എട്ട് മണിക്കൂർ അദ്ധ്വാനം, ന്യായയുക്തമായ കൂലി (ഫെയർ വേജ്) സുരക്ഷിതമായ സ്ഥിരംജോലി എന്നീ അടിസ്ഥാന സങ്കല്പ്പങ്ങളെ ആധാരമാക്കി സ്ഥാപിച്ചുറപ്പിക്കപ്പെട്ടതായിരുന്നു ലിബറൽ ജനാധിപത്യ കാലഘട്ടത്തിലെ തൊഴിൽനിയമങ്ങൾ. സ്ഥിരംതൊഴിലിൻ്റെ സ്ഥാനത്ത് ഫിക്സഡ് ടേം എംപ്ലോയ്മെൻ്റും രാപകൽ നീളുന്ന തൊഴിൽ സമയവും ഫെയർ വേജിൻ്റെ സ്ഥാനത്ത് ഫ്ലോർ വേജും (തറനിരപ്പിലുള്ള കൂലി) തൊഴിൽ സുരക്ഷാരാഹിത്യവുമാണ് പുതിയ തൊഴിൽ കോഡുകളുടെ കേന്ദ്ര ബിന്ദു. മോദി സർക്കാർ അടിച്ചേൽപ്പിച്ച തൊഴിൽ നിയമ പരിഷ്കാരങ്ങള് കോർപ്പറേറ്റ് കാലത്തെ തൊഴിൽ സേനയുടെ രൂപകൽപ്പനയാണ് ലക്ഷ്യംവയ്ക്കുന്നത്.
തൊഴിലാളികളെ മരണത്തിലേക്ക് തള്ളിവിടുന്നതോ ഗുരുതര പരിക്കുകളേൽപ്പിക്കുന്നതോ ആയ വ്യാവസായിക അപകടങ്ങൾ അമ്പരപ്പുളവാക്കുന്ന വിധത്തിൽ പെരുകുകയാണ്. ആഗസ്റ്റ് 17ന് ആന്ധ്രയിലെ അനകപ്പള്ളി ജില്ലയിലെ അച്യുതപുരം സ്പെഷ്യൽ എക്കോണമിക് സോണിൽ എസൻഷ്യ അഡ്വാൻസ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നടന്ന അപകടത്തിൽ വിലപ്പെട്ട 17 ജീവനുകൾ നഷ്ടപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2019 മുതൽ, വിശാഖപട്ടണം ജില്ലയിൽ മാത്രം 119 വ്യാവസായിക അപകടങ്ങളിലായി 120 മരണങ്ങളുണ്ടായതായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആഗസ്റ്റ് 22ന് പത്രക്കാരോട് പറഞ്ഞു. സ്പെഷ്യൽ എക്കണോമിക് സോണുകളിൽ അപകടങ്ങൾ സ്ഥിരസംഭവങ്ങളായി മാറിയിരിക്കുന്നുവെന്ന് ഇത് വെളിവാക്കുന്നു. ഗുജറാത്തിൽ 2020 മുതൽ 587 വ്യാവസായിക അപകടങ്ങളിലായി 700 ഓളം തൊഴിലാളികൾ മരണമടയുകയും 213 പേർക്ക് പരിക്ക് പറ്റുകയും ചെയ്തുവെന്ന് ഗുജറാത്തിലെ ‘ഡബിൾ എൻജിൻ’ സർക്കാർ 2023 സെപ്റ്റംബറിൽ നിയമസഭയിൽ വെളിപ്പെടുത്തുകയുണ്ടായി. 2020-21നും 2022-23നുമിടയിൽ വ്യാവസായിക അപകടങ്ങളിൽ 17% വർദ്ധനവാണ് ഈ ‘ഉന്മേഷകര’മായ സംസ്ഥാനം ദർശിച്ചത്. 2018നും 2022നുമിടയിൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട 13,464 ഫാക്ടറികളിൽ, 118 മാരകമായ അപകടങ്ങൾ ഉണ്ടായതായി തൊഴിൽ വകുപ്പ് പുറപ്പെടുവിച്ച കണക്കുകളിൽ പറയുന്നു.
ഒക്ടോബർ 7ന് പശ്ചിമബംഗാളിലെ ബിർഭൂം ജില്ലയിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഗംഗാറാംപൂർ ഖനിയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടു തൊഴിലാളികൾ മരണപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കുകൾപറ്റുകയും ചെയ്തു. ഇന്ത്യയിലാകെ 2020-21ൽ 3,21,578 ഫാക്ടറികളിലായി വളരെ ഗുരുതരമായ 1058 അപകടങ്ങൾ നടന്നു. അവയിൽ 988 സംഭവങ്ങളിൽ മാരക പരിക്കുകൾ ഏൽപ്പിക്കപ്പെട്ടു. ഇന്ത്യയിൽ ഓരോ വർഷവും 48,000 പേർ പണിയിടങ്ങളിലെ അപകടങ്ങൾ മൂലം മരണപ്പെടുന്നതായും 2016ൽ സൂറത്ത് എൻഐടിയും ഡൽഹി ഐഐടിയും ചേർന്ന് നടത്തിയ പഠനത്തിൽ വെളിപ്പെട്ടു.
കേരളത്തിൽ ഈ വർഷം ഇതുവരെ വ്യവസായ അപകടങ്ങളിൽ 12 തൊഴിലാളികൾ മരണപ്പെടുകയും 62 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. ഈ അപകടങ്ങളുടെയെല്ലാം കാരണം സർക്കാരിന്റെ നയം മാറ്റം മൂലം ഇൻസ്പെക്ഷനുകൾ നിർത്തലാക്കിയതാണെന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥന്മാർ ചൂണ്ടിക്കാട്ടുന്നു.
