പ്രാണനും മാനത്തിനും വേണ്ടിപിടയുന്ന സ്ത്രീസമൂഹം : ആരാണുത്തരവാദികൾ?

RG-Kar-Kolkata-e1725813794451.jpg
Share

സ്ത്രീകളുടെ സാമൂഹ്യസുരക്ഷ ദിനം ചെല്ലുംതോറും പേടിപ്പെടുത്തുംവിധം അസ്തമിക്കുന്ന ഇടമായി നമ്മുടെ രാജ്യം മാറുകയാണ്. പുരുഷമേധാവിത്വത്തിന്റെയും ഭരണാധിപത്യത്തിന്റെയും ബലിഷ്ഠകരങ്ങളാൽ നിശ്ശബ്ദരാക്കപ്പെട്ട്, അന്നനാളങ്ങിൽ കുടുങ്ങിയ നിലവിളികളോടെ പ്രാണൻ നിലച്ച എത്രയോ സ്ത്രീജന്മങ്ങൾ… ഇപ്പോൾ കൊൽക്കത്ത ആർ.ജി കർ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് അന്തമില്ലാതെ നീളുന്ന നിരയിലെ അവസാനത്തെ ഇര.

1891ൽ ക്രൂരമായ ബലാൽസംഗത്തിനിരയായ പതിനൊന്നുകാരി ഫുൽമണി ദാസിയുടെ കൊലപാതകമാണ് സ്ത്രീസുരക്ഷയ്ക്കു വേണ്ടിയുള്ള ആദ്യ നിയമം രൂപപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാരിനെ നിർബ്ബന്ധിതമാക്കിയത്. 1980ൽ യു.പിയിലെ ബാഗ്പെതിൽ തെരുവിൽ നഗ്നയാക്കപ്പെട്ട്, പോലീസ് സ്റ്റേഷനിൽ കൂട്ട ബലാൽസംഗത്തിനിരയായ മായാത്യാഗി ലോകത്തിനുമുൻപിൽ തകർക്കപ്പെടുന്ന സ്ത്രീ സുരക്ഷയുടെ മരവിച്ച പ്രതീകമായപ്പോൾ ലോകമെമ്പാടുമുയർന്ന പ്രതിഷേധം, ഇത് ഇനി ആവർത്തിക്കപ്പെടരുതെന്ന് താക്കീതു ചെയ്തു. എന്നാൽ സ്ത്രീകൾക്കുമേലുള്ള വേട്ടയും കൊടിയ പീഡനങ്ങളും ചൂഷണവും വീണ്ടും വീണ്ടും തുടർന്നു. ആർക്കും ഓർമ്മയിൽ സൂക്ഷിക്കാനാവാത്തവിധം ജീവനെടുക്കപ്പെട്ട സ്ത്രീകളുടെ പേരുകൾ കുമിഞ്ഞുകൂടി. ഇതിനൊരവസാനമില്ലേ എന്ന വേദനാപൂർവ്വമുള്ള ചോദ്യം ഇന്ന് രാജ്യം മുഴുവൻ മുഴങ്ങുന്നു.


മാഥുരയും ബാഗ്പെത്തും കത്വയും ഉന്നാവയും ഹത്രാസും കൊൽക്കത്തയുമെല്ലാം ഈ ഭൂമിയിൽ ജീവിക്കാൻ അലംഘനീയമായ അവകാശമുണ്ടായിരുന്ന പെൺകുട്ടികൾ എരിഞ്ഞൊടുങ്ങിയ പട്ടടകളുടെ പേരുകളാണ്. ഓരോ തവണയും ഇത് അവസാനത്തേതാകണമെന്ന് മനുഷ്യസ്നേഹികൾ ഉള്ളുരുകി ആഗ്രഹിച്ചു. പക്ഷേ അതൊന്നും സഫലമായില്ല. പിറവിയെടുത്തത് മനുഷ്യനായിട്ടാണെങ്കിലും ജന്മം സ്ത്രീയുടേതായി പ്പോയി എന്ന ഒരൊറ്റ കാരണത്താൽ ഈ മനുഷ്യകുലത്തെ പെറ്റുപോറ്റിയ സ്ത്രീകളുടെ ജീവനെടുക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അവർക്കുനേരെയുള്ള അതിക്രമങ്ങളിലെ ക്രൂരതകളുടെ മാനം സങ്കൽപ്പിക്കാനാവത്തവിധം ഹൃദയഭേദകമായിരിക്കുന്നു. ബീഭൽസമായ വേട്ടയാണ് കൊൽക്കത്ത ആർ.ജി കർ ആശുപത്രിയിലെ വനിതാ ഡോക്ടർ നേരിട്ടത്. ആ വേട്ടയുടെ തെളിവുകൾ നശിപ്പിക്കാൻ ഒരു വലിയ അക്രമിസംഘത്തെ പറഞ്ഞുവിട്ടും വേട്ടയ്ക്ക് നേതൃത്വം നൽകിയവരെ സംരക്ഷിച്ചും പശ്ചിമബംഗാൾ സർക്കാരും അതിനെ നയിക്കുന്ന കക്ഷിയും രാജ്യത്തെ മുഴുവൻ ജനങ്ങളെയും വെല്ലുവിളിച്ചു, അപമാനിച്ചു. അപമാനഭാരത്താൽ രാജ്യത്തിന്റെ ശിരസ്സ് ഭൂമിയോളം താഴ്ന്നിരിക്കുന്നു.


