വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണം: സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവത്തിനെതിരെ അണിനിരക്കുക

Share

‘മനുഷ്യ-വന്യജീവി സംഘര്‍ഷം’ എന്ന് പൊതുവില്‍ പറയപ്പെടുന്ന പ്രശ്‌നം ഇന്ന് സംസ്ഥാനത്തെ, പ്രത്യേകിച്ച്, കാര്‍ഷിക മേഖലയില്‍ രൂക്ഷമായ ജീവത്പ്രശ്‌നമായി മാറിയിരിക്കുന്നു. നേരത്തെ വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലയില്‍ ആയിരുന്നു വന്യമൃഗശല്യം ഏറെയും നിലനിന്നിരുന്നത്. ഇപ്പോഴാകട്ടെ, വനത്തില്‍നിന്നും കിലോമീറ്ററുകള്‍ ദൂരെയുള്ള സ്ഥലങ്ങളില്‍വരെ വന്യമൃഗാക്രമണം തുടര്‍ച്ചയായി നടക്കുന്ന സ്ഥിതിയാണുള്ളത്. വെറുമൊരു ‘ശല്യ’ത്തില്‍നിന്നും ‘ആക്രമണ’ത്തിലേയ്ക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ‘മനുഷ്യ-വന്യജീവി സംഘര്‍ഷം’ എന്ന ലളിത സൂത്രവാക്യത്തില്‍ ഒതുങ്ങുന്നതല്ല ഇപ്പോഴത്തെ സ്ഥിതി.
വന്യമൃഗ ആക്രമണംമൂലം നഷ്ടപ്പെടുന്ന മനുഷ്യ ജീവന്റെ എണ്ണം വര്‍ദ്ധിക്കുന്നു. പരിക്കുപറ്റി ജീവച്ഛവങ്ങളായും അല്ലാതെയും നരകിക്കുന്നവരുടെ എണ്ണവും കൂടിക്കൂടി വന്നിരിക്കുന്നു. നഷ്ടപ്പെടുന്ന കൃഷിയുടെയും കന്നുകാലികളുടെയും വീടുകളുടെയും കടകളുടെയും അളവ് ദിനംപ്രതി വര്‍ധിക്കുകയാണ്. വന്യമൃഗ ആക്രമണത്തിന്റെ അനേകം വാര്‍ത്തകള്‍ ഇല്ലാത്ത ഒറ്റ ദിവസംപോലും കടന്നുപോകുന്നില്ല. വനംവകുപ്പിന്റെ കണക്കനുസരിച്ച് കാട്ടാനകളുടെ ആക്രമണത്തില്‍ 2021-22 ല്‍ 35 പേരാണ് കൊല്ലപ്പെട്ടത്. ഇത് 2020-21 ല്‍ 27 പേരും, 2016-17 ല്‍ 23 പേരും ആയിരുന്നു.
2011 ശേഷം 34,875 വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായതായിട്ടാണ് സംസ്ഥാന വനം വകുപ്പ് തയ്യാറാക്കിയ വിവരങ്ങളില്‍ പറയുന്നത്. അതില്‍ 1233 പേര്‍ക്ക് മരണം സംഭവിച്ചു. 6803 പേര്‍ക്ക് പരിക്കുപറ്റി. കഴിഞ്ഞ 5 വര്‍ഷത്തില്‍ മാത്രം 637 പേര്‍ വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും, മരണ സംഖ്യ വര്‍ദ്ധിച്ചു വരികയാണെന്നും വനംവകുപ്പ് മന്ത്രി 2023 ഫെബ്രുവരി 2 ന് നിയമസഭയില്‍ വെളിപ്പെടുത്തുകയുണ്ടായി. 2022ല്‍ മാത്രം 152 മനുഷ്യ ജീവനാണ് വന്യമൃഗങ്ങളാല്‍ നഷ്ടപ്പെട്ടത്. ഇത് കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ സംഖ്യയാണ്. വന്യമൃഗ ആക്രമങ്ങളുടെ എണ്ണം നിയന്ത്രിക്കാന്‍ നിലവില്‍ പദ്ധതികള്‍ ഒന്നുമില്ലെന്ന് വകുപ്പുമന്ത്രി നിയമസഭയില്‍ പറയുകയുണ്ടായി.
