കലാപം നിലയ്ക്കാതെ മണിപ്പൂർ; ഉത്തരവാദിത്വം കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകൾക്ക്

manipur-violence.jpg
Share

ശാ ന്തമായ പ്രകൃതിഭംഗിയോടുകൂടിയ വടക്കുകിഴക്കന്‍ മലയോര സംസ്ഥാനമായ മണിപ്പൂര്‍ ഇപ്പോള്‍ സഹോദരഹത്യയുടെ രക്തം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്.മണിപ്പൂരിന്റെ തലസ്ഥാന നഗരിയായ ഇംഫാലിനടുത്തുള്ള മൊയ്‌റാങ് എന്ന ഗ്രാമത്തിലാണ് 1944 ഏപ്രില്‍ 14ന് നേതാജി സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷ് സേനയെ കീഴടക്കി ഐഎന്‍എ പതാക ഉയര്‍ത്തിയത്. അതില്‍, മണിപ്പൂര്‍ ജനത മുഴുവന്‍ ഇപ്പോഴും അഭിമാനിക്കുകയും നേതാജിയെ ബഹുമാനിക്കുകയും ചെയ്യുന്നു. അത്തരമൊരു മഹത്തായ പൈതൃകമുള്ള ജനത ഇപ്പോള്‍ പരസ്പരം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഔദ്യോഗിക കണക്കുകൾ പ്രകാരം, 80ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, 200 പേർക്ക് പരിക്കേറ്റു, 40,000ത്തിലധികം പേർ ഇതുവരെ പലായനം ചെയ്തു. അനൗദ്യോഗിക കണക്കുകൾ പലമടങ്ങ് കൂടുതലാണ്. സത്യത്തിൽ കൂട്ടക്കൊലകളും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലും നിരവധി വീടുകൾ കത്തിച്ചു, പള്ളികളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു, കൊള്ളയും തീവെപ്പും ധാരാളമായി നടന്നു. അക്രമം രൂക്ഷമായതോടെ അടിയന്തരാവസ്ഥയുടെ ഭാഗമായ ഭരണഘടനയുടെ ആർട്ടിക്കിൾ 355 കേന്ദ്രം പ്രയോഗിച്ചു. തുടർന്ന്, സൈന്യം, അസം റൈഫിൾസ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, ലോക്കൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ട്രക്കുകൾ നിരവധി പ്രശ്നബാധിത പ്രദേശങ്ങളിൽ പ്രവേശിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരും ഇന്റർനെറ്റ് നിരോധിച്ചതായി ഉത്തരവിട്ടിരുന്നു. നിരോധനം നിലവിലുണ്ടെങ്കിലും, ചുരാചന്ദ്പൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽനിന്നുള്ള കലാപത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നത് തുടർന്നു. സംസ്ഥാനത്തെ 60 എംഎൽഎമാരിൽ 40 പേരും മെയ്‌തി വിഭാഗക്കാരാണ്. കുക്കികളാണ് മറ്റൊരു പ്രധാന വിഭാഗം. 2022 ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പ്, കുക്കി ഗ്രൂപ്പുകൾ ഔദ്യോഗികമായി ബിജെപിയെ പിന്തുണച്ചവരാണ്. തെരരഞ്ഞെടുക്കപ്പെട്ടാൽ കുക്കി പ്രശ്നം പരിഹരിക്കുമെന്ന് സർക്കാർ വാഗ്ദാനം കൊടുത്തിരുന്നു. തിരെഞ്ഞടുപ്പിൽ ബിജെപി അധികാരം നിലനിർത്തി.


എന്നാൽ രാഷ്ട്രീയ പ്രക്രിയ ഉപയോഗിച്ച് സൗഹാർദ്ദപരമായ പരിഹാരം കണ്ടെത്തുന്നതിന് പകരം, കുക്കി ഗ്രൂപ്പുകളുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ കരാർ താൽക്കാലികമായി നിർത്തി വെക്കുകയാണ് സർക്കാർ ചെയ്തത്. ഇത് സ്ഥിതി കൂടുതൽ വഷളാക്കി. കുക്കി-സോമി ഗോത്രങ്ങളിൽ നിന്നുള്ള 10 എംഎൽഎമാർ “ഭരണഘടനയ്ക്ക് കീഴിൽ ഒരു പ്രത്യേക ഭരണം” വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മണിപ്പൂരിന്റെ അഖണ്ഡത സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ് പറഞ്ഞു. ഇതിനെത്തുടർന്ന്, ചിൻ-കുക്കി-മിസോ-സോമി-ഹമർ സമുദായത്തിൽപ്പെട്ട 10 മണിപ്പൂർ എംഎൽഎമാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നൽകിയ മെമ്മോറാണ്ടത്തിൽ തങ്ങളുടെ ജനങ്ങൾക്ക് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പരാതിപ്പെട്ടു. നിലവിലെ അക്രമ പരമ്പരക്ക് ശേഷം താഴ്വരയിൽ പുനരധിവസിക്കുന്നതിനെക്കുറിച്ച് അവർക്കിനി ചിന്തിക്കാനാവില്ല.


സായുധ സേനയുടെ ഒരു വലിയ സംഘം അവിടെ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും അക്രമത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. മണിപ്പൂരിലെ അക്രമത്തിന് ഇരയായ ഒരാൾ പറയുന്നതനുസരിച്ച്, “മണിപ്പൂർ അക്രമവേളയില്‍ ഞങ്ങൾക്ക് തക്കസമയത്ത് സഹായം ലഭിച്ചില്ല. സർക്കാർ കൃത്യസമയത്ത് ഞങ്ങളെ സഹായിക്കുകയും അക്രമം നിയന്ത്രിക്കുകയും ചെയ്തിരുന്നുവെങ്കിൽ, ഇത്രയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാകില്ലായിരുന്നു. ഇത് സംസ്ഥാന സർക്കാരിന്റെ പരാജയമാണ്.” വാസ്തവത്തിൽ, ഈ കലാപം യഥാസമയം തടയാൻ കഴിയാത്തതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തന്നെയാണ്. ഒരു പൊതു ഇന്ത്യൻ ദേശീയ സ്വത്വത്തിൽ അലിഞ്ഞുചേരുന്നതിനുപകരം, ആളുകൾ മതം, ജാതി, ഭാഷ, വംശം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു.


