അതിരുകടക്കുന്ന ജുഡിഷ്യറി ജനാധിപത്യത്തെ ദുര്‍ബ്ബലപ്പെടുത്തുന്നു

Share

ബൂര്‍ഷ്വാ ജനാധിപത്യത്തില്‍ ഭരണകൂടത്തെ നിലനിര്‍ത്തുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന മൂന്നു നെടുംതൂണുകളിലൊന്നാണ് ജുഡീഷ്യറി. ഭരണ മുതലാളിവര്‍ഗ്ഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുക എന്നതാണ് നിയമനിര്‍മ്മാണം, ഭരണ നിര്‍വ്വഹണം എന്നിവയോടൊപ്പം നീതിന്യായ വ്യവസ്ഥയില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം. രാജ്യങ്ങള്‍ക്കനുസരിച്ച് ചിലമാറ്റങ്ങളൊക്കെ ഉണ്ടാകുമെങ്കിലും, ഭരണഘടനയുടെ സംരക്ഷകനും വ്യാഖ്യാതാവുമായി വര്‍ത്തിക്കുക എന്നതാണ് ജുഡീഷ്യറിയുടെ മുഖ്യകടമ. നിയമനിര്‍മ്മാണ സഭ രൂപം നല്‍കുന്ന നിയമങ്ങള്‍ വ്യാഖ്യാനിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്തുകൊണ്ടാണ് ജുഡീഷ്യറി ഇത് നിര്‍വ്വഹിക്കുന്നത്. നിയമത്തിനുമുന്നില്‍ തുല്യനീതി എന്ന തത്വം മുറുകെപ്പിടിച്ചുകൊണ്ട് വ്യക്തികള്‍ തമ്മിലും വ്യക്തിയും ഗവണ്‍മെന്റും തമ്മിലും വിവിധ ഗവണ്‍മെന്റുകള്‍ തമ്മിലുമുള്ള തര്‍ക്കങ്ങള്‍ക്ക് ജുഡീഷ്യറി നിഷ്പക്ഷമായ തീര്‍പ്പ് കല്‍പ്പിക്കുന്നു. ഏതൊരു ഘടകത്തിന്റെയും ഏതൊരു നടപടിയുടെയും നിയമസാധുതയും ഭരണഘടനാസാധുതയും ജുഡീഷ്യറി ഉറപ്പുവരുത്തുന്നു. മൂന്ന് ഘടകങ്ങള്‍ക്കും സാപേക്ഷികമായ സ്വാതന്ത്ര്യം ഉറപ്പുവരുത്തിക്കൊണ്ട് അധികാരം വിഭജിക്കുക എന്ന കാഴ്ചപ്പാടാണ് ജനാധിപത്യ വ്യവസ്ഥയുടെ സ്ഥാപനത്തിലൂടെ മുതലാളിവര്‍ഗ്ഗം അവലംബിച്ചത്. അധികാരം ഏതെങ്കിലുമൊരു ഘടകത്തില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനും പരസ്പരം അധികാരപരിധി ലംഘിക്കാതിരിക്കാനും വേണ്ടിയാണ് ഈ വിഭജനം ഏര്‍പ്പെടുത്തിയത്.

ഇവ്വിധം സാപേക്ഷികമായ സ്വാതന്ത്ര്യം നല്‍കുമ്പോഴും ഒരു ഘടകവും വര്‍ഗ്ഗാതീതമായ അടിസ്ഥാനത്തിലല്ല പ്രവര്‍ത്തിക്കുന്നത്. ഇവ മുതലാളിവര്‍ഗ്ഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്, അത് ജനതാല്‍പ്പര്യത്തിനെതിരാണെങ്കില്‍പോലും. എന്നാല്‍ നിയമനിര്‍മ്മാണസഭ രൂപം നല്‍കുന്നതും ഭരണസംവിധാനം നടപ്പിലാക്കുന്നതുമായ നിയമങ്ങള്‍ ഭരണഘടനയ്ക്ക് നിരക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ ജുഡീഷ്യറിക്ക് ഉത്തരവാദിത്തമുണ്ട്. ജുഡീഷ്യല്‍ റിവ്യൂ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. നിയമ നിര്‍മ്മാണ സഭയുടെ മേധാവിത്വത്തിന് കോട്ടം തട്ടാത്തവിധം ഇത് പരിമിതപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു സാമൂഹ്യശക്തി എന്ന നിലയില്‍ മുതലാളിവര്‍ഗ്ഗം ഉദയംകൊള്ളുകയും ബൂര്‍ഷ്വ ജനാധിപത്യവ്യവസ്ഥ രൂപമെടുക്കുകയും ചെയ്ത കാലയളവില്‍, ജൂഡീഷ്യറിയെ സംബന്ധിച്ചിടത്തോളം, ജനാഭിപ്രായത്തിനാണ് പ്രാധാന്യം എന്നതായിരുന്നു സങ്കല്‍പ്പം. പാര്‍ലമെന്ററി ജനാധിപത്യത്തില്‍, ജനാധിപത്യത്തിന്റെ മൂന്ന് നെടുംതൂണുകളില്‍, ജനങ്ങള്‍ നേരിട്ട് രൂപം നല്‍കുന്നത് നിയമനിര്‍മ്മാണ സഭയ്ക്കാണ്. അതുകൊണ്ടുതന്നെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍, ശക്തവും ഏകോപിതവും നിര്‍ഭയവുമായ പൊതുജനാഭിപ്രായത്തിനുവേണ്ടി നിലകൊള്ളേണ്ടതുണ്ട്. ജനങ്ങളാണ് ഭരണം നിര്‍വ്വഹിക്കുന്നതെങ്കില്‍, ജനതാല്‍പ്പര്യം പ്രകടമാകുന്നത് ജനാഭിപ്രായം അംഗീകരിക്കപ്പെടുന്നതിലൂടെയാണ്.

എന്നാല്‍, തിരഞ്ഞെടുക്കപ്പെടുന്നവരെ തിരിച്ചുവിളിക്കാനുള്ള അവകാശം ഉറപ്പാക്കപ്പെടാത്തിടത്തോളം, ജനങ്ങളുടെ പരമാധികാരം ഔപചാരികം മാത്രമായിരിക്കും. ജനപ്രതിനിധികളില്‍ നിന്ന് ജനങ്ങള്‍ അകറ്റി നിര്‍ത്തപ്പെടുകയും പാര്‍ലമെന്റില്‍ നടക്കുന്ന നിയമനിര്‍മ്മാണത്തില്‍ അവര്‍ക്ക് ഒരു പങ്കും വഹിക്കാനില്ലാത്ത അവസ്ഥ സംജാതമാകുകയും ചെയ്യും. അവരുടെ താല്‍പ്പര്യങ്ങളും ആശങ്കകളും അവഗണിക്കപ്പെടും. അതുകൊണ്ടുതന്നെ ജനങ്ങള്‍ ജുഡീഷ്യറിയുടെ നിഷ്പക്ഷതയില്‍ ആകൃഷ്ടരാകുകയും അതില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുന്നു.

