ഒരു രാജ്യം ഒരു തിരഞ്ഞടുപ്പ് : രാഷ്ട്രീയാധികാരം കേന്ദ്രീകരിക്കാനുള്ള കുടില പദ്ധതി

One-nation-one-election.gif
Share

പാർലമെന്റിലേയ്ക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താൻ നിർദ്ദേശിക്കുന്ന ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന നയം മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ ഉന്നതതല കമ്മിറ്റി മുന്നോട്ടുവയ്ക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ ഇത് അംഗീകരിച്ചിരിക്കുന്നു. അടുത്ത പാർലമെന്ററി സെഷനിൽ ബിൽ കൊണ്ടുവരാനാണ് ഗവൺമെന്റ് നീക്കം. എന്തിനാണ് ഈയവസരത്തിൽ ഇത്തരമൊരു പദ്ധതി? എന്താണ് ഇതിന്റെ പിറകിലെ ലക്ഷ്യം?

പ്രധാനമായും മൂന്ന് വാദങ്ങളാണ് ഒരു രാജ്യം ഒരു തിരഞ്ഞടുപ്പ് പദ്ധതിയെ പിന്തുണക്കാൻ ഗവൺമെന്റ് മുന്നോട്ടുവയ്ക്കുന്നത്. ചെലവ് ചുരുക്കുക, നയനടത്തിപ്പുകളിലെ തടസ്സങ്ങൾ ഒഴിവാക്കുക, സെക്യൂരിറ്റി സേനയെ മികച്ചനിലയിൽ വിന്യസിക്കാൻ സാധിക്കുക എന്നിവയാണവ. എന്നാൽ വസ്തുനിഷ്ഠ യാഥാർത്ഥ്യവുമായി തട്ടിച്ചുനോക്കുമ്പോൾ ഈ വാദങ്ങളിൽ വലിയ കഴമ്പില്ല എന്ന് മനസ്സിലാകും. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ചെലവ് കുറയും എന്നുപറയുന്നത് എന്തെങ്കിലും മുന്നനുഭവത്തിന്റെയോ തെളിവിന്റെയോ അടിസ്ഥാനത്തിലല്ല. അതുപോലെതന്നെ ഇടക്കിടെ തിരഞ്ഞെടുപ്പ് വന്നാൽ, പെരുമാറ്റച്ചട്ടങ്ങൾ തുടരെത്തുടരെ പാലിക്കേണ്ടിവരുന്നതുമൂലം നയപരിപാടികൾ ഫലപ്രദമായി നടപ്പാക്കാൻ പറ്റുന്നില്ല എന്നതും മതിയായ തെളിവുകളോടെയല്ല പറയുന്നത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുമ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന് താൽക്കാലികമായ തടസ്സങ്ങൾ ഉണ്ടെന്നേയുള്ളൂ. നിലവിലുള്ള പദ്ധതികൾക്ക് യാതൊരു തടസ്സവുമില്ല. തിരഞ്ഞെടുപ്പുകളുടെ എണ്ണം കുറയുന്നതുകൊണ്ട് സെക്യൂരിറ്റി അടക്കമുള്ള നടത്തിപ്പുമായി ബന്ധപ്പെട്ട് സേനയുടെ പ്രവൃത്തികൾ കുറയുന്നുവെന്നത് സത്യമാണ്. എന്നാൽ ഇന്ത്യയുടെ സെക്യൂരിറ്റി സംവിധാനത്തെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അവരുടെ ദൈനംദിന ജോലികളുടെ ഭാഗമാണ്.


