ജനങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്ത കേന്ദ്രബജറ്റ് സ്വകാര്യവത്കരണത്തിന്റെ ബ്ലൂപ്രിന്റ്‌

Union-Budget.jpg
Share

ഏ റെ പ്രതീക്ഷയോടെയാണ്, എല്ലാ ജനവിഭാഗങ്ങളും വിശേഷിച്ച്, അന്തമില്ലാതെ തുടരുന്ന സാമ്പത്തികപ്രതിസന്ധിയിലും, തുടർന്നുവന്ന കോവിഡ് മഹാമാരിയിലും, ലോക്ക്ഡൗണിലുംപെട്ട് ഉഴലുന്ന ഏറ്റവും സാധാരണക്കാരായവർ, അവരുടെ ദുരിതത്തിന് അൽപ്പമെങ്കിലും ആശ്വാസം കിട്ടുമെന്ന് കരുതി കേന്ദ്രബജറ്റിലേക്ക് ഉറ്റുനോക്കിയത്. ബജറ്റിൽ അവതരിപ്പിച്ച കണക്കിലെ കളികളും ആളുകളുടെ കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനങ്ങളും, ഓഹരിവിപണിയുടെയും മുതലാളിത്ത ലോകത്തിന്റെയും അവരുടെ മാധ്യമങ്ങളുടെയും കൈയടികളും നമുക്ക് മാറ്റിവെക്കാം. എന്നിട്ട്, ഇന്ന് ഇന്ത്യയിലെ സാധാരണക്കാരൻ നേരിട്ടുകൊണ്ടിരിക്കുന്ന ജീവൽപ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് ഒരു നിമിഷം ചിന്തിക്കാം.

കേന്ദ്ര ബജറ്റിന്റെ ജനവിരുദ്ധ ഉള്ളടക്കം തുറന്നുകാണിച്ചുകൊ ണ്ടും അത് സമ്പൂര്‍ണമായ സ്വകാര്യവല്‍കരണത്തിന്റെ രൂപരേഖയാണെന്ന് സമര്‍ത്ഥിച്ചുകൊണ്ടും ഫെബ്രുവരി 1ന് എസ്‌യുസിഐ(സി) ജനറല്‍ സെക്രട്ടറി സഖാവ് പ്രൊവാഷ് ഘോഷ് ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
കോവിഡിനുമുന്നേ തുടങ്ങി, ഇപ്പോൾ അതിരൂക്ഷമായിരിക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, തൊഴിൽസ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതുമൂലവും പിരിച്ചുവിടൽമൂലവും വർധിക്കുന്ന തൊഴിൽനഷ്ടം, പെട്രോളിയം ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം, കോവിഡ് തുറന്നുകാട്ടിയ പൊതുജനാരോഗ്യമേഖലയിലെ ദൗർബല്യങ്ങൾ എന്നിങ്ങനെയുള്ള നീറുന്ന പ്രശ്‌നങ്ങളോട് സർക്കാർ എന്ത് സമീപനമാണ് സ്വീകരിക്കുന്നത് എന്നതുവെച്ചാണ് ഈ ബജറ്റിനെ വിലയിരുത്തേണ്ടത്. പക്ഷേ സമസ്തവും സ്വകാര്യമേഖലക്ക് അടിയറ വെക്കുന്നതിനുള്ള രൂപരേഖ മാത്രമാണ് ഈ ബജറ്റ് എന്നതാണ് വാസ്തവം.