മണിപ്പൂരിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനം


ഇന്ത്യൻ സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ചപ്പോൾ മണിപ്പൂർ ജനത ഫ്യൂഡൽ രാജവാഴ്ചയ്ക്കെതിരെ ജനാധിപത്യത്തിനായി പൊരുതുകയായിരുന്നു. യഥാർത്ഥത്തിൽ, 1930-കളിൽ, ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് വേർപെടുത്തപ്പെടുന്ന ബർമ്മയുടെ (ഇപ്പോൾ മ്യാൻമർ) ഭാഗമാകുന്നതിനുപകരം, ഇന്ത്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി തുടരാനാണ് അവർ ആഗ്രഹിച്ചത്. ഇതിനായി അവർ ബ്രിട്ടീഷ് ഭരണകൂടവുമായി ചർച്ച നടത്തിയിരുന്നു. ഒടുവിൽ, 1949 സെപ്റ്റംബർ 21ന് മണിപ്പൂർ സ്വതന്ത്ര ഇന്ത്യയിലേക്ക് ലയിക്കുകയും 1949 ഒക്ടോബറിൽ മണിപ്പൂർ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭാഗമാവുകയും ചെയ്തു. 1956ൽ മണിപ്പൂരിനെ ഒരു കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയിരുന്നെങ്കിലും പിന്നീട് 1971ലെ വടക്കുകിഴക്കൻ പ്രദേശങ്ങൾ (പുനഃസംഘടന) നിയമത്തിന്റെ അടിസ്ഥാനത്തിൽ 1972ൽ സമ്പൂർണ സംസ്ഥാനമായി മണിപ്പൂർ.
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യൻ ഭരണകൂടം, കൊളോണിയൽ നയങ്ങൾ അതേപോലെ തുടരുകയാണ് ചെയ്തത്. 1950കളിലും 1970കളുടെ തുടക്കത്തിലും വിഭജിച്ച് ഭരിക്കാൻ വേണ്ടിയുള്ള ബ്രിട്ടീഷ് നയങ്ങൾ തുടരുക മാത്രമല്ല വിപുലീകരിക്കുകയും ചെയ്തു. അങ്ങനെ, മലയോര ഗോത്രങ്ങളെ ‘പട്ടികവർഗങ്ങൾ’ എന്നും ബാക്കിയുള്ളവരെ പൊതുവിഭാഗം എന്നും(പിന്നീട്, ഇവരിൽ പലരെയും മറ്റ് പിന്നോക്ക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്) തിരിച്ചു. ഇതേ തുടർന്നുള്ള ഭിന്നത കാരണം മണിപ്പൂരിൽ സായുധരായ നാഗന്മാരും മെയ്‌തികളും തമ്മിലും നാഗന്മാരും കുക്കികളും തമ്മിലുമുള്ള ഏറ്റുമുട്ടലുകൾ പലപ്പോഴും പൊട്ടിപ്പുറപ്പെട്ടു. ‘മണിപ്പൂർ ലാൻഡ് റവന്യൂ ആൻഡ് ലാൻഡ് റിഫോംസ് ആക്ട്, 1960’, ആർട്ടിക്കിൾ 371 സി.ഡി എന്നിവ പോലുള്ള നിയമങ്ങൾ വഴി ഭൂമി പങ്കു വെച്ചത് കൂടുതൽ സംഘർഷങ്ങൾക്ക് കാരണമായി.
ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായ സ്വാതന്ത്ര്യസമരം, അതിന്റെ ജനാധിപത്യപരമായ ലക്ഷ്യങ്ങൾ പൂർണ്ണമായും നേടാതെ പാതിവെന്ത രീതിയിലാണ് അവസാനിച്ചത്. വിവിധ വംശീയ-മത-ഭാഷാ-പ്രാദേശിക വൈവിധ്യങ്ങൾ സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാൽ വിഭാഗീയതയായി വളർന്നു. സ്വതന്ത്ര ഇന്ത്യയിൽ ദേശീയ ബൂർഷ്വാസി അധികാരത്തിൽ വന്നതിനുശേഷം ഈ വിഭാഗീയതകൾ മാറി വിവിധ ജനവിഭാഗങ്ങൾ ഒരു പൊതു ഇന്ത്യൻ ദേശീയ സ്വത്വത്തിൽ ലയിക്കേണ്ടതായിരുന്നു. എന്നാൽ, അവർക്കിടയിലെ സംഘർഷങ്ങൾ വഷളാവുകയാണ് ഉണ്ടായത്. ജാതീയ-വംശീയ സംഘർഷങ്ങൾ, വർഗീയ സംഘർഷങ്ങൾ എന്നിവ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന രൂപത്തിലേക്ക് അത് വളർന്നു. എന്തുകൊണ്ട് വിവിധ സമുദായങ്ങൾക്കിടയിലുള്ള ഐക്യം വളർത്തിയെടുക്കാൻ സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടങ്ങൾ തുനിഞ്ഞില്ല എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. അതിനുപകരം, വംശീയ-വർഗീയ കലാപങ്ങളുടെയും കൂട്ടക്കൊലകളുടെയും അതിപ്രസരമാണ് നാം കാണുന്നത്. നൂറുകണക്കിന് നിരപരാധികളുടെ ജീവൻ അപഹരിക്കുകയും സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രമായാണ് ഇന്ത്യ രൂപം കൊണ്ടത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? എസ്‌യുസിഐ(സി) സ്ഥാപക ജനറൽ സെക്രട്ടറിയും പ്രമുഖ മാർക്സിസ്റ്റ് ചിന്തകനുമായ സഖാവ് ശിബ്‌ദാസ് ഘോഷിന്റെ അമൂല്യമായ പാഠം ഇവിടെ സ്മരണീയമാണ്:
“സാമ്രാജ്യത്വത്തിനെതിരായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗതിയിൽ, വിവിധ ഭാഷകൾ സംസാരിക്കുന്നവരും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരുമായ ഇന്ത്യൻ ജനത രാഷ്ട്രീയമായി ഒരു രാഷ്ട്രമായി മാറി. സാമൂഹിക ചുമതലകൾ നിറവേറ്റുന്നതിൽ പക്ഷേ നമ്മുടെ ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ നേതൃത്വം പരാജയപ്പെട്ടു. ജന്മിത്തത്തിനും ജന്മിത്ത അനൈക്യത്തിനും മതപരമായ അടിമത്തത്തിനുമെതിരെ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിനായുള്ള സാംസ്കാരിക വിപ്ലവങ്ങൾ, പൂർത്തീകരിക്കപ്പെ ട്ടില്ല. ഇന്ത്യൻ ജനത സാമൂഹികമായും സാംസ്കാരികമായും മതം, ജാതി, ഭാഷ, വംശം മുതലായവയാൽ വിവിധ വിഭാഗങ്ങളായി വിഭജിക്കപ്പെട്ടു”.(വര്‍ഗീതാ പ്രശ്നത്തെപ്പറ്റി, SW വാല്യം II) സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ‘നമ്മളെല്ലാം ഇന്ത്യാക്കാരാണ്’ എന്ന സന്ദേശം മണിപ്പൂരിലെ മാത്രമല്ല, വടക്കുകിഴക്കൻ മേഖലയിലെ മറ്റ് ജനവിഭാഗങ്ങളിലേക്കും എത്തിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് അവസരമുണ്ടായിരുന്നെങ്കിലും, ആ ഉത്തരവാദിത്തം അവർ ഏറ്റെടുത്തില്ല.


എന്താണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണം


മണിപ്പൂർ നിവാസികൾ പ്രധാനമായും മൂന്ന് സമുദായങ്ങളിൽ പെട്ടവരാണ്. ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തികൾ ഇംഫാൽ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. നാഗന്മാരും കുക്കികളും ഉൾപ്പെടുന്ന ആദിവാസികൾ മലയോര ജില്ലകളിലാണ് താമസിക്കുന്നത്. മേയ്തികൾ 2,000 വർഷത്തിലേറെയായി സ്ഥിരതാമസമാക്കിയ ഒരു കാർഷിക സമൂഹമായാണ് അറിയപ്പെടുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബ്രിട്ടീഷ് ഭരണാധികാരികൾ കുക്കികളെ മണിപ്പൂർ കുന്നുകളിൽ സ്ഥിരതാമസമാക്കാനും അവരുടെ ചുമട്ടുതൊഴിലാ ളികളും കൂലിപ്പടയാളികളും ആയി ജോലി ചെയ്യാനും കൊണ്ടുവന്നു. ‘വിഭജിച്ച് ഭരിക്കുക’ എന്ന തങ്ങളുടെ ദുഷിച്ച അജണ്ടയെ അടിസ്ഥാനമാക്കി, മെയ്‌തികളും കുക്കികളും തമ്മിൽ ഭിന്നത വളർത്തിയെടുത്തത് ബ്രിട്ടീഷ് ഭരണാധികാരികളാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി ഒത്തുതീർപ്പിലൂടെ അധികാരം നേടിയെടുത്ത ഇന്ത്യൻ ദേശീയ ബൂർഷ്വാസി, ഈ വിഭാഗീയത തങ്ങളുടെ വർഗ താൽപ്പര്യത്തിന് അനുയോജ്യമാണെന്ന് തിരിച്ചറിഞ്ഞു. അതിനാൽസ്വാതന്ത്ര്യത്തിന് ശേഷവും സ്ഥിതി മാറിയില്ല. അങ്ങനെ, മണിപ്പൂർ സംഘർഷഭരിതമായി തുടർന്നു.


