മദ്യവ്യവസായികളുടെ ഏതാണ്ട് എല്ലാ ആവശ്യങ്ങളും നിരുപാധികം അംഗീകരിച്ചുകൊണ്ടാണ് സംസ്ഥാനസർക്കാർ പുതിയ മദ്യനയം രൂപപ്പെടുത്തിയിരിക്കു ന്നത്. പുതിയ ബാറുകൾ, ബിയർ-വൈൻ പാർലറുകൾ എന്നിവ യഥേഷ്ടം ആരംഭിക്കാം, ഡിസ്റ്റിലറികൾ, ബിയർ-വൈൻ നിർമ്മാണ യൂണിറ്റുകള്‍ എന്നിവയും ആരംഭിക്കാം, മദ്യ ബ്രാൻഡുകൾക്ക് രജിസ്ട്രേഷൻ നിരക്ക് കുറയ്ക്കും, പൂട്ടിയ ബിവറേജസ് ഔട്ട്ലെറ്റുകളും കൺസ്യുമർ ഫെഡ് മദ്യശാലകളും തുറന്ന് പ്രവർത്തനം ആരംഭിക്കും, ഐടി കേന്ദ്രങ്ങളിൽ അനുവദിച്ച മദ്യവിൽപ്പനശാലകൾ വിനോദസഞ്ചാരകേന്ദ്രങ്ങളിലും വ്യവസായപാർക്കുകളിലും തുറക്കും, വിനോദസഞ്ചാരകേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകളിൽ നിശ്ചിത കാലയളവിൽ പ്രത്യേക അനുമതിയോടെ ബിയറും വൈനും നൽകാം, നക്ഷത്ര പദവിയുള്ള ഹോട്ടലുകൾക്ക് സ്വന്തമായി കള്ളുചെത്താം, പഴവർഗ്ഗങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉത്പാദിപ്പിക്കും, കേരള ടോഡി എന്ന പേരിൽ കള്ളിനെ ബ്രാൻഡ് ചെയ്യും, കള്ളുഷാപ്പുകൾക്ക് ഒരേ ഡിസൈൻ കൊണ്ടുവരും, ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കും, ഇതിനായി ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തും, തുടങ്ങി കേരളത്തിൽ മദ്യം കുത്തിയൊഴുകാൻ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നു എന്നാണ് മദ്യനയം വ്യക്തമാക്കുന്നത്. മാത്രമല്ല, കള്ള് പോഷകാഹാരമാണ് എന്നും കണ്ടെത്തിയിട്ടുണ്ട്, ഭരണമുന്നണിയിലെ നേതാക്കള്‍. ഇങ്ങനെയൊക്കെയാണെങ്കിലും മദ്യവർജ്ജനമാണത്രേ സർക്കാരിന്റെ നയം! ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നല്‍കിവരുന്ന ഊന്നല്‍ തുടരുകയും ചെയ്യും!
