ബിജെപി തൃശൂർ ജില്ലാ കമ്മിറ്റിയുടെ മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷ് ഇക്കഴിഞ്ഞ നവംബർ 1ന്, പത്രസമ്മേളനത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ച അതീവഗുരുതരമായ ചില വെളിപ്പെടുത്തലുകൾ നടത്തുകയുണ്ടായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ബിജെപിക്കുവേണ്ടി എത്തിച്ച കുഴൽപ്പണം തന്നെയാണെന്നതായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ മർമ്മം. 2021 ഏപ്രിൽ 2ന് രാത്രി 11 മണിക്ക് തിരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികളെന്നപേരിൽ ബിജെപിയുടെ അനുഭാവിയും വ്യാപാരിയുമായ ധർമ്മരാജനാണ് പണമെത്തിച്ചത്. പണംകൊണ്ടുവന്നത് ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ് കുമാറിന്റെ അറിവോടെയാണെന്നും തിരൂർ സതീഷ് വെളിപ്പെടുത്തി. മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ അങ്കലാപ്പിലായ ബിജെപി നേതൃത്വം, ഇദ്ദേഹത്തെ സാമ്പത്തിക തിരിമറിയുടെ പേരിൽ പുറത്താക്കിയ ആളാണെന്ന് തിരിച്ചടിക്കുകയുണ്ടായി. ഇതിനു മറുപടിയായി തന്നെ പുറത്താക്കിയതാ ണെങ്കിൽ അത് എന്നാണെന്നും അതിന്റെ തെളിവുകൾ കാട്ടണമെന്നും തിരൂർ സതീഷ് വെല്ലുവിളിച്ചു. ഇപ്പോൾ വരെയും ഇതിനു മറുപടി നൽകാൻ ബിജെപി നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് തൃശൂർ സെഷൻസ് കോടതിയിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിലും 2021ൽ പ്രത്യേക അന്വേഷണ സംഘം ഇഡിക്കും ആദായനികുതി വകുപ്പിനും നൽകിയ റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുള്ള വസ്തുതകളെ ബലപ്പെടുത്തുന്ന വിവരങ്ങളാണ് തിരൂർ സതീഷ് പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ 2021 ഏപ്രിൽ നാലിന് പുലർച്ചെ 4.40ന് തൃശൂർ ജില്ലയില കൊടകരയിൽ വ്യാജ അപകടം സൃഷ്ടിച്ച് പണവും കാറും കവർന്നതായി ഒരു വാർത്ത ഏപ്രിൽ 5നും 6നുമായി പത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. 2021 ഏപ്രിൽ നാലിന് പണം കവർച്ചചെയ്യപ്പെട്ടിട്ടും പോലീസിൽ പരാതി ലഭിച്ചത് 4 ദിവസത്തിനുശേഷം മാത്രമായിരുന്നു. തുടർന്ന് കൊടകര പോലീസ് ഏപ്രിൽ 7ന് കേസ് രജിസ്റ്റർ ചെയ്തു. ധർമ്മരാജൻ എന്ന വ്യക്തി നൽകിയ പരാതിയിൽ 25 ലക്ഷം രൂപയും കാറും നഷ്ടപ്പെട്ടതായാണ് രേഖപ്പെടുത്തിയിരുന്നത്. 2021 മെയ് 10ന് തൃശൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം, കൊള്ളയടിക്കപ്പെട്ടത് മൂന്നരക്കോടി രൂപയാണെന്നും ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ബാംഗ്ലൂരിൽനിന്നും ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറർക്കായി എത്തിച്ച പണമായിരുന്നു അതെന്നും ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ്സ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ആദ്യകുറ്റപത്രത്തിൽ വ്യക്തമാക്കി. നാലാം പ്രതി ധർമ്മരാജൻ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള ആളാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
കള്ളപ്പണത്തിനെതിരെ പൊരുതുകയാണെന്ന് വീമ്പിളക്കുന്ന പ്രധാനമന്ത്രിയുടെ പാർട്ടി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കുഴൽപ്പണം കടത്തുകയും ആ പണം നേതാക്കളിൽ ചിലരുടെ ഒത്താശയോടെ കവർച്ചചെയ്യുകയും ചെയ്യുന്ന നിലയിൽ നാണംകെട്ട ഒന്നായി കൂപ്പുകുത്തിയിരിക്കുന്നു. കള്ളപ്പണക്കടത്തുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ചാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന സുരേന്ദ്രന്റെ പ്രഖ്യാപനം കൈയോടെ പിടിക്കപ്പെടുന്ന ഒരാളുടെ നിലവിളി മാത്രമാണ്. തടി രക്ഷിക്കാനുള്ള അവസാനത്തെ ദയനീയമായ ശ്രമം മാത്രം.