സ്വാതന്ത്ര്യത്തിന്റെ ഏഴര പതിറ്റാണ്ട് പിന്നിടുമ്പോഴും നിയമപരിഷ്കാരങ്ങളും പദ്ധതികളും ഒട്ടനവധി പടച്ചിട്ടും എഴുപതുകോടി സ്ത്രീകൾ നേരിടുന്ന ദുരിതപർവ്വം അവസാനിക്കുന്നില്ല, മറിച്ച് ഭീതിജനകമാംവിധം വർദ്ധിക്കുന്നതെന്തുകൊണ്ടാണ്? സ്ത്രീകൾക്കെതി രെയുള്ളെ ഓരോ അതിക്രമത്തിന്റെയും വാർത്ത നാടിനെ നടുക്കുമ്പോൾ പൊടുന്നനെ സ്ത്രീസംരക്ഷ കരായി രംഗത്തുവരുന്ന രാഷ്ട്രീയനേതൃത്വവും വാർത്തകൾ പരമാവധി ‘ആഘോഷിക്കുന്ന’ മാധ്യമങ്ങളും ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ബാധ്യസ്ഥരാണ്. അർപ്പിതമായിട്ടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ കഴിഞ്ഞോ ഇല്ലയോ എന്ന ഒരു സാമൂഹ്യകണക്കെടുപ്പിന് അവർ വിധേയരാകണം. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ രാജ്യം ഭരിക്കുന്നവർക്ക് സംഭവിച്ചിട്ടുള്ള വീഴ്ചകളും നിറവേറ്റപ്പെടേണ്ടിയിരുന്ന ഉത്തരവാദിത്തങ്ങളും കണ്ടെത്തിയാൽ മാത്രമേ അവ പരിഹരിക്കാനും തിരുത്താനും കഴിയൂ. അല്ലെങ്കിൽ ‘സ്ത്രീകളുടെ സുരക്ഷ സമൂഹത്തിന്റെ ഗൗരവതരമായ ചിന്താവിഷയമായിരിക്കു’മെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ളവരുടെ വൈകാരികപ്രകടനങ്ങൾ പതിവ് നാടകങ്ങളായി ഒടുങ്ങും. സ്ത്രീകളുടെ നിലവിളികൾ അന്തമില്ലാതെ തുടരും. കൊൽക്കത്തയ്ക്കുശേഷം താനെയിൽനിന്ന് രണ്ട് നേഴ്സറി കുഞ്ഞുങ്ങൾ ക്രൂരമായി ഇരകളാക്കപ്പെട്ടതിന്റെ വാർത്ത കേൾക്കേണ്ടിവന്നു. ഇവിടെ കേരളത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവച്ച് ‘സ്ത്രീസുരക്ഷ ഉറപ്പാക്കിയ’ ഇടതു സർക്കാരിന്റെ കഥയും ഇപ്പോൾ നാം കേട്ടുകൊണ്ടിരിക്കുകയാണ്.