യഥാർത്ഥ കാരണം


പ്രതിസന്ധിയിൽ ഉഴലുന്ന ഇന്ത്യയിലെ മുതലാളിവർഗ്ഗം ബഹുകക്ഷി ജനാധിപത്യത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ചിട്ടകളും ശീലങ്ങളും ലഘൂകരിക്കാനോ ഇല്ലാതാക്കാനോ ശ്രമിച്ചുകൊണ്ടി രിക്കുകയാണ്. എല്ലാ രാഷ്ട്രീയാധികാരവും ബൂർഷ്വാ ഭരണകൂടത്തിന്റെ അഥവാ അതിന് വിധേയമായി നിൽക്കുന്ന ഒരു ഗവൺമെന്റിന്റെ കൈകളിൽ കേന്ദ്രീകരിക്കാനാണ് മുതലാളിവർഗ്ഗം ആഗ്രഹിക്കുന്നത്. ബഹുകക്ഷി സമ്പ്രദായം അത്തരം അധികാരകേന്ദ്രീകരണത്തിന് തടസ്സമാണ്. ബഹുകക്ഷി ജനാധിപത്യം ഉരുത്തിരിഞ്ഞുവരുന്നത് മുതലാളിത്തത്തിന്റെ പ്രാരംഭ കാലത്തുണ്ടായിരുന്ന സ്വതന്ത്രമത്സരങ്ങളുടെ കാലത്താണ്. എന്നാൽ മുതലാളിത്തം കുത്തക സ്വാഭാവം ആർജ്ജിച്ചതോടെ ചെറുകിട സംരംഭങ്ങളെ വൻസ്രാവുകൾ വിഴുങ്ങി. രാഷ്ട്രീയ മേഖലയിൽ ചെറുകിട മൂലധനത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ കക്ഷികളും ദുർബലമായി. ബഹുകക്ഷി ജനാധിപത്യത്തെ ഒന്നോ രണ്ടോ വലിയ പാർട്ടികൾ കൈയേറുന്നത് കുത്തകമുതലാളിത്തത്തിന്റെ താൽപര്യത്തിനനുസൃതമായാണ്. തുടക്കത്തിൽ മുതലാളിത്തത്തിന് താൽപര്യം ദ്വികക്ഷി സമ്പ്രദായമായിരുന്നു. ജനങ്ങൾക്ക് മുതലാളിത്ത ത്തിന്റെ സേവകരായ രണ്ടുകക്ഷികളിൽ ഒന്നിനെ തിരഞ്ഞെടുക്കാനുള്ള അവകാശമേയുള്ളൂ. യുഎസ്എയിലും യുകെയിലും മറ്റും നാം കാണുന്നതിതാണ്. ഇങ്ങനെയായാൽ മുതലാളിത്തത്തിന് ഒരിക്കലും വെല്ലുവിളി നേരിടേണ്ടിവരുന്നില്ല. നമ്മുടെ നാട്ടിലും വലിയൊരളവുവരെ ഇത്തരമൊരു സമ്പ്രദായം കൊണ്ടുവന്നിട്ടുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങളും ഔദ്യോഗിക സംവിധാനങ്ങളും പ്രധാനമായും രണ്ടുകക്ഷികൾക്കോ മുന്നണികൾക്കോ ഇടയിലാണ് മത്സരം എന്നുവരുത്തിത്തീർക്കുന്നു, മറ്റുള്ളവരെയെല്ലാം തമസ്ക്കരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന പരിഷ്കാരങ്ങളും പെരുമാറ്റച്ചട്ടത്തിൽവന്ന മാറ്റങ്ങളുമെല്ലാം ഇത്തരം ചെറിയ പാർട്ടികൾക്കെതിരെയുള്ളതാണ്. പാവങ്ങൾക്കും സാധാരണക്കാർക്കുംവേണ്ടി പൊരുതുന്ന വിപ്ലവരാഷ്ട്രീയ പാർട്ടികളെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് തടയുകയാണ് ഈ പരിഷ്കാരങ്ങളുടെ ലക്ഷ്യം. കെട്ടിവയ്ക്കാനുള്ള തുകവർദ്ധിപ്പിച്ചതും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടയിൽ വിവരങ്ങൾ സമർപ്പിക്കുന്നതിനായി കൊണ്ടുവന്നിരിക്കുന്ന ദുഷ്കരമായ പ്രക്രിയകളും എല്ലാംതന്നെ വിപ്ലവപ്രസ്ഥാനങ്ങളെ മത്സരത്തിൽ പങ്കെടുക്കുന്നതിൽനിന്നും തടയാൻ വേണ്ടിയാണ്. ദ്വികക്ഷി സമ്പ്രദായം ജനങ്ങൾക്കുമുന്നിലുള്ള വിവിധ രാഷ്ട്രീയകാഴ്ചപ്പാടുകൾ അറിഞ്ഞ് ശരിയായ തിരഞ്ഞെടുപ്പ് നടത്താനുള്ള അവകാശത്തെ ഫലത്തിൽ ഇല്ലാതെയാക്കുന്നു. ഇങ്ങനെ മാധ്യമങ്ങൾ നിയന്ത്രിക്കുന്ന ഔദ്യോഗിക സംവിധാനങ്ങളുടെ പിന്തുണയോടെ നടത്തുന്ന കൃത്രിമമായ ധ്രുവീകരണം രാജ്യമാകെ ഏകാത്മകമായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കും. ഇത് ഇവരെല്ലാം കൊട്ടിഘോഷിക്കുന്ന ചടുലമായ ജനാധിപത്യത്തിന് നേർവിപരീതമാണ്.


അധികാര കേന്ദ്രീകരണത്തിനുള്ള മറ്റൊരു ശ്രമമായിരുന്നു 1960കളിലും 70കളിലും മുന്നോട്ടുവച്ച പ്രസിഡന്റ് ഭരണരീതി. നമ്മുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ ബാധിച്ചിരിക്കുന്ന പുഴുക്കുത്തുകളിൽനിന്നും രാജ്യത്തെ രക്ഷിക്കാൻ ഇതിനുകഴിയുമെന്ന് അക്കാലത്ത് പലരും വിശ്വസിച്ചിരുന്നു. എന്നാൽ അന്ന് ഈ ആവശ്യത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല. അമേരിക്കയുടെ ഉദാഹരണം എല്ലാവർക്കും ഒരു പാഠമായി ഉണ്ടായിരുന്നു. രണ്ട് പ്രമുഖ കക്ഷികളുടെ പ്രസിഡന്റുമാർ മാറിമാറിവരുന്നതുകൊണ്ട് ഗവൺമെന്റുനയങ്ങളിൽ വലിയ മാറ്റമൊന്നും അവിടെ ഉണ്ടാകുന്നില്ല. എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും ഈ യുഗത്തിലെ സമുന്നത മാർക്സിസ്റ്റ് ദാർശനികനുമായ സഖാവ് ശിബ് ദാസ് ഘോഷ് ചൂണ്ടിക്കാണിച്ചതുപോലെ ഇവയെല്ലാം ഇന്നത്തെ പ്രതിസന്ധിയിലാണ്ടുകിടക്കുന്ന മുതലാളിത്തം ഏതുവിധേനയും രാജ്യത്ത് ഫാസിസം സ്ഥാപിക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ്. രണ്ടാംലോകമഹായുദ്ധത്തിനുശേഷം വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ മുതലാളിത്തരാജ്യങ്ങളുടെയും പൊതുസ്വഭാവമായി ഫാസിസം മാറിയിരിക്കുന്നുവെന്ന് സഖാവ് ഘോഷ് പഠിപ്പിക്കുന്നു.
എന്നാൽ, ഇന്ത്യൻ സാഹചര്യത്തിൽ പ്രാദേശിക മൂലധനം വലിയ പങ്കുവഹിക്കുന്നത് കാരണം അത്ര എളുപ്പത്തിൽ ഇത് സാധ്യമായില്ല. എന്നാൽ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന പുതിയ പ്രചാരണത്തിലുടെ വീണ്ടും അതേ ശ്രമമാണ് ഭരണവർഗ്ഗം നടത്തുന്നത്. തിരഞ്ഞെടുപ്പുകളെ പ്രധാനമായും മുതലാളിവർഗ്ഗത്തിന്റെ വിശ്വസ്തരായ രണ്ടുപാർട്ടികളോ അല്ലെങ്കിൽ രണ്ടുമുന്നണികളോ തമ്മിലുള്ള മത്സരമാക്കിമാറ്റി രാഷ്ട്രീയാധികാരം പരമാവധി കേന്ദ്രീകരിക്കുകയാണ് ഇതിനുപിന്നിലുള്ള ലക്ഷ്യം. പ്രാദേശിക മൂലധനത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക പാർട്ടികളെയും മറ്റുനിരവധി വ്യത്യസ്ത പാർട്ടികളെയും ഇല്ലാതാക്കി, ജനങ്ങൾ ബിജെപിയെയോ അല്ലെങ്കിൽ കോൺഗ്രസ്സിനെയോ തിരഞ്ഞെടുക്കുന്ന അവസ്ഥയുണ്ടാക്കാനാണ് ഇത്.


