വിജ്ഞാന ശാസ്ത്രം, വൈരുദ്ധ്യാത്മക ഭൗതികവാദം, വിപ്ലവ ജീവിതം എന്നിവയെപ്പറ്റി 

Share

സമുന്നത മാർക്‌സിസ്റ്റ് തത്വചിന്തകനും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ സഖാവ് ശിബ്ദാസ് ഘോഷ് 1967 ൽ കൽക്കത്തയിൽ നടന്ന ഒരു സ്‌കൂൾ ഓഫ് പൊളിറ്റിക്‌സിൽ, വിജ്ഞാന ശാസ്ത്രത്തെക്കുറിച്ചും വൈരുദ്ധ്യാത്മക ഭൗതികവാദത്തെ ആഴത്തിൽ വിശകലനം ചെയ്തുകൊണ്ടും നടത്തിയ പ്രസംഗമാണ് ‘വിജ്ഞാന ശാസ്ത്രം, വൈരുദ്ധ്യാത്മക ഭൗതികവാദം, വിപ്ലവ ജീവിതം എന്നിവയെപ്പറ്റി’ എന്ന കൃതിക്ക് ആധാരമായിട്ടുള്ളത്. അതിന്റെ മലയാള പരിഭാഷയാണ് താഴെ കൊടുത്തിരിക്കുന്നത്. 2019 ആഗസ്റ്റ് മാസം 10,11,12 തീയതികളിൽ കേരളത്തിൽ നടക്കുന്ന സ്‌കൂൾ ഓഫ് പൊളിറ്റിക്‌സിന് മുന്നോടിയായി സഖാക്കളുടെ പഠനത്തിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള കൃതികളിലൊന്നാണിത്.

സഖാക്കളെ,

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന വിഷയം വൈരുദ്ധ്യാത്മക ഭൗതികവാദമാണ്. അതിലേയ്ക്ക് കടക്കുന്നതിനുമുമ്പ് ഒരുകാര്യം നാം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. അറിയേണ്ടതിന്റെ ആവശ്യകതയെന്ത് എന്നതാണത്. അതായത്, വിജ്ഞാനം ആർജ്ജിക്കുന്നതിന്റെ ലക്ഷ്യമെന്താണ്? ശരിയായ അറിവിനെക്കുറിച്ചുള്ള നമ്മുടെ മനസ്സിലാക്കൽ എന്തായിരിക്കണം? നമ്മൾ അറിവുനേടാനേ ശ്രമിച്ചിട്ടില്ലെന്നിരിക്കട്ടെ. നമുക്ക് ഒന്നുമറിയില്ലെങ്കിൽ, യാതൊന്നും മനസ്സിലാക്കിയിട്ടില്ലെങ്കിൽ, അതൊരു പ്രശ്‌നമാണോ? നമ്മൾ ഇന്നേവരെ ഒരു വിജ്ഞാനവുമാർജ്ജിച്ചിട്ടില്ലെങ്കിൽ എന്താണ്? ഇല്ല, അറിവില്ലാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല, ഒരടി മുന്നോട്ടുവയ്ക്കാനാവില്ല, നമുക്ക് നാഗരികത പടുത്തുയർത്തോനോ ചുറ്റുപാടുകൾ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങളെ മറികടക്കാനോ പ്രകൃതിയുടെമേൽ നിയന്ത്രണങ്ങളേർപ്പെടുത്താനോ കഴിയില്ല. അതായത്, പ്രകൃതിശക്തികളെ വരുതിയിലാക്കി ജീവിതം സുന്ദരമാക്കുക അസാദ്ധ്യമായിത്തീരും. വിജ്ഞാനം ജീവിത പ്രശ്‌നങ്ങളുമായി അഭേദ്യബന്ധം പുലർത്തുന്നില്ലെങ്കിൽ, ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ അത് ഒരു സ്വാധീനവും ചെലുത്തുന്നില്ലെങ്കിൽ, അതായത്, നേടുന്ന അറിവ് ജീവിതത്തിൽ പ്രയോഗിക്കുന്നില്ലെങ്കിൽ – അത്തരം അറിവ് നേടുകയും പരിപോഷിപ്പിക്കുകയും ചെയ്തില്ലെങ്കിലും കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം. യഥാർത്ഥ വിജ്ഞാനത്തിന് ജീവിതസമരത്തിൽനിന്ന് അന്യമായി നിൽക്കാനാവില്ല. ഈ ധാരണ എങ്ങനെയുണ്ടായി? മനുഷ്യൻ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ട അന്നുമുതൽ അവൻ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് ശരിയായി മനസ്സിലാക്കിയപ്പോഴാണ് ഈ സത്യം നമുക്ക് ബോദ്ധ്യമായത്.