നാടിന്റെ സാംസ്കാരികമണ്ഡലത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഭയാനകമായ തകർച്ചയാണ് സ്ത്രീകളെ പിച്ചിച്ചീന്തുന്ന ദുരവസ്ഥയുടെ മുഖ്യകാരണം. കുറ്റകൃത്യങ്ങളുടെ മനോഘടനയും അക്രമവാസനയും ശിഥിലമായ വ്യക്തിത്വവുമുള്ള മനോരോഗികളെയും ഉന്മാദികളെയും സൃഷ്ടിക്കുന്നത് നിലവിലുള്ള സാമൂഹ്യ-രാഷ്ട്രീയ സാഹചര്യമാണ്. അതിനാൽ ഈ സെക്സ് മാനിയാക്കുകളെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്തത്തിൽനിന്നും നാടിന്റെ അധികാരം കൈയാളിയിട്ടുള്ള ഒരു ശക്തിക്കും ഒഴിഞ്ഞുമാറാനാവില്ല. ലൈംഗിക മനോവൈകൃതങ്ങൾക്ക് അടിപ്പെട്ട കുറെയധികം വ്യക്തികൾ സൃഷ്ടിക്കപ്പെട്ടു; അവരുടെ എണ്ണം വർദ്ധിക്കുന്നു; ഇതു മാത്രമല്ല, ഒരു ബലാൽസംഗകൃത്യത്തിനോ അക്രമത്തിനോ സദാ തയ്യാറാക്കപ്പെട്ട മനോനിലയുള്ള വ്യക്തികളുടെ എണ്ണം സമൂഹത്തിൽ ഏറുന്നുവെന്നതാണ് ഏറെ ആശങ്കാജനകമായിട്ടുള്ളത്.


സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിന്റെയും സമീപനത്തിന്റെയും നിർമ്മിതിയിൽത്തന്നെ അതീവഗുരുതരമായ വൈകല്യങ്ങളാണ് കടന്നുകൂടിയിട്ടുള്ളത്. സ്ത്രീയെയും സ്ത്രീരൂപത്തെയും ലൈംഗികഛായയിൽ മാത്രം കാണുന്ന വൈകല്യമാണ് ഈ മനോഭാവത്തിന്റെ അടിസ്ഥാനം. തികഞ്ഞ കുറ്റവാസനയുള്ളവരിൽ മാത്രമല്ല, സാധാരണജീവിതം നയിക്കുന്ന വ്യക്തികളിൽ വരെയും സ്ത്രീവിരുദ്ധമായ ഈ മനോഭാവത്തിന്റെ സ്വാധീനം വർദ്ധിക്കുന്നു. അങ്ങിനെ സ്ത്രീയെ ലൈംഗികഛായയിൽ മാത്രം കാണുന്ന മനോഭാവം ഒരളവുവരെ പൊതുബോധത്തിന്റെ ഭാഗമായി വിളക്കിച്ചേർക്കപ്പെടുകയാണ്. പുരുഷന്റെ ലൈംഗികതൃഷ്ണയെ തൃപ്തിപ്പെടുത്താനുള്ള ഒരുപാധി മാത്രമാണ് സ്ത്രീയെന്ന വൈകൃതം നിറഞ്ഞ ധാരണ ഈ മനോഭാവത്തിന്റെ സൃഷ്ടിയാണ്. ലൈംഗികതയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരേയൊരു ബന്ധത്തിലേക്ക് ആൺ-പെൺ ബന്ധത്തെ ചുരുക്കിയിരിക്കുന്നു. അതിനപ്പുറമുള്ള ഒരു വിധബന്ധ സങ്കൽപ്പവും അവതരിപ്പിക്കപ്പെടുന്നില്ല. ഇതിന്റെയെല്ലാം ഫലമായി സ്ത്രീകൾക്കുനേരെ ലൈംഗികമായ അക്രമത്തിനും കൈേയ്യറ്റത്തിനും ഏതുനിമിഷവും മുതിർന്നേക്കാവുന്ന ഒരു മനോഘടന പുരുഷന്മാരിൽ ഒരു വിഭാഗത്തിൽ സൃഷ്ടിക്കപ്പെടുന്നു.


