ആഗസ്റ്റ് 11ന് പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ അവസാന മണിക്കൂറുകളിലാണ് നിലവിലുള്ള ക്രിമിനൽ നിയമങ്ങൾ(ഐപിസി)ക്ക്പകരമായി മൂന്ന് പുതിയ ബില്ലുകൾ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കുന്നത്. “കൊളോണിയൽ കാലത്തെ പഴയനിയമം മാറ്റേണ്ടതുണ്ടെന്നും പുതിയ ബിൽ ഇന്ത്യയുടെ നീതിന്യായ സംവിധാനത്തെ ഒന്നാകെ അഴിച്ചുപണിയു മെന്നും പുതിയ നിയമങ്ങൾ ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതാണെന്നും” ആഭ്യന്തര മന്ത്രി അവകാശപ്പെടുകയുണ്ടായി. ഈ ബില്ലുകൾ നിയമങ്ങളായി ജൂലൈ 1ന് പ്രാബല്യത്തിൽ വരികയും ചെയ്തു.
പുതിയ ബില്ലുകൾ യഥാക്രമം, ഭാരതീയ ന്യായസംഹിത ബിൽ 2023(1866ലെ ഇന്ത്യൻ പീനൽകോഡിന് പകരം), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ 2023(1973ലെ ക്രിമിനൽ നടപടിക്രമങ്ങൾക്കുപകരം), ഭാരതീയ സാക്ഷ്യബിൽ 2023(1872ലെ ഇന്ത്യൻ എവിഡൻസ് ആക്ടിനുപകരം) ഇവയാണ്. ഈ നിയമങ്ങൾക്കെല്ലാം സംസ്കൃതപേരുകളാണ് നൽകിയിരിക്കുന്നത്. പഴഞ്ചൻ നിയമങ്ങളെ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് നടപ്പിലാക്കിയിരിക്കുന്ന പുതിയ നിയമങ്ങളുടെ പിന്നിലെ താല്‍പര്യം എന്താണ്? പുതിയ നിയമങ്ങൾ മുമ്പുണ്ടായിരുന്നതിനെക്കാൾ കർശനമാണ്. നീതി നടപ്പിലാക്കുന്ന കാര്യത്തിലല്ല, പൗരന്മാരെ സർവശക്തനായ മുതലാളിത്ത ഭരണകൂടത്തിനുമുമ്പിൽ ഭയഭക്തിയോടെ വണങ്ങാനും അനുസരിപ്പിക്കാനും ഈ നിയമങ്ങൾ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ ശ്രമിക്കുന്നു. എല്ലാ മേഖലകളിലും ജനങ്ങളെ അടിച്ചമർത്തുന്നവയാണ് പുതിയ നിയമങ്ങൾ.
ഈ ബില്ലുകൾ അവതരിപ്പിച്ച നാൾമുതൽ വിവാദങ്ങളും തല പൊക്കിത്തുടങ്ങി. ബില്ലുകൾക്കെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട എതിർപ്പ്, അത് തയ്യാറാക്കുന്നതിൽ ന്യായാധിപ സമൂഹത്തിൽനിന്നോ ബാർ അസോസിയേഷനിൽനിന്നോ പൊതുസമൂഹത്തിൽനിന്നോ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽനിന്നോ ഉള്ള ആരുംതന്നെ ഭാഗഭാക്കായിരുന്നില്ല എന്നതാണ്. പൊതുജനങ്ങളിൽനിന്ന് അഭിപ്രായം ആരായുന്ന പ്രക്രിയയും നടന്നില്ല. തികച്ചും സ്വേച്ഛാപരമായും ഏകാധിപത്യ പ്രവണതയോടെയും ഭരിക്കുന്നതിൽ കുപ്രസിദ്ധരായ ബിജെപി ഏകപക്ഷീയമായി തയ്യാറാക്കിയിരിക്കുന്ന ബില്ലുകളാണിവ. പൊതുജനതാൽപര്യത്തിന് വിരുദ്ധമായ ഒട്ടേറെ വകുപ്പുകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
രാജ്യദ്രോഹക്കുറ്റം റദ്ദാക്കിയോ?
പുതിയ ന്യായസംഹിത ബില്ലുകളിൽനിന്ന് കൊളോണിയൽ കാലത്തെ രാജ്യദ്രോഹത്തെ സംബന്ധിക്കുന്ന നിയമങ്ങൾ എടുത്തുമാറ്റിയിട്ടുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ ഐപിസി 1860ലെ 124എയ്ക്ക് പകരമായി വരുന്ന ഭാരതീയ ന്യായസംഹിതയിലെ 150-ാം വകുപ്പ് പഴയതിനെക്കാൾ ഭീകരമാണ്. എല്ലാ മൗലികാവകാശങ്ങളും അത് ഒറ്റയടിക്ക് ഇല്ലായ്മ ചെയ്തിരിക്കുന്നു.
