സ്വകാര്യ സർവകലാശാല : എൽഡിഎഫ് ഒത്താശയോടെ സർവകലാശാലാ വിദ്യാഭ്യാസവും കമ്പോളശക്തികൾക്ക് തീറെഴുതുന്നു

KERALA-BILL-2025.png
Share

കേരളത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാൻ എൽഡിഎഫ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നു. ഇനി നിയമസഭ പാസ്സാക്കുക എന്ന ചടങ്ങുമാത്രമേ ബാക്കിയുള്ളൂ. കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. കമ്പോളശക്തികളാകട്ടെ അതിരറ്റ ആഹ്ലാദത്തിലുമാണ്. ഇടതുപക്ഷം തെറ്റുതിരുത്തിയെന്നും അവർക്ക് വിവേകമുദിച്ചു എന്നുമൊക്കെയാണ് പൊതുവിലുള്ള വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ ഈ നടപടിയുടെ അനന്തരഫലങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.
ശാസ്ത്രജ്ഞാനവും ചരിത്രബോധവും സാമൂഹിക വീക്ഷണവും സാംസ്കാരിക മൂല്യങ്ങളും പേറുന്ന മാനവകുലത്തെ വളർത്തിയെടുക്കുക എന്ന മഹത്തായ ദൗത്യമാണ് സർവകലാശാലകൾക്കുള്ളത്. എന്നാൽ സ്വകാര്യ സംരംഭകർക്കാകട്ടെ തങ്ങളുടെ ലാഭം പെരുപ്പിക്കുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടാകൂ. മൂലധനശക്തികൾ വിഹരിക്കുന്ന ഏതുരംഗത്തും മാനുഷിക മൂല്യങ്ങൾ ചവിട്ടിയരച്ച് സ്വാർത്ഥനേട്ടങ്ങൾ ഉറപ്പാക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ആഗോളീകരണ നയങ്ങളുടെ ആഗമനത്തോടെ വിദ്യാഭ്യാസം സമ്പൂർണമായും സേവനം എന്നതിനുപകരം കച്ചവടച്ചരക്കായി മാറി.


സ്വകാര്യ സർവകലാശാലകൾ വ്യവസായ സംരംഭകരുടെ നിക്ഷിപ്തതാൽപര്യങ്ങൾക്കനുസരിച്ച് മാത്രമാണ് കോഴ്സുകൾ രൂപകൽപന ചെയ്യുന്നത്. തൊഴിൽ വിപണിയെ ലക്ഷ്യംവച്ച് ഒരു തൊഴിൽ സേനയെ വാർത്തെടുക്കുക എന്നതാണ് അവരുടെ മുഖ്യപരിഗണന. വാജ്പേയ് സർക്കാർ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാൻ അംബാനി-ബിർള കമ്മിറ്റിയുണ്ടാക്കിയത് കൃത്യമായ സൂചനയായിരുന്നു. പിന്നീട് വന്ന സാംപിത്രോദ കമ്മീഷനും യശ്പാൽ കമ്മീഷനും കസ്തൂരിരംഗൻ കമ്മീഷനുമൊക്കെ വിദ്യാഭ്യാസക്കച്ചവടത്തിന് ന്യായങ്ങൾ പടച്ചുവിടുക മാത്രമാണ് ചെയ്തത്. വിപണിയുടെ മാത്രം താൽപ്പര്യം ലക്ഷ്യമിട്ട് ലോകമെമ്പാടും പൊളിച്ചെഴുത്തുകൾ നടത്തുന്ന ലോകവ്യാപാരസംഘടനയാകട്ടെ വിദ്യാഭ്യാസത്തെ വാണിജ്യവസ്തുവായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
2023 നവംബർ 7ന് യുജിസി പുറപ്പെടുവിച്ച റെഗുലേഷൻ നിലവിൽ വന്നതോടെ ഏതുവിദേശ സർവകലാശാലയ്ക്കും ഇന്ത്യയിൽ കാമ്പസ്സുകൾ ആരംഭിക്കാം എന്ന സ്ഥിതിയുണ്ട്. വിദേശത്തേയ്ക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കുതടയാൻ ഉപകരിക്കും എന്ന വാദമാണ് ബിജെപി സർക്കാർ ഉയർത്തുന്നത്. കേരള സർക്കാരും ഇതേ ന്യായം പറയുന്നു. മികച്ച വിദ്യാഭ്യാസമോ തൊഴിലോ മെച്ചപ്പെട്ട സാമൂഹ്യസുരക്ഷയോ പ്രദാനം ചെയ്യാൻ നമ്മുടെ രാജ്യത്തിന് കഴിയാത്തതാണ് കുടിയേറ്റത്തിന്റെ കാരണം. സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതോടെ ഈ പ്രശ്നങ്ങൾക്ക് എങ്ങനെയാണ് പരിഹാരം ഉണ്ടാകുക. എത്ര മികച്ച വിദ്യാഭ്യാസം നേടിയാലും തൊഴിൽ ലഭിക്കില്ല എന്നതല്ലേ യാഥാർത്ഥ്യം. തൊഴിൽരഹിതരെ സൃഷ്ടിക്കുന്നതും സാമൂഹ്യഅന്തരീക്ഷം അടിക്കടി വഷളാക്കുന്നതും ഇക്കൂട്ടർ തന്നെയാണ്.
കനത്ത ഫീസ് കൊടുക്കാൻ ശേഷിയുള്ള വളരെ ചെറിയൊരു ശതമാനത്തിന് സ്വകാര്യ സർവകലാശാലകളെ ആശ്രയിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, പൊതു സർവകലാശാലകൾ മികച്ച രീതിയിൽ പ്രവർത്തിച്ചാൽ സമൂഹത്തിനാകെ ഗുണകരമാകുമല്ലോ. ഇന്ത്യയിലെ മണിപ്പാൽ, അമിറ്റി, എസ്‌പി ജെയിൻസ്, അശോക യൂണിവേഴ്സിറ്റികൾ ഉന്നതവിദ്യാഭ്യാസ-ഗവേഷണ മേഖലക്ക് എന്ത് സംഭാവനയാണ് നൽകിയത് എന്നതും വിമർശനാത്മകമായി പരിശോധിക്കണം. ഇന്ത്യയിലെ പൊതു സർവകലാശാലകളിൽ നിന്നുണ്ടായ സംഭാവനകളുടെ ഒരംശമെങ്കിലും സൃഷ്ടിക്കാൻ ഇവയ്ക്കായിട്ടുണ്ടോ. ലക്ഷോപലക്ഷം, യോഗ്യതയുള്ളവരുടെ അവസരം നിഷേധിച്ചാണ് സ്വകാര്യസർവകലാശാലകൾ പണത്തിന്റെ ബലത്തിൽ ഖ്യാതി നേടുന്നത് എന്ന് ഓർത്തോണം.