അസംഘടിത മേഖലയിലെയും ചെറുകിട മേഖലയിലെയും സ്ഥിതി
വ്യവസായ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥമായ വ്യവസായ സ്ഥാപനങ്ങളിലേതു മാത്രമാണ് മേൽപ്പറഞ്ഞ സ്ഥിതി വിവരക്കണക്കുകൾ എന്നതിനാൽ മഞ്ഞുമലയുടെ അറ്റം പോലെയാണിത്. യഥാർത്ഥസ്ഥിതി ഞെട്ടിപ്പിക്കുന്നതാണ്. നഷ്ടപരിഹാരം നൽകുന്നതും ചികിത്സാ ചെലവ് വഹിക്കുന്നതും ഒഴിവാക്കാനായി സ്ഥാപന ഉടമകൾ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാറില്ല. ചെറുകിട മേഖലയിലെ 35% പണിശാലകളിലും എപ്പോൾ എവിടെ വേണമെങ്കിലും അപകടങ്ങൾ ഉണ്ടാവുന്ന സാഹചര്യമാണുള്ളത്. ഇന്ത്യയിലെ 52.2 കോടി തൊഴിലാളികളിൽ 90ശതമാനവും പണിയെടുക്കുന്നത് അസംഘടിതവും നിയമപരിരക്ഷകൾക്ക് പുറത്തുള്ളതുമായ മേഖലകളിലാണ്. അസംഘടിത നിർമ്മാണ മേഖലകളിൽ 5.5 കോടി ആളുകൾ പണിയെടുക്കുന്നതായും ഓരോ ദിവസവും ശരാശരി 38 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നുമാണ് സർക്കാർ സ്ഥിതിവിവര കണക്കുകൾ പറയുന്നത്. ഈ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷാവിഷയം 1948ലെ ഫാക്ടറി ആക്ടിന്റെ പരിധിയിൽ വരുന്നിെല്ലന്നും അതിനാൽ അസംഘടിത മേഖലയിലെ അപകടത്തിന്റെ കണക്ക് രേഖപ്പെടുത്തുന്നില്ലെന്നും ഒരു വിവരാവകാശ ചോദ്യത്തിന് മറുപടിയായി ഡൽഹി തൊഴിൽ വകുപ്പ് സമ്മതിച്ചിട്ടുണ്ട്. കൂടാതെ, നിർമ്മാണ പ്രവൃത്തികൾ മുഖ്യമായും കോൺട്രാക്ടർമാർക്കാണ് അനുവദിക്കുന്നത്. കുടിയേറ്റ തൊഴിലാളികളെയാണ് അവർ നിയോഗിക്കുന്നത്. തുച്ഛമായ കൂലി സ്വീകരിച്ചുക്കൊണ്ട് യാതൊരു സുരക്ഷയും ഇല്ലാതെ വലിയ ഉയരങ്ങളിലുള്ള കെട്ടിടങ്ങളിലെ സ്കാഫോൾഡിൽ പണി ചെയ്യാൻ അവർ നിർബന്ധിതമാകുന്നു. എളുപ്പം വൈദ്യുതി ആഘാതമേൽക്കാനും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുഴിച്ചുമൂടപ്പെടാനും വിധിക്കപ്പെട്ടവരാണ് അവർ. യഥാർത്ഥത്തിൽ ഈ കുടിയേറ്റ തൊഴിലാളികൾ അടിമ സമാനമായ ജീവിതം നയിക്കുന്നവരാണ്. മനുഷ്യോചിതമല്ലാത്ത വിധമാണ് അവരെ കൈകാര്യം ചെയ്യുന്നത്. ഏറ്റവും ഗതികെട്ടതെങ്കിൽപോലും ഒരു ജീവിതത്തിനുവേണ്ടി ഗ്രാമീണ ദരിദ്രരായ ഈ ഹതഭാഗ്യരായ കുടിയേറ്റ തൊഴിലാളികൾ തുച്ഛമായ കൂലിക്കുവേണ്ടി ഇത്രയും അപകടകരമായ പണികളിൽ ഏർപ്പെടാൻ നിർബന്ധിതരാകുന്നു.
ഉടമകൾ തൊഴിൽ നിയമങ്ങൾ പിച്ചിച്ചീന്തുന്നു
സ്ഥാപന ഉടമകൾ ശിക്ഷാഭയം കൂടാതെ തൊഴിൽ നിയമങ്ങൾ പിച്ചിച്ചീന്തുകയാണ്. അപകടം സംഭവിച്ച ഒരു തൊഴിലാളിക്ക് ശാരീരിക പരുക്കുകളോ അംഗഭംഗമോ സംഭവിക്കുകയാണെങ്കിൽ അത് യഥാസമയം അധികാരികളെ അറിയിക്കണമെന്ന് ഫാക്ടറീസ് ആക്ടിലെ 88-ാം വകുപ്പ് നിർബ്ബന്ധിതമായി അനുശാസിക്കുന്നു. കൂടാതെ, ക്രിമിനൽ പ്രൊസീജിയർ കോഡിന്റെ 39-ാം വകുപ്പ് പ്രകാരം എല്ലാ മെഡിക്കോ-ലീഗൽ കേസുകളും പോലീസിന് റിപ്പോർട്ട് ചെയ്യാൻ മെഡിക്കൽ ഓഫീസർമാർ ബാധ്യസ്ഥരുമാണ്. അവ്വിതം ചെയ്യാതിരുന്നാൽ അവർക്കെതിരെ കേസെടുക്കേണ്ടതുണ്ട്. മെഡിക്കോ-ലീഗൽ കേസുകളെ സംബന്ധിച്ച് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ പുറത്തിറക്കിയ പുസ്തകത്തിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.
സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യത്തിലും തൊഴിലാളികൾ പണിയെടുക്കാൻ നിർബ്ബന്ധിതമാകുന്നത്, തൊഴിലിൽ നിന്ന് പിരിച്ചുവിടപ്പെടും എന്നതുകൊണ്ടാണ്. തൊഴിൽ നഷ്ടപ്പെടും എന്നുള്ള ഈ ഭയം, തങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളെ തുറന്നെതിർക്കുന്നതിൽ നിന്ന് തൊഴിലാളികളെ പിന്തിരിപ്പിക്കുന്നു. തന്നെയുമല്ല, അനിയന്ത്രിതമായ അഴിമതിയുടെ ചെളിക്കുണ്ടിൽ അമർന്നിരിക്കുന്ന നമ്മുടെ നാട്ടിൽ ഫാക്ടറി ഇൻസ്പക്ടറേറ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലിയിൽ ഭ്രമിച്ചോ രാഷ്ട്രീയ ഇടപെടലുകളെ ഭയന്നോ വ്യവസായ ശാലകളിലെ നടത്തിപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും ലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയോ അവഗണിക്കുകയൊ ചെയ്യുകയെന്നതാണ് പതിവുരീതി.
വ്യവസായ മേഖലകളിൽ അപകടങ്ങൾ പെരുകുന്നത് എന്തുകൊണ്ട്?
