ജനാധിപത്യത്തിനും പുരോഗമനത്തിനും ഭീഷണിയായി അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം

6a50855a-2ef8-4721-9ad7-e07946e638b2.jpeg
Share

യു എസ് സൈന്യത്തിന്റെ പിന്മാറ്റത്തെത്തുടർന്ന് മിന്നൽ വേഗത്തിൽ പിന്തിരിപ്പൻ ഇസ്ലാമിക മതമൗലിക സ്വേച്ഛാധിപത്യ സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാനിൽ ആധിപത്യം നേടിയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നു. യുഎസ് സൈന്യം സൃഷ്ടിക്കുകയും ഏതാണ്ട് 83 ബില്യൺ ഡോളർ ചിലവഴിച്ച്, 20 വർഷത്തിനുമേൽകാലം പരിശീലിപ്പിക്കുകയും ചെയ്ത, മൂന്ന് ലക്ഷത്തോളം സൈനികരുള്ള അഫ്ഗാൻ സൈന്യം കേവലം 60,000 അംഗങ്ങളുള്ള താലിബാൻ സൈന്യത്തിന് മുൻപിൽ കീഴടങ്ങിയതെങ്ങനെ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം.

പുറത്തേക്ക് പോകുന്ന യുഎസ് വിമാനങ്ങളിൽ ഇടിച്ചു കയറിയും തൂങ്ങിക്കിടന്നും രക്ഷപ്പെടാൻ ഒരുങ്ങുന്ന ജനങ്ങളുടെ ചിത്രം പേടിപ്പെടുത്തുന്നു എന്നത് മാത്രമല്ല 1996 മുതൽ 2001 വരെ തുടർന്ന താലിബാന്റെ പൈശാചിക ഭരണകാലത്തെ ഓർമ്മകളിൽ ജനങ്ങൾ എത്രമാത്രം ഭീതിദരാണെന്ന വസ്തുതയുംകൂടി അത് വെളിപ്പെടുത്തുന്നു. 2001ലെ അമേരിക്കയുടെ അധിനിവേശത്തിനുശേഷം 20 വർഷക്കാലം അവരുടെ ആധിപത്യം തുടർന്നിട്ടും, ഒരു പാവ ഗവൺമെന്റിനെ അവരോധിക്കുകയും പത്തുലക്ഷത്തോളം യുഎസ് സൈനികരെ വിവിധ ഘട്ടങ്ങളിലായി നിയോഗിക്കുകയും ചെയ്തിട്ടും, അഫ്ഗാനിസ്ഥാൻ പണ്ടത്തെപ്പോലെ യുദ്ധത്താൽ തകർന്നും പിന്നോക്കാവസ്ഥയിൽത്തന്നെയും തുടരുകയും ആ രാജ്യത്തേക്ക് വാഗ്ദത്തം ചെയ്യപ്പെട്ട ജനാധിപത്യത്തിന്റെ കയറ്റുമതി ഇപ്പോഴും സംഭവിക്കാതിരിക്കുകയും ചെയ്യുന്നതിന് കാരണമെന്താണ്? കടുത്ത ഇസ്ലാമിക മൗലികവാദികളായ താലിബാൻ രാജ്യം കീഴടക്കുമെന്നറിഞ്ഞിട്ടും തങ്ങളുടെ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽനിന്ന് പിൻവലിക്കാനുള്ള തീരുമാനം അമേരിക്കയ്ക്ക് പ്രഖ്യാപി ക്കേണ്ടി വന്നതെന്തുകൊണ്ടാണ്? മതഭ്രാന്തും ക്രൂരതയും കൈമുതലാക്കിയ താലിബാന് അന്താരാഷ്ട അംഗീകാരം നേടിക്കൊടുക്കാനുതകുന്ന വിധത്തിൽ മൂന്നുവർഷം മുമ്പ് ഖത്തറിൽവച്ച് അവരുമായി ചർച്ച തുടങ്ങാൻ മുൻ അമേരിക്കന്‍ പ്രസിഡണ്ട്‌ ഡൊണാൾഡ് ട്രമ്പിനെ പ്രേരിപ്പിച്ചതെന്തായി രിക്കും? പുതുതായി ചാർത്തിക്കിട്ടിയ ഈ അംഗീകാരം താലിബാൻ സമർത്ഥമായുപയോഗിക്കുകയും വിദേശ നയതന്ത്രപ്രതിനിധികളുമായി എണ്ണമറ്റ ചർച്ചകളും നിരവധി വാർത്താ സമ്മേളനങ്ങളും നടത്തുകയും ചെയ്യുന്നു. പ്രതിവിപ്ലവത്തിനുശേഷം പ്രബല സാമ്രാജ്യത്വശക്തികളായി മാറിയ റഷ്യയും ചൈനയും ഇപ്പോൾ താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും അതുവഴി, മുൻപ് അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്ന അഫ്ഗാനിസ്ഥാനിൽ കാലുറപ്പിക്കാനും ശ്രമിക്കുകയാണ്. ധൈര്യശാലികളും സ്വാതന്ത്ര്യ സ്നേഹികളും ലളിതമനസ്ക്കരുമായി അറിയപ്പെടുന്ന അഫ്ഗാൻ ജനത, ദശകങ്ങളായുള്ള, സ്വേച്ഛാധികാരികളായ യുദ്ധപ്രഭുക്കന്മാരുടെ അധികാരവടംവലികളുടെയും ഒറ്റപ്പെട്ട വിവിധ അധികാര കേന്ദ്രങ്ങളായി മാതൃരാജ്യത്തെ വിഭജിക്കുന്ന ശിഥിലീകരണത്തിന്റെയും സാമ്രാജ്യത്വ ഉപജാപങ്ങളുടെയും ഇരകളായി വ്യക്തമായും മാറിയിരിക്കുകയാണ്.

നൂറ്റാണ്ടുകളായി അഫ്ഗാൻ ജനതയിൽ വേരാഴ്ന്നുനിന്നിരുന്ന ഫ്യൂഡൽ ചിന്താഗതികളിലും ആചാരങ്ങളിലും രീതികളിലുംനിന്ന് ഉദയം ചെയ്തതും സാമ്രാജ്യത്വ ശക്തികളും അവരുടെ കൂട്ടാളികളും കൗശലപൂർവ്വം ആളിക്കത്തിക്കുകയുംചെയ്ത മതമൗലികവാദം ഇന്ന് അഫ്ഗാൻ ജനതയെ ദയനീയമാംവിധം ഗ്രസിച്ചിരിക്കുന്നു. ഇപ്പോൾ താലിബാൻ അധികാരത്തിലേറിയതോടെ അവരുടെ ഭാവി അനിശ്ചിതത്വത്തിലാകുകയും ജീവനോപാധികൾ തകരുകയും ജീവിതംതന്നെ നൂലിൽ തൂങ്ങിയതുപോലെ ആകുകയും ചെയ്തിരിക്കുന്നു. അല്പമെങ്കിലും മനഃസാക്ഷിയും ആഗോള സഹോദരസ്നേഹവുമുള്ള ഒരാൾക്കും അഫ്ഗാൻ ജനതയുടെ ഇന്നത്തെ വിഷമസ്ഥിതിയിൽ നിശ്ശബ്ദ സാക്ഷികളായിരിക്കാൻ കഴിയില്ല. അവർക്ക് പ്രവർത്തിച്ചേ മതിയാവൂ. പക്ഷേ അതാകട്ടെ, ബോധപൂർവ്വവും വസ്തുതകളെയും സംഭവഗതികളെയും ശരിയായി മനസ്സിലാക്കിക്കൊണ്ടും ശത്രുക്കളെയും മിത്രങ്ങളെയും വേർതിരിച്ചറിഞ്ഞുകൊണ്ടും ശാസ്ത്രീയമായ വിശകലനരീതിയുടെ അടിസ്ഥാനത്തിൽ സാഹചര്യത്തെ ശരിയായി വിലയിരുത്തിക്കൊണ്ടുമുള്ള പ്രവർത്തനം ആയിരിക്കണം.

ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വഭരണം അവസാനിച്ചതിനുശേഷമുള്ള അഫ്ഗാനിസ്ഥാൻ

1947ൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽനിന്നു ബ്രിട്ടീഷ് സാമ്രാജ്യത്വശക്തികൾ പിൻവാങ്ങിയതും വിഭജനത്തിലൂടെ ഇന്ത്യയും പാകിസ്ഥാനും രൂപംകൊണ്ടതും അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ തുടക്കം ആയിരുന്നു; പ്രശ്നങ്ങളുണ്ടായിരു ന്നുവെങ്കിലും. ഒരു മുൻ ബ്രിട്ടീഷ് കോളനി ആയിരുന്ന അഫ്ഗാനിസ്ഥാൻ, സൈന്യത്തിന്റെ ആധുനികവൽക്കരണത്തിനായി യുഎസിനോട് സഹായത്തിനഭ്യർത്ഥിച്ചെങ്കിലും അത് നിരസിക്കപ്പെട്ടു. തുടർന്ന് അവർ സോവിയറ്റ് യൂണിയനിലേക്ക് തിരിയുകയും അവിടെനിന്ന് ക്രിയാത്മകമായ പ്രതികരണം ഉണ്ടാവുകയുംചെയ്തു. തുടക്കത്തിൽ സോവിയറ്റ് സഹായം തൊഴിലാളിവർഗ്ഗ സാർവ്വദേശീയതയുടെയും ഒരു സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ ആഗോള കർത്തവ്യത്തിന്റെയും അടിസ്ഥാനത്തിലുള്ളതായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അഫ്ഗാനിസ്ഥാനിൽ ഉദയംകൊണ്ട ജനാധിപത്യശക്തികളും ജനാധിപത്യചിന്തകളും സോവിയറ്റ് സോഷ്യലിസത്തിന്റെ സ്വാധീനത്തിൽ വളരുകയും ചെയ്തു. തൽഫലമായി ചില ജനാധിപത്യ പരിഷ്ക്കരണങ്ങൾ ആ നാട്ടിൽ ആദ്യമായി പരീക്ഷിക്കപ്പെട്ടു. പക്ഷേ, ക്രൂഷ്ചേവിന്റെ നേതൃത്വത്തിലുള്ള റിവിഷനിസ്റ്റ് സംഘം സോവിയറ്റ് യൂണിയനിൽ പിടിമുറുക്കിയതോടെ അഫ്ഗാനിസ്ഥാനുനേർക്ക് ക്രമേണ രൂപം കൊണ്ട ആധിപത്യപരമായ ഒരു മനോഭാവം സുവ്യക്തമാവുകയും ചെയ്തു.

അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് റിവിഷനിസ്റ്റ്
നേതാക്കൾചെയ്ത അനർത്ഥം

നിരവധി തുടർസംഭവങ്ങളുടെ പരിണതിയെന്നനിലയിൽ 1974 ൽ അഫ്ഗാനിസ്ഥാനിലെ രാജഭരണം തൂത്തെറിയപ്പെടുന്നതും തുടർന്നതൊരു റിപ്പബ്ലിക്കായി മാറുന്നതും ലോകജനതകണ്ടു. അഫ്ഗാൻ ജനതയുടെ ദേശീയാഭിലാഷങ്ങൾ ക്രമേണ വികസിച്ചു വരുന്ന ഈ പശ്ചാത്തലത്തിൽ, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് അഫ്ഗാനിസ്ഥാനിന്റെ (PDPA) നൂർ മുഹമ്മദ് താരാക്കി 1978ൽ അധികാരം പിടിച്ചെടുത്തു. സോവിയറ്റ് റിവിഷനിസ്റ്റ് നേതൃത്വത്തിന്റെ പിന്തുണയോടെ, ആദ്യ പ്രസിഡണ്ടായ സർദാർ മുഹമ്മദ് ദൗദിൽനിന്ന് ഒരു അട്ടിമറിയിലൂടെയാണ് അധികാരം കൈക്കലാക്കിയത്. അഫ്ഗാനിസ്ഥാനിൽ ഒരു ജനാധിപത്യ റിപ്പബ്ലിക്ക് സ്ഥാപിക്കുന്നതായി പിഡിപിഎ പ്രഖ്യാപിച്ചു. ഒരു വിദേശശക്തിയുടെ സഹായത്തോടെ, അട്ടിമറിയിലൂടെയുള്ള ഈ അധികാരക്കൈമാറ്റം, ദശകങ്ങളായി അവിടെ പ്രകടമായുണ്ടായിരുന്ന ജനാധിപത്യത്തെ സ്ഥാപിച്ചെടുക്കുക എന്ന അഫ്ഗാൻ ജനതയുടെ ദേശീയാഭിലാഷത്തിന്റെ പൂർത്തികരണത്തിന് വ്യക്തമായ കാരണങ്ങളാൽ തടസ്സം സൃഷ്ടിച്ചു. മാർക്സിസം-ലെനിനിസത്തിനുള്ള പിന്തുണ അഫ്ഗാനിസ്ഥാനിൽ ദൃഢീകരിച്ച് വരുകയായിരുന്നുവെങ്കിലും, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ തുടർച്ചയായുള്ള സോവിയറ്റ് ഇടപെടൽ ദേശസ്നേഹികളായ ജനങ്ങളുടെയും ശക്തികളുടെയുമിടയിൽ സോവിയറ്റ് യൂണിയനെതിരായ വിദ്വേഷം സൃഷ്ടിച്ചു. രാജ്യത്തെ സൈനിക ഇടപെടൽ സോവിയറ്റ് റിവിഷനിസ്റ്റ് നേതൃത്വത്തിനെതിരെയുള്ള അമർഷത്തെ രൂക്ഷമാക്കുക മാത്രമല്ല, അവരെ ഒരു സാമ്രാജ്യത്വ ശക്തിയായി കണക്കാക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. താരാക്കി സർക്കാരിന്റെ അടിച്ചമർത്തൽഭരണം, സ്വാതന്ത്ര്യസ്നേഹികളും ജനാധിപത്യമനോഭാവമുള്ളവരുമായ ജനങ്ങളിൽ ആഴത്തിലുള്ള അമർഷവും ശക്തമായ സോവിയറ്റ് വിരുദ്ധ മനോഭാവവും സൃഷ്ടിക്കുകയും അന്തിമമായി അത്, ഒരു കലാപ മനോഘടനയായി മാറുകയും മാർക്സിസ്റ്റ് ദർശനത്തെ സമ്പൂർണ്ണമായി നിരാകരിച്ചില്ലെങ്കിൽക്കൂടി അതിനോടുണ്ടായിരുന്ന ദൃഢമായ പിന്തുണയ്ക്ക് തിരിച്ചടി നേരിടുകയും ചെയ്തു. ദിവസങ്ങൾ കഴിയുന്തോറും അഫ്ഗാൻ വിമതരുടെ എണ്ണം വർദ്ധിക്കുകയും ചുരുങ്ങിയ കാലത്തിനുള്ളിൽത്തന്നെ അഫ്ഗാനിസ്ഥാനിലെ മിക്ക പ്രവിശ്യകളെയും ആഭ്യന്തരയുദ്ധം ഗ്രസിക്കുകയും ചെയ്തു. ആ സാഹചര്യത്തിൽ ഒരു കൊട്ടാരം അട്ടിമറിയിലൂടെ ഹഫീസുള്ള അമീൻ 1979 സെപ്തംബറിൽ അധികാരം പിടിച്ചെടുത്തു. തങ്ങളുടെ ഇഷ്ടക്കാരായ ഗവൺമെന്റ്പുറത്താക്കപ്പെട്ടതോടെ സോവിയറ്റ് റിവിഷനിസ്റ്റ് നേതൃത്വം അഫ്ഗാനിസ്ഥാനിൽ നഗ്നമായ സൈനിക അധിനിവേശം നടത്തുകയും പ്രസിഡൻറ് ഹഫീസുള്ള അമീനെ സ്ഥാനഭ്രഷ്ടനാക്കി വധിക്കുകയും തൽസ്ഥാനത്ത് ബബ്രാക് കർമെൽ എന്നൊരാളെ അവരോധിക്കുകയും ചെയ്തു. ഇത് അഫ്ഗാനിസ്ഥാനിലെ സ്വാതന്ത്ര്യസ്നേഹികളും ജനാധിപത്യ വിശ്വാസികളുമായ ജനങ്ങളിൽ നിലനിന്നിരുന്ന സോവിയറ്റ് വിരുദ്ധ വികാരത്തെ കൂടുതൽ ദൃഢമാക്കി. അന്നത്തെ പ്രസിഡന്റ് ബ്രഷ്നേവ് നയിച്ച സോവിയറ്റ് റിവിഷനിസ്റ്റ് നേതൃത്വത്തിന്റെ തെറ്റായ നടപടികൾ നിമിത്തം, സാമൂഹിക വികാസത്തിനും ദശകങ്ങളായുള്ള നാടുവാഴിത്തകെട്ടുപാടുകളിൽനിന്നുള്ള ജനങ്ങളുടെ മോചനത്തിനും തടസ്സം സൃഷ്ടിച്ചിരുന്ന പിന്തിരിപ്പൻ ശക്തികൾക്കും മതഭ്രാന്തന്മാർക്കും പുറത്താക്കപ്പെട്ട യാഥാസ്ഥിതികവിഭാഗങ്ങൾക്കും മേൽക്കൈ ലഭിക്കുകയും ചെയ്തു.

സോവിയറ്റ് ബുദ്ധിമോശം അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വഴിയൊരുക്കി

ഈ കലങ്ങിയ വെള്ളത്തിൽ, അമേരിക്കന്‍ സാമ്രാജ്യത്വവും അതിന്റെ കുപ്രസിദ്ധ ചാരസംഘടനയായ സിഐഎയും അഫ്ഗാനിസ്ഥാനിലെ പരസ്പരം പോരടിക്കുന്ന കലാപകാരികളായ യുദ്ധപ്രഭുക്കന്മാരെയും ഗറില്ലാ ഗ്രൂപ്പുകളുടെ സംഘമായ മുജാഹിദീനിലെ വിവിധ ഘടകങ്ങളെയും എരികേറ്റുകയും അവർക്ക് പണവും ആയുധങ്ങളും ഉപഗ്രഹ നിരീക്ഷണ സംവിധാനങ്ങളും ഇന്റലിജൻസ് രേഖകളും നൽകുകയും സോവിയറ്റ് സൈന്യത്തിനെതിരെ പൊരുതാൻ അഫ്ഗാൻ അഭയാർത്ഥിക്യാമ്പുകളിൽനിന്ന് പോരാളികളെ റിക്രൂട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കുകപോലും ചെയ്തു. അന്ന് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അടുത്ത കൂട്ടാളിയായിരുന്ന പാക്കിസ്ഥാന്റെ സഹായത്തോടെ യുഎസ് ഭരണാധികാരികൾ ഈ റിക്രൂട്ടുകൾക്ക് സൈ നിക പരിശീലനം നൽകുകയും ചെയ്തു. സിഐഎ രേഖകളിൽ തുറന്ന് അംഗീകരിച്ചതുപോലെ, സോവിയറ്റ് അനുകൂല ഭരണവാഴ്ച്ചയുടെ എതിരാളികൾക്ക് അമേരിക്കയുടെ രഹസ്യ സഹായം 1979ൽ നൽകാനാരംഭിച്ചു. പേപിടിച്ച ഇസ്ലാമിക മൗലികവാദശക്തികളുടെ മറ്റൊരു കൂട്ടമായ അൽ ഖ്വൊയ്ദയ്ക്ക് യുഎസ് സാമ്രാജ്യത്വം 1988ൽ ജന്മം കൊടുത്തു.


അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ സൈന്യത്തെ പിൻവലിക്കാൻ 1989ൽ സോവിയറ്റ് യൂണിയനിലെ റിവിഷനിസ്റ്റ് നേതൃത്വം നിർബ്ബന്ധിതമാകുകയും മുജാഹിദ്ദീന്റെ സഹായത്തോടെ പുതിയൊരു ഗവൺമെന്റ് രൂപീകരിക്കപ്പെടുകയും ചെയ്തു. പക്ഷേ യുദ്ധ പ്രഭുക്കൾക്കിടയിൽ അധികാരത്തിനായുള്ള രൂക്ഷമായ കലഹങ്ങൾ തുടരുകയും പലയിടത്തും സായുധപ്പോരാട്ടങ്ങൾ നടക്കുകയും ചെയ്തു. ഈ ദയനീയമായ ഇരുണ്ട കാലത്താണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും പാക്കിസ്ഥാനിലെ മുതലാളിവർഗ്ഗ ഭരണാധികാരികളുടെയും അനുഗ്രഹാശിസ്സുകളോടും പിന്തുണയോടും കൂടിത്തന്നെ 1994ൽ താലിബാന്‍ സേന ഉയർന്നുവരുന്നത്. തങ്ങളുടെ രാജ്യത്തെ സമാധാനപൂർണ്ണമായി ഒരിക്കലും കണ്ടിട്ടില്ലാത്തവരും വേരുകൾ നഷ്ടപ്പെട്ടവരും തൊഴിലില്ലാത്തവരും സാമ്പത്തികമായി നിരാലംബരും ആത്മബോധം നഷ്ടപ്പെട്ടവരും അതുകൊണ്ടുതന്നെ അസ്വസ്ഥരും ജീവിതലക്ഷ്യങ്ങളിലാത്ത നിരാശാഭരിതരുമായ അഫ്ഗാൻ യുവജനങ്ങളിൽനിന്നും അഭയാർത്ഥികളിൽനിന്നും അനാഥരിൽനിന്നും ആയിരക്കണക്കിനാൾക്കാരെ താലിബാൻ റിക്രൂട്ട് ചെയ്തു. രണ്ടു ഭീകര ഇസ്ലാമിക മതമൗലികശക്തികളായ താലിബാനും അൽഖ്വൊയ്ദയും തമ്മിൽ പരസ്പരധാരണ വളർത്തിയെടുക്കുകയും ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്തു. മുളപൊട്ടി വന്നിരുന്ന ഇടതുജനാധിപത്യശക്തികളെ അടിച്ചമർത്തുകയും താലിബാൻ തങ്ങളുടെ സ്വാധീനം അതിവേഗത്തിൽ വിപുലപ്പെടുത്തുകയും അന്തിമമായി പാക്കിസ്ഥാൻ സൈന്യത്തിന്റ സഹായത്തോടെ 1996ൽ അധികാരം പിടിച്ചടക്കുകയും ചെയ്തു. അങ്ങനെ അഫ്ഗാൻ ജനതയുടെ അഭിലാഷങ്ങൾ പൂർത്തികരിക്ക പ്പെട്ടില്ല എന്നുമാത്രമല്ല ഉള്ളിൽനിന്നും പുറത്തുനിന്നുമുള്ള പിന്തിരിപ്പൻശക്തികളുടെ സമ്മര്‍ദ്ദംമൂലം നിരന്തരമായ സംഘർഷങ്ങളും പിരിമുറുക്കങ്ങളും രാജ്യത്തെ ഗ്രസിക്കുകയും ചെയ്തു.

