പാചകവാതകത്തിന് ഭീമമായി വിലവര്‍ദ്ധിപ്പിക്കുന്നതിനെതിരെ അണിനിരക്കുക.

Share

സബ്‌സിഡി നിരക്കില്‍ ഒരുകൊല്ലം നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് ആറാക്കി കുറയ്ക്കണമെന്നും വില സിലിണ്ടറൊന്നിന് 250 രൂപ വര്‍ദ്ധിപ്പിക്കണം എന്നും ഡോ.കിരിത് പാരീഖ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നു. പാചകവാതകത്തിന്റെ സബ്‌സിഡി രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും കമ്മിറ്റിയുടെ ശുപാര്‍ശയില്‍ പറയുന്നു.

സബ്‌സിഡി ബാദ്ധ്യത കുറച്ചുകൊണ്ടുവരുന്നതിന് ഡീസലിന്റെയും പാചകവാതകത്തിന്റെയും വില നിശ്ചയിക്കുന്നതിനുള്ള സംവിധാനം പരിഷ്‌ക്കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഡോ.പാരീഖ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ഡീസലിന്റെയും മണ്ണെണ്ണയുടെയും കാര്യത്തിലും സമിതി നിര്‍ദ്ദേശങ്ങള്‍ വച്ചിട്ടുണ്ട് ഡീസല്‍വില അടിയന്തിരമായ അഞ്ചുരൂപ കൂട്ടണമെന്നും വില നിയന്ത്രണം എത്രയുംവേഗം എടുത്തുകളയണമെന്നും മണ്ണെണ്ണയുടെ വില നാലുരൂപ കൂട്ടണമെന്നും സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഒഴികെ ബാക്കിയെല്ലാവര്‍ക്കും മണ്ണെണ്ണ കമ്പോളവിലയ്‌ക്കേ നല്‍കാവൂ എന്നതാണ് മറ്റൊരു നിര്‍ദ്ദേശം.

ഇന്ധനവിതരണരംഗത്ത് സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നതാണ് ഡോ.പാരീഖ് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍. സാധാരണക്കാരനെയോ അവരുടെ ജീവിത സാഹചര്യത്തെയോ കുറിച്ച് സര്‍ക്കാരിന് തരിമ്പുപോലും പരിഗണനയില്ലെന്ന് തെളിയിക്കുന്നതാണ് സ്വീകരിക്കപ്പെടുന്ന ഓരോ നിര്‍ദ്ദേശങ്ങളും നയങ്ങളും.

ഇപ്പോള്‍ത്തന്നെ ഉപഭോക്താവിന് നേരിട്ട് സബ്‌സിഡി എന്ന പദ്ധതിവഴി ഫലത്തില്‍ പാചകവാതകത്തിന് ഭീമമായ വിലയാണ് ഉപഭോക്താവ് നല്‍കിക്കൊണ്ടിരിക്കുന്നത്. പദ്ധതി തുടങ്ങുമ്പോള്‍ത്തന്നെ 70രൂപ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ച് വില സിലിണ്ടര്‍ ഒന്നിന് 1040 രൂപയാക്കി. ഉപഭോക്താവ് ഇപ്പോള്‍ സിലിണ്ടര്‍ കൈപ്പറ്റണമെങ്കില്‍ 1040 രൂപ രൊക്കം കൊടുക്കണം. സര്‍വ്വീസ് ചാര്‍ജ്ജുംകൂടെയാകുമ്പോള്‍ വില വീണ്ടുമുയരാം. സബ്‌സിഡി പണം ബാങ്കില്‍ വരുന്നതാകട്ടെ 435 രൂപയും. ഒറ്റയടിക്ക് ഒരു സിലിണ്ടറില്‍ ഉപഭോക്താവ് അധികം നല്‍കുന്നത് 170 രൂപ. സിലിണ്ടറിന് 170 രൂപയുടെ വര്‍ദ്ധനവ് എന്തുകൊണ്ട് എന്ന് വിശദീകരിക്കാന്‍ ഒരു അധികാരകേന്ദ്രവും തയ്യാറായിട്ടില്ല. കബളിപ്പിക്കലിന്റെയും അനധികൃത ഏര്‍പ്പാടുകളുടെയും കേളീരംഗമായി പെട്രോളിയം മേഖല മാറിയിരിക്കുന്നു. അങ്ങനെ അപ്രഖ്യാപിതമായി ഒരു വശത്ത് പാചകവാതകത്തിന് വിലവര്‍ദ്ധിപ്പിക്കുകയും മറുവശത്ത് സബ്‌സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു എന്നതാണ് പ്രായോഗികമായി ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നത്.

