മഹാനായ സ്റ്റാലിന്റെ 40-ാം ചരമവാർഷികത്തോടനുബന്ധിച്ച് 1993ൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച ‘സ്റ്റാലിൻ: അലിഗേഷൻസ് ആന്റ് റിയാലിറ്റി’ (സ്റ്റാലിൻ: ആരോപണങ്ങളും യാഥാർത്ഥ്യവും) എന്ന ലഘു കൃതിയെ അവലംബമാക്കി തയ്യാറാക്കിയതാണ് ഈ ലേഖനം. സ്റ്റാലിന്റെ 72-ാം ചരമ വാർഷിക വേളയിൽ ‘യൂണിറ്റി’ പ്രസിദ്ധീകരിക്കുന്ന ഈ ലേഖനം സ്റ്റാലിന്റെ മഹനീയമായ വ്യക്തിത്വത്തിന്റെ ചില വശങ്ങള്‍ മനസ്സിലാക്കാൻ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഉന്നതനായ കമ്മ്യൂണിസ്റ്റ് നേതാവും ലെനിന്റെ ഏറ്റവും അർഹനായ പിന്തുടർച്ചക്കാരനും സോഷ്യലിസ്റ്റ് നിർമ്മാണത്തിന്റെ ശില്പിയും ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് ആക്രമണത്തിൽനിന്ന് മാനവരാശിയെയും നാഗരികതയെയും രക്ഷിച്ച മഹാനുമായിരുന്നു ജോസഫ് സ്റ്റാലിൻ. പിൽക്കാലത്ത് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വം കൈയടക്കിയ തിരുത്തൽവാദികൾ സാമ്രാജ്യത്വ ശക്തികളുടെ താല്പര്യം പേറിക്കൊണ്ട് സ്റ്റാലിനെ അപകീർത്തിപ്പെടുത്താൻ നടത്തിയ ഹീനമായ കരുനീക്കങ്ങൾ ലോകത്താകെ തെറ്റിദ്ധാരണ പടരാൻ ഇടയാക്കിയിട്ടുണ്ട് എന്നതു ശരിതന്നെ. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ലോകത്തെ മാറ്റിത്തീർക്കുന്നതിൽ മറ്റാരെക്കാളും പങ്കുവഹിച്ചത് സ്റ്റാലിനായിരുന്നു. വമ്പിച്ച വ്യവസായവൽക്കരണം, കൃഷിയിലെ പൊതു ഉടമസ്ഥത, ദേശീയതാ പ്രശ്‌നത്തിന് ശാസ്ത്രീയമായ പരിഹാരം, ഇടതു-വലതു വ്യതിയാനങ്ങളെ നേരിട്ടുകൊണ്ട് ലെനിനിസത്തിന് നൽകിയ ശരിയായ വ്യാഖ്യാനം, തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയുടെ കൃത്യതയാർന്ന പ്രയോഗം തുടങ്ങിയവയൊക്കെ സ്റ്റാലിനെ ലെനിന്റെ യഥാർത്ഥ പിൻഗാമിയാക്കി എന്നുമാത്രമല്ല, മാർക്‌സിസം-ലെനിനിസത്തിന്റെ ആധികാരിക നേതൃത്വവുമാക്കി.
‘സമാധാനപരമായ സഹവർത്തിത്വ’മെന്ന ലെനിന്റെ ആശയത്തെ വികസിപ്പിക്കുകയും ശരിയായി പ്രയോഗത്തിൽ വരുത്തുകയും ചെയ്തുകൊണ്ട് സാർവ്വദേശീയ രംഗത്ത് സ്റ്റാലിനും സോവിയറ്റ് യൂണിയനും വലിയ അംഗീകാരം നേടി. സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പോരാട്ടവേദികളിൽ മാത്രമല്ല, സോഷ്യലിസ്റ്റ് നിർമ്മാണത്തിലും യുദ്ധസാഹചര്യങ്ങളിലും യുദ്ധവിരുദ്ധ പോരാട്ടത്തിലുമെല്ലാം അജയ്യമായ നേതൃപാടവം പ്രദർശിപ്പിച്ച സ്റ്റാലിൻ, അപകീർത്തിപ്പെടുത്തലുകളെയെല്ലാം അതിജീവിച്ച് ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.
സിപിഎസ്‌യുവിന്റെ ഇരുപതാം കോൺഗ്രസ്സിൽ ക്രൂഷ്‌ചേവ്, സ്റ്റാലിനെ ഏകാധിപതിയും അധികാരമോഹിയും രക്തദാഹിയും വ്യക്തിപൂജ ആഗ്രഹിക്കുന്നയാളുമൊക്കെയായി ചിത്രീകരിച്ചു. സ്റ്റാലിന്റെ ഉജ്ജ്വലമായ നേട്ടങ്ങളെ മറച്ചുവയ്ക്കുകയും അദ്ദേഹത്തിന്റെ ഓർമ്മകൾപോലും തുടച്ചു നീക്കാനുള്ള പ്രചാരണവും നടപടികളും ആരംഭിക്കുകയും ചെയ്തു. ഇത് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെതന്നെ തകർച്ചയിലേയ്ക്കാണ് നയിച്ചത്. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ ശക്തമായി നിലനിന്നിരുന്ന സോഷ്യലിസ്റ്റ് ചേരിയും ഇതോടെ തകർന്നു. സോഷ്യലിസ്റ്റ് ചേരിയിലുണ്ടായിരുന്ന പൂർവ്വയൂറോപ്യൻ രാജ്യങ്ങളിലും സോഷ്യലിസ്റ്റ് വ്യവസ്ഥകൾ നിലംപൊത്തി.
