അദാനിയുടെ നിയമ വിരുദ്ധ ഇടപാടുകൾക്ക് മോദിയുടെ ഒത്താശ

Adani-Slug.jpg
Share

പ്രധാനമന്ത്രി മോദിയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെയും മുതിര്‍ന്ന ബിസിനസ്സ് എക്സിക്യൂട്ടീവുകളുടെയുംപേരില്‍, ന്യൂയോര്‍ക്കിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി, കോടിക്കണക്കിന് ഡോളറിന്റെ കൈക്കൂലി, നിക്ഷേപക തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയത് ഇന്ത്യയുടെ ഭരണതലത്തിലും ബിസിനസ്സ് ലോകത്തും ഞടുക്കം സൃഷ്ടിച്ചിരിക്കുകയാണ്.

യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ കണ്ടെത്തലിനെ(എസ്ഇസി) സംബന്ധിച്ച തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ ഗൗതം അദാനിയെയും, അനന്തരവന്‍ സാഗര്‍ അദാനിയെയും വിളിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൂടാതെ, കൈക്കൂലി ആരോപണത്തില്‍ ഗൗതം അദാനിക്കും അനന്തരവനുമെതിരെ, യുഎസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടു വിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗൗതം അദാനിയും, മറ്റ് ഏഴ് മുതിര്‍ന്ന ബിസിനസ്സ് എക്‌സിക്യൂട്ടീവുകളും സൗരോര്‍ജ്ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 265 മില്യൺ ഡോളര്‍ കൈക്കൂലി വാഗ്ദാനം ചെയ്തതായി യുഎസ് നീതിന്യായ വകുപ്പ് അധികൃതര്‍ ആരോപിച്ചു. കൂടാതെ, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡും മറ്റൊരു സ്ഥാപനവും 12 ജിഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതി ഇന്ത്യന്‍ സര്‍ക്കാരിന് വില്‍ക്കാന്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും നീതിന്യായവകുപ്പ് പ്രസ്താവിക്കുന്നു. ഈ കരാറുകള്‍ മുഖേന, ഏകദേശം 20 വര്‍ഷത്തെ കാലയളവില്‍, നികുതി കുറച്ചുള്ള ലാഭത്തില്‍ 2 ബില്യണ്‍ ഡോളറിലധികം (16,800 കോടി രൂപ) ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൈക്കൂലി വഴി നേടിയ സൗരോര്‍ജ്ജ വിതരണ കരാറുകളുടെ ഫണ്ടു ള്‍പ്പെടെയുള്ള ധനസമാഹരണം ഉറപ്പാക്കാന്‍ യുഎസ് നിക്ഷേപകരില്‍നിന്ന് ഈ പദ്ധതികള്‍ മറച്ചുവെച്ചതിന് ഗൗതം അദാനിക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അതോടൊപ്പം, യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) അദാനിക്കും രണ്ട് കൂട്ടുപ്രതികള്‍ക്കുമെതിരെ യുഎസ് സെക്യൂരിറ്റീസ് നിയമങ്ങളിലെ വഞ്ചനാവിരുദ്ധ വ്യവസ്ഥകള്‍ ലംഘിച്ചതിന് കുറ്റം ചുമത്തുകയും, പിഴയും മറ്റ് ഉപരോധങ്ങളും തേടുകയും ചെയ്യുന്നു. വായ്പ നല്‍കിയവരില്‍നിന്നും നിക്ഷേപകരില്‍നിന്നും അഴിമതി മറച്ചുവെച്ചുകൊണ്ട് ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി, എക്സിക്യുട്ടീവ് വിനീത് ജെയിന്‍ എന്നിവര്‍ ചേര്‍ന്ന് 3 ബില്യണ്‍ ഡോളര്‍ (25,200 കോടി രൂപ) ലോണുകളും ബോണ്ടുകളുമായി കമ്പനിക്കുവേണ്ടി സമാഹരിച്ചതായി യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ അവകാശപ്പെടുന്നു.


ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ ഗൗതം അദാനി ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വ്യക്തിപരമായി സന്ദര്‍ശിച്ചുവെന്നും, കൈക്കൂലി വിഷയം ചര്‍ച്ച ചെയ്യാന്‍ പതിവായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നുമാണ് സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് തെളിവായി കൈക്കൂലിയുടെ വിവരങ്ങള്‍ ഒന്നിലധികം മൊബൈല്‍ ഫോണുകളില്‍നിന്നും ലഭിച്ചിട്ടുണ്ട്. അദാനി ഗ്രീനും മറ്റൊരു സ്ഥാപനവും, കേന്ദ്ര റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിനുകീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി(എസ്‌ഇസിഐ) ഊര്‍ജ്ജോല്‍പ്പാദന കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കരാറനുസരിച്ചുള്ള വൈദ്യതി ഉല്‍പ്പാദനത്തിന്റെ ഡിമാന്‍ഡ് ഉറപ്പുനല്‍കാന്‍ 2020-21ല്‍ അദാനിയും അദ്ദേഹത്തിന്റെ കൂട്ടാളികളും കൈക്കൂലി പദ്ധതി ആസൂത്രണം ചെയ്യാന്‍ തുടങ്ങിയതായും പ്രസ്താവിക്കുന്നു.
സോളാര്‍ എനര്‍ജി കോര്‍പ്പറേഷനും ആന്ധ്രയിലെ വൈദ്യുതി വിതരണ കമ്പനികളുമായി വൈദ്യുതി വില്‍പ്പന കരാറുണ്ടാക്കുന്നതിന് 2021ല്‍ ഗൗതം അദാനി ആന്ധ്രാപ്രദേശിലെ ഭരണതലത്തിലെ ഒരു ഉന്നതനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും യുഎസ് പുറത്തുവിട്ട രേഖയില്‍ പറയുന്നു. 1,750 കോടി രൂപ (ഏകദേശം 228 ദശലക്ഷം ഡോളര്‍) കൈക്കൂലി വാഗ്ദാനം ചെയ്തതോടെ, സംസ്ഥാന വൈദ്യുതി വിതരണ കമ്പനികള്‍ എസ്‌ഇസിഐ യില്‍നിന്ന് 7ജിഗാവാട്ട് സൗരോര്‍ജ്ജം വാങ്ങാന്‍ സമ്മതിച്ചതായും രേഖയില്‍ പറയുന്നു. 2022 ഫെബ്രുവരിയോടെ, ഒഡീഷ, ജമ്മു കാശ്മീര്‍, തമിഴ്‌നാട്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ വിതരണ കമ്പനികളും സമാനമായി എസ്‌ഇസിഐ യുമായി വൈദ്യുതി വില്‍പ്പന കരാറില്‍ ഏര്‍പ്പെട്ടു. നികുതിദായകരുടെ പണത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വൈദ്യുതി വിതരണ കമ്പനികളെ അദാനി എനര്‍ജിയില്‍നിന്ന് ഉയര്‍ന്ന നിരക്കില്‍ സൗരോര്‍ജ്ജം വാങ്ങാന്‍ സമ്മതിപ്പിക്കുന്നതിനാണ് കൈക്കൂലി നല്‍കിയത്.