സബ്‌സിഡി പൂര്‍ണ്ണമായും നിര്‍ത്തലാക്കുവാനുള്ള പദ്ധതികളുടെ തുടക്കമാണ് ഡി.ബി.ടി.എസ്(ഡയറക്ട് ബനിഫിട് ട്രാന്‍സ്ഫര്‍ സ്‌കീം). സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചതും ഒരാള്‍ ഒന്നിലേറെ കണക്ഷനുകള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിര്‍ത്തലാക്കിയതുമെല്ലാം സബ്‌സിഡിയുള്ള സിലിണ്ടറുകളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇത് എണ്ണക്കമ്പനികളുടെ ലാഭം ലക്ഷ്യമാക്കിയുള്ള നടപടിയാണ്. ബാങ്കുവഴി സബ്‌സിഡി വിതരണം ചെയ്തുതുടങ്ങിയപ്പോള്‍ മുതല്‍ത്തന്നെ കോടിക്കണക്കിന് രൂപയുടെ ലാഭം എണ്ണക്കമ്പനികള്‍ക്ക് ഉണ്ടായിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഫലത്തില്‍ പാചകവാതകവിതരണം എണ്ണക്കമ്പനികളും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടായി മാറുകയും സര്‍ക്കാര്‍ രംഗത്തുനിന്ന് അപ്രത്യക്ഷമാകുകയും ചെയ്യും. സബ്‌സിഡി ഒഴിവാക്കി വിപണിവിലയ്ക്ക് ഇപ്പോള്‍ അഞ്ചുകിലോ സിലിണ്ടറുകള്‍ പെട്രോള്‍ പമ്പുകള്‍വഴി യഥേഷ്ടം വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നു.

ആധാറിന്റെ പേരിലുള്ള തട്ടിപ്പാണ് മറ്റൊന്ന്. ആധാര്‍ നിര്‍ബന്ധമല്ല എന്ന് സര്‍ക്കാരും കോടതികളും പറയുമ്പോഴും ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്കുചെയ്താലല്ലാതെ സബ്‌സിഡിയുടെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ല എന്ന് പെട്രോളിയം മന്ത്രാലയം പ്രഖ്യാപിക്കുന്നു!
അവശ്യനിത്യോപയോഗ സാധനങ്ങളുടെ ഭീമമായ വിലവര്‍ദ്ധനവില്‍ ജനങ്ങള്‍ നട്ടംതിരിയുന്ന ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഈ നടപടികള്‍ ജനദ്രോഹത്തിന്റെ പാരമ്യതയെയാണ് കുറിക്കുന്നത്.

ഉള്ളിവിലയിലെ രാഷ്ട്രീയം

സവാളയുടെയും ഉള്ളിയുടെയും വിലക്കയറ്റം തന്നെയെടുക്കുക. മൂന്നുമാസത്തിലേറെയായി ഉള്ളിയുടെയും സവാളയുടെയും വില ഉയര്‍ന്നുതന്നെ നല്‍ക്കുന്നു. 80 നും 100 നും ഇടയിലാണ് ഉള്ളിയുടെയും സവാളയുടെയും വില. വില ഇത്രമേല്‍ കുതിച്ചുകയറാന്‍ എന്താണ് ന്യായം? ഉല്‍പ്പാദനത്തിലെ കുറവ്, ഫൈലന്‍ ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, കൃഷിനാശം എന്നൊക്കെ വാദങ്ങള്‍ നിരത്താന്‍ ശ്രമിക്കുമ്പോഴും യാഥാര്‍ത്ഥ്യമെന്താണ്? കഴിഞ്ഞവര്‍ഷം 4.2 മില്യണ്‍ സവാള ഉല്‍പ്പാദിപ്പിക്കപ്പെട്ടിടത്ത് ഈ വര്‍ഷം 5.5 മില്യണ്‍ ടണ്‍ ആണത്രേ ഉല്‍പ്പാദിപ്പിക്കപ്പെട്ടിരിക്കുന്നത്. ഉല്‍പ്പാദിപ്പിക്കപ്പെട്ട സവാളയെല്ലാം എവിടെപ്പോയി?

