തമിഴ്നാട് വെള്ളപ്പൊക്കം: സർക്കാരിന്റെ അനാസ്ഥമൂലം ആവർത്തിക്കുന്ന ദുരന്തങ്ങൾ

Tamilnandu-Floods-3.jpg
Share

മഴക്കാല വെള്ളപ്പൊക്കത്തിന്റെ കെടുതികളാല്‍ തമിഴ്നാട് പൊറുതിമുട്ടുകയാണ്. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പെട്ട്, തിരുവള്ളൂര്‍ എന്നിവ ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ ഡിസംബര്‍ ആദ്യമുണ്ടായ മിഷോങ്ങ് ചുഴലിക്കാറ്റ് കനത്തനാശം വിതച്ചു. തൊട്ടുപിന്നാലെ, ഡിസംബര്‍ മൂന്നാം വാരത്തിലുണ്ടായ പേമാരിയും വെള്ളപ്പൊക്കവും തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി എന്നീ നാല് തെക്കന്‍ ജില്ലകളെയും വെള്ളത്തിനടിയിലാക്കി. ഈ ദുരന്തങ്ങള്‍, ഡിഎംകെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രബിജെപി സര്‍ക്കാരിന്റെയും മുന്നൊരുക്കങ്ങളില്ലായ്മ, പാരിസ്ഥിതിക അവഗണന, രാഷ്ട്രീയ സ്പര്‍ധ എന്നിവ വെളിപ്പെടുത്തുകയാണ്.

കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഒരുമിച്ചുവന്ന അഭൂതപൂർവമായ പ്രതിസന്ധിയാണ് തമിഴ്‌നാടിന്റെ വടക്കൻ ജില്ലകൾ അഭിമുഖീകരിച്ചത്. തുടർച്ചയായി മൺസൂൺ വെള്ളപ്പൊക്കത്തിന്റെ ഇരയായിക്കൊണ്ടിരിക്കുന്ന സംസ്ഥാന തലസ്ഥാനമായ ചെന്നൈ, 2015ലെ മഹാപ്രളയത്തെ അനുസ്മരിപ്പിക്കുന്ന ഒരു ദുരന്തം അനുഭവിച്ചു. 2023 ഡിസംബർ 5ന് തീരദേശ ആന്ധ്രാപ്രദേശിൽ കര തൊട്ട മിഷോങ്ങ് ചുഴലിക്കാറ്റ്, ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്‌നാടിന്റെ വടക്കൻ തീരദേശ ജില്ലകളിൽ കനത്ത മഴയും മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും അഴിച്ചുവിട്ടു. ഒരാഴ്ചയോളം നീണ്ടുനിന്ന ചുഴലിക്കാറ്റിന്റെ മന്ദഗതിയിലുള്ള രൂപീകരണം, ഡിസംബർ 3, 4 തീയതികളിൽ തുടർച്ചയായി, 40 സെന്റിമീറ്റർ കനത്ത മഴയിൽ കലാശിച്ചു.
തൊഴിലാളികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന വടക്കൻ ചെന്നൈയും മധ്യ ചെന്നൈയും ദുരന്തത്തിന്റെ ആഘാതത്തിലടിപതറി. അനന്തരഫലങ്ങൾ ഭയാനകമായിരുന്നു. വെള്ളപ്പൊക്കം, താഴ്ന്നപ്രദേശങ്ങളിലെ താമസക്കാരെ വീടുകൾ ഉപേക്ഷിക്കാനും കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്തുവകകൾ ഉപേക്ഷിക്കാനും നിർബന്ധിതരാക്കി. നിരവധി അപ്പാർട്ട്മെന്റുകളും വീടുകളുമുള്ള ദക്ഷിണ ചെന്നൈയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി, ജലനിരപ്പ് നിരവധി അടി ഉയർന്നു. കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, ആശയവിനിമയം എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളില്ലാതെ ലക്ഷക്കണക്കിന് ആളുകള്‍ നാലുദിവസം ഒറ്റപ്പെട്ടുപോയി.
കുട്ടികൾക്ക് പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ടു, പ്രായമായവർക്ക് അവശ്യ മരുന്നുകളും സർട്ടിഫിക്കറ്റുകളും നഷ്ടമായി, പലർക്കും അടിയന്തര വൈദ്യസഹായം ലഭ്യമായില്ല, റോഡുകൾ വെള്ളത്തിനടിയിലായതിനാൽ ആംബുലൻസ് സർവീസുകൾ തടസ്സപ്പെട്ടു, ട്രെയിനുകളും ബസുകളും ദിവസങ്ങളോളം സ്തംഭിച്ചു. വിമാനത്താവളം മൂന്ന് ദിവസം പ്രവർത്തനം നിർത്തിവച്ചു, ദുരിതബാധിത ജില്ലകളിലെ സ്കൂളുകളും കോളേജുകളും ഒരാഴ്ചത്തേക്ക് അടച്ചിട്ടു, നൂറുകണക്കിന് വാഹനങ്ങൾ ഒലിച്ചുപോയി, ആയിരക്കണക്കിന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, ബോട്ടുകളും വലകളും ഒലിച്ചുപോയതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ദിവസങ്ങളോളം കടലിൽ പോകാനായില്ല, ഉപജീവനമാര്‍ഗ്ഗംതന്നെ നഷ്ടമായ സ്ഥിതിയിലാണ്.


