വർത്തമാന സമൂഹം കടന്നുപോകുന്ന സാംസ്കാരികച്യുതിയുടെ ഭയാനകമായ ആഴം മനസ്സാക്ഷിയെ നടുക്കുന്നു. എങ്ങനെയാണ് ഒരു മനുഷ്യജീവനോട് ഇത്രമേൽ ക്രൂരമായി പെരുമാറാൻ കഴിയുന്നതെന്നാണ് കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളജിലെ റാഗിംഗ് ഉയർത്തുന്ന ഉള്ളുനീറ്റുന്ന ചോദ്യം. മൊബൈൽഫോൺ നൽകാത്തതിന് പിതാവിനെ അടിച്ചുകൊല്ലുന്ന ഇരുപതുവയസ്സുകാരൻ, കാമുകനെ ആസൂത്രിതമായി വിഷംകൊടുത്തുകൊല്ലുന്ന ഇരുപത്തിനാലുകാരി, ക്ലാസ്സ് മുറിയിലും സ്കൂൾബസിലും സഹപാഠിയെ കുത്തിവീഴ്ത്തുന്ന വിദ്യാർത്ഥികൾ, കുട്ടികൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ, കുട്ടികൾ പ്രതിസ്ഥാനത്തുവരുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തിലെ വർദ്ധനവ്, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാതാപിതാക്കളെയും സുഹൃത്തുക്കളെയും മദ്യപന്മാരായ പിതാക്കന്മാർ മക്കളെയും കൊലപ്പെടുത്തുന്ന സംഭവങ്ങൾ, വീടുകൾക്കുള്ളിലും വിദ്യാലയങ്ങളിലടക്കം പുറത്തും നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍. സദാ കൊലവിളികൾ ഉയരുന്ന സാമൂഹ്യാന്തരീക്ഷം.
കൊലപാതകക്കേസ്സിലെ പ്രതി ജാമ്യത്തിലിറങ്ങി താൻ കൊലപ്പെടുത്തിയ വ്യക്തിയുടെ ഭർത്താവിനെയും അമ്മയെയുംകൂടെ കൊലപ്പെടുത്തുന്നു. എവിടേയ്ക്കാണ് ഈനാട് പതിക്കുന്നത്? മനോവൈകൃതങ്ങൾക്ക് അടിപ്പെട്ട ഏതാനും വ്യക്തികളുടെ ചെയ്തികളാണ് ഇവയൊക്കെയെങ്കിൽ നാം ആശങ്കപ്പെടേണ്ടതില്ലായിരുന്നു. മറിച്ച് ഈ അപചയം സമൂഹത്തെ ആകമാനം ഗ്രസിക്കുന്ന മാനത്തിലേക്ക് വളരുന്നു എന്നതാണ് നമ്മെ ഏവരെയും വേദനിപ്പിക്കുന്നത്.
കേരളത്തിൽ കുറ്റകൃത്യങ്ങൾ പെരുകുന്നു എന്നത് സംസ്ഥാന ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ ശരിവയ്ക്കുന്നു. 2024 ജനുവരി മുതല്‍ നവംബര്‍വരെ 1029 കൊലപാതക ശ്രമങ്ങളും 2636ബലാല്‍സംഗക്കേസുകളും 4842 മോഷണക്കേസുകളും രജിസ്റ്റർചെയ്യപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബലാത്സംഗകേസുകൾ റിപ്പോർട്ട് ചെയ്തവർഷമാണ് 2024. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2024നവംബർവരെ 3346 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ നാലിരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മോഷണക്കേസുകളും വഞ്ചനാകേസുകളും മുൻവർഷങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചിരിക്കുന്നു. നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കുട്ടിക്കുറ്റവാളികള്‍ പ്രതികളായിട്ടുള്ള ലൈംഗികാതിക്രമങ്ങളില്‍ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ 188 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൊലപാതക കേസുകളാകട്ടെ 87 ശതമാനം വര്‍ദ്ധിച്ചിരിക്കുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോകുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്ന കേസുകളില്‍ 550 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കുട്ടിക്കുറ്റവാ ളികളില്‍ തന്നെ 64 ശതമാനവും 16-18നും മദ്ധ്യേ പ്രായമുള്ളവരാണ്.
കുറ്റകൃത്യങ്ങള്‍ പെരുകിക്കൊണ്ടേയിരിക്കുന്ന ഒരു സമൂഹത്തിലേയ്ക്കാണ് കുഞ്ഞുങ്ങള്‍ പിറന്നുവീഴുന്നത്. മനുഷ്യന്‍ എന്ന സംജ്ഞയോടോ അതിന്റെ സത്തയോടോ നീതി പുലര്‍ത്താന്‍ തക്കവിധമുള്ള ഗുണഗണങ്ങളും വികാരവിചാരങ്ങളും കുട്ടികളിലേയ്ക്ക് പകര്‍ത്തുവാനുള്ള ആന്തരിക കെൽപ്പ് വർത്തമാനകാലത്ത് സമൂഹത്തിനില്ല. സമൂഹത്തിൽ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന അധാര്‍മ്മികമായ പ്രവണതകളിൽ നിന്നാണ് ചെറിയ തലമുറ ജീവിതവീക്ഷണം നേടുന്നത്. നിഷ്‌കപടമായ സ്‌നേഹം, നിസ്വാര്‍ത്ഥമായ ബന്ധങ്ങള്‍ ഇവയൊക്കെ അന്യംനിന്നുപോകുന്നു. കുഞ്ഞുങ്ങള്‍ക്ക് വളരാനും തളിര്‍ക്കാനും, അവരുടെ മാനസികമായ ഉല്‍ക്കര്‍ഷത്തിനും വികാസത്തിനുമുതകുന്ന പ്രസാദാത്മകമായ സാഹചര്യം ലഭ്യമാക്കി, യഥാര്‍ത്ഥ മനുഷ്യരാക്കി അവരെ വളര്‍ത്തിയെടുക്കാനും മാനുഷികമൂല്യങ്ങളെക്കുറിച്ചും സദ്ഭാവങ്ങളെക്കുറിച്ചും അവര്‍ക്ക് അവബോധമുണ്ടാക്കിക്കൊടുക്കാനുള്ള അവസരം പ്രദാനം ചെയ്യപ്പെടുന്നുണ്ടോ എന്നതിനെക്കുറിച്ച് ഗൗരവമുള്ള പരിചിന്തനവും പരിശോധനയും ഉണ്ടാകേണ്ടിയിരിക്കുന്ന സന്ദർഭമാണിത്. ആ ഉത്തരവാദിത്തം നിർവഹിക്കാൻ സുമനസ്സുകൾ മുന്നോട്ടുവരേണ്ടുന്ന അടിയന്തര സന്ദർഭവുമാണിത്.
നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന ഗുരുതരമായ സാംസ്‌കാരിക- ധാര്‍മ്മിക പ്രതിസന്ധി എന്തുകൊണ്ടുണ്ടാകുന്നു? നമ്മുടെ അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ പരാജയം, നിർബാധം ഒഴുക്കപ്പെടുന്ന മദ്യവും ലഹരിവസ്തുക്കളും, ജീവിതത്തെ സംബന്ധിച്ച് ഭ്രാന്തവും വികലവുമായ സന്ദേശങ്ങൾ മാത്രം വിളമ്പുന്ന സിനിമകള്‍, ചാനലുകള്‍, മൊബൈല്‍ ഫോൺ, സൈബര്‍ലോകം തുടങ്ങിയവയുടെയൊക്കെ അപായകരമായ സ്വാധീനം, ശിഥിലമാകുന്ന കുടുംബബന്ധങ്ങൾ തുടങ്ങിയവയെല്ലാം ഇത്തരമൊരു സ്ഥിതിവിശേഷത്തിന്റെ നിര്‍മ്മിതിയില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നതായി പ്രഥമദൃഷ്യാ നമുക്ക് കാണാവുന്നതാണ്. എന്നാൽ മുകളിൽ സൂചിപ്പിച്ച ഘടകങ്ങൾ പരസ്പരം ബന്ധപ്പെട്ടവയാണെന്നും അവയ്ക്കെല്ലാം ഒരു മൂലകാരണമുണ്ടെന്നും അതോടൊപ്പം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. പണസമ്പാദനത്തിനായി എന്തുനീചമാർഗ്ഗവും കൈക്കൊള്ളുന്ന ഏതാനും ചില വ്യക്തികളുടെ ചെയ്തികളുടെ പരിണിതഫലം മാത്രമല്ലിത്. ഞെട്ടലുളവാക്കുന്ന സാംസ്കാരികത്തകർച്ചയ്ക്ക് നിമിത്തമായിരിക്കുന്ന എല്ലാ പ്രശ്നങ്ങളും നിലവിലുള്ള മുതലാളിത്തവ്യവസ്ഥയുടെ സൃഷ്ടിയാണെന്നു പരിശോധനയിൽ വ്യക്തമാകുന്ന വസ്തുതയാണ്.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പുനർനിർവ്വചിക്കപ്പെട്ടതോടെ മനുഷ്യനെ സൃഷ്ടിക്കുന്ന പ്രക്രിയ തടസ്സപ്പെട്ടു
നമ്മുടെ സംസ്ഥാനത്തിന്റെ സാംസ്കാരികത്തകർച്ചയുടെ ഏറ്റവും പ്രമുഖകാരണം വിദ്യാഭ്യാസ ദൗത്യത്തിന്റെ പരാജയമാണ്. കലാലയങ്ങളില്‍നിന്ന് കൈയാമവുമായി ദുര്‍ഗ്ഗുണപരിഹാര പാഠശാലകളിലേയ്ക്കും ജയിലിലേയ്ക്കുംനീങ്ങുന്ന കൗമാരക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് വിദ്യാഭ്യാസം അതിന്റെ പ്രാഥമികധര്‍മ്മം നിര്‍വ്വഹിക്കുന്നില്ല എന്നതിന്റെ തെളിവാണ്. വിദ്യാഭ്യാസമേഖലയിലെ ഗുണദോഷങ്ങൾ സ്വാഭാവികമായും സാമൂഹ്യസാംസ്കാരികരംഗങ്ങളിൽ പ്രതിഫലിക്കും. ഗുണമേന്മയുള്ള വിദ്യാഭ്യാസം സമൂഹത്തെ ഗുണപരമായി സ്വാധീനിക്കും. കാരണം, മനുഷ്യനെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം എന്നതാണ് വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള ആധുനിക സങ്കല്‍പ്പം. സമഗ്ര വ്യക്തിത്വത്തിനുടമയായ സമ്പൂര്‍ണ്ണ മനുഷ്യനെ വാര്‍ത്തെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ധര്‍മ്മം. വിജ്ഞാനം, സ്വഭാവഗുണം, സാമൂഹ്യബോധം എന്നിവയെല്ലാം സമഞ്ജസമായി വളര്‍ന്നുവികസിച്ച മനുഷ്യന്‍; സ്‌നേഹം, കരുണ, ദയ, ക്ഷമ, സഹിഷ്ണുത തുടങ്ങിയ മാനുഷികഗുണങ്ങളും സദ്ഭാവങ്ങളും സ്വായത്തമാക്കിയവര്‍. അങ്ങനെയുള്ള മനുഷ്യനെ സൃഷ്ടിക്കുക എന്ന മഹത്തും ബൃഹത്തുമായ ഉത്തരവാദിത്തം നിർവഹിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ധര്‍മ്മം.
‘വിദ്യാലയത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുമ്പോള്‍ ജയിലുകളുടെ വാതിലുകള്‍ അടയ്ക്കപ്പെടുന്നു’ എന്ന് വിശ്രുത സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോ അഭിപ്രായപ്പെട്ടത് ഒന്നരനൂറ്റാണ്ടിനുമുമ്പാണ്. ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരിക്കുന്നത് കേരളത്തിന്റെ ശക്തമായ വിദ്യാഭ്യാസ അടിത്തറയാണ് എന്നത് ഏതൊരാളും സമ്മതിക്കും. വിദ്യാഭ്യാസത്തിന്റെ സാമൂഹ്യമായ മാനം തിരിച്ചറിഞ്ഞുകൊണ്ടുള്ള പാഠ്യപദ്ധതിയും സമർപ്പിതരായ അദ്ധ്യാപകരും കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന്റെ സവിശേഷതകളായിരുന്നു. ശാരീരികവും മാനസികവുമായി ആരോഗ്യമുള്ള തലമുറ സൃഷ്ടിക്കപ്പെട്ടു, വായനശാലകളും ക്ലബ്ബുകളും ഗ്രാമങ്ങൾതോറും ചലനങ്ങൾ സൃഷ്ടിച്ചു. കലാകായിക രംഗങ്ങൾ സജീവമായി. കേരളത്തിന്റെ സാമൂഹ്യസാംസ്കാരിക അന്തരീക്ഷത്തിൽ ഇത് ഗുണപരമായ സ്വാധീനം ചെലുത്തി. എന്നാല്‍ ആ നേട്ടങ്ങളെല്ലാം പിന്നോട്ടടിക്കപ്പെടുന്നതാണ് ഇന്ന് നാം കാണുന്നത്. ഇതെന്തുകൊണ്ടാണ്?
പരിഷ്‌ക്കാരങ്ങള്‍ എന്നപേരില്‍ മൂന്നുപതിറ്റാണ്ടുകളായി വിദ്യാഭ്യാസരംഗത്ത് കടന്നുകൂടിയിരിക്കുന്നതും ഡിപിഇപിയിൽ തുടങ്ങി ഉന്നതവിദ്യാഭ്യാസ, ഗവേഷണരംഗങ്ങൾവരെ എത്തിനിൽക്കുന്നതുമായ ആഗോളവല്‍ക്കരണത്തിന്റെ വിദ്യാഭ്യാസപദ്ധതികളും അതിന്റെ നടത്തിപ്പുകാരാണ് ഈ തകര്‍ച്ചയുടെ പ്രഥമവും പ്രധാനവുമായ ഉത്തരവാദികള്‍. ആഗോളവത്ക്കരണത്തിന് ഇണങ്ങുന്ന ഒരുതലമുറയെ വാർത്തെടുക്കുക എന്ന താൽപര്യത്തോടെ ആസൂത്രിതമായി ചെറുതലമുറയുടെ ചിന്താപ്രക്രിയയെത്തന്നെ ക്രമപ്പെടുത്തിയെടുക്കുന്ന പദ്ധതികളാണിത്. ആഗോളവല്‍ക്കരണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പുനര്‍നിര്‍വ്വചി ക്കുകയും ഉള്ളടക്കം തദനുസൃതമായി പുനര്‍ക്രമീകരിക്കുകയും ചെയ്തപ്പോള്‍ യഥാര്‍ത്ഥ മനുഷ്യനെ വാര്‍ത്തെടുക്കുകയെന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമല്ലാതായി. അതിനുതകുന്ന മൂല്യബോധവും സാംസ്‌കാരികതയും വിദ്യാഭ്യാസക്രമത്തില്‍നിന്നും അപ്രത്യക്ഷമായി. അതുകൊണ്ടുതന്നെ ഒരുവനിലെ നല്ല ഗുണങ്ങളും അഭിരുചികളും പരിപോഷിപ്പിക്കാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളില്‍ ഇല്ലാതെയുമായി. പുത്തൻ പരിഷ്കാരങ്ങള്‍ ചെറുതലമുറയുടെ ചിന്താപ്രക്രിയയെത്തന്നെ തകർത്തുകളഞ്ഞു. വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട ചിന്താപരമായ പക്വത കുട്ടികൾക്ക് ലഭിക്കുന്നില്ല. നിത്യേന കൗണ്‍സിലിംഗ് സെന്ററുകളില്‍ എത്തിപ്പെടുന്ന കുട്ടികളുടെ എണ്ണം ഭയപ്പെടുത്തുംവിധം വര്‍ദ്ധിച്ചുവരുന്നത് എത്ര ഗുരുതരമാണ് സാഹചര്യം എന്നതാണ് വെളിവാക്കുന്നത്.
കലാലയരാഷ്ട്രീയത്തെ സമര്‍ത്ഥമായി പടികടത്തി ഇല്ലാതെയാക്കിയതോടെ വിദ്യാഭ്യാസ-സാമൂഹ്യ വിഷയങ്ങളെ അധികരിച്ച് കലാലയങ്ങളില്‍ നടന്നിരുന്ന ചര്‍ച്ചകളും കൂട്ടായ്മകളും അസ്തമിച്ചു. വ്യവസ്ഥാപിത വിദ്യാര്‍ത്ഥി സംഘടനകള്‍ കക്ഷിഭേദമെന്യേ അനുവര്‍ത്തിച്ചുവന്ന അക്രമരാഷ്ട്രീയത്തെ മറയാക്കിയാണ് ഭരണകൂട ശക്തികള്‍ വിദ്യാര്‍ത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ക്യാമ്പസ്സുകളെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള പ്രക്രിയയ്ക്ക് തുടക്കമിട്ടത്. ക്യാമ്പസ്സുകള്‍ രാഷ്ട്രീയ വിമുക്തമായതോടെ ആ വിടവിലൂടെ സകല ജീര്‍ണ്ണതകളും കയറിപ്പറ്റി. കലാലയങ്ങളിലെ അശാന്തി ഒഴിഞ്ഞില്ല. കുറ്റകൃത്യത്തിന്റെ മാനത്തിലേക്ക് വളർന്ന റാഗിംഗും മറ്റ് അധമവൃത്തികളും കലഹങ്ങളും ആത്മഹത്യകൾക്കും കൊലപാതകങ്ങൾക്കും വീണ്ടും വഴിയൊരുക്കി. കലാലയങ്ങളിൽ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലും വിദ്യാര്‍ത്ഥികള്‍ തമ്മില്‍തമ്മിലും ഉണ്ടാകേണ്ടുന്ന പാരസ്പര്യം, സൗഹാര്‍ദ്ദം, ഇഴയടുപ്പമുള്ള ബന്ധങ്ങള്‍ എന്നിവയെല്ലാം അതോടൊപ്പം അപ്രത്യക്ഷമായി. സ്ഥിരാദ്ധ്യാപകരുടെ സ്ഥാനത്ത് കരാർ അധ്യാപകർ നിറഞ്ഞു. കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനോ, വൈഭവത്തോടെ ഇടപെടാനോ വേണ്ട അവസ്ഥയോ, പരിശീലനമോ അധ്യാപകർക്കുമില്ലാതെയായി. വിദ്യാഭ്യാസം ചരക്കായി, വിദ്യാർത്ഥികൾ ഉപഭോക്താക്കളായി. കോർപ്പറേറ്റുകളുടെ പണിശാലയിലേയ്ക്ക് തൊഴിൽസേനയെ സൃഷ്ടിക്കുന്ന ഫാക്ടറികളായി കലാലയങ്ങൾ അധ:പതിച്ചു. വിദ്യാർത്ഥികളോ, മനുഷ്യനെന്ന ചേതോഹരമായ അവസ്ഥയിൽനിന്ന് യന്ത്രസമാനരായി മാറി. ഗൗരവപൂർവ്വമുള്ള വായന മൺമറഞ്ഞു. വായനയാൽ സ്ഫുടംചെയ്യപ്പെടുക എന്നത് ചെറുതലമുറയ്ക്ക് അന്യമായി.
