സിപിഐ(എം) നേതൃത്വത്തിൽ സഹകരണമേഖലയിൽ നടമാടുന്ന വൻസാമ്പത്തിക അഴിമതി

Share

തൃശ്ശൂർ കരുവന്നൂരിലെ സഹകരണ ബാങ്കിൽ നടന്ന 300 കോടി രൂപയുടെ അഴിമതി കേസിൽ ബാങ്കിന്റെ പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളുമായിരുന്ന സിപിഐ(എം) നേതാക്കളെ സെപ്റ്റംബർ 13ന് പുലർച്ചെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയുണ്ടായി. അഴിമതിയുടെ വാർത്ത പുറത്തുവന്ന് രണ്ട് മാസത്തിനുശേഷമാണ് അറസ്റ്റ് നടന്നിട്ടുള്ളത്. ബാങ്ക് ജീവനക്കാരായിരുന്നവരെ ബലിയാടുകളാക്കി, ഭരണസമിതി അംഗങ്ങളെ രക്ഷിക്കുകയാണെന്ന വിമർശനം ശക്തമായതിനെത്തുടർന്നാണ് അറസ്റ്റ് ഉണ്ടായിട്ടുള്ളത്. അഞ്ച് വർഷം മുമ്പ് ഓഡിറ്റ് റിപ്പോർട്ടിൽ ബാങ്കിന്റെ പ്രവർത്തനത്തിൽ നടക്കുന്ന ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതിനാൽ വളരെ ഉന്നതരായ സിപിഐ(എം) നേതാക്കളുടെ അറിവിൽ ഈ വിഷയങ്ങൾ വന്നിരുന്നുവെന്ന് ന്യായമായും ഉറപ്പിക്കാം. അവർ ക്രമക്കേടുകളെ മൂടിവയ്ക്കുകയായിരുന്നോ അതോ വെട്ടിപ്പിനും പണാപഹരണത്തിനും നേതൃത്വം നൽകുകയായിരുന്നോ എന്നതുമാത്രമാണ് ഇനി വെളിച്ചത്തുവരേണ്ടുന്ന വസ്തുത.

വായ്പ നൽകിയ വസ്തുക്കളിൽതന്നെ വീണ്ടും വായ്പ നൽകിയും വ്യാജമായി പല അക്കൗണ്ടുകളിലേക്ക് പണംമാറ്റിയുമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ പ്രധാനമായും കോടികളുടെ തട്ടിപ്പ് നടന്നത്. ബാങ്കിന്റെ കുറി നടത്തിപ്പ് മുതൽ ഓവർ ഡ്രാഫ്റ്റ് ഉൾ്പപ്പെടെ എല്ലാത്തരം ഇടപാടുകളിലും വെട്ടിപ്പും ക്രമക്കേടും നടന്നുവെന്നതാണ് അന്വേഷണത്തിൽ വെളിയിൽ വരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ബിനാമി ഇടപാടുകൾ, നിക്ഷേപങ്ങളുടെ പലിശ കൂട്ടികൊടുത്തുകൊണ്ടുള്ള തട്ടിപ്പുകൾ, ഇല്ലാത്ത ഭൂമി ഈട് വെച്ചുള്ള വായ്പാ തട്ടിപ്പ് തുടങ്ങിയ പല വിദ്യകളിലൂടെ സാധാരണക്കാരുടെ പണം കവരുകയാണ് ചെയ്തിട്ടുള്ളത്. 164 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത് എന്നാണ് സഹകരണ മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ പറഞ്ഞത്. പക്ഷേ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശിച്ച എല്ലാ മാർഗ്ഗരേഖകളും ലംഘിച്ചുകൊണ്ടാണ് വായ്പ നൽകിയതെന്നും കുറി നടത്തിപ്പിൽ മാത്രം 50 കോടി രൂപയുടെ തട്ടിപ്പ് നടന്നതായും സർക്കാരിന് നൽകിയ റിപ്പോർട്ടിൽ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ചൂണ്ടിക്കാണിച്ചിരുന്നു. 40 വർഷമായി സിപിഐ(എം) നയിക്കുന്ന ഭരണസമിതി ഭരിക്കുന്ന ബാങ്കിൽ തട്ടിപ്പിന്റെ ഉത്തരവാദിത്തം മറ്റാരുടെയും തലയിൽ കെട്ടിവച്ച് രക്ഷപെടാനാവില്ല.