ഒന്നാം താലിബാൻ ഭരണത്തിന്റെ ഭീകരത

വിജ്ഞാനവിരുദ്ധ ഫ്യൂഡൽസംസ്ക്കാരത്തിന്റെയും മതപുനരുദ്ധാരണവാദത്തിന്റെയും ഉയിർത്തെഴുന്നേൽപ്പുകൊണ്ട് അടയാളപ്പെടുത്തപ്പെട്ട താലിബാൻ ഭരണത്തിന്റെ ജനപ്രീതി ക്രമേണ നഷ്ടപ്പെട്ടു. മറുഭാഗത്ത്, സ്വർണ്ണം, ചെമ്പ്, ലിഥിയം, രത്നക്കല്ല് തുടങ്ങിയ വിലയേറിയ ധാതുക്കളുടെ ഖനികളും പെട്രോളിയവും പ്രകൃതിവാതകവും സമൃദ്ധമായ, സർവ്വോപരി കറുപ്പിന്റേയും മറ്റു ലഹരിവസ്തുക്കളുടെയും ഏറ്റവും വലിയ ഉല്പാദകരുമായ അഫ്ഗാനിസ്ഥാൻ എല്ലായ്പ്പോഴും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിരീക്ഷണവലയത്തിലായിരുന്നു. മദ്ധ്യേഷ്യ, ഇന്ത്യാ ഉപഭൂഖണ്ഡം, കിഴക്കൻ യൂറോപ്പ് തുടങ്ങിയ പ്രദേശങ്ങളെ നിരീക്ഷിക്കേണ്ട ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ, മൈലുകളോളം നീണ്ടുകിടക്കുന്ന ഭൂപ്രദേശങ്ങൾ നിറഞ്ഞ, പർവ്വതങ്ങളാൽ ചുറ്റപ്പെട്ട അഫ്ഗാനിസ്ഥാന്റെ ഭൗമശാസ്ത്രപരമായ സ്ഥാനം പരമപ്രധാനമാണുതാനും. മാത്രവുമല്ല, ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും തുറമുഖങ്ങളിലേക്ക് ഗള്‍ഫ് നാടുകളിൽനിന്നുള്ള എണ്ണ കൊണ്ടുപോകാനുളള പൈപ്പ് ലൈൻ കടന്നുപോകുന്നതും അഫ്ഗാനിസ്ഥാനിലൂടെയാണ്. മദ്ധേഷ്യയിൽ തക്കംപാർത്ത് നിൽക്കുകയായിരുന്ന അമേരിക്കന്‍ സാമ്രാജ്യത്വം അഫ്ഗാനുമേലുള്ള തങ്ങളുടെ പുത്തൻ കൊളോണിയൽ ആധിപത്യം തീവ്രമാക്കാനും താലിബാൻ സർക്കാരിനെ മറിച്ചിട്ട് തൽസ്ഥാനത്ത് ഒരു പാവ സർക്കാരിനെ അവരോധിക്കാനുമുള്ള അവസരം കാത്തിരിക്കുകയായിരുന്നു. ലോകമാസകലം അധീശത്വം നേടാനും കൊള്ള നടത്താനുമുള്ള സാമ്രാജ്യത്വത്തിന്റെ വിശിഷ്യ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ശ്രമങ്ങൾ, ശക്തമായ ഒരു സോഷ്യലിസ്റ്റ് ക്യാമ്പിന്റെ അഭാവം നിമിത്തം അഭംഗുരം നടന്നുകൊണ്ടിരിക്കുകയായിരുന്നു; ഇപ്പോഴും അത് തുടരുന്നു.

അഫ്ഗാനിസ്ഥാനിൽ അമേരിക്ക ഒരു സമ്പൂര്‍ണ്ണ ആക്രമണയുദ്ധം ആരംഭിച്ചു

2001 സെപ്തംബർ 11ന് ന്യൂയോർക്കിലെ ഇരട്ട ഗോപുരങ്ങൾ തീവ്രവാദി ആക്രമണത്തിൽ തകർന്നടിഞ്ഞതിനെത്തുടർന്ന്, തീവ്രവാദത്തിനെരെ പ്രത്യേകിച്ചും ഇസ്ലാമിക തീവ്രവാദത്തിനെതിരെ കുരിശുയുദ്ധം നയിക്കുന്നവരെന്ന് നടിച്ചിരുന്ന, പ്രസിഡണ്ട് ജോർജ്ജ് ബുഷിന്റെ നേതൃത്വത്തിലുള്ള യുഎസ് ഗവണ്മെന്റ് അൽ ഖ്വൊയ്ദയുടെമേൽ അതിന്റെ ഉത്തരവാദിത്തം ചാർത്തിക്കൊടുക്കുകയും അൽ ഖ്വൊയ്ദയുടെ കൂട്ടാളികളായ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനുനേരേ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. അമേരിക്കൻ സാമാജ്യത്വം വളർത്തിയതും പിന്നീട് അവർക്കുതന്നെ വിനയായി മാറുകയുംചെയ്ത കുപ്രസിദ്ധനായ അൽ ഖ്വൊയ്ദ തലവൻ ഒസാമ ബിൻ ലാദൻ ഉൾപ്പെടെയുള്ള നേതാക്കളെ വിട്ടുകൊടുക്കണമെന്നുള്ള തന്റെ ആവശ്യം താലിബാൻ ഭരണവൃന്ദം നിരസിച്ചെന്ന് ബുഷ് ആരോപിച്ചു. അഫ്ഗാനിസ്ഥാനിൽനിന്ന് തന്റെ ശൃംഖലയുടെ പ്രവർത്തനം നിയന്ത്രിച്ചിരുന്ന ലാദൻ താലിബാന്റെ ‘അതിഥി’യായിരുന്നുവെന്നാണ് അമേരിക്കന്‍ സമ്രാജ്യത്വത്തിന്റെ അഭിപ്രായം. യുഎസിന്റെ നേതൃത്വത്തിലുള്ള നാറ്റോസഖ്യത്തിന്റെ സൈന്യം വളരെപ്പെട്ടെന്നുതന്നെ താലിബാനെ അധികാരഭ്രഷ്ടരാക്കുകയും ഒരു ഇടക്കാല ഗവണ്മെന്റിനെ വാഴിക്കുകയും ചെയ്തു.

യുഎസ് സാമ്രാജ്യത്വ പിന്തുണയുള്ള മർദ്ദകരുടെയും അഴിമതിക്കാരുടെയും ഭരണമാണ് 2001മുതല്‍ നിലവിലുള്ളത്

മറുഭാഗത്ത്, അൽ ഖ്വൊയ്ദയുടെയും കൂട്ടാളികളുടെയും ഭീകരവാദത്തെ അമർച്ച ചെയ്യാനെന്നപേരിൽ അമേരിക്കൻ സാമ്രാജ്യത്വം ആ രാജ്യത്തേക്ക് വമ്പിച്ച സൈന്യവും ആധുനികമായ പടക്കോപ്പുകളും കൂട്ട നശീകരണായുധങ്ങളുമെല്ലാം എത്തിക്കുകയും അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തെ ചവിട്ടിമെതിച്ചുകൊണ്ട് നിരന്തര യുദ്ധത്തിലൂടെ ആ നാടിനെ തകർക്കുകയും ചെയ്തു. 20 വർഷത്തെ യുദ്ധത്തിൽ അമേരിക്കയുടെ ചെലവ് 2.26 ട്രില്യണിൽപ്പരം ഡോളറണ്, അതിൽ 530 ബില്യൺ ഡോളർ, യുദ്ധത്തിന്റെ ചെലവിലേക്ക് അമേരിക്ക എടുത്ത കടത്തിന്റെ പലിശയാണ്. ഔദ്യോഗിക റിപ്പോർട്ടനുസരിച്ച് അമേരിക്കയുടെ ഭാഗത്തെ മരണം 4000-ത്തിൽ കൂടുതലാണ്. മറുഭാഗത്ത്, 20 ലക്ഷത്തിൽപ്പരം അഫ്ഗാൻകാർക്ക് ജീവൻ നഷ്ടപ്പെട്ടു. ദശലക്ഷത്തിൽപരം ആൾക്കാർ അഭയാർത്ഥികളായി. 1.84 കോടി അഫ്ഗാൻ ജനങ്ങൾക്ക് നിലനില്പിനായി ജീവകാരുണ്യ സഹായത്തെ ആശ്രയിക്കേണ്ടിവരുന്നു. അവരുടെ ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും അതിരില്ല.

അഫ്ഗാനിസ്ഥാന്റെ സാമ്പത്തികത്തകർച്ച

2001 ഒക്ടോബറിലെ യുഎസ് അധിനിവേശത്തിനുമുമ്പുളള രണ്ടു ദശകങ്ങളിലേറെക്കാലത്തെ യുദ്ധം നിമിത്തം അഫ്ഗാനിസ്ഥാന്റെ സാമ്പത്തികനില തകർച്ചയിലായിരുന്നു. 20 വർഷത്തെ യു.എസ് അധിനിവേശക്കാലത്ത് സാഹചര്യം കൂടുതൽ വഷളായി. 90 ശതമാനം ജനങ്ങളും പ്രതിദിനം രണ്ട് ഡോളറിൽതാഴെ വരുമാനംകൊണ്ടാണ് ജീവിക്കുന്നതെന്ന്, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡൻറ് അഷ്റഫ് ഗാനി 2021ൽ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തരോല്പാദനം(GDP) 20 ബില്യൺ ഡോളറാണ്; അതാകട്ടെ ജമ്മു കാശ്മീറിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് തുല്യമാണ്. ജിഡിപിയുടെ 40 ശതമാനം ഐഎംഎഫ് വായ്പയിൽ നിന്നാണ്; ലഹരി, മയക്കുമരുന്ന് വ്യാപാരത്തിലൂടെ 6 മുതൽ 11 ശതമാനം വരെയും. വിദേശ സഹായവും വായ്പയും കുറയാൻ തുടങ്ങിയതോടെ ജിഡിപി വളർച്ചാനിരക്ക് 2 മുതൽ 3ശതമാനം വരെ ഇടിയാനും തുടങ്ങി. കറന്റ് അക്കൗണ്ട് കമ്മി (ഇറക്കുമതി കയറ്റുമതിയേക്കാൾ കൂടുതൽ) ജിഡിപിയുടെ 27.5 ശതമാനമെന്ന സുസ്ഥിരമല്ലാത്ത നിരക്കിലുമാണ്. കൃഷിയോഗ്യമായ 12 ശതമാനം സ്ഥലംകൊണ്ട് ജനസംഖ്യയുടെ 70 ശതമാനം ആള്‍ക്കാരെയേ നിലനിർത്താൻ കഴിയുന്നുള്ളൂ. ദാരിദ്ര്യ നിരക്ക് ജനസംഖ്യയുടെ പകുതിയിലധികം വരും. യുഎസിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന, അഫ്ഗാൻ സെന്‍ട്രൽ ബാങ്കായ ഡിഎബി യിലെ വിദേശനാണ്യ ശേഖരവും സ്വർണ്ണവും യുഎസ് മരവിപ്പിച്ചിരിക്കുന്നു. ഐഎംഎഫ് അഫ്ഗാനിസ്ഥാനിലേക്കുള്ള വായ്പയും മരവിപ്പിച്ചിരിക്കുന്നു. അങ്ങനെ സമ്പദ്‌രംഗം വീണ്ടും അധ:പതിച്ചിരിക്കുന്നു. ആടിയുലയുന്ന ഒരു ഭരണ വാഴ്ച്ചയെ സംരക്ഷിക്കുന്നതിലും കഠിനമാണ് അസന്തുലിതമായ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചെടുക്കുക എന്നത് താലിബാനും മനസ്സിലായി. സാധാരണ ജനങ്ങളുടെ സുരക്ഷിതത്വവും ജീവിതനിലവാരത്തിലെ അനുക്രമമായ വികാസവുമാണ് ഏതൊരു രാഷ്ട നിർമ്മാണ പ്രക്രിയയുടെയും അടിക്കല്ല് എന്നത് സുവിദിതമാണല്ലോ. എന്നാൽ യുദ്ധം, അസ്ഥിരത, കൊള്ള, പീഡനം, കൈക്കൂലി, അഴിമതി എന്നിവ വളർന്നുവന്നാൽ സമ്പദ്‌വ്യവസ്ഥ ക്ഷയിക്കാൻ തുടങ്ങും. കഴിഞ്ഞ 20 വർഷമായി അഫ്ഗാനിസ്ഥാനിലെ സ്ഥിതി വഷളാക്കിയതിതാണ്.

