൂടുതൽ നടക്കുന്നത്. സ്ഥിരം കമ്പോളവും ലാഭവും ഉറപ്പിക്കാൻ കഴിയുക അതിനാണ് എന്നതാണു കാരണം. വികസിപ്പിച്ച മരുന്നുകളുടെ ലഭ്യതയിലും വിതരണത്തിലും ഗുരുതരമായ അസമത്വവും നിലനിൽക്കുന്നു. കോവിഡ് വാക്സീൻ വികസിപ്പിച്ച സമയത്ത്, ലോകത്തെല്ലായിടത്തും ഒരേ സമയം തന്നെ അവ ഉപയോഗിച്ചില്ലെങ്കിൽ വൈറസ് പ്രതിരോധം നേടുമെന്ന് വ്യക്തമായിട്ടും അവികസിതരാജ്യങ്ങൾക്ക് അവ ലഭ്യമായില്ല. ലോകസാമ്പത്തികരംഗം പിന്നോട്ടടിച്ചപ്പോഴും വാക്സിൻ കമ്പനികൾ കൊള്ളലാഭം ഉണ്ടാക്കുന്നതും നാം കണ്ടു. ചുരുക്കത്തിൽ, മനുഷ്യജീവിതത്തിൽ ഉയർന്നുവരുന്ന പ്രശ്നങ്ങളെ നേരിടാൻ ശാസ്ത്രം പര്യാപ്തമായിട്ടും അവ പരിഹരിക്കപ്പെടാത്തതെന്തുകൊണ്ടാണ്? ശാസ്ത്രത്തിന്റെ നേട്ടങ്ങൾ ജനങ്ങൾക്കു കിട്ടാത്തതെന്തുകൊണ്ട്? ഈ ചോദ്യങ്ങൾക്കുത്തരം കാണേണ്ടതും അതനുസരിച്ച് പ്രവർത്തന പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതും ഇന്ന് ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ ചുമതലയാണ്. ശാസ്ത്രത്തിന്റെ സ്വതന്ത്രമായ വികാസം ഇന്നു നേരിടുന്ന വെല്ലുവിളികളെയും അതിനെ മറികടക്കുവാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെയും കുറിച്ച് സുവ്യക്തമായ ധാരണകൾ നാം സൃഷ്ടിക്കേണ്ടി യിരിക്കുന്നു.
ഈ ലോകത്ത് നാം കാണുന്ന സമ്പത്തു മുഴുവൻ സൃഷ്ടിച്ചത് മനുഷ്യാധ്വാനമാണ് എന്നു സാമാന്യമായി പറയാം. പ്രകൃതിയിലെ പ്രതിഭാസങ്ങളുടെ പുറകിലുള്ള നിയമങ്ങൾ കണ്ടെത്തുകയും അവ പ്രവർത്തിക്കാനോ പ്രവർത്തിക്കാതിരിക്കാനോ ഉള്ള സാഹചര്യങ്ങളൊരുക്കുന്ന സാങ്കേതികവിദ്യകൾ സൃഷ്ടിക്കുകയും പ്രകൃതിവിഭവങ്ങളുടെമേൽ മനുഷ്യാദ്ധ്വാനത്തിലൂടെ അവ പ്രയോഗിക്കുകയും ചെയ്താണ് സമ്പത്ത് സൃഷ്ടിക്കുന്നത്. അഥവാ, ഉല്പാദനശക്തികളുടെ അനുക്രമമായുള്ള വികാസമാണ് സമ്പത്തുല്പാദനത്തെ കൂടുതലുയർന്ന തലത്തിലേക്കു വളർത്തുന്നത്. പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയധാരണയും സങ്കേതികവിദ്യകളും ഫാക്ടറികൾ പോലുള്ള സാമൂഹിക, സാമ്പത്തിക ഘടനകളും പ്രകൃതിവിഭവങ്ങളും മനുഷ്യാധ്വാനവുമാണ് വിശാലാർത്ഥത്തിൽ ഉല്പാദനത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. അഥവാ, ഇവയാണ് ഉല്പാദനശക്തി എന്നത്. ശാസ്ത്രവും സാങ്കേതികവിദ്യകളുമാണ് ഉല്പാദനപ്രക്രിയയെ ആയാസരഹിതമാക്കുന്നത്.
വിവിധ ചരിത്രഘട്ടങ്ങളിൽ നിശ്ചിതമായ ഉല്പാദനബന്ധങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് മനുഷ്യസമൂഹം ഉല്പാദനം നടത്തിയിരുന്നത്. വലിയൊരു വിഭാഗം ജനങ്ങളുടെ അധ്വാനത്തെ മറ്റൊരു ചെറിയ വിഭാഗം ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഉല്പാദനബന്ധങ്ങളായിരുന്നു സോഷ്യലിസം സ്ഥാപിക്കപ്പെടുന്നതുവരെ നിലനിന്നിരുന്നത്. ശാസ്ത്രീയധാരണ എന്നു പറയാനാകില്ലെങ്കിലും അതതുകാലത്ത് മനുഷ്യസമൂഹം നേടിയെടുത്ത അറിവുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മുതലാളിത്തത്തിനു മുമ്പുള്ള ഘട്ടങ്ങളിൽ ചൂഷണപരമായ ഉല്പാദനം നടത്തിയിരുന്നത്. മുതലാളിത്തത്തിന്റെ ആവിർഭാവത്തിനു സമാന്തരമായി ഉയർന്നുവന്ന ആധുനികശാസ്ത്രം സൃഷ്ടിച്ച നവീനധാരണകളും സാങ്കേതികവിദ്യകളും മുൻകാലങ്ങളേക്കാൾ പലമടങ്ങ് അളവിൽ ഉല്പാദനം വർദ്ധിപ്പിക്കാൻ മുതലാളിത്തത്തെ സഹായിച്ചു.
