ആവർത്തിക്കപ്പെടുന്ന പ്രകൃതി ദുരന്തങ്ങളും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും

gadkil.jpg
Share

സമീപകാല കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട്ടിൽ പുത്തുമലയിലും മലപ്പുറത്ത് കവളപ്പാറയിലും കവളപ്പാറയ്ക്ക് ഒരു കിലോമീറ്ററിനപ്പുറം പാതാറിലുമുണ്ടായത്. 2018 ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തിന്റെ ആഘാതത്തിൽനിന്നും കരകയറുന്നതിനുമുമ്പാണ് മണ്ണിടിച്ചിലിന്റെയും ഉരുൾപൊട്ടലിന്റെയും രൂപത്തിൽ ദുരന്തമെത്തിയിരിക്കുന്നത്. കവളപ്പാറയിലും പുത്തുമലയിലും മൃതദേഹങ്ങൾ മുഴുവനും വീണ്ടെടുക്കാനായിട്ടില്ല. അമ്പേ തകർന്നുപോയ പാതാറിൽ പ്രദേശവാസികൾ സമയോചിതമായി ഇടപെട്ട് മുന്നറിയിപ്പു നൽകിയതുകൊണ്ട് ആളപായമുണ്ടായില്ല.

2018ലെ മഹാപ്രളയത്തോടനുബന്ധിച്ചാണ് മണ്ണിടിച്ചിലും ഉരുൾപൊട്ടലും കേരളത്തിൽ ഗൗരവമുള്ള ചർച്ചകൾക്ക് വഴിതുറന്നത്. അതിനുമുൻപ് ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ല എന്നല്ല; സംസ്ഥാന ദുരന്തനിവാരണ മാനേജ്‌മെന്റിന്റെ കണക്കുപ്രകാരം 1961 നും 2016നും ഇടയിൽ 85 ഉരുൾപൊട്ടലുകളാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ കഴിഞ്ഞ വർഷംമാത്രം ചെറുതും വലുതുമായി 5000ത്തോളം ഉരുൾപൊട്ടലുകൾ ഉണ്ടായിരിക്കുന്നു. അതിൽ 1196 എണ്ണം ഉണ്ടായിരിക്കുന്നത് ഇടുക്കിയിലാണ്.

കവളപ്പാറയിലും  പുത്തുമലയിലും സംഭവിച്ചത്

മലകളിലും കുന്നുകളിലും നടക്കുന്ന അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളും പാറഖനനവുമാണ് മണ്ണിടിച്ചിലിന്റെയും ഉരുൾപൊട്ടലിന്റെയും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒപ്പം വെള്ളത്തിന്റെ സ്വാഭാവികഗതി തടയപ്പെടുന്നതും ചെറിയ ഇടവേളകളിലുണ്ടാകുന്ന കനത്ത മഴയും കാരണമാകുന്നു. മേൽപ്പറഞ്ഞ ഘടകങ്ങളെല്ലാം പുത്തുമലയിലും കവളപ്പാറയിലും ഒരുമിച്ച് പ്രവർത്തിച്ചു എന്നതാണ് വസ്തുത.
ഉരുൾപൊട്ടലിനും ഒരാഴ്ച മുൻപുമുതൽ കനത്തമഴയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്. ആഗസ്റ്റ് 8 ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയിരിക്കുന്നത് നിലമ്പൂരിലാണ്. ആഗസ്റ്റ് 1 മൂതൽ 7 വരെ സംസ്ഥാനത്തെ ശരാശരി മഴ 117 മില്ലീമീറ്റർ ആണെങ്കിൽ നിലമ്പൂരിൽ പെയ്തിറങ്ങിയത് 180 മില്ലീമീറ്ററാണ്. 65% വർദ്ധനവ്.
ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ജൂലൈ 17വരെ സംസ്ഥാനത്ത് 30% മഴ കുറവായിരുന്നു. ജൂലൈ 17 മുതൽ 24 വരെയുള്ള ഒരാഴ്ചക്കാലം മഴയിൽ 131 ശതമാനം വർധനവുണ്ടായി. ആഗസ്റ്റ് 7 മുതൽ 14 വരെ മാത്രം 384 ശതമാനം വർദ്ധനവ് ഉണ്ടായി. 24 മണിക്കൂറിനുള്ളിൽ 150 മുതൽ 200 മില്ലിമീറ്റർ വരെ മഴ ഒരു സ്ഥലത്ത് പെയ്യുന്നതാണ് അതിതീവ്രമഴയായി കണക്കാക്കപ്പെടുന്നത്. 2018-ൽ 92 അതിതീവ്രമഴയും 2019 ആഗസ്റ്റ് വരെയുള്ള സമയംകൊണ്ട് നൂറിനുമേൽ അതിതീവ്രമഴയും പെയ്തിരിക്കുന്നു. അതിതീവ്രമഴയുടെ എണ്ണം വർദ്ധിക്കുമ്പോഴും രാജ്യത്താകമാനം 2% മഴയുടെ കുറവുള്ളതായും കാലാവസ്ഥാനിരീക്ഷണ വകുപ്പ് പറയുന്നു.