ജനങ്ങൾക്കിടയിൽ ഉയരുന്ന രോഷം

അമേരിക്കന്‍ അധിനിവേശത്തിനെതിരെയുള്ള രോഷവും അസംതൃപ്തിയും അഫ്ഗാൻ ജനതയിൽ വളർന്ന് വരികയായിരുന്നു. ആ രാജ്യത്തെ സ്വാതന്ത്ര്യസ്നേഹികളായ ജനങ്ങൾക്കിടയിൽ ഒരു ദേശീയാപമാനബോധത്തിനും അത് ജന്മം കൊടുത്തു. ശക്തമായ ഒരു മതേതര ജനാധിപത്യശക്തിയുടെ ദൗർബല്യത്താലോഅഭാവത്താലോ അഫ്ഗാൻ ജനത ഒരിക്കൽ നിരാകരിച്ച ഭീഷണമായ താലിബാൻ, അധിനിവേശ ആക്രമണകാരികൾക്കെതിരായുയരുന്ന പ്രതിഷേധ തരംഗത്തെയും അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധദേശീയവികാരത്തിന്റെ പൊതു ലക്ഷ്യത്തേയും കൈയിലൊതുക്കാൻ തുടങ്ങി. രാജ്യം മുഴുവൻ ഉൾക്കൊള്ളുന്നതും വിജ്ഞാനദീപ്തമായ ജനാധിപത്യ ശക്തികളുടെ നേതൃത്വത്തിലുള്ളതുമായ ചെറുത്തുനില്പ് സമരത്തിന്റെ അഭാവത്താൽ, ഒരിക്കൽ സ്ഥാനഭ്രഷ്ടരാക്കപ്പെട്ട താലിബാൻ വീണ്ടും ഒത്തുകൂടാൻ തുടങ്ങി; ജനങ്ങൾക്കതെത്ര ഹാനികരമായിരുന്നെങ്കിൽക്കൂടി. പ്രകൃത്യ തന്നെ അങ്ങേയറ്റം കൗശലക്കാരായ അമേരിക്കന്‍ സാമ്രാജ്യത്വമാകട്ടെ, അമേരിക്കന്‍ അധിനിവേശത്തിനെതിരായ ഏതൊരു പ്രക്ഷോഭണവും താലിബാൻ ആസൂത്രണം ചെയ്യുന്ന തീവ്രവാദപ്രവർത്തനമാണെന്ന വാദമുയർത്തി തങ്ങളുടെ യഥാർത്ഥലക്ഷ്യം മറച്ചുവയ്ക്കുകയും ചെയ്തു. തീവ്രവാദത്തെ അമർച്ച ചെയ്യാനെന്നപേരിൽ അഫ്ഗാനിസ്ഥാനില്‍ അവർ തങ്ങളുടെ സൈനികസാന്നിദ്ധ്യവും നടപടികളും വർദ്ധിപ്പിച്ചു. തീർച്ചയായും അഫ്ഗാൻ ജനതയുടെ തീവ്രാഭിലാഷമായ ജനാധിപത്യവും സമാധാനവും അവർക്ക് നൽകാൻ മാത്രം പുണ്യവാളന്മാരൊ ന്നുമായിരുന്നില്ല അമേരിക്കന്‍ സാമ്രാജ്യത്വം. യുഎസ് സൈനിക-വ്യവസായ കൂട്ടുകെട്ടിന്റെ നേതൃത്വത്തിൽ യുഎസ് ബാങ്കുകളും വ്യാവസായിക ഖനന കുത്തകകളും അഫ്ഗാൻ ജനതയ്ക്ക് ഉറച്ച ജനാധിപത്യവും മിതവാദ ഇസ്ലാമിലേക്കുള്ള തിളങ്ങുന്ന പാതയും വാഗ്ദാനം ചെയ്തുകൊണ്ട്, കുത്തിക്കവർച്ചയിലൂടെ വമ്പിച്ച സമ്പത്ത് കൈക്കലാക്കി. പക്ഷേ, യുഎസിന്റെ പിന്തുണയിലുള്ള ഗാനി സർക്കാരിൽ അങ്ങേയറ്റം കാര്യശേഷിയില്ലാത്തതും അഴിമതി നിറഞ്ഞതും ഇടറുന്ന ഭരണവുമാണ് അഫ്ഗാൻ ജനത കണ്ടത്.

യുഎസ് പിന്തുണയിലുള്ള ഗാനി സർക്കാരിനെതിരെ
വർദ്ധിച്ചുവരുന്ന ജനരോഷം

അമേരിക്കന്‍ സാമ്രാജ്യത്വത്തിനൊപ്പം അവരുടെ പിണിയാളായ ഗാനിയും രാജ്യത്തെ സായുധസേനയിൽ അഴിമതിയുടെയും പ്രീണനത്തിന്റെയും വലക്കണ്ണികളും നെയ്തെടുത്തു. ഉയർന്ന സൈനികോദ്യോഗസ്ഥർ സൈനികരുടെ പട്ടിക കൃത്രിമമായി വലുതാക്കുകയും യഥാർത്ഥത്തിലില്ലാത്ത ഈ സൈനികരുടെ ശമ്പളം തങ്ങളുടെ പേരിലേക്ക് തട്ടിയെടുക്കുകയും ചെയ്തു. സൈനികശേഷി ഉള്ളവർക്കുപകരം രാഷ്ട്രീയദാസന്മാർക്കായി ഉയർന്ന സൈനികപദവി കൊടുക്കുന്ന രീതിയിൽ നിന്നാണിതുണ്ടായത്. രാഷ്ട്രീയ ബന്ധമുള്ള ഈ ഉദ്യോഗസ്ഥർ സമ്പത്തു തട്ടിയെടുക്കാനാണ് തങ്ങളുടെ പദവി ഉപയോഗിച്ചത്. ഇതെല്ലാം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പൂർണ്ണമായ അറിവോടെയുമായിരുന്നു. സ്വാർത്ഥതയും അഴിമതിയും രൂഢമൂലമായ അഫ്ഗാൻ സൈന്യത്തിന് താലിബാനെ നേരിടാനുളള മനോവീര്യമുണ്ടായിരുന്നില്ല. താലിബാന്റെ ആക്രമണം കടുത്തതോടെ അവർ എതിർപ്പില്ലാതെ കീഴടങ്ങുകയും തങ്ങളുടെ ആയുധശേഖരം അവരുടെ പ്രഖ്യാപിത ശത്രുക്കൾക്കുതന്നെ അടിയറവെക്കുകയും ചെയ്തു. അങ്ങനെ യുഎസ് ഭരണാധികാരികളുടെ ‘അസാധാരണമാം വിധം അനുകമ്പയുള്ള സാമ്രാജ്യം’ കരുണയറ്റ അടിച്ചമർത്തലിനും മർദ്ദനത്തിനും സാമ്പത്തിക വിനാശത്തിനും യുദ്ധഭീതി നിലനില്ക്കുന്ന അന്തരീക്ഷത്തിനും പുറമേ, വാഗ്ദാനം ചെയ്യപ്പെട്ട ജനാധിപത്യത്തിനുപകരം മധ്യകാല മതഭ്രാന്തന്മാരുടെ ഒരു സ്വേച്ഛാഭരണമാണ് അഫ്ഗാൻ ജനതയ്ക്കു നൽകിയത്. കാബൂളിന് വടക്ക് പഞ്ചശീർ താഴ്‌വരയിൽ ദേശീയ പ്രതിരോധസേന ഇപ്പോഴും നടത്തുന്ന കടുത്ത ചെറുത്തുനില്പ് താലിബാൻ കീഴടക്കാനാവാത്ത ശക്തിയാണെന്ന ധാരണയെ തിരുത്തുന്നതാണ്.

പെന്റഗണും താലിബാനും തമ്മിലുള്ള ഇടപാടുകള്‍

അഫ്ഗാനിസ്ഥാനിലെയും സ്വന്തം നാട്ടിലെയും പൊതുവികാരം തങ്ങളുടെ പാവസർക്കാരിനെതിരെ വ്യക്തമായി തിരിയുന്നതും താലിബാൻ അതിവേഗം ശക്തിയാർജ്ജിക്കുന്നതുംമൂലം സൈനികാക്രമണം രൂക്ഷ മാക്കുന്നത് തിരിച്ചടിക്കപ്പെടും എന്നു യു.എസ് സാമ്രാജ്യത്വം മനസ്സിലാക്കിയതോടെ അഫ്ഗാനിസ്ഥാനിലെ ഹീനമായ തങ്ങളുടെ വർഗ്ഗതാല്പര്യങ്ങൾ സംരക്ഷിക്കാൻ പുതിയൊരു തന്ത്രത്തിലേക്കവർ തിരിഞ്ഞു. അങ്ങനെ, 2018 ഒക്ടോബറിൽ ഖത്തറിലെ ദോഹയിൽവച്ച് മുൻ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് താലിബാൻ പ്രതിനിധികളുമായുള്ള ഒരു ചർച്ച ആരംഭിച്ചു. തങ്ങൾ കാബൂൾ ഗവണ്മെൻറുമായല്ല, യു.എസ്സുമായി മാത്രമേ നേരിട്ടുള്ള ചർച്ചകൾക്കു സന്നദ്ധമാകൂ എന്നു ദോഹ ചർച്ചകൾക്ക് മുമ്പുതന്നെ താലിബാൻ നിലപാടെടുത്തിരുന്നു. ഈ ആവശ്യം യു.എസ്. അംഗീകരിച്ചുകൊണ്ട് ഗാനി ഗവണ്മെന്റിനെ ഒഴിവാക്കി താലിബാനുമായി ചർച്ച തുടങ്ങി. എട്ടു ഘട്ടങ്ങളിലായി അടുത്ത വർഷവും ചർച്ചകൾ തുടർന്നു. ഒരു യുഎസ് ഉദ്യോഗസ്ഥനെ താലിബാൻ വധിച്ചു എന്ന കാരണത്താൽ 2019 സെപ്തംബറിൽ ട്രമ്പ് പൊടുന്നനെ ചർച്ചകൾ നിര്‍ത്തിവയ്പ്പിച്ചു. എന്നാൽ ആഗോള കമ്പോളത്തിലെ തങ്ങളുടെ മത്സരക്കാരായ ചൈനയും റഷ്യയും ഈ സാഹചര്യത്തിൽ എന്തെങ്കിലും നിർണ്ണായക രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുന്നത് തടയുന്നതിന് അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ നേരിട്ടല്ലാത്ത സ്വാധീനം നിലനിർത്തണമെന്നുള്ള സമ്മർദ്ദത്തിൽ ചർച്ചകളിലെ ഈ സ്തംഭനാവസ്ഥ ഉടൻ മാറ്റി. അന്തിമമായി, 2020 ഫെബ്രുവരിയിൽ യു.എസും താലിബാനും ഒരു സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു. 14 മാസങ്ങൾക്കുള്ളിൽ യു.എസ് സൈന്യം സമ്പൂർണ്ണമായി പിൻവാങ്ങുമെന്നും പകരം താലിബാൻ തീവ്രവാദികളെ തള്ളിപ്പറയുമെന്നും അമേരിക്കയെ ആക്രമിക്കുന്നതിൽനിന്ന് വിട്ടുനില്ക്കുമെന്നുമായിരുന്നു കരാർ. അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ താല്പര്യങ്ങൾക്ക് ഹാനിയൊന്നും സംഭവിക്കില്ല എന്ന ഉറപ്പ് മറുഭാഗത്ത് യു.എസ് സാമ്രാജ്യത്വം താലിബാനുമായുണ്ടാക്കിയ കരാറിലൂടെ ഉറപ്പാക്കുകയും ചെയ്തു. ചൈനയും റഷ്യയും താലിബാനു നേർക്ക് സമാധാനത്തിന്റെ ഒലീവ് ശാഖകൾ കാട്ടിക്കൊണ്ടിരിക്കുന്നതിനാൽ താലിബാനുമായുണ്ടാക്കിയ രഹസ്യകരാർ ഭാവിയിൽ തങ്ങൾക്ക് ഗുണകരമാകുമെന്നും യു.എസ് ഭരണാധികാരികൾ കരുതി. കാരണം, റഷ്യയോടൊപ്പം ചേർന്ന് ചൈനയും ഇറാനും മദ്ധ്യേഷ്യയിലെ യു.എസ് മേധാവിത്വത്തിനും താൻപോരിമയ്ക്കുമെതിരെ വെല്ലുവിളി ഉയർത്തുമ്പോൾ തല്ക്കാലത്തേക്കുള്ള തന്ത്രപരമായ ഒരു പിന്മാറ്റം ബുദ്ധിപരമായിരിക്കുമെന്ന് പെന്റഗൺ മേധാവികൾ വിചാരിക്കുന്നു.