ഇടതടവില്ലാതെ സംഭവിക്കുന്ന വ്യാവസായിക ദുരന്തങ്ങളുടെ പിന്നിലുള്ള കാരണങ്ങൾ മനസ്സിലാവാൻ മുന്തിയ ശാസ്ത്ര പരിജ്ഞാനത്തിന്റെയൊന്നും ആവശ്യമില്ല. പര്യാപ്തമായ പ്രതിരോധ സുരക്ഷാ നടപടികളുടെ അപര്യാപ്തത, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സാമഗ്രികളുടെ അഭാവവും അതുണ്ടെങ്കിൽ തന്നെ യഥാസമയം കേടുപാടുകൾ തീർത്ത് പ്രവർത്തനക്ഷമമാക്കി വയ്ക്കാത്തതും, ബന്ധപ്പെട്ട അധികാരികൾ സ്ഥിരമായ സുരക്ഷ ഓഡിറ്റുകൾ നടത്താത്തതുമാണ് ആവർത്തിച്ചുണ്ടാകുന്ന അത്തരം അപകടങ്ങളുടെ കാരണം. ഉദാഹരണത്തിന്, കെമിക്കൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറികളിൽ അപകടങ്ങളുണ്ടാകുന്നത് റിയാക്ടറുകൾ പൊട്ടിത്തെറിച്ചാണ്. മതിയാംവണ്ണം സമ്മർദ്ദവും ഊഷ്മാവും നിയന്ത്രിക്കാൻ ശ്രദ്ധിക്കുന്നതിൽ മാനേജ്മെന്റിന്റെ പരാജയമോ അക്ഷന്തവ്യമായ അലംഭാവമോ ആണ് കാരണം. റിയാക്ടർ പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാന പരിശീലനമോ ഉചിതമായ സുരക്ഷാ ഉപകരണങ്ങളോ തൊഴിലാളികൾക്ക് നൽകാറില്ല. രാസവ്യവസായ സ്ഥാപനങ്ങളിൽ വിഷവാതക ചോർച്ചയോ അഗ്നിബാധയോ തടയാനുള്ള രാസപ്രതിവിധികളോ മറ്റു ഉപാധികളോപോലും കരുതി വക്കുന്നില്ല.
അപകടങ്ങൾക്ക് കാരണക്കാരായവർക്ക് യാതൊരു ശിക്ഷയും
നൽകുന്നില്ല
ജീവനെടുക്കുകയും ഗുരുതരമായ പരിക്കുകൾ ഏൽപ്പിക്കുകയും ചെയ്യുന്ന അപകടങ്ങൾ ഉണ്ടാകുമ്പോൾ അതിനുത്തരവാദികളായ സ്ഥാപനമുടമകൾക്കും മാനേജർമാർക്കും യാതൊരു ശിക്ഷയും നൽകപ്പെടുന്നില്ല. ഉത്തരവാദികൾ എന്ന് കണ്ടെത്തപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റോ സസ്പെൻഷനോ ഇല്ല. രാഷ്ട്രീയ നേതാക്കളും വ്യവസായികളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ്, ഈ അത്യാഹിതങ്ങളിലെ ഉത്തരവാദികൾ ശിക്ഷിക്കപ്പെടാതെ പോകുന്നതിന്റെ കാരണമെന്ന് കാണാവുന്നതാണ്. 2024 മേയിൽ, മഹാരാഷ്ട്രയിലെ ദോംബിവലിയിലെ രാസനിർമ്മാണ ഫാക്ടറിയിൽ നടന്ന ഒരു ബോയിലർ പൊട്ടിത്തെറിയിൽ തൊഴിലാളികളും സമീപപ്രദേശവാസികളും അടങ്ങുന്ന 13 പേർ മരണപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേത്തുടർന്ന്, മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ് ചാർജുചെയ്ത് ഫാക്ടറി ഉടമസ്ഥരെ അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് പെട്ടെന്നുള്ള ഒരു കണ്ണിൽ പൊടിയിടൽ തന്ത്രം എന്ന നിലയിലെടുത്ത ഈ നടപടിയെത്തുടർന്ന് ഉടമകൾക്ക് ശിക്ഷ ഉറപ്പാക്കും വിധം യാതൊരു നിയമനടപടികളും ഉണ്ടായില്ല. പൊട്ടിത്തെറി സംഭവിച്ച് വെറും മൂന്ന് ആഴ്ചയ്ക്കുള്ളിൽ അവരെ ജാമ്യത്തിൽ വിടുകയും ഈ സംഭവത്തെ ‘ദൈവത്തിന്റെ ഒരു നടപടി’ എന്ന നിലയിൽ ലേബൽ ഒട്ടിക്കുകയും ചെയ്തു. അപകട മരണങ്ങളുടെ സംഭ്രമജനകമായ അളവിലുള്ള കണക്ക് മുമ്പിലുണ്ടായിരിക്കെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫാക്ടറി അഡ്വൈസ് സർവീസസ് ആൻഡ് ലേബർ ഇൻസ്റ്റിറ്റ്യൂട്ട്സിന്റെ (DGFASLI)കണക്കുകൾ വെളിപ്പെടുത്തുന്നത്, ഈ കാലയളവിലാകെ 2563 പേരിൽ മാത്രമാണ് കുറ്റം ആരോപിക്കപ്പെട്ടതെന്നും ഫാക്ടറി നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ വെറും 10 പേരെ മാത്രമേ തടവുശിക്ഷക്ക് വിധിച്ചിട്ടുള്ളതെന്നും മൂന്നു കോടി രൂപയോളം മാത്രമേ നഷ്ടപരിഹാരമായി നൽകപ്പെട്ടിട്ടുള്ളൂ എന്നുമാണ്.
പരിഷ്കാരത്തിന്റെ പേരിൽ തൊഴിൽ സുരക്ഷാ നിയമങ്ങളിൽ വെള്ളം ചേർത്തു
ഈ സാഹചര്യത്തിൽ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കപ്പെടുന്നത്? തൊഴിലാളികളുടെ ജീവിതത്തിന്റെയും സുരക്ഷയുടെയും നേർക്കുള്ള ഇത്തരം ഉദാസീന മനോഭാവവും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ എന്ന് കരുതപ്പെടുന്ന നിശ്ചിത നിയമങ്ങൾ പാലിക്കപ്പെടാതിരിക്കുന്നതുമാണ് ആവർത്തിച്ചുണ്ടാവുന്ന ഇത്തരം അപകടങ്ങളുടെ കാരണം ഭയാനകമായ ഈ കണക്കുകൾ, തൊഴിലെടുക്കുന്ന ജനവിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുവാനും നിലവിലുള്ള തൊഴിൽ നിയമങ്ങളിലെ വിടവുകളടക്കുംവിധമുള്ള കൂടുതൽ കർക്കശ സ്വഭാവത്തിലുള്ള നിയമങ്ങൾ ആവശ്യപ്പെടുന്നുണ്ട്.