സോഷ്യലിസ്റ്റ്ചേരിയുടെ തകർച്ച ലോക സാമ്രാജ്യത്വത്തിന് മുതൽക്കൂട്ടായി. ലോകത്തെയാകെ ആഗോളീകരണ നയങ്ങളിലൂടെ കൊള്ളയടിക്കാനും നിയന്ത്രിക്കാനും അത് അവസരമൊരുക്കി. ദുർബ്ബല രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള സാമ്രാജ്യത്വ ഇടങ്കോലിടൽ വർദ്ധിച്ചു. അധിനിവേശങ്ങളും അട്ടിമറികളും തുടർക്കഥയായി. വരുതിയിൽ നിൽക്കാത്തവരെ സൈനികമായി അടിച്ചമർത്തി. ലോകമെമ്പാടും തൊഴിലാളി മുന്നേറ്റങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും തിരിച്ചടി നേരിട്ടു. തൊഴിലവകാശങ്ങൾ മാത്രമല്ല, ജനാധിപത്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും സമാധാന അന്തരീക്ഷവും പോലും സംരക്ഷിക്കാൻ കഴിയാതായി.
മഹാനായ സ്റ്റാലിന്റെ സംഭാവനകൾ ഉൾക്കൊള്ളുകയും അദ്ദേഹത്തിന്റെ ജീവിതസമരത്തെക്കുറിച്ച് പഠിക്കുകയും ചെയ്യേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ അനിവാര്യതയായിരിക്കുന്നു. ലെനിനിസത്തെക്കുറിച്ചുള്ള സ്റ്റാലിന്റെ വ്യാഖ്യാനം മനസ്സിലാക്കുക മാത്രമല്ല, സ്റ്റാലിനെതിരെ ആസൂത്രിതമായി നടക്കുന്ന അപകീർത്തിപ്പെടുത്തലുകളെ തുറന്നുകാട്ടുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടതും ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകളുടെ കർത്തവ്യമാണ്. ഈ കർത്തവ്യനിർവ്വഹണത്തിന്റെ ഭാഗമായാണ്, സ്റ്റാലിനെതിരായ ആരോപണങ്ങളുടെ പൊള്ളത്തരവും ആക്രമണങ്ങൾക്കുപിന്നിലെ സാമ്രാജ്യത്വ ഗൂഢാലോചനയും തുറന്നുകാട്ടുന്ന ഒരു ലഘുകൃതി 1993ൽ എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പ്രസിദ്ധീകരിക്കുന്നത്.
സെമിനാരി വിദ്യാർത്ഥിയായിരുന്നപ്പോൾത്തന്നെ റഷ്യൻ, യൂറോപ്യൻ സാഹിത്യത്തിലെ ഒട്ടുമിക്ക കൃതികളും സ്റ്റാലിൻ വായിച്ചുതീർത്തിരുന്നു. അദ്ദേഹം തൊഴിലാളിവർഗ്ഗ സാഹിത്യത്തോട് ആഭിമുഖ്യം പുലർത്തുകയും രഹസ്യ സംവാദവേദികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. റെയിൽവേ തൊഴിലാളികളെ സംഘടിപ്പിക്കുന്ന ഒരു രഹസ്യ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ അദ്ദേഹം സെമിനാരിയിൽനിന്ന് പുറത്താക്കപ്പെട്ടു. അതോടെ ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയെന്ന നിലയിലുള്ള തീക്ഷ്ണമായ പ്രവർത്തനങ്ങളിൽ മുഴുകി. അഞ്ചുതവണയാണ് അദ്ദേഹത്തെ സൈബീരിയയിലേയ്ക്ക് നാടുകടത്തിയത്. ഉരുക്കുപോലുറച്ച ആ വ്യക്തിത്വത്തോടുള്ള ആദരസൂചകമായാണ് സഖാക്കൾ അദ്ദേഹത്തെ സ്റ്റാലിൻ എന്ന് വിളിച്ചത്.
ലെനിന്റെ ശിക്ഷണം സ്റ്റാലിനെ ഉന്നതനിലവാരത്തിലുള്ള ഒരു കമ്മ്യൂണിസ്റ്റാകാൻ സഹായിച്ചു. 1912ൽ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായി. ലെനിൻ മരിക്കുന്നതിന് 2 വർഷംമുമ്പ്, 1922ൽ അദ്ദേഹം പാർട്ടിയുടെ ജനറൽ സെക്രട്ടറിയുമായി.
അനുയായികളുടെ പ്രശംസകളെ ചരമപ്രസംഗമെന്ന് പരിഹസിക്കുന്ന സ്റ്റാലിൻ, തന്നെ ഉറച്ച വിപ്ലവകാരി ആക്കുന്നതിൽ പങ്കുവഹിച്ച ടിഫ്‌ളിസിലെ റെയിൽവെ തൊഴിലാളികളെയും ബാക്കുവിലെ എണ്ണഖനി തൊഴിലാളികളെയും മോസ്‌കോയിലെ വ്യവസായ തൊഴിലാളികളെയുമൊക്കെ എ ആദരവോടെയാണ് സ്മരിക്കുന്നത്. ലെനിന്റെ ഉത്തമശിഷ്യനാകുക എന്നതാണ് തന്റെ ജീവിതാഭിലാഷമെന്നും തൊഴിലാളിവർഗ്ഗത്തിന്റെ ജീവിതം അഭിവൃദ്ധിപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ തന്റെ ജീവിതം വ്യർഥമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. (ജെ.വി.സ്റ്റാലിൻ വർക്‌സ്, വോള്യം-13,1955 എഡിഷൻ) പാർട്ടിയും വിപ്ലവവുമായി അത്രയേറെ താദാത്മ്യപ്പെട്ട ജീവിതമായിരുന്നു സ്റ്റാലിന്റേത്.