ഇന്ത്യയിലെ നിയമത്തിനനുസരിച്ച് രൂപംകൊണ്ടിരിക്കുന്ന ഒരു ഗവൺമെന്റിനെതിരെ അസംതൃപ്തിയുള്ളതോ, ആ അസംതൃപ്തി പ്രകടിപ്പിക്കുന്നതോ ആയ ഏതൊരാൾക്കെതിരെയും നടപടിയെടുക്കാൻ ഈ വകുപ്പ് ഗവൺമെന്റിന് അധികാരം നൽകുന്നു. മാത്രവുമല്ല, ഭാരതത്തിന്റെ പരമാധികാരത്തെയോ അഖണ്ഡതയെയോ ഐക്യത്തെയോ അപകടപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയും ശിക്ഷിക്കപ്പെടണം എന്നും അതിൽ പറയുന്നു. പരമാധികാരത്തെയോ അഖണ്ഡതയെയോ ഐക്യത്തെയോ അപകടപ്പെടുത്തുക എന്നാൽ എന്താണെന്നതിന് കൃത്യമായ നിർവചനമില്ല. അത് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കാൻ ഭരണകൂടത്തിനും ഗവൺമെന്റിനും സാധിക്കും.
പഴയ ഐപിസി 124 എയുമായി ഇതിനെ താരതമ്യം ചെയ്തുനോക്കുക. ഇന്ത്യയിൽ നിയമപ്രകാരം സ്ഥാപിതമായ ഗവൺമെന്റിനോട് വാക്കാലോ, എഴുത്താലോ, അടയാളങ്ങൾകൊണ്ടോ, ദൃശ്യമായ പ്രകടനങ്ങൾ വഴിയോ മറ്റോ വിദ്വേഷമോ അവഹേളനമോ ഉണ്ടാക്കുന്നതും അതിനെതിരെ അസംതൃപ്തി വളർത്താൻ ശ്രമിക്കുന്നതും പിഴയോടുകൂടെ ജീവപര്യന്തം തടവിന്, അല്ലെങ്കിൽ മൂന്നുവർഷംവരെ നീളുന്ന തടവുശിക്ഷയോ അതോടൊപ്പം പിഴയും ശിക്ഷയായി ലഭിക്കാം. ഇതിലെ അസംതൃപ്തി എന്ന വാക്കിന് പുതിയ നിയമത്തിൽ ഗവൺമെന്റിനോടുള്ള കൂറില്ലായ്മയും ശത്രുതയും കൂട്ടിച്ചേർത്തിരിക്കുന്നു. അഥവാ പുതിയ നിയമപ്രകാരം ഗവൺമെന്റ് നടപടികൾക്കെതിരെയുള്ള ജനാധിപത്യപരമായ പ്രതിഷേധങ്ങളെപ്പോലും കുറ്റകൃത്യമായി വ്യാഖ്യാനിക്കാനുള്ള രീതിയിലാണ് പുതിയനിയമം.
പുതിയ നിയമത്തിലെ 116എ വകുപ്പ് ഒരു ഭീകരവാദിക്ക് നൽകിയിരിക്കുന്ന വിശദീകരണം, ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ വികസിപ്പിച്ചെടുക്കുകയോ, നിർമ്മിക്കുകയോ, കൈവശംവയ്ക്കുകയോ, കരസ്ഥമാക്കുകയോ, കൊണ്ടുപോകുകയോ, വിതരണം ചെയ്യുകയോ, ഉപോയാഗിക്കുകയോ ചെയ്യുന്ന ആൾ എന്നാണ്. ആണവവസ്തുക്കളോ, അണുവികരണമുണ്ടാക്കുന്ന പദാർത്ഥങ്ങളോ, അല്ലെങ്കിൽ തീ പിടിക്കുകയോ, വെള്ളപ്പൊക്കത്തിന് കാരണമാകുന്ന വസ്തുക്കളോ കൈകാര്യം ചെയ്യുന്ന ആൾ. അതായത് എവിടെയെങ്കിലും വെള്ളപ്പൊക്കമോ തീപിടുത്തമോ അല്ലെങ്കിൽ ഒരു അപകടം നടന്ന് ഒരു പൊട്ടിത്തെറിയോ(ഉദാഹരണത്തിന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുക) സംഭവിച്ചാൽ അതുമായി ബന്ധപ്പെട്ട ആളുകളെ ഭീകരവാദിയായി മുദ്രകുത്തി ശിക്ഷിക്കാം.