അതിരൂക്ഷമാകുന്ന തൊഴിലില്ലായ്മയാണ് യുവജനങ്ങളെ ആശങ്കയിലാഴ്ത്തുന്നതും അവരുടെ സമചിത്തത തെറ്റിക്കുന്നതുമായ മറ്റൊരു പ്രധാന വിഷയം. തൊഴിലില്ലായ്മ ചെറുപ്പക്കാരെ അരക്ഷിതാവസ്ഥയിലേയ്ക്കും നിരാശയിലേയ്ക്കും തള്ളിവിടുന്നു. മുതലാളിത്ത സാമൂഹ്യക്രമത്തിന്റെ അപരിഹാര്യമായ കമ്പോളപ്രതിസന്ധിയുടെ ഉപോൽപ്പന്നമാണ് തൊഴിലില്ലായ്മ. പുതിയ നിയമനങ്ങൾ ഇല്ലാത്തതുമൂലം വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് തൊഴിലുമില്ല, സർക്കാർ സർവീസിലൂടെ ജനങ്ങൾക്കു ലഭിക്കേണ്ട സേവനവുമില്ല എന്നതായിരിക്കുന്നു സ്ഥിതി. എന്നാൽ, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ജീവിതാസക്തിയും അധാർമ്മിക മാർഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കാൻ യുവാക്കളെ പ്രലോഭിപ്പിക്കുന്നു. തൊഴിലില്ലായ്മ ധാർമ്മികതകർച്ചയിലേയ്ക്ക് യുവാക്കളെ നയിക്കുന്നു.
മദ്യത്തിന്റെയും രാസലഹരിയുടെയും സ്വാധീനം
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വര്‍ദ്ധിച്ചുവരുന്ന സ്വാധീനവും വ്യാപനവും സര്‍ക്കാരുകൾ തടയുന്നില്ല എന്നുമാത്രമല്ല, പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് മയക്കുമരുന്നുകളുടെ രാക്ഷസീയമായ വ്യാപനം മാത്രം പരിശോധിച്ചാൽ മതി. ലക്ഷക്കണക്കിന് കോടികളുടെ മരണവ്യാപാരം നടത്തുന്ന സുഘടിതമായ അധോലോകസംഘമാണ് മയക്കുമരുന്ന് വ്യാപനത്തിന്റെ പിറകിലുള്ളത്. എന്തുകൊണ്ടാണ് ഭരണാധികാരികൾ ഈ സംഘങ്ങളെ തുറുങ്കിലടയ്ക്കാത്തത്? തുറമുഖങ്ങൾ വഴി ടൺ കണക്കിന് രാസലഹരി രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ആരാണെന്ന് രാജ്യത്തെ എല്ലാ ഏജൻസികൾക്കും കൃത്യമായ വിവരമുണ്ട്. നിർബാധം അവ ഗ്രീൻ ചാനലുകളിലൂടെ പ്രവഹിക്കുന്നത് അധികാരകേന്ദ്രങ്ങളുടെ ശക്തമായ പിൻബലത്തോടെ മാത്രമാണ്. മയക്കുമരുന്നിന്റെ സുഗമമായ കടത്തിന്റെ ഏജൻസിയായി ഭരണകൂടം പ്രർത്തിക്കുകയാണ്. അതായത് രാജ്യത്തിന്റെ യുവത്വം ലഹരിയിൽ എരിഞ്ഞുതീരുന്ന ഈ സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെട്ടിരി ക്കുന്നതിന്റെ പ്രാഥമികമായ ഉത്തരവാദിത്തം മുതലാളിത്തത്തിന്റെ അഭീഷ്ടം നിറവേറ്റുന്ന ഭരണകൂടസംവിധാനത്തിന്റേതു മാത്രമാണ്.
കേരളത്തിന്റെ സാമൂഹ്യഭദ്രത സമ്പൂർണമായും തകർത്തുകളയുന്ന മദ്യനയമാണ് എൽഡിഎഫ് സർക്കാരിന്റേത്. ഏഴുവർഷംകൊണ്ട് ബാറുകളുടെ എണ്ണം 800 കവിഞ്ഞു. ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഇതൊന്നും മതിയാകാതെ ബ്രൂവറിയും ആരംഭിക്കുന്നു. സര്‍ക്കാര്‍ മദ്യവില്‍പ്പനയില്‍ നേരിട്ട് പങ്കുവഹിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്ത് ഏറ്റവുമധികം മദ്യഉപഭോക്താക്കളുള്ള സംസ്ഥാനം കേരളമാണ് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തത് ഓര്‍മ്മിക്കുമല്ലോ. കേരളീയ സമൂഹം ഇന്ന് കടന്നുപോകുന്ന സാഹചര്യങ്ങൾ തെല്ലും പരിഗണിക്കാതെയുള്ള നയനടപടികൾക്ക് വലിയ വില കൊടുക്കേണ്ടിവരും.
