കേരളത്തിലെ 27,000ത്തോളം വരുന്ന ആശാവർക്കർമാർ ഒരു ജീവന്മരണ പോരാട്ടത്തിലാണ്. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസ്സോസിയേഷന്റെ (കെഎഎച്ച്ഡബ്ല്യുഎ) നേതൃത്വത്തിൽ ജീവൽ പ്രധാനങ്ങളായ മുദ്രാവാക്യങ്ങൾ ഉയർത്തി ആശാപ്രവർത്തകർ സെക്രട്ടേറിയറ്റിനുമുന്നിൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിച്ചിരിക്കുന്നു. ഓണറേറിയം വർദ്ധിപ്പിക്കുക, മുടക്കം കൂടാതെ അത് ലഭ്യമാക്കുക, ഓണറേറിയം കുടിശിക തീർത്ത് ഉടൻ നൽകുക, ഓണറേറിയത്തിന് ചുമത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിൻവലിക്കുക, വിരമിക്കുന്ന ആശമാർക്ക് അഞ്ചുലക്ഷംരൂപ അനുവദിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62-ാമത്തെ വയസ്സിൽ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കുക, അധികജോലികൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാപ്രവർത്തകർ സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്തുകൊണ്ടിരിക്കുന്നത്.
ആശാ പ്രവർത്തകരുടെ സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കാൻ ബജറ്റിൽ ആശ്വാസ നടപടികൾ സ്വീകരിക്കണമെന്ന് ബജറ്റിനുമുമ്പുതന്നെ അധികാരികളോട് ആവശ്യപ്പെട്ടിരുന്നതാണ്. ആവശ്യങ്ങളും അധികാരികളെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ, ആശാപ്രവർത്തകർ അനുഭവിക്കുന്ന ദുരിതങ്ങൾ പരിഗണിക്കുകയോ ബജറ്റിൽ ആവശ്യങ്ങൾ അംഗീകരിച്ച് തുക അനുവദിക്കുകയോ ചെയ്തിട്ടില്ല. എല്ലാ മാർഗ്ഗങ്ങളും അടഞ്ഞ ആശാപ്രവർത്തകർ സമരരംഗത്തിറങ്ങിയപ്പോൾ, സമരം അനാവശ്യമാണെന്നാണ് വകുപ്പുമന്ത്രി വീണ ജോർജ്ജ് കണ്ടെത്തിയത്. സമരം ആരംഭിച്ച് പിറ്റേദിവസം നിയമസഭാമന്ദിരത്തിൽവച്ച് നിവേദനം സമർപ്പിച്ചപ്പോഴാണ് മന്ത്രി ഇവ്വിധം പ്രതികരിച്ചത്. പ്രതിദിനം പതിനെട്ടുമണിക്കൂറിലേറെ ജോലി ചെയ്യുകയും അങ്ങേയറ്റം ദരിദ്രമായ സാമ്പത്തിക ചുറ്റുപാടിൽ ജീവിക്കുകയും ചെയ്യുന്നവരാണ് ആശാപ്രവർത്തകർ. അവരെയാണ് ഈ പ്രസ്താവനയിലൂടെ മന്ത്രി അവഹേളിച്ചിരിക്കുന്നത്.
പൊതുജനങ്ങളും പൊതുജനാരോഗ്യ വ്യവസ്ഥയും തമ്മിലുള്ള കണ്ണിയാണ് ആശാപ്രവർത്തകർ (ASHA-Accredited Social Health Activist). ബഹുജനങ്ങളിലേയ്ക്ക് ആരോഗ്യപരിരക്ഷ എത്തിക്കുന്ന ആശയെ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക ഭാഗമായിപ്പോലും കരുതുന്നില്ല. ശമ്പളമില്ലാത്ത സന്നദ്ധപ്രവർത്തകയാണ് ആശ. അതുകൊണ്ട് ഓണറേറിയമാണ് ആശയ്ക്കായി വകകൊള്ളിച്ചിരിക്കുന്നത്. ആശാപ്രവർത്തകരുടെ പ്രവർത്തനത്തിന്റെ വൈപുല്യവും അതിനോടുള്ള ആശമാരുടെ കൂറുമെല്ലാം ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. കോവിഡുകാലത്തും നിപ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ കാലത്തും സ്തുത്യഹർമായ സേവനമാണ് ആശാപ്രവർത്തകർ കാഴ്ചവച്ചത്. ലോകം മുഴുവൻ അത് അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ലോകാരോഗ്യസംഘടന ആശാവർക്കർമാരെ ‘ഗ്ലോബൽ ഹെൽത്ത് ലീഡേഴ്സ് അവാർഡ് ‘ നൽകി ആദരിച്ചത്.
