തബ്ലീഗ് ജമാഅത്തും ഹിന്ദുത്വ ക്യാമ്പിന്റെ ഹീനമായ വര്‍ഗ്ഗീയ ഗൂഢാലോചനയും

thableg.jpg
Share


കൊറോണ വൈറസ് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരേയും ആരോഗ്യ പ്രവർത്തകരേയും പരിക്ഷീണരാക്കിക്കൊണ്ടിരിക്കുമ്പോൾ, വർഗ്ഗീയ-മൗലികവാദ രാഷ്ട്രീയത്താൽ പരിപാലിക്കപ്പെടുന്ന, വെറുപ്പിന്റെയും അന്യമതവിരോധത്തിന്റേതുമായ മറ്റൊരു രോഗം, കഷ്ടപ്പെടുന്ന ജനസാമാന്യത്തിനുമേൽ ഒട്ടും കുറയാത്ത ക്രൗര്യത്തോടെ ദുരിതം വിതയ്ക്കുകയാണ്. കൊറോണ വൈറസ് മൂലം രാജ്യത്ത് 4700നു മേൽ ജീവനുകൾ നഷ്ടപ്പെട്ടിരിക്കുന്നു. പക്ഷേ സ്ഥാപിത താൽപ്പര്യക്കാരാൽ പരിപാലിക്കപ്പെടുന്ന മതസ്പർദ്ധയെന്ന രോഗം ഇതുവരെയുള്ള വർഷങ്ങളിൽ ആയിരക്കണക്കിനാളുകളുടെ ജീവനെടുത്തിരിക്കുന്നു. ഈ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയുടെ ഘട്ടത്തിലും ശമനത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലാതെ അതു തുടർന്നുകൊണ്ടുമിരിക്കുന്നു. ഡൽഹി നിസാമുദ്ദീൻ പള്ളിയിലെ ബാംഗിൾവാലി മർകസ് മസ്ജിദിൽ ഇക്കഴിഞ്ഞ മാർച്ച് മാസം പകുതിയോടെ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തെ ചുറ്റിപ്പറ്റി, തീവ്ര ഹിന്ദുത്വ ശക്തികളായ ആർഎസ്-ബിജെപി-സംഘപരിവാർ സംഘങ്ങൾ നടത്തുന്ന വർഗ്ഗീയവൈറസിന്റെ പ്രചാരണം ഇതിന്റെ ഒന്നാന്തരം ഉദാഹരണമാണ്. മുസ്ലീം സമുദായത്തിനുള്ളിലെ സുന്നി വിഭാഗത്തിലെ പരിഷ്ക്കരണവാദപരമായ ഒരു മതസംഘടനയാണ് തബ്‌ലീഗ്ജമാഅത്ത്. ആർഎസ്എസ്-ബിജെപി-സംഘപരിവാർ സംഘങ്ങൾ മുഴുവൻ ഹിന്ദു സമുദായത്തിന്റേയും പ്രതിനിധികളല്ല എന്നതുപോലെതന്നെ ഈ സംഘടനയും മുഴുവൻ മുസ്ലീം സമുദായത്തിന്റേയും പ്രതിനിധികളുമല്ല. തങ്ങളുടെ മതവിഭാഗങ്ങളുടെ സ്വയംപ്രഖ്യാപിത രക്ഷാകർത്താക്കളാണ് അവരെങ്കിലും ആ മതങ്ങളുടെ അടിസ്ഥാനപ്രമാണങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത മൗലികവാദവും മതാന്ധതയും മതവെറിയുമാണ് അവരുടെ ഉദ്ബോധനങ്ങളിലുള്ളതു്. ഒരു മതവും, അതല്ലെങ്കിൽ പോയ കാലങ്ങളിലെ അവയുടെ വിശുദ്ധ പ്രവാചകരാരുംതന്നെ മതാന്ധതയും മതവെറിയും അന്യമതവിരോധവും പ്രചരിപ്പിച്ചിട്ടില്ല. തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തെക്കുറിച്ചു പറയുകയാണെങ്കിൽ കഴിഞ്ഞ മാർച്ച് 13- നാണ് നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളടക്കം ഏതാണ്ട് 3000 പേർ നിസാമുദ്ദീൻ മർക്കസിൽ സംഗമിച്ചതു്. അതിനു രണ്ടു ദിവസം മുമ്പ് ലോകാരോഗ്യ സംഘടന കോവിഡ്-19നെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രഗവണ്മെന്റ് ഇതിൽ അപ്പോൾ യാതൊരുൽക്കണ്ഠയും പ്രകടിപ്പിച്ചില്ല. മാർച്ച് 16-നു മാത്രമാണ് ഡൽഹി സർക്കാർ ആര്യോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കു ന്നതും 50 േപരിൽ കൂടുതലുള്ള മതസമ്മേളനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതും. ശരിയാണ്, അതിനു ശേഷവും പ്രതിനിധികൾ സമ്മേളന സ്ഥലത്തു തന്നെ തുടർന്നു. സംഘാടകരാകട്ടെ ഒരു ജാഗ്രതയും പ്രദർശിപ്പിച്ചതുമി ല്ല. യഥാർത്ഥത്തിൽ സമ്മേളന സ്ഥലത്തിനടുത്തു തന്നെയായിരുന്നു പ്രദേശത്തെ പോലീസ് സ്റ്റേഷൻ.