ധർമ്മരാജൻ ദീർഘകാലമായി ബിജെപി നേതാക്കളുടെ വലംകൈയും ഉറ്റമിത്രവുമാണെന്ന് സ്ഥാപിക്കുന്ന എത്രയോ തെളിവുകൾ സോഷ്യൽ മീഡിയയിലടക്കം 2021ൽ തന്നെ വന്നുകഴിഞ്ഞതാണ്. പണം നഷ്ടപ്പെട്ട വിവരം കാറിന്റെ ഡ്രൈവർ ഷംജീറിൽ നിന്നും അറിഞ്ഞ ധർമ്മരാജൻ ആദ്യം വിളിക്കുന്നത് സംസ്ഥാന പ്രസിഡണ്ടുൾപ്പെ ടെയുള്ള ബിജെപി നേതാക്കളെയാണെന്നാണ് മുൻ ഓഫീസ് സെക്രട്ടറി പത്രസമ്മേളനത്തിൽ പറഞ്ഞത്. അതുതന്നെയാണ് കുറ്റപത്രത്തിലും ഉള്ളത്. കെ.സുരേന്ദ്രന്റെ മകൻ കെ.എസ്.ഹരികൃഷ്ണനെയും വിളിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. പണം കൊണ്ടുവന്ന തീയതിയെന്ന് തിരൂർ സതീഷ് പറയുന്ന ഏപ്രിൽ 2നും 3നും ഇടയിൽ ധർമ്മരാജൻ നിരവധി നേതാക്കളെ വിളിച്ച് സംസാരിച്ചിട്ടുള്ളതിന്റെ കോൾ ലിസ്റ്റ് കുറ്റപത്രത്തോടൊപ്പം ഹാജരാക്കയിട്ടുണ്ട്. അപ്പോൾ ഈ ധർമ്മരാജൻ ആരാണ്? കെ.സുരേന്ദ്രൻ പറയുന്നതുപോലെ, കൊടകര കുഴൽപ്പണകള്ളക്കടത്തുമായും ധർമ്മരാജനുമായും ബിജെപിക്ക് യാതൊരു ബന്ധവുമില്ലെങ്കിൽ പണം നഷ്ടപ്പെട്ടതായി പരാതി നൽകിയ ധർമ്മരാജൻ എന്തുകൊണ്ടാണ് ഏപ്രിൽ 2നും 3നും 4നും ബിജെപി നേതൃത്വത്തെ നിരന്തരം വിളിച്ചത്? സ്വന്തം ആവശ്യത്തിനായി കുഴൽപ്പണം കടത്തിയ ധർമ്മരാജൻ, പണം നഷ്ടപ്പെട്ടതോടെ സഹായത്തിനായി വിളിച്ചതാണോ ഇവരെയൊക്കെ? പച്ചനുണയാണ് ബിജെപി അവതരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഏറ്റവും വിശ്വസ്തതയോടെ ബിജെപിക്കുവേണ്ടി കള്ളപ്പണം കടത്തുന്ന സമർത്ഥനായ ഒരു ഹവാല ഏജന്റാണ് ധർമ്മരാജൻ. അങ്ങിനെയല്ല എന്നു സമർത്ഥിക്കാനുള്ള ഒരു വസ്തുതയും ബിജെപി നേതൃത്വത്തിന് ഹാജരാക്കാനായിട്ടില്ല.