പ്രാദേശിക പാർട്ടികളുടെ പങ്ക്


ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹ്യ മേഖലയുടെ ഒരു സവിശേഷ ഘടകമാണ് പ്രാദേശിക മൂലധനം. ഈ പ്രാദേശിക മുതലാളിമാർക്ക് കുത്തകമൂലധനവുമായും ബഹുരാഷ്ട്രമൂലധനവുമായും കമ്പോളത്തെ ആസ്പദമാക്കി വൈരുദ്ധ്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ പ്രാദേശികമൂലധനത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക രാഷ്ട്രീയപാർട്ടികൾക്ക് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വലിയ പ്രാധാന്യമുണ്ട്. പലസംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്നത് ഇത്തരം പ്രാദേശിക പാർട്ടികളാണ്. ബഹുകക്ഷി ജനാധിപത്യം ഇല്ലാതാക്കുന്നതിനും ഫാസിസം പൂർണ്ണമായും നടപ്പിലാക്കുന്നതിനും ഇത് വലിയ തടസ്സം സൃഷ്ടിക്കുന്നു.
എന്നാൽ, പടലപ്പിണക്കവും ഗ്രൂപ്പിസവും കാരണം കോൺഗ്രസ്സ് ദുർബലമായിനുശേഷം പ്രാദേശിക പാർട്ടികൾ ദേശീയ തലത്തിൽ സ്വാധീനമുണ്ടാക്കാൻവേണ്ടി ബിജെപിയുടെയോ കോൺഗ്രസ്സിന്റെയോ കൂടെ സഖ്യം ചേരുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ട്. ഇതിനെ ഭരണവർഗ്ഗം പിന്തുണയ്ക്കുന്നു. ഇത്തരം സഖ്യങ്ങൾ ദ്വികക്ഷി സമ്പ്രദായത്തിലേയ്ക്കുള്ള പരിണാമം സുഗമമാക്കുന്നു.
വൺ ഇന്ത്യ-വൺ ഇലക്ഷന് ആവശ്യമായ ഭരണഘടനാ ഭേദഗതികൾ
സ്വാതന്ത്ര്യം കിട്ടിയതിന് തൊട്ടുശേഷമുള്ള കാലയളവിൽ നമ്മുടെ നാട്ടിൽ പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചായിരുന്നു നടന്നിരുന്നത്. ആ പാരമ്പര്യം എന്തുകൊണ്ട് തുടർന്നുകൂടാ എന്ന് ഒരു വാദം ഉയരുന്നുണ്ട്. നമ്മുെട നാട്ടിൽ ഇന്ന് നിലനിൽക്കുന്ന വസ്തുനിഷ്ഠ യാഥാർത്ഥ്യം അവഗണിക്കുകയാണെങ്കിൽ ഇതൊരു നല്ലവാദമായി തോന്നാം. എന്നാൽ യാഥാർത്ഥ്യമെന്താണ്. പലകാരണങ്ങൾകൊണ്ട് കേന്ദ്രഗവൺമെന്റോ സംസ്ഥാന ഗവൺമെന്റോ ഇടയ്ക്കുവച്ച് പിരിച്ചുവിടപ്പെടാം. കൂറുമാറൽ, പിന്തുണ പിൻവലിക്കൽ തുടങ്ങിയ പലകാരണങ്ങളും ഇതിന് ഉണ്ടാകാം. പല ഗവൺമെന്റുകളുടെയും കാലാവധി പലവിധത്തിലാണ്. ഇതുകൊണ്ടുതന്നെ പലയിടങ്ങളിലും ഇടക്കാല തിരഞ്ഞെടുപ്പ് അനിവാര്യമായിവരുന്നു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന നയം വന്നാൽ ഇവയിൽ പലതും കാലാവധി തികയാതെതന്നെ പിരിച്ചുവിടേണ്ടിവരും. അങ്ങനെ ചെയ്യുന്നത് അന്യായമാണ് എന്നുമാത്രമല്ല, ഭരണഘടനാ വിരുദ്ധംകൂടിയാണ്. നമ്മുടെ ഭരണഘടന തയ്യാറാക്കിയ കാലത്ത്, അതേക്കുറിച്ചുള്ള ചർച്ചയിൽ 1949ൽ ശിബൺ ലാല സക്സേന പറഞ്ഞത് ശ്രദ്ധേയമാണ്. നമ്മുടെ ഭരണഘടനയനുസരിച്ച് എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടക്കാനിടയില്ല. ഓരോ നിയമസഭയിലും അവിശ്വാസ പ്രമേയം വരുന്നതിനും അത്തരം നിയമസഭകൾ പിരിച്ചുവിടുന്നതിനും അനുസരിച്ച് അവയുടെ കാലാവധി മാറിക്കൊണ്ടിരിക്കും. അമേരിക്കയിലെപ്പോലെ കൃത്യമായ നാലുവർഷക്കാലാവധി നമ്മുടെ ഭരണഘടനയിൽ ഇല്ല. എല്ലാ സമയത്തും എവിടെയെങ്കിലും ഒരു തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടാകും. മറ്റൊരിടത്ത് അദ്ദേഹം പറയുന്നു, നമ്മുടെ ഭരണഘടനപ്രകാരം അവിശ്വാസപ്രമേയം വന്നാൽ നിയമസഭയെ പിരിച്ചുവിടാൻ സാധിക്കും. അതുകൊണ്ടുതന്നെ വിവിധ നിയമസഭകളിലേയ്ക്കും പാർലമെന്റിലേയ്ക്കുമുള്ള തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടക്കാനിടയില്ല.


അക്കാലത്ത് ഭരണഘടനാ സമിതിയിലെ മറ്റൊരു പ്രമുഖ അംഗമായിരുന്ന ആർ.കെ.സിദ്യ ചൂണ്ടിക്കാട്ടിയത് ഇങ്ങനെയാണ്, എല്ലാ സംസ്ഥാനങ്ങളും എടുത്താൽ നമുക്ക് നാലായിരത്തിലധികം അംഗങ്ങളുണ്ടാകും, പലയിടങ്ങളിലും ഉപതിരഞ്ഞെടുപ്പുകളും നടക്കും. തീർച്ചയായും എല്ലാ മാസവും ഒന്നുരണ്ടു തിരഞ്ഞെടുപ്പുകൾ നടക്കും, ചിലർ മരിച്ചുപോകും, ചിലർ ഉന്നത സ്ഥാനങ്ങൾ ലഭിച്ച് വിട്ടുപോകും, മറ്റുചിലർ എവിടേക്കെങ്കിലുമൊക്കെ പോകും. ഈ സമിതിയിൽത്തന്നെ ചുരുങ്ങിയകാലംകൊണ്ട് പല ഉപതിരഞ്ഞെടുപ്പുകൾ നടന്നു. നമ്മളായി ഉണ്ടാക്കിയതല്ല അവ, മറിച്ച് അവർ വരുന്ന സ്ഥലങ്ങളിൽ പലയിടത്തും ഉപതിരഞ്ഞെടുപ്പുകൾ നടക്കുകയുണ്ടായി. ഇത്തരം ഉപതിരഞ്ഞെടുപ്പുകൾ മൂലം കൂടുതൽ ചെലവ് വരുന്നുവെന്ന വാദത്തിന് സിദ്യ വലിയ വില കൽപ്പിച്ചില്ല. മറിച്ച്, ഇത്തരം തിരഞ്ഞെടുപ്പുകൾ സ്വതന്ത്രമായും നീതിപൂർവകമായും നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനെ ശക്തിപ്പെടുത്തണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സക്സേനയുടെയും സിദ്യയുടെയും “നമ്മുടെ ഭരണഘടനയിൽ എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടക്കില്ല” എന്നവാക്കുകൾ ചൂണ്ടിക്കാട്ടുന്നത് ഭരണഘടനാ രൂപീകണവേളയിൽ അവർ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്നുതന്നെയാണ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെങ്കിൽ നമ്മുടെ ഭരണഘടനയിലെ അഞ്ചുവകുപ്പുകളെങ്കിലും ഭേദഗതി ചെയ്യേണ്ടിവരും. ലോക് സഭയുടെ കാലവധി നിശ്ചയിക്കുന്ന 83-ാം വകുപ്പ്, നിയമസഭകളുടെ കാലാവധി നിശ്ചയിക്കുന്ന 172-ാം വകുപ്പ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.