സമരത്തിൽനിന്ന് വേർപെട്ടുകൊണ്ട് ആർക്കും വിജ്ഞാനം ആർജ്ജിക്കാൻ കഴിയില്ല

അതിജീവനത്തിനായിട്ടാണ് മനുഷ്യൻ പ്രകൃതിയുമായി സമരത്തിലേർപ്പെട്ടത് എന്ന കാര്യം നമുക്കറിയാം. ഈ സമരം ആരംഭിച്ചതോടെ മനുഷ്യൻ അല്പമായിട്ടാണെങ്കിലും ചിന്തിക്കാൻ തുടങ്ങി. അതോടെ ആശയം രൂപപ്പെടാനാരംഭിച്ചു. അന്ന് മനുഷ്യചിന്ത പ്രാരംഭഘട്ടത്തിലായിരുന്നെങ്കിലും പ്രതികൂലമായ പ്രകൃതിശക്തികൾക്കെതിരെ, വിപരീത സാഹചര്യങ്ങൾക്കെതിരെ പൊരുതിക്കൊണ്ടുതന്നെ നേട്ടങ്ങളെ അവൻ  മുറുകെ പിടിച്ചു. മനുഷ്യൻ പ്രകൃതിയുമായും ചുറ്റുപാടുകളുമായും നടത്തിയ ആ പോരാട്ടത്തിൽ നിന്നാണ് വിജ്ഞാനം ഉദയം ചെയ്തത്. അതിജീവനത്തിനുള്ള സമരമാണ് ആദിമകാലം മുതൽ മനുഷ്യൻ നടത്തിയത്. അതിജീവനത്തിനായുള്ള ഈ ത്വര പ്രധാനമായും ജീവശാസ്ത്രപരമായിരുന്നു. ഇന്ദ്രിയങ്ങളിലൂടെ സംവേദനം നടത്താനും അതിന്റെയടിസ്ഥാനത്തിൽ പേശികളെ ചലിപ്പിക്കാനും കഴിയുന്ന ഘട്ടവുംപിന്നിട്ട്, മനുഷ്യമസ്തിഷ്‌കം ഭ്രൂണാവസ്ഥയിലെങ്കിലും ചിന്തിക്കാനും ഏറ്റവും പ്രാഥമിക രൂപത്തിലുള്ള ആശയം രൂപീകരിക്കാനുമുള്ള ശേഷി കൈവരിച്ചതിനുശേഷവും, മനുഷ്യനെ നയിച്ചിരുന്നത് സഹജവാസന തന്നെയായിരുന്നു. നിലനിൽക്കണമെങ്കിൽ അവന് പ്രകൃതിയോട് മല്ലടിക്കേണ്ടിയിരുന്നു. അർഹതയുള്ളത് അതിജീവിക്കുമെന്ന ജന്തുലോകത്തെ നിയമമാണ് പ്രധാനമായും മനുഷ്യജീവിതത്തെയും ഭരിച്ചിരുന്നത്. സമരവും പോരാട്ടവുമൊന്നുമില്ലാതെ ആശയവും ചിന്തയും വിജ്ഞാനവുമൊക്കെ നിലനിൽക്കുന്നതായി സങ്കല്പിച്ചുനോക്കൂ. അത് അസാദ്ധ്യമാണ്. അതൊരിക്കലും യാഥാർത്ഥ്യത്തിന് നിരക്കുന്നതാവില്ല. അപ്പോൾ ആശയം സമരത്തിലൂടെയാണ് ഉടലെടുക്കുന്നത്. സമരം ആശയത്തിനും അറിവിനുമൊക്കെ ജന്മം നൽകുകയാണ് ചെയ്യുന്നത്. അങ്ങനെയെങ്കിൽ വിജ്ഞാനത്തെ ആ സമരത്തിൽനിന്ന് വേർപെടുത്താൻ കഴിയുന്നതെങ്ങനെ? അതിനുശ്രമിച്ചാൽ വിജ്ഞാനത്തിന്റെ അന്ത്യമായിരിക്കും സംഭവിക്കുക.
ഈ തിരിച്ചറിവിൽനിന്ന് ആദ്യമായി മാർക്‌സിസം ഒരുകാര്യം ഉറപ്പിച്ചുപറയുന്നു: പ്രവർത്തനത്തിന് പ്രേരണയാകാത്ത, സമരത്തിന് പ്രേരിപ്പിക്കാത്ത, അവനവന്റെതന്നെ പരിവർത്തനത്തിന് പ്രചോദനം നൽകാത്ത, പ്രകൃതിയിലും ബാഹ്യലോകത്തും മാറ്റം കൊണ്ടുവരുന്നതിൽ പങ്കുവഹിക്കാത്ത, വിജ്ഞാനം വന്ധ്യമാണ്. അത് വെറും ചവറാണ്. അത് കൈയൊഴിയുന്നതാണ് നല്ലത്. അത് തലച്ചോറിന് ഭാരമാകുകയും ക്രിയാശേഷി ചോർത്തി മനുഷ്യനെ ശക്തിഹീനനാക്കുകയും ചെയ്യുന്നു. മാർക്‌സിസം കേവലം നിരീശ്വരവാദത്തിന്റെ തത്വശാസ്ത്രമല്ല എന്ന് അറിയാമല്ലോ. എന്നാൽ അത് ഈശ്വരവാദത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നു. എന്നിട്ടും, വിശ്വാസം ആഴത്തിൽ വേരോടിയിട്ടുള്ള ഒരു സമൂഹത്തിൽ, ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിക്കാൻ മാർക്‌സിസത്തിന് കഴിഞ്ഞതെന്തുകൊണ്ട്? ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾപോലും മനുഷ്യന്റെ പ്രയാണത്തെ തടയുന്നതിൽ പരാജയപ്പെടുകയല്ലേ? അന്ധവിശ്വാസങ്ങളുടെയും മുൻവിധികളുടെയും ചങ്ങലകൾ പൊട്ടിച്ച് സ്വതന്ത്രനാകാനും എല്ലാ പ്രതിബന്ധങ്ങളെയും പ്രതികൂലാവസ്ഥകളെയും തരണംചെയ്ത് മുന്നേറാനും മനുഷ്യന് കരുത്തുപകരുന്നതെന്താണ്? അവന്റെ ജീവിതാവശ്യങ്ങൾ തന്നെ; നിലനിൽപിനായി അവന് പൊരുതി മുന്നേറുകയേ മാർഗ്ഗമുള്ളൂ. ഈ മുന്നേറ്റത്തിന്, ജീവിതം മുന്നോട്ടുനീക്കാൻ കരുത്താവശ്യമാണ്. അതിന് പോരാട്ടവീര്യം പകരുന്ന അറിവ് നേടുകയും അതിന്റെയടിസ്ഥാനത്തിൽ സ്വയം പരിവർത്തനപ്പെടുത്തുകയും വേണം. സ്വയം പരിവർത്തനം നേടാനായാൽ ലോകത്തെ മാറ്റാനും മനുഷ്യന് കഴിയും. അതായത്, യഥാർത്ഥ ജ്ഞാനം സമരത്തിൽനിന്ന് വേറിട്ടുനിൽക്കുന്നതേയല്ല. അതുകൊണ്ടുതന്നെ പ്രവൃത്തിയിൽനിന്ന് അന്യമായി നിൽക്കുന്ന ജ്ഞാനം എന്നതേ ഉദിക്കുന്നില്ല. ഓരോ വിഷയത്തിന്റെയും വിശദാംശങ്ങൾവരെ മനസ്സിലാക്കാനും അതിന്റെ എല്ലാ സവിശേഷതകളും ഗ്രഹിക്കാനും സഹായകമായ അറിവാണ് ആർജിക്കേണ്ടത്. ജ്ഞാനം അതുകൊണ്ടുതന്നെ യുക്തിബോധത്തിലധിഷ്ഠിതമായിരിക്കണം. തെളിയിക്കപ്പെട്ട സത്യത്തെ ആധാരമാക്കിയുള്ള ആ ജ്ഞാനമാണ് നമ്മൾ ആർജ്ജിക്കേണ്ടത്.
എന്തുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങൾ, മറ്റുപല തത്വചിന്തകളുണ്ടായിട്ടും, മാർക്‌സിസം അഥവാ വൈരുദ്ധ്യാത്മക ഭൗതികവാദം ചർച്ച ചെയ്യുന്നത് എന്നതാണ് നമ്മൾ രണ്ടാമതായി മനസ്സിലാക്കേണ്ട കാര്യം. ഇതിന് സാമാന്യേന പറയാവുന്ന ഒരു ഉത്തരം ഇതാണ്. നമ്മൾ മാർക്‌സിസ്റ്റുകളെന്ന് സ്വയം കരുതുന്നതുകൊണ്ട് വൈരുദ്ധ്യാത്മക ഭൗതികവാദം ചർച്ച ചെയ്യുന്നു. മാർക്‌സിസ്റ്റുകളാകണമെങ്കിൽ മാർക്‌സിസത്തിന്റെ തത്വചിന്താപരമായ അടിത്തറയെക്കുറിച്ച്, വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുകയും അത് യഥാർത്ഥത്തിൽ സ്വാംശീകരിക്കുകയും വേണം. നമ്മുടെ ജീവിതത്തിൽ, സർവ്വമാന പ്രവർത്തന മണ്ഡലങ്ങളിലും അത് ശരിയായി പ്രയോഗിക്കണം. ഇങ്ങനെ പറയുമ്പോൾ, വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് മാർക്‌സിസ്റ്റുകൾക്കിടയിൽ മാത്രമേ പ്രസക്തിയുള്ളൂ എന്ന് തോന്നിയേക്കാം. മാർക്‌സിസം പഠിക്കാനോ സ്വീകരിക്കാനോ ആഭിമുഖ്യം കാണിക്കാത്ത ഒരാൾ, മാർക്‌സിസ്റ്റ് വീക്ഷണത്താൽ നയിക്കപ്പെടണമെന്ന് കരുതാത്ത ഒരാൾ, വൈരുദ്ധ്യാത്മക ഭൗതികവാദം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ആവശ്യമേയില്ല. മറ്റുചിലരെ സംബന്ധിച്ചിടത്തോളം വൈരുദ്ധ്യാത്മക ഭൗതികവാദം മറ്റ് പല തത്വചിന്തകളെപ്പോലെ ഒന്നുമാത്രം. അവർ മറ്റുപല തത്വചിന്തകളെയുംപോലെ ഇതും എന്താണെന്നറിയാനുള്ള താല്പര്യംകൊണ്ട് പഠിക്കുന്നു. ഈ കാഴ്ചപ്പാടുകളൊന്നും എനിക്ക് അംഗീകരിക്കാനാവില്ല. എന്റെ അഭിപ്രായത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പഠിക്കേണ്ടതിന്റെ ആവശ്യകത ഇതൊന്നുമല്ല. ഇന്നത്തെ കാലഘട്ടത്തിൽ വിവിധ പ്രശ്‌നങ്ങളെ കൃത്യമായി ഗ്രഹിക്കാൻ കഴിയുംവിധം അവയിലേയ്ക്ക് ശരിയാംവണ്ണം വെളിച്ചം വീശാൻ മനുഷ്യന്റെ കൈയിലുള്ള ഒരേയൊരു ഉപകരണം വൈരുദ്ധ്യാത്മക ഭൗതികവാദം മാത്രമാണ്. നമുക്ക് സത്യം അറിയണം, ജീവിത യാഥാർത്ഥ്യങ്ങൾ ശരിയായി ഉൾക്കൊള്ളണം. ഓരോ സംഭവങ്ങളുടെയും സത്യസ്ഥിതി മനസ്സിലാക്കണം എന്നുള്ളതുകൊണ്ടാണ് നമ്മൾ വൈരുദ്ധ്യാത്മക ഭൗതികവാദം പിന്തുടരുന്നത്. സത്യാന്വേഷണത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പിന്തുടരുകയും പ്രാവർത്തികമാക്കുയും ചെയ്യുന്നതിനാൽ നമ്മൾ ആ വീക്ഷണത്താൽ നയിക്കപ്പെടുകയും അങ്ങനെ നമ്മൾ മാർക്‌സിസ്റ്റുകളായിരിക്കുകയും ചെയ്യുന്നു.

സത്യം എങ്ങനെ കണ്ടെത്താം?

