ഇന്ത്യയുടെ സമ്പൂർണ വിൽപ്പന ഉറപ്പാക്കുന്ന നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈൻ

BL31slate.jpg
Share

കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ആഗസ്റ്റ് 30ന് പ്രഖ്യാപിച്ച പദ്ധതിയാണ് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ അഥവാ എൻഎംപി. ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങളുടെയും ദേശീയ ആസ്തികളുടെയും വിൽപ്പനയുടെ മറ്റൊരു പതിപ്പാണ് നീതി ആയോഗ് തയ്യാറാക്കിയിരിക്കുന്ന ഈ പദ്ധതി. സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള പെതുസംവിധാനങ്ങളും പൊതുമേഖലയിലും പൊതു ഉടമസ്ഥതയിലും അവശേഷിക്കുന്ന ആസ്തികളും പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും സ്വകാര്യമുതലാളിമാർക്കും കോർപ്പറേറ്റുകൾക്കും വിട്ടുകൊടുത്ത് നാലുവർഷംകൊണ്ട് ആറുലക്ഷംകോടി രൂപ സമാഹരിക്കുക എന്നതാണ് ചുരുക്കി പറഞ്ഞാൽ എൻഎംപിയുടെ ഉള്ളടക്കം. 2020-2021 ബജറ്റിൽ പ്രഖ്യാപിച്ചതും 43 ലക്ഷം കോടി വരുന്നതുമായ ആസ്തിവിൽപ്പനയുടെ പതിനാല് ശതമാനംവരും ഈ കച്ചവടം.

ഏഴുപതിറ്റാണ്ടുകൊണ്ട് ഇന്ത്യയിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങൾ വിയർപ്പൊഴുക്കി പടുത്തുയർത്തിയതും സർക്കാരിന്റെ ഉടമസ്ഥതയിൽപ്പെടുന്നതുമായ എല്ലാ പൊതുമേഖലാസ്ഥാപനങ്ങളും സംരംഭങ്ങളും ചുളുവിലയ്ക്ക് കുത്തകകൾക്ക് കഴിഞ്ഞ ഏഴ് വർഷമായി തീറെഴുതുകയാണ് നരേന്ദ്രമോദിയും കൂട്ടാളികളും. 1991ൽ നരസിംഹറാവുവിന്റെ കാലത്ത് തുടങ്ങിവച്ച ആഗോളവത്ക്കരണനയങ്ങളുടെ ചുവടുപിടിച്ച് വാജ്‌പേയിയുടെ കാലത്താണ് ആദ്യമായി ഒരു വകുപ്പുതന്നെ കേന്ദ്രമന്ത്രിസഭയിൽ പൊതുമേഖലയുടെ വിറ്റഴിക്കലുമായി ബന്ധപ്പെട്ട് ആരംഭിച്ചത്. വ്യവസായങ്ങൾ നടത്തുകയല്ല സർക്കാരിന്റെ ജോലി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ നേരത്തെ നയം വ്യക്തമാക്കിയിരുന്നല്ലോ. വ്യവസായികളുടെ കാര്യസ്ഥനായി പ്രവർത്തിക്കുക എന്ന ഭാരിച്ച ജോലിയുള്ള സർക്കാരിന് വ്യവസായം നടത്താൻ ആവില്ലല്ലോ.