കരാറിലെ രഹസ്യ വ്യവസ്ഥകൾ വെളിവാക്കിയിട്ടില്ല

യുദ്ധകലുഷിതമായ അഫ്ഗാനിസ്ഥാനിൽ സമാധാനം സ്ഥാപിക്കാനുള്ള സ്വാഗതാർഹമായ വെടിനിർത്തലായാണ് ഈ കരാർ പുറമേയ്ക്ക് സ്വയം പ്രഖ്യാപിക്കപ്പെ ട്ടതെങ്കിലും ചരടുകൾ ഇല്ലാത്ത ഒന്നായിരുന്നില്ല ഇത്. ഈ കരാറിന് നാല് ഘടകങ്ങളുണ്ട്: വിദേശ സായുധ ഗ്രൂപ്പുകൾക്ക് ആക്രമണം നടത്താനുള്ള വേദി അഫ്ഗാനിസ്ഥാനിൽ ഒരുക്കിക്കൊടുക്കില്ല എന്ന താലിബാന്റെ ഉറപ്പ്, യുഎസ് നേതൃത്വത്തിലുള്ള സൈന്യത്തിന്റെ പൂർണ്ണമായ പിൻവാങ്ങൽ, അഫ്ഗാനിസ്ഥാനുള്ളിലെ ചർച്ചകൾ, വെടിനിർത്തൽ എന്നിവയാണവ. അഫ്ഗാനിസ്ഥാനുള്ളിലെ ചർച്ചകൾ തുടങ്ങാനുളള മുന്നുപാധിയെന്ന നിലയിൽ താലിബാൻ ആവശ്യപ്പെട്ടതുപ്രകാരം ആയിരക്കണക്കിന് താലിബാൻ തടവുകാരെ ജയിലുകളിൽനിന്ന് മോചിപ്പിക്കാൻ, കരാർ ഒപ്പിട്ടതിനുശേഷം അമേരിക്ക അഫ്ഗാൻ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തി. താലിബാൻ പ്രതിനിധികളും അഫ്ഗാൻ ഗവണ്മെന്റും തമ്മിലുള്ള ചർച്ചകൾ 2020 സെപ്തംബറിൽ ആരംഭിച്ചുവെങ്കിലും കാര്യമായ മുന്നേറ്റമൊന്നുമുണ്ടായില്ല. താലിബാനുമായുള്ള തങ്ങളുടെ ചങ്ങാത്തത്തിന് പ്രാമുഖ്യം കിട്ടുന്നതിനായി അമേരിക്ക ഈ ചർച്ചകളിൽ അഫ്ഗാൻ സർക്കാരിനെ ഒഴിവാക്കുകയായിരുന്നു. അഫ്ഗാൻ നിയന്ത്രണത്തിൽ തങ്ങളുടെ ഏതൊക്കെ താവളങ്ങളാണ് തുറന്നുവയ്ക്കുക എന്ന് യുഎസ് താലിബാന് കരാർപ്രകാരം വിവരം കൊടുക്കേണ്ടതായിട്ടുണ്ട്.

അവയുടെ സുരക്ഷയ്ക്കുവേണ്ടിയാണിത്. കരാറുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായമനുസരിച്ച് അതിലെ അനുബന്ധ രേഖകൾ, സമാധാനസ്ഥാപനത്തെ സംബന്ധിച്ച് വ്യക്തമായ ചിത്രം നല്‍കുന്നില്ല. മുൻ യുഎസ് പ്രസിഡന്റ് ട്രംപ് നിര്‍ദ്ദേശിച്ചതുപോലെ, താലിബാൻ ഒരു തീവ്രവാദവിരുദ്ധശക്തിയാകുമെന്നതിനു യാതൊരുറപ്പുമില്ല. തീവ്രവാദഗ്രൂപ്പുകളെ സൃഷ്ടിക്കുകയും അവർക്കു പണവും ആയുധങ്ങളും നൽകുകയും, എന്നാല്‍ തീവ്രവാദത്തിനെതിരെ കുരിശുയുദ്ധം നടത്തുന്നവരെന്ന കൗശലപൂർണ്ണമായ നാട്യം നിലനിർത്തി, തങ്ങൾ ലക്ഷ്യം വയ്ക്കുന്ന ഏതു രാജ്യത്തും സൈനികാക്രമണവും കവർച്ചയും നടത്തുന്ന യുഎസിന്റെ ഭാഗത്തേക്കു ചായാനാണ്, തീവ്രവാദ വിരുദ്ധ ശക്തിയാകാൻ താലിബാനോടുള്ള നിർദ്ദേശം വഴി ട്രമ്പ് യഥാർത്ഥത്തിലുദ്ദേശിച്ചിട്ടുണ്ടാകുക. സൈനിക പിന്മാറ്റത്തിനുശേഷവും സിഐഎയുടെ വലിയൊരു വിഭാഗത്തെ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ നിന്നൊഴിവാക്കിയിട്ടില്ല എന്നത് ഈ നിഗമനത്തെ സാധൂകരിക്കുന്നുണ്ട്. യുഎസ് നിയമനിർമ്മാണ സഭയിൽനിന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും താലിബാനുമായി യുഎസ് ഭരണാധികാരികൾ ഉണ്ടാക്കിയ കരാർ പൂർണ്ണമായും പുറത്തുവിട്ടിട്ടില്ല. “കരാറിലെ രഹസ്യ അനുബന്ധങ്ങൾ പൊതു സമ്മതിയുമായി ഒത്തുപോകുന്നതും അഫ്ഗാനിസ്ഥാനുള്ളിലെ ചർച്ചകളിലൂടെ സ്ഥിരവും സമ്പൂർണ്ണവുമായ വെടിനിർത്തലിനുള്ള സമഗ്രമായ ഒരു ഒത്തുതീർപ്പിലെത്തുന്നതുവരെ ആക്രമണം ലഘൂകരിക്കാനുള്ള ശ്രമങ്ങളിൽ, സ്വരക്ഷയ്ക്കായുള്ള അവകാശം സംരക്ഷിക്കുന്നതിനോടൊപ്പം, എല്ലാ കക്ഷികളുടെയും ഉറപ്പ് ഉൾക്കൊള്ളുന്നതുമാണ്” എന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ ഒരു പ്രസ്താവനയിൽ പറയുന്നു എന്നുമാത്രം. “താലിബാന്റെ സ്വഭാവം നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമുള്ള സുസജ്ജമായ ഒരു നിരീക്ഷണ-വിലയിരുത്തൽ സംവിധാനം യുഎസ്സിനുണ്ട് ” എന്നും അത് കൂട്ടിച്ചേർക്കുന്നു. എന്നാൽ കരാർ വായിച്ചവരുടെ അഭിപ്രായപ്രകാരം നിശ്ചിതവ്യവസ്ഥകൾ അസ്പഷ്ടവും യുഎസിന് എത്രമാത്രം പ്രയോജനകരമായിരിക്കും എന്നുറപ്പില്ലാത്തതുമാണ് എന്നാണ്. എന്നാലും, സ്വന്തം പിണിയാളുകളെ അധികാരത്തിലേറ്റാനായി ഏതു രാജ്യത്തും അട്ടിമറി നടത്തുകയും വ്യാജ വസ്തുതകളുടെയടിസ്ഥാനത്തിൽ സൈനികാധിനിവേശവും ആക്രമണവും നടത്തുകയും 150 രാജ്യങ്ങളിൽ 800ൽ അധികം സൈനികത്താവളങ്ങളിൽ 1.70 ലക്ഷം സൈനികരെ നിലനിർത്തുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ, യുഎസ് അഫ്ഗാനിസ്ഥാനിൽനിന്ന് ഏകപക്ഷീയമായ ഒരു പിന്മാറ്റമാണ് നടത്തുന്നതെന്ന് വിശ്വസിക്കുക ബുദ്ധിമുട്ടാണ്. നിർണ്ണായകമായ എന്തൊക്കെയോ കാഴ്ച്ചയിൽനിന്ന് മറഞ്ഞിരിക്കുന്നു എന്ന് കരുതാം. ഉദാഹരണത്തിന്, ബലപ്രയോഗത്തിലൂടെ അധികാരത്തിലേറിയാൽ താലിബാന്റെ നിയമസാധുത ഇല്ലാതാകുമെന്ന് ബൈഡെൻ ഭരണനേതൃത്വം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ താലിബാൻ അധികാരം പിടിച്ചെടുത്തത് ബലം പ്രയോഗിച്ചു തന്നെയാണ്. യുഎസ് ഇതിന് സമ്മതം നൽകിയിരിക്കുന്നു. മറഞ്ഞിരിക്കുന്ന ഏതെങ്കിലും അജണ്ട ഇത് സൂചിപ്പിക്കുന്നുണ്ടോ? മാത്രമല്ല പ്രസിഡന്റ് ബൈഡൻ താലിബാൻ – ട്രമ്പ് കരാറിനെ അംഗീകരിക്കുകയും പിൻവാങ്ങലിനുള്ള സമയ പരിധി സെപ്റ്റംബർ 1 ലേക്ക് നീട്ടുകയും “നമ്മൾ ശരിയായ പാതയിൽത്തന്നെയാണ്, എവിടെയാണോ എത്തേണ്ടത് അവിടെ തന്നെ” എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ ലാഭം കൊയ്യാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്താൻ യുഎസിന് കഴിയില്ല