പൊതുസർവകലാശാലകൾ ഇന്ത്യയിൽ കടുത്ത അവഗണന നേരിടുന്നു എന്നത് ഗൗരവതരമാണ്. സർവകലാശാലകൾക്ക് നിലനിൽപ്പിനാവശ്യമായ ഫണ്ടുപോലും നൽകാതെ ശ്വാസം മുട്ടിക്കുകയും കടുത്ത നിബന്ധനകൾ അടിച്ചേൽപ്പിക്കുകയുമാണ് സർക്കാരുകൾ ചെയ്യുന്നത്. സ്വകാര്യ സർവകലാശാലകൾക്ക് പരവതാനിവിരിക്കാൻ കാണിക്കുന്ന വ്യഗ്രതയും ഇതേടൊപ്പം ചേർത്തുവായിക്കണം.
പുതിയ കാലത്ത് സ്വകാര്യമൂലധനത്തെ സ്വീകരിക്കാതെ വയ്യെന്ന് എൽഡിഎഫ് ന്യായം പറയുന്നു. സ്വാശ്രയ കോളജുകളടക്കം സ്വകാര്യമേഖലയ്ക്ക് വഴിതുറന്നപ്പോഴെല്ലാം ഇക്കൂട്ടർ ഇതേന്യായം പറഞ്ഞിട്ടുണ്ട്. ആ സ്വാശ്രയകോളജുകളുടെ സ്ഥിതി ഇന്ന് എന്താണ്. വിദ്യാഭ്യാസമികവോ സാമൂഹ്യബോധമോ ഇല്ലാത്ത തലമുറകളെ പടച്ചുവിടുന്ന ഏർപ്പാടായി ഇത് മാറിയിരിക്കുന്നു. ക്രെഡിറ്റ് ആന്റ് സെമസ്റ്റർ പരിഷ്കാരം കൊണ്ടുവന്നപ്പോഴാകട്ടെ നാലുസർവകലാശാലകളിലെ മുപ്പത്തിയേഴു ശതമാനം ബിരുദ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. അവയിൽ എഴുപതുശതമാനവും സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിൽത്തന്നെ.
സാമൂഹ്യ നിയന്ത്രണമുള്ള സ്വകാര്യസർവകലാശാലകൾക്ക് അനുമതി നൽകാമെന്ന മുടന്തൻ ന്യായവുമായി പതിവുപോലെ എസ്എഫ്ഐയും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തുമാത്രമല്ല, സർവമേഖലകളിലും മുതലാളിത്തത്തിന്റെ നിയോ ലിബറൽ നയങ്ങളാണ് എൽഡിഎഫ് സർക്കാർ പിന്തുടരുന്നത് എന്നുമനസ്സിലാക്കുമ്പോൾ ഇപ്പോഴത്തെ നീക്കത്തിൽ അതിശയിക്കാനില്ല എന്നുകാണാം. സംവരണവും സാമൂഹ്യനീതിയും ഉറപ്പാക്കിയാണ് അനുമതി നൽകുന്നത് എന്നതാണ് പുതിയ വാദം. ക്രിമിനൽ മൂലധനവാഴ്ചയിൽ സംവരണവും സാമൂഹ്യനീതിയും സർക്കാർ നിയന്ത്രണവുമൊന്നും പരിഗണനാവിഷയമേ അല്ല എന്ന് ആർക്കാണ് അറിയാത്തത്. രണ്ട് സ്വാശ്രയ കോളജ് സമം ഒരു സർക്കാർ കോളജ്, ആഗോള നിലവാരമാർജ്ജിക്കാൻ ഡിപിഇപി എന്നൊക്കെ വീമ്പിളക്കിയവർക്ക് ഇപ്പോൾ മിണ്ടാട്ടം മുട്ടിയതുപോലെ സ്വകാര്യ സർവകലാശാലകളുടെ കാര്യത്തിലും ആവർത്തിക്കും. നമ്മുടെ വിദ്യാഭ്യാസരംഗത്ത് ഇത് നാശം വിതയ്ക്കാനേ ഉപകരിക്കൂ.
