മുന്‍കാലങ്ങളിലൊന്നും നേരിടേണ്ടിവന്നിട്ടില്ലാത്ത അതീവദുസ്സഹമായ വിലക്കയറ്റത്തിന് ജനങ്ങള്‍ ഇന്ന് ഇരയായിരിക്കുന്നു. ഏതൊരു വിലക്കയറ്റത്തിന്റെ വേളയിലും വിലകയറാതെ തുടരുന്ന എന്തെങ്കിലും നിത്യോപയോഗ സാധനങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍, വില മാനംമുട്ടെ ഉയരാത്തതായി ഒരു സാധനവും അവശേഷിക്കുന്നില്ല എന്നതാണ് സ്ഥിതിവിശേഷം. അരിയുടെ വില കുതിച്ചുയരുകയാണ്. പച്ചക്കപ്പയും പച്ചമത്തിയുംപോലും സാധാരണക്കാരന് അപ്രാപ്യമായിരിക്കുന്നു. ഫലത്തില്‍ പരിമിതമായ ദിവസവരുമാനംകൊണ്ട് ജീവിതംതള്ളി നീക്കുന്ന ലക്ഷോപലക്ഷം പാവപ്പെട്ടവര്‍ നിസ്സഹായരായി പകച്ചുനില്‍ക്കുന്നു എന്നതാണ് സാഹചര്യം. കഴിഞ്ഞ രണ്ടുമാസത്തിലേറെയായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഉല്‍പ്പാദന-നിര്‍മ്മാണ മേഖലകളെല്ലാം സ്തംഭനാവസ്ഥയിലായി എന്നതിനാല്‍ പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്ന ഈ ദുരിതവേളയില്‍ത്തന്നെയാണ് വിലക്കയറ്റം വിശ്വരൂപമെടുത്തിരിക്കുന്നത്.
വിലക്കയറ്റം തടയുവാന്‍ നടപടികളെടുക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല എന്നുമാത്രമല്ല നിസ്സഹായാവസ്ഥയിലായിരിക്കുന്ന ജനങ്ങളെ അവഹേളിക്കുന്നതിന് മുന്‍പന്തിയിലുണ്ടുതാനും. അട്ടപ്പാടിയില്‍ കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ 42 നവജാതശിശുക്കള്‍ മരണപ്പെട്ടതോ, കുട്ടനാട് കഴിഞ്ഞ രണ്ടുമാസത്തിലേറെയായി വെള്ളത്തിലാണ് എന്നതോ, മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ രണ്ടുമാസമായി കടലില്‍പോയിരുന്നില്ല എന്നതോ ഒന്നും നമ്മുടെ ഭരണാധികാരികള്‍ക്ക് മന:പ്രയാസം ഉണ്ടാക്കുന്നില്ല. അട്ടപ്പാടിയിലെ അമ്മമാര്‍ പോഷകാഹാരം കഴിക്കുന്നില്ലെന്നും അവര്‍ മദ്യപിക്കുന്നതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ മരണപ്പെടുന്നതെന്നും കണ്ടെത്താന്‍ അവര്‍ക്ക് ഏറെ വിഷമിക്കേണ്ടിവന്നില്ല. നവജാതശിശുക്കള്‍ മരണപ്പെടുന്നതിന്റെ ഏറ്റവും അടിസ്ഥാന കാരണം അമ്മമാര്‍ അനുഭവിക്കുന്ന പോഷകാഹാരക്കുറവാണ് എന്നതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കേ അട്ടപ്പാടിയിലെ ജനങ്ങളെ വിടാതെ പിടിമുറുക്കിയിരിക്കുന്ന ദാരിദ്ര്യമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നത്. അല്ലാതെ സുഭിക്ഷതയുടെ നടുവില്‍ പട്ടിണി കിടക്കാന്‍ എന്തായാലും അട്ടപ്പാടിയിലെ അമ്മമാര്‍ തയ്യാറാവില്ലല്ലോ. കുട്ടനാട്ടില്‍ മത്സരിച്ച് ഒരു ദിവസത്തെ റോഡ് ഷോ നടത്തിയതോടെ സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ഉത്തരവാദിത്തം അവസാനിച്ചു. ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ അശേഷം പരിഗണിക്കുന്നില്ല ഭരണാധികാരികള്‍ എന്നതാണ് ഓരോ സംഭവങ്ങളും തെളിയിക്കുന്നത്.