എന്താണ് മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ

പ്രവർത്തനക്ഷമമല്ലാത്തതും വേണ്ടത്ര ഉപയോഗിക്കപ്പെടാത്തതുമായ നിലവിലുള്ള ആസ്തികൾ(ബ്രൗൺഫീൽഡ്) സ്വകാര്യ സംരംഭകർക്ക് കൈമാറി ആറുലക്ഷംകോടി രൂപ സമാഹരിക്കുവാനുള്ള പദ്ധതിയാണ് ദേശീയ ധനസമാഹരണ പദ്ധതി. കേന്ദ്രസർക്കാരിനുവേണ്ടി നീതി ആയോഗാണ് പാട്ടത്തിന് കൈമാറുന്നു എന്ന പേരിലുള്ള വിൽപ്പനയുടെ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന സുവനീർ പുറത്തിറിക്കിയിരിക്കുന്നത്. ധനസമാഹരണത്തിനുമപ്പുറം മൂലധന പുനർചംക്രമണമാണ് (Capital Recycling) ലക്ഷ്യമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ വാക്കുകൾ ഉദ്ദേശിക്കുന്നത്, രാഷ്ട്രത്തിന്റെ ആസ്തികൾ സ്വകാര്യശക്തികൾക്ക് മികച്ച ലാഭം കൊയ്യുന്നതിനായി കൈമാറുന്നു എന്നതാണ്. മികച്ച പ്രവർത്തനത്തിനും പരിപാലനത്തിനും സ്വകാര്യമേഖല അത്യന്താപേക്ഷിതമാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അതായത് നിലവിലുള്ള പൊതുആസ്തികളിൽ സ്വകാര്യമുതലാളിമാർ കൂടുതൽ മൂലധനനിക്ഷേപം നടത്തി അതിനെ കാര്യക്ഷമമാക്കും. ഉദാഹരണമായി എൻ.എം.പിയിലൂടെ ആകെ സമാഹരിക്കാൻ ലക്ഷ്യമിടുന്ന 6 ലക്ഷം കോടിയുടെ 27 ശതമാനവും ദേശീയ പാതയിൽ നിന്നാണ് പ്രതീക്ഷിക്കുന്നത്. നാലു വർഷത്തേക്ക് പ്രവർത്തിപ്പി ക്കാൻ കൈമാറുന്ന റോഡ് നിർമ്മാണത്തിൽ മുതലാളിമാർ കൂടുതൽ നിക്ഷേപം നടത്തി അതിനെ കാര്യക്ഷമമാക്കും. അവർ ഇക്കാലയളവിൽ അതിനെ പരിപാലിക്കും. മുതലാളിമാർ മൂലധന പുനർചംക്രമണം നടത്തി വികസിപ്പിക്കുന്ന റോഡ് ഉപയോഗിക്കാൻ പ്രത്യേകമായ റോഡ് ഫീസ് (റോഡ് നികുതിക്കും ടോളിനും പുറമെ അതിലും വളരെ ഉയർന്ന തുക) യാത്രക്കാർ നൽകണം. ഇതാണ് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പരിപാടി.
റോഡ്, റയിൽവേ, ഊർജ്ജം, വ്യോമയാനം, എണ്ണ-വാതക പൈപ്പ്‌ലൈൻ, ടെലികോം, സ്‌പോർട്‌സ് സ്റ്റേഡിയങ്ങൾ, തുറമുഖങ്ങൾ, വൈദ്യുതി, വെയർഹൗസ്, റിയൽഎസ്റ്റേറ്റ് എന്നിങ്ങനെ പതിമൂന്ന് അടിസ്ഥാന സൗകര്യ മേഖലകളിലെ നിലവിലുള്ള ഇരുപതിലധികം ആസ്തികളാണ് പാട്ടമെന്ന പേരിലുള്ള വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഇത് വിൽപ്പനയല്ല, പരിപാലിക്കാനായുള്ള കൈമാറ്റമാണെന്നാണ് ആർ.എസ്.എസ് പ്രചരിപ്പിക്കുന്നത്. പ്രചാരണം കണ്ടാൽ മുതലാളിമാർക്ക് രാജ്യത്തിനുവേണ്ടി പുണ്യപ്രവർത്തി നടത്താൻ അവസരം നൽകുന്നുവെന്നു തോന്നും. മൂലധനം മുടക്കി മെച്ചപ്പെടുത്തിയ ഒരു ദേശീയ ആസ്തി മുതലാളി, ഇതേ പദ്ധതിപ്രകാരം മുതലാളിക്ക് തിരികെ കൈമാറാതെ തന്റെ ഉടമസ്ഥതയിൽത്തന്നെ നിലനിർത്താൻ കഴിയും. കൈമാറ്റത്തിന്റെ കാലാവധി ദീർഘിപ്പിച്ചുനൽകിയാൽ മത്രം മതി. അങ്ങിനെ വിൽപ്പനയാണെങ്കിൽ നല്‍കേണ്ടിവരുമായിരുന്ന തുഛതുകപോലും നൽകാതെ രാജ്യത്തിന്റെ ആസ്തികളിൽ (idle capital എന്നാണ് നിർമ്മലാ സീതാരാമൻ വിശേഷിപ്പിക്കുന്നത്) മൂലധനം മുടക്കാനും കൈവശം വയ്ക്കാനും ലാഭം കൊയ്യാനും മുതലാളിമാർക്ക് അവസരം നൽകുന്ന പദ്ധതിയാണ് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പരിപാടി. സ്വതന്ത്രഭാരതത്തിൽ കാർഷികോൽപ്പാദനം വർദ്ധിപ്പിക്കാൻ മുതലാളിമാർക്ക് തുഛ പാട്ടത്തിന് കൈമാറിയ സർക്കാർ ഭൂമിയും വനഭൂമിയും ഏതാണ്ട് പൂർണ്ണമായും അവരുടെ കൈകളിലാണല്ലോ. അതിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ആസ്തികളെ മോണിറ്റൈസ് ചെയ്യുന്ന പുതിയ പരിപാടി.