യഥാർത്ഥത്തിൽ 2003 മുതൽ തന്നെ കരുവന്നൂർ സഹകരണ ബാങ്കിനെതിരെ പരാതിയുള്ളതായി ആക്ഷേപമുണ്ട്. കോടികളുടെ അഴിമതി നടക്കുകയാണെന്ന വിവരം കഴിഞ്ഞ 20 വർഷത്തിനുള്ളിൽ മുൻജീവനക്കാരുടെ പരാതികളിലൂടെയും മറ്റ് മാർഗ്ഗങ്ങളിലൂടെയും പുറത്തുവന്നിരുന്നു. സിപിഐ(എം)ന്റെ പാർട്ടി ഘടകങ്ങളിലും പലപ്പോഴായി ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നതായി മാധ്യമറിപ്പോർട്ടുണ്ട്. ഏറ്റവും ഒടുവിൽ 5 വർഷം മുമ്പാണ് കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾ കൃത്യമായി ചൂണ്ടിക്കാട്ടിക്കൊണ്ട് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനോട് ഏഷ്യാനെറ്റ് ചാനലിന്റെ ഒരു പരിപാടിയിൽ കരുവന്നൂർ ബാങ്കിലെ ഒരു ജീവനക്കാരൻ പരസ്യമായി അഴിമതി സംബന്ധിച്ച ആരോപണം ഉന്നയിച്ചിരുന്നു. പ്രസ്തുത സർക്കാരിന്റെ സഹകരണവകുപ്പിന്റെ മുമ്പിൽ രേഖകളുടെ പിൻബലത്തോടെയാണ് ഈ അഴിമതി ചൂണ്ടിക്കാട്ടപ്പെട്ടത്. എന്നാൽ അവയെ എല്ലാം ധിക്കാരപൂർവ്വം കാറ്റിൽപ്പറത്തി, നിയമവാഴ്ചയെ തരിമ്പും ഭയപ്പെടാതെ അഴിമതി തുടർന്നു എന്നതാണ് കരുവന്നൂർ ബാങ്ക് അഴിമതിയെ ഗൗരവതരമാക്കുന്നത്. ഒടുവിൽ അഴിമതിയുടെ വാർത്ത പുറത്തുവരുന്നതിനും ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇതേ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സുരേഷ് എന്നുപേരുള്ള സിപിഐ(എം) പ്രാദേശിക നേതാവ് ബാങ്കിനുമുമ്പിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു. അയാളെ പാർട്ടിയിൽ നിന്നുപുറത്താക്കിക്കൊണ്ട് അഴിമതിയുടെ വിവരങ്ങൾ ഒതുക്കാനാണ് സിപിഐ(എം) ശ്രമിച്ചത്. ഒടുവിൽ മുഖം രക്ഷിക്കൽ നടപടിയെന്ന നിലയിൽ കരുവന്നൂർ ബാങ്ക് ക്രമക്കേട് തടയാൻ വേണ്ടത്ര ജാഗ്രത കാട്ടിയില്ല എന്ന കാരണം പറഞ്ഞുകൊണ്ട് മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, 2 ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ഉൾപ്പടെ നിരവധി നേതാക്കൾക്കെതിരെ ജൂലൈ 26നു കൂട്ട അച്ചടക്കനടപടി സിപിഐ(എം) സ്വീകരിച്ചു. വെറും ജാഗ്രതക്കുറവിന്റെ ഒരു പ്രശ്‌നം മാത്രമേ ഇക്കാര്യത്തിൽ സംഭവിച്ചിട്ടുള്ളോ? അഴിമതി നടക്കുന്നതായി നിരവധി മാർഗ്ഗങ്ങളിലൂടെ അറിയുമ്പോഴും അത് തടയാൻ നടപടി സ്വീകരിക്കാതിരുന്നത് അതീവഗൗരവമുള്ള ഈ കുറ്റകൃത്യത്തിന്റെ അവിഭാജ്യഭാഗമായിരിക്കുന്നതുകൊണ്ടു മാത്രമാണ്. അതിനെ ജാഗ്രതക്കുറവെന്ന് വിശേഷിപ്പിച്ച് ജനങ്ങളെ വിഢ്ഢികളാക്കാമെന്നാണ് സിപിഐ(എം) കണക്കുകൂട്ടുന്നത്. സംസ്ഥാനനേതൃത്വത്തിന്റെ വരെ ശ്രദ്ധയിൽപ്പെട്ടിട്ടും ഒരു ദശാബ്ദത്തിലധികമായി ഇത്രമേൽ ഗുരുതരമായ ഒരഴിമതി തടയപ്പെട്ടില്ല എന്നത് ഗൗരവതരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നു. അഴിമതി തടയാനോ ചോദ്യം ചെയ്യാനോ പറ്റാത്തവിധം കളങ്കിതരായിരിക്കുന്നു ഉന്നതനേതാക്കളും എന്ന് ന്യായമായും ഇത് സ്ഥാപിക്കുന്നു.