പണം നഷ്ടപ്പെട്ടിട്ടും ധർമ്മരാജൻ എന്തുകൊണ്ടാണ് പരാതി നൽകാൻ നാലു ദിവസം വൈകിയത്? എന്തുകൊണ്ടാണ് പരാതിയിൽ വളരെക്കുറച്ച് തുക മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്ന് കാട്ടിയത്? കൊള്ളയടിക്കപ്പെട്ടത് കള്ളപ്പണമാണെന്നും അത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കൊണ്ടുവന്നതാണെന്നുമുള്ള വസ്തുത വെളിയിൽ വരുമെന്ന ഭീതി മാത്രമണ് ഇതിന് കാരണം. മൂന്നരക്കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്താനാവില്ല എന്നതാണ് തുക കുറച്ചുപറയാൻ പ്രേരിപ്പിച്ചത്. പണം കവർന്നവരുടെ പക്കൽനിന്നും 2.03 കോടി കണ്ടെത്തിയതുകൊണ്ടുമാത്രമാണ് മൂന്നരക്കോടിയുടെ നഷ്ടം ഉണ്ടായതായി സമ്മതിക്കേണ്ടിവന്നത്.
പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥൻ വി.കെ.രാജുവിന് നൽകിയ മൊഴിയിൽ, തനിക്ക് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹവുമൊന്നിച്ച് അമിത് ഷായെ നേരിൽ സന്ദർശിച്ചിട്ടുണ്ടെന്നും പല തവണകളായി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കേരളത്തിൽ എത്തിച്ചിട്ടുണ്ടെന്നും ധർമ്മരാജൻ പറയുകയുണ്ടായി. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെയും കോന്നി ഉപതിരഞ്ഞെടുപ്പിന്റെയും വേളയിലും പണം എത്തിച്ചതായി അദ്ദേഹത്തിന്റെ മൊഴിയിലുണ്ട്. ബിജെപിക്കായി ബാംഗ്ലൂരിൽനിന്നും ഇടയ്ക്കിടയ്ക്ക് പണം എത്തിക്കാറുണ്ടെന്നും ധർമ്മരാജൻ മൊഴി നൽകിയിട്ടുണ്ട്. ബിജെപി നേതാക്കളുടെ കുഴൽപ്പണബന്ധം വെളിവാക്കുന്ന ഒട്ടനവധി രേഖകൾ കുറ്റപത്രത്തിലുണ്ട്.
