കേരളത്തിന്റെ തൊഴില്‍മേഖല മുമ്പെങ്ങുമില്ലാത്തവിധമുള്ള തകര്‍ച്ച അഭിമുഖീകരിക്കുകയാണ്. നിഷ്ഠുരമായ കോര്‍പ്പറേറ്റ് ചൂഷണവും തൊഴിലവകാശങ്ങളുടെ നിര്‍ദ്ദയമായ നിഷേധവും ഏതാണ്ട് അടിമപ്പണിക്ക് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാൽ ഭരണം നടത്തുന്നവര്‍ തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തില്‍നിന്ന് അതിവേഗം അകലുകയാണ്. അതിന്റെ പ്രത്യക്ഷരേഖയാണ് കേരള ബജറ്റെന്ന പേരിൽ ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്. മൂലധനചൂഷണത്തിന് വിഘ്നരഹിതമായ പാതയൊരുക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ തൊഴിലിടങ്ങളുടെ സമഗ്രമായ പൊളിച്ചെഴുത്തിന്റെ കോർപ്പറേറ്റ് രേഖയാണിത്.
ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ ഫെബ്രുവരി ഏഴാം തീയതി കേരള നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് അനവധി പ്രഖ്യാപനങ്ങൾ നിറഞ്ഞതായിരുന്നു. അടിസ്ഥാനസൗകര്യങ്ങളുടെയും സമ്പദ്ഘടനയുടെയും വികസനത്തിന് ഊന്നൽ കൊടുക്കുന്നു എന്ന അവകാശവാദത്തോടെ അവതരിപ്പിക്കപ്പെട്ട ഈ ബജറ്റ് സാധാരണജനത്തിന് അങ്ങേയറ്റത്തെ നിരാശയാണ് ഉണ്ടാക്കിയത്. അതേസമയം മുതലാളിത്ത ലോകത്തിന് താല്‍പര്യമുളവാക്കുന്ന കാര്യങ്ങൾ ബജറ്റിലുള്ളതുകൊണ്ട് അവർ കൈയടിച്ചേക്കും. കണക്കുകളുടെ കളികൾകൊണ്ട് സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കി പൊള്ളയായ പ്രതീക്ഷകൾ നൽകുന്ന ബജറ്റുകളാണ് ഏതാനും വർഷങ്ങളായി നാം കാണുന്നത്. ജനപ്രതിനിധിസഭകളെ നോക്കുകുത്തികളാക്കി പല സാമ്പത്തിക നയതീരുമാനങ്ങളും ബജറ്റിനും സഭയ്ക്കും പുറത്ത് കൈക്കൊള്ളുന്നു. രാജ്യത്തിന്റെയും സംസ്ഥാനങ്ങളുടെയും സാമ്പത്തികനയത്തെ നിയന്ത്രിക്കാൻ ജനപ്രതിനിധിസഭകളോടോ ജനത്തോടോ ബാധ്യതയില്ലാത്ത നീതി ആയോഗ്, കിഫ്ബി പോലെയുള്ള സംവിധാനങ്ങളുണ്ടാകുന്നു. ബജറ്റുകൾ വെറും പ്രഹസനം മാത്രമാകുന്നു എന്നതാണ് യാഥാർത്ഥ്യം. ഈ ജനാധിപത്യവിരുദ്ധത തുടരുന്ന ഒരു ബജറ്റു തന്നെയാണ് കേരളത്തിന്റെ ധനമന്ത്രി ഇത്തവണയും അവതരിപ്പിച്ചിട്ടുള്ളത്. സംസ്ഥാനം യഥാർത്ഥത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ യൊന്നും ദീർഘവീക്ഷണത്തോടെ സമീപിക്കാതെ, സമ്പദ്ഘടനയുടെ ഘടനാപരമായ കുഴപ്പങ്ങളെ അഭിമുഖീകരിക്കാതെ, പൊള്ളയായ പ്രഖ്യാപനങ്ങൾ ആവർത്തിക്കുന്ന, ഒട്ടും യാഥാർത്ഥ്യബോധമില്ലാത്ത ജനവിരുദ്ധബജറ്റാണിതെന്ന് വ്യക്തം.