എന്നാൽ ഡൽഹി സർക്കാരോ കേന്ദ്ര സർക്കാരിനു കീഴിലുള്ള ഡൽഹി പോലീസോ ആളുകളുടെ പ്രവേശനം തടയുന്നതിനോ അവിടം ഒഴിപ്പിക്കുന്നതിനോ ഒരു നടപടിയുമെടുത്തില്ല. 800-ഓളം വിദേശ പ്രതിനിധി കൾക്കു വിസ നൽകിയ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരാകട്ടെ അവരെ തിരിച്ചയക്കുന്നതിനുള്ള ഒരു നടപടിയും കൈക്കൊണ്ടുമില്ല. വിദേശത്തു നിന്നെത്തുവരെ നിർബ്ബന്ധിതമായി സ്ക്രീനിംഗിനു വിധേയമാക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പുമന്ത്രി പ്രഖ്യാപിച്ചതു മാർച്ച് 4നാണ്. ജമാഅത്ത് സമ്മേളനത്തിനു വന്ന വിദേശികളെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയിരുന്നോ? അതിലാരെങ്കിലും കോവിഡ് ബാധിതരാണെന്നു തെളിഞ്ഞിരുന്നോ? എങ്കിൽ എന്തുകൊണ്ടവർക്കു പ്രവേശനാനുമതി നൽകി? അങ്ങനെയല്ലെങ്കിൽ മറ്റുള്ളവരിലേക്കു രോഗം പകരാൻ അവർക്കെങ്ങനെ കഴിഞ്ഞു ? നിർണ്ണായകമായ ഈ ചോദ്യങ്ങൾക്കൊന്നും ഇതുവരെ മറുപടി കിട്ടിയിട്ടില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മൂക്കിനു താഴെയാണ് എല്ലാം നടന്നതു്. തബ്‌ലീഗ്ജമാഅത്തിന് മുംബൈയിലെ ഉപ്നഗറിൽ സമാനമായ ഒരു സമ്മേളനത്തിനു മഹാരാഷ്ട്ര സർക്കാർ അനുമതി നിഷേധിച്ചപ്പോൾ ഡൽഹിയിലെ സമ്മേളനത്തിനു അനുമതി നൽകാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചതെന്താണ്? ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നും വന്ന ഈ വലിയ സംഘത്തെ, ഡൽഹിയിലേക്കും പുറത്തേക്കുമുള്ള എല്ലാ തീവണ്ടി സർവ്വീസുകളും നിറുത്തിവച്ചതിന് ഒരു ദിവസം മുമ്പ്, മാർച്ച് 20 വരെ, അവിടെ താമസിപ്പിക്കാൻ അനുവദിച്ചതെന്തിനാണ്? ഇത്തരമൊരു സമ്മേളനം കൊറോണ വ്യാപനത്തിനുള്ള അപകടകരമായ സാഹചര്യമൊരുക്കുമെന്നു മനസ്സിലായിട്ടും സമയോചിതമായ ഇടപെടൽ ഉണ്ടാകാതെ പോയതെന്തുകൊണ്ടാണ്? അന്നേ ദിവസം പ്രധാനമന്ത്രി ജനതാ കർഫ്യൂവിന് ആഹ്വാനം നൽകുകയും എല്ലാ വിധത്തിലുമുള്ള പൊതു കൂടിച്ചേരലുകളും നിരോധിക്കുകയും ചെയ്തു. അപ്പോഴേയ്ക്കും പല പ്രതിനിധികളും ഇന്ത്യയുടെ പല ഭാഗങ്ങളിലേയ്ക്കും തിരിച്ചുപോയിക്കഴിഞ്ഞിരുന്നു. പോലീസിനോ കേന്ദ്ര ആഭ്യന്തര വകുപ്പിനോ ഇതേക്കുറിച്ചു യാതൊരു ധാരണയമുണ്ടായിരുന്നില്ലെന്നു വിശ്വസിക്കണമോ? 