നേരത്തെ കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ആക്രമണമായിരുന്നു സംസ്ഥാനത്ത് കൂടുതലും നേരിടേണ്ടി വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍, കടുവ കാട്ടുപോത്ത്, കരടി, നരി തുടങ്ങിയ വന്യമൃഗങ്ങളുടെയും ആക്രമണം വ്യാപകമാവുകയാണ്. കഴിഞ്ഞ മെയ് 19ന്, ഒറ്റ ദിവസം മാത്രം കോട്ടയം (എരുമേലി), കൊല്ലം (ചടയമംഗലം) ജില്ലകളിലായി മൂന്ന് പേരാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വനങ്ങളില്‍നിന്നും വളരെ ദൂരെയുള്ള സ്വന്തം വീട്ടില്‍ വച്ചും കൃഷിയിടത്തില്‍ വച്ചുമാണ് ഇവര്‍ കാട്ടുപോത്തിനാല്‍ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ചു പേരെങ്കിലും കാട്ടുപോത്തുകളുടെ ആക്രമണത്താല്‍ മരണപ്പെട്ടിട്ടുണ്ട്. വയനാട് മലപ്പുറം ജില്ലകളില്‍ നിന്നും കരടിയുടെ ആക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


വയനാട്ടില്‍ കടുവകളുടെ ആക്രമണം നിത്യസംഭവവുമായി മാറിയിരിക്കുന്നു. വയനാട് ജില്ലയില്‍ കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ 8 പേര്‍ കടുവയുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ഈയിടെ കടുവ ആക്രമണം രൂക്ഷമായ അമ്പലവയല്‍ മേഖലയില്‍ ഒരാളുടെ പറമ്പില്‍ ഒരു കടുവ ചത്ത നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്ഥലം ഉടമയെയും, ജഡം ആദ്യം കണ്ട ആള്‍ എന്ന നിലയില്‍ ഹരികുമാര്‍ എന്ന ആളെയും വനംവകുപ്പ് നിരന്തരം ചോദ്യം ചെയ്യുകയുണ്ടായി. ഈ ചോദ്യം ചെയ്യല്‍ പീഡനത്തില്‍ മനംനൊന്ത് ഹരികുമാര്‍ ആത്മഹത്യ ചെയ്തു. ഇതില്‍നിന്നും വന്യമൃഗങ്ങള്‍ മാത്രമല്ല വനംവകുപ്പും ജനങ്ങളെ അകാരണമായി ദ്രോഹിക്കുന്നു എന്ന് കാണാം.
കാട്ടുപന്നികളുടെ ആക്രമണം ആലപ്പുഴ ഒഴികെ മിക്കവാറും എല്ലാ ജില്ലകളിലും വ്യാപകമാണ്. നീണ്ടകാലത്തെ സമരങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ഒടുവില്‍ അക്രമകാരിയായ കാട്ടുപന്നിയെ വേട്ട ചെയ്യാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കാന്‍ വനംവകുപ്പ് ഉത്തരവിട്ടു. ഇതിനായി ഒരു പന്നിക്ക് 1000 രൂപ പ്രതിഫലം നിശ്ചയിച്ച് എം.പാനല്‍ ഷൂട്ടര്‍മാരെ വെക്കാമെന്നും ഉത്തരവായി. എന്നാല്‍ ഇതിനുള്ള ചെലവ് മുഴുവന്‍ ഗ്രാമ പഞ്ചായത്തുകള്‍ വഹിക്കണം എന്നാണ്. ഈ സാമ്പത്തീക ബാദ്ധ്യത ഏറ്റെടുക്കാന്‍ പല പഞ്ചായത്തുകളും തയ്യാറാകുന്നില്ല.