പൊള്ളയായ പ്രഖ്യാപനങ്ങൾ ആവർത്തിച്ച് ബജറ്റ്
വികസനം എന്ന ലേബലിൽ അനവധി പദ്ധതി പ്രഖ്യാപനങ്ങൾ ബജറ്റിൽ കാണാം. വിഴിഞ്ഞം തുറമുഖത്തെ കേന്ദ്രമാക്കിക്കൊണ്ട് വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസന ത്രികോണം ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നു. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ്ങ് റോഡ് പദ്ധതി ആവർത്തിച്ചിട്ടുണ്ട്. അദാനിയുടെ വിഴിഞ്ഞം തുറമുഖം ഇക്കാലയളവില്‍ എന്ത് മാറ്റങ്ങൾ കേരളത്തിന്റെ വ്യവസായ-വാണിജ്യ മേഖലകളിലുണ്ടാക്കി, എത്ര തൊഴിലുകൾ നൽകി എന്നതിലൊക്കെ നിഷ്പക്ഷവും സത്യസന്ധവുമായ വിലയിരുത്തൽ പൊതുജനമധ്യത്തിൽ ലഭ്യമല്ല. പ്രത്യക്ഷത്തിൽ ജനത്തിന് അനുഭവവേദ്യമാകുന്ന മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വിഴിഞ്ഞത്തെ കേന്ദ്രമാക്കി നേരത്തേ പ്രഖ്യാപിച്ച പദ്ധതികൾ എവിടെയെത്തി എന്ന ചോദ്യവുമുണ്ട്. അപ്പോഴാണ് അതേ മാതൃകയിൽ വീണ്ടും പ്രഖ്യാപനങ്ങൾ. കണ്ണൂർ വിമാനത്താവളത്തിനടുത്ത് 293.22 കോടി മുടക്കി ഐടി പാർക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കൊല്ലത്തും കൊട്ടാരക്കരയിലും ഐടി പാർക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഐടി മേഖലയിൽ കുറേ പദ്ധതികൾ ബജറ്റിലുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഐടി പാർക്കുകൾ നിർമ്മിക്കാൻ 1000 കോടി മാറ്റിവെച്ചിട്ടുണ്ട്. ഏറെ കൊട്ടിഘോഷിച്ച സ്മാർട്ട് സിറ്റി പദ്ധതിയുടെ പരാജയം നമുക്കു മുന്നിലുണ്ട്. ഐടി പാർക്കുകൾ വെറും റിയൽ എസ്റ്റേറ്റ് പദ്ധതികൾ മാത്രമാണെന്നും, കെട്ടിടങ്ങൾ പണിതിടുന്നതു കൊണ്ടുമാത്രം ഈ മേഖലയിൽ വികസനമുണ്ടാകില്ലെന്നും മുമ്പ് പലപ്പോഴും ഞങ്ങൾ പറഞ്ഞിട്ടുള്ളത് ആവർത്തിക്കട്ടെ. ലോകത്തുതന്നെ ഐടി തൊഴിലുകളുടെ സ്വഭാവം മാറുകയാണ്. അതൊക്കെ കൃത്യമായി വിലയിരുത്തിയാണോ അതോ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണോ, അതുമല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് താല്‍പര്യങ്ങളെ മാത്രം മുൻനിർത്തിയാണോ ഇത്തരം പദ്ധതികൾ? തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾ ബജറ്റിൽ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട്. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനായി 70.40 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വനസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രാധാന്യത്തോടെ വകയിരുത്തലുകൾ അവതരിപ്പിച്ചിട്ടുണ്ട്. വ്യവസായമേഖലയ്ക്ക് 1831.36 കോടിയുടെ വകയിരുത്തലുണ്ട്. വ്യവസായങ്ങൾക്കായി, സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശമുള്ള ഒഴിഞ്ഞുകിടക്കുന്ന ഭൂമി ഉപയോഗപ്പെടുത്താനുള്ള പദ്ധതി ബജറ്റ് മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ, സ്വകാര്യമുതലാളിമാർക്ക് സർക്കാർ ഭൂമി ചുളുവിൽ കൈമാറാനുള്ള പദ്ധതിയായി ഇത് രൂപപ്പെടുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. പുതിയ പദ്ധതികളോ, നിലവിലുള്ള ആവശ്യകതകളെ സംബന്ധിച്ച വ്യക്തതയോ നൽകാതെ, ആരോഗ്യമേഖലയ്ക്കായി 10431.73 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 4219.41 കോടിയാണ് റോഡ് വികസനത്തിനായി മാറ്റിവെച്ചിട്ടുള്ളത്. തുറമുഖമേഖലയ്ക്കുള്ള വകയിരുത്തൽ 93.72 കോടിയിലേക്ക് വർദ്ധിപ്പിച്ചിരിക്കുന്നു. 2134.50 കോടി വയനാട് തുരങ്ക പദ്ധതിക്കാണ്. സ്കൂൾ വിദ്യാഭ്യാസത്തിനായി നീക്കിയിരുപ്പ് ഇത്തവണ വർദ്ധിപ്പിച്ച് 1083.82 കോടിയാക്കിയിട്ടുണ്ട്. ഭവനനിർമ്മാണമാണ് ധനമന്ത്രി ഊന്നിയ മറ്റൊരു മേഖല. ഇടത്തരക്കാർക്കായി ഒരു ലക്ഷം വീടുകൾ നിർമ്മിക്കുന്നതിനുള്ള സഹകരണ ഭവനനിർമ്മാണ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ലൈഫ് മിഷന് 1160 കോടി നീക്കിവെച്ചിട്ടുണ്ട്. വയനാട് പുനരധിവാസത്തിന് 750 കോടിയും ബജറ്റിലുണ്ട്. സർവ്വീസ് പെൻഷന്റെ അവസാന ഇൻസ്റ്റാൾമെന്റും ശമ്പളപരിഷ്ക്കരണത്തിന്റെ രണ്ട് ഇൻസ്റ്റാൾമെന്റുകളും നൽകുമെന്ന പ്രഖ്യാപനമുണ്ട്. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ മാതൃകയിൽ വ്യാജവാർത്തകൾ തടയുന്നതിന് സൈബർ വിംഗിനെ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവുമുണ്ട്. റവന്യു ചെലവിന്റെ 50.04 ശതമാനം വികസനത്തിനാണെന്ന് ധനവകുപ്പ് സ്ഥാപിക്കാൻ ശ്രമിക്കുന്നു. കടം തിരിച്ചടവിന് 17.73 ശതമാനമുണ്ട്.
റവന്യു വരുമാനത്തിന്റെ 50.99ശതമാനം സംസ്ഥാനത്തിന്റെ തനത് നികുതികളാണ്. കേന്ദ്രത്തിൽനിന്നും കിട്ടേണ്ട പങ്ക് 15.94 ശതമാനമേ വരൂ. നികുതിയേതര വരുമാനം 17.8 ശതമാനവും കടം 15.11 ശതമാനവുമായി അവതരിപ്പിച്ചിരിക്കുന്നു. ഭൂനികുതികളിൽ 50% വർധനയാണ് ബജറ്റിൽ വരുത്തിയിരിക്കുന്നത്. കോടതി ഫീസുകളും വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നു. വൈദ്യുതി വാഹനങ്ങളുടെ റോഡ് നികുതിയിലും വർദ്ധനയുണ്ട്. 179476.20 കോടി രൂപയുടെ റവന്യു ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ 152351.67 കോടിയാണ് ആകെ പ്രതീക്ഷിക്കുന്ന വരവ്. 27124.53 കോടിയുടെ കമ്മി.