ധനസമാഹരണത്തിന് എന്ന പേരിൽ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുകയാണ് ഈ സർക്കാർ. പോയ വർഷം ലക്ഷ്യമിട്ടത് രണ്ടു ലക്ഷം കോടി രൂപ യാണ്. ഈ വർഷം 1.75 ലക്ഷം കോടിയുടെ പുതിയ വിൽപ്പനലക്ഷ്യം മുന്നോട്ടുവയ്ക്കുന്നു. സാമ്പത്തികപ്രതിസന്ധിയിൽ ഒരു പിടി കുത്തകകളൊഴികെയുള്ളവർ പിടിച്ചുനിൽക്കാൻ പാടുപെടുമ്പോൾ ആണ് സർക്കാർ ഇത്തരം കച്ചവട പദ്ധതികളുമായി മുന്നോട്ടു വരുന്നത്. തന്ത്രപ്രധാനമേഖലയിൽ ഒഴികെയുള്ളവ എല്ലാം വിറ്റൊഴിവാക്കും എന്നതാണ് ബജറ്റിൽ പ്രഖ്യാപിച്ച നയം. ഇനി അങ്ങനെ വിറ്റൊഴിവാക്കാൻ സാധിക്കുന്നില്ല എങ്കിൽ, ആ സ്ഥാപനങ്ങൾ ലയിപ്പിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യും. എന്നാൽ ഇവിടങ്ങളിലെ ജീവനക്കാരെക്കുറിച്ച് ഒന്നും പറയുന്നില്ല. അതായത്, തൊഴിലില്ലായ്മയും തൊഴിൽനഷ്ടവുംകൊണ്ട് സാധാരണക്കാര്‍ നട്ടം തിരിയുമ്പോൾ പൊതുമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തി, തൊഴിൽ സൃഷ്ടിക്കുക എന്നതല്ല സർക്കാരിന്റെ നയം. മറിച്ച്, ഉള്ള തൊഴിലുകൾകൂടി ഇല്ലാതാക്കുന്നു. തൊഴിൽസുരക്ഷതന്നെ ഇല്ലാതാക്കുന്ന പുതിയ തൊഴിൽ നിയമങ്ങളുമായി ചേർത്തുവായിച്ചാൽ, സാധാരണക്കാരുടെയും തൊഴിലാളികളുടെയും ദൈന്യം ഈ സർക്കാരിന് വിഷയമല്ല. തങ്ങളുടെ യജമാനന്മാരായ മുതലാളിമാരുടെ പെരുകുന്ന കൊള്ളലാഭം മാത്രമാണ് അവരുടെ പരിഗണന എന്നത് പച്ചയായി ബജറ്റിൽ നിറഞ്ഞുനിൽക്കുന്നു. ഒന്‍പത് ലക്ഷം കോടി വിലമതിക്കുന്ന ബിപിസിഎല്‍ 40,000 കോടി രൂപയ്ക്ക് കേന്ദ്രഗവണ്‍മെന്റ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് നാം കാണുന്നുണ്ടല്ലോ. ജനങ്ങളുടെ പണവും തൊഴിലാളികളുടെ അധ്വാനവും കൊണ്ട് കെട്ടിപ്പടുത്ത ആസ്തികൾ, മുഴുവൻ ജനതയുടേയും പൊതുസ്വത്ത്, ഇങ്ങനെ തുച്ഛവിലയ്ക്ക് വിറ്റുതുലക്കാൻ ആര് ഇവർക്ക് അനുമതി നൽകി? പൊതുമുതൽ നശിപ്പിക്കുന്നതിനും കൊള്ളയടിക്കുന്നതിനും തുല്യമല്ലേ ഇത്? ഇതും പോരാഞ്ഞ് റോഡുകൾ, വിമാനത്താവളങ്ങൾ, സർക്കാരിന്റെ കൈവശമുള്ള ഭൂമി, ഇതൊക്കെയും സ്വകാര്യമേഖലക്ക് കൈമാറുമെന്നാണ് പ്രഖ്യാപനം. കുറച്ച് അതിസമ്പന്ന കുത്തകമുതലാളിമാരെ വളർത്താം എന്നല്ലാതെ ഒരു പ്രയോജനവും സമ്പദ്ഘടനയ്ക്കോ സാധാരണജനങ്ങള്‍ക്കോ ഈ സ്വകാര്യവൽക്കരണംകൊണ്ട് ഉണ്ടാകില്ല എന്ന്, മൂന്ന് ദശകത്തെ അനുഭവംകൊണ്ട് ആർക്കും മനസ്സിലാക്കാവുന്നതേഉള്ളു. എന്നിട്ടും പ്രതിസന്ധികൊണ്ട് നട്ടം തിരിയുന്ന അവസ്ഥയിലും സ്വകാര്യവൽക്കരണമന്ത്രം മാത്രം ജപിക്കുന്നവർക്ക് എന്ത് രാജ്യതാത്പര്യം?