സോഷ്യലിസ്റ്റ് നിർമ്മാണത്തിനായി സ്റ്റാലിൻ ആവിഷ്‌കരിച്ച പദ്ധതികൾ ലോകം മുഴുവൻ ഉറ്റുനോക്കുന്നതായിരുന്നു. “അമേരിക്കയുടെ ‘ന്യൂ ഡീൽ’, ബ്രിട്ടന്റെ ‘വെൽഫെയർ സ്റ്റേറ്റ്’ പോലുള്ള ആസൂത്രണ പദ്ധതികളൊക്കെ റഷ്യയുടെ പഞ്ചവത്സര പദ്ധതികളോട് കിടപിടിക്കാനുള്ള ശ്രമങ്ങളായിരുന്നു. 1929ലെ ലോക സാമ്പത്തിക കുഴപ്പം വിപ്ലവത്തിൽ കലാശിക്കാതിരിക്കാൻ അവർക്ക് ഇത്തരം മുൻകരുതലുകൾ എടുക്കേണ്ടിയിരുന്നു” എന്ന് വിഖ്യാത മാദ്ധ്യമപ്രവർത്തക അന്ന ലൂയി സ്‌ട്രോങ് ‘സ്റ്റാലിൻ ഇറ’ എന്ന കൃതിയിൽ രേഖപ്പെടുത്തുന്നു. ഏതൊരു നാടിന്റെയും ചരിത്രത്തിൽ സ്റ്റാലിൻ ചെലുത്തിയ സ്വാധീനം ഇവിടെ ദർശിക്കാനാകും. “ഇവാൻ ദ ടെറിബിൾ’, ‘പീറ്റർ ദ ഗ്രേറ്റ്’ പോലുള്ള വിഖ്യാതരായ റഷ്യൻ സാമൂഹ്യ പരിഷ്‌കർത്താക്കളെ മാത്രമല്ല, മറ്റു രാജ്യങ്ങളിലെ മഹാൻമാരായ സാമൂഹ്യപരിഷ്‌കർത്താക്കളെയും നിഷ്‌പ്രഭരാക്കുന്ന അതികായനായ ഭരണകർത്താവായിരുന്നു ജനറൽ സെക്രട്ടറി” എന്ന് ‘സ്റ്റാലിൻ:എ പൊളിറ്റിക്കൽ ബയോഗ്രഫി’ എന്ന കൃതിയിൽ കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനായ ഐസക് ഡ്യൂഷർപോലും രേഖപ്പെടുത്തിയിട്ടുണ്ട്. (പേജ് 296)
സോവിയറ്റ് യൂണിയൻ സ്റ്റാലിന്റെ ഭരണകാലത്ത് അത്ഭുതാവഹമായ പുരോഗതിയാണ് കൈവരിച്ചത്. നിർബന്ധത്തിന് വഴങ്ങിയോ എന്തെങ്കിലും ഭൗതികനേട്ടങ്ങൾ ലക്ഷ്യംവച്ചോ ആയിരുന്നില്ല ജനങ്ങൾ പ്രവർത്തിച്ചത്. ചരിത്രം രചിക്കുന്ന, നാഗരികതകൾ പടുത്തുയർത്തുന്ന തൊഴിലാളിവർഗത്തിന് ഭൗതിക പ്രേരണകൾ അപമാനകരമാണ് എന്ന ശരിയായ നിലപാടാണ് അന്നുണ്ടായിരുന്നത്. രാഷ്ട്രനിർമ്മാണത്തിനായി ഫാക്ടറികളിലും വയലേലകളിലും കഠിനാദ്ധ്വാനം ചെയ്തുകൊണ്ട് ‘സ്റ്റഖനോവൈറ്റ് പ്രസ്ഥാനം’ പോലുള്ള മാതൃകകൾ സൃഷ്ടിക്കുന്നതിലായിരുന്നു അവർ അഭിമാനം കൊണ്ടിരുന്നത്.
മുതലാളിത്ത രാജ്യങ്ങൾക്ക് യുദ്ധം അനിവാര്യമാണെന്നും ഏതൊരു യുദ്ധവും ലോക സമാധാനത്തിന് ഭീഷണിയാകുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. സാമ്രാജ്യത്വ രാജ്യങ്ങളുടെ യുദ്ധസന്നാഹങ്ങൾ മുൻകൂട്ടിക്കണ്ട് സോവിയറ്റ് യൂണിയനെ സൈനികമായും തന്ത്രപരമായും സജ്ജമാക്കാൻ അദ്ദേഹം സ്വീകരിച്ച നടപടികളാണ് ഫാസിസ്റ്റ് ശക്തികളുടെ പരാജയത്തിന് കാരണമായത്. അതോടൊപ്പം സംഘടനാപരമായി നടത്തിയ മുന്നൊരുക്കങ്ങളുടെ ഭാഗമായിരുന്നു, അഞ്ചാംപത്തികളെയും ഗൂഢാലോചനക്കാരെയുമൊക്കെ പാർട്ടിയിൽനിന്ന് തുരത്താൻ കൈക്കൊണ്ട നടപടികൾ.
വലിയ സൈദ്ധാന്തികനെന്ന് ഖ്യാതി നേടിയ ട്രോട്‌സ്‌കിയായിരുന്നു പാർട്ടിക്കുള്ളിലെ വിഭാഗീയതയ്ക്ക് നേതൃത്വം നൽകിയത്. എന്നും ലെനിനെ എതിർത്തിട്ടുള്ള ട്രോട്‌സ്‌കി വിപ്ലവത്തിന് തൊട്ടുമുമ്പു മാത്രമാണ് ബോൾഷെവിക് പാർട്ടിയിൽ ചേർന്നത്. ഒരു രാജ്യത്ത് മാത്രമായി വിപ്ലവം സാദ്ധ്യമല്ലെന്ന നിലപാടുമായി വിപ്ലവ മുന്നേറ്റങ്ങളെ അദ്ദേഹം ദുർബ്ബലപ്പെടുത്തി. എന്നാൽ ട്രോട്‌സ്‌കി, ബുക്കാറിൻ, കാമനേവ്, സിനവേവ് തുടങ്ങിയവരുടെയൊക്കെ വിനാശകരമായ നീക്കങ്ങളെ പരാജയപ്പെടുത്താൻ സ്റ്റാലിൻ ലെനിനോടൊപ്പം അടിയുറച്ചുനിന്നു. ലെനിന്റെ നിര്യാണത്തിനുശേഷം അദ്ദേഹം ആ സമരം തുടർന്നു. ഒരു തരത്തിലും ഉൾക്കൊള്ളാൻ കഴിയാതെ വന്നപ്പോഴാണ് അവരെ പരസ്യ വിചാരണ നടത്തി ശിക്ഷിക്കാൻ തീരുമാനിച്ചത്. രണ്ടാം ലോകയുദ്ധം പടിവാതിൽക്കലെത്തിനിൽക്കുമ്പോൾ, ലോകത്തെ ഏക സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ നിലനിൽപ് അപകടത്തിലാക്കുന്ന ഒന്നിനോടും വിട്ടുവീഴ്ച ചെയ്യാൻ സോവിയറ്റ് യൂണിയന് കഴിയുമായിരുന്നില്ല.