പക്ഷേ, സർക്കാർ എന്താണ് ചെയ്യുന്നത്? ഇതിനോടകം തന്നെ തിന്നു കൊഴുത്ത ആഭ്യന്തര മുതലാളിമാർക്ക് സൗകര്യങ്ങൾ ഒരുക്കുവാനും ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ് ‘ എന്നതിന്റെ പേരിൽ വിദേശ മൂലധനത്തെ വശീകരിക്കാനുമായി, തൊഴിൽ നിയമപരിഷ്കാരമെന്ന് പെരുമ്പറ കൊട്ടിക്കൊണ്ട് കേന്ദ്രം ഭരിക്കുന്ന, ബിജെപി നയിക്കുന്ന എൻഡിഎ ഗവൺമെന്റ് ഏതാണ്ട് 44 തൊഴിൽ നിയമങ്ങളിൽ 29 എണ്ണത്തെ, നാലു പുതിയ തൊഴിൽ കോഡുകളായി ഏകീകരിക്കുകയും ചെയ്തത്, ഇതിനോടകം തന്നെ പരിതാപകരമായ ജീവിത സാഹചര്യത്തിൽ അകപ്പെട്ട തൊഴിലാളി വർഗ്ഗത്തിന്റെ അവസ്ഥ കൂടുതൽ വഷളാക്കുകയേയുള്ളു. ഈ നാലു തൊഴിൽ കോഡുകളിൽ, 2020 ൽ പാസാക്കപ്പെട്ട ‘തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യം എന്നിവയെ സംബന്ധിച്ച കോഡ്’ (OSHWC Code)’ തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യം എന്നിവയെ സംബന്ധിച്ച നിയമങ്ങളെ ഏകീകരിക്കുകയും ഭേദഗതികൾ വരുത്തുകയും ചെയ്യുന്ന ഒന്നാണ്. പ്രത്യക്ഷത്തിൽ തന്നെ സാമ്പത്തിക പ്രവർത്തനത്തിന്റെ പല ശാഖകളും ഈ കോഡ് ഒഴിവാക്കുന്നു. അധ്വാനിക്കുന്നവരിൽ 50% പേരും പണിയെടുക്കുന്ന കാർഷിക മേഖല, ചെറുകിട ഖനികൾ, ഹോട്ടലുകൾ, ഭക്ഷണശാലകൾ, യന്ത്രങ്ങൾ റിപ്പയറിങ് ചെയ്യുന്ന വർക്ഷോപ്പുകൾ, നിർമ്മാണം, ഇഷ്ടികക്കളങ്ങൾ, യന്ത്രത്തറികൾ, പടക്കനിർമ്മാണം, കാർപെറ്റ് നിർമ്മാണം തുടങ്ങിയവപോലുള്ള അസംഘടിത മേഖലയിലെ തൊഴിലാളികൾ, ഐടി, ഐടി അധിഷ്ഠിത സർവീസ് മേഖല, ഡിജിറ്റൽ പ്ലാറ്റ്ഫോംസ്, ഇ-കോമേഴ്സ് തുടങ്ങിയ സംഘടിത മേഖലയിലെ ദിവസവേതന, താൽക്കാലിക, കരാർ തൊഴിലാളികൾ, അതേപോലെ ഗാർഹിക തൊഴിലാളികൾ, വീടുകൾ അടിസ്ഥാനത്തിൽ പണിയെടുക്കുന്നവർ, ട്രെയിനികൾ, കൂലിക്ക് പ്രവർത്തിക്കുന്ന വോളണ്ടിയർമാർ തുടങ്ങിയ മേഖലകളെ ഈ കോഡുകളിൽ സ്പർശിക്കുന്നില്ല.
അപകടസാധ്യത നിറഞ്ഞ എല്ലാ ഫാക്ടറികളിലും നിർബന്ധമായും ഒരു സുരക്ഷാ കമ്മറ്റി രൂപീകരിക്കണമെന്ന് 1948ലെ ഫാക്ടറീസ് ആക്ടിൽ പേരിനെങ്കിലും വ്യവസ്ഥ ചെയ്തിരുന്നു. പക്ഷേ, മേൽപ്പറഞ്ഞ സുരക്ഷാ കോഡിലാകട്ടെ അത്തരം കമ്മറ്റികൾ അപകടസാധ്യത നിറഞ്ഞ, 250നുമുകളിൽ തൊഴിലാളികൾ ഉള്ള ഫാക്ടറികളിൽ മാത്രം മതിയെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇതര ഫാക്ടറികളിൽ തൊഴിലാളികളുടെ എണ്ണം 500നുമേൽ ഉണ്ടായിരിക്കണം. അതുതന്നെ, സർക്കാർ നോട്ടിഫിക്കേഷനും ഉത്തരവും ഇറങ്ങിയതിനുശേഷം മാത്രമേ നടപ്പിലാക്കാവു.
രാജ്യത്തെ 90ശതമാനത്തിലധികം തൊഴിൽ ശക്തിയും തൊഴിലിട സുരക്ഷയുടെ പരിധിയിൽ വരുന്നില്ല എന്നാണ് ഫലത്തിൽ ഈ വ്യവസ്ഥ അർത്ഥമാക്കുന്നത്. കൂടാതെ, ഫാക്ടറി എന്നതിന്റെ നിർവ്വചനം തന്നെ മാറ്റിയിരിക്കുന്നു. വൈദ്യുതി ഉപയോഗിക്കാതെ 20 മുതൽ 40 വരെ തൊഴിലാളികൾ പണിയെടുക്കുന്നതും വൈദ്യുതി ഉപയോഗിച്ച് 10 മുതൽ 20 വരെ തൊഴിലാളികൾ പണിയെടുക്കുന്നതുമായ വ്യവസായങ്ങൾ മാത്രമേ ഇപ്പോൾ ഫാക്ടറിയുടെ നിർവ്വചനത്തിൽ വരുന്നുള്ളൂ. വസ്തുത എന്തെന്നാൽ, ഒടുവിലായി നടന്ന ഇന്ത്യയുടെ ആറാം സാമ്പത്തിക സെൻസസ് പ്രകാരം 10 ലക്ഷത്തിൽ താഴെ, അഥവാ മൊത്തം സ്ഥാപനങ്ങളുടെ 1.4% മാത്രമേ പത്തിൽ കൂടുതൽ തൊഴിലാളികൾ പണിയെടുക്കുന്നുള്ളൂ. ഇങ്ങനെ മാനദണ്ഡം വലുതാക്കുമ്പോൾ ഭൂരിപക്ഷം സ്ഥാപനങ്ങളും പുതിയ സുരക്ഷാ കോഡുകളുടെ പരിധിയിൽനിന്നും, അതുവഴി സുരക്ഷാ നിബന്ധനകളുടെ നടപ്പാക്കലിൽനിന്നും പുറത്താവുകയാണ്.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച് സ്ഥാപനമുടമയ്ക്ക് യാതൊരു ഉത്തരവാദിത്തവും ചുമത്തപ്പെട്ടിട്ടില്ല എന്നത് ധാർമിക രോഷത്തോടെ മാത്രമേ കാണാനാവു. ‘തൊഴിൽ സുരക്ഷയും ആരോഗ്യപരിരക്ഷയും’ സംബന്ധിച്ചോ പ്രതിദിന /പ്രതിവാര പ്രവൃത്തി സമയത്തെപ്പറ്റിയോ ഉള്ള മിനിമം നിലവാരത്തെ പറ്റി ഈ കോഡ് വ്യക്തത വരുത്തിയിട്ടില്ല. മറിച്ച് ഓരോരോ കേസ് അനുസരിച്ച് നോട്ടിഫിക്കേഷനിലൂടെ അത് പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകിയിരിക്കുകയാണ്.