അറിവിന്റെ ഒരു ഭണ്ഡാഗാരം സൃഷ്ടിച്ചു എന്നു മാത്രമല്ല, അറിവ് സൃഷ്ടിക്കാനുതകുന്ന ഒരു പ്രക്രിയയും സ്ഥാപിച്ചെടുത്തു എന്നതാണ് ആധുനികശാസ്ത്രത്തിന്റെ പ്രത്യേകത. ശാസ്ത്രത്തിന്റെ രീതി എന്നു വിളിക്കപ്പെടുന്ന ഈ പ്രക്രിയ അറിവിന്റെ ജനാധിപത്യവൽക്കരണത്തെയും സൂചിപ്പിക്കുന്നു. മുൻകാലങ്ങളിൽ പ്രാമാണികഗ്രന്ഥങ്ങളിൽ പറഞ്ഞിരുന്നതോ ആചാര്യവചനങ്ങളോ മാത്രമാണ് സത്യമായി സ്വീകരിക്കപ്പെട്ടിരുന്നതെങ്കിൽ ആധുനികശാസ്ത്രത്തിന്റെ ആവിർഭാവത്തോടെ തെളിവുകളുടെ പിൻബലമുള്ളതും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്ഥാപിക്കപ്പെട്ടതും ആവർത്തിച്ചുള്ള പരിശോധനയിലൂടെ സ്ഥിരീകരിക്ക പ്പെട്ടതുമായ കാര്യങ്ങളെ മാത്രം ശാസ്ത്രീയസത്യങ്ങളായി സ്വീകരിക്കുന്ന രീതി ഉടലെടുത്തു. ആരു പറഞ്ഞു എന്നുള്ളത് അപ്രസക്തമായി; എന്തു പറഞ്ഞു എന്നുള്ളതായി പ്രസക്തം. പറഞ്ഞത് ശാസ്ത്രീയ പരിശോധനയ്ക്കും യുക്തിക്കും നിരക്കുന്നതാണോ എന്നതു മാത്രമായി പരിഗണന. പറയുന്ന ആളുടെ സാമൂഹികമായ പദവി, സാമ്പത്തിക സ്ഥിതി, രാഷ്ട്രീയ അധികാരം ഇവയൊന്നും ശാസ്ത്രത്തിൽ പരിഗണനയേയല്ല. ഇതാണ് ജനാധിപത്യ സംസ്കാരം. ചിന്താരംഗത്ത് ശാസ്ത്രം തുറന്നുവിട്ട തുല്യതയുടെയും പ്രതിപക്ഷ ബഹുമാനത്തിന്റെയും ഈ സമീപനം രാഷ്ട്രീയരംഗത്തെ ജനാധിപത്യത്തിന്റെ അഗ്രഗാമി ആയിരുന്നു എന്ന് കാണാം.
സ്വതന്ത്രമത്സരത്തിന്റെയും തടസ്സങ്ങളില്ലാത്ത കമ്പോളത്തിന്റെയും ആദ്യനാളുകളിൽ മുതലാളിത്തത്തിന് ശാസ്ത്രത്തിന്റെ വികാസം ആവശ്യമായിരുന്നു. അത് ശാസ്ത്രത്തോടൊപ്പം വളർന്നു. തൊഴിലാളികൾ തങ്ങളുടെ അധ്വാനംകൊണ്ട് ചരക്കുകളിൽ സൃഷ്ടിക്കുന്ന അധികമൂല്യം കവർന്നെടുത്തുകൊണ്ടാണ് മുതലാളിത്തം മൂലധനവും ലാഭവും ഉണ്ടാക്കുന്നത്. അഥവാ, തൊഴിലാളികൾ സൃഷ്ടിക്കുന്ന മൂല്യത്തിനു തുല്യമായ കൂലി അവർക്കു ലഭിക്കുന്നില്ല. അതിനാൽ ഉല്പാദിപ്പിക്കപ്പെട്ട വസ്തുവകകൾ മുഴുവനും കമ്പോളത്തിൽ നിന്നു വാങ്ങാൻ തൊഴിലാളികൾക്ക് ലഭിക്കുന്ന കൂലികൊണ്ട് അഥവാ ജനങ്ങളുടെ കൈയിലുള്ള പണം കൊണ്ട് കഴിയാത്ത സ്ഥിതി താമസംവിനാ വന്നുചേർന്നു. അതായത്, ജനങ്ങൾക്ക് ആവശ്യമുണ്ടെങ്കിലും പണമില്ലാത്തതിനാൽ ഉല്പന്നങ്ങൾ വാങ്ങാൻ കഴിയാതെ കെട്ടിക്കിടക്കുന്ന അവസ്ഥ അമിതോല്പാദനം എന്ന പ്രതിഭാസം ഉടലെടുത്തു. കമ്പോളം വെട്ടിപ്പിടിക്കാനുള്ള ശ്രമത്തിൽ വലിയ മുതലാളിമാർ ചെറിയവരെ വിഴുങ്ങി കുത്തകകളായി മാറി. വീണ്ടും, ദേശീയാതിർത്തികളെ മറികടന്ന് അന്യരാജ്യങ്ങളിൽ മൂലധനം നിക്ഷേപിച്ച്, അവിടങ്ങളിലെ പ്രകൃതിവിഭവങ്ങളും അധ്വാനശേഷിയും ചൂഷണം ചെയ്തുകൊണ്ട് അത് സാമ്രാജ്യത്വമായി വികസിച്ചു. പക്ഷേ, മുതലാളിത്തത്തിന്റെ സഹജമായ ആന്തരികനിയമങ്ങൾ കൊണ്ടുതന്നെ, അപരിഹാര്യമായ കമ്പോളപ്രതിസന്ധി അതിനോടൊപ്പം വളർന്നുവന്നു. അതോടെ, ശാസ്ത്രത്തിന്റെ വികാസം മുതലാളിത്തത്തിന് ഉപയോഗിക്കാനാകാത്ത സ്ഥിതിയെത്തി.