കാർഷികമേഖലയ്ക്കായുള്ള ധനസമാഹരണത്തിന് പുതിയ കാർഷിക അടിസ്ഥാനസൗകര്യ വികസന സെസ്സ് ഏർപ്പെടുത്താൻ ബജറ്റ് നിർദ്ദേശിക്കുന്നു. ജിഎസ്‌ടി നടപ്പാക്കിയാൽ പിന്നെ മറ്റൊരു നികുതിയും ഉണ്ടാകില്ല എന്നൊക്കെ വാഗ്ദാനം നൽകിയവർ പിന്നീട് പല പേരിൽ പല നികുതികൾ ഇതുപോലെ കൊണ്ടുവരുന്നു. ഈ പുതിയ ചുങ്കം, പെട്രോൾ, ഡീസൽ, ഭക്ഷ്യഎണ്ണകൾ, കടല, പയർ, പരിപ്പ്, യൂറിയ അടക്കമുള്ള വളം എന്നിവയ്ക്കുമേലാണ് വരിക. വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുമ്പോൾ, അവശ്യവസ്തുക്കളുടെമേൽ പുതിയ ചുങ്കം ചുമത്തുന്നു. എന്നാൽ തത്തുല്യമായ കുറവ് ഇറക്കുമതി ചുങ്കത്തിൽ വരുത്തുന്നതുകൊണ്ട് ഈ പുതിയ സെസ്സിന്റെ ഭാരം ജനങ്ങള്‍ക്കുമേൽ വരില്ല എന്ന് ധനമന്ത്രി പറയുന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ ഒന്നും ചെയ്യില്ല എന്നതുപോകട്ടെ, എന്തെങ്കിലും നികുതികുറവു വരുത്തിയ ശേഷം, ആ കുറച്ച തുക ഞങ്ങൾ മറ്റൊരു പേരിൽ തിരിച്ചു പിടിക്കും എന്നുപറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയല്ലേ? ലിറ്ററിന് നൂറു രൂപയിലേക്ക് എത്തുന്ന പെട്രോൾ-ഡീസൽ വിലകൾ ജനങ്ങളുടെ നടുവൊടിക്കുകയാണ്. അതിനു പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന അതിഭീമ നികുതികളാണ്. അതിൽ ഒരു കുറവും വരുത്താതെ ഈ പകൽകൊള്ള തുടരുന്നവർ കൂടുതൽ നികുതികൂടി ചുമത്തുന്നു. ഇതിൽപ്പരം ജനദ്രോഹം എന്താണുള്ളത്?
കർഷകക്ഷേമത്തിനായി പുതിയ നികുതി പിരിക്കുന്നവർ അതുകൊണ്ട് കാർഷികമേഖലക്കായി എന്തുചെയ്യുന്നു? വിവിധ പേരുകളിൽ കാലാകാലങ്ങളായി പിരിച്ച സെസ്സുകൾകൊണ്ട് അതത് മേഖലകൾക്കായി എന്തുചെയ്തു എന്ന ചോദ്യം അവിടെ ഉയരുന്നു. 16.5 ലക്ഷം കോടിയുടെ കർഷക വായ്പയാണ് ബജറ്റ് മുന്നോട്ടു വയ്ക്കുന്ന ഒരു പ്രധാന പദ്ധതി. 75,060 കോടിയുടെ കർഷകക്ഷേമപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെമ്പാടുമുള്ള കർഷകരുടെ ഏറ്റവും പ്രധാനപ്രശ്‌നം, അവരുടെ ഉത്പന്നങ്ങൾ മതിയായ വില നൽകി സമയത്ത് വാങ്ങാനുള്ള സംവിധാനമില്ല എന്നതും, വിൽപ്പന വൈകിയാൽ അവ സംഭരിച്ച് സൂക്ഷിക്കുവാനുള്ള കേന്ദ്രങ്ങളില്ല എന്നതുമാണ്. പൊതുമേഖലയിൽ ഇതിന് എന്തെങ്കിലും ഇടപെടൽ ഉള്ളയിടങ്ങളിൽ മാത്രമാണ് പ്രഖ്യാപിത താങ്ങുവിലകൾ പോലും ഉറപ്പാക്കാൻ സാധിക്കുന്നത്. അപ്പോൾ, കർഷകക്ഷേമത്തിനായി