സത്യം എങ്ങനെ കണ്ടെത്താമെന്നതിനെച്ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട് എന്നത് ശരിയാണ്. സത്യം എങ്ങനെ അറിയാം, ചിന്തയും ആശയങ്ങളും ഉദയം ചെയ്യുന്നതെങ്ങനെ, ആശയമോ പദാർത്ഥമോ പ്രഥമം, ചിന്ത യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതെങ്ങനെ, അവ തമ്മിലുള്ള പരസ്പര ബന്ധമെന്ത്, സാമൂഹ്യ ജീവിതത്തെ സ്വാധീനിക്കുന്നതിൽ ചിന്ത അല്ലെങ്കിൽ ആശയം യഥാർത്ഥത്തിൽ വഹിക്കുന്ന പങ്കെന്താണ്, ഇക്കാര്യങ്ങളിലൊക്കെ ഏതാണ് ശരി, ഏതാണ് തെറ്റ് എന്നൊക്കെയുള്ള കാര്യങ്ങൾ വ്യക്തമാക്കുന്ന, സത്യാന്വേഷണത്തിന്റെ വിജ്ഞാനശാഖയാണ് വിജ്ഞാനശാസ്ത്രം. മൂർത്തമായ ഒരു സംഭവത്തെയോ പ്രതിഭാസത്തെയോ പരിശോധിക്കുന്നതിന്റെ  നീതിശാസ്ത്രപരമായ സമീപനമെന്താണ്, സത്യാന്വേഷണത്തിന്റെ പാത അഥവാ സത്യമറിയുന്ന രീതി തുടങ്ങിയ സുപ്രധാന വിഷയങ്ങളൊക്കെ വിജ്ഞാന ശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വൈരുദ്ധ്യാത്മക ഭൗതികവാദംതന്നെ വളരെ പ്രസക്തമായ ഒരു കാര്യം ഉന്നയിച്ചിട്ടുണ്ട്. അതായത്, നമ്മൾ ഓരോ സംഭവവും ആശയവും ശരിയായി വിലയിരുത്തിയാണ് തീർപ്പ് കല്പിക്കുന്നത് എന്നത് ശരിതന്നെ. എന്നാൽ ഈ വിലയിരുത്തൽ സത്യമോ അസത്യമോ, ശരിയോ തെറ്റോ, എന്ന് എങ്ങനെ നിർണയിക്കാനാകും എന്നതാണ് പ്രധാനകാര്യം. സത്യമറിയാൻ നമ്മൾ പിന്തുടരേണ്ട രീതിശാസ്ത്രമെന്താണ്? മാർക്‌സിയൻ വിശകലന പ്രകാരം വൈരുദ്ധ്യാത്മക രീതിയാണ് സത്യമറിയാനായി നമ്മൾ അവലംബിക്കേണ്ടത്. മാർക്‌സ് പറഞ്ഞു എന്നതുകൊണ്ടുമാത്രം അത് അംഗീകരിക്കണം എന്നുണ്ടോ എന്ന് ചിലർ വാദിച്ചേക്കാം. നമ്മുടെ നാട്ടിൽ ശങ്കരാചാര്യർ ഒട്ടും പാണ്ഡിത്യവും അറിവും കുറഞ്ഞ ആളായിരുന്നില്ല. എന്നിട്ടും ശങ്കരാചാര്യർ മായാവാദത്തിൽ വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയുമാണ് ചെയ്തത്. വൈരുദ്ധ്യാത്മക രീതിയെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല.
ഇക്കാര്യത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദം ഖണ്ഡിതവും മനോഹരവുമായ ഒരു വിശദീകരണം നൽകുന്നുണ്ട്. ഒരു കാര്യം ശരിയോ തെറ്റോ എന്ന് തീരുമാനിക്കുന്നതിനുമുമ്പ് ആ വിഷയത്തിൽ ആഴത്തിലുള്ള ഒരു പരിശോധന നടത്തേണ്ടതുണ്ട്. ആരാണ് അറിയാൻ ശ്രമിക്കുന്നത്, എന്താണ് അറിയുന്നത് എന്നതാണ് വിഷയം. മനുഷ്യനാണ് അറിയാൻ ശ്രമിക്കുന്നത് എന്ന് നമുക്കറിയാം. ഈ ബാഹ്യലോകത്തെക്കുറിച്ചുള്ള എല്ലാകാര്യങ്ങളും അയാൾ അറിയുന്നു. ഈ ഭൗതികലോകത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചുമൊക്കെ അറിയുന്നു. ഈ പ്രപഞ്ചത്തിൽ തന്റെ സ്ഥാനമെന്തെന്നും എങ്ങനെയാണ് തന്റെ നിലനിൽപ്പെന്നും ഏതൊക്കെ ചുറ്റുപാടുകളിലും പരിതസ്ഥിതിയിലുമാണ് തന്റെ ജീവിതം മുന്നോട്ടുപോകുന്നതെന്നും ഈ പ്രപഞ്ചം പ്രവർത്തിക്കുന്നതെങ്ങനെയെന്നും പ്രപഞ്ചത്തിന്റെ പ്രവർത്തന തത്വങ്ങൾ തന്റെ ജീവിതത്തിലും ചുറ്റുപാടുകളിലും എന്ത് സ്വാധീനമാണ് ചെലുത്തുന്നതെന്നുമൊക്കെ അയാൾ അറിയുന്നു.
പഴയ ആത്മീയവാദ തത്വചിന്തയിൽ വിശ്വസിക്കുന്ന മതാചാര്യന്മാരും ആശയവാദികളും മാത്രമല്ല വൈരുദ്ധ്യാത്മക ഭൗതികവാദികളും പറയുന്നത് നമ്മൾ നമ്മളെത്തന്നെ അറിയുന്നു എന്നാണ്. സ്വന്തം വ്യക്തിസത്തയെയാണോ ബാഹ്യലോകത്തെയാണോ അറിയുന്നത് എന്നത് എങ്ങനെ മനസ്സിലാക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള സംവേദന, അനുഭൂതികളിലൂടെ നമ്മുടെ മനസ്സാണ് കാര്യങ്ങൾ അറിയുന്നത് എന്നാണ് വളരെയേറെക്കാലം മനുഷ്യൻ വിശ്വസിച്ചിരുന്നത്. പഞ്ചേന്ദ്രിയങ്ങളിലൂടെ മനസ്സ് ബാഹ്യലോകത്തെ ഗ്രഹിക്കുന്നു എന്നുപറയുന്നത് ഒരർത്ഥത്തിൽ ശരിയാണ്. എന്നാൽ ആഴത്തിൽ ചിന്തിക്കുമ്പോൾ ഇതിന്റെ പരിമിതി മനസ്സിലാകും. സൈക്കോളജിയിൽ മിഥ്യാബോധം എന്നൊരു പദമുണ്ട്. ഉദാഹരണത്തിന് ഒരു കയർ കാണുമ്പോൾ അത് പാമ്പാണെന്ന് തോന്നുന്നു. മനസ്സാണ് സത്യം അറിയുന്നത് എന്ന് കരുതിയാൽ ഇപ്രകാരം പല കുരുക്കുകളിലും ചെന്നുപെടും. എന്നാൽ കയർ ഒരിക്കലും പാമ്പ് ആകുന്നില്ല. അത് പാമ്പ് ആണെന്ന തോന്നൽ ഉളവാക്കുന്നു എന്നുമാത്രം. എന്തായാലും മനസ്സിന് അഥവാ മനുഷ്യബോധത്തിന് അതീതമായാണ് സത്യം നിലനിൽക്കുന്നത്. മനസ്സ് എങ്ങനെ ഗ്രഹിക്കുന്നു എന്നതിനനുസരിച്ച് സത്യവും മിഥ്യയും നിർണയിക്കപ്പെടുന്ന ആശയവാദ തത്വചിന്തയുടെ മനസ്സിലാക്കൽരീതി, സത്യം നിർണ്ണയിക്കാനുള്ള ഒരേയൊരു അടിസ്ഥാനമായി സ്വീകരിക്കാനാവില്ല എന്നർത്ഥം.

പദാർത്ഥമാണ് പ്രഥമം ആശയം പിന്നീട്  വരുന്നതാണ്

വ്യക്തതയ്ക്കുവേണ്ടി വിഷയം കുറച്ചുകൂടി ആഴത്തിൽ പരിശോധിക്കാം. തത്വചിന്ത എന്നാൽ എന്താണെന്നും ആശയവാദ തത്വചിന്തയും ഭൗതികവാദ തത്വചിന്തയും തമ്മിലുള്ള വ്യത്യാസം എന്താണെന്നും ആദ്യമേതന്നെ മനസ്സിലാക്കണം. ലോകത്തെ, പ്രകൃതിയെ, അതിന്റെ മാറ്റത്തെ, മനുഷ്യജീവിതത്തെ, ജീവിതപ്രശ്‌നങ്ങളെ ഒക്കെ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന വീക്ഷണമാണ് തത്വചിന്ത. തത്വചിന്ത രണ്ടുതരത്തിലുണ്ട് – ആശയവാദ തത്വചിന്തയും ഭൗതികവാദ തത്വചിന്തയും. മനസ്സും പദാർത്ഥവും തത്വചിന്തയുടെ പ്രഥമവും പ്രധാനവുമായ പരിഗണനയിൽ വരുന്ന രണ്ട് കാര്യങ്ങളാണ്. ഇവ രണ്ടും പരസ്പര ബന്ധിതമാണെന്ന് പല തത്വചിന്തകരും സമ്മതിക്കുന്നുണ്ട്. വൈരുദ്ധ്യ-സംഘർഷങ്ങളിലൂടെ ഒന്ന് മറ്റേതിന്റെമേൽ സ്വാധീനം ചെലുത്തുന്നു. എന്നാൽ, നിരന്തരവും വൈരുദ്ധ്യാത്മകവുമായ ഈ ബന്ധത്തെയും സ്വാധീനത്തെയും കുറിച്ചുള്ള ധാരണകൊണ്ടുമാത്രം മനസ്സും പദാർത്ഥവും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് സമഗ്രവും കൃത്യവുമായി മനസ്സിലാക്കാൻ കഴിയില്ല. ഇതിലേതാണ് പ്രഥമം എന്ന ചോദ്യം പിന്നെയും അവശേഷിക്കുന്നു. ഏതാണ് ആദ്യമുണ്ടായത്? ഈ മുൻഗണനാപ്രശ്‌നം വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തിൽ വ്യക്തമായ ധാരണയില്ലെങ്കിൽ അടിമുടി ആശയക്കുഴപ്പം നിലനിൽക്കുമെന്നുറപ്പാണ്. തലച്ചോറ് പദാർത്ഥത്താൽ നിർമ്മിതമാണ്. മനസ്സ് അഥവാ ആശയം മനുഷ്യന്റെ തലച്ചോറിന്റെ ഒരു പ്രത്യേക ധർമ്മവും. പദാർത്ഥമാണ് പ്രഥമം എന്നാണിത് കാണിക്കുന്നത്.
പദാർത്ഥമാണ് പ്രഥമമെന്നും ആശയം അതിന്റെ ഉല്പന്നമല്ലാതെ മറ്റൊന്നുമല്ല എന്നുമുള്ള ധാരണയില്ലെങ്കിൽ  വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ചുള്ള ഒരാളുടെ മനസ്സിലാക്കൽ അപൂർണവും സമഗ്രതയില്ലാത്തതുമായിരിക്കും. അതുപോലെതന്നെ, മനസ്സും പദാർത്ഥവും പരസ്പര വൈരുദ്ധ്യത്തിലൂടെയും സംഘർഷത്തിലൂടെയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതും ഒന്ന് മറ്റേതിന്റെമേൽ സ്വാധീനം ചെലുത്തുന്നതുമാണെന്ന ധാരണ വൈരുദ്ധ്യാത്മക ഭൗതികവാദികൾക്കല്ലാതെ മറ്റാർക്കുമില്ല എന്ന് അവകാശപ്പെടുന്നതും ശരിയായിരിക്കില്ല. ഉദാഹരണത്തിന് ബർട്രാൻഡ് റസ്സൽ, ജീൻപോൾ സാർത്ര് തുടങ്ങിയവരൊക്കെ ഈ ധാരണയുള്ളവരായിരുന്നു. എന്നാൽ പദാർത്ഥത്തിന്റെ പ്രാമുഖ്യം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ട് അവരൊക്കെ എവിടെ ചെന്നെത്തി എന്ന് നോക്കൂ. ഹെഗലിന്റെ വൈരുദ്ധ്യാത്മക ആശയവാദത്തിന്റെ മായിക വലയത്തിൽനിന്ന് മുക്തനായിട്ടും ഫൊയർബാഹിന് ആത്യന്തികമായി ഒരു വൈരുദ്ധ്യാത്മക ഭൗതികവാദി ആയിത്തീരാൻ കഴിയാതെപോയതും പദാർത്ഥത്തിന്റെ പ്രാമുഖ്യത്തെക്കുറിച്ചുള്ള വ്യക്തമായ