നമ്മുടെ നാട്ടിൽ പരിമിതമായെങ്കിലും നിലനിന്നിരുന്ന ജനാധിപത്യ അവകാശങ്ങളുംകൂടെ കവർന്നെടുക്കുകയാണ് പുതിയ നിയമസംഹിതകൾ. ഇതുവഴി ജനങ്ങളോട് പരസ്യമായ യുദ്ധപ്രഖ്യാപനമാണ് സർക്കാർ നടത്തുന്നത്. നിയമങ്ങളിലെ വാക്കുകൾ അസ്പഷ്ടമാകുന്നതിനനുസരിച്ച് സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് തങ്ങൾക്കിഷ്ടപ്പെട്ട രീതിയിൽ വ്യാഖ്യാനിക്കാൻ അവസരമുണ്ടാക്കുമെന്ന് 1993ൽ യുഎൻഒ ചൂണ്ടിക്കാട്ടിയിരുന്നു. എങ്ങനെവേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന ഇത്തരം നിയമങ്ങൾ, പോലീസിനും മിലിട്ടറിക്കും, തങ്ങൾക്ക് അനഭിമതരായവരെ തുറുങ്കിലടയ്ക്കാൻ അവസരം നൽകും. രാജ്യദ്രോഹ നിയമം റദ്ദാക്കിയിട്ടില്ലെന്നുമാത്രമല്ല അവ്യക്തതയുളള പദപ്രയോഗങ്ങളിലൂടെ അതിനെ കൂടുതൽ അപകടകരമാക്കിയിരിക്കുകയാണ് പുതിയ നിയമസംഹിതയിൽ.
പഴയ പീനൽകോഡിൽ 511വകുപ്പുകൾ ഉണ്ടായിരുന്നസ്ഥാനത്ത് പുതിയ ഭാരതീയ ന്യായ സംഹിതയിൽ 356വകുപ്പുകൾ മാത്രമാണ് ഉള്ളത്. എന്നാൽ വിശദമായി പരിശോധിച്ചാൽ പഴയ നിയമത്തിന്റെ 80%വും പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്. കൊളോണിയൽ നിയമത്തെ മാറ്റി അതിനെ ഭാരതീയവത്ക്കരിക്കുന്നു എന്ന ഗവൺമെന്റിന്റെ അവകാശവാദം പൊള്ളയാണ്. ഐപിസിയിലെ 520-ാംവകുപ്പ് അപകീർത്തിപ്പെടുത്തുന്നതിനെതിരെയുള്ള നിയമമാണ്. അതിങ്ങനെയാണ്: മറ്റൊരാളെ അപകീർത്തിപ്പെടുത്തുന്നയാൾക്ക് രണ്ടുവർഷം വരെ വെറുംതടവോ പിഴയോ അതോ രണ്ടും ഒരുമിച്ചോ ലഭിക്കാം. പുതിയ ബില്ലിലെ 354-ാം വകുപ്പിലും ഇതേ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ശിക്ഷയുെടകൂടെ സാമൂഹ്യസേവനവും കൂട്ടിച്ചേർത്തിരിക്കുന്നു എന്നുമാത്രം.
നീതിനിർവഹണ പ്രക്രിയ കഴിഞ്ഞാൽ ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ നീതി നടപ്പിലാക്കണം, സ്വന്തം നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ അവസരങ്ങളും കുറ്റാരോപിതന് ലഭിച്ചിരിക്കണം, മാത്രവുമല്ല നീതി നിർവഹണത്തിന്റെ പ്രക്രിയയിൽ കുറ്റംതെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതനെ അല്ലെങ്കിൽ കുറ്റാരോപിതയെ നിരപരാധിയായിട്ടാണ് പരിഗണിക്കേണ്ടത് എന്നിവ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്ന നീതിന്യായ സംവിധാനത്തിന്റെ അടിസ്ഥാനതത്വങ്ങളാണ്. അന്തർദ്ദേശീയ മനുഷ്യാവകാശ ചാർട്ടറിന്റെ 11-ാം വകുപ്പിൽ ഇവ എഴുതിച്ചേർത്തിട്ടുണ്ട്. എന്നാൽ പുതിയ ന്യായസംഹിതകൾ പിന്തുടരുന്നത് എങ്ങനെയെങ്കിലും ശിക്ഷ നടപ്പിലാക്കാനുള്ള പഴയ മതവിചാരണകളുടെ വ്യഗ്രതയാണ്. അതായത് ഗവൺമെന്റിനെ എതിർത്തു എന്ന പേരിൽ ആരെയെങ്കിലും അറസ്റ്റ് ചെയ്താൽ പിന്നെ വിചാരണ ഒരു പ്രഹസനം മാത്രമായിരിക്കും. അയാൾക്ക് ശിക്ഷ ലഭിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല.
ഐപിസി 1860ൽ 302-ാം വകുപ്പ് മനപ്പൂർവമുള്ള നരഹത്യയെ കുറിച്ചായിരുന്നു. ഇപ്പോൾ അക്കൂട്ടത്തിലേയ്ക്ക് കള്ളവും പിടിച്ചുപറിയും കൂട്ടിച്ചേർത്തിട്ടുണ്ട്. അത്തരം കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ ലഭിക്കാം എന്നർത്ഥം. ഐപിസി 420-ാം വകുപ്പ് വഞ്ചനാക്കുറ്റത്തെക്കുറിച്ചായിരുന്നു. ഇതിന്റെ കുറഞ്ഞ ശിക്ഷ ഒരു വർഷത്തിൽനിന്ന് ആറുമാസമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.