എണ്ണത്തിൽ വർധിക്കുന്ന കരാർ തൊഴിലാളികളെ, കൂലിയുടെയും മറ്റു തൊഴിൽ വ്യവസ്ഥകളുടെയും കാര്യത്തിൽ സ്ഥിരം തൊഴിലാളികളുടെ തുല്യനിലയിൽ പരിഗണിക്കാനായി ഈ കോഡിൽ യാതൊന്നും വ്യവസ്ഥ ചെയ്തിട്ടില്ല. ഇതിലൂടെ എല്ലാത്തരം അരക്ഷിതാവസ്ഥയ്ക്കും ചൂഷണത്തിനും വിധേയമാകുന്നതിലേക്ക് അവരെ തള്ളിവിടുകയാണ്. ഏറ്റവും കൊടിയ ചൂഷണത്തിന് വിധേയമാക്കപ്പെടുന്ന കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ, ഉത്തരവാദിത്തഭാരം കോൺട്രാക്ടർമാരുടെ മേലാണ് ഏൽപ്പിച്ചിരിക്കുന്നത്. അവർ പലപ്പോഴും മുഖ്യ തൊഴിൽ ദാതാവായ വലിയ വ്യവസായ സ്ഥാപന ഉടമകളുടെ കീഴിലെ ചെറിയ കണ്ണികളാണ്. അവരാണ് തൊഴിലാളികളുടെ സുരക്ഷയിൽ സംഭവിക്കുന്ന ഗുരുതര വീഴ്ചകളിൽ ബലിയാടുകളാക്കപ്പെടുന്നത്.
തൊഴിലാളികളെ രജിസ്റ്റർ ചെയ്യുമെന്നും പൊതുവിതരണ ആനുകൂല്യങ്ങളും നിർമ്മാണ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളും നൽകുമെന്നും അവരുടെ പ്രശ്നങ്ങളെപ്പറ്റി അധികാരികളെ അറിയിക്കാൻ ടോൾഫ്രീ നമ്പർ നൽകുമെന്നുമൊക്കെ സർക്കാർ പറയുന്നു. പക്ഷേ, ഇതൊന്നും നടപ്പാക്കപ്പെടാൻ ഇടയില്ലെന്ന്, എൻഫോഴ്സ്മെന്റ് അധികൃതരുടെ പരിതാപകരമായ പ്രവർത്തന ചരിത്രം മനസ്സിലാവുന്നവർക്ക് അറിയാം. സംസ്ഥാനാന്തര കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയെപ്പറ്റി ഈ കോഡിൽ ഒന്നും തന്നെ പറയുന്നില്ല. അവരുടെ സംഖ്യ സംസ്ഥാനത്തിനകത്തെ കുടിയേറ്റ തൊഴിലാളികളെക്കാൾ ഏറെയാണ്. അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ തുല്യനിലയിൽ ദാരുണമാണുതാനും.
കുടിയേറ്റ തൊഴിലാളികൾക്കും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ഒരു സാമൂഹിക സുരക്ഷാഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അതിനായി യാതൊരു പ്രത്യേക ഫണ്ടും ബഡ്ജറ്റിൽ വകയിരുത്തിയിട്ടില്ല. അതിനർത്ഥം, കുടിയേറ്റ തൊഴിലാളിക്ക് ഒരു അപകടമുണ്ടായാലോ സ്ഥാപനം പൂട്ടിയാലോ ഒരു മഹാമാരിയെ തുടർന്നുള്ള ലോക്ഡൗൺ വന്നാലോ സർക്കാരിൽനിന്ന് യാതൊരുവിധ പ്രത്യേക പരിരക്ഷയും കിട്ടാതെ പോകും എന്നാണ്.
ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളിൽ പറയുന്നത് എന്താണ്?