വർഗീയ ബിജെപി അധികാരത്തിൽ വന്നതോടെ സ്ഥിതി സങ്കീർണ്ണമായി


ഭൂരിഭാഗം മെയ്‌തികളും ഹിന്ദുമത വിശ്വാസികളാണ്. കുക്കികൾ ക്രിസ്ത്യാനികളും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത മതങ്ങളെ തങ്ങളുടെ ബാനറിനു കീഴിൽ കൊണ്ടുവരാൻ ബിജെപി ശ്രമിച്ചു. അതിന്റെ ഭാഗമായി, മറ്റ് മതങ്ങൾക്കെതിരെ, പ്രധാനമായും ക്രിസ്തുമതത്തിനും ഇസ്ലാമിനും എതിരെ വിദ്വേഷ പ്രചാരണം വളർത്തിക്കൊണ്ടിരുന്നു. അതിനാൽ, മെയ്‌തികളും കുക്കികളും തമ്മിലുള്ള മതപരമായ ഭിന്നത കൂടുതൽ രൂക്ഷമായി. കേന്ദ്ര ബിജെപി സർക്കാർ കുക്കികളെ പിന്തുണക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, സംസ്ഥാന ബിജെപി-സർക്കാർ സംഘട്ടനവും അക്രമവും വർദ്ധിപ്പിക്കാൻ മെയ്‌തികൾക്കൊപ്പം നിന്നു.
എന്നാൽ അസ്ഥിരമായ ഈ സാഹചര്യം കൂടുതൽ അപകടകരമാകുന്നതിലേക്ക് നയിച്ച മറ്റ് കാരണങ്ങളുമുണ്ട്. പരിസ്ഥിതി ലോലമായ മലയോര മേഖലകളിൽ അനധികൃത കുടിയേറ്റക്കാർ ക്കെതിരെ ബിജെപി സർക്കാർ കഴിഞ്ഞ ഫെബ്രുവരിയിൽ കുടിയൊഴിപ്പിക്കൽ നടപടി ആരംഭിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. എന്നാൽ, കുക്കികളുടെ അഭിപ്രായത്തിൽ, 1000-ത്തിലധികം ആളുകൾ വീതമുള്ള 38 ഗ്രാമങ്ങൾ കഴിഞ്ഞ 50-60 വർഷങ്ങളായി ഇവിടെ നിലനിൽക്കുന്നുണ്ടായിരുന്നു. വനസംരക്ഷണത്തിന്റെയും “പുറത്തുള്ളവരെ” നീക്കം ചെയ്യുന്നതിന്റെയും പേരില്‍ നടത്തുന്ന കുടിയൊഴിപ്പിക്കലുകൾ ഉപജീവനത്തിനായി കുന്നുകളെ ആശ്രയിക്കുന്ന ആളുകൾക്കിടയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു; പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും വഴിയുണ്ടാക്കാതെ അങ്ങനെ ചെയ്യുന്നത് അനീതിയുടെ ആഴം വർദ്ധിപ്പിക്കുന്നു. ഈ വിഷയം പാർട്ടിക്കകത്ത് ഉന്നയിക്കാനും പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെടാനും ഭരണകക്ഷിയായ ബിജെപിയുടെ ചില ഗോത്രവർഗ എംഎൽഎമാർ ശ്രമിച്ചു.
ഈ വർഷം മാർച്ചിൽ, ആദിവാസികളുടെ ഭൂമി കയ്യേറിയെന്നാരോപിച്ച് കുക്കി ജനത നടത്തിയ പ്രതിഷേധ റാലിയിൽ കാങ്പോപ്പിയിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തെത്തുടർന്ന്, മാർച്ച് 11 ന്, ബിജെപി നയിക്കുന്ന സംസ്ഥാന ഗവൺമെന്റ് ത്രികക്ഷി ചർച്ചകളിൽ നിന്ന് പിന്മാറിക്കൊണ്ട് കുക്കികൾക്കെതിരെ പ്രതികാരം ചെയ്തു. രണ്ട് സായുധ രാഷ്ട്രീയ ഗ്രൂപ്പുകളായ കുക്കി നാഷണൽ ആർമി, സോമി റെവല്യൂഷണറി ആർമി എന്നിവയുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ കരാർ പിൻവലിച്ചു. ആദിവാസി സംഘടനകൾ വനം കയ്യേറ്റക്കാരെ പ്രക്ഷോഭത്തിന് പ്രേരിപ്പിക്കുകയാണെന്നും റാലിക്ക് സംഘടനകളുടെ പിന്തുണയുണ്ടെന്നും സർക്കാർ പറഞ്ഞു. ആദിവാസികളുടെ ഉടമസ്ഥതയിലുള്ള വനഭൂമി ബലം പ്രയോഗിച്ച് കൈവശപ്പെടുത്തുക, വനവാസികളായ പാവപ്പെട്ട ജനങ്ങളെ കുടിയൊഴിപ്പിക്കുക, വനം ഉപയോഗപ്പെടുത്തി വൻ ലാഭം കൊയ്യാൻ കുത്തകകൾക്കും ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ക്കും അവസരമൊരുക്കുക എന്നീ ലക്ഷ്യത്തോടെയുള്ള ഇപ്പോഴത്തെ സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് അനുസൃതമായി ആദിവാസി കുന്നുകളിലെ വനഭൂമി ഇനിമുതൽ സർക്കാരിന്റെ ഉടമസ്ഥതയിൽവരും എന്ന് ഗവണ്മെന്റ് പ്രഖ്യാപിച്ചു. ഗോത്രവർഗ കുക്കികൾ അത്തരമൊരു പ്രഖ്യാപനത്തിൽ രോഷാകുലരായിരുന്നു. തങ്ങളെ വീടുകളിൽ നിന്നും കുടിയൊഴിപ്പിക്കുക മാത്രമല്ല, മൊത്തത്തിൽ നശിപ്പിക്കാനുള്ള ഗൂഢാലോചന നടക്കുകയാണെന്ന് അവർ ആരോപിക്കുന്നു.


ഈ പശ്ചാത്തലത്തിൽ, കുക്കികൾ സ്വാഭാവികമായും അരക്ഷിതാവസ്ഥയിലാണ്. ഒരു പ്രത്യേക കുക്കി ഭരണം സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. മണിപ്പൂരിലെ രാഷ്ട്രീയ-സാമ്പത്തിക അധികാരം നിയന്ത്രിക്കുന്ന മെയ്‌തികൾക്ക് പ്രത്യേകാവകാശം നൽകുന്നതിനായി തങ്ങളെ അടിച്ചമർത്തുകയാണ് എന്ന ബോധ്യത്തിൽനിന്നാണ് ഈ ആവശ്യം ഉടലെടുത്തത്. ഒരു പ്രത്യേക ഭരണകൂടം, അവരുടെ സ്വത്വം സംരക്ഷിക്കുമെന്ന് കുക്കികൾ വാദിക്കുന്നു. പ്രത്യേക ഭരണപ്രദേശത്തിന്റെ പേരിൽ തെറ്റായ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കാൻ ഒരു വിഭാഗം ബൂർഷ്വാ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും സാധാരണ കുക്കികൾ മണിപ്പൂരിൽ നിന്ന് പുറത്തുപോകാൻ ഉദ്ദേശിക്കുന്നില്ല എന്നതാണ് സത്യം.
അതിനിടെ, നിയമവിരുദ്ധ പോപ്പി കൃഷിയിലും മയക്കുമരുന്ന് വ്യാപാരത്തിലും മുഴുവൻ കുക്കി ജനതയും പങ്കാളികളാണെന്ന് ആരോപിച്ച് മെയ്‌തി സമുദായത്തിൽപ്പെട്ട മണിപ്പൂരിലെ ബിജെപി മുഖ്യമന്ത്രി പ്രസ്താവനയിറക്കി. മണിപ്പൂരിലെ കുക്കികളുടെ പരമോന്നത സംഘടനയായ കുക്കി ഇൻപി മണിപ്പൂർ (കെഐഎം) ഈ ആരോപണം തെറ്റാണെന്നും മണിപ്പൂരിലെ “സ്വേച്ഛാധിപത്യ ഭരണ”ത്തിനെതിരായ ആദിവാസി സമൂഹങ്ങളുടെ വിയോജിപ്പിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും വിശേഷിപ്പിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാർ തങ്ങളെ പ്രത്യേകം ലക്ഷ്യം വെക്കുന്നതിനെതിരെ കുക്കി സമുദായത്തിനുള്ളില്‍ രോഷവും കുമിഞ്ഞുകൂടിയിരുന്നു. മെയ്‌തികൾക്ക് പട്ടികവർഗ പദവി നൽകാനുള്ള മെയ്‌തി ട്രൈബ് യൂണിയന്റെ അഭ്യർത്ഥന നാലാഴ്ചയ്ക്കകം പരിഗണിക്കാൻ ഈ വർഷം മാർച്ച് 27ന് മണിപ്പൂർ ഹൈക്കോടതി, സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. ഇതുവരെ, ആദിവാസി മേഖലകളിൽ ഭൂമി വാങ്ങാൻ ആദിവാസികൾ അല്ലാത്തവർക്ക് അനുവാദമില്ലായിരുന്നു (മെയ്‌തികൾക്കും മറ്റ് ആദിവാസികളല്ലാത്തവർക്കും സമതലങ്ങളിൽ മാത്രമേ ഭൂമി കൈവശം വയ്ക്കാൻ കഴിയൂ). അതേസമയം ആദിവാസികൾക്ക് സമതലങ്ങളിൽ ഭൂമി വാങ്ങാനും സ്വന്തമാക്കാനും കഴിയും. മണിപ്പൂർ പോലുള്ള സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളുടെ ഭൂമിയുടെ മേലുള്ള അവകാശം സംരക്ഷിക്കാൻവേണ്ടി ഭരണഘടന നൽകുന്ന പരിരക്ഷയാണ് ഇത്തരം നിയമങ്ങൾ. എന്നാൽ മെയ്‌തികൾക്ക് പട്ടിക വര്‍ഗ പദവി നൽകിയാൽ, കുക്കികളുടെ താൽപ്പര്യത്തിന് വിരുദ്ധമായി വനഭൂമി വാങ്ങാൻ അവർക്ക് അർഹതയുണ്ടാകും.


കൂടാതെ, സംസ്ഥാന ബിജെപി സർക്കാർ പൊതുവെ കുക്കി ജനസംഖ്യ അനധികൃത പോപ്പി കൃഷിയിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഉൽപ്പന്നങ്ങൾ അതിർത്തി രാജ്യമായ മ്യാൻമറിലേക്ക് കടത്തുന്നുവെന്നും ആരോപിക്കുന്നു. ഈ അനധികൃത പോപ്പി കച്ചവടം മാഫിയയും മയക്കുമരുന്ന് കടത്തും വളരാന്‍ ഇടയാക്കുകയാണെന്നും സർക്കാർ ആരോപിച്ചു. ഇത് നിയമവിരുദ്ധമാണ്, നിയന്ത്രിക്കേണ്ടതുണ്ട് എന്ന പേരിൽ വനപ്രദേശങ്ങളിൽ വലിയ തോതിലുള്ള അടിച്ചമർത്തൽ നയങ്ങൾ സർക്കാർ സ്വീകരിച്ചു. അതിനെ “മയക്കുമരുന്ന് പ്രഭുക്കന്മാർ” ക്കെതിരായ യുദ്ധം എന്ന് വിളിക്കുന്നുവെങ്കിലും, യഥാർത്ഥത്തിൽ ഇത് കുക്കികളെ ലാക്കാക്കിയുള്ള യുദ്ധമാണ്. മുൻ ബിജെപി സർക്കാരിന്റെ കാലത്ത് ഇതിന്റെ പേരിൽ മലയോര ജില്ലകളിലെ 14,315 ഏക്കർ പോപ്പി കൃഷിഭൂമി സുരക്ഷാ സേന നശിപ്പിക്കുകയും, ആദിവാസികളുടെ വലിയൊരുഭാഗം ഭൂമി കൈവശപ്പെടുത്തുകയും ചെയ്തിരുന്നു.
ഒരു ഹെക്ടർ സ്ഥലത്ത് നെൽകൃഷിക്ക് ഒരു ലക്ഷം രൂപ ലഭിക്കുമ്പോൾ, പോപ്പി കൃഷിക്ക് ഏകദേശം 7 മുതൽ 8 ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്. കുക്കികൾക്ക് ഉപജീവനമാർഗം കണ്ടെത്താൻ അവസരമൊരുക്കാതെ ഈ മയക്കുമരുന്ന് കൃഷിയിലേക്ക് അവരെ തള്ളിവിടുകയായിരുന്നു. മലനിരകളിലെ ദൈനംദിന ജീവിതം വളരെ ദുഷ്‌കരമാണ്, വർദ്ധിച്ചുവരുന്ന ദാരിദ്ര്യത്താൽ അത് കൂടുതൽ കഠിനമാവുകയുമാണ്. ആദിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾപോലും ലഭിക്കാത്ത അവസ്ഥയിലാണ്. ഇംഫാലിൽ നിന്ന് കഷ്ടിച്ച് മൂന്ന് മണിക്കൂർ മാത്രം അകലെയുള്ള മലനിരകളിലെ ഉഖ്റുലിൽ ആംബുലൻസ് ലഭിക്കാനോ അടിസ്ഥാന രക്തപരിശോധനയോ ഫിസിയോതെറാപ്പിയോ ചെയ്യാനോ പോലും ബുദ്ധിമുട്ടാണ്. ചികിത്സാ സൗകര്യങ്ങളുടെ അഭാവത്തിനുപുറമെ രൂക്ഷമായ ജലക്ഷാമവും ഇവിടെയുണ്ട്. ഇന്നും ആളുകൾക്ക് അവരുടെ ഗ്രാമങ്ങളിൽനിന്ന് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ കിലോമീറ്ററുകൾ നടന്ന് ഉഖ്റുലിലേക്ക് പോകണം. എന്നാൽ സർക്കാർ ഈ യാഥാർത്ഥ്യം അവഗണിക്കുകയും പോപ്പി ഉൽപാദനത്തിന് കുക്കികളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഈ അനധികൃത പോപ്പി കച്ചവടം നിയന്ത്രിക്കുന്ന മാഫിയകൾ സത്യത്തിൽ സർക്കാരിന്റെ രഹസ്യാനുഗ്രഹം ആസ്വദിക്കുന്നവരുമാണ്. ഈ മാഫിയകൾ, അവരേത് വംശത്തിൽ പെട്ടവരാണെങ്കിലും ബൂർഷ്വാ ഗവൺമെന്റുകളുടെ പിന്തുണയുള്ളസായുധ കുറ്റവാളികൾ ആയിരിക്കും. എന്നിട്ടും, മയക്കുമരുന്ന് കടത്തും പോപ്പി കള്ളക്കടത്തും കൈകാര്യം ചെയ്യുന്നതിന്റെ പേരിൽ, കുക്കികൾക്കെതിരായ ആക്രമണം തുടരുകയാണ്. കുക്കികൾ ഈ ആക്രമണത്തെ ‘വംശീയ ഉന്മൂലനത്തിന്റെ’ തന്ത്രമായി കാണുന്നു. മറുവശത്ത്, ‘നിയമവിരുദ്ധ’ കുക്കി നുഴഞ്ഞുകയറ്റക്കാരാൽ തങ്ങൾ ന്യൂനപക്ഷമാകുമെന്ന ഭയം പ്രചരിപ്പിച്ച് സാധാരണ മെയ്‌തികളെ അക്രമത്തിന് ഇളക്കിവിടുന്നു.