എന്തെങ്കിലും ചെയ്യാൻ സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ, മതിയായ താങ്ങുവിലകൾ പ്രഖ്യാപിക്കുന്നതിനോ ടൊപ്പം, കർഷകരിൽനിന്നും വിളകൾ സമയത്ത് സംഭരിക്കുവാനും സൂക്ഷിക്കുവാനുമുള്ള സംവിധാനം രാജ്യമൊട്ടാകെ പൊതുമേഖലയിൽ സ്ഥാപിക്കുക എന്നതാണ് വേണ്ടത്. ഈ പ്രഖ്യാപിക്കുന്ന കോടികളിൽ ഒരു ഭാഗം മതിയാകും അതിന്. രാജ്യത്തെ സാധാരണക്കാരായ കർഷകരിൽ പുതിയ ഉണർവ്വുതന്നെ അത് സൃഷ്ടിച്ചേനെ. പക്ഷേ, സംഭരണം അപ്പാടെ സ്വകാര്യമേഖലയ്ക്ക് തീറെഴുതാനും, കരാർകൃഷിയടക്കം ഏര്‍പ്പെടുത്തി സ്വകാര്യ കോർപ്പറേറ്റുകളുടെ കാൽക്കീഴിലേക്ക് ഇന്ത്യൻ കർഷകനെ തള്ളിവിടുവാനുമുള്ള നിയമനിർമ്മാണമാണ് ഈ സർക്കാർ നടത്തിയിരിക്കുന്നത്. മാസങ്ങളായി കർഷകർ തെരുവിൽ സമരത്തിലായിട്ടും ഈ നിയമങ്ങൾ പിൻവലിക്കില്ല എന്ന കടുംപിടിത്തത്തിലാണ് സർക്കാർ. എന്നിട്ട് കർഷകക്ഷേമം എന്ന പേരിൽ നാണമില്ലാതെ പ്രഖ്യാപനങ്ങൾ. അതിന്റെ മറവിൽ സാധാരണക്കാരന്റെ ചുമലിൽ പുതിയ ചുങ്കം. ഇത് ഇരട്ടത്താപ്പല്ലേ?
വിപണിയിൽ ഡിമാന്റ് കുറയുന്നതാണ് സാമ്പത്തികപ്രതിസന്ധിയെ രൂക്ഷമാക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധരടക്കം ചൂണ്ടിക്കാട്ടിയിട്ടും ജനങ്ങളുടെ കൈയിൽ പണമെത്തിക്കാനുള്ള ഒരു ക്രിയാത്മക നടപടിയും ബജറ്റിൽ ഇല്ല. ആദായനികുതിയിലെ എങ്കിലും ഇളവുകൾ ഇടത്തട്ടുകാർ ഏറെ പ്രതീക്ഷിച്ചു. പക്ഷേ യാതൊരു ഇളവും ഉണ്ടായില്ലെന്ന് മാത്രമല്ല, ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നത് എളുപ്പമാക്കാൻ എന്ന പേരിൽ ചില പരിഷ്‌കാരങ്ങൾ മാത്രം പറഞ്ഞുവെക്കുന്നു. വാസ്തവത്തിൽ, ഇതിലൂടെ പൗരന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും കർശനമായി നിരീക്ഷിക്കപ്പെടുകയാണ്. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 5% വർധനയുണ്ടായി. 5.55 ലക്ഷം കോടിയാണ് ആദായനികുതിയായി ശേഖരിച്ചത്. കോർപ്പറേറ്റ് നികുതിയായി 6.78 ലക്ഷം കോടിയായിരുന്നു പിരിച്ചത്. അതിൽ കൃത്യമായി ഇളവുകൾ നൽകുന്ന സർക്കാർ, പണപ്പെരുപ്പത്തിന് ആനുപാതികമായെങ്കിലും ആദായനികുതിഘടന പരിഷ്‌കരിച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാൻ തയ്യാറാകുന്നില്ല. ഫലമോ, വിപണിയിലേക്ക് പണമെത്തില്ല, ഡിമാന്റിലെ മന്ദത തുടരും. തന്നെയുമല്ല, ചെറുകിട