ന്യായസംഹിതയിലെ 69-ാംവകുപ്പ് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ളതാണ്. ആരെങ്കിലും കപടമായ മാർഗ്ഗങ്ങളിലൂടെയോ അല്ലെങ്കിൽ വിവാഹം കഴിക്കാൻ ഉദ്ദേശിക്കാതെ വിവാഹവാഗ്ദാനം നൽകിയോ ഒരു സ്ത്രീയുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടാൽ അത്തരം വേഴ്ച ബലാത്സംഗക്കുറ്റത്തിന്റെ പരിധിയിൽ വരുന്നതല്ല എങ്കിലും പത്തുവർഷംവരെ തടവും ഒപ്പം പിഴയും അടയ്ക്കേണ്ടിവരും. കപടമായ എന്നതിന് നിർവചനം തൊഴിലോ പ്രൊമോഷനോ നൽകുമെന്ന കപടമായ വാഗ്ദാനം, സ്വന്തം വ്യക്തിവിവരങ്ങൾ മറച്ചുവച്ചുകൊണ്ട് വിവാഹത്തിന് പ്രേരിപ്പിക്കുക എന്നിവയാണ്.
നിയമത്തിൽ ഈ പദാവലി വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന തരത്തിൽ കൃത്യമായ ലക്ഷ്യത്തോടെയാണ് ഉപയോഗിച്ചിരിക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങളിെല വ്യക്തികൾ തമ്മിലുള്ള ബന്ധത്തെ വ്യക്തിവിവരങ്ങൾ മറച്ചുവച്ചു എന്ന് ആരോപിച്ച് ശിക്ഷാർഹമാക്കാൻ ഇത് പഴുതൊരുക്കുന്നുണ്ട്. പ്രത്യേകിച്ചു ഹിന്ദു മുസ്ലീം ബന്ധങ്ങളെ നിരുത്സാഹപ്പെടുത്താൻ ഇത്തരം നിയമങ്ങൾ ഉപയോഗിക്കപ്പെടും എന്നകാര്യത്തിൽ സംശയമില്ല. മാത്രവുമല്ല, ഈ നിയമത്തിൽ മന:പൂർവമായി ഉണ്ടാക്കിയിട്ടുള്ള അവ്യക്തതയും വിവേചനപരമായ ഭാഷയും നമ്മുടേതുപോലുള്ള ഒരു പുരുഷമേധാവിത്വ സമൂഹത്തിൽ സ്ത്രീകളുടെ സ്വാതന്ത്ര്യം കൂടുതൽ പരിമിതപ്പെടുത്താൻ ഇടയാക്കും. 2002ലെ ഗുജറാത്ത് കലാപകാലത്ത് ബിൽക്കീസ് ബാനുവിനെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കൊടുംകുറ്റവാളികളെ കാലാവധി തീരുംമുമ്പ് വിട്ടയച്ചത് നാം കണ്ടതാണ്. വനിതാഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണംചെയ്ത ഗുസ്തിഫെഡറേഷന്റെ പ്രസിഡന്റായിരുന്ന ബിജെപി എംപിയെ ഫലത്തിൽ കുറ്റവിമുക്തനാക്കിയതും നാം കണ്ടു. നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് അനുസരിച്ച് നമ്മുടെ രാജ്യത്ത് ഓരോ മണിക്കൂറിലും സ്ത്രീകൾക്കെതിരെയുള്ള 49 അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ പെൺഭ്രൂണഹത്യയിലൂടെ ഇല്ലാതെയാക്കപ്പെട്ടത് അമ്പതുലക്ഷം പെൺകുഞ്ഞുങ്ങളാണ്. അപ്പോൾ നിയമത്തിലെ വാചകങ്ങൾ മാറ്റിയതുകൊണ്ടുമാത്രം കാര്യമില്ല.
സുരക്ഷാസംഹിത
ക്രിമിനൽ പ്രൊസീജിയർ ആക്ടിലെ 478 വകുപ്പുകൾക്ക് പകരമായി വന്നിരിക്കുന്ന ഭാരതീയ സുരക്ഷാ സംഹിത 2023ൽ 533 വകുപ്പുകളാണ് ഉള്ളത്. 55വകുപ്പുകൾ അധികം. 175 വകുപ്പുകൾ മാറ്റിയിട്ടുണ്ട്. 8പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 22 എണ്ണം പൂർണമായി ഒഴിവാക്കിയിട്ടുമുണ്ട്. ചില സുപ്രധാന വകുപ്പുകൾ നമുക്കൊന്ന് പരിശോധിച്ചുനോക്കാം.