ഇപ്പോഴത്തെ അക്രമത്തിന്റെ തുടക്കം


മെയ്‌തികൾക്ക് എസ്‍ടി പദവി നൽകാനുള്ള മണിപ്പൂർ ഹൈക്കോടതി ഉത്തരവിനെതിരെ ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പൂർ കഴിഞ്ഞ മെയ് 3ന് എല്ലാ ജില്ലകളിലും ഐക്യദാർഢ്യ മാർച്ച് നടത്തിയതിന് പിന്നാലെയാണ് കലാപം ആരംഭിച്ചത്. ചുരചന്ദൻപൂർ ജില്ലയിലെ ടോർബംഗിലെ മെയ്‌തി സെറ്റിൽമെന്റിൽ സായുധ തീവ്രവാദി ഗ്രൂപ്പുകൾ ആക്രമണം നടത്തുകയും മെയ്‌തികളുടെ വീടുകൾ കത്തിക്കുകയും 4000ത്തോ ളം മെയ്‌തികളെ പ്രദേശത്തുനിന്ന് പലായനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് കുക്കി സായുധ സംഘങ്ങൾ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് താഴേക്കിറങ്ങി മെയ്‌തി ഗ്രാമങ്ങളെ ആക്രമിക്കാൻ തുടങ്ങി. താമസിയാതെ, മെയ്‌തി സംഘങ്ങൾ ഇംഫാൽ പ്രദേശത്തെ കുക്കി സെറ്റിൽമെന്റുകൾ ലക്ഷ്യമിടാൻ തുടങ്ങി.
കലാപം പടർന്ന് 20 ദിവസത്തിന് ശേഷവും സാധാരണ നില പുനസ്ഥാപിക്കാൻ കഴിയാത്തതിനെത്തുടർന്ന്, മെയ്‌തികളുടെ മുൻനിര ഗ്രൂപ്പായ കംഗ്ലീപാക് കൻബ ലുപ്പ് (കെകെഎൽ), പരാജയപ്പെട്ട ബിജെപി മുഖ്യമന്ത്രി രാജിവെക്കാൻ ആവശ്യപ്പെട്ടു. മണിപ്പൂരിൽ വംശീയ കലഹം തുടരുന്നതിനാൽ, പ്രത്യേക കുക്കി ഭരണകൂടത്തിന്റെ ആവശ്യത്തിന് പിന്തുണ വർദ്ധിച്ചു. പ്രധാനമായും തങ്ഖുൽ ഗോത്രത്തിൽപ്പെട്ടവരും പ്രത്യേകിച്ച് മണിപ്പൂരിലെ ഉഖ്‌റൂൽ ജില്ലയിൽ പ്രബലരായ നാഗന്മാരും പ്രത്യേക സംസ്ഥാനത്തിനായുള്ള കുക്കി ആവശ്യത്തെ എതിർക്കുന്നു. എന്നാൽ അവർ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വംശീയ അക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കുക്കി എന്ന് തിരിച്ചറിയപ്പെടുന്നവരിൽ ഭൂരിഭാഗവും മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് കണ്ടെത്തി നാടുകടത്തേണ്ടവരാണ് എന്ന് ഭരണകക്ഷികളുടെ പിന്തുണ ആസ്വദിക്കുന്ന മെയ്‌തികൾക്കിടയിലെ വർഗീയ-സങ്കുചിത ശക്തികൾ വാദിക്കുന്നു. മത-ഭാഷാ ന്യൂനപക്ഷങ്ങളിൽ പെട്ട യഥാർത്ഥ ഇന്ത്യൻ പൗരന്മാരെ “അനധികൃത കുടിയേറ്റക്കാർ” എന്ന് തരംതിരിക്കുകയും നാടുകടത്തുകയോ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയക്കുകയോ ചെയ്യുന്ന അസം സാഹചര്യത്തെ ഇത് ഓർമ്മിപ്പിക്കുന്നു. എന്നാൽ കുക്കികളുടെ അഭിപ്രായത്തിൽ, 1,000-ത്തിലധികം ആളുകൾ വീതമുള്ള 38 ഗ്രാമങ്ങൾ കഴിഞ്ഞ 50-60 വർഷങ്ങളായി നിലനിൽക്കുന്നു. സമീപകാലത്തെ അക്രമം, തീവെപ്പ്, കൊള്ള, നിർബന്ധിത കുടിയേറ്റം എന്നിവ മണിപ്പൂരിലെ മെയ്‌തികള്‍ക്കൊപ്പമുള്ള ജീവിതം അസാധ്യമാക്കുന്നുവെന്ന് കുക്കികൾ വാദിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാന ഗവൺമെന്റിന്റെ “തിരഞ്ഞുപിടിക്കല്‍” നയത്തിനെതിരായ രോഷം നിലവിലെ പ്രതിഷേധ മാർച്ചിലും പ്രകടമായി. ഇത് അക്രമത്തിലേക്ക് നയിച്ചു.


സംസ്ഥാനം കത്തിക്കൊണ്ടിരിക്കുമ്പോഴും, പ്രധാനമന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ അവിടെ എത്താൻ സമയം കിട്ടിയിട്ടില്ല, കാരണം അവർ കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിലാ യിരുന്നു. കർണ്ണാടക തെരഞ്ഞെടുപ്പായിരുന്നു അവർക്ക് മുഖ്യം. രാജ്യഭരണത്തിന്റെ ഉന്നതരെന്ന നിലയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അരികിലെത്താനോ ആശ്വാസം നൽകാനോ അവർ തയാറായില്ല. എന്നാൽ, കർണാടക തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനുശേഷം, സാധാരണ നില പുനഃസ്ഥാപിക്കുന്നതിനായി വിവിധ വിഭാഗങ്ങളുമായി സംസാരിക്കുമെന്ന പ്രഖ്യാപനത്തോടെ ആഭ്യന്തര മന്ത്രി മെയ് 29ന് മണിപ്പൂരിൽ ഇറങ്ങി. അവിടെ വെച്ച് അക്രമത്തെ പ്രേരിപ്പിക്കുന്നതിൽ ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരിന്റെ സംശയാസ്പദമായ പങ്കിനെക്കുറിച്ചുള്ള ചോദ്യത്തെ അദ്ദേഹം കൗശലപൂർവ്വം അവഗണിക്കുകയും പകരം തീ ആളിക്കത്തിച്ചതിന് കോടതിവിധിയെ കുറ്റപ്പെടുത്തുകയും ചെയ്തു.