കവളപ്പാറയ്ക്കും മുകളിൽ മുത്തപ്പൻ കുന്നിലാണ് ദുരന്തത്തിന് കാരണമായ ഉരുൾപൊട്ടൽ തുടങ്ങിയത്. മണ്ണ് പൊട്ടിയടർന്ന് താഴേയ്ക്ക് പതിച്ചതിന്റെ ആഘാതത്തിൽ ദുർബലമായി കിടന്ന മണ്ണും പാറയും ഒന്നാകെ നിരങ്ങി താഴേയ്ക്ക് ഒഴുകിയാണ് കവളപ്പാറയെയും പരിസരപ്രദേശങ്ങളെയും ശ്മശാനഭൂമിയാക്കിയത്. മുത്തപ്പൻ കുന്നിനുമേൽ മണ്ണിന് കഷ്ടിച്ച് രണ്ടുമീറ്റർ ഘനമേയുള്ളൂ. പ്രദേശത്ത്, മുകളിൽ നിന്ന് താഴേയ്ക്ക് ഒഴുകിയിരുന്ന രണ്ട് നീർച്ചാലുകൾ ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല. മുൻകാലങ്ങളിൽ വെട്ടിനിർത്തിയ മരത്തിന്റെ ദ്രവിച്ച തടികളിലൂടെ വെള്ളം താഴേയ്ക്കിറങ്ങിയത് സോയിൽ പൈപ്പിംഗിന് കാരണമായി. യന്ത്രങ്ങൾ ഉപയോഗിച്ച് റബ്ബർകൃഷിയ്ക്ക് കുഴിയെടുക്കുകകൂടി ചെയ്തപ്പോൾ മണ്ണിന് ഇളക്കമുണ്ടാകുകയും ഈ കുഴികളിലൂടെ മഴവെള്ളം മണ്ണിന്റെ അടിത്തട്ടിലേയ്ക്ക് എത്തുകയും ചെയ്തു. കവളപ്പാറയ്ക്ക് 5 കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന 27 ക്വാറികളിൽ നടക്കുന്ന നിരന്തരമായ ഖനനത്തിന്റെ പ്രത്യാഘാതവും കൂടെ ചേരുമ്പോൾ ചിത്രം പൂർണമാകുന്നു. കനത്തമഴയ്‌ക്കൊപ്പം ഇതാണ് കവളപ്പാറയിൽ സംഭവിച്ചത് എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
തുടർച്ചയായി പെയ്ത കനത്തമഴതന്നെയാണ് പുത്തുമലയിലും ദുരന്തം വിതച്ചത്. നാലുകിലോമീറ്ററോളം താഴെവരെ നാശനഷ്ടങ്ങളുണ്ടായി. ഇവിടെയും സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. പുത്തുമലയിൽ ഇതിനകം തന്നെ ചെറിയ ഉരുൾപൊട്ടലുകൾ നിരവധിയുണ്ടായിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ പ്രളയകാലത്തും, ഈ വർഷം ആഗസ്റ്റ് 8 നു മുമ്പും ചെറിയ ഉരുൾപൊട്ടലുകൾ ഉണ്ടായി.
ആഗസ്റ്റ് 8നുണ്ടായ അതിതീവ്ര മഴമൂലം, ചെറിയ ചെറിയ ഉരുൾപൊട്ടലുകൾകൊണ്ട് സ്വതവേ ദുർബലമായിരുന്ന പ്രദേശം അടർന്ന് താഴേയ്ക്ക് പതിക്കുകയാണ് ഉണ്ടായത്. മരങ്ങൾ വെട്ടിമാറ്റി വെടിപ്പാക്കിയിരുന്ന പുത്തുമലയിൽ ഉരുളിനെ പ്രതിരോധിക്കാൻ യാതൊന്നുമുണ്ടായിരുന്നില്ല. സ്വാഭാവിക നീർച്ചാലുകൾ അടഞ്ഞുപോയിരുന്നിടത്ത് ഉരുൾ പരന്നൊഴുകി കിലോമീറ്ററുകളോളം നാശം വിതച്ചു. മണ്ണിനടിയിൽ അകപ്പെട്ടുപോയ പലരുടെയും മൃതദേഹങ്ങൾ കണ്ടെടുക്കാനായിട്ടില്ല. കണ്ടെടുക്കപ്പെട്ടവതന്നെ പലതും കിലോമീറ്ററുകൾ ദൂരെനിന്നുമാണ് കിട്ടിയിരിക്കുന്നത്. രക്ഷപ്പെട്ടവർ അനിശ്ചിതമായ ഭാവിയെ നോക്കി അമ്പരപ്പോടെ കഴിയുന്നു.