21 ദിവസത്തെ ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24ന് പോലീസ്, ബാക്കിയായ പ്രതിനിധികളോട് ഒഴിഞ്ഞു പോകാനാവശ്യപ്പെട്ടു. പക്ഷേ ലോക്ക് ഡൗൺ ഉത്തരവു ലംഘിച്ചു കൊണ്ട് ആയിരത്തോളം പേർ സമ്മേളന സ്ഥലത്തു തുടരുന്നതായി മാർച്ച് 25നു കണ്ടെത്തി. മാർച്ച് 28നു മാത്രമാണ് സമ്മേളന സ്ഥലത്തു നിന്ന് പോലീസ് ബാക്കിയായവരെ പുറത്തേക്കു കൊണ്ടുപോകുന്നത്. അപ്പോഴേയ്ക്കും സമ്മേളന പ്രതിനിധികളിൽ പലർക്കും കോവിഡ് ബാധയുണ്ടെന്നു സ്ഥിരികരിക്കപ്പെടുകയും ചെയ്തു. തുടർന്ന്, കേന്ദ്ര ബി.ജെ.പി സർക്കാറിന്റെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലും തബ്‌ലീഗ് ജമാഅത്ത് മർക്കസ് തലവൻ മൗലാന സാദും തമ്മിൽ മാർച്ച് 28ന്റെ അസാധാരണ സമയത്തു നടന്ന കൂടിക്കാഴ്ച്ചയും തുടർന്നുള്ള മാലാനാ സാദിന്റെ തിരോധാനവും ശ്രദ്ധയാകർഷിച്ചു. ഡൽഹി പോലീസ് കമീഷണർ പോകുന്നതിനു പകരംഎന്തു കൊണ്ട് അജിത് ഡോവൽ മൗലാനാ സാദിനെക്കാണാൻ പോയി എന്ന ചോദ്യം ശരിയായും ഉന്നയിക്കപ്പെട്ടു. ആരാണ് അജിത് ഡോവലിനെ ഇതിനു നിയോഗിച്ചത്? അതും എന്തിന്? തബ്‌ലീഗ് ജമാഅത്തിനെതിരായ നടപടികൾ തുടങ്ങിയ മാർച്ച് 28ന് മുമ്പ് എന്തു കൊണ്ട് മൗലാനാ സാദിനെ അറസ്റ്റു ചെയ്യുകയോ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ ചെയ്തില്ല?
ഈ ചോദ്യങ്ങൾക്കൊന്നിനും ഉത്തരം ലഭിച്ചില്ലെങ്കിലും ഭരണ വൃന്ദങ്ങളോടൊട്ടി നില്ക്കുന്ന, വിഷം വമിപ്പിക്കുന്ന ചില വാർത്താ ചാനലുകൾ, ഇന്ത്യയിലെ കൊറോണ വ്യാപനത്തിന്റെ മുഖ്യവും ഏകവുമായ ഉത്തരവാദിയായി തബ്‌ലീഗ് മർക്കസിനെ ചിത്രീകരിച്ചുകൊണ്ടുള്ള ആഖ്യാനങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയിരുന്നു. പൊടുന്നനേ, മുസ്ലീം സമുദായത്തെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട്, സാമൂഹിക അകലം പാലിക്കാനുള്ള നിദ്ദേശങ്ങളെ അവർ ധിക്കരിക്കുന്നതായും ‘രോഗം പകരാനായി’ മറ്റുള്ള ജനങ്ങളുടെ മുഖത്തു തുപ്പുന്നതായും കാണിക്കുന്ന വ്യാജ വീഡിയോകളും വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ബിജെപിയുടെ കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി മർക്കസ് സമ്മേളനത്തെ ‘താലിബാൻ കുറ്റകൃത്യം’ എന്നാണു വിശേഷിപ്പിച്ചത്.