ഇതിനിടയിലാണ് ആസൂത്രണക്കമ്മീഷന്‍ ഇന്ത്യയിലെ ദാരിദ്ര്യക്കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. നഗരങ്ങളില്‍ 33.3 രൂപയും ഗ്രാമങ്ങളില്‍ 27.2 രൂപയും ദിവസവരുമാനമുള്ളവരെ ചവിട്ടിക്കയറ്റി ദാരിദ്ര്യരേഖയ്ക്ക് മുകളിലാക്കി ക്രമീകരിച്ചിരിക്കുന്നു ആസൂത്രണക്കമ്മീഷന്‍. ഇന്നത്തെ വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ ഒരു കിലോ അരിയോ ഒരു കിലോ കപ്പയോ വാങ്ങുവാന്‍പോലും മതിയാകുന്ന ഒരു തുകയല്ലിത് എന്നത് വ്യക്തമായിരിക്കെ ഇതിന്റെ അര്‍ത്ഥമെന്താണ്? രാജ്യത്തെ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങള്‍ക്കുനേരെ മനഃപൂര്‍വ്വം കണ്ണടയ്ക്കുന്നതാണ് ഈ കണക്കുകള്‍. ബോംബെയില്‍ 12 രൂപയ്ക്കും ഡല്‍ഹിയില്‍ 5 രൂപയ്ക്കും മൃഷ്ടാന്നഭോജനം ലഭിക്കുമെന്ന് പറഞ്ഞുകൊണ്ട് ദാരിദ്ര്യക്കണക്കുകള്‍ ശരിവയ്ക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന നേതാക്കന്മാര്‍ വിലക്കയറ്റംകൊണ്ട് ശ്വാസംമുട്ടി പിടയുന്ന ജനങ്ങളെ അവഹേളിക്കുക കൂടിയാണ്. രണ്ട് അമേരിക്കന്‍ ഡോളറിന്റെ വാങ്ങല്‍ ശേഷിക്ക് തുല്യമായ തുകയാണ് വികസ്വരരാജ്യങ്ങളില്‍ ഒരാളിന്റെ ഒരു ദിവസത്തെ ചെലവായി അന്തര്‍ദേശീയ തലത്തില്‍ അംഗീകരിച്ചിരിക്കുന്നത്. രണ്ടുഡോളറിന്റെ കാര്യം ഇരിക്കട്ടെ. ലോകബാങ്കിന്റെ കണക്കനുസരിച്ച് പ്രതിദിനവരുമാനം ഒരു ഡോളര്‍ ഉള്ളവര്‍ പരമദരിദ്രരാണ്. എന്നിട്ടും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഇന്ത്യയില്‍ ദാരിദ്ര്യം കുറയുകയാണെന്നും 25 ശതമാനത്തിനും താഴെ മാത്രമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെന്നും ഭരണാധികാരികള്‍ പ്രഖ്യാപിക്കുന്നു. ഇന്ത്യയില്‍ 76 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച അര്‍ജുന്‍ സെന്‍ഗുപ്ത കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന വസ്തുതയാണ്. അറുപത്തിയഞ്ചുവര്‍ഷത്തെ ജനാധിപത്യഭരണം പൂര്‍ത്തിയാകുമ്പോള്‍ ഇതാണ് ഇന്ത്യയുടെ അവസ്ഥ.
വിലക്കയറ്റം എന്തുകൊണ്ട്?
സര്‍ക്കാരുകള്‍ നടത്തുന്ന നെറികെട്ട കുത്തകപ്രീണനനയങ്ങളുടെ അനന്തരഫലമാണിതെന്ന് ഒറ്റവാചകത്തില്‍ പറയാം. ഈ നയങ്ങളുടെ ഫലമായി സര്‍ക്കാര്‍തന്നെ ഊരാക്കുടുക്കിലകപ്പെട്ടിരിക്കുന്ന അവസ്ഥയുമുണ്ട്. റിസര്‍വ്വ് ബാങ്ക് നടപടികള്‍ക്കുശേഷവും അനിയന്ത്രിതമായി തുടരുന്ന രൂപയുടെ മൂല്യശോഷണം, വ്യാപാരശിഷ്ടക്കണക്കില്‍ വന്നിരിക്കുന്ന വന്‍ഇടിവ്, കറന്റ് അക്കൗണ്ട് കമ്മി, തുടര്‍ന്ന് കരുതല്‍ സ്വര്‍ണ്ണശേഖരംതന്നെ പണയപ്പെടുത്തുന്ന അറ്റകൈ പ്രയോഗത്തെക്കുറിച്ചുള്ള ആലോചന ഇതെല്ലാം കാണിക്കുന്നത് സ്ഥിതിഗതികള്‍ ഗുരുതരമായിരിക്കുന്നു എന്നാണ്. പണപ്പെരുപ്പം സ്‌ഫോടനാത്മകമായി മാറുമെന്ന് ഭയക്കുന്ന സര്‍ക്കാരിന് വിലക്കയറ്റം തടയുന്ന എന്തെങ്കിലും നടപടികളെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആകാത്ത സാഹചര്യം. മറിച്ച് വില വീണ്ടും കുതിച്ചുയരാന്‍ ഇടയാക്കുന്ന അതേ നയങ്ങള്‍ കൂടുതല്‍ വിശാലമായി, ഉദാരമായി തുടരാന്‍ മുതിരേണ്ടിവരുന്നു അവര്‍ക്ക്. ഉദാഹരണത്തിന് നേരിട്ടുള്ള വിദേശമൂലധനത്തെ (എഫ്ഡിഐ) തിരിച്ചുപിടിക്കാനും കൂടുതല്‍ ആകര്‍ഷിക്കാനും തന്ത്രപ്രധാനമേഖലകളില്‍ ഉള്‍പ്പെടെ 100 ശതമാനം നിക്ഷേപസാധ്യതകള്‍ തുറന്നു കൊടുക്കുന്നു.