അവസരത്തിനൊത്ത് ഉയരാതെ സർക്കാർ


പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും 5000 കോടി രൂപ ഇടക്കാലാശ്വാസം നൽകണമെന്നും സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ, സംസ്ഥാനത്തിന് ദുരന്തനിവാരണ നിധിയിൽ നിന്ന് 450 കോടി രൂപ മാത്രം അനുവദിച്ച കേന്ദ്രസർക്കാരിന്റെ പ്രതികരണം സാഹചര്യത്തിനുതകുന്നതായിരുന്നില്ല. ദുരിതാശ്വാസഫണ്ട് വിതരണത്തിലെ ഈ അസന്തുലിതാവസ്ഥ, ജനങ്ങളുടെ ദുരിതങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദയമായ മനോഭാവത്തെയും മനഃപൂർവ്വമായ വിവേചനത്തെയും സംബന്ധിച്ച വിമർശനങ്ങൾക്ക് കാരണമായി.
തമിഴ്‌നാട്ടിലെ പരിസ്ഥിതിലോല തീരദേശ ജില്ലകൾ പൊതുവെയും വടക്കൻ, തെക്കൻ ജില്ലകൾ പ്രത്യേകിച്ചും, കനത്ത മഴയെയും തുടർന്നുണ്ടാകുന്ന അതിരൂക്ഷമായ വെള്ളപ്പൊക്കത്തെയും നേരിടാൻ ഒട്ടും തയ്യാറെടുത്തിരുന്നില്ല എന്നത് തികച്ചും വസ്തുതയാണ്. കാലാവസ്ഥാ വകുപ്പ് നിരന്തരമായ മുന്നറിയിപ്പ് നൽകിയിട്ടും ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. സൈന്യത്തിനുവേണ്ടി ബജറ്റുകളില്‍ വൻതുക വകയിരുത്തുന്നു. കൂടാതെ, രാജ്യം ആക്രമിക്കപ്പെടുമ്പോൾ സംരക്ഷിക്കാൻ 10 ലക്ഷത്തിലധികം പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ അവിടെയുണ്ട്. എന്നിരുന്നാലും, സാധാരണക്കാർ പ്രകൃതിക്ഷോഭങ്ങള്‍മൂലം ദുരിതത്തിലകപ്പെടുമ്പോള്‍ കേന്ദ്രസർക്കാരിന്റെ പ്രതികരണം നിസ്സംഗതയായിരുന്നു. വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളിൽ നിന്ന് വെള്ളം പമ്പുചെയ്ത് കളയാന്‍പോലും വേണ്ടത്ര നടപടികൾ സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അലംഭാവം സ്വയം രക്ഷ തേടാന്‍ ജനങ്ങളെ നിർബന്ധിതരാക്കി.


