രാഷ്ട്രീയാശ്ലീലമായി മാറിയ സോളാര്‍ തട്ടിപ്പും സോളാര്‍ സമരവും

Share

കഴിഞ്ഞ രണ്ട് മാസമായി കേരള രാഷ്ട്രീയത്തെ ‘പിടിച്ചുകുലുക്കുന്ന’ സോളാര്‍ വിവാദത്തിന്റെ പിറകില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം അഭിമുഖീകരിക്കുന്ന ഗൗരവതരമായ ഒരു പ്രശ്‌നവും അന്തര്‍ഭവിച്ചിട്ടില്ല എന്ന് കഴിഞ്ഞ ലക്കം യൂണിറ്റിയില്‍ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. സോളാര്‍ തട്ടിപ്പിന് കൂട്ടുനിന്നവര്‍ക്കും അതുയര്‍ത്തി രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്കും സങ്കുചിത ലക്ഷ്യങ്ങള്‍ മാത്രമേയുള്ളൂവെന്നും ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇവ അക്ഷരംപ്രതി ശരിവയ്ക്കുന്ന സംഭവവികാസങ്ങളാണ് തുടര്‍ന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സോളാര്‍ വിവാദത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ താല്‍പ്പര്യമെന്തെന്ന് പിന്നിടുന്ന മാസത്തെ സംഭവഗതികള്‍ വ്യക്തമാക്കിയിരിക്കുന്നു.

സോളാര്‍ തട്ടിപ്പിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എല്‍.ഡി.എഫ് നടത്തുന്ന സമരത്തിന്റെ വേദിയില്‍ നിന്ന് വളരെ പൊടുന്നനെയാണ് കേരളാ കോണ്‍ഗ്രസ്സിന്റെ നേതാവായ കെ.എം.മാണിയെ എന്തുകൊണ്ട് മുഖ്യമന്ത്രിയാക്കിക്കൂടാ എന്ന് സിപിഐ(എം)പൊ ളിറ്റ് ബ്യൂറോ മെമ്പര്‍ കോടിയേരി ബാലകൃഷ്ണന്റെ വക ചോദ്യമുയര്‍ന്നത്. തന്റെ യോഗ്യത തിരിച്ച റിഞ്ഞ സിപിഐ(എം)നിലപാടില്‍ സന്തോഷമുണ്ടെന്ന് ലജ്ജാവിവശനായി മന്ത്രി മാണി മറുപടി പറഞ്ഞതോടെ കേരള രാഷ്ട്രീയത്തില്‍ പൊടുന്നനെ ഒരു തിരയിളക്കം രൂപപ്പെട്ടു. സോളാര്‍ സമരത്തിന്റെ തനി രാഷ്ട്രീയം അങ്ങിനെ മറനീക്കി പുറത്തുവന്നു. മന്ത്രിസഭയെ മറിച്ചിടില്ലെന്ന തങ്ങളുടെ മുന്‍നിലപാടിന് മറിയ രാഷ്ട്ീയ സാഹചര്യത്തില്‍ പ്രസക്തിയില്ലെന്ന് എസ്.രാമചന്ദ്രന്‍ പിള്ള ദില്ലിയില്‍ പ്രസ്താവിച്ചു. കെ.എം.മാണി മാന്യനായ രാഷ്ട്രീയനേതാവാണെന്നായി സിപിഐ സംസ്ഥാനസെക്രട്ടറി സഖാവ് പന്ന്യന്‍ രവീന്ദ്രന്‍. പി.സി.ജോര്‍ജ്ജാകട്ടെ കോണ്‍ഗ്രസ്സിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള ആക്രമണത്തിന്റെ ശക്തിവര്‍ദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങിനെ ആകെക്കൂടി മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള ഒരു പുറപ്പാടിന്റെ നീക്കം അന്തരീക്ഷത്തില്‍ ശക്തിപ്പെട്ടു. പ്രതിപക്ഷത്തെ സിപിഐ(എം) ഉള്‍പ്പടെയുള്ള കക്ഷികളുടെ അടിയന്തിരനേതൃയോഗങ്ങള്‍ വിളിച്ചുചേര്‍ക്കപ്പെട്ടു. നിരവധിയായ തട്ടിക്കിഴിക്കലുകളുടെ ഒടുവില്‍ ഒരു ചേരിമാറ്റം തങ്ങളെ രാഷ്ട്രീയമായി സഹായിച്ചേക്കില്ല എന്ന് മാണിയുടെ പാര്‍ട്ടി വിലയിരുത്തി പിന്‍വാങ്ങിക്കഴിഞ്ഞപ്പോള്‍ പൊടുന്നനെ പ്രതിപക്ഷനിരയിലെ ഏവരും ആദര്‍ശാത്മക രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറി. മന്ത്രിസഭയെ മറിച്ചിടാന്‍ തങ്ങളില്ല എന്നായി പ്രസ്താവന. നിലവിലുള്ള മന്ത്രിസഭയില്‍ നിന്ന് പുറത്തുവന്ന് ഇടത്പക്ഷത്തിന്റെ നേതൃത്വത്തില്‍ പുതിയതൊന്ന് തട്ടിക്കൂട്ടാന്‍ മാണി തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിച്ചാല്‍ ഈ തത്വാധിഷ്ഠിതക്കാരെല്ലാം കൂടെക്കൂടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അതുതന്നെയായിരുന്നു ലക്ഷ്യവും. അത് പാളിപ്പോയത് ഇടതുപക്ഷത്തിന്റെ ആദര്‍ശംകൊണ്ടല്ല, മറിച്ച് മാണി തയ്യാറല്ല എന്നതുകൊണ്ട് മാത്രമാണ്. സങ്കുചിതമായ പാര്‍ലമെന്ററി താല്‍പ്പര്യം മാത്രമേ സോളാര്‍ സമരത്തിന്റെ പിറകിലുള്ളൂ എന്ന് അങ്ങിനെ വ്യക്തമായി.

