2020 ഡിസംബർ ആറിന്, വെനസ്വെലയിലെ ദേശീയ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനസ്വെലയും (പിഎസ് യുവി) സഖ്യകക്ഷികളും ഗംഭീര വിജയം നേടിയിരിക്കുന്നു. പോൾ ചെയ്ത വോട്ടുകളുടെ 69.3 ശതമാനവും പാർലമെൻറിലെ 277 സീറ്റുകളിൽ 253-ഉം നേടിക്കൊണ്ടാണീ വിജയം. പ്രസിഡന്റ് നിക്കോളാസ് മഡൂറോ വലിയ വിജയം കരസ്ഥമാക്കിയിരിക്കുന്നു.യുഎസ്-യൂറോപ്യൻ യൂണിയൻ സാമ്രാജ്യത്വ ബ്ലോക്കിന്റെ പിന്തുണയുള്ള, കടുത്ത വലതുപക്ഷക്കാരനായ ആക്ടിംഗ് പ്രസിഡൻറ് യുവാൻ ഗ്വൈഡോ, തെരഞ്ഞെടുപ്പു ബഹിഷ്ക്കരിക്കുവാനുള്ള ആഹ്വാനം നൽകിയിട്ടും നേടിയെടുത്തതാണീ വിജയം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻപോലും ഗ്വൈഡോ ഗ്രൂപ്പ് ശ്രമിച്ചിരുന്നു. ഗ്വൈഡോ ഗ്രൂപ്പ് ഒഴികെ തെരഞ്ഞെടുപ്പിൽ മത്സരിച്ച, പ്രതിപക്ഷത്തെ മൂന്ന് വലതുപക്ഷഗ്രൂപ്പുകളും ജനവിധി അംഗീകരിക്കുകയും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തെ ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലവും വിശകലനവും
പിഎസ് യുവിയുടെ വിജയം എന്തുകൊണ്ടാണ് പ്രധാന പ്പെട്ടതാകുന്നത്? പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തിൽ കൈക്കൊണ്ടുവന്നിരുന്ന അചഞ്ചലമായ സാമ്രാജ്യത്വവിരുദ്ധ നിലപാടുകള്‍ പ്രത്യേകിച്ച് യു.എസ് സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളുടേതായ വെനസ്വെലയുടെ ചരിത്രം അതിനായി ഒന്നുകൂടി സംഗ്രഹിക്കേണ്ടിയിരിക്കുന്നു.വെനസ്വെലയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനും എവ്വിധവും അവിടെ ഒരു പാവഗവൺമെന്റിനെ വാഴിക്കുവാനും അതുവഴി ആ രാജ്യത്തെ എണ്ണനിക്ഷേപം കവർന്നെടുക്കാനും ഈ സാമ്രാജ്യത്വസ്രാവുകൾ അത്യന്തം തൽപ്പരരായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെക്കാലം കഴിഞ്ഞകാലത്ത് യുഎസ് സാമ്രാജ്യത്വം ബൊളീവിയൻ വെനിസ്വെലയ്ക്കെതിരെ ഒരു ‘സങ്കര യുദ്ധമുറ’ പ്രയോഗി ക്കുകയായിരുന്നു. അതാകട്ടെ പ്രകടമായ അക്രമണം മാത്രമല്ല മറിച്ച് വിവരയുദ്ധം, നയതന്ത്രയുദ്ധം, സാമ്പത്തികയുദ്ധം, രാജ്യത്തിന്റെ നാണയത്തിനെതിരെയുള്ള യുദ്ധം എന്നിവയെല്ലാം ഉൾക്കൊള്ളുന്നതും അതുവഴി രാജ്യത്തെയും ജനങ്ങളെയും തകർക്കാനുതകുന്നതും നേരിട്ടുള്ള ബോംബാക്രമണത്തെക്കാൾ വിനാശകരവുമായിരുന്നു. പക്ഷേ ഷാവേസും വെനസ്വെല ജനതയും ഇത്തരം ഹീനമായ നീക്കങ്ങളെ തന്റേടത്തോടെ ചെറുക്കുകയും അതുവഴി സാമ്രാജ്യത്വ ശക്തികളുടെ അപ്രീതിക്ക് പാത്രമാകുകയും ചെയ്തു. 