അപ്പോൾ ഉല്പാദനശക്തികളെ കെട്ടഴിച്ചുവിട്ടുകൊണ്ട് ഉല്പാദനം വർദ്ധിപ്പിക്കാൻ കഴിയില്ല. ഫാക്ടറികൾ അടച്ചുപൂട്ടലും തൊഴിലാളികളെ പിരിച്ചുവിടലും കൂലി കുറയ്ക്കലും അതിന്റെ പ്രത്യക്ഷ ഫലങ്ങളായി. മുതലാളിത്തത്തിന്റെ വളർച്ച മുട്ടിയ ഈ സാമ്പത്തികരംഗം സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നിഴൽ വീഴ്ത്തി. അതോടൊപ്പം, ശാസ്ത്രത്തിന്റെ വികാസത്തെ മൂക്കുകയറിട്ടു നിയന്ത്രിക്കേണ്ട സ്ഥിതിയുമായി. അങ്ങനെ, ജനജീവിതത്തിന്റെ സർവ്വമേഖലകളിലും പ്രതിസന്ധി ഉരുണ്ടുകൂടാൻ തുടങ്ങി. പ്രതിഭാസങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ ശാസ്ത്രം ജനങ്ങളെ സഹായിക്കുമെന്നതിനാൽ ഈ ജീവിതപ്രതിസന്ധിയുടെ കാരണവും സ്വാഭാവികമായും അവർ കണ്ടെത്തുമെന്നും ആ കാരണങ്ങളെ തൂത്തെറിയാൻ ജനങ്ങൾ തയ്യാറാകുമെന്നും മനസ്സിലാക്കുന്ന മുതലാളിത്തം അടുത്തപടിയെന്ന നിലയിൽ ശാസ്ത്രവിദ്യാഭ്യാസത്തിന്റെയും കടയ്ക്കൽകത്തി വക്കുകയാണ്. അങ്ങനെ, കെട്ടഴിച്ചുവിട്ട ശാസ്ത്രത്തിന്റെ നേട്ടങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത ഗതികേടും ശാസ്ത്രത്തിന്റെ മൂല്യങ്ങൾ പ്രചരിക്കപ്പെടുന്നതിനെ ഭയക്കേണ്ട ഗതികേടും മുതലാളിത്തത്തിനു വന്നുചേരുന്നു. നിരന്തരം വികസിക്കുന്ന അറിവിന്റെ ചക്രവാളവും ശാസ്ത്രീയമായ അറിവിലൂടെ നവീകരിക്കപ്പെടുന്ന മനുഷ്യസമൂഹവും എന്ന പ്രതീക്ഷക്ക് മങ്ങലേൽക്കുന്നതിനും പുരോഗതിയുടെ പാതയിലെ വെളിച്ചം ആകേണ്ട ശാസ്ത്രത്തിനു മുന്നിൽ തടസ്സങ്ങൾ രൂപപ്പെടുന്നതിനും കാരണം മുതലാളിത്തമാണ്. ശാസ്ത്രമേഖലയിലെ അടിസ്ഥാന പ്രതിസന്ധിക്ക് കാരണം മുതലാളിത്തമാണ്.
അതുകൊണ്ടാണ്, വികസിതമെന്നോ അവികസിതമെന്നോ ഭേദമില്ലാതെ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന ഇന്നത്തെ മുഖ്യപ്രശ്നമായ കാലാവസ്ഥാവ്യതിയാനത്തിനു പരിഹാരം കണ്ടെത്താൻ ഭരണാധികാരികൾ, പ്രത്യേകിച്ച് വികസിതരാജ്യങ്ങൾ മടിച്ചു നില്ക്കുന്നത്. വ്യവസായവിപ്ലവാനന്തര കാലഘട്ടത്തിൽ ആഗോളതാപനത്തിനു വഴിവയ്ക്കുന്ന മനുഷ്യജന്യകാരണങ്ങളിൽ പ്രധാന പങ്കും വികസിതരാജ്യങ്ങളുടേതാണ്. അന്തരീക്ഷതാപം ഉയർത്തുന്ന തരത്തിൽ ഹരിതഗൃഹവാതകങ്ങളുടെ ഉദ്വമനത്തിനു കാരണമാകുന്ന വ്യവസായങ്ങളുടെ വ്യാപനത്തിനും കാർബൺ ആഗിരണശേഷിയെ ഹനിക്കുന്ന വിധത്തിൽ മൂന്നാംലോക രാജ്യങ്ങളിലെ വനമേഖല വെട്ടിത്തെളിച്ചതിനും കാരണക്കാർ പാശ്ചാത്യ കൊളോണിയൽശക്തികളാണ്. ജപ്പാനെയും ചൈനയെയും പോലുള്ള പുതുമുതലാളിത്ത രാജ്യങ്ങളും ഇന്ന് ഈ രംഗത്ത് മുന്നിലേക്കു വന്നുകൊണ്ടിരിക്കുന്നു. തങ്ങളുടെ വ്യവസായങ്ങളുടെ ലാഭം കുറയുമെന്നതിനാൽ ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്ന വ്യവസായങ്ങൾ നിയന്ത്രിക്കാനോ കാർബൺ ഉദ്വമനത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുത്ത് അവികസിത രാജ്യങ്ങൾക്ക് സഹായം നൽകാനോ, എന്തിന് പരസ്പരം അംഗീകരിച്ച ദേശീയനിർണ്ണീത ഉത്തരവാദിത്തങ്ങൾ (nationally determined contributions) നിർവഹിക്കാനോ പോലും അവർ തയ്യാറാകുന്നില്ല. ‘ക്ലൈമറ്റ് ആക്ഷൻ’ ലക്ഷ്യമാക്കി നടന്നുവരുന്ന കോൺഫറൻസ് ഓഫ് പാർട്ടീസ്(COP) അന്താരാഷ്ട്രസമ്മേളനങ്ങൾ ഏതാനും വർഷങ്ങളായി ചടങ്ങുകൾ മാത്രമായൊതുങ്ങുന്നതും ഇതുകൊണ്ടുതന്നെ. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ, ഹരിതഗൃഹവാതകങ്ങളുടെ നിർവ്യാപനത്തിനും കാലാവസ്ഥാ സംരക്ഷണത്തിനുമായുള്ള പാരീസ് ഉടമ്പടിയിൽനിന്ന് ഏകപക്ഷീയമായി പിൻമാറിയത് ഇക്കാരണത്താലാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നിലപാടും വ്യത്യസ്തമല്ല. ലാഭം നഷ്ടപ്പെടുന്നു എന്നതാണ് അടിസ്ഥാനകാരണം.