രാസലഹരി പലരൂപത്തിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. വലിയ ശൃംഖലകളും കണ്ണികളുമുള്ള, മയക്കുമരുന്നു സംഘങ്ങളുടെ ഏറ്റവും താഴത്തെകണ്ണി പലപ്പോഴും ബാല്യവും കൗമാരവും പിന്നിട്ടിട്ടില്ലാത്ത കുട്ടികളാണ്. ആകര്‍ഷകമായ പാക്കറ്റുകളില്‍ ചെറിയ മുറുക്കാന്‍ കടകള്‍ മുതല്‍ സ്റ്റേഷനറികടകളും ഭക്ഷണശാലകളുംവരെ കൈയടക്കിയിരിക്കുന്ന പലപേരുകളിലും രൂപങ്ങളിലുമുള്ള മിഠായികളും മറ്റുവസ്തുക്കളും ചെറുമനസ്സുകളുടെ ലഹരിയിലേക്കുള്ള പ്രവേശനകവാടമായി മാറുന്നു. വൈകാരികമായ പ്രക്ഷുബ്ധാവസ്ഥകളിലേയ്ക്ക് ചെറുതലമുറയെ തള്ളിയിടുന്നതിൽ മയക്കുമരുന്നിന് വലിയ പ്രാധാന്യമുണ്ട്. ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കേണ്ട സർക്കാർ പ്രത്യക്ഷമായും പരോക്ഷമായും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. മുതലാളിത്തവ്യവസ്ഥയുടെ ആയുസ്സ് നീട്ടിയെടുക്കാനായി മനുഷ്യത്വരഹിതവും പൈശാചികവുമായ പ്രവണതകള്‍ സമൂഹമനസ്സിലും ചെറുതലമുറയിലും ആസൂത്രിതമായി ഭരണകൂടം സൃഷ്ടിച്ചെടുക്കു യാണ്. മുതലാളിത്തവ്യവസ്ഥയുടെ സംരക്ഷകരായി മാറിക്കഴിഞ്ഞിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവര്‍ നയിക്കുന്ന സര്‍ക്കാരുകളും ആവിഷ്‌കരിക്കുന്ന നയങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്.
ക്രൂരമായ പ്രവർത്തികളോടും കുറ്റകൃത്യങ്ങളോടും സമരസപ്പെടുന്ന മനോഭാവം ആസൂത്രിതമായി വളർത്തുന്നു
സിനിമപോലുള്ള മാധ്യമങ്ങൾ യുവാക്കളുടെ മനോഘടനയിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് ഏവർക്കും ബോധ്യപ്പെട്ടിട്ടുള്ള വസ്തുതയാണ്. സിനിമകളിൽ വയലന്‍സിന്റെ ചിത്രീകരണം എല്ലാ അതിരുകളും ലംഘിക്കുകയാണ്. മനുഷ്യരോടുള്ള ക്രൂരതകളോടും കുറ്റകൃത്യങ്ങളോടും സ്വഭാവികമായി പൊരുത്തപ്പെടുന്ന നിർവ്വികാരതയുടെ ഒരു മനോഭാവം ബോധപൂർവ്വം വളർത്തുകയാണ് ആദ്യം ചെയ്യുക. സ്വന്തം കരങ്ങളാൽ ഏതു ക്രൂരതയും ചെയ്യുന്ന മനോഘടനയുടെ അടിത്തറയാകുന്നത് അവയോടുള്ള ഉദാസീനമനോഭാവമാണെന്ന് ആധുനികപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സ്ഥിരമായി കുറ്റകൃത്യങ്ങൾ കാണുകവഴി രൂപപ്പെടുന്ന വൈകാരികമായ മരവിപ്പ്, ക്രമേണ അതിനോട് താദാത്മ്യപ്പെടാൻ പരിശീലിപ്പിക്കുന്നു. കുഞ്ഞുങ്ങളിൽ അഭിരുചികളും മനോഘടനയും ജീവിതവീക്ഷണംപോലും രൂപപ്പെടുന്നതിൽ ഇത് സ്വാധീനം ചെലുത്തുന്നു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള പ്രേരണയും പ്രവണതയും ഇതിലൂടെ അവഗണിക്കാനാവാത്ത അളവിൽ സൃഷ്ടിക്കുന്നു. കുറ്റകൃത്യങ്ങളുടെ റിപ്പോര്‍ട്ടിംഗ് എന്ന പേരില്‍ ദൃശ്യമാധ്യമങ്ങള്‍ നടത്തുന്ന മുഴുനീള ചിത്രീകരണവും ചെറുതല്ലാത്ത സംഭാവനയാണ് ഇക്കാര്യത്തില്‍ നല്‍കുന്നത്. തള്ളേണ്ടതെന്ത് കൊള്ളേണ്ടതെന്ത് എന്ന് തിരിച്ചറിയാനാവാതെ കുട്ടികള്‍ അവരുടെ മുന്നില്‍ കാണുന്നതിനെ അനുകരിക്കുന്നു. അവരുടെ മാനസികവളര്‍ച്ചയെ അത് ദോഷകരമായി ബാധിക്കുന്നു. ഇതിലെ ഗുണദോഷങ്ങൾ കുട്ടികള്‍ക്ക് തിരിച്ചറിയാനാവില്ല, പലപ്പോഴും മുതിർന്നവർക്കും.ഇത്തരം ഉള്ളടക്കമുള്ള സിനിമകളോടും സീരിയലുകളോടും തീർത്തും നിരുത്തരവാദപരമായ സമീപനമാണ് ഭരണാധികാരികൾ പ്രദർശിപ്പിക്കുന്നത്. സമൂഹത്തിൽ അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ഭരണാധികാരികളെ തെല്ലും അലട്ടുന്നില്ല.