കരുവന്നൂർ ഒറ്റപ്പെട്ട സംഭവമെന്ന നിലയിൽ വിശേഷിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഈ അഴിമതിയെ ചെറുതാക്കിക്കാണിക്കാൻ ശ്രമിച്ചത്. കരുവന്നൂർ സഹകരണ ബാങ്ക് അഴിമതി ഒറ്റപ്പെട്ട സംഭവമല്ല. പ്രഥമിക സഹകരണ സംഘങ്ങൾ മുതൽ മുകളിലേക്ക് ജില്ലാ സഹകരണ ബാങ്കുകൾ വരെയുള്ള ഏതാണ്ട് 160ഓളം സ്ഥാപനങ്ങളിലെ അഴിമതിയും വഴിവിട്ട ഇടപാടുകളും വ്യത്യസ്തമാർഗ്ഗങ്ങളിലൂടെ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പണാപഹരണത്തെത്തുടർന്ന് നിരവധി സഹകരണബാങ്കുകൾ അടച്ചുപൂട്ടുകയുണ്ടായി. ഭരണ സമതി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സഹകരണമേഖലയെ അഴിമതി മുക്തമാക്കാൻ എന്ന മുദ്രാവാക്യം ഇടതു – വലതു ഭേദമില്ലാതെ ആവർത്തിക്കുന്നതെന്തുകൊണ്ടാണ്? സംസ്ഥാനത്തെ സഹകരണമേഖലയിലെ അഴിമതി ഞെട്ടിപ്പിക്കുന്ന മാനം കൈവരിച്ചിട്ടുണ്ടെന്നും അവയെല്ലാം ഭരണസമിതികളെ നയിക്കുന്ന രാഷ്ട്രീയനേതൃത്വത്തിന്റെ നേരിട്ടുള്ള കാർമ്മികത്വത്തിൽ നടക്കുന്നുവെന്നുമാണ് ഇക്കാര്യങ്ങളൊക്കെ വ്യക്തമാക്കുന്നത്. കേരളത്തിന്റെ സഹകരണസ്ഥാപനങ്ങൾ വലിയൊരു പങ്കും കൈപ്പിടിയിലൊതുക്കിയിരിക്കുന്ന സിപിഐ(എം) ആണ് ഈ അഴിമതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. കോൺഗ്രസ്സും സിപിഐയും ലീഗും കേരള കോൺഗ്രസ്സും അവരാൽ കഴിയുംവിധം അഴിമതിയുടെ പങ്കുപറ്റുന്നു. മലപ്പുറം ജില്ലയിൽ ലീഗ് നയിക്കുന്ന എ.ആർ.നഗർ സഹകരണ ബാങ്കിൽ കരുവന്നൂരിനെ കടത്തിവെട്ടുന്ന വിധം നടന്ന കോടികളുടെ ഭീമമായ ബിനാമി ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ ഇടപെടൽ ആവശ്യപ്പെട്ട മുൻ മന്ത്രി കെ.ടി.ജലീലിന്റെ ആവശ്യം പൊടുന്നനെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിർദ്ദാക്ഷിണ്യം തള്ളിക്കളഞ്ഞതെന്തുകൊണ്ടാണ്? സഹകരണമേഖലയിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലും അന്വേഷണവും പുറത്തു കൊണ്ടുവരാനിടയാക്കിയേക്കാവുന്ന പലതും സിപിഐ(എം)നെ കഠിനമായി പൊള്ളിക്കുമെന്ന് ഭയപ്പെടുന്നതിനാൽ മാത്രമാണിത്. വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് ഭീമമായ തുകയുടെ കള്ളപ്പണം എ.ആർ.നഗർ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നുവെന്നത് സഹകരണവകുപ്പിന്റെ മാത്രം അന്വേഷണപരിധിയിൽപ്പെടുന്ന കുറ്റകൃത്യമാണോ? സഹകരണവകുപ്പ് അന്വേഷിച്ചാൽ ഈ കള്ളപ്പണത്തിന്റെ ഉറവിടം അറിയാൻ കഴിയില്ല. അതിന് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അന്വേഷിക്കാൻ അധികാരമുള്ള ഏജൻസി അന്വേഷിക്കേണ്ടതല്ലേ. നിയമവാഴ്ചയെ തകർക്കുന്ന വിധം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിതന്നെ അത് അന്വേഷിക്കേണ്ടതില്ല എന്ന് പറയുന്നത് സംസ്ഥാനത്തെ സഹകരണമേഖലയിൽ അരങ്ങേറുന്ന അഴിമതിയുടെ ആഴത്തെയും അതിൽ അവർക്കുള്ള പങ്കിനെയുമാണ് വ്യക്തമാക്കുന്നത്.