ധാരണയില്ലാത്തതുകൊണ്ടാണ്. അദ്ദേഹം മാനവവാദം ഒരു ശാശ്വതമായ ആദർശമാണെന്ന് കരുതുകയും ഒരു മാനവവാദി ആയിത്തീരുകയും ചെയ്തു.
എന്നാൽ റസ്സലാകട്ടെ, ഒരു നിരീശ്വരവാദി ആയിരുന്നിട്ടുപോലും ഒരു ആശയവാദിയായി അവശേഷിച്ചു. സാർത്രും ഒരു നിരീശ്വരവാദി ആയിരുന്നു. അദ്ദേഹത്തിനും ആശയവാദത്തിന്റെ നൂലാമാലയിൽനിന്ന് പുറത്തുവരാനായില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം മാത്രമാണ് സമഗ്രമായ ഒരേയൊരു തത്വചിന്ത എന്ന് പിൽക്കാലത്ത് അദ്ദേഹം സമ്മതിക്കുന്ന സ്ഥിതിവരെയെത്തിയിരുന്നു. സാർത്രിനെയും റസ്സലിനെയും പോലെയുള്ളവർക്കുപോലും കമ്മ്യൂണിസ്റ്റുകളോ വിപ്ലവകാരികളോ ആകാൻ കഴിഞ്ഞില്ല എന്നാണിത് കാണിക്കുന്നത്. അവർ സയൻസിന്റെ കണ്ടുപിടുത്തങ്ങളൊക്കെ മനസ്സിലാക്കിയിരുന്നു. എന്നാൽ അത് മാത്രമാണോ സത്യത്തെ പ്രതിഫലിപ്പിക്കുന്നത് എന്നകാര്യത്തിൽ അവർക്ക് സംശയമുണ്ടായിരുന്നു. എന്താണ് യാഥാർത്ഥ്യം എന്നകാര്യത്തിലും അവർക്കിടയിൽത്തന്നെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. സൂക്ഷ്മമായി പരിശോധിച്ചാൽ അവരുടെ നിലപാട് ഇപ്രകാരമാണെന്നുകാണാം: സയൻസിന്റെ കണ്ടെത്തലുകളെ അവർ അംഗീകരിക്കുന്നു, ആധുനിക ജീവശാസ്ത്രവും അവർ ശരിവയ്ക്കുന്നു; ജീവിവർഗ്ഗങ്ങളുടെ ഉല്പത്തിയെ സംബന്ധിച്ച സിദ്ധാന്തവും അവർ നിരാകരിക്കുകയോ വിലകുറച്ചുകാണുകയോ ചെയ്യുന്നില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും, ചിന്തയും ആശയവും പദാർത്ഥത്തിന്റെ ധർമ്മങ്ങളെന്ന നിലയിൽ ഉദയംചെയ്തതാണെന്നും അവ തികച്ചും ഒരു പുതിയ സൃഷ്ടിയാണെന്നും മനുഷ്യൻ ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടതോടെ ആദ്യമായി നിലവിൽവന്ന പ്രതിഭാസമാണെന്നുമൊക്കെ എല്ലാവരും അംഗീകരിക്കണമെന്നില്ല. ആശയം പദാർത്ഥത്തിൽ സനാതനമായി ഉൾച്ചേർന്നിരിക്കുന്നു എന്ന രീതിയിലാണ് ചിലരുടെ ചിന്ത. ഇന്ന് മനുഷ്യരിൽ കാണുന്ന ചിന്താശക്തിയുടെ രൂപത്തിലല്ല എക്കാലവും ആശയം പദാർത്ഥത്തിൽ ഉള്ളടങ്ങിയിരുന്നത്; അത് ചേതനയുടെ ഒരു മൂലധാതു എന്ന നിലയിലായിരുന്നു, മനുഷ്യൻ പ്രത്യക്ഷപ്പെട്ടതോടെ, പദാർത്ഥത്തിൽ പണ്ടേ ഉള്ളടങ്ങിയിരുന്ന ഈ മൂലവസ്തു തലച്ചോറിൽ പൂർണവളർച്ചയെത്തുകയായിരുന്നു. അവരുടെ ആശയങ്ങളിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്ന കാര്യമിതാണ്. അതായത് ചേതനയുടെ ഈ മൂലകത്തിന് തലച്ചോറിൽ പൂർണ പ്രഭാവത്തിലെത്താൻ വിശേഷാവസരം ലഭിക്കുകയായിരുന്നു. ഇന്ന് മനുഷ്യരിൽ കാണുന്ന ചിന്തയും ബോധവുമൊക്കെ അതിന്റെ പ്രകടിത രൂപങ്ങൾ മാത്രമാണ്. കൃത്യമായി പറഞ്ഞാൽ മനുഷ്യന്റെ തലച്ചോറിലാണ് അത് പൂർണരൂപത്തിൽ അവതരിക്കുന്നത് എന്നർത്ഥം. ഈ ആശയത്തിന്റെ ഉപജ്ഞാതാക്കൾ ഇതേ വാക്കുകളിലാണോ അവരുടെ കാഴ്ചപ്പാട് അവതരിപ്പിച്ചിരിക്കുന്നത് എന്നത് പ്രധാനമല്ല. അവരുടെ ചിന്ത വിശകലനവിധേയമാകുമ്പോൾ ലഭിക്കുന്ന സാരാംശം ഇതാണ്. അവർ സങ്കല്പിക്കുന്ന ഈ ചേതനയുടെ മൂലധാതു എല്ലാത്തിൽനിന്നും സ്വതന്ത്രമായിട്ടാണ് നിലനിൽക്കുന്നത് എന്നതാണ് അവരുടെ ചിന്തയിൽ പ്രകടമാകുന്ന ആശയക്കുഴപ്പം. അത് ലോകത്ത് പ്രത്യക്ഷപ്പെടുന്നത് ഈ രീതിയിലാണ്. അവർ വിഭാവനം ചെയ്യുന്ന ഈ ചിന്താശക്തി പദാർത്ഥത്തിന്റെ ഉല്പന്നമല്ലെന്നുമാത്രമല്ല പദാർത്ഥ നിയമങ്ങൾക്ക് വിധേയവുമല്ല. കേവലമായ സ്വതന്ത്രചിന്ത എന്ന ആശയം ഇത്തരം ചിന്താഗതിക്കാർക്ക് ലഭിക്കുന്നതിങ്ങനെയാണ്. വ്യക്തിസ്വാതന്ത്ര്യത്തെ പരമമായ അർത്ഥത്തിലാണ് അവർ മനസ്സിലാക്കിയിരിക്കുന്നത്. അവരുടെ അനുമാന സ്വഭാവത്തിലുള്ള ചിന്താഗതിപ്രകാരം സ്വാതന്ത്ര്യ സങ്കല്പം എന്നത് സാമൂഹ്യ സാഹചര്യങ്ങളാൽ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളതല്ലെന്നുമാത്രമല്ല, അത് പരമവുമാണ്. പദാർത്ഥമോ ആശയമോ പ്രഥമം എന്ന വിഷയത്തിലുള്ള ആശയക്കുഴപ്പമാണ് ഇതിനുകാരണം – ആശയം പൂർണമായും പദാർത്ഥത്തിന് ബാഹ്യമായിട്ടുള്ളതാണെന്നോ അതല്ല ആശയം പദാർത്ഥത്തിന്റെ ഉല്പന്നമാണെന്നോ അവർ കരുതുന്നില്ല. മുതലാളിത്ത സാമൂഹ്യ വ്യവസ്ഥയ്ക്കുള്ളിൽ നിർത്തി ഈ വിഷയം നമുക്ക് പരിശോധിക്കാം. തടസ്സമില്ലാത്തതും സ്വതന്ത്രവുമായ വികാസം നേടി ജനാധിപത്യം ഉച്ചസ്ഥായിയിലെത്തിയത് നവോത്ഥാനകാലത്തായിരുന്നല്ലോ. അന്നുപോലും സ്വാതന്ത്ര്യ സങ്കല്പമെന്നത്  പരമമായ സ്വാതന്ത്ര്യം എന്ന അർത്ഥത്തിലായിരുന്നില്ല മനസ്സിലാക്കിയിരുന്നത്. യുക്തിസഹമായ നിയന്ത്രണങ്ങളെന്ന ആശയവുമായി അത് അഭേദ്യമായി ബന്ധപ്പെട്ടിരുന്നു. എന്തുകൊണ്ടെന്നാൽ ഉപാധിരഹിതമായ അധികാരങ്ങളോടെയുള്ള ഭരണകൂടം എന്ന ആശയം അന്ന് ഉദയംചെയ്തിരുന്നില്ല. എന്നാൽ ഇന്ന് മുതലാളിത്തം കുത്തകമുതലാളിത്തത്തിനും നിക്ഷേപ മൂലധനത്തിനും സാമ്രാജ്യത്വത്തിനും ജന്മം നൽകിയിരിക്കുന്നു. അതുവഴി അത് കടുത്ത പിന്തിരിപ്പൻ സ്വഭാവമാർജിച്ചിരിക്കുന്നു. ഭരണകൂടം അതോടൊപ്പം സർവ്വശക്തവും ഏകാധിപത്യപരവുമായ സ്വഭാവവും കൈവരിച്ചിരിക്കുന്നു. ഈ സാമൂഹ്യഘട്ടത്തിലെത്തിയപ്പോഴാണ് നമ്മൾ യാതൊരുവിധ നിയന്ത്രണങ്ങൾക്കും വിധേയമല്ലാത്ത പരമമായ സ്വാതന്ത്ര്യം എന്ന് കേൾക്കുന്നത്. ജീർണവും മരണാസന്നവുമായ മുതലാളിത്തത്തിന്റെ ഘട്ടത്തിലെ ഈ പരമമെന്ന ആശയത്തിന്റെ മുദ്രയാണ് സാർത്രിന്റെ ചിന്ത വഹിക്കുന്നത്.