ജനത്തിന്റെ കണ്ണിൽ പൊടിയിടുന്ന പദ്ധതികളാണ് പലതും എന്ന് ഒറ്റനോട്ടത്തിൽതന്നെ മനസ്സിലാക്കാം. അതിൽതന്നെ പ്രത്യക്ഷത്തിലുള്ള പ്രാദേശിക അസന്തുലനവും ദീർഘവീക്ഷണമില്ലായ്മയും വ്യക്തമാണ്. മുൻബജറ്റുകളിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ എവിടെയെത്തി എന്ന യാതൊരു ചർച്ചയുമില്ല. പ്രഖ്യാപിക്കുന്ന പദ്ധതികൾ പലതും നടപ്പാക്കേണ്ടത് കിഫ്ബിയാണ്. അതായത് സർക്കാരിന് അതിൽ ഉത്തരവാദിത്തമൊന്നുമില്ല. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സകലമാന നികുതികളും താരിഫുകളും നിരന്തരം വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ നികുതി കൊടുക്കേണ്ടിവരുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് കേരളം. അതേസമയം വൻകിടക്കാരുടെ കുടിശ്ശികകളെപ്പറ്റി മിണ്ടാട്ടമില്ല. എത്രയോ കോടി പാട്ടക്കുടിശ്ശിക തിരിച്ചുപിടിക്കാനുണ്ട്. അതിനു നടപടിയില്ലെന്നു മാത്രമല്ല, കേസ് നടത്തിപ്പിലുൾപ്പെടെ വീഴ്ചവരുത്തി ആയിരക്കണക്കിന് ഹെക്ടർ പാട്ടഭൂമി സ്വകാര്യമുതലാളിമാർ കൈയടക്കുന്ന അവസ്ഥയുണ്ടാക്കി. ഭരണകക്ഷിയുടെ പിൻവാതിൽനിയമനത്തിനുമാത്രം ഉപകരിക്കുന്ന എത്രയോ കോർപ്പറേഷനുകളും ബോർഡുകളും മിഷനുകളും കമ്മീഷനുകളും കേരളത്തിലുണ്ട്. പൊതുപണം ദുർവ്യയംചെയ്യുന്ന ഇത്തരം വെള്ളാനകളെ നിഷ്പക്ഷമായി വിലയിരുത്തി, അനാവശ്യമായവ നിർത്തേണ്ടതും മെച്ചപ്പെട്ട സാമ്പത്തിക മാനേജ്മെന്റിന്റെ ഭാഗമാണ്. പൊതുമേഖലയിലേക്ക് വ്യക്തമായ ആസൂത്രണത്തോടെ പണം മുടക്കി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, വിപണിയിൽ കൃത്യമായി ഇടപെട്ട് കുത്തകകളുടെ ചൂഷണത്തെ തടയുകയും ചെയ്യേണ്ടതാണ് സർക്കാരിന്റെ ഉത്തരവാദിത്തം. എന്നാൽ അതൊന്നും ചെയ്യാതെ, മുതലാളിത്ത സാമ്പത്തികശക്തികളുടെ താത്പര്യത്തിനനുസരിച്ച് കാര്യങ്ങൾ വിട്ടുകൊടുക്കുകയും, അത്തരം നടപടികളുടെ ഭാരം ജനത്തിന്റെ തലയിൽ വെച്ചുകെട്ടുകയും ചെയ്ത്, കേരളത്തിന്റെ ഭാവിയെ അപകടത്തിലാക്കുന്ന പ്രവൃത്തി തുടരുന്ന ബജറ്റാണ് ധനമന്ത്രി ഇത്തവണയും അവതരിപ്പിച്ചിട്ടുള്ളത്.
കേന്ദ്ര അവഗണനയ്ക്ക് പരിഹാരം കിഫ്ബിയോ?
കേന്ദ്രത്തിൽനിന്നും കടുത്ത അവഗണന കേരളം നേരിടുന്നുണ്ട് എന്നത് വസ്തുതയാണ്. ഇത്തവണത്തെ കേന്ദ്രബജറ്റിലും റെയിൽവേ നീക്കിയിരുപ്പിലും ഇത് ആവർത്തിച്ചിട്ടുമുണ്ട്. രാജ്യത്തിന്റെ നികുതിവരുമാനത്തിൽനിന്നും കേരളത്തിന് അർഹമായ പങ്ക് നൽകാനും കേന്ദ്രം മടികാണിക്കുന്നു. ചരക്ക്-സേവന നികുതി എന്ന ഭീകരനികുതി സമ്പ്രദായം നടപ്പാക്കിയതോടെ സംസ്ഥാനങ്ങൾക്ക് സാമ്പത്തിക മാനേജ്മെന്റിൽ കടുത്ത വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ട്. കേരളംപോലൊരു ഉപഭോഗാധിഷ്ഠിത സംസ്ഥാനത്തെ ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ യാതൊരു ഭാവിചിന്തയുമില്ലാതെ വായ്പകളെടുത്താണ് കേരളം മുന്നോട്ടുപോകുന്നത്. ഇതോടൊപ്പം ധൂർത്തും, പൊള്ളയായ, എങ്ങുമെത്താത്ത പദ്ധതികളും കൂടിയാകുമ്പോൾ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ക്ഷയിക്കുകയാണ്. ലോകബാങ്കിന്റെയും എഡിബിയുടെയുമൊക്കെ കുറിപ്പടിക്കനുസരിച്ച് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെയും ആരോഗ്യമേഖലയെയും പൊതുഭരണത്തെയും ജലവിതരണത്തെയുമൊക്കെ പൊളിച്ചെഴുതുന്നതു കൂടിയാകുമ്പോൾ ജനജീവിതം ദുരിതക്കയത്തിലെറി യപ്പെടുകയാണ്.
കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ കേരളത്തിന്റെ ആയുധം കിഫ്ബിയാണെന്നത്രേ ഇക്കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയും ആവർത്തിച്ചത്. ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടവയടക്കം കിഫ്ബിയുടെ പദ്ധതികളാണ്. പിണറായി വിജയന്റെ ഒന്നാം സർക്കാരിന്റെ കാലത്താണ് കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണ്ണായക സ്ഥാനത്തേക്ക് കിഫ്ബിയെ കൊണ്ടുവന്നത്. സർക്കാരിന്റെ കടമെടുപ്പു പരിധി മറികടന്നും വായ്പകളെടുക്കാനുള്ള സംവിധാനമായിട്ടാണ് കിഫ്ബിയെ ഉപയോഗിച്ചു തുടങ്ങിയത്. ഇന്ന് കേരളത്തിന്റെ പദ്ധതിനിർവ്വഹണത്തെ നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനു കീഴിലുള്ള കിഫ്ബിയാണെന്നത് അതിശയോക്തിയല്ല. സംസ്ഥാന സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും കീഴിലുള്ള നിർമ്മാണപദ്ധതികൾ ഇന്ന് കിഫ്ബി വഴിയാണ് നടപ്പിലാക്കുന്നത്. 2024 ഡിസംബർ 31 വരെ 87436 കോടിയിലധികം രൂപയുടെ 1147 പദ്ധതികൾ കിഫ്ബി വഴി അനുവദിക്കപ്പെട്ടു എന്നാണ് കണക്ക്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഈ പദ്ധതികളിലൂടെ, അത്രയും പൊതുസംവിധാനങ്ങൾ കിഫ്ബിക്ക് അധീനപ്പെട്ടിരിക്കുന്നു. ഇനി, കിഫ്ബിക്ക് ഇങ്ങനെ നൽകാൻ പണം എവിടുന്നാണ്? കിഫ്ബിക്ക് തനത് വരുമാനമാർഗ്ഗങ്ങളില്ല. സംസ്ഥാന സർക്കാരിന് ബജറ്റിന് പുറത്ത് കടമെടുക്കാനായാണ് കിഫ്ബിയെ വളർത്തിയത് എന്നു സൂചിപ്പിച്ചുവല്ലോ. പക്ഷേ, കിഫ്ബി എടുക്കുന്ന ഓരോ രൂപയുടെ വായ്പയ്ക്കും കേരള സർക്കാരാണ് ഗ്യാരണ്ടി. അതായത്, ബജറ്റിലുണ്ടെങ്കിലും ഇല്ലെങ്കിലും കിഫ്ബി വായ്പയുടെ ഭാരം കേരളത്തിലെ ജനങ്ങളുടെമേൽ തന്നെയാണ് പതിക്കുക. രണ്ടാമതായി, എന്താണ് കിഫ്ബിയുടെ ഉറച്ച വരുമാനമാർഗ്ഗം? അത് ജനത്തെ പിഴിയുന്ന പെട്രോളിയം സെസ്സും വാഹനനികുതിയുടെ പങ്കുമാണ്. അതായത് ജനത്തിന്റെമേൽ തന്നെയാണ് ഈ സ്ഥാപനത്തിന്റെ നിലനില്‍പിന്റെ ഭാരം. മസാലബോണ്ടും മറ്റുപേരുകളിലുള്ള സാമ്പത്തിക ഉപകരണങ്ങളും വായ്പകളും ഇങ്ങനെ സർക്കാർ ഉറപ്പുനൽകുന്ന ഗ്യാരണ്ടിയുടെ ബലത്തിലല്ലേ ലഭിക്കുന്നത്? മൂന്നാമതായി, കിഫ്ബി വഴി നടപ്പാക്കപ്പെടുന്ന പദ്ധതികളിലൂടെ കേരളത്തിലെ പല പൊതുസംവിധാനങ്ങളും പണം വസൂലാക്കുന്ന സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ചൂണ്ടിക്കാണിച്ചത് ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്. കിഫ്ബി വഴി പണിത റോഡുകളിൽ ടോൾ പിരിക്കും എന്ന് മുഖ്യമന്ത്രി അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിക്കഴിഞ്ഞു. അതിനെ ടോൾ എന്നു വിളിക്കാതെ ‘യൂസർ ഫീ’ എന്നു വിളിക്കുമത്രേ! സർക്കാരിനെ ഈടുവെച്ച് വായ്പയെടുത്ത് എന്തെങ്കിലും പദ്ധതി നടപ്പാക്കി, വീണ്ടും ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന തുകകൊണ്ട് പ്രവർത്തിക്കുന്ന ഒരു സ്ഥാപനം. ഇതിനെ കേന്ദ്രത്തിനെതിരെയുള്ള പോരാട്ടമായാണ് പിണറായി വിജയൻ വിശേഷിപ്പിച്ചത്. വിദ്യാഭ്യാസമേഖലയിലെ എൻഇപി അടക്കം എല്ലാ മേഖലയിലും കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ നയങ്ങളും പദ്ധതികളും യാതൊരു എതിർപ്പുമില്ലാതെ വിനീതവിധേയരായി നടപ്പാക്കിക്കൊടുക്കുന്നവരാണ് ഇത് പറയുന്നതെന്നോർക്കണം. ജനത്തിന്റെ അവകാശമായ പൊതുസേവനങ്ങളെ കച്ചവടച്ചരക്കുകളാക്കി മാറ്റുന്ന നിയോലിബറൽ-ആഗോളവൽക്കരണ അജണ്ടയാണ് കിഫ്ബിയിലൂടെ നടപ്പാക്കുന്നത്. എന്നിട്ട് അതിന്റെ ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുന്ന കുടിലബുദ്ധിയാണ് കിഫ്ബി എന്ന പ്രസ്ഥാനത്തിൽ കാണാനാവുക.
വികസനം എന്ന പേരിൽ ഇക്കൂട്ടർ നടപ്പാക്കുന്നതോ നിർമ്മാണപ്രവൃത്തികളല്ലാതെ മറ്റൊന്നുമല്ല. ഇതിൽ പലതും അനന്തമായി നീളുന്നു. കിഫ്ബി തരപ്പെടുത്തുന്ന വായ്പകളിലൂടെ നടത്തുന്ന ഇത്തരം നിർമ്മാണപ്രവൃത്തികൾ എന്ത് പൊതുനന്മയും വികസനവുമാണ് കേരളത്തിൽ കൊണ്ടുവരുന്നത്? ഇതിൽ പലതും അനാവശ്യനിർമ്മാണങ്ങളാണെന്ന് നമുക്ക് തിരിച്ചറിയാനാകും. ഇതിൽ പല പ്രവൃത്തികളും ടെൻഡർ പോലുമില്ലാതെ ഏറ്റെടുത്തു നടത്തുന്നത് പാര്‍ട്ടിയുടെ ഇഷ്ടക്കാരായ ഊരാളുങ്കൽ സൊസൈറ്റിയുമാണ്. ഇതൊക്കെ കേന്ദ്ര അവഗണനയ്ക്കെതിരെയുള്ള പോരാട്ടമല്ലെന്നു മാത്രമല്ല അങ്ങേയറ്റം ജനദ്രോഹവുമാണെന്ന് നമ്മൾ മനസ്സിലാക്കണം.