നിക്ഷേപങ്ങൾക്കുപോലും ആദായനികുതി നൽകേണ്ടി വരുന്ന അവസ്ഥയുമുണ്ടാകുന്നു. അതേസമയം തന്നെ, അതിവേഗം സമ്പത്തു പെരുക്കുന്ന അതിസമ്പന്നർക്കുമേൽ ഒരു നികുതിയും ചുമത്താൻ സർക്കാർ തയ്യാറാകുന്നില്ല. അങ്ങനെ ഒരു നിർദ്ദേശം സമർപ്പിച്ചതിന്റെ പേരിൽ ചില ഐആർഎസ് ഉദ്യോഗസ്ഥർക്കെതിരെ ഈ സർക്കാർ നടപടിയെടുത്തതും പോയ വർഷമല്ലേ? സാധാരണക്കാരനെ പരമാവധി പിഴിഞ്ഞൂറ്റി, ആ പണം കൊണ്ട് കോർപ്പറേറ്റുകൾക്കും അതിസമ്പന്നർക്കും ഇളവുകൾ നൽകുന്നത് പച്ചയായി നാം കാണുന്നു.
ജനങ്ങൾക്കായി ആരോഗ്യമേഖലയിൽ വർധിച്ച തുക മാറ്റിവെക്കുന്നു എന്ന് ബജറ്റ് അവകാശപ്പെടുന്നു. 61,480 കോടി രൂപയുടെ പ്രധാനമന്ത്രി ആത്മനിർഭർ ഭാരത് പദ്ധതി ആരോഗ്യമേഖലയിൽ നടപ്പാക്കുമത്രെ. കോവിഡ് വാക്‌സിനായി 35,000 കോടിയും മാറ്റിവെക്കുമത്രെ. എന്നാൽ പുതിയ പേരിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴും, നമ്മുടെ രാജ്യത്തെ പൊതുജനാരോഗ്യരംഗം എത്ര ദുർബലമാണെന്നത് കോവിഡ് കാണിച്ചുതന്നതാണ്. അതിൽ എന്തു മാറ്റം ഉണ്ടാകുന്നു എന്നതാണ് ദൃശ്യമാകേണ്ടത്. എയിംസ് മാതൃകയിൽ നഗരകേന്ദ്രീകൃത വൻകിട ആശുപത്രികളേക്കാൾ കൂടുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അവിടെ മതിയായ ഡോക്ടർമാരും ഉണ്ടാവുക എന്നതല്ലേ ജനങ്ങള്‍ക്ക് ആവശ്യം. പുതിയ പദ്ധതി അവിടെ നിൽക്കട്ടെ, പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത്, ദേശീയ ആരോഗ്യദൗത്യം തുടങ്ങിയ പഴയ പദ്ധതികൾ എന്തു മാറ്റം കൊണ്ടുവന്നു എന്ന സത്യസന്ധമായ വിലയിരുത്തൽ ആദ്യം വേണ്ടേ? ആയുഷ്മാൻ ഭാരത് ഒരു ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി മാത്രമാണ്.
ആരോഗ്യമേഖല പൂർണ്ണമായും കമ്പോളശക്തികൾക്ക് വിട്ടുകൊടുക്കുക എന്ന നയം പുലർത്തുന്ന പുതിയ പദ്ധതികൾ, ആ നയത്തിന് അനുസൃതമായി പൊതുപണം മുടക്കിയുള്ള ഘടനാപരമായ മാറ്റങ്ങളും സൗകര്യമൊരുക്കലും മാത്രമല്ലേ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളു? ഇനി, ആരോഗ്യമേഖലയുടെ പേരിൽ ഈ അവതരിപ്പിച്ച തുകയുടെ സിംഹഭാഗവും നഗരവികസന പദ്ധതികൾക്കായാണ് പോവുക. വികസനം നഗരകേന്ദ്രീകൃതമാകുന്നു, ഗ്രാമീണജനത അവഗണിക്കപ്പെടുന്നു. അതാവും സംഭവിക്കുക. ഇതും സ്വകാര്യമുതലാളിമാരുടെ ലാഭതാത്പര്യം മാത്രം മുന്നിൽ കണ്ടുള്ളതാണെന്നതും വ്യക്തം.