ബിജെപി സര്‍ക്കാരുകളുടെ സഹായത്തോടെ അദാനി ഗ്രൂപ്പിന്റെ വന്‍മുന്നേറ്റം


കഴിഞ്ഞ 20-22 വര്‍ഷങ്ങളിലെ അദാനി ഗ്രൂപ്പിന്റെ ഉയര്‍ച്ച കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഗൗതം അദാനിയുടെ വ്യവസായം വളര്‍ച്ചയുടെ പടവുകള്‍ കയറിത്തുടങ്ങിയത്. മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാരില്‍നിന്ന് ഗൗതം അദാനി തുറമുഖ-പ്രത്യേക സാമ്പത്തിക മേഖല (സെസ്) പദ്ധതികള്‍ക്കായി ഭൂമി കൈക്കലാക്കിയത്-ചതുരശ്ര മീറ്ററിന് 1 രൂപ മുതല്‍ 32 രൂപവരെ-സംസ്ഥാനത്തെ മറ്റ് കമ്പനികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ് വിലയ്ക്കായിരുന്നു. കച്ച് ജില്ലയിലെ മുന്ദ്ര ബ്ലോക്കില്‍ 15,946.32 ഏക്കറില്‍ (6,456 ഹെക്ടര്‍) വ്യാപിച്ചുകിടക്കുന്ന അദാനി തുറമുഖത്തിനും, രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടി-പ്രൊഡക്റ്റ് സെസിനുംവേണ്ടി സംസ്ഥാനം കാര്‍ഷികേതര സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിനാല്‍, ഇളവുള്ള വിലനിര്‍ണ്ണയത്തിനുപുറമെ, ഭൂമി ഏറ്റെടുക്കലില്‍ തടസ്സങ്ങളൊന്നും അവര്‍ക്ക് നേരിടേണ്ടി വന്നില്ല. 1995ലെ തുറമുഖ നയം അനുസരിക്കാതെ (ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍, മോദി മുഖ്യമന്ത്രിയായിരു കാലത്ത്) അദാനി ഗ്രൂപ്പിന് തങ്ങളുടെ ഓഹരി വിറ്റഴിച്ച് കച്ചിലെ മുന്ദ്രയില്‍ ഒരു സ്വകാര്യ തുറമുഖം സ്ഥാപിക്കുന്നതിന് സഹായിച്ചു. അന്നത്തെ ഗുജറാത്ത് സര്‍ക്കാര്‍ മുന്ദ്ര തുറമുഖത്തിലെ തങ്ങളുടെ ഓഹരികള്‍ 26 ശതമാനത്തില്‍ നിന്ന് 11 ശതമാനത്തിലേക്കും പിന്നീട് 8.55 ശതമാനത്തിലേക്കും ക്രമേണ കുറച്ചു. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ 8.55 ശതമാനം ഓഹരികള്‍ 197.79 കോടി രൂപയ്ക്ക് അദാനിക്ക് വിറ്റു. മാത്രമല്ല, ഒരു സ്വകാര്യ തുറമുഖം സ്ഥാപിക്കാന്‍ സംസ്ഥാനത്തിന് താല്‍പര്യമുണ്ടെങ്കില്‍, തുറമുഖ നയത്തില്‍ വിവരിച്ചിരിക്കുന്ന നടപടിക്രമം പിന്തുടരുകയും, മറ്റ് കമ്പനികളില്‍നിന്ന് ലേലം ക്ഷണിക്കുകയും ചെയ്യണമായിരുന്നു. എന്നാല്‍ ലേലം നടത്തിയില്ലെന്നുമാത്രമല്ല, കാലക്രമേണ സര്‍ക്കാര്‍ ഓഹരികള്‍ ക്രമാനുഗതമായി കുറച്ചു കൊണ്ടുവന്ന് ഒന്നുമില്ലാതെയാക്കുകയും ചെയ്തു. ബിജെപി ഭരിക്കുന്ന ഗുജറാത്ത് സര്‍ക്കാര്‍ അദാനിയോട് കാണിച്ച പച്ചയായ പ്രീണനമായിരുന്നു ഇത്. ഇത്രയും ഹീനമായ നിയമലംഘനത്തിന് സിഎജി ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. പക്ഷേ, ഫലമുണ്ടായില്ല. നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അതിരുവിട്ട്, നിയമത്തെ മറികടന്നും പിന്തുണയ്ക്കുന്നതിനാല്‍ അദാനിക്ക് പിന്നീട് ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.