400 റയിൽവേസ്റ്റേഷനുകൾ, 90 പാസഞ്ചർ ട്രയിനുകൾ, 265 ഗുഡ്‌സ്‌ഷെഡുകൾ, 1400 കിലോമീറ്റർ റയിൽപാളങ്ങൾ, റയിൽവേയുടെ കൈവശമുള്ള 15 സ്റ്റേഡിയങ്ങൾ, റയിൽവേ കോളനികൾ(എണ്ണം തീരുമാനിക്കപ്പെട്ടിട്ടില്ല), ഡിഎഫ്‌കോറിഡോർ 673 കിലോമീറ്റർ, കൊങ്കൺ റയിൽവേ 741 കിലോമീറ്റർ, 4 മലയോര റയിൽവേ സ്റ്റേഷനുകൾ എന്നതാണ് റയിൽവേയുമായി ബന്ധപ്പെട്ട വിൽപ്പനയുടെ പട്ടിക. കോഴിക്കോട്, കോയമ്പത്തൂർ, ചെന്നൈ വിമാനത്താവളങ്ങൾ ഉൾപ്പെടെ ഇരുപത്തിയഞ്ച് വിമാനത്താവളങ്ങൾ, 28608(സികെടി)കിലോമീറ്റർ പവർ ട്രാൻസ്മിഷൻ ലൈൻ, 2.86 ലക്ഷം കിലോമീറ്റർ ഭാരത് നെറ്റ് ഫൈബർ, ബിഎസ്എൻഎൽ, എംറ്റിഎൻഎൽ ടവറുകൾ 14,917 എണ്ണം, ഹൈഡ്രോ ഇലക്ട്രിക് ആന്റ് സോളാർ പവർ പദ്ധതികൾ, ഗയിൽ പൈപ്പ്‌ലൈൻ ഉൾപ്പെടെ പ്രകൃതിവാതക പൈപ്പ് ലൈനുകൾ 8154 കിലോമീറ്റർ, എൽപിജി പൈപ്പ് ലൈൻ 3930 കിലോമീറ്റർ, സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷന്റെയും ഫുഡ് കോർപ്പറേഷന്റെയും ഗോഡൗണുകൾ(210 ലക്ഷം മെട്രിക് ടൺ), ഖനന മേഖലയിൽ 160 പദ്ധതികൾ, ഒമ്പത് പ്രധാന തുറമുഖങ്ങളിലെ 31 പ്രോജക്ടുകൾ, 2 നാഷണൽ സ്റ്റേഡിയങ്ങൾ, 2 റീജിയണൽ സെന്ററുകൾ, 26000കിലോമീറ്റർ റോഡ്, രാജ്യതലസ്ഥാനത്തടക്കം ഹൗസിംഗ് ബോർഡിന്റെയും ലാന്റ് ഡവലപ്പ്‌മെന്റ് ഓഫീസിന്റെയും കൈവശമിരിക്കുന്ന ഭൂമി, ടൂറിസം ഡിപ്പാർട്‌മെന്റിന്റെ കൈവശമിരിക്കുന്ന ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അങ്ങനെ നീണ്ടുപോകുന്നു മുതലാളിമാർക്ക് കൈമാറാനായി നീക്കിവച്ചിരിക്കുന്ന വച്ചിരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക.

നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ
ജനങ്ങളുടെ നടുവൊടിക്കും

നടത്തിപ്പിനായി കൈമാറുന്നതേയുള്ളൂ, വിൽക്കുന്നില്ല, കാലാവധി കഴിയുമ്പോൾ തിരികെ ഏൽപ്പിക്കും, വിറ്റാലും ഉടമസ്ഥത സർക്കാരിനുതന്നെയായിരിക്കും തുടങ്ങിയ വിചിത്ര വാദങ്ങളാണ് ധനമന്ത്രിഉന്നയിക്കുന്നത്. നിലവിലുള്ള ആസ്തികളിൽ വേണ്ടത്ര ഉപയോഗിക്കപ്പെടാത്തതോ രോഗാവസ്ഥയിലുള്ളതോ ആയ സംരംഭങ്ങളിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതുവഴി അവയുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാനാകുമത്രെ. ഉയർന്ന നിലവാരമുള്ളതും ‘ചെലവ് താങ്ങാനാകുന്നതുമായ’ സൗകര്യങ്ങൾ സാധാരണക്കാരന് ലഭ്യമാക്കുവാനാണ് കേന്ദ്രസർക്കാർ ഇതെല്ലാം വിൽക്കുന്നത്. ഇതെല്ലാം വിറ്റ് ‘വികസന’ത്തിൽ നിക്ഷേപിക്കും. എന്നാൽ, ഈ ‘സൗകര്യങ്ങൾ’ ധാരാളമായി യൂസർ ചാർജ്ജ് കൊടുത്ത് ജനങ്ങൾ ഉപയോഗിക്കേണ്ടിയും വരും. രാജ്യത്തിന്റെ വൈദ്യുതി വിതരണസംവിധാനം മുതലാളിമാർ പാട്ടത്തിനെടുത്താൽ, അവർ നിശ്ചയിക്കുന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടുന്ന ദുരവസ്ഥ ജനങ്ങൾക്കുണ്ടാകും. ഒരു നിശ്ചിത സമയത്തേയ്ക്ക് ഒരു മേഖലയുടെ നടത്തിപ്പിനുള്ള കൈമാറ്റം സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുമ്പോൾ സ്വാഭാവികമായും നികുതിപിരിവിനുള്ള അധികാരവും കൈമാറപ്പെടും എന്നതിന് നിരവധി ഉദാഹരണങ്ങൾ ഇതിനകം തന്നെയുണ്ട്. ഇന്ധനമേഖല സ്വകാര്യകുത്തകകൾക്ക് കൈമാറിക്കഴിഞ്ഞപ്പോൾ അന്തർദ്ദേശീയ മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി വർദ്ധിക്കുന്നു. വിമാനത്താവളങ്ങളിൽ സ്വകാര്യ പങ്കാളിത്തം വന്നുകഴിഞ്ഞപ്പോൾ പാർക്കിംഗിന് അടക്കം ഫീസ് കുത്തനെ കൂടി. ദേശീയ പാതകളിൽ ഭീമമായി ടോൾ വർദ്ധിപ്പിക്കുന്നു. വിൽപ്പന പൂർണമായിക്കഴിയു മ്പോൾ ജനജീവതത്തിന്റെ അടിസ്ഥാന മേഖലകൾ മുഴുവൻ കുത്തകകൾക്ക് കൊള്ളയടിക്കുള്ള മാർഗ്ഗങ്ങളായി മാറും. മുതലാളിത്ത ചൂഷണത്തിന്റെ മുർച്ചയേറ്റുന്ന ഒന്നായി നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ മാറും.

എന്തുകൊണ്ട് നാഷണൽ മോണിറ്റൈസേഷൻ പദ്ധതി?