വൺ ഇന്ത്യ, വൺ ഇലക്ഷൻ : ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് ഭീഷണി


സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ടുകൊണ്ട് എല്ലാവർക്കും ഒരേതരം തിരഞ്ഞെടുപ്പ് പ്രദാനം ചെയ്യാൻ വേണ്ടിയാണ് വൺ ഇന്ത്യ വൺ ഇലക്ഷൻ ലക്ഷ്യമിടുന്നത്. വൈവിധ്യമാർന്ന നമ്മുടെ രാഷ്ട്രീയ ഭൂപടത്തിൽ ഇതുവഴി ഒരു ഏകശിലാ സമാനമായ ഒരൊറ്റ പാർട്ടിയെ വളർത്തിക്കൊണ്ടുവന്ന് രാഷ്ട്രീയാധികാരം കേന്ദ്രീകരിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. മുതലാളിത്ത താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയമായിരിക്കും അത് എന്നതിൽ സംശയംവേണ്ട. യഥാർത്ഥ ജനാധിപത്യ പ്രക്രിയ ഇല്ലായ്മചെയ്തുകൊണ്ട് ഏകാധിപത്യത്തിലേയ്ക്ക് നാടിനെ നയിക്കുകയാണ് ഇവർ.
പാർലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് ദേശീയ വിഷയങ്ങൾക്കാണ് പ്രാമുഖ്യം ലഭിക്കുക. നിയമസഭാതിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ വിഷയങ്ങളും മറ്റ് പ്രാദേശിക വിഷയങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. ഇവ രണ്ടും ഒരുമിച്ച് നടക്കുമ്പോൾ പ്രാദേശിക വിഷയങ്ങൾ അവഗണിക്കപ്പെടാനും അതുവഴി ഇന്ത്യയുടെ പാർലമെന്റിലെ കക്ഷിവൈവിധ്യങ്ങളെ ഇല്ലാതാക്കി സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഒരേ കക്ഷി അധികാരത്തിൽ വരാനും സാധ്യത വളരെയേറെയാണ്. ഇത് സംസ്ഥാന ഗവൺമെന്റുകളെ ദുർബലപ്പെടുത്തും. പ്രാദേശിക ആവശ്യങ്ങളെ അവഗണിക്കാനും സംസ്ഥാന താൽപര്യങ്ങൾക്ക് എതിരായ കേന്ദ്രനയങ്ങളെ ചെറുക്കാനുമള്ള സംസ്ഥാനങ്ങളുടെ കഴിവ് ഇല്ലാതാക്കാനും ഇടയാക്കും. പ്രാദേശിക പാർട്ടികളുടെ പ്രാധാന്യം കുറഞ്ഞുവരും. സമ്പൂർണ്ണ ഫാസിസം നടപ്പിലാക്കുന്നതിന് തടസ്സമായിരുന്ന പ്രാദേശിക പാർട്ടികളും ദേശീയ കുത്തകമൂലധനവും തമ്മിലുള്ള വൈരുദ്ധ്യം ദുർബലമാകുന്നതോടെ ഫാസിസത്തിനുമുന്നിലുള്ള പ്രതിബന്ധങ്ങൾ നീങ്ങും.
ഇതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും നാം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ രൂപപ്പെടുത്തിയ വൈവിധ്യങ്ങളും ഫെഡറൽ ആശയങ്ങളും സംരക്ഷിക്കാൻ നാം ജാഗരൂകരായിരിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പുകൾ ഓരോ സ്ഥലത്തും അതാതിന്റെ സമയത്തുതന്നെ നടക്കണം. അതായത് ഓരോ ഗവൺമെന്റുകളും കാലാവധി കഴിഞ്ഞോ അല്ലാതെയോ പുറത്തുപോകുന്നതിനനുസരിച്ച്. നിലവിൽ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾക്കനുസരിച്ചുതന്നെ തിരഞ്ഞെടുപ്പുകൾ നടത്തണം.


