പൗരാണിക ഇന്ത്യയിലെ ശാസ്ത്രത്തെക്കുറിച്ച് ഐഎസ്ആർഒ ചെയർമാൻ നടത്തിയ പ്രസ്താവന അയഥാർത്ഥവും തെറ്റിദ്ധാരണാജനകവുമാണ്

Cosmic1.jpg
Share

അശാസ്ത്രീയ ചിന്താഗതിയും കപടശാസ്ത്രവും സര്‍ക്കാര്‍തലത്തില്‍ത്തന്നെ പ്രോത്സാഹിപ്പിക്കുക എന്നത് ബിജെപിയുടെ ഒരു രാഷ്ട്രീയ അജണ്ടയാണ്. പൗരാണിക ഇന്ത്യയിലെ ശാസ്ത്രത്തെക്കുറിച്ച് അയഥാര്‍ത്ഥമായ അവകാശവാദങ്ങള്‍ ഉന്നയിക്കുക എന്നത് ഈ അജണ്ടയുടെ ഭാഗമാണ്. ബിജെപി മന്ത്രിമാരും നേതാക്കളും പതിവായി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കാണാം. സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബിജെപി സര്‍ക്കാര്‍ ഇത്തരം ശാസ്ത്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതെന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാകും. പക്ഷേ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നവര്‍ അത്തരത്തിലുള്ള വാദഗതികള്‍ ഉന്നയിക്കുമ്പോള്‍ അത് ജനങ്ങളില്‍ പ്രത്യേകിച്ചും വിദ്യാര്‍ത്ഥികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. കാരണം അവര്‍ ശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്നവരായാണ് ജനങ്ങള്‍ കാണുന്നത്.

ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് 24-5-2023 ന് ഉജ്ജയിനിലെ മഹർഷിപാണിനി സംസ്കൃത-വേദ സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ പ്രസംഗിക്കവേ പൗരാണിക ഇന്ത്യയിലെ ശാസ്ത്രത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ഇക്കാരണത്താൽത്തന്നെ വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടതുണ്ട്. പ്രസ്തുത പ്രസംഗത്തിൽ സോമനാഥ് പൗരാണിക ഇന്ത്യയിൽ ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഊർജ്ജതന്ത്രം, രസതന്ത്രം, വ്യോമയാന ശാസ്ത്രം, മെറ്റലർജി എന്നിങ്ങനെയുള്ള മേഖലകളിലെല്ലാം ഉയർന്ന വിജ്ഞാനം ഉണ്ടായിരുന്നതായും ഈ വിജ്ഞാനം അറബികൾ വഴി യൂറോപ്പിൽ എത്തുകയും ആയിരക്കണക്കിന് വർഷങ്ങൾക്കുശേഷം അതേ വിജ്ഞാനം പാശ്ചാത്യരുടെ കണ്ടുപിടുത്തങ്ങൾ എന്ന രീതിയിൽ ഇന്ത്യയിൽ തിരിച്ചെത്തുകയും ചെയ്തു എന്ന് പ്രസ്താവിക്കുകയുണ്ടായി. വേദകാലഘട്ടം മുതൽ സംസ്കൃത ഭാഷ ഉയർന്ന വിജ്ഞാനത്തിന്റെ കലവറ ആയിരുന്നുവെന്നും അതിനാൽ തന്നെ സംസ്കൃതഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വാചാലനായി. ‘സൂര്യ സിദ്ധാന്തം’ എന്ന സംസ്‌കൃത ഗ്രന്ഥത്തിലുള്ള ഉയർന്ന ജ്യോതിശാസ്ത്ര വിജ്ഞാനത്തെക്കുറിച്ചും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.