സർവകലാശാലകളുടെ സ്വയംഭരണാവകാശത്തിൽ നഗ്നമായി കൈകടത്തിയും സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ അടിച്ചേൽപ്പിച്ചും ഉന്നത വിദ്യാഭ്യാസത്തിന്റെ മഹിമ കെടുത്തിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സർവകലാശാലയുടെ നിലവാരമിടിക്കുന്നതിലും സ്വകാര്യവത്ക്കരണത്തിന് പാതയൊരുക്കുന്നതിലും പങ്കുവഹിച്ചിട്ടുണ്ട്. ക്യാമ്പസ്സുകളെ അക്രമികളുടെ വിഹാരരംഗമാക്കിയ എസ്എഫ്ഐ പോലുള്ള സംഘടനകളും ഈ പ്രക്രിയയ്ക്ക് ആക്കം വർദ്ധിപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസമെന്ന മർമ്മപ്രധാനമായ മേഖല മൂലധനശക്തികൾക്ക് വിട്ടുകൊടുത്താൽ വിനാശമായിരിക്കും ഫലം എന്നുമനസ്സിലാക്കിയാണ് പൊതു സർവകലാശാലകൾ ആരംഭിച്ചത്. സർവകലാശാലകളുടെ സ്വയം ഭരണാവകാശം അനുവദിച്ചുകൊടുത്തതും പ്രവർത്തനത്തിന് ആവശ്യമായ ഫണ്ടുനൽകാൻ സർക്കാരുകളെ ബാധ്യസ്ഥമാക്കിയതും സർവകലാശാലകളുടെ സാമൂഹ്യ ഉത്തരവാദിത്തം തിരിച്ചറിഞ്ഞുകൊണ്ടാണ്. മൂലധനത്തിന്റെ കുത്തൊഴുക്കിൽ ഈ നന്മകളൊക്കെ കടപുഴക്കാൻ ഹീനമായ നീക്കങ്ങൾ നടക്കുമ്പോൾ പ്രതിപ്രവാഹം സൃഷ്ടിക്കേണ്ടത് വിദ്യാഭ്യാസ സ്നേഹികളുടെ ഉത്തരവാദിത്തമാണ്. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളിൽനിന്ന് ഊർജ്ജമുൾക്കൊണ്ട് വളർന്നുവന്ന പൊതുവിദ്യാഭ്യാസ അടിത്തറ വിദ്യാഭ്യാസരംഗത്തുമാത്രമല്ല, ജീവിതത്തിന്റെ നാനാതുറകളിൽ നൽകിയ സംഭാവനകളും സൃഷ്ടിച്ച നേട്ടങ്ങളും തട്ടിത്തെറിപ്പിക്കാൻ ആരെയും അനുവദിച്ചുകൂടാ. വിദ്യാർത്ഥികളും അധ്യാപകരും വിദ്യാഭ്യാസവിചക്ഷണരും വിദ്യാഭ്യാസസ്നേഹികളും രക്ഷിതാക്കളും ഒന്നടങ്കം മുന്നോട്ടുവരിക മാത്രമാണ് പോംവഴി.

Share this post

scroll to top