യുഎസ് ഏത് ട്രാക്കിലാണ് നിൽക്കന്നുത്? വരും ദിനങ്ങളിൽ ഇതിനുള്ള ഉത്തരം ലഭിക്കും. പക്ഷേ, അമേരിക്ക അഫ്ഗാനിസ്ഥാനെ ഉപേക്ഷിക്കുന്നത് നല്ലതിനാണെന്നുള്ള മിഥ്യാബോധം ഉണ്ടാകരുത്. അവർക്കതിന് കഴിയില്ല. കാരണം, ചൂഷണത്തിലൂടെ, കുറഞ്ഞ നിരക്കിൽ അവിടെ ലഭിക്കുന്ന അദ്ധ്വാനവും അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ച്, യുഎസ് കുത്തകകൾക്കും മൾട്ടി നാഷണൽ കമ്പനികൾക്കും ലാഭം കൊയ്യാനുള്ള അവസരങ്ങൾ ഇല്ലാതാക്കാൻ പെന്റഗണ്‍ ഭരണകൂടത്തിന് കഴിയില്ല. 2001 മുതൽ അഫ്ഗാൻ പുനർനിർമ്മാണത്തിനായി 144 ബില്യണ്‍ ഡോളറിലധികം യുഎസ് വിനിയോഗിച്ചിട്ടുണ്ട്. ആ പണത്തിന്റെ ഭൂരിഭാഗവും സ്വകാര്യ കോണ്‍ട്രാക്ടർമാർക്കും എൻജിഒകൾക്കും യുഎസ് സർക്കാരിനും ലഭിച്ചു. അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ പുനർനിർമ്മാണ ശ്രമങ്ങളുടെ ഓഡിറ്റിംഗ് വലിയ പാഴ്ച്ചെലവും വ്യാജഇടപാടുകളും ദുരുപയോഗവും എടുത്തുകാണിക്കുന്നു. അതേസമയം, അനധികൃത സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയും ബിസിനസ്സ് ഹൗസ് എന്ന പേരിൽ വേഷമണിഞ്ഞ, യുഎസ് മയക്കുമരുന്ന് മാഫിയ വൻ ലാഭം നേടിയെടുക്കുകയും ചെയ്തു. 2001ൽ അമേരിക്കൻ സൈന്യം താലിബാനെ അധികാരത്തിൽനിന്ന് പുറത്താക്കിയതിനുശേഷം, അഫ്ഗാനിസ്ഥാൻ, കറുപ്പ്, ഹെറോയിൻ എന്നിവയുടെ മുൻനിര ആഗോള വിതരണക്കാരെന്ന സ്ഥാനം ഉറപ്പിച്ചു.
അതിനാൽ, അഫ്ഗാനിസ്ഥാനിൽ പിടി നഷ്ടപ്പെടുന്നത് അർത്ഥമാക്കുന്നത് മിഡിൽ ഈസ്റ്റിൽനിന്നുള്ള പിൻവാങ്ങലിന്റെ സൂചനയാണ്. മിഡിൽ ഈസ്റ്റ് ആകട്ടെ യുഎസ് മൾട്ടി നാഷണൽ കമ്പനികൾ രക്തംവരെ കറന്നെടുക്കുന്ന കറവപ്പശുവാണ്. ഒരു പതിറ്റാണ്ട് മുമ്പ്, പെന്റഗണ്‍ പഠനം, അഫ്ഗാനിസ്ഥാനിൽ ഒരു ട്രില്യണ്‍ ഡോളറിലധികം ഉപയോഗിക്കാത്ത ധാതു സമ്പത്ത് ഉണ്ടെന്ന് കണക്കാക്കി. അതിൽ സ്വർണ്ണവും, ഏറ്റവും പ്രധാനമായി, ലോകത്തിലെ ഇലക്ട്രിക്, ഇലക്ട്രോണിക് വസ്തുക്കളുടെ ഉൽപാദനത്തിന്റെ താക്കോൽ വഹിക്കുന്ന ലോഹങ്ങളായ, ചെമ്പും ലിഥിയവും, ഉൾപ്പെടുന്നു. അതിനാൽ വരുംദിവസങ്ങളിൽ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഖനന അവകാശങ്ങൾക്ക് പകരമായി അഫ്ഗാൻ സമ്പദ്‌വ്യവസ്ഥയിൽ മൂലധന നിക്ഷേപം നടത്താം എന്ന വാഗ്ദാനം നൽകിയിട്ടുണ്ടാകാം എന്നത് തള്ളിക്കളയാനാവില്ല. വാസ്തവത്തിൽ, സാമ്രാജ്യത്വ ചൈനയും അഫ്ഗാനിസ്ഥാനെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി, റോഡ് പദ്ധതിയെ ഭദ്രമാക്കാൻ ശ്രമിക്കുന്നു. കൂടാതെ, ഒരു സാമ്രാജ്യത്വ ശക്തിക്കും അനധികൃത മയക്കുമരുന്ന് വ്യാപാരത്തിൽനിന്ന് എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഉപേക്ഷിക്കാൻ കഴിയില്ല. അതിനാൽ യുഎസും അതിന് മുതിരില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധപങ്കാളിത്തത്തിനും, യുദ്ധത്തുടർച്ചക്കും എതിരായി ജനകീയ അഭിപ്രായം ഉയർന്നുവരുന്ന വർത്തമാന സന്ദർഭത്തിൽ, ഇത് ഒരു കപടതന്ത്രം മാത്രമാണ്.


യുഎസിനുള്ളിൽ പോലും, യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളും, യുഎസ് യുദ്ധസന്നാഹത്തെ എതിർക്കുന്ന രാജ്യങ്ങളോടും ജനങ്ങളോടുമുള്ള ഐക്യദാർഢ്യവും വളരുകയാണ്. ”വിദേശത്ത് യുദ്ധങ്ങൾ സംഘടിപ്പിക്കാൻ പെന്റഗണിന് ട്രില്യണ്‍ കണക്കിന് യുഎസ് ഡോളർ, ഫെഡറൽ ട്രഷറി എന്തിനാണ് നൽകുന്നത്”, എന്ന് യുദ്ധവിരുദ്ധ ഗ്രൂപ്പുകൾ ചോദിക്കുന്നു,
പ്രത്യേകിച്ചും അമേരിക്കൻ സാമ്രാജ്യത്വ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുമ്പോഴും, ചൈനയുമായുള്ള വ്യാപാര യുദ്ധത്തിൽ തോൽവി സംഭവിക്കുമ്പോഴും? പ്രകടമായും, യുദ്ധപ്രചാരകനായ യുഎസ് ഭരണാധികാരികൾക്ക് അതിന് ഉത്തരമില്ല. മറുവശത്ത്, സിറിയയിൽ യുഎസ് തന്ത്രം പരാജയപ്പെട്ടു. ചൈന, റഷ്യ, ഇറാൻ ഇവരുടെ കൂട്ടായ പ്രതിരോധം നേരിടാൻ കഴിയുന്നില്ല. യുഎസ് ഇപ്പോൾ ഒരു ചുവട് പിന്നോട്ടാണ് വെച്ചിരിക്കുന്നത്. താലിബാനുമായി സൗഹൃദ ബന്ധത്തിന് തയ്യാറാണെന്ന് ചൈന പറയുന്നു. റഷ്യയും ഇറാനും നയതന്ത്രപരമായ ഇടപെടലുകൾ നടത്തുന്നു. സാമ്രാജ്യത്വ ശക്തികൾ തമ്മിലുള്ള വൈരൂദ്ധ്യത്തിന്റെ പശ്ചാത്തലത്തിൽ, ശക്തമായ ഒരു സാമ്രാജ്യത്വ ശക്തിയുടെ അത്തരം ഉയർച്ച താഴ്ചകൾ സംഭവ്യമാണ്. ഇത് പലപ്പോഴും ലോകമഹായുദ്ധങ്ങൾ ഉൾപ്പെടെയുള്ള യുദ്ധത്തിന് കാരണമാകുന്നു. ഈ വൈരുദ്ധ്യം, ലോകത്തിന്റെ ഭാവിയെ എങ്ങനെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുമെന്ന് കാലം പറയും.

ഇൻഡ്യയുടെയും പാകിസ്ഥാന്റെയും നിലപാട്

ആകസ്മികമായി, ദീർഘകാലമായി താലിബാനെ പിന്തുണച്ചുകൊണ്ടിരുന്ന പാകിസ്ഥാൻ മുതലാളിത്ത ഭരണാധികാരികൾ ഉത്സാഹഭരിതരാണ്. അവർ ഇപ്പോൾ കാര്യമായ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ തയ്യാറായിരിക്കുന്നു. എന്നാൽ, ഇന്ത്യൻ സാമ്രാജ്യത്വ ഭരണാധികാരികൾ ഒരു ആശയക്കുഴപ്പത്തിലാണ്. ഇന്ത്യൻ കുത്തകകളും എംഎൻസികളും അഫ്ഗാനിസ്ഥാനിലെ വിവിധ പദ്ധതികളിൽ 3 ബില്യണ്‍ ഡോളറിൽ കൂടുതൽ (22,500 കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ, ഇറാന്റെ കിഴക്കൻ തീരത്ത്, അഫ്ഗാൻ അതിർത്തിയിൽ ഇന്ത്യയുടെ വളരെ പ്രശംസനീയമായ, ചബഹാർ തുറമുഖ പദ്ധതിയെ ഇത് മോശമായി ബാധിക്കും. ഇന്ത്യ ഭരിക്കുന്ന ബിജെപി, ഇന്ത്യൻ കുത്തകകളുടെ വിശ്വസ്തനായ ഒരു പരിപാലകനും അതോടൊപ്പം, ഒരു ഹിന്ദു വർഗീയ-മൗലികവാദ ശക്തിയും ആണ്. ഇവർ തുടർച്ചയായി മുസ്ലീം വിരുദ്ധ വിഷം വിതറുകയും ഇസ്ലാമിക തീവ്രവാദത്തിനെതിരെ അലമുറയിടുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. പക്ഷേ, അഫ്ഗാനിസ്ഥാനിൽ താലിബാൻ യുഎസിന്റെ മൗനാനുവാദത്തോടെ ഭരണത്തിലെത്തുമെന്ന് ബിജെപി സർക്കാരിന് മനസ്സിലായതോടെ, ഇന്ത്യൻ കുത്തകകളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി താലിബാനുമായി ദോഹയിൽ അവർ രഹസ്യ ചർച്ച ആരംഭിച്ചു.
ഇന്നുവരെ ബിജെപി പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ മന്ത്രിസഭയോ പാർട്ടിയിലെ സഹപ്രവർത്തകരോ താലിബാനെ ഇസ്ലാമിക തീവ്രവാദ സംഘടന എന്ന് വിളിക്കുന്നതുപോകട്ടെ, താലിബാനെതിരെ ഒരു വാക്കുപോലും ഉച്ചരിച്ചിട്ടില്ല. ഇപ്പോൾ, ഇന്ത്യ താലിബാനുമായി തുറന്ന സംഭാഷണം ആരംഭിച്ചു. എന്തിന് ബിജെപി, സിപിഐ(എം)ഉം സിപിഐയും പോലുള്ള കപട മാർക്സിസ്റ്റുകൾപോലും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു, ”1990 കളിലെ ആദ്യ താലിബാൻ സർക്കാർ തീവ്ര മൗലികവാദ സമീപനത്തോടുകൂടിയതായിരുന്നു. ഇത് സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷങ്ങൾക്കും വിനാശകരമായിരുന്നു. താലിബാൻ നിയന്ത്രിക്കുന്ന പുതിയ സംവിധാനത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ പരിഗണിക്കുകയും, ന്യൂനപക്ഷ ങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുകയും വേണം. ഇന്ത്യൻ ഭരണവർഗത്തിന്റെ നിലപാട് അവർക്കറിയാവുന്നതിനാൽ അവർക്ക് മറിച്ചൊന്നും പറയാൻ കഴിയില്ല, എന്തുകൊണ്ടന്നാൽ അധികാരത്തിനും പണത്തിനും പകരമായി ഭരണവർഗത്തിന്റെ പ്രീതി നേടേണ്ടതുണ്ട്.