പൗരാണിക ഭാരതത്തിൽ, പ്രത്യേകിച്ചും വേദാനന്തര കാലഘട്ടത്തിൽ, ജ്യോതിശാസ്ത്രം, ഗണിതം, രസതന്ത്രം, മെറ്റലർജി, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നത് തർക്കമറ്റ സംഗതിയാണ്. പക്ഷേ അത് പൗരാണിക ഭാരതത്തിൽമാത്രം ഉണ്ടായ പ്രതിഭാസം ആയിരുന്നില്ല. ഏതാണ്ട് അതേ കാലഘട്ടത്തിലും അതിനു മുമ്പും മെസപ്പൊട്ടോമിയ, ഈജിപ്ത്, ഗ്രീസ്, ചൈന തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാസ്ത്രത്തിന്റെ മേഖലയിൽ സമാനമായ മുന്നേറ്റം ഉണ്ടായിട്ടുള്ളതായി കാണാം. പ്രകൃതിയെ മെരുക്കിക്കൊണ്ട് മാത്രമേ മനുഷ്യസമൂഹത്തിന് മുന്നേറാൻ കഴിയുകയുള്ളൂ എന്നതിനാൽ പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാൻ എല്ലാ നാഗരികതകളും ശ്രമിച്ചിരുന്നു. ഇതാണ് എല്ലാ നാഗരികതകളിലും പൗരാണികശാസ്ത്രധാരണകളുടെ വികാസത്തിന് വഴിയൊരുക്കിയത്. നാഗരികതകൾ തമ്മിലുള്ള പരസ്പരവിനിമയം കൂടുതൽ ഉയർന്ന വിജ്ഞാനം സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിജ്ഞാന വിനിമയത്തിലും സംരക്ഷണത്തിലും അറബികൾ വഹിച്ച പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.
നിലവിലുള്ള ശാസ്ത്രധാരണകളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ ഉയർന്ന ശാസ്ത്രവിജ്ഞാനം സൃഷ്ടിക്കപ്പെടുന്നത്. ഇതൊരു സഞ്ചിതമായ അറിവ് സൃഷ്ടിക്കുന്ന പ്രക്രിയയാണ്. മനുഷ്യസമൂഹം ഇന്ന് ആർജിച്ച വിജ്ഞാനത്തിൽ എല്ലാ നാഗരികതകളും അവരുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. നിലവിലുള്ള ശാസ്ത്രധാരണകളെ പരിശോധിക്കുകയും തെറ്റായവയെ തള്ളിക്കളയുകയും ചെയ്തുകൊണ്ടാണ് ശാസ്ത്രം വികസിക്കുന്നത്. ശാസ്ത്രവിജ്ഞാനം വളർന്നു വികസിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ ആധുനിക വിജ്ഞാനം മുമ്പുണ്ടായിരുന്ന തിനേക്കാൾ എപ്പോഴും ഉയർന്നു നിൽക്കുന്നവ ആയിരിക്കും.
മുൻകാലങ്ങളിൽ നിലനിന്നിരുന്ന ആത്മനിഷ്ഠ രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായി, നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ hypothesis രൂപീകരിച്ച് അതിനെ പരീക്ഷണങ്ങളിലൂടെ പരിശോധിക്കുകയും, ആവർത്തിച്ച പരിശോധനയിലൂടെ തെളിയിക്കപ്പെടുമ്പോൾ മാത്രം അതൊരു ശാസ്ത്രസത്യമായി അംഗീകരിക്കുകയും ചെയ്യുന്ന വസ്തുനിഷ്ഠ രീതിയാണ് ആധുനികശാസ്ത്രം പിന്തുടരുന്നത്. ആധുനിക ശാസ്ത്രത്തിന്റെ ഈ വസ്തുനിഷ്ഠ രീതി ആരംഭിക്കുന്നത് നവോത്ഥാന കാലഘട്ടത്തിലാണ്. ഗലീലിയോ, റെനി ഡെക്കാർത്തെ, ഫ്രാൻസിസ് ബേക്കൺ എന്നിവർ ആധുനിക ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠമായ രീതി വികസിപ്പിച്ചവരിൽ അഗ്രഗണ്യരായിരുന്നു. ഈ വസ്തുനിഷ്ഠ രീതിയുടെ പ്രയോഗമാണ് ആധുനിക ശാസ്ത്രത്തിന്റെ വൻതോതിലുള്ള മുന്നേറ്റത്തിന് കാരണമായത്. ആധുനിക ശാസ്ത്രത്തിലെ വിജ്ഞാനം ലോകത്ത് എവിടെയും ഉണ്ടായിരുന്ന പൗരാണിക വിജ്ഞാനത്തെ അപേക്ഷിച്ച് വളരെയധികം ഉയർന്നു നിൽക്കുന്നവയാണ്. ഗലീലിയോ, ന്യൂട്ടൺ,ഡാർവിൻ, ഐൻസ്റ്റീൻ എന്നിങ്ങനെയുള്ള മഹാരഥന്മാരായ ശാസ്ത്രജ്ഞന്മാരുടെ സംഭാവനകൾ അടങ്ങിയ ആധുനിക ശാസ്ത്രവിജ്ഞാനം പൗരാണിക ഭാരതത്തിൽ നിന്നും അറബികൾ കൊണ്ടുപോയ ശാസ്ത്രവിജ്ഞാനം ആണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നേ പറയാൻ കഴിയുകയുള്ളൂ. മാത്രവുമല്ല ഇത്തരം വാദഗതികൾ സൂചിപ്പിക്കുന്നത് ശാസ്ത്ര വികാസ പ്രക്രിയയെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയെയും ആണ്.