മറ്റൊരു പ്രധാനവശം


എല്ലാ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലും ബിജെപി സർക്കാർ അടുത്തകാലത്തായി ഈ ഏകതയുടെ മുദ്രാവാക്യം ഉയർത്തുന്നുണ്ട്. തീർച്ചയായും ഭരണമുതലാളിവർഗ്ഗത്തിന്റെ താൽപര്യപ്രകാരമാണ് അവരത് ചെയ്യുന്നത്. അവരെപ്പോഴും ഒരു രാജ്യം എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു. നാം യഥാർത്ഥത്തിൽ ഒരു രാഷ്ട്രമാണോ? ഒരുപിടി വരുന്ന പണക്കാരും ഭൂരിപക്ഷം പാവങ്ങളുമുള്ള നാട്. ജാതിയും മതവും പ്രദേശവും രൂപവും ഭാഷയും പലതരത്തിലുള്ള, അതിന്റെയൊക്കെപേരിൽ പലതരത്തിൽ വിഭജിക്കപ്പെട്ട ജനത. വർഗ്ഗീയതയും പ്രാദേശികവാദവും അമിത ദേശീയതയും അവരെ തമ്മിലടിപ്പിക്കുന്നു. ഇതാണോ ഒരു രാജ്യം? നമ്മുടെ നാടിന്റെ സാമൂഹ്യ ജീവിതത്തെ പലവിധ മതശാസനകളും പഴകിയ ചിന്തകളും ദുരഭിമാനവും മലീമസമാക്കിയതാണ്. സ്ത്രീ-പുരുഷ വിവേചനം, മതത്തിന്റെ പേരിലുള്ള വിവേചനം ഇതൊക്കെ ഇവിടെ സാധാരണമാണ്. ഈ യാഥാർത്ഥ്യത്തെക്കുറിച്ച് ഒരു ബോധവുമില്ലാത്ത ആളുകൾ മാത്രമേ ഇത് ഒരു രാഷ്ട്രമാണെന്ന് പറയൂ.
ഒരു രാജ്യം, ഒരു നികുതി എന്നുപറഞ്ഞുകൊണ്ടാണ് ജിഎസ് ടി കൊണ്ടുവന്നത്. ഇത് നമുക്കെല്ലാം ഒരു പാഠമാകേണ്ടതാണ്. ജിഎസ് ടി വന്നതോടെ നികുതി കൂടുതൽ സങ്കീർണമായി. വരുമാനത്തിനുവേണ്ടി സംസ്ഥാന ഗവൺമെന്റുകൾക്ക് കേന്ദ്രത്തോട് യാചിക്കേണ്ട അവസ്ഥ വന്നു. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ ജി എസ് ടി ദുർബലമാക്കി. സംസ്ഥാനങ്ങൾക്ക് സാപേക്ഷികമായി ഉണ്ടായിരുന്ന സാമ്പത്തിക സ്വാതന്ത്ര്യംകൂടി ജി എസ് ടി കവർന്നെടുത്തു. സമ്പദ്ഘടനയെ കൂടുതൽ കേന്ദ്രീകൃതമാക്കുകയായിരുന്നു ജിഎസ്‌ടി ചെയ്തത്.
1935ൽ, കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ഏഴാം കോൺഗ്രസ്സിൽ ബൾഗേറിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന ജോർജ്ജി ദിമിത്രോവ് പറഞ്ഞ കാര്യങ്ങൾ ഇവിടെ പ്രസക്തമാണ് ” ഫാസിസം സ്ഥാപിക്കുന്നതിനുമുമ്പ് ബൂർഷ്വാ ഗവൺമെന്റുകൾ നിരവധി പാർലമെന്ററി ഘട്ടങ്ങളിലൂടെ കടന്നുപോകും. ഫാസിസ്റ്റ് അധികാരത്തിന് വഴിയൊരുക്കുന്ന പലവിധ പിന്തിരിപ്പൻ നടപടികൾ ഇക്കാലത്ത് അവർ കൈക്കൊള്ളും.” ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന്റെ പിറകിലും ഇതേ ഉദ്ദേശമാണെന്നത് വ്യക്തമാണ്. ബൂർഷ്വാ ഭരണകൂടത്തിന്റെ കൈയിൽ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ അധികാരം കേന്ദ്രീകരിക്കാനുള്ള നയനടപടികളാണ് ഇവയെല്ലാം.