ആശയവാദത്തിന്റെയും ഭൗതികവാദത്തിന്റെയും രീതിശാസ്ത്ര സമീപനത്തിലെ വ്യത്യാസം

സത്യമറിയുന്നതിനായി പിന്തുടരുന്ന രീതിശാസ്ത്രത്തിന്റെ കാര്യത്തിൽ ആശയവാദവും ഭൗതികവാദവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമെന്താണ്? സത്യത്തെ നിർണയിക്കുന്നത് മനസ്സാണെന്ന് ഒരു കൂട്ടർ പറയുന്നു. അതായത് സത്യം സ്ഥിതിചെയ്യുന്നത് മനസ്സിലാണത്രെ. അതായത്, മനസ്സ് ഗ്രഹിക്കുന്നത് അല്ലെങ്കിൽ ചിന്തിക്കുന്നത് യഥാർത്ഥമോ അല്ലയോ എന്ന് പരീക്ഷണത്തിലൂടെ പരിശോധിക്കാനോ തെളിയിക്കാനോ നിർണയിക്കാനോ ഉള്ള അവസരം ഈ സമീപനപ്രകാരമില്ല. മനസ്സ് എന്നത് അഹംബോധമുള്ള, പ്രകൃത്യതീതമായ ഒരു അസ്തിത്വമാണ്. ഈ ചിന്താഗതിയെ അടിസ്ഥാനമാക്കി വളർന്നുവന്ന വീക്ഷണ സമ്പ്രദായമാണ് ആശയവാദം. അത് വ്യക്തിയുടെ ഗ്രാഹ്യത്തെയും ബോധത്തെയും പൂർണമായി ആശ്രയിക്കുന്നു. മറ്റേ തത്വചിന്തയാകട്ടെ മനസ്സിന്റെ പങ്ക് നിരാകരിക്കുന്നില്ലെങ്കിലും പരീക്ഷണത്തിലൂടെയുള്ള പരിശോധന, യഥാർത്ഥ ലോകത്തിന്റെ ശാസ്ത്രീയമായ വിശകലനം, ചരിത്രത്തിൽനിന്ന് ഉരുത്തിരിയുന്ന വിജ്ഞാനം എന്നിവയെ ആധാരമാക്കിയുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ഈ തത്വചിന്താരീതിയെ നമ്മൾ ഭൗതികവാദം, കൃത്യമായി പറഞ്ഞാൽ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന് വിളിക്കുന്നു. എല്ലാ ആശയവാദ തത്വചിന്തകളും നിരീക്ഷണ, പരീക്ഷണങ്ങളെ നിരാകരിക്കുന്നു എന്ന് പറയുന്നത് ശരിയല്ല. അങ്ങനെ പറഞ്ഞാൽ അത് ചരിത്ര നിഷേധമാകും. ഇതൊക്കെ അംഗീകരിക്കുന്ന ആശയവാദ തത്വചിന്തകളുമുണ്ട്. ചുറ്റുപാടുകളും പരിതസ്ഥിതികളുമൊക്കെ മനസ്സിന്റെമേൽ പ്രവർത്തിക്കുന്നുവെന്നും മനസ്സിനെയും ചിന്തയെയും ആശയങ്ങളെയുമൊക്കെ സ്വാധീനിക്കുന്നുണ്ടെന്നുംവരെ അംഗീകരിക്കുന്ന ആശയവാദ തത്വചിന്തകളുമുണ്ട്. ഇങ്ങനെയുള്ള വ്യതിയാനങ്ങളൊക്കെ ഉണ്ടെങ്കിലും എല്ലാ ആശയവാദ തത്വചിന്തകൾക്കുമിടയിൽ ഐക്യത്തിന്റെയും സാദൃശ്യത്തിന്റെയും ഒരു അന്തർധാര പ്രവർത്തിക്കുന്നുണ്ട്. ആത്യന്തിക വിശകലനത്തിൽ മനസ്സാണ് സത്യം നിർണയിക്കുന്നത് എന്ന് എല്ലാവരും കരുതുന്നു എന്നതാണത്.

മറുവശത്ത്, ആശയവാദതത്വചിന്തയിൽ പലവകഭേദങ്ങളുമുള്ളതുപോലെ ഭൗതികവാദ തത്വചിന്തയിലും വകഭേദങ്ങൾ കുറവല്ല. മനസ്സിന്റെ അസ്തിത്വം ആരും നിഷേധിക്കുന്നില്ലെങ്കിലും ചില ഭൗതികവാദ തത്വചിന്തകൾ മനസ്സിനെ ശരീരശാസ്ത്രപരമായ ഒരു പ്രവർത്തനമായാണ് കരുതുന്നത്. അവർ യാന്ത്രികമായാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്. ശരീരശാസ്ത്രപരമായ പ്രവർത്തനമാണ് സർവ്വപ്രധാനം എന്നാണ് അവരുടെ അഭിപ്രായം. മനസ്സിന്റെ അസ്തിത്വം അംഗീകരിക്കുമ്പോൾത്തന്നെ അതിന്റെ പങ്കിന് അവർ വലിയ പ്രാധാന്യം കൽപ്പിക്കുന്നില്ല. എന്നാൽ അടിസ്ഥാന കാര്യങ്ങളിൽ ഭൗതികവാദ തത്വചിന്തകൾ തമ്മിൽ ഐക്യമുണ്ട്താനും. നമ്മൾകാണുന്ന ഈ പ്രപഞ്ചം, ഭൗതികലോകം മനുഷ്യബോധത്തിൽനിന്ന് സ്വതന്ത്രമായി നിൽക്കുന്നു എന്ന കാര്യത്തിലാണ് ആ ഐക്യമുള്ളത്. സമീപനത്തിന്റെയും വിശകലനരീതിയുടെയും കാര്യത്തിൽ പല അഭിപ്രായവ്യത്യാസങ്ങളുമുണ്ടെങ്കിലും അവരുടെ ചിന്തയുടെ അടിസ്ഥാനം ഇതാണ്.

ഔപചാരിക യുക്തിയും വൈരുദ്ധ്യാത്മക യുക്തിയും തമ്മിലുള്ള വ്യത്യാസം

ഒരാൾ ഭൗതികവാദിയോ ആശയവാദിയോ ആകട്ടെ, ഒരുകാര്യം വിശകലനം ചെയ്യുമ്പോൾ അത് യുക്തിക്ക് നിരക്കുന്നതാവണം. ഇംഗ്ലീഷിൽ ഇതിന് ലോജിക് എന്നോ സയൻസ് ഓഫ് ലോജിക് എന്നോ പറയും. ഇത് രണ്ടുതരമുണ്ട്. സ്‌കൂളിലും കോളേജിലുമൊക്കെ ഇത് പഠിക്കുന്നുണ്ട്. ഇൻഡക്ടീവ് ലോജിക്കും ഡിഡക്ടീവ് ലോജിക്കുമാണവ. പ്രത്യേക പ്രതിഭാസങ്ങളുടെ വിശകലനങ്ങളെ സാമാന്യവൽക്കരിച്ച് സാമാന്യതത്വത്തിൽ അഥവാ പൊതുവായ സത്യത്തിൽ എത്തിച്ചേരുന്ന രീതിയാണ് ഇൻഡക്ടീവ് ലോജിക്. സത്യത്തെ
സംബന്ധിച്ച സാമാന്യ ധാരണയുടെ അടിസ്ഥാനത്തിൽ പ്രത്യേക പ്രതിഭാസത്തെ വിശകലനം ചെയ്യുന്ന രീതിയാണ് ഡിഡക്ടീവ് ലോജിക്. ഇവിടെ ഒരുകാര്യം കൂടി വ്യക്തമാകേണ്ടതുണ്ട്. എല്ലാ തത്വചിന്തകൾക്കും, ശരിയായാലും തെറ്റായാലും, അവരുടേതായ ഒരു ന്യായയുക്തത പിന്തുടരേണ്ടതുണ്ട്. ഒരാൾ ഒരുകാര്യം സത്യമാണ്, എന്തുകൊണ്ടെന്നാൽ അത് യുക്തിക്ക് നിരക്കുന്നതാണ് എന്ന് പറയുമ്പോൾ, അത് വിമർശനാത്മകമായ ഒരു പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ട് എന്നകാര്യം പ്രധാനമാണ്. ഒരാളുടെ നിഗമനം എത്രതന്നെ യുക്തിക്ക് നിരക്കുന്നതാണ് എന്ന് തോന്നിയാലും അയാൾ എന്ത് യുക്തിചിന്താപദ്ധതിയാണ് പിന്തുടർന്നത് എന്നത് പ്രധാനമാണ്. സാങ്കല്പിക ആശയങ്ങളെയോ ഔപചാരിക യുക്തിയെയോ അടിസ്ഥാനമാക്കിയുള്ള വിശകലനമാണ് അയാൾ നടത്തിയിരിക്കുന്നതെങ്കിൽ അയാളുടെ നിഗമനം പോരായ്മകളുള്ളതും അംഗീകരിക്കാനാവാത്തതുമായിരിക്കും. ശരിയായ നിഗമനത്തിലോ സത്യത്തിലോ എത്തിച്ചേരുന്ന പ്രക്രിയയെ അത് തകരാറിലാക്കുകതന്നെചെയ്യും. അതായത് ഒരു നിഗമനം യുക്തിക്ക് നിരക്കുന്നതെന്ന് തോന്നിയാലും ഒരു തെറ്റായ പരികൽപനയെ അടിസ്ഥാനമാക്കിയാണ് ആ നിഗമനത്തിലെത്തിയതെങ്കിൽ അത് ശരിയെന്ന് അംഗീകരിക്കാനാവില്ല.