ജനം ദുരിതത്തിൽ, കേരളം കടക്കെണിയിൽ
കേരളത്തിന്റെ പൊതുകടം നാല് ലക്ഷം കോടി കവിയുന്ന യാഥാർത്ഥ്യത്തെയാണ് നമ്മൾ ഇന്ന് അഭിമുഖീകരിക്കുന്നത്. ഇവിടെ നമ്മുടെ സമൂഹവും സമ്പദ്ഘടനയും നേരിട്ടുകൊണ്ടിരിക്കുന്ന അടിസ്ഥാനപ്രശ്നങ്ങളുണ്ട്. ആഗോളവൽക്കരണനയങ്ങൾ നടപ്പാക്കിയതിനെത്തുടർന്ന് സൃഷ്ടിക്കപ്പെട്ട ഘടനാപരമായ പ്രശ്നങ്ങളുണ്ട്. കാർഷികമേഖലയിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ നടപ്പാക്കാത്തതുമൂലവും ഉത്പന്നങ്ങൾ യഥാസമയം സംഭരിക്കാനും സൂക്ഷിക്കുവാനും, കർഷകന് മതിയായ വില അപ്പപ്പോൾ നൽകാനും, കുറ്റമറ്റ സംവിധാനമൊരുക്കാൻ നാളിതുവരെ സർക്കാരുകൾക്ക് സാധിക്കാത്തതുകൊണ്ടും ഉണ്ടാകുന്ന പ്രശ്നങ്ങളുണ്ട്. ഇത്തവണത്തെ ബജറ്റിലും ഈ ദിശയിലുള്ള യാതൊരു ചിന്തയുമില്ല. ഫലമോ, നെല്ലടക്കമുള്ള കൃഷിയിൽനിന്ന് കൂടുതൽകര്‍ഷകര്‍ പിൻവാങ്ങും. ഈ മേഖലയിലെ തകര്‍ച്ച ഇനിയും രൂക്ഷമാകും. വൻവ്യവസായങ്ങൾ കേരളത്തിലില്ല. കേരളത്തിനനുയോജ്യമായ ചെറുകിട വ്യവസായങ്ങളും പൊതുമേഖലാസ്ഥാപനങ്ങളും എത്രകണ്ട് ആത്മാർത്ഥമായി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ചുറ്റും നോക്കുക, കേരളത്തിൽ വളർന്ന് വികസിക്കുന്നത് വന്‍കിടകച്ചവടസ്ഥാപനങ്ങൾ, ആശുപത്രിശൃംഖലകൾ, പണമിടപാട് സ്ഥാപനങ്ങൾ തുടങ്ങിയ സേവനമേഖലയിലെ സ്ഥാപനങ്ങളല്ലേ? പേരുകേട്ട പൊതുജനാരോഗ്യ സംവിധാനത്തിന്റെയും പൊതുവിദ്യാഭ്യാസമേഖലയുടെയും അടിത്തറയിളക്കി, ആരോഗ്യവും വിദ്യാഭ്യാസവും കച്ചവടച്ചരക്കുകളാക്കി മാറ്റിക്കഴിഞ്ഞു. ടൂറിസമെന്നപേരിൽ സ്വകാര്യ റിസോർട്ട് നിർമ്മാണവും, മദ്യവും കൂടാതെ ലോട്ടറിയുമാണ് സർക്കാർ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന മേഖലകൾ.