2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ അദാനിക്ക് ഒന്നിലധികം വിമാനത്താവളങ്ങള്‍ അനുവദിക്കാനായി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയുണ്ടായി. 30 ലക്ഷം കോടിയുടെ കാര്‍ഷികവ്യാപാരം അദാനിക്കും മുകേഷ് അംബാനിക്കും കൈമാറാനുള്ള ഗൂഢാലോചന എന്ന് ആരോപണവിധേയമായ പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നു മോദി സര്‍ക്കാര്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും (ഇഡി), സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെയും (സിബിഐ) പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയും, നിസ്സാര വിഷയങ്ങളില്‍പോലും തങ്ങളുമായി യോജിച്ചുപോകാത്ത വ്യക്തികള്‍ക്കെതിരെയും, ദുര്‍ബലമായ ന്യായങ്ങള്‍ ഉന്നയിച്ചുകൊണ്ടും അഴിച്ചുവിടുന്നു. എന്നാല്‍, അദാനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഈ ഏജന്‍സികള്‍ക്ക് യാതൊരു താല്‍പര്യവുമില്ല. അങ്ങനെ, വര്‍ഷങ്ങളായി രാജ്യത്തും വിദേശത്തും അനാശാസ്യമായ ഇടപാടുകള്‍ ധാരാളമുണ്ടായിട്ടും, മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ പ്രിയപ്പെട്ട ബഹുരാഷ്ട്ര കുത്തകയാണ് അദാനി ഗ്രൂപ്പ്. കൈയേറിയ ആദിവാസി ഭൂമിയിലെ ഖനനം, തുറമുഖ നിര്‍മ്മാണവും നടത്തിപ്പും, വിമാനത്താവളപരിപാലനം, ആയുധനിര്‍മ്മാണം, സിമന്റ് ഉല്‍പാദനം, വൈദ്യുതി ഉല്‍പാദനവും വിതരണവും, കല്‍ക്കരി, സൗരോര്‍ജ്ജം എന്നിവയുടെ വ്യാപാരം, മാധ്യമ സ്ഥാപനങ്ങള്‍ നടത്തുക തുടങ്ങി വിവിധ മേഖലകളില്‍ ഒന്നിനുപുറകെ ഒന്നായി അവര്‍ക്ക് ബിജെപി സര്‍ക്കാരിന്റെ സഹായവും കരാറുകളും നിര്‍ല്ലോഭം ലഭിക്കുന്നു. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ അദാനിയുടെ ആസ്തി 2.8 ബില്യണ്‍ ഡോളറായിരുന്നു (2,36,47.86 കോടി രൂപ). നഗ്നമായ പ്രീണനത്തെക്കുറിച്ചുള്ള രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കിടയില്‍, 90 ബില്യണ്‍ ഡോളര്‍ (7,47,000 കോടി രൂപ) ആസ്തി നേടിയ ഗൗതം അദാനി, 2022 ഏപ്രിലില്‍ ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയായി. 2023ല്‍ പ്രധാനമന്ത്രി മോദി മൂന്നാം തവണയും അധികാരത്തില്‍ വന്നതോടെ അദാനിയുടെ സമ്പത്ത് കുതിച്ചുയര്‍ന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ സമ്പത്ത് ഏകദേശം 9.8 ട്രില്യണ്‍ ഡോളറാണ് (8,27,475.56 കോടി രൂപ). ബിസിനസ്സിനോടുള്ള തുറന്ന മനസ്സും സ്വജനപക്ഷപാതവും തമ്മിലുണ്ടായിരിക്കേണ്ട വ്യക്തമായ വ്യത്യാസം ഇല്ലാതാക്കിക്കൊണ്ട് മോദി സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെ നിരന്തരം പ്രോത്സാഹിപ്പി ച്ചുകൊണ്ടേയിരിക്കുന്നു എന്നത് രഹസ്യമല്ല.