ഭരണകൂടം മുതലാളിവര്‍ഗ്ഗത്തിന്റെ ദാസ്യത്തില്‍
ജനാധിപത്യവ്യവസ്ഥയ്ക്ക് ജന്മം നല്‍കിയ രാജ്യങ്ങളിലടക്കം മുതലാളിത്ത-സാമ്രാജ്യത്വ ലോകത്താകെ ഇന്നുകാണുന്നത് ജനങ്ങള്‍ തെരഞ്ഞെടുത്ത പാര്‍ലമെന്റിന്റെ മേല്‍ക്കോയ്മ നിലനിര്‍ത്തപ്പെടുന്നില്ല എന്നതാണ്. ശരിയോ, തെറ്റോ ആയ ന്യായങ്ങള്‍ പറഞ്ഞ് അത് വെട്ടിച്ചുരുക്കപ്പെടുന്നു. നേരെമറിച്ച്, നിയമനിര്‍മ്മാണ സഭയ്ക്കുമേല്‍ തെരഞ്ഞെടുക്കപ്പെടാത്ത ഭരണനിര്‍വ്വഹണ സംവിധാനത്തിന്റെയും നീതിന്യായസംവിധാനത്തിന്റെയും സ്വാധീനവും ഇടപെടലും വര്‍ദ്ധിച്ചുവരുന്ന ഒരു ഫാസിസ്റ്റ് പ്രവണത ശക്തിപ്പെട്ടുവരികയാണ്. മുതലാളിത്ത സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഈ പ്രവണതയും വികസിച്ചുവരുന്നതായി മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പഠനം വ്യക്തമാക്കുന്നു. സ്വതന്ത്രമത്സരത്തിന്റെ ഘട്ടത്തില്‍നിന്ന് മരണാസന്നഘട്ടത്തിലേക്ക് മുതലാളിത്തം എത്തിച്ചേരുന്നത്, അതായത് കുത്തകമുതലാളിത്ത ഘട്ടത്തില്‍ എത്തിച്ചേരുന്നത് ദൃഢീകരണവും മൂലധനകേന്ദ്രീകരണവും നടത്തിക്കൊണ്ടാണ്. മൂലധനം കുറച്ചാളുകളുടെ കൈവശം കേന്ദ്രീകരിക്കപ്പെട്ടതോടെ ഭൂരിപക്ഷം വരുന്ന ഭരിക്കപ്പെടുന്നവര്‍ പാപ്പരാക്കപ്പെടുകയും അവര്‍ക്കുമേല്‍ അധികാരം പ്രയോഗിക്കപ്പെടുകയും ചെയ്തു. അതോടൊപ്പം ഉദ്യോഗസ്ഥ സംവിധാനത്തിലും ജൂഡീഷ്യറിയിലും അധികാരം കേന്ദ്രീകരിക്കപ്പെട്ടു. അത് ഭരണകൂടത്തെയും കുത്തകകളെയും സേവിച്ചുകൊണ്ട് ജനങ്ങള്‍ അധികാരം പ്രയോഗിച്ചിരുന്ന പാര്‍ലമെന്ററി സംവിധാനത്തെ തുരങ്കം വയ്ക്കാന്‍ തുടങ്ങി. ക്രമേണ ഭരണകൂടം കുത്തകകളുടെ, മുതലാളിവര്‍ഗ്ഗത്തിന്റെ സമ്പൂര്‍ണ്ണ ദാസ്യത്തിലായിത്തീരുന്നു.
ജനങ്ങളുടെ മൗലികാവകാശങ്ങള്‍പോലും നിരന്തരം വെട്ടിച്ചുരുക്കപ്പെട്ടു. കുത്തകവല്‍ക്കരണപ്രക്രിയ സമ്പത്ത് മുഴുവന്‍ കുറച്ചാളുകളുടെ കൈവശം കേന്ദ്രീകരിക്കുന്നതിനും ബഹുഭൂരിപക്ഷംപേരും പാപ്പരാക്കപ്പെടുന്നതിനും ഇടയാക്കി. ഈ അന്തരവും വിവേചനവും പാപ്പരീകരണവും ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി വളര്‍ത്തി. ഇത് ചെറുത്തുനില്‍പ്പുകളിലേക്ക് നയിച്ചു. അതോടെ അധികാരികള്‍ കൂടുതല്‍ അധികാരങ്ങള്‍ കയ്യാളാനും ജനങ്ങള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കാനും തുടങ്ങി. തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകാതിരിക്കാനായി അവര്‍ ജനങ്ങളെ അടിച്ചമര്‍ത്തി. ജനാഭിപ്രായം മാനിക്കപ്പെട്ടില്ല. രാഷ്ട്രത്തിന്റെ സുരക്ഷയെന്ന പേരുപറഞ്ഞ് അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കാനും തുടങ്ങി. ഇത് യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ നിഷേധമായിരുന്നു. ജനാധിപത്യം അധികാരത്തിന്റെ വ്യാപനത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്. ഗവണ്‍മെന്റിന് എത്ര ഹിതകരമല്ലാത്ത കാര്യവും ചിന്തിക്കാനും എഴുതാനും സ്വാതന്ത്ര്യമുണ്ടായിരിക്കും ജനാധിപത്യത്തില്‍. എന്നാല്‍ ഇന്ന് മുതലാളിവര്‍ഗ്ഗത്തെ സേവിക്കുന്ന ഗവണ്‍മെന്റുകള്‍, മൗലികാവകാശങ്ങള്‍പോലും നിഷേധിക്കുംവിധം കരിനിയമങ്ങള്‍ ആവിഷ്‌ക്കരിക്കുന്നു. ജനങ്ങളുടെ ചെറുത്തുനില്‍പ്പ് ഭയന്ന് ഗവണ്‍മെന്റുകള്‍ നടപ്പിലാക്കാന്‍ മടിക്കുന്ന കാര്യങ്ങള്‍ ജൂഡീഷ്യറിയെക്കൊണ്ട് ചെയ്യിക്കുന്നു. നമ്മുടേതുപോലൊരു മുതലാളിത്ത രാജ്യത്ത് 80 ശതമാനം പേരെങ്കിലും അവശ്യജീവനോപാധികള്‍ നിഷേധിക്കപ്പെടുന്നവരാണ്. വ്യാപകമായ ലേ ഓഫും ലോക്കൗട്ടും മൂലം ലക്ഷക്കണക്കിന് ദിവസവരുമാനക്കാര്‍ക്ക് ജോലിയും ആഹാരത്തിനുള്ള വകയും നഷ്ടപ്പെടുന്നു. പ്രതിസന്ധിഗ്രസ്തമായ മുതലാളിത്ത വ്യവസ്ഥിതിയില്‍ കമ്പോള പ്രതിസന്ധിമൂലം പല വ്യവസായങ്ങളും തമ്മില്‍ ലയിക്കുന്നത് അനേകംപേരെ തൊഴില്‍ രഹിതരാക്കുന്നുണ്ട്. ഇവരൊക്കെ എന്ത് തൊഴിലെടുക്കാനും തയ്യാറായി അലയുകയാണ്. മതിയായ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലവും ഭീമമായ ചികിത്സാ ചെലവ് മൂലവും അനേകര്‍ ചികിത്സ കിട്ടാതെ മരിക്കുന്നുണ്ട്. പട്ടിണിയും പോഷകാഹാരക്കുറവും മൂലം നിരവധിപേര്‍ മരിക്കുന്നു. കടക്കെണിയിലും പ്രാരാബ്ധങ്ങളിലും പെട്ട് അനേകം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഈ ആവലാതികളൊന്നും പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകാതെ വരുമ്പോള്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലണയുന്നു. അപ്പോള്‍ ജൂഡീഷ്യറി രംഗത്തുവരുന്നു. അനേക കാലങ്ങളായി നിലവിലുള്ള പ്രതിഷേധ രൂപങ്ങളായ ബന്ദും പൊതുപണിമുടക്കുമൊക്കെ നിരോധിക്കുന്നു. എന്തിന് പ്രതിഷേധ പ്രകടനങ്ങള്‍പോലും നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കുന്നു. ബന്ദുമൂലം വ്യക്തികളുടെ അവകാശങ്ങള്‍ക്ക് തടസ്സമുണ്ടാകുന്നു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്മേല്‍ കടന്നാക്രമണം നടത്തുകയാണ് ജൂഡീഷ്യറി. ചൂഷണത്തിലും അടിച്ചമര്‍ത്തലിലും അധിഷ്ഠിതമായ ഒരു വ്യവസ്ഥിതിക്കെതിരെ പൊരുതാനുള്ള ജനങ്ങളുടെ അവകാശം ഇപ്രകാരം തന്ത്രപൂര്‍വ്വം ജൂഡീഷ്യറി നിഷേധിക്കുമ്പോള്‍, താഴ്ന്ന രാഷ്ട്രീയ നിലവാരം മൂലം ജനങ്ങള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയുന്നില്ല.
നിയമനിര്‍മ്മാണസഭയുടേതായാലും ജൂഡീഷ്യറിയുടേതായാലും വര്‍ഗ്ഗസ്വഭാവം ഇവിടെ മറച്ചുവയ്ക്കപ്പെടുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ക്ക് കടിഞ്ഞാണിടുന്നത് പ്രതിസന്ധിഘട്ടങ്ങളില്‍ മുതലാളിവര്‍ഗ്ഗത്തെ രക്ഷിക്കാനാണെന്നതാണ് വാസ്തവം.