2013-ൽ ഷാവേസിന്റെ മരണശേഷം അദ്ദേഹം തന്റെ അനുയായിയായി തെരഞ്ഞെടുത്തിരുന്ന നിക്കോളാസ് മഡൂറോ പ്രസിഡന്റ് ആകുകയും ഷാവേസ് തുടങ്ങിവെച്ച പുരോഗമനപരമായ പരിഷ്ക്കാരങ്ങൾ തുടരുകയും ചെയ്തു. പക്ഷേ സാമ്രാജ്യത്വ ശക്തികൾ വെനസ്വെലയിലെ മാടമ്പി പ്രഭുക്കളുമായി ചേർന്നുകൊണ്ട്, പുരോഗമനപരവും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതുമായ മഡൂറോയുടെ സർക്കാരിനെ അട്ടിമറിയിലൂടെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇത്തരം ശ്രമങ്ങളെല്ലാമുണ്ടായിട്ടും 2018 മെയ് മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ 68 ശതമാനം ജനകീയ വോട്ടുകൾ നേടിക്കൊണ്ട് മഡൂറോ രണ്ടാമതും വിജയിക്കുന്നതിനെ തടയാനവർക്കായില്ല. വലതുപക്ഷ പ്രതിപക്ഷ പാർട്ടികൾ ഒന്നുംതന്നെ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിൽപ്പോലും സാമ്രാജ്യത്വ ശക്തികളും അവരുടെ പിണിയാളുകളായ വലതുപക്ഷക്കാരും, തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു എന്ന് ഒച്ചപ്പാടുണ്ടാക്കി.എന്നാൽ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള ദേശീയ അസംബ്ലി മഡൂറോയുടെ തെരഞ്ഞെടുപ്പിനെ അംഗീകരിക്കാതിരിക്കുകയും അദ്ദേഹത്തെ അധികാരം തട്ടിയെടുക്കുന്നവനായി ചിത്രീകരിക്കുകയും പ്രസിഡൻറ് പദവി ഒഴിഞ്ഞു കിടക്കുകയാണെന്നു വാദിക്കുകയും ചെയ്തു. വെനസ്വെലയിലെ എണ്ണയുടെ മേൽ സാമ്രാജ്യത്വ ക്യാമ്പിനു നിയന്ത്രണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, രാജ്യത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കാനുള്ള അവസരം ഉപയോഗിച്ചുകൊണ്ട് പടിഞ്ഞാറൻ ബൂർഷ്വാ മുഖ്യധാരാ മാധ്യമങ്ങൾ, മഡൂറോയുടെ കീഴിൽ വെനസ്വെലയിൽ ജനാധിപത്യം അപകടത്തിലാണ് എന്ന് വ്യാപകമായി പ്രചരിപ്പിച്ചു. സാമ്രാജJത്വ ഉപരോധങ്ങൾ മൂലമുണ്ടായ തീവ്രമായ സാമ്പത്തികക്കുഴപ്പത്തിന്റെ ഉത്തരവാദിത്തം അവർ മഡൂറോയുടെമേൽ ചുമത്തുകയും രൂക്ഷമായ ദുരിതം കൊണ്ട് അഞ്ചുലക്ഷത്തോളം വെനസ്വെലക്കാർ മറ്റു രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി പലായനം ചെയ്തു എന്ന വ്യാജപ്രചാരണം നടത്തുകയും ചെയ്തു. തുടർന്ന് അമേരിക്കൻ സാമ്രാജ്യത്വം വെനസ്വെല എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ മറയില്ലാതെ ഇടപെടുകയും എല്ലാ ജനാധിപത്യ മാനദണ്ഡങ്ങളേയും ചവിട്ടിമെതിച്ചുകൊണ്ട്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിപക്ഷ രാഷ്ട്രീയക്കാരനായ യുവാൻ ഗ്വൈഡോയെ ‘ജനാധിപത്യത്തിന്റെരക്ഷകനായി ‘ അവതരിപ്പിച്ചുകൊണ്ട് വെനസ്വെലയുടെ ഇടക്കാല പ്രസിഡണ്ടായി തിടുക്കത്തിൽ അംഗീകരിക്കുകയും മഡൂറോയുടെ പ്രസിഡണ്ട് പദവി ക്രമ വിരുദ്ധമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അധികാരക്കൈമാറ്റത്തിനായി ആവശ്യമുന്നയിക്കുകയും ചെയ്തു. അങ്ങനെ തിരഞ്ഞെടുപ്പിൽ, വെനസ്വെല ജനതയിൽ ഒരാളുടെപോലും വോട്ടു കിട്ടാത്ത ഗ്വൈഡോയ്ക്ക്, യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ‘ഇടക്കാല പ്രസിഡണ്ടു പദവി’ ചാർത്തിക്കൊടുത്തു. യുഎസ് സാമ്രാജ്യത്വത്തിന്റെ അങ്ങേയറ്റം സ്വേച്ഛാപരമായ ഈ ധിക്കാരത്തിന്, 20 വർഷം നീണ്ട ബൊളിവേറിയൻ വിപ്ലവത്തിലൂടെ അധികാരം നഷ്ടപ്പെട്ട വെനസ്വെലയിലെ സമ്പന്ന ഉന്നത വിഭാഗത്തിന്റെ പിന്തുണ ലഭിക്കുകയും ചെയ്തു. അതോടൊപ്പം, വിപ്ലവാഭിമുഖ്യമുള്ള പാർട്ടികൾക്കിടയില്‍ത്തന്നെ ഒരു പിളർപ്പ് സൃഷ്ടിക്കുകയും വിമതർ മഡൂറോയ്ക്കെതിരെ തിരിയുകയും രാജ്യത്ത് ആഭ്യന്തര അസ്വാസ്ഥ്യം സൃഷ്ടിക്കുകയും ചെയ്തു. ഗ്വൈഡോ, വെനസ്വെലയിലെ വിപ്ലവ വിരുദ്ധരായ പാർട്ടികളെയെല്ലാം തനിക്കു പിന്നില്‍ അണിനിരത്താനുള്ള വെറിപിടിച്ച ശ്രമങ്ങളും നടത്തി. അതുമാത്രമല്ല. അമേരിക്കൻ ആഭിമുഖ്യമുള്ള അയൽരാജ്യമായ കൊളംബിയയുമായി കൂട്ടു ചേർന്നുകൊണ്ട് ഒരു അട്ടിമറി ലക്ഷ്യമാക്കി, യുഎസ് പിന്തുണയോടെ വെനസ്വെല- കൊളംബിയ അതിർത്തിയിലൂടെ ഒരു കടന്നുകയറ്റം ഉൾപ്പടെയുള്ള ഹീനമായ ഗൂഢാലോചനകൾ ഗ്വൈഡോയും കൂട്ടാളികളും ആസൂത്രണം ചെയ്തു. പക്ഷേ, വെനസ്വെല ജനതയും സായുധ സേനയും ഒത്തു ചേർന്ന് ഈ ശ്രമങ്ങളെ തകർത്തു കളഞ്ഞു. ഫോക്സ് ബിസിനസ് അവതാരകനായ ട്രിഷ് റീഗനോടു സംസാരിക്കവെ, ട്രംപിന്റെ ഏറ്റവുമുയർന്ന ഉപദേശകനും അമേരിക്കൻ ഭരണ സംവിധാനത്തിലെ കടുത്ത ആധിപത്യ സ്വഭാവക്കാരനുമായ ജോൺ ബോൾട്ടൺ, എണ്ണയുടെയും രാജ്യത്തിനുണ്ടാകാവുന്ന സാമ്പത്തികനേട്ടങ്ങളുടെയും ഉദാഹരണം കാണിച്ചുകൊണ്ട്, വെനസ്വെലയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ അമേരിക്കയ്ക്ക് ‘ഒരുപാടു താല്പര്യ’ങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയതിലൂടെ, യു.എസിലെ എണ്ണ ഭീമൻമാരുടെ നിക്ഷിപ്ത താല്പര്യം സാന്ദർഭികമായി തുറന്നുകാട്ടപ്പെടുകയും ചെയ്തു.
ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുംആയിരുന്നു