കവളപ്പാറയ്ക്ക് ഒരു കിലോമീറ്റർമാത്രം അകലെ പാതാറിൽ കനത്തനാശമാണ് ഉരുൾമൂലം ഉണ്ടായിരിക്കുന്നത്. പാതാർ അങ്ങാടിയടക്കം ഒരു പ്രദേശംമുഴുവൻ അപ്രത്യക്ഷമായിരിക്കുകയാണ്. അസ്വാഭാവികമായ മഴയെത്തുടർന്നുണ്ടായ സൂചനകളുടെ അടിസ്ഥാനത്തിൽ പ്രദേശവാസികൾ വീടൊഴിഞ്ഞുപോയതുകൊണ്ട് ആളപായമുണ്ടായില്ല. ഈ പ്രദേശങ്ങളിലെല്ലാം തന്നെ പക്ഷിമൃഗാദികളും വളർത്തുമൃഗങ്ങളും അസ്വാഭാവികമായി പെരുമാറിയിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

പശ്ചിമഘട്ട മലനിരകളും കേരളവും

പശ്ചിമഘട്ട മലനിരകളുടെ വരദാനമാണ് കേരളം. കേരളത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന ജലസമൃദ്ധമായ എല്ലാ നദികളും പശ്ചിമഘട്ട മലനിരകളിൽനിന്ന് ഉദ്ഭവിക്കുന്നവയാണ്. കേരളത്തിലെ മിതശീതോഷ്ണമായ കാലാവസ്ഥ പശ്ചിമഘട്ടമലനിരകളുടെ സംഭാവനയാണ്. കേരളമൊന്നാകെ ഒരു പരിസ്ഥിതിലോല പ്രദേശമാണ് എന്ന വാദഗതി ഉയർന്നുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളഞ്ഞുകൊണ്ട് വികസനത്തിന്റെ മറവിൽ അന്തമില്ലാത്ത കൊള്ളയും നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നത്.
പശ്ചിമഘട്ട മലനിരകളും കേരളംതന്നെയും നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ക്വാറികളിൽനിന്നുള്ളത്. നോക്കിനിൽക്കെ കുന്നുകളും മലകളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് ക്വാറികൾ പശ്ചിമഘട്ടമലനിരകളെ തുരന്നെടുക്കുന്നു, പാറഖനനംമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരന്തരമായ പ്രകമ്പനം മലനിരകളെ ഒന്നാകെ അസ്വസ്ഥപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. പാരിസ്ഥിതിക നിയമങ്ങളോ വനനിയമങ്ങളോ ഇവിടെ പാലിക്കപ്പെടാറില്ല. അധികാരസ്ഥാനങ്ങൾ കണ്ണടയ്ക്കുകയോ ഒത്താശചെയ്യുകയോ ചെയ്യുന്നു.
2018 ആഗസ്റ്റിലെ മഹാപ്രളയകാലത്ത് സംസ്ഥാനത്ത് ചെറുതും വലുതുമായ 5000ത്തോളം ഉരുൾപൊട്ടലുണ്ടായി എന്നാണ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ(ജിഎസ്‌ഐ)യുടെ റിപ്പോർട്ട്. സംസ്ഥാനത്തെ 21 ശതമാനം മേഖലയും ഉരുൾപൊട്ടലിനു സാധ്യതയുള്ളതാണെന്നും സോയിൽ പൈപ്പിംഗ് ഉരുൾപൊട്ടലിന് കാരണമാകുമെന്നും ജിഎസ്‌ഐ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. എംഎൽഎ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള വാട്ടർതീം പാർക്കിൽ 8 സ്ഥലങ്ങളിൽ ഉരുൾപൊട്ടിയതും കൽഭിത്തി തകർന്നുപോയതും രായ്ക്കുരാമാനം ആളെ നിർത്തി ഭിത്തി പുനർനിർമ്മിച്ചതും എല്ലാം വാർത്തയായതാണ്. എന്നാൽ മഹാപ്രളയം തന്ന മുന്നറിയിപ്പിനെ മാനിച്ച് സർക്കാർ എന്ത് മുൻകരുതൽ സ്വീകരിച്ചുവെന്നത് പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. ഈ വർഷവും കവളപ്പാറയും പുത്തുമലയും കേരളം ചർച്ചചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ, ദുരന്തം മൂലം താൽക്കാലികമായി നിർത്തിവച്ചിരുന്ന ഖനനം പുനരാരംഭിക്കാൻ ജിയോളജി വകുപ്പ് തിടുക്കപ്പെട്ട് അനുമതി നൽകുന്നതാണ് നാം കാണുന്നത്.