സഹകരണ മേഖല എന്ന കറവപ്പശു ചത്തുപോകാതിരിക്കാൻ എല്ലാവരും പരമാവധി ‘സഹകരിക്കുന്നതു’കൊണ്ടാണ് സഹകരണമേഖലയിലെ അഴിമതിയുടെ പേരിൽ ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവും ശിക്ഷിക്കപ്പെടാതെ പോയത്. സ്ഥാപനങ്ങളിലെ ജീവനക്കാർ പ്രതികളാകുമെന്നതാണ് ഏറിപ്പോയാൽ സംഭവിക്കുക. ആദ്യഘട്ടത്തിൽ കരുവന്നൂർ ബാങ്കിന്റെ ജീവനക്കാരെ പ്രതികളാക്കി പാർട്ടി നേതാക്കളെ രക്ഷിക്കാനാണ് സിപിഐ(എം) ശ്രമിച്ചതെന്ന് സ്മരിക്കുക. ജീവനക്കാരെ പ്രതികളാക്കി കൈകഴുകുന്ന സിപിഐ(എം) സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും കബളിപ്പിക്കാനാണ് ശ്രമിക്കുന്നത.് രാഷ്ട്രീയക്കാർ നിയന്ത്രിക്കുന്ന ഭരണസമിതി അറിയാതെ സഹകരണസ്ഥാപനങ്ങളിൽ ഇല പോലും അനങ്ങില്ല എന്നത് കേരളത്തിലെ ഏതൊരു സാധാരണക്കാരനും അറിയാവുന്ന പരമാർത്ഥമാണ്. വായ്പ, ഡപ്പോസിറ്റ്, മുതൽമുടക്ക് തുടങ്ങിയ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ഭരണസമിതിയും അവരെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വവുമാണ്. സിപിഐ(എം) നേതൃത്വത്തിന്റെ ഒത്താശയിലും ഔദാര്യത്തിലും കേരളമെമ്പാടും സഹകരണസ്ഥാപനങ്ങളിൽ ജോലി ലഭിച്ചിട്ടുള്ള നേതാക്കളുടെ ഭാര്യമാരും മക്കളും നൂറുകണക്കിന് പാർട്ടി അംഗങ്ങളും നേതൃത്വത്തിന്റെ ആജ്ഞാനുവർത്തികൾ മാത്രമാണ്. സിപിഐ(എം) നേതൃത്വത്തിന്റെ കർശനമായ നിരീക്ഷണത്തിൻ കീഴിൽ മാത്രം ഇടപാടുകൾ മുഴുവൻ നടക്കുന്ന സഹകരണരംഗത്ത് ജീവനക്കാർക്ക് തനതായി ഒരു തീരുമാനവും കൈക്കൊള്ളാനാവില്ല. കരുവന്നൂരിലും അതുതന്നെയാണ് നടന്നിട്ടുള്ളതെന്ന് ഇപ്പോഴുണ്ടായിട്ടുള്ള സിപിഐ(എം) നേതാക്കന്മാരുടെ അറസ്റ്റ് വ്യക്തമാക്കുന്നു. ഞെട്ടിപ്പിക്കുന്ന ഈ അഴിമതിയുടെ വാർത്ത പുറത്തുവന്നപ്പോൾ ഭരണസമിതിയിലെ നേതാക്കളെല്ലാവരും വിശുദ്ധരാണെന്നും ജീവനക്കാരാണ് അഴിമതി നടത്തിയതെന്നുമായിരുന്നു സിപിഐ(എം)ന്റെ ആവർത്തിച്ചുള്ള വിശദീകരണവും പ്രചാരണവും. നേതാക്കൾക്ക് സംഭവിച്ചതാകട്ടെ ചെറിയൊരു ജാഗ്രതക്കുറവ് മാത്രം!