അഴിമതിക്കെതിരായ സത്യസന്ധമായ നിലപാടിന്റെ കണികപോലും ഇടതുപക്ഷത്തിന്റെ സമരത്തിനില്ല. മറിച്ച് ജനങ്ങളുടെ നികുതിപ്പണം ഖജനാവില്‍ നിന്ന് കുത്തിച്ചോര്‍ത്തുന്ന രാഷ്ട്രീയ അഴിമതിയുടെ കാര്യത്തില്‍ ഭരണ – പ്രതിപക്ഷ സമവായം സോളാര്‍ തട്ടിപ്പിന്റെ തലേന്നും ജനങ്ങള്‍ കണ്ടതാണ്. യൂസഫലി എന്ന വ്യവസായ പ്രമുഖന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഏകദേശം 400 കോടിരൂപയോളം വിലയുള്ള ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ഗുരുതരമായപ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരസ്യമായി യൂസഫലിക്കുവേണ്ടി രംഗത്തുവരുന്നത് നാം കണ്ടു. ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ അനുവദിക്കില്ല എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്തായിരുന്നു ‘അഴിമതി വിരുദ്ധ പ്രസ്ഥാനമായ’ സിപിഐ(എം)ന്റെ നിലപാട്? ഒരു കാരണവാശാലും യൂസഫലിയെ തങ്ങള്‍ വിഷമിപ്പിക്കില്ലെന്നും പദ്ധതിയില്‍ നിന്ന് പിന്മാറേണ്ടതില്ലെന്നും പിണറായി വിജയന്‍ പരസ്യമായി പ്രഖ്യാപിച്ചു. ക്രമക്കേട് തങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും അദ്ദേഹം പ്രസ്താവിച്ചു. സിപിഐ(എം)ന്റെ ഗ്രൂപ്പ് യുദ്ധത്തില്‍ വി.എസ്സ് പക്ഷത്തിനെതിരെ ഒരു വടിയായി യൂസഫലിയുടെ ഭൂമി തട്ടിപ്പിനെ ഉപയോഗിക്കാന്‍ തയ്യാറെടുത്ത് പത്രസമ്മേളനം നടത്തിയ നേതാക്കന്മാര്‍ പൊടുന്നനെ അപ്രത്യക്ഷരായി. എല്ലാവരുടെയും തെറ്റിദ്ധാരണ മാറിയതില്‍ സന്തോഷമുണ്ടെന്നും പദ്ധതിയില്‍ നിന്ന് പിന്മാറില്ല എന്നും യൂസഫലി പ്രഖ്യാപിച്ചു. അങ്ങിനെ എല്ലാ വിവാദവും പൊടുന്നനെ കെട്ടടങ്ങി. ‘അഴിമതി വിരുദ്ധ മാധ്യമങ്ങളും’ പൊടുന്നനെ നിശ്ശബ്ദരായി.