1991ലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി സ്വകാര്യവത്ക്കരണം ആരംഭിച്ചതുമുതൽ പൊതുമേഖലാസംരംഭങ്ങൾ വിറ്റഴിക്കപ്പെട്ടുതുടങ്ങി. 2016ലെ കണക്കനുസരിച്ച് 344 കേന്ദ്രപൊതുമേഖല സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. 2000നുശേഷം സ്വകാര്യവത്ക്കരിക്കുകയോ ലിക്വിഡേറ്റ് ചെയ്യപ്പെടുകയോ മെർജ് ചെയ്യപ്പെടുകയോ ചെയ്ത സംരംഭങ്ങൾ നൂറിനുമേലെയാണ്. അതിൽ എച്ച്എംടിയും ഇന്ത്യൻ എയർ ലൈൻസും ഇന്ത്യൻ ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസും സിഎംസി ലിമിറ്റഡും പെട്രോകെമിക്കൽ കോർപ്പറേഷനുമൊക്കെ ഉൾപ്പെടും. സ്വകാര്യവത്ക്കരണവും ഉദാരവത്ക്കരണവും ആദ്യം ഉന്നംവച്ചത് നഷ്ടത്തിലോടുന്ന വ്യവസായസ്ഥാപനങ്ങളെയായിരുന്നുവെങ്കിൽ മുന്നോട്ടു പോകവെ ലാഭത്തിലോടുന്നതും നവരത്‌നഗണത്തിൽപ്പെടുന്നതുമായ സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് കരുക്കൾ നീക്കുന്നത് നാം കണ്ടു. ഒരു ലക്ഷംകോടിരൂപ പ്രതിവർഷം നികുതിമാത്രം അടയ്ക്കുന്നതും നവരത്‌ന ഗണത്തിൽപ്പെടുന്നതും ഭീമമായ ആസ്തിയുള്ളതുമായ ബിപിസിഎൽ ചുളുവിലയ്ക്ക് വിൽക്കാൻ വല്ലാത്ത നിർബന്ധബുദ്ധിയാണ് കേന്ദ്രസർക്കാർ കാണിക്കുന്നത്.
എന്നാൽ സ്വകാര്യവൽക്കരണത്തിന്റെ അന്തംവിട്ട നടപടികളെ, മുതലാളിത്തത്തിന്റെ സഹജമായ പ്രതിസന്ധി പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നതും കഴിഞ്ഞ ഒരു ദശാബ്ദത്തിന്റെ അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. വൻതോതിൽ ഇടിയുന്ന മൂലധനനിക്ഷേപം വിപണിപ്രതിസന്ധിയുടെ സൃഷ്ടിയാണ്. തന്മൂലം ഉണ്ടാകുന്ന വ്യവസായ-വാണിജ്യ മാന്ദ്യം സാമ്പത്തികഘടനയെ ആകെ തളർത്തുകയാണ്. മൂന്ന് വർഷം മുമ്പുള്ള ബജറ്റിൽ വിൽപ്പനയ്ക്കായി വച്ച 26 പൊതുമേഖലാ സ്ഥാപനങ്ങളിൽ 10ലേറെ സ്ഥാപനങ്ങൾ വിലയ്‌ക്കെടുക്കാൻ മുതലാളിമാർആരും മുന്നോട്ടുവന്നില്ല. ഏറ്റവും ആദായകരമായ ബിപിസിഎൽ വിലയ്‌ക്കെടുക്കാൻ പോലും വ്യക്തതയുള്ള ഒരു ബിഡ്ഡുമായി ആരും തയ്യാറായില്ല. അങ്ങിനെ ചില സ്ഥാപനങ്ങളുടെ വിൽപ്പന തന്നെ അസാധ്യമാണെന്നു വന്നു. ബജറ്റിൽ വിൽപ്പനയിലൂടെ പ്രതീക്ഷിച്ച തുകയുടെ 20 ശതമാനം പോലും വരുമാനം ഉണ്ടായില്ല. അതിരൂക്ഷമായ സാമ്പത്തികമാന്ദ്യം മുതലാളിമാരെ നിക്ഷേപത്തിൽനിന്ന് പിന്തിരിപ്പിക്കുന്നു എന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ധനക്കമ്മി കുറയ്ക്കാനുള്ള ഭ്രാന്തൻ നടപടികള്‍ക്ക് സർക്കാർ തുനിയുന്നത്. വിൽപ്പനയേക്കാൾ മുതലാളിമാർക്ക് വളരെ ആകർഷകമായ പദ്ധതിയെന്ന നിലയിലാണ് നാഷണൽ മോണിറ്റൈസേഷൻ പദ്ധതി കൊണ്ടുവരുന്നത്. ഫലത്തിൽ ദേശീയ ആസ്തികളെല്ലാം ഒരു നിബന്ധനയും വ്യവസ്ഥയുമില്ലാതെതന്നെ മുതലാളിമാർക്ക് കൈവശം വയ്ക്കാനും മൂലധനനിക്ഷേപം നടത്താനും അനുവദിക്കുകയാണ് ഈ പദ്ധതിയിലൂടെ. മുതലാളിത്ത ഉൽപ്പാദനക്രമം നേരിടുന്ന അപരിഹാര്യമായ, അസാധാരണമായ പ്രതിസന്ധിയുടെ പ്രതിഫലനം കൂടിയാണ് ഈ ദേശീയ ധനസമാഹരണ പരിപാടി. എന്നാൽ ഇതും അവരെ തുണയ്ക്കില്ല എന്നത് ചരിത്രപാഠങ്ങളിൽനിന്ന് നാം തൊഴിലാളിവർഗ്ഗം തിരിച്ചറിയുന്നു.

Share this post

scroll to top