രൂപയുടെ വിലയിടിവ് തടയാനെന്ന പേരിലുള്ള നടപടികള്‍ ജനജീവിതത്തെ തകര്‍ക്കുന്നു

Share

രൂപയുടെ അതിവേഗത്തിലുള്ള പതനത്തെ എവ്വിധവും തടഞ്ഞുനിര്‍ത്തുകയെന്ന പ്രചരണമറ സൃഷ്ടിച്ചുകൊണ്ട് വിദേശനാണ്യത്തിന്റെ ഒഴുക്ക് കൂട്ടാനും കറണ്ട് അക്കൗണ്ട് കമ്മി(വിദേശനാണ്യശേഖരത്തെ ശോഷിപ്പിക്കുന്ന വിധത്തില്‍ കയറ്റുമതിയെക്കാള്‍ ഇറക്കുമതി കൂടുന്ന സ്ഥിതി) കുറക്കാനുമെന്ന പേരില്‍ കോണ്‍ഗ്രസ് നിയക്കുന്ന യുപിഎ സര്‍ക്കാര്‍, ഇതിനോടകം തന്നെ നിലംപരിശായിരിക്കുന്ന അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെമേല്‍ പുതിയ സാമ്പത്തികാക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. എണ്ണവില നിയന്ത്രണങ്ങല്‍ എടുത്തുകളഞ്ഞും സബ്‌സിഡി നിരക്കിലുള്ള ഗ്യാസ്‌സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചും മള്‍ട്ടിബ്രാന്റ് ചെറുകിട വ്യാപാരത്തില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചും ഇന്ധനത്തിനും ഭക്ഷ്യധാന്യങ്ങള്‍ക്കും രാസവളങ്ങള്‍ക്കും ക്രമേണ സബ്‌സിഡി നിര്‍ത്തലാക്കിയും രാസവളത്തിന്റെയും ഊര്‍ജ്ജോല്പാദനത്തിന്റെയും പ്രധാനഘടകമായ പ്രകൃതിവാതകത്തിന്റെ വില ധിക്കാരപൂര്‍വ്വം ഏകപക്ഷീയമായി ഇരട്ടിയാക്കിവര്‍ദ്ധിപ്പിച്ചും ജനങ്ങളെ ഞെട്ടിച്ച സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ പുതിയ വെല്ലുവിളികളുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രതിരോധരംഗത്തും ഇന്‍ഷ്വറന്‍സ്, റിഫൈനറികള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ തുടങ്ങിയവയില്‍ നേരിട്ടുള്ള വിദേശനിക്ഷേപവ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കിക്കൊണ്ടുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ധൃതിപിടിച്ച് കൊണ്ടുവരികയാണ്. അത്തരത്തിലുള്ളവ ഇനിയും അണിയറയില്‍ ഒരുങ്ങിവരികയാണ്.

നിശ്ചലമായ സമ്പദ്‌വ്യവസ്ഥയെ നേരെയാക്കാനായി, ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്നവയായാല്‍ പോലും ചില കടുത്ത നടപടികള്‍ സ്വീകരിച്ചുകൊണ്ട് സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാതെ മാര്‍ഗ്ഗമില്ലെന്ന് ഭരണവൃന്ദവും അവരുടെ പാദസേവകരായ സാമ്പത്തികവിദഗ്ദന്മാരും സാമ്പത്തികകാര്യലേഖകന്മാരും സമര്‍ത്ഥിക്കുന്നു. കൂടുതല്‍ കൂടുതല്‍ മേഖലകളിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപമെത്തുന്നതോടെ വിദേശനാണ്യം ഒഴുകിയെത്തുമെന്നും രൂപയുടെ മൂല്യം ഉയരുമെന്നും സമ്പദ്‌രംഗം ഉണരുമെന്നും ജനങ്ങള്‍ക്ക് നല്ലകാലം വരുമെന്നുമുള്ള ധാരണ അവര്‍ പരത്താന്‍ ശ്രമിക്കുന്നു.

സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍’ ജനങ്ങളെ ചതച്ചരക്കുകയാണ് ചെയ്തത്
പക്ഷേ ഇതുവരെ നടപ്പിലാക്കിയ ‘പരിഷ്‌ക്കാരങ്ങളും’ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നവയുടെ സ്വഭാവവും നോക്കുമ്പോള്‍ സര്‍ക്കാര്‍ വാദങ്ങള്‍ വിഴുങ്ങാനാവാത്തതാണെന്ന് മനസ്സിലാകും. പ്രകാശപൂരിതമായ ഭാവി സാധാരണ്കാര്‍ക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് 1990 കളില്‍ ഇന്ത്യന്‍ മുതലാളിത്തസര്‍ക്കാര്‍ ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റയും പരിഷ്‌ക്കാരങ്ങളെ ആനയിച്ചുകൊണ്ട് വന്നത്. അതുവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന പൊതുജനക്ഷേമമടക്കമുള്ള സര്‍വ്വീസ് മേഖലയെ സ്വകാര്യമുതലാളിമാര്‍ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടി തുറന്നുകൊടുത്തു. ക്രമേണ സര്‍ക്കാര്‍ മേഖലയെ പൊളിച്ചെടുക്കാനും സാമ്പത്തികരംഗമാകെ സ്വകാര്യസംരംഭകരുടെ കൈകളിലെത്തിക്കുവാനുമായിരുന്നു പദ്ധതി. ആരോഗ്യ-വിദ്യാഭ്യാസ- പൊതുസേവനരംഗങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിന്റെ പ്രവാഹമായിരുന്നു തുടര്‍ന്നുണ്ടായത്. ഇപ്പോഴിതാ ചെറുകിടവ്യാപാരവും. സ്വാതന്ത്ര്യാനന്തരം പൊതുജനങ്ങളുടെ സമ്പത്ത് കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട പൊതുമേഖലാസ്ഥാപനങ്ങള്‍ കൂടുതല്‍ കൂടുതലായി സ്വകാര്യമുതലാളിമാര്‍ക്ക് വിറ്റുതുലക്കുകയെന്നതും പരിഷ്‌ക്കാരത്തിന്റെ ഭാഗമായിരുന്നു. പിന്നീടങ്ങോട്ട്, ഇതിനോടകം സ്വകാര്യവല്‍ക്കരണ്തിനായി തുറന്നുകൊടുക്കപ്പെട്ട മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപവും ഷെയറുകളിലും മറ്റും ഊഹക്കച്ചവടത്തിനായി വിദേശനിക്ഷേപവും വശീകരിച്ചുകൊണ്ടുവരാനായി വന്‍തോതിലുള്ള നിക്ഷേപകമ്പോളപരിഷ്‌ക്കാരങ്ങള്‍ക്കുവേണ്ടിയും എന്തിന്, അവശ്യവസ്തുക്കളുടെ വില ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് അനുകൂലമായിപ്പോലും വാദങ്ങള്‍ നിരത്തി.

ഇതിന്റെ ഫലമായി എന്തുണ്ടായി? വിവിധ മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം വഴിയും ഷെയര്‍മാര്‍ക്കറ്റിലെ ഊഹക്കച്ചവടത്തില്‍ വിദേശസ്ഥാപന നിക്ഷേപകരുടെ വര്‍ദ്ധിച്ച പങ്കാളിത്തം വഴിയും വിദേശനാണ്യം കൂടുതലായെത്തിയെന്നത് ശരിയാണ്. കുടുംബത്തിലെ നിധിയെന്നോണം കണക്കാക്കാവുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിച്ചതുവഴിയും പണം വന്നിട്ടുണ്ട് പക്ഷേ, ഈ പണമെല്ലാം എങ്ങോട്ടുപോയി?