ഇതേ കാര്യങ്ങളുടെ ആവര്‍ത്തനമാണ് കളമശ്ശേരി എച്ച്.എം.ടിയുടെ ഭൂമിയുടെ കാര്യത്തിലും ഈയിടെ സംഭവിച്ചത്. ഇടത് സര്‍ക്കാരിന്റെ കാലത്ത് എച്ച്.ഡി.ഐ.എല്‍ എന്ന കമ്പനിക്ക് എച്ച്.എം.ടിയുടെ ഭൂമി നല്‍കിയത് അഴിമതിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. അന്ന് ഭൂമി കൈവശപ്പെടുത്തിയ കമ്പനി ഇപ്പോള്‍ പ്രസ്തുത ഭൂമി വില്‍ക്കാന്‍ പത്രപരസ്യം നല്‍കിയിരിക്കുന്നു. എളമരം കരിമിന്റെ നേതൃത്വത്തില്‍ നടന്ന ഇടപാട് റിയല്‍ എസ്റ്റേറ്റ് കച്ചവടം മാത്രമായിരുന്നുവെന്ന് അന്നുയര്‍ന്ന വിമര്‍ശനം അക്ഷരംപ്രതി ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബോധപൂര്‍വ്വം മൗനം പാലിച്ചുകൊണ്ട് ഇടത് കൂട്ടരെ സംരക്ഷിക്കുന്നു. ഈ പരസ്പര സഹായ സഹകരണ രാഷ്ട്രീയം ദൃഢമായി നില്‍ക്കുമ്പോള്‍ സോളാറിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് ഇടത് മുന്നണി ഇത്ര വീറ് കാട്ടുന്നത്.

തട്ടിപ്പും വെട്ടിപ്പുമായി നടന്ന സോളാര്‍ നടത്തിപ്പുകാര്‍ക്ക് കോണ്‍ഗ്രസ്സ് നേതാക്കളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നത് സംശയരഹിതമായി സ്ഥാപിക്കപ്പെട്ടതാണ്. ഈ അവിഹിത ഏര്‍പ്പാടിന്റെ സംഭവപരമ്പരകളുടെ പ്രചാരണപരമായ ആനുകൂല്യം ഉപയോഗപ്പെടുത്തി കോണ്‍ഗ്രസ്സിനെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുക എന്ന പരിമിതമായ രാഷ്ട്രീയലക്ഷ്യം മാത്രമേ സോളാര്‍ സമരത്തിനുള്ളൂ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കുറെ സീറ്റുകള്‍ തരപ്പെടുത്താനുള്ള വീണുകിട്ടിയ ഒരു അവസരമായി ഇതിനെ പ്രയോജനപ്പെടുത്തുക എന്നത് മാത്രമാണ് ലക്ഷ്യം. അഴിമതിയെ ഇല്ലാതാക്കുക എന്ന ഒരു അജണ്ട ഈ സമരത്തിന് തീരെയില്ല. ചന്ദ്രശേഖരന്‍ വധത്തോടെ ജനങ്ങളില്‍ നിന്നൊറ്റപ്പെട്ടവര്‍ക്ക് ഒരു തിരിച്ചുവരവ് സാധിച്ചെടുക്കുക എന്ന ഉദ്ദേശമാണുള്ളത്. അത് നേടിക്കഴിഞ്ഞ സ്ഥിതിക്ക് ഇനി വേണമെങ്കില്‍ ഒരു തെരഞ്ഞെടുപ്പാകാം.