കേരളത്തിലെ സഹകരണ മേഖല ഞെട്ടലുളവാക്കുന്ന അഴിമതിയിൽ ആണ്ടുമുങ്ങിയിരിക്കുകയാണെന്ന് കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങൾക്കുള്ളിൽ പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. ഈ മേഖലയിൽ നടമാടുന്ന അഴിമതിയെയും വെട്ടിപ്പിനെയും സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം നടന്നാൽ ഒരുപക്ഷേ സംസ്ഥാനം ദർശിച്ചിട്ടുള്ള ഏറ്റവും വലിയ അഴിമതിയുടെ ചിത്രമായിരിക്കും പുറത്തുവരിക. സംസ്ഥാനഭരണവും സഹകരണവകുപ്പും ബാങ്ക് ഭരണസമിതിയും ജീവനക്കാരുമെല്ലാം സിപിഐ(എം)നോട് പൂർണ്ണമായും വിധേയപ്പെട്ടുനിൽക്കുമ്പോൾ സത്യസന്ധമായ എന്ത് അന്വേഷണമാണ് നടക്കുക. ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണവും ഒരാളും ശിക്ഷിക്കപ്പെടില്ല എന്നുറപ്പാക്കുന്ന ഒന്നായിരിക്കുമെന്നതിൽ ഒരു സംശയവും വേണ്ട.
വിമർശനങ്ങൾക്കും ചോദ്യം ചെയ്യലുകൾക്കും അതീതമായ, അതിവിശുദ്ധമായ ഒന്നാണ് സഹകരണ മേഖലയെന്നാണ് സിപിഐ(എം) പ്രചാരണം. ഈ മേഖ

ലയിലെ അഴിമതിക്കെതിരെ മിണ്ടിപ്പോയാൽ അത് സഹകരണമേഖലയെ തകർക്കുമെന്നാണ് ന്യായം. ഇപ്രകാരം സംരക്ഷിക്കപ്പെടുന്ന സഹകരണസംവിധാനം ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ ദരിദ്രകർഷകനെയും സാധാരണക്കാരനെയും സഹായിക്കുകയാണോ ചെയ്യുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. നാലുശതമാനത്തിന്റെ ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ കർഷകർക്ക് വായ്പ നൽകുന്നതിനായി നബാർഡ് നൽകുന്ന ഭീമമായ തുക വളരെ ഉയർന്ന പലിശ നിരക്കിൽ കർഷകർക്കും കൊള്ളപ്പലിശയ്ക്ക് ബിസിനസ്സുകാർക്കും വായ്പ നൽകുന്ന പണിയാണ് കേരളത്തിൽ സഹകരണബാങ്കുകൾ ചെയ്യുന്നതെന്ന വസ്തുത ആർക്കും നിഷേധിക്കാനാവില്ല. ചില വായ്പകളുടെ കാര്യത്തിൽ സഹകരണ ബാങ്കുകൾ, പുതുതലമുറ ബാങ്കുകളേക്കാൾ കഴുത്തറപ്പൻ പലിശയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഗ്രാമീണമേഖലയിലെ പാവപ്പെട്ട കർഷകനെയും സഹകാരികളെയും മറയാക്കി കോടികളുടെ കൊള്ളയും കള്ളപ്പണം വെളുപ്പിക്കലുമാണ് ഇന്ന് കേരളമെമ്പാടും സഹകരണമേഖലയിൽ പ്രധാനമായും നടക്കുന്നത്. പരിപാവനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതേ സഹകരണമേഖലയെ ഉപയോഗപ്പെടുത്തി ബിജെപി ഗുജറാത്തിൽ വൻതോതിലുള്ള അഴിമതിക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുകയാണ്. ഈ അഴിമതിക്കും പണാപഹരണത്തിനും നേതൃത്വം നൽകുന്നവരാണ് യഥാർത്ഥത്തിൽ സഹകരണരംഗത്തെ തകർത്തുകൊണ്ടിരിക്കുന്നത്. അതിനാൽ ക്രമക്കേടുകൾക്കും തട്ടിപ്പിനുമെതിരെ ശബ്ദിച്ചുപോയാൽ അത് സഹകരണമേഖലയെ തകർക്കുമെന്ന നിലപാട് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.