മറ്റൊരു കോണിൽനിന്ന് ഈ വിഷയം പരിശോധിക്കാം. ലോജിക്കിൽ, ഔപചാരിക യുക്തി അഥവാ ഫോർമൽ ലോജിക് എന്നൊരു ശാഖയുണ്ട്. ഇത് ഇൻഡക്ടീവ്, ഡിഡക്ടീവ് രീതികൾ ഉൾക്കൊള്ളുന്നുണ്ട്. വളരെക്കാലത്തോളം സയൻസും മറ്റ് വിജ്ഞാന മേഖലകളും ഈ ഔപചാരിക യുക്തിയെ ആസ്പദമാക്കിയാണ് വികസിച്ചുവന്നിരുന്നത്. പിന്നീട് വൈരുദ്ധ്യാത്മക യുക്തി അഥവാ ഡയലക്ടിക്കൽ ലോജിക്, സയൻസിനെക്കുറിച്ചുള്ള സമഗ്ര ധാരണയുടെ അടിത്തറയിൽ, വികസിച്ചുവന്നു. ഇൻഡക്ടീവ്, ഡിഡക്ടീവ് രീതികൾ ഇവിടെയും പ്രയോഗിക്കുന്നു. അപ്പോൾ, ഔപചാരിക യുക്തിയും വൈരുദ്ധ്യാത്മക യുക്തിയും അവലംബിക്കുന്ന വിശകലന രീതികളിലെ വ്യത്യാസം എവിടെയാണ്?
ഔപചാരിക യുക്തി പ്രതിഭാസങ്ങളെ ഒറ്റപ്പെട്ട നിലയിൽ പരസ്പരം വേർപെടുത്തി കാണുന്നു. പ്രതിഭാസങ്ങൾ പരസ്പര ബന്ധത്തിലും ചുറ്റുപാടുകളുമായുള്ള പരസ്പര പ്രവർത്തനത്തിലും വൈരുദ്ധ്യത്തിലും സംഘർഷത്തിലുമാണെന്ന വസ്തുത കാണുന്നില്ല. അതായത്, പ്രതിഭാസങ്ങളെ ചലനരഹിതമായി, നിശ്ചലമായി കാണുന്നു. എല്ലാ പ്രതിഭാസങ്ങളും നിരന്തരമായ ഒരു പ്രവാഹത്തിലും നിരന്തര ചലനത്തിലുമാണെന്ന കാര്യവും കണക്കിലെടുക്കുന്നില്ല. അതായത് വ്യത്യസ്ത ഭൗതിക വസ്തുക്കളും സംഭവങ്ങളുമൊക്കെ പരസ്പര വൈരുദ്ധ്യത്തിലും സംഘർഷത്തിലും ചലനത്തിലുമാണെന്ന് മനസ്സിലാക്കാതെ അവയെയെല്ലാം പരസ്പരം വേറിട്ടുനിൽക്കുന്നതായാണ് കാണുന്നത്. മറുവശത്ത് വൈരുദ്ധ്യാത്മക യുക്തിയാകട്ടെ, ഓരോ ഭൗതിക വസ്തുവിനെയും സംഭവത്തെയും ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി അതിന്റെ സാകല്യത്തിലാണ് വീക്ഷിക്കുന്നത്. അതായത് ചുറ്റുപാടുകളുമായുള്ള ബന്ധത്തിലും ചലനത്തിലും മറ്റു വസ്തുക്കളുമായുള്ള അതിന്റെ വൈരുദ്ധ്യത്തിലും ഐക്യത്തിലും കാണുന്നു. അതായത്, ഭൗതിക വസ്തുക്കളെയും പ്രതിഭാസങ്ങളെയും അവയുടെ ചുറ്റുപാടുകളെയും, ശാസ്ത്രീയ നിരീക്ഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും വിധേയമാക്കുന്നതിലൂടെ വെളിവാകുന്ന നിയമങ്ങളെ, ഏകോപിപ്പിക്കുകയും സാമാന്യവൽക്കരിക്കുകയും ചെയ്തുകൊണ്ടാണ് വൈരുദ്ധ്യാത്മക ഭൗതികവാദം അതിന്റെ വിശകലനരീതി വികസിപ്പിച്ചെടുത്തിട്ടുള്ളത് എന്നർത്ഥം. അതിനാൽ, വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ വിശകലനരീതി പ്രയോഗിച്ചുകൊണ്ട് മാത്രമേ നമുക്ക് ഏതൊരു വിഷയത്തിലും ശരിയും വസ്തുനിഷ്ഠവുമായ നിഗമനത്തിലെത്തിച്ചേരാൻ കഴിയൂ. ഒരു വിഷയത്തിൽ അല്ലെങ്കിൽ ഒരു പ്രതിഭാസത്തിൽ ഭാഗികമായ ധാരണ കൈവരിക്കാൻ ഔപചാരികയുക്തി പ്രയോഗിച്ചാൽ കഴിഞ്ഞേക്കാം. എന്നാൽ ഒരിക്കലും സമഗ്രമായ ധാരണ ലഭിക്കില്ല. അതുകൊണ്ടാണ് പ്രത്യക്ഷത്തിൽ യുക്തിപൂർവ്വമെന്ന് തോന്നുന്ന ഒരു നിഗമനം യഥാർത്ഥത്തിൽ സത്യമായിക്കൊള്ളണമെന്നില്ല എന്ന് മാർക്‌സിസം അടിവരയിടുന്നത്. അതുകൊണ്ടാണ്, മാർക്‌സിസം അഥവാ വൈരുദ്ധ്യാത്മക ഭൗതികവാദം കേവലം യുക്തിയുടെ അടിസ്ഥാനത്തിൽ മാത്രമുള്ള ഒരു തത്വചിന്തയല്ല എന്ന് പറയുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദം യുക്തിചിന്തയോട് വിടപറഞ്ഞിരിക്കുന്നു എന്ന വ്യാഖ്യാനം ഇതിന് നൽകരുത്. വൈരുദ്ധ്യാത്മകയുക്തി പ്രയോഗിച്ചുകൊണ്ട് ഏതൊരു കാര്യത്തിന്റെയും സമഗ്രവും സത്യസന്ധവുമായ അറിവ് നേടാൻ സഹായിക്കുന്ന ഒരേയൊരു ശാസ്ത്രീയ ഉപകരണം മാർക്‌സിസം മാത്രമാണ്.
ഈ വിഷയത്തിൽ എനിക്ക് തോന്നിയ ഒരു കാര്യംകൂടി അവതരിപ്പിക്കാം. ഇൻഡക്ടീവ് ലോജിക്കും ഡിഡക്ടീവ് ലോജിക്കും പരസ്പര പൂരകമാണെന്ന കാര്യം ഏതൊരാളും സമ്മതിക്കും. എന്നാൽ അതുകൊണ്ട് എല്ലാമായില്ല. മനുഷ്യൻ ഭൂമുഖത്ത് ആവിർഭവിക്കുകയും അവന്റെ ചിന്താശേഷി വികസിക്കുകയും ചെയ്തതോടെ അവന്റെ യുക്തിബോധം വളരുകയും ഇൻഡക്ടീവ്, ഡിഡക്ടീവ് പ്രക്രിയകൾ വികസിക്കുകയും ചെയ്തു. അവ പരസ്പരപൂരകം ആയതുകൊണ്ടുതന്നെ ഒരു രീതിയിൽ മറ്റേ രീതി നമുക്ക് ദർശിക്കാനാകും. ഇക്കാര്യം എല്ലാവരും അംഗീകരിക്കും. എന്നാൽ തർക്കശാസ്ത്ര വിദഗ്ദ്ധരോട് എനിക്ക് ചോദിക്കാനുള്ളത് ഈ രണ്ട് രീതികളിൽ ഒരു മുൻഗണനയുടെ പ്രശ്‌നമുണ്ടോ എന്നതാണ്. മനുഷ്യന്റെ ചിന്ത ഇതിൽ ഏത് രീതിയിലാണ് ആദ്യം പ്രവർത്തിച്ചത്? ഇതിൽ ഏത് രീതിയാണ് ആദ്യം നിലവിൽ വന്നത്? ഈ രീതിയിൽ വേണം ഈ വിഷയം മനസ്സിലാക്കാൻ. മാർക്‌സിസ്റ്റ് സിദ്ധാന്തത്തിന്റെ ചർച്ചയിൽ  ഈ വിഷയം മുമ്പ് കടന്നുവന്നതായി എന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. പക്ഷേ ഞാൻ അത് ഉന്നയിക്കുന്നു. ഓരോ പ്രതിഭാസത്തിലെയും സംഭവത്തിലെയും വൈരുദ്ധ്യ സംഘർഷങ്ങളിൽനിന്ന് അതിന്റേതായ ചിന്തയുടെ അംശങ്ങൾ വികസിച്ചുവരികയും ഈ അംശങ്ങൾ തമ്മിലുള്ള വൈരുദ്ധ്യ സംഘർഷങ്ങളിലൂടെ ചിന്ത വികസിച്ചുവരികയുമാണുണ്ടായത് എന്ന് നമുക്കറിയാം. മനുഷ്യൻ പ്രത്യക്ഷപ്പെട്ട, ചിന്ത വികസിച്ചുവരുന്ന പ്രക്രിയയുടെ നാളുകളിൽ മനുഷ്യന് യാതൊരറിവും ഉണ്ടായിരുന്നില്ല. ചിന്തയുടെ ആ പ്രാരംഭഘട്ടത്തിൽ, സത്യത്തെക്കുറിച്ച് ഒരു പൊതു ധാരണയുണ്ടാക്കാനോ അതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക വിഷയങ്ങൾ പരിശോധിക്കുവാനോ കഴിയുമായിരുന്നില്ല. നാഗരികതയുടെ ആ ആദിമഘട്ടത്തിൽ മനുഷ്യചിന്തയെ നയിച്ചിരുന്നത് ലോജിക്കായിരുന്നു. എന്റെ അഭിപ്രായത്തിൽ അത് പൊതുവിൽ ഇൻഡക്ടീവ് സ്വഭാവത്തിലുള്ളതായിരുന്നു. അതായത് ഈ രണ്ട് സമ്പ്രദായങ്ങളിൽ ഇൻഡക്ഷൻ ആണ് പ്രഥമമെന്നും അതിന്റെ വികാസപ്രക്രിയയിൽ ഡിഡക്ഷൻ രീതി ഉദയംചെയ്തു എന്നുമാണ് എന്റെ അഭിപ്രായം. അതായത് ഡിഡക്ഷൻ പൊതുവിൽ ഇൻഡക്ഷന്റെ തുടർച്ചയാണ്. ഇക്കാര്യം മനസ്സിലാക്കാതിരുന്നാൽ, മനുഷ്യൻ ഉത്ഭവിച്ചതുമുതൽ ഡിഡക്ടീവ് പ്രക്രിയയിൽ ചിന്തിക്കാൻ പാകത്തിൽ അവന്റെ തലച്ചോറിൽ ചില ആശയങ്ങൾ കരുതിയിരുന്നു എന്ന് സമ്മതിക്കേണ്ടിവരും. ചിന്ത അഥവാ ആശയം മനഷ്യന്റെ തലച്ചോറിൽ എന്തെങ്കിലുമൊരു രൂപത്തിൽ തുടക്കംമുതൽ പതിഞ്ഞിരുന്നു എന്നും സമ്മതിക്കണം. ഈ ചിന്താഗതി പിന്തുടരുന്നയാൾ അനിവാര്യമായും ആശയവാദത്തിന്റെ കെണിയിൽ പതിക്കാതെ തരമില്ല. ഇതിന് സയൻസുമായോ വൈരുദ്ധ്യാത്മക ഭൗതികവാദവുമായോ യാതൊരു ബന്ധവുമില്ല.
വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ മറ്റേതൊരു ഭൗതികവാദ തത്വചിന്തയും ഒരർത്ഥത്തിൽ ആശയവാദം തന്നെയാണ്
വൈരുദ്ധ്യാത്മക ഭൗതികവാദമൊഴികെ മറ്റൊരു ഭൗതികവാദ തത്വചിന്തയും ആശയവാദത്തിന്റെ സ്വാധീനത്തിൽനിന്ന് മുക്തമല്ല എന്നതാണ് വസ്തുത. അതായത്, മാർക്‌സിസത്തിന്റെ അഥവാ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ കാഴ്ചപ്പാടിൽ മറ്റ് ഭൗതികവാദ തത്വചിന്തകളെല്ലാം ആശയവാദത്തിന്റെ വകഭേദങ്ങൾ മാത്രമാണ്. മറ്റ് ഭൗതികവാദ തത്വചിന്തകളെ ഈ കാഴ്ചപ്പാടിൽ പരിശോധിച്ചുനോക്കുന്ന പ്രശ്‌നം വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ വികാസത്തിനുമുമ്പ് ഉദിച്ചിരുന്നില്ലല്ലോ. ആശയവാദത്തിന്റെ പ്രധാന പരിമിതി വസ്തുനിഷ്ഠ യാഥാർത്ഥ്യത്തെ അതേപടി സമഗ്രമായി ഉൾക്കൊള്ളാൻ അതിന് കഴിയുന്നില്ല എന്നുള്ളതാണ്. മനുഷ്യരാശിയുടെ വികാസത്തിനായുള്ള പരിശ്രമങ്ങൾക്ക്, യാഥാർത്ഥ്യത്തെക്കുറിച്ചുള്ള അപൂർണവും അനുചിതവും ശരിയല്ലാത്തതുമായ മനസ്സിലാക്കൽ തടസ്സമാകുന്നു. മനുഷ്യന്റെ പ്രകൃതിയുമായുള്ള സമരത്തിന്റെയും സാമൂഹ്യപുരോഗതിയുടെയും മുന്നിൽ അത് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന നിശ്ചലാവസ്ഥ സയൻസിന്റെ അന്വേഷണങ്ങൾക്ക് തടയിടുന്നു, അത് വഴിതെറ്റുന്നു, സയൻസിന്റെ നൈതികതയുടെമേൽ ആശയക്കുഴപ്പത്തിന്റെ കാർമേഘങ്ങൾ അടിഞ്ഞുകൂടുന്നു. ആശയവാദം വരുത്തിവയ്ക്കുന്ന വിന ഇതൊക്കെയാണ്, അല്ലാതെ നമുക്ക് ദൈവത്തോട് ഒരു വിരോധവും ഇല്ല. അങ്ങനെയൊരു പരമാനന്ദശക്തി ഉണ്ടെന്ന് സങ്കല്പിക്കുക, നമ്മുടെ കഷ്ടപ്പാടുകളെല്ലാം അത് ഇല്ലാതാക്കിയേനെ. ദൈവമുണ്ടായിരുന്നുവെങ്കിൽ അത് നമുക്ക് വലിയ ഉപകാരമായേനെ. നമ്മുടെ ബുദ്ധിമുട്ടുകളൊക്കെ വളരെയധികം ലഘൂകരിക്കപ്പെട്ടേനെ. നമ്മുടെ ദുരിതങ്ങളൊക്കെ അദ്ദേഹത്തിന്റെ കാൽക്കൽ സമർപ്പിച്ച് നമുക്ക് സ്വസ്ഥമായിരിക്കാമായിരുന്നു. ദൈവത്തെ നിഷേധിക്കുകയും ആശയവാദത്തെ നിരാകരിക്കുകയും ചെയ്തതുവഴി നാം ചെയ്യേണ്ടുന്ന പ്രയത്‌നം പലമടങ്ങ് വർദ്ധിച്ചിരിക്കുന്നു. അങ്ങനെയാണ് നമ്മൾ ഇത്തരമൊരു മഹത്തരവും ഭീമാകാരവും സങ്കീർണവുമായ സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്. തെറ്റായ ആശയങ്ങളുമായി നമുക്ക് മുന്നേറാനാവില്ല. ഓരോ ചുവടുവയ്പിലും അത് പ്രതിബന്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും. എല്ലാ അർത്ഥത്തിലും അത് മാനവരാശിക്ക് വിനയാകും. അങ്ങനെ മാർക്‌സിസത്തിന്റെ ഉദയത്തോടെ മറ്റെല്ലാ ഭൗതികവാദ തത്വചിന്തകളുടെയും പരിമിതികൾ സംശയാതീതമായി വെളിവാക്കപ്പെട്ടു. വൈരുദ്ധ്യാത്മക ഭൗതികവാദം ഒഴികെയുള്ള തത്വചിന്തകൾ, അവയൊക്കെ ഭൗതികവാദ തത്വചിന്തയുടെ ഗണത്തിൽപെടുന്നുവെങ്കിലും, അവയ്‌ക്കൊന്നും സത്യത്തെ ശരിയായി പ്രതിഫലിപ്പിക്കാനാകില്ല എന്ന വസ്തുത വെളിവാക്കപ്പെട്ടു. വൈരുദ്ധ്യാത്മക ഭൗതികവാദം ഉദയംചെയ്തത് ഈ ഭൗതികവാദ തത്വചിന്തകളുടെ വികാസത്തോടെയാണെങ്കിലും ഇവയൊക്കെ ആത്യന്തിക വിശകലനത്തിൽ ആശയവാദ തത്വചിന്തകളാണ് എന്ന് പറയുന്നത് അതുകൊണ്ടാണ്.