ഞങ്ങള്‍ തെരഞ്ഞെടുപ്പിന് തയ്യാര്‍ എന്ന പിണറായി വിജയന്റെ പ്രസ്താവന മറയില്ലാതെ കാര്യം വെളിവാക്കി. യുഡിഎഫിനെ മറിച്ചിടാനുള്ള കരുനീക്കങ്ങളും പയറ്റിനോക്കിയെങ്കിലും ഫലം കണ്ടില്ല. എന്തായാലും ലക്ഷ്യം കസേര തന്നെ. തട്ടിപ്പ് നടത്തിയവരും കൂട്ടുനിന്നവരും ശിക്ഷിക്കപ്പെടണമെന്നോ ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കണമെന്നോ യാതൊരു നിര്‍ബ്ബന്ധവുമില്ല.

മുഖ്യമന്ത്രി രാജിവയ്ക്കുക, ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക എന്ന ഡിമാന്റുന്നയിച്ച് സമരമാരംഭിച്ച പ്രതിപക്ഷത്തിന് പതിവുപോലെ തെരുവിലെ അക്രമപ്പേക്കൂത്തോടെയാണ് സമരം തുടങ്ങിയത്. പിന്നെ രാപ്പകല്‍ സമരമായി. അത് സെക്രട്ടട്ടേറിയറ്റിനുമുന്നില്‍ നിന്നാരംഭിച്ച് ജില്ലാ കേന്ദ്രങ്ങള്‍ കറങ്ങിത്തിരിഞ്ഞ് വീണ്ടും സെക്രട്ടേറിയറ്റിനുമുന്നിലെത്തും. ഓരോ ഘട്ടങ്ങളിലും സൗകര്യപൂര്‍വ്വം പിന്‍വാങ്ങി വിശ്രമിച്ച് വീണ്ടും കോലാഹലമുണ്ടാക്കി വീണ്ടും വിശ്രമിച്ച് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് വരെ കാലം കഴിക്കുക എന്നതാണുദ്ദേശമെന്ന് വ്യക്തം. ഉമ്മന്‍ചാണ്ടിയെ സരിതയും ശാലുമേനോനുമായും കൂട്ടിയിണക്കി ഒരു നാലാംകിട സിനിമയുടെഹരം പകരാന്‍ ഉള്ള ശ്രമം സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് നടയിലെ പരിപാടികള്‍ മുതല്‍ താഴെത്തലം വരെ ദൃശ്യമായിരുന്നു. സമരവേദിയില്‍ നടക്കുന്ന രാഷ്ട്രീയ പ്രസംഗങ്ങളും വിശദീകരണങ്ങളും വഴി നാടിന്റെ രാഷ്ട്രീയ – സാമൂഹ്യരംഗത്ത ഒരശ്ലീലമായി സോളാര്‍ സമരം മാറിക്കഴിഞ്ഞു.