പരിസ്ഥിതിയുടെ ദുരുപയോഗം


ചെന്നൈയിൽ ആവർത്തിച്ചുണ്ടാകുന്ന വെള്ളപ്പൊക്കം വിശാലമായ പാരിസ്ഥിതിക ആശങ്കകൾ ഉയർത്തുകയാണ്. ദ്രുതഗതിയിലുള്ളതും അശ്രദ്ധവുമായ നഗരവൽക്കരണം ജലാശയങ്ങളുടെ വ്യാപ്തിയില്‍ ഗണ്യമായ കുറവുണ്ടാക്കി. 1893ലെ 12.6 ചതുരശ്ര കിലോമീറ്ററിൽനിന്ന് അത് 2017ൽ ഏകദേശം 3.2 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നു. ചെന്നൈയിലെ ഏക നഗര തണ്ണീർത്തടമായ പള്ളിക്കരണൈ ചതുപ്പുനിലം 1965ലെ 5,500 ഹെക്ടറിൽ നിന്ന് 2013ൽ 600 ഹെക്ടറായി ചുരുങ്ങി. ജലസ്രോതസ്സുകളിൽ കൂടുതൽ കടന്നുകയറുകയും വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍, പരന്തൂർ പ്രദേശത്ത് അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കാനുള്ള നിലവിലെ ഡിഎംകെ സർക്കാരിന്റെ പദ്ധതിയിൽ പരിസ്ഥിതി പ്രവർത്തകരുള്‍ പ്പെടെ പ്രതിഷേധത്തിലാണ്.


സർക്കാരിന്റെ അവകാശവാദങ്ങളും പ്രതിവാദങ്ങളും


പ്രളയജലം ഒഴുക്കുന്നതിനുള്ള ചാലുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും റിസർവോയറുകളിലെ മണല്‍ നീക്കുന്നതിനും കനാലുകള്‍ വൃത്തിയാക്കുന്നതി നുമായി 4000 കോടി രൂപ അനുവദിച്ചതായി സംസ്ഥാനത്തെ ഡിഎംകെ ഭരണം അവകാശപ്പെട്ടു. എന്നാല്‍, 40 സെന്റിമീറ്റർ മഴപോലും വ്യാപകമായ നാശത്തിൽ കലാശിച്ചപ്പോൾ ഈ നടപടികളുടെ ഫലപ്രാപ്തി ചോദ്യം ചെയ്യപ്പെട്ടു. ദുരന്തനിവാ രണത്തിനുള്ള നടപടിയെന്ന നിലയിൽ, യഥാർത്ഥ വകയിരുത്തൽ 5,166 കോടി രൂപയാണെന്നും അതിൽ 2,191 കോടി രൂപ മാത്രമാണ് മഴവെള്ള ചാലുകളുടെ നിർമ്മാണത്തിനും ഇന്റർലിങ്കിംഗ് ജോലികൾക്കുമായി ചെലവഴിച്ചതെന്നും നഗരഭരണകാര്യ മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷമായ എഐഎഡിഎംകെയാകട്ടെ അവരുടെ മുൻഭരണത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിടുമ്പോൾ, ഫണ്ട് വിനിയോഗത്തെക്കുറിച്ചും വെള്ളപ്പൊക്ക പ്രതിരോധനടപടികളുടെ കാര്യക്ഷമതയെക്കുറിച്ചും സാധാരണ ജനങ്ങൾക്കിടയിൽ ചോദ്യങ്ങൾ നിലനിൽക്കുന്നു. ചെന്നൈയുടെ നിലയ്ക്കാത്ത വെള്ളപ്പൊക്ക ദുരിതങ്ങൾക്ക്, ദീർഘകാലത്തേക്കുള്ള ശാസ്ത്രീയ പരിഹാരത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്ന, ആഴത്തിലുള്ള വ്യവസ്ഥാപരമായ പിഴവുകളാണ് ഈ വിഷയം വെളിപ്പെടുത്തിയത്.