പ്രതിമാസ ഓണറേറിയമായ ഏഴായിരം രൂപ, ഒരിക്കൽപ്പോലും മുടക്കംകൂടാതെ നൽകിയിട്ടില്ല. ഇപ്പോൾ നവംബർ മാസം മുതലുള്ള ഓണറേറിയം മുടങ്ങിയിരിക്കുക യാണ്. പ്രതിദിനം 250 രൂപയെന്നത് മിനിമം കൂലിയിലും താഴെയാണെന്നതിനാൽ, ഇത് നഗ്നമായ മനുഷ്യാവകാശ ലംഘനം കൂടിയാണ്. അതിരൂക്ഷമായ വിലക്കയറ്റത്തിന്റെ ഈ സാഹചര്യത്തിൽ പരമതുഛമായ ഒരു തുക മാത്രമായ 250 രൂപകൊണ്ട് ആർക്കാണ് ജീവിക്കാനാവുക? ആയതിനാൽ ഓണറേറിയം വർദ്ധിപ്പിക്കുകയെന്നത് അടിയന്തരമായി സർക്കാർ പരിഗണിക്കേണ്ട ഡിമാന്റാണ്. യാത്രക്കൂലി, പ്രവൃത്തി സമയത്തെ ഭക്ഷണം ഉൾപ്പടെ ഒരുദിവസം ഇരുനൂറ്റി അമ്പതുരൂപയിൽ കൂടുതൽ ചെലവാകും. ഇതെല്ലാം സ്വന്തമായി കണ്ടെത്തുകയോ കടംവാങ്ങുകയോ ചെയ്യുകയാണ് പരമദരിദ്രരായ ആശാപ്രവർത്തകർ. പോരാഞ്ഞ് മൈനസ് മാർക്കുമുണ്ട്. ഒരു ദിവസം ലീവ് എടുത്താൽ അന്നത്തെ വേതനം റദ്ദുചെയ്യും. ആരോഗ്യമേഖലയുടെ ജീവനാഡിയാണെങ്കിലും ആശമാർക്ക് അസുഖം വന്നാൽ കൈയിൽ പണമുണ്ടെങ്കിലേ ചികിത്സ ലഭിക്കൂ.
ജോലിഭാരമാണ് മറ്റൊരു പ്രശ്നം. പതിനെട്ടുവർഷങ്ങൾക്കുമുമ്പ് ആശാപ്രവർത്തകരെ നിയമിക്കുമ്പോൾ, സ്വന്തം ജോലികൾ കഴിഞ്ഞ് ഒന്നോരണ്ടോ മണിക്കൂർ സന്നദ്ധ പ്രവർത്തനം എന്നതായിരുന്നു പ്രഖ്യാപനം. നിശ്ചിത ഓണറേറിയവും ഇൻസെന്റീവും ആയതിന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. ദിവസം പതിനെട്ടുമണിക്കൂർവരെ ജോലിസമയം പലപ്പോഴും നീളും. ആഴ്ചയിൽ ഏഴുദിവസവും പണിയെടുക്കണം. സമയക്ലിപ്തതയില്ല. പലപ്പോഴും രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന ജോലി എപ്പോൾ തീരുമെന്ന് പറയാനാകില്ല. ആർദ്രം ഡ്യൂട്ടി ആഴ്ചയിൽ നാലുദിവസം എടുക്കണം. സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയാണത്രേ ഇതിലൂടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ രണ്ടുദിവസം പിഎച്ച്സിയിലും രണ്ടുദിവസം സബ്സെന്ററുകളിലും ഹാജരാകണം. ഹെൽത്ത് സെന്ററുകളിലെ പ്യൂൺ, അറ്റൻഡർ പണിയും കൂട്ടത്തിൽ ചെയ്യേണ്ടിവരും. പാലിയേറ്റീവ് കെയറും ആശാവർക്കറുടെ ഉത്തരവാദിത്തത്തിലാണ്. വാർഡിലെ വയോജനങ്ങളെ മാസത്തിൽ അഞ്ചുതവണയെങ്കിലും സന്ദർശിച്ചിരിക്കണം. പ്രതിരോധ കുത്തിവയ്പുകളുടെ ഡ്യൂട്ടിക്ക് സബ് സെന്ററിൽ മാസത്തിൽ ഒരിക്കൽ എത്തുക, ഗർഭിണികൾ, കുട്ടികൾ എന്നിവരെ സന്ദർശിച്ച് സ്ഥിതിവിവരക്കണക്കുകൾ രേഖപ്പെടുത്തുക, മഴക്കാല, വേനൽക്കാല മുന്നൊരുക്കങ്ങൾ ശ്രദ്ധിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളും ആശാവർക്കേഴ്സിന്റേതാണ്. ആശാപ്രവർത്തകരെക്കൊണ്ട് ചെയ്യിക്കാത്ത ജോലിയില്ല എന്നതാണ് യാഥാർത്ഥ്യം. മാസത്തിൽ ഒരിക്കലുള്ള റിവ്യൂമീറ്റിംഗ്, ആശാ കോൺഫറൻസ് എന്നിവയിൽ പങ്കെടുക്കാനും സമയം കണ്ടെത്തണം. ഇതെല്ലാം നിശ്ചയിക്കപ്പെട്ടിട്ടുള്ള ഔദ്യോഗിക ജോലികളാണ്. ലീവെടുക്കാൻ സാധിക്കില്ല, എന്തിന് ന്യായമായും നിയമപരമായും ആഴ്ചയിൽ ഒരിക്കൽ കിട്ടേണ്ട അവധിയുമില്ല. എന്നാൽ ഇതിനെല്ലാം പുറമേയാണ് നാനാതരം സർവ്വേകൾ. ശൈലി 1, ശൈലി 2, കുഷ്ഠം, ക്ഷയം, കാൻസർ തുടങ്ങി കോർപ്പറേറ്റുകൾക്കുവേണ്ടി നടത്തുന്ന സർവ്വേകളാണ് ഏറെയും. അശ്വമേധം എന്ന പേരിൽ വന്നിരിക്കുന്ന കുഷ്ഠരോഗ സർവ്വേയാണ് ഒടുവിലത്തേത്. ഈ സർവ്വേകളെല്ലാം ഒരർത്ഥത്തിൽ ഡേറ്റ കളക്ഷനാണ്. യാതൊരു തൊഴിൽ നിയമങ്ങളും ആശാപ്രവർത്തകർക്ക് ബാധകമല്ല എന്ന മട്ടിൽ, അടിമകളെക്കൊണ്ട് പണിയെടുപ്പിക്കുംപോലെയാണ്, മാതൃകാ തൊഴിൽ ദാതാവായിരിക്കേണ്ട സർക്കാർ പണിയെടുപ്പിക്കുന്നത്. ഞായറാഴ്ച ഫലത്തിൽ അവധിയാണെങ്കിലും ജോലിയെടുക്കേണ്ടിവരുന്നു. പെൻഷനോ ആരോഗ്യ ഇൻഷ്വറൻസോ മറ്റ് ആനകൂല്യങ്ങളോ ഇല്ല. ഇത് കണ്ണില്ലാത്ത ക്രൂരതയല്ലാതെ മറ്റൊന്നുമല്ല.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറഞ്ഞ ഓണറേറിയം നൽകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കർണാടകയിൽ എഐയുറ്റിയുസിയുടെ നേതൃത്വത്തിൽ ആശമാർ നടത്തിയ ഐതിഹാസികമായ സമരത്തെത്തുടർന്ന് ഓണറേറിയം പതിനായിരം രൂപയാക്കി. വിരമിക്കുന്ന ആശമാർക്ക് ബംഗാളിൽ 5ലക്ഷംരൂപയും ഹരിയാനയിൽ 2ലക്ഷം രൂപയും 2020 മുതൽ നൽകുന്നുണ്ട്. കേരളത്തിലും 5 ലക്ഷം രൂപ അനുവദിക്കണം എന്നതാണ് കെഎഎച്ച്ഡബ്ല്യുഎയുടെ ഡിമാന്റ്. പതിനെട്ടുവർഷത്തിലേറെയായി പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികളെയാണ് വെറുംകൈയോടെ പറഞ്ഞുവിടുന്നത്. ഇത് അധാർമ്മികവുമാണ്. ആശാപ്രവർത്തകർ ഉയർത്തിയിരിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.