നേരിട്ടുള്ള വിദേശനിക്ഷേപത്തിനായി അഭിപ്രായ സമാഹരണം നടത്തുന്നവര്‍ അവകാശപ്പെടുന്നത് അത് നിക്ഷേപസാദ്ധ്യമായ വിഭവങ്ങള്‍ക്ക് മുതല്‍ കൂട്ടുകയും സാങ്കേതിക വിദ്യയും നല്ല മാനേജ്‌മെന്റ് സമ്പ്രദായങ്ങളും കൊണ്ടുവരികയും ആഭ്യന്തരനീക്കിയിരിപ്പും നിക്ഷേപവും തമ്മിലുള്ള അന്തരം നികത്തുകയും ചെയ്യുമെന്നും തൊഴില്‍ നല്‍കുമെന്നും നികുതി വരുമാനം കൂട്ടുമെന്നുമൊക്കെയാണ്. ആഗോളവല്‍ക്കരണത്തിന്റെ സാമ്പത്തികശാസ്ത്രത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ചില സാങ്കേതിക പദാവലികള്‍ കോര്‍ത്ത വാചക കസര്‍ത്തുകള്‍ കേള്‍ക്കാന്‍ രസമുണ്ട്. പക്ഷേ ഈ അവകാശവാദങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ? 2000-ാമാണ്ട് മുതല്‍ മിക്കവയും മേഖലകളില്‍ 100% നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതിന് ശേഷം അതുവഴി 290 ബില്യന്‍ ഡോളറിനുമേല്‍ വിദേശനിക്ഷേപം ഇന്ത്യയിലെത്തി. പക്ഷേ അത് ദുരിതങ്ങളനുഭവിക്കുന്ന പരകോടികള്‍ക്ക് എന്തെങ്കിലും ആശ്വാസം പ്രദാനം ചെയ്‌തോ? അതോ അവരുടെ കഷ്ടതകള്‍ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചോ? ഒരുപിടി വരുന്ന ധനികരും കോടിക്കണക്കായ പാവപ്പെട്ടവരും തമ്മിലുള്ള വിടവ് കാര്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് രണ്ടുമാസം മുമ്പ് പ്രസിദ്ധീകരിച്ച 1999-2000 മുതല്‍ 2011-2012 വരെയുള്ള നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഫലങ്ങള്‍ വെളിവാക്കുന്നത.് പരിഷ്‌ക്കരണ നടപടികള്‍ ദേശീയ ഉല്പാദന (ജി.ഡി.പി) ത്തെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഭരണവൃന്ദവും അവരുടെ പിണിയാളുകളും അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഫലങ്ങള്‍ താഴേത്തട്ടിലെ ഏറ്റവും അര്‍ഹരായ സാധുക്കളിലേക്ക് എത്തിയിട്ടില്ലെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. പുതിയ സാങ്കേതിക വിദ്യയും ഏറ്റവും നല്ല മാനേജ്‌മെന്റ് വിദ്യകളും ജനങ്ങള്‍ക്ക് നന്മയൊന്നും കൊണ്ട് വന്നിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു. തൊഴില്‍ സൃഷ്ടിക്കുന്നതിന് പകരം അത് ഉള്ള തൊഴില്‍ ഇല്ലാതാക്കുന്നതിനും തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ മനുഷ്യാദ്ധ്വാനത്തിന്റെ സ്ഥാനത്ത് സങ്കീര്‍ണ്ണയന്ത്രങ്ങള്‍ സ്ഥാപിക്കുകയുമാണ് ചെയ്തത്. കുറഞ്ഞുകൊണ്ടേയിരിക്കുന്ന വ്യാവസായികോല്പാദനത്തിന്റെ കണക്ക് വ്യക്തമായി സ്ഥാപിക്കുന്നത് നേരിട്ടുള്ള വിദേശനിക്ഷേപം വഴി വികസന കുതിപ്പുണ്ടാകുമെന്ന വാദം അര്‍ത്ഥശൂന്യമെന്നാണ്. ബ്രിട്ടീഷ് സെല്ലൂലാര്‍ ഫോണ്‍ ഭീമന്മാരായ വോഡഫോണ്‍ 11000 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയത് കാണിക്കുന്നത്,നേരിട്ടുള്ള വിദേശനിക്ഷേപം നികുതിവര്‍ദ്ധ നവിനല്ല നികുതി വെട്ടിപ്പിനാണ് വഴിതുറക്കുന്നതെന്നാണ്.
അപ്പോള്‍ നേരിട്ടുള്ള വിദേശനിക്ഷേപം വഴി വന്നുചേരുന്ന ഭീമമായ പണത്തിന്റെ ഗുണഭോക്താക്കള്‍ ആരാണെന്നതാണ് പ്രസക്തമായ ചോദ്യം. പരിഷ്‌ക്കാരങ്ങള്‍ ആരംഭിച്ചതിന് ശേഷമുള്ള കാലം ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പേടിസ്വപ്നമായി മാറിയെന്നതാണ് യാഥാര്‍ത്ഥ്യം. കുതിക്കുന്ന വിലക്കയറ്റം, വളരുന്ന തൊഴിലില്ലായ്മ, വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍, അതിരില്ലാത്ത സാമ്പത്തിക അതിക്രമങ്ങള്‍, പൊതുവിതരണ സമ്പ്രദായത്തിന്റെ ഘട്ടം ഘട്ടമായുള്ള പൊളിച്ചെടുക്കല്‍ തുടങ്ങിയവ ജനങ്ങളെ ദിവസം ചെല്ലുന്തോറും കൂടുതല്‍ വരിഞ്ഞുമുറുക്കുകയാണ്. അതേസമയം ലോകത്തിലെ ഏറ്റവും സമ്പന്നരായ പത്ത് പേരില്‍ നാല് ഇന്ത്യന്‍ കുത്തക ബിസിനസ് രാജാക്കന്മാര്‍ കടന്നുകൂടത്തക്കവിധം കുത്തകകളുടെയും കോര്‍പ്പറേറ്റ് ഭീമന്മാരുടെയും ഖജനാവ് കുമിഞ്ഞുകൂടുകയാണ്. എല്ലാത്തരം കുതന്ത്രങ്ങളും കണക്കിലെ മറിമായങ്ങളും നെറ്റിപ്പട്ടം കെട്ടിയ സാമ്പത്തികശാസ്ത്രപദാവലികളും അണിനിരത്തിയാലും ഈ പച്ചയാഥാര്‍ത്ഥ്യത്തെ മറക്കാന്‍ സര്‍ക്കാര്‍ സര്‍വ്വേക്കാര്‍ക്കോ ചെല്ലം ചുമട്ടുകാര്‍ക്കോ കഴിയില്ല.
മുതലാളിമാരെ രക്ഷപ്പെടുത്തുകയാണാ പരിഷ്‌ക്കാരത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം. വിദേശവിദ്യാഭ്യാസം ലഭിച്ച സാമ്പത്തികവിദഗ്ദ്ധന്മാരായ പ്രധാനമന്ത്രിയും ധനമന്ത്രിയും ശോഭനമായ ഭാവിയെപ്പറ്റി എത്രതന്നെ പെരുമ്പറ കൊട്ടിയാലും ദുരിതത്തിലാണ്ട ജനങ്ങള്‍ മനസ്സിലാക്കുക ഇതൊക്കെ പ്രതിസന്ധിയിലാണ്ട മുതലാളിത്തത്തെ രക്ഷപ്പെടുത്തുകയെന്ന ഏകലക്ഷ്യം വച്ചുകൊണ്ടുള്ള വായാടിത്തം മാത്രമാണെന്നും മുതലാളിമാര്‍ക്ക് പരമാവധി ലാഭമെന്നാല്‍ പണിയെടുക്കുന്ന ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ പാപ്പരാവുകയാണെന്നര്‍ത്ഥം. ക്രൂരമായ മുതലാളിത്ത ചൂഷണത്തിന്റെ ഫലമായി ജനങ്ങളുടെ വാങ്ങല്‍ശേഷി തറതൊട്ടപ്പോള്‍ സാമ്പത്തികമാന്ദ്യം മുതലാളിത്ത ഉല്പാദനക്രമത്തെ പിടിച്ചുലക്കുന്നു. ഈ പ്രതിസന്ധി മറികടക്കാനെടുക്കുന്ന ഓരോ നടപടികളും ജനങ്ങളുടെ ചോരയൂറ്റുന്നവയാണ്. ഇന്ത്യയില്‍ മാത്രമല്ല ആഗോളവല്‍കൃതമെന്ന് വിളിക്കുന്ന യു.എസ്, യൂറോപ്യന്‍ സമ്പദ്ക്രമങ്ങളും ഇതേവിധത്തില്‍ ജനങ്ങളെ പീഡിപ്പിക്കുകയാണ്. ഒന്നിന് പിറകേ മറ്റൊന്നായി രാജ്യങ്ങള്‍ പാപ്പരായി പ്രഖ്യാപിക്കപ്പെടുന്ന സ്ഥിതിവരെയെത്തിയിരിക്കുന്നു. പരിഷ്‌ക്കാരത്തിന്റെ ഈ കാഴ്ചയാണ് ലോകമെങ്ങും കാണാനാവുക.