തെക്കൻ ജില്ലകളിലെ ദുരന്തം


2023 ഡിസംബർ 16മുതൽ 18വരെ, തമിഴ്‌നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി എന്നീ നാല് തെക്കൻ ജില്ലകളില്‍ 100 സെന്റിമീറ്ററിലധികം കനത്ത മഴ പെയ്തു. 35 മുതൽ 55 വരെ മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകൾക്കും കന്നുകാലികൾക്കും കാർഷിക ഉൽപന്നങ്ങൾക്കും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. പ്രളയം അത്യധികം നാശനഷ്ടങ്ങള്‍ അവശേഷിപ്പിച്ചു. ശവശരീരങ്ങളും മൃഗാവശിഷ്ടങ്ങളും വസ്തുവകകള്‍ തകർന്നുകിടക്കുന്നതിന്റെ മറ്റ് അവശിഷ്ടങ്ങളും ദുരന്തം ബാധിച്ച പ്രദേശങ്ങളിൽ പരന്നുകിടക്കുന്നു. ഇതാകട്ടെ, പകർച്ചവ്യാധികളുടെ സാധ്യതയും ഉയർത്തുന്നു.
3,700 കുടിലുകളും 170 കോൺക്രീറ്റ് വീടുകളും നശിപ്പിക്കപ്പെടുകയോ ഒലിച്ചുപോവുകയോ ചെയ്തതോടെ അസംഖ്യം ജനങ്ങളുടെ ജീവിതം വഴിമുട്ടി നില്ക്കുന്നു. 1.83 ലക്ഷം ഹെക്ടറിലെ കൃഷി നശിച്ചതായി കണക്കാക്കുന്നു. വെള്ളപ്പൊക്കം അവശ്യ സേവനങ്ങളെ തടസ്സപ്പെടുത്തി. 64 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും 261 ആരോഗ്യ ഉപകേന്ദ്രങ്ങളെയും ബാധിച്ചു. കലുങ്കുകളും കനാലുകളും കാര്യക്ഷമമല്ലാത്തതിനാൽ പലയിടത്തും വെള്ളം കെട്ടിക്കിടക്കുകയാണ്. വ്യാപകമായ നാശനഷ്ടങ്ങള്‍മൂലം ആയിരക്കണക്കിന് ആളുകളെ സർക്കാർ, സ്വകാര്യ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.


പഴിചാരലായിരുന്നു സർക്കാർ പ്രതികരണം


ദുരിതബാധിതരായ ജനങ്ങൾ മാനുഷികമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ വൈകുന്നതിന്റെ പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വാക്പോരിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ അലംഭാവം കാട്ടിയതാണ് കാലതാമസത്തിന് കാരണമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു. കാലാവസ്ഥാ വകുപ്പ് മുൻകൂർ മുന്നറിയിപ്പ് നൽകിയിട്ടും വേണ്ടത്ര തയ്യാറെടുപ്പ് നടത്താത്തതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുമേല്‍ കേന്ദ്രസർക്കാർ ചുമത്തി.
തമിഴ്‌നാടിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 450 കോടി രൂപ മാത്രമാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. തൂത്തുക്കുടിയിലും തിരുനെൽവേലിയിലും ദുരന്തബാധിതരായ ഒരു കുടുംബത്തിന് 6,000 രൂപയും തെങ്കാശിയിലും കന്യാകുമാരിയിലും ഒരു കുടുംബത്തിന് 1,000 രൂപയുമാണ് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം. ഇത് തീർത്തും അപര്യാപ്തമാണെന്ന വിമർശനവും ഉയർന്നു. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും ബോട്ട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുന്നതിന്റെ കണക്കുകളും അപര്യാപ്തമാണെന്ന് കാണാന് സാധിക്കും.


ദുരിതാശ്വാസ പ്രവർത്തനങ്ങൾ ജനങ്ങളുടെ നേതൃത്വത്തിൽ


സർക്കാരുകളുടെ കടുത്ത നിസംഗതയ്ക്ക് നടുവിൽ, ആളുകൾ കാര്യങ്ങൾ സ്വയം ഏറ്റെടുത്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും തൂത്തുക്കുടിയിലെയും തിരുനെൽവേലിയിലെയും 45 മസ്ജിദുകള്‍ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റുന്നതിലും പ്രാദേശിക സമൂഹങ്ങൾ നിർണായക പങ്ക് വഹിച്ചു. എല്ലാ മതങ്ങളിലുമുള്ള കിടപ്പാടം നഷ്ടപ്പെട്ട ആളുകൾ, ഈ ക്യാമ്പുകളിൽ അഭയം കണ്ടെത്തി. ഇത് പ്രതികൂല സാഹചര്യങ്ങളെ നേരിടുമ്പോഴുണ്ടാകുന്ന ജനങ്ങളുടെ കരുത്തും ഐക്യവും ഉയർത്തിക്കാട്ടുന്നു.