2023ല്‍, യുഎസിലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്, അദാനി ഗ്രൂപ്പിന്റെ അക്കൗണ്ടിംഗ് വെട്ടിപ്പിന്റെയും, മാര്‍ക്കറ്റ് കൃത്രിമത്വത്തി ന്റെയും ആരോപണങ്ങള്‍ വിശദീകരിക്കുന്ന ഒരു നിശിതമായ റിപ്പോര്‍ട്ട് പുറത്തിറക്കി. പ്രധാനമായും അദാനി ഗ്രൂപ്പിന്റെ ഏഴ് പ്രധാനപ്പെട്ട, ലിസ്റ്റ് ചെയ്ത കമ്പനികളില്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ ശരാശരി 819% ഓഹരി വില വര്‍ദ്ധനവുവഴി ഗൗതം അദാനി 100 ബില്യൺ ഡോളറിലധികം ഈ കാലയളവില്‍ കൂട്ടിച്ചേര്‍ത്തതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ലിസ്റ്റുചെയ്ത അദാനി സ്ഥാപനങ്ങള്‍ പിന്നീട് ഗണ്യമായ കടം എടുത്തു. ഇതിനായി, അവരുടെ ഊതിവീര്‍പ്പിച്ച വിലയുള്ള ഓഹരികള്‍ ഉള്‍പ്പെടെ വായ്പയ്ക്കായി പണയം വെച്ചത്, ഗ്രൂപ്പിനെ മുഴുവന്‍ അപകടകരമായ സാമ്പത്തിക സ്ഥിതിയിലാക്കിയിട്ടുണ്ട്. പൊതുജനങ്ങളില്‍നിന്ന് പണം തട്ടിയെടുക്കാനും അത് വെളുപ്പിക്കാനും അദാനി ഗ്രൂപ്പ് വിദേശ നിഷ്‌ക്രിയ കമ്പനികളെ ഉപയോഗിക്കുകയും പതിറ്റാണ്ടുകളായി അക്കൗണ്ടിംഗ് തട്ടിപ്പുകള്‍ നടത്തുകയും ചെയ്യുന്നു. അതിശയകരമെന്നു പറയട്ടെ, ഇന്ത്യയിലെ മൂലധന വിപണിയുടെ മേല്‍നോട്ട ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ശരിയായ അന്വേഷണമില്ലാതെ അദാനി ഗ്രൂപ്പിനെ കുറ്റവിമോചിതരാക്കി. സെബി ഒരു നിയമപരമായ സ്ഥാപനമാണ്, അതിന്റെ മേധാവിയെ നിയമിക്കുന്നത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയാണ്. എന്നിട്ടും സെബിയുടെ ഭാഗത്തുനിന്നുണ്ടായ കൃത്യവിലോപം സര്‍ക്കാര്‍ അവഗണിച്ചു. ഓഹരിവിലയിലെ കൃത്രിമം, വെളിപ്പെടുത്താത്ത ബന്ധുതാ ഇടപാടുകള്‍, പൊതുവിപണിയില്‍ നിലനിര്‍ത്തേണ്ട മിനിമം ഓഹരി ഉടമസ്ഥതയുടെ പരിധി ലംഘനം എന്നീ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സെബിയോട് സുപ്രീംകോടതി മാത്രമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇടപാടുകളില്‍ ക്രമക്കേടൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സെബി അറിയിച്ചു. കഴിഞ്ഞ ജനുവരിയില്‍, സെബിയുടെ അന്വേഷണം അവസാന വാക്കായിരിക്കുമെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമില്ലെന്നും സുപ്രീംകോടതി വിധിച്ചപ്പോള്‍ അദാനിക്ക് അത് വലിയ ആശ്വാസം നല്‍കി.