സോമനാഥ് തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ച പൗരാണിക ഭാരതത്തിലെ ‘സൂര്യ സിദ്ധാന്തം’ എന്ന സംസ്കൃതഗ്രന്ഥം അക്കാലത്തെ ഉയർന്ന ജ്യോതിശാസ്ത്ര ധാരണകൾ ഉൾക്കൊള്ളുന്നതാണെ ന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, ഗ്രാവിറ്റേഷണൽ വേവ്, ആസ്ട്രോണമി ഉൾപ്പെടെയുള്ളവയിലൂടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക ജ്യോതിശാസ്ത്രത്തിലെ ഉയർന്ന ധാരണകളെ ‘സൂര്യ സിദ്ധാന്ത’ത്തിലെ ജ്യോതിശാസ്ത്ര ധാരണകളുമായി താരതമ്യം ചെയ്യാൻപോലും കഴിയില്ല. അത്യന്താധുനികമായ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന പര്യവേഷണത്തിലൂടെ ലഭിച്ച പ്രപഞ്ചത്തെ കുറിച്ചുള്ള ധാരണകൾ നഗ്നനേത്രങ്ങൾകൊണ്ട് വാനനിരീക്ഷണം നടത്തിയ പൗരാണിക ഭാരതത്തിലെ ജ്യോതിശാസ്ത്ര പണ്ഡിതർക്ക്‌ ഉണ്ടാവുന്നത് എങ്ങനെയാണ്? പൗരാണിക ഭാരതത്തിലെ വിജ്ഞാനം ആധുനിക ശാസ്ത്രവിജ്ഞാനത്തെക്കാൾ ഉയർന്നതാണെങ്കിൽ ഐ.എസ്.ആർ.ഒ ഉൾപ്പെടെയുള്ള ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ ഒന്നും തന്നെ അവ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്? മറിച്ച് ആധുനിക ശാസ്ത്ര വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ലേ റോക്കറ്റുകളും സാറ്റലൈറ്റുകളുമൊക്കെ ഐ. എസ്.ആർ.ഒ നിർമ്മിക്കുന്നത്? വേദങ്ങളിൽ ഉള്ളവ എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്ന പല കാര്യങ്ങളും യഥാർത്ഥത്തിൽ പിന്നീട് കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കപ്പെടുകയുണ്ടായി. ഉദാഹരണമായി, 7000 വർഷങ്ങൾക്ക് മുമ്പ് സപ്തർഷികളിൽ ഒരാളായ മഹർഷി ഭരദ്വാജ് എഴുതിയതാണെന്ന് എന്ന് പ്രചരിപ്പിക്ക പ്പെട്ട, ‘വൈമാനിക ശാസ്ത്രം’ യഥാർത്ഥത്തിൽ 1920കളിൽ പണ്ഡിറ്റ് സുബ്ബരായ ശാസ്ത്രി എന്നൊരാൾ തയ്യാറാക്കിയതാണെന്നും അതിലെ ചിത്രങ്ങൾ കർണാടകയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലെ ഡ്രാഫ്റ്റ്മാൻ ആയിരുന്ന അളപ്പ എന്നയാൾ വരച്ചതാണെന്നും ഈ ഗ്രന്ഥത്തെക്കുറിച്ച് അന്വേഷിച്ച ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രൊഫസർ എച്ച്.എസ്.മുകുന്ദ ഉൾപ്പെടെയുള്ള നാല് പ്രൊഫസർമാർ കണ്ടെത്തുകയുണ്ടായി. ഈ ‘വൈമാനിക ശാസ്ത്ര’ ത്തിലെ ധാരണകൾ പൂർണമായും തെറ്റാണെന്നും അത് ഉപയോഗിച്ച് പറക്കാൻ കഴിയുന്ന ഒരു വിമാനവും നിർമ്മിക്കാൻ സാധ്യമല്ലെന്നും അവർ ഇത് സംബന്ധിച്ച് 1974ൽ പ്രസിദ്ധീകരിച്ച ‘A Critical Study of the Work “Vymanika Shastra”‘എന്ന ലേഖനത്തിലൂടെ സമർത്ഥിച്ചിട്ടുണ്ട്. യാഥാർഥ്യം ഇതായിരിക്കെ വ്യോമയാന ശാസ്ത്രത്തിൽ പൗരണിക ഭാരതത്തിൽ ഉയർന്ന വിജ്ഞാനം ഉണ്ടായിരുന്നു എന്ന് ഐ എസ്ആർഒ ചെയർമാൻ അവകാശപ്പെട്ടത് എന്തിന്റെ അടിസ്ഥാനത്തിലാണ്? മറ്റൊരു ഉദാഹരണം ‘വേദഗണിതം’ സംബന്ധിച്ചതാണ്. വേദഗണിതം എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്നത് വേദകാലത്തിലെ ഗണിതവുമായി യാതൊരു ബന്ധവുമില്ലാത്തവയാണെന്ന് പൗരാണിക ഭാരതത്തിലെ ഗണിതത്തെക്കുറിച്ച് ഗവേഷണം നടത്തിയ പ്രൊഫ.എസ്. ജി.ഡാനി, പ്രൊഫ.കെ.എസ് ശുക്ല, പ്രൊഫ.ജെ.എൻ.കപൂർ എന്നിവർ സ്ഥാപിച്ചിട്ടുണ്ട്. ആധുനിക ശാസ്ത്രത്തിലെ അറിവുകളെല്ലാം വേദങ്ങളിലുണ്ടെന്ന വാദത്തെ പൂർണമായും നിരാകരിച്ചുകൊണ്ട് പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞൻ മേഘനാഥസാഹ ഇപ്രകാരം അഭിപ്രായപ്പെടുകയുണ്ടായി: “കഴിഞ്ഞ 20 വർഷങ്ങളായി ഞാൻ വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഹിന്ദു ജ്യോതിഷവും ശാസ്ത്രത്തെ പറ്റിയുള്ള മറ്റ് പൗരാണിക ഗ്രന്ഥങ്ങളും ഉൾപ്പെടെയുള്ള ഹിന്ദുമത വിശുദ്ധ ഗ്രന്ഥങ്ങൾ എല്ലാം പരിശോധിക്കുകയായിരുന്നു. പക്ഷേ ഈ പൗരാണിക ഗ്രന്ഥങ്ങളിലൊന്നും ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാന ധാരണകൾ കാണാൻ കഴിഞ്ഞില്ല”.