രാഷ്ട്രീയ മാന്യതയും ധാര്‍മ്മികതയും കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടതെന്ന് ഞങ്ങള്‍ കഴിഞ്ഞ യൂണിറ്റിയില്‍ പറഞ്ഞിരുന്നു. പിന്നിട്ട മാസത്തെ സംഭവവികാസങ്ങള്‍ ഈ അഭിപ്രായം അത്എത്രമാത്രം രാഷ്ട്രീയവും ധാര്‍മ്മികവുമായ ഒരനിവാര്യതയാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. സോളാര്‍തട്ടിപ്പ് കേസില്‍ കോടതിയുടെ പങ്കും ഇന്ന് വിമര്‍ശനവിധേയമായിരിക്കുകയാണ്. സരിത എഴുതി നല്‍കിയ മൊഴിയുടെ സ്വഭാവം സംശയമുണര്‍ത്തുന്നതാണ്. അതില്‍ പോലീസ് ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ? ഉന്നതരെ ഒഴിവാക്കാന്‍ സരിത വില പേശിയോ? ഇങ്ങനെ പല കാര്യങ്ങളും ഇനിയും വ്യക്തമാകാനുണ്ട്. എന്തായാലും, നീതിന്യായ സംവിധാനം കൂടി ഈ തട്ടിപ്പില്‍ പരോക്ഷമായെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് അതീവഗൗരവമുള്ള ഒരു വിഷയമണ്. ഇതിന്റെയല്ലാം പിന്നില്‍ നടന്നിട്ടുള്ള അന്തര്‍നാടകങ്ങള്‍ സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ അന്വേഷണത്തിലൂടെ പുറത്തുവരണം. അതിന് കളമൊരുക്കേണ്ട യുഡിഎഫ് ഭരണം അത് ചെയ്യുന്നില്ല.

എന്നാല്‍ രാജിവച്ചുകൊണ്ട് ധാര്‍മ്മികതയും രാഷ്ട്രീയ സദാചാരവും അനുവര്‍ത്തിക്കാത്ത ഒരാളെ കഴുത്തിന് പിടിച്ച് അത് പഠിപ്പിക്കുവാന്‍ മുഷ്‌ക് കാട്ടുന്നത് എന്തുതരം ജനാധിപത്യമാണ്. യുഡിഎഫും മുഖ്യമന്ത്രിയും പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ ജീര്‍ണ്ണതയെ സംബന്ധിച്ച് ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാം, ഇത്തരം ആളുകളെ ഒറ്റപ്പെടുത്താനായി ശരിയായ നിലപാട് കൈക്കൊള്ളാന്‍ ജനങ്ങളെ പ്രേരിപ്പിക്കാം, അതിന് ജനാധിപത്യം അനുവര്‍ത്തിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം. എന്നാല്‍ വ്യക്തികള്‍ക്കു നേരെയുള്ള കൈയ്യേറ്റങ്ങളുടെ സ്വഭാവത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിന് ഭൂഷണമല്ല.

കേരള യാത്ര അവസാനിക്കുമ്പോള്‍ മന്ത്രിയാകാമെന്ന മോഹനപ്രതീക്ഷയുമായാണ് രമേശ് ചെന്നിത്തല ഇറങ്ങിപ്പുറപ്പെട്ടത്. രണ്ടാം സ്ഥാനക്കാരനെന്ന പദവിയും പ്രമുഖമായ വകുപ്പും ലഭിക്കാതെ വന്നപ്പോള്‍ രമേശ് ചെന്നിത്തലയും കൂട്ടരും ഗ്രൂപ്പുപോരിന് ആക്കംകൂട്ടി. കൃത്യം ഒരാഴ്ച പിന്നിട്ടപ്പോള്‍ സോളാര്‍ തട്ടിപ്പിന്റെ വാര്‍ത്തകള്‍ പുറത്തുവന്നു. തട്ടിപ്പ് പുറത്തുവന്നതിനുപിന്നില്‍ ഈ വക താല്‍പ്പര്യങ്ങള്‍ക്കൊക്കെ പങ്കുണ്ട് എന്ന സംശയം ബലപ്പെടുന്നതിവിടെയാണ്. തട്ടിപ്പുകള്‍ എല്ലാക്കാലത്തും നടക്കുന്നുണ്ട്. ഇക്കുറിയും നടക്കും. പക്ഷേ, എന്തെങ്കിലും പുറംലോകം അറിയണമെങ്കില്‍ ഗ്രൂപ്പ് യുദ്ധം മുറുകണം. ഇടതുപക്ഷത്തിന്റെ തനിനിറം പുറത്തുവന്നത് അച്യുതാനന്ദന്‍ ഗ്രൂപ്പ് തുനിഞ്ഞിറങ്ങിയപ്പോഴായിരുന്നല്ലോ. ഈ ഗ്രൂപ്പിനെതിരെയുള്ള പടനീക്കമാണ് ഇപ്പോള്‍ യൂസഫലിയുടെ ഭൂമി ഇടപാട് പുറത്തുകൊണ്ടുവരാനിടയാക്കിയതും.