കൊടകര കുഴൽപ്പണക്കേസിൽ 2021 ആഗസ്റ്റ് രണ്ടിന് ആദായനികുതി അസിസ്റ്റന്റ് ഡയറക്ടർക്കും ഇഡി കൊച്ചി യൂണിറ്റ് ഡപ്യൂട്ടി ഡയറക്ടർക്കും പ്രത്യേക അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ ധർമ്മരാജന്റെ മൊഴി അപ്പാടെ ചേർത്തിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ അറിവോടെ, സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശൻ, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവരുടെ മേൽനോട്ടത്തിൽ 41.40 കോടി രൂപയുടെ കള്ളപ്പണം കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് ധർമ്മരാജന്റെ മൊഴിയിലുണ്ട്. കർണാടക ബിജെപി എം.എൽ.സി.ലഹർ സിംഗിന്റെ പക്കൽ നിന്നും 14.40 കോടി രൂപ ബാംഗ്ലൂരിലെ ഹവാല റാക്കറ്റ് വഴിയും 27 കോടി രൂപ മറ്റ് റാക്കറ്റ് വഴിയുമാണ് കടത്തിയതെന്നും വ്യക്തമായി മൊഴിയിലുണ്ട്. ഈ തുകയിൽ സേലത്തുവച്ച് 4.40 കോടി രൂപയും കൊടകരയിൽ 3.5 കോടി രൂപയും കവർച്ച ചെയ്യപ്പെട്ടതായും മൊഴി സാക്ഷ്യപ്പെടുത്തുന്നു. നേതൃത്വത്തെ ഒന്നാകെ പ്രതിക്കൂട്ടിൽ നിർത്തുന്ന മൊഴിയും പോലീസ് റിപ്പോർട്ടും കെട്ടിച്ചമച്ചതാണെങ്കിൽ അതിനെതിരെ നിയമപരമായ നടപടിക്ക് എന്തുകൊണ്ടാണ് ബിജെപി മുതിരാതിരുന്നത്? തങ്ങൾ കൂടുതൽ കുടുങ്ങുമെന്ന് ഉറപ്പുള്ളതിനാൽ മാത്രമാണ് അവർ ആ വഴി തേടാതിരുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈ റിപ്പോർട്ടും അതിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമുള്ളിടത്തോളം ‘കള്ളപ്പണബന്ധം തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കു’മെന്ന ബഡായിയൊന്നും കേരളീയ സമൂഹത്തിനുമുമ്പിൽ വിലപ്പോകില്ല.
ബിജെപി നേതൃത്വത്തിന്റെ കരങ്ങൾ പരിശുദ്ധമാണെങ്കിൽ ഇഡിയെക്കൊണ്ട് സത്യസന്ധമായ അന്വേഷണം നടത്തി തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ മുൻകൈയെടുക്കാത്തതെന്തേ? ഒരന്വേഷണ നാടകം നടത്തി, ബിജെപിക്ക് അനുകൂലമായി കുറച്ച് വ്യാജ വിവരങ്ങൾ നിരത്തി, ബിജെപിയെ രക്ഷിക്കാൻ പോലുമാകാത്തവിധം തെളിവുകൾ ശക്തമാണെന്നതിനാലാണ് ഇഡി കഴിഞ്ഞ മൂന്നുവർഷമായി പ്രത്യേക അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിന്റെമേൽ ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നത്. മോദി ഭരണത്തിൻ കീഴിൽ പ്രതിപക്ഷ കക്ഷി നേതാക്കളെയും മാധ്യമപ്രവർത്തകരെയുംവരെ ഇല്ലാത്ത തെളിവുകളുടെ പേരിൽ തുറുങ്കിലടയ്ക്കുന്ന ഇഡിക്ക് വ്യാജവിവരങ്ങൾ സംഘടിപ്പിക്കുക വളരെ എളുപ്പമാണല്ലോ. കൊടകരക്കേസിൽ ബിജെപിയെ സഹായിക്കാനായി ഒരന്വേഷണ നാടകത്തിനുപോലും സ്കോപ്പില്ല എന്നതിനാലാണ് ഇഡി അതിനു മുതിരാതിരുന്നത്. ഒരു സാമ്പത്തിക കുറ്റകൃത്യത്തെ സംബന്ധിച്ച് പോലീസ് ഏജൻസി റിപ്പോർട്ട് നൽകിയാൽ അന്വേഷണം നടത്താൻ ബാദ്ധ്യസ്ഥമാണെന്നിരിക്കെ, എന്തുകൊണ്ടാണ് കൊടകരക്കേസിന്റെ റിപ്പോർട്ടിന്റെമേൽ ഇഡി അടയിരിക്കുന്നത്? ഇപ്പോൾ കേരള ഹൈക്കോടതി മൂന്ന് ആഴ്ചക്കുള്ളിൽ ഇഡിയോടും ആദായ നികുതി വകുപ്പിനോടും പോലീസ് റിപ്പോർട്ടിന്റെമേൽ സ്വീകരിച്ച നടപടിയെന്തെന്ന് അറിയിക്കാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. സത്യസന്ധമായ അന്വേഷണം നടന്നാൽ ബിജെപിയുടെ സംസ്ഥാന നേതാക്കൾ മാത്രമല്ല, ദേശീയ നേതൃത്വവും കുടുങ്ങുമെന്നതിനാലാണ് ഇഡിയും ആദായ നികുതി വകുപ്പും തിരഞ്ഞെടുപ്പ് കമ്മീഷനുമെല്ലാം ‘കൂട്ടിലടച്ച തത്തകളായി’ നിലകൊള്ളുന്നത്. സംസ്ഥാന നേതാക്കൾമാത്രം തീരുമാനിച്ചാൽ കർണ്ണാടകയിൽനിന്ന് കള്ളപ്പണം വരില്ലല്ലോ. ദേശീയ നേതൃത്വത്തിന്റെ ആസൂത്രണം ഉണ്ടെങ്കിൽ മാത്രമേ മറ്റൊരു സംസ്ഥാനത്തുനിന്ന് പണമെത്തിക്കാൻ കഴിയൂ എന്ന് ആർക്കാണറിഞ്ഞുകൂടാത്തത്. അപ്പോൾ അന്വേഷണത്തെ സംസ്ഥാനനേതാക്കൾ മാത്രമല്ല അഖിലേന്ത്യാ നേതാക്കളും ഭയക്കുന്നുണ്ട്. അതിനാൽ ഇഡിയുടെയും മറ്റ് ഏജൻസികളുടെയും കൈകെട്ടിയത് ദില്ലിയിൽ നിന്നാണെന്ന് ന്യായമായും ഉറപ്പിക്കാം.
കൊടകര കുഴൽപ്പണക്കേസ് ഒരു പണാപഹരണക്കേസ് മാത്രമായാണ് ഇപ്പോൾ കോടതിയിലുള്ളത്. രാജ്യത്തിനും അതിന്റെ സാമ്പത്തിക ഘടനക്കുമെതിരായ അതീവഗൗരവതരമായ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ടിട്ടുള്ളതാണ് യഥാർത്ഥത്തിൽ കൊടകര കുഴൽപ്പണക്കടത്ത്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ കർണ്ണാടകയിൽനിന്ന് ഹവാല റൂട്ടിലൂടെ കള്ളപ്പണം ഒഴുക്കി എന്നത് പരിമിതമായ അന്വേഷണത്തിലൂടെ മാത്രം പുറത്തുവന്ന വിവരമാണ്. എല്ലാ ഏജൻസികളും ഏകോപിതമായി അന്വേഷിച്ചുകൊണ്ട് കള്ളപ്പണത്തിന്റെ ഉറവിടവും അതിന്റെ ലക്ഷ്യവും പുറത്തുകൊണ്ടുവരേണ്ടതുണ്ട്. എന്നാൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ബിജെപി മാത്രമല്ല, ഭരണ പ്രതിപക്ഷ പാർട്ടികളെല്ലാം അന്വേഷണം ഒരു പരിധിക്ക് അപ്പുറത്തേക്കു പോകാൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാണ്.