സംസ്കൃതഭാഷ പൗരാണിക ഇന്ത്യയിലെ ശാസ്ത്രസംഭാവനകളെ ഉൾക്കൊള്ളുന്നുവെന്നത് ശരിയാണ്. പക്ഷേ. ആധുനിക ശാസ്ത്രത്തിലെ വിജ്ഞാനമെല്ലാം സംസ്കൃത ഭാഷയിൽ ഉണ്ടാവില്ല. അതുകൊണ്ടാണ് സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്ന, ഇന്ത്യൻ നവോത്ഥാന നായകരിൽ പ്രമുഖനായിരുന്ന, ഈശ്വരചന്ദ്ര വിദ്യാസാഗർ ആധുനിക ശാസ്ത്ര വിജ്ഞാനം ആർജിക്കാൻ സംസ്കൃതത്തിലൂടെ കഴിയില്ലെന്നും പകരം അതിന് ഇംഗ്ലീഷ് ഭാഷാപഠനം വേണമെന്നും ആവശ്യപ്പെട്ടത്. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ സംസ്കൃത ഭാഷയ്ക്ക് പരിമിതമായ ഉപയോഗം മാത്രമേയുള്ളൂ എന്നതാണ് വസ്തുത.
ശാസ്ത്രത്തെയും ശാസ്ത്രത്തിന്റെ വികാസപ്രക്രിയയെയും ശാസ്ത്രത്തിന്റെ രീതിയെയും കുറിച്ചുള്ള ശരിയായ ധാരണകൾ ഉണ്ടെങ്കിലേ വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്താഗതി വളർത്തിയെടുക്കുവാൻ കഴിയുകയുള്ളൂ. ജനങ്ങളിൽ, പ്രത്യേകിച്ചും വിദ്യാർത്ഥികളിൽ, ശാസ്ത്രീയ ചിന്താഗതി വളർത്തിയെടുത്തുകൊണ്ടുമാത്രമേ വൻതോതിൽ ശാസ്ത്രമുന്നേറ്റം സൃഷ്ടിക്കാൻ കഴിയുകയുള്ളൂ. പൗരാണിക ഇന്ത്യയിലെ ശാസ്ത്രത്തെക്കുറിച്ച് ഐ. എസ്‌ആർഒ ചെയർമാൻ നടത്തിയ തികച്ചും അയഥാർത്ഥമായ പ്രസ്താവനകൾ വിദ്യാർത്ഥികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും അവരിൽ ശാസ്ത്രീയ ചിന്താഗതി വളരുന്നതിന് വിഘാതം സൃഷ്ടിക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂ. ചുരുക്കത്തിൽ, ശാസ്ത്രത്തിന്റെ പേരിൽ സോമനാഥ് നടത്തിയത് ശാസ്ത്ര വിരുദ്ധമായ പ്രസ്താവനകളാണ്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അന്ധവിശ്വാസങ്ങളും അശാസ്ത്രീയമായ കാഴ്ചപ്പാടുകളും പ്രചരിപ്പിക്കുന്ന ബിജെപി ഗവൺമെന്റിന്റെ ശാസ്ത്രവിരുദ്ധ നിലപാടുകൾക്ക് ശക്തി പകരുകയാണ് ഇത്തരം പ്രസ്താവനകളിലൂടെ സോമനാഥ് അറിഞ്ഞോ, അറിയാതെയോ ചെയ്യുന്നത്.

Share this post

scroll to top