നമ്മുടെ രാഷ്ട്രീയ രംഗത്തെ വലിയൊരപചയത്തിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. എല്ലാ തിന്മകള്‍ക്കും പിന്നില്‍ ഭരണപക്ഷ-പ്രതിപക്ഷ സമവായമുണ്ട്. കൂടെ നില്‍ക്കുന്നവര്‍ കാലുവാരുമ്പോള്‍ സത്യം പുറത്തുവരുന്നു. ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചതായി അവര്‍ പ്രഖ്യാപിക്കും. തട്ടിപ്പിന്റെയും അഴിമതിയുടെയും കൊലപാതകത്തിന്റെയും പെണ്‍വാണിഭത്തിന്റെയുമൊക്കെമേല്‍ മൂടുപടമിടാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. കോടതികള്‍പോലും ഈ ഹീനപദ്ധതിയില്‍ പങ്കാളികളാകും.

ഓരോ സമരവും ജനങ്ങളില്‍ ഉയര്‍ന്ന അവകാശബോധവും രാഷ്ട്രീയ പ്രബുദ്ധതയും സൃഷ്ടിക്കുന്നതാകണം. ഉയര്‍ന്ന ധാര്‍മ്മിക മൂല്യങ്ങള്‍ സമൂഹത്തിലേയ്ക്ക് പ്രസരിപ്പിക്കുന്നതാകണം. ഇവിടെ സമരത്തിന്റെ പേരില്‍ ജനങ്ങളുടെ നിലവാരം ഒന്നുകൂടി താഴ്ത്താനാണ് ശ്രമിക്കുന്നത്. ഓരോ സമരവും ജനങ്ങളെ കൂടുതല്‍ സമരോത്സുകരാക്കുകകൂടി വേണം. എന്നാല്‍ സങ്കുചിത ലക്ഷ്യങ്ങളോടെ നടത്തപ്പെടുന്ന ഈ സമരങ്ങള്‍ ജനങ്ങളെ സമരവിമുഖരാക്കുന്നു. ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഇത് സൃഷ്ടിക്കുന്നത്.

നയപരമായ വിഷയങ്ങള്‍ ഒഴിവാക്കി അഴിമതിപോലുള്ള വിഷയങ്ങളില്‍മാത്രം ഊന്നല്‍ നല്‍കുന്നതും ദുരുദ്ദേശപരമാണ്. ഭരണപക്ഷത്തിന്റേതായാലും പ്രതിപക്ഷത്തിന്റേതായാലും നയങ്ങള്‍ ഒന്നുതന്നെയാണ്. ഇരുകൂട്ടരും ഒന്നുപോലെ മുതലാളിവര്‍ഗ്ഗസേവകരുമാണ്. പദാവലികളിലും വിശദാംശങ്ങളിലും മാത്രമേ വ്യത്യാസമുള്ളൂ. അപ്പോള്‍ എങ്ങനെയാണ് ജനദ്രോഹപരമായ നയങ്ങള്‍ക്കെതിരെ പൊരുതുക? അത് സാദ്ധ്യമല്ല. എന്നാല്‍ നിഷ്‌ക്രിയമായിരിക്കാന്‍ ഒട്ട് കഴിയുകയുമില്ല. അപ്പോള്‍ ജനങ്ങള്‍ കൈയൊഴിയും. പിന്നെ ചെയ്യാവുന്നത് ചില വിഷയങ്ങളില്‍ കടിച്ചുപിടിച്ച് ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത ചടങ്ങുസമരം നടത്തി ജനങ്ങള്‍ക്കു വേണ്ടിയുള്ള പോരാളികളെന്ന പ്രതീതി സൃഷ്ടിക്കുകയാണ്. എല്ലാം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടായി മാറും എന്ന കണക്കുകൂട്ടലിലാണ് നടത്തപ്പെടുന്നത്. കരുണാകര ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയപ്പോള്‍, എങ്കില്‍ ഞങ്ങളെവോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചോളൂ എന്ന് അന്നത്തെ ‘ഇടതുപക്ഷക്കാര്‍’ ആഹ്വാനം ചെയ്തത് ഈ പാര്‍ലമെന്ററി രാഷ്ട്രീയക്കസര്‍ത്തിന്റെ ഉദാഹരണമാണ്. ഇന്ദിരാഗാന്ധി ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ കുറ്റവാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കുന്നതിനുപകരം അനുഭാവതരംഗം മുതലെടുക്കാന്‍ മകനെത്തന്നെ മുന്‍നിര്‍ത്തി അധികാരക്കസേര ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കോണ്‍ഗ്രസ്സും ഇതേ രാഷ്ട്രീയം തന്നെയാണ് അനുവര്‍ത്തിക്കുന്നത്.