വാണിജ്യക്കമ്മിയും തകരുന്ന രൂപയും
പണത്തിന്റെ ലഭ്യതയെക്കാളും കുറഞ്ഞ ആവശ്യകതയുള്ളപ്പോഴാണ് അതിന്റെ മൂല്യം കുറയുക. ഒരു രാജ്യത്തെ ഇറക്കുമതി കയറ്റുമതിയേക്കാള്‍ വളരെ കൂടുമ്പോഴാണ് അവിടുത്തെ കറന്‍സിയുടെ ആവശ്യകത കുറയുന്നത്. ഈ അവസ്ഥയാണ് കറണ്ട് അക്കൗണ്ട് കമ്മി ആറുലക്ഷം കോടി രൂപയാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുമ്പോള്‍ ഡോളറിലോ യൂറോയിലോ ആണ് വിലനല്‍കുന്നത്. കയറ്റുമതി ചെയ്യുന്നതും വിദേശനാണ്യത്തിലാണ്. കയറ്റുമതി ഇറക്കുമതിയേക്കാള്‍ കുറവാണെങ്കില്‍ നമ്മുടെ വിദേശനാണ്യശേഖരം ശോഷിക്കും. സര്‍ക്കുലേഷനിലുള്ള രൂപയും വിദേശനാണ്യശേഖരവും തമ്മില്‍ വലിയ അസന്തുലിതാവസ്ഥയുണ്ടെങ്കില്‍ രൂപയുടെ മൂല്യം കുറയും. 1990കളില്‍ ആഗോളവല്‍ക്കരണനയങ്ങള്‍ ഉരുണ്ടിറങ്ങിയതുമുതല്‍ നമ്മുടെ ഇറക്കുമതി വന്‍വേഗതയില്‍ വര്‍ദ്ധിച്ചുവരികയാണ്. 990-91ല്‍ 1,44,000 കോടി രൂപയായിരുന്ന ഇറക്കുമതി 202-13 ല്‍ 29,50,000 കോടി രൂപയായി വര്‍ദ്ധിച്ചു.
പരമ്പരാഗതമായി നമ്മുടെ ഇറക്കുമതി ചെലവില്‍ പ്രധാന പങ്ക് എണ്ണയാണ്. മൂന്നിലൊന്ന് ഭാഗം വരുമത്. ഇറക്കുമതി ചെലവിലുള്ള ഈ വര്‍ദ്ധനവിന് കാരണം അന്തര്‍ദ്ദേശീയ മാര്‍ക്കറ്റില്‍ എണ്ണവില വര്‍ദ്ധിച്ചതാണോ അതോ സുനിശ്ചിതമായ ഒരു പദ്ധതിയിന്‍ പ്രകാരമാണോ 970 കളില്‍ നമുക്കാവശ്യമുള്ള എണ്ണയുടെ 70 ശതമാനവും ഇന്ത്യയിലാണ് ഉല്പാദിപ്പിച്ചിരുന്നത്. ഇപ്പോഴത് 15 മുതല്‍ 20 ശതമാനം വരെ മാത്രമാണ്. അക്കാലത്ത് ബഹുരാഷ്ട്രകമ്പനികളെ ഇന്ത്യയിലെ എണ്ണമേഖലയില്‍ നിന്ന് വിലക്കുകയും ഒ.എന്‍.ജി.സിയുടെ പ്രവര്‍ത്തനം വിപുലമാക്കുകയും എണ്ണയുടെ കാര്യത്തില്‍ രാജ്യം സ്വയം പര്യാപ്തതയിലേക്ക് അടുക്കുകയും ചെയ്തതായിരുന്നു. പക്ഷേ, 1991 ലെ സാമ്പത്തിക ഉദാരവല്‍ക്കരണത്തോടെ രാജ്യത്തെ ഇരുപത്തിമൂന്ന് എണ്ണ ഉല്പാദന ബ്‌ളോക്കുകള്‍ സ്വദേശ-വിദേശ ബഹുരാഷ്ട്രകുത്തകകള്‍ക്ക് തീറെഴുതികൊടുത്തതോടെ ആഭ്യന്തര എണ്ണ ഉല്പാദനം കുത്തനെ ഇടിഞ്ഞു. ക്രമേണ ഇന്ത്യന്‍ എണ്ണമേഖല അവരുടെ പിടിയിലകപ്പെടുകയും ചെയ്തു. എണ്ണ പര്യവേക്ഷണം ചെലവേറിയതും വിജയകരമായ ഫലം കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. അതുമായതിനാല്‍ വിദേശരാജ്യങ്ങളില്‍ നിന്ന് എണ്ണവാങ്ങി ആഭ്യന്തരമാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നതാണ് കൂടുതല്‍ ലാഭകരം എന്നവര്‍ മനസ്സിലാക്കിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കുത്തക കുടുംബങ്ങളുടെ അങ്ങേയറ്റം അന്യായമായ ആവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ട് ഇന്ത്യാഗവണ്മെന്റ് പാചകവാതകത്തിന്റെ വില ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചത് അടുത്തിടെയാണ്.
സ്വര്‍ണവും വെള്ളിയുമാണ് മറ്റൊരു പ്രധാന ഇറക്കുമതി, ഇവയുടെ ഇറക്കുമതി ചെലവ് 2007-08ല്‍ 22.8 ബില്യന്‍ ഡോളറായിരുന്നത് 2011-12ല്‍ 61.3 ബില്യന്‍ ഡോളറായി വര്‍ദ്ധിച്ചു. ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയുടെ 30 ശതമാനവും സ്വര്‍ണ്ണ ഇറക്കുമതി മൂലമാണ്. അര്‍ദ്ധനഗ്നരും പട്ടിണിക്കാരുമല്ലല്ലോ ഇതിന്റെ ഉപഭോക്താക്കള്‍.
ഇന്ത്യയാണ് കല്‍ക്കരി ശേഖരത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ 300 ബില്യന്‍ ടണ്ണിന്റെ ശേഖരം. എന്നിട്ടും ഏതാണ്ട് 8 ബില്യണ്‍ ഡോളര്‍ വിലവരുന്ന 82 ബില്യണ്‍ ടണ്‍ കല്‍ക്കരി ഈ വര്‍ഷം ഇറക്കുമതി ചെയ്യുകയാണ്. തദ്ദേശ ലഭ്യത ഇല്ലാതാക്കിക്കൊണ്ട് ഉള്ളിയും പഞ്ചസാരയും കയറ്റുമതി ചെയ്യാന്‍ ശക്തരായ ലോബികള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തന്നെ ഇതേ സാധനങ്ങള്‍ വന്‍വില നല്‍കിക്കൊണ്ട് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു. ഇലക്‌ട്രോണിക് സാധനങ്ങളുടെ ഇറക്കുമതിയും ഇത്തരത്തില്‍ ഇറക്കുമതി ബില്‍ കൂടുന്നവയാണ്. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുപിന്നാലെ ഇന്ത്യന്‍ കുത്തകകളുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കാനും അന്തര്‍ദ്ദേശീയ രംഗത്ത് ശക്തരായി രംഗത്തെത്താനും വേണ്ടി സ്വയം പര്യാപ്തതക്ക് ഊന്നല്‍ നല്‍കുകയും ആഭ്യന്തര ഉല്പാദന വളര്‍ച്ചക്ക് സഹായമേകുകയും കയറ്റുമതി കൂട്ടുകയും ഇറക്കുമതി കുറക്കുകയും ചെയ്ത കാലം ഓര്‍ക്കുന്നുണ്ടാകും. പക്ഷേ മുതലാളിത്ത പ്രതിസന്ധി രൂക്ഷമാവുകയും ഇന്ത്യന്‍ കുത്തകകള്‍ അന്തര്‍ദ്ദേശീയ കാര്‍ട്ടലുകളിലും ബഹുരാഷ്ട്രകുത്തക കമ്പനികളിലും ശക്തരായ പങ്കാളികളായി മാറുകയും ആഗോളവല്‍ക്കരണത്തിന്റെയും ഉറ്റതോഴന്മാരായി മാറുകയും ചെയ്തതോടെ പോക്ക് എതിര്‍ദിശയിലായി. കുത്തകകളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ ഇറക്കുമതി കയറ്റുമതിയേക്കാള്‍ അധികരിച്ചു. ഇതിനിടയില്‍ ആഗോളവല്‍ക്കരണത്തിന്റെ ചില അനുകൂല ഘടകങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ചില ഉല്പന്നങ്ങള്‍ക്ക് യു.എസിലും യൂറോപ്പിലും കയറ്റുമതി മാര്‍ക്കറ്റ് സൃഷ്ടിക്കാനായിട്ടുണ്ട്. ഈ കയറ്റുമതി നാട്ടിലെ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ച ശേഷമുള്ള മിച്ചമായിരുന്നില്ല. മറിച്ച് ഈ കമ്പോളം പിടിച്ചെടുക്കാനായി മാത്രം ഉല്പാദനം നടത്തുന്ന ബസുമതി അരി, ചെമ്മീന്‍ തുടങ്ങിയവ മാത്രമായിരുന്നു.