ഏപ്രിൽ 1ന് ബിജെപിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യ ട്വിറ്ററിൽ ഇങ്ങനെയെഴുതി.” ഡൽഹിയുടെ ഇരുണ്ട അധോലോകം പൊട്ടിത്തെറിക്കുന്നു! കഴിഞ്ഞ മൂന്നു മാസം എല്ലാത്തരത്തിലുമുള്ള ഇസ്ലാമിക കലാപത്തിന്റെ നാളുകളായിരുന്നു. ആദ്യം, സിഎഎ വിരുദ്ധ സമരത്തിന്റെ പേരിൽ ഷഹീൻ ബാഗിൽ നിന്ന് ജാമിയയിലേക്കും ജഫ്രാബാദിലേക്കും സീലാമ്പൂരിലേക്കും. ഇപ്പോൾ പരിഷ്ക്കരണവാദികളായ തബ്‌ലീഗ് ജമാഅത്തിന്റെ മർക്കസിലെ നിയമവിരുദ്ധമായ സമ്മേളനവും. ഇതിനൊരറുതി വരുത്തണം. നിസാമുദ്ദീൻ മർക്കസ് സംഭവ പരമ്പരയുടെ ചരിത്രം ശരിയായ ക്രമത്തിൽ പരിഹരിക്കുകയാണു പരമപ്രധാനം”. കൃത്യമായ ഒരു പദ്ധതി ഇതിനെല്ലാം പിന്നിലുള്ളതായി തോന്നുന്നില്ലേ? സമ്മേളന സംഘാടകർ ആദ്യഘട്ട മുന്നറിയിപ്പുകൾ മുഖവിലയ്ക്കെടുത്തില്ല എന്നതും ലോക്ക് ഡൗൺ പ്രോട്ടോക്കോൾ ലംഘിച്ചു എന്നതുംശരിയാണ്. ഏതു മതത്തിൽ വിശ്വസിക്കുന്നവരും ഉത്തരവാദിത്തബോധമുള്ള പൗരനായിരിക്കണമെന്നതും അംഗീകരിക്കേണ്ടതാണ്. അവർ സ്വന്തം നാട്ടിലെ നിയമവ്യവസ്ഥയെ ഉയർത്തിപ്പിടിക്കുകയും മറ്റു പൗരന്മാരുടെ ക്ഷേമത്തിനായി നിലകൊള്ളുകയും ചെയ്യേണ്ടതാണ്. സർക്കാർ രൂപീകരിച്ച നിയമങ്ങളും വിദഗ്ദ്ധർ നൽകുന്ന ആരോഗ്യ ഉപദേശങ്ങളും പാലിക്കുക എന്നത് നമ്മിലർപ്പിതമായ ഉത്തരവാദിത്തമാണ്. എല്ലാ പൗരന്മാരുടേയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് ഈ മുന്നറിയിപ്പുകൾ നൽകന്നത് – അതു മറികടക്കുവാൻ ആർക്കുമധികാരമില്ല. പക്ഷേ നടപടികളിലേക്കു കടക്കാൻ മാർച്ച് 28 വരെ ഡൽഹി പോലീസ് സമയം വൈകിച്ചതെന്തുകൊണ്ടാണ്? മാത്രവുമല്ല, ഡൽഹിയിൽ മാർച്ച് 14ന് ഒരു ഗോമൂത്ര പാർട്ടിക്ക് അനുമതി നൽകി. മാർച്ച് 12 ന് തിരുപ്പതി അമ്പലത്തിൽ 40,000 പേരെ ഒത്തുകൂടാൻ അനുവദിച്ചു. രാജ്യം ലോക്ക് ഡൗണിലായിരിക്കേ ഉത്തർപ്രദേശിലെ ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാർച്ച് 26-ന് അയോദ്ധ്യയിലേക്ക് ഒരു സംഘത്തെ നയിക്കുകയും രാമവിഗ്രഹം പന്തലിൽ നിന്ന് രജതപീഠത്തിലേക്ക് മാറ്റുകയും ചെയ്തു. ഏപ്രിൽ 16ന് കർണ്ണാടകത്തിലെ കൽബുർഗിയിൽ സിദ്ധലിംഗേശ്വരക്ഷേത്രത്തിലെ രഥോത്സവത്തിൽ പങ്കെടുക്കാൻ ആളുകൾ കൂട്ടമായെത്തി. കൽബുർഗിയാകട്ടെ കർണ്ണാടകത്തിലെ ഒരു കൊറോണ വൈറസ് ഹോട്ട്സ്പോട്ടാണ് അന്ന്. ആരോഗ്യ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചതിലും അവരിൽ ചിലർ കൊറോണ വൈറസിന്റെ വാഹകരായി കുറ്റം ചാർത്തപ്പെട്ടതിലും തബ്ലീഗ് ജമാ അത്ത് ഭാരവാഹികൾ എപ്രകാരം ഉത്തരവാദികളാണോ അതേതരത്തിൽ കുറ്റം ചാർത്തപ്പെടേണ്ടവരല്ലേ മത ചടങ്ങുകൾ സംഘടിപ്പിച്ച് ഹിന്ദുത്വത്തിന്റെ ചാമ്പ്യന്മാരായി അറിയപ്പെടുന്നവരും? അപ്പോൾ തബ്‌ലീഗ്ജ മാഅത്തിന്റെ നേരേ മാത്രം തിരിയുന്നതെന്തുകൊണ്ടാണ്?
ഡൽഹിയിലും തമിഴ്നാട്ടിലും തെലുങ്കാനയിലും വൈറസ് വ്യാപനത്തിനു തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ചിലർ കാരണക്കാരായിട്ടുണ്ടെന്നതു ശരിയാണെങ്കിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും കോവിഡ് വ്യാപനത്തിന്റെ മൂലകാരണം അവരാണ് എന്നു പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല. മുംബൈയിൽ കൊറോണ വൈറസ് ജാതി, മത, വർഗ്ഗഭേദങ്ങളെയൊക്കെ മറികടന്നു കൊണ്ടു വ്യാപിക്കുകയാണ്. ചേരിപ്രദേശമായ ധാരാവിയാണ് ഏറ്റവും തീവ്രമായി ബാധിക്കപ്പെട്ടത്; പുറകേ സമ്പന്നമേഖലയായ മലബാർ ഹിൽസും.
ഈ മഹാമാരിയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ നൽകാനും തെറ്റിദ്ധാരണകൾ ദൂരികരിക്കാനുമായു ള്ള ‘ഇന്ത്യൻ സയന്റിസ്റ്റ്സ് റെസ്പോൺസ് ടു കോവിസ്-19′(ISRC) എന്ന ഗ്രൂപ്പ് കഴിഞ്ഞ ഏപ്രിൽ 11ന് കോവിഡ് വ്യാപനത്തെ വർഗ്ഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ ശക്തമായി അപലപിച്ചിട്ടുണ്ട്. സമ്മേളനം ഉപേക്ഷിക്കാതിരുന്നതിൽ തബ്‌ലീഗ്ജമാഅത്തിനു വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കിൽ തങ്ങളുടെ ഭരണപരമായ പാളിച്ചകൾക്കു കേന്ദ്ര സംസ്ഥാന ഭരണാധികാരികളും തെറ്റുകാരാണെന്നാണ് ISRC അഭിപ്രായപ്പെടുന്നത്. ഈ വിഷയത്തിൽ പ്രകടമായും അസ്വസ്ഥരായ ‘ഒർഗനെ സേഷൻ ഒഫ് ഇസ്ലാമിക് കൺട്രീസ്'(OIC) കോവിഡ്-19 രോഗവ്യാപനത്തോടനുബന്ധിച്ച് ഇന്ത്യയിൽ വളർന്നു വരുന്ന ‘ഇസ്ലാമോഫോബിയ’യെ നിയന്ത്രിക്കണമെന്ന് ഇന്ത്യാ ഗവണ്മെന്റിനോടഭ്യർത്ഥിച്ചിരിക്കുകയാണ്.