മാദ്ധ്യമങ്ങളുടെ പങ്കുകൂടി പരിശോധിക്കേണ്ടതുണ്ട്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ബൂര്‍ഷ്വാമാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നത്. ജനങ്ങളില്‍ തരംതാണ കൗതുകമുണര്‍ത്തി പത്രം വില്‍ക്കാനും ചാനലുകള്‍ക്കുമുന്നില്‍ ആളുകളെ പിടിച്ചിരുത്താനും മാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ മാദ്ധ്യമങ്ങള്‍ വഹിച്ച പങ്ക് ഏറെ വിമര്‍ശനവിധേയമായിരുന്നല്ലോ. കൂടുതല്‍ വികാരമുണ്ടാക്കാന്‍പോന്ന ഒരു വിഷയം കിട്ടുന്നതുവരെ മാത്രമേ അവര്‍ എത്ര പ്രധാനപ്പെട്ട വിഷയവും ചര്‍ച്ചചെയ്യൂ. ഒന്നിലും പരിഹാരമുണ്ടാകണമെന്ന് താല്‍പ്പര്യമില്ല. ഇത് അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടാണ്. ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ സര്‍വ്വാംഗീണമായ അധഃപതനത്തെയാണ് ഇത് വെളിവാക്കുന്നത്.

അഴിമതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു വ്യവസ്ഥയില്‍ അതിന് ആത്യന്തികമായി പരിഹാരം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ജീവിതദുരിതങ്ങള്‍ അധികരിപ്പിക്കുന്ന മുതലാളിത്ത വ്യവസ്ഥയെ മാറ്റിത്തീര്‍ക്കാതെ അഴിമതി തുടച്ചുനീക്കാനാവില്ല. എന്നാല്‍ അതുവരെ നിഷ്‌ക്രിയമായിരിക്കുകയല്ല വേണ്ടത്. ജനങ്ങളുടെ അസംതൃപ്തിയും രോഷവും ശരിയായ ദിശയിലേയ്ക്ക് നയിക്കാനാണ് സാമൂഹ്യമാറ്റത്തിനായി നിലകൊള്ളുന്നവര്‍ ശ്രമിക്കേണ്ടത്. നീറുന്ന ജീവിത പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ശക്തവും വ്യാപകവുമായ സമരങ്ങള്‍ വളര്‍ത്തിയെടുക്കണം. അഴിമതിക്കെതിരായ സമരവും ഇതിന് അനുപൂരകമായേ നടത്താന്‍ കഴിയൂ. അതിന് ഉയര്‍ന്ന ധാര്‍മ്മിക മൂല്യങ്ങളിലധിഷ്ഠിതമായ സാംസ്‌ക്കാരിക മുന്നേറ്റം സൃഷ്ടിച്ചെടുക്കണം. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല എന്നുറപ്പാക്കാന്‍ അതിലൂടെ മാത്രമേ സാധിക്കൂ.