പക്ഷേ, ശാസ്ത്രലോകം വ്യക്തമായ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഭൂമി ഒരു കാലാവസ്ഥാ അടിയന്തിരാവസ്ഥയെ നേരിടാൻ പോകുന്നതായി 1992ൽത്തന്നെ 1700 ശാസ്ത്രജ്ഞർ ചേർന്ന് തയ്യാറാക്കിയ പ്രഖ്യാപനത്തിൽ സൂചിപ്പിച്ചിരുന്നു. 2022ൽ ബയോസയൻസ് ജേണൽ 158 രാജ്യങ്ങളിലെ 15,000 ശാസ്ത്രജ്ഞർ ഒപ്പുവച്ച കൂടുതൽ വ്യക്തതയോടെയുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. എന്നിട്ടും വ്യവസായവിപ്ലവത്തിനു മുമ്പുള്ള ശരാശരി അന്തരീക്ഷതാപനിലയിൽ നിന്ന് ഈ നൂറ്റാണ്ടിന്റെ അന്ത്യത്തിലെ താപനിലയിലേക്കുള്ള വർദ്ധന 1.5ocൽ പിടിച്ചുനിർത്താൻ പറ്റുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഹിമാനികൾ ഉരുകുന്നതും സമുദ്രനിരപ്പുയരുന്നതും മൂലം കോടിക്കണക്കിനു ജനങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടും. വെള്ളപ്പൊക്കവും വരൾച്ചയും പോലുള്ള ദുരന്തങ്ങൾ വേറെയും. ലോകവ്യാപകമായ വിശാലമായ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനു മാത്രമേ ഗവണ്മെന്റുകളെ ഈ ദിശയിലേക്കുള്ള പ്രവർത്തനത്തിനു പ്രേരിപ്പിക്കാൻ കഴിയൂ. അതതു നാടുകളിൽ സംഘടിക്കപ്പെടുന്ന ഇത്തരം പ്രസ്ഥാനങ്ങൾ ശക്തിപ്പെടുമ്പോൾ മാത്രമാണ് അതൊരു ലോകപ്രസ്ഥാനമായി മാറുക. ഭരിക്കുന്നവരുടെ നയങ്ങൾ ശാസ്ത്രത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങൾക്കും നൈതികതയ്ക്കുമെതിരാകുമ്പോൾ വേണ്ട അളവിലുള്ള പ്രതിരോധം ലോകതലത്തിലുണ്ടാകുന്നില്ലെങ്കിലും ശാസ്ത്രസമൂഹം തനതായ ചില മുന്നേറ്റങ്ങൾക്കു ശ്രമിക്കുന്നുണ്ട്.
രണ്ടര വർഷമായി നടക്കുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കില്ലെന്ന മട്ടിൽ തുടരുകയാണ്. ഇസ്രയേൽ അധിനിവേശം നടത്തുന്ന ഗാസ മുനമ്പാകട്ടെ മനുഷ്യത്വം മരിച്ച കുരുതിക്കളമായും മാറിയിരിക്കുന്നു. വിദ്യാലയങ്ങളും ആശുപത്രികളും ദുരിതാശ്വാസകേന്ദ്രങ്ങളുംവരെ ബോംബിട്ടു തകർത്തുകൊണ്ട് ഇസ്രയേൽ വംശഹത്യയ്ക്കായി ആയുധപരീക്ഷണം നടത്തുകയാണ്. ശാസ്ത്രജ്ഞരെ മാത്രമല്ല, മനുഷ്യസ്നേഹികളെ മുഴുവൻ അലോസരപ്പെടുത്തുന്നത് ഈ യുദ്ധങ്ങളിലെല്ലാം ശാസ്ത്രം മനുഷ്യത്വത്തിനെതിരായി പ്രയോഗിക്കപ്പെടുന്നു എന്നതാണ്. യുദ്ധവ്യാപാരികളോ ഭരണാധികാരികളോ സ്വയംപ്രഖ്യാപിത നേതാക്കളോ അല്ല പിടഞ്ഞുമരിക്കുന്നത്. മറിച്ച് സാധാരണക്കാരാണ്. ഈ ഘട്ടത്തിലാണ് ഇന്ത്യയിൽ നിന്നുളള ചില ശാസ്ത്രജ്ഞരുടെ മുൻകൈയിൽ ‘യുദ്ധത്തിനും ശാസ്ത്രത്തിന്റെ വിനാശകരമായ ഉപയോഗങ്ങൾക്കുമെതിരെ’ ഒരു അന്താരാഷ്ട്ര കൺവൻഷൻ നടന്നത്. ഇസ്രയേലിന്റെ വർണ്ണവെറിയ്ക്കും ഗാസയിലെ അധിനിവേശത്തിനും വംശഹത്യയ്ക്കും എതിരെ സുനിശ്ചിതമായ നിലപാടുകളോടെ 2023 ഡിസംബർ 9ന് നടന്ന കൺവൻഷൻ, യുദ്ധത്തിനെതിരെ ശാസ്ത്രജ്ഞരുടെ വിശാലമായ ഒരു ഐക്യനിര പടുത്തുയർത്തുന്നതിൽ നിർണ്ണായകമായ മുൻകൈ എടുത്തു.