സുരക്ഷാ സംഹിതയുടെ 256(3) വകുപ്പ് പറയുന്നു: കുറ്റം ആരോപിക്കപ്പെട്ടയാൾ ഏതെങ്കിലും സാക്ഷിയെ വിസ്തരിക്കണമെന്നോ, പുതിയ രേഖകൾ പരിശോധിക്കണമെന്നോ ആവശ്യപ്പെട്ടാൽ അത് നീതിനിർവഹണത്തെ തടസ്സപ്പെടുത്തുമെന്ന് ജഡ്ജി വിലയിരുത്തിയാൽ ആ അപേക്ഷ നിരസിക്കാവുന്നതാണ്. അതായത് ഒരു സാക്ഷിയെ വിസ്തരിക്കാൻ കുറ്റാരോപിതന് അനുവാദം ലഭിക്കണം എന്നില്ല. സ്വന്തം നിരപരാധിത്വം തെളിയിക്കാനുള്ള ഒരു കുറ്റാരോപിതന്റെ അവകാശം ജഡ്ജിക്ക് തീർത്തും ഏകപക്ഷീയമായ ഈ വിവേചനാധികാരത്തിലൂടെ എടുത്തുകളയാം. ജനാധിപത്യ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് ഇത്.
187-ാം വകുപ്പ് നോക്കുക. കുറ്റാരോപിതനെ 90 ദിവസത്തോളം കസ്റ്റഡിയിൽ വെക്കാനുള്ള അവസരമാണ് ഈ വകുപ്പ് പോലിസിന് നൽകുന്നത്. ക്രിമിനൽ നടപടി കോഡ് പ്രകാരം പോലീസ് കസ്റ്റഡി കാലയളവായ 15 ദിവസം ഒരുമിച്ചായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ ബിഎൻഎസ്എസ് പ്രകാരം 15 ദിവസ പോലീസ് കസ്റ്റഡി ഘട്ടങ്ങളായി നൽകാൻ അനുവദിക്കുന്നു. എന്നുമാത്രമല്ല പ്രതിയെ അറുപത് ദിവസത്തിനുള്ളിൽ പോലീസ് കസ്റ്റഡിയിൽ സ്വീകരിച്ചാലുംമതി. പോലീസ് ആവശ്യപ്പെടും പ്രകാരം പ്രതിയെ വിട്ടുകൊടുക്കാൻ അറുപത് ദിവസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽവെക്കണമെന്നർത്ഥം. അത്രയും നാൾ പ്രതിക്ക് ജാമ്യം കിട്ടില്ല. ആരോപിക്കപ്പെട്ട കുറ്റകൃത്യവും, കുറ്റത്തിന് നൽകാവുന്ന പരമാവധി ശിക്ഷാ കാലവും കണക്കിലെടുത്ത് പോലീസ് കസ്റ്റഡിക്കാലം ദീർഘിപ്പിച്ചു നൽകാനുള്ള അവകാശവും സുരക്ഷാ സംഹിത മജിസ്ട്രേറ്റിന് നൽകുന്നു.
ഒരാളെയും പതിനഞ്ചുദിവസത്തിൽ കൂടുതൽപോലീസ് കസ്റ്റഡിയിൽ വിടരുതെന്ന് 1992ൽ സുപ്രീംകോടതി വ്യക്തമാക്കിയതാണ്(1992,3 SCC141). അവിടെയാണ് തൊണ്ണൂറുദിവസംവരെ ഏത് കസ്റ്റഡിയിലും വിടാൻ ഏത് മജിസ്ട്രേറ്റിനും ഉത്തരവിടാമെന്ന് പുതിയ നിയമം പറയുന്നത്. തൊണ്ണൂറുദിവസം പോലീസ് കസ്റ്റഡിയിൽ കിടന്നാൽ പോലീസിന് ഏതുകുറ്റവും ആരുടെ തലയിലും കെട്ടിവയ്ക്കാം.
ഇനി 43(3)-ാം വകുപ്പ് നോക്കുക: ഒരു പോലീസ് ഓഫീസർക്ക് കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് കുറ്റാരോപിതന്റെ കൈകൾ അറസ്റ്റ് ചെയ്യുന്ന സമയത്ത് വിലങ്ങ് വയ്ക്കാവുന്നതാണ്. കുറ്റാരോപിതൻ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട സ്ഥിരംകുറ്റവാളിയാണെങ്കിലോ, സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ആളാണെങ്കിലോ, നിയമവിരുദ്ധമായി ആയുധം കൈവശം വച്ച ആളാണെങ്കിലോ, കൊലപാതകം, ബലാത്സംഗം, ഭീകരപ്രവർത്തനങ്ങൾ, ആസിഡ് ആക്രമണം, കള്ളനാണയത്തിന്റെയോ കറൻസിനോട്ടുകളുടെയോ നിർമ്മാണം, മനുഷ്യക്കടത്ത്, രാജ്യത്തിനെതിരെ പ്രവർത്തിക്കുക, രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും പരമാധികാരത്തിനുമെതിരെ പ്രവർത്തിക്കുക എന്നിവയിലേതെങ്കിലും ഉൾപ്പെട്ടതാണെങ്കിൽ ഇങ്ങനെ വിലങ്ങുവയ്ക്കാവുന്നതാണ്. 1978ൽത്തന്നെ വിലങ്ങ് ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് സുപ്രീംകോടതി വിധിയുണ്ടായിരുന്നു. കഴിഞ്ഞുപോയ കാലത്തെ ഇത്തരം കാടൻ രീതികൾ നമ്മുടെ ഭരണഘടനയുടെ വാക്കുകൾക്കും ഉള്ളടക്കത്തിനും കടകവിരുദ്ധമാണ് എന്ന് അന്ന് സുപ്രീംകോടതി അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വിലക്കിയിരുന്നു. അതിനെ മറികടക്കുകയാണ് പുതിയ നിയമസംഹിത.