പ്രധാനമന്ത്രി മോദി മൂന്നാം വട്ടവും അധികാരമേറ്റുകൊണ്ടുള്ള സത്യപ്രതിജ്ഞ വേളയിൽ, ഭരണഘടനയുടെ ഒരു പ്രതി തന്റെ മൂർദ്ധാവിൽ ചേർത്തുവച്ചിരുന്നു. ഭരണഘടനയെ താൻ അനുസരിക്കുന്നുവെന്ന് കാണിക്കാനാണ് അങ്ങനെ ചെയ്തത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ വിധം ബാധകമാകുംവിധം താഴെപ്പറയുന്ന കാര്യങ്ങളിൽ നയങ്ങൾ ആവിഷ്കരിക്കാനും നിയമനിർമാണം നടത്തുവാനും ‘ഭരണഘടനയുടെ നിർദ്ദേശാത്മക തത്വങ്ങൾ’ രാഷ്ട്രത്തോട് നിർദ്ദേശിക്കുന്നു. ജീവിതമാർഗം കണ്ടെത്താനും തൊഴിലാളികൾക്ക് ശക്തിയും ആരോഗ്യവും ലഭിക്കാനുമുള്ള അവകാശം ഉറപ്പു വരുത്തുക (ആർട്ടിക്കിൾ 39), തൊഴിലില്ലായ്മയോ പ്രായാധിക്യമോ അസുഖമോ അംഗവൈകല്യമോ മറ്റു കഷ്ടപ്പാടുകളോ വരുമ്പോൾ അവർക്ക് സർക്കാർ സഹായം നൽകുക (ആർട്ടിക്കിൾ 41), നീതിപൂർവ്വവും മനുഷ്യോചിതവുമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുക (ആർട്ടിക്കിൾ 42), മാന്യമായ ജീവിത നിലവാരം ലഭിക്കുവാനും വിശ്രമവേളയുടെയും സാമൂഹിക, സാംസ്കാരിക അവസരങ്ങളുടെയും പൂർണമായ ആസ്വാദനത്തിന് ഉതകുന്ന വിധം മതിയായ കൂലിയും തൊഴിൽ സാഹചര്യവും നേടാനുള്ള അവസരവും ഒരുക്കണം (ആർട്ടിക്കിൾ 43). ഇതിനർത്ഥം, എല്ലാവിധ സാമ്പത്തിക നടപടികളുടെയും ഊന്നൽ തൊഴിലാളികൾക്ക് മതിയായ കൂലി നൽകിക്കൊണ്ട് മുടക്കമില്ലാതെ തൊഴിൽ നൽകുക, തൊഴിൽ മുടക്കം വന്നാൽ മതിയായ നഷ്ടപരിഹാരം നൽകുക എന്നതായിരിക്കണം. യഥാർത്ഥ സ്ഥിതി ഇതുമായി പൊരുത്തപ്പെടുന്നുണ്ടോ? സർക്കാർ ഇതിന് ഉത്തരം പറയേണ്ടതല്ലേ?
തൊഴിൽ കോഡുകളുടെ നടപ്പിലാക്കൽ ഉറപ്പുവരുത്തുന്ന സംവിധാനങ്ങൾ എടുത്തുമാറ്റി
ഈ കോഡുകളിൽ എത്ര ഉത്തുംഗമായ അവകാശവാദങ്ങളും തൊഴിലാളി ക്ഷേമത്തെ കുറിച്ചുള്ള വീമ്പുപറച്ചിലുകളും ഉണ്ടെങ്കിലും അവയുടെ നടപ്പിലാക്കൽ ഉറപ്പുവരുത്തുന്ന കാര്യത്തിലാണ് ദുഷ്ടത്തരം ഒളിച്ചിരിക്കുന്നത്. 1948ലെ ഫാക്ടറീസ് ആക്ട് പ്രകാരം, നിയമങ്ങൾ നടപ്പിലാക്കൽ സംബന്ധിച്ച് ഇൻസ്പെക്ടർമാർക്കും ഇൻസ്പെക്ടറേറ്റുകൾക്കും ലേബർ കോടതികൾക്കും ട്രൈബ്യൂണലുകൾക്കും നാമമാത്രമായെങ്കിലും നിലനിന്നിരുന്നത് ഇന്ന് ഫലത്തിൽ എടുത്തു മാറ്റപ്പെട്ടിരിക്കുകയാണ്. ‘ഇൻസ്പെക്ടർ-കം-ഫെസിലിറ്റേറ്റർ’ എന്ന പേരിലുള്ള പുതിയ കേഡർ തസ്തിക അവതരിപ്പിച്ചിരിക്കുന്നത് കേട്ടാൽ കോഡുകൾ തൊഴിലാളി സൗഹൃദപരമാണെന്ന് തോന്നും. പക്ഷേ, യഥാർത്ഥത്തിൽ അത് മുൻകൂർ അറിയിക്കാതെ രഹസ്യ സ്വഭാവത്തിൽ നടത്തുന്ന ഇൻസ്പെക്ഷനുകളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ളതാണ്. 1948ലെ ഫാക്ടറീസ് ആക്ടും 1955ലെ ന്യൂസ് പേപ്പർ എംപ്ലോയീസ് ആക്ടും അടക്കമുള്ള 13 നിയമങ്ങളെ സംയോജിപ്പിച്ചിരിക്കുകയാണ്. ഈ സംയോജിത നിയമപ്രകാരം ലേബർ ഇൻസ്പെക്ടർമാർക്ക് സർപ്രൈസ് ഇൻസ്പെക്ഷൻ നടത്താനാവില്ല. കണ്ണിൽ പൊടിയിടുന്ന മറ്റൊരു കാപട്യം കൂടിയുണ്ട്. ഈ കോഡുകളുടെ ലംഘനത്തിന് ഫൈൻ ഈടാക്കുന്നത് മുതൽ മൂന്നുമാസത്തെ തടവ് ശിക്ഷയ്ക്കുവരെ വ്യവസ്ഥയുണ്ട്. പക്ഷേ, സർക്കാരിന്റെ മുൻകൂർ അനുവാദമില്ലാതെ ഒരു കോടതിക്കും നിയമലംഘനത്തിനെതിരെ വ്യവഹാര നടപടികൾ എടുക്കാനാവില്ല. മുൻപ് സൂചിപ്പിച്ചതുപോലെ, തൊഴിൽ നഷ്ടപ്പെടുകയോ മറ്റുള്ളവരെ പകരം നിയമിക്കുകയോ ചെയ്തേക്കും എന്ന ഭയത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾ അപകടകരമായ തൊഴിൽ സാഹചര്യത്തിൽ പണിയെടുക്കാൻ നിർബന്ധിതരാകും. അവർ യാതൊരു തൊഴിൽ നിയമങ്ങളിലും ഉൾപ്പെടുത്തപ്പെട്ടിട്ടില്ല എന്നതാണ് കാരണം.