പക്ഷേ, മുതലാളിത്തത്തിന്റെ അവിഭാജ്യ നിയമമനുസരിച്ച് ആ രാജ്യങ്ങളിലെ ജനങ്ങളുടെയും വാങ്ങല്‍ശേഷി ശോഷിക്കുന്നതിനാല്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായി. ഇത് കയറ്റുമതി ലാക്കാക്കിയുള്ള ഉല്പാദന യൂണിറ്റുകള്‍ പൂട്ടുന്നതിലേക്കും അവിടങ്ങളില്‍ പണിയെടുത്തിരുന്ന തൊഴിലാളികളുടെ പിരിച്ചുവിടലിലേക്കും നയിച്ചു. ഈ വഴിക്കുണ്ടായ രൂപയുടെ പതനത്തെ പിടിച്ചുനിര്‍ത്താനുമായില്ല. എന്നിരുന്നാലും നേരിട്ടുള്ള വിദേശനിക്ഷേപത്തെ കൂടുതല്‍ ഉദാരമാക്കുന്ന നയത്തില്‍ നിന്നവര്‍ പിന്തിരിഞ്ഞില്ല. പ്രതിസന്ധി ഗ്രസ്തമായ മുതലാളിത്തക്രമത്തിന്റെ വര്‍ഗ്ഗപരമായ ആവശ്യമാണത്. പുത്തന്‍കൊളോണിയല്‍ ചൂഷണത്തിന്റെ ഇന്നത്തെ രൂപമാണത്. വിദേശമൂലധനത്തിന്റെ സുഗമമായ ആഗമനത്തെ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും തുടര്‍ന്നുണ്ടാവുന്ന ചൂഷണത്തിന്റെ പരിണതഫലങ്ങള്‍ കൂടുതല്‍ സാമ്പത്തികാതിക്രമങ്ങളായി ഏറ്റുവാങ്ങാന്‍ ജനങ്ങളെ നിര്‍ബന്ധിതമാക്കുകയും ചെയ്യുന്ന കുറ്റകൃത്യമായെ ഇതിനെ കാണാനാവൂ.

നേരിട്ടുള്ള വിദേശനിക്ഷേപവും വിദേശസ്ഥാപനനിക്ഷേപവും വിദേശനാണ്യം സ്വരൂപിക്കുകയെന്നത് സര്‍വ്വരോഗ സംഹാരിയാണെന്ന പരിഷ്‌ക്കാര വാദികളുടെ അവകാശവാദത്തെയാണ് ഇനി പരിശോധിക്കേണ്ടത്. ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയുന്നതിനാല്‍ വ്യാവസായിക ഉല്പാദനത്തിലുള്ള നിക്ഷേപത്തില്‍ നിന്ന് മുതലാളിമാര്‍ അകന്നുപോകുകയാണ്. അതേസമയം പരമാവധി ലാഭമുണ്ടാക്കാനുള്ള ത്വര ഉപേക്ഷിക്കാനുമാവില്ല. വെരുതെയിരിക്കുന്ന വന്‍ മൂലധനത്തെ അവര്‍ ലാഭം കൊയ്യാനായി ഷെയര്‍മാര്‍ക്കറ്റുകളിലെ ഊഹക്കച്ചവടത്തിനായി ഉപയോഗിക്കുന്നു. ഊഹക്കച്ചവടത്തിലൂടെ പണം വര്‍ദ്ധിപ്പിക്കാനായി ആഗോള സ്വഭാവമുള്ള മൂലധനം ഏറ്റവും ഉചിതമായ താവളങ്ങളെ ലക്ഷ്യമാക്കി സദാമാറിക്കൊണ്ടിരിക്കുന്നു. അതിനാല്‍ എല്ലാ മുതലാളിത്ത സാമ്രാജ്യത്ത രാജ്യങ്ങളും ഇത്തരം ഊഹക്കച്ചവടാധിഷ്ഠിത വിദേശനിക്ഷേപത്തെ ആകര്‍ഷിക്കാനായി വന്‍തോതിലുള്ള നികുതിയിളവുകളും ആനുകൂല്യങ്ങളും വെച്ചുനീട്ടാനുള്ള കഴുത്തറുപ്പന്‍ മത്സരത്തിലാണ്. ഇന്ത്യാഗവണ്മെന്റും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. ആരംഭത്തില്‍ ഇത്തരം ആനുകൂല്യങ്ങള്‍ കൈപ്പറ്റി വിദേശസ്ഥാപന നിക്ഷേപകര്‍ ആയിരക്കണക്കിന് കോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നടത്തി. പക്ഷേ യൂറോപ്പിലെ കടബാദ്ധ്യത പ്രതിസന്ധിയെ തുടര്‍ന്നും യുഎസിലുണ്ടായ സബ്‌പ്രൈം പ്രതിസന്ധിയെ തുടര്‍ന്ന് ലോകമെങ്ങുമുള്ള ഊഹാധിഷ്ഠിത മൂലധന കമ്പോളമാകെ തലകുത്തിവീണു. മുതലാളിത്ത കമ്പോളത്തിന്റെ ഈ മാന്ദ്യത്തില്‍ നിന്ന് കരകയറാനുള്ള സാദ്ധ്യത മങ്ങിയതിനാലും യു.എസ് സാമ്രാജ്യത്ത ഭരണകൂടത്തിന്റെ ചില വിദഗ്ദ്ധ തന്ത്രങ്ങളുടെ പ്രയോഗത്താല്‍ ഡോറളിന്റെ വില വര്‍ദ്ധിച്ചതും കാരണം വിദേശനിക്ഷേപകര്‍ കഴിഞ്ഞ രണ്ടുമാസങ്ങളിലായി മാത്രം 60,00 കോടി അമേരിക്കന്‍ ഡോളറാണ് ഇന്ത്യന്‍ കമ്പോളത്തിലെ നിഷേധത്തില്‍ നിന്ന് പിന്‍വലിച്ചത്. ഈ കൂടുമാറല്‍ കാരണം വിദേശനാണ്യശേഖരത്തില്‍ വന്‍തോതില്‍ കുറവുണ്ടായി. ഇതിന്റെയെല്ലാം ഫലമായി രൂപയുടെ വില ശോഷിക്കുകയാണ്. ഇങ്ങനെ വിലകുറയുമ്പോള്‍ കയറ്റുമതി വര്‍ദ്ധിക്കുമെന്നാണ് ബൂര്‍ഷ്വ സാമ്പത്തിക പണ്ഡിതന്മാര്‍ പറയുന്നത്. പക്ഷേ സംഭവിക്കുന്നത് നേരെ മറിച്ചാണ്. ആ രാജ്യങ്ങളിലെയും ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയുന്നതാണ് കാരണം.