ദീർഘകാല പരിഹാരങ്ങളും രാഷ്ട്രീയ ഉത്തരവാദിത്വവും


തമിഴ്‌നാട്ടിൽ ആവർത്തിച്ചുണ്ടാകുന്ന വെള്ളപ്പൊക്കം, നിവാരണ നടപടികളുടെ അപര്യാപ്തതയ്ക്കും, ദീർഘകാലത്തേക്കുള്ള സജീവ പരിഹാരങ്ങളുടെ അടിയന്തര ആവശ്യകതയ്ക്കും അടിവരയിടുന്നു. ഏകോപിത ശ്രമങ്ങളുടെയും ഉത്തരവാദിത്തത്തിന്റെയും അഭാവമാണ്, രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പഴിചാരല്‍ ഉയർത്തിക്കാട്ടുന്നത്. ചെന്നൈയിലെയും തെക്കൻ ജില്ലകളിലെയും വെള്ളപ്പൊക്കത്തിന്റെ ചരിത്ര പശ്ചാത്തലം, ഒരു നൂറ്റാണ്ട് പഴക്കമുള്ളതും 1990 കളിലും 2015 ലും ആവർത്തിച്ചിട്ടുള്ളതുമാണ്. അത് ഫലപ്രദമായ വെള്ളപ്പൊക്ക പ്രതിരോധ നടപടികൾ നടപ്പിലാക്കുന്നതിലെ നിരന്തരമായ പരാജയത്തെ ഊന്നിപ്പറയുന്നു.
ഐഐടി മദ്രാസ്, അണ്ണാ യൂണിവേഴ്‌സിറ്റി തുടങ്ങി, വെള്ളപ്പൊക്ക പ്രശ്നങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ കഴിവുള്ള വിഷയവിദഗ്ദ്ധരുള്ള സ്ഥാപനങ്ങൾ തമിഴ്‌നാട്ടിലുണ്ട്. ഒരു മുൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതി 2022 മെയ് മാസത്തിൽ ഒരു ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അത് ചെന്നൈയിലെ നദികളിലെയും ഓവുചാലുകളിലെയും വെള്ളം വഹിക്കാനുള്ള ശേഷിയുടെ കുറവ് ഒരു പ്രധാന വെല്ലുവിളിയാണെന്ന് തിരിച്ചറിയുകയും ശുപാർശകൾ വേഗത്തിൽ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. പക്ഷേ, 2023 മേയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടും ചെന്നൈയിലെ ജല മാനേജ്മെന്റിനായുള്ള ദീർഘകാല പദ്ധതികളും നാളിതുവരെ പൊതുജനസമക്ഷം വെളിപ്പെടുത്തിയിട്ടില്ല.


എന്താണ് ചെയ്യേണ്ടത്?


ആവർത്തിച്ചുണ്ടാകുന്ന വെള്ളപ്പൊക്കത്തെ നേരിടാൻ കൂട്ടായതും ശാസ്ത്രീയവുമായ സമീപനമാണ് ആവശ്യം. ഡൽഹി, ബാംഗ്ലൂർ, അഹമ്മദാബാദ്, ഹൈദരാബാദ് തുടങ്ങി മറ്റ് ഇന്ത്യൻ നഗരങ്ങളും കൂടാതെ കേരളത്തിലെ പശ്ചിമഘട്ട മലനിരകള്‍പോലും സമാനമായ വെല്ലുവിളികൾ നേരിടുമ്പോൾ, ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഒരു കാര്യം വ്യക്തമാകുകയാണ്. ശാശ്വതമായ ഒരു പരിഹാരം കൊണ്ടുവരാൻ ഭരണകക്ഷികൾക്ക്, അവരുടെ കൊടിയുടെ നിറം ഏതുമായിക്കൊള്ളട്ടെ, താൽപ്പര്യമില്ല. പകരം, റിയൽ എസ്റ്റേറ്റ് കച്ചവടക്കാർക്ക് പ്രയോജനപ്പെടുന്ന തരത്തില്‍, അശ്രദ്ധമായ, ആസൂത്രിതമല്ലാത്ത നഗരവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിലാണ് അവരുടെ താൽപ്പര്യമെന്ന് മനസ്സിലാകുന്നു. ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകിടം മറിക്കുകയും പ്രകൃതിക്ഷോഭങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. തങ്ങളുടെ ജീവിത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാരിൽ സമ്മർദം ചെലുത്താനുള്ള ജനകീയ മുന്നേറ്റത്തിന്റെ ആഹ്വാനം രാജ്യത്തുടനീളം പ്രതിധ്വനിച്ചു തുടങ്ങിയിരിക്കുന്നു. മുതലാളിത്ത സർക്കാരുകളെ ഉചിതമായ പരിഹാര നടപടികൾ കൈക്കൊള്ളാൻ നിർബന്ധിതരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജനമുന്നേറ്റങ്ങള്‍ വ്യക്തവും സുനിശ്ചിതവുമായി ഉയർന്നുവരേണ്ടിയിരിക്കുന്നു.

Share this post

scroll to top