‘മോസ്‌കോ ട്രയൽ’ എന്നറിയപ്പെടുന്ന ഈ വിചാരണകൾ തീർത്തും പരസ്യവും സുതാര്യവുമായിരുന്നു. സോവിയറ്റ് യൂണിയനിലെ അമേരിക്കൻ അംബാസിഡർ ജോസഫ് ഡേവിസ്, ബ്രിട്ടനിലെ നാഷണൽ കൗൺസിൽ ഓഫ് സിവിൽ ലിബർട്ടിയുടെ ഡയറക്ടർമാരിൽ ഒരാളും പ്രമുഖ അഭിഭാഷകനുമായ ഡി.എൻ.പ്രിറ്റ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പസഫിക് റിലേഷൻസ് സെക്രട്ടറി ജനറൽ ഇ.സി.കാർട്ടർ, അമേരിക്കൻ ജേർണലിസ്റ്റും എഴുത്തുകാരിയുമായ അന്ന ലൂയി സ്‌ട്രോങ് തുടങ്ങി പ്രശസ്തരായ നിരവധി വിദേശ വ്യക്തികളുടെ സാന്നിദ്ധ്യത്തിലാണ് വിചാരണ നടന്നത്. വ്യക്തമായ തെളിവുകളുടെ മുന്നിൽ കാമനേവ്, സിനവേവ്, ബുക്കാറിൻ എന്നിവർക്ക് അവർ ചെയ്ത അട്ടിമറിപ്രവർത്തനങ്ങളും ഗൂഢനീക്കങ്ങളും സമ്മതിക്കേണ്ടിവന്നു. അവർക്ക് മരണ ശിക്ഷ വിധിക്കുകയും ചെയ്തു. പങ്കെടുത്ത പ്രമുഖരെല്ലാം ഈ വിചാരണയെ പൂർണമായും ശരിവച്ചു. ഇ.സി.കാർട്ടർ പറയുന്നു: “ക്രെംലിൻ കേസ് തീർത്തും സത്യസന്ധമായിരുന്നു.. ..അത് ആർക്കും ബോധ്യപ്പെടാവുന്നതും അംഗീകരിക്കാവുന്നതുമാണ്.” ‘സ്റ്റാലിൻ യുഗം’ എന്ന കൃതിയിൽ അന്ന ലൂയി സ്‌ട്രോങ് രേഖപ്പെടുത്തുന്നു: “സ്റ്റാലിനെ രാഷ്ട്രീയമായി നീക്കം ചെയ്യുവാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതായും അതുകൊണ്ട് ശാരീരികമായി ഇല്ലാതാക്കാനുള്ള ഭീകരതയുടെ മാർഗ്ഗം അവലംബിക്കുകയായിരുന്നു എന്നുമാണ് കാമനേവ് പറഞ്ഞത്. സിനവേവ് ആകട്ടെ, ഹിറ്റ്ലറുടെ ഗസ്റ്റപ്പോയുമായി ഇവർക്കുണ്ടായിരുന്ന ബന്ധം തുറന്നുസമ്മതിച്ചു.”(സ്റ്റാലിൻ ഇറ, പേജ്-62-63)
1937 ഫെബ്രുവരി 4ന് ജോസഫ് ഡേവിസ് മോസ്‌കോ ട്രയൽ സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റിന് അയച്ച റിപ്പോർട്ടിൽ പറയുന്നു: “…ഈ കേസിൽ ഗവണ്മെന്റ് അതിന്റെ വാദഗതികളെല്ലാം സ്ഥാപിച്ചെടുത്തതായി വൈമനസ്യത്തോടെയാണെങ്കിലും എനിക്ക് അംഗീകരിക്കേണ്ടിവന്നു…സോവിയറ്റ് ഗവണ്മെന്റിനെതിരെ ഈ രാഷ്ട്രീയനേതാക്കൾ വ്യാപകമായി നടത്തിയ ഗൂഢാലോചനകൾ തെളിയിക്കപ്പെട്ടു.” ‘മിഷൻ ടു മോസ്‌കോ’ എന്ന തന്റെ കൃതിയിൽ അദ്ദേഹം വ്യക്തമാക്കുന്നു: “റഷ്യയിൽ 1941ൽ ശത്രുക്കളുടെ അഞ്ചാംപത്തികൾ ഉണ്ടായിരുന്നില്ല. അവരെല്ലാം തോക്കിനിരയായിരുന്നു. ചില നേതാക്കളുടെ പുറത്താക്കലും ശുദ്ധീകരണവും വഞ്ചകരിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ ഉതകി.”