കോടതികളിലുള്ള വ്യാമോഹം
പൊതുതാല്‍പ്പര്യഹര്‍ജികള്‍ എന്നപേരില്‍ ഇപ്പോള്‍ ചില കേസുകള്‍ കോടതികള്‍ പരിഗണിക്കുന്നുണ്ട്. ഒരു മുതലാളിത്ത വ്യവസ്ഥയില്‍ ഒരു ഗവണ്‍മെന്റിനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാനോ അവരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനോ സാധിക്കില്ല. എന്നുമാത്രമല്ല, പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് നിര്‍ദ്ദയം ജനതാല്‍പ്പര്യം വെടിയുകയും മുതലാളി വര്‍ഗ്ഗത്തെ സേവിക്കാനുള്ള വ്യഗ്രതയില്‍ കൂടുതല്‍ ജനദ്രോഹ സ്വഭാവം പ്രദര്‍ശിപ്പിക്കുകയുമാണ് സര്‍ക്കാരുകള്‍ ചെയ്യുന്നത്. ഗവണ്‍മെന്റുകളുടെ അച്ചടക്കം, സത്യസന്ധത, പ്രതിബദ്ധത, ഉത്തരവാദിത്വബോധം ഇതൊക്കെ പഴങ്കഥകളായി മാറുന്നു. ഭരണത്തിന്റെ നിലവാരം കുത്തനെ ഇടിയുന്നു. സ്വാഭാവികമായി, അഥവാ സാമൂഹ്യവൈരുദ്ധ്യങ്ങളുടെ അനിഷേധ്യമായ നിയമങ്ങള്‍ പ്രകാരം, സര്‍ക്കാരിലുള്ള ജനങ്ങളുടെ അസംതൃപ്തിയും രോഷവും വര്‍ദ്ധിക്കുന്നു. ചൂഷണാധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥയുടെ നിലനില്‍പ്പിനുതന്നെ ഇത് ഭീഷണിയായേക്കാം. എന്നാല്‍, മതിയായ കരുത്തുള്ള ഒരു യഥാര്‍ത്ഥ വിപ്ലവനേതൃത്വത്തിനുകീഴില്‍ സംഘടിതവും ശക്തവുമായ വര്‍ഗ്ഗ-ബഹുജന സമരങ്ങള്‍ വളര്‍ന്നുവരാത്തിടത്തോളം, ഇതേ കോര്‍പ്പറേറ്റ് കുത്തകകളുടെ സാമ്പത്തിക സഹായത്താലും ഒത്താശയാലും പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ സംഘടനകള്‍ ഈ സാഹചര്യം മുതലെടുക്കുകയും പ്രശ്‌നപരിഹാരത്തിനായി കോടതികളെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കുകയും ചെയ്യും. എന്നാല്‍ മുതലാളിത്ത വ്യവസ്ഥയുടെ വര്‍ഗ്ഗോപകരണങ്ങളിലൊന്നായ ജൂഡീഷ്യറിക്കും ജനങ്ങളുടെ ആവലാതികള്‍ പരിഹരിക്കാനാവില്ല. മുതലാളിവര്‍ഗ്ഗത്തിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങളെ സ്പര്‍ശിക്കാത്ത ചില കേസ്സുകളില്‍ ചിലപ്പോള്‍ ചില അനുകൂല വിധികള്‍ ഉണ്ടായേക്കാം. പക്ഷേ, പൊതുവില്‍, കോടതികളെ ആശ്രയിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നൊരു വ്യാമോഹം വളര്‍ത്താനേ, മാദ്ധ്യമങ്ങളില്‍ ശക്തമായൊരു വിഭാഗത്തിന്റെ ഒത്താശയോടെ വരുന്ന പൊതുതാല്‍പ്പര്യഹര്‍ജികള്‍ ഉപകരിക്കുന്നുള്ളൂ എന്നതാണ് വസ്തുത.