മറുവശത്ത് ചെറുകിട സംരംഭകർ തഴയപ്പെടുന്നു. സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്ന അവർക്ക് കാര്യമായ സഹായങ്ങളില്ല. എന്തിലും ഏതിലും ആത്മനിർഭർ മേലങ്കി അണിയുന്നവർ വ്യാപകമായ വിദേശനിക്ഷേപത്തിന് വാതിൽ തുറന്നിടുന്നതാണ് നമ്മൾ കാണുന്നത്. ഇൻഷ്വറൻസ് മേഖലയിൽ 74% വിദേശനിക്ഷേപം അനുവദിക്കപ്പെടുന്നു. എൽഐസിയും ജനറൽ ഇൻഷ്വറൻസ് കോർപ്പറേഷനും വിൽക്കാൻ ഒരുമ്പെടുന്നു. ഇതെന്ത് ആത്മനിർഭർ? സൗജന്യ പാചകവാതക പദ്ധതിയിൽ ഒരു കോടി കുടുംബങ്ങളെക്കൂടി കൊണ്ടുവരും എന്നുപറയുന്ന ബജറ്റ്, പക്ഷേ പാചകവാതക സബ്‌സിഡി തുടരുന്നതിൽ മൗനം പാലിക്കുന്നു. സാധാരണക്കാരന്റെയും ഗ്രാമീണമേഖലയുടെയും പേരിൽ വാചാടോപം ഒരു വശത്ത്. മറുവശത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം 35% കണ്ട് വെട്ടിക്കുറച്ചിരിക്കുന്നു. ഒരു ഭാഗത്ത്, ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് പറയുന്നവർ മറുഭാഗത്ത് മൊബൈൽ ഫോൺ അടക്കമുള്ള ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ വില കുത്തനെ ഉയരാൻ ഇടയാക്കുന്ന രീതിയിൽ യാതൊരു യാഥാർത്ഥ്യബോധവുമില്ലാതെ അവയുടെ നികുതി കൂട്ടിയിരിക്കുന്നു. ഇങ്ങനെ ഇരട്ടത്താപ്പുകളുടെയും വാചകമടിയുടെയും ജനദ്രോഹത്തിന്റെയും സഞ്ചയം മാത്രമാണ് ഇത്തവണത്തെ കേന്ദ്രബജറ്റ്.


സർക്കാർ ഉടമസ്ഥതയിലുള്ള ഹൈവേകൾ സ്വകാര്യവൽക്കരിക്കുമെന്ന നയം മുന്നോട്ടു വെക്കുന്നവർ തന്നെയാണ് തെരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ പാത വികസനത്തിനായി പതിനായിരക്കണക്കിന് കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അല്ലെങ്കിൽതന്നെ, പൊതുജനങ്ങളുടെ കൈയിൽനിന്നും പലപ്പോഴും മതിയായ നഷ്ടപരിഹാരംപോലും നൽകാതെ പിടിച്ചെടുത്ത ഭൂമിയിൽ പൊതുഖജനാവിൽ നിന്നുള്ള പണം മുടക്കി പണിയുന്ന റോഡുകൾ, സ്വകാര്യമേഖലയ്ക്ക് ബിഒടി എന്ന പേരിൽ കൈമാറി, കണ്ണിൽ ചോരയില്ലാതെ ടോൾ പിരിച്ച് കൊള്ളലാഭം കൊയ്യുന്ന അറവുശാലകളാക്കി മാറ്റുകയല്ലേ ചെയ്യുന്നത്. അന്യായ ടോൾ പിരിവിനെതിരെ രാജ്യത്തിന്റെ പല ഭാഗത്തും പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ, നേരിട്ട് വാഹനയുടമയുടെ ബാങ്ക് അക്കൗണ്ടിലെ തുക ടോൾകമ്പനിയുടെ കീശയിലെത്തിക്കുന്ന ഫാസ്റ്റ് ടാഗ് സംവിധാനം സർക്കാർ കർശനമായി നടപ്പാക്കി കൊടുത്തു. അതായത് ഈ റോഡ് മുതലാളിമാരുടെ കൊള്ളയടി നിർബാധം തുടരുവാനാണ് സർക്കാർ മുൻഗണന നൽകുന്നത്. ഫാസ്റ്റ് ടാഗിലെ തട്ടിപ്പുകളിൽ പൊതുജനത്തിന് പരാതിപ്പെടുവാനുള്ള ഒരു സംവിധാനംപോലും നിലവിലില്ല.