1996 മുതല്‍ 1998 വരെയുള്ള കാലയളവിൽ അമേരിക്കയിൽ, നടന്ന നാഷണല്‍ ടിവി വയലന്‍സ് സ്റ്റഡിയിലൂടെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ്. 8000ത്തോളം ടിവി പരിപാടികള്‍ പഠനവിധേയമാക്കിയപ്പോള്‍ വ്യക്തമായ ചില കണക്കുകള്‍ ഇപ്രകാരമാണ്. ടിവി പരിപാടികളില്‍ 60 ശതമാനവും അക്രമങ്ങളുടെ അതിപ്രസരം നിറഞ്ഞതാണ്. 40 ശതമാനം അക്രമങ്ങളും പോസിറ്റീവ് കഥാപാത്രങ്ങളാണ് നടത്തുന്നത്. ചീത്ത കഥാപാത്രങ്ങള്‍ നടത്തുന്ന അക്രമങ്ങളില്‍ 40 ശതമാനവും ശിക്ഷിക്കപ്പെടാതെ പോകുന്നു. 50 ശതമാനം അക്രമങ്ങളും മരണകാരണമാണ്, ഇതില്‍ത്തന്നെ 40 ശതമാനവും തമാശരൂപത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. അതിക്രമം പ്രവര്‍ത്തിക്കുന്ന കഥാപാത്രങ്ങളില്‍ 75 ശതമാനവും തങ്ങളുടെ കൃത്യത്തില്‍ പശ്ചാത്തപിക്കുന്നവരല്ല. അതിക്രമത്തിന് ഇരയായവരില്‍ 50ശതമാനവും തങ്ങള്‍ക്ക് നേരിടേണ്ടിവന്ന അന്യായത്തില്‍ വേദനിക്കുന്നതായോ ക്ലേശമനുഭവിക്കുന്ന തായോ കാണപ്പെടുന്നില്ല. പത്തുവയസ്സിനുള്ളിൽ 10000ത്തോളം കൊലപാതകദൃശ്യങ്ങൾ കുട്ടികൾ കാണുന്നുണ്ടത്രേ. മീഡിയവയലന്‍സ് 2മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികളെയാണ് ഏറെയും ബാധിക്കുകയെന്നും ഇതില്‍ ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ ഭേദമില്ലെന്നുംകൂടെ റിപ്പോർട്ട് പറയുമ്പോൾ കുട്ടികളുടെ സ്വഭാവരൂപവത്ക്കരണത്തിൽ ഇവ ചെലുത്തുന്ന സ്വാധീനം എത്ര ഭയാനകമാണ്. ഇത് നിസ്സാരമായ ഒരു കണക്കല്ല. ഏറ്റവും പുതിയ കണക്കുമല്ല. ടിവിയും സീരിയലുകളും പ്രചാരത്തിലാകുന്ന ആദ്യകാലത്ത് നടന്ന പഠനമാണിത്.
പരസ്യങ്ങളുടെ സ്വാധീനം
ടിവി ചാനലുകളിലെ പരസ്യങ്ങളാണ് അപകടകരമായ മറ്റൊരു കാര്യം. പുറംമോടികളുടെ ഭ്രമിപ്പിക്കുന്ന വര്‍ണ്ണക്കൂട്ടുകള്‍ സൃഷ്ടിക്കുന്ന ലോകവും ലൈംഗികതയെ ചുറ്റിപ്പറ്റിയുള്ള വ്യാപാരങ്ങളുമാണ് പരസ്യങ്ങളില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്നത്. ചെറുമനസ്സുകളിലെ ലൈംഗികതൃഷ്ണയെ ഉത്തേജിപ്പിക്കുംവിധമുള്ള പരസ്യങ്ങളിലൂടെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്ന ഹീനമായ തന്ത്രമാണ് മുതലാളിവർഗ്ഗം പയറ്റുന്നത്. പിഞ്ചുകുട്ടികളെപ്പോലും ഇതിനായി ഉപയോഗപ്പെടുത്തുന്നു. തലമുടി മുതല്‍ കാല്‍നഖംവരെ ആകര്‍ഷകമാക്കി, മറ്റുള്ളവരുടെ മുമ്പില്‍ സ്വയം പ്രദര്‍ശനവസ്തുവാകാനുള്ള പരിശീലനമാണ് ആണ്‍ പെണ്‍ ഭേദമെന്യേ കുട്ടികള്‍ക്ക് ചുറ്റുപാടുകൾ പകര്‍ന്നുനല്‍കുന്നത്. ഒരുവനെ മനുഷ്യനാക്കുന്ന സബോധതയ്ക്ക്, ഒരുവന്റെ ചിന്തയെയും പ്രവൃത്തികളെയും കഴമ്പും കാമ്പുമുള്ളതാക്കിത്തീര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും ആവശ്യമാണ് എന്ന അനുശീലനം കുട്ടികള്‍ക്ക് തീരെ ലഭിക്കുന്നില്ല. ഭ്രമാത്മകവും കണ്ണഞ്ചിപ്പിക്കുന്നതുമായ ഈ അന്തരീക്ഷം സൃഷ്ടിക്കുന്ന വഴുക്കലുകളിൽ കാലിടറിവീണ് ജീവിതംതന്നെ കൈവിട്ടുപോകുന്ന കുഞ്ഞുങ്ങളുടെ എണ്ണം ചെറുതല്ല.
ശ്ലീലവും അശ്ലീലവും തമ്മിലുള്ള അതിർവരമ്പും മായ്ക്കപ്പെട്ടിരിക്കുന്നു. നൈമിഷികമായ അനുഭൂതികള്‍ പകരുന്നതും അന്ത:സ്സാരശൂന്യവുമായ വികാരങ്ങള്‍ക്ക് ചുറ്റും കുട്ടികളുടെ ചിന്ത തളച്ചിടപ്പെടുന്നു. സൗന്ദര്യം അതിന്റെ സൂക്ഷ്മാര്‍ത്ഥത്തില്‍ ജീവിതത്തെ മനോഹരവും പ്രഫുല്ലവുമാക്കുന്നതും ജീവിതത്തിന് ചാരുതപകരുന്നതുമാണ് എന്ന അവബോധം തിരുത്തിയെഴുതപ്പെടുന്നു. മനുഷ്യത്വത്തില്‍നിന്ന് ഒരുവനെ അകറ്റുന്നത്, മൃഗീയ തൃഷ്ണകളിലേയ്ക്കും നൈമിഷിക ആസക്തികളിലേയ്ക്കും ആട്ടിത്തെളിക്കുന്നത് എന്തുതന്നെയായാലും അതെല്ലാം അസുന്ദരവും വികൃതവുമാണെന്നുമാത്രമല്ല, ജുഗുപ്സാവഹവുമാണ്. കഴമ്പും കാമ്പുമുള്ളവ ഈടും ഘനവുമുള്ളവ പ്രതിഫലിപ്പിക്കുന്ന ഭാവങ്ങള്‍ എപ്പോഴും ഹൃദയഹാരികളാണ്. അന്ത:സാരശൂന്യങ്ങളായവ വിരക്തിയും മനം മടുപ്പുമാണ് ഉളവാക്കുക. എന്നാൽ ആഗോളവത്ക്കരണത്തിന്റെ ഇക്കാലത്ത് ഈവക വിഷയങ്ങൾ കാലഹരണപ്പെട്ടതായി കണക്കാക്കുന്നു.