ഇപ്പോൾ, സംഘടിത മേഖലയിലെ തൊഴിലാളികൾ ഇതുവരെ അനുഭവിച്ചു വന്ന ഏറ്റവും മിനിമം അവകാശങ്ങൾപോലും അവരിൽനിന്ന് അപഹരിക്കപ്പെട്ടിരിക്കുകയാണ്. മരിച്ചുകൊണ്ടിരിക്കുകയും ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന തൊഴിലാളികളുടെ രക്ഷയ്ക്ക് രാജ്യത്തെ നിയമങ്ങൾ എത്താതിരിക്കുമ്പോൾ, തമ്മിൽ ഐക്യപ്പെടുകയും യൂണിയനുകൾ രൂപീകരിക്കുകയും സംഘടിതമായി പോരാടുകയും ചെയ്യുക എന്നതാണ് അവശേഷിക്കുന്ന ഒരേ ഒരു ഉപാധി. കൊളോണിയൽ നിഷ്ഠുരവാഴ്ചക്കെതിരെപോലും ഇന്ത്യൻ തൊഴിലാളികൾ പോരാടുകയും അവരെ മുട്ടുകുത്തിക്കുകയും തൊഴിലാളികൾക്ക് മിനിമം സംരക്ഷണം ഏർപ്പെടുത്തുവാനുള്ള ചില നിയമങ്ങൾ നിർമ്മിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായി 1926ലെ ട്രേഡ്യൂണിയൻ ആക്ട്, 1946ലെ ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ് (സ്റ്റാൻഡിങ് ഓർഡേഴ്സ്)ആക്ട്, 1947ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് എന്നിവ പുറപ്പെടുവിച്ചു. തൊഴിലാളികൾക്ക് യൂണിയനുകൾ രൂപീകരിക്കാനുള്ള നിയമപരമായ അവകാശം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. പക്ഷേ, ഏറ്റവും അധികം ലംഘിക്കപ്പെട്ടിട്ടുള്ള അവകാശം അതാണ്. യൂണിയനുകളിൽ അണിനിരക്കുന്ന തൊഴിലാളികളെ ഒന്നല്ലെങ്കിൽ മറ്റൊരു കാരണം പറഞ്ഞ് പിരിച്ചുവിട്ടുകൊണ്ട് ശിക്ഷിക്കുകയാണ്. സ്ഥിരസ്വഭാവത്തിലുള്ള ഒഴിവുകളിൽ കരാർ തൊഴിലാളികളെ നിയമിക്കുന്നു. തൊഴിലാളികൾ യൂണിയനുകൾ രൂപീകരിച്ചാൽ, ഭരിക്കുന്ന കൂട്ടരുടെ ജാഗ്രതാപൂർണമായ നോട്ടങ്ങളിൽനിന്ന് രക്ഷപ്പെടുന്നില്ല. അങ്ങനെ ബിജെപി സർക്കാരിന്റെ ‘അമൃതകാല’ത്ത്, യൂണിയനുകൾ രൂപീകരിച്ചു കൊണ്ട് കൂട്ടായി വിലപേശാനുള്ള സ്വാതന്ത്ര്യം എന്ന, കഠിനമായ സമരത്തിലൂടെ നേടിയെടുത്ത അവകാശത്തെ പുതിയ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിലൂടെ പിടിച്ചുപറിക്കാൻ അവർ ഒട്ടും മടിച്ചില്ല.
ഈ കോഡിന്റെ ലക്ഷ്യമായി പറയുന്നത് “വ്യവസായ തൊഴിൽ തർക്കങ്ങൾ പരിഹരിക്കാനുള്ള പരമമായ യത്നം എന്ന നിലയിൽ വ്യവസായ സമാധാനവും ഒത്തൊരുമയും നേടാനും, തൊഴിലുടമയും തൊഴിലാളികളും തമ്മിൽ ഹൃദയംഗമമായതും സൗഹാർദ്ദപരവുമായ ബന്ധം നിലനിർത്തിക്കൊണ്ട് വ്യവസായത്തിന്റെ പുരോഗതി കൊണ്ടുവരാനും” എന്നാണ്. പക്ഷേ പ്രസക്തമായ ചോദ്യം നിലനിൽക്കുന്നു. ആരുടെ സമാധാനവും ആർക്കുവേണ്ടിയുള്ള ഒത്തൊരുമയും ആണ് ഉദ്ദേശിക്കുന്നത്? മതിയായ സുരക്ഷാ സംവിധാനത്തിന്റെ അഭാവത്താൽ തൊഴിലാളികൾ മരണപ്പെടുകയാണെങ്കിൽ, വ്യവസായത്തിലെ സമാധാനത്തെയും ഒത്തൊരുമയെയുംപറ്റിയുമുള്ള ഭാഷണങ്ങൾ അസംബന്ധമായി മാറുകയല്ലേ?
യൂണിയനുകൾ രൂപീകരിക്കുന്നതിനും പണിമുടക്കിലേക്ക് പോകാനുമുള്ള തൊഴിലാളികളുടെ അവകാശത്തിനുമേലുള്ള നിയന്ത്രണങ്ങളെ സംബന്ധിച്ചും ഈ കോഡ് പല വ്യവസ്ഥകളും നിഷ്കർഷിക്കുന്നുണ്ട്. 50 ശതമാനത്തിൽ അധികം തൊഴിലാളികൾ മുൻകൂർ നോട്ടീസ് നൽകി ‘കൂട്ടായി എടുക്കുന്ന കാഷ്വൽ ലീവ് ‘എന്നാണ് പണിമുടക്കിനെ നിർവചിച്ചിരിക്കുന്നത്. നൂറു തൊഴിലാളികളോ ആകെ തൊഴിലാളികളുടെ 10 ശതമാനമോ അംഗത്വമുള്ള, ഈ അനുപാതം എല്ലായ്പ്പോഴും നിലനിർത്തുന്ന യൂണിയനുകൾക്ക് മാത്രമേ രജിസ്ട്രേഷൻ നൽകുകയുള്ളൂ. അതുപോലെ, ഒരു സ്ഥാപനത്തിലെ മസ്റ്റർ റോളിലുള്ള 51 ശതമാനമോ അതിലധികമോ തൊഴിലാളികളുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ, ആ യൂണിയന് മാനേജ്മെന്റുമായി സ്ഥിര തൊഴിലാളികളുടെ ഡിമാൻഡ് സംബന്ധിച്ചു കൂടിയാലോചനകൾ നടത്താനുള്ള ഒരേയൊരു ഏജൻസിയായി കണക്കാക്കു. ഇത്, ആദ്യത്തെ ഡ്രാഫ്റ്റ് കോഡിലുണ്ടായിരുന്ന 75 ശതമാനം എന്നതിൽ നിന്ന് താഴേക്ക് കൊണ്ടുവന്നതാണ്. രണ്ടായാലും ഡിമാൻഡ് ചർച്ചയുടെ മേശയിൽ ഒരേയൊരു യൂണിയന്റെ കുത്തകയ്ക്ക് ഇത് കാരണമാവും. കൂട്ടായ വിലപേശൽ സംബന്ധിച്ച് ഐഎൽഒ കൺവൻഷനുകളുടെ ലംഘനമാണിത്. ഒരു