ആന്ധ്രപ്രദേശ് സംസ്ഥാനത്തെ വിഭജിക്കാനുള്ള യു.പി.ഏ സർക്കാരിന്റെ വിനാശകരമായ നീക്കത്തെ ചെറുത്തു പരാജയപ്പെടുത്താൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് SUCI-Communist ജനറൽ സെക്രട്ടറി സഖാവ് പ്രവൊഷ് ഘോഷ് പാർട്ടി കേന്ദ്രക്കമ്മിറ്റിക്കുവേണ്ടി പുറത്തിറക്കിയ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.
1950 -കളുടെ തുടക്കത്തിൽ, ശക്തമായ ‘ വിശാല ആന്ധ്രപ്രദേശ് ‘ സമരത്തിലൂടെ ഉയർന്നുവന്ന ആന്ധ്രപ്രദേശ് സംസ്ഥാനത്തെ വിഭജിക്കാനുള്ള യു.പി.ഏ സർക്കാരിന്റെ അങ്ങേയറ്റം അന്യായവും ധിക്കാരപരവുമായ തീരുമാനത്തെയും അതുവഴി അവിടുത്തെ ജനങ്ങളുടെ ഇടയിൽ ബോധപൂർവം ഗുരുതരമായ വിഘടനവാദം ഇളക്കിവിടാനുള്ള നീക്കത്തെയും SUCI-Communist ശക്തമായി എതിർക്കുന്നു. ഈ തീരുമാനം തികച്ചും അനാവശ്യവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുന്നതുമാണ്.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള കാലയളവിൽ, നിലനിൽക്കുന്ന സംസ്ഥാനങ്ങളെ വിഭജിച്ച് രൂപീകരിച്ച പുതിയ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള നിർദയമായ മുതലാളിത്തചൂഷണത്തിൽ നിന്നും അല്പം പോലും ആശ്വാസം ലഭിച്ചിട്ടില്ല. ജാർഖൻഡും ചത്തിസ്ഖഡും ഉത്തരാഖൻഡും ഇതിന്റെ ഒടുവിലെത്തെ ഉദാഹരണങ്ങളാണ്. ജനങ്ങൾ അനുഭവിക്കുന്ന കടുത്ത യാതനകൾക്കും, ദാരിദ്ര്യത്തിനും കഷ്ടപ്പാടുകൾക്കും മൂലകാരണമായ മുതലാളിത്തവ്യവസ്ഥ അതേപടി നിലനിൽക്കുമെന്നതിനാൽ നിർദിഷ്ട തെലങ്കാന സംസ്ഥാനത്തെ ജനങ്ങൾക്കും ഇതേ ഗതി തന്നെയാണു ഉണ്ടാകാൻ പോകുന്നത്. ഈ കാര്യം നമ്മുടെ പാർട്ടിയുടെ കേന്ദ്രകമ്മിറ്റി ഊന്നിപറഞ്ഞിട്ടുള്ളതാണ്.
ഇത്തരത്തിൽ, ആന്ധ്രപ്രദേശിൽ നിന്നും തെലങ്കാന വിഭജിച്ചെടുക്കുന്നതു പോലെ, സംസ്ഥാനങ്ങളെ വിഭജിച്ചെടുക്കുന്നതിന്റെ നേട്ടം പുതിയ സംസ്ഥാനങ്ങളെ അടക്കിവാഴാൻ പോകുന്ന അധികാര മോഹികളായ ഒരുപിടി രാഷ്ട്രീയക്കാർക്കും ധാർഷ്ട്ര്യക്കാരായ ഉദ്യോഗസ്ഥവൃന്ദത്തിനും പൊലീസിനും ഭരണസംവിധാനത്തിലെ മറ്റ് ഉന്നതർക്കും മാത്രമാണ്. കഷ്ടപ്പെടുന്ന ജനങ്ങൾക്ക് രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, പിരിച്ചുവിടൽ, അടച്ചുപൂട്ടൽ, അഴിമതി തുടങ്ങിയ നീറുന്ന പ്രശ്നങ്ങൾ, അതേപടി അനുഭവിക്കേണ്ടി വരുമെന്നു മാത്രമല്ല, പുതിയ സംസ്ഥാന രൂപീകരണം മൂലം ഉണ്ടാകുന്ന അധികസാമ്പത്തികഭാരം ചുമക്കേണ്ടിവരികയും ചെയ്യും.
പുതിയകണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ, വരാനിരിക്കുന്ന പാർലമെന്ററി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക എന്ന ഹീനമായ ലക്ഷ്യം മുൻ നിർത്തിയുള്ള, കോൺഗ്രസ്സ് പാർട്ടിയുടെ ഈ നീക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിഘടന-വിഭജനവാദികൾക്ക് അപകടകരമാം വണ്ണം ഉത്തേജനം നൽകുകയും, പ്രാദേശികവാദത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ തമ്മിലടിക്കുന്നതിലേക്കു നയിക്കുകയും ചെയ്യും. ഇത് ജീവിതത്തിലെ നീറുന്ന പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തി ജാതി-മത-വംശ-ഭാഷാ ഭേദമന്യെ വളർന്നു വരേണ്ട ജനാധിപത്യപ്രക്ഷോഭണങ്ങൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തും.
ഭരണമുതലാളിവർഗ്ഗത്തിന്റെ ചതികെണിയിൽ വീണുപോകാതെ, ശാന്തരായി വസ്തുതകൾ മനസ്സിലാക്കിക്കൊണ്ട്, അങ്ങേയറ്റം വിഭജനവാദപരവും വഞ്ചനാപരവുമായ ഈ ഗൂഢാലോചനയെ പരാജയപ്പെടുത്താൻ ആന്ധ്രപ്രദേശിലെ തെലങ്കാന പ്രദേശത്തെ ജനങ്ങളോട് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അഭ്യർഥിക്കുന്നു. റായൽസീമയിലേയും തീരദേശ-ആന്ധ്രയിലേയും കഷ്ടപ്പെടുന്ന ജനവിഭാഗത്തിന്റെ കൂടെ നിന്നുകൊണ്ട്, ജീവിതം ദുസ്സഹമാക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശക്തമായ ജനകീയപ്രക്ഷോഭണം കെട്ടിപ്പടുക്കാൻ അവർ തയ്യറാകണം.
വിനാശകരമായ ഈ തീരുമാനം ഉടൻ പിൻ വലിക്കണമെന്ന് കേന്ദ്രകമ്മിറ്റി ആവശ്യപ്പെടുന്നു. ആന്ധ്രപ്രദേശിലേതുൾപ്പെടെയുള്ള രാജ്യത്തെ മുഴുവൻ ജനങ്ങളോടും ഒറ്റക്കെട്ടായി ഈ ഡിമാന്റ് ഉയർത്താൻ പാർട്ടി ആഹ്വാനം ചെയ്യുന്നു.