സുരക്ഷിതമെന്ന് കരുതപ്പെടുന്ന ഇടങ്ങളിൽ വരെയും അപ്രതീക്ഷിത വ്യക്തികളിൽ നിന്നുപോലും സ്ത്രീകൾക്ക് അക്രമങ്ങൾ നേരിടേണ്ടിവരുന്നത് അതിനാലാണ്. ബലാൽസംഗത്തിനും സ്ത്രീപീഡനത്തിനു മെതിരെ എത്രതന്നെ നിയമങ്ങൾ ആവിഷ്കരിച്ചാലും സമൂഹത്തിന്റെ പൊതുബോധത്തിൽ ആപൽക്കരമാംവിധം വേരൂന്നിയ സ്ത്രീവിരുദ്ധമായ ഈ മനോഭാവം അവശേഷിക്കുവോളം സ്ത്രീകൾ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കും. ലൈംഗികവൈകൃതത്തിന്റെ മനോഘടന ഉള്ള വ്യക്തികളേക്കാൾ ഗുരുതരമായ പ്രശ്നം അവരെ വാർത്തെടുക്കുന്ന സാമൂഹ്യവ്യവസ്ഥ ഇവിടെ നിലനിൽക്കുന്നുവെന്നതാണ്. തുറുങ്കിലടയ്ക്കപ്പെടു ന്നവരേക്കാൾ എത്രയോ അധികം സെക്സ് മാനിയാക്കുകളെയാണ് അനുനിമിഷം ഈ സാമൂഹ്യസാഹചര്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.


ആഗോളവൽക്കരണകാലത്തെ പ്രമുഖ മൂലധന നിക്ഷേപമേഖലകളിലൊന്നായി ‘ലൈംഗിക വ്യവസായം’ മാറുകയുണ്ടായി. സ്ത്രീശരീരത്തെയും ലൈംഗികതയെയും വിൽപ്പനവസ്തുവാക്കിക്കൊണ്ട് മുതലാളിത്ത ശക്തികൾ വികസിപ്പിച്ചെടുത്ത ഈ വിപണി സാംസ്കാരിത്തകർച്ചയുടെ ആഴം ഭയാനകമായ നിലയിൽ വർദ്ധിപ്പിച്ചു. ടൂറിസം, ആതിഥ്യവ്യവസായം, ലഹരി വ്യാപാരം തുടങ്ങിയ പണം മറിയുന്ന മേഖലകൾ ലൈംഗിക വ്യവസായവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതിനാൽ എത്രതന്നെ സാമൂഹ്യവിരുദ്ധമാണെങ്കിലും മൂലധന നിക്ഷേപത്തിന്റെ സാധ്യതയുണ്ടെന്നതിനാൽ അതിനെ സർവ്വമാർഗ്ഗേണയും പ്രോൽസാഹിപ്പിക്കുക എന്ന നയമാണ് മുതലാളിത്ത സർക്കാരുകളുടേത്. അതിന്റെ ഗുരുതരഫലങ്ങളാണ് നാമിന്നു കാണുന്നത്.
സ്ത്രീയുടെ യോഗ്യത അളക്കാനുള്ള ഒരോയൊരു മാനദണ്ഡം ശരീരസൗന്ദര്യമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന എല്ലാ ശക്തികളും ഈ സാഹചര്യം സൃഷ്ടിച്ചതിന്റെ ഉത്തരവാദികളാണ്. വലിയൊരളവിൽ സ്ത്രീകളെയും ആ ബോധ്യത്തിൽ അകപ്പെടുത്താൻ മുതലാളിത്ത ശക്തികളും പുരുഷമേധവിത്വ സമൂഹവും അധികാരകേന്ദ്രങ്ങളും വിജയിച്ചിരിക്കുന്നു. ശരീരമല്ലാതെ മറ്റൊരസ്തിത്വവും സ്ത്രീക്കില്ല എന്നു സ്ഥാപിക്കപ്പെട്ടതിന്റെ ആഘാതമാണ് നാം ഇന്നു കാണുന്നത്. മാധ്യമങ്ങളും സോഷ്യൽ മീഡിയയും സിനിമയും പരസ്യങ്ങളും സൗന്ദര്യമൽസരങ്ങളും ഫാഷൻ ഷോകളും നഗരോൽസവങ്ങളുമെല്ലാം ഈ ധാരണയെ ഉറപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തവയാണ്.