സുപ്രധാനമേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം രക്ഷക്കെത്തുമെന്നത് തട്ടിപ്പ്
ചെലവുകുറഞ്ഞ അദ്ധ്വാന ശേഷിയോ അസംസ്‌കൃത വിഭവങ്ങളെയോ ലക്ഷ്യം വെച്ച് മറ്റൊരുരാജ്യത്ത് ഉല്പാദനമേഖലയില്‍ നിക്ഷേപം നടത്തുന്നതിന് വിദേശകുത്തകകള്‍ക്ക് ഇന്നത്തെ കാലത്ത് യാതൊരു താല്പര്യവുമില്ല. ഉല്പന്നങ്ങള്‍ക്ക് കമ്പോളമില്ല എന്നതുതന്നെ കാരണം. പരമാവധി ലാഭം വളരെ പെട്ടെന്ന് ലഭിക്കാനുതകുന്ന മേഖലകള്‍ തുറന്ന് കാട്ടാനായി ആഗോളവല്‍ക്കരണത്തിന്റെ ആസൂത്രകര്‍ ശക്തമായി പരിശ്രമിക്കുകയാണിപ്പോള്‍. ഇതുവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന വിവിധ മേഖലകള്‍ വിദേശമൂലധനമടക്കമുള്ള സ്വകാര്യമൂലധനത്തിന്റെ കടന്നുവരവിന് അവസരമുണ്ടാക്കിക്കൊണ്ട് അവയുടെ നിയന്ത്രണം പോലും കൈക്കലാക്കാന്‍ പറ്റുന്ന തരത്തില്‍ തുറന്നിടുകയാണ്. നേരിട്ടുള്ള വിദേശ നിക്ഷേപമടക്കം വന്‍തോതിലുള്ള സ്വകാര്യവല്‍ക്കരണത്തിന്റെ ഫലമായി വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, പൊതുസേവനങ്ങള്‍ തുടങ്ങയിവ വന്‍തുക മുടക്കിയാല്‍ മാത്രം കിട്ടുന്ന ചരക്കായി മാറി.

1990 കളില്‍ വിദേശനിക്ഷേപകര്‍ അവരുടെ നിഷേധങ്ങള്‍ പൊടുന്നനെ പിന്‍വലിച്ചപ്പോള്‍ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ ഏതാണ്ട് പാപ്പരായിപ്പോകുന്ന അവസ്ഥയിലെത്തിയത് ഓര്‍ക്കുന്നുണ്ടാവും. വിദേശത്തെ കെട്ടിടം ഭൂമി, യന്ത്രങ്ങള്‍ ഫാക്ടറി തുടങ്ങിയ മൂലധന ആസ്തികള്‍ വാങ്ങുന്നതിനായി രൂപ യാതൊരു വിദേശക റന്‍സിയുമായി മാറ്റാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുകയാണെങ്കില്‍ ഇന്ത്യക്കും ഭാവിയില്‍ അതേവിധി അഭിമുഖീകരിക്കേണ്ടിവരും. ഊഹക്കച്ചവടവും ചൂതാട്ടവും വളര്‍ത്താനുതകുന്ന തരത്തിലുള്ള യാതൊരു പരിഷ്‌ക്കാരവും യു.എസ് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിലെ ഭീമന്‍ കുത്തക ധനകാര്യസ്ഥാപനങ്ങള്‍ തകര്‍ന്നടിഞ്ഞതുപോലെ ഇവിടെയും കാരണമായേക്കാം. യു.എസ് ലോകത്തിലെ ഏറ്റവും കടബാദ്ധ്യതയുള്ള രാജ്യമെന്നതിനാലും സമ്പദ് വ്യവസ്ഥ സൈനികവല്‍ക്കരണത്തിലും ഊഹക്കച്ചവടത്തിലും അധിഷ്ഠിതമായിരിക്കുന്നതിനാലും ഡോളര്‍ ഏത് നിമിഷവും തകര്‍ന്നടിഞ്ഞേക്കാം. അതിനാല്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തുന്നത്, പ്രത്യേകിച്ചും തന്ത്രപ്രധാനമേഖലകളില്‍, ജനങ്ങളുടെ ദുരിതങ്ങള്‍ പലമടങ്ങ് വര്‍ദ്ധിക്കാനേ ഉപകരിക്കൂ.

പ്രതിരോധമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം ഉയര്‍ത്തുന്നത് ദേശരക്ഷയെ അപകടപ്പെടുത്തും.
പ്രതിരോധ രംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ വന്‍കിട പ്രതിരോധ ഉപകരണ വിതരണക്കാര്‍ ഇന്ത്യയില്‍ അവരുടെ വിതരണകേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് താല്പര്യം കാണിക്കില്ലെന്ന് ഇന്ത്യന്‍ നയകര്‍ത്താക്കള്‍ പറയുന്നു. നാട്ടില്‍ അവ നിര്‍മ്മിക്കുന്നതിന് ഏറ്റവും പുതിയ സാങ്കേതിക വിദ്യലഭ്യമാവുമെന്നും, ഇന്ത്യ കയറ്റുമതി ചെയ്യുന്ന പ്രതിരോധ സാമഗ്രികളുടെ ആഭ്യന്തര ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്നും കൂടുതല്‍ വിദേശനാണ്യം നേടിത്തരുമെന്നും അവര്‍ പറയുന്നു. പക്ഷേ, സത്യമതല്ല.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യന്‍ മുതലാളി വര്‍ഗ്ഗത്തിന്റെ ആകമാനതാല്പര്യം പരിഗണിച്ച് പ്രതിരോധമേഖല സ്വകാര്യ സംരംഭകരുടെ സകലവിധ ഇടപെടലുകളും ഒഴിവാക്കണമെന്ന് തീരുമാനിച്ചിരുന്നു. പ്രതിരോധമേഖല സര്‍ക്കാര്‍ മേഖലയില്‍ തന്നെ നിലനില്‍ക്കുകയും വളരെയധികം തൊഴില്‍ സൃഷ്ടിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് ഫാക്ടറികള്‍ സ്ഥാപിക്കുകയും ചെയ്തു. അതേ മുതലാളിവര്‍ഗ്ഗത്തിന്റെ ഇപ്പോഴത്തെ ആകമാന താല്പര്യപ്രകാരം സ്വകാര്യമൂലധനത്തോട് എന്തിന് വിദേശകുത്തകമൂലധനത്തോട് പോലും പ്രതിരോധ ഉല്പാദന മേഖലയില്‍ വന്‍തോതില്‍ കടന്നുകയറുന്നതില്‍ യാതൊരെതിര്‍പ്പും അവര്‍ക്കില്ല. സര്‍ക്കാര്‍ തന്നെ ഉപഭോക്താവായി മാറുന്ന തരത്തില്‍ സമ്പദ് വ്യവസ്ഥയുടെ സൈനികവല്‍ക്കരണം നടക്കുകയാണ്. അല്പം ജീവവായു ലഭിക്കാനായി മരണശ്വാസം വലിക്കുന്ന മുതലാളിത്ത-സാമ്രാജ്യത്ത രാജ്യങ്ങളെല്ലാം സ്വീകരിക്കുന്ന പൊതുരീതിയാണിത്. ഷെയര്‍മാര്‍ക്കറ്റ് ഊഹക്കച്ചവടവും റിയല്‍ എസ്റ്റേറ്റ് രംഗവും മാന്ദ്യത്തിലകപ്പെട്ടതോടെ വമ്പന്‍ വ്യവസായ ഗ്രൂപ്പുകളും ബഹുരാഷ്ട്രകുത്തകകളും ഇപ്പോള്‍ സൈനിക ഉല്പാദനമേഖലയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിരോധമേഖലയിലും ഉയര്‍ന്ന സാങ്കേതികവിദ്യ ആവശ്യമായ രംഗങ്ങളിലും വിദേശനിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്ന് വന്‍കിട സാമ്രാജ്യത്ത ശക്തികളുടെ കുഴലൂത്തുകാര്‍ ആവശ്യമുയര്‍ത്തുകയാണ്. സംയുക്ത സംരംഭങ്ങളെന്ന നിലയിലോ അല്ലെങ്കില്‍ സൈനിക ശക്തിയുടെ സമ്മര്‍ദ്ദത്താലോ ആണ് അവരിത് നേടിയെടുക്കുന്നത്.