മുതലാളിത്തം സൃഷ്ടിച്ച സായുധ സംഘങ്ങൾ എല്ലാ സമുദായങ്ങളിലും


മണിപ്പൂരിലെ എല്ലാ സമുദായങ്ങൾക്കും സായുധ സംഘങ്ങൾ ഉണ്ട് എന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. ഈ സായുധ ഗ്രൂപ്പുകളും വിമത ഗ്രൂപ്പുകളും രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടിരിക്കുന്നു. അധികാരത്തിന്റെ ഇടനാഴിയിൽ ഈ അവിശുദ്ധ ബന്ധത്തിൽ നിന്ന് വേറിട്ടുനിൽക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ല. ആയുധങ്ങൾ എവിടെ നിന്ന് വരുന്നു? മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അക്രമത്തിന്റെ ആദ്യ ദിവസങ്ങളിൽ മെയ്‌തി സമുദായത്തിൽപ്പെട്ട സായുധ സംഘങ്ങൾ മണിപ്പൂർ പോലീസ് ട്രെയിനിംഗ് കോളേജ്, രണ്ട് പോലീസ് സ്റ്റേഷനുകൾ, ഇംഫാലിലെ ഒരു ഐആര്‍ബി ബറ്റാലിയൻ ക്യാമ്പ് എന്നിവിടങ്ങളിൽ നിന്ന് 1,000ലധികം ആയുധങ്ങളും 10,000 റൗണ്ട് ബുള്ളറ്റുകളും കൊള്ളയടിച്ചു. മണിപ്പൂരിൽ. ഈ ആയുധങ്ങൾ അക്രമം നിലനിർത്താൻ അധികാരികൾ സായുധ സംഘങ്ങൾക്ക് “സമ്മാനം” നൽകിയതാണെന്ന കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. വോട്ട് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ പാർട്ടികളും സംഘടിത വംശീയ വിഭജനത്തിൽ കളിക്കുകയും സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി അവരെ ചൂഷണം ചെയ്യുകയുമാണ്. മെയ്‌തി സമുദായത്തെ പിന്തുണച്ചും അവരെ ഹിന്ദുക്കളായി ഉയർത്തിക്കാട്ടിയും പ്രശ്നം പരിഹരിക്കാനുള്ള ബിജെപിയുടെ ശ്രമം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയേയുള്ളൂ. പല മെയ്‌തികളും അവരുടെ സായുധ സംഘങ്ങളും അവരുടെ ഹിന്ദു ബന്ധം നിരസിക്കുകയും തിരികെ പോയി അവരുടെ പഴയ സംസ്കാരവും മതവും വീണ്ടെടുക്കുകയും ചെയ്തു. കോൺഗ്രസിനോടും പ്രാദേശിക പാർട്ടികളോടുമുള്ള അതൃപ്തിക്ക് ശേഷമാണ് മണിപ്പൂരിലെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തത്. വംശീയമോ മതപരമോ ആയ വ്യത്യാസമില്ലാതെ ശരിയായ ചിന്താഗതിക്കാരായ മണിപ്പൂരികൾ സായുധ സംഘങ്ങളെയും ഫലത്തിൽ ഭരണവർഗത്തിന്റെ പിണിയാളുകളായ വിഭജന ശക്തികളെയും വിമർശിക്കുന്നു.


ബ്രിട്ടീഷുകാരുടെ ‘വിഭജിച്ച് ഭരിക്കല്‍’ നയമാണ്
ഇന്ത്യയും പിന്തുടരുന്നത്


ഇന്ത്യയിലെ ബൂർഷ്വാ ഗവൺമെന്റ് നിലനിൽക്കുന്ന വിഭാഗീയത ഇല്ലാതാക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ല. മാത്രവുമല്ല തങ്ങളുടെ നീചമായ വർഗ താൽപ്പര്യങ്ങൾക്കനുസൃതമായി ‘വിഭജിച്ച് ഭരിക്കുക’ എന്ന ബ്രിട്ടീഷ് പാരമ്പര്യം പിന്തുടരാനാണ് അവർ ശ്രമിച്ചത്. ഇന്ത്യയിൽ ചേരുന്നതിനെ എതിർത്ത വർഗീയ-പ്രാദേശിക ശക്തികളെ, പിന്നീട് ഭരിച്ച സർക്കാരുകൾ ജനങ്ങളുടെ മനസ്സിൽ ഭിന്നിപ്പും പൊരുത്തക്കേടുകളും നിലനിർത്താനായി ഉപയോഗിച്ചു. ഭരണസംവിധാനത്തിന്റെ രക്ഷാകർതൃത്വത്തോടെ, വർഗീയ-വംശീയ കലാപത്തിന് പ്രേരണ നൽകുന്ന വിധം, മെയ്‌തികൾ, കുക്കികൾ എന്നിവരിൽ നിന്നുള്ള വിവിധ സായുധ ഗ്രൂപ്പുകളും ആ സംസ്ഥാനത്ത് ഉയർന്നുവന്നു. മെയ്‌തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വിള്ളലുകൾ ആഴത്തിൽ തുടർന്നു. മണിപ്പൂരിലെയും കേന്ദ്രത്തിലെയും ഗവൺമെന്റുകൾ പല തവണ മാറി. എന്നാൽ, വർഗീയ അന്തരീക്ഷത്തിന് അയവ് വന്നില്ല, മറിച്ച് അത് വർധിച്ചു. പിന്തിരിപ്പൻ മുതലാളിത്ത ഭരണാധികാരികളും അവരുടെ സേവകരും പ്രോത്സാഹിപ്പിക്കുന്നതിനാൽ അസമിലും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വംശീയ-വർഗീയ സംഘർഷത്തിന്റെ തീജ്വാലകൾ വീണ്ടും പൊട്ടിപ്പുറപ്പെട്ടു കൊണ്ടിരിക്കുന്നു. നിരവധി നിരപരാധികളുടെ ജീവൻ അപഹരിക്കുകയും നിരവധി പേർക്ക് ഗുരുതരമായ പരിക്കേൽപ്പിക്കുകയും ലക്ഷങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തുകൊണ്ട് അതിങ്ങനെ തുടരുന്നു.


സ്വത്വ രാഷ്ട്രീയവും ‘സംവരണ’ കാർഡും


നമ്മെ പോലെ വിവിധ ജനവിഭാഗങ്ങൾ അടങ്ങുന്ന ഒരു രാജ്യത്ത് ഭരണത്തിലൂടെ ഐക്യത്തിനും സമത്വത്തിനും വേണ്ടി പരിശ്രമിക്കുമ്പോൾ തന്നെ സാമൂഹിക-സാംസ്കാരിക മേഖലയിലെ വൈവിധ്യത്തെ ഉൾക്കൊള്ളുകയെന്നതും പുരോഗതിക്ക് അനിവാര്യമാണ്. പക്ഷേ, മുതലാളിത്ത ഇന്ത്യയിൽ, വിവിധ വംശീയ-മത-ഭാഷാ സമൂഹങ്ങൾക്കിടയിലെ വൈവിധ്യം വിഭാഗീയതയായി മാറുകയാണ് ഉണ്ടായത്. ഭരണകക്ഷികൾ അവരുടെ പ്രചാരണ യന്ത്രങ്ങളുടെ സഹായത്തോടെ, ഇപ്പോഴത്തെ അക്രമത്തെ സ്വത്വപ്രശ്നത്തിലും, ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണത്തെച്ചൊല്ലിയുള്ള സംഘട്ടനങ്ങളിലും കേന്ദ്രീകരിച്ചിരിക്കുന്നതായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ വംശീയ അക്രമത്തിലും കൂട്ടക്കൊലയിലും കലാശിക്കുന്ന തരത്തിൽ ഈ പ്രശ്നങ്ങൾ ഉയർത്തിയതിന് പിന്നിൽ എന്താണ് പ്രവർത്തിച്ചത്? കേന്ദ്രവും അസമും മണിപ്പൂരും ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളും വിഭാഗീയത വർദ്ധിപ്പിക്കാൻവേണ്ടി അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ ‘സ്വത്വ’ പ്രശ്നം തുടർച്ചയായി വളർത്തിയെടുക്കുന്നു. ഒരു സമുദായം മറ്റൊരു സമുദായത്തിന്റെ കൈകളിൽ അപകടത്തിലാണെന്ന വ്യാജപ്രചാരണമാണ് പിന്തിരിപ്പൻ ഭരണകേന്ദ്രങ്ങൾ നടത്തുന്നത്. അങ്ങനെയാണ് ഒരുതരം ബംഗാളി വിരുദ്ധത ആസാമീസ് ജനങ്ങളിൽ വളർന്നുവന്നത്. ഈ തന്ത്രം തിരിച്ചറിയാനുള്ള ശരിയായ രാഷ്ട്രീയ അവബോധത്തിന്റെ അഭാവത്തിൽ, ആസാമിൽ ഏറ്റവും മോശമായ കലാപങ്ങളും പ്രാകൃതമായ ആൾക്കൂട്ട കൊലപാതകങ്ങളും ഉണ്ടായി. അതുപോലെ, മണിപ്പൂരിൽ, കുക്കികള്‍ക്കും മെയ്‌തികൾക്കും ഇടയിൽ വളരെ നാളുകളായി ശത്രുത നിലനിർത്തിയിരിക്കുയാണ്.