നിയമങ്ങൾ നിരവധി ഉണ്ടെങ്കിലും സ്ത്രീസംരക്ഷണത്തിനായി അവയൊന്നും ഫലപ്രദമായ നിലയിൽ പ്രവർത്തിപ്പിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ മുതൽ പോലീസ്, അന്വേഷണ ഏജൻസികൾ, നീതിന്യായ വ്യവസ്ഥ എന്നിവയെല്ലാം ചേരുന്ന അധികാരസംവിധാനങ്ങൾ ഒന്നുകിൽ ബോധപൂർവ്വം തയ്യാറാകുന്നില്ല അല്ലെങ്കിൽ അവയുടെ നിരുത്തരവാദസമീപനത്താൽ അവയെല്ലാം പരാജയപ്പെടുന്നു. കൊൽക്കത്ത ആർ.ജി.കർ മെഡിക്കൽ കോളേജിലെ ഹൃദയം നടുക്കുന്ന ബലാൽസംഗത്തിന്റെയും കൊലപാതകത്തിന്റെയും പിറകിലെ സൂത്രധാരന്മാരെയും പ്രതികളെയും രക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ എത്ര ആസൂത്രിതമായിട്ടാണ് പ്രവർത്തിച്ച തെന്ന് ഇിതനോടകം പുറത്തുവന്നിട്ടുള്ള വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച കുപ്രസിദ്ധമായ മായാത്യാഗി സംഭവത്തിൽ പോലീസ് സ്റ്റേഷനിൽ നടന്ന കൂട്ടബലാൽസംഗത്തിന്റെ തെളിവുകള്‍ മുഴുവൻ തള്ളിക്കളഞ്ഞുകൊണ്ട് അത്തരമൊരു കൃത്യം നടന്നില്ല എന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നൽകിയത് രാജ്യത്തിന് ഒരിക്കലും വിസ്മരിക്കാനാവാത്ത ഏറ്റവും കറുത്ത അധ്യായമാണ്. തന്നെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംഎൽഎക്കെതിരെ നിരവധി തവണ നൽകിയ പരാതിയിൽ ഒരു നടപടിയും സ്വീകരിക്കാതിരുന്ന യുപി പോലീസിന്റെ നടപടിയിൽ മനംനൊന്താണ് ഉന്നാവയിലെ പെൺകുട്ടി എംഎൽഎയുടെ ഭവനത്തിന്റെ മുമ്പിൽ സ്വയം തീകൊളുത്തിയത്. അതിനുശേഷം മാത്രമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറായത്.
നിരാശ്രയായ ഒരു പെൺകുട്ടി, നമ്മുടെ രാജ്യത്തെ ഒരു പോലീസ് സ്റ്റേഷനിൽ പരാതി നൽകണമെങ്കിൽ എത്രയോ കടമ്പകൾ പിന്നിടണം. ഒരു കേസ് രജിസ്റ്റർ ചെയ്യാൻ പിന്നെയും വിഘ്നങ്ങൾ മാത്രം. തുടർന്നുള്ള അനേഷണമാകട്ടെ, സ്ത്രീയെ സംബന്ധിച്ച് മറ്റൊരു പീഡനപർവ്വം തന്നെ. സാക്ഷികളെ വിലക്കെടുത്തും തെളിവുകൾ നശിപ്പിച്ചും രാഷ്ട്രീയ-ധന സ്വാധീനമുള്ള പ്രതികൾ കേസിനെ ദുർബ്ബലപ്പെടുത്തുന്നു. കേസ് പിൻവലിപ്പിക്കാൻ ഇരയെയും ബന്ധുക്കളെയും നിരന്തരമായി ഭീഷണിപ്പെടുത്തുന്നു. ബലാൽസംഗത്തേക്കാൾ ഭയാനകമായ മനോവ്യഥകളും മാനക്കേടും നേരിട്ട്, കേസ് അതിന്റെ അന്തിമഘട്ടത്തിലെത്തിച്ചാൽത്തന്നെയും കോടതി എന്തുവിധിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. പുഷാധിപത്യ സമീപനവും സ്ത്രീകളെ സംബന്ധിച്ച ശക്തമായ മുൻവിധികളും വരെ കോടതി വിധികളെ സ്വാധീനിച്ച എത്രയോ അനുഭവങ്ങൾ രാജ്യത്തുണ്ടായിരിക്കുന്നു. ഒടുവിൽ വാദിയായ ഇരയെ അഴിഞ്ഞാട്ടക്കാരിയെന്നും വ്യഭിചാരിണിയെന്നും മുദ്രകുത്താൻ പോലും മടിക്കാത്ത കോടതി നിരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. അങ്ങിനെ നിയമവാഴ്ചയെ തരിമ്പും പേടിക്കേണ്ടതില്ലാത്ത സാഹചര്യം, ലാഘവത്തോടെ സ്ത്രീകൾക്കുമേൽ കൈവയ്ക്കാൻ ഏതൊരുവനെയും പ്രേരിപ്പിക്കുന്ന ദുരവസ്ഥയും സൃഷ്ടിച്ചു.