യു.എസിനും ചൈനക്കും പിന്നില്‍ ഇന്ത്യയാണ് പ്രതിരോധ ചെലവില്‍ ലോകത്തിലെ മൂന്നാമത്തെ സ്ഥാനത്തുള്ളത് എന്നതിനാല്‍ മനം മയക്കുന്ന ഒരു ആകര്‍ഷണ കേന്ദ്രമായി ഇന്ത്യ മാറിയിരിക്കുന്നു. യു.എസ് കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനും അതുപോലുള്ളവരും ടാറ്റ, എല്‍.ടി മഹീന്ദ്ര തുടങ്ങിയ കമ്പനികളുമായി പ്രതിരോധ ഉല്പാദനരംഗത്ത് യോജിച്ച് പ്രവര്‍ത്തിക്കാന്‍ പോകുന്നു. ധനകാര്യമന്ത്രിയും പ്രധാനമന്ത്രിയും യുഎസ് സന്ദര്‍ശനവേളയില്‍ പ്രതിരോധരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ പൂച്ച പുറത്ത് ചാടിയിരിക്കുന്നു.

യുദ്ധവെറിയന്മാരായ യു.എസും മറ്റ് സാമ്രാജ്യത്വശക്തികളും രാജ്യത്തെ പ്രതിരോധ മേഖലകളില്‍ നിര്‍ണ്ണായകമായി കടന്നുകയറുന്നത് നമ്മുടെ ദേശരക്ഷക്കും പരമാധികാരത്തിനും വന്‍ഭീഷണി ഉയര്‍ത്തുമെന്നത് ഭീതിയോടെ കാണേണ്ടതാണ്. സൈനികമേധാവിത്വം കാരണം ലോകമെങ്ങും ചാരപ്രവര്‍ത്തനങ്ങളും ഉപഗ്രഹനിരീക്ഷണവും സായുധ ഇടപെടലുകളും, എന്തിന് അധിനിവേശ യുദ്ധങ്ങള്‍ പോലും അഴിച്ചുവിടുന്നവരാണ് അവര്‍. ഇക്കൂട്ടര്‍ക്ക് പ്രതിരോധ മേഖല തുറന്നിടുന്നത് വഴി സൈനികരഹസ്യങ്ങളും പടക്കോപ്പുകളെയം മറ്റ് സംവിധാനങ്ങളെയും പറ്റിയുള്ള രഹസ്യങ്ങളെല്ലാം അവരുടെ കൈകളിലെത്തും. ഒടുവില്‍ സൈനിക സാമഗ്രികളുടെ ലഭ്യത നിയന്ത്രിക്കുകയോ കാലഹരണപ്പെട്ട സാങ്കേതികവിദ്യ നല്‍കിയോ ഇന്ത്യയുടെ ദേശസുരക്ഷയെ അപകടപ്പെടുത്താനിടയുണ്ട്. വിദേശസഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഇന്ത്യാ ഗവണ്മെന്റിനെതിരായ ചാരപ്രവര്‍ത്തനങ്ങള്‍ക്കും നുഴഞ്ഞുകയറ്റത്തിനും അട്ടിമറികള്‍ക്കുമായി ഉപയോഗപ്പെടുത്താം. ഏതെങ്കിലുമൊരു സാഹചര്യത്തില്‍ യു.എസ് വിരുദ്ധ നിലപാടെടുക്കാന്‍ ഇന്ത്യാഗവണ്മെന്റ് നിര്‍ബന്ധിതമാവുകയാണെങ്കില്‍ യു.എസ് ബഹുരാഷ്ട്രകുത്തകകള്‍ക്ക് പ്രതിരോധ മേഖല തുറന്നുകൊടുക്കുന്നത് ദേശരക്ഷക്ക് വന്‍ഭീഷണി ഉയര്‍ത്തില്ലേ? വേറൊരുവിധത്തില്‍ പറഞ്ഞാല്‍, ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുന്ന വിഷയത്തില്‍ വിദേശനിക്ഷേപകരുടെ ആജ്ഞകള്‍ക്ക് വശംവദരായി രാജ്യത്തിന്റെ പ്രതിരോധം അടിയറ വെക്കേണ്ടിവരില്ലേ? ഇന്ത്യന്‍ മുതലാളിവര്‍ഗ്ഗത്തിന്റെ ലാഭാര്‍ത്തി എന്തൊരു അപകടത്തിലേക്കാണ് നാടിനെ തള്ളിവിടുന്നത്?

ഇന്ത്യന്‍ കുത്തകകളുടെ വര്‍ഗ്ഗതാല്പര്യങ്ങള്‍
സാമ്രാജ്യത്ത സ്വഭാവം ആര്‍ജ്ജിക്കുകയും ലോകസാമ്രാജ്യത്ത ചേരിയിലെ അംഗമായിച്ചേരുകയും ചെയ്തതോടെ തെക്കു, തെക്കു-കിഴക്കേഷ്യയിലെ പ്രാദേശിക വന്‍ശക്തിയായി മാറിയെന്നുമാത്രമല്ല, ചോദ്യം ചെയ്യാനാവാത്ത ഒരു ഏഷ്യന്‍ സൂപ്പര്‍ പവറായി മാറാനിപ്പോള്‍ ശ്രമിക്കുകയാണ്. ഈയൊരു ലക്ഷ്യം വെച്ചുകൊണ്ട് യു.എസ് സാമ്രാജ്യത്വവുമായി ചങ്ങാത്തം കൂടുന്നത് ഇന്നൊരു രഹസ്യമല്ല. രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളില്‍ അവരോടൊപ്പം നിന്നുകൊണ്ടും സംയുക്ത സൈനികാഭ്യാസങ്ങളിലേര്‍പ്പെട്ടും സൗഹാര്‍ദ്ദം കാട്ടുന്നത് അതുകൊണ്ടാണ്. ഈ സാഹചര്യം മുതലെടുത്തുകൊണ്ട് അമേരിക്കയും സഖ്യശക്തികളും ഇന്ത്യന്‍ പ്രതിരോധരംഗത്ത് ആഴത്തില്‍ കടന്നുകയറുകയാണ്. മാനവരാശിയുടെ കൊടിയശത്രുവായ യു.എസ് സാമ്രാജ്യത്വശക്തികള്‍ക്ക് നാടിന്റെ പ്രതിരോധരംഗം തുറന്നിട്ടുകൊടുക്കുന്നത് രാഷ്ട്രീയവും സാമ്പത്തികവുമായ യാതൊരു രീതിയിലും ഇന്ത്യന്‍ ജനതയുടെ താല്പര്യത്തിന് വിരുദ്ധമാണ്. ടെലികോം പൊതുമേഖലയിലെ എണ്ണക്കമ്പനികള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ തുടങ്ങിയവ
ഇതേവരെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ടെലികോം മേഖലയും ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി സ്വകാര്യസംരംഭകരുടെ കൈകളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 13 വര്‍ഷങ്ങളിലായി 58.782 കോടി രൂപയിടെ നേരിട്ടുള്ള വിദേശനിക്ഷേപമാണ് ഈ മേഖലയിലെത്തിയത്. ഇതിന്റെ ഫലമെന്താണെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് നന്നായറിയാം. തോന്നുംപടിയുള്ള വില നിരക്കും കള്ളത്തരങ്ങളുമായി ഇവര്‍ ജനങ്ങളെ പിഴിഞ്ഞൂറ്റുകയാണ്. ആയിരക്കണക്കിന് കോടിരൂപയുടെ അഴിമതി കൊണ്ട് പങ്കിലമായ 2 ജി തട്ടിപ്പുകള്‍ ഈ രംഗത്ത് നടക്കുന്നു. കമ്മ്യൂണിക്കേഷന്‍ രംഗത്ത് 100% നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചാല്‍ അവര്‍ നേടുന്ന വാദമത്രയും വിദേശകറന്‍സിയാക്കി മാറ്റി നാടുകടത്തുകയും ടാക്‌സില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യും. വോഡഫോണിന്റെ കാര്യം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കൂട്ടര്‍ക്ക് രക്ഷപ്പെടാന്‍ ഒരുപാട് പഴുതുകള്‍ സര്‍ക്കാരിലെ നിക്ഷിപ്തതാല്പര്യക്കാര്‍ ഒരുക്കിക്കൊടുത്തിരിക്കുന്നു.