സാമ്രാജ്യത്വ-മുതലാളിത്തത്തിന്റെ സൃഷ്ടിയാണ് തീവ്രവാദം

ഇവിടെ ഒരു കാര്യംകൂടി ചർച്ച ചെയ്യേണ്ടതുണ്ട്. സമകാലിക ലോകസാഹചര്യത്തിലേക്ക് നോക്കിയാൽ, വംശീയത, വർഗ്ഗീയത, മൗലികവാദം, സങ്കുചിത വംശീയവാദം, തീവ്രവാദം തുടങ്ങിയ വിനാശകരമായ പ്രവണതകൾ ദ്രുതഗതിയിൽ വളർന്നുവരുന്നത് കാണാം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ആരാണ് ഇതിനെല്ലാം പിന്നിൽ? മനുഷ്യത്വരഹിതവും വിനാശകരവുമായ ഈ പ്രവർത്തനങ്ങൾ ഒരു പൊതുപ്രവണതയാക്കാൻ ആരാണ് തന്ത്രങ്ങൾ മെനയുന്നത്? ഏതെങ്കിലും പ്രകൃത്യാതീത ശക്തിയാണോ? അതോ ഈ ഭയാനകമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന അക്രമികൾ ഈ ഭൗതിക ലോകത്തുതന്നെ വിലസുകയാണോ? മതമൗലികവാദ തീവ്രവാദത്തിന്റെ ഭീഷണമായ ഉയർച്ച ഇന്നത്തെ ഏകധ്രുവ സാമ്രാജ്യത്വ മുതലാളിത്ത ലോകത്തിന്റെ സവിശേഷതയാണെ് ചരിത്രം പറയും. എത്രമേൽ, കൂടുതൽ പ്രതിസന്ധി നിറഞ്ഞതാണോ മുതലാളിത്തം അത്രമേൽ കൂടുതലാണ് മതമൗലികവാദ-ഭീകര സംഘടനകളുടെ കുതിപ്പ്. ഇന്ത്യയിലെ ഹിന്ദുത്വവാദി സംഘപരിവാർ, പാകിസ്ഥാനിലെ ലഷ്‌കർ-ഇ-തൊയ്ബ, അഫ്ഗാനിസ്ഥാനിലെ താലിബാൻ, ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാം, മിഡിൽ-ഈസ്റ്റിലെ ഐഎസ് അല്ലെങ്കിൽ മ്യാൻമാറിലും ശ്രീലങ്കയിലും ഉള്ള ബുദ്ധമത ഭ്രാന്ത,് അല്ലെങ്കിൽ ഹംഗറിയിലെ വിക്ടർ ഓർബന്റെ ‘ക്രിസ്ത്യൻ സംസ്‌കാരം’ എന്ന് അറിയപ്പെടുന്ന പ്രസ്ഥാനം, സ്ലൊവാക്യയിലെ റോബർട്ട് ഫിക്കോ, യൂറോപ്പിലെ വലതുപക്ഷ ശക്തികൾ അല്ലെങ്കിൽ യുഎസിലെ വെളുത്തവർഗ്ഗ മേധാവിത്വശക്തിയായ കെകെകെ-ഇതെല്ലാം ഇതിനുദാഹരണങ്ങളാണ്.
നേരത്തെ പറഞ്ഞതുപോലെ, ഈ മൗലികവാദ-ഭീകര ഗ്രൂപ്പുകളെ സൃഷ്ടിക്കുന്നതും ആയുധവും ധനസഹായം നൽകുന്നതും സാമ്രാജ്യത്വ-മുതലാളിത്ത ശക്തികളാണെന്ന് വസ്തുതകൾ കാണിക്കുന്നു. ചരിത്രപരമായി നിയുക്തമായ മുതലാളിത്തവിരുദ്ധ വിപ്ലവത്തെ, മരണഭയത്തോടുകൂടി കാണുന്ന സാമ്രാജ്യത്വ-മുതലാളിത്തം, ഒരു വശത്ത്, മൗലികവാദം, വംശീയത, ജാതീയത, പ്രാദേശികവാദം മുതലായവ വളർത്തുന്നതിലൂടെ അധ്വാനിക്കുന്ന ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ആഗ്രഹിക്കുന്നു. മറുവശത്ത്, മതേതര-ശാസ്ത്രീയ ചിന്തയെയും യുക്തിബോധത്തെയും നശിപ്പിക്കാൻ അവർ ശ്രമിക്കുന്നു. പകരം യുക്തിരാഹിത്യം, അറിവില്ലായ്മ, കോപാവേശം, മതഭ്രാന്ത് തുടങ്ങിയവയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് യുക്തിവിചാരത്തിനുള്ള കഴിവിനെ നശിപ്പിക്കുകയും തീവ്രവാദ സംഘടനകളെ സ്പോണ്‍സർ ചെയ്യുതിലൂടെ ആളുകളെ ഭയചകിതരാക്കുകയും ഭീഷണിപ്പെടുത്തുകയൂം ചെയ്യുന്നു. അതേസമയം, അവർ പലപ്പോഴും നിയമാനുസൃതമായ ജനാധിപത്യ പ്രസ്ഥാനങ്ങളെ തീവ്രവാദ പ്രവർത്തനങ്ങളായി മുദ്രകുത്തിക്കൊണ്ട് നിഷ്‌കരുണം തകർക്കാൻ ശ്രമിക്കുന്നു. അങ്ങനെ വർഗ്ഗസമരങ്ങളെയും ബഹുജനസമരങ്ങളെയും അടിച്ചമർത്താൻ ബൂർഷ്വാ ഭരണാധികാരികളുടെ കയ്യിൽ തീവ്രവാദം വളരെ സൗകര്യപ്രദമായ ഒരു ഉപകരണമാണ്. ഒരു രാജ്യത്ത് തീവ്രവാദം വളരുന്നത് മറ്റൊരു രാജ്യത്ത് അതിന്റെ പ്രതിയോഗികളുടെ ഉയർച്ചയ്ക്ക് സഹായകമാകും, പ്രത്യേകിച്ച് അയൽ രാജ്യങ്ങളിൽ.
സോഷ്യലിസം അതിന്റെ മുഴുവൻ ശക്തിയോടെയും നിലനിന്നിരുന്ന സമയത്ത് തീവ്രവാദ സംഘടനകൾക്കോ, അവരനുവർത്തിക്കുന്ന അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കുമോ യാതൊരു വിധത്തിലും ഉയർന്നുവരാൻ കഴിഞ്ഞിട്ടില്ല എന്നത് ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. സോഷ്യലിസ്റ്റ് പ്രസ്ഥാനം ജീവസ്സുറ്റതും ഊർജ്ജസ്വലവും ആയിരുന്നു. അത്, അധ്വാനിക്കുന്ന ജനങ്ങളുടെ വർഗസമരങ്ങളും, ബഹുജനസമരങ്ങളും ഒരുമയോടും, ചിട്ടയായും, വിപ്ലവ-പുരോഗമന ശക്തികളുടെ നേതൃത്വത്തിൽ ലോകമെമ്പാടും സംഘടിപ്പിച്ചു. ഈ പോരാട്ടങ്ങൾ മുതലാളിത്ത-സാമ്രാജ്യത്വത്തിന്റെ നട്ടെല്ല് വിറപ്പിച്ചു, അതിനാൽ അവർ അത്തരം ദുഷ്‌പ്രവൃത്തികളിൽ ഏർപ്പെടാൻ തുനിഞ്ഞില്ല. ശക്തമായ സോഷ്യലിസ്റ്റ് ക്യാമ്പിന്റെ അഭാവത്തിൽ, ശക്തമായ, കൂട്ടായ സാമ്രാജ്യത്വവിരുദ്ധ സമാധാന പ്രസ്ഥാനത്തിന് മാത്രമേ, മുതലാളിത്ത- സാമ്രാജ്യത്വത്തിന്റെ ദുഷ്ട പദ്ധതികൾക്കെതിരായ ഒരു രക്ഷാകവചമായി പ്രവർത്തിക്കാൻ കഴിയൂ.

താലിബാൻ ഇതിനകംതന്നെ അതിന്റെ പൈശാചക മുഖം പുറത്തെടുക്കുന്നു

താലിബാനിലേക്ക് തിരിച്ചുവരുമ്പോൾ, അവരുടെ ഭരണം രാഷ്ട്രീയ ശക്തിക്ക് പുറമേ ഒരു പൈശാചിക ഫാസിസ്റ്റ് ഭരണമല്ലാതെ മറ്റൊന്നുമായിരിക്കില്ല. താലിബാനികൾ ജനങ്ങളുടെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തെ, അങ്ങേയറ്റം മൗലികവാദപരമായ പ്രഖ്യാപനങ്ങളും ഉത്തരവുകളും അടിച്ചേൽപ്പിച്ചുകൊണ്ട് ചിട്ടപ്പെടുത്തും. അവരുടെ ഇരട്ടമുഖം ഇതിനകം തുറന്നുകാട്ടപ്പെട്ടിരിക്കും. അധികാരം ഏറ്റെടുത്ത ഉടനെ, എല്ലാവർക്കും സുരക്ഷ, സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കൽ, മാധ്യമ സ്വാതന്ത്ര്യം, തങ്ങൾക്കെതിരെ പോരാടിയ എല്ലാവർക്കും മാപ്പ്, മുൻ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പൊതുമാപ്പ്, അഫ്ഗാനിസ്ഥാൻ ഇനി ഭീകരരുടെ അഭയകേന്ദ്രമാകില്ല എന്ന ഉറപ്പ് തുടങ്ങിയ പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ട് അവർ ഒരു പരിഷ്‌കൃത മുഖം പ്രദർശിപ്പിക്കുകയായിരുന്നു. അവരുടെ മുൻ ഇസ്ലാമിക മതമൗലികവാദ സ്വേച്ഛാധിപത്യ ഭരണത്തിൽനിന്ന് വ്യത്യസ്തമായി അവർ കൂടുതൽ മിതവാദികളായി മാധ്യമങ്ങളുടെ മുന്നിൽ സ്വയം ചിത്രീകരിക്കാനും ശ്രമിച്ചു. പക്ഷേ, ഇവയെല്ലാം ലോകശക്തികളെയും ഭയചകിതരായ ഒരു ജനതയെയും വിശ്വസിപ്പിക്കാനുള്ള പ്രചരണ തന്ത്രങ്ങളായിരുന്നു എത് ഇപ്പോൾ വെളിവായിരിക്കുന്നു.


പഴയ തലമുറ താലിബാന്റെ മുൻ ഭരണം ഓർക്കുന്നു, അവർ സ്ത്രീകളെ അവരുടെ വീടുകളിൽ ഒതുക്കി, ടെലിവിഷനും സംഗീതവും നിരോധിച്ചു, പൊതുജനമധ്യത്തിൽ വധശിക്ഷ നടത്തി. ഇപ്പോൾ ആ സ്വേച്ഛാധിപത്യത്തിന്റെ തിരിച്ചുവരവ് വെളിവായിത്തുടങ്ങി. 17 ഓഗസ്റ്റിന്, സായുധരായ താലിബാൻ സൈനികർ വിമാനത്താവളത്തിന്റെ സിവിലിയൻ പകുതിയിൽ പ്രവേശിച്ച്, വെടിയുതിർത്ത്, യാതൊരു നിർവ്വാഹവുമില്ലാതെ വിമാനത്തിൽ തൂങ്ങിക്കിടന്നാ ണെങ്കിലും രാജ്യം വിട്ടുപോകാൻ വെപ്രാളപ്പെട്ട 500 ഓളം ആളുകളെ പുറത്താക്കി. വിമാനത്താവളത്തിലും പരിസരത്തും വെടിയുണ്ടകളാലോ തിക്കിലും തിരക്കിലും പെട്ടോ 12 പേർ കൊല്ലപ്പെട്ടു. എന്നിട്ടും, ഭയന്നുപോയ ആയിരക്കണക്കിന് അഫ്ഗാനികൾ രാജ്യം വിട്ടു, വിമാനത്താവളത്തിലേക്കും അതിർത്തിയിലേക്കും ഉള്ള ഓട്ടം തുടരുകയാണ്. മുൻ ഗവൺമെന്റിനുവേണ്ടി പ്രവർത്തിച്ച എല്ലാ അഫ്ഗാനികളെയും വേർതിരിക്കാനും ഇല്ലാതാക്കാനും കനത്ത ആയുധധാരികളായ താലിബാൻ കേഡർമാർ ഗെസ്റ്റപ്പോകളെപ്പോലെ വീടുകൾതോറും കയറിയിറങ്ങുന്നു. അവരുടെ സായുധരായ സദാചാര പോലീസിൽനിന്ന് കുട്ടികളെയോ സ്ത്രീകളെയോ ഒഴിവാക്കിയിട്ടില്ല. അടിമുടി മൂടിയ ബുർഖ ധരിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നു. പത്രപ്രവർത്തകരും കലാകാരന്മാരും ഉൾപ്പെടെയുള്ള ജനാധിപത്യ ചിന്താഗതിക്കാരായ ആളുകൾക്കെതിരെ വധഭീഷണി മുഴക്കുന്നു. അങ്ങനെ ഈ തീവ്ര ഇസ്ലാമിക മതമൗലികവാദികൾ മതപരമായ പിന്നോക്കാവസ്ഥ, മതഭ്രാന്ത്, മധ്യകാല അന്ധകാരം എന്നിവയിൽ ആളുകളെ തളച്ചിടുക മാത്രമല്ല ഇസ്ലാമിന്റെ യഥാർത്ഥ പ്രബോധനങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നു. ശരിയായി ചിന്തിക്കുന്ന ജനാധിപത്യ ചിന്താഗതിക്കാരായ ആളുകൾക്കോ, ഇസ്ലാമിന്റെ സത്യസന്ധനായ ഒരു അനുയായിക്ക് പോലുമോ ഇത് സഹിക്കാൻ കഴിയില്ല. എല്ലാ അരാജകത്വങ്ങൾക്കിടയിലും അഫ്ഗാനിസ്ഥാനിൽ കാണുത് അതാണ്.