ഫാസിസം ഒരു ‘അതിമാനുഷനെ’ ഉയർത്തിക്കാണിക്കും


ഒരു രാജ്യം, ഒരു നേതാവ് എന്ന പരസ്യം അധികം വൈകാതെതന്നെ വരാൻ സാധ്യതയുണ്ട്. സഖാവ് ശിബ്‌ദാസ്ഘോഷ് 1948ൽത്തന്നെ ഇപ്രകാരം പറഞ്ഞിരുന്നു, ജനങ്ങളെ വർഗ്ഗസമരത്തിൽനിന്ന് അകറ്റാനും അവരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുംവേണ്ടി വർഗ്ഗങ്ങൾക്കതീതമായ അത്തരം സംഘർഷങ്ങൾ ബാധിക്കാത്ത, ദൈവികമായ ഒരു അതിമാനുഷനെക്കുറിച്ചുള്ള അപദാനകഥകൾ ഫാസിസ്റ്റുകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കും (on fascism). വർഗ്ഗസഹകരണം, വിവിധ വർഗ്ഗങ്ങളുടെ കൂട്ടായ്മ, വർഗ്ഗാതീതമായ ദേശീയ താൽപര്യം എന്നൊക്കെ പറയുമ്പോൾ, അതിനൊരു മൂർത്തരൂപം ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കാൻ ഫാസിസ്റ്റുകൾ ശ്രമിക്കും. അതിനുവേണ്ടി അവർ ഒരു അതിമാനുഷന്റെ കഥ പ്രചരിപ്പിക്കും. ഈ അതിമാനുഷനാണ് ദേശീയ താൽപര്യത്തിന്റെ സാക്ഷാത്ക്കാരം. നശിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്തം ഒളിഞ്ഞും തെളിഞ്ഞും ഇത്തരം ആത്മീയ ആശയങ്ങളിൽ അഭയം തേടുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. (തിരഞ്ഞെടുത്ത കൃതികൾ, വോള്യം 2). ജനാധിപത്യതത്വങ്ങൾ കുഴിച്ചുമൂടി, അവിടെ ദേശീയതയെ പ്രതിനിധാനം ചെയ്യുന്നതെന്ന് പറയുന്ന സർവശക്തനായ ഒരു ഏകാധിപതിയുടെ രൂപം ഉയർത്തിപ്പിടിക്കുന്നു. അയാളുടെ വാക്കുകൾ വേദവാക്യംപോലെ പ്രചരിപ്പിക്കുന്നു.
ഇപ്രകാരം മുഴുവൻ ജനങ്ങളുടെയും നേതാവായ ഒരു സൂപ്പർമാൻ എന്നരീതിയിൽ നാസികൾ അഡോൾഫ് ഹിറ്റ്ലറെ ഉയർത്തിക്കാട്ടുന്ന പ്രചാരണവേലകൾ ചെയ്തിരുന്നു. ഫ്യൂറർ മിത്ത് സൃഷ്ടിക്കപ്പെടുന്നതിങ്ങ നെയാണ്. ഇറ്റലിയിൽ സകലകലാ വല്ലഭനായി മുസ്സോളിനിയെ ഉയർത്തിക്കാട്ടി. ഏഷ്യയുടെ മോചനത്തിനുള്ള പ്രവാചകയെന്ന രീതിയിൽ ഇന്ദിരാഗാന്ധിയെ വിശേഷിപ്പിച്ചിരുന്നു. ബിജെപിയും ആർഎസ്എസും മതാന്ധതയും മൗലികവാദവും ആത്മീയതയും പ്രചരിപ്പിക്കുന്നതിനോടൊപ്പം നരേന്ദ്രമോദിയുടെ അതിശയോക്തി നിറഞ്ഞ പ്രതിച്ഛായ സൃഷ്ടിക്കാനും കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. മോദിതന്നെ അവകാശപ്പെടുന്നത് അയാളുടെ കർമ്മത്തിനുള്ള ഊർജ്ജം ഭൗതികശരീരത്തിൽനിന്നും വരുന്നതല്ല, മറിച്ച് ദൈവം ഒരു പ്രത്യേക ഊർജ്ജം തന്നിൽനിറച്ചിരിക്കുകയാണെന്നാണ്. തന്നിലൂടെ ദൈവം ചില കാര്യങ്ങൾ ചെയ്തുതീർക്കാനാഗ്രഹിക്കുന്നു, അതിനായി നിയുക്തനാണ് താൻ എന്നാണ്.