ഭരണനിര്‍വ്വഹണത്തിന്റേയോ, നിയമനിര്‍മ്മാണ സംവിധാനത്തിന്റെ തന്നെയോ പങ്ക് ജൂഡീഷ്യറി നിര്‍വ്വഹിക്കുന്ന കേസുകളും ഇക്കൂട്ടത്തിലുണ്ട്. മുമ്പൊക്കെ, നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും സുതാര്യമായ മാര്‍ഗ്ഗം അവലംബിക്കണമെന്നുമൊക്കെ കോടതികള്‍ സര്‍ക്കാരുകളെ താക്കീതുചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് സര്‍ക്കാരിന്റെ പകരക്കാരന്‍ എന്ന നിലപാടാണ് പലപ്പോഴും കോടതികള്‍ സ്വീകരിക്കുന്നത്. ജനാധിപത്യസംഹിതകള്‍ക്ക് നിരക്കാത്ത ഈ അധികാര ദുര്‍വിനിയോഗം ജനാധിപത്യ സംവിധാനത്തിന്റെതന്നെ അന്ത്യംകുറിക്കും. ഭരണപരമായ സ്വേച്ഛാധിപത്യത്തിലേക്കാണ് ഇത് നയിക്കുക. ജനാധിപത്യത്തിന്റെ സൃഷ്ടികര്‍ത്താവുതന്നെ അതിന്റെ ഘാതകനായി മാറുന്ന സ്ഥിതി.
കോടതി ബന്ദ് നിരോധിച്ച കാര്യം സൂചിപ്പിച്ചുവല്ലോ. ബന്ദ് എന്ന വാക്കിന് കൃത്യമായ നിയമപരമായ നിര്‍വ്വചനമില്ല. അതുകൊണ്ടുതന്നെ ബന്ദ് നിരോധിക്കുന്നതിന് ഭരണഘടനാപരമായതോ നിയമപരമായതോ ആയ കൃത്യമായ വ്യവസ്ഥയില്ല. എന്നിട്ടും, നിയമം വ്യാഖ്യാനിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട കോടതി ബന്ദ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഇത് തികച്ചും സ്വേച്ഛാപരമല്ലേ? ഇത് ഒരിക്കല്‍ മുതലാളിവര്‍ഗ്ഗംതന്നെ പാവനമായിക്കണ്ട അധികാരം പങ്കുവയ്ക്കല്‍ എന്ന തത്വത്തിന് വിപരീതമല്ലേ? കോടതിതന്നെ ഇങ്ങനെ നിയമത്തിന് അതീതമായി നീങ്ങിയാല്‍ അത് എവിടെ ചെന്നവസാനിക്കും? മുതലാളിത്ത വ്യവസ്ഥയുടേയും ഭരണക്കാരുടെയും താല്‍പ്പര്യം സംരക്ഷിക്കാനുള്ള ഈ പോക്ക് യഥാര്‍ത്ഥത്തില്‍ ബഹുഭൂരിപക്ഷംവരുന്ന ജനങ്ങളുടെയും അതുവഴി സാമൂഹ്യപുരോഗതിയുടെയും താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന് പറയാതെവയ്യ.

കോടതിയുടെ നിര്‍ദ്ദേശങ്ങളിലും വിധിപ്രസ്താവങ്ങളിലും ജനാനുകൂലമായ എന്തെങ്കിലും ഉള്ളടക്കം ഉണ്ടെങ്കില്‍ത്തന്നെ അത് നടപ്പിലാക്കാന്‍ പറ്റുമോ എന്നത്, ഗവണ്‍മെന്റിന്റെ ആത്മാര്‍ത്ഥതയെയും ഭരണസംവിധാനം അത് എത്രത്തോളം അംഗീകരിക്കുന്നു എന്നതിനെയുമൊക്കെ ആശ്രിച്ചിരിക്കുന്നു. സ്വന്തം താല്‍പ്പര്യവും ഗ്രൂപ്പുതാല്‍പ്പര്യവുമൊക്കെ സംരക്ഷിക്കുന്നതിനുവേണ്ടി അഴിമതിയും ആത്മവഞ്ചനയും സുതാര്യതയില്ലായ്മയുമൊക്കെ രാഷ്ട്രീയരംഗത്ത് വ്യാപകമായിരിക്കുമ്പോള്‍, രാഷ്ട്രീയപാര്‍ട്ടികളും ഉദ്യോഗസ്ഥസംവിധാനവും ജൂഡീഷ്യറിയുംവരെ അതിന്റെ പിടിയിലമര്‍ന്നിരിക്കുമ്പോള്‍, ഭരണക്കാര്‍ക്കെതിരായി ഭവിച്ചേക്കാവുന്ന ഏതൊരു ജനാനുകൂല നീക്കവും അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുകയേയുള്ളൂ എന്നുറപ്പാണ്.