അഫ്ഗാൻ ജനത ഉയർത്തുന്ന പ്രതിഷേധം ഹൃദയഹാരിയും സ്വാഗതാർഹവും

എല്ലാ ക്രൂരതകളും വധഭീഷണികളുംവരെ അവഗണിച്ച് ചങ്കൂറ്റമുള്ള സ്ത്രീകളടക്കം ഒരു വിഭാഗം അഫ്ഗാൻ ജനത താലിബാൻ ഭരണത്തിനെതിരെ പ്രതിഷേധമുയർത്തുന്നു എന്നത് അന്ധകാരമയമായ ഈ സാഹചര്യത്തിലും പ്രതീക്ഷ നൽകുന്നുണ്ട്. ജലാലാബാദിൽ കൊടികളുമായി പ്രതിഷേധിച്ചവർക്കുനേരെ ആഗസ്റ്റ് 18ന് താലിബാൻസേന വെടിയുതിർക്കുകയും 3 പേരെ കൊല്ലുകയും ചെയ്തു. 1919ൽ ബ്രിട്ടണിൽനിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണ പുതുക്കിക്കൊണ്ട് ആഗസ്റ്റ് 19ന് അഫ്ഗാനികൾ തലസ്ഥാനമായ കാബൂളിൽ തെരുവിലിറങ്ങി. കറുപ്പും ചുവപ്പം പച്ചയും നിറമുള്ള കൊടികൾ വീശി അവർ പ്രഖ്യാപിച്ചു: ”ഞങ്ങളുടെ പതാക ഞങ്ങളുടെ അസ്തിത്വമാണ്”. അസദാബാദിൽ പ്രതിഷേധക്കാർക്കു നേരെ താലിബാൻ ഭീകരർ വെടിയുതിർക്കുകയും നിരവധിപേരെ കൊല്ലുകയുംചെയ്തു. കാബൂളിലെ റാലിക്കുസമീപം അവർ ആകാശത്തേക്ക് വെടിവെച്ചു. മറ്റൊരു കിഴക്കൻ നഗരമായ ഖോസ്റ്റിലും സമാനമായ സംഭവങ്ങളുണ്ടായി. പതാകകളുമായി ജനങ്ങൾ തെരുവിലിറങ്ങുന്നത് താലിബാൻ ഭരണത്തോടുള്ള എതിർപ്പ് പടരുന്നതിന്റെ സൂചനയാണ്. ചില സ്ഥലങ്ങളിൽ പ്രതേഷേധക്കാർ താലിബാന്റെ വെളുത്ത പതാക കീറിയെറിഞ്ഞതായും റിപ്പോർട്ടുണ്ട്.


എന്നാൽ ഇത്തരം പ്രതിഷേധങ്ങൾ കൊണ്ടുമാത്രം ഉദ്ദിഷ്ടഫലം നേടാനാവില്ല. അതിന് മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി സുചിന്തിതമായ പ്രതിഷേധം ഉയർത്തുകയും ക്രമേണ ഒരു ശരിയായ വിപ്ലവ നേതൃത്വത്തിൻ കീഴിൽ അതിനെ ഒരു ചെറുത്തുനിൽപ്പ് പോരാട്ടമായി വളർത്തിയെടുക്കുകയും വേണം. ഒരിക്കല്‍ അഫ്ഗാനിസ്ഥാനില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ശക്തമായ സമരങ്ങള്‍ നടന്നിരുന്നുവെന്ന് മുന്‍പ് സൂചിപ്പിച്ചുവല്ലോ. എന്നാല്‍, സോവിയറ്റ് യൂണിയനിലെ തിരുത്തല്‍വാദി ക്രൂഷ്ചേവ് നേതൃത്വത്തിന്റെ തെറ്റായ നീക്കങ്ങള്‍ മാര്‍ക്സിസ്റ്റ് ലൈനിന് നിരക്കുന്നതാണെന്ന് കരുതിയ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് കമ്മ്യൂണിസത്തെക്കുറിച്ച് തെറ്റിദ്ധാരണകളാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ അവര്‍ മാര്‍ക്സിസത്തില്‍നിന്ന് അകന്ന് പോകുകയും സാമ്രാജ്യത്വ ഭീമന്‍മാര്‍ക്കും അവരുടെ മതമൗലിക വാദികളും ഭീകരവാദികളുമായ പിണിയാളുകള്‍ക്കും നുഴഞ്ഞുകയറി രംഗം കൈയടക്കാന്‍ അവസരം നല്‍കുകയും ചെയ്തു. എന്നാല്‍, സാമ്രാജ്യത്വ ശക്തികളും അവരുടെ പിണിയാളുകളും തങ്ങളെ വഞ്ചിച്ചിരിക്കുന്നവെന്ന് അവര്‍ തിരിച്ചറിയുന്നു. ജീവിതത്തിലെ ദുരിതങ്ങളും അരക്ഷിതാവസ്ഥയും മാത്രമല്ല നിലനില്‍പ്പുതന്നെ ഇന്ന് അപകടത്തിലായിരിക്കുന്നു. അതുകൊണ്ടുതന്നെ സത്യം കണ്ടെത്താന്‍ അവര്‍ ബാദ്ധ്യസ്ഥരാണ്.


ശരിയായ ദാര്‍ശനിക-പ്രത്യയശാസ്ത്ര പാത കണ്ടെത്തണം. അന്തസ്സാര്‍ന്ന ഒരു ജീവിതം തിരിച്ചുപിടിക്കാനും സാമ്രാജ്യത്വ ചൂഷണത്തിന്റെയും ഇസ്ലാമിക മതമൗലിക വാദികളുടെ മദ്ധ്യകാല കാടത്തത്തിന്റെയും നുകത്തി ല്‍നിന്ന് മോചനം നേടാനും അത് വഴികാട്ടിയാകും. അതോടൊപ്പം, ലോകത്തിന്റെ പലഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന സമരങ്ങളില്‍നിന്ന് ശരിയായ പാഠം ഉള്‍ക്കൊള്ളുകയുംവേണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴിലാളികള്‍ നടത്തിയ സമരങ്ങള്‍, ഫ്രാന്‍സിലെ ‘യെല്ലോ വെസ്റ്റ്’ സമരം, മുതലാളിത്തത്തി നെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് അമേരക്കയില്‍തന്നെ ഉയര്‍ന്നുവന്ന ആവേശകരമായ ‘വാള്‍ സ്ട്രീറ്റ് പിടിച്ചടക്കല്‍’ സമരം, ‘അറബ് വസന്തം’ പ്രക്ഷോഭം തുടങ്ങിയവയൊക്കെ ചൂണ്ടിക്കാണിക്കുന്നത് ഇവയെല്ലാം അനീതിക്കെതിരായ വീറുറ്റ ജനകീയ മുന്നേറ്റങ്ങളായിരു ന്നെങ്കിലും കൃത്യമായ ഒരു നേതൃത്വം ഇല്ലാത്തതുകൊണ്ടുതന്നെ ക്രമേണ പിന്‍വാങ്ങുകയായിരുന്നു എന്നാണ്. സമരങ്ങളെ ശരിയായ പാതയിലൂടെ മുന്നോട്ട് നയിക്കാന്‍ ശരിയായ നേതൃത്വം അനിവാര്യമാണ്. സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിന്റേതുമായ ഈ യുഗത്തില്‍ ഏതെങ്കിലും സമരമല്ല, ദേശീയ സ്വാതന്ത്ര്യ സമരങ്ങള്‍തന്നെയായാലും അവ ശരിയായ വിപ്ലവ നേതൃത്വത്തിന്‍ കീഴില്‍ മുതലാളിത്ത വിരുദ്ധ തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിന് അനുപൂരകമാംവിധം നടത്തപ്പെടുന്നില്ലെങ്കില്‍ വിജയംവരിക്കാനാവില്ല. ക്രൂഷ്ചേവിന്റെ നേതൃത്വത്തിലുള്ള തിരുത്തല്‍വാദികള്‍ കമ്മ്യൂണിസ്റ്റുകളായിരുന്നില്ല.
മാര്‍ക്സിസം-ലെനിനിസത്തില്‍നിന്ന് വ്യതിചലിച്ച വഞ്ചകരായിരുന്നു. പ്രതിവിപ്ലവത്തിലൂടെ സോഷ്യലിസത്തെ തകര്‍ക്കുന്ന മുതലാളിത്ത പാതക്കാരായി അവര്‍ പരിണമിച്ചു. അതുകൊണ്ടുതന്നെ അവരുടെ വഞ്ചന മാര്‍ക്സിസം-ലെനിനിസമെന്ന മഹത്തായ പ്രത്യയശാസ്ത്ര ത്തിന്റെ നിരര്‍ത്ഥകതയല്ല സൂചിപ്പിക്കുന്നത്, നേരെ മറിച്ച്, ശരിയായ മാര്‍ക്സിസ്റ്റ് ലൈനും സമീപനവും വീക്ഷണവുമൊക്കെ കൈവെടിഞ്ഞാല്‍ ഉണ്ടാകാവുന്ന ദുരന്തമെന്തെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്. അഫ്ഗാനിസ്ഥാനടക്കം ലോകത്ത് എവിടെയുമുള്ള അടിച്ചമര്‍ത്തപ്പെടുന്ന ജനതകളുടെമേല്‍ ചരിത്രം അര്‍പ്പിക്കുന്ന കര്‍ത്തവ്യം, വിഭാഗിയ ശക്തികളെയും സന്ധിമനോഭാവക്കാരായ സോഷ്യല്‍ ഡെമോക്രാറ്റിക് ശക്തികളെയും മറ്റ് ബൂര്‍ഷ്വാ സംഘങ്ങളെയും ഒറ്റപ്പെടുത്തി, ശരിയായ വിപ്ലവ നേതൃത്വത്തിന്‍കീഴിലും ഉന്നതമായ തൊഴിലാളിവര്‍ഗ്ഗ നൈതികതയിലും സംസ്കാരത്തിലും അടിയുറച്ചും വര്‍ഗ്ഗ-ബഹുജന സമരങ്ങള്‍ തീവ്രമാക്കി എടുക്കുക എന്നതാണ്.മുതലാളിത്തവിരുദ്ധ വിപ്ലവം യാഥാര്‍ത്ഥ്യമാക്കാനുള്ള പാതയാണ് അതിലൂടെ ഒരുക്കിയെടുക്കപ്പെടുന്നത്. ഏതെങ്കിലും രാജ്യത്ത് ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് നിലവിലില്ലെങ്കില്‍ ലെനിനിസ്റ്റ് മാതൃക പിന്തുടര്‍ന്നുകൊണ്ടും കഠിനതരമായ പോരാട്ടങ്ങളിലൂടെയും അത്തരമൊരു പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനുള്ള ആത്മാര്‍ത്ഥമായ ശ്രമം ആരംഭിക്കണം. ഇന്ത്യയിലെ പൊരുതുന്ന ജനതയുടെ പേരില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ പോരാട്ടങ്ങള്‍ക്ക് സാഹോദര്യവും ഐക്യദാര്‍ഢ്യവും രേഖപ്പെടുത്തുന്നതോടൊപ്പം, ഈ ചരിത്ര യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് ആ പാതയിലൂടെ മുന്നേറാന്‍ ഞങ്ങള്‍ അവരോട് ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

Share this post

scroll to top