പ്രധാനമന്ത്രി മോദി വിദേശത്ത് അദാനിക്കുവേണ്ടി ശുപാര്‍ശ
ചെയ്തതായി ആരോപണം


കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി ഇന്ത്യക്കുപുറത്തുള്ള അദാനി ഗ്രൂപ്പിന്റെ വളര്‍ച്ച ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര ശ്രമങ്ങളുമായി ഇഴുകിചേര്‍ന്നതാണ്. അദാനിയുടെ പല അന്താരാഷ്ട്ര ഇടപാടുകളും നടന്നത്, ചില രാജ്യങ്ങളിലെ മോദിയുടെ ഔദ്യോഗിക സന്ദര്‍ശനത്തിനുശേഷമോ അല്ലെങ്കില്‍ രാജ്യ തലവന്‍മാര്‍ ഇന്ത്യ സന്ദര്‍ശിച്ചതിനു ശേഷമോ ആണ്. 2015ല്‍ രാജ്യത്തെ ഒരു പ്രമുഖപത്രം ‘മോദി പോയ ഇടങ്ങളിലെല്ലാം അദാനി പോകുമെന്ന് ഉറപ്പായിരുന്നു’ എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക യാത്രകളില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചകള്‍ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഗ്രീസ്, ഇന്തോനേഷ്യ, ഇസ്രയേല്‍, കെനിയ, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളില്‍ അദാനി ഗ്രൂപ്പിന് തങ്ങളുടെ അന്താരാഷ്ട്ര ബിസിനസ് വിപുലീകരിക്കാന്‍ സഹായിച്ചു. കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു പദ്ധതി അദാനിക്ക് നല്‍കാന്‍ പ്രധാനമന്ത്രി മോദി തങ്ങളുടെ പ്രസിഡന്റിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പില്‍ ഒരു ശ്രീലങ്കന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇപ്പോള്‍ എല്ലാ കരാറുകളും റദ്ദാക്കിയ കെനിയയില്‍, പ്രധാനമന്ത്രി മോദിയാണ് അദാനിയെ പരിചയപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി സമ്മതിച്ചു. ബംഗ്ലാദേശില്‍, അദാനി ഗ്രൂപ്പുമായുള്ള വൈദ്യുതി പ്രസരണ കരാര്‍ അന്യായമാണെന്ന് പരക്കെ വിമര്‍ശിക്കപ്പെട്ടു. ഇത് ആ രാജ്യത്തും അതിനുള്ള പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ പോകുന്ന ജാര്‍ഖണ്ഡിലും പ്രതിഷേധത്തിന് കാരണമായി.
ഇസ്രയേലുമായുള്ള അദാനിയുടെ പ്രതിരോധ കരാറും പ്രഹസനമാണ്. അദ്ദേഹത്തിന്റെ കമ്പനികള്‍ ഇന്ത്യയില്‍ അത്തരം ആയുധ നിര്‍മ്മാണം നടത്തിയിട്ടില്ല. ഇന്തോനേഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ കണക്കില്‍ കൂടുതല്‍ ഇന്‍വോയ്സ് ചെയ്ത കേസും കൊടുങ്കാറ്റ് സൃഷ്ടിച്ചെങ്കിലും അന്വേഷണത്തിന് ഉത്തരവിട്ടില്ല. അദാനി ഗ്രൂപ്പിന്റെ പദ്ധതികള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ തയ്യാറാണെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസി ഉറപ്പിച്ച് പറഞ്ഞിരുന്നു. 2023 ഡിസംബര്‍ 5ന്, കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ, പ്രധാനമന്ത്രി മോദിയെ ഭാരതസർക്കാരിന്റെ ആഡംബര അതിഥി മന്ദിരമായ ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ കാണുമ്പോൾ ഇരുരാജ്യങ്ങളിലേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം, ഒരു അപ്രതീക്ഷിത സന്ദര്‍ശകന്‍ പ്രത്യക്ഷപ്പെട്ടു. അത് ഗൗതം അദാനി ആയിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം രാഷ്ട്രീയ ചര്‍ച്ചകളില്‍ ആധിപത്യം സ്ഥാപിച്ചതിന് സമാനമായി ഇന്ത്യയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഒരു പ്രധാനമന്ത്രിയും വ്യവസായിയും തമ്മിൽ ഉണ്ടായിട്ടില്ല. ഇവര്‍ രണ്ടുപേരും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ബിസിനസ്സിന്റെ ആഗോള വിപുലീകരണം സുഗമമാക്കുന്നതിനുപുറമെ, അദാ നിക്ക് എല്‍ഐസിയില്‍നിന്നും എസ്ബിഐയില്‍നിന്നും ഉദാരമായ ധനസഹായവും ലഭിച്ചു, വ്യക്തമായും ബിജെപി സര്‍ക്കാരിന്റെ, അതായത് പ്രധാനമന്ത്രി മോദിയുടെ പ്രേരണയാലാണത്. കൂടാതെ, അദാനിയുടെ വലിയ ബാങ്ക് വായ്പാ കുടിശ്ശിക ഉദാരമായി എഴുതിത്തള്ളുകയും ചെയ്തു. പൊതുമേഖലാ ബാങ്കുകളിൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത പത്ത് കമ്പനികള്‍ക്കുണ്ടായിരുന്ന 62,000 കോടി രൂപയുടെ നികുതി കുടിശ്ശിക 16,000 കോടി രൂപയായി കുറച്ചതായി കഴിഞ്ഞ ദിവസം ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ആരോപിച്ചു. സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിരതയ്ക്കും, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സമ്പാദ്യത്തിനും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇത് ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.


ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോ പണങ്ങള്‍ അവഗണിക്കപ്പെട്ടു


സെബി ചെയർപേഴ്‌സണായിരുന്ന മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധബല്‍ ബുച്ചിനും അദാനിയുടെ കമ്പനികളില്‍ വന്‍തോതില്‍ ഓഹരിയുണ്ടെന്ന പുതിയ ആരോപണം 2024 ആഗസ്റ്റ് 10ന്, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ രണ്ടാമത്തെ റിപ്പോര്‍ട്ട് ഉയര്‍ത്തി. ഇതാകട്ടെ ഊതിപ്പെരുപ്പിച്ച വിലയുള്ള ഓഹരികളുമാണത്രേ. ‍അദാനി ഗ്രൂപ്പിന് വിവിധ ഏജന്‍സികളില്‍നിന്ന് വന്‍തുക വായ്പ ലഭിക്കാന്‍ ഈ വിലപ്പെരുപ്പം സഹായിക്കുകയും ചെയ്തു. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ മാധബി പുരി ബുച്ചിന്റെയും ഭര്‍ത്താവിന്റെയും നടപടി വ്യക്തമായ നിയമ ലംഘനമാണ്. രാജ്യത്തിന്റെ സാമ്പത്തിക വിപണിയുടെ നിയന്ത്രണച്ചുമതലയുള്ള സെബിയുടെ ചരിത്രത്തില്‍ അതിന്റെ ചെയര്‍പേഴ്സന്റെ വിശ്വാസ്യത ഇത്രയേറെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ബുച്ച്, അദാനി ഗ്രൂപ്പുമായി സഖ്യത്തിലായിരുന്നതിനാല്‍ അവര്‍ ക്ലീന്‍ ചിറ്റ് നല്‍കി. അതേസമയം, അദാനിക്കെതിരായ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതിനു മുമ്പുതന്നെ ആരോപണം ഉന്നയിച്ച ഹിൻഡൻബർഗിന് സെബി കാരണംകാണിക്കൽ നോട്ടീസ് നൽകി. അദാനി ഗ്രൂപ്പ് ഓഹരികളിൽ യുഎസ് സെക്യൂരിറ്റീസ് നിയമം ലംഘിച്ച് ഊഹക്കച്ചവടം നടത്താൻ ഒരു നിക്ഷേപകനുമായി ചേർന്ന് പ്രവർത്തിച്ചു എന്നാരോപിച്ചായിരുന്നു ഇത്. ഹിന്‍ഡന്‍ബര്‍ഗ് ഈ ആരോപണം പാടെ നിഷേധിച്ചു.
സാമ്പത്തിക കുറ്റകൃത്യവും കര്‍ത്തവ്യലംഘനവും നടത്തിയിട്ടും, ആരോപണ പെരുമഴയുണ്ടായിട്ടും, ബിജെപി സര്‍ക്കാര്‍ മാധബി പുരി ബുച്ചിനെ സെബി മേധാവി സ്ഥാനത്തുനിന്ന് നീക്കിയില്ല. എല്ലാ അന്വേഷണങ്ങളെയും തടസ്സപ്പെടുത്തുന്നതിനൊപ്പം, പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ അനുവദിക്കാന്‍പോലും ബിജെപി സര്‍ക്കാര്‍ വിസമ്മതിച്ചു. ബുച്ചും അദാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടി നെക്കുറിച്ചുള്ള പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍ രേഖകളില്‍നിന്ന് നീക്കംചെയ്യുകയും അവരുടെ നിഗൂഢമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എഴുതിയ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുകയും ചെയ്തു. വ്യക്തമായും, പ്രധാനമന്ത്രി മോദിയും ബിജെപിയും അദാനി ഗ്രൂപ്പ് ഏതെങ്കിലും തെറ്റായ പ്രവൃത്തി ചെയ്തു എന്നംഗീകരിക്കാന്‍ പ്രകടമായ വിമുഖത കാണിക്കുന്നു. ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ അദാനിയുടെ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളില്‍ നിന്ന് വേര്‍പെടുത്താനാവാത്തതാണെന്ന വസ്തുതയ്ക്ക് ഇതെല്ലാം അടിവരയിടുന്നു.


യുഎസ് നീതിന്യായ വകുപ്പിന്റെ ആരോപണങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ട്. യുഎസിന്റെ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസസ് ആക്ട്, 1977 (എഫ്‌സിപിഎ) പ്രകാരം, ബിസിനസ്സ് നേടുന്നതിനോ നിലനിര്‍ത്തുതിനോവേണ്ടി വിദേശ ഗവമെന്റ് ഉദ്യോഗസ്ഥര്‍ക്ക് പണം കൊടുക്കുന്നത് നിയമവിരുദ്ധമാണ്. നിര്‍ണ്ണായക കോര്‍പ്പറേറ്റ് ഭരണരീതികളെക്കുറിച്ച് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് പണം സ്വരൂപിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഇവിടെ അത് എഫ്‌സിപിഎ ലംഘനമാണ്. കൂടാതെ, തെറ്റായ വിവരങ്ങള്‍ നല്‍കിയും ഇലക്ട്രോ ണിക് ആശയവിനിമയംപോലുള്ള തെളിവുകള്‍ നശിപ്പിച്ചും ഫെഡറല്‍ അന്വേഷണത്തെ തടസ്സപ്പെടുത്തുത് നിയമവിരുദ്ധമാണ്. കമ്പനി വാര്‍ഷിക റിപ്പോര്‍ട്ടില്‍ കൈക്കൂലി നടപടികള്‍ മറച്ചുവെക്കുന്നതും പ്രത്യേക കുറ്റമാണ്. ഈ കുറ്റകൃത്യങ്ങളിലെല്ലാം അദാനി ഗ്രൂപ്പ് പ്രതിസ്ഥാനത്താണെന്നാണ് റിപ്പോർട്ട്. അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവിടണം. സെബി മേധാവി ഉള്‍പ്പെടെ കുറ്റം ചെയ്തവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം.