ക്വാറികളും അനധികൃത ഖനനവും പരിസ്ഥിതിയെയും പശ്ചിമഘട്ടത്തെയും  തകർക്കുന്നു

പശ്ചിമഘട്ടത്തിലെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കനത്തമഴയോടൊപ്പം അനിയന്ത്രിത ഖനനവും കാരണമായിരിക്കുന്നുവെന്നും ദുരന്തമുണ്ടായ 5 ജില്ലകളിൽ 1104 ക്വാറികൾ പ്രവർത്തിക്കുന്നുവെന്നും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിലെ ശാസ്ത്രജ്ഞൻ ഡോ.ടി.വി സജീവൻ അഭിപ്രായപ്പെട്ടിരിക്കുന്നു. ഏറ്റവും വലിയ ദുരന്തമുണ്ടായിരിക്കുന്ന കവളപ്പാറയ്ക്ക് 5 കിലോമീറ്റർ ചുറ്റളവിൽ 21 ക്വാറികൾ ഉണ്ടത്രേ. പാതാർ എന്ന പ്രദേശവും നൂറുകണക്കിനു വീടുകളും തകർന്ന പോത്തുകല്ലിൽ 17 ക്വാറികൾ പ്രവർത്തിക്കുന്നു. നാലുപേരുടെ മരണം സംഭവിച്ച വടകര വലങ്ങാട് 42 ക്വാറികളാണത്രേ പ്രവർത്തിക്കുന്നത്. വയനാട് പുത്തുമലയിലും ഒരു കിലോമീറ്റർ പരിധിയിൽ പ്രവർത്തിക്കുന്നുണ്ട് ഒരു ക്വാറി. ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മലപ്പുറം കോട്ടക്കുന്നിന്റെ സമീപപ്രദേശങ്ങളിലായി 12 ക്വാറികൾ. മൂന്നുപേരുടെ മരണം സംഭവിച്ച കല്ലടിക്കോട് കരിമ്പയിൽ 26 ക്വാറികൾ, മണ്ണിടിച്ചിലിൽ നാശമുണ്ടായ സൗത്ത് മലമ്പുഴയിൽ 43 ക്വാറികൾ, രണ്ടുപേർ മരണപ്പെട്ട ഇടുക്കി ചെറുതോണി ഗാന്ധിനഗർ കോളനിക്കുസമീപം 22 ക്വാറികൾ, ഇങ്ങനെ പോകുന്നു കണക്കുകൾ. ഇപ്പോൾ ഉരുൾപൊട്ടലുണ്ടായ മലകളുടെ സമീപങ്ങളിലെല്ലാം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. പാറകഴുകാൻ ക്വാറികളിൽ വൻതോതിൽ സംഭരിക്കുന്ന വെള്ളവും സോയിൽ പൈപ്പിംഗിനും ഉരുൾ പൊട്ടലിനും കാരണമാകുന്നു.
ക്വാറികളിലെ നിരന്തര സ്‌ഫോടനം പശ്ചിമഘട്ട മലനിരകളെ ആകെ അസ്വസ്ഥതപ്പെടുത്തുമെന്നും ക്വാറികൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ മാത്രമല്ല വനാന്തർഭാഗങ്ങളിൽ ഉൾപ്പെടെ എവിടെ വേണമെങ്കിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാകാമെന്നും പഠനങ്ങൾ പറയുന്നു. ഖനനത്തിന്റെ ഫലമായുണ്ടാകുന്ന കമ്പനങ്ങൾ പാറയിലൂടെ ബഹുദൂരം സഞ്ചരിക്കുന്നു. ആയിരക്കണക്കിന് ക്വാറികളിലായി നിത്യേന നടക്കുന്ന കമ്പനങ്ങൾ പശ്ചിമഘട്ടമലനിരകൾ കുലുങ്ങിക്കൊണ്ടേയിരിക്കാൻ കാരണമാകുന്നു. ഓരോ തവണ പാറപൊട്ടിക്കുമ്പോഴും ഒരു വലിയ ഇടിമുഴക്കത്തിന് സമാനമായ ശബ്ദം അതായത് 110 മുതൽ 120വരെ ഡെസിബലാണ് സൃഷ്ടിക്കപ്പെടുന്നത്. ഈ ശബ്ദത്തിന്റെ കമ്പനങ്ങൾ പാറയ്ക്കുള്ളിലൂടെ അനേകം കിലോമീറ്ററുകൾ സഞ്ചരിക്കുന്നു. ക്വാറികളുടെ പരിസരത്ത് 100 മുതൽ 170 മീറ്റർവരെ നീളമുള്ള വലിയ വിള്ളലുകൾ രൂപപ്പെടുമെന്നും മഴക്കാലത്ത് ഈ വിള്ളലുകളിൽ വെള്ളം നിറഞ്ഞ് സ്ഥിതി ഗുരതരമാകുമെന്നും പഠനങ്ങൾ പറയുന്നു. സോയിൽ പൈപ്പിംഗ് പ്രതിഭാസമാണ് മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനും കാരണമാകുന്നതെന്നും കഴിഞ്ഞ മഹാപ്രളയത്തിനുശേഷം ദുരന്തനിവാരണ അതോറിറ്റിയുടെ ലാൻസ് സ്ലൈഡ് പ്രോജക്ട് ഇൻസെസ്റ്റിംഗ് സംഘം നടത്തിയ പഠനവും വ്യക്തമാക്കിയിരുന്നു.
16 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളിൽ കൃഷിയിറക്കുന്നതും വീടുവയ്ക്കുന്നതും ഉരുൾപൊട്ടൽ ക്ഷണിച്ചുവരുത്തുമെന്ന് തിരുവനന്തപുരം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ പഠനറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 25 ഡിഗ്രിയിൽകൂടുതൽ ചരിവുള്ള പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും റിപ്പോർട്ട് പറയുന്നു. വയനാട് പുത്തുമലയിലും കവളപ്പാറയിലും 25ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്.