ഉല്‍പ്പാദനം യഥേഷ്ടം നടന്നിട്ടും സവാള കമ്പോളത്തില്‍ വരുന്നില്ല. മാര്‍ക്കറ്റിലെത്തിക്കാതെ വന്‍തോതില്‍ സംഭരിക്കപ്പെടുന്നതും വന്‍കിടകച്ചവടക്കാര്‍ തമ്മിലുള്ള ഒത്തുകളിയും അവധിവ്യാപാരവുമെല്ലാമാണ് വിലക്കയറ്റത്തിനുപിന്നിലുള്ള യഥാര്‍ത്ഥ വില്ലന്‍. 2004ല്‍ സവാള അവശ്യനിത്യോപയോഗ സാധനങ്ങളുടെ പട്ടികയില്‍നിന്നു പുറത്തായതോടെയാണ് ഈ രംഗത്ത് കുത്തകകളും ഇടനിലക്കാരും പിടിമുറുക്കിയത്. അവശ്യസാധനങ്ങളുടെ ദൈനംദിന വിലയില്‍ സാധാരണഗതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടമോ ഇടപെടലോ ഉണ്ടാകാറുണ്ട്. എന്നാല്‍ കച്ചവടം മുന്നേക്കൂട്ടിക്കണ്ട് അവശ്യസാധനങ്ങളുടെ പട്ടികയില്‍നിന്ന് സവാളയെ പുറത്താക്കി നാമമാത്രമായിട്ടാണെങ്കിലും ഉണ്ടായിരുന്ന സര്‍ക്കാരിന്റെ ഇടപെടലും അവസാനിപ്പിച്ചെടുത്തു. ഇടനിലക്കാരും കുത്തകകളും രാഷ്ട്രീയക്കാരുമടങ്ങുന്ന മാര്‍ക്കറ്റ് കമ്മിറ്റികളാണ് ഇപ്പോള്‍ വില നിശ്ചയിക്കുന്നത്. ഈ മാര്‍ക്കറ്റ് കമ്മിറ്റികളില്‍ കയറിക്കൂടാന്‍ രാഷ്ട്രീയക്കാരുടെ തിക്കും തിരക്കും വളരെ ശക്തമാണത്രേ. വന്‍കിടകൃഷിക്കാര്‍ക്കല്ലാതെ സാധാരണകൃഷിക്കാര്‍ക്ക് ഈ വിലയിടല്‍ കര്‍മ്മത്തില്‍ പങ്കില്ല, വിലവര്‍ദ്ധനവിന്റെ നേട്ടവുമില്ല.

മാര്‍ക്കറ്റില്‍ സവാളവില നൂറുകടക്കുമ്പോഴും ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകന് ലഭിക്കുന്നത് ക്വിന്റലിന് 2600 രൂപയാണ്. അതായത് ഒരു കിലോയ്ക്ക് 26രൂപ. ഉല്‍പ്പാദനച്ചെലവാകട്ടെ കിലോ ഒന്നിന് 17 രൂപ. ലാഭമോ 9 രൂപയും.(ദി വീക്ക്, 2013 ഒക്‌ടോബര്‍) ഇതാണ് കര്‍ഷകന്റെ സ്ഥിതി. പലപ്പോഴും ഉല്‍പ്പാദനച്ചെലവുപോലും ലഭിക്കാറില്ല. ഇടനിലക്കാര്‍ പറയുന്ന തുകയ്ക്ക് കച്ചവടം ഉറപ്പിക്കാന്‍ നിര്‍ബന്ധിതരാണ് ചെറുകിടകര്‍ഷകര്‍. വില കുറഞ്ഞുപോയതിന്റെ പേരില്‍ വില്‍ക്കാതിരിക്കാന്‍ കൃഷിക്കാര്‍ക്ക് ആവില്ല. വിള സംഭരിക്കാന്‍ അവര്‍ക്ക് മാര്‍ഗ്ഗമില്ല, ഇടനിലക്കാര്‍ പറയുന്ന തുകയ്ക്ക് വില്‍ക്കുന്നില്ലെങ്കില്‍ വിളവെടുത്ത സവാള വിറ്റുപോയില്ലെന്നും വരാം. വിളവെടുക്കുന്ന സമയത്ത് വില എത്രയും കുറയ്ക്കാമോ അത്രയും കുറച്ചായിരിക്കും ഇടനിലക്കാര്‍ വില നിശ്ചയിക്കുക. ഈ വര്‍ഷം ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ക്വിന്റലിന് 800, 1000, 1200 രൂപയ്ക്കാണത്രേ കച്ചവടം നടന്നത്!
സാധുകര്‍ഷകനെയും ഉപഭോക്താക്കളെയും ഒരേ സമയം ചൂഷണം ചെയ്യുകയാണ് കമ്പോളത്തെ നിയന്ത്രിക്കുന്ന വന്‍കിടശക്തികള്‍. അവര്‍ക്കുവേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുത്തുകൊണ്ട് ഈ സാഹചര്യങ്ങളെ മുന്നില്‍ നിന്നു നയിക്കുകയും ആദായം പറ്റുകയുമാണ് രാഷ്ട്രീയക്കാര്‍. കൊളളവിലകൊടുത്ത് ഉപഭോക്താവ് വാങ്ങുന്ന സവാളയാകട്ടെ ഉപയോഗിക്കാനാകാത്ത വിധം ചീഞ്ഞതാണ്. എന്നോ സംഭരിച്ച സാധനമാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ എത്തിച്ചുകൊണ്ടിരിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകന് ന്യായമായ വിലകൊടുത്ത് ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ സംഭരിച്ച് മിതമായ വിലയ്ക്ക് ജനങ്ങള്‍ക്ക് വിതരണം നടത്തണം. അത്യാവശ്യ നിത്യോപയോഗ സാധനങ്ങളുടെ സമ്പൂര്‍ണ്ണ സ്റ്റേററ് ട്രേഡിംഗ് ഏര്‍പ്പെടുത്തിക്കൊണ്ടേ വിലക്കയറ്റം തടഞ്ഞുനിര്‍ത്താനാകൂ.

