കശുവണ്ടിമേഖലയെ തകർച്ചയിൽനിന്ന് രക്ഷിക്കുക

Cashew-industry.webp
Share

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗത വ്യവസായങ്ങളിലൊന്നായ കശുവണ്ടി മേഖല കഴിഞ്ഞ ഏതാനും വർഷങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. രാജ്യത്തുതന്നെ ഈ വ്യവസായം ഏറ്റവുമധികം കേന്ദ്രീകരിച്ചിരുന്ന കൊല്ലം
ജില്ലയിലേതടക്കം സംസ്ഥാനത്തെ ഭൂരിപക്ഷം ഫാക്ടറികളും വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. ഈ രംഗത്ത്പ ണിയെടുത്തുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.

ഈ രംഗത്തെ പൊതുമേഖലാസ്ഥാപനമായ കശുവണ്ടി വികസന കോർപ്പറേഷനും (കെഎസ്‌സിഡിസി), സഹകരണ സ്ഥാപനമായ കാപെക്സും നാമമാത്രമായ ദിവസങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷങ്ങളിൽ തുറന്ന് പ്രവർത്തിച്ചിട്ടുള്ളത്. 90ശതമാനത്തിലധികം സ്ത്രീകൾ പണിയെടുക്കുന്ന ഈ തൊഴിൽ രംഗം, ഫാക്ടറി ആക്റ്റും തൊഴിൽ തർക്ക നിയമവും മറ്റ് നിരവധി തൊഴിൽ നിയമങ്ങളും ബാധകമാക്കാനായി നടത്തിയ നിരവധി തൊഴിലാളി പ്രക്ഷോഭങ്ങളുടെ പാരമ്പര്യം പേറുന്നയിടം കൂടിയാണ്.
പ്രധാനമായും ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ഫാക്ടറികൾ വർഷം മുഴുവൻ പ്രവർത്തിക്കാനാവശ്യമായ തോട്ടണ്ടി കിട്ടാനില്ല എന്ന പേരിൽ വർഷത്തിലെ ഏതാനും മാസങ്ങൾ അടച്ചിട്ടിരുന്നെങ്കിലും ഇന്നിപ്പോൾ വ്യവസായം പൂർണമായും നിർത്തി ഭൂമി റിയൽഎസ്റ്റേറ്റ് ഗ്രൂപ്പുകൾക്ക് കൈമാറുകയാണ്. നിലവിലുള്ള എല്ലാ തൊഴിൽ നിയമങ്ങളും ലംഘിച്ചുകൊണ്ട് നിയമാനുസൃതം തൊഴിലാളികൾക്കു നൽകേണ്ടുന്ന റിട്ടയർമെന്റ് ആനുകൂല്യങ്ങളോ നഷ്ടപരിഹാരങ്ങളോ ഒന്നും നൽകാതെ ഏകപക്ഷീയമായി ഇത്തരം ഫാക്ടറി പൊളിക്കൽ വ്യാപകമായിക്കൊണ്ടിരിക്കുമ്പോഴും സംസ്ഥാന തൊഴിൽ വകുപ്പും വിവിധ ട്രേഡ് യൂണിയനുകളും പുലർത്തുന്ന നിസ്സംഗത അത്ഭുതകരമാണ്. നിയമ വിരുദ്ധമായി ഫാക്ടറികൾ പൂട്ടിയിട്ടാൽ അവ നഷ്ടപരിഹാരം കൂടാതെതന്നെ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിനെ അധികാരപ്പെടുത്തുന്ന കശുവണ്ടി ഫാക്ടറി ഏറ്റെടുക്കൽ നിയമങ്ങൾ നിലവിലുള്ളപ്പോഴാണ് ഈ നടപടിയെന്ന് ഓർക്കണം.
തുറന്ന് പ്രവർത്തിക്കുന്ന ഫാക്ടറികളാകട്ടെ തൊഴിൽ നിയമ ലംഘനങ്ങളുടെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. മിനിമം കൂലി, ഡിഎ, ബോണസ് തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾപോലും നിഷേധിക്കപ്പെട്ട് അടിമ സമാന സാഹചര്യമാണ് ഇവിടങ്ങളിലുള്ളത്. തൊഴിൽ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഫാക്ടറികളിൽ പരിശോധന നടത്തിയിട്ട് വർഷങ്ങളാകുന്നു. പല ഫാക്ടറികളിലും ഭാഗികമായി യന്ത്രവൽക്കരണം നടപ്പിലായിട്ടുണ്ടെങ്കിലും അവിടങ്ങളിൽ നിയമനുസൃതമുള്ള കൂലിയും മറ്റാനുകൂല്യങ്ങളും തീരുമാനിക്കപ്പെട്ടിട്ടില്ല. ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് കശുവണ്ടി വ്യവസായത്തിലെ തൊഴിലാളികൾ നേരിടുന്നത്.