പ്രതിരോധരംഗത്തെന്നപ്പോലെ ടെലികോം മേഖലയിലും ദേശരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ട്. യു.എസിലെ നാഷണല്‍ സെക്യൂരിറ്റി കോണ്‍ട്രാക്ടറായ എഡ്വേര്‍ഡ് സ്‌നോഡന്‍ വെളിപ്പെടുത്തിയത് ഏവരുടെയും കണ്ണുതുറപ്പിക്കേണ്ട കാര്യങ്ങളാണ്. പ്രിസം(ജൃശാെ) എന്ന പേരിലുള്ള ഒരു രഹസ്യ ഇലക്ട്രോണിക് ചാരസംവിധാനം വഴി 2007 മുതല്‍ രാജ്യങ്ങളുടെ പരമാധികാരത്തെയും വ്യക്തികളുടെ സ്വകാര്യതയെയും ഹനിച്ചുകൊണ്ട് ടെലിഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് കമ്പനികളായ വെരിസോണ്‍, എറ്റി ആന്റ് റ്റി, ഗൂഗിള്‍ മൈക്രോസോഫ്റ്റ്, യാഹു, ആപ്പിള്‍, ഫേസ്ബുക്ക് തുടങ്ങിയവയെ ഈ പ്രോജക്ടിന് വേണ്ടി യു.എസ് ഉപയോഗപ്പെടുത്തുന്നു. ഈ ആവശ്യത്തിനായി കേബിള്‍ ലൈനുകളും അവര്‍ ചോര്‍ത്തുന്നു. ചൈനയെയും റഷ്യയെയുംകാള്‍ കൂടുതല്‍ ചോര്‍ത്തപ്പെടുന്നത് ഇന്ത്യയെയാണെന്നതും വെളിപ്പെടുത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ടെലികോം മേഖലയില്‍ 100% നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുകയെന്നുവെച്ചാല്‍ ഇന്ത്യന്‍ പൗരന്മാരെയും സര്‍ക്കാരിനെയും മറ്റെല്ലാം സംവിധാനങ്ങളെയും. യു.എസിന്റെയും മറ്റ് സാമ്രാജ്യത്തശക്തികളുടെയും ചാരനിരീക്ഷണവലയത്തില്‍ പെടുത്തുക എന്നാണര്‍ത്ഥം.
എണ്ണശുദ്ധീകരണശാലകള്‍ വിദേശകുത്തകകള്‍ക്ക് തുറന്നുകൊടുക്കുന്നത് വഴി എണ്ണ വില കുതിച്ചുയരുന്നതിന് കാരണമാവും. സ്റ്റോക് എക്‌സ്‌ചേഞ്ചുകളിലും ക്ലിയറിംഗ് ഹൗസുകളിലും നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കുന്നതോടെ ഊഹക്കച്ചവടത്തിലൂടെ കുതന്ത്രങ്ങളിലൂടെയും വിദേശമൂലധനം ഇന്ത്യന്‍ മൂലധന കമ്പോളത്തെ സ്വന്തം താല്പര്യാനുസൃതം നിയന്ത്രിക്കും. സ്റ്റോക്ക് മാര്‍ക്കറ്റിലെ ഊഹക്കച്ചവടങ്ങള്‍ അവശ്യസാധനങ്ങളുടെ വിലയുടെയും പലിശനിരക്കിന്റെയും പണത്തിന്റെ വിനിമയനിരക്കിന്റെയും രംഗത്തുള്ള കുതന്ത്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് പോകുന്നതെന്ന് ആര്‍ക്കാണറിയാത്തത്?

ഇന്‍ഷ്വറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപവും ദോഷകരമാണ്
ഇന്‍ഷ്വറന്‍സ് മേഖലയിലുള്ള നേരിട്ടുള്ള വിദേശനിക്ഷേപവും 49% ആയി ഉയര്‍ത്താന്‍ പോവുകയാണ്. സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ കബളിപ്പിക്കലിനും വഞ്ചനകള്‍ക്കുമെതിരെയുള്ള നടപടിയെന്ന നിലയിലായിരുന്നു എല്ലാ ഇന്‍ഷ്വറന്‍സ് കമ്പനികളെയും ദേശസാല്‍ക്കരിച്ചുകൊണ്ട് 1956 ല്‍ ഐ.സിക്ക് ഇന്ത്യാ ഗവണ്മെന്റ് രൂപം കൊടുത്തത്. പക്ഷേ, ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പിലാക്കുന്നതിന് ആനയിക്കുന്ന സ്ഥിരം കപടവാദങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഇന്‍ഷ്വറന്‍സ് മേഖലയില്‍ 1999 മുതല്‍ സ്വകാര്യ വിദേശകമ്പനികളെ കടത്തിവിട്ടു. എല്‍.ഐ.സിയെയും ജി.ഐ.സിയെയും നേരിട്ടുള്ള വിദേശനിക്ഷേപത്തിന് തുറന്നിട്ടുകൊടുത്താല്‍ അവര്‍ പ്രീമിയം തുക കൂട്ടുമെന്ന് സാധാരണക്കാരന് മനസ്സിലാകാത്ത സങ്കീര്‍ണ്ണമായ ഉല്പന്നങ്ങള്‍ കൊണ്ടുവന്ന് വഞ്ചിക്കുമെന്നും ഉറപ്പാണ്. സ്വകാര്യമേഖലയില്‍ ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ നിരസിക്കുന്നതിന്റെ ശതമാനം 8.9 ആണെങ്കില്‍ പൊതുമേഖലയില്‍ അത് ഒരു ശതമാനം മാത്രമാണ്. എല്‍.ഐ.സി.യെയും ജി.ഐ.സിയെയും പ്രീമിയം തുകകള്‍ നിക്ഷേപിക്കുന്നത് അപകട സാധ്യത കുറഞ്ഞ മേഖലകളിലാണ്. പക്ഷേ, സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളാവട്ടെ നിക്ഷേപകരുടെ പണം നഷ്ടപ്പെടാന്‍ പോലും സാധ്യതയുള്ള അപകട സാധ്യതയുള്ള രംഗങ്ങളിലാണ് നിക്ഷേപിക്കുന്നത്. മുതലാളിത്തത്തിന്റെ ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് യു.എസിലെ ഭീമന്‍ ഇന്‍ഷ്വറന്‍സ് കമ്പനിയായ എ.ഐ.ജിപോലും പാപ്പരാവുകയും പൊതുഖജനാവിലെ പണമെടുത്ത് സര്‍ക്കാരിന് അവരെ രക്ഷപ്പെടുത്തേണ്ടി വന്നത് സമീപകാല ചരിത്രത്തിലുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപം ക്ഷണിച്ചുവരുത്തുന്നതിലൂടെ ഇന്ത്യാഗവണ്മെന്റും ഇതേ വിധിയിലേക്കാണ് ജനങ്ങളെ തള്ളിവിടുന്നത്.