സിപിഐ(എം) നയിക്കുന്ന സംസ്ഥാനഭരണം, മൂന്നരക്കോടി രൂപയുടെ പണത്തട്ടിപ്പ് വകുപ്പുമാത്രം ചേർത്ത ഒരു കുറ്റപത്രം കോടതിയൽ സമർപ്പിക്കുകയും കേന്ദ്ര ഏജൻസികൾക്ക് ഒരു റിപ്പോർട്ട് നൽകുകയും ചെയ്തതല്ലാതെ മറ്റൊരു നടപടിക്കും മുതിർന്നില്ല. ഇതിനോടകം സ്വീകരിച്ച മേൽപ്പറഞ്ഞ നടപടികൾ വളരെ സ്വഭാവികമായ നടപടിക്രമം മാത്രമാണ്. അതിനുമപ്പുറത്തേക്ക് രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ മാനമുള്ള ഒരു കുറ്റകൃത്യത്തിന്റെ നിലയിൽ സർക്കാർ ഈ കേസിനെ കാണുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഒരു കേസ് ബാധ്യതപ്പെട്ട ഏജൻസികളെക്കൊണ്ട് രജിസ്റ്റർ ചെയ്യിക്കാൻ ഔദ്യോഗികമായി എന്തു തുടർനടപടിയാണ് കൈക്കൊണ്ടത്? ഇപ്പോൾ കേസിലെ 50-ാം സാക്ഷി ഒരു റിട്ട് ഫയൽ ചെയ്തതോടെ, അന്വേഷണ ഏജൻസികൾക്ക് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി തയ്യാറായത് നാം കണ്ടു. കഴിഞ്ഞ മൂന്നുവർഷമായി പോലീസ് റിപ്പോർട്ടിന്റെമേൽ അടയിരിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റിനെതിരെ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ ഒരു ഹർജി ഫയൽ ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്? പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോർട്ടിന്റെ ഒരു പകർപ്പ് ഉയർന്ന കോടതികളിൽ സമർപ്പിച്ച് നീതിന്യായ സംവിധാനത്തിന്റെ പരിഗണനയിലേക്ക് അതീവഗൗരവതരമായ ഈ കേസ് കൊണ്ടുവരാതിരുന്നത് എന്തുകൊണ്ടാണ്? ആരെ രക്ഷിക്കാനാണ് ഈ സമീപനം പിണറായി സർക്കാർ സ്വീകരിച്ചിരിക്കുന്നത്? ഇപ്പോൾ കോടതിയിലുള്ള കൊടകര പണാപഹരണക്കേസിൽ ബിജെപിയുടെ ഒരു നേതാവും പ്രതിയല്ല. കള്ളപ്പണം കടത്താൻ ചുക്കാൻ പിടിക്കുകയും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്ത സംസ്ഥാനത്തെയും പുറത്തെയും ബിജെപി നേതാക്കൾ സ്വൈരവിഹാരം നടത്തുന്നു. ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽനിന്നും കാറിൽ പണം കൊണ്ടുപോകുന്നുവെന്ന വിവരം പാർട്ടിയുടെ വളരെ കുറച്ച് നേതാക്കൾക്കു മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. പ്രസ്തുത വിവരം മോഷ്ടാക്കൾക്ക് ചോർത്തിക്കൊടുത്ത് ഈ പണംകൊള്ള (കൊടകരയിൽ മാത്രമല്ല, സേലത്തും) ആസൂത്രണം ചെയ്ത ആരും പ്രതികളല്ല! അവരെല്ലാം വിശുദ്ധന്മാരായി വിലസുന്നു! പിണറായി വിജയൻ നയിക്കുന്ന സർക്കാരിന് ബിജെപിയോടുള്ള ഉപകാരസ്മരണയാണോ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ആരും സംശയിച്ചുപോകുന്ന സാഹചര്യമാണിത്.