പാരീസ് ഉടമ്പടിയിൽനിന്ന് അമേരിക്ക പിന്മാറിയതിനെത്തുടർന്ന്, ഗവൺമെന്റ് നയങ്ങൾ തെളിവുകളുടെ പിൻബലമുള്ള ശാസ്ത്രീയവസ്തുതകളുടെ അടിസ്ഥാനത്തിലാകണമെന്ന ഡിമാന്റുയർത്തി അമേരിക്കയിലെ ചില ഗവേഷകർ നടത്തിയ പ്രചാരണം ‘മാർച്ച് ഫോർ സയൻസ്’ എന്ന പ്രസ്ഥാനത്തിന് ജന്മം കൊടുത്തു. 2017 ഏപ്രിൽ 22ന്, വാഷിംഗ്ടണിലും ലോകത്തെ ഏതാണ്ട് അറുനൂറോളം നഗരങ്ങളിലും നടന്ന മാർച്ചുകളിൽ, സജീവമായ ഗവേഷണ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന പത്തു ലക്ഷത്തിൽപ്പരം ശാസ്ത്രജ്ഞർ പങ്കെടുത്തു. ശാസ്ത്രഗവേഷണത്തിന് കൂടുതൽ പൊതുഫണ്ട് ലഭ്യമാക്കണമെന്നും ശാസ്ത്രത്തിന്റെ ദുരുപയോഗം തടയണമെന്നും അവരാവശ്യപ്പെട്ടു. ഇന്ത്യയിലും അതേത്തുടർന്ന് എല്ലാ വർഷങ്ങളിലും മാർച്ച് ഫോർ സയൻസ് നടന്നു വരുന്നുണ്ട്. ഇതും ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റിയെടുക്കേണ്ടതുണ്ട്.
ഇന്ത്യയിലേക്കു വരുമ്പോൾ, ശാസ്ത്രത്തിനെതിരായ ആക്രമണങ്ങൾ ഗൗരവാവഹമായ തലത്തിലെത്തിയതായി കാണാം. ഗവേഷണത്തിനും വികസനത്തിനുമുള്ള ധനവിഹിതം ജിഡിപിയുടെ 3% എങ്കിലുമാക്കണമെന്നാണ് ദീർഘകാല ഡിമാന്റെങ്കിലും ഏതാണ്ട് 0.64 ശതമാനത്തിനടുത്താണ് അനുവദിക്കപ്പെടാറ്. ‘പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകൾ’ എന്നറിയപ്പെടുന്ന മുൻനിര ഗവേഷണ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ള ധനവിഹിതം കുറച്ചുകൊണ്ടുവരികയും അവയോട് സ്വയമേവ വരുമാനം കണ്ടെത്തിക്കൊള്ളണമെന്ന് ആവശ്യപ്പെടുകയുമാണ് കേന്ദ്രസർക്കാർ. കോവിഡ് കാലത്ത് പാർലമെന്റിൽപോലും ചർച്ചചെയ്യാതെ കൊണ്ടുവന്ന ‘ദേശീയ വിദ്യാഭ്യാസ നയം 2020’ ഗവേഷണ പ്രവർത്തനങ്ങളെ ഫണ്ടു ചെയ്യുന്നതിന് ഒരു നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ഉണ്ടാക്കുമെന്നു പറയുന്നു. ദേശീയ താല്പര്യത്തിനനുസരിച്ചുള്ള ഗവേഷണങ്ങൾക്കാണു ഫണ്ടനുവദിക്കുക. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയത്തോടു ചേർന്നു നില്ക്കുന്ന ഗവേഷണങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന സ്ഥിതി ഇതു സൃഷ്ടിക്കും എന്നു ശാസ്ത്രലോകം ആശങ്കപ്പെടുന്നു. ഗവേഷകരുടെ സ്റ്റൈപ്പന്റ് വെട്ടിക്കുറച്ചും താമസിപ്പിച്ചും സ്വതന്ത്രഗവേഷണത്തിനു തടസ്സങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ സംവിധാനങ്ങൾ.
ഇതോടൊപ്പം സ്കൂൾ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റുന്നു. പ്രാഥമികതലം മുതൽ തൊഴിലധിഷ്ഠിതവിദ്യാഭ്യാസം ഏർപ്പെടുത്തി, കുട്ടികൾക്ക് അടിസ്ഥാന ഭാഷാ, ഗണിത, ശാസ്ത്ര തത്വങ്ങൾ ഗ്രഹിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു. സിലബസ് യുക്തിഭദ്രമാക്കുക എന്നുപറഞ്ഞ് ചരിത്രത്തിലെയും ശാസ്ത്രത്തിലെയും സുപ്രധാന ഭാഗങ്ങൾ പാഠ്യപദ്ധതിയിൽ നിന്നൊഴിവാക്കുന്നു. സ്വാതന്ത്ര്യസമരനേതാക്കളെ, എന്തിന് ഗാന്ധിജിയെ വരെ പാഠപുസ്തകങ്ങളിൽനിന്നു പുറത്താക്കുന്നു. നവോത്ഥാനം, ജനാധിപത്യം തുടങ്ങിയവയെ ക്കുറിച്ചുള്ള പാഠങ്ങൾ ഇല്ലാതാകുന്നു. സ്കൂൾതലത്തിൽത്തന്നെ എല്ലാ വിദ്യാർത്ഥികളും പഠിച്ചിരിക്കേണ്ട പരിണാമസിദ്ധാന്തം ഹയർ സെക്കണ്ടറി തലത്തില്‍ ജീവശാസ്ത്രം പഠിക്കുന്നവർക്കു