വിദേശനാണയ കരുതല്‍ നിക്ഷേപത്തില്‍ വന്‍ഇടിവുണ്ടായിരിക്കുന്നത് ഭരണവര്‍ഗ്ഗത്തെ പരിഭ്രാന്തരാക്കുകയാണ്. കയറ്റുമതിയില്‍നിന്നുള്ള വരുമാനം കുറയുന്നതും ഇറക്കുമതി ചെലവു വര്‍ദ്ധിക്കുന്നതുമാണ് ഈ ഇടിവിനു കാരണം. കറണ്ട് അക്കൗണ്ട് കമ്മിയായും രൂപയുടെ മൂല്യത്തകര്‍ച്ചയായും ഇത് പ്രതിഫലിക്കുന്നു. ആഗോള കമ്പോളത്തിലെ ഗണനീയരായ മത്സരക്കാരായി ഇതിനോടകം മാറിക്കഴിഞ്ഞിരിക്കുന്ന ഇന്ത്യന്‍ മുതലാളിമാര്‍ക്ക്, അതായത് സാമ്രാജ്യത്വ സ്വഭാവം ആര്‍ജ്ജിച്ചുകഴിഞ്ഞിരിക്കുന്ന ഇന്ത്യന്‍ മുതലാളിത്തത്തിന് ഇത് കടുത്ത പ്രതിസന്ധിയാണ് ഉളവാക്കുന്നത്. പോരെങ്കില്‍ ഉല്‍പ്പാദന വളര്‍ച്ചാനിരക്ക് കുത്തനെ പിറകോട്ടുപോയിരിക്കുന്ന സാഹചര്യം നിലനില്‍ക്കുകയുമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലും വളരുന്ന സമ്പദ്ഘടനയെന്ന പ്രതീതി ഉളവാക്കിയിരുന്നതിനാല്‍ ഒരിക്കല്‍ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടിരുന്ന വിദേശ നിക്ഷേപം നിന്നനില്‍പ്പില്‍ വന്‍തോതില്‍ ബഹിര്‍ഗ്ഗമിക്കാനുള്ള കാരണവും ഇതാണ്.
ഈ അവസ്ഥാവിശേഷത്തെ മറികടക്കാന്‍ അവലംബിക്കപ്പെടുന്ന മാര്‍ഗ്ഗം എന്താണ്? പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലനിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞ് വരുമാനം വര്‍ദ്ധിപ്പിക്കുക. എല്ലാ ചാര്‍ജ്ജുകളും വര്‍ദ്ധിപ്പിക്കുക, സബ്‌സിഡികള്‍ നിര്‍ത്തലാക്കുക, വിദേശനാണ്യം ഒഴുകിയെത്താന്‍ വാതിലുകളെല്ലാം തുറന്നിടുക-ചില്ലറ വ്യാപാരമേഖല, കാര്‍ഷികരംഗം, സേവനമേഖലകള്‍ എല്ലാം.
എന്നാല്‍ ഇത് ഒരു ദൂഷിത വലയമാണ് സൃഷ്ടിക്കുന്നത്. കൈപ്പിടിയിലൊതുങ്ങാതെ കുതികൊള്ളുന്ന വിലക്കയറ്റം, വര്‍ദ്ധിക്കുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും, ജനങ്ങളുടെ ക്രയശേഷി കുറയുന്നതിനൊപ്പം ശുഷ്‌ക്കിച്ചുകൊണ്ടേയിരിക്കുന്ന കമ്പോളം, ആഭ്യന്തര ഉല്‍പ്പാദനരംഗത്ത് വീണ്ടും വന്‍ തകര്‍ച്ച- പരിണിതഫലങ്ങള്‍ ഇവയൊക്കെയാണ്.