ഏതാണ്ട് 200 പഞ്ചായത്തുകളിലായി 30 ലക്ഷത്തിലധികം മനുഷ്യര്‍ സംസ്ഥാനത്ത് വന്യമൃഗ ശല്യം നേരിടുന്നുണ്ട്. 3.57 കോടി മനുഷ്യര്‍ അധിവസിക്കുന്ന കേരളത്തിന്റെ 29 ശതമാനം ഭൂവിസ്തൃതിയും വനമാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ദേശീയ ജനസാന്ദ്രതയുമായി(464 പേഴ്‌സണ്‍സ് പെര്‍ കി.മീ. സ്‌ക്വയര്‍) തട്ടിച്ചുനോക്കുമ്പോള്‍ വളരെ കൂടുതല്‍ ജനസാന്ദ്രതയുള്ള (859 പേഴ്‌സണ്‍സ് പെര്‍ കി.മീ. സ്‌ക്വയര്‍) സംസ്ഥാനമാണ് കേരളം. വന്യമൃഗ പ്രശ്‌നം നേരിടുന്നതിന് യുദ്ധകാല അടിസ്ഥാനത്തിലുള്ള ആലോചനയും നടപടികളുമാണ് സംസ്ഥാനത്ത് ആവശ്യം.
സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന വന്യമൃഗ പ്രശ്‌നത്തെ സംബന്ധിച്ച കാര്യങ്ങള്‍ പലതവണ യൂണിറ്റി പ്രതിപാദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മലയോര പ്രദേശങ്ങളില്‍ കര്‍ഷകര്‍ നേരിടുന്ന കടുത്ത പ്രയാസങ്ങളില്‍ ഒന്നായി വന്യമൃഗ ശല്യം മാറിയിരിക്കുന്നു. നിരവധി കര്‍ഷകര്‍ കൊല്ലപ്പെടുകയും, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കൃഷിയും വളര്‍ത്തു മൃഗങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ പതിവുപോലെ പ്രസ്താവനകളില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. ജനവാസ മേഖലകളില്‍ ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്ന കാട്ടാനകളെ പിടികൂടുന്നതും വിട്ടയക്കുന്നതും എല്ലാം ദൃശ്യമാധ്യമങ്ങളുടെ പ്രധാന പ്രചാരണ വിഷയമാണിന്ന്. അരിക്കൊമ്പന്‍, പടയപ്പ, പി.ടി 7 തുടങ്ങിയ പേരുകളില്‍ വാര്‍ത്താ കോലാഹലം സൃഷ്ടിക്കുവാന്‍ സര്‍ക്കാറിനും ഉത്സാഹമാണ്. സര്‍ക്കാരിനെ വെട്ടിലാക്കുന്ന എണ്ണമറ്റ പ്രശ്‌നങ്ങളില്‍നിന്നും ജനശ്രദ്ധ അകറ്റാന്‍ ഇവയൊക്കെ സഹായകരമാണല്ലോ. എന്നാല്‍, ഇത്തരം അല്പകാല വാര്‍ത്തകള്‍ക്കപ്പുറം പ്രശ്‌നപരിഹാരത്തിന് യാതൊരു പ്രാധാന്യവും സര്‍ക്കാര്‍ നല്‍കുന്നില്ല എന്നതാണ് വസ്തുത.
‘തൊട്ടാല്‍ കൈ പൊള്ളും’, ‘എന്റെ കഴിവ് കേട്’ എന്നൊക്കെ പറയുന്ന സംസ്ഥാന വനംവകുപ്പ് മന്ത്രി ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രശ്‌നപരിഹാരത്തിനായി എന്തു നടപടിയാണ് കൈക്കൊണ്ടത്?ഇടയ്ക്കിടയ്ക്ക് ഏതാനും കോടികള്‍ ഇതിലേയ്ക്ക് വകയിരുത്തിയതായി പ്രഖ്യാപിക്കും. ഇതൊന്നും വന്യമൃഗ ആക്രമണം നേരിടുന്ന കര്‍ഷകരിലും മറ്റും എത്തുന്നതേയില്ല.
നിലവില്‍ ഉണ്ടായിരുന്ന പ്രതിരോധ മാര്‍ഗങ്ങളായ ഭിത്തികളും വൈദ്യുതി വേലികളും കിടങ്ങുകളുമെല്ലാം പരിപാലനം നടക്കാത്ത കാരണം ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. പുതിയതായി ഇവയൊന്നും ഉണ്ടാക്കുന്നുമില്ല. ഇതിനുവേണ്ടി ഇനിയും ചെലവ് ചെയ്യേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ഇതിന്റെ പേരില്‍ കാലാകാലങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കി അട്ടി ഇടുകയും ചെയ്യുന്നുണ്ട്.