ഭരണതലത്തിലെ ഒത്താശകളിൽ മാത്രം ഇത് ഒതുങ്ങുന്നില്ല. ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ പൊരുതുകയാണെന്നാണല്ലോ ആർഎസ്എസ്സിന്റെ കൈകളാൽ കൊല ചെയ്യപ്പെട്ട രക്തസാക്ഷികളുടെ എണ്ണം കാട്ടി സിപിഐ(എം) ആവർത്തിക്കുന്നത്. ഈ വ്യാഖ്യാനത്തിനു നിരക്കുന്ന രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നത് നാം കാണുന്നില്ല. കള്ളപ്പണം കടത്തുന്ന ബിജെപിയുടെ തനിനിറം വിശദീകരിച്ചുകൊണ്ട് ദേശീയതലത്തിൽ രാഷ്ട്രീയമായി അവരെ തുറന്നുകാട്ടാനും ഒറ്റപ്പെടുത്താനും ലഭിച്ച ഈ സന്ദർഭം സിപിഐ(എം) വിനിയോഗിക്കാതിരുന്നതെന്തുകൊണ്ടാണ്? പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി ഇഡിയും മറ്റ് ഏജൻസികളും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു പ്രക്ഷോഭത്തിന് സിപിഐ(എം) തയ്യാറാകാതിരുന്നതെന്തുകൊണ്ടാണ്? ഈ ആവശ്യമുന്നയിച്ച് സംസ്ഥാനത്തെ ജനാധിപത്യ -മതേതര- പുരോഗമന വിശ്വാസികളെ ഒന്നാകെ അണിനിരത്തിക്കൊണ്ട് സത്യസന്ധമായ ഒരു ജനകീയ മുന്നേറ്റം വളർത്താൻ ശ്രമിച്ചിരുന്നെങ്കിൽ ബിജെപിയുടെ വിനാശകരമായ രാഷ്ട്രീയത്തിന് ആഘാതമേൽപ്പിക്കാൻ കഴിയുമായിരുന്നു. പ്രതീക്ഷാനിർഭരമായ രാഷ്ട്രീയ സാഹചര്യം അത് സൃഷ്ടിക്കുമായിരുന്നു. പകപോക്കലിന്റെ പേരിൽ സ്വന്തം അണികളെ കൊലയ്ക്കുകൊടുത്തതിന്റെ ചരിത്രം പറഞ്ഞുകൊണ്ടല്ല, പ്രബുദ്ധമായ ജനാധിപത്യ രാഷ്ട്രീയം വളർത്തിയെടുത്തുകൊണ്ടുവേണം സംഘപരിവാർ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ. കൊടകര കുഴൽപ്പണക്കേ സിനെ മുൻനിർത്തി ബിജെപിയെ രാഷ്ട്രീയമായി നേരിടാൻ സിപിഐ(എം) പേരിനുപോലും തയ്യാറാകാതിരുന്നത് ബോധപൂർവ്വമാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ ഈ സംസ്ഥാനം വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഈ വൈകിയ വേളയിലെങ്കിലും സിപിഐ(എം) ലെ സത്യസന്ധരായ അണികൾ തിരിച്ചറിയണമെന്നഭ്യർത്ഥിക്കുന്നു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി ഇഡിയും മറ്റ് കേന്ദ്ര ഏജൻസികളും നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ശക്തമായ ഒരു ജനകീയ മുന്നേറ്റം വളർത്തിയെടുക്കുകയാണ് വേണ്ടത്. നമ്മുടെ സംസ്ഥാനത്തിന്റെ രാഷ്ട്രീയമണ്ഡലത്തെ കഴുകിവെടിപ്പാക്കാനുള്ള ഒരു പ്രസ്ഥാനമായി അത് മാറും. അതാണ് ഈ നിമിഷത്തിന്റെ ആവശ്യകത. അത്തരമൊരു പ്രക്ഷോഭത്തിന്റെ കടമ സിപിഐ(എം), സിപിഐ പ്രസ്ഥാനങ്ങൾ പൂർണ്ണമായും വെടിഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ, സാമൂഹ്യ പ്രതിബദ്ധതയും കറകളഞ്ഞ പൊതുപ്രവർത്തനത്തിന്റെ ചരിത്രവുമുള്ള സാമൂഹ്യ-സാംസ്കാരിക വ്യക്തിത്വങ്ങൾ അഗ്രമാമികളായി രംഗത്തുവരണം. വ്യവസ്ഥാപിത ഇടതു പ്രസ്ഥാനങ്ങളിലെ സത്യസന്ധരായ പ്രവർത്തകർ അതിന്റെ ഭാഗമാകണം.