സ്ത്രീകൾക്കെതിരെ അക്രമം അഴിച്ചുവിടുന്ന ചില വ്യക്തികളുടെ അപചയം മാത്രമാണ് രാജ്യത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നത്തിന്റെ മൂലകാരണമെന്ന് നിർദ്ദോഷികളായ ചിലരെങ്കിലും ചിന്തിക്കുന്നു. ഇത് ഗുരുതരമായ ഈ പ്രശ്നത്തെ സംബന്ധിച്ച ലളിതവൽക്കരിക്കപ്പെട്ട വാദഗതി മാത്രമാണ്. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലെ പ്രതികളെ മുഴുവൻ മാതൃകാപരമായി ശിക്ഷിച്ചുകൊണ്ട് തുറുങ്കിലടയ്ക്കുന്നതു കൊണ്ടു മാത്രം അവസാനിക്കുന്ന ഒരു പ്രശ്നമല്ല, സ്ത്രീസുരക്ഷയുടേത്. സ്ത്രീകൾ നേരിടുന്നത് രണ്ട് തരം അടിച്ചമർത്തലിനെയാണ്. ഒന്ന് സമൂഹമൊട്ടാകെ നേരിടുന്ന മുതലാളിത്ത ചൂഷണം സ്ത്രീകളെ കൂടുതൽ കഠിനമായി ഞെരിച്ചമർത്തുന്നു. പിന്നോക്കാവസ്ഥയെ മറികടക്കുക സ്ത്രീകളെ സംബന്ധച്ചിടത്തോളം പർവ്വതസമാനമായ ദൗത്യമായി മാറുന്നു. ഒപ്പം ഇൻഡ്യൻ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള കുടുംബത്തിലുൾപ്പടെയുള്ള അധികാരബന്ധങ്ങളുടെ അസമത്വവും അതിനെ ആധാരമാക്കിയിട്ടുള്ള ശക്തമായ ആൺകോയ്മയുടെ അധീശത്വവും സ്ത്രീകൾ നേരിടുന്നു. സ്ത്രീകൾക്ക് രണ്ടാം തരം പൗരന്റെയോ വിധേയപ്പെട്ടു നിൽക്കേണ്ടുന്ന ഒരാളുടെയോ സ്ഥാനം നിർണ്ണയിച്ചതിൽ ഒരു കാരണം പുരുഷനോടുള്ള അവളുടെ സാമ്പത്തിക ആശ്രിതത്വമാണ്. ആയതിനാൽ തൊഴിലെടുക്കാനും വരുമാനം നേടാനുമുള്ള സ്വതന്ത്രമായ അസ്തിത്വം സ്ത്രീകളൊന്നാകെ കൈവരിക്കുമ്പോൾ മാത്രമാണ് സ്ത്രീ-പുരുഷ അസമത്വം അവസാനിപ്പിക്കാനുള്ള ഭൗതികസാഹചര്യം ഒരുങ്ങുകയുള്ളൂ. ഒപ്പം സമൂഹനിർമ്മിതിയിൽ പുരുഷനോടൊപ്പം മനുഷ്യനെന്ന നിലയിലുള്ള തന്റെ പ്രതിഭയെ, സൃഷ്ടിപരതയെ വിനിയോഗിക്കാൻ അവസരമൊരുങ്ങുകയും വേണം. എങ്കിൽ മാത്രമേ സ്ത്രീകളുടെ സാമൂഹ്യപദവി ഉയരുകയുള്ളൂ.