കാലക്രമേണ ജനാധിപത്യത്തിലെ മറ്റ് ഘടകങ്ങളുടെ അധികാര പരിധിയിലേയ്ക്ക് അതിക്രമിച്ചുകയറിക്കൊണ്ട് ജൂഡീഷ്യറി അവിഹിതമായ പ്രാമുഖ്യം നേടിയെടുത്തിരിക്കുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമായി കരുതാനാവില്ല. ജൂഡീഷ്യറിയുടെ ഈ പ്രാമുഖ്യം ഒരു വര്‍ഗ്ഗ പദ്ധതിയുടെ സൃഷ്ടിയാണെന്ന് വ്യക്തമാണ്. പാര്‍ലമെന്ററി സംവിധാനത്തിലൂടെ മുതലാളിവര്‍ഗ്ഗം നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ ജനങ്ങളുടെ എതിര്‍പ്പുമൂലം തടസ്സപ്പെടുമ്പോള്‍ അത് ജൂഡീഷ്യറിയെ രംഗത്തുകൊണ്ടുവരുന്നു. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ഒത്താശയോടെ, ഭരണവര്‍ഗ്ഗത്തിന്റെ അഭീഷ്ടം മനസ്സിലാക്കി, ജനവിരുദ്ധ പദ്ധതികള്‍ കോടതികള്‍ പ്രാവര്‍ത്തികമാക്കിയെടുക്കുന്നു. കുത്തകമുതലാളിത്തം ശക്തിപ്പെടുന്നതിനനുസരിച്ച് ഭരണകൂടം അധികമധികം അതിന്റെ ദാസ്യത്തിലാകുകയും അതിനനുസരിച്ച് ലെജിസ്ലേച്ചറിനുമേലുള്ള ജൂഡീഷ്യറിയുടെ കടന്നുകയറ്റം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
നാള്‍ ചെല്ലുന്തോറും ലെജിസ്ലേച്ചറിന്റെ പ്രസക്തി നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ ഫലമായി സംഭവിക്കുന്നത്. ഒരുകാലത്ത് ജനാധിപത്യസ്ഥാപനങ്ങള്‍ കൈവരിച്ച പ്രാധാന്യവും മേല്‍ക്കോയ്മയുമൊക്കെ ഇന്ന് കൈമോശം വന്നിരിക്കുന്നു. അന്ന് പല ബൂര്‍ഷ്വാരാജ്യങ്ങളിലും തുടര്‍ച്ചായ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ നടന്നിരുന്നു. വളരെ ചെറിയ ഇടവേളകളേ ഉണ്ടായിരുന്നുള്ളു. ജനജീവിതവുമായി ബന്ധപ്പെട്ട സുപ്രധാനവിഷയങ്ങളെല്ലാം ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കുത്തക മുതലാളിത്തത്തിന്റെ ദൃഢീകരണത്തോടെ മുതലാളിത്ത പ്രതിസന്ധിക്ക് ആഴം വയ്ക്കുകയും ചൂഷിതരുടെ രോഷവും അസംതൃപ്തിയും അണിപൊട്ടിയൊഴുകുകയും ചെയ്തപ്പോള്‍ അഭിപ്രായം പറയാനും പ്രതിഷേധിക്കാനും മറ്റുമുള്ള അവകാശങ്ങള്‍ക്കുമേല്‍ കടിഞ്ഞാണ്‍വീണു. പാര്‍ലമെന്റ് സമ്മേളനങ്ങളുടെ ദിവസങ്ങള്‍ വെട്ടിച്ചുരുക്കപ്പെട്ടു. ചര്‍ച്ചകളും വാദപ്രതിവാദങ്ങളുമൊക്കെ നടത്താനുള്ള അവസരം ചുരുങ്ങി. അവകാശങ്ങള്‍ വെട്ടിക്കുറച്ചത് പാര്‍ലമെന്റേതര സമരങ്ങള്‍ക്ക് തിരിച്ചടിയായി. പാര്‍ലമെന്റിന്റെ പ്രാധാന്യം കുറഞ്ഞതും സമരങ്ങളെയും പ്രതിഷേധങ്ങളെയും പ്രതികൂലമായി ബാധിച്ചു. അതോടൊപ്പം ഭരണരംഗത്ത് ഉദ്യോഗസ്ഥ മേധാവിത്വം സ്ഥാനമുറപ്പിച്ചു. ചട്ടങ്ങളുണ്ടാക്കാനെന്ന പേരില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്ത ഭരണസംവിധാനവും ജൂഡീഷ്യറിയും നിയമനിര്‍മ്മാണം തുടങ്ങി. ഇതോടെ ഭരണവര്‍ഗ്ഗത്തിന് പ്രിയപ്പെട്ട വ്യക്തികളുടെ കയ്യില്‍ അധികാരം കേന്ദ്രീകരിക്കുന്ന സ്ഥിതി സംജാതമായി. ജനാധിപത്യത്തെ അപകടപ്പെടുത്തിക്കൊണ്ട് ഫാസിസത്തിന്റെ ആഗമനത്തിന് ഇത് കളമൊരുക്കി.

വ്യത്യസ്തതകളോടെയെങ്കിലും മുതലാളിത്തലോകത്താകെ ഇന്ന് ഇതാണ് സ്ഥിതി. ഇന്ത്യയിലും ജൂഡീഷ്യറിയുടെ അതിരുകടക്കല്‍ സംഭവിക്കുന്നുണ്ട്. ഈ വിപത്തിനെക്കുറിച്ച് നമ്മുടെ പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലെജിസ്ലേച്ചറിന്റെ ഈ മൂല്യശോഷണത്തില്‍ ഒരു പാര്‍ട്ടിക്കും അലോസരമില്ല. നമ്മുടെ പാര്‍ട്ടിയുടെ മുന്നറിയിപ്പുകളും ഒറ്റപ്പെട്ട ചില ലേഖനങ്ങളുമൊക്കെയെ അപവാദമായുള്ളൂ. പാര്‍ലമെന്റിറി ജനാധിപത്യത്തിന്റെ തന്നെ തകര്‍ച്ചയിലേക്കാണ് ഇത് നയിക്കുക. വികലമായ ഈ സംവിധാനത്തില്‍, സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള പരക്കംപാച്ചിലിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളുന്നയിച്ച് യോജിച്ച ബഹുജനപ്രക്ഷോഭം ചിട്ടയായി വളര്‍ത്തിയെടുക്കുന്നതിനുപകരം സിപിഐ(എം), സിപിഐ തുടങ്ങിയ കപട കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ സമരപാതതന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. നമ്മുടെ പാര്‍ട്ടിയുടെ പരിശ്രമമാകട്ടെ ശക്തമായ ഒരു ജനാധിപത്യ ബദല്‍ ശക്തി പടുത്തുയര്‍ത്താന്‍ അപര്യാപ്തമാണുതാനും.