മാത്രമാക്കി ചുരുക്കുന്നു. അതു തന്നെ അപ്രസക്തമായ വിധത്തിലും. ജീവജാലങ്ങൾ മാത്രമല്ല ഈ പ്രപഞ്ചം തന്നെ പരിണമിച്ചുകൊണ്ടിരിക്കുകയാണെന്ന അടിസ്ഥാനധാരണ കുട്ടികളിലുറപ്പിക്കുന്നതിൽ പരിണാമസിദ്ധാന്തത്തിന്റെ പഠനത്തിനു വലിയ പങ്കുണ്ട്. അതവർക്കു നിഷേധിക്കുന്നു. രസതന്ത്രത്തിലെ ആവർത്തനപ്പട്ടികയും പാഠ്യപദ്ധതിക്കു പുറത്താകുന്നു. എല്ലാ പദാർത്ഥങ്ങളുടെയും അടിസ്ഥാന ചേരുവകളായി മൂലകങ്ങൾ ഉണ്ടെന്നുള്ളതും ആ മൂലകങ്ങൾ തന്നെ തുടർച്ചയായ ഒരു ശ്രേണിയിലെ അംഗങ്ങൾ ആണെന്നുള്ളതും അവയുടെ രാസ, ഭൗതിക ഗുണങ്ങൾ ആ ശ്രേണിയിലെ സ്ഥാനത്തിന്റെ ധർമ്മമാണെന്നും മനസ്സിലാക്കുന്നത് ആവർത്തനപ്പട്ടികയുടെ പഠനത്തിലൂടെയാണ്. പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടനയെക്കുറിച്ച് കുട്ടികൾക്ക് ഒരു ധാരണ നൽകുന്നതാണ് ആവർത്തനപ്പട്ടിക. ഇത് ഇന്നത്തെ സാമാന്യ ബോധത്തിന്റെ ഭാഗമായി മാറേണ്ട അടിസ്ഥാന വസ്തുതയുമാണ്. അങ്ങനെ ശാസ്ത്രീയധാരണയുള്ളവരും ശാസ്ത്രാഭിമുഖ്യമുള്ളവരുമായി കുട്ടികൾ വളർന്നുവരുന്ന പ്രക്രിയയ്ക്കു തന്നെ ഭംഗം സൃഷ്ടിക്കുകയാണ് ഈ വെട്ടിയൊതുക്കലുകൾ.
പ്രാഥമികതലം മുതൽ ഉന്നതവിദ്യാഭ്യാസരംഗം വരെ ‘ഭാരതീയ ജ്ഞാനവ്യവസ്ഥ’ ഒരു പഠന വിഷയമാക്കണമെന്ന നിർബ്ബന്ധവും ഈ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്നു. പൗരാണിക ഇന്ത്യയിൽ വളരെ സമ്പന്നമായ ഒരു വിജ്ഞാനപാരമ്പര്യം ഉണ്ടായിരുന്നു എന്നതു നേരാണ്. പൂജ്യത്തെക്കുറിച്ചുള്ള ധാരണയും ഒരു വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അനുപാതമായ ‘പൈ’യുടെ അളവ്, രണ്ടിന്റെ വർഗ്ഗമൂലം തുടങ്ങിയവയൊക്കെ അവർ കണ്ടെത്തിയിരുന്നു. വാനനിരീക്ഷണത്തിലെയും ഗണിതത്തിലെയും പ്രാഗത്ഭ്യം ആകാശഗോളങ്ങളുടെ ചലനം ഏതാണ്ടു കൃത്യതയോടെ പ്രവചിക്കുന്നതിനവരെ പ്രാപ്തരാക്കിയിരുന്നു. രാസവിദ്യയിലും ലോഹശാസ്ത്രത്തിലും അവർ നിഷ്ണാതരായിരുന്നു. വൈദ്യശാസ്ത്രരംഗത്ത് ശസ്ത്രക്രിയപോലും നടത്താൻ കഴിയുന്ന വിധത്തിൽ അറിവുനേടിയിരുന്നു. എന്നാൽ, ഈ നേട്ടങ്ങളൊന്നുമല്ല മറിച്ച് അയഥാർത്ഥമായ സാങ്കല്പിക കാര്യങ്ങളാണ് ഭാരതീയ ജ്ഞാനവ്യവസ്ഥ എന്ന പേരിൽ പഠിപ്പിക്കുന്നത്. പ്രധാനമന്ത്രിയും മുൻ മന്ത്രിമാരുമെല്ലാം പറഞ്ഞ് അപഹാസ്യരായ കാര്യങ്ങൾ – വിമാനവിദ്യയെയും പശുവിന്റ ഗുണഗണങ്ങളെപ്പറ്റിയുള്ള അവകാശവാദങ്ങൾ – ഇതിലുൾപ്പെടുന്നു. അതായത്, ശാസ്ത്രത്തിന്റെ വികാസത്തിനും ഭാവിക്കും ഉതകുന്നവയല്ല മറിച്ച് അതിനെ അപകടപ്പെടുത്തുന്ന മാറ്റങ്ങളാണ് ആവിഷ്ക്കരിക്കപ്പെടുന്നത്. ശാസ്ത്രീയ ധാരണകൾ മാത്രമല്ല, ശാസ്ത്രീയ മനോഭാവംപോലും വിദ്യാർത്ഥികളിൽനിന്ന് അന്യമാക്കുന്ന ഈ നടപടികളെ പരാജയപ്പെടുത്തേണ്ടതുണ്ട്.
ചുരുക്കത്തിൽ ‘ശാസ്ത്രീയ മനോഘടന വളർത്തിയെടുക്കാൻ പ്രയത്നിക്കുക’ എന്നത് ഓരോ പൗരന്റെയും കടമയാണെന്ന് ഭരണഘടനയിലെ 51-ാം അനുച്ഛേദം അനുശാസിക്കുന്നുണ്ടെങ്കിലും ഒരു ജനകീയ ഇടപെടലിലൂടെയേ അതു സാധ്യമാകൂ എന്നതാണ് യാഥാർത്ഥ്യം. ഔദ്യോഗിക സംവിധാനങ്ങൾ എതിർ ദിശയിലേക്കാണ് ജനങ്ങളെ നയിക്കാനുദ്ദേശിക്കുന്നതെന്നു വ്യക്തം. വിപുലമായ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനം അനിവാര്യമാക്കുന്ന സാഹചര്യമാണിത്.