സെറ്റിൽമെന്റ് എന്ന് പറയുന്നത്, ഒരു യൂണിയനോ തൊഴിലാളികളുടെ ഒരു ഗ്രൂപ്പോ സ്ഥാപനം ഉടമയുമായി നടത്തുന്നതുതന്നെ ആയിരിക്കണം എന്നാണ് നിലവിലിരിക്കുന്ന 1947ലെ വ്യവസായ തർക്ക നിയമത്തിൽ പറയുന്നത്. അല്ലാതെ, ഒരു വ്യക്തിയായ തൊഴിലാളിയും സ്ഥാപന ഉടമയും തമ്മിലുള്ളതല്ല. കൂട്ടായ വിലപേശൽ എന്ന സങ്കൽപ്പത്തിനുതന്നെ വിരുദ്ധമായി പുതിയ കോഡിൽ നൽകിയിരിക്കുന്ന ‘സെറ്റിൽമെന്റി’ന്റെ നിർവചനം വ്യവസായ ബന്ധകോഡിലും നൽകിയിരിക്കുകയാണ്. അത് നിശ്ചിതകാല കരാർ തൊഴിൽ സമ്പ്രദായത്തെ അംഗീകരിക്കുകയും, സ്ഥിരതൊഴിലാളികളുടെ സേവന വ്യവസ്ഥ വ്യക്തിപരമായി നിശ്ചയിക്കാൻ പോകുന്നു എന്നുമാണ് പ്രസ്താവിക്കുന്നത്. ഏറ്റവും ഉയർന്ന ത്രികക്ഷി സംവിധാനമായ ഇന്ത്യൻ ലേബർ കോൺഫറൻസ് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഒരിക്കൽ പോലും വിളിച്ചു ചേർക്കുകയുണ്ടായില്ല എന്ന വസ്തുതയിൽ നിന്ന് തന്നെ, തൊഴിലാളികളുടെ ക്ഷേമത്തിൽ സർക്കാരിന് എത്രത്തോളം ആത്മാർത്ഥതയുണ്ട് എന്ന് വ്യക്തമാണ്. വ്യവസായികൾ ഈ കോഡിനെ രണ്ട് കൈയും നീട്ടി സ്വീകരിച്ചതിൽ ഒട്ടും അതിശയോക്തിയില്ല. ഈ പരിഷ്കാരങ്ങൾ ഇന്ത്യയെ ഉയർന്ന മുൻഗണന നൽകപ്പെടുന്ന ഒരു വ്യവസായ നിക്ഷേപലക്ഷ്യസ്ഥാനമായി കണക്കാക്കപ്പെടുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളുടെ വികാസത്തിന് വലിയ വഴിയൊരുക്കുമെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി(CII) ഡയറക്ടർ ജനറൽ പറഞ്ഞു. ഈ പുതിയ ലേബർ കോഡുകളെ ഭാരതീയ ന്യായസംഹിതയുടെ 172-ാം വകുപ്പുമായി ബന്ധപ്പെടുത്തി പരിശോധിച്ചു നോക്കുക. പോലീസ് ഉദ്യോഗസ്ഥന്മാർ പറയുന്ന നിയമപരമായ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യപ്പെടുമെന്നുമാണ് ആ വകുപ്പ് പറയുന്നത്. നിയമം നടപ്പിലാക്കുവാൻ അവകാശമുള്ള സർക്കാർ ഉദ്യോഗസ്ഥർ പുറപ്പെടുവിക്കുന്ന ഉത്തരവുകള് ലംഘിച്ചാലുള്ള നിയമപരമായ അനന്തര ഫലത്തെപ്പറ്റിയാണ് 223-ാം വകുപ്പ് പറയുന്നത്. പണിമുടക്കോ മറ്റുതരത്തിലുള്ള സമരമോ അവസാനിപ്പിക്കണമെന്ന് അത്തരം ഉദ്യോഗസ്ഥന്മാർക്ക് ഉത്തരവ് പുറപ്പെടുവിക്കാനും അത് അനുസരിക്കാത്ത പക്ഷം അവരെ കസ്റ്റഡിയിലെടുക്കാനും മറ്റു വിധത്തിൽ ശിക്ഷിക്കുവാനും സാധിക്കും. കിരാതമായ യുഎപിഎ നിയമത്തിൻ കീഴിൽ, ഏത് സമയത്തുവേണമെങ്കിലും പണിമുടക്കുകളും ഭീകരവാദ വിഘടനവാദ പ്രവർത്തനമെന്ന് മുദ്ര കുത്തപ്പെടാം.
ലോക ബാങ്കിന്റെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ പദ്ധതിയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തിയെടുക്കുക എന്നതാണ് തൊഴിൽ നിയമപരിഷ്കാരങ്ങൾകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. അവിടെ തൊഴിലാളികളുടെ സുരക്ഷയോ സംരക്ഷണമോ അനീതിക്കെതിരെ പ്രതിഷേധിക്കാനുള്ള അവരുടെ അവകാശമോ പരിഗണിക്കപ്പെടുന്നതേയില്ല. മതിയായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുവാൻ സ്ഥാപനമുടമക്ക് യാതൊരു ബാധ്യതയുമില്ല. അവർക്ക് തൊഴിൽ സമയം നീട്ടാം, തൊഴിലിടം അനാരോഗ്യകരമായി സൂക്ഷിക്കാം. എന്തിന് തൊഴിലാളികൾ തൊഴിലിടങ്ങളിലെ അപകടത്തിൽ മരണപ്പെട്ടാൽ ദു:ഖിതരായ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നുപോലുമില്ല.
തൊഴിലാളി വർഗ്ഗത്തിന് മുന്നിൽ രണ്ടു മാർഗ്ഗങ്ങളാണുള്ളത്. ഈ നിയമങ്ങൾക്കുമുന്നിൽ ചോദ്യം ചെയ്യാതെ കീഴടങ്ങാം. അതല്ലെങ്കിൽ, പ്രതിരോധിക്കാനായി ഐക്യപ്പെടുകയും സ്വയം സംഘടിതരാവുകയും ചെയ്യാം. ന്യായമായ അവകാശങ്ങൾ ചവിട്ടിമെതിക്കാനുള്ള എല്ലാ കുതന്ത്രങ്ങൾക്കു മെതിരെ ശരിയായ നേതൃത്വത്തിൻ കീഴിൽ, അടിച്ചമർത്തപ്പെടുന്നവരും ചൂഷിതരും ഐക്യപ്പെട്ട് പൊരുതുകയാണെങ്കിൽ സ്വേച്ഛാധിപതികളായ യാതൊരു ഭരണാധികാരികൾക്കും അതിനെ അതിജീവിക്കാനാവില്ല എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.