“റഷ്യയിലെ ചില പ്രമുഖ നേതാക്കളും ജർമൻ ഗവണ്മെന്റുമായി ചില ആശയവിനിമയങ്ങളൊക്കെ നടന്നിരുന്നു… ഇത് സ്റ്റാലിനെ അട്ടിമറിക്കാനും ജർമൻ അനുകൂല ഗവണ്മെന്റ് സ്ഥാപിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു…” എന്ന് വിൻസ്റ്റൻ ചർച്ചിൽ തന്റെ ‘ദ സെക്കന്റ് വേൾഡ് വാർ’ എന്ന പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.(വോള്യം-1,1948,പേജ് 188-89). 1942 ഫെബ്രുവരി 16ന്റെ റേഡിയോ പ്രഭാഷണത്തിൽ ചർച്ചിൽ പറയുന്നു: “റഷ്യയുടെ വലിയൊരു പ്രദേശം പിടിച്ചടക്കിക്കഴിയുമ്പോഴേയ്ക്കും വഞ്ചകർ, അഞ്ചാംപത്തികൾ അവരോടൊപ്പം ചേരും എന്നാണ് ഹിറ്റ്‌ലർ കരുതിയത്. എന്നാൽ ഒരാളെപ്പോലും അവർക്ക് കണ്ടെത്താനായില്ല.” ഹോവാർഡ് സ്മിത്ത് എഴുതുന്നു: “ഏതാനും ആയിരങ്ങൾവരുന്ന വഞ്ചകരായ ഉദ്യോഗസ്ഥ പ്രമാണിമാരെ ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ രണ്ടുമാസത്തിനുള്ളിൽ ചെമ്പട തകർന്നടിയുമായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.” (ദ ലാസ്റ്റ് ട്രെയിൻ ഫ്രം ബെർലിൻ, പേജ് 325)
അട്ടിമറിക്കാരിൽനിന്നുമാത്രമല്ല, അധികാരപ്രമത്തത, ഉദ്യോഗസ്ഥമേധാവിത്വ പ്രവണത, അഴിമതി, കുത്തഴിഞ്ഞ ജീവിതശൈലി തുടങ്ങിയവയിൽനിന്നുമൊക്കെ പാർട്ടിയെ രക്ഷിച്ചെടുക്കേണ്ട സ്ഥിതിയായിരുന്നു അന്നുണ്ടായിരുന്നത്. ഇതിന് കടുത്ത നടപടികൾ അനിവാര്യമായിരുന്നു. ഇത്തരമൊരു ബൃഹത്തായ മുന്നേറ്റ ത്തിനിടയിൽ ചില തെറ്റുകളും അധികപ്പറ്റുകളുമൊക്കെ സംഭവിക്കുക സ്വാഭാവികം മാത്രം. സ്റ്റാലിൻ ഇതേക്കുറിച്ച് ബോധവാനുമായിരുന്നു. അദ്ദേഹം 18-ാം കോൺഗ്രസ്സ് റിപ്പോർട്ടിൽ പറയുന്നു: “ശുദ്ധീകരണ നടപടികൾക്കിടയിൽ വലിയ പിശകുകൾ സംഭവിച്ചിട്ടില്ല എന്നുപറയാനാകില്ല. അവ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലുമായിരുന്നു. ഇത്തരം നടപടികൾ ഇനി വേണ്ടിവരില്ല എന്ന കാര്യത്തിലും സംശയമില്ല. എന്നിരുന്നാലും 1936-39 കാലത്തെ ശുദ്ധീകരണ നടപടി ഒഴിവാക്കാനാകാത്തതും ആകെത്തുകയിൽ അതിന്റെ ഫലം പ്രയോജനകരവുമായിരുന്നു.” മഹത്തായ ലക്ഷ്യം മുൻനിർത്തി നടപ്പിലാക്കിയ ഒരു സംരംഭത്തെ, പിശകുകൾ സംഭവിച്ചതിന്റെ പേരിൽ കരിവാരിത്തേക്കുന്നതും സ്റ്റാലിനെ വ്യക്തിപരമായി കുറ്റക്കാരനായി ചിത്രീകരിക്കുന്നതും അധാർമ്മികവും ദുരുദ്ദേശ്യപരവുമാണ്.
സോവിയറ്റ് യൂണിയനിലെ 15 റിപ്പബ്ലിക്കുകൾ ഒറ്റമനുഷ്യനെപ്പോലെ മാതൃഭൂമിയുടെ രക്ഷക്കായി പൊരുതുന്നതാണ് രണ്ടാം ലോകയുദ്ധത്തിൽ നാം കണ്ടത്. യുദ്ധത്തിൽ രണ്ടുകോടി സോവിയറ്റ് പൗരരാണ് കൊല്ലപ്പെട്ടത്. വ്യവസായ ശാലകളും കൃഷിയിടങ്ങളുമൊക്കെ വലിയ തോതിൽ തകർക്കപ്പെട്ടു. പക്ഷേ വ്യത്യസ്ത ഭാഷ സംസാരിക്കുന്ന, വൈവിദ്ധ്യമാർന്ന സാംസ്‌കാരിക പശ്ചാത്തലമുള്ള ഈ ജനവിഭാഗങ്ങൾ സ്റ്റാലിന്റെ പിന്നിൽ ഉറച്ചുനിന്ന് പൊരുതിയത്, പരാജയപ്പെട്ടേക്കാമെന്ന സന്ദർഭത്തിൽപോലും അടിപതറാതെ ഒപ്പം നിന്നത് ആ നേതൃത്വത്തിലുള്ള അചഞ്ചലമായ വിശ്വാസവും കൂറുംകൊണ്ടാണ്, തികച്ചും ജനാധിപത്യപരമായ പ്രവർത്തനശൈലി നേതൃത്വം അവലംബിച്ചതുകൊണ്ടാണ്. ദേശീയതാ പ്രശ്‌നത്തെ തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയുടെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞതും, സ്വയംനിർണയാവകാശം അംഗീകരിച്ചുകൊണ്ട് എല്ലാ ദേശീയതകളെയും സോവിയറ്റ് യൂണിയനിൽ വിളക്കിച്ചേർക്കാൻ കഴിഞ്ഞതും ഏകമനസ്സോടെ അവരെല്ലാം സ്റ്റാലിന്റെ പിന്നിലണിനിരന്ന് പൊരുതാനും ഐതിഹാസികമായ വിജയം നേടാനും സോവിയറ്റ് യൂണിയനെ പ്രാപ്തമാക്കി.