ഇന്ത്യയില്‍ സവാള ഉല്‍പ്പാദനരംഗത്തുള്ള പ്രധാന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഇന്ത്യയിലെ സവാള കച്ചവടത്തില്‍ 70 ശതമാനവും കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര കൃഷിമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍സിപിക്കും നിര്‍ണ്ണായകമായ പങ്കുണ്ട് എന്നത് രഹസ്യമായ കാര്യമല്ല.
അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ ഉള്ളിവിലയുടെ പേരില്‍ പ്രധാന കക്ഷികളെല്ലാം ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയമായ കാര്യം പരസ്പരം തോല്‍പ്പിക്കാന്‍ സവാള പൂഴ്ത്തിവച്ചിരിക്കുകയാണ് എന്ന് ബിജെപിയും കോണ്‍ഗ്രസ്സും അങ്ങോട്ടുമിങ്ങോട്ടും ആരോപിക്കുന്നു എന്നുള്ളതാണ്.

വിലക്കയറ്റത്തിനെതിരെ കക്ഷിരാഷ്ട്രീയത്തിനും സങ്കുചിതമായ ജാതിമത ചിന്താഗതികള്‍ക്കും ഉപരിയായി ജനങ്ങള്‍ ഒരുമിക്കുക
അവശ്യനിത്യോപയോഗ സാധനങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ വിലക്കയറ്റം സൃഷ്ടിക്കുന്നത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കുത്തകപ്രീണന നയങ്ങളാണ്. കൃഷിയും ചില്ലറ വ്യാപാരരംഗവുമെല്ലാം കുത്തകകള്‍ക്കായി യഥേഷ്ടം തുറന്നിട്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ വളരെ ഗുരുതരമായ പ്രശ്‌നങ്ങളാണ് ജനങ്ങളെ കാത്തിരിക്കുന്നത്. ഇതിനെതിരെ അതിശക്തമായ ബഹുജന പ്രക്ഷോഭണം വളര്‍ത്തിയെടുക്കുക എന്നതാണ് ജനങ്ങളുടെ മുന്നിലുള്ള ഒരേയൊരു മാര്‍ഗ്ഗം.

നാടെമ്പാടും വിലക്കയറ്റ വിരുദ്ധ സമിതികള്‍ രൂപീകരിച്ചുകൊണ്ട് ജനങ്ങള്‍ മുന്നോട്ടു വരണം. റേഷന്‍ പുനഃസ്ഥാപിക്കുക, ചില്ലറ വ്യാപാരരംഗത്തുനിന്നും കുത്തകകളെ പുറത്താക്കുക, കുത്തകസംഭരണ നിയമഭേദഗതി പിന്‍വലിക്കുക, അത്യാവശ്യ സാധനങ്ങളുടെ മൊത്തവ്യാപാരവും ചില്ലറ വ്യാപാരവും സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ശക്തമായ പ്രക്ഷോഭണം പടുത്തുയര്‍ത്തണം. മേല്‍പ്പറഞ്ഞ ഡിമാന്റുകള്‍ സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാനുതകുന്ന ശക്തമായ സമ്മര്‍ദ്ദമായി ഈ പ്രക്ഷോഭണങ്ങള്‍ വളര്‍ന്നു വരണം. വിലക്കയറ്റം ഫലപ്രദമായി തടഞ്ഞുനിര്‍ത്താന്‍ മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ല.

Share this post

scroll to top