മനുഷ്യന്റെ തലച്ചോറിന് മാത്രമേ ചിന്താശേഷിയുള്ളൂ

സത്യം നിർണയിക്കുന്നതിനുള്ള രീതിശാസ്ത്രപരമായ സമീപനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമുമ്പ് ഒരു കാര്യംകൂടി വ്യക്തമാക്കേണ്ടതുണ്ട്. നമ്മൾ ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായപ്പെടുകയോ ഒരു വിഷയം വിശകലനം ചെയ്യുകയോ ആണെന്നിരിക്കട്ടെ. ആരാണ് ചിന്തിക്കുന്നതും വിശകലനം നടത്തുന്നതും? നമ്മൾ തലച്ചോറുകൊണ്ടാണ് ചിന്തിക്കുന്നത്. തലച്ചോറാണ് വിശകലനം നടത്തുന്നത്. അതുകൊണ്ടാണ് മനസ്സ് തലച്ചോറിന്റെ ഒരു ധർമ്മമാണ് എന്ന് പറയുന്നത്. രണ്ടുകാലിൽ നടക്കുന്ന സസ്തനികൾ നാൽക്കാലി മൃഗങ്ങളിൽനിന്ന് ക്രമേണയുള്ള പരിണാമത്തിലൂടെ ഉണ്ടായതാണെന്ന് ജന്തുലോകത്തെ പരിണാമത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ളവർക്കറിയാം. മനുഷ്യൻ നാലുകാലിൽ നടക്കുന്നില്ല, രണ്ടുകാലിൽ നിവർന്നാണ് നടക്കുന്നത്. ഈ മാറ്റം വളരെയേറെ സാദ്ധ്യതകൾ തുറന്നുതന്നു. രണ്ട് മുൻകാലുകൾ അഥവാ കൈകൾ സ്വതന്ത്രമായതോടെ മനുഷ്യന് പ്രകൃതിയുമായി തീവ്രമായുള്ള പരസ്പര പ്രവർത്തനത്തിന് അവസരം കൈവന്നു എന്നതാണ് ഒന്നാമത്തെ കാര്യം. കൈകൾകൊണ്ട് പഴങ്ങൾ ശേഖരിക്കാമെന്നുമാത്രമല്ല ഉല്പാദനം നടത്താനും കഴിഞ്ഞു. സമൂഹത്തിൽ അങ്ങനെ അദ്ധ്വാനത്തിന്റെ പങ്ക് പ്രത്യക്ഷപ്പെട്ടു. മനുഷ്യന്റെ ചിന്താശേഷി വികസിക്കുന്നതിൽ അദ്ധ്വാനം അസാമാന്യ പങ്കാണ് വഹിച്ചത്. എന്നാൽ അതുകൊണ്ടുമാത്രമായി ചിന്താശേഷി വികസിക്കുമായിരുന്നില്ല. അതിനിടയാക്കിയത് മനുഷ്യന്റെ തലച്ചോറിന്റെ മുകൾഭാഗം അഥവാ സെറിബ്രൽ കോർടെക്‌സിന് വലിപ്പം കൂടുകയും വികാസം നേടുകയും ചെയ്തതാണ്. ചിമ്പാൻസിയുടെ കാര്യമെടുക്കാം. അതും ചിലപ്പോൾ രണ്ട് പിൻകാലുകളിൽ നടക്കാറുണ്ട്. അതും കൈകൾകൊണ്ട് ചിലതരം പ്രവൃത്തികളൊക്കെ ചെയ്യുമെങ്കിലും അവയ്ക്ക് മനുഷ്യനെപ്പോലെ ചിന്തിക്കാൻ കഴിയുന്നില്ല. പ്രകൃതിയുമായുള്ള പരസ്പരപ്രവർത്തനത്തിലൂടെ ചിന്താശേഷിക്ക് ജന്മം നൽകാനുള്ള കഴിവ് അതിന്റെ തലച്ചോറിന് ഇല്ല എന്നതുകൊണ്ടാണ്, അതിനനുസരിച്ചുള്ള ഘടനയല്ല അതിന്റെ തലച്ചോറിനുള്ളത് എന്നതുകൊണ്ടാണ,് അതിന് ചിന്തിക്കാൻ സാധിക്കാത്തത്. ഏംഗൽസിന്റെ അമൂല്യമായ കൃതി ‘പ്രകൃതിയുടെ വൈരുദ്ധ്യാത്മകത’ യുടെ ആമുഖത്തിൽ മനുഷ്യ മസ്തിഷ്‌കത്തിന്റെ സർവ്വപ്രധാനമായ പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

മനുഷ്യമസ്തിഷ്‌കം ചിന്തിക്കുന്നത് അതിന്റെ പരിഭാഷാശേഷി എന്നറിയപ്പെടുന്ന സവിശേഷമായ ശേഷികൊണ്ടാണ് എന്നറിയാമല്ലോ. മനുഷ്യന് ഈ ഗുണം കൈവരിക്കാനായത്, മനുഷ്യമസ്തിഷ്‌കത്തിന്റെ ഉയർന്ന നിലയിലുള്ള വികാസംകൊണ്ടാണ്, വികസിതമായ സെറിബ്രൽ കോർടെക്‌സ് ഉള്ളതുകൊണ്ടാണ്. മനുഷ്യന്റെ മസ്തിഷ്‌കം പദാർത്ഥ നിർമ്മിതമാണ് എന്ന് വ്യക്തമാണ്. പുറമേയുള്ള പദാർത്ഥലോകം പഞ്ചേന്ദ്രിയങ്ങളിലൂടെ തലച്ചോറുമായി പരസ്പര പ്രവർത്തനത്തിലേർപ്പെടുന്നു. മനസ്സ് ഈ പ്രക്രിയയുടെയാകെ സൃഷ്ടിയാണ്. ഇതെല്ലാം ഭൗതികമായ പരസ്പര പ്രവർത്തനത്തിന്റെ അനന്തരഫലമാണ്. അതുകൊണ്ടുതന്നെ മനസ്സ് പദാർത്ഥാതീതമായ അസ്തിത്വമുള്ളതാണെന്നോ അത് പദാർത്ഥ ബാഹ്യമായിട്ടുള്ളതാണെന്നോ കരുതാൻ ഒരു ന്യായവുമില്ല. ദൈവത്തെ സങ്കല്പിക്കുന്ന അതേ മനസ്സ്തന്നെ, ഭൗതിക പ്രവർത്തനത്തിന്റെ, ഭൗതികമായ പരസ്പര പ്രവർത്തനത്തിന്റെ സൃഷ്ടിയാണെന്നർത്ഥം. മനുഷ്യന്റെ ആശയങ്ങൾ, ചിന്ത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ച ഇനി പിന്നീട് നടത്താം.