രാഷ്ട്രീയത്തിന്റെ കുറ്റവല്‍ക്കരണം
അടുത്തയിടെ സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ചില നീക്കങ്ങളുണ്ടായി. രാഷ്ട്രീയരംഗത്തെ ക്രിമിനല്‍വല്‍ക്കരണം ഒരു മാരകരോഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏതാനും പതിറ്റാണ്ടുകള്‍ക്കുമുമ്പുവരെ ഏത് തെരഞ്ഞെടുപ്പ് വേളയിലും, മത്സരിക്കുന്ന പാര്‍ട്ടികള്‍ തമ്മില്‍ കാഴ്ചപ്പാടുകളെയും ആശയങ്ങളെയും ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും സംവാദങ്ങളും നടത്തിയിരുന്നു. സ്വന്തം ആശയങ്ങളും പരിപാടികളും അവതരിപ്പിക്കുന്ന മാനിഫെസ്റ്റോകള്‍ എല്ലാ പാര്‍ട്ടികളും പുറത്തിറക്കിയിരുന്നു. ഇത് പരിശോധിച്ച് വോട്ടുചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് തെരഞ്ഞെടുപ്പ്, പണത്തിന്റെയും കയ്യൂക്കിന്റെയും മാദ്ധ്യമങ്ങളുടെയും ഒരു ഏര്‍പ്പാടായി മാറിയിരിക്കുന്നു. നാള്‍ ചെല്ലുന്തോറും ഇത് കൂടുതല്‍ വലിയ പതനത്തിലേയ്ക്കാണ് പോകുന്നത്. തെരഞ്ഞെടുപ്പ് പ്രാചരണം രക്തച്ചൊരിച്ചിലിന്റെയും ഭാതൃഹത്യകളുടെയും ജാതി-മതഭ്രാന്തിന്റെയും കേളീരംഗംമായി ചുരുങ്ങിയിരിക്കുന്നു. വാടകഗൂണ്ടകള്‍ രംഗം കയ്യടക്കി ഭീകരാന്തരീക്ഷമുണ്ടാക്കി യഥാര്‍ത്ഥ വോട്ടര്‍മാരെ വിരട്ടിയകറ്റുന്നു. ഇതിനൊക്കെപ്പുറമെയാണ് പണച്ചാക്കുകളുടെ ഇടപെടല്‍. അവര്‍ പണവും മദ്യവുമൊഴുക്കി വോട്ടര്‍മാരെ വിലയ്‌ക്കെടുക്കുന്നു. മാദ്ധ്യമങ്ങളില്‍ നല്ലൊരു പങ്കും മുതലാളിവര്‍ഗ്ഗത്തിന് സ്വീകാര്യമായ പാര്‍ട്ടികളെയും വ്യക്തികളെയും ഉയര്‍ത്തിക്കാട്ടി ആസൂത്രിതമായ പ്രചാരണം നടത്തുന്നു. മുതലാളിവര്‍ഗ്ഗം രാജ്യത്ത് സ്ഥാപിച്ചെടുക്കാനുദ്ദേശിക്കുന്ന ദ്വികക്ഷി സമ്പ്രദായത്തിന് നിരക്കുംപടിയായിരിക്കും ഈ പ്ചാരണം. ഒരു കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ നല്‍കി പ്രിന്റ് എടുക്കുന്നതുപോലെ ഇവര്‍ തെരഞ്ഞെടുപ്പ് ഫലം സൃഷ്ടിച്ചെടുക്കുന്നു. നേരായി ചിന്തിക്കുന്നവര്‍ ഇതെല്ലാം കണ്ട് മനംമടുത്ത് പിന്‍വാങ്ങുന്നു. തട്ടിപ്പും വെട്ടിപ്പും കൊള്ളയും കൊലയും നടത്തി കുപ്രസിദ്ധി നേടിയവരെയാണ് ബൂര്‍ഷ്വ-പെറ്റിബൂര്‍ഷ്വാ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളാക്കുന്നത്. ഇപ്പോഴത്തെ എം.പിമാരില്‍ 30-ല്‍ ഒരാള്‍ കൊലപാതകത്തിനും 23-ല്‍ ഒരാള്‍ കൊലപാതകശ്രമത്തിനും 54-ല്‍ ഒരാള്‍ തട്ടിക്കൊണ്ടുപോകലിനും 54 -ല്‍ ഒരാള്‍ കൊള്ളയ്ക്കും 54-ല്‍ ഒരാള്‍ കലാപം സംഘടിപ്പിച്ചതിനും ചാര്‍ജ്ജ് ചെയ്യപ്പെട്ടവരാണ്. ഈ തെമ്മാടികള്‍ മന്ത്രിമാരും മറ്റുമായി മുതലാളിവര്‍ഗ്ഗത്തെ സേവിക്കുകയും സ്വന്തമായി നേട്ടങ്ങളുണ്ടാക്കുകയും ചെയ്യുന്ന പ്രക്രിയ തലമുറകളായി തുടരുന്നു. കൂടുതല്‍സീറ്റ് പിടിക്കാന്‍ ഇത്തരം നേതാക്കന്മാര്‍ എല്ലാ പാര്‍ട്ടികള്‍ക്കും ആവശ്യമാണ്. അവര്‍ പ്രസ്ഥാനത്തിന്‍രെ ‘സ്വത്താണ്’. ഇത് കണ്ടില്ലെന്ന് നടിച്ച്, മുന്നോട്ടുപോകാന്‍ ഭരണകേന്ദ്രങ്ങള്‍ക്കും അവരുടെ പ്രചാരണോപാധിയായ മാദ്ധ്യമങ്ങള്‍ക്കും കഴിയില്ല എന്ന സ്ഥിതിയില്‍ ഇന്ന് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കാര്യങ്ങള്‍ ഇത്രത്തോളം വഷളായതില്‍ അവര്‍ ഉത്തരവാദികള്‍തന്നെ. എല്ലാം തുലയ്ക്കുമെന്ന ഘട്ടംവന്നപ്പോഴാണ് അവര്‍ ക്രിമിനലുകളെ നിയന്ത്രിക്കാന്‍ നടപടിവേണമെന്നും ‘തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണം’ വേണമെന്നുമൊക്കെ പറഞ്ഞുതുടങ്ങിയത്. ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിന് ഇതൊന്നും തടയിടാന്‍ പോകുന്നില്ല. കുത്തകമുതലാളിത്തം മുന്നോട്ടുപോകുന്തോറും സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അതിന് ഈ ക്രിമിനലുകളുടെ സഹായം ആവശ്യമാണ്. ജനങ്ങളുടെ കടുത്ത വെറുപ്പിന് പാത്രമാകുന്ന നേതാക്കന്മാരുടെ കാര്യത്തില്‍ കേസെടുത്ത് വിചാരണ നീട്ടിക്കൊണ്ടുപോയി അവരുടെ സ്ഥാനത്തിന് കോട്ടം തട്ടാതെ നോക്കുക എന്ന തന്ത്രമാണ് മുതലാളിവര്‍ഗ്ഗം പയറ്റുന്നത്. ജീവിതത്തിലെ നല്ലകാലം മുഴുവന്‍ ഇവ്വിധം സംരക്ഷിക്കപ്പെടുന്നു. എന്നാല്‍ വിപ്ലവപ്പാര്‍ട്ടിയെ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് ഒഴിവാക്കാന്‍ എത്ര കരുതലോടെയാണ് കരുക്കള്‍ നീക്കപ്പെടുന്നത് എന്ന കാര്യം നാം കാണാതെ പോകരുത്. വിപ്ലവകാരികളുടെ മേല്‍ കള്ളക്കേസ് ചുമത്തുകയും ഒരു തത്വവും നിയമവും നോക്കാതെ അവര്‍ക്ക് കടുത്തശിക്ഷ നല്‍കുകയും ചെയ്യുന്നു. ആരാണ് ഈ ചെയ്തികള്‍ക്കെല്ലാം ഉപയോഗിക്കപ്പെടുന്നത്? ജൂഡീഷ്യറിതന്നെ. ഇവരാകട്ടെ, സുപ്രീംകോടതി ജഡ്ജിമാര്‍വരെ അഴിമതിക്കറ പൂണ്ടവരാണെന്നും മറക്കരുത്.