‘സംവരണം’ എന്ന വ്യവസ്ഥയും ഭരണ മുതലാളിത്തവും അതിന്റെ ഏജന്റുമാരും ഒരു തർക്കവിഷയമാക്കിയിരിക്കുന്നു. ജോലിക്കോ, ശരിയായ വിദ്യാഭ്യാസത്തിനോ ഇന്ന് അവസരമില്ല. എന്നിട്ടും, ജാതി, വംശം, മതം, അടിസ്ഥാനമാക്കിയുള്ള സംവരണത്തിന് വേണ്ടിയുള്ള മുറവിളികൾ ഇന്ന് നമ്മുടെ രാഷ്ട്രീയത്തിൽ സ്ഥിരമായി ഉയരുന്നു. അദ്ധ്വാനിക്കുന്ന മനുഷ്യരുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കാൻ ഇന്ന് രാഷ്ട്രീയക്കാർ സംവരണത്തെ ഉപയോഗിക്കുന്നു. ഈ ഭിന്നത പരസ്പരമുള്ള ഏറ്റുമുട്ടലുകളിലേക്കും കൊലപാതകങ്ങളിലേക്കും വരെ നയിക്കുന്നത് നാം കാണുന്നുണ്ട്. ബ്രിട്ടീഷ് ഭരണാധികാരികളിൽനിന്ന് രാഷ്ട്രീയ സ്വാതന്ത്ര്യം നേടുന്ന സമയത്ത്, തികച്ചും അവശരായ ദലിതരുടെയോ പിന്നാക്ക വിഭാഗക്കാരുടെയോ മനസ്സിൽ ന്യായമായ ആവലാതികൾ കുമിഞ്ഞുകൂടിയിരുന്നു എന്നത് പരാമർശിക്കേണ്ടതാണ്. പൊതു സമ്മർദത്തെത്തുടർന്ന്, ഭരണഘടനയുടെ രചയിതാക്കൾ എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും പ്രത്യേക സംവരണം ഉൾപ്പെടുത്തി, ഇത് പത്ത് വർഷത്തേക്കായിരിക്കുമെന്നും അതിനുശേഷം ഈ സംവരണം എത്ര മാത്രം അധഃസ്ഥിതരെ ദേശീയ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യം കൈവരിച്ചു എന്നതിനെ കുറിച്ച് ഒരു അവലോകനം നടത്തണം എന്നും അന്നു ധാരണയിൽ എത്തിയിരുന്നു. എന്നാൽ ഭരണവർഗവും അതിന്റെ സേവകരും ജനങ്ങളെ ഭിന്നിപ്പിക്കാനുള സൗകര്യപ്രദമായ സംവിധാനം എന്ന നിലയിൽ ഇതിനെ നിലനിർത്തി. ജാതി, മത, വംശ, ഭാഷ ഭേദമില്ലാതെ എല്ലാ സമുദായങ്ങളും മുതലാളിത്തത്തിൻകീഴിൽ ഒരുപോലെ ഞെരുങ്ങി കഴിയുന്നവരാണ് എന്നതാണ് വസ്തുത. അവർ വർഗീയകലാപങ്ങളിലും അക്രമങ്ങളിലും കുടുങ്ങിക്കിടക്കുമ്പോൾ, വംശീയ-വർഗീയ സംഘർഷങ്ങൾക്ക് ആളുകളെ പ്രേരിപ്പിക്കുന്ന അധികാരമോഹികളായ രാഷ്ട്രീയക്കാർ അവരുടെ ജാതി-മത പശ്ചാത്തലം എന്തായാലും അധികാരം ആസ്വദിച്ച്, അസാമാന്യമായ സമ്പത്ത് സമ്പാദിയ്ക്കുന്നു. ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങൾ നമുക്കുചുറ്റും സുലഭമാണ്.


എവിടെയാണ് പരിഹാരം


മണിപ്പൂരിലെ ജനങ്ങൾ മാരകമായ ‘സ്വത്വ’ രാഷ്ട്രീയത്തിന്റെ ഇരകളാണെന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. സായുധ സംഘങ്ങളും കലാപകാരികളും ബൂർഷ്വാ പെറ്റിബൂർഷ്വാ രാഷ്ട്രീയ പാർട്ടികളും രഹസ്യാന്വേഷണ ഏജൻസികളും ‘സ്വത്വ’ രാഷ്ട്രീയത്തിന്റെ ഈ വളർച്ചയ്ക്ക് സംഭാവന നൽകുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്തു. ‘സംവരണ’ തന്ത്രം പ്രയോഗിച്ചു ഭരണാധികാരികൾസംസ്ഥാനത്തിന്റെ അന്തരീക്ഷത്തെ കൂടുതൽ വിഷലിപ്തമാക്കി. ‘സ്വത്വ’ രാഷ്ട്രീയത്തിന്റെയും ‘സംവരണ’ത്തിന്റെയും പിറകിലുള്ള വഞ്ചനയെക്കുറിച്ച് ശരിയായ ധാരണ എല്ലാ സമുദായങ്ങളിലും പെട്ട ദുരിതമനുഭവിക്കുന്ന മണിപ്പൂരി ജനത ആര്‍ജ്ജിക്കാതെ അവർക്ക് ഈ ദൂഷിതവലയത്തിൽനിന്നും പുറത്ത് കടക്കാൻ കഴിയില്ല.


നിലവിലുള്ള മുറിവുകളും ഭിന്നതയും നീതിയുക്തമായി പരിഹരിക്കണം


ഈ ഇരുണ്ട നാളുകളിലും ചില രജത രേഖകൾ നമ്മൾ കാണുന്നുണ്ട്. എല്ലാ സമുദായങ്ങളിലും ഈ അക്രമത്തെ അംഗീകരിക്കാത്തവരുണ്ട്. ഈ രക്തച്ചൊരിച്ചിലിനിടയിലും, രണ്ട് സമുദായങ്ങളിലെയും നല്ല സമരിയാക്കാർ അദൃശ്യരല്ല എന്നത് പരാമർശിക്കേണ്ടതാണ്. കുക്കി പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ചില മെയ്‌തികളെ രക്ഷിക്കാൻ സൈന്യം പോയപ്പോൾ, പ്രകോപിതരായ സായുധ കുക്കി ഗ്രൂപ്പുകൾ അവരെ ആക്രമിക്കാൻ സംഭവസ്ഥലത്തേക്ക് പാഞ്ഞു. അതേ സമയം, കുക്കികൾക്ക് നേരെ ആക്രമണം നടത്താൻ സൈന്യവും തയാറെടുത്തു. ക്രൂരമായ ഈ ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും ഇടയിൽ, ധീരരായ കുക്കി സമുദായത്തിൽപ്പെട്ട സ്ത്രീകളും വിദ്യാർത്ഥികളും ഒരു മനുഷ്യ ചങ്ങല രൂപീകരിച്ച്, തങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം തങ്ങളുടെ മെയ്‍തി സഹോദരങ്ങൾക്കും സഹോദരിമാർക്കും ഒരു ഉപദ്രവവും ഏല്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. അവർ മെയ്‍തികളെ സംരക്ഷിക്കുക മാത്രമല്ല, അവരെ ഒഴിപ്പിക്കാൻ സഹായിക്കുകയും ചെയ്തു. അതുപോലെ, മണിപ്പൂർ സർവ്വകലാശാലയിലെ ഹോസ്റ്റലിൽ കുക്കി പെൺകുട്ടികളെ മെയ്‍തി മതഭ്രാന്തന്മാർ ലക്ഷ്യമിട്ടപ്പോൾ, മെയ്‍തി വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി അക്രമികളെ ചെറുക്കുകയും അവരുടെ സുഹൃത്തുക്കളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തു. സമാനമായ സംഭവങ്ങൾ പല വർഗീയ അല്ലെങ്കിൽ വംശീയ കലാപങ്ങൾക്കിടയിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. അടുത്തിടെ, ഒരു കൂട്ടം കശ്മീരി പണ്ഡിറ്റുകളെ അവരുടെ മുസ്ലീം അയൽവാസികൾ തീവ്രവാദികളുടെ ആക്രമണത്തിൽനിന്ന് രക്ഷിച്ചത് വെളിച്ചത്ത് വന്നു. അദ്ധ്വാനിക്കുന്ന സാധാരണ ജനങ്ങൾ പിണക്കങ്ങളും ഏറ്റുമുട്ടലുകളും ആഗ്രഹിക്കുന്നില്ല, മറിച്ച് തങ്ങളുടെ സഹോദരങ്ങളുമായി സമാധാനത്തിലും സൗഹാർദ്ദത്തിലും സഹവസിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഇത് കാണിക്കുന്നു. എന്നാൽ അധികാരം, അതിന്റെ നിക്ഷിപ്ത താൽപ്പര്യം, അവരെ വിഭജിക്കുകയും പരസ്പരം തമ്മിലടിപ്പിക്കുകയും ചെയ്യുന്നു.


36 ശതമാനം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരു ദരിദ്ര സംസ്ഥാനമാണ് മണിപ്പൂർ. തൊഴിൽ അവസരങ്ങൾ ഫലത്തിൽ ഇല്ല. സംഘടിത, അസംഘടിത മേഖലകളിൽ 36% മാത്രമാണ് ജോലി ചെയ്യുന്നത്. ഭൂരിഭാഗം ആളുകളും സ്വയം തൊഴിൽ ചെയ്യുന്നവരാണ്. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെട്ട, എല്ലാ വിധത്തിലുമുള്ള അടിച്ചമർത്തിലിനും ഇരകളായ അധ്വാനിക്കുന്ന ജനങ്ങളിൽ ജാതി -മത- വംശഭേദമെന്യെ അസംതൃപ്തിയും നീരസവും കുമിഞ്ഞുകൂടുകയാണ്. ഇത് എല്ലാ തീവ്രതയിലും പ്രക്ഷുബ്ധത യിലും പൊട്ടിപ്പുറപ്പെടുന്നതിന് ന്യായമായ എല്ലാ കാരണവുമുണ്ട്.
അധ്വാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ എല്ലാ വിഭാഗീയ പരിഗണനകൾക്കും അതീതമായി ഉയരുകയും അവരുടെ ഐക്യം ഉറപ്പിക്കുകയും ജീവിതത്തിന്റെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടിക്കൊണ്ട് ശക്തമായ സംഘടിത ജനാധിപത്യ ബഹുജന പ്രസ്ഥാനം ആരംഭിക്കുകയും ചെയ്യുക എന്നതാണ് വേണ്ടത്. അതിന് പകരം പരസ്പരം പോരടിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. വർഗീയ കലാപങ്ങൾ, അതിനെ തുടർന്നുള്ള ഭരണകൂട ഭീകരത, ക്രൂരമായ പോലീസ് നടപടി എന്നിവ നിമിത്തം നിരവധി ജീവനുകൾ നഷ്ടപ്പെടുന്നു. എന്നാൽ ഈ വർഗീയ സംഘർഷങ്ങളിൽനിന്ന് ജനങ്ങൾക്ക് എന്തെങ്കിലും ആശ്വാസം ലഭിക്കുന്നുണ്ടോ? അവരുടെ കഷ്ടപ്പാടിന്റെ ഒരംശം പോലും ലഘൂകരിക്കപ്പെട്ടിട്ടുണ്ടോ, അതോ അവരുടെ ദുരിതം വർധിപ്പിക്കുകയാണോ? പകരം അടിച്ചമർത്തലിനെതിരെ ഒന്നിച്ചു പൊരുതേണ്ട സാധാരണ ജനങ്ങളുടെ ഇടയിൽ വിള്ളലുണ്ടാക്കുക മാത്രമാണ് ഇതിന്റെ അനന്തരഫലം. മാത്രമല്ല, കപട മാർക്സിസ്റ്റുകൾ ഉൾപ്പെടെ എല്ലാ ബൂർഷ്വാ പാർട്ടികളും ബൂർഷ്വാ തിരഞ്ഞെടുപ്പിനെ ക്കുറിച്ച് വ്യാമോഹം സൃഷ്ടിച്ച് കഷ്ടപ്പെടുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പരസ്യമായും രഹസ്യമായും ജാതി-വർഗീയ ചിന്താഗതികള്‍ ഇളക്കിവിട്ട് വോട്ട് ബാങ്കുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇനി ആളുകൾ ഈ കെണിയിൽ വീഴരുത്. ഒരു സമുദായത്തിലെ അധ്വാനിക്കുന്ന ആളുകൾ മറ്റൊരു സമുദായത്തിന്റെ എതിരാളികളല്ല. വാസ്തവത്തിൽ, കഷ്ടപ്പാടും കൂലിയടിമത്വവും ഇല്ലാത്ത മാന്യമായ ഒരു ജീവിതത്തിനായുള്ള പോരാട്ടത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടവരാണ്.. അവരുടെ ജീവിതത്തിലെ എല്ലാ തിന്മകളുടെയും മൂലകാരണം മുതലാളിത്ത വ്യവസ്ഥയാണ്. അതിനാൽ, അവരുടെ സമരൈക്യം ഉറപ്പിക്കുക. പൊതുശത്രു, അതായത് മുതലാളിത്തത്തിനെതിരെ തോളോടുതോൾ ചേർന്ന് പോരാടുക. എല്ലാ ചങ്ങലകളിൽനിന്നും പുറത്തുവരാനും യഥാർത്ഥ ഇടതുപക്ഷ-ജനാധിപത്യ പ്രസ്ഥാനത്തിന്റെ ധാരയിൽ ചേരാനും എല്ലാത്തരം വിഭജന പ്രേരണകളും ഉപേക്ഷിക്കാനും തിരഞ്ഞെടുപ്പ് വ്യാമോഹത്തിൽനിന്ന് മോചിതരാവാനും മനുഷ്യത്വരഹിതമായ മുതലാളിത്ത ഭരണത്തിൽനിന്നുള്ള മോചനത്തിനായുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അതിനാൽ, എല്ലാവരോടും ഞങ്ങളുടെ അഭ്യർത്ഥന പോരാട്ടത്തിന്റെ പാതയിൽ മുന്നോട്ട് വരണം എന്നാണ്. അടിച്ചമർത്തപ്പെട്ട മനുഷ്യരെല്ലാം ശരിയായ വിപ്ലവ നേതൃത്വത്തിന്‍കീഴിൽ യഥാർത്ഥ പ്രസ്ഥാനം കെട്ടിപ്പടുക്കുകയും ചെയ്യണം. ഇതു മാത്രമാണ് പോംവഴി.

Share this post

scroll to top