മുതലാളിത്തത്തിന് വൻകിട ശാസ്ത്രസാങ്കേതികവിദ്യകളുടെയും വ്യവസായത്തിന്റെയും സഹായമാവശ്യമാണ്; ലാഭമുറപ്പാക്കുമെങ്കിൽ മാത്രം. അധ്വാനത്തെ ലഘൂകരിക്കുന്നതോ ഗുണമേന്മയുള്ള ഉല്പന്നങ്ങൾ സൃഷ്ടിക്കുന്നതോ ആയ സാങ്കേതികവിദ്യയെപ്പോലും ലാഭം ഉറപ്പാക്കുന്നില്ലെങ്കിൽ മുതലാളിത്തം തടഞ്ഞുവക്കും. ശാസ്ത്രീയമനോഘടന വളർത്തുന്നതിനെക്കുറിച്ച് അതിനു ചിന്തിക്കാനുമാകില്ല. ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനത്തിനാണ് ഈ ധർമ്മം ഇന്നത്തെ സാഹചര്യത്തിൽ നിർവ്വഹിക്കാനാകുക.
ഈ രംഗത്ത് വിവിധങ്ങളായ പ്രവർത്തന മണ്ഡലങ്ങൾ ശാസ്ത്ര പ്രവർത്തകരെ കാത്തിരിക്കുന്നുണ്ട്. ശാസ്ത്രപരീക്ഷണങ്ങൾ അവതരിപ്പിച്ച് പ്രകൃതിപ്രതിഭാസങ്ങളെ ക്കുറിച്ചും പ്രകൃതിയിലെ മാറ്റങ്ങളുടെ കാര്യകാരണബന്ധത്തെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുക, ആകാശത്ത് പ്രത്യക്ഷമാകുന്ന ഗ്രഹണം പോലുള്ള പ്രപഞ്ചപ്രതിഭാസങ്ങളെ നിരീക്ഷിക്കാൻ അവസരമൊരുക്കി അവയെ കേന്ദ്രമാക്കിയുള്ള മതപരമായ അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യാനും തെളിഞ്ഞ ധാരണ സാമാന്യജനങ്ങൾക്കു നൽകാനും ശ്രമിക്കുക, മഹത്തുക്കളായ ശാസ്ത്രജ്ഞരെ അനുസ്മരിക്കേണ്ട സന്ദർഭങ്ങൾ ആചരിക്കുകയും ശാസ്ത്രീയധാരണകൾ ചരിത്രപരമായി ഉദയം ചെയ്തതെങ്ങനെ എന്നു വെളിപ്പെടുത്തുകയും ചെയ്യുക, ദുരന്തങ്ങളും രോഗങ്ങളും സമൂഹത്തെ വേദനിപ്പിക്കുമ്പോൾ ശാസ്ത്രനേട്ടങ്ങൾ സാധ്യമായ അളവിൽ ജനങ്ങളിലേക്കെത്തിച്ച് അവർക്ക് ആശ്വാസം പകരാൻ ഉദ്യമിക്കുക, പ്രകൃതിയെയും സമൂഹത്തെയും ദോഷകരമായി ബാധിക്കുന്ന ശാസ്ത്ര, സാങ്കേതിക ഉപയോഗങ്ങൾക്കെതിരെ ജനാഭിപ്രായം രൂപീകരിക്കുക, പരിസ്ഥിതിനാശത്തിനും മലിനീകരണത്തിനുമെതിരെ അവരെ സംഘടിപ്പിക്കുക, ശാസ്ത്രീയവും മതേതരവും ജനാധിപത്യപരവുമായ വിദ്യാഭ്യാസത്തിനായി നിലകൊള്ളുക ഇങ്ങനെ ബഹുമുഖമായ അനേകം പ്രവർത്തനങ്ങളിലൂടെ ശാസ്ത്രം ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും ചിന്തയിൽ സന്നിവേശിപ്പിക്കുകയും ചെയ്യുമ്പോളാണ് ശാസ്ത്രീയമനോഘടന ജനങ്ങളിൽ സ്ഥാപിതമാകുക.
ഫാസിസ്റ്റ് സ്വഭാവമാർജ്ജിച്ചുകഴിഞ്ഞ, അത്യന്തം കേന്ദ്രീകൃതമായ മുതലാളിത്ത- സാമ്രാജ്യത്വ ഭരണകൂടങ്ങൾ പ്രകൃതി വിഭവങ്ങളുടെ കൊള്ളയ്ക്കും തങ്ങളുടെ നിലനില്പിനുംവേണ്ടി ശാസ്ത്രം സൃഷ്ടിച്ച സാങ്കേതികവിദ്യകളും യുദ്ധോപകരണങ്ങളും ഉപയോഗിക്കുമ്പോൾ ശാസ്ത്രീയമനോഘടനയും അത് പ്രദാനംചെയ്യുന്ന പുതുമൂല്യങ്ങളും ചൂഷിതരായ ജനങ്ങളിൽ പ്രസരിപ്പിച്ചുകൊണ്ട് അവരെ ഒരു രാഷ്ട്രീയ ശക്തിയായി നിലനിർത്തുക എന്ന ഉത്തരവാദിത്തമാണ് പ്രധാനമായും ഇന്ന് ബഹുജനശാസ്ത്രപ്രസ്ഥാനങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നത്.