വിപ്ലവപ്രസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് ഒഴിവാക്കാനുള്ള ഗൂഢാലോചന
സുപ്രിംകോടതി 2013 ജൂലൈയില്‍ ഒരു വിധി പുറപ്പെടുവിച്ചു. വിചാരണക്കോടതി ക്രിമിനല്‍ കേസില്‍ ശിക്ഷിച്ചാല്‍ ഉടന്‍ എം.പിമാരും എംഎല്‍എമാരും അയോഗ്യരാകും എന്നതായിരുന്നു റൂളിംഗ്. മൂന്നുമാസത്തിനുള്ളില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയാല്‍ അയോഗ്യതയുണ്ടാകില്ല എന്ന 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ 8(4) വകുപ്പ് പാര്‍ലമെന്റ് ദുരുപയോഗം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് അത് റദ്ദാക്കുകയും ചെയ്തു. എന്നാല്‍ ഭരണഘടനയുടെ ഏത് തത്വത്തിന്റെ ലംഘനമാണ് പാര്‍ലമെന്റ് നടത്തിയത് എന്ന് കൃത്യമായി ചൂണ്ടിക്കാണിക്കാതെ ഇവ്വിധം പാര്‍ലമെന്റിനെ കുറ്റപ്പെടുത്തുന്നതിന് കോടതിക്ക് അധികാരമുണ്ടോ എന്ന കാര്യം സംശയമാണ്. നിലവില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുള്ള എം.പിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇത് ബാധകമായിരിക്കില്ല എന്നും കോടതി വിധി പറയുന്നുണ്ട്. എന്നാല്‍ ഇനി ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ഇത് ബാധകമായിരിക്കില്ല. ഇന്ത്യന്‍ രാഷ്ട്രീയരംഗം ശുദ്ധീകരിക്കാനുള്ള ഒരു കുതിപ്പ് എന്ന് മാദ്ധ്യമങ്ങള്‍ പ്രകീര്‍ത്തിച്ച ഈ വിധി പക്ഷേ ഭരണഘടനാവിരുദ്ധമാണെന്നതാണ് വസ്തുത.
തെരഞ്ഞെടുപ്പ് രംഗം ക്രിമിനലുകളില്‍നിന്ന് രക്ഷിക്കണമെന്ന സുപ്രിംകോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. എന്നാല്‍ അപ്പീല്‍ നല്‍കുകയും വിധിക്ക് സ്റ്റേ വാങ്ങുകയും ചെയ്യാനുള്ള അവകാശം നീതിന്യായ പ്രക്രിയയുടെ അഭേദ്യഭാഗമാണ്. ഇത് കോടതിക്ക് എങ്ങനെ നിഷേധിക്കാന്‍ കഴിയും? പ്രതിയോഗികളെ കള്ളക്കേസ്സുകളില്‍ കുടുക്കുന്ന പ്രവണത ശക്തിപ്പെട്ടുവരികയാണെന്നും ഓര്‍ക്കണം. വിപ്ലവകാരികളെ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് അകറ്റി നിര്‍ത്താന്‍ മുതലാളിവര്‍ഗ്ഗം കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോള്‍ അതിന് അനുകൂലസാഹചര്യമൊരുക്കാന്‍ ഈ വിധി ഉപകരിക്കപ്പെടും. തൊണ്ണൂറുശതമാനം ജനങ്ങളുടെയും താല്‍പ്പര്യം പേറുന്ന യഥാര്‍ത്ഥ ജനപ്രതിനിധികള്‍ നിയമനിര്‍മ്മാണ സഭകളില്‍ എത്തില്ല എന്ന് ഉറപ്പാക്കപ്പെടാനേ ഈ വിധി ഉപകരിക്കൂ. അതിനാല്‍ അപ്പീലിനുള്ള അവകാശം നിഷേധിക്കാന്‍ പാടില്ല. ഏതെങ്കിലും സ്റ്റേ ഓര്‍ഡര്‍ നിലവിലുണ്ടെങ്കില്‍ അതില്‍ എത്രയും വേഗം തീര്‍പ്പ് ഉണ്ടാകണം. പ്രത്യേകിച്ച് സിറ്റിംഗ് എംപിമാരും എംഎല്‍എമാരും മന്ത്രിമാരുമൊക്കെ ബന്ധപ്പെട്ട കേസ്സുകളില്‍.

ജൂഡീഷ്യറി ലെജിസ്ലേച്ചരിന് മറികടന്ന മറ്റൊരു വിധിയും അടുത്തിയിടെയുണ്ടായി. നിലവിലുള്ള ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടുചെയ്യാതിരിക്കാനുള്ള ഒരു വകുപ്പായിരുന്നു അത്. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ അവസരമില്ലാതിരിക്കുകയും വ്യവസ്ഥിതിതന്നെ രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വല്‍ക്കരണത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്നിടത്തോളം കുറ്റവാളികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ജയിക്കാനും ഒരു തടസ്സവുമുണ്ടാകില്ല. ജനങ്ങളെ വെറുതെ കൊതിപ്പിക്കാമെന്നുമാത്രം.