മുതലാളിവര്‍ഗ്ഗ രാഷ്ട്രീയം സ്വാര്‍ത്ഥതയിലധിഷ്ഠിതമാണ്. എന്ത് ഹീനമാര്‍ഗ്ഗമവലംബിച്ചും സ്വന്തം ലാഭം പെരുപ്പിക്കാന്‍ ശ്രമിക്കുന്ന മുതലാളിവര്‍ഗ്ഗത്തെയാണത് സേവിക്കുന്നത്. നേരെമറിച്ച്, തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയം സാമൂഹികതയിലും നിസ്വാര്‍ത്ഥതയിലും അധിഷ്ഠിതമാണ്. മുതലാളിത്ത വ്യവസ്ഥ ഇന്നത്തെ മനുഷ്യന്റെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അശക്തമാണ്. അത് കാലഹരണപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ അത് സമൂഹത്തില്‍ ജീര്‍ണ്ണത പടര്‍ത്തിക്കൊണ്ടിരിക്കും. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്നത് ഈ ജീര്‍ണ്ണമായ സാമൂഹ്യവ്യവസ്ഥയെ അണ് എന്നുള്ളതുകൊണ്ടാണ് ഭയാനകമായ അഴിമതിയുടെ വാര്‍ത്തകള്‍ ഒന്നിനു പിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നത്. ഏതെങ്കിലുമൊരു ഭരണാധികാരി അഴിമതി രഹിതനായതുകൊണ്ടുമാത്രം മുതലാളിത്തത്തില്‍ അഴിമതി ഇല്ലാതാക്കാനാവില്ല. ജീര്‍ണ്ണത പടര്‍ത്തുന്ന വ്യവസ്ഥിതി മാറേണ്ടതുണ്ട്. ഈ വ്യവസ്ഥയെ സംരക്ഷിക്കാന്‍വേണ്ടി നിലകൊള്ളുന്നവര്‍ വ്യക്തിപരമായി അഴിമതിരഹിതരാണെങ്കിലും അവരും സമൂഹത്തെ ദുഷിപ്പിക്കുന്നതില്‍ പങ്കുവഹിച്ചുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷക്കാര്‍ എന്നവകാശപ്പെട്ടുകൊണ്ട് ആ ചുമതല നിറവേറ്റുന്നവരും ഇതേ ദ്രോഹം തന്നെയാണ് സമൂഹത്തിന് ചെയ്യുന്നത്.

ചുരുക്കത്തില്‍, അഴിമതിക്കെതിരെ കോലാഹലമുണ്ടാക്കി വോട്ടുപിടിക്കാനും അധികാരക്കസേരകള്‍ ഉറപ്പാക്കാനും ശ്രമിക്കുന്ന കാപട്യക്കാര്‍ മാത്രമല്ല, വ്യക്തിപരമായ നിലപാടുകളിലൂടെയും പരിശ്രമത്തിലൂടെയും അഴിമതിക്ക് അന്ത്യം കുറിക്കാം എന്നു കരുതുന്ന ശുദ്ധഗതിക്കാരും അബോധപൂര്‍വ്വം ഈ ജീര്‍ണ്ണതയ്ക്ക് ആക്കം വര്‍ദ്ധിപ്പിക്കുകയാണ്. തൊഴിലാളിവര്‍ഗ്ഗ മൂല്യങ്ങളില്‍ അടിയുറച്ച ബൃഹത്തായ ജനമുന്നേറ്റം സൃഷ്ടിച്ചെടുക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തുകൊണ്ടേ അഴിമതിക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാനാകൂ. തട്ടിപ്പിന്റെയും അഴിമതിയുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ ഓരോദിവസവും പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ ഈ ശരിയായ ദിശയിലുള്ള പ്രവര്‍ത്തനമാണ് അത് നമ്മോടാവശ്യപ്പെടുന്നത് എന്ന് തിരിച്ചറിയുക.

Share this post

scroll to top