ശാസ്ത്രത്തിന്റെ കഴിവുകൾ ആയുധ നിർമ്മാണത്തിന് ഉപയോഗിക്കുകയും ആ ആയുധങ്ങൾ ജനങ്ങളോട് തരിമ്പും കൂറില്ലാത്ത ഭരണകർത്താക്കൾ മുൻപിൻ നോക്കാതെ ഉപയോഗിക്കുകയും ചെയ്യുന്ന ഇന്നത്തെ ലോക സാഹചര്യത്തിൽ, വിദ്യാഭ്യാസവും ശാസ്ത്രബോധവുമുള്ള ഒരു ജനത, ശാസ്ത്രത്തിന്റെ കഴിവുകൾക്കുമേൽ സാമൂഹിക നിയന്ത്രണം കൊണ്ടുവരണമെന്ന ആഗ്രഹത്തോടെ ഒത്തുചേർന്ന് ഒരു പ്രസ്ഥാനം വളർത്തിയെടുത്താൽ ഭരണകൂടങ്ങൾക്കുമേൽ ഒരു കടിഞ്ഞാണായി പ്രവർത്തിക്കാനാവുമെന്ന സാധ്യത ‘പഗ്‌വാഷ് പ്രസ്ഥാനം’ കഴിഞ്ഞ നൂറ്റാണ്ടിൽ കാണിച്ചു തന്നു.
ചൂഷിത വർഗ്ഗങ്ങൾക്ക് അറിവ് നിഷേധിക്കാൻ ചൂഷക വർഗ്ഗങ്ങൾ എക്കാലത്തും ശ്രമിച്ചിരുന്നു. പ്രകൃതി പ്രതിഭാസങ്ങളെയും സാമൂഹിക യാഥാർത്ഥ്യങ്ങളെയും കുറിച്ച് അയഥാർത്ഥമായ വീക്ഷണങ്ങൾ പടർത്തി ജനങ്ങളെ ഉറക്കിക്കിടത്താൻ ചൂഷക വർഗ്ഗങ്ങൾക്ക് മുൻകാലങ്ങളിൽ കഴിഞ്ഞിരുന്നു. അതേ അളവിൽ ഇന്നത് ചെയ്യാനാവില്ല. കാരണം മുതലാളിത്തത്തിന്റെ ആവിർഭാവത്തോടെ ശാസ്ത്രവും സാങ്കേതികവിദ്യയും ഉല്പാദനത്തിൽ ആവശ്യഘടകമായി മാറി. ശാസ്ത്രമാകട്ടെ അറിവിനെ ജനാധിപത്യവൽക്കരിക്കുന്ന പ്രക്രിയ ഉള്ളിൽ പേറുന്ന ഒരു സംരംഭമാണ്. പക്ഷേ, നവോത്ഥാനത്തിന്റെ സൃഷ്ടിയായ മാനവവാദ ആദർശങ്ങൾ എങ്ങിനെയാണോ മുതലാളിത്തത്തിന് പിൽക്കാലത്ത് അനാവശ്യവും അസ്വീകാര്യവുമായത്, അതേ വിധത്തിൽ ശാസ്ത്രത്തിന്റെ അന്വേഷണരീതി ജനതയൊന്നാകെ ഉൾക്കൊള്ളുന്നതിനെ അവരിന്ന് ഭയപ്പെടുന്നു. പക്ഷേ ഉല്പാദനത്തിൽ സാങ്കേതിവിദ്യ അത്രകണ്ട് ഉൾചേർന്നിരിക്കുന്നതിനാൽ, ശാസ്ത്രത്തെ അവർക്ക് ഒഴിവാക്കാനുമാവില്ല.
പ്രതിഭാസങ്ങളുടെ കാര്യകാരണബന്ധത്തെക്കുറിച്ച് ധാരണയുള്ള മനസ്സുകളിലാണ് സമൂഹത്തിന്റെ ദുഃസ്ഥിതിയെക്കുറിച്ചും അവയുടെ കാരണങ്ങളെക്കുറിച്ചും പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചുമുള്ള ഉയർന്ന ചിന്തകൾ വേരുറപ്പിക്കുക. അതാണ് സാമൂഹികമാറ്റത്തിനു വഴിയൊരുക്കുക.
ശാസ്ത്രത്തിന്റെ ഉൽപാദനരംഗത്തുള്ള പ്രയോഗം മാത്രമായ സാങ്കേതികവിദ്യയുടെ നേട്ടങ്ങളെ, ശാസ്ത്രത്തിന്റെ പരമമായ നേട്ടമായി മുതലാളിത്തം ആഘോഷിക്കുമ്പോൾ, തൊഴിലാളിവർഗ്ഗ കാഴ്ചപ്പാടുള്ളവർ മാനവസമൂഹത്തിന്റെ വിശാല അടിസ്ഥാനത്തിലുള്ള പുരോഗതി മുന്നിൽകണ്ടുകൊണ്ട് ശാസ്ത്രത്തിന്റെ അന്വേഷണരീതിയും ശാസ്ത്രീയമനോഭാവവും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കേണ്ടതുണ്ട്; അശാസ്ത്രീയമായ എല്ലാവിധ പ്രവണതകൾക്കുമെതിരെ പ്രവർത്തിക്കേണ്ടതുമുണ്ട്.
രവീന്ദ്രനാഥ ടാഗോർ ഗീതാഞ്ജലിയിൽ ഉൽക്കടമായി അഭിലഷിച്ചതുപോലെ ഇടുങ്ങിയ ചിന്താഗതികളുടെ വേലിക്കെട്ടുകൾ ലോകത്തെ ശിഥിലമാക്കാത്ത, അറിവ് സ്വതന്ത്രമായ, യുക്തിയുടെ തെളിഞ്ഞ അരുവി പഴയ ശീലങ്ങളുടെ മരുഭൂമിയിൽ വഴിതെറ്റി പോകാതെ ഒഴുകുന്ന, മനസ്സുകൾ ഭയരഹിതമായ, ശിരസ്സുകൾ നിവർന്നു നിൽക്കുന്ന, ശോഭനമായ ഒരു ഭാവിക്കുവേണ്ടി ശാസ്ത്ര സ്നേഹികൾക്കും മനുഷ്യ സ്നേഹികൾക്കും ഒരുമിക്കാം.

Share this post

scroll to top