വന്യമൃഗ പ്രശ്‌നം എല്ലാ രാജ്യങ്ങളും കൈകാര്യം ചെയ്യുന്ന ഒന്നാണ്. ഇവിടുത്തെ ഭരണാധികാരികള്‍ പറയുന്നത് പോലെ ഒരു പരിഹാരവും ഇല്ലാത്ത പ്രശ്‌നമല്ല ഇത്. പ്രത്യേകിച്ചും, ആധുനിക സാങ്കേതിക വിദ്യയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ച ഇക്കാര്യത്തിലും ഉപയോഗിക്കാന്‍ കഴിയും എന്നിരിക്കെ.
വന്യമൃഗങ്ങള്‍ പരിസ്ഥിതിയുടെയും പ്രകൃതിയുടെയും ഭാഗമാണെന്ന് ഏവര്‍ക്കും അറിയാം. സന്തുലിതമായ പാരിസ്ഥിതിക നിലനില്‍പ്പിന് വന്യജീവി സംരക്ഷണം ഒരാവശ്യകതയമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അത് മനുഷ്യജീവനും ജീവിതവൃത്തിക്കും പ്രത്യഭിമുഖമായ ഒരു പ്രശ്‌നമായി വളര്‍ന്നുവരരുത്. വന്യമൃഗങ്ങളെ നിസ്സഹായരായ മനുഷ്യരുടെ മുമ്പിലേയ്ക്ക് തുറന്നുവിടുകയല്ല വന്യജീവി സംരക്ഷണം. മനുഷ്യനും പ്രകൃതിയും പരിസ്ഥിതിയും വന്യമൃഗങ്ങളും പരസ്പരപൂരകമായ ഒരാവാസഘടനയായി നിലനിര്‍ത്താന്‍ ആധുനിക ശാസ്ത്രത്തിന്റെ സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയും. മുതലാളിത്ത ത്തിന്റെ അന്തമില്ലാത്ത ലാഭതൃഷ്ണയെ തൃപ്തിപ്പെടുത്താനായി പ്രകൃതിയെ ലക്കും ലഗാനുമില്ലാതെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യം മാറ്റിവച്ചുകൊണ്ട് അത് നിറവേറ്റാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകണം.
ഇന്ത്യയില്‍ നിലവിലുള്ള 1972ലെ വന്യമൃഗ സംരക്ഷണ നിയമത്തിനെതിരെ ശക്തമായ വിമര്‍ശനം പലഭാഗങ്ങളില്‍നിന്നും ഉണ്ടായിട്ടുണ്ട്. ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ തന്നെ ഈ നിയമം പിന്‍വലിക്കണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും, ഷെഡ്യൂള്‍ഡ് ജീവികളുടെ പട്ടികപോലും മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ‘ജനവിരുദ്ധവും പ്രകൃതിവിരു ദ്ധവും ശാസ്ത്ര വിരുദ്ധവുമായ വനംവകുപ്പിന്റെ ചട്ടങ്ങളാണ് മനുഷ്യരും കാട്ടുമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നത്..ദേശീയ ഉദ്യാനങ്ങള്‍ക്കും വന്യമൃഗ സങ്കേതങ്ങള്‍ക്കും പുറത്തുള്ള വേട്ടയാടലുകളെ മറ്റൊരു രാജ്യവും നിരോധിച്ചിട്ടില്ല’ എന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തെ പരിശോധിക്കാനും ഉചിതമായ നടപടികള്‍ കൈകൊള്ളാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാദ്ധ്യതയുണ്ട്.