കേരളത്തിന്റെ സഹകരണരംഗത്ത് അഴിമതിയും വെട്ടിപ്പും മാത്രമല്ല ഞെട്ടലുളവാക്കും വിധമുള്ള കള്ളപ്പണ ഇടപാടുകളും നടക്കുകയാണെന്ന് സൂചിപ്പിച്ചു കഴിഞ്ഞല്ലോ. റിസർവ് ബാങ്ക്, ആദായനികുതി വകുപ്പ് തുടങ്ങിയ സംവിധാനങ്ങളുടെ നിരീക്ഷണത്തിനും നിയന്ത്രണത്തിനും പുറത്തുപ്രവർത്തിക്കുന്ന സഹകരണമേഖലയിൽ അഴിമതി തടയാനുള്ള സംവിധാനം, സഹകരണസംഘം രജിസ്ട്രാറുടെ അധികാരവും പരിശോധനയും മാത്രമാണ്. അതാകട്ടെ വളരെ പരിമിതമായ അധികാരം മാത്രമാണുതാനും. നിയമനത്തിന്റെ പേരിലുള്ള പ്രത്യുപകാരമെന്ന നിലയിൽ ഭരണസമിതിയോട് പൂർണ്ണമായും വിധേയപ്പെട്ട ജീവനക്കാരുള്ള സഹകരണബാങ്കുകളുടെ ആഭ്യന്തരസംവിധാനം രേഖകളിൽ തിരിമറി നടത്താനും വ്യാജഅക്കൗണ്ടുകൾ സൃഷ്ടിക്കാനും അങ്ങേയറ്റം അനുകൂലമായ ഒന്നാണ്. കള്ളപ്പണം നിക്ഷേപിക്കുന്നതിനായി ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ സഹകരണ ബാങ്കുകളിൽ സൃഷ്ടിക്ക പ്പെട്ടിട്ടുണ്ടെന്നത് ഒരു യാഥാർത്ഥ്യം മാത്രമാണ്. മലപ്പുറം എ.ആർ.നഗർ സഹകരണ ബാങ്കിൽ പ്രാഥമിക പരിശോധനയിൽ മാത്രം കണ്ടെത്തിയിരിക്കുന്നത് 1028 കോടി രൂപയുടെ വ്യാജ നിക്ഷേപമാണ്! അങ്ങിനെയെങ്കിൽ സംസ്ഥാനത്തെ 1600 ഓളം സഹകരണബാങ്കുകളിൽ വ്യാജ അക്കൗണ്ടുകളിലുള്ള കള്ളപ്പണനിക്ഷേപം എത്രകോടി രൂപയുടെ ഉണ്ടാകും! ഈ തുകയിൽ വലിയൊരു പങ്കും ഭരണസമിതികളെ നയിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവിലും ബോദ്ധ്യത്തിലുമുള്ളതാകാനുള്ള സാധ്യതയും ഏറെയാണല്ലോ. അതിനാൽ സഹകരണമേഖലയെ അഴിമതിമുക്തമാക്കാനുള്ള പ്രവർത്തനത്തിൽ പ്രബല രാഷ്ട്രീയശക്തികൾ സത്യസന്ധമായി നിലകൊള്ളില്ല എന്നത് പകൽപോലെ വ്യക്തമാണ്. അഴിമതിക്കെതിരെയുള്ള അവരുടെ കുരിശുയുദ്ധപ്രഖ്യാപനങ്ങൾ നൂറുശതമാനവും കാപട്യം മാത്രമാണ്. സങ്കുചിത കക്ഷി രാഷ്ട്രീയത്തിനുപരിയായി പടുത്തുയർത്തപ്പെടുന്ന അതിശക്തമായ ഒരു ജനകീയ മുന്നേറ്റംകൊണ്ടു മാത്രമേ സഹകരണമേഖലയെ അഴിമതിമുക്തമാക്കുക എന്ന ലക്ഷ്യം നേടാൻ കഴിയൂ.


കേരളത്തിലെ സത്യസന്ധരായ സഹകാരികളും ജനാധിപത്യവിശ്വാസികളും ഒരുമിച്ച് അണിനിരന്നുകൊണ്ട് അതിനായി പരിശ്രമിക്കണം. എങ്കിൽ മാത്രമേ വിയർപ്പൊഴുക്കിനേടിയ പാവപ്പെട്ട മനുഷ്യരുടെ ലഘുസമ്പാദ്യങ്ങൾ സംരക്ഷിക്കപ്പെടൂ.

Share this post

scroll to top