സുരക്ഷാസംഹിതയിലെ 173-ാം വകുപ്പാണ് ഏറെ അപകടകരം. പ്രാഥാമികാന്വേഷണംപോലും നടത്താതെ ഒരാളെ ഏത് കേസിന്റെ പേരിലും അറസ്റ്റ് ചെയ്യാനും തടവിൽ വയ്ക്കാനും ഇത് പോലീസിന് അധികാരം നൽകുന്നു. 193-ാം വകുപ്പ് പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ മുൻകൂർ അനുവാദമില്ലാതെ തന്നെ അന്വേഷണം തുടരാനും അനുവാദമുണ്ട്.
കരിനിയമങ്ങളായ എംസിഒസിഎയിലും യുഎപിഎയിലും എഫ്ഐആർ ഫയൽ ചെയ്യുന്നതിനുമുമ്പ് സീനിയർ പോലീസ് ഓഫീസറുടെ അംഗീകാരം തേടണമെന്നുണ്ട്. മാത്രവുമല്ല, നിശ്ചിതറാങ്കിന് മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥന്മാർക്ക് മാത്രമേ അന്വേഷിക്കാനും അനുമതിയുള്ളൂ. എന്നാൽ പുതിയ നിയമത്തിൽ അത്തരം നിയന്ത്രണങ്ങൾ ഇല്ല. അറസ്റ്റ് ചെയ്ത സ്ഥലം, അറസ്റ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ പേര് എന്നിവ രേഖപ്പെടുത്തണമെന്ന് മാത്രമേ പുതിയ നിയമത്തിൽ അനുശാസിക്കുന്നുള്ളൂ. അറസ്റ്റ് െചയ്യപ്പെട്ട ആൾക്ക് നാൽപ്പത്തിയെട്ട് മണിക്കൂറിനകം വൈദ്യപരിശോധന നടത്തണമെന്നും പറയുന്നുണ്ട്. എന്നാൽ സ്വന്തമായി വക്കീലിനെ ഏർപ്പെടുത്താൻ ഇയാൾക്ക് കഴിയില്ലെങ്കിൽ നിയമസഹായം ലഭ്യമാക്കണമെന്ന കാര്യം പുതിയനിയമത്തിൽ ഇല്ല. സുരക്ഷാ സംഹിതയുടെ 33-ാം വകുപ്പും കുഴപ്പം പിടിച്ചതാണ്. ഇത് പ്രകാരം കുറ്റകൃത്യ ത്തെക്കുറിച്ച് വിവരം ലഭിച്ചുവെന്നതിന്റെ പേരിൽ ആരെയും തടവിലിടാൻ പോലീസിന് സാധിക്കും.
സാക്ഷ്യസംഹിത
പഴയ തെളിവുനിയമത്തിലെ 170 വകുപ്പുകൾക്ക് പകരം പുതിയ സാക്ഷ്യസംഹിതയിൽ 167 വകുപ്പുകളാണ് ഉള്ളത്. ഇരുപത്തിമൂന്ന് വകുപ്പുകളിൽ മാറ്റമുണ്ട്. പുതിയതായി ഒരു വകുപ്പ് കൂട്ടിച്ചേർത്തിട്ടുണ്ട്. അഞ്ചെണ്ണം ഒഴിവാക്കിയിട്ടുണ്ട്.