സ്റ്റാലിനെ ഏകാധിപതിയായി ചിത്രീകരിക്കുന്നവർ മറച്ചുവയ്ക്കുന്ന ചില ചരിത്രയാഥാർത്ഥ്യങ്ങളുണ്ട്. സ്റ്റാലിന്റെ നടപടികളും സോവിയറ്റ് ഗവണ്മെന്റിന്റെ പ്രവർത്തന ശൈലിയും ജനാധിപത്യത്തിന്റെ ഉത്തമ മാതൃകകളായിരുന്നു. കൂട്ടുകൃഷിക്കളങ്ങൾ കെട്ടിപ്പടുത്തത് ബലപ്രയോഗത്തിലൂടെയാണെന്ന് ശത്രുക്കൾ പ്രചരിപ്പിക്കുന്നു. എന്നാൽ കൂട്ടുകൃഷിക്കളങ്ങളിൽ മെമ്പർഷിപ്പ് സ്വമേധയായുള്ളതായിരുന്നു. പ്രേരണയും വിജയാനുഭവങ്ങളുമായിരുന്നു അവരുടെ പ്രചോദനം. ആശയപ്രചരണത്തിന്റെയും ജനകീയ പ്രബുദ്ധത സൃഷ്ടിക്കുന്നതിന്റെയും കാര്യത്തിലും അത്ഭുതാവഹമായ പ്രവർത്ത നങ്ങളാണ് സോവിയറ്റ് യൂണിയൻ നടത്തിയത്. വിവിധ ഭാഷകളിൽ ഒരു വർഷം അവിടെ പുറത്തിറങ്ങിയ പ്രസിദ്ധീകരണങ്ങൾ ഇംഗ്ലണ്ടും ഫ്രാൻസും ജർമ്മനിയും ചേർന്ന് പ്രസിദ്ധീകരിച്ചതിനേക്കാൾ കൂടുതലായിരുന്നു. ഇതിൽ ബൈറൺ, ബൽസാക്ക്, ഡിക്കൻസ്, ഗെയ്‌ഥെ, ഹെയ്ൻ, വിക്ടർ യൂഗോ, മോപ്പസാങ്, ഷേക്‌സ്പിയർ, സോള, പുഷ്‌കിൻ, ഗൊഗോൾ, ടോൾസ്റ്റോയ്, ചെക്കോവ്, ബെലിൻസ്‌കി, ഗോർക്കി തുടങ്ങിയവരുടെയെല്ലാം കൃതികളുണ്ടായിരുന്നു. ഒരു ഏകാധിപതിക്കും വഴങ്ങാത്ത സ്വതന്ത്രവും പ്രബുദ്ധവുമായ മനസ്സുകളെ സൃഷ്ടിക്കുന്നതിൽ സ്റ്റാലിനും സോവിയറ്റ് യൂണിയനും ബദ്ധശ്രദ്ധമായിരുന്നു എന്ന് വ്യക്തം. ലോകമെമ്പാടും സോവിയറ്റ് സാഹിത്യ പ്രചാരണം വൻതോതിൽ നടത്തിയതും പുരോഗമനോന്മുഖമായ ലക്ഷ്യത്തോടെയായിരുന്നു.
സോവിയറ്റ് ഭരണഘടനയുടെ രൂപീകരണം മറ്റൊരു ഉത്തമ മാതൃകയായിരുന്നു. “സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ കമ്മീഷനിൽ ചരിത്രകാരൻമാരും സാമ്പത്തിക വിദഗ്ദ്ധരും രാഷ്ട്രീയ വിചക്ഷണരുമൊക്കെയായ 31 പേരുണ്ടായിരുന്നു. അവർ തയ്യാറാക്കിയ കരട് ജനങ്ങൾക്ക് പരിശോധിക്കാനായി 6 കോടി കോപ്പികളാണ് അച്ചടിച്ചത്. 3,60,00,000 പേർ 5,27,000 മീറ്റിംഗുകളിലായി അത് ചർച്ച ചെയ്തു. 1,54,000 ഭേദഗതികൾ ജനങ്ങൾ നിർദ്ദേശിച്ചു. ഭരണഘടനയിലെ 43 ഭേദഗതികൾ ഇപ്രകാരമുള്ള ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്തുള്ളതായിരുന്നു.” (സ്റ്റാലിൻ ഇറ, പേജ്-56) ഒരു ശതമാനം ജനശത്രുക്കൾക്കെതിരായി 99 ശതമാനം ജനങ്ങളുടെ താൽപര്യം ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യമാണ് തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം. മുതലാളിത്ത രാജ്യങ്ങളിലെ ജനാധിപത്യമാകട്ടെ ഇതിനു വിപരീതമാണെന്ന് അനുഭവത്തിലൂടെ ലോകം മനസ്സിലാക്കിയിട്ടുണ്ടല്ലോ.
എതിരഭിപ്രായക്കാരോട് സോവിയറ്റ് ജനാധിപത്യം അങ്ങേയറ്റം സഹിഷ്ണുത പുലർത്തി. തെറ്റു തിരുത്താൻ തയ്യാറായവരെയെല്ലാം വീണ്ടും ചുമതലകളേൽപിച്ചു. എന്നാൽ പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന സെർജി കീറോവിന്റെ വധം ഗൂഢാലോചനക്കാർക്കെതിരെ കർശന നടപടികൾ അനിവാര്യമാക്കി. കൊലയാളികൾ പാർട്ടിക്കുള്ളിൽ നുഴഞ്ഞുകയറിയവരും ജർമനിയുമായി ബന്ധം പുലർത്തി യിരുന്നവരുമാണെന്ന് തെളിഞ്ഞു. ഈ അടിയന്തരാവസ്ഥയുടെ ഫലമായിരുന്നു മോസ്‌കോ ട്രയൽ.
ട്രോട്‌സ്‌കിയാകട്ടെ വിപ്ലവാനന്തരവും വിഭാഗീയ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. 1927 നവംബർ 7ന് ട്രോട്‌സ്‌കി യൈറ്റുകൾ ഒരു പ്രതിവിപ്ലവത്തിന് പദ്ധതി തയ്യാറാക്കി. ഇത് റെഡ് ആർമി പരാജയപ്പെടുത്തി. തെറ്റു തിരുത്താൻ തയ്യാറാകാതിരുന്ന ട്രോട്‌സ്‌കിയെ അൽമാ അറ്റയിലേയ്ക്ക് മാറ്റിപ്പാർപ്പിച്ചു. അവിടെയും സോവിയറ്റ് ഗവണ്മെന്റിനെതിരായ പ്രവർത്തനം അദ്ദേഹം തുടർന്നു. തന്റെ ആത്മകഥയിൽ ട്രോട്‌സ്‌കി ഇത് വിവരിക്കുന്നുണ്ട്. ഒടുവിൽ 1929ൽ അദ്ദേഹത്തെ നാടുകടത്തി. വിഭാഗീയ പ്രവർത്തനത്തിന്റെ പേരിൽ സൈബീരിയയിലേയ്ക്ക് നാടുകടത്തപ്പെട്ടിരുന്ന കാമനേവും സിനവേവും തെറ്റുതിരുത്താൻ തയ്യാറായപ്പോൾ അവരെ പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു. എന്നാൽ ട്രോട്‌സ്‌കി തന്റെ ഗൂഢപ്രവർത്തനങ്ങൾ തുടരുകയായിരുന്നു.