ഞങ്ങള്‍ കേന്ദ്രത്തിന് എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞ് കയ്യൊഴിയുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാറിന് എപ്പോഴുമുള്ളത്. വന്യമൃഗ ആക്രമണംകൊണ്ട് ജീവനും സ്വത്തും നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം യഥാസമയം നല്‍കുന്നതിന് ആരാണ് തടസ്സമെന്നെങ്കിലും സര്‍ക്കാര്‍ വ്യക്തമാക്കണം. രണ്ടു വര്‍ഷമായി നഷ്ടപരിഹാരം നല്‍കുന്നില്ല എന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ വനം മന്ത്രി തന്നെ നിയമസഭയില്‍ പറയുകയുണ്ടായി. 8232 അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടത്രേ. 1990 ല്‍ നിശ്ചയിച്ച നഷ്ടപരിഹാര തുകയാണ് ഇപ്പോഴും തുടരുന്നത്. ഒരു മനുഷ്യന്‍ വന്യമൃഗത്താല്‍ കൊല്ലപ്പെടുമ്പോള്‍, പ്രദേശത്തെ ജനങ്ങള്‍ ഒത്തുകൂടി മൃതശരീരം റോഡില്‍ കിടത്തി സമരം നടത്തുമ്പോഴാണ് മന്ത്രിയും കളക്ടറും ഒക്കെയായി ബന്ധപ്പെട്ട് ദീര്‍ഘവിലപേശല്‍ നടത്തി നഷ്ടപരിഹാരത്തുക പ്രഖ്യാപിക്കുന്നത്. പരമാവധി പത്തുലക്ഷം രൂപ! അതുതന്നെ ഗഡുക്കളായും.
സര്‍ക്കാറിന്റെ കരുതലില്ലായ്മ കൊണ്ടാണ് ജനങ്ങള്‍ക്ക് ഇത്തരം ജീവഹാനി ഉണ്ടാകുന്നത്. ഇനി, അതംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍പോലും, നാടിന്റെ കാര്‍ഷിക രംഗത്ത് പണിയെടുക്കുന്ന ഒരു കര്‍ഷകന്‍, അല്ലെങ്കില്‍ ഒരു തൊഴിലാളി വന്യ മൃഗങ്ങളാല്‍ കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സംരക്ഷണ ചുമതല സര്‍ക്കാരിന്റേതല്ലേ? മിനിമം 50 ലക്ഷം രൂപയെങ്കിലും നല്‍കി അവരെ സാന്ത്വനിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയേണ്ടതല്ലേ? മന്ത്രിമാരുടെ ഉല്ലാസങ്ങള്‍ക്കുവേണ്ടി കോടികള്‍ ധൂര്‍ത്തടിക്കുന്ന ഈ സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിമൂലം ഇതൊന്നും ഏറ്റെടുക്കാന്‍ വയ്യ എന്നാണോ?
രാവും പകലുമില്ലാതെ അധ്വാനിച്ചുണ്ടാക്കിയതെല്ലാം കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്നത് കയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം എന്ന പേരില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന തുക പരിഹസിക്കുന്നതിനു തുല്യമാണ്. കടമ്പകള്‍ ഏറെ കയറിയിറങ്ങിയാലും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അത് പോലും ലഭിക്കുന്നത്. നഷ്ടപരിഹാരത്തുക നിലവിലുള്ള കമ്പോളവിലയ്ക്ക് തുല്യമായി ഉയര്‍ത്തുകയും, അത് ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കാനുമുള്ള നടപടി കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലേ? ജനാനുകൂല സമീപനം അല്പമെങ്കിലും ഉണ്ടെങ്കില്‍ ഇത് നിറവേറ്റാന്‍ കഴിയും.
വന്യമൃഗ പ്രശ്‌നത്തിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും ഹൃസ്വകാലാടിസ്ഥാനത്തിലുള്ളതുമായ പരിഹാരത്തിന് ശക്തമായ ബഹുജന സമരം വളര്‍ത്തിയെടുക്കണം. ജനകീയ സമരംകൊണ്ട് മാത്രമേ ജനങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂ. വന്യമൃഗ ആക്രമണം നേരിടുന്ന മലയോര ജനത ഒറ്റക്കെട്ടായി ഇത്തരം ഒരു പ്രക്ഷോഭണത്തിന് തയ്യാറാകണം.

Share this post

scroll to top