ഈ നയങ്ങള്‍ ഉപേക്ഷിക്കുകയും പകരം ആഭ്യന്തര ഉല്‍പ്പാദനത്തെയും പൊതുവിതരണത്തെയും ശക്തിപ്പെടുത്തുന്ന നയങ്ങള്‍ കൈക്കൊള്ളുകയുമാണ് ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമെത്തിക്കാന്‍ ഉദ്ദേശിക്കുന്ന സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ പച്ചയായും കുത്തകകളുടെ താല്‍പ്പര്യം മാത്രം പരിഗണിക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കുന്ന, ജനങ്ങളെ തരിമ്പും പരിഗണിക്കാത്ത ഭരണാധികാരികള്‍ക്ക് അതൊന്നും സാധ്യമാകുകയില്ല. ജനകീയ സംഘടിതശക്തികൊണ്ട് ഇപ്പോള്‍ അനുവര്‍ത്തിക്കുന്ന നയങ്ങളില്‍നിന്ന് പിന്തിരിയാന്‍ ഭരണാധികാരികളെ നിര്‍ബന്ധിതരാക്കിത്തീര്‍ക്കുവോളം സ്ഥിതിഗതികള്‍ക്ക് മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നല്ല വര്‍ഗ്ഗതാല്‍പ്പര്യപ്രേരിതമായി കൂടുതല്‍ വീറോടെ ഇതേ നയങ്ങള്‍ അനുവര്‍ത്തിക്കപ്പെടുന്നത് ഒന്നിനൊന്ന് സ്ഥിതിഗതികള്‍ രൂക്ഷമാക്കിക്കൊണ്ടിരിക്കുകയും ചെയ്യും. ഭരിക്കുന്നവരുടെ നിറവും നാട്യങ്ങളും എന്തുതന്നെയായാലും ഇതുതന്നെയായിരിക്കും ജനങ്ങളുടെ അനുഭവം.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ്
വിലനിലവാരത്തെ സംബന്ധിച്ചിടത്തോളം ശൃംഖലാപ്രവര്‍ത്തനമാണ് ഇന്ധനവിലവര്‍ദ്ധനവുണ്ടാക്കുന്നതെന്നു മനസ്സലാക്കാന്‍ വലിയ സാമ്പത്തികശാസ്ത്ര പരിജ്ഞാനമൊന്നും ആവശ്യമില്ല. ഡീസല്‍വില കഴിഞ്ഞ സെപ്റ്റംബറില്‍ ലിറ്ററിന് 5 രൂപ വര്‍ദ്ധിപ്പിച്ചപ്പോള്‍ തൊട്ടടുത്ത ദിവസം ലോറി ഉടമകളുടെ സംഘടന ചരക്കുകടത്തുകൂലി 16 മുതല്‍ 20ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. റയില്‍വേ ബജറ്റിലും അത്യാവശ്യ സാധനങ്ങള്‍ക്കുള്‍പ്പെടെ കടത്തുകൂലി വര്‍ദ്ധിപ്പിച്ചു. ഡീസല്‍വില മാസംതോറും വര്‍ദ്ധിപ്പിക്കുമ്പോള്‍ കടത്തുകൂലിയും അപ്രഖ്യാപിതമായി ഉയരുകയാണ്. 2010 ജൂണിലാണ് പെട്രോള്‍ വിലനിയന്ത്രണം സര്‍ക്കാര്‍ കൈയൊഴിഞ്ഞ് എണ്ണകമ്പനികള്‍ക്ക് യഥേഷ്ടം വിലവര്‍ദ്ധിപ്പാന്‍ അനുവാദം നല്‍കിയത്. 3 വര്‍ഷത്തിനിടയില്‍ 33 തവണയാണ് പെട്രോള്‍ വില വര്‍ദ്ധിച്ചത്. 120 ശതമാനം വര്‍ദ്ധനവ്. ഉല്‍പ്പാദനരംഗത്തും വിതരണരംഗത്തും ഒന്നൊഴിയാതെ ഓരോ ചരക്കിന്മേലും ഇതിന്റെ പ്രതിഫലനമുണ്ടാകുന്നു എന്നത് സ്പഷ്ടമാണ്.
ചുരുക്കത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അടിക്കടി വിലവര്‍ദ്ധിപ്പിച്ചുകൊണ്ട് നടത്തുന്ന തട്ടിപ്പ് ഇന്നത്തെ രൂക്ഷമായ വിലക്കയറ്റത്തിനു കാരണമാകുന്നു. പെട്രോളിന്റെ വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികളെ ഉദാരമായി ഏല്‍പ്പിച്ചിരിക്കുകയാല്‍ തോന്നുംപടിയാണ് വിലവര്‍ദ്ധനവുണ്ടാകുന്നത്. ഇതിനെന്തെങ്കിലും ന്യായം പറയണമെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. എണ്ണക്കമ്പനികള്‍ക്ക് ന്യായം ഒരു വിഷയമേയല്ല. പലപ്പോഴും അന്തര്‍ദ്ദേശീയ മാര്‍ക്കറ്റിലെ വിലവര്‍ദ്ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയുമൊക്കെയാണ് പേരിന് വാദഗതികളായി വരാറുള്ളത്.
അന്തര്‍ദ്ദേശീയ വിലവര്‍ദ്ധനവിന് ആനുപാതികമായ വിലവര്‍ദ്ധനവേ അല്ല ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അന്തര്‍ദ്ദേശീയ മാര്‍ക്കറ്റില്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ നടപ്പുവില 104 ഡോളര്‍ മാത്രമാണ്. ഇറാക്ക്, ലിബിയ തുടങ്ങിയ രാജ്യങ്ങളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്ന കരാര്‍ 15 മുതല്‍ 25 വര്‍ഷത്തേയ്ക്കുള്ളതാണ്. വിലയിലുണ്ടാകുന്ന ഏറ്റുക്കുറച്ചില്‍ കരാറിനെ ബാധിക്കില്ല എന്നു ചുരുക്കം. ആകെ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 35-40 ശതമാനം വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ ബാധിക്കാത്ത എണ്ണയാണ്. എന്നാല്‍ അതിന് ഈടാക്കുന്നതും അന്താരാഷ്ട്രവിപണിയിലെ ഏറ്റവും പുതിയ വിലയാണ്.