സ്റ്റാലിനെതിരെ ക്രൂഷ്‌ചേവ് ഉന്നയിച്ച ഒരു പ്രധാന ആരോപണം വ്യക്തിപൂജ പ്രോ ത്സാഹിപ്പിച്ചു എന്നതായിരുന്നു. എ ന്നാൽ ഇത് തീർത്തും അസത്യമായിരുന്നു. മുൻ ബോൾഷെവിക്കുകളുടെ ഒരു സൊസൈറ്റി സ്റ്റാലിനെക്കുറിച്ച് ഒരു പ്രദർശനം നടത്താൻ അനുമതി ചോദിച്ചപ്പോൾ അദ്ദേഹമത് നിരസിക്കുകയാണുണ്ടായത്. “ഇത്തരം സംരംഭങ്ങൾ വ്യക്തിപൂജ വളർന്നുവരാനിടയാക്കും. അത് പാർട്ടിക്ക് ഹാനികരവും അതിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്തതുമാണ്” എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ഒരിക്കൽ ‘സ്റ്റാലിനോടുള്ള സമർപ്പണം’ എന്ന സ്റ്റാറ്റനോവ്‌സ്‌കിയുടെ പ്രയോഗത്തെ തിരുത്തിക്കൊണ്ട് സ്റ്റാലിൻ അദ്ദേഹത്തിനെഴുതി: “ഇത് ബോൾഷെവിക് ആദർശമല്ല. തൊഴിലാളിവർഗ്ഗത്തോട്, അതിന്റെ പാർട്ടിയോട്, ഭരണകൂടത്തോടാണ് സമർപ്പണം വേണ്ടത്. അതിനെ വ്യക്തികളോടുള്ള സമർപ്പണമായി ചിത്രീകരിക്കരുത്. അത് ബുദ്ധിജീവികൾക്ക് ഹരം പകരുമെങ്കിലും വികലവും അനാവശ്യവുമായ സംഗതിയാണ്.”
സോഷ്യലിസം സ്ഥാപിതമായാലും ആത്മവിമർശനവും വിമർശനവും തുടരണമെന്ന് സ്റ്റാലിൻ നിഷ്‌കർഷിച്ചു. സ്വന്തം തെറ്റുകൾ തിരിച്ചറിയാനും തിരുത്താനും അതാവശ്യമാണെന്നദ്ദേഹം ഓർമ്മിപ്പിച്ചു. “വിമതൻമാരെയൊക്കെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന കാഴ്ചപ്പാടിന് ഞാൻ തീർത്തും എതിരാണ്. അത് വിമതൻമാരോട് ഔദാര്യം തോന്നുന്നതുകൊണ്ടല്ല. മറിച്ച് പാർട്ടിയിൽ ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷമുണ്ടാക്കുകയും വിമർശനത്തിന്റെയും മുൻകൈയുടെയും ഉത്സാഹം കെടുത്തുകയും ചെയ്യും എന്നതുകൊണ്ടാണ്. പാർട്ടി നേതാക്കളെ ബഹുമാനിക്കുന്നതിനുപകരം ഭയപ്പെടുന്ന സ്ഥിതി ഒട്ടും ആശാസ്യമല്ല.” (മേൽപറഞ്ഞ കത്ത്) ഇതായിരുന്നു സ്റ്റാലിൻ. തന്റെ കുട്ടിക്കാലത്തെക്കുറിച്ച് അതിശയോക്തി കലർന്ന ഒരു പ്രസിദ്ധീകരണം ഇറക്കാനുള്ള ശ്രമത്തെയും അദ്ദേഹം തടഞ്ഞു. “അത് സോവിയറ്റ് ജനതയിൽ വ്യക്തിപൂജയുടെ പ്രവണത വളർത്തും. നേതാക്കളെ ഒരിക്കലും തെറ്റുപറ്റാത്ത വീരനായകരായി കാണുന്നത് അപകടകരമാണ്. എന്റെ അഭിപ്രായം ആ പുസ്തകം കത്തിച്ചുകളയണമെന്നാണ്”, ഇതായിരുന്നു സ്റ്റാലിന്റെ നിലപാട്.
അതിഗംഭീരമായ സോഷ്യലിസ്റ്റ് നിർമ്മാണം, അതിന് വിലങ്ങുതടിയായി ലോകയുദ്ധം, യുദ്ധാനന്തര പുനർനിർമ്മാണം, പാർട്ടിയിലെ വിമതരുടെ അട്ടിമറി പ്രവർത്തനങ്ങൾ, ഏക സോഷ്യലിസ്റ്റ് രാഷ്ട്രം സാമ്രാജ്യത്വ ശക്തികളിൽനിന്ന് നേരിട്ട ഭീഷണികൾ ഇങ്ങനെ നിരവധി വൈതരണികൾക്കിടയിൽ പാർട്ടിയിലെ പ്രത്യയശാസ്ത്രസമരം ദുർബ്ബലമാകുകയും അത് വ്യക്തിപൂജയടക്കമുള്ള ദുഷ്‍പ്രവണതകൾക്ക് കാരണമാകുകയും ചെയ്തു എന്നത് വസ്തുതയാണ്. 19-ാം കോൺഗ്രസ് റിപ്പോർട്ടിൽ ഇതിനെയെല്ലാം മറികടക്കുന്നതിനായി പ്രത്യയശാസ്ത്ര സമരം ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ച് തികഞ്ഞ ഉൾക്കാഴ്ചയോടെ സ്റ്റാലിൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ഈ സമരത്തിന് അധികകാലം നേതൃത്വം നൽകാൻ അദ്ദേഹം ജീവിച്ചിരുന്നില്ല. പാർട്ടിയുടെ പരിമിതികൾ, തിരുത്തൽവാദത്തിന്റെ വളർച്ചക്കും ആത്യന്തികമായി സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തകർച്ചക്കും ഇടയാക്കുന്നത് പിന്നീടുള്ള ചരിത്രത്തിൽ നമുക്ക് കാണേണ്ടിവന്നു. സോഷ്യലിസത്തിൽനിന്ന് കമ്മ്യൂണിസത്തിലേക്ക് സോവിയറ്റ് സമൂഹം മുന്നേറുന്നതിന്റെ സാദ്ധ്യതകൾ ദീർഘദർശനം ചെയ്ത സ്റ്റാലിന്റെ കാലത്തെ അപേക്ഷിച്ച് എത്ര വലിയ പതനമാണ് സംഭവിച്ചത് എന്നോർക്കുക.
