മിനിമംകൂലി നടപ്പിലാക്കുന്നതിനുവേണ്ടി മത്സ്യസംസ്‌കരണ തൊഴിലാളികള്‍ പണിമുടക്കില്‍

k-m-s-t-u.jpg

kmstu collectorate march

Share

2010-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമംകൂലി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അമ്പലപ്പുഴ താലൂക്കിലെ ചെമ്മീന്‍ പീലിംഗ് തൊഴിലാളികള്‍ ആഗസ്റ്റ് ഒന്നാംതീയതി മുതല്‍ പണിമുടക്കാരംഭിച്ചിരിക്കുകയാണ്. ആള്‍ ഇന്ത്യാ യുടിയുസിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കേരള മത്സ്യ സംസ്‌കരണ തൊഴിലാളി യൂണിയന്‍ (കെ.എം.എസ്.ടി.യു)വിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

കഴിഞ്ഞ വര്‍ഷം ഇതേ സമയം നടത്തിയ പതിമൂന്നു ദിവസം നീണ്ടുനിന്ന സമരത്തിലൂടെ മിനിമംകൂലി നേടിയെടുക്കാനായില്ലെങ്കിലും കൂലിവര്‍ദ്ധനവും ബോണസും നേടിയെടുക്കാന്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞിരുന്നു. അന്ന് അളവിനെപ്പറ്റി അനാവശ്യവും അവാസ്തവികവുമായ തര്‍ക്കങ്ങളുന്നയിച്ചുകൊണ്ട് മുതലാളിമാരുടെ അസോസിയേഷന്‍ മിനിമംകൂലി അട്ടിമറിക്കുകയായിരുന്നു. പിന്നീട് തര്‍ക്കംതീര്‍ത്ത് അളവ് വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായി. എന്നിട്ടും, നിയമവിരുദ്ധമായി, മിനിമംകൂലി നല്‍കുകയില്ല എന്ന പിടിവാശിയിലാണ് മുതലാളിമാര്‍.
മിനിമംകൂലി ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ 20-ാം തീയതി ആലപ്പുഴ കളക്‌ട്രേറ്റിലേക്ക് കെഎംഎസ്ടിയുവിന്റെ നേതൃത്വത്തില്‍ രണ്ടായിരത്തില്‍പരം തൊഴിലാളികള്‍ മാര്‍ച്ചു ചെയ്തു. കെഎംഎസ്ടിയു സംസ്ഥാനപ്രസിഡന്റ് സ.ഡി.സുന്ദരേശന്‍ കളക്‌ട്രേറ്റ് മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു.

ആഗസ്റ്റ് 1,2 തീയതികളില്‍ സൂചനാ പണിമുടക്കാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സൂചനാ പണിമുടക്കിന്റെ പ്രചാരണസ്‌ക്വാഡ് പ്രവര്‍ത്തനം നടത്തിയ യൂണിയന്‍ ജില്ലാ പ്രസിഡന്റ് രേവമ്മ ചന്ദ്രനടക്കമുള്ള വനിതാ നേതാക്കളെ ഷെഡ് ഉടമയും ഗൂണ്ടകളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് മര്‍ദ്ദകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് തൊഴിലാളികള്‍ അമ്പലപ്പുഴ എഎല്‍ഒ ഓഫീസിനുമുമ്പില്‍ കുത്തിയിരിപ്പു സമരവും 3-ാം തീയതി അമ്പലപ്പുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ചും നടത്തി. എന്നാല്‍ സൂചനാ പണിമുടക്കും സമരപരിപാടികളുംകൊണ്ട് യാതൊരു പ്രയോജനവുമില്ലാതെ വന്നപ്പോള്‍, മുതലാളിമാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാത്ത അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് പണിമുടക്ക് അനിശ്ചിതമായി തുടരാന്‍ യൂണിയന്‍ തീരുമാനിച്ചു.

ആഗസ്റ്റ് 7-ാം തീയതി നൂറുകണക്കിന് തൊഴിലാളികള്‍ ആലപ്പുഴ ജില്ലാ ലേബര്‍ ഓഫീസിലേക്ക് മാര്‍ച്ചു ചെയ്തു. മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് എഐഎംഎസ്എസ് സംസ്ഥാന സെക്രട്ടറി ഷൈല കെ.ജോണ്‍ ആണ്.
കെഎംഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി സഖാവ് എസ്.സീതിലാല്‍, ജില്ലാ പ്രസിഡന്റ് രേവമ്മ ചന്ദ്രന്‍, ജില്ലാ സെക്രട്ടറി ആര്‍. അര്‍ജ്ജുന്‍, കെ.ജെ. ഷീല, സതിനി മനോഹരന്‍, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.പി.സുബൈദ, വസന്ത ബാലചന്ദ്രന്‍, ജില്ലാ ട്രഷറര്‍ സുഭദ്ര മുകുന്ദന്‍, യു.ശോഭന, ആള്‍ ഇന്ത്യാ യുടിയുസി ജില്ലാ സെക്രട്ടറി പി.ആര്‍.സതീശന്‍ തുടങ്ങിയവരാണ് വിവിധ പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പണിമുടക്ക് തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ചേര്‍ത്തല താലൂക്കിലും കെഎംഎസ്ടിയുവിന്റെ നേതൃത്വത്തില്‍ സമരം.

മിനിമംകൂലി ആവശ്യപ്പെട്ടുകൊണ്ട് കെഎംഎസ്ടിയു അരൂര്‍ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ എരമല്ലൂരുള്ള ചേംബര്‍ ഓഫ് കേരള സീ ഫുഡ് ഇന്‍ഡസ്ട്രീസ് ഓഫീസിലേക്ക് ആഗസ്റ്റ് 2-ാം തീയതി തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ധര്‍ണ്ണ കെ.എംഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സീതിലാല്‍ ഉല്‍ഘാടനം ചെയ്തു. അരൂര്‍ മേഖലാ സെക്രട്ടറി കെ.പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് സിന്ധു മധു, വൈസ്പ്രസിഡന്റുമാരായ സുധര്‍മ്മ, സിന്ധു വിശ്വംഭരന്‍, ജോയിന്റ് സെക്രട്ടറി സരസി രാജന്‍, ജി.രാഗിണി, ഫാക്ടറി വിഭാഗം സെക്രട്ടറി പി.കൃഷ്ണകുമാര്‍, പ്രസിഡന്റ് വി.കെ.ചന്ദ്രന്‍, എം.പി.കാര്‍ത്തികേയന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

Share this post

scroll to top