ആകെ ഉപയോഗിക്കുന്ന എണ്ണയുടെ 40 ശതമാനവും ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നതാണ് എന്നതാണ് മറ്റൊരു പ്രധാന വസ്തുത. അതിന് ഈടാക്കുന്നതും അന്താരാഷ്ട്രവിലതന്നെയാണ്. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന്റെ 60ലേറെ ശതമാനം പെട്രോളും അന്താരാഷ്ട്രവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ ബാധകമാകാത്ത പെട്രോളാണ് എന്നിരിക്കെയാണ് അന്താരാഷ്ട്രവിലയിലെ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി അടിക്കടി പെട്രോള്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നത്. ശുദ്ധീകരിച്ച പെട്രോള്‍ കയറ്റുമതി ചെയ്ത് കുത്തകകള്‍ ഉണ്ടാക്കുന്ന ലാഭത്തെപ്പറ്റി ആരും എവിടെയും പറയാറില്ല. ഇറക്കുമതി ചെയ്യുന്നതിന്റെ 40 ശതമാനത്തോളവും ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യുകയാണത്രേ! ഡീസല്‍, മണ്ണെണ്ണ, ജെറ്റ് ഫ്യൂല്‍, എല്‍.പി.ജി ഗ്യാസ്, പാരഫിന്‍ വാക്‌സ്, ടാര്‍ തുടങ്ങി 6000ലധികം മറ്റ് ഉല്‍പ്പന്നങ്ങള്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് പെട്രോള്‍ ആക്കുമ്പോള്‍ ലഭിക്കുന്നു. ഇതെല്ലാം ഉയര്‍ന്ന വിലയ്ക്കുതന്നെ വിറ്റ് ലാഭമുണ്ടാക്കുന്നുണ്ട് എണ്ണക്കമ്പനികള്‍. കുത്തകകളുടെ ഈ നെറികേടിന് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാരുകള്‍.
ചില്ലറ വ്യാപാരരംഗത്തേയ്ക്കുള്ള കുത്തകകളുടെ കടന്നുവരവ്
കുത്തകകള്‍ സര്‍വ്വസ്വവും കൈപ്പിടിയിലൊതുക്കുന്നതോടെ വിലക്കയറ്റം കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. തൊട്ടാല്‍ പൊള്ളുന്ന വിലയാണ് എന്നതല്ലാതെ, യാതൊരുവിധ സാധനങ്ങള്‍ക്കും കമ്പോളത്തില്‍ ക്ഷാമമില്ല. കൊള്ളവില കൊടുത്താല്‍ എന്തും കിട്ടും. എല്ലാത്തരം അവശ്യനിത്യോപയോഗ സാധനങ്ങളും വന്‍കിട കുത്തകകള്‍ പരിധിയില്ലാതെ സംഭരിച്ച്, പൂഴ്ത്തിവച്ച് കൃത്രിമമായി ക്ഷാമം സൃഷ്ടിക്കുകവഴിയാണ് ഇപ്പോഴത്തെ ഭീകരമായ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. ഈ കൃത്രിമ ക്ഷാമത്തിന്റെ മറവില്‍ വില ഭീകരമായി വര്‍ദ്ധിപ്പിച്ച് ഉപഭോക്താവിനെ വരുതിക്കുകൊണ്ടുവരികയാണ് കുത്തകകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കുത്തകകളെ കയറൂരിവിടുകയും അവരുടെ ലാഭം കണക്കറ്റ് പെരുപ്പിക്കാന്‍ നയങ്ങളാവിഷ്‌ക്കരിക്കുകയും ചെയ്തതിന്റെ പരിണിതഫലമാണ് ഈ വിലക്കയറ്റം.
ജനങ്ങളെ യഥേഷ്ടം ചൂഷണം ചെയ്യാനാവശ്യമായ നിയമപരിരക്ഷ ഇതിനകം കുത്തകകള്‍ നേടിയെടുത്തു. യുപിഎ സര്‍ക്കാരിന്റെ ഭരണകാലം കുത്തകകള്‍ക്ക് പുഷ്‌കലകാലമാണ്. ചില്ലറ വ്യാപാരരംഗത്തേയ്ക്ക് കുത്തകകളെ ആനയിക്കുന്നതിനുവേണ്ടി വാറ്റിനു പുറമേ നിരവധിയായ നിയമഭേദഗതികളും ചട്ടഇളവുകളും യുപിഎ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു കഴിഞ്ഞു. കുത്തകകളെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാന്‍ പര്യാപ്തമായിരുന്ന മൊണോപോളീസ് ആന്റ് റസ്ട്രിക്ടീവ് ട്രേഡ് പ്രാക്ടീസസ്(എം.ആര്‍.ടി.പി) ആക്ട്- 1968 ഉദാരവല്‍ക്കരണത്തിന്റെ തുടക്കത്തില്‍ത്തന്നെ കുഴിച്ചുമൂടി. പകരം കുത്തകകള്‍ക്ക് സര്‍വ്വസ്വാതന്ത്ര്യവും നല്‍കുന്ന കോംപറ്റീഷന്‍ ആക്ട് 2002 ല്‍ നടപ്പിലാക്കി.