പെന്‍ഷന്‍ ഫണ്ടില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനുള്ള വിനാശകരമായ നീക്കം.
പുതിയ പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. സൈനികരൊഴികെ മറ്റെല്ലാ സര്‍ക്കാര്‍ ജീവനക്കാരും എല്ലാ പൗരന്മാരും ഈ പദ്ധതിയില്‍ ഉള്‍പ്പെടും. നേരിട്ടോ അല്ലാതെയോ യാതൊരുവിധ നേട്ടവും ഈ പദ്ധതി വഴി ഉറപ്പ് നല്‍കുന്നില്ല. സാധാരണ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ മിനിമം വരുമാനം ഉറപ്പുനല്‍കുന്ന സുരക്ഷിതമായ മേഖലകളിലാണ് നിക്ഷേപിക്കാറ്. പക്ഷേ പുതിയ പെന്‍ഷന്‍ പദ്ധതിയിലെ നിക്ഷേപം. ഊഹക്കച്ചവടാധിഷ്ഠിതമായ മൂലധന കമ്പോളത്തിലാണ് ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപിക്കുക. ഇതുവഴി കമ്പോളത്തിലെ ഗതിവിഗതികള്‍ക്കും തകര്‍ച്ചകള്‍ക്കും നിക്ഷേപകരെ ഇരയാക്കും. ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ വരുമാനം പോകട്ടെ, ജീവിതകാലം മുഴുവന്‍ പാടുപെട്ട് സമ്പാദിച്ച റിട്ടയര്‍മെന്റിനുശേഷം വയ്യാത്ത കാലത്ത് ജീവിച്ചുപോകാനായി കരുതുന്ന നിക്ഷേപത്തുക പോലും നഷ്ടപ്പെട്ടുപോകാന്‍ ഇടവരുത്തുന്ന ഇടപാടാണിതെന്ന കാര്യം അവര്‍ മറച്ചുവെയ്ക്കുകയാണ്. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിക്കൊണ്ട്, ഫണ്ട് മാനേജ്‌മെന്റ് കമ്പനികളില്‍ പോലും നേരിട്ടുള്ള വിദേശനിക്ഷേപത്തിന് വഴി തുറക്കുകയാണ്. ഈ ഭീമമായ ഫണ്ട് എടുത്ത് ഊഹക്കച്ചവടത്തിനായി എറിഞ്ഞുകൊടുക്കുന്നത് പെന്‍ഷനായവരുടെ ജീവിതത്തെ തകര്‍ക്കുന്ന നീക്കമാണ്. പ്രതിസന്ധിയില്‍ നിന്ന് കരകയറാനായി മുതലാളിത്തം ജനങ്ങളെ ഇത്തരത്തില്‍ കുത്തിക്കവര്‍ച്ച നടത്തുകയാണ്.

ഈ കുത്സിതനീക്കങ്ങളെ ചെറുക്കുക
പ്രതിസന്ധി പരിഹരിക്കാനെന്ന പേരില്‍ വരുന്ന പരിഷ്‌ക്കാരങ്ങള്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നവയാണ്. വിദേശ സാമ്രാജ്യത്വഭരണത്തില്‍ നിന്ന് സ്വതന്ത്രരാവാനായി വീരോചിതം പോരാടിയ നാടാണിത്. വിദേശമൂലധനം കണ്ടുകെട്ടുക എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം. സ്വാതന്ത്ര്യത്തിന് ശേഷം സ്വയം പര്യാപ്തത നേടാനായി ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കാനായിരുന്നു ഊന്നല്‍. പക്ഷേ ഇപ്പോള്‍ രാഷ്ട്രീയമായി സ്വതന്ത്രമായ ഇന്ത്യയിലെ ബൂര്‍ഷ്വാ ഭരണാധികാരികള്‍ സാമ്രാജ്യത്വകഴുകന്മാര്‍ക്ക് ചുവപ്പു പരവതാനി വിരിക്കുകയാണ്. ഏറ്റവും സുരക്ഷിതമായി കാത്തുസൂക്ഷിക്കേണ്ട മേഖലകളില്‍ പോലും വിദേശമൂലധനത്തിനെ ആധിപത്യം ചെലുത്താനായി ക്ഷണിക്കുകയാണ്. മാതൃരാജ്യമെന്നത് വാണിജ്യാടിസ്ഥാനത്തില്‍ വ്യാപരിക്കേണ്ട ഒന്നായാണ് ഇപ്പോള്‍ കരുതപ്പെടുന്നത്. അതിനാല്‍ ഇന്ത്യാ ഇന്‍ കോര്‍പ്പറേറ്റഡ് എന്നാണ് ഇപ്പോള്‍ വിളിക്കപ്പെടുന്നത്. പല മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയാവാന്‍ കൊതിച്ചു നടക്കുന്നവരും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നാണ് സ്വയം വിളിക്കുന്നത്. വേണ്ടിവന്നാല്‍ അവര്‍ മാതൃരാജ്യത്തെ പണയം വെയ്ക്കുകയോ വിറ്റഴിക്കുകയോ ചെയ്യും. മരണാസന്ന മുതലാളിത്തം ചെന്നുപതിച്ചിരിക്കുന്ന അന്തമില്ലാത്ത പ്രതിസന്ധിയെയാണ് ഇത് വെളിവാക്കുന്നത്. പട്ടിണിപ്പാവങ്ങളെയും പിരിച്ചുവിടപ്പെട്ട തൊഴിലാളികളെയും പട്ടിണിയില്‍പെട്ട കര്‍ഷകരെയും തൊഴില്‍ തെണ്ടുന്ന യുവാക്കളെയും സാമ്പത്തികമായി തകര്‍ന്ന മധ്യവര്‍ഗ്ഗക്കാരെയും സര്‍ക്കാരും ആര്‍ഭാടജീവിതം നയിക്കുന്ന അവരുടെ ഉപദേശികളായ പണ്ഡിതന്മാരും പരിഗണിക്കുന്നേയില്ല. സ്വദേശവിദേശ മുതലാളിമാരുടെ താല്പര്യാര്‍ത്ഥം ദുരിതമനുഭവിക്കുന്ന ചൂഷിത കോടികളെ കൂടുതല്‍ പിഴിഞ്ഞൂറ്റി തങ്ങളുടെ ഖജനാവ് പെരുപ്പിക്കണമെന്നേ അവര്‍ക്ക് താല്പര്യമുള്ളൂ. അവര്‍ മുന്നോട്ടുവെയ്ക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് ഈയൊരൊറ്റ ദുരുദ്ദേശമേയുള്ളൂ. മുതലാളിത്തം നിലനില്‍ക്കുവോളംഅടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്കെതിരെയുള്ള കിരാതമായ ഈ സാമ്പത്തിക അതിക്രമങ്ങള്‍ തുടരും. മുതലാളിത്ത വിരുദ്ധ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ സോഷ്യലിസം സ്ഥാപിച്ചെടുക്കുന്നതിലൂടെ മാത്രമേ ഇതിന് പരിഹാരമാവൂ. അതുവരെ ഭരണവര്‍ഗ്ഗത്തില്‍ നിന്നും അതിന്റെ ഗവണ്മെന്റില്‍ നിന്നും എന്തെങ്കിലും ആശ്വാസം നേടിയെടുക്കണമെങ്കില്‍ ശക്തമായ ജനാധിപത്യപ്രക്ഷോഭണത്തിന്റെ അലകള്‍ സൃഷ്ടിക്കുക മാത്രമാണ് കഷ്ടതയനുഭവിക്കുന്ന അദ്ധ്വാനിക്കുന്ന ജനകോടികള്‍ക്ക് മുന്നിലുള്ള ഏകമാര്‍ഗ്ഗം. അതിനാല്‍ സാധാരണ ജനങ്ങള്‍ ഭരണമുതലാളിവര്‍ഗ്ഗത്തിന്റെയും അവരുടെ സംരക്ഷകരുടെയും വഞ്ചനകളും കുതന്ത്രങ്ങളും മനസ്സിലാക്കുകയും അവയ്‌ക്കെതിരെ യോജിച്ച മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്യേണ്ടതുണ്ട്.

Share this post

scroll to top