ചിന്ത ഉദയം  ചെയ്തതെങ്ങനെ?

എങ്ങനെയാണ് മനുഷ്യസമൂഹത്തിൽ മനസ്സ്, ആശയം, ചിന്ത എന്നിവയൊക്കെ ഉദയംചെയ്തത് എന്നതാണ് വിഷയം. മാർക്‌സ് പറഞ്ഞു: ”ഭൗതികലോകത്തെ മനുഷ്യ മനസ്സ് പ്രതിഫലിപ്പിക്കുകയും അതിനെ ചിന്താരൂപങ്ങളായി പരിഭാഷപ്പെടുത്തുകയും ചെയ്യുന്നതല്ലാതെ മറ്റൊന്നുമല്ല ആശയം.” ‘പ്രതിഫലനം’ (Reflection)എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് മസ്തിഷ്‌കം ഒരു നെഗറ്റീവ് ഫിലിം പോലെ ഭൗതികലോകത്തിന്റെ പ്രതിച്ഛായ പതിപ്പിക്കുന്നു എന്ന അർത്ഥത്തിലല്ല.  തലച്ചോറിന് ഇവിടെ ഒരു പങ്കും വഹിക്കാനില്ലാതെ നിഷ്‌ക്രിയമായിരിക്കുന്നു എന്ന് കരുതരുത്. മാർക്‌സ്, ഏംഗൽസ്, ലെനിൻ എന്നിവർ പ്രതിഫലനം എന്ന പദം ഉപയോഗിച്ചപ്പോൾ തലച്ചോറിന് നിഷ്‌ക്രിയമായ പങ്കാണുള്ളത് എന്നല്ല അർത്ഥമാക്കിയത് *. തികച്ചും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന മനുഷ്യശരീരത്തിലെ ഒരു അവയവമാണ് തലച്ചോറ് എന്നകാര്യം നമ്മൾ മറക്കരുത്. മാർക്‌സിസ്റ്റ് സാഹിത്യത്തിൽ ‘പ്രതിഫലനം’ എന്ന പദമാണ് പ്രയോഗിച്ചിരിക്കുന്നത് എന്നതുകൊണ്ടുമാത്രം ഞാൻ ആ പദപ്രയോഗം നടത്താൻ തുനിയുന്നില്ല. ഞാൻ പരസ്പരപ്രവർത്തനം (കിലേൃമരശേീി ൃലളഹലരശേീി) എന്ന പദം ഉപയോഗിക്കാനാണ് താല്പര്യപ്പെടുന്നത്. അതായത് ആശയം അല്ലെങ്കിൽ ചിന്ത ഉദയംചെയ്യുന്നത്, വൈരുദ്ധ്യ സംഘർഷങ്ങളിലൂടെ അല്ലെങ്കിൽ പ്രവർത്തന-പ്രതിപ്രവർത്തനത്തിലൂടെ, അതായത് മനുഷ്യമസ്തിഷ്‌കവും ബാഹ്യലോകവും തമ്മിലുള്ള പരസ്പര പ്രവർത്തനത്തിലൂടെയാണ്.

പരസ്പര പ്രവർത്തനം എന്നുള്ളതിന് പകരം പ്രതിഫലനം എന്നപദം പ്രയോഗിക്കുകയും അതിന്റെ അർത്ഥം ശരിയായി മനസ്സിലാക്കാതിരിക്കുകയും ചെയ്താൽ അത് തെറ്റിദ്ധരണയ്ക്ക് ഇടയാക്കും. വ്യക്തിയുടെ തലച്ചോറിലുണ്ടാകുന്ന ഏതൊരു ചിന്തയും യാഥാർത്ഥ്യത്തിന്റെ  പ്രതിഫലനമാണെന്ന് കരുതും. ഇങ്ങനെയാണ് കാണുന്നതെങ്കിൽ ഒരു ചിന്തയും തെറ്റല്ല, എല്ലാം യാഥാർത്ഥ്യത്തിന്റെ പ്രതിഫലനംതന്നെ എന്നാണ് മനസ്സിലാക്കുക. അപ്പോൾ തങ്ങളുടെ ആശയങ്ങളും യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണെന്നും അതുകൊണ്ടുതന്നെ ശരിയായിട്ടുള്ളതാണെന്നും ആശയവാദികളും അവകാശപ്പെടും. ‘പരസ്പര പ്രവർത്തനം’ എന്ന പദം ഉപയോഗിക്കാതിരുന്നാലാണ് ഈ തെറ്റിദ്ധരണയുണ്ടാകുക. മനുഷ്യ മസ്തിഷ്‌കത്തിന്റെ വളരെയേറെ വികസിതമായ ഘടനമൂലം അതിന് പരിഭാഷാശേഷി അഥവാ ചിന്താശേഷി കൈവന്നിരിക്കുന്നു എന്നതാണ് വസ്തുത. അതിനാൽ എങ്ങനെയൊക്കെ വ്യാഖ്യാനിച്ചാലും ശരി, ഏത് സംഭവം, ഏത് വ്യക്തിയിൽ, എന്ത് ചിന്ത അഥവാ ആശയം ഉളവാക്കുന്നു എന്നത,് ആ മസ്തിഷ്‌കം ഭൗതികലോകവുമായി അഥവാ ബാഹ്യലോകവുമായി നിരന്തരം ഏർപ്പെടുന്ന വൈരുദ്ധ്യത്തിന്റെയും സംഘർഷത്തിന്റെയും അഥവാ പരസ്പര പ്രവർത്തനത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇങ്ങനെയാണ്   ഗ്രഹണം എന്ന പ്രക്രിയ ഉദയംചെയ്തത്. ഈ ഗ്രഹിക്കൽ കൂടുതൽ വികാസംനേടി മുന്നേറുമ്പോൾ, കൂടുതൽ അവബോധമാർജിച്ച് ധാരണയ്ക്ക് ജന്മംനൽകുന്നു. അങ്ങനെയാണ് സ്വാംശീകരണം അഥവാ സാക്ഷാത്കാരം, ചിന്ത, ആശയം, പ്രത്യയശാസ്ത്രം, നീതി-അനീതിബോധം, യുക്തിബോധം, സയൻസ്, രീതിശാസ്ത്രം, ചിന്താപ്രക്രിയ തുടങ്ങി എല്ലാ ധാരണകളും ഉദയംചെയ്തത്.
പാവ്‌ലോവ് വൈജ്ഞാനികരംഗത്ത്, സന്ദേശത്തിന്റെ അഥവാ സിഗ്നലിന്റെ പ്രയോഗത്തിലൂടെ പുതിയ സംഭാവന നൽകി. അദ്ദേഹം ഇക്കാര്യങ്ങളൊക്കെ ലളിതമായും വ്യക്തമായും വിശദീകരിച്ചു. അദ്ദേഹത്തിന് ഒരു വൈരുദ്ധ്യാത്മക ഭൗതികവാദിയാകാൻ കഴിഞ്ഞോ എന്നതല്ല വിഷയം. എന്നാൽ, അദ്ദേഹത്തിന്റെ പരീക്ഷണ പഠനങ്ങൾ നമുക്ക് കരുത്തുറ്റൊരു ആയുധം പ്രദാനം ചെയ്തിരിക്കുന്നു. നമ്മൾ തത്വചിന്തയുടെ ഭാഷയിൽ ചർച്ചചെയ്യാൻ നിർബ്ബന്ധിതമായിരുന്ന പലകാര്യങ്ങളും ഇന്ന് സയൻസിന്റെ ഭാഷയിൽ വിശദീകരിക്കാൻ കഴിയുന്നുണ്ട്. ഉദാഹരണത്തിന് ബോധത്തിന്റെ കാര്യമെടുക്കാം. നേരത്തെ ഇതിനെ രണ്ടുഭാഗങ്ങളാക്കിയിരുന്നു. ജൈവബോധവും മാനസിക ബോധവും. സജീവമായ പെരുമാറ്റത്തിന്റെ ലക്ഷണങ്ങൾ നമ്മൾ മൃഗങ്ങളിൽ നിരീക്ഷിക്കുന്നു. മനുഷ്യരിൽനിന്ന് വ്യത്യസ്തമായി ഇതിനെ സഹജവാസന അഥവാ ജന്മവാസന എന്ന് വിളിച്ചു. ജീവനുള്ളവയുടെ ബോധം അഥവാ ജൈവബോധം എന്നതാണ്  ഇതുകൊണ്ട് ഉദ്ദേശിച്ചത്. ജീവിയുടെ നാഡീപ്രവർത്തനം എന്നേ ഇതിനർത്ഥമുള്ളൂ. മറുവശത്ത് മനസ്സിന്റെ ബോധത്തെ മസ്തിഷ്‌കത്തിന്റെ പരിഭാഷാശേഷി അഥവാ ചിന്താശേഷി എന്നും വിളിച്ചു. കൂടുതൽ ആഴമാർന്ന സ്വാംശീകരണത്തിന്റെ ഫലമായുണ്ടാകുന്ന മനുഷ്യന്റെ ചിന്താശേഷി എന്ന പ്രതിഭാസമാണിത്. മനുഷ്യന് ചിലകാര്യങ്ങൾ ചിന്തിക്കാനും അതുവഴി തന്റെ സിരകളെ ചിലപ്പോൾ ഉത്തേജിപ്പിക്കാനും മറ്റുചിലപ്പോൾ അമർച്ച ചെയ്യാനും കഴിയും. അവന് തന്റെ മനസ്സിന്റെ കലവറയിൽ സൂക്ഷിച്ചിരിക്കുന്ന പഴയ കാര്യങ്ങൾ പുതുതായി വീണ്ടും ഓർമിച്ചെടുക്കാനും സാധിക്കും.
(ശേഷം അടുത്ത ലക്കത്തിൽ)

Share this post

scroll to top