അടുത്തയിടെ മറ്റൊരു പൊതുതാല്‍പ്പര്യ ഹരി##്ജിപരിഗണിക്കവെ കോടതി നിര്‍ദ്ദേശിച്ചത് കുറ്റപത്രം കിട്ടിയ എം.പിമാര്‍ക്കും എംഎല്‍എമാര്‍ക്കും ആരുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാകുകയാണെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകൂ എന്നതാണ് രോഗത്തിന്റെ കാരണം ഉന്മൂലനം ചെയ്യാതെ മരുന്ന് വിധിക്കുന്നതിന്റെ മറ്റൊരു നല്ല ഉദാഹരണമാണിത്. പണവും സ്വാധീനവും ഉപയോഗിച്ച് ആരെ വേണമെഹ്കിലും കള്ളക്കേസില്‍ കുടുക്കാന്‍ ഇന്ന് നിസ്സാരമായി കഴിയുമെന്നിരിക്കെ പ്രതിയോഗികളെ തെരഞ്ഞെടുപ്പില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുമെന്ന് ഉറപ്പല്ലേ? പ്രത്യേകിച്ചും ഭരിക്കുന്നപാര്‍ട്ടിയുടെ രാഷ്ട്രീയത്തെ ഗൗരവമായി ചോദ്യം ചെയ്യുന്നവരുടെ കാര്യത്തില്‍.
വിപ്ലവപ്രസ്ഥാനത്തിന്റെ കാര്യംപോകട്ടെ, കോണ്‍ഗ്രസ്സ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍തന്നെ ഘടകക്ഷികലായ എസ്.പി, ബിഎസ്പി പാര്‍ട്ടികളെ വരുതിയിലാക്കാന്‍വേണ്ടി അതിന്റെ നേതാക്കള്‍ക്കെതിരെയ ഒന്നിലേറെ തവണ സിബിഐ കേസ്സ് ഉപയോഗപ്പെടുത്തിയത് ജനങ്ങള്‍ മറന്നിട്ടില്ലല്ലോ?

ഇതുമായി ബന്ധപ്പെട്ട മറ്റൊരു സുപ്രധാനകാര്യം ഒരിക്കല്‍ക്കൂടി ചൂണ്ടിക്കാണിക്കട്ടെ. ഈ കോടതിവിധികളുടെയും നിര്‍ദ്ദേശങ്ങലുടെയുമൊക്കെ അന്തസത്ത എന്താണ്? കോടതി ഇങ്ങനെ സ്വയം നിയമനിര്‍മ്മാതാക്കളുടെ പങ്ക് നിര്‍വ്വഹിക്കാന്‍ തുനിഞ്ഞാല്‍ അത് ഭരണഘടനാപരമായ സ്വേച്ഛാധിപത്യത്തിനായിരിക്കും വഴിവയ്ക്കുക. ഇത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍, ജനപ്രതിനിധികള്‍ക്ക് നിയമനിര്‍മ്മാണ പ്രക്രിയയില്‍ പങ്കുവഹിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമായിരിക്കും സംജാതമാകുക.

ഭരണഘടനാപരമായ സ്വേച്ഛാധിപത്യത്തെ തുരത്തുക
നമ്മുടെ പാര്‍ട്ടി ഒഴികെ മറ്റൊരുപാര്‍ട്ടിയും ഈ വിപത്തിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് സ്ഥിതി. അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ജനങ്ങളുടെ കാര്യംപോകട്ടെ, ഇതില്‍ പതിയിരിക്കുന്ന അപകടം അവര്‍തന്നെ മനസ്സിലാക്കിയിട്ടില്ല എന്നുവേണം കരുതാന്‍. എന്നുമാത്രമാല്ല ലെജിസ്ലേച്ചറിന്റെ വിലകെടുത്തി ജൂഡീഷ്യറിയുടെ സഹായത്തോടെ ഭരണഘടനാപരമായ സ്വേച്ഛാധിപത്യം കൊണ്ടുവരിക എന്ന മുതലാളി വര്‍ഗ്ഗത്തിന്റെ ഹീനപദ്ധതി എല്ലാവരും അംഗീകരിച്ചമട്ടാണ്.

എന്നാല്‍ ഈ അപകടകരമായ പ്രവണതകളെക്കുറിച്ച് നേരായി ചിന്തിക്കുന്നവര്‍ മനസ്സിലാക്കിയിരിക്കണം. ഒരു പ്രമുഖ പാര്‍ട്ടിയെയും ഇതിനെ എതിര്‍ക്കാന്‍ കൂട്ടുകിട്ടില്ലയെന്ന കാര്യം അറിഞ്ഞിരിക്കണം. ക്രിമിനലുകളില്‍നിന്ന് തെരഞ്ഞെടുപ്പ് രംഗം മുക്തമാക്കി നീതിപര്‍വ്വമാക്കാന്‍ ശക്തമായ പൊതുജനാഭിപ്രായം രൂപീകരിക്കുകയും യോജിച്ച ജനാധിപത്യപ്രക്ഷോഭം വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. കോടതി ലെജിസ്ലേച്ചറിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെ ശക്തമായ ജനമുന്നേറ്റം വളര്‍ത്തിയെടുക്കാതെ കോടതിയിലൂടെ കാര്യങ്ങള്‍ സാധിക്കാം എന്നു കരുതുന്നത് ആത്മഹത്യപരമായിരിക്കും. ഇന്ത്യയിലെ വിപ്ലവപ്പാര്‍ട്ടി എന്ന നിലയില്‍ എസ്‌യുസിഐ(സി) ഈ വിപത്തുകളെക്കുറിച്ച് നിരന്തരം ജനങ്ങളെ ബോധവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്. ബൃഹത്തായ വര്‍ഗ്ഗ-ബഹുജന പ്രക്ഷോഭങ്ങല്‍ വളര്‍ത്തിയെടുക്കുന്ന നമ്മുടെ പാര്‍ട്ടി, ഭരണഘടനാപരമായ സ്വേച്ഛാധിപത്യം രൂപപ്പെടുത്താനുള്ള മുതലാളിവര്‍ഗ്ഗ പദ്ധതിക്കെതിരായ പോരാട്ടവും അതില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍, അപകടകരമായ ഈ സ്ഥിതിവിശേഷത്തെ ഗൗരവമായി കാണാനും അവസരത്തിനൊത്തുയരാനും നമ്മുടെ പാര്‍ട്ടി ജനങ്ങളോടഭ്യര്‍ത്ഥിക്കുന്നു.

Share this post

scroll to top