ബഹുബ്രാന്‍ഡ് ചില്ലറ വില്‍പ്പനരംഗത്തേയ്ക്ക് രാജ്യാന്തരകമ്പനികളുടെ വരവിന് അരങ്ങൊരുക്കി രണ്ടാംഘട്ട ഉദാരവല്‍ക്കരണനടപടികള്‍ക്ക് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് വിദേശ നിക്ഷേപം കൂടുതല്‍ എത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ്. ടെലികോം മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനവും ക്യാബിനറ്റ് അംഗീകരിച്ചു.
ബഹുബ്രാന്‍ഡ് റീട്ടെയില്‍ വില്‍പ്പനക്കാര്‍ 30 ശതമാനംവരെ സാധനങ്ങള്‍ പ്രാദേശികമായി സംഭരിക്കണമെന്ന വ്യവസ്ഥ ബിസിനസ് തുടങ്ങുമ്പോള്‍ മാത്രം മതി എന്നാക്കിയ സര്‍ക്കാര്‍ പത്തുലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളിലും ബഹുബ്രാന്‍ഡ് റീട്ടെയില്‍ ശൃംഖലകള്‍ക്ക് അംഗീകാരം നല്‍കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് അനുമതിയും നല്‍കി.
വാള്‍മാര്‍ട്ടും ടെസ്‌കോയുംപോലുള്ള രാജ്യാന്തര സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ക്ക് ചെറിയ നഗരങ്ങളിലും കടതുടങ്ങാന്‍ അവസരം ഒരുക്കുന്നതാണ് ഈ നീക്കങ്ങള്‍. കൊറിയര്‍ സര്‍വ്വീസുകളില്‍ 100 ശതമാനവും വിദേശനിക്ഷേപം അനുവദിക്കാനാണ് നീക്കം.
കാര്‍ഷികോല്‍പ്പന്ന സംഭരണ നിയമഭേദഗതി
കാര്‍ഷികോല്‍പ്പന്ന സംഭരണനിയമത്തില്‍ വന്നിരിക്കുന്ന ഭേദഗതിയാണ് വിലക്കയറ്റത്തിന്റെ മറ്റൊരു പ്രധാന കാരണം. വന്‍ മൂലധന ശക്തികളും ഗോഡൗണ്‍ മതുലാളിമാരും നിശ്ചിത പരിധിക്കപ്പുറത്തേയ്ക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിച്ച് കൈപ്പിടിയിലൊതുക്കുന്നതിനെതിരെയുണ്ടായിരുന്ന നിയമമാണിപ്പോള്‍ വന്‍ കുത്തകകള്‍ക്കുവേണ്ടി പൊളിച്ചെഴുതിയിരിക്കുന്നത്. പരിധിയില്ലാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങിച്ചുകൂട്ടുവാന്‍ ഇതുവഴി അവസരം സൃഷ്ടിക്കപ്പെട്ടു. റീട്ടെയ്ല്‍ ലൈസന്‍സ് സമ്പാദിച്ചു കഴിഞ്ഞവര്‍ക്ക് എത്രതന്നെ ഭക്ഷ്യധാന്യങ്ങളും മാര്‍ക്കറ്റിലിറക്കാതെ പിടിച്ചുവയ്ക്കാമത്രേ! അതൊന്നും പൂഴ്ത്തിവയ്പ്പല്ല. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടഞ്ഞുകൊണ്ടുള്ള ചട്ടങ്ങള്‍തന്നെ മാറി മറിഞ്ഞു. കര്‍ഷകരില്‍നിന്നും ഭക്ഷ്യധാന്യങ്ങളും മറ്റും മുന്‍കൂര്‍ വില നില്‍കി അതായത് അവധി വ്യാപാരത്തിലൂടെ സംഭരണം കുത്തകവല്‍ക്കരിക്കുകയാണ് ഈ വ്യാപരക്കൂറ്റന്‍മാര്‍.
വന്‍തോതില്‍ മൂലധനം ഇറക്കിക്കൊണ്ടുള്ള കുത്തകകളുടെ സംഭരണം ഈ രംഗത്തുള്ള ചെറുകിടക്കാരെ മുഴുവന്‍ ഒറ്റയടിക്ക് ഇല്ലാതെയാക്കും. ഇങ്ങനെ സംഭരണരംഗത്ത് കുത്തകകള്‍ മാത്രം അവശേഷിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് കുത്തകള്‍ നിശ്ചയിക്കുന്ന ഏറ്റവും താഴ്ന്ന വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടിവരും. പ്രധാനമായും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കോണ്‍ട്രാക്ട് ഫാമിംഗ് കൊണ്ടുവന്നിട്ടുള്ളത്. കോണ്‍ട്രാക്ട് ഫാമിംഗ് കര്‍ഷകര്‍ക്ക് മരണക്കെണിയൊരുക്കുന്നു എന്നത് ലോകത്തെല്ലായിടത്തുനിന്നും ഇപ്പോള്‍ നാം കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തയാണ്.
സംഭരണവും ചില്ലറ വില്‍പ്പനയും സംയോജിപ്പിച്ചുകൊണ്ട് കുത്തകകള്‍ രംഗം കൈയടക്കുന്നതോടെ ലക്ഷക്കണക്കിന് ചില്ലറ വില്‍പ്പനശാലകള്‍ക്ക് വിറ്റഴിക്കാന്‍ പച്ചക്കറിയോ ധാന്യങ്ങളോ ഇതര കാര്‍ഷിക ഉല്‍പ്പന്നങ്ങളോ ലഭ്യമല്ലാതെയാകും. ഒരു നിശ്ചിതമേഖലയിലെ കച്ചവടക്കാരുടെ വരുമാനം മുഴുവന്‍തകരുകയും അതപ്പാടെ വന്‍കിട കുത്തകകളുടെ പക്കല്‍ കുമിഞ്ഞുകൂടുകയും ചെയ്യുന്നത് സാമ്പത്തികഘടനയെ കൂടുതല്‍ അസന്തുലിതമാക്കും.പ്രതിസന്ധി അത്യന്തം രൂക്ഷമാക്കുന്ന ഒന്നായി ചില്ലറവ്യാപാരരംഗത്തിന്റെ തകര്‍ച്ച മാറും.
പലകൈമറിഞ്ഞുള്ള കച്ചവടത്തെ നിരുത്സാഹപ്പെടുത്തുന്ന, കുത്തകകള്‍ക്ക് ഏറ്റവും അനുയോജ്യമായ മൂല്യവര്‍ദ്ധിത നികുതി(വാറ്റ്) നടപ്പിലാക്കി. ഇന്ത്യ റീട്ടെയ്ല്‍ റിപ്പോര്‍ട്ട് 2005 ല്‍ കുത്തക ചില്ലറ വ്യാപാരത്തിന്റെ സാദ്ധ്യതകള്‍ക്ക് ചൂണ്ടിക്കാണിക്കുന്ന 11 അനുകൂല ഘടകങ്ങളില്‍ ഒന്ന് ഇന്ത്യയില്‍ വാറ്റ് നടപ്പിലാക്കി എന്നുള്ളതാണ്. എല്ലാത്തരം ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി തീര്‍ത്തും ഉദാരമാക്കിക്കൊണ്ടുള്ള ഇറക്കുമതി നയം പടിപടിയായി നടപ്പിലാക്കി. നഗരഭൂസ്വത്തിന് പരിധി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞു. വിദേശശക്തികള്‍ക്ക് ഇന്ത്യയില്‍ യഥേഷ്ടം ഭൂമി വാങ്ങിക്കൂട്ടുന്നതിനുണ്ടായിരുന്ന വിലക്കുകള്‍ ഇല്ലാതെയായി. അങ്ങനെ ചില്ലറ വില്‍പ്പനമേഖല പൂര്‍ണ്ണമായും കുത്തകകള്‍ക്ക് തുറന്നിട്ടുകൊടുത്തു.
ഈ നയങ്ങളൊക്കെത്തന്നെ കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളാണ്. അതില്‍ ഇടതുപക്ഷങ്ങള്‍ക്കുള്ള പങ്കും എടുത്തുപറയാതെ നിവൃത്തിയില്ല. കാരണം കഴിഞ്ഞ യു.പി.എ സര്‍ക്കാരിനെ നിലനിര്‍ത്തിയത് ഇടതുകക്ഷികളാണ്. കുത്തകകളുടെ കടന്നുവരവിനുവേണ്ടിയുള്ള സുപ്രധാനമായ മുന്നൊരുക്കമെന്നനിലയില്‍ മൂല്യവര്‍ധിത നികുതി അഥവാ വാറ്റ് നടപ്പാക്കിയതും ഇടതു-വലതു-ബിജെപി ഭേദമെന്യേ ഏവരും ഒത്തുകളിച്ചാണ്.
ഭീകരമായ വിലക്കയറ്റമുള്‍പ്പെടെ ഗുരുതരമായ സാമൂഹ്യപ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുന്നതാണ് സര്‍ക്കാരിന്റെ ഈ നടപടികള്‍. 400 ലക്ഷംപേരെങ്കിലും പണിയെടുക്കുകയും അത്രയും കുടുംബങ്ങളെ തീറ്റിപ്പോറ്റുകയും ചെയ്യുന്ന ചില്ലറ വ്യാപാരമേഖലയെ കുത്തകകള്‍ വിഴുങ്ങുന്നതോടെ കോടിക്കണക്കിനാളുകള്‍ വഴിയാധാരമാകും. ഭക്ഷ്യധാന്യങ്ങളുടെ കുത്തക സംഭരണം കര്‍ഷകരെയും ചതിക്കുഴിയിലകപ്പെടുത്തും. ഉപഭോക്താക്കള്‍ പിഴിഞ്ഞൂറ്റപ്പെടും.