താരതമ്യേന അസ്ഥിരമായ മൂന്നാമൂഴ ത്തിൽ പ്രധാനമന്ത്രി മോദിയുടെ സർക്കാരിന് അകാലത്തിൽ പാളം തെറ്റാതിരിക്കാന്‍ ഭരണകക്ഷിക്ക് അതിന്റെ രാഷ്ട്രീയ മൂലധനം ധാരാളം പാഴാക്കേണ്ടിവരുമെന്ന് സംശയമെന്യേ അനുമാനിക്കാം. അതേസമയം അത്ര എളുപ്പത്തിൽ ഒഴിവാക്കാനാകുന്നയാളല്ല അദാനി. തീര്‍ത്തും അഴിമതി നിറഞ്ഞ മുതലാളിത്തത്തിന്റെയും അതിന്റെ സേവകരുടെയും വൃത്തികെട്ട മുഖമാണിത്. അവര്‍ക്ക് രാജ്യത്തെ ജനങ്ങള്‍ ഒരു പ്രശ്‌നമല്ല. അടിച്ചമര്‍ത്തപ്പെട്ടവരും അധ്വാനിക്കുന്നവരുമായ ദശലക്ഷക്കണക്കിന് ആളുകളുടെ വര്‍ദ്ധിച്ചുവരുന്ന വിലാപങ്ങളും കഷ്ടപ്പാടുകളും അവരുടെ മനസ്സാക്ഷിയില്‍ ഒരു പോറലും ഏല്‍പ്പിക്കുന്നില്ല. പട്ടിണി, വിലക്കയറ്റം, തൊഴിലില്ലായ്മ, വരുമാനമില്ലായ്മ, ആരോഗ്യപരിരക്ഷയുടെ അഭാവം എന്നിവയാല്‍ ജനങ്ങൾ വലയുന്നുണ്ടാകാം. പക്ഷേ, ഭരണ മുതലാളിവര്‍ഗ്ഗവും അവരുടെ അനുസരണയുള്ള രാഷ്ട്രീയ സേവകരും അതൊന്നും യാതൊരു വിധത്തിലും ഗൗനിക്കുന്നില്ല. നിയമത്തിന്റെ പച്ചയായ ലംഘനം, അടിസ്ഥാന ജനാധിപത്യ തത്വങ്ങളെപ്പോലും നഗ്നമായി അട്ടിമറിക്കല്‍, അനിയന്ത്രിതമായ കുറ്റകൃത്യങ്ങൾ തുടങ്ങി, ദുരിതമനുഭവിക്കുന്ന നാട്ടുകാരുടെ അവസാന തുള്ളി ചോരയും പിഴിഞ്ഞെടുത്തുകൊണ്ടു പോലും, പരമാവധി ലാഭം കൊയ്യാനായോ അല്ലെങ്കില്‍ ഏതു വിധേനയും ലാഭം നേടാനായോ ഭരണ കുത്തകകള്‍ ശ്രമിക്കുന്നു. അവരുടെ സ്വേച്ഛാധിപത്യ ഭരണം നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അവര്‍ രാഷ്ട്രീയ മാനേജര്‍മാരെ നിയമിക്കുന്നു. ധനത്തോടും അധികാരത്തോടുമുള്ള മോഹത്താല്‍ അത്തരം മാനേജര്‍മാര്‍ തങ്ങളുടെ യജമാനന്മാരെ ഭയഭക്തിബഹുമാനത്തോടെ പാദസേവ ചെയ്ത് ജീവിക്കുന്നു.
അടിച്ചമര്‍ത്തലിന്റെയും രക്തച്ചൊരിച്ചിലിന്റെയും അഴിമതിയുടെയും സ്വേച്ഛാധിപത്യത്തിന്റെയും ഭരണം നീട്ടിക്കൊണ്ടു പോകേണ്ടതിന്റെ ആവശ്യകത ജനങ്ങള്‍ക്കില്ല. ജനങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും, എല്ലാ ഭിന്നതകള്‍ക്കും അതീതമായി, മുതലാളിത്തവിരുദ്ധ പ്രത്യയശാസ്ത്ര-രാഷ്ട്രീയ ലൈനില്‍ ഉറച്ചുനില്‍ക്കുന്ന ശക്തമായ പ്രതിഷേധങ്ങള്‍ ‍സംഘടിപ്പിക്കുകയും ചെയ്യണം. ഒത്തൊരുമയോടെ, ഭരണകര്‍ത്താക്കളുടെമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയും വേണം.

Share this post

scroll to top