ഏറ്റവും ജീർണമായ സംസ്കാരത്തെയാണ് കേരളത്തിലെ ഇടതുമുന്നണി സർക്കാർ പ്രതിനിധാനം ചെയ്യുന്നത് എന്നത് ഒരിക്കൽക്കൂടെ വ്യക്തമാക്കുന്നതാണ് പുതിയ മദ്യനയം. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷം അഭിമുഖീകരിക്കുന്ന ഭയാനകമായ തകർച്ച അൽപ്പംപോലും ഇക്കുട്ടരെ അലോസരപ്പെടുത്തുന്നില്ല. കൊലപാതകങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും പെരുകുന്ന ഭീതിജനകമായ ഒരു സാമൂഹ്യ സാഹചര്യമാണ് ഇന്നുള്ളത്. ഈ ജീർണതകളിൽനിന്ന് ആദായമുണ്ടാക്കാം എന്നു കരുതുന്നവർ മനുഷ്യൻ എന്ന പദത്തിനുപോലും അർഹരല്ല. മദ്യം നിയന്ത്രിക്കപ്പെട്ടാൽ രാസലഹരിവ്യാപാരം വർദ്ധിക്കുമെന്നായിരുന്നു പ്രലപനം. എന്നാൽ മയക്കുമരുന്ന് എത്താത്ത മൂലകളില്ല എന്നായിരിക്കുന്നു കേരളത്തിൽ. സ്കൂളുകൾ മുതല്‍ കോളജുകളും സര്വകലാശാലകളുംവരെ ലഹരിയുടെ വിപണന കേന്ദ്രങ്ങളായിരിക്കുന്നു, ബാല്യവും കൗമാരവും പിന്നിടാത്ത കുഞ്ഞുങ്ങൾ ഇതിന്റെ ഇരകളും, പലപ്പോഴും കൈമാറ്റക്കാരും. കിലോക്കണക്കിന് കഞ്ചാവ് എന്നിടത്തുനിന്നും എംഡിഎംഎ പോലുള്ള മാരകവിഷങ്ങൾ കിലോക്കണക്കിന് കൈമാറ്റം ചെയ്യപ്പെടുന്നു എന്ന നിലയിലേയ്ക്ക് സാഹചര്യമെത്തുമ്പോൾ വിപത്ത് എത്രയോ ഭീഷണമാണ് എന്ന് ആലോചിച്ചുനോക്കുക. ഉദാരമായ മദ്യനയം രൂപപ്പെടുത്താൻ കാണിക്കുന്ന അത്യാവേശം, ജനജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ കാണിക്കുന്നില്ല. വിലക്കയറ്റവും നികുതി ചാർജ്ജ് വർദ്ധനവുകളും തൊഴിലില്ലായ്മയും ജനങ്ങളെ എരിപിരികൊള്ളിക്കുകയാണ്. അതും സർക്കാരിന് വിഷയമല്ല.
ഇതിന്റെയെല്ലാം പ്രത്യാഘാതങ്ങൾ ഏറെയും ഏറ്റുവാങ്ങേണ്ടിവരുന്നത് സ്ത്രീകൾക്കും കുട്ടികൾക്കുമാണ്. അഞ്ചുവർഷംകൊണ്ട് കേരളത്തിൽ കൊല്ലപ്പെട്ടത് 146 കുട്ടികളാണ്. പ്രതിമാസം മൂന്ന് കുട്ടികൾ കൊല്ലപ്പെടുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കണക്കുതന്നെയാണ്. പോക്സോ കേസുകൾ ഇതിനുംപുറമെയാണ്. അതിക്രൂരമായ പീഡനങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയാക്കപ്പെടുന്ന കുഞ്ഞുങ്ങൾ വേറെ. ഇതിൽ ഏറിയ പങ്കും ലഹരിയുടെ ഇരകളാണ്. ആലുവയിൽ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിലെ പ്രതി ചോദ്യം ചെയ്യാനാവാത്തവിധം ലഹരിക്കടിപ്പെട്ടുപോയിരുന്നുവെന്നതും നാം കണ്ടതാണ്. മക്കളുടെ കൈകൊണ്ട് കൊല്ലപ്പെടുന്ന മാതാപിതാക്കളും മാതാപിതാക്കളുടെ കൈകൾകൊണ്ട് കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളും ഭർത്താക്കന്മാരാൽ കൊല്ലപ്പെടുന്ന സ്ത്രീകളും ഇന്ന് കേരളത്തിൽ വാർത്തകളിൽ നിറയുകയാണ്. ഈ വിപത്തുകളെല്ലാം പതിന്മടങ്ങ് വർദ്ധിപ്പിക്കാൻമാത്രമുതകുന്ന മദ്യനയത്തിനെതിരെ ആബാലവൃദ്ധം ജനങ്ങളും കക്ഷിരാഷ്ട്രീയത്തിനും ജാതിമതപരിഗണനകൾക്കും അതീതമായി അണിനിരന്നേ മതിയാകൂ.