ഗൾഫിൽനിന്നുള്ള പ്രവാസികൾ അയയ്ക്കുന്ന പണമായിരുന്നു ഏറെക്കാലം കേരളത്തിന്റെ സാമ്പത്തിക ചാലകശക്തി. എന്നാൽ പ്രവാസത്തിന്റെ രീതികൾ മാറുകയാണ്. ഗൾഫ് പ്രവാസം ചുരുങ്ങുന്നു. പുതിയ തലമുറയുടേത് വിദേശത്തേക്കുള്ള കുടിയേറ്റമാണ്. തിരിച്ചുവരാനായി പോകുന്നവരല്ല അവർ. അവരിൽനിന്ന് നാട്ടിലേക്കുള്ള പണത്തിന്റെ ഒഴുക്ക് പ്രതീക്ഷിക്കേണ്ട. പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നു. ജനനനിരക്കു കുറയുന്നതുകൂടി പരിഗണിച്ചാൽ ചെറുപ്പക്കാരുടെ എണ്ണം കുറയുന്നു. പത്തുവർഷം കഴിഞ്ഞുള്ള കേരളത്തിന്റെ ജനസംഖ്യാവിന്യാസം ഇതിലും ആശങ്കാജനകമാകും. ഒഴിഞ്ഞുകിടക്കുന്ന വീടുകൾ വിനോദസഞ്ചാരത്തിന് ഉപയോഗിക്കാനുള്ള കെ-ഹോം പദ്ധതിയെക്കുറിച്ച് ബജറ്റിൽ പറയുന്നു. പക്ഷേ, വീടുകൾ ഒഴിയുന്നു എന്ന യാഥാർത്ഥ്യത്തിനുനേരെ കണ്ണടയ്ക്കുന്നു. തെറ്റായ മുൻഗണനയിൽ ദീർഘവീക്ഷണമില്ലാത്ത പദ്ധതികൾ പ്രഖ്യാപിച്ച് വിഭവങ്ങൾ പാഴാക്കുന്നു. അതിന്റെ ഭാരം നികുതികളായും ചാർജ്ജുകളായും ജനത്തിനുമേൽ അടിച്ചേൽപ്പിക്കുന്നു. ഉദാഹരണത്തിന്, അതിവേഗ റെയിലല്ല, കൂടുതൽ പാസഞ്ചർ ട്രെയിനുകളും ബസുകളും ഉൾപ്പെടുന്ന മെച്ചപ്പെട്ട പൊതുഗതാഗതസംവിധാനമാണ് കേരളത്തിന് ആവശ്യം എന്ന് ഈ നാട്ടിലൂടെ പൊതുഗതാഗത സംവിധാനമുപയോഗിച്ച് സഞ്ചരിക്കുന്ന ആർക്കും മനസ്സിലാകും. പക്ഷേ സാധാരണക്കാരന്റെ ഈ ആവശ്യകതയല്ല സർക്കാരിന്റെ മുൻഗണന.
ജനത്തിന് ഇന്നും, ഭാവിയിലും എന്താണ് ആവശ്യകതയെന്ന ധാരണയോ, അതിനുവേണ്ട രീതിയിൽ സമ്പദ്ഘടനയെ നയിക്കുകയെന്ന ലക്ഷ്യമോ നമ്മുടെ ആസൂത്രണത്തിനോ സാമ്പത്തിക മാനേജ്മെന്റിനോ ഇല്ല. കാരണം, കൃത്യമായും ഈ ഭരണകൂടസംവിധാനങ്ങൾ മുതലാളിവർഗ്ഗത്തിന്റെ താല്‍പര്യങ്ങൾമാത്രം നടപ്പാക്കാൻ ബാധ്യതപ്പെട്ടതാണ്. ജനജീവിതം കൂടുതൽ ദുസ്സഹമായി മാറുന്നതോ കേരളം കടക്കെണിയിലാകുന്നതോ മുതലാളിത്ത താല്‍പര്യം മാത്രം പേറുന്ന ഒരു ഭരണകൂടത്തിന് വിഷയമാകുന്നില്ല. അതുതന്നെയാണ് ഈ ബജറ്റും പ്രതിഫലിപ്പിക്കുന്നതും. ഈ യാഥാർത്ഥ്യം നമ്മളോരോരുത്തരും തിരിച്ചറിയേണ്ടതുണ്ട്. ആ തിരിച്ചറിവ് ഗവണ്‍മെന്റിന്റെ കുത്തകാനുകൂലവും വികലവുമായ നയങ്ങളെ ജനാനുകൂല നയങ്ങളാക്കി പരിവര്‍ത്തിപ്പിക്കാന്‍പോന്ന ജനകീയ പ്രക്ഷോഭത്തിന്റെ രൂപമെടുക്കുന്നുവെങ്കില്‍ മാത്രമേ ഈ ദുരിതക്കയത്തില്‍നിന്ന് അല്‍പമെങ്കിലും മോചനം ഉണ്ടാകൂ.
കേരള ബജറ്റ് എന്ന കോർപ്പറേറ്റ് രേഖ : ആവർത്തിക്കപ്പെടുന്ന ജനവഞ്ചന