ചില്ലറ വ്യാപാരരംഗത്തെ രാജാവായ വാള്‍മാര്‍ട്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ മതി എന്താണ് നമ്മുടെ രാജ്യത്ത് തുടര്‍ന്ന് സംഭവിക്കാന്‍ പോകുന്നത് എന്നു മനസ്സിലാക്കാന്‍. തൊഴില്‍ നിഷേധത്തിനും തൊഴിലവകാശ ലംഘനത്തിനും വ്യാപാര നൈതികത തകര്‍ത്തതിനും അമേരിക്കയില്‍ ഏറ്റവുമധികം കേസുകള്‍ നേരിടുന്ന കമ്പനി വാള്‍മാര്‍ട്ടാണ്. 1998ല്‍ ജര്‍മ്മനിയില്‍ പ്രവേശിച്ച വാള്‍മാര്‍ട്ട് ചെറുകിട സ്ഥാപനങ്ങളെ പൂട്ടിച്ചതുവഴി അവിടെ ഏഴര ലക്ഷം പേരുടെ ജോലി നഷ്ടപ്പെടുത്തി. വന്‍തോതില്‍ വ്യാപാര നിയമലംഘനങ്ങള്‍ നടത്തി. ഒടുവില്‍ ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് 2006ല്‍ ജര്‍മ്മനി വിടേണ്ടിവന്നു. കൊറിയയിലും ഇതേ എതിര്‍പ്പ് വാള്‍മാര്‍ട്ടിന് നേരിടേണ്ടിവന്നു.
കുത്തകകള്‍ക്ക് കമ്പോളം സമ്പൂര്‍ണ്ണമായും തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായി പൊതുവിതരണസംവിധാനത്തെ ചിട്ടയോടെ തകര്‍ത്തതും ഭീകരമായ വിലക്കയറ്റത്തിന്റെ മറ്റൊരു പ്രധാന കാരണമാണ്.
വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോഴാണ് യാതൊരു ന്യായീകരണവുമില്ലാതെ നിരന്തരം ജനങ്ങള്‍ക്കുമേല്‍ ചാര്‍ജ്ജ് വര്‍ദ്ധനവുകള്‍ അടിച്ചേല്‍പ്പിക്കുന്നത്. കുടിവെള്ളക്കരത്തിന്റെ ഭീമമായ വര്‍ദ്ധനവ് കുടിവെള്ളം സ്വകാര്യവല്‍ക്കരിക്കുവാന്‍ ലക്ഷ്യമിട്ട് നീങ്ങുന്ന പദ്ധതികളുടെ ഭാഗമായാണ്. ‘കേരള ഡ്രിംങ്കിംഗ് വാട്ടര്‍ സപ്ലൈ കമ്പനി ലിമിറ്റഡ’് എന്ന കമ്പനി രൂപീകരിച്ച് 51% ശതമാനം ഓഹരികള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൊടുക്കുവാനാണ് നീക്കം നടത്തുന്നത്. കുടിവെള്ളത്തിന്റെ ചാര്‍ജ്ജ് 50 ഇരട്ടിയിലേറെ വര്‍ദ്ധിക്കാം എന്നതാണ് സാഹചര്യം. സാമൂഹ്യക്ഷേമബാദ്ധ്യതകളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും കുത്തകകള്‍ക്ക് മേയാനായി ഈ മേഖലകള്‍ തുറന്നിടുകയുമാണ് ചെയ്യുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യവും പൊതുനിരത്തുകളും പൊതുവിതരണവും എല്ലാം തകര്‍ക്കപ്പെട്ടത് ഈ അടിസ്ഥാനത്തിലാണ്. വൈദ്യുതിയും കെഎസ്ആര്‍ടിസിയുമടക്കം സ്വകാര്യവല്‍ക്കരിക്കപ്പെടുന്നതിന്റെയും കാരണം ഇതാണ്.
സാധാരണക്കാരന്റെ ജീവിതത്തെ സര്‍വ്വാര്‍ത്ഥത്തിലും പിച്ചിച്ചീന്തുകയാണ് ആഗോളവല്‍ക്കരണ നയങ്ങള്‍. ഇതിനെതിരെ അതിശക്തവും നീണ്ടുനില്‍ക്കുന്നതുമായ പ്രക്ഷോഭണങ്ങളാണ് ഉണ്ടാകേണ്ടത്. ജീവിതം വഴിമുട്ടുന്ന അസഹനീയമായ ഈ സാഹചര്യത്തില്‍, സ്വന്തം സമരക്കമ്മിറ്റികളില്‍ സംഘടിക്കുക എന്നതല്ലാതെ മറ്റൊരു പോംവഴിയും ഇന്ന് ജനങ്ങളുടെ മുന്നില്‍ അവശേഷിക്കുന്നില്ല.