മുതലാളിത്തത്തിന് മനുഷ്യനെ വേണ്ട
ഈ സാമൂഹ്യസാഹചര്യവും സാംസ്കാരിക തകർച്ചയും യാദൃശ്ചികമല്ല, ചരിത്രപരമായി കാലഹരണപ്പെട്ട മുതലാളിത്ത സാമൂഹ്യക്രമത്തിന്റെ ജീർണതയുടെ പാരമ്യത്തെയാണ് ഈ സാമൂഹ്യസാഹചര്യം വെളിപ്പെടുത്തുന്നത്. മുതലാളിത്തത്തിന് ഉയർന്ന ചിന്തയും സംസ്കാരവുമുള്ള മനുഷ്യനെ വേണ്ട. ഓരോ തലമുറ കഴിയുംതോറും ഓരോ ചരിത്രഘട്ടം പിന്നിടുംതോറും മനുഷ്യന്റെ അസ്തിത്വം കൂടുതൽ കൂടുതൽ തെളിഞ്ഞുവരുന്നതും തിളക്കമാർന്നുയരുന്നതുമാണ് നാം കാണുന്നത്. നടന്നുതീർത്തവഴികളാണ് മനുഷ്യനെന്ന സത്ത രൂപപ്പെടുത്തിയതും സ്ഫുടം ചെയ്തെടുത്തതും. സമകാലിക ലോകത്ത് ജനാധിപത്യബോധമാണ്, അവൈയക്തികഭാവങ്ങളാണ് മനുഷ്യൻ സൃഷ്ടിച്ചിട്ടുള്ള ഏറ്റവും ഉയർന്ന നീതിബോധം. അപരന്റെ അവകാശങ്ങളും അപരന്റെ സ്വാതന്ത്ര്യവും മാനിക്കപ്പെടുക മാത്രമല്ല, ഉറപ്പാക്കപ്പെടുക എന്നത് ഒരുവന്റെ പൗരധർമ്മത്തിൽ നിഹിതമായിരിക്കുന്ന ഉത്തരവാദിത്തമാണ് എന്ന നീതിബോധമാണത്. ഉയർന്ന ഗുണ വിചാര വികാരമൂല്യ ബോധമുള്ള ഈ മനുഷ്യനിലേയ്ക്കുള്ള സ്വാഭാവികമായ യാത്രയ്ക്ക് തടയിടുക എന്നത് മുതലാളിത്തത്തിന്റെ സഹജവും അനിവാര്യവുമായ പരിണതിയാണ്. മനുഷ്യനെ അപമാനവീകരിക്കുകയാണ് മുതലാളിത്തം വിശേഷിച്ചും ആഗോളവത്ക്കരണ നയങ്ങളിലൂടെ ചെയ്യുന്നത്. ഈ നയങ്ങൾ സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും ലാഭാധിഷ്ഠിതമായി പുനർക്രമീകരിക്കുന്നു. വിദ്യാഭ്യാസ സാംസ്കാരിക മേഖലകളാണ് ഏറ്റവും കനത്ത ആക്രമണത്തിന് ഇരയാക്കപ്പെടുന്നത്. വിദ്യാഭ്യാസ സാംസ്കാരിക മേഖലകൾ തകർക്കപ്പെട്ടാൽ മനുഷ്യന്റെ ധാർമ്മിക നട്ടെല്ലാണ് തകർക്കപ്പെടുക. മുതലാളിവർഗ്ഗത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല. മുതലാളിത്തവാഴ്ച സുഗമമാക്കാന്‍ അതാണാവശ്യം.
നമ്മുടെ സംസ്ഥാനത്തെയോ രാജ്യത്തെയോ മാത്രം പതനമല്ലിത്. മുതലാളിത്ത രാജ്യങ്ങളെല്ലാം ഇതിനേക്കാൾ ഭയാനകമായ സാമൂഹ്യസാഹചര്യത്തെയാണ് നേരിടുന്നത്. ജ്ഞാനോദയത്തിന്റെ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഇന്ന് അധ:പതനത്തിന്റെ കൊടുങ്കാറ്റ് വീശുകയാണ്. ശാസ്ത്രത്തിന്റെയും കലയുടെയും സാഹിത്യത്തിന്റെയുമെല്ലാം രംഗത്ത് അനശ്വരങ്ങളായ സൃഷ്ടികൾക്ക് വേദിയായ യൂറോപ്പ്, കോർപ്പറേറ്റുകൾക്കായി വിജ്ഞാനത്തെ അളന്നുവിൽക്കുന്ന അപമാനകരമായനിലയിലേക്ക് പതിച്ചിരിക്കുന്നു. ലോകജനതക്ക് അറിവിന്റെ നേട്ടങ്ങൾ നിഷേധിക്കുന്നു.
സാർവ്വത്രികമായ ജീർണ്ണത മാത്രം സൃഷ്ടിക്കുന്ന മുതലാളിത്തം അവരുടെ ആയുസ്സ് നീട്ടാനായി കൊണ്ടുവന്ന പുതിയ കമ്പോളലോകക്രമത്തിന്റെ നയസമീപനങ്ങളാണ് അപചയത്തിന് ഭീതിദമായ ഈ മാനം സൃഷ്ടിച്ചിരിക്കുന്നത്. മൂലധനത്തിന്റെ ലാഭക്കണ്ണിലൂടെ മാത്രം ലോകത്തെ നോക്കിക്കാണുന്ന ഏറ്റവും വഷളായ നവലിബറൽ ആശയഗതികളുടെ മലവെള്ളപ്പാച്ചിലാണ് നാം ഇന്നു കാണുന്നത്. വിഭ്യാസത്തിന്റെ മഹത്തായ ലക്ഷ്യത്തെ വിപണിയുടെ ഇംഗിതങ്ങൾക്കായി പൊളിച്ചെഴുതി. ഉൽകൃഷ്ടമായ മൂല്യങ്ങളുള്ള മനുഷ്യൻ അസ്തമിച്ചു. വ്യക്തിയുടെ ആനന്ദത്തിനും അധമമായ വാസനകൾക്കും അഭീഷ്ടങ്ങൾക്കുമായി ചെയ്യുന്നതെന്തും വാഴ്ത്തപ്പെട്ടു. ലൈംഗികവൈകൃതങ്ങളും വ്യഭിചാരവും സെക്സ് ഷോപ്പുകളും മുതലാളിത്തലോകത്തിന്റെ അംഗീകൃത ജീവിതക്രമമായി കൊണ്ടാടുന്നത് അതിനാലാണ്. മൃഗീയഭൂരിപക്ഷത്തെയും നയിക്കുന്ന ഒരേയൊരു ജീവിതവീക്ഷണം പേടിപ്പെടുത്തുന്ന സ്വാർത്ഥതയാണ്. സവിശേഷനിലയിലുള്ള ഒരു മനോരോഗത്തിന്റെ മാനത്തിലേക്ക് വ്യക്തികേന്ദ്രീയത വളർന്നിരിക്കുന്നു. നാമിന്ന് ദർശിക്കുന്ന ഉൾക്കിടിലമുണ്ടാക്കുന്ന പതനത്തിന്റെ മൂലകാരണം മുതലാളിത്തവാഴ്ചയും അതിന്റെ ഏറ്റവും പ്രതിലോമകരമായ ജീവിതവീക്ഷണവുമാണ്. നമ്മുടെ രാജ്യവും സംസ്ഥാനവും സാമൂഹ്യത്തകർച്ചയുടെ ഈ ദുരവസ്ഥയിലേക്ക് പതിക്കുന്നതും ഇക്കാരണത്താലാണ്.