17000 മലയിടിച്ചിൽ പ്രദേശങ്ങളെയുംകുറിച്ച് സർക്കാരിന്റെ പക്കലുള്ള റിപ്പോർട്ടുകൾ പഠിച്ച് നടപടികൾ സ്വീകരിക്കണം എന്നാണ് സമിതി നിർദ്ദേശിച്ചിരിക്കുന്നത്.
മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 750 ക്വാറികൾക്കുമാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. എന്നാൽ 5924 ക്വാറികൾ പ്രവർത്തിക്കുന്നുവെന്നാണ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. പരിസ്ഥിതിലോല മേഖലയിലാണ് പകുതിയിലേറെ ക്വാറികളും പ്രവർത്തിക്കുന്നത്. 1983നും 2015നുമിടയിൽ 115 ഭൂമി കുലുക്കങ്ങളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. അതിൽ 78 ഇടത്തും പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ കരിങ്കൽ ക്വാറികൾ ഉണ്ടായിരുന്നു. ഭൂമിയിലേയ്ക്ക് വെള്ളമിറങ്ങാൻ പാകത്തിന് വിള്ളലുകൾ സൃഷ്ടിക്കപ്പെടുന്നതും ഭൂമികുലുക്കത്തിന് ഇടവരുംവിധം ഭൂഘടന മാറുന്നതും ക്വാറികളുടെ പ്രവർത്തനംമൂലമാണെന്നും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ പഠനം ചൂണ്ടിക്കാണിക്കുന്നു. നിരവധി പഠനങ്ങൾ, സർക്കാർ സർക്കാരേതര ഏജൻസികളുടെ മുൻകൈയിൽ നടന്നിട്ടുണ്ട്. വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ സൂചനകൾ ഈ റിപ്പോർട്ടുകളിലെല്ലാമുണ്ട്. എന്നാൽ മതിയായ അളവിൽ പരിഗണിക്കപ്പെടുകയോ നടപടികൾ സ്വീകരിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതിനെ ഭരണാധികാരികളുടെ കുറ്റകരമായ അനാസ്ഥയായി മാത്രമേ കാണാൻ കഴിയൂ.

വനനശീകരണം

ഭൗമ ഉപരിതലത്തിലെ മണ്ണൊലിപ്പ് തടയുന്നതിൽ മരങ്ങൾക്ക് നിർണായകമായ പങ്കുണ്ട്. 2016ൽ ദേശീയ ഭൗമപഠനകേന്ദ്രം സമർപ്പിച്ച പഠന റിപ്പോർട്ടിൽ ഇടുക്കി, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, വയനാട് ജില്ലകളിൽ സോയിൽ പൈപ്പിംഗ് പ്രതിഭാസം വ്യാപകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉറപ്പുകുറവുള്ള ഭൗമാന്തർഭാഗത്തെ മണ്ണ് ഭൂമിക്കടിയിലൂടെ കുഴലുകൾപോലുള്ള ചാലുകളിലൂടെ ഒഴുകിപ്പോകുന്ന പ്രതിഭാസമാണ് സോയിൽപൈപ്പിംഗ്. മഴവെള്ളം വൻതോതിൽആഴ്ന്നിറങ്ങാൻ ഇത് കാരണമാകുന്നു. വെട്ടിമാറ്റപ്പെടുന്ന മരങ്ങളുടെ കുറ്റികളും അവശേഷിപ്പുകളും സോയിൽ പൈപ്പിംഗിന് കാരണമാകും. മരങ്ങളും വനവും മഴവെള്ളം നേരിട്ട് മണ്ണിൽ പതിക്കുന്നത് തടയുന്നു. താഴെവീണുണങ്ങുന്ന ഇലകൾ താഴെയെത്തുന്ന മഴവെള്ളത്തെ ഒരു സ്‌ഫോഞ്ചെന്നപോലെ വലിച്ചെടുക്കുകയും ചെയ്യും. എന്നാൽ വനനശീകരണംമൂലം മഴവെള്ളം നേരിട്ട് ഭൂമിയിൽ പതിക്കുകയും മണ്ണിലേക്ക് താഴാതെ ഒഴുകിപ്പോകുകയും ചെയ്യുന്നു. 1920 മുതൽ 1990വരെ 40ശതമാനം വനസമ്പത്ത് നാശോന്മുഖമായിരിക്കുന്നു എന്നാണ് പഠനങ്ങൾ വെളിവാക്കുന്നത്. സ്വാഭാവിക ജലസംഭരണികളായ പാടങ്ങൾ, കായലുകൾ, നദികൾ, തോടുകൾ തുടങ്ങിയവ നികത്തപ്പെടുകയോ കൈയേറുകയോ ചെയ്യപ്പെടുന്നതുകൊണ്ട് വെള്ളപ്പൊക്കം സർവ്വസാധാരണമായും മാറുന്നു.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്

ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് വീണ്ടും കേരളത്തിൽ ചൂടുള്ള ചർച്ചാവിഷയമായിരിക്കുകയാണ്. പശ്ചിമഘട്ട മലനിരകളുടെ വർത്തമാനകാലസ്ഥിതിഗതികൾ വിലയിരുത്തുന്നതിനും 1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഈ മേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ വേർതിരിക്കാനുമാണ് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ.മാധവ് ഗാഡ്ഗിൽ ചെയർമാനായി 14 അംഗ കമ്മിറ്റി നിയമിതമായത്. 18 മാസം കൊണ്ട് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. ഗുജറാത്ത് മുതൽ കന്യാകുമാരി വരെ നീണ്ടു കിടക്കുന്നതും കേരളം, തമിഴ്‌നാട്, ഗോവ, കർണ്ണാടകം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്നതുമാണ് പശ്ചിമഘട്ട മലനിരകൾ. പശ്ചിമഘട്ട മലനിരകളിലെ നിർമ്മാണ പ്രവർത്തനങ്ങളെയും ഖനനത്തെയും സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്. റിപ്പോർട്ടിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അണിനിരത്തുന്നതിൽ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളും മതസാമുദായിക നേതൃത്വങ്ങളും ക്വാറി-ഖനനമാഫിയയും നടത്തിയ പ്രവർത്തനങ്ങളിലൂടെ സാധിച്ചുവെങ്കിലും കാര്യങ്ങൾ വ്യക്തമാകാൻ അഞ്ചോ ആറോ വർഷങ്ങൾ മതി, ഏറെ നാളൊന്നും കാത്തിരിക്കേണ്ടിവരില്ലെന്ന് വളരെ വ്യക്തമായ മുന്നറിയിപ്പ് മാധവ് ഗാഡ്ഗിൽ എന്ന ശാസ്ത്രജ്ഞൻ തരികയുണ്ടായി. ആ മുന്നറിയിപ്പ് ഇപ്പോൾ ശരിവയ്ക്കപ്പെട്ടിരിക്കുകയാണ്.
പശ്ചിമഘട്ടമേഖലയിൽ അനധികൃതമായി നടക്കുന്ന ലൈസൻസ് ഇല്ലാത്ത എല്ലാത്തരം ഖനനപ്രവർത്തനങ്ങളും പാറപൊട്ടിക്കലും മലതുരക്കലും ഉടൻ അവസാനിപ്പിക്കണം എന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ഇക്കാര്യത്തിൽ നിലവിലുള്ള നിയമം നടപ്പിലാക്കണമെന്നാണ് റിപ്പോർട്ട് ശക്തമായി ആവശ്യപ്പെട്ടത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശം സോൺ ഒന്ന്, രണ്ട് മേഖലകളിൽ ഖനനം നിരോധിക്കണമെന്നും നിലവിൽ ലൈസൻസുള്ള ക്വാറികളുടെ പ്രവർത്തനം അഞ്ചുവർഷംകൊണ്ട് അവസാനിപ്പിക്കണമെന്നുമാണ് ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിച്ചത്. നിലവിലുള്ള ഖനനത്തിന് മെച്ചപ്പെട്ട ഉപാധികൾ സ്വീകരിക്കണം, ഖനനത്തിന് കർശന നിയന്ത്രണവും സോഷ്യൽ ഓഡിറ്റിംഗും വേണം, സോൺ മൂന്നിൽ സമതലങ്ങളിൽ ലഭ്യമാകാത്ത അപൂർവ്വയിനം ധാതുകൾക്കുവേണ്ടി മാത്രമേ ഖനനം നടത്താവൂ, ഇങ്ങനെ പോകുന്നു ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ. പശ്ചിമഘട്ട മലനിരകളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഗാഡ്ഗിൽ കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. വയനാട്ടിലെ പുത്തുമലയുൾപ്പെടെ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരിക്കുന്ന പ്രദേശങ്ങളെല്ലാം സോൺ ഒന്നിലാണ്. സുരക്ഷിതമേഖലയായി കണക്കാക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി നിർദ്ദേശിച്ച സ്ഥലമാണ് വയനാടും നിലമ്പൂരും.