ഇത്തരം പ്രശ്‌നങ്ങൾ നിലനിൽക്കെയാണ് രാജ്യത്ത് അവശേഷിക്കുന്ന റോഡുകളും വിമാനത്താവളങ്ങളും പോലെയുള്ള പൊതുആസ്തികൾ അപ്പാടെ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള രൂപരേഖ ബജറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. പോരാത്തത്തിന് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പാക്കേജ് എന്ന പേരിൽ, ജനത്തെ വിഡ്ഢികളാക്കിക്കൊണ്ട്, ഇത്ര കനത്ത തുക സ്വകാര്യവൽക്കരിക്കാൻ വെച്ചിരിക്കുന്ന റോഡുകൾക്കായി നൽകുമത്രേ!


ആത്മനിർഭര മേലങ്കിയണിഞ്ഞെത്തിയ ഈ ബജറ്റിന്റെ യഥാർത്ഥ സ്വഭാവം വെളിവാക്കാനുള്ള ചില വശങ്ങൾ മാത്രമാണ് ഇവിടെ ചർച്ച ചെയ്തത്. സ്വകാര്യകുത്തകകൾക്കും അവരുടെ പിണിയാളുകൾക്കും കൈയടിക്കാനുള്ളവ ഇതിൽ തീർച്ചയായും ഉണ്ട്. പക്ഷേ രാജ്യത്തെ സാധാരണക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും നട്ടെല്ലൊടിക്കുന്ന, അവരെ കൂടുതൽ പിഴിയുന്ന ഒന്നുമാത്രമാണ് ഈ ബജറ്റ്.
വിലക്കയറ്റവും തൊഴിലില്ലായ്മയുംപോലെയുള്ള നീറുന്ന പ്രശ്‌നങ്ങളെ ഈ ബജറ്റ് പരിഗണിച്ചിട്ടുപോലുമില്ല എന്ന് നമ്മൾ കണ്ടുകഴിഞ്ഞു. സാധാരണക്കാരന്റെ കൈയില്‍ പണമെത്തിക്കുന്നതുപോകട്ടെ, കൈയിൽ ഉള്ളതുകൂടി പിടിച്ചുപറിക്കുന്ന പുതിയ നികുതികളും നിർദ്ദേശങ്ങളുമാണ് ഉള്ളത്. അതേസമയംതന്നെ അടിമുടി സ്വകാര്യവൽക്കരണവും വിറ്റുതുലയ്ക്കലും കൂസലില്ലാതെ നടപ്പാക്കാൻ പോകുന്നു. അങ്ങനെ, കുത്തകകളുടെ താത്പര്യംമാത്രം പരിഗണിച്ച് അവർക്കുവേണ്ടി മാത്രം ഭരിക്കുന്ന, അവരുടേത് മാത്രമായ ഈ മോദി സർക്കാരിന്റെ, ജനത്തെ വെല്ലുവിളിക്കുന്ന അടിമുടി ജനദ്രോഹകരമായ ഈ ബജറ്റിനെ എതിർക്കേണ്ടതും ചെറുക്കേണ്ടതും ഈ രാജ്യത്തെ ഓരോ പൗരന്റെയും കടമയായി മാറുന്നു.

Share this post

scroll to top