1998ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഹ്യൂഗോ ഷാവേസിന്റെ വിജയത്തിനു ശേഷം വലതുപക്ഷ പ്രതിപക്ഷ ശക്തികൾ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനും ബഹിഷ്ക്കരിക്കുന്നതിനുമിടയിൽ ചാഞ്ചാടുകയായിരുന്നു എന്നത് ഈയവസരത്തിൽ ഓർക്കേണ്ടതാണ്.എന്നിരുന്നാലും, സാമ്രാജ്യത്വ ശക്തികളേർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിന്റെ കെടുതികൾ, വിദേശാക്രമണത്തിന്റെ ഭീ ഷണി, തെരഞ്ഞെടുപ്പു ബഹിഷ്ക്കരിക്കുന്നതിന്റെ ന്യായയുക്തത തുടങ്ങി പല വിഷയങ്ങളിലും ഈ വലതു പ്രതിപക്ഷനിര ഭിന്നിക്കപ്പെട്ടിരിക്കുകയായിരുന്നു. അതിനാൽ തെരഞ്ഞെടുപ്പു ബഹിഷ്ക്കരിക്കാനുള്ള ഗ്വൈഡോയുടെ ആഹ്വാനം ഒരു വിഭാഗം തള്ളിക്കളഞ്ഞു. 107 പാർട്ടികളിൽപ്പെട്ട–അതിലാകട്ടെ 97 എണ്ണം പ്രസിഡണ്ട് മഡൂറോയ്ക്കെതിരെയുള്ളതായിരുന്നു — 14000 സ്ഥാനാർത്ഥികൾ 277 സീറ്റുകളിലേക്കായി മത്സരിച്ചു. പിഎസ് യുവിക്കും പ്രസിഡണ്ട് മഡൂറോയ്ക്കും ഗണ്യമായി വോട്ടു നൽകിയപ്പോൾത്തന്നെ ജനങ്ങൾ അവരുടെ ഇംഗിതത്തിനനുസരിച്ച് വ്യത്യസ്ത പാർട്ടികൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും വോട്ടു നൽകി.ദേശീയ ടെലിവിഷനിൽ പ്രതിപക്ഷ സ്ഥാനാർത്ഥികൾക്ക് പ്രക്ഷേപണ സമയം അനുവദിക്കുകയും അവർ നിരവധി സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. കോവിഡ് – 19 പ്രോട്ടോക്കോളിൽ തെരഞ്ഞെടുപ്പ് സുഗമമായും നീതിയുക്തമായും നടന്നു.യുഎസ് അടക്കം 34 രാജ്യങ്ങളിൽനിന്നുള്ള 300 അന്താരാഷ്ട്ര നിരീക്ഷകരും രാഷ്ട്രീയ പാർട്ടികളിൽനിന്നും സാമൂഹിക സംഘടനകളിൽനിന്നും ആയിരത്തിൽപ്പരം ദേശീയ നിരീക്ഷകരും തെരഞ്ഞെടുപ്പു വീക്ഷിക്കാനുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് നീതിപൂർവ്വം നടന്നുവെന്നും വോട്ടെണ്ണൽ ശരിയായിത്തന്നെ നടന്നുവെന്നും അവരെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്.യുഎസ് നേതൃത്വത്തിലുള്ള യുദ്ധങ്ങളും സൈനികവൽക്കരണവും അവസാനിപ്പിക്കുവാനും, സമാധാനത്തെയും മനുഷ്യാവകാശ മുന്നേറ്റങ്ങളെയും പിന്തുണയ്ക്കുവാനും ജനങ്ങളുടെ നികുതിപ്പണം ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, പരിസ്ഥിതി സൗഹൃദമായ തൊഴിലുകളും മറ്റു ജീവനോപാധികളും എന്നിവയിലേയ്ക്ക് തിരിച്ചുവിടുവാനും സ്ത്രീകളുടെ നേതൃത്വത്തിൽ അടിത്തട്ടിൽ പ്രവർത്തിക്കുന്ന CODEPINK എന്ന സംഘടനയുടെ സംഘത്തെ നയിച്ചു വരികയും മുമ്പ് രണ്ടുതവണ തെരഞ്ഞെടുപ്പു നിരീക്ഷണത്തിനെത്തുകയും ചെയ്ത ടെരി മാറ്റ്സൺ, ഈ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർണ്ണവുമായിരുന്നുവെന്നും കൃത്രിമങ്ങളും തട്ടിപ്പുമൊന്നുമില്ലാത്തതായിരുന്നുവെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. “വോട്ടിംഗ് എളുപ്പവും വേഗമേറിയതും സുരക്ഷിതവുമായിരുന്നു: നീണ്ട വരികളും ആയാസകരമായ ബാലറ്റും വോട്ടിംഗ് രീതികളും ഒഴിവാക്കിയതിനോടൊപ്പം വോട്ടുചെയ്യുന്നവർക്ക് പ്രോത്സാഹനവും നൽകിയിരുന്നു”. മാറ്റ്സൺ പറയുന്നു.തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ, യുഎസിലെ വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ പറഞ്ഞു തെരഞ്ഞെടുപ്പ് പദ്ധതിയും ക്രമവും തട്ടിപ്പായിരുന്നുവെന്ന്. തെരഞ്ഞെടുപ്പിനുള്ള ‘ഒരു സാഹചര്യവും’ നിലവിലില്ലഎന്നും അതിനാൽ പോളിം ഗ് നടക്കുന്നതിനു മുമ്പു തന്നെ പ്രസിഡൻറ് മഡൂറോ രാജിവെക്കണമെന്നും പെന്റഗൺ ഭരണാധികാരികൾ ആവർത്തിച്ചാവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നിട്ടും വോട്ടെടുപ്പ് നടക്കുക തന്നെ ചെയ്തു; ക്രമക്കേട് നടന്നതിനുള്ള ഒരു തെളിവും ലഭിച്ചതുമില്ല. പെന്റഗൺ, യൂറോപ്യൻ യൂണിയൻ, ലിമ ഗ്രൂപ്പ് (വെനസ്വെലയിലെ ഭരണമാറ്റത്തിനു വേണ്ടി ശ്രമിക്കുന്ന ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ഒരു അനൗപചാരിക സംഘം) യു.എസ് സാമ്രാജ്യത്വ ഉപകരണമായ ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് (ഒഎഎസ്) നിയന്ത്രിക്കുന്ന കോർപ്പറേറ്റ് മാധ്യമങ്ങൾ ഇവരെല്ലാവരും, ലോകത്തിലെ തന്നെ കുറ്റമറ്റ ഒരു തിരഞ്ഞെടുപ്പു പ്രക്രിയയെ നിയമവിരുദ്ധമാണെന്നു സ്ഥാപിക്കുവാൻ എല്ലാ ശ്രമവും നടത്തുന്നുവെന്നതിൽ അത്ഭുതമില്ല. എന്നാൽ, ലാറ്റിൻ അമേരിക്കൻ കൗൺസിൽ ഓഫ് ഇലക്ടറൽ എക്സ്‌പേർട്ട്സ് (സിഇഇഎല്‍എ) ഉൾപ്പടെയുള്ള നേരിട്ടുള്ള നിരീക്ഷകർ സ്ഥിരീകരിക്കുന്നത് ഈ തിരഞ്ഞെടുപ്പുപ്രകിയ അന്തർദ്ദേശീയമാനദണ്ഡങ്ങൾക്കനുസരിച്ചു തന്നെയാണെന്നാണ്.അധീശത്വത്തിനും മാടമ്പിത്തരത്തിനും മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിലുള്ള നിന്ദ്യമായ കൈകടത്തലിനുമുള്ള വെറുക്കപ്പെട്ട ശ്രമങ്ങൾ യു.എസ് സാമ്രാജ്യത്വം എങ്ങനെയൊക്കെ തുടർന്നുവരുന്നു എന്നാണിത് കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രസിഡണ്ട് മഡൂറോയ്ക്കും ധീരരായ വെനസ്വെലൻ ജനതയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സമരോത്സുകമായ ആഗോള സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങൾ, പ്രത്യേകിച്ചും സാമ്പത്തിക ഉപരോധങ്ങൾ വഴി മറ്റു രാജ്യങ്ങളെ കീഴടക്കാനുള്ള യു.എസ്. സാമ്രാജ്യത്വ ശ്രമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുകയുമാണ് സമാധാനം കാംക്ഷിക്കുന്ന എല്ലാ സാമ്രാജ്യത്വ വിരുദ്ധ ജനതയുടെയും ഉത്തരവാദിത്തം.