ആഗോളതാപനം

ആഗോളതാപനം കേരളത്തിലെ കാലാവസ്ഥയിലും മഴയുടെ സമയത്തിലും സ്വഭാവത്തിലും വരുത്തുന്ന മാറ്റവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട് എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതിതീവ്രമഴ കേരളത്തിൽ താരതമ്യേന പുതിയ പ്രതിഭാസമാണ്. ജൂൺ, ജൂലൈ മാസങ്ങളിലെ ശക്തമായ കാലവർഷം എന്ന രീതിക്ക് 2002ഓടുകൂടി മാറ്റം വന്നിരിക്കുന്നു എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ജൂൺ ആദ്യവാരത്തിലെ ദുർബല എൻനിനോയും തെക്കുപടിഞ്ഞാറൻ കാറ്റിന്റെ ഗതിമാറ്റവുമാണ് ഈ പ്രതിഭാസത്തിന് കാരണമായി കാലാവസ്ഥ നിരീക്ഷിണ കേന്ദ്രം ചൂണ്ടികാണിക്കുന്നത്. മഴയുടെ അളവിൽ എന്നതിനെക്കാൾ വിതരണത്തിൽ വന്നിരിക്കുന്ന വ്യത്യാസമാണ് ദുരന്തകാരണമാകുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനംമൂലം ഇന്ത്യയിൽ മഴദിനങ്ങൾ കുറഞ്ഞും കനത്തമഴപെയ്യുന്ന സാഹചര്യങ്ങൾ വർദ്ധിച്ചും വരികയാണെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. മേഘവിസ്‌ഫോടനത്തിലൂടെ ഉണ്ടാകുന്ന ഇത്തരം കനത്തമഴകൾ കേരളത്തിന്റെ ഭൂപ്രകൃതിക്ക് ഭീഷണിയാണ്. ഇത്തരം മഴകളുടെ ആഘാതം കുന്നുകളിലെ മൺപാൡക്ക് താങ്ങാനാവുന്നില്ല എന്നത് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പുത്തുമലയിലും കവളപ്പാറയിലും ഉരുൾപൊട്ടലുണ്ടായ ആഗസ്റ്റ് 8 ന് കർണാടകം, കേരളം തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പശ്ചിമഘട്ട താഴ്‌വാരം ഉൾപ്പെടുന്ന മേഖലകളിൽ കനത്ത മഴയാണ് ഉണ്ടായത്. ഊട്ടിയിലെ അവലാഞ്ചി, നിലമ്പൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, കുടക്, മംഗളുരു, ചിക്മംഗലൂർ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയിലാണ് കനത്ത മഴ പെയ്തത്. 24 മണിക്കൂറിനുള്ളിൽ 200 മില്ലീമീറ്റർ മുതൽ 800 മില്ലീമീറ്റർ വരെ മഴയാണ് ഈ പ്രദേശങ്ങൡ പെയ്തത്. നിലമ്പൂരിലും 800 മില്ലീമീറ്ററിനടുത്ത് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം മഴയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന മലഞ്ചെരുവുകളിൽ ഉരുൾപൊട്ടൽ സാധ്യത 100ശതമാനമാണ് എന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
നിരവധി നിയമങ്ങൾ നിലവിലുണ്ടായിട്ടും നിരവധി ഏജൻസികളുടെ പഠനറിപ്പോർട്ടും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും മുമ്പിലുണ്ടായിരുന്നിട്ടും ആസന്നമായ ദുരന്തത്തിന്റെ സൂചനകൾ നിരവധിയുണ്ടായിരുന്നിട്ടും യാതൊരുവിധ മുൻകരുതലുകളും സ്വീകരിക്കുവാൻ സർക്കാർ തയ്യാറാകുന്നില്ല എന്നത് അപലപനീയമാണ്. കാലം തെറ്റി എത്തിക്കൊണ്ടിരിക്കുന്ന കാലവർഷം കനത്ത നാശം വിതച്ചാണ് മടങ്ങുന്നത്. കവളപ്പാറയുടെ സമീപപ്രദേശങ്ങളിൽ നിരവധി ചെറിയ ഉരുൾപൊട്ടലുകളുണ്ടായി, കരകവിഞ്ഞ ചാലിയാർ പുഴയുടെ ഇരുകരകളിലും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വടകര, കോഴിക്കോട് പ്രദേശങ്ങളിലും വമ്പിച്ച നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