നമ്മുടെ രാജ്യത്ത് ചരിത്രപരമായ കാരണങ്ങളാൽ ജനാധിപത്യ വിപ്ലവ പ്രകിയ പൂർത്തിയാക്കപ്പെടാതെ പോയി എന്നതിനാൽ ജീർണ്ണമായ ഫ്യൂഡൽ ധാരണകളുടെ സ്ഥാനത്ത് സ്ത്രീ-പുരുഷ ബന്ധത്തിലെ ഉൽകൃഷ്ടമായ ജനാധിപത്യധാരണകൾ സമൂഹത്തിൽ സ്ഥാപിക്കപ്പെടുകയുണ്ടായില്ല. തൽഫലമായി ലിംഗപരമായ അസമത്വവും സ്ത്രീകളെ മനുഷ്യരായിപ്പോലും കാണാൻ തയ്യാറാകാത്ത സമീപനവും സ്ത്രീവിരുദ്ധ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഭയാനകമായി ഇൻഡ്യൻ സമൂഹത്തിൽ അവശേഷിച്ചു. തുടർന്ന് അധികാരത്തിലവരോധിതമായ മുതലാളിത്ത കച്ചവട ശക്തികളാകട്ടെ, തങ്ങളുടെ ലാഭതാൽപര്യങ്ങൾക്കായി സ്ത്രീകളെയും സ്ത്രീശരീരത്തെയും വിപണിവൽക്കരിക്കുകകൂടി ചെയ്തതോടെ സ്ത്രീകൾ നേരിടുന്ന ചൂഷണവും പീഡനങ്ങളും ദുരിതങ്ങളും പതിന്മടങ്ങായി. ആധുനിക ജനാധിപത്യസമൂഹങ്ങളിൽ നാം കാണുന്ന സ്ത്രീകളുടെ പദവി നമ്മുടെ രാജ്യത്ത് സ്വപ്നമായി അവശേഷിച്ചു.


സ്ത്രീസൂരക്ഷയ്ക്കു വേണ്ടിയുള്ള ഈ ജനാധിപത്യപ്രക്ഷോഭങ്ങളെ സമൂഹത്തെ ആകമാനം സ്പർശിക്കുന്ന ശക്തമായ ഒരു സാംസ്കാരികമുന്നേറ്റമായി പരിവർത്തനപ്പെടുത്താൻ കഴിയാതെ പോയതിനാലാണ് വേട്ടയാടപ്പെടുന്ന സ്ത്രീകളുടെ കഥകൾ നാം വീണ്ടും കേൾക്കേണ്ടിവരുന്നത്. നിലനിൽക്കുന്ന മുതലാളിത്ത അധികാരഘടനയ്ക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിനനുരോധമായി സ്ത്രീസുരക്ഷയ്ക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള ജനാധിപത്യ പ്രക്ഷോഭങ്ങൾ കണ്ണിചേർക്കപ്പെടണം. ബൗദ്ധിക-കർമ്മമണ്ഡലങ്ങളിൽ പുരുഷനെപ്പോലെ തന്നെ രചനാത്മകമായി മുഴുകാൻ ശേഷിയുള്ള മനുഷ്യരെന്ന നിലയിലുള്ള, ജനാധിപത്യമുന്നേറ്റം നൽകിയ സ്ത്രീകളുടെ പദവി ചോദ്യം ചെയ്യപ്പെടാനാവാത്തവിധം സമൂഹത്തിൽ ഉറപ്പിക്കപ്പെടണം. പ്രതിഭയും പ്രബുദ്ധതയുമുള്ള സഹജീവികളായി സ്ത്രീകളെ കാണാനും ആദരിക്കാനും അവരുടെ അന്തസ്സും അഭിമാനവും സ്വതന്ത്രമായ നിലനിൽപ്പും അംഗീകരിക്കാനും അതിലൂടെ സ്ത്രീ-പുരുഷ സമത്വത്തിലധിഷ്ഠിതമായ ബന്ധത്തിന്റെ ഉയർന്ന സാംസ്കാരികത സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കപ്പെടണം. മറ്റൊരാളുടെ ജീവിതത്തിനും ശരീരത്തിനുംമേൽ തനിക്ക് അധികാരമില്ല എന്ന അടിസ്ഥാന ജനാധിപത്യബോധം ജനങ്ങൾക്ക് പൊതുവിലും യുവതലമുറയ്ക്ക് വിശേഷിച്ചും പകർന്നു നൽകണം. സ്ത്രീസുരക്ഷയ്ക്കുവേണ്ടിയുള്ള ജനാധിപത്യപോരാട്ടങ്ങളുടെ അതിപ്രധാനമായ കടമകളായി ഇവ മാറണം.

Share this post

scroll to top