അന്തർദേശീയ കമ്പോളത്തിലെ മത്സരക്കാരായി വന്നിരിക്കുന്ന വിയറ്റ്നാം, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ സ്വാധീനം, തോട്ടണ്ടിയുടെ ആഭ്യന്തര ഉത്പാദനത്തിലുണ്ടായ കുറവ്, അവ ഉൽപാദിപ്പിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കേരളത്തിലെ ഫാക്ടറികളിലേയ്ക്കുള്ള ഗതാഗതച്ചെലവിലുണ്ടായ വർദ്ധനവ്, തോട്ടണ്ടിക്ക് ഊഹക്കച്ചവടത്തിലൂടെ ഉണ്ടാകുന്ന കൃത്രിമ വിലക്കയറ്റം, ഇറക്കുമതി തോട്ടണ്ടിയ്ക്കുമേൽ കേന്ദ്ര സർക്കാർ ചുമത്തുന്ന വിവിധ നികുതികൾ, ഉത്പാദക രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേയ്ക്ക് ഗുണനിലവാരം കുറഞ്ഞ പരിപ്പ് ഇറക്കുമതി ചെയ്യുന്നതിന് സഹായകരമായ സർക്കാർ നയങ്ങൾ, വായ്പയുമായി ബന്ധപ്പെട്ട് ബാങ്കുകൾ സ്വീകരിക്കുന്ന നിലപാടുകൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ വ്യവസായം നേരിടുന്നു. അതിരൂക്ഷമായ തൊഴിലില്ലായ്മ നിലനിൽക്കുന്ന നമ്മുടെ സമൂഹത്തിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു മേഖലയെന്ന നിലയിൽ കശുവണ്ടിയടക്കമുള്ള പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാൻ സർക്കാരുകളെ നിർബന്ധിതമാക്കുംവിധം ശക്തമായ തൊഴിലാളി ,ബഹുജന പ്രക്ഷോഭങ്ങൾ വളർന്നു വരേണ്ടിയിരിക്കുന്നു.
നിയമവിരുദ്ധമായി പൂട്ടിയിട്ടിരിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുക്കുക. തോട്ടണ്ടിയുടെ ലഭ്യതക്കുറവുമൂലം പൂട്ടിയിടപ്പെട്ടിരിക്കുന്ന ഫാക്ടറികൾക്ക് ന്യായവിലയ്ക്ക് തോട്ടണ്ടി ലഭ്യമാകുംവിധം ഉത്പാദക രാജ്യങ്ങളിൽ സർക്കാർ ഇടപെടുക, കശുവണ്ടിയുടെ കുത്തക സംഭരണം പുനഃസ്ഥാപിക്കുക, വ്യവസായ പ്രതിസന്ധിമൂലം കടക്കെണിയിലായ ഉത്പാദകർക്ക് സഹായകമായ വായ്പകൾ അനുവദിക്കുക, വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള നിലവാരം കുറഞ്ഞ പരിപ്പ് ഇറക്കുമതി അവസാനിപ്പിക്കുക, തോട്ടണ്ടിയുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ ലക്ഷ്യം വച്ചുള്ള നടപടികൾ സ്വീകരിക്കുക, കശുവണ്ടി വികസന കോർപറേഷൻ, കാപെക്സ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലെ അഴിമതിയും ധൂർത്തും അവസാനിപ്പിക്കാൻ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള തൊഴിലാളി-ബഹുജന സമരങ്ങൾ വളർത്തിയെടുക്കാൻ ഏവരോടും അഭ്യർത്ഥിക്കുന്നു.

Share this post

scroll to top