താത്ക്കാലികമായോ ഔദാര്യമായോ സർക്കാർ നൽകുന്ന തുകകൊണ്ട് ജീവിതം തിരിച്ചുപിടിക്കാൻ ദുരന്തബാധിതരായ ജനങ്ങൾക്ക് സാധിക്കുന്നില്ല. ഉത്സാഹത്തോടെയുള്ള പിരിവൊഴിച്ച് ജനങ്ങൾക്ക് നഷ്ടപ്പെട്ട ജീവിതവും ജീവനോപാധികളും കരുപ്പിടിപ്പിക്കാൻവേണ്ട കാര്യങ്ങൾ ചെയ്യുക എന്നത് സർക്കാരിന്റെ പരിഗണനയിലില്ല. പ്രളയത്തിൽ നഷ്ടം 100കോടി കവിയുമെന്നാണ് വ്യാപാരികൾ കണക്കുകൂട്ടുന്നത്. മഹാപ്രളയത്തിലുണ്ടായ നഷ്ടം മറികടക്കാനും ദുരിതാശ്വാസ പ്രവർത്തനത്തിന് പണം കണ്ടെത്താനും പ്രളയസെസ് ഏർപ്പെടുത്തിയ സർക്കാരാണ് കേരളത്തിൽ അധികാരത്തിലിരിക്കുന്നത്. പ്രളയസെസ് നിലവിൽവന്നതാകട്ടെ 2019 ആഗസ്റ്റ് മാസത്തിൽ, മറ്റൊരു പ്രളയകാലത്ത്. 928 ഇനങ്ങൾക്കാണ് ജിഎസ്ടിക്കുപുറമേ 2 വർഷത്തേയ്ക്ക് 1 ശതമാനം നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. ജിഎസ്ടി തന്നെ വിലക്കയറ്റത്തിന് കാരണമായിരിക്കുമ്പോഴാണ് അതിനുംപുറമേ നികുതി ചുമത്തുന്നത്. ജീവൻരക്ഷാ ഔഷധങ്ങൾക്ക് ഉൾപ്പെടെ വില വീണ്ടും വർദ്ധിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 10000 രൂപമുതൽ 80000 രൂപവരെ വിലവർദ്ധനവ്, വിശേഷിച്ചും കാൻസറിനുള്ള മരുന്നിന്, രേഖപ്പെടുത്തിയിരിക്കുന്നു! മഹാപ്രളയത്തിൽ സർവ്വതും ഒലിച്ചുപോയ അനേകർ ഇപ്പോഴും പകച്ചു നിൽക്കുകയാണ്. ആശ്വാസധനമായ പതിനായിരംപോലും കിട്ടാത്തവർ ഇപ്പോഴും നിരവധി. ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മറ്റനവധിയാളുകളെ ഉറ്റവരും ഉടയവരും ഇല്ലാത്തവരാക്കി, കൂരയോ കൂരയിരുന്ന സ്ഥലംപോലുമോ ഇല്ലാത്തവരാക്കി. അനിശ്ചിതമായ ഭാവിയുടെ മുന്നിൽ പകച്ചുനിൽക്കുന്നവർ ക്യാമ്പുകളിൽനിന്ന് എങ്ങോട്ടുപോകേണ്ടൂ എന്നറിയാതെ കുഴങ്ങുകയാണ്.
ജനങ്ങൾ കൂടെയുണ്ട് എന്നത് ഇത്തവണയും തെളിയിക്കപ്പെട്ടു. ഒരു ആഹ്വാനവും ഇല്ലാതെതന്നെ കൈയ് മെയ് മറന്ന് ജനങ്ങൾ രംഗത്തിറങ്ങി. തങ്ങൾക്കുള്ളതത്രയും നൽകിക്കൊണ്ട് നിരവധിയാളുകൾ മാതൃകകളായി. ദുരിതത്തിൽ തനിയെയായിപ്പോയ പെൺകുഞ്ഞിന്റെ വാർത്ത വന്നപ്പോൾത്തന്നെ കുഞ്ഞിനെ ഏറ്റെടുക്കുവാനും വീടുനൽകുവാനും ഒക്കെയായി ആളുകൾ മുന്നോട്ടുവന്നു എന്നതൊക്കെ മനുഷ്യത്വത്തിന്റെ നിദർശനങ്ങളായി.
ദുരന്തബാധിതരായ മുഴുവൻ ആളുകളെയും നിരുപാധികം പുനരധിവസിപ്പിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ ഉടനടി ചെയ്യേണ്ടത്. ഒപ്പം പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുവാൻ അടിയന്തരനടപടികൾ സ്വീകരിക്കണം. പശ്ചിമഘട്ട മലനിരകളെ തുരന്നുതീർക്കുന്ന ക്വാറിയിംഗിന് തടയിടണം. അനധികൃതക്വാറികൾ അടച്ചുപൂട്ടണം. കേരളത്തിലെ തണ്ണീർതടങ്ങളും സ്വാഭാവിക ജലസംഭരണികളായ പാടങ്ങളും കായലുകളും നദികളും ആറുകളും സംരക്ഷിക്കപ്പെടണം. വനങ്ങൾ സംരക്ഷിക്കപ്പെടണം. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൻമേൽ ആവശ്യമായ നടപടികൾ സത്വരമായി സ്വീകരിക്കണം. കാലവിളംബം കൂടാതെ ഈ നടപടികൾ സ്വീകരിക്കാൻ തയ്യാറായാൽ മാത്രമേ വരാനിരിക്കുന്ന വൻദുരന്തത്തിൽനിന്ന് കേരളത്തെ രക്ഷിക്കാനാകൂ.

Share this post

scroll to top