ഒരു രാജ്യം, ഒരു സംസ്കാരം


ഒരു രാജ്യം, ഒരു സംസ്കാരം എന്നതായിരിക്കും അടുത്ത മുദ്രാവാക്യം. ഹിന്ദുത്വവാദികളുടെ ആദർശപുരുഷനായ എം.എസ്.ഗോൾവാൾക്കർ വിചാരധാരയിൽ എഴുതിയിരിക്കുന്നത്, ‘‘ഹിന്ദു രാഷ്ട്രമെന്നതുകൊണ്ട് നാം വിഭാവനം െചയ്യുന്നത്, രാഷ്ട്രീയ സാമ്പത്തിക അവകാശങ്ങൾ മാത്രമല്ല. അടിസ്ഥാനപരമായി ഹിന്ദുരാഷ്ട്രമെന്നത് സംസ്കാരമാണ്. നമ്മുടെ പുരാതനവും പരിപാവനവുമായ സാംസ്കാരിക മൂല്യങ്ങൾ ആയിരിക്കും അതിന്റെ ജീവശ്വാസം. പുരാതന സംസ്കാരത്തിന്റെ സത്തയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ നമ്മുടെ ദേശീയ ജീവിതത്തിന്റെ യഥാർത്ഥ ചിത്രം വെളിവാകുകയുള്ളൂ. നമ്മുടെ രാജ്യത്തെ ഇന്നു ഗ്രസിച്ചിരിക്കുന്ന അസംഖ്യം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അതുമാത്രമാണ് വഴി. നമ്മുടെ പുരാതന സംസ്കാരത്തിന് പുതുജീവൻ നൽകിയെടുക്കുക എന്നത് ദേശീയ സാഹചര്യത്തിൽ മാത്രമല്ല, അന്തർദ്ദേശീയ സാഹചര്യത്തിലും അടിയന്തരപ്രാധാന്യമാർജ്ജിച്ചിരിക്കുകയാണ്. നമ്മുടെ യഥാർത്ഥ ദേശീയതാ നിർമ്മാണം ആരംഭിക്കേണ്ടത് യഥാർത്ഥ മനുഷ്യനെ രൂപപ്പെടുത്തിക്കൊണ്ടാണ്. മാനുഷിക ദൗർബല്യങ്ങളെ അതിജീവിച്ച് ഹിന്ദു പൗരുഷത്തിന്റെ പ്രതീകമായി മാറാനുള്ള കരുത്ത് അവനിൽ നിറയ്ക്കണം. നമ്മുടെ മഹത്തായ ദേശീയതയുടെ സത്ത അതാണ്. ഭാരതത്തിന്റെ ദേശീയ പുനർനിർമ്മാണ ത്തിന്റെ മഹത്തായ പ്രക്രിയ സംഘ് തുടങ്ങിവച്ചിട്ടുണ്ട്. ഹിന്ദുക്കളുടെമേൽ ചരിത്രം അർപ്പിച്ചിട്ടുള്ള ദൈവികമായ കടമയാണത്.’’ ഈ വാക്കുകളുടെ പിറകിലുള്ള യഥാർത്ഥ ലക്ഷ്യം തുറന്നുകാട്ടിക്കൊണ്ട് സഖാവ് ശിബ്‌ദാസ്ഘോഷ് പറഞ്ഞു: എല്ലാ മതങ്ങളുടെയും അടിസ്ഥാന സത്ത വ്യക്തിവൽക്കരിച്ചതോ അമൂർത്തമോ ആയ പ്രകൃത്യാതീത ശക്തികളിലുള്ള അന്ധമായ വിശ്വാസമാണ്. അവർ പ്രാകൃതിക പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നു എന്ന വിശ്വാസം. സാധാരണക്കാർ അവരുടെ ദുരിതത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താതിരിക്കാൻ, ചൂഷകരും ഭരണവർഗ്ഗവും ജനങ്ങളെ മതത്തിന്റെ ലഹരിയിൽ മയക്കിക്കിടത്താൻ ഗൂഢാലോചന നടത്തുന്നു. ഫാസിസ്റ്റുകൾ ആത്മീയത പ്രചരിപ്പിക്കുന്നത് ഈ അന്ധവിശ്വാസങ്ങളെ നിലനിർത്താൻ വേണ്ടിയാണ്; മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴയ്ക്കാനും. (തിരഞ്ഞെടുത്ത കൃതികൾ, വോള്യം 4)


ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഒരു വലിയ പദ്ധതിയുടെ ഭാഗമാണ് എന്നുനമ്മൾ കണ്ടു. ഇത് വെറും ഒൗദ്യോഗിക പരിഷ്ക്കാരമല്ല. മറിച്ച് രാഷ്ട്രീയാധികാരം കേന്ദ്രീകരിക്കാനും ഇന്ത്യയുടെ ജനാധിപത്യത്തെത്തന്നെ ഒട്ടാകെ മാറ്റിത്തീർക്കാനുമുള്ള ഒരു വിശാലമായ പദ്ധതിയുടെ ഭാഗമാണ്. പ്രാദേശികമായ വിഷയങ്ങളും ശക്തികളും ഉയർന്നുവരാനുള്ള സാധ്യതകൾ പരിമിതപ്പെടുത്തിയും കേന്ദ്രീകൃതമായ ഒരു ഗവൺമെന്റിന്റെമേലുള്ള ആശ്രയത്വം വർദ്ധിപ്പിച്ചുകൊണ്ട് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഫെഡറൽ സംവിധാനത്തിന്റെയും അടിത്തറതന്നെ ദുർബലമാക്കും. നമ്മുടെ പാർലമെന്റിലെ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലായ്മചെയ്തുകൊണ്ട് , ഭരണമുതലാളിവർഗ്ഗത്തിന്റെ താൽപര്യങ്ങളുമായി ഒത്തുപോകുന്ന ഒരൊറ്റ ഏകാധിപത്യ ഗവൺമെന്റുവരാനുള്ള വഴിയൊരുക്കും. ഇന്ത്യയിലെ കുത്തകമുതലാളിമാരുടെ പിന്തുണയോടെ ബിജെപി ഗവൺമെന്റ് കൊണ്ടുവരുന്ന ഈ പരിഷ്കാരങ്ങൾ, എല്ലാ ജനാധിപത്യ മര്യാദകളെയും കീഴ്‌വഴക്കങ്ങളെയും തത്വങ്ങളെയും ഇല്ലായ്മചെയ്തുകൊണ്ട്, പരിപൂർണമായ രാഷ്ട്രീയാധികാരം കേന്ദ്രീകരിക്കാനും അതുവഴി സമ്പൂർണഫാസിസം നടപ്പിലാക്കാനുമുള്ള കുടിലമായ ബൂർഷ്വാ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ്. നമ്മുടെ രാജ്യത്ത് പരിമിതമായെങ്കിലും നിലനിൽക്കുന്ന ജനാധിപത്യ അവകാശങ്ങളുംകൂടെ ഇതോടെ ഇല്ലാതാകും. എല്ലാ ജനാധിപത്യ വിശ്വാസികളോടും ഈ പദ്ധതിയുടെ ഗൂഢലക്ഷ്യങ്ങൾ മനസ്സിലാക്കണമെന്നും അതിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Share this post

scroll to top