115-ാം വകുപ്പ് പറയുന്നു. ഇതിന്റെ രണ്ടാം ഉപവിഭാഗത്തിൽപെട്ട കുറ്റം ആരോപിക്കപ്പെട്ട വ്യക്തി, ആ വ്യക്തി ഏതെങ്കിലും തരത്തിലുള്ള നിരോധിത മേഖലയിലാണെങ്കിൽ, അല്ലെങ്കിൽ കലാപബാധിത മേഖലയിലാണെങ്കിൽ അയാൾ കുറ്റം ചെയ്തിട്ടുണ്ടെന്ന് അനുമാനിക്കാവുന്നതാണ്. അയാത് താൻ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ബാധ്യത കുറ്റം ആരോപിക്കപ്പെട്ട വ്യക്തിക്കാണ്. എന്നാൽ നിയമത്തിന്റെ അടിസ്ഥാനതത്വങ്ങൾ പറയുന്നത് ആരെങ്കിലും മറ്റൊരാൾക്കെതിരെ ആരോപണമുന്നയിച്ചാൽ അത് തെളിയിക്കേണ്ട ബാധ്യത ആരോപണമുന്നയിക്കുന്ന ആൾക്കാണ് എന്നാണ്. എന്നാൽ ഇത്തരം അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്നതും പല കരിനിയമങ്ങളും ഉൾപ്പെടുന്നതുമാണ് പുതിയ നിമയസംഹിതകൾ. വിചാരണ നടപടികൾ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി നടത്താമെന്നും ഇത് അനുശാസിക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയുള്ള വിചാരണ പലതരത്തിൽ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.
ഉപസംഹാരം
പുതിയ നിയമങ്ങളെക്കുറിച്ച് ഒട്ടനവധി ആശങ്കകൾ നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫാസിസ്റ്റ് സ്വേച്ഛാധിപത്യ ഭരണത്തിനുള്ള പദ്ധതിയാണ് ഇതെന്ന് വ്യക്തമാണ്. വരികൾക്കുള്ളിലും വരികൾക്കിടയിലും കൂടുതൽ അധികാരം എക്സിക്യൂട്ടീവിന്റെ കൈകളിൽ കേന്ദ്രീകരിക്കുകയും നീതിനിർവഹണ സംവിധാനത്തിൽ കോടതികളുടെ പങ്ക് കുറച്ചുകൊണ്ടുവരുന്നതും കാണാം. ഗവൺമെന്റ് പറയുന്നത് നിയമത്തിന്റെ കാര്യത്തിൽ അവസാനവാക്ക് നിയമനിർമ്മാതാക്കൾക്കായിരിക്കണം എന്നാണ്. എന്നാൽ നിയമനിർമ്മാതാക്കളുടെ പരമാധികാരത്തിന്റെ ഉറവിടം ജനങ്ങളാണ് എന്നകാര്യം മറക്കരുത്.
തിരഞ്ഞെടുപ്പ് പ്രക്രിയ താരതമ്യേന സ്വതന്ത്രവും നീതിപൂർവകവുമായിരുന്നപ്പോൾ ഒരു പരിധിവരെ ജനങ്ങളോട് ഉത്തരവാദിത്തമുള്ള ആളുകൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്നത് പണവും ഗുണ്ടകളും മാധ്യമങ്ങളും അധികാരകേന്ദ്രങ്ങളും ചേർന്നാണ്. ഇന്ത്യൻ പാർലമെന്റിൽ 251പേർക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ട്. അതിൽതന്നെ 170ഓളം പേർക്കെതിരെയുള്ള കേസുകൾ കൊലപാതകം, ബലാത്സംഗം തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെ വളരെ ഗൗരവസ്വഭാവമുള്ളതാണ്. (ബിസിനസ് സ്റ്റാൻഡേർഡ്, 6-6-2024) തിരഞ്ഞെടുപ്പ് കഴിഞ്ഞാലും പണം വാങ്ങി കൂറുമാറുന്നവരും, നയപരമായ കാര്യങ്ങളിൽ ചർച്ച നടക്കാത്തതും, ഓർഡിനൻസുകൾ വഴി നിയമങ്ങൾ കൊണ്ടുവരുന്നതും എല്ലാം സാധാരണയായിമാറിയിരിക്കുന്നു. ഇത്തരമൊരു പാർലമെന്റിൽനിന്ന് ഇതുപോലെയുള്ള വഞ്ചനനിറഞ്ഞതും ജനങ്ങളെ അടിച്ചമർത്താനുള്ളതുമായ നിയമങ്ങളല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക.