നമ്മുടെ നാടിന്റെ സാംസ്കാരികത്തകർച്ചയെ പ്രതിരോധിക്കാൻ ശക്തമായ ഒരു ജനകീയമുന്നേറ്റം വളർന്നുവരുന്നില്ല എന്നതും ഈ പതനത്തിന്റെ വേഗത വർദ്ധിപ്പിക്കുകയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബഹുജനവേദികളും അവരുടെ സ്വന്തം ചെയ്തികൾകൊണ്ട് അപചയത്തിന്റെ ആഴം ഏറ്റുകയും ചെയ്യുന്നു. പൊതുമുതൽ നിർലജ്ജമായി കൊള്ളയടിക്കുന്ന, പ്രതിയോഗികളെ വകവരുത്തുന്ന, ക്രിമിനലുകളെ മാലയിട്ട് സ്വീകരിക്കുന്ന, തത്വങ്ങൾക്കും ആദർശത്തിനും മൂല്യങ്ങൾക്കും ഒരു വിലയും കൽപ്പിക്കാത്ത രാഷ്ട്രീയ നേതൃത്വം എന്തു സന്ദേശമാണ് ഇന്നാട്ടിലെ യുവാക്കൾക്ക് നൽകുന്നത്? മുതലാളിത്തഭരണാധികാരികളും എസ്റ്റാബ്ളിഷ്‌മെന്റും സർവ്വസന്നാഹങ്ങളോടെയും സംസ്കാരത്തിന്റെ മേൽ നടത്തുന്ന കൊടിയപ്രഹരങ്ങളെ ചെറുക്കാൻ ഒരു പരിശ്രമവും എവിടെനിന്നും ഉണ്ടാകുന്നില്ല. ഇന്നാട്ടിലെ യുവാക്കൾക്ക്, കൗമാരജീവിതങ്ങൾക്ക് മാതൃകയാക്കാൻ, പ്രചോദനത്തിന്റെ ഉറവിടമായി സ്വീകരിക്കാൻ ഉയർന്ന മൂല്യങ്ങളോടെ ശോഭിക്കുന്ന നേതൃത്വമെവിടെ? ഉൽകൃഷ്ടമായ സാംസ്കാരിക-ധാർമ്മിക-നൈതിക മൂല്യങ്ങളെ സംരക്ഷിക്കാൻ കെൽപ്പുള്ള ഒരു ബഹുജനമുന്നേറ്റത്തിന്റെ അഭാവം, മുതലാളിത്ത സംസ്കാരത്തിന് ഏകപക്ഷീയമായി ആഴത്തിൽ വേരൂന്നാൻ ഇടനൽകുന്നു.
അവികലമായ മാനസികനിലയുള്ളവരായി നമ്മുടെ കുട്ടികളെയും യുവതലമുറയെയും വിദ്യാര്‍ത്ഥികളെയും വളര്‍ത്തിയെടുക്കാന്‍ ഒരു നിരന്തര പ്രക്രിയ ആവശ്യമാണ്. ചരിത്രത്തെ മുന്നോട്ടു നയിച്ച മഹാരഥന്മാരുടെ ജീവിതവും സമരവും ജീവിതത്തില്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും മനസ്സിലാക്കുവാന്‍ കുട്ടികള്‍ക്ക് അവസരം ലഭ്യമാക്കണം. ഉയര്‍ന്ന ജീവിത വീക്ഷണവും അഭിരുചികളും കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കി, കരുത്തും ആത്മവിശ്വാസവും സാമൂഹ്യവീക്ഷണവും ഉള്ളവരായി അവരെ വളര്‍ത്തിയെടുക്കണം. ചപലതയും ഉപരിപ്ലവചിന്തകളും ഇല്ലായ്മചെയ്ത് കാമ്പും കഴമ്പുമുള്ളവരായി അവരെ മാറ്റിയെടുക്കണം. അനീതിയോട് ഒരുതരത്തിലും സന്ധിചെയ്യാത്ത മനോഭാവം വളര്‍ത്തിയെടുക്കണം. തലമുറകളെത്തന്നെ ഇരുട്ടിലാഴ്ത്തുന്ന, സമൂഹത്തിന്റെ നിലനില്‍പ്പിനെത്തന്നെ തകര്‍ക്കുന്ന ഈ സാംസ്‌കാരിക ജീര്‍ണ്ണതയ്‌ക്കെതിരെ ഉന്നതമായ സംസ്‌കാരത്തിലും ഉയര്‍ന്ന സദാചാര നീതിബോധത്തിലും അധിഷ്ഠിതമായ ഒരു സാംസ്‌കാരിക പ്രതിപ്രവാഹം പടുത്തുയര്‍ത്തുകയാണ് ഇന്നത്തെ അടിയന്തര ആവശ്യകത. എങ്കിലേ ചൂഴ്ന്നുനില്‍ക്കുന്ന മഹാവിപത്തില്‍നിന്ന് നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെയും മനുഷ്യസമൂഹത്തിന്റെ ഭാവിയും രക്ഷിച്ചെടുക്കാനാകൂ.