തിരുത്തൽവാദത്തിനെതിരെ മഹാനായ മാവോ സെ തുങ് ഉജ്ജ്വലമായ പോരാട്ടം നടത്തി. എന്നാൽ മാവോയ്ക്ക് ശേഷം ചൈനയും തിരുത്തൽവാദത്തിന്റെ പിടിയിലമർന്നു.
സോവിയറ്റ് യൂണിയന്റെയും അന്തർദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പരിമിതികൾ സമുന്നത മാർക്‌സിസ്റ്റ് ദാർശനികനും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ സ്ഥാപകനുമായ സഖാവ് ശിബ്‍ദാസ് ഘോഷ് സമയോചിതം ചൂണ്ടിക്കാണിക്കുകയും അതിനെ മറികടക്കാനുള്ള സൈദ്ധാന്തികവും സംഘടനാപരവുമായ പദ്ധതികൾ മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു. പ്രത്യയശാസ്ത്ര നിലവാരത്തകർച്ച യാന്ത്രിക ചിന്താപദ്ധതിക്ക് ജന്മംനൽകുകയും അത് ബ്യൂറോക്രാറ്റിക് നേതൃത്വവും നേതൃത്വത്തെ അന്ധമായി അനുകരിക്കുന്ന അണികളും എന്ന സ്ഥിതിയിലേക്ക് പാർട്ടിയെ കൊണ്ടെത്തിക്കുകയും ചെയ്യുമെന്ന് സഖാവ് ഘോഷ് നിരീക്ഷിച്ചു. സ്റ്റാലിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ലെനിനിസത്തിന്റെ ആധികാരികത തകർക്കുമെന്നും അത് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെതന്നെ തകർച്ചയിലേക്ക് നയിക്കുമെന്നും സഖാവ് ഘോഷ് മുന്നറിയിപ്പ് നൽകി. ഈ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടതുമൂലം അവയൊക്കെ യാഥാർത്ഥ്യമാകുകയും ചെയ്തു. ലെനിനനന്തര കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ട വെല്ലുവിളികളെ അതിജീവിക്കാൻ സയൻസിന്റെ വികാസത്തെയാകെ ഉൾക്കൊണ്ട് മാർക്‌സിസത്തെ കാലോചിതമായി വികസിപ്പിക്കേണ്ടതുണ്ടെന്നും സഖാവ് ഘോഷ് വിശദീകരിച്ചു. അദ്ദേഹം സ്വയം ഈ കർത്തവ്യം നിറവേറ്റുകയും ചെയ്തു. സഖാവ് ഘോഷിന്റെ വിശകലനങ്ങളെ അടിസ്ഥാനമാക്കിയുള്ള പോരാട്ടം വളർത്തിയെടുത്തുകൊണ്ടേ ഇനി ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാനും ഏതൊരു രാജ്യത്തും വിപ്ലവം സംഘടിപ്പിക്കാനുമാകൂ.
കമ്മ്യൂണിസ്റ്റുകാരല്ലാത്ത റൊമെയ്ൻ റോളണ്ട്, ബർണാഡ് ഷാ, എച്ച്.ജി.വെൽസ്, ഐൻസ്റ്റീൻ, രവീന്ദ്രനാഥ ടാഗോർ തുടങ്ങി അനേകം പ്രഗത്ഭമതികൾ സോവിയറ്റ് യൂണിയനെയും സ്റ്റാലിനെയും ആദരവോടെയും പ്രതീക്ഷയോടെയുമാണ് വീക്ഷിച്ചിരുന്നത്. സാമ്രാജ്യത്വ പിണിയാളുകളുടെയും കപട കമ്മ്യൂണിസ്റ്റുകളുടെയും സ്റ്റാലിൻ വിരുദ്ധ പ്രചാരണങ്ങൾക്ക് താൽക്കാലികമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും മഹാനായ ആ ആചാര്യന്റെ ഐതിഹാസികമായ ജീവിതസമരവും അമൂല്യമായ സംഭാവനകളും ലോകമെമ്പാടുമുള്ള വിപ്ലവകാരികൾക്ക് എന്നും വഴികാട്ടിയായിരിക്കും. സമാധാനകാംക്ഷികളും സാമൂഹ്യ പുരോഗതി അഭിലഷിക്കുന്നവരുമായ ഏവർക്കും പ്രചോദന മരുളുന്നതാണ് ആ വിപ്ലവ ജീവിതം. സ്റ്റാലിൻ ചരമവാർഷിക ആചരണം, അദ്ദേഹത്തിനെതിരായ അപവാദ പ്രചാരണങ്ങൾക്ക് മറുപടി നൽകാനും ആ മഹോന്നത വ്യക്തിത്വത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനുമുള്ള അവസരമായിക്കണ്ട് ആ കമ്മ്യൂണിസ്റ്റ് ആചാര്യന് നമുക്ക് പ്രണാമങ്ങളർപ്പിക്കാം.
മാർച്ച് 5 സ്റ്റാലിൻ അനുസ്മരണ ദിനം : ഐതിഹാസികമായ ജീവിതസമരവും അമൂല്യമായ സംഭാവനകളും ലോകമെമ്പാടുമുള്ള വിപ്ലവകാരികൾക്ക് എന്നും വഴികാട്ടി