പക്ഷേ സർക്കാരോ ആർഎസ്എസ്-ബിജെപി-സംഘപരിവാർ സഖ്യമോ അവരുടെ ചൊൽപ്പടിയിലുള്ള മാദ്ധ്യമങ്ങളോ ഒന്നും തെറ്റായ നടപടികൾക്കു ഹിന്ദുത്വ സംഘങ്ങളെ കുറ്റപ്പെടുത്താൻ തയ്യാറാകുന്നില്ല. തബ്‌ലീഗ് ജമാഅത്തിൽ ഒരു ബലിയാടിനെ കണ്ടെത്തി ന്യൂനപക്ഷ വിരുദ്ധവിഷം വമിപ്പിക്കുക എന്നതുമാത്രമാണവരുടെ ഉന്നം. സിഎഎയ്ക്കും എൻആർസിക്കുമെതിരേ, കഷ്ടപ്പെടുന്ന മുഴുവൻ ജനങ്ങളും പങ്കെടുത്തുകൊണ്ട് രാജ്യമെമ്പാടും വളർന്നു വരുന്ന പ്രക്ഷോഭങ്ങളും ജാതി, മത, വംശഭേദങ്ങൾക്കതീതമായി ഉയർന്നുവരുന്ന ഉറച്ച സമരൈക്യവും ‘അനധികൃത കുടിയേറ്റ’വും ‘നിയമവിരുദ്ധ നുഴഞ്ഞുകയറ്റ ക്കാരേ’യും ചൂണ്ടിക്കാട്ടി ക്കൊണ്ട് രാജ്യത്തെ ജനങ്ങൾക്കിടയിൽ അനൈക്യത്തിന്റെ ആപ്പിറക്കാനുള്ള ബിജെപി-ആർ എസ്എസ് സംഘത്തിന്റെ കുതന്ത്രങ്ങളെ പരാജയപ്പെടുത്താൻ പോകുകയാണെന്നത് വ്യക്തമായിരുന്നു. മാത്രമല്ല, ഡൽഹിയിലെ ഷഹീൻബാഗ് ആ സമരങ്ങളുടെയെല്ലാം പ്രതീകവുമായി മാറിയിരുന്നു. ഈ സാഹചര്യത്തിൽ കോവിഡ്-19ന്റെ വ്യാപനവും നിരുത്തരവാദപരമായ തബ്‌ലീഗ്ജമാഅത്ത് നടത്തിപ്പും, ഹിന്ദു മതഭ്രാന്തന്മാർക്ക്, ഷഹീൻബാഗ് സമരത്തെ പിഴുതെറിയാനും തബ്‌ലീഗ് ജമാഅത്ത് നടന്നില്ലായിരുന്നെങ്കിൽ കോവിഡ് – 19ന്റെ വ്യാപനം ഉണ്ടാകുകയേയില്ലായിരുന്നുവെന്നു ഭൂരിപക്ഷ സമുദായക്കാരുടെയിടയിൽ പ്രചരിപ്പി ക്കാനും ന്യൂനപക്ഷ വിരുദ്ധ വൈരം മൂർച്ഛിപ്പിക്കാനും അവസരമൊരുക്കി.
ഈ മാരകമായ മഹാമാരിയേപ്പോലും വർഗ്ഗീയവൽക്കരിക്കാമെന്ന ഉദ്ദേശ്യത്തോടെ കേന്ദ്രസർക്കാർ ഈ നിയമലംഘനത്തെ ബോധപൂർവ്വം അനുവദിച്ചുകൊടുക്കുകയായിരുന്നുവെന്നും എഎപി നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ അതിനു വഴങ്ങിക്കൊടുക്കുകയായിരുന്നുവെന്നുമല്ലേ ഇതിൽ നിന്നു മനസ്സിലാക്കാൻ കഴിയുന്നത്? പ്രത്യക്ഷത്തിൽ നിഗൂഢമായിത്തോന്നാമെങ്കിലും സംഭവ പരമ്പരകളുടേയും നടപടികളുടേയും പ്രഖ്യാപനങ്ങളുടേയുമെ ല്ലാം യുക്തിപരമായ വിശകലനം മേൽപ്പറഞ്ഞ നിഗമനത്തെത്തന്നെയാണു സാധൂകരിക്കുന്നത്.

Share this post

scroll to top