ഈ മാറ്റങ്ങൾ മുതലാളിത്തത്തിന്റെ വികാസത്തിനനുസരിച്ച് വന്നതാണ്. മുതലാളിത്തം സ്വതന്ത്രമത്സരങ്ങളുടെ കാലത്തുനിന്നും കുത്തകകളുടെ കാലത്തേയ്ക്ക് വികസിച്ചതോടെ അത് മൂലധനത്തിന്റെ കേന്ദ്രീകരണത്തിലേയ്ക്ക് നയിച്ചു. മൂലധനവും അതിൽനിന്നുണ്ടാകുന്ന സാമ്പത്തിക അധികാരവും ഏതാനും കുത്തക മുതലാളിമാരുടെ കൈകളിൽ കേന്ദ്രീകരിക്കുകയും ബഹുഭൂരിപക്ഷംവരുന്ന ജനവിഭാഗങ്ങൾ ദരിദ്രരാകുകയും അതോടൊപ്പംതന്നെ നിസ്സഹായരായി മാറുകയും ചെയ്തു. അധികാരം എക്സിക്യൂട്ടീവിന്റെ(നിയമനിർമാതാക്കളുടെയും നിയമം നടപ്പിലാക്കുന്നവരുടെയും) കൈകളിൽ കേന്ദ്രീകരിക്കുന്നത് മൂലധനത്തിന്റെ കേന്ദ്രീകരണത്തോടെയാണ്. ജനാധിപത്യത്തിന്റെ മൂന്നാം തൂണായ നീതിന്യായവ്യവസഥയ്ക്ക് താരതമ്യേനയുണ്ടായിരുന്ന സ്വാതന്ത്ര്യം നഷ്ടമായി. പല നിയമജ്ഞരും ഇതിൽ അസന്തുഷ്ടരാണ്. ഈ പുതിയ നിയമങ്ങളും മൃഗീയമായ അധികാരം എക്സിക്യൂട്ടീവിന്റെ കൈകളിലേയ്ക്ക് കേന്ദ്രീകരിക്കാനും പ്രതിഷേധത്തിന്റെ സ്വരങ്ങളെല്ലാം ഇല്ലായ്മ ചെയ്യാനും ഉദ്ദേശിച്ചുള്ളതാണ്. നമ്മുടെ നാട്ടിൽ അവശേഷിക്കുന്ന ജനാധിപത്യ മര്യാദകളും ചട്ടങ്ങളും രീതികളും കുഴിച്ചുമൂടി, പാർലമെന്റിന്റെ പിന്തുണയോടെ തന്നെ ഫാസിസത്തിന്റെ കരാളഹസ്തങ്ങൾ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്.
1978ൽ പാർലമെന്റ് മൃഗീയ ഭൂരിപക്ഷത്തോടെ പാസ്സാക്കിയ നിയമങ്ങളെക്കുറിച്ചുള്ള കേസിൽ പ്രശസ്ത നിയമജ്ഞനായ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ ഉൾപ്പെടുന്ന അഞ്ചംഗപാനൽ ഇങ്ങനെ നിരീക്ഷിച്ചു. സ്വകാര്യമായി, പൊതുജനങ്ങളെ ഒന്നുമറിയിക്കാതെ, ഒരു മുറിയിൽവച്ചുണ്ടാക്കുന്ന നിയമങ്ങൾക്ക്, ജനങ്ങളുടെ ജീവനും സ്വത്തും സ്വാതന്ത്ര്യവും ഒരു പ്രമേയം പാസ്സാക്കി അട്ടിമറിക്കാൻ കഴിയുന്നു എന്നത് സംസ്കാരമുള്ള ഒരു മനുഷ്യനും അംഗീകരിക്കാൻ കഴിയില്ല. ഇത് മനസ്സാക്ഷിെയ ഞെട്ടിക്കുന്നു. ആ നിരീക്ഷണം ഇന്ന് മരണാസന്ന മുതലാളിത്തത്തെ സേവിക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം എത്രയോ അർത്ഥവത്താണ്.
എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാപകനും ഈ യുഗം ദർശിച്ച സമുന്നത മാർക്സിസ്റ്റ് ചിന്തകനുമായ സഖാവ് ശിബ്‌ദാസ് ഘോഷ് ചൂണ്ടിക്കാട്ടുന്നു, വികസിതമോ അവികസിതമോ എന്നില്ലാതെ എല്ലാ മുതലാളിത്ത രാജ്യങ്ങളിലും, ഭരണകൂടത്തിലും അതിന്റെ ഭണനിർവഹണ സംവിധാനത്തിലും വിവിധ രൂപങ്ങളിൽ ഫാസിസം ആവിർഭവിച്ചുകൊണ്ടിരിക്കുകയാണ്(തിരഞ്ഞെടുത്ത കൃതികൾ, വോള്യം 1) ഫാസിസമെന്നാൽ പ്രധാനമായും സമ്പദ്ഘടനയുടെ കേന്ദ്രീകരണം, രാഷ്ട്രീയാധികാരം ഭരണകൂടത്തിന്റെ കൈകളിലേയ്ക്ക് കേന്ദ്രീകരിക്കൽ, ഭരണനിർവഹണത്തിലെ അയവില്ലാത്ത കാർക്കശ്യം, ഒപ്പം കുത്തകകളുടെയും ഭരണകൂടത്തിന്റെയും താൽപര്യങ്ങൾ താദാത്മ്യപ്പെടുന്നതിലേയ്ക്കും സാംസ്കാരികമായ ചിട്ടപ്പെടുത്തലിലേയ്ക്കും നയിക്കുന്നതുമാണ്. (തിരഞ്ഞെടുത്ത കൃതികൾ വോള്യം